വൈമികം : ഭാഗം 01

vaimikam

A story by സുധീ മുട്ടം

നാട്ടിലേക്കുളള ട്രയിൻ യാത്രയിലാണ് ഞാനവളെ പരിചയപ്പെടുന്നത്..ഏതവളന്നായിരിക്കും നിങ്ങളുടെ ചോദ്യം..ദേ ഇവൾ..എന്റെ തൊട്ട് ഓപ്പസിറ്റായി വിൻഡോ സീറ്റിനു അരികിലായി ആൾ ഇരിപ്പുണ്ട്.. തമിഴ് ഗ്രാമീണ സ്റ്റൈലിൽ ദാവണിയാണ് വേഷം‌..കാണാനൊന്നും തെറ്റില്ല..ജസ്റ്റ് ആരെങ്കിലും ഒന്ന് നോക്കും..ഇരുണ്ട നിറം. നിറം മങ്ങിയ വേഷവും മുഷിഞ്ഞ ഡ്രസ്സും..ഇവൾ കുളിച്ചിട്ടുണ്ടോന്ന് വരെ സംശയം ഉണ്ട്... ഒരുകാര്യത്തിൽ സമ്മതിക്കാതെ വയ്യ...ഈ വേഷത്തിലും ആൾ സുന്ദരിയാണ്..ഒന്ന് കുളിപ്പിച്ചെടുത്ത് വേഷവിധാനങ്ങളൊക്കെ മാറ്റിയെടുത്ത് കണ്ണെഴുതി പൊട്ടു തൊട്ട് എടുപ്പിച്ചാൽ എന്നായിരിക്കും അഴക്... ഞാൻ വെറുതെ മനസ്സിലൊന്ന് സങ്കൽപ്പിച്ചു പുളകം കൊണ്ടു.... കുറച്ചു മുമ്പേ സേലം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രയിൻ ചൂളം വിളിച്ചു മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോഴാണു ഈ രൂപം ചാടിക്കയറി ഓടിക്കിതച്ചൊരു പരുവമായി എന്റെ അരികിലെത്തിയത്...ആകെ വിയർത്തു കുളിച്ചൊരു പരുവമായിട്ടുണ്ട്.... "സർ.... സർ..." ആ തമിഴത്തിയുടെ സർ വിളിയാണ് എന്നെ ഇന്റർനെറ്റ് ലോകത്തിൽ നിന്ന് ഉയർത്തിയത്.. "ഉം...എന്നാ വേണം" പതിവിൽ കവിഞ്ഞ് എന്റെ സ്വരത്തിൽ കുറച്ചു ഗാഭീര്യം നിറച്ചു.. "കാപ്പാത്തുങ്കോ സർ" അതും പറഞ്ഞു കാൽച്ചുവട്ടിലേക്ക് സാഷ്ടാംഗം പ്രണമിച്ചവളെ എടുത്ത് ഉയർത്താനൊന്നും പോയില്ല...

