ദുർഗ്ഗാഗ്നി: ഭാഗം 51

durgagni

രചന: PATHU

""നീ എന്ത്‌ ഭ്രാന്താടാ ഈ കാണിക്കുന്നത്....????? അവളു പോയി.... എന്നെയും നിന്നെയും ഒക്കെ വിട്ട് എന്റെ മോളു പോയി.... ജീവനില്ലാത്ത അവളുടെ വെറും ശരീരം മാത്രമാണിത്...... അച്ഛൻ പറഞ്ഞു തീർന്നതും ദേവൻ അയാളെ കെട്ടിപ്പിടിച്ചു കൊണ്ട് ഉറക്കെ കരഞ്ഞു..... അവനെ ആശ്വസിപ്പിക്കാനോ സ്വയം ആശ്വാസം കണ്ടെത്താനോ ആകാതെ അദ്ദേഹം തളർന്നു..... മാധവൻ അവനെ അടർത്തി മാറ്റി നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു കൊണ്ട് മുന്നോട്ടേക്ക് പോയി.... ശരീരം തളർന്നു പോകുന്നതു പോലെ തോന്നിയപ്പോൾ ദേവൻ താഴേക്ക് ഊർന്നിരുന്നു..... പെട്ടന്നാണ് ആരോ അവനെ പിടിച്ചെഴുന്നേൽപ്പിച്ചത്..... യാന്ത്രികമായി അവൻ എഴുന്നേറ്റു..... അപ്പോഴും മുന്നിൽ ഉള്ളത് ആരാണെന്ന് ദേവൻ തലയുയർത്തി നോക്കിയില്ല...... "" ദേവാ.... എന്നെ നോക്ക്..... ആ ശബ്ദം കേട്ടതും ഒരു ഞെട്ടലോടെ ദേവൻ മുഖമുയർത്തി നോക്കി..... "" സിദ്ധു നീ....????? ഇപ്പോഴെങ്കിലും നീ ഒന്ന് വന്നല്ലോ.... നോക്കടാ.... എന്റെ മാളൂട്ടി നിനക്കും അനിയത്തിയല്ലായിരുന്നോ.... ഇനി ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് എന്റെ മോളു പോയി......""

ദേവൻ കരഞ്ഞുകൊണ്ട് സിദ്ധുവിനെ കെട്ടിപ്പിടിച്ചു.... പക്ഷേ അവനെയൊന്ന് ചേർത്തു പിടിക്കുക പോലും ചെയ്യാതെ സിദ്ധു അങ്ങനെ തന്നെ നിന്നു.... മാളുവിനെ ഒന്ന് നോക്കാൻ പോലുമുള്ള ധൈര്യം അവന്റെ മനസിന്‌ ഇല്ലായിരുന്നു..... കാണുമ്പോഴെല്ലാം ഏട്ടാന്ന് വിളിച്ച് ഓടി വരുന്ന മാളുവിന്റെ മുഖം എന്നും മനസിലുണ്ടാവും.... അത് മതി..... മാളുവിന്റെ ഓർമകളിൽ സിദ്ധുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..... "" ഇനി ആരും വരാനില്ലാത്ത സ്ഥിതിക്ക് ദഹിപ്പിക്കുന്നതല്ലേ നല്ലത്....??? കൂട്ടത്തിൽ ഉള്ള മുതിർന്ന ആരോ പറയുന്നത് കെട്ടതും ദേവന് താൻ ഭൂമി പിളർന്ന് താഴേക്ക് പോകുന്നത് പോലെ തോന്നി..... ദേവൻ മാളുവിനടുത്തേക്ക് പോയി ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു.... അത്രയേറെ വികാരനിർഭരമായ ചുംബനങ്ങൾ നെറ്റിയിൽ പതിയുന്നത് ഒരുപക്ഷേ ജനനത്തിലും മരണത്തിലും മാത്രമാവാം...... മരവിച്ച ശരീരത്തിന്റെ തണുപ്പ് അവന്റെ ചുണ്ടിലേക്ക് പടർന്നതും അവൻ ഭ്രാന്തനെ പോലെ അലറി കരഞ്ഞു...... അപ്പോഴേക്കും ദേവന്റെ അമ്മ കരഞ്ഞുകൊണ്ട് താഴേക്ക് ഓടി വന്നിരുന്നു....

