ദൂരെ: ഭാഗം 5

Dhoore

രചന: ഷൈനി ജോൺ

അരക്കില്ലത്തിനകത്ത് അകപ്പെട്ട സ്ഥിതിയായിരുന്നു മാളവികയ്ക്ക്. ഇനി ഇരുപത്തിയൊൻപത് ദിവസമേ ഇവിടെ നിൽക്കേണ്ടു. പക്ഷേ ഒരു നിമിഷം പോലും ഈ വീട്ടിൽ മാനഭയമില്ലാതെ ജീവിക്കാൻ കഴിയില്ല. ഗോപിക പറഞ്ഞിട്ടു പോയ വാക്കുകൾ അവളിൽ തികട്ടി വന്നു. കാതിൽ ആരോ ഇരുമ്പുരുക്കി ഒഴിച്ചത് പോലെ സ്വന്തം മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ . ആ കാഴ്ച കണ്ട് ഹൃദയം തകർന്ന് കെട്ടിത്തൂങ്ങി മരിച്ച ഭാര്യ.. എന്നിട്ട് അയാൾ എന്തൊക്കെയാണ് പറഞ്ഞുവെച്ചത്. സംശയരോഗം മൂത്ത് ഭാര്യ ആത്മഹത്യ ചെയ്തു. മകൾ അമ്മ വീട്ടുകാരെ വിശ്വസിച്ച് അവരുടെ ഒപ്പം പോയി. താമസിച്ചിരുന്ന വീട് ഭാര്യയുടെയും മകളുടെയും പേരിലായതു കൊണ്ട് ആ വീട് മകൾ പൂട്ടിയിട്ടു.. എല്ലാവരിൽ നിന്നും നീതികേട് ഏറ്റുവാങ്ങിയ ജന്മം.. അമ്മ ഇതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്നു. അടുത്ത ഇലക്ഷനിൽ എം.എൽ.എ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണത്രേ ഇയാളെ .. ഇനി അതും വെറുതെ പറയുന്ന കഥയാണോ. : ജോലി സ്ഥലത്ത് മാന്യന്റെ വേഷം കെട്ടി.

ആർക്കും മറിച്ചൊരു അഭിപ്രായമില്ല പോലും. ഇയാൾ എന്താണെന്ന് ഇയാളുടെ ഇരകൾക്കേ അറിയൂ. അതാണ് യഥാർത്ഥ്യം . എത്ര സത്യസന്ധത നടിച്ചാണ് അയാൾ അമ്മയെ വിശ്വസിപ്പിച്ചിരിക്കുന്നത്. അമ്മയെ പോലെ നഗരത്തിൽ ജനിച്ചു വളർന്ന ഒരു സ്ത്രീയ്ക്കു അയാളെ മനസിലാക്കാൻ കഴിയാത്തതിൽ അത്ഭുതം തോന്നുന്നു. പ്രണയാന്ധത അത്രമേൽ ബാധിച്ചിരിക്കുന്നു .. അയാൾ ഇവിടെ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സൂക്ഷിക്കണം. ഏതു നേരവും ഒരു ആക്രമണം പ്രതിക്ഷിക്കണം. സ്വന്തം വീട്ടിനകത്ത് പോലും സുരക്ഷിതത്വമില്ലെന്ന് വന്നാൽ .. മാളവികയ്ക്ക് കരച്ചിൽ വന്നു. അപ്പോൾ മുറ്റത്ത് നിന്ന് '' കുഞ്ഞിമാളൂ" വിളി കേട്ടു . മായക്കണ്ണൻ.. തോന്നിയതാണോ എന്ന് അവൾ കാതോർത്തു. അല്ല.. വീണ്ടും വിളിക്കുന്നു. ഒറ്റ ഓട്ടത്തിന് മാളവിക ഓടി പടിയിറങ്ങിച്ചെന്നു. ഒതുക്കിൽ നിന്ന് ചിരിക്കുകയാണ് മായക്കണ്ണൻ. എന്തൊരു നല്ല ചിരി. വാരിപ്പുണർന്ന് ആ ചിരിയാകെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുക്കാൻ തോന്നും. കടിച്ചു മുറിച്ച് വേദനിപ്പിക്കാൻ തോന്നും.

