ദൂരെ: ഭാഗം 8

Dhoore

രചന: ഷൈനി ജോൺ

ഹാളിലേക്ക് കയറി വരുന്ന അമ്മയേയും ജി.കെയേയും കണ്ട് മാളവിക അന്ധാളിച്ചു നിന്നു പോയി. സുദീപേട്ടന്റെ മുഖം വല്ലാതെ കടുത്തിരിക്കുന്നു . പാറുമോളെയും എടുത്തു നിൽക്കുന്ന മാളവികയെ ഒന്നു നോക്കിയത് കൂടിയില്ല. ഈ വരവ് തന്നെ കുരുക്കാനാണെന്ന് അവരുടെ മുഖഭാവം കൊണ്ടറിഞ്ഞു അവൾ. തന്നെ വിട്ടു കളയാൻ ജി.കെ. ഒരുക്കമല്ല. അതിനായി ചിലന്തിവല കെട്ടുന്നത് പോലെ തന്നെ കുരുക്കാനുള്ള ഉപായം മെനയുകയാണയാൾ. കാറിന്റെ ശബ്ദം കേട്ട് മീര അടുക്കളയിൽ നിന്ന് ഓടി വരുന്നുണ്ടായിരുന്നു. അമ്മമ്മ ഉറക്കം പിടിച്ചു കഴിഞ്ഞു. യാത്രാ ക്ഷീണം കൊണ്ടാവാം ഗ്രീവിദ്യ വന്നപാടേ സോഫയിലേക്കിരുന്നു. " ജി.കെ.ഇരിക്കൂ.. " എന്ന് സുദീപ് ഭവ്യതയോടെ പറഞ്ഞപ്പോൾ ഗർവ്വിഷ്ഠനായ ഭാവത്തിൽ അയാളും ഇരുന്നു. ഓടി വന്ന മീര അവരെ കണ്ട് നിന്നു. "അമ്മയോ.. എന്താ പറയാതെ "? മീര അത്ഭുതം കൂറി. കുഞ്ഞിമാളുവിനെ വിളിച്ചു കൊണ്ടുപോകാനുള്ള വരവാണിതെന്ന് വ്യക്തം.ഇത്ര തിരക്ക് പിടിച്ചു വരാൻ അവളെന്താ എന്തെങ്കിലും മോഷ്ടിച്ചു കൊണ്ടാണോ വന്നത്. കുഞ്ഞിമാളു പറയുന്നത് ശരിയാണെങ്കിൽ എത്രയും വേഗം അവളെ ഇയാളുടെ വരുതിയിലെത്തിക്കുകയാണോ ഉദ്ദേശ്യം. മീര അവരെ പഠിക്കാനെന്ന പോലെ കൂർപ്പിച്ചു നോക്കി.

ശ്രീവിദ്യയ്ക്ക് ആ നോട്ടം കണ്ട് അടിമുടി പെരുത്തു വന്നു. ഇവളും ഇനി കുഞ്ഞിമാളുവിന്റെ പക്ഷത്തേക്ക് കളം മാറുകയാണോ. അതനുവദിക്കരുത്. ജി.കെ യുടെ നിരപരാധിത്വം എല്ലാവർക്കും മുന്നിൽ വെളിപ്പെടുത്തിയേ പറ്റൂ. താൻ വിവാഹിതയായതോടെ മന്ദൻ കണ്ണനുമായുള്ള വിവാഹം ജി.കെ യുടെ തുണയോടെ താൻ എതിർക്കും എന്ന് കുഞ്ഞിമാളു കരുതുന്നുണ്ട്..അതാണ് ജി.കെയെ എങ്ങനെയെങ്കിലും പ്രതിയാക്കി പുറം തള്ളാൻ അവൾ ശ്രമിക്കുന്നത്. അത് പൊളിച്ചു കൊടുത്തേ മതിയാകൂ. ശ്രീവിദ്യയുടെ മുഖത്തേക്ക് കോപമിരച്ചുവന്നു. " ഒരുത്തി അവിടെ നിന്ന് പുറപ്പെട്ടു വന്നല്ലോ. ഇവിടെ എത്തിയോ എന്നറിയാനാണ്". ശ്രീവിദ്യ കോപത്തോടെ മാളവികയെ നോക്കി. " എവിടെയെങ്കിലും കിടന്ന് ചത്താൽ ഞാൻ സമാധാനം പറയണം". മാളവിക ശബ്ദിച്ചില്ല.അവർ തന്നെയാണോ തന്നെ പ്രസവിച്ചതെന്ന സംശയം തോന്നി. ഇവർ അയാൾക്കു വേണ്ടിയാണ് വാദിക്കുന്നത്. അയാൾ തന്നെ ബലാത്സംഗം ചെയ്ത് കൊന്നാൽ പോലും ഈ സ്ത്രീ അയാൾ പറയുന്നതേ വിശ്വസിക്കൂ. മാളവികയ്ക്ക് സങ്കടം വന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞു.മീരയ്ക്ക് അനിയത്തിയുടെ ഭാവം കണ്ട് വിഷമം തോന്നി. അതിന്റെ വീറോടെ അവൾ അമ്മയെ നേരിട്ടു. " അവൾ എവിടെയും കിടന്ന് ചാവില്ല. നേരെ എന്റെ അടുത്തോട്ടല്ലേ വന്നത്. കുഞ്ഞിമാളു ഇങ്ങോട്ട് വന്നുവെന്ന് ഞാൻ അമ്മയോട് ഫോണിൽ പറയുകയും ചെയ്തു.. പിന്നെ ആരോടാ അമ്മയ്ക്ക് വാശി ... അവൾ ഇവിടെ വന്നെങ്കിൽ കുറച്ച് ദിവസം ഇവിടെ എന്റെ അടുത്ത് നിന്നോളും. എന്റെ അനിയത്തിയല്ലേ.. ഇവിടെ വന്ന് പിടിച്ചു കൊണ്ടുപോകണമെന്ന് അമ്മയ്ക്കെന്താ ഇത്ര വാശി'' മാളവികയുടെ കണ്ണുകൾ അതു കേട്ടു നിറഞ്ഞൊഴുകി.മീരേച്ചി തന്നെ അവളോട് ചേർത്തു നിർത്തുകയാണ്. എത്ര മൂശേട്ട സ്വഭാവം കാട്ടിയാലും മീരേച്ചിയ്ക്ക് തന്നോട് സ്നേഹമുണ്ട്. മുൻപും ജീവിതത്തിൽ പലപ്പോഴും ആ കരുതൽ അനുഭവിച്ചതാണ്. പക്ഷേ ഇപ്പോൾ ആ സ്നേഹത്തിന്റെ മൂല്യം ഏറെ വർധിക്കുന്നു. മീരയുടെ ആ പക്ഷം ചേരൽ പക്ഷേ ശ്രീവിദ്യയ്ക്ക് സഹിച്ചില്ല. "മീരേ .. " ശ്രീവിദ്യ കലി കൊണ്ടു. " അവൾ ഇവിടേക്ക് വന്നതിൽ ആർക്കും ഒരു പരാതിയുമില്ല.