"" മോളെ.... വാ എഴുന്നേൽക്ക്..... എന്തൊരു ഉറക്കമാ ഇത്...??? ദേ എല്ലാവരും എന്തു മാത്രം പേടിച്ചു നിൽക്കുകയാണെന്ന് നോക്കിക്കേ.... അമ്മേടെ കുട്ടിക്ക് ഒന്നൂല്ല.... എഴുന്നേൽക്ക്....."" ലക്ഷ്മി മാളുവിന്റെ അരികിൽ വന്നിരുന്നുകൊണ്ട് അവളെ തട്ടി വിളിച്ചു..... സമനില തെറ്റിയവരെ പോലെയായിരുന്നു അവരുടെ പെരുമാറ്റം.... ആ കാഴ്ച കണ്ടുനിന്നവരുടെ കണ്ണുകൾ പോലും ഈറനണിഞ്ഞു..... "" മാളു.... നിന്നോടാ പറഞ്ഞത് എഴുന്നേൽക്കാൻ.... വെറുതെ എല്ലാവരെയും പറ്റിക്കല്ലേ...... അമ്മയുടെ കയ്യിൽ നിന്ന് നീ തല്ലുവാങ്ങും....."" യാതൊരു പ്രതികാരണവും ഇല്ലാത്തതുകൊണ്ട് ലക്ഷ്മി മാളുവിന്റെ ജീവനറ്റ ശരീരത്തിൽ തല്ലാൻ തുടങ്ങിയിരുന്നു..... "" മര്യാദക്ക് പറഞ്ഞാൽ കേൾക്കില്ല അല്ലേ നീ.... എങ്ങനെ അനുസരിപ്പിക്കണമെന്ന് എനിക്കറിയാം..... ലക്ഷ്മി പൊട്ടികരഞ്ഞുകൊണ്ട് വീണ്ടും വീണ്ടും തല്ലി..... മാധവൻ ഈ കാഴ്ച കണ്ടു നിൽക്കാനുള്ള ശക്തി ഇല്ലാതെ കണ്ണുകൾ ഇറുക്കി അടച്ചു..... "" അമ്മേ.... ദേവൻ കരഞ്ഞുകൊണ്ട് അവരെ പിടിച്ചു മാറ്റാൻ തുനിഞ്ഞെങ്കിലും ലക്ഷ്മി അവന്റെ കരണത്ത്‌ മാറി മാറി പ്രഹരിച്ചു.....

"" നീയും വിശ്വസിക്കുന്നുണ്ടോ ദേവാ...... നമ്മുടെ കുട്ടി പോയെന്ന് നീയും വിശ്വസിക്കുന്നുണ്ടോ....???? അങ്ങനെ നമ്മളെ വിട്ടു പോകാൻ കഴിയുവോ എന്റെ കുട്ടിക്ക്.... സ്നേഹിച്ചു കൊതി തീർന്നിട്ടില്ല ഈ അമ്മക്ക്.... എഴുന്നേൽക്കാൻ പറ മോനെ.... മോളോട് എഴുന്നേൽക്കാൻ പറ.... അവർ അലറി കരഞ്ഞുകൊണ്ട് ദേവന്റെ നെഞ്ചിലേക്ക് വീണു..... അവരെ ചേർത്തു പിടിച്ചുകൊണ്ട് ദേവനും പൊട്ടി കരയുകയായിരുന്നു..... ഒടുവിൽ ചിതയിലേക്ക് മൃദദേഹം എടുക്കുവാനായി വന്നതും ലക്ഷ്മി തടഞ്ഞു..... "" തൊട്ടു പോകരുത് എന്റെ കുഞ്ഞിനെ.... നിങ്ങളൊക്കെ കൂടി എവിടേക്കാ എന്റെ മോളെ കൊണ്ടുപോകുന്നത്.... സമ്മതിക്കില്ല ഞാൻ.... സമ്മതിക്കില്ല..... "" ലക്ഷ്മി... നീ മാറി നിൽക്ക്.... ഹൃദയം കല്ലാക്കി മാധവൻ പറഞ്ഞതും ലക്ഷ്മി അയാളുടെ അടുത്തേക്ക് വന്ന് ഷർട്ടിൽ പിടിച്ചുലച്ചു..... "" നിങ്ങൾക്ക് എങ്ങനെ കഴിയുന്നു മാധവേട്ടാ....???? എങ്ങനെ കഴിയുന്നു ഇതുപോലെ പറയാൻ....??? നമ്മുടെ കുഞ്ഞല്ലേ..... ലാളിച്ചും കൊഞ്ചിച്ചു ഇതുവരെ വളർത്തി വലുതാക്കിയതല്ലേ..... അവളെയാ ഇപ്പൊ അഗ്നിക്കിരായാക്കാൻ പോകുന്നത്.....

