വൈമികം : ഭാഗം 03

vaimikam

A story by സുധീ മുട്ടം

"ചെല്ല് മോളേ മടിക്കാതെ..നിനക്ക് കൂടി അവകാശപ്പെട്ട ഇടമാ" താമര സെൽവിയെ അകത്തെ മുറിയിലേക്ക് ആനയിച്ചു വരുന്നത് കണ്ട് എന്റെ മിഴികൾ കൂടുതൽ പുറത്തേക്കുന്തി..താമരയുടെ മുഖം കാറ്റൊഴിഞ്ഞ ബലൂണിനെ പോലെയുണ്ടെന്ന ആ മുഖത്തേക്ക് നോക്കിയപ്പോൾ മനസ്സിലായി. ഒന്ന് റെസ്റ്റ് എടുക്കാമെന്ന് കരുതിയപ്പോൾ ദേ അമ്മ പിന്നെയും ഇടങ്ങേറാക്കുന്നു. "എന്തിനാമ്മേ താമരയെ ഇങ്ങോട്ട് കൊണ്ട് വന്നത്..വേറൊരു മുറി കൊടുക്കാമായിരുന്നില്ലേ" കിടക്കയിൽ നിന്ന് ഞാൻ മെല്ലെ എഴുന്നേറ്റു. "പ്ഫാ" അമ്മ ശക്തയായൊരു ആട്ട്..സത്യം പറയാലോ ഞാൻ കിടുങ്ങിപ്പോയന്നേ..അത്രയേറെ പവ്വറിലായിരുന്നത്..

"നിന്നെ വിശ്വസിച്ചു കൂടെ ഇറങ്ങി വന്ന പെണ്ണ് നിന്റെ മുറിയിൽ,, നിനക്ക് അടുത്തല്ലാതെ എവിടെ ഇരിക്കണമെടാ.." "ങേ..." അടിവയറ്റിൽ നിന്നും നിറുകവരെയൊരു മിന്നൽ പിണർ പാഞ്ഞു കയറി. "ഈ അമ്മ എന്തൊക്കെയാ വിളിച്ചു കൂവുന്നത്..നാവിന് ബ്രേക്കും ബെല്ലും ഇല്ലാന്ന് കരുതി" "അതുശരി....ഇപ്പോൾ കുറ്റം മുഴുവനും എനിക്ക് മേലായല്ലേ..പ്രേമിച്ച പെണ്ണിനെ രായ്ക്കു രാമാനം കടത്തിക്കൊണ്ട് വന്നിട്ട് കാലു മാറുന്നോടാ..മകനാണെന്നും നോക്കില്ല ഇവളുടെ കണ്ണുനീര് ഇവിടെ വീണാൽ സത്യമായിം നിന്നെ ഞാൻ ഇറച്ചി അരിയും പോലെ കൊത്തി നുറുക്കും"

താമരയെ വാത്സല്യത്തോടെ അമ്മ ചേർത്ത് പിടിക്കുന്നതും നിറുകയിൽ ചുണ്ടുകൾ അമർത്തുന്നതുമൊക്കെ മങ്ങിയ കണ്ണിലൂടെ ഞാൻ കണ്ടു. "വിവാഹം നടക്കാഞ്ഞിട്ടാ നിന്റെ പ്രശ്നം എങ്കിൽ അതിനു നാളെ രാവിലെ കൃഷ്ണന്റെ അമ്പലത്തിൽ വെച്ച് താലികെട്ട് പ്രശ്നം തീരട്ടെ മക്കളേ" അമ്മയുടെ ഉറക്കയുളള പ്രഖ്യാപനം കേട്ടതോടെ എന്നിലൊരു തളർച്ചയുണ്ടായി.. "ഒരു ഉപകാരം ചെയ്യാൻ പോയതിന് കിട്ടുന്ന കൂലിയൊക്കെ കണ്ടോ മക്കളേ..ന്റെ ശിവനേ എന്റെ പെറ്റതളള തന്നെ എന്നെ കൊലക്ക് കൊടുക്കും" അമ്മക്കൊരു സ്വാന്തനം ആകട്ടെയെന്ന് കൂടി കരുതിയത് ...ഉർവ്വശീശാപം ഇപ്പോൾ ഉപകാരമായല്ല വരുന്നത്.ബുമുറാങ്ങ് പോലെ തിരിച്ചടിക്കയാണ്..

