വൈമികം : ഭാഗം 09

vaimikam

A story by സുധീ മുട്ടം

രാവിലെ കതകിൽ തുരുതുരയുളള മുട്ടു കേട്ടാണ് പുളിച്ച കണ്ണുകൾ വലിച്ചു തുറന്നത്..അപ്പോഴും വാതിക്കൽ നിന്ന് തട്ട് തുടർന്ന് കൊണ്ടേയിരുന്നു.. ഞാൻ തല ചരിച്ചു നോക്കിയതുമൊന്ന് ഞെട്ടി..താമര എഴുന്നേറ്റട്ടില്ല.മൂടിപ്പുതച്ച് സുഖമായി ഉറങ്ങുന്നു..എത്ര താമസിച്ചു കിടന്നാലും നേരത്തെ എഴുന്നേൽക്കുന്നവൾക്ക് ഇതെന്ത് പറ്റി.. "ഡീ താമരേ താമരേ എഴുന്നേറ്റു വാതില് തുറക്ക്..ഇല്ലെങ്കിൽ അമ്മ തല്ലിപ്പൊളിച്ച് അകത്തേക്ക് വരും" "സാറിനും തുറക്കാമല്ലോ കതക്" എന്ന് പറഞ്ഞിട്ടവൾ തലവഴി പുതപ്പിട്ടു മൂടി.. "ങേ..ഇവൾക്കിതെന്ത് പറ്റിയെന്ന് ചിന്തിച്ചതിന്റെ പത്തിലൊന്ന് സെക്കന്റ് പുറത്ത് അമ്മയുടെ അലർച്ച മുഴങ്ങി..

" ഡാ ഡാ ഞാനിത് ചവിട്ടി പൊളിക്കണ്ടെങ്കിൽ കതക് തുറക്കുന്നുണ്ടോടാ ഉറക്കപ്രാന്താ" "പൊളിക്കണ്ടാ ഞാൻ തുറക്കാം" ഉറക്കെ കൂവിയട്ട് ഞാൻ കതക് തുറക്കേണ്ട താമസം എന്നെ തള്ളിമാറ്റി അമ്മ അകത്തേക്ക് ഇടിച്ചു കയറി.. "എന്റെ പൊന്നുമോൾക്ക് എന്ത് പറ്റി..എന്താ മോൾക്ക് എന്ത് പറ്റി" അമ്മ താമരയെ കെട്ടിപ്പിടിച്ചു തൊളള തുറക്കുന്നതു കണ്ട് ഞാൻ വായ് പൊളിച്ചു നിന്നു. അമ്മയുടെ അലർച്ചയും നെഞ്ചത്തടിയും കേട്ട് താമര ചാടിയെഴുന്നേറ്റ് അമ്മയെ തുറിച്ചു നോക്കി.. "എന്താ അമ്മേ കരയുന്നത്" അമ്മ കരയുന്നത് കണ്ട് ലവൾ സ്വിച്ചിട്ടത് പോലെ അമ്മയെ കെട്ടിപ്പിടിച്ചു കാറൽ തുടങ്ങി..

രണ്ടു കൂടിയുളള കരച്ചിൽ ഉച്ചഭാഷിണി പോലെ മുറിക്കുള്ളിൽ വലിയ ശബ്ദത്തിൽ മുഴങ്ങി..അതുകേട്ടെന്റെ കിളി ചിറകടിച്ചു പറന്നുപോയി..ചെവിയിലിപ്പോൾ ആകെയൊരു മൂളല് മാത്രം.. രണ്ടു കൈ കൊണ്ടും ഞാൻ ചെവിക്ക് ചെറുതായി അടിച്ചതും ഉച്ചഭാഷിണി കാതിനെ തുളച്ചു കയറി.. മോളുടെ ക്ഷേമം തിരക്കാൻ വന്നതാണ് അമ്മ..മോള് തെറ്റിദ്ധരിച്ച് കരച്ചിൽ..ഒടുവിലത് കൂട്ടക്കരച്ചിലായി എന്റെ സമാധാനം കെടുത്തി.. "ഒന്ന് നിർത്തണുണ്ടോ രണ്ടും കൂടി.. കാതിലൊരു മൂളക്കം മാത്രമേയുള്ളു" ഞാനലറിയതും പിടിച്ചു നിർത്തയ പോലെ രണ്ടിന്റെയും കാറൽ നിന്നു..