അത് കണ്ടു നിൽക്കാൻ കഴിയുവോ നിങ്ങൾക്ക്....???? കഴിയുവോന്ന്....????? ലക്ഷ്മി ചോദിച്ചു തീർന്നതും അത്രയും നേരം പിടിച്ചു നിന്ന മാധവൻ ഉറക്കെ കരഞ്ഞു..... "" നമ്മുടെ മോളു പോയി...... ആ സത്യം നീ അംഗീകരിച്ചേ മതിയാവു ലക്ഷ്മി.... അത്രയും മാത്രം പറഞ്ഞുകൊണ്ട് അദ്ദേഹം അവർക്ക് മുഖം കൊടുക്കാതെ അവിടെ നിന്ന് പോയി....... കരഞ്ഞു തളർന്നു ലക്ഷ്മി കുഴഞ്ഞു വീണിരുന്നു..... അവസാനമായി മാളുവിന്റെ മുഖം ഒരു നോക്ക് കാണാൻ അമ്മുവിനെ ആവുന്നത്ര വിളിച്ചെങ്കിലും ഡോർ തുറക്കാൻ പോലും അവൾ കൂട്ടാക്കിയില്ല..... ഒടുവിൽ മാളുവിനെ ചിതയിലേക്കെടുത്തു...... ദേവൻ അവളെ തന്നെ നോക്കുകയായിരുന്നു.... ജനിച്ചത് മുതൽക്കുള്ള അവളുടെ ഓരോ കുറുമ്പുകളും അവന്റെ മനസിലേക്ക് ഓടിയെത്തും തോറും അവനു സ്വയം നഷ്ടപ്പെടുകയായിരുന്നു..... താൻ ജീവനെപ്പോലെ സ്നേഹിച്ച കൂടപ്പിറപ്പ് ഇനിഒരോർമ്മ മാത്രം..... ആ ചിന്തയിൽ അവൻ ഓരോ നിമിഷവും വെന്തുവെണ്ണീറായി..... കർമ്മങ്ങൾക്ക് ശേഷം ചിതയിലേക്ക് കൊള്ളി വെക്കാൻ ഒരുങ്ങവേ അവന്റെ കയ്യിൽ നിന്ന് അത് ഊർന്നു താഴേക്ക് പോയി.....