"എന്റെ മായക്കണ്ണാ .. ഇതെന്തൊരു മായ.. ഇയാൾ പോയില്ലേ". അവൾ അടുത്തുചെന്നു. " പോയി .. വീട്ടിലെത്താറായപ്പോൾ കുഞ്ഞിമാളു കരയുന്നത് പോലെ തോന്നി. ഉടനെ തിരിച്ചു പോന്നതാ". നിഷ്ക്കളങ്കമായ മുഖത്ത് സങ്കടം.. അവൾക്കും വിഷമം വന്നു. " ഞാൻ കരഞ്ഞൊന്നും ഇല്ല.. അമ്മ ഇവിടെ ഇല്ലാതിരുന്നത് നന്നായി. ഭദ്രകാളി തുള്ളി നടപ്പാണ്. ഞാൻ പറയാതെ മായക്കണ്ണൻ ഇനി ഇങ്ങോട്ട് വരരുതേ ട്ടോ ''. "എനിക്ക് വിദ്യാമ്മയെ പേടിയില്ല. ആരെയും പേടിയില്ല. കുഞ്ഞിമാളു കരഞ്ഞൂന്ന് തോന്നിയാൽ ഞാനിനിയും വരും " അവൻ ശഠിച്ചു. "ഓ.. വന്നോളൂ.. വന്നിട്ട് വയറു നിറയെ കേട്ടോളൂ.. എത്രകേട്ടാലും നാണമില്ലല്ലോ പിന്നെ ". അവൾ പിണങ്ങി. " ഞാൻ വരും .. " "ങാ.. വന്നേ പറ്റൂ.. മായക്കണ്ണന്റ കുഞ്ഞിമാളു കരഞ്ഞൂന്ന് തോന്നിയാൽ മായക്കണ്ണൻ വരണം. തീർന്നില്ലേ പ്രശ്നം " "തീർന്നു" കണ്ണന് സന്തോഷമായി. "

എന്നാൽ വാ.. ഒന്നും കഴിക്കാതെയല്ലേ അമ്പലത്തിൽ വന്നത്. ഞാൻ ചായ ഇട്ടു തരാം". അവൾ വിളിച്ചു. "വേണ്ട .. " മായക്കണ്ണൻ പറഞ്ഞു. " ഞാൻ പോവാണ്". "എന്നാൽ പൊയ്ക്കോളു" അവൾ ചിരിച്ചു. " ഞാൻ പോവാണ് കുഞ്ഞിമാളൂ" അവൻ കണ്ണുകൾ കൂർപ്പിച്ചു നോക്കി. "പൊയ്ക്കോളൂന്നേയ് " അവൾ കുസൃതി പൂണ്ടു. " മായക്കണ്ണന്റെ ലീലാവിലാസം എന്തിനാണെന്നന്ന് മനസിലായി.. ഉമ്മ വേണം അല്ലേ.. " അവളുടെ ചോദ്യം കേട്ടപ്പോൾ കണ്ണന്റെ മുഖം തുടുത്തു. " തത്ക്കാലം തരാൻ ഉദ്ദേശ്യമില്ല. ഇവിടെ നിന്നുമ്മ വെച്ചാൽ അയൽക്കാരു കണ്ട് അമ്മയോട് പറയും.. അല്ലെങ്കിലേ ആകെ ചീത്തപ്പേരാണ് എന്റെ കണ്ണേട്ടാ '' അവൾ അവനെ നോക്കി ചിരിച്ചു. " നിന്നു സമയം കളയണ്ട. പോകൂന്നേ " "പോവ്വാണ്".കണ്ണൻ പറഞ്ഞു "കുഞ്ഞിമാളു കരയരുത്" " ഞാൻ കരയണില്ല.. പോരേ.. " " ളം .." കണ്ണൻ തിരികെ നടന്നപ്പോൾ കുഞ്ഞിമാളു പുറകേ ചെന്നു.