വെറുതെ എന്തിനാണ് നമ്മൾ അവസാനം പീഡന കേസിൽ പ്രതിയാകുന്നതെന്ന് മനസ്സ് ഓർമ്മിപ്പിച്ചു. "എന്റെ കൊച്ചേ കാപ്പാത്താൻ ഞാൻ കടുവുളൊന്നും അല്ല സാധാരണ ഒരു മനുഷ്യനാ..കാലിൽ നിന്ന് വിടു കൊച്ചേ" "വിടമാട്ടേൻ ... " പിന്നെയും കാലിൽ പിടി മുറുകിയപ്പോൾ മറ്റ് വഴികളില്ലാതെ സമ്മതിച്ചു.. അറിയാവുന്ന മുറിത്തമിഴിൽ പറഞ്ഞൊപ്പിച്ചു. "ഫസ്റ്റ് കാലിൽ നിന്ന് വിടമ്മാ...നിന്നെ ഞാൻ കാപ്പാത്താം" നനുത്ത ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ എഴുന്നേറ്റു. "ശരി.. നീ ആ സീറ്റിലിരിക്ക്" എതിർ വശത്തേക്കുളള സീറ്റിലേക്ക് ഞാൻ വിരൽ ചൂണ്ടിയതും അവൾ അവിടേക്കിരുന്നു.. ഞങ്ങളുടെ കമ്പാർട്ട് മെന്റിൽ കുറച്ചു യാത്രക്കാരെ ഉണ്ടായിരുന്നുള്ളൂ...ഇവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കാൻ അവർക്ക് ടൈമില്ല. ഞാൻ അവളോടെല്ലാം തുറന്ന് ചോദിക്കാൻ ഒരുങ്ങിയ ടൈമിലാണ് മറ്റൊരാളുടെ വരവ്...നമ്മുടെ ടി ടി ആറിന്റെ...വന്നപടി ആള് ഒറ്റക്കിരുന്ന് യാത്ര ചെയ്യുന്ന പെണ്ണിലായിരുന്നു കണ്ണുകൾ.. "ടിക്കറ്റ് എവിടെ" "ടിക്കറ്റില്ല" അയാൾ ചോദിച്ചതും അവൾ കൈമലർത്തി.. "ടിക്കറ്റില്ലാതെ ആണോടീ ട്രയിനിൽ യാത്ര ചെയ്യുന്നത്" അലറിക്കൊണ്ട് അയാൾ അവൾക്ക് അരികിലെ സീറ്റിലിരുന്നതും ഭയം നിറഞ്ഞ അവളുടെ മിഴികൾ എന്നിലേക്ക് നീണ്ടു.. "ഫൈൻ കെട്ടണം....അല്ലെങ്കിൽ..." വഷള ചിരിയോടെ ടി ടി ആർ വർഗ്ഗഗുണം കാണിച്ചതും എന്റെ രക്തം തിളച്ചു മറിഞ്ഞു.. കൊള്ളാം നല്ല മനുഷ്യൻ...

അവളും തമിഴ്ത്തി...അയാളും തമിഴൻ...നാട്ടുകാരാണെന്ന സ്നേഹം പോലുമില്ല... ഞാൻ അപ്പോഴാണ് നമ്മുടെ മലയാളീസിനെ ഓർത്തത്...കാര്യം പരസ്പരം പാരവെയ്ക്കുമെങ്കിലും ഒരുകാര്യം വന്നാൽ ജാതിമത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടാണ്..പിന്നീട് തമ്മിൽ അടിക്കുമെങ്കിലും... നമ്മുടെ ടി ടി ആർ അവളുടെ അടുത്തിരുന്ന് കാൽ വിരലാൽ അവളുടെ പാദങ്ങളെ തലോടുന്നത് കണ്ടു ഞാൻ പേഴ്സിൽ നിന്ന് രൂപ എടുത്ത് നീട്ടി.. "ഇതാ സാറേ....ആ പെണ്ണിനുളള ടിക്കറ്റിന്റെ പൈസ..സേലത്ത് നിന്ന് ചെങ്ങന്നൂർ വരെ" "താൻ ഇവളുടെ ആരാ" ഇരയെ നഷ്ടപ്പെടുന്നതിന്റെ കലിപ്പ് അയാളിൽ ഉണ്ടായിരുന്നു... "ഞാനൊരു ഭാരതീയൻ... അത്രയും താനറിഞ്ഞാൽ മതി...ടിക്കറ്റ് കൊടുക്കണം സാറേ" മറ്റ് വഴികൾ ഇല്ലാതെ മുറുമുറുത്ത് അയാൾ ടിക്കറ്റ് എഴുതി കൊടുത്തു.. പിന്നെയും വട്ടം കൂടി അവളുടെ അടുത്ത് നിന്നപ്പോൾ കോളറിൽ പിടിച്ചു വലിച്ചു മുഖത്തൊരെണ്ണം കൊടുത്തു.. "ഡോ ഫോൺ നമ്പർ ഞാൻ തന്നാൽ മതിയോ..കുറെ സമയമായി സഹിക്കുന്നു" അടികൊണ്ട് മുമ്പോട്ട് നീങ്ങിയ അയാൾ മുന്നോട്ട് നടന്ന ശേഷം എന്നെ കലിപ്പിച്ചൊന്ന് നോക്കി..പിന്നെ എടുത്തോളാമെന്ന ഭാവത്തിൽ...നമ്മളിതൊക്കെ എത്ര കണ്ടിരിക്കുന്നു..അപ്പോഴാ... തമിഴ് പെണ്ണിന്റെ മുഖം നന്ദിയാൽ വിടർന്നത് ഞാൻ കണ്ടു.. "റൊമ്പ താങ്ക്സ് സർ" എന്നോടുളള ആദരവ് മുഴുവനും വാക്കിലും നോട്ടത്തിലും അടങ്ങിയിരുന്നു..