ദേവൻ നിലത്തേക്ക് ഇരുന്നുകൊണ്ട് ഉറക്കെ കരഞ്ഞു..... "" ഏട്ടന് പറ്റില്ല മോളെ..... എന്റെ കുട്ടിക്ക് കൊള്ളി വെക്കാൻ ഏട്ടന് കഴിയില്ല..... അപ്പോഴാണ് സിദ്ധു ദേഷ്യത്തോടെ ദേവന്റെ അടുത്തേക്ക് വന്നത്..... "" ദേവാ.... എന്തായിത്....???? ചടങ്ങുകൾ അതിന്റ രീതിക്ക് നടക്കണം..... എഴുന്നേൽക്ക്.... എഴുന്നേൽക്കാൻ........!!!!!! സിദ്ധു അലറിയതും ദേവൻ പതിയെ എഴുന്നേറ്റു..... കരഞ്ഞുകൊണ്ട് മനസില്ലാ മനസോടെ ദേവൻ ചിതക്ക് കൊള്ളിവെച്ചു....... * നിങ്ങളവളുടെ ആത്മാവിനെ തേടി യാത്ര തിരിക്കാതിരിക്കുക....!!! മരണത്തിന്റെ മടിയിൽ അവൾ മയങ്ങി വീണിരിക്കുന്നു..... അവിടെ ഉയർന്നു പൊങ്ങുന്ന ഗന്ധം മുല്ലയുടേതല്ല....കത്തിയെരിഞ്ഞ ദേഹത്തിന്റെ, അതീവ ദുർഗന്ധം മാത്രമാണവിടം.... ( കടപ്പാട് )* ചിത കത്തിതീരുന്ന കാഴ്ച കണ്ടുനിൽക്കാനുള്ള ശേഷി ഇല്ലാത്തത് കൊണ്ട് തന്നെ ദേവൻ തിരിഞ്ഞു നടന്നു..... നടക്കുമ്പോൾ അവൻ പലപ്പോഴും തളർന്നു വീണിരുന്നു..... തന്റെ അടുത്തേക്ക് ഓടി അടുത്തവരെ മനപ്പൂർവം തടഞ്ഞു.... ഒടുവിൽ എങ്ങനെയൊക്കെയൊ റൂമിലെത്തി.....

ഉടലും ഉയിരും ഒരുപോലെ മരവിച്ചു പോയ അവസ്ഥയിലായുന്നു അവൻ..... മാളുവിന്റെ കളിചിരികൾ മാത്രം കാതുകളിൽ അലയടിച്ചു..... ദേവൻ രണ്ടു ചെവിയും പോത്തി പിടിച്ചു..... അപ്പോഴാണ് സിദ്ധു റൂമിലേക്ക് വന്നത്.... "" എനിക്ക് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു..... സിദ്ധു പറഞ്ഞത് കെട്ട് ദേവൻ തലയുയർത്തി നോക്കി.... അവന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ സിദ്ധുവിന്റെ മനസിലൊരു നോവുണർത്തി എങ്കിലും പറയാതെ പോകില്ല എന്ന് തന്നെ സിദ്ധു മനസ്സിൽ ഉറപ്പിച്ചു..... "" അവനവൻ ചെയ്യുന്ന തെറ്റുകളുടെ ശിക്ഷ എന്നെങ്കിലും അനുഭവിക്കേണ്ടി വരും.... നിനക്ക് അത് പക്ഷേ സഹോദരിയുടെ മരണത്തിന്റെ രൂപത്തിലാണെന്ന് മാത്രം..... ഇതല്ല..... ഇതിനും അപ്പുറം അനുഭവിക്കണ്ടവനാ നീ.... അത്രക്ക് വലിയയൊരു ക്രൂരതയല്ലേ ഒരു പാവം പെണ്ണിനോട് നീ ചെയ്തത്..... അവളുടെ കണ്ണീരിന്റെ ശാപം ഈ ജന്മം മുഴുവൻ നിന്നെ വേട്ടയാടും ദേവാ..... അന്ന് നീ പറഞ്ഞത് ഓർമ്മയുണ്ടോ രക്ഷപ്പെടാൻ വേണ്ടിയുള്ള അവളുടെ കരച്ചിൽ നിനക്കൊരു തരം ലഹരിയായിട്ടാണ് തോന്നിയതെന്ന്.....