ഇന്നലെ രാത്രി അവൾ എവിടെ ആയിരുന്നു എന്ന് നീ അറിഞ്ഞോ ".? ശ്രീവിദ്യ അവജ്ഞയോടെ മാളവികയെ നോക്കി ചോദിച്ചു. മാളവിക ഞെട്ടലോടെ അമ്മയെ നോക്കി. വ്യക്തമായ കഥയും തിരക്കഥയും തയാറാക്കിയാണ് അമ്മയും ജി.കെ യും വന്നിരിക്കുന്നതെന്ന് അവൾ ഉറപ്പിച്ചു. ഇന്നലെ അത്രയൊക്കെ സംഭവിച്ചിട്ടും ജി.കെ.ധൈര്യപൂർവം ഇവിടെ വന്നിരുന്നതിന് പിന്നിൽ ശക്തമായ ഒരു കാരണം അയാൾ മെനഞ്ഞുണ്ടാക്കിയിട്ടുണ്ട്. അവൾ അതു കേൾക്കാനായി ജാഗരൂകയായി നിന്നു. ശ്രീവിദ്യ ആ നിൽപ്പ് പരിഹാസത്തോടെ കണ്ടു. അവളിൽ വെറുപ്പ് നുരഞ്ഞു പൊന്തി. മകളുടെ പേര് അവജ്ഞയോടെ ശ്രീവിദ്യ ഉച്ചരിച്ചു. '' കുഞ്ഞിമാളു ആ മന്ദൻ ചെറുക്കന്റെ ഒപ്പം കിടപ്പായിരുന്നു ഇന്നലെ രാത്രി..അതിപ്പോൾ നാട്ടിൽ പാട്ടായി. ഞാൻ ലക്ഷ്മിക്കുട്ടിയെ കണ്ട് ചോദിച്ചപ്പോൾ ഇന്നലെ കുഞ്ഞിമാളു അവിടെ ചെന്നതായി അവർ അറിഞ്ഞിട്ടില്ലത്രേ" ആക്ഷേപത്തിന്റെ കൂരമ്പുകൾ ശ്രീവിദ്യ വാക്കുകളിലൂടെ എയ്തു. ഇത്തവണ മാളവിക ഞെട്ടിപ്പോയി. പാവം മായക്കണ്ണൻ ആ പ്രതീഷിനോട് തന്റെ കാര്യം പറഞ്ഞു പോയി. അവനത് നാടു മുഴുവൻ അറിയിച്ചു കാണണം.. അവളുടെ ഉടൽ പുകഞ്ഞു. മീര ഞെട്ടിപ്പോയി.

എത്രയൊക്കെ വകതിരിവില്ലായ്മ കാണിച്ചാലും കുഞ്ഞിമാളു ആ ചെറുക്കനുമായി മറ്റൊരു ബന്ധത്തിനും പോകില്ലെന്ന് മീര മനസിലാക്കിയിരുന്നു. കുഞ്ഞു നാൾ മുതൽ അവർ ഒന്നിച്ചു വളർന്നതാണ്. അവൾ പറയുന്നതുപോലെ കുഞ്ഞിമാളുവിന്റെ മായക്കണ്ണൻ... മായക്കണ്ണന്റെ കുഞ്ഞിമാളു .അതിനിടയിൽ തെറ്റായ ഒരു ബന്ധം എന്നേ ആവാമായിരുന്നു. പക്ഷേ കുഞ്ഞിമാളു തന്നെ തന്റെ കൈയ്യിലിച്ച് സത്യം ചെയ്തിട്ടുണ്ട്. മായക്കണ്ണൻ തന്റെ കഴുത്തിൽ താലി കെട്ടിയിട്ടല്ലാതെ ഒരിക്കലും തന്റെ ശരീരത്തിൽ തൊടില്ലെന്ന് .. അങ്ങനെ ആരും പേടിക്കണ്ടന്ന്... അവൾ വളരുമ്പോൾ ഒരു ബുദ്ധിശേഷിയില്ലാത്ത ചെക്കനെ കുഞ്ഞിമാളു ഉപേക്ഷിച്ചു കളയുമെന്നാണ് മീര പ്രതീക്ഷിച്ചിരുന്നത്. അതിനിടയിൽ അവൾക്ക് ഒരബദ്ധം പറ്റുമെന്ന ഭീതി മാളവികയുടെ ആ ഉറപ്പു നൽകൽ കൊണ്ട് ഇല്ലാതായിരുന്നു. പക്ഷേ ഇപ്പോൾ അമ്മ പറയുന്നത് തള്ളിക്കളയാൻ പറ്റുമോ.മക്കളെക്കുറിച്ച് അപവാദം പറയുന്ന ഒരമ്മയല്ല അവർ.. ഒരിക്കലും ഇങ്ങനെയൊരു കാര്യം അമ്മ കുഞ്ഞിമാളുവിന് മേൽ കെട്ടിച്ചമച്ചു പറയില്ല.