"എന്താ നിന്റെ പേര്" "താമര...താമര സെൽവി" "താമരയോ ആമ്പലോ എന്തുമാകട്ടെ...നിനക്ക് ഒന്ന് കുളിച്ചിട്ട് നല്ല വേഷം ധരിച്ചു കൂടെ" താമരയുടെ മിഴികൾ നിറഞ്ഞു തൂവുന്നത് കണ്ടപ്പോൾ ഞാൻ വല്ലാതായി.. "സാർ എനിക്ക് ഈ ഒരു വേഷമേയുള്ളൂ...ദിവസവും കുളിക്കും..പക്ഷേ ഇത് തന്നെയാണ് ധരിക്കുക" ഞാനൊരു നിമിഷം വല്ലാതായി...അവളുടെ സങ്കടം കണ്ടപ്പോൾ കൂടുതലൊന്നും ചോദിക്കാൻ മനസ്സ് വന്നില്ല.. രാത്രിയിൽ കഴിക്കാനുളള ആഹാരം വാങ്ങി കൊടുത്തിട്ട് ഞാൻ കണ്ണുകളടച്ചു.. നേരം വെളുക്കും ട്രയിൽ ചെങ്ങന്നൂരിൽ എത്തുമ്പോൾ.... മയക്കത്തിനിടയിൽ എപ്പോഴോ കണ്ണുകൾ തുറന്നു...അവൾ അപ്പോഴും താടിക്ക് കയ്യും കൊടുത്തു പുറത്തേക്ക് നോക്കി ഇരിക്കുവാണ്..ഞാൻ വീണ്ടും കണ്ണുകൾ അടച്ചു.. ആരോ വിളിക്കുന്നത് കേട്ടാണ് മിഴികൾ തുറന്നത്...പെട്ടെന്ന് മൂക്കിലേക്ക് വിയർപ്പിന്റെയും മുഷിഞ്ഞ തുണുകളുടെയും ഗന്ധം നാസികയിലേക്ക് ഇരച്ചു കയടിയതും ഓക്കാനം വന്നു.. "താമര സെൽവി..അവളാണ് വിളിച്ചു ഉണർത്തിയത്" "എന്തൊരു നാറ്റമാടീ..മാറി നിൽക്ക്" ഞാൻ ദേഷ്യപ്പെട്ടതും അവൾ വല്ലാതായി..ആ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞതും എനിക്ക് സങ്കടമായി. "പോട്ടെ..ഞാൻ വെറുതെ പറഞ്ഞതാ" ഒന്ന് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. "സാരമില്ല സാറ് പറഞ്ഞതു സത്യമാണ്" ഒന്നും പറയാതെ ഞാൻ പുറത്തേക്ക് നോക്കി...നേരം വെളുത്തിരിക്കുന്നു...തിരുവല്ലാ ടൗൺ എന്ന ബോർഡ് കണ്ടതും ഞാൻ ചാടിയെഴുന്നേറ്റു..ചെങ്ങന്നൂർ അടുക്കാറായി.. ഞാൻ വേഗം ബാഗ് എല്ലാം എടുത്ത് ഇറങ്ങാനായി തയ്യാറെടുത്തു...