" അതേ .. ആ തെക്കേലെ പ്രതീഷിനോട് വല്യ കൂട്ട് വേണ്ടാട്ടോ.. അവൻ ഫോണിൽ പലതും കാട്ടിത്തരുന്നുണ്ടെന്നും ഓരോന്ന് പറഞ്ഞ് കണ്ണേട്ടന്റെ മനസിളക്കുന്നുണ്ടെന്നും എനിക്കറിയാം" കണ്ണൻ ഞെട്ടിപ്പോയി. അവൻ ജിജ്ഞാസയോടെ അവളെ നോക്കി. "പേടിച്ചല്ലോ.. ഞാനറിയില്ലാന്ന് വിചാരിച്ചോ.. അഭിക്കുട്ടൻ വന്ന് എന്നോട് പറഞ്ഞു തന്നു എല്ലാം .. ചീത്ത തരങ്ങള് കാണുന്നത് അത്ര നല്ല കാര്യമൊന്നുമല്ല .. ചീത്തയായ ആളുകളുടെ പണിയാണ് ട്ടോ. കണ്ണന്റെ മുഖത്തെ ലജ്ജ അവളെ ചിരിപ്പിച്ചു. കണ്ണൻ നാണത്തോടെ നടന്നു പോയി.പേരറിയാത്തൊരു ലജ്ജയിൽ പൂത്ത മന്ദഹാസം അവളുടെ മുഖത്തും പടർന്നു. കണ്ണൻ കാഴ്ചയിൽ നിന്ന് മറഞ്ഞപ്പോൾ അവൾ വീട്ടിലേക്ക് കയറിപ്പോയി. വേഷം മാറി. അടുക്കളയിൽ ചെന്നു നോക്കി. ഒന്നും വെച്ചുണ്ടാക്കിയിട്ടില്ല. മനസു മുറിഞ്ഞു. അമ്മ തന്നോട് പ്രതികാരം വീട്ടുകയാണ്. സ്വന്തം മകളോട്.. എവിടെയോ കിടന്ന ഒരുത്തന് വേണ്ടി. നല്ല വിശപ്പു തോന്നി. റവയും നെയ്യും കൊണ്ട് പെട്ടന്ന് ഒരു കേസരി ഉണ്ടാക്കിക്കഴിച്ചു. ഒരു ഗ്ലാസ് ചായയും കുടിച്ചു.

ചൂലെടുത്ത് വീടു മുഴുവൻ വൃത്തിയാക്കി. അവരുടെ മണിയറയിൽ മാത്രം കയറിയില്ല. വീടു മുഴുവൻ തുടച്ച് വൃത്തിയാക്കി. സിങ്കിൽ കൂടിക്കിടന്ന പാത്രങ്ങൾ കഴുകി വെച്ചു. പണികൾ തീർത്ത് അവൾ വന്നപ്പോഴേക്കും മൊബൈലിൽ ശ്യാമിലി വിളിച്ചു. അവൾക്ക് മംഗലാപുരത്ത് ഒരു കോളജിൽ അഡ്മിഷൻ റെഡിയായി. ഇനി അതു മാത്രമാണ് പ്രതീക്ഷ. ഏതെങ്കിലും കോളജിൽ അഡ്മിഷൻ കിട്ടിയാൽ ഹോസ്റ്റലിലേക്ക് മാറണം. എന്നാലേ ഈ മനുഷ്യപിശാചിൽ നിന്ന് രക്ഷയുണ്ടാവൂ. മാളവിക അത് ആലോചിച്ചുറപ്പിച്ചു. മായക്കണ്ണനാണ് പ്രശ്നം. തന്നെ കാണാതായാൽ ലച്ചമ്മയ്ക്ക് സ്വൈര്യം കൊടുക്കില്ല .ഹോസ്റ്റലിലേക്ക് മാറിയാൽ കല്യാണത്തിന് തിരക്കുകൂട്ടേണ്ടതില്ല. മായക്കണ്ണനെ പറഞ്ഞു മനസിലാക്കുന്നത് ഒരു കടമ്പയാണ്. എങ്കിലും അമ്മയിൽ നിന്നും ഭർത്താവിൽ നിന്നും രക്ഷപ്പെടുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.