എങ്കിൽ സത്യങ്ങൾ തുറന്ന് പറയാന്ന് കരുതി.. ഇല്ലെങ്കിൽ തമിഴത്തി പെണ്ണിന്റെ കണവൻ ആകേണ്ടി വരും.. "അമ്മേ എനിക്കൊരു സത്യം പറയാനുണ്ട്'" "നീയിനി ഒന്നും മിണ്ടെണ്ടാ...എനിക്കെന്റെ മോളേ..അത്രക്ക് ഇഷ്ടമായി..രാജകുമാരിയാ ഇവൾ" താമരയെ പൊതിഞ്ഞ് പിടിച്ചു വീണ്ടും വീണ്ടും ചുംബിക്കുന്ന അമ്മയുടെ മിഴികൾ ഈറനായി ഒഴുകി തുടങ്ങി... ആ പൊണ്ണ് തമിഴത്തിയും കരഞ്ഞോണ്ട് അമ്മയുടെ കണ്ണുകൾ തുടയ്ക്കുന്നു. പണ്ടേ എനിക്ക് തോന്നിയട്ടുണ്ട് അമ്മക്ക് പെൺകുട്ടികളോടാ പ്രത്യേകമൊരു ഇഷ്ടമെന്ന്...അവരെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ് എന്റെ അമ്മക്ക്.

"പെൺകുട്ടിയോൾ ആയാൽ എനിക്കൊരു കൂട്ടായി വീട്ടിൽ കാണും..ആൺകുട്ടിയോളെ പോലെ അലഞ്ഞ് തിരിഞ്ഞ് നടക്കില്ല..എനിക്ക് ഉണ്ടായ നഷ്ടം എന്റെ മരുമകളിലൂടെ തീർക്കും..ഒരുപാട് സ്നേഹിച്ചും കൊഞ്ചിച്ചും ശാസിച്ചും വഴക്കിട്ടും കഴിയണം" ഒരിക്കൽ അമ്മ പറഞ്ഞ മോഹങ്ങൾ ഞാൻ ദേ ഇപ്പോൾ വീണ്ടും ഓർത്തു.. അമ്മയുടെ കണ്ണുനീര് കാണുമ്പോഴൊന്നും പറയാൻ തോന്നുന്നില്ല..എന്റെ അമ്മ നിറഞ്ഞ ചിരിയോടെ സന്തോഷിക്കുന്നത് അപൂർവ്വമാണ്. ഞാനായിട്ട് എന്തിനാണ് തല്ലി കെടുത്തുന്നത്. "ശരിയമ്മാ താമര ഇവിടെ നിൽക്കട്ടെ..അമ്മക്ക് സന്തോഷമായല്ലോ"

തോൽവി സമ്മതിച്ചു പറയുമ്പോൾ അമ്മയുടെ മുഖം സന്തോഷത്താൽ ചുവന്ന് തുടുത്തു കണ്ണുകൾ തിളങ്ങി. "അമ്മ പോയിട്ട് ഹോർലിക്സിട്ട പാൽ എടുത്തോണ്ട് വരാം" വാത്സല്യത്തോടെ അവളെ തഴുകി അമ്മ പുറത്തേക്ക് ഇറങ്ങേണ്ട താമസം ഞാൻ താമരയെ തൊഴുത് വണങ്ങി.. "എന്റെ പൊന്ന് താമരേ നീയിനി എന്നെയാ കാപ്പാത്തണ്ടേ" ഞാൻ അവളുടെ കാലിൽ വീണില്ലെന്നെയുള്ളൂ..എന്നാലും അവസ്ഥ ഏകദേശം അതുപോലെയൊക്കെ ആണ്. "സർ...ഞാൻ ഇവിടെ നിന്ന് പൊയ്ക്കോളാം" ഒലിച്ചിറങ്ങിയ നീർമണി തുള്ളിയോടെ ആ പെണ്ണ് ഏങ്ങലടിച്ചതും നെഞ്ഞൊന്ന് വരഞ്ഞ് കീറി..