അവൾ മാളവികയെ ചൂഴ്ന്നു നോക്കി. മീരയുടെ സംശയം പുരണ്ട നോട്ടം തന്നിലേക്ക് നീണ്ടപ്പോൾ മാളവിക ചൂളിപ്പോയി. " എടി .. അമ്മപറഞ്ഞത് നേരാണോടീ".മീര അവളുടെ അടുത്തേക്ക് ചെന്നു. അനിയത്തി അങ്ങനെ ഒരു തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അവളെ കൊന്നുകളയാനുള്ള ദേഷ്യം മീരയ്ക്ക് ഉണ്ടായി.മീരേച്ചിയോട് എന്തു മറുപടി പറയണമെന്നറിയാതെ മാളവിക ഉഴറി. കണ്ണുകളിൽ ദൈന്യത കലർന്നു. എങ്കിലും പിടിച്ചു നിൽക്കാൻ തന്നെ അവൾ ഉറച്ചു. അവൾ മിഴികളുയർത്തി മീരയെ നോക്കി. "ഞാനവിടെ പോയെന്ന് മീരേച്ചിയോട് പറഞ്ഞതല്ലേ.ഞാൻ ചെല്ലുമ്പോൾ അവിടെ എല്ലാവരും ഉറക്കമായിരുന്നു. വിളിക്കാൻ തോന്നിയില്ല. പൂമുഖ തിണ്ണയിൽ ചുരുണ്ട് കിടന്ന് നേരം വെളുപ്പിക്കുകയായിരുന്നു". നുണ പറയാൻ തന്നെ മാളവിക തീരുമാനിച്ചു. പക്ഷേ പറഞ്ഞപ്പോൾ വാക്കുകളിടറി. അതു ശ്രദ്ധിച്ചു കേൾക്കുകയായിരുന്ന ശ്രീവിദ്യ കലി കൊണ്ട് ചാടിയെഴുന്നേറ്റു. "പച്ചക്കള്ളം".ശ്രീവിദ്യ അടുത്തേക്ക് വന്ന് മകളുടെ ചുമലിൽ ആഞ്ഞൊരടി കൊടുത്തു. മാളവികയ്ക്ക് നന്നായി വേദനിച്ചു.

എന്നിട്ടും നിന്നിടത്തു നിന്ന് ഒരിഞ്ച് അനങ്ങിയില്ല അവൾ.ഈ രംഗമെല്ലാം നിഗൂഢമായ ഒരു കൗതുകത്തോടെ ജി.കെ. വീക്ഷിക്കുന്നത് അവൾ കണ്ടു. അവൾക്ക് അയാളെ കൊന്നുകളയാനുള്ള വെറുപ്പ് തോന്നി.ആ ഭാവമാറ്റം വീക്ഷിച്ചപ്പോൾ ശ്രീവിദ്യ അവളുടെ ചുമലിൽ ഒന്നുകൂടി അടിച്ചു. " നാണമുണ്ടോടീ നുണ പറയാൻ നിനക്ക്.. അവിടെ എന്താ നടന്നതെന്ന് ആ മന്ദൻ പറഞ്ഞത് പ്രതീഷ് നാടു മുഴുവൻ പാടി നടക്കുന്നുണ്ട്". ശ്രീവിദ്യ അലറുന്ന മട്ടിലാണ് പറഞ്ഞത്. മാളവിക തറഞ്ഞു നിന്നു പോയി. തന്റെ സംശയം ശരിയായിരിക്കുന്നു. അതൊരു ആയുധമാക്കി തന്നെ ഇവിടെ നിന്നും കൊണ്ടുപോകാനാണ് അമ്മയുടെ നീക്കം. വിജയിയേ പോലെ ജി.കെ സോഫയിൽ ഇരുന്ന് തലയുയർത്തി നോക്കുന്നത് അവൾ കണ്ടു. മാളവികയുടെ നിയന്ത്രണമറ്റു.ഇനിയൊന്നും മറയ്ക്കാനില്ല. അയാളുടെ മുഖംമൂടി വലിച്ച് കീറുകയാണാവശ്യം. അവൾ ചീറ്റപ്പുലിയെ പോലെ ജി.കെയ്ക്ക് നേരെ വിരൽ ചൂണ്ടി അലറി. "നാട്ടുകാർ പറയുന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ അറിയുന്ന അമ്മ എന്താ ഇയാളുടെ സ്വഭാവം എന്താണെന്ന് മനസിലാക്കാത്തത്. ഇന്നലെ രാത്രി അമ്മയ്ക്ക് ഉറക്കഗുളിക തന്ന് ഇയാൾ എന്നെ റേപ് ചെയ്യാൻ ശ്രമിച്ച വിവരം അമ്മ അറിഞ്ഞോ .