ഒരുവർഷത്തിനു ശേഷം നാട്ടിൽ വരുവാണ്..അമ്മയുടെ ഫോൺ വിളിയാണ് പെട്ടെന്ന് വരാൻ കാരണം.. ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു...ഞാൻ ഗഗൻ...ഒരു സാധാരണ പട്ടാളക്കാരൻ...ചെങ്ങന്നൂർ ആണ് വീട്...എനിക്ക് അമ്മ മാത്രമേയുള്ളൂ. അച്ഛൻ കുഞ്ഞിലേ മരിച്ചു പോയി..പിന്നെ അമ്മ ആയിരുന്നു എന്റെ ലോകം...വിദ്യാഭ്യാസം പൂർത്തിയാകും മുമ്പേ പട്ടാളത്തിൽ ചേർന്നു.. നാട്ടിൽ അങ്ങനെ വരാത്തത് മറ്റൊന്നും കൊണ്ടല്ലാ..വന്നാലുടനെ അമ്മ കല്യാണക്കാര്യം എടുത്തിടും...ഒരുത്തി തേച്ചിട്ട് പോയതിന്റെ ക്ഷീണം ഇതുവരെ മാറിയട്ടില്ല... "ശരി കൊച്ചേ എന്റെ നാടെത്തി..ഞാനിറങ്ങുവാ...ഭൂമി ഉരുണ്ടത് ആയതിനാൽ എവിടെങ്കിലും വെച്ച് കാണാം" ചെങ്ങന്നൂരിൽ ട്രയിൻ നിർത്തിയതും ഞാൻ താമരയോട് യാത്ര പറഞ്ഞിറങ്ങി..എന്തിനോ അവളുടെ മിഴികൾ നിറഞ്ഞത് കണ്ടില്ലെന്ന് നടിച്ചു... ട്രയിനിൽ നിന്നിറങ്ങി ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നു..ഓരോട്ടോ പിടിച്ചു പോകാമെന്ന് കരുതി ഡ്രൈവറോട് പറഞ്ഞിട്ട് പിൻ സീറ്റിൽ കയറി ഇരുന്നു...അപ്പോൾ ദേ ഒരെണ്ണം ചാടിക്കയറി കൂടെ ഇരിക്കുന്നു.. "താമര... ഞാനൊന്ന് ഞെട്ടി.. " ഡീ ഇറങ്ങെടീ' ഞാനൊന്ന് അലറിയതും അവൾ കണ്ണുകൾ നിറച്ചു.. "സർ..എനിക്ക് പോകാനൊരിടമില്ല..പ്ലീസ് എന്നെ കൂടെ കൂട്ടണേ വീട്ടിലെ എന്ത് പണിയും ചെയ്തോളാം" ഈശ്വരാ..ഒരാളെ സഹായിച്ചത് ഇത്രയും വലിയ കുരിശായല്ലോ..

എന്നോർത്ത് അറിയാവുന്ന മുറി തമിഴിൽ ഞാൻ പറഞ്ഞൊപ്പിച്ചു.. "എന്റെ പൊന്ന് താമര സെൽവി...നിന്നെയും കൂട്ടി വീട്ടിലേക്ക് ചെന്നാൽ എന്റെ അമ്മ വളർന്ന മോനാണെന്നൊന്നും നോക്കില്ല..തട്ടിക്കളയും..അല്ലാതെ നാട്ടുകാർ എന്ത് പറഞ്ഞാലും പ്രശ്നം ഇല്ല.പക്ഷേ അമ്മയെ മെരുക്കാൻ എനിക്ക് കഴിയില്ല..നീയൊന്ന് പോയി താ" "സാറ് ഇന്നലെ വാങ്ങി തന്ന ആഹാരമാണ് വർഷങ്ങൾക്ക് ശേഷം വയറ് നിറയെ കഴിക്കുന്നത്" ശരിയാണ്... ആർത്തിയോടെ അവൾ കഴിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.. "എന്ത് ജോലിയും ചെയ്തോളാം...മൂന്ന് നേരം വയറ് നിറയെ ഭക്ഷണം തന്നാൽ മതി" വയറ്റിൽ കൈവെച്ച് ദയനീയതോടെ പറയുന്ന താമരയെ ഉപേക്ഷിക്കാൻ തോന്നിയില്ല..കൂടെ കൂട്ടി...വരുന്നത് വരട്ടെ... വീടിനു മുൻ വശത്ത് ഓട്ടോ നിന്നതും അവളാദ്യം ഇറങ്ങി പിന്നാലെ ഞാനും...അയൽപ്പക്കത്ത് മതിലിനു സമീപം പൊങ്ങിയ തലകൾ കണ്ടില്ലെന്ന് നടികാതെ ഞാൻ വീട്ടിലേക്ക് നടന്നു..പിന്നാലെ താമരയും... നേരത്തെ വിളിച്ചു പറഞ്ഞതിനാൽ വഴിക്കണ്ണുമായി അമ്മ നിൽക്കുന്നത് കണ്ടു...എന്നെ കണ്ടതും അമ്മയൊന്ന് ഞെട്ടുന്നത് കണ്ടു...കാരണം എന്റെ പിന്നിൽ സമീപമായി ലവൾ ഉണ്ടല്ലോ.. താമര സെൽവി.. പതിയെ അമ്മയുടെ ദേഷ്യം മാറി മുഖത്ത് സന്തോഷം തെളിയുന്നത് കണ്ടു...ഞാൻ അമ്മേന്ന് വിളിച്ചു അകത്തേക്ക് കയറാൻ ഒരുങ്ങിയതും അമ്മയുടെ ഗർജ്ജനമെത്തി..