"അല്ല എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ..ലോകത്ത് നിങ്ങൾ രണ്ടു പേരും മാത്രമേ മരുമകളും അമ്മായിയമ്മയും മാത്രമായിട്ടുളളോ" അമ്മയും മോളും കൂടി പരസ്പരമൊന്ന് നോക്കി..ശേഷം അമ്മ ചാടിയെഴുന്നേറ്റു. "പ്ഫാ എരണം കെട്ടവനേ..നിനക്ക് അങ്ങനെയൊക്കെ പറയാം.. പെറ്റവയറിനേ ദണ്ഡം അറിയൂ" "ങേ..അതെപ്പോ..അമ്മ എന്നെയല്ലേ പെറ്റത്" ഞാൻ കണ്ണുമിഴിച്ചു "എടാ...എടാ..കുരുത്തം കെട്ടവനേ നിന്നെ പ്രസവിച്ചെന്ന് കരുതി ഇവളെന്റെ മോളല്ലാതാകോടാ..നിന്റെ ഭാര്യ എന്റെ മകളാണ്.. ഒരു പെൺകുഞ്ഞിനെ ഒരുപാട് ആഗ്രഹിച്ച എനിക്ക് ദൈവം തന്നത് ആൺകുഞ്ഞിനെ ആയിപ്പോയി.രണ്ടാമതൊന്ന് പേറും മുമ്പേ ഈശ്വരൻ അങ്ങേരെ മുകളിലേയ്ക്ക് വിളിച്ചില്ലേ" തുടർന്ന് അമ്മയുടെ കരച്ചിലും മൂക്കു പിഴിച്ചിലും...

അപ്പോൾ ഞാൻ സംശയിച്ചത് ശരി തന്നെ... അമ്മക്ക് പെൺകുഞ്ഞുങ്ങളെയാണ് കാര്യം.. അങ്ങനെ വരട്ടെ..ചുമ്മാതല്ല എന്നോട് മരുമകൾ പോര്..നല്ല ബെസ്റ്റ് മോം.. "താമര എങ്ങും പോകില്ല..അമ്മയുടെ മകളായി ഇവിടെ കാണും" "അതിനാരാടാ അവൾ പോകുമെന്ന് പറഞ്ഞത്." അമ്മയുടെ ഒച്ച വല്ലാതെ ഉയർന്നു...അപ്പോഴാണ് പിണഞ്ഞ അബദ്ധം എനിക്ക് മനസ്സിലായത്..ഇന്നലെത്തെ ഹാങ് ഓവർ ആകെ ചളമായി.. "നീ എന്റെ മോളെ ഉപേക്ഷിക്കുമോടാ" അലർച്ചയോടെ അമ്മ ചാടി എഴുന്നേറ്റു... അമ്മയുടെ ഭാവം അങ്ങട് മാറി..മുടി അഴിച്ചിട്ട് കണ്ണൊക്കെ ചുമപ്പിച്ചു ഭദ്രകാളിയുടെ ഭാവത്തിലാണ് നിൽപ്പ്..എന്റെ തല വെട്ടിയെടുത്ത് ഇപ്പോൾ തന്നെ രക്തം പാനം ചെയ്യും പോലെ നിൽപ്പ്..

"എന്റെ പൊന്നമ്മാ അല്ല ശാരദാമ്മാ ഒന്നടങ്ങ്...ഞാൻ അവളെ ഉപേക്ഷിക്കില്ല..എന്റെ ഉയിരാണ് താമര" താമരയിലേക്കൊന്ന് പാളി നോക്കിയ ശേഷം ഞാൻ അമ്മയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു... എന്റെ നോട്ടം കണ്ടു അവൾ മിഴികൾ താഴ്ത്തിപ്പിടിച്ചു.. "എങ്കിൽ മോനേ നിനക്ക് കൊള്ളാം.. ഇല്ലെങ്കിൽ രാജ്യത്തിനൊരു പട്ടാളക്കാരനെ നഷ്ടപ്പെടും" "ഉവ്വ്" "പ്ഫാ തറുതല പറയുന്നോടാ" അമ്മ താഴേക്ക് കുനിഞ്ഞതും എന്റെ തലച്ചോർ അപായ സൂചന മുഴക്കി..ഞാൻ മുറിയിൽ നിന്ന് ചാടാൻ ശ്രമിച്ചെങ്കിലും അതിനു മുമ്പേ മിന്നൽ വേഗതയിൽ അമ്മയുടെ ഏറ് എന്റെ പുറത്ത് തന്നെ കിട്ടി...ചെരിപ്പോ മറ്റോ ആണ്.. ഭാഗ്യം നൊന്തില്ല..