മായക്കണ്ണൻ എന്നേക്കും തന്റെയാണ്. താൻ മായക്കണ്ണന്റേതും .അതിലൊരു തരി സംശയമില്ല. മാളവികയ്ക്ക് മനസിനൊരു പുത്തൻ ഉണർവ് തോന്നി. അപ്പോഴാണ് മുറ്റത്തേക്ക് കാർ വന്നു നിന്നത്. നിറയെ ഷോപ്പിംഗ് കവറുകൾ തൂക്കിപ്പിടിച്ച് ശ്രീവിദ്യ ആദ്യമിറങ്ങി. പുറകെ ഗോപികൃഷ്ണനും . മാളവികയെ ഒന്നു നോക്കിയിട്ട് രണ്ടു പേരും മുറിയിലേക്ക് പോയി. മാളവിക അവളുടെ മുറിയിലേക്കും . ശ്രീവിദ്യ വന്നു വാതിലിൽ തട്ടിയപ്പോഴാണ് പിന്നീട് മാളവിക എഴുന്നേറ്റത്. ഒരു ടെക്സ്റ്റയിൽസ് കവറുമായി അവൾ അകത്തേക്ക് വന്നു. "നിനക്കൊരു ചുരിദാർ എടുത്തതാ.. ഇഷ്ടപ്പെട്ടോ എന്ന് നോക്ക്. ഇല്ലെങ്കിൽ മാറ്റിത്തരും''. '"അവിടെങ്ങാനും വെച്ചേക്ക് " അവൾ ദേഷ്യമടക്കി. " ഒന്ന് നോക്ക് കുഞ്ഞിമാളു " അമ്മയുടെ സ്വരത്തിലെ മാർദ്ദവം അറിഞ്ഞ് അവൾ തല ചെരിച്ചു നോക്കി. "വന്ന് നോക്ക്.. എഴുന്നേറ്റു വാ " ശ്രീവിദ്യ നിർബന്ധിച്ചു. മാളവിക എഴുന്നേറ്റ് ചെന്ന് കവർ വാങ്ങി തുറന്നു നോക്കി. ചുവന്ന ഒ അനാർക്കലി ചുരിദാർ അരികിൽ സ്വർണ നിറത്തിൽ ഡിസൈൻ ചെയ്തിട്ടുണ്ട്.

വളരെ വിലക്കൂടിയ ചുരിദാറാണെന്ന് തോന്നി. " ഇഷ്ടപ്പെട്ടോ".സൗമ്യമായ ചോദ്യം. മാളവിക അമ്മയെ ഒന്നു നോക്കി. "കൊള്ളാം". അവൾ പറഞ്ഞു. "ജി.കെ യുടെ സെലക്ഷനാണ്.. ". അത് മാളവിക ഊഹിച്ചിരുന്നു.പ്രകടമായ എതിർപ്പ് അവളിൽ നിന്നുണ്ടാകാതിരുന്നപ്പോൾ ശ്രീവിദ്യയുടെ മുഖം തെളിഞ്ഞു. "നിനക്കിത് നന്നായി ചേരും... അല്ലേടി " " ചുവപ്പ് എനിക്ക് ചേർച്ചയുള്ള കളറാണ് " മാളവികയുടെ മറുപടി ശ്രീവിദ്യയെ ആഹ്ളാദിപ്പിച്ചു. " നീ ഇത് വാങ്ങില്ലേ എന്നു ഞാൻ പേടിച്ചു " ശ്രീവിദ്യയുടെ മുഖം കണ്ടപ്പോൾ അവൾക്ക് പാവം തോന്നി. അമ്മ ആഗ്രഹിച്ച ജീവിതം.. നികൃഷ്ടനായ ഒരാളെയാണ് ഭർത്താവായി കിട്ടിയത് എന്ന് മനസിലായാൽ അമ്മ എങ്ങനെയാവും പ്രതികരിക്കുക. അയാൾ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരം തകരുമ്പോൾ ആദ്യം പൊടിഞ്ഞു വീഴുന്നത് അമ്മയായിരിക്കും. "ഞാൻ അമ്മ വരാൻ നോക്കിയിരിക്കുകയായിരുന്നു " അവൾ പറഞ്ഞു. ശ്രീവിദ്യ ചോദ്യഭാവത്തിൽ നോക്കി. "എനിക്ക് എസ്.കെ.എം. കോളജിൽ അഡ്മിഷൻ കിട്ടീട്ടുണ്ട് .. മെയ്ൽ വന്നു കിടക്കുന്നു ..