ഹൃദയത്തിന്റെ കോണിലെവിടെയോ നോവിന്റെ നീരുറവ.. "ഇനി നീ പോയിട്ട് വേണം അമ്മ എന്നെ ഇറക്കി വിടാൻ‌.വേണ്ടാത്തതൊന്നും ചിന്തിക്കല്ലേ എന്റെ സെൽവം" "സെൽവം അല്ല സർ സെൽവി..താമര സെൽവി" ഉടനെ ലവളത് തിരുത്തി തന്ന്... "എന്തെങ്കിലും ആകട്ടെ...അമ്മ ഓരോ ആശകൾ തരും...അതുകേട്ട് നീയൊന്നും മോഹിക്കരുത് ചക്കരേ" "ഇല്ല..സാറേ..അർഹതയില്ലാത്തതൊന്നും താമര ആഗ്രഹിക്കില്ല" നനഞ്ഞൊഴുകിയ കണ്ണുനീര് തുടച്ചവള് മൊഴിഞ്ഞു.. "എന്നാലൊന്ന് ചിരിച്ചേ" മുത്ത് പൊഴിയും പോലെ മനോഹരമായി അവള് ചിരിച്ചു..കൂടെ ഞാനും ചേർന്നു.. ഇടിവെട്ടിയവനെ പാമ്പ് കടിച്ചുവെന്നൊക്കെ നമ്മൾ പറയാറില്ലേ..

ദേ ദത് പോല എന്റെയും താമരയുടെയും കുലുങ്ങിയുളള ചിരി കണ്ടും കേട്ടുമാണ് അമ്മ അകത്തേക്ക് വന്നത്..കയ്യിൽ ഒരുകപ്പ് പാലുമുണ്ട്‌‌..ഹോർലിക്സ് കലക്കിയ പാലേ..മരുമോളെന്ന് കരുതണവള് നന്നാവാനേ..എന്താ ഇപ്പോൾ കഥ അല്ലേ.. ഒരുമോളെ കിട്ടിയപ്പോൾ പെറ്റവയറിന് മോനെയത്ര മൈൻഡില്ല..ശിവ ശിവ കാലം പോയ പോക്കേ..അല്ലാണ്ടെന്താ പറയ്.. "കുടിക്ക് മോളേ..ഹോർലിക്സിട്ട പാലാ..അമ്മേടെ കൈകൊണ്ട് ഉണ്ടാക്കിയതാ..എന്റെ മോൾക്കായിട്ട്" വാത്സല്യത്തോടെ പറയുന്ന അമ്മയേയും വേണ്ടാന്ന് നിരസിക്കുന്ന താമരയേയും ..

"എടീ നിന്നോടല്ലേയിത് കുടിക്കാൻ പറഞ്ഞത്" "ന്റെ ശിവനേ അമ്മയെന്നെ നാറ്റിച്ചേ അടങ്ങൂ...ഗഗന്റെ കൂടെയൊരു പെണ്ണ് വന്നുവെന്ന് അറിയാത്തവരെ കൂടി അമ്മയിന്ന് അറിയിക്കും" പരവേശത്തോടെ നെഞ്ചിൽ ഞാൻ കൈവെച്ച് ഇരുവരെയും മാറി മാറി നോക്കി. പേടിച്ചരണ്ട പേടമാനിനെ പോലെ ചുരുങ്ങി ചെറുതായി താമരപ്പെണ്ണ് ഒറ്റവലിക്ക് കപ്പ് കാലിയാക്കി അമ്മക്ക് നേരെ നീട്ടി.. "അമ്മ തരണത് സ്നേഹത്തോടെയാ..കഴിക്കണം മോള് ..ഇല്ലെങ്കിൽ ഉണ്ടല്ലോ" നല്ല അമ്മ..സ്നേഹത്തോടെ സംസാരിച്ചിട്ട് അവസാനം ഭീക്ഷണിയുടെ സ്വരം..താമര തല കുലുക്കുന്നത് കണ്ടു..