അമ്മക്ക് ദേഷ്യം കലശലായാൽ പിന്നെ രക്ഷയില്ല..വളർന്ന് മോനാണെന്ന് നോക്കില്ല..കിട്ടണതിന് എറിയും.. ഒരിക്കൽ അയലത്തെ നാണുവേട്ടൻ ചോദിച്ചു..അമ്മയോട്.. "എന്തിനാ ശാരദാമ്മേ കെട്ടിക്കാറായ മോനെ ഇങ്ങനെ ഓടിച്ചെറിയുന്നത്" "അതിനു തന്റെ വീട്ടിൽ വന്ന് തന്റെ മോനെയല്ലോ എറിഞ്ഞത്..എന്റെ മോനെയല്ലേ..തനിക്കെന്താടോ നഷ്ടം" അതോടെ നാണുവേട്ടന്റെ വയറ് നിറഞ്ഞു തൃപ്പുതിയായി...അതിൽ പിന്നെ പുള്ളിക്കാരൻ അമ്മയുടെ നിഴലുവെട്ടത്ത് വരില്ല.. "എന്താ മോളേ നിനക്ക് സുഖമില്ലേ" അമ്മയുടെ സ്നേഹാൻവഷണം കേട്ട് ഞാൻ തല അകത്തേക്കിട്ടു..

താമരയുടെ നെറ്റിയിലും കഴുത്തിലുമൊക്കെ അമ്മ കൈ വെച്ചു നോക്കുന്നു.. "അറിയില്ല അമ്മേ ആകെയൊരു അസ്വസ്ഥത.. അതാ എഴുന്നേൽക്കാൻ താമസിച്ചത്..സോറിയമ്മേ" ലവൾ എഴുന്നേൽക്കാൻ ഒരുങ്ങിയതും അമ്മ സ്നേഹത്തോടെ നിർബന്ധിച്ചു കിടത്തുന്ന മനോഹരമായ കാഴ്ച... എന്റെ ദേവി ഞാനെന്താ ഈ കാണണത്...അമ്മായിയമ്മ മരുമോളെ ഇത്രയേറെ സ്നേഹിക്കോ..സിനിമയിലും സീരിയലിലും കഥകളിലുമൊക്കെ അമ്മായിയമ്മ പോരാണല്ലോ നിറഞ്ഞ് നിൽക്കുന്നത്.. കാണുന്ന അല്ലെങ്കിൽ വായിക്കുന്ന അമ്മയിയമ്മക്ക് അതൊരു സുഖവും മരുമോൾക്കത് നെഞ്ചിലൊരു ആന്തലുമാണ്...

ഇവിടെ നേരെ വിപരീതം..എന്റെ അമ്മായിയമ്മ മരുമോളാണെന്ന് കരുതി താമരയെ കൈവെളളയിൽ കൊണ്ട് നടക്കുന്നു..എന്റെ അമ്മയല്ലേ പിന്നെ മോശമാകാതിരിക്കുവോ..അമ്മ പൊളിയല്ലേ... "ഡാ ഗഗാ" "എന്തോ" അമ്മയുടെ വിളി കേൾക്കാൻ കാത്ത് നിന്നിരുന്ന ഞാൻ വേഗം അകത്തേക്ക് കയറി... "മോൾക്ക് സുഖല്യാന്ന്" "അയിന്" "രണ്ടു ഒലക്ക കിട്ടിയിരുന്നെങ്കിൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊട്ടിച്ചേനെ..എടാ സ്വന്തം ഭാര്യക്ക് അസുഖമുണ്ടെങ്കിൽ അതാദ്യം അറിയേണ്ടത് അവളുടെ ഭർത്താവാ.." "ഉവ്വ്" നീയൊക്കെ എവിടത്തെ കണവനാടാ" എനിക്ക് മുണ്ടാട്ടം മുട്ടിപ്പോയി..അമ്മക്ക് മുമ്പിൽ ലവടെ കണവനായി പോയില്ലേ...