"അവിടെ നിൽക്കെടാ.‌ഞാൻ പറഞ്ഞിട്ട് കയറിയാൽ മതി" എന്താണ് സംഭവിക്കുന്നെന്ന് മനസ്സിലായതും ഞാൻ കലിപ്പോടെ താമരയെ സൂക്ഷിച്ചു നോക്കിയതും അവൾ മുഖം കുനിച്ചു.. "ഇപ്പോൾ നിനക്ക് തൃപ്തിയായല്ലോ" അവളുടെ ഏങ്ങലടികൾ കണ്ടില്ലെന്ന് നടിച്ചു... കാരണം അമ്മയുടെ ലക്ഷ്യം എന്താണെന്ന് അറിയാതെയുളള അമ്പരപ്പാണ്.. കുറച്ചു കഴിഞ്ഞു കത്തിച്ച നിലവിളക്കുമായി അമ്മ വരുന്നത് കണ്ട് ഞാൻ അന്തം വിട്ട് പോയി.. "ഈശ്വരാ...ഇതെന്ത് കൂത്ത്.." "അമ്മേ ഞാൻ" "മിണ്ടരുത് നീ..." അമ്മയുടെ താക്കീതിനു മുമ്പിലെന്റെ നാവുകൾ ബന്ധിക്കപ്പെട്ടു.. "വലതുകാൽ ചവുട്ടി കയറൂ മോളേ" നിലവിളക്ക് താമരയുടെ കയ്യിൽ കൊടുത്തു അമ്മ പറഞ്ഞതും ഞാനും താമരയും ഒരുപോലെ ഞെട്ടി.. "അമ്മേ .." ദയനീയമായി ഞാൻ വീണ്ടും വിളിച്ചു... കാര്യങ്ങൾ തകിടം മറിഞ്ഞിരിക്കുന്നു..അമ്മ ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുന്നു.. "ഇനി നീ മിണ്ടിയാൽ വളർന്ന് വലുതായെന്ന് നോക്കില്ല..നല്ല വീക്ക് തരും" അതോടെ എനിക്ക് മതിയായി.. "നിന്നോട് വീണ്ടും ഞാൻ പറയണോ കൊച്ചേ വലതുകാൽ ചവുട്ടി കയറെടീ" അമ്മ അലറിയതും എന്തൊക്കയോ മനസ്സിലായത് പോലെ പേടിച്ച് താമര വീട്ടിലേക്ക് വലതുകാൽ വെച്ച് കയറി... അമ്മയും അവൾക്ക് പിന്നാലെ പോയതോടെ തളർന്നവനെ പോലെ ഞാനാ നിൽപ്പ് തുടർന്നു... തുടരും... A story by സുധീ മുട്ടം

Share this story