അതിലും ഉറക്കെ നീ ഇന്ന് കരയേണ്ടി വന്നില്ലേ.....???? ദൈവം എന്ന് പറയുന്നൊരാൾ മുകളിൽ ഉണ്ട്..... "" ഇനി കൂടപ്പിറപ്പ് എങ്ങനെയാണ് മരിച്ചതെന്ന് കൂടി അറിയണ്ടേ....???? നിന്നെപോലെ പെണ്ണിന്റെ ശരീരം മാത്രം സ്വന്തമാക്കാൻ ആഗ്രഹിച്ച ഒരുവന്റെ കയ്യിൽ നിന്ന് രക്ഷപെട്ട് ഓടിയതാ.... അപ്പോഴാ ആക്‌സിഡന്റിന്റെ രൂപത്തിൽ ദൈവം അവളുടെ ജീവനെടുത്തത്..... സിദ്ധു പറഞ്ഞത് കെട്ടു നിൽക്കാൻ ശക്തിയില്ലാതെ ദേവൻ ചെവി പൊത്തി..... "" ഇതുകൊണ്ടൊന്നും തീരില്ല ദേവാ..... അനുഭവിച്ചു തുടങ്ങിയിട്ടേയുള്ളു നീ.... ജീവിച്ചിരിക്കുന്നതിലും ഭേദം മരണമാണെന്ന് തോന്നിക്കുന്ന ഒരുപാട് സന്ദർഭങ്ങൾ ഇനിയും നിന്റെ ജീവിതത്തിൽ ഉണ്ടാകും..... "" സിദ്ധു ഞാൻ.... "" മിണ്ടരുത് നീ.... എത്ര പശ്ചാതപിച്ചാലും നീ ചെയ്ത കൊടും പാപം മാഞ്ഞു പോകില്ല ദേവാ..... അവളോഴുക്കിയ ഓരോ തുള്ളി കണ്ണുനീരിനും പകരം നിന്റെ ഹൃദയത്തിൽ നിന്നും പൊടിയാൻ പോകുന്നത് ചോരയായിരിക്കും..... മറക്കണ്ട......!!!!! അത്രയും പറഞ്ഞുകൊണ്ട് സിദ്ധു ഡോർ വലിച്ചടച്ചു കൊണ്ട് പുറത്തേക്കിറങ്ങി......

അപ്പോഴാണ് ഇതെല്ലാം കെട്ടുകൊണ്ട് പുറത്തു ദച്ചു നിൽക്കുന്നത് അവൻ കാണുന്നത്..... "" തന്നോട് ചെയ്തതിനൊക്കെ ദൈവം കണക്കു ചോദിച്ചു തുടങ്ങി.... അത് മാളുവിന്റെ ജീവനെടുത്തുകൊണ്ടായതിലുള്ള വേദനയെ ഉള്ളു എനിക്ക്..... സ്വന്തം അനിയത്തിയെപ്പോലെയായിരുന്നു..... അല്ല.... സ്വന്തം അനിയത്തി തന്നെ ആയിരുന്നു എനിക്ക്..... അവളുടെ ഏട്ടാന്നുള്ള വിളി ഇപ്പൊഴും എന്റെ കാതിലുണ്ട്...... മാളുവിനെ ഉപദ്രിവിക്കാൻ നോക്കിയ അവനെ ഒരു നിയമത്തിനും വിട്ടു കൊടുക്കില്ല ഞാൻ.... എന്റെ കൈ കൊണ്ട് തന്നെ തീർക്കും......!!!! സിദ്ധു ദേഷ്യത്തോടെ പുറത്തേക്ക് പോയി..... സിദ്ധുവിന്റെ ഓരോ വാക്കുകളും ദേവന്റെ നെഞ്ചിലാണ് തറച്ചത്.... മുറിപ്പെട്ട ഹൃദയത്തിൽ നിന്നും വീണ്ടും രക്തം കിനിയാൻ തുടങ്ങി..... മാളുവിന്റെ മരണം, അതിന് കാരണം ദച്ചുവിനോട് താൻ ചെയ്ത പാപമാണെന്നുള്ള കുറ്റബോധം ഇതെല്ലാം അവനെ വേദനയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു..... ദിവസങ്ങൾ കടന്നു പോയി..... എല്ലാവരും റൂമിൽ തന്നെയാണ് കഴിച്ചുകൂട്ടിയത്.....