അവിടെ നിന്ന് രക്ഷപ്പെട്ടോടിയാണ് ഞാൻ ലച്ചമ്മയുടെ വീട്ടിലേക്ക് പോയത്.. എന്തെങ്കിലും അറിഞ്ഞോ അമ്മ " അമ്മയുടെ ആത്മഹത്യാ ഭീഷണി മറന്നു മാളവിക . അവൾ കിതച്ചു. കണ്ണുകളിൽ നിന്ന് തീയാളി ജി.കെയെ പൊള്ളിച്ചു. അയാളുടെ മുഖം വിവർണമാകുന്നത് കണ്ടു. പക്ഷേ സുദീപിന്റെ മുഖത്ത് നടുക്കമൊന്നും കാണാത്തപ്പോൾ മാളവിക സംശയം പൂണ്ടു. യഥാർത്ഥ കഥയെ അയാൾ അട്ടിമറിച്ചു എന്നു ഒരു തോന്നൽ. മീരയ്ക്ക് അവൾ പറയുന്നതാണോ അമ്മ പറയുന്നതാണോ സത്യമെന്ന സംശയമുണ്ടായി. സുദീപേട്ടനും ജി.കെ യും എല്ലാത്തിനും സാക്ഷിയായി നിശബ്ദത പാലിച്ചിരിക്കുന്നു. ആ മൗനത്തിന് നൂറു നൂറ് അർത്ഥങ്ങൾ ഉണ്ടെന്ന് അവൾക്കു തോന്നി. അതു കൊണ്ടു തന്നെ അവൾ സൗമ്യത വെടിയാതെ സുദീപിനെ സമീപിച്ചു. "ഈ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ.. സുദീപേട്ടൻ വന്നിട്ട് സംസാരിക്കാനിരിക്കുകയായിരുന്നു ഞങ്ങൾ " .മീര ചോദിച്ചു സുദീപ് നിർമമതയോടെ അവളെയൊന്നു നോക്കി. എന്നിട്ട് ഇതൊക്കെ മടുത്തു എന്ന ഭാവത്തിൽ മുഖം കൊണ്ട് ഒരു ആംഗ്യം കാട്ടി.

"നീ ജി.കെയോട് ചോദിക്കൂ. അദ്ദേഹം പറയും സത്യം" എന്ന് സുദീപ് വെറുപ്പോടെ പറഞ്ഞു. പിന്നെ കണ്ണുകൾ കൊണ്ട് "സംസാരിക്കൂ" എന്ന് ജി.കെയ്ക്ക് സൂചന നൽകി. '' എന്തുസത്യം .. !" ജി.കെ.ശാന്തമായ ശബ്ദത്തിൽ പുച്ഛിച്ചു " ഞാനും വിദ്യയും ഇന്നലെ നേരത്തെ ഉറങ്ങാൻ കിടന്നു. കുഞ്ഞിമാളു ഊൺ മുറിയിലൂടെ ചുറ്റിത്തിരിയുന്നത് ഞാനും വിദ്യയും കണ്ടതാണ്. രാത്രി എന്തോ ശബ്ദം കേട്ട് ഞാൻ ഉണരുമ്പോൾ കുഞ്ഞിമാളുവിന്റെ റൂമിൽ അടക്കിപ്പിടിച്ച സംസാരം കേട്ടു .ഞാൻ വിദ്യയെ വിളിച്ചു. അവൾ നല്ല ഉറക്കം.. പതുക്കെ എഴുന്നേറ്റു ചെന്നപ്പോൾ മുറിയ്ക്കുള്ളിൽ ഒരു പുരുഷനുണ്ടെന്ന് ബോധ്യമായി. എന്റെ മകളുടെ സ്ഥാനത്തുള്ള കുട്ടിയല്ലേ എന്നു വിചാരിച്ചപ്പോൾ കതകിൽ തട്ടി വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല. കുഞ്ഞിമാളു വാതിൽ തുറന്നപ്പോൾ പിന്നിൽ കണ്ണൻ നിൽക്കുന്നത് കണ്ടു. എനിക്ക് ചോദ്യം ചെയ്യാൻ എന്ത് അവകാശം. ഞാൻ വിദ്യയെ വിളിക്കാൻ റൂമിലേക്ക് തിരിച്ചു ചെന്നപ്പോഴേക്കും രണ്ടു പേരും ഇറങ്ങിയോടി " 'ആരും വിശ്വസിക്കുന്ന വിധത്തിലായിരുന്നു വിശദീകരണം.

മാളവികയുടെ കണ്ണുകൾ മിഴിഞ്ഞു പോയി. ശ്രീവിദ്യയുടെ മുഖത്ത് വിജയീ ഭാവം തെളിഞ്ഞു. ''ഞാനും അവളും മാത്രമായിരുന്നല്ലോ വീട്ടിൽ ഇതുവരെ.. പിന്നെയീ വയസായ അമ്മയും .. ഇത് എത്ര നാളായി തുടങ്ങിയെന്ന് ആർക്കറിയാം. ശ്രീവിദ്യ പൊട്ടിത്തെറിച്ചു "കുഞ്ഞിമാളൂ" മീര ശബ്ദമെടുത്ത് വിളിച്ചു. അവൾ കേട്ടതൊന്നും വിശ്വസിക്കാനാവാത്ത അവസ്ഥയിലായിരുന്നു. സുദീപിന് മുന്നിൽ അവളെ നാണം കെടുത്തുന്ന കഥകളാണ് ഇതൊക്കെ. അമ്മയുടെ രണ്ടാം വിവാഹം തന്നെ സുദീപിന് തന്നെ അധിക്ഷേപിക്കാൻ കിട്ടിയ പിടിവള്ളിയാണ്. അതിൻ മുഖേന ലഭിച്ച സാമ്പത്തിക ലാഭം മൂലം മാത്രം അമ്മയെ അംഗീകരിച്ചതായി നടിക്കുന്നുവെന്നേയുള്ളു. അതു കഴിഞ്ഞപ്പോൾ ഇതാ കുഞ്ഞിമാളു .. നാണക്കേടിന്റെ വഴുവഴുപ്പ് മീരയുടെ മനസ്സിൽ നുരഞ്ഞു. "ഇതാണോടി സത്യം .. " അവൾ ഓടി വന്ന് അനിയത്തിയെ പിടിച്ചുലച്ചു. " അമ്മയും ജി.കെയും പറയുന്നതാണോ സത്യം എന്ന്.. " മാളവിക മിണ്ടിയില്ല. ഇനിയിവിടെ തന്റെ ശബ്ദത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് അവൾ തിരിച്ചറിഞ്ഞു.ജി.കെ ഒരു പ്രാപ്പിടിയനാണ്. താൻ അയാൾക്ക് മുന്നിൽ ഒരു കോഴിക്കുഞ്ഞ് മാത്രം.ഏതു നിമിഷവും അയാൾ തന്നെ പിച്ചിചീന്തും അതുമാത്രമാണ് സത്യം .