അല്ല അമ്മ ആക്കി തന്നില്ലേ..ഇനിയത് അനുഭവക്കാണ്ട് അല്ലതെന്ത് ചെയ്യാൻ.. മറ്റ് വഴിയില്ലല്ലോ.. "നീ മോളുടെ അടുത്ത് കാണണം.. വെറുതെയല്ല അവളെ പരിചരിക്കണം..വേണ്ടുന്നത് ചെയ്തു കൊടുക്കണം..ഇതെല്ലാം ഭർത്താവിന്റെ കടമയാ..കേട്ടല്ലോ" "കേട്ടു" "കേട്ടാൽ പോരാ ചെയ്യണം" "ഉവ്വാ" അമ്മയുടെ പുതിയ ഉത്തരവിന് ഞാൻ തലയാട്ടി.. "ശരി നീ ഫ്രഷായി വാ.. അതു കഴിഞ്ഞു ഞാനെന്തെങ്കിലും വെച്ചുണ്ടാക്കാം" "ഉവ്വ്" ഞാൻ തോർത്തുമെടുത്ത് ഫ്രഷാകാൻ പോയി...കുളിയും പല്ലു തേപ്പും കഴിഞ്ഞു പുതിയ ജോലിയിൽ ജോയിൻ ചെയ്തു.. ഞാൻ ഒരു കസേര എടുത്ത് താമരക്ക് അരികിലേക്ക് നീങ്ങിയിരുന്നു..

എന്റെ കണ്ണുകൾ അവളുടെ മുഖത്ത് തറച്ചതും അവൾ തല ഒരു വശത്തേക്ക് ചരിച്ചു..എനിക്കെന്തോ അത് ഹ‌ൃദയത്തിൽ ചെന്ന് തറച്ചു.. "എന്തിനാ താമരേ എന്നെ അവഗണിക്കുന്നത്..അത്രമാത്രം കൊളളാത്തവനാണോ ഞാൻ" താമര മുഖം ചരിച്ച് എന്നെ നോക്കി. പതിയെ അവളുടെ മിഴികൾ നിറഞ്ഞു വന്നു.. ഇന്നലെ രാത്രിയിൽ കുഴിച്ചു മൂടിയ എന്റെ പ്രണയം പിന്നെയും ചിറകടിച്ചു ജീവൻ തളിരിട്ടു.. "പറയ് താമരേ എന്നെ സ്നേഹിക്കാൻ കൊള്ളൂല്ലേ " ഹൃദയം മുറിഞ്ഞ വേദനയോടെയാണ് ഞാൻ ചോദിച്ചത്...പൊടുന്നനെ അവൾ മുഖം പൊത്തിക്കരഞ്ഞു..നെഞ്ചിലൊരു വലിയ ഭാരം അനുഭവപ്പെട്ടു..അവളുടെ കരച്ചിൽ കേട്ടപ്പോൾ..

അതങ്ങനെ ഹൃദയത്തെ നോവിച്ചോണ്ടിരിക്കുന്നു.. "എന്തിനാടോ ഇങ്ങനെ കരയുന്നത്" കണ്ണുനീർ തുടക്കാനായി കൈ നീട്ടിയതും ഒരു അലർച്ച കേട്ട് നടുങ്ങി ഞാൻ കസേരയിൽ നിന്ന് ഉയർന്നു പൊങ്ങി.. "എടാ നീ എന്റെ കൊച്ചിനെ കൊല്ലാൻ നോക്കുവാണോടാ" കയ്യിൽ ആവി പറക്കുന്ന കഞ്ഞി പകർന്ന പാത്രവുമായി അമ്മ.. എന്നിലൊരു ആന്തലുയർന്നു... "കടവുളേ അമ്മ...ഞാൻ വീണ്ടും തെറ്റിദ്ധരിക്കപ്പെട്ടല്ലോ..ഇന്ന് വീണ്ടും അമ്മയുടെ സരസ്വതി കേൾക്കാനാണല്ലോ എന്റെ വിധി" ഞാൻ നെഞ്ചിൽ കൈ വെച്ചങ്ങനെ നിന്നതും കോപത്തോടെ അമ്മ എനിക്ക് അരികിലെത്തി.. ഞാൻ ദയനീയമായി താമരയെ നോക്കി... "ആ തിരുവായ് എടുത്തൊന്ന് മൊഴിയാനായി.....................തുടരും………

വൈമികം : ഭാഗം  8

Share this story