"അമ്മേ എന്തെങ്കിലും ജോലിയുണ്ടെങ്കിൽ ഇവളെ കൊണ്ട് ചെയ്യിച്ചിട്ട് അമ്മ റെസ്റ്റ് എടുക്ക്" "പ്ഫാ..എരണം കെട്ടവനേ മിണ്ടാതിരുന്നോണം....എന്റെ മോള് വന്ന് കയറിയതേയുള്ളൂ...എനിക്ക് അറിയാം എന്തൊക്കെ ചെയ്യണമെന്ന്.. നീ തീരുമാനിക്കേണ്ട കേട്ടല്ലോ" സത്യം പറയാലോ ...മ്മക്ക് തൃപ്തിയായി.. കൊല്ലും കൊലയുമുളള തറവാട്ടിൽ ജനിച്ചവളാണ് അമ്മ.. അതിന്റെ വീര്യമൊക്കെ ആ രക്തത്തിലും കലർന്നിട്ടുണ്ട്... ചെറുപ്പത്തിലേ അമ്മയെ കാണാൻ സുന്ദരിയാണ്..കാലം പ്രായത്തിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും അമ്മയുടെ മുഖശ്രീ മാഞ്ഞിട്ടില്ല.അതിപ്പോഴും അത്രയേറെ ശോഭയോടെ നിലനിൽക്കുന്നുണ്ട്..

അമ്മയുടെ നല്ല പ്രായത്തിൽ പിന്നാലെ ശല്യം ചെയ്തവന്റെ കരണക്കുറ്റി നോക്കി കൊടുത്തിട്ടുണ്ട്.. അടി കൊണ്ടവൻ ഓടിയ സ്ഥലത്ത് പുല്ല് പോലും കിളിച്ചിട്ടില്ലാന്ന് ഇടക്കിടെ അമ്മ പറയാറുണ്ട്. അമ്മയുടെ സൗന്ദര്യം കണ്ടാണ് അച്ഛൻ പ്രണയിച്ചതെങ്കിലും പേര് കേട്ട തറവാട്ടിൽ പിറന്ന കുട്ടിയെ വീട്ടിൽ ചെന്ന് നേരിട്ട് ആലോചിക്കാൻ അച്ഛനു ഭയമായിരുന്നു..ഒടുവിൽ അമ്മയാണ് ധൈര്യത്തോടെ വീട്ടിൽ അച്ഛനെ കുറിച്ച് പറഞ്ഞത്.എല്ലാവരും എതിർപ്പ് ആയിരുന്നെങ്കിലും അമ്മയുടെ തീരുമാനത്തിനു മുന്നിൽ തോൽവി സമ്മതിച്ചു അച്ഛനുമായുളള വിവാഹം നടത്തി. അച്ഛന്റെ മരണശേഷമാണ് അമ്മ കൂടുതൽ ഉൾവലിഞ്ഞത്...