അന്നും അയാൾ നിരത്തുന്ന നുണകൾ വിശ്വസിക്കാനായിരിക്കും എല്ലാവർക്കും താത്പര്യം. ഹൃദയം ഉടഞ്ഞു ചിതറുന്ന വേദനയോടെ അവൾ നിശബ്ദയായി നിന്നു. മീര അവളവെറുതേ വിടാനുള്ള ഭാവമായിരുന്നില്ല. "അമ്മയുടെ വിവാഹ വാർത്ത അറിഞ്ഞ് നീ നേരെ ഓടിപ്പോയി ആ മന്ദന്റെ വീട്ടിൽ കേറി അടയിരുന്നതൊന്നും ഞാൻ മറന്നിട്ടില്ല". അവൾ ജ്വലിച്ചു. മാളവികയുടെ മുഖം വിളറിപ്പോയി. എത്ര പെട്ടന്നാണ് അയാൾ നുണക്കഥ കൊണ്ട് മീരേച്ചിയെ വരെ വിശ്വസിപ്പിച്ചത്. ആ മൗനം മാളവികയുടെ കുറ്റസമ്മതമായാണ് മീര വ്യാഖ്യാനിച്ചത്. " പറയെടി .. നീയിന്നലെ അവന്റെ കൂടെ ചെന്നു കിടന്നോ." അവൾ ഉറഞ്ഞു തുള്ളി. മീരയുടെ ഭാവം കണ്ട് മാളവിക ഭയന്നു. ഇനി എന്തൊക്കെ പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്ന് തോന്നി. തന്റെ കൈയ്യിൽ വന്ന ബുദ്ധിക്കുറവാണ്. ആരോടും ഒന്നും പറയരുതെന്ന് മായക്കണ്ണനോട് പറയാൻ താൻ വിട്ടു പോയി.അവൾ സ്വയം ശപിച്ചു. അവളുടെ നിസഹായാവസ്ഥ ശ്രീവിദ്യയിൽ ആവേശമുണ്ടാക്കി. " മീരയോടും സദീപിനോടും പറയാൻ എനിക്കിത്രമേയുള്ളു. ഇന്ന് ജി.കെയെ പറ്റി ഇത്ര വലിയ ആരോപണം ഇവൾ മുഖത്ത് നോക്കി വിളിച്ചു പറയുന്നു. ഇവിടെ നിർത്തിയിട്ട് നാളെ അത് സുദീപിന്റെ പേരിലാവരുത് .. "

ശ്രീവിദ്യയുടെ വാക്കുകൾ കേട്ട് മാളവിക കത്തി ദഹിച്ചു. മീരയുടെ മുഖത്തെ രക്തമയവും വറ്റി. അത്തരം ഒരു ചിന്ത അവൾക്കിപ്പോഴാണ് ഉണ്ടായത്.ഭാര്യയുടെ ഭാവമാറ്റം സുദീപ് കണ്ടു. " സമാധാനമായി ജീവിക്കാൻ ആഗ്രഹിച്ചാണ് ഞാനൊരു വീടുവെച്ചു മാറിയത്.. ഒരു പീഡന ആരോപണമൊന്നും ശിരസിലേറ്റാൻ വയ്യ." സുദീപ് തീർത്തു പറഞ്ഞു. സുദീപിന്റെ വാക്കുകളിൽ എല്ലാമുണ്ടായിരുന്നു. അയാൾ മാളവികയെ പരിഹാസത്തോടെ നോക്കി.അവളുടെ മിഴികൾ നിറഞ്ഞു തൂവി. "ഇനിയിപ്പോൾ ഇവളെ പഠിപ്പിക്കാനൊന്നും നിൽക്കണ്ട. പതിനെട്ട് തികഞ്ഞാൽ ആ പൊട്ടൻ ചെറുക്കന് തന്നെ കല്യാണം കഴിച്ച് കൊടുത്തേക്ക്.. ചീത്തപ്പേര് കേൾപ്പിച്ചാൽ പിന്നെ വെച്ചു കൊണ്ടിരിക്കരുതെന്നാ " സുദീപ് തന്നെ പോംവഴിയും കണ്ടെത്തി. ശ്രീവിദ്യ വെറുപ്പോടെ മാളവികയെ നോക്കി. "അതിനെന്റെ ജീവൻ ഇല്ലാതെയാകണം സുധിക്കുട്ടാ.. അല്ലാതെ ഇവളെയാ മന്ദന് കൊടുക്കില്ല ഞാൻ.. അവളുടെ അച്ഛൻ മരിക്കുന്നത് വരെ ആ ലക്ഷ്മിക്കുട്ടിയുടെ കാമുകനായിരുന്നു. അന്ന് അവൾക്ക് കൊടുത്ത വാക്കാണ് ആ മന്ദബുദ്ധിയെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാമെന്ന് " ശ്രീവിദ്യയുടെ കോപം കണ്ട് സുദീപ് മൗനം പാലിച്ചു. മാളവികയുടെ ആ അവസ്ഥ ജി.കെ. നന്നായി ആസ്വദിച്ചു.