എത്രയും പെട്ടന്ന് പ്രിൻസിപ്പാളിനെ രേഖകളുമായി ചെന്ന് കാണണം" "ഞാനും ജി.കെയും വരാം കുഞ്ഞിമാളൂ" മാളവികയുടെ മനസിടിഞ്ഞു. എന്തിനും ഏതിനും ഇനി ജി.കെ ഇല്ലാതെ പുറപ്പെടില്ലായിരിക്കും. ഉള്ളിലുണ്ടായ ദേഷ്യം അമർത്തിവെച്ചു. തത്ക്കാലം ഒരു വഴക്ക് വേണ്ട. "അമ്മ മാത്രം മതി". അത്രയെങ്കിലും പറയാതിരിക്കാൻ കഴിഞ്ഞില്ല. അമ്മയുടെ മുഖം മങ്ങുന്നത് കണ്ടു. വല്ലാത്ത ദുരിതം തന്നെ.ഈർഷ്യവന്ന് മനസു പൊതിഞ്ഞു. "ഇവിടുന്ന് രണ്ട് മണിക്കൂർ യാത്രയുണ്ട് കോളജിലേക്ക് .. ഹോസ്റ്റലിൽ നിൽക്കാമെന്നാ കരുതുന്നത് " അവൾ സംയമനം പാലിച്ചുകൊണ്ട് പറഞ്ഞു. " ഹോസ്റ്റലാകും നല്ലത്.. യാത്ര ഒഴിവാക്കാമല്ലോ.. " പറയുമ്പോൾ ഈ ഹണിമൂൺ കാലം മകൾ എന്ന വിലങ്ങുതടി ഉണ്ടാവില്ലല്ലോ എന്ന സന്തോഷം തോന്നി ശ്രീവിദ്യയ്ക്ക് .ജി.കെ യുമായി ഇനി ഒരു അങ്കവും ഉണ്ടാവില്ല. അവൾക്ക് അവളുടെ വഴി. തനിക്ക് തന്റെ ജീവിതം. ശ്രീവിദ്യ പുറത്തേക്കിറങ്ങിപ്പോയി. റൂമിൽ ചെല്ലുമ്പോൾ കിടക്കയിൽ മലർന്നു കിടക്കുകയാണ് ജി.കെ.എത്ര പെട്ടന്നാണ് ജി.കെ തന്റെ ഭർത്താവായത്. അധികാരത്തോടെ തന്റെ കിടപ്പറയിൽ എത്തിച്ചേർന്നത്. മനസാകെ തിരതല്ലി അടുത്തു ചെന്നു. " വലിയൊരു പ്രശ്നം ഇല്ലാതാകുന്ന സന്തോഷമാണ് എനിക്ക്". അടുത്ത് ചെന്നിരുന്ന് പറഞ്ഞു.

"കുഞ്ഞിമാളൂന് കോളജിൽ അഡ്മിഷൻ കിട്ടി. ഹോസ്റ്റലിൽ നിന്ന് പഠിക്കാനാ തീരുമാനം. നമുക്കിടയിൽ തത്ക്കാലം കട്ടുറുമ്പൊന്നും ഉണ്ടാവില്ല. ജി.കെയുടെ മുഖപ്രസാദം വറ്റി. "നീ സമ്മതിച്ചോ ". കൺമുന കൂർപ്പിച്ച് അയാൾ ചോദിച്ചു. "എന്താ സമ്മതിക്കാതെ " " അവൾ പെട്ടന്നിവിടെ നിന്ന് പോയാൽ നാട്ടിൽ അതും ഒരു സംസാരമാകും .. ഞാനെന്തെങ്കിലും മോശമായി പെരുമാറിയെന്നോ മറ്റോ ആരോപണം വരാനും മതി". ശ്രീവിദ്യയുടെ മുഖം മങ്ങിപ്പോയി. " ഹോസ്റ്റലിൽ നിൽപ്പൊക്കെ പിന്നീട് മതി. എസ്.കെ.എം കോളജിന് മുന്നിലൂടെയല്ലേ നമ്മൾ ഓഫീസിലേക്ക് പോകുന്നത് .. നമുക്ക് കൊണ്ടു പോകാം. തിരിച്ചും കൊണ്ടു വരാം. "അതവൾക്കും നമുക്കും ബുദ്ധിമുട്ടാവില്ലേ ജി.കെ " . " ഞാൻ പറഞ്ഞത് വിദ്യയ്ക്ക് മനസിലാവില്ലെന്നുണ്ടോ. ഒരു ചെറിയ ഗോസിപ്പ് മതി എന്റെ രാഷ്ട്രീയ ഭാവി തകരാൻ". ജി.കെ യുടെ ഭാവം കണ്ടപ്പോൾ ശ്രീവിദ്യ പ്രതികരിക്കാൻ മറന്നു.ഇനി ഇതുമതി ഒരു വഴക്കിന് .ജി.കെ പറയുന്നത് നൂറു ശതമാനം ശരിയാണ്. ഇപ്പോൾ കുഞ്ഞിമാളു ഇവിടെ നിന്ന് മാറി നിന്നാൽ പല അപവാദങ്ങളും നാട്ടുകാർ മെനയും .