ആരുടെയും മുന്നിൽ കൈനീട്ടാതെയും നീട്ടിയ സഹായങ്ങൾ തിരസ്ക്കരിച്ചും എന്നെ കഷ്ടപ്പെട്ടു വളർത്തി നല്ലൊരു നിലയിൽ എത്തിച്ചു.. ആ അമ്മ വർഷങ്ങൾക്ക് ശേഷം പഴയ സ്വഭാവത്തിലേക്ക് തിരിച്ച് വന്നു...താമര വന്നതോടെ..അമ്മ ഇത്രയേറെ സന്തോഷിക്കുമ്പോൾ ഞാനെങ്ങനെയാ സത്യം തുറന്നു പറയുക..നിങ്ങൾ തന്നെ പറയ്..ഞാനെന്റെ അമ്മയേ വിഷമിപ്പിക്കാനോ..ഒരിക്കലും ഇല്ല..എനിക്കതിനു കഴിയില്ല. "ഡാ കടയിൽ പോയി മോൾക്ക് തുണി വാങ്ങീട്ട് വാ" അമ്മയുടെ ശബ്ദം എന്നെ ഓർമ്മയിൽ നിന്നും ഉണർത്തി... "ഇനി താമരയെ കൂടി കൊണ്ട് പോകാൻ പറയോ" ഞാനൊന്ന് ഭയന്നു..എന്തായാലും അതുണ്ടായില്ല..ഭാഗ്യം..

അവൾക്ക് മാറിയുടുക്കാൻ ഡ്രസ് ഇല്ലല്ലോ.. രക്ഷപ്പെട്ടു.. അങ്ങനെ വേഷം മാറി മാറി ബൈക്കും എടുത്തു പുറത്തേക്ക് പോയി...താമര പറഞ്ഞ അളവിൽ തുണികളും എടുത്ത് അമ്മക്ക് മരുന്നും വാങ്ങി തിരികെയെത്തി... ഞാൻ വരുമ്പോൾ രണ്ടും കൂടി ചക്കരക്കുടത്തിൽ ഇൗച്ച ഒട്ടി ഇരിക്കും പോലെ രണ്ടും കൂടി മുട്ടിയുരുമ്മി ഇരിപ്പുണ്ട്. "ഹൊ..ഇതൊക്കെ എത്ര നാളത്തേക്കാണാവോ" മനസ്സിൽ ചിന്തിച്ചു അവർക്ക് അരികിലെത്തി അമ്മക്ക് മരുന്നും താമരക്ക് ഡ്രസും നീട്ടി... "ഡാ സാരി വാങ്ങീട്ടുണ്ടോ " അമ്മയുടെ ചോദ്യം..ഞാനാരാ മോൻ‌.ആ അമ്മയുടെ മകനല്ലേ..ഇത് പ്രതീക്ഷിച്ചതിനാൽ ഒന്നിനു പകരം രണ്ടു സാരി വാങ്ങി..അല്ല പിന്നേ .

"ഉവ്വ്" "എങ്കിൽ രണ്ടു പേരും എഴുന്നേറ്റു അഭിമുഖമായി നിൽക്ക്...എന്നിട്ട് അവൾക്ക് കൊടുക്ക്" എന്റെ മനസ്സിൽ അടുത്ത വെള്ളിടിവെട്ടി‌‌.. ഈശ്വരാ എന്തൊക്കെ പരീക്ഷണം ആണിത്... വെളിയിലേക്ക് ഇറങ്ങിയപ്പോൾ അയൽക്കാരുടെ ചുഴിഞ്ഞുളള നോട്ടം കണ്ടില്ലാന്ന് നടിച്ചതേയുള്ളൂ...വീണ്ടും ഉമ്മറപ്പടിയിൽ നാട്ടുകാർക്ക് മുമ്പിൽ.. അയല്പക്കത്ത് തലകൾ പൊങ്ങി തുടങ്ങി... അമ്മയെ കണ്ണ് കാണിച്ചിട്ടും അമ്മ അതൊന്നും മൈൻഡാക്കിയില്ല..നമ്മളിതെത്ര കണ്ടെന്ന ഭാവം അമ്മയുടെ മുഖത്ത്..താമരക്ക് എന്തെങ്കിലും പറയണമെന്നുണ്ട്..അമ്മയുടെ മുഖം കാണുമ്പോഴെ അവൾക്ക് മതിയാകും.. ഞാനും താമരയും അഭിമുഖമായി നിന്നു...