അടുത്ത ആണി അടിക്കാനുള്ള സമയമായി. ശ്രദ്ധയോടെ തന്നെ അയാൾ സംസാരിച്ചു തുടങ്ങി. "എനിക്കിപ്പോൾ വിദ്യയുടെ പ്രശ്നം നോക്കാതിരിക്കാൻ പറ്റില്ലല്ലോ സുദീപ് .. കുഞ്ഞിമാളുവിന്റെ പ്രശ്നം ഞാനൊരു സൈക്കോളജിസ്റ്റുമായി സംസാരിച്ചു. അയാൾ ആദ്യം കുറ്റപ്പെടുത്തിയത് എന്നെയും വിദ്യയേയും തന്നെയാണ്. കുഞ്ഞിമാളു അറിയാതെ ഒരിക്കലും വിവാഹ കാര്യത്തിൽ ഞങ്ങൾ ഒരു തീരുമാനമെടുക്കരുതായിരുന്നത്രേ.കുട്ടി മനസല്ലേ അവളുടേത് .. എന്തോ തകരാറ് ഉണ്ടായിട്ടുണ്ടാവും അതാണ് ഈ എടുത്തു ചാട്ടമൊക്കെ എന്നാണ് ഡോക്ടർ പറഞ്ഞത്. കൗൺസലിംഗ് കൊണ്ടല്ലാതെ ഈ പ്രശ്നം അവസാനിക്കില്ല.. വിദ്യയെ വിവാഹം കഴിക്കുമ്പോൾ ഞാനിത്രയും പ്രതീക്ഷിച്ചില്ല. എന്തൊക്കെ ആരോപണങ്ങളാണ് കുഞ്ഞിമാളു വിളിച്ചു പറയുന്നത്. അഭിമാനം ഉള്ള ഒരാൾ അതൊന്നും സഹിക്കില്ല. ഇതാരെങ്കിലും കേട്ടാൽ എന്തായിരിക്കും പിന്നീട് സംഭവിക്കുക. എന്റെ ജീവിതം ജയിലിൽ തീരും .. ഡോക്ടർ അവളുടെ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞു മനസിലാക്കിയത് കൊണ്ടു മാത്രമാണ് ഞാൻ ആ കുട്ടിയെ വെറുക്കാതെ ഇവിടെ വന്നത് "

"ജി.കെയുടെ ശബ്ദം വികാര വിക്ഷോഭംകൊണ്ട് ഇടറി.അയാളുടെ അഭിനയം കണ്ട് മാളവിക അന്തിച്ചു നിന്നു. തന്നെ മാനസിക രോഗിയാക്കുകയാണ് അയാളുടെ ഉദ്ദേശ്യം. അങ്ങനെ ഒരു സർട്ടിഫിക്കേറ്റ് നൽകാമെന്ന് ഏതെങ്കിലും സുഹൃത്തായ ഡോക്ടർ പറഞ്ഞിട്ടുണ്ടാവണം. അതോടെ തന്റെ ആരോപണങ്ങളോ പരാതിയോ ഒന്നും അയാളെ സ്പർശിക്കില്ല. അതിന്റെ ആത്മവിശ്വാസം അയാളുടെ മുഖത്തു കണ്ടു. " ഞാൻ പറഞ്ഞത് സത്യമല്ലേ.. കുഞ്ഞിമാളു ലീഗലി നീങ്ങിയാൽ ഇതൊന്നുംകുട്ടിയുടെ മാനസിക വൈകല്യമാണ് എന്നൊന്നും ആരും വിചാരിക്കില്ല.. ഞാൻ പ്രതിയാകും.ഇനിയിപ്പോൾ രണ്ടു വഴികളേയുള്ളു. ഒന്നുകിൽ കുഞ്ഞിമാളുവിനെ മാനസികാരോഗ്യ വിദഗ്ധനെ കൊണ്ട് ചികിത്സിപ്പിക്കുക .. അല്ലെങ്കിൽ ഞാനും വിദ്യയും തമ്മിൽ വേർപിരിയുക.. രണ്ടിനും ഞാൻ തയാറാണ്." അയാൾ നിസ്സഹായനായി സുദീപിനെ നോക്കി. സുദീപിനും മീരയ്ക്കും അയാളോട് സഹതാപം തോന്നി. അയാൾ പറയുന്നതിൽ കാര്യമുണ്ട്.

അമ്മയുടെ വിവാഹം നടന്ന ദിവസം അവൾ കാട്ടിക്കൂട്ടിയ കോലാഹലങ്ങൾ ഓർത്താൽ തന്നെമാനസികമായി എന്തോ തകരാർ സംഭവിച്ചിട്ടുണ്ടെന്ന് ആർക്കും വ്യക്തമാകും. തന്നിൽ നിന്നും വേർപിരിയാൻ തയാറാണെന്ന ജി.കെ യുടെ പ്രസ്താവന ഒരിടിമിന്നൽ പോലെയാണ് ശ്രീവിദ്യ കേട്ടത്. അവളുടെ ഹൃദയം ഒരുവേള നിലച്ചതായി തോന്നി. അതു വരെ പ്രദർശിപ്പിച്ച ധാർഷ്ട്യം കണ്ണുനീരിൽ കുതിർന്നു . " എന്റെ ജീവിതം തകർത്താൽ ഞാൻ ജീവിച്ചിരിക്കില്ല മാളൂ" ശ്രീവിദ്യ പെട്ടന്ന് ഏങ്ങലടിച്ചു കരഞ്ഞു. മാളവികയ്ക്ക് ആ കോപ്രായം കണ്ടു നിൽക്കാൻ തോന്നിയില്ല .അവൾ അതു കാണാൻ നിൽക്കാതെ മീരേച്ചിയുടെ റൂമിൽ കടന്ന് കുഞ്ഞിനെ ബെഡ്ഡിൽ കിടത്തി. പുതപ്പിച്ചിട്ട് തിരികെ ഹാളിലേക്ക് വന്നു. തിരിച്ചു വരുമ്പോൾ എല്ലാം കേട്ടുകൊണ്ട് അമ്മമ്മ അവിടെ നിൽക്കുന്നത് കണ്ടു. അവരുടെ മുഖത്ത് കോപം വ്യക്തമായിരുന്നു. "ഇവിടെ പറഞ്ഞതെല്ലാം ഞാൻ കേട്ടു ...എന്റെ കുട്ടിയെ മാനസിക രോഗി ആക്കാനാണ് നിങ്ങളുടെ വിചാരം അല്ലേ.. ഞാനവിടെ ഉണ്ടായപ്പോ കുഞ്ഞിമാളു ഒരുത്തനെയും ഇതുവരേം അകത്ത് കയറ്റീട്ടില്ല. എനിക്കതുറപ്പാ" അവർ വാദിച്ചു. കോപം അടങ്ങാതെ അവർ മകളുടെ മുഖത്തേക്ക് വിരൽ ചൂണ്ടി