ജീവൻ നിലനിൽക്കാൻ വേണ്ടി മാത്രം എന്തെങ്കിലും കഴിച്ചെന്ന് വരുത്തും......അത്രയേറെ ആ മരണം കുടുംബത്തെ ഉലച്ചിരുന്നു...... ദച്ചു ഈ ദിവസങ്ങളിൽ എല്ലാം അമ്മുവിന്റെ റൂമിൽ ആയിരുന്നു..... അവൾ എന്തെങ്കിലും കടുംകൈ ചെയ്യുമോന്ന് ദച്ചു വല്ലാതെ ഭയന്നിരുന്നു.... അത്രക്ക് മോശമായിരുന്നു അമ്മുവിന്റെ അവസ്ഥ..... അച്ഛനെയും അമ്മയെയും സമാധാനിപ്പിക്കാൻ ഓടി നടക്കുമ്പോഴും ദച്ചുവിന്റെ ഒരു നോട്ടം പോലും ദേവന്റെ നേർക്ക് ഉണ്ടായില്ല....... അർഹതയില്ലെന്ന് അറിഞ്ഞിട്ടും ദേവൻ അവളുടെ സാമിപ്യം വല്ലാതെ കൊതിച്ചിരുന്നു..... ഒരു വാക്ക് അല്ലെങ്കിൽ അവളുടെ അനുകമ്പയോടുള്ള ഒരു നോട്ടം മാത്രം മതിയായിരുന്നു അവന് ആശ്വാസം കണ്ടെത്താൻ.... പക്ഷേ അതുണ്ടായില്ല...... ഇന്നാണ് ഹരിയെ ഡിസ്ചാർജ് ചെയ്യുന്നത്..... അവന്റെ കാര്യങ്ങളെല്ലാം ഭംഗിയായി തന്നെ സിദ്ധു നോക്കിയിരുന്നു..... ഹരിക്ക് അതൊരു അത്ഭുതം ആയിരുന്നു.... തന്നെ യാതൊരു പരിചയവും ഇല്ലാത്ത ആൾ എന്തിന് തനിക്ക് വേണ്ടി ഇതൊക്കെ ചെയ്യുന്നു എന്നോർത്ത്.....

അത് പലപ്പോഴും സിദ്ധുവിനോട് ചോദിച്ചെങ്കിലും സിദ്ധു മനപ്പൂർവം ഒഴിഞ്ഞു മാറി.... അന്നത്തെ ദിവസമാണ് ഹരിയെ കാണാനായി ജയൻ ഹോസ്പിറ്റലിലേക്ക് വരുന്നത്.... ഹരി ഹോസ്പിറ്റലിൽ ആണെന്ന് വളരെ വൈകിയാണ് ജയൻ ദച്ചുവിൽ നിന്ന് അറിഞ്ഞത്..... ഹരിയെ കണ്ട ഉടൻ ജയൻ അവനെ കെട്ടിപ്പിടിച്ചു..... ഒരിക്കലും കാണാൻ കഴിയില്ലെന്ന് വിചാരിച്ചതാണ്.... വീണ്ടും കാണേണ്ടി വന്നപ്പോൾ ഒരേ സമയം ഹരിയുടെ മനസ്സിൽ സന്തോഷവും വേദനയും നിറഞ്ഞു...... "" എവിടെയായിരുന്നു ഹരി, നീ....???? ആരോടും ഒന്നും പറയാതെ എവിടേക്കാ നീ പോയത്.....??? "" ഈ നാട്ടിൽ നിന്നൊരു മാറ്റം അത്യാവശ്യമായിരുന്നു ജയാ.... "" മനപ്പൂർവമുള്ള ഒളിച്ചോട്ടം അല്ലേ....???? ജയന്റെ ചോദ്യത്തിന് മറുപടിയായി ഹരി നിർവികാരതയോടെ ഒന്ന് പുഞ്ചിരിച്ചു.... ദച്ചുവിനെ കുറിച്ച് ചോതിക്കാൻ ഒരായിരം തവണ മനസ്സ് പറഞ്ഞെങ്കിലും ഹരി അത് ചോദിക്കാതെ നിന്നു.... ഒടുവിൽ തന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് മനസിലായ നിമിഷം ഹരി ദച്ചുവിനെ പറ്റി തിരക്കി.... "" ദച്ചുവിന് സുഖാണോ.....?????