അമ്മ ഓരോന്നും കാണിച്ചു കൊടുത്തു ചെയ്യിച്ചു ‌. എന്റെ കയ്യിൽ നിന്നും കരങ്ങൾ നീട്ടി ആദരപൂർവ്വം സാരി വാങ്ങിച്ചു നെറ്റിയിൽ മുട്ടിച്ചു നെഞ്ചിലക്ക് ചേർത്തു പിടിച്ചു.. അമ്മ കഴുത്തിൽ കിടന്ന മാലയും വളയും കമ്മലും ഊരി താമരയെ അണിയിച്ചു.... ഒരിക്കൽ പണയം വെയ്ക്കാൻ ചോദിച്ചതിനു എന്നെ ആട്ടിപ്പായിച്ച അമ്മ ദേ ഇപ്പോൾ ഒരു തമിഴത്തിക്ക് ഊരിക്കൊടുക്കുന്നു..എങ്ങനെ എന്റെ കണ്ണുതളളാതിരിക്കും.. അമ്മയെ പാട്ടിലാക്കാൻ മാത്രം ഇവിളിലിത്രയും ദിവ്യമായത് എന്തെന്ന് എത്ര തലകുത്തി മറിഞ്ഞിട്ടും എനിക്ക് പിടികിട്ടുന്നില്ലല്ലോ എന്റെ ഗുരുവായൂരപ്പാ... അറിയാതെ ഞാൻ കൈകൾ നെഞ്ചിലേക്ക് വെച്ചു..

"മോളുടെ കരം ഗ്രഹിച്ചു അകത്തെ മുറിയിൽ കൊണ്ട് പോടാ" അടുത്ത് ഉത്തരവ്‌ കേട്ടതും ഞാൻ തെല്ലൊരു മടിയോടെ നിന്നു..മറ്റൊന്നും കൊണ്ടല്ല‌..ഇതുവരെ ഞാൻ താമരയെ സ്പർശിച്ചിട്ടില്ല. "ഡാ..." അമ്മയുടെ ശബ്ദം വീണ്ടും ഉയർന്നതും മെല്ലെ ഞാനാ കരങ്ങൾ ഗ്രഹിച്ചു....ഒരുചന്ദന കുളിർ തെന്നൽ എന്നെ മൂടിപ്പുതച്ചതു പോലെയൊരു അനുഭൂതി... അറിയാതെ അവളുമായി മുറിയിലേക്ക് നടന്നു...അവിടെ എത്തിയട്ടും ഞാൻ സ്വബോധത്തിലേക്ക് മടങ്ങിയെത്തിയില്ല.. "സർ..." താമരയുടെ ദയനീയമായ കരച്ചിൽ കാതിൽ മുഴങ്ങിയതോടെ ഞാൻ അവളുടെ കൈ അയച്ചു.. "ഞാൻ.. ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം "

കുപ്പു കൈകളുമായി നിൽക്കുന്നവളെ സഹതാപത്തോടെ നോക്കി.. "താമര എങ്ങോട്ടും പോകുന്നില്ല..രണ്ടു മാസത്തെ ലീവ് കഴിയുമ്പോൾ ഞാൻ പോകും..അതുവരെ നമുക്ക് അഭിനയം തുടരാം...പിന്നെ എന്റെ ശല്യം താമരയ്ക്ക് ഉണ്ടാകില്ല..നീ ഇവിടെ സുരക്ഷിതയായിരിക്കും..ഞാൻ പോകുമ്പോൾ എന്റെ അമ്മക്ക് നീയൊരു കൂട്ടാകും" ഒന്നും മനസ്സിലാകാതെ അവളെന്നെ നോക്കി.. "എന്റെ അമ്മ സന്തോഷിക്കട്ടേ താമരേ...മതി മറന്ന് ആഹ്ലാദിക്കട്ടെ..ഒരിക്കലും ഞാനായി ആ സന്തോഷം തല്ലി കെടുത്തില്ല" അവസാന വാചകങ്ങളിൽ എന്റെ തൊണ്ടയിടറി... വേഷം മാറാൻ പറഞ്ഞു ഞാൻ മുറിവിട്ടിറങ്ങി... ***********