"പെറ്റ വയറിന് ദെണ്ണം ഉണ്ടാവും എന്നൊരു ചൊല്ലുണ്ട്. കുഞ്ഞിമാളൂനെ പെറ്റത് നീയാ.. ഒരാളെ കിട്ടി എന്നതോണ്ട് ആ ദെണ്ണം വിദ്യ മറക്കരുത്" ശ്രീവിദ്യ സ്തബ്ധയായിപ്പോയി. ജി.കെ യും. എല്ലാം താനുദ്ദേശിച്ചത് പോലെ കരയ്ക്കടുക്കുമ്പോൾ വയസി തള്ള ഇടങ്കോലിടുമോ എന്ന ഒരു ആധി അയാളിൽ പ്രകടമായി. ശ്രീവിദ്യ അവരുടെ നേർക്ക് തിരിഞ്ഞു. "അമ്മ അവളുടെ സൈഡ് നിന്നിട്ട് ഒരു കാര്യവുമില്ല. അവനെ കെട്ടണമെന്നും പറഞ്ഞ് അവൾ അവിടെ പോയി സത്യഗ്രഹമിരുന്നത് അമ്മ മറന്നോ.. ഞാനും ജി.യെയും എന്തൊക്കെ പറഞ്ഞിട്ടാ അവിടെ നിന്ന് നാണക്കേടില്ലാതെ തിരിച്ചു കൊണ്ടുവന്നത് കൊച്ചുമകളോടൊന് ചോദിച്ച് നോക്ക്." ശ്രീവിദ്യ അവരെ ദേഷ്യത്തോടെ വെല്ലുവിളിച്ചു. മാളവികയ്ക്ക് അതെല്ലാം കണ്ട് ചിരിയാണ് വന്നത്. അവൾ അവരെ പുച്ഛിച്ചു ചിരിച്ചു. '' സുദീപേട്ടനെ ഞാൻ ലൈംഗിക അപവാദക്കേസിൽ അകപ്പെടുത്തും.. അതു കൊണ്ട് ഇവിടെ നിർത്താൻ പാടില്ല. എനിക്ക് കാമ ഭ്രാന്താണ്.. അതുണ്ടായത് അമ്മയുടെ മാര്യേജിന് ശേഷം ഉണ്ടായ മാനസിക രോഗം മൂലമാണ്. ചികിത്സിക്കണം ..

അതിന് വേണ്ടി തിരിച്ചു കൊണ്ടു പോകണം... അത്രയല്ലേയുള്ളു" അവളുടെ ചോദ്യം എല്ലാവരെയും നിശബ്ദരാക്കി.അവൾ എന്താണ് പറയാൻ പോകുന്നതെന്ന ആകാംക്ഷ എല്ലാവരിലും പ്രകടമായിരുന്നു. "എനിക്കിപ്പോൾ സംശയമുണ്ട്.. ഇയാൾക്കു വേണ്ടി അമ്മ മകളെ കൂട്ടിക്കൊടുക്കാൻ ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് ..ഇത്രയും ബുദ്ധിശൂന്യരാണോ സ്ത്രീകൾ .. " മാളവിക ജ്വലിച്ചു.ജി.കെ അടിപതറിപ്പോയി. "എന്തായാലും എന്റെയും കൂടി പേരിലുള്ള ആ വീട്ടിലേക്ക് ഞാൻ തിരിച്ചു വരാൻ തീരുമാനിച്ചു.. പക്ഷേ മാനസികാരോഗ്യ വിദഗ്ധനെ കാണുന്നതിന് മുൻപ് ഞാൻ പോലീസ് സ്റ്റേഷൻ വരെ ഒന്നു പോകും. എന്റെ ജീവനും മാനത്തിനും ഭീഷണിയുണ്ടെന്ന് ഒരു പരാതി കൊടുത്തിട്ട് മതി ബാക്കിയെല്ലാം ''. അവൾ ശ്രീവിദ്യയെ നോക്കി ചിരിച്ചു. "അമ്മയുടെ മോളാണ് ഞാൻ.. അമ്മയുടെ വീറും വാശിയും എനിക്കും ഉണ്ടാവാതെ വരില്ലല്ലോ " മാളവിക അകത്തേക്ക് ഓടിപ്പോയി. മാധുരിയെ അവിടെ കണ്ടില്ല. അവളെ പുറത്തേക്ക് കണ്ടില്ലല്ലോ എന്ന് മാളവിക ഓർത്തു. അല്ലെങ്കിൽ തന്നെ മാധുരി ചേച്ചി എന്തിന് രംഗത്ത് വന്ന് നിൽക്കണം. അന്യരുടെ കാര്യത്തിൽ ഇടപെടേണ്ടെന്ന് കരുതിയിട്ടുണ്ടാകും. മാളവിക തന്റെ ബാഗ് വലിച്ചെടുത്ത് പുറത്തേക്ക് വന്നു.ഇരുണ്ട മുഖവുമായി ഇരിക്കുന്ന ശ്രീവിദ്യയെ നോക്കി