ശ്രീവിദ്യ എഴുന്നേറ്റ് കുഞ്ഞിമാളുവിനരികിലേക്ക് ചെന്നു . അവൾ നാളെ പോകാനുള്ള വസ്ത്രങ്ങൾ ഇസ്തിരിയിടുകയായിരുന്നു. " തത്ക്കാലം ഹോസ്റ്റലിൽ നിൽക്കേണ്ടെന്നാ ജി.കെ.പറയുന്നത് " ശ്രീവിദ്യ പറഞ്ഞു. ഒരു നൊടികൊണ്ട് മാളവികയുടെ ഭാവം മാറി. നിയന്ത്രണമറ്റു. അവളുടെ മുഖം അയൺ ബോക്സിനേക്കാൾ ചുട്ടുപഴുത്തു . " അയാളാരാ എന്റെ കാര്യം തീരുമാനിക്കാൻ " സൗമ്യത വെടിഞ്ഞ് മാളവിക പൊട്ടിത്തെറിച്ചു. " അയാൾ എന്നെയോ അതോ അമ്മയേയോ കെട്ടിയത്." ശ്രീവിദ്യ മറുപടിഇല്ലാതെ നിന്നു " അയാളോട് പറഞ്ഞേക്ക് മകൾ ഇവിടെ കാണാൻ വന്നിരുന്നു എന്ന് .. പിന്നെ മിണ്ടില്ല അയാൾ " ശബ്ദം കേട്ട് അങ്ങോട്ടു വന്ന ജി.കെ ഞെട്ടുന്നത് മാളവിക കണ്ടു. " മിണ്ടരുത് നീ" ശ്രീവിദ്യയും അരിശം പൂണ്ടു. "മകൾ... നിന്നെ പോലെ ഒരു അശ്രീകരം അദ്ദേഹത്തിനും ഉണ്ടായിപ്പോയി. " " അശ്രീകരമാണോ അല്ലയോ എന്ന് അമ്മയുടെ ഭർത്താവിനോട് ചോദിക്ക്.. എന്തിനാ ഭാര്യ ആത്മഹത്യ ചെയ്തതെന്നും മകൾ വിട്ടുപോയതെന്നും ചോദിക്ക്‌." മാളവിക തന്റെ മുറിയിലേക്ക് ചെന്ന് വാതിൽ വലിച്ചടച്ചു.

അപ്പോൾ തന്നെ വാതിലിൽ തുടരെ തുടരെ തട്ടുന്ന ശബ്ദം കേട്ടു .മാളവിക എഴുന്നേറ്റ് കോപാകുലയായി വാതിൽ വലിച്ചു തുറന്നു. മുന്നിൽ അമ്മ "എന്താ " അവൾ അലറി. " ആ മന്ദനെ കണ്ടാണോ നിന്റെ നെഗളിപ്പ് " .? അരിശം അടങ്ങാതെ ശ്രീവിദ്യ വിരൽ ചൂണ്ടി ചോദിച്ചു. " സ്വന്തം അമ്മയെ പോലും കണ്ണിന് കണ്ടുകൂടാതാകാൻ എന്ത് മായമാടി അവൻ നിനക്ക് തന്നത് " പലതും വിളിച്ചു പറയാൻ നാക്കു തരിച്ചു. എങ്കിലും മാളവിക മറുപടി പറഞ്ഞില്ല. " അമ്പലക്കുന്നിലെ സമ്മേളന കഥയെല്ലാം നാട്ടുകാരോതി തരണുണ്ട് എന്റെ ചെവിയിൽ .. പ്രായപൂർത്തി ആവാത്ത മകളെ പീഡിപ്പിച്ചെന്നും പറഞ്ഞ് ഒരു കടലാസ് കൊടുത്താലുണ്ടല്ലോ അവൻ ജയിലിൽ കിടക്കും .. നിന്റെ നിഗളിപ്പും തീരും." ദേഷ്യം കൊണ്ട് ശ്രീവിദ്യ വിറയ്ക്കുന്നുണ്ടായിരുന്നു. " എന്നാൽ അതു നടക്കട്ടെ .. അമ്മ എന്തു പീഡനമാ ഉദ്ദേശിച്ചതെന്ന് മനസിലായി. അതു ഇതുവരേം നടന്നിട്ടില്ല. വിർജിൻ ടെസ്റ്റ് നടത്തുമ്പോ കോടതിക്ക് മനസിലാവും". എട്ടുദിക്കും മുഴങ്ങുന്ന ശബ്ദത്തിൽ അമ്മയുടെ മുഖത്തടിക്കുന്നത് പോലെ വാതിൽ വലിച്ചടച്ചു.