രാത്രിയിലെ അത്താഴവും കഴിഞ്ഞു ഞാൻ മുറിയിൽ കിടക്കുമ്പോഴുണ്ട് ഒരുത്തി കടന്നു വരുന്നു.... സെറ്റ് സാരിയൊക്കെ ഉടുത്ത് തലയിൽ നിറയെ മുല്ലപ്പൂവും ചൂടി നമ്രശിരസ്ക്കയായി കയ്യിലൊരു ഗ്ലാസ് പാലും പിടിച്ചൊരു അപ്സരസ്സ്... കുറച്ചു മുന്നോട്ടു നടന്നിട്ട് അവൾ പിന്നോട്ട് നടക്കും...വീണ്ടും അതേ ആവർത്തനം..കാര്യമറിയാതെ ഞാൻ ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റതും പിന്നിൽ നിന്നൊരു സ്വരം കേട്ടു. "നാണിക്കാതെ അകത്തോട്ട് ചെല്ലെടീ...നിന്റെ ഭർത്താവിന്റെ കൂടെയാ ഇനി ഉറങ്ങേണ്ടത്"

"ഈശ്വരാ.. എന്റെ അമ്മ വീണ്ടും എനിക്കിട്ട് താങ്ങ് തന്നെ" അമ്മ താമരയെ ഉന്തിത്തള്ളി വിടും...തള്ളലിന്റെ ആയം തീരുമ്പം അവൾ പിന്നോട്ട് നടക്കും...ഇതാണ് കുറച്ചു മുമ്പ് നടന്നത്... അമ്മയുടെ ഓർഡർ വന്നതോടെ താമര അകത്ത് കയറി.. കതക് പുറത്ത് നിന്ന് ബന്ധിക്കപ്പെടുന്നത് ഞെട്ടലോടെ അറിഞ്ഞു... ഇനിയെന്തെന്ന ഭാവത്തിൽ പരസ്പരം നോക്കി താടിക്ക് കയ്യും കൊടുത്തു ഞാൻ കിടക്കയിലേക്ക് ഇരുന്നു...താമര പ്രതിമയായി എന്നെയും... നിന്ന് കാൽ കഴച്ചവൾ എനിക്ക് അരികിലായ് വന്നിരുന്നു..

പാൽഗ്ലസ് എനിക്ക് നേരെ നീട്ടിയതും ക്ഷീണം കാരണം മുഴുവനും ഒറ്റവലിക്ക് അകത്താക്കി... മിഴിച്ച് നോക്കിയവളുടെ കയ്യിലേക്ക് കാലി ഗ്ലാസ് കൊടുത്തു .. "നീ കട്ടിലിൽ കിടന്നോളൂ..ഞാൻ താഴെ കിടന്നോളാം" ബെഡ്ഷീറ്റ് ഒരെണ്ണം നിലത്ത് വിരിച്ച് ഞാൻ കിടന്നു...കിടന്നതും ഉറങ്ങിപ്പോയി... പുലർച്ചയിലെപ്പോഴോ കണ്ണുകൾ തുറന്ന ഞാാനറിഞ്ഞു എനിക്ക് മേലായെ കഴുത്ത് വരെ ഒരു പുതപ്പ് ആരോ പുതപ്പിച്ചിട്ടുണ്ട്.... എഴുന്നേറ്റു നോക്കിയപ്പോൾ താമര കിടക്കയിൽ തണുത്ത് വിറച്ച് ചുരുണ്ട് കൂടി കിടക്കുന്നു.... ഫാൻ ഓഫ് ചെയ്ത ശേഷം രണ്ടു ഷീറ്റും എടുത്ത് അവളെ പുതപ്പിച്ചിട്ട് മുറിയിലുള്ള കസേരയിലേക്കിരുന്ന് കണ്ണുകളടച്ചു................തുടരും………

വൈമികം : ഭാഗം 2

Share this story