"വാ.. പോകാം". എന്ന് വിളിച്ചു.ശ്രീവിദ്യ കണ്ണീർ തുടച്ചിരുന്നില്ല. " ഒരുമ്പെട്ടോളേ നീ എന്നെ പറഞ്ഞ വാക്കുകൾക്ക് ദൈവം ചോദിക്കും.. നശിച്ച് പോകുമെടി നീ" ശ്രീവിദ്യയ്ക്ക് പിന്നെയും കരച്ചിൽ വന്നു.അവൾ കരഞ്ഞു. അതു ശ്രദ്ധിക്കാതെ മാളവിക അമ്മമ്മയുടെ അടുത്തുചെന്ന് അവരുടെ കവിളിൽ ചുംബിച്ചു. " ഞാൻ പോകുവാ അമ്മമ്മേ.. എന്നെ ഓർത്ത് വിഷമിക്കണ്ട .. എനിക്കൊരാപത്തും വരില്ല ..അഥവാ വന്നാൽ അന്ന് ജി.കെ എന്ന ആളുടെ മരണമാണ്" "എന്റെ മോളേ " അവർ വിങ്ങി. മാളവിക മീരയുടെ അടുത്തേക്ക് ചെന്നു. അപ്പോഴും താൻ അമ്മയുടെ ഭാഗത്തു നിൽക്കണോ അനിയത്തിയുടെ ഭാഗത്ത് നിൽക്കണോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു മീര. മാളവിക അവളുടെ കൈ പിടിച്ചു "മീരേച്ചി.. ഞാൻ പോകുന്നു .. എല്ലാം എല്ലാവർക്കും മനസിലാകുന്ന ഒരു സമയം ' വരും.. അന്ന് ഈ ദിവസമോർത്ത് മീരേച്ചി സങ്കടപ്പെടും.. അമ്മ കഴിഞ്ഞാൽ എനിക്കോടി വരാൻ മീരേച്ചിയുടെ തണൽ മാത്രമേ ഉണ്ടായിരുന്നുള്ളു.. " അവൾ സ്വരമിടറാതെ ശ്രദ്ധിച്ചു. "രണ്ടും എനിക്ക് നഷ്ടപ്പെട്ടു.

ഞാൻ പോകുന്നു .. സുദീപേട്ടനെ ഞാൻ എന്റെ ഏട്ടനായി മാത്രമാണ് കണ്ടത്. ചേച്ചിയുടെ ഭർത്താവായിട്ടല്ല.. " അവളുടെ മിഴിനീർ കലർന്ന നോട്ടമേറ്റപ്പോൾ സുദീപിന്റെ മുഖം വിളറി. "ഈ രാത്രി തിരിച്ചു പോകണോ അമ്മേ.. നാളെ പോയാൽ പോരേ " മീര രക്ഷപ്പെടാനായി ശ്രീവിദ്യയുടെ അടുത്തേക്ക് ചെന്നു. " മനസു ചത്തുമോളെ.. ഈ സാഹചര്യത്തിൽ ഇവിടെ നിന്നാൽ ശരിയാവില്ല. എല്ലാം ഒന്ന് ശരിയായിട്ട് അമ്മ വരാം".ശ്രീവിദ്യ എഴുന്നേറ്റു " എന്നാൽ പോകട്ടെ സുദീപ് .. അവളെ ഡോക്ടറെ കാണിച്ചതിന് ശേഷം വേണം ഞങ്ങൾക്ക് ജോലിയിൽ തിരിച്ചു കയറാൻ ..സുദീപും മീരയും എന്നെ വിശ്വസിച്ചല്ലോ.. അതു തന്നെ വലിയ കാര്യം " അയാൾ ഗദ്ഗദപ്പെട്ടു. സുദീപ് ദയാവായ്പോടെ അയാളുടെ ചുമലിൽ തട്ടി. "ഏയ്.. കുഞ്ഞിമാളുവിന്റെ വാശി ഞങ്ങൾക്ക് അറിയാത്തതല്ലോ.. കേസു കൊടുക്കും എന്നൊക്കെ പറഞ്ഞ് അവൾ പേടിപ്പിക്കുന്നതാണ്.അമ്മയെ പേടിച്ച് അവളത് ചെയ്യില്ല .. എന്തൊക്കെ പറഞ്ഞാലും അമ്മ എന്നാൽ ജീവനാണ് അവൾക്ക്.

അതു കൊണ്ടാണല്ലോ ഇപ്പോൾ ഇങ്ങനെയൊരു സൈക്കിക്ക് പ്രോബ്ളം ഉണ്ടായതും. ജി.കെ തകരരുത്.ഞങ്ങൾ കൂടെയുണ്ട് " സുദീപ് അയാളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു. യാത്ര ചോദിച്ച് ആദ്യം ഇറങ്ങിയത് ജി.കെയാണ്. പുറകെ ശ്രീവിദ്യയും. ബാഗുമായി ഏറ്റവും പിന്നിൽ മാളവികയും.അവർ കാറിൽ കയറി. മാളവിക ബാക് ഡോർ തുറന്ന് ബാഗ് അകത്തേക്കിട്ട് കയറിയിരുന്നു. "പോകാം". അവളെ തിരിഞ്ഞു നോക്കി ഗൂഢമായ ഒരു ചിരിയോടെ ജി.കെ ചോദിച്ചു. അയാളുടെ മുഖത്ത് കാറിത്തുപ്പാനാണ് മാളവികയ്ക്ക് തോന്നിയത്.ജി.കെ അവളെ നോക്കി നിസാരമായി ചിരിച്ചു കൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു. "അയ്യോ പോവല്ലേ ". അപ്പോഴാണ് പിന്നിൽ നിന്നൊരു വിളി കേട്ടത്. കൈയ്യിൽ ഒരു വലിയ ബാഗുമായി ഓടി വരുന്ന മധുരിയെ അയാൾ കണ്ടു. മാളവികയുടെ മിഴികൾ അതിശയം കൊണ്ട് വിടർന്നു. ഓടി വരുന്ന പെൺകുട്ടിയെ കണ്ട് ജി.കെ.സ്തബ്ധനായി ഇരുന്നു.......(തുടരും)

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story