കലിപൂണ്ട് ശ്രീവിദ്യ വീണ്ടും വാതിലിൽ തട്ടി .തുറക്കാൻ പോയില്ല. അവിടെ നിന്നു പോയാൽ വായിൽ വരുന്ന തെല്ലാം വിളിച്ചുകൂവിപ്പോകും. അമ്മയെ അത് വേദനിപ്പിക്കും. ഇനി കരയില്ലെന്ന് തീരുമാനിച്ചിരുന്നു. ജീവിതം സധൈര്യം നേരിട്ടേ പറ്റൂ. വൈകുന്നേരം വരെ പുറത്തിറങ്ങാനേ പോയില്ല. തൃസന്ധ്യയ്ക്ക് മുമ്പ് മുറ്റമടിക്കണം. അതെന്നും അവളുടെ ജോലിയാണ്. ചൂലുമായി തെക്കേമുറ്റത്തെത്തിയപ്പോൾ പൂക്കളുടെ ചന്തം നോക്കുന്ന മട്ടിൽ അയാൾ നിൽക്കുന്നു. മാളവികയെ കണ്ട് ചെറുന്നനെ ചിരിച്ചു. " നീയാ തണ്ടും തടിയും ഉള്ളവന്റെ കൂടെ നടന്നിട്ടും അവൻ പണി പഠിപ്പിച്ചിട്ടില്ല അല്ലേ? വഴുവഴുക്കുന്ന ശബ്ദത്തിൽ അയാൾ ചോദിച്ചു. ചൂലുമായി മാളവിക നിവർന്നു നിന്നു. " അതിന് അവനു വല്ലതും അറിയുമോ.. മന്ദനല്ലേ.. നീ കന്യകയാണെന്ന് നിന്റെ അമ്മയോട് പറയുന്നത് കേട്ടാണ് ഞാൻ വിശ്വസിച്ചത് .. അതു നന്നായി.

കന്യകയായ പെൺകുട്ടികൾ എനിക്കൊരു ഭ്രാന്താണ്." "ചൂലുകൊണ്ട് തല്ലു കിട്ടണ്ടെങ്കിൽ മാറി നിൽക്കെടാ പട്ടി". അയാളുടെ വിടല ചിരി അവഗണിച്ച് അവൾ ചൂലു വീശി. അയാൾ ഒഴിഞ്ഞു മാറി. "അതു കേട്ടപ്പോൾ ഞാനുറപ്പിച്ചു. നിന്റെ കന്യകാത്വം തകർക്കുന്നത് ഞാനായിരിക്കും " അയാൾ മറുപടിയ്ക്ക് നിൽക്കാതെ പൂമുഖത്തേക്ക് നടന്നു പോയി. മാളവിക അടിമുടി വിയർത്തു. കോപം കൊണ്ട് ഉടൽ വെടിവിറച്ചു .അയാളുടെ വാക്കുകളിലെ നാറുന്ന വഴുക്കൽ തന്റെ ദേഹത്ത് ആകമാനം ഒട്ടിപ്പിടിച്ചതു പോലെ അറച്ചു. പുറകേ ചെന്ന് ബഹളം വെക്കാം. നാട്ടുകാരെ വിളിച്ചറിയിക്കാം. പോലീസുകാരെ വരുത്താം..പക്ഷേ അപ്പോൾ അമ്മ.. ഉറപ്പായും അമ്മ ജീവൻ വെടിയും .. അത് അമ്മയുടെ ഭീഷണിയല്ല. വാക്കാണ്. അവൾ തറഞ്ഞു നിൽക്കവേ ശ്രീവിദ്യ അടുക്കളയിൽ തന്നെയുണ്ടെന്ന് ഉറപ്പു വരുത്തിയിട്ട് അയാൾ തിരിച്ചു വന്ന് ഇത്രയും കൂടി പറഞ്ഞു. "ഇന്നു രാത്രി " മാളവിക അതു ശരിക്ക് കേട്ടില്ല....(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story