ഹരി ചോദിച്ചു തീർന്നതും ജയൻ അവന്റെ മുഖത്തേക്ക് നോക്കി..... നിറഞ്ഞുവന്ന കണ്ണുനീർ ജയനിൽ നിന്ന് മറച്ചു പിടിക്കാൻ ഹരി പാടുപെടുന്നത് ജയൻ വേദനയോടെ നോക്കി നിന്നു...... "" ഹരി.... നിന്റെ മനസ്സിൽ ഇപ്പോഴും ദച്ചുവാണോ....???? ജയന്റെ ചോദ്യം കെട്ട് ഹരി ഒരു നിമിഷം പകച്ചു..... ദച്ചുവിനോടുള്ള പ്രണയം താൻ എത്രമാത്രം മറച്ചു പിടിക്കാൻ ശ്രമിച്ചാലും താൻ പരാജയപ്പെട്ടു പോകുകയെ ഉള്ളെന്ന് ഹരിക്ക് അറിയായിരുന്നു.... "" മറക്കാൻ ഒരുപാട് ശ്രമിച്ചതാണ് ജയാ.... അതിനു വേണ്ടിയാണ് ഈ നാട്ടിൽ നിന്ന് പോയത് പോലും..... പക്ഷേ ആ മുഖം മനസ്സിൽ നിന്ന് മായ്ക്കാൻ ഈ നിമിഷം വരെ കഴിഞ്ഞിട്ടില്ല..... മറ്റൊരാളുടെ ഭാര്യയെ മനസ്സിൽ കൊണ്ട് നടക്കുന്നത് തെറ്റാണെന്ന് അറിയാഞ്ഞിട്ടല്ല..... ജീവിനാക്കാളേറെ സ്നേഹിച്ചതല്ലേ ഞാൻ.....!!!! ദച്ചുവല്ലാതെ മറ്റൊരാൾക്ക് ഈ ജന്മം എന്റെ മനസ്സിൽ സ്ഥാനമില്ല..... പക്ഷേ അതിന്റെ പേരിൽ ദച്ചുവിനെ ഒരു നോക്ക് കാണാൻ പോലും ശ്രമിക്കില്ല ഞാൻ..... എന്റെ പ്രണയം.... അത്‌ എന്റെ മാത്രം വേദനയായി ഈ ജന്മം മുഴുവൻ ഈ മനസ്സിൽ തന്നെ ഉണ്ടാകും..... അത് നേടിയെടുക്കാനുള്ള അർഹത ഇല്ലാതെ പോയി..... "" ഇനിയെങ്കിലും നിന്നോട് എല്ലാം തുറന്നു പറയാതിരുന്നാൽ എനിക്ക് സമാധാനം കിട്ടില്ല ഹരി..... നീ വിചാരിക്കുന്നത് പോലെ ദച്ചു നിന്റെ ഇഷ്ടം കണ്ടില്ലെന്ന് നടിച്ചതല്ല..... പണം ഇല്ലാത്തതിന്റെ പേരിൽ നിന്നെ ഒഴിവാക്കിയതും അല്ല..... നീ സ്നേഹിച്ചത് പോലെ അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ ദച്ചു നിന്നെ സ്നേഹിച്ചിരുന്നു....... ജയൻ പറഞ്ഞത് കെട്ട് ഹരി ഞെട്ടലോടെ അവനെ നോക്കി...........🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story