ദുർഗ്ഗാഗ്നി: ഭാഗം 56

durgagni

രചന: PATHU

""നവവധുവായി അണിഞ്ഞൊരുങ്ങി നിൽക്കുമ്പോഴും ദച്ചുവിനെ മനസ്സാകെ കലങ്ങി മറിയുകയായിരുന്നു.... ഓർമ്മകകൾ സമ്മാനിച്ച തീചൂളയിൽ അവൾ വെന്തുരുകി..... നിമിഷങ്ങൾക്കകം താൻ മറ്റൊരുവന്റെ പാതിയാകും.... അവളുടെ കൈകൾ അറിയാതെ തന്നെ കഴുത്തിലേക്കു നീണ്ടു.... എന്തോ ഒരു ശൂന്യത തന്റെ മനസ്സിനെ പൊതിയുന്നത് അവൾ പതർച്ചയോടെ മനസിലാക്കി..... മനസ്സിൽ ഒരു പിടിവലി തന്നെ നടക്കുകയായിരുന്നു..... താൻ ഈ ചെയ്യുന്നത് ഒരുപക്ഷേ അബദ്ധമായി പോകുമോ എന്നുള്ള ചിന്ത അവളെ മദിച്ചുകൊണ്ടിരിരുന്നു.... എന്തുകൊണ്ടോ മിഴികൾ നിറഞ്ഞു തുളുമ്പി..... "" ദച്ചു... "" പിന്നിൽ നിന്ന് രാധുവിന്റെ വിളി കേട്ടതും അവൾ കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞു നോക്കി..... രാധുവിനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും ദച്ചുവിന് അത് കഴിഞ്ഞില്ല..... രാധു അവളുടെ അരികിലേക്ക് നടന്നു വന്നു..... "" ഓർമ്മവെച്ച കാലം മുതൽ ഒരുമിച്ചു കളിച്ചു വളർന്നവരല്ലേ നമ്മൾ..... ആ എനിക്ക് നിന്നെ മനസിലാക്കാൻ ഒരു പ്രയാസവുമില്ല ദച്ചു....

ഈ വിവാഹം മനസ്സുകൊണ്ട് നീ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് നന്നായിട്ടറിയാം.... പിന്നെ എന്തിനാടാ...??? എന്തിനാ ഇങ്ങനെ....??? "" ജീവിതം നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറമാണ് രാധു.... ഇവിടെ നമ്മളൊക്കെ വിധിയുടെ വെറും കളിപ്പാവകൾ മാത്രമാണ്..... "" ഈ വിധി നീ സ്വയം തിരഞ്ഞെടുത്തതാണ് ദച്ചു.... നിനക്ക് മനസ്സിൽ തൊട്ട് പറയാമോ സിദ്ധുവിനെ നിന്റെ ഭർത്താവിന്റെ സ്ഥാനത്ത്‌ കാണാൻ കഴിയുമെന്ന്...???? ജീവിതകാലം മുഴുവൻ അയാൾക്കൊരു നല്ലപാതിയാകാൻ കഴിയുമെന്ന്....???? "" ഒരുപക്ഷേ എനിക്ക് കഴിയില്ലായിരിക്കാം രാധു..... ഒരു ഭാര്യയുടെ റോളിൽ തീർത്തും ഒരു പരാജയമായിരിരിക്കും ഞാൻ..... പക്ഷേ ഇപ്പൊ ഇതാണ് എന്റെ ശരി.... ചില ഓർമ്മകളെ എന്നെന്നേക്കുമായി മറവിക്ക് വിട്ടു കൊടുക്കാൻ ഇങ്ങനെയൊന്ന് നടന്നേ തീരു..... "" നീ മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ അതൊരിക്കലും നിന്നെ വിട്ടു പോകാൻ പോകുന്നില്ല.... അതിന് വേണ്ടിയാണ് ഇങ്ങനെയൊരു സാഹസത്തിനു മുതിരുന്നതെങ്കിൽ നീ തോറ്റുപോകുകയേയുള്ളു ദച്ചു....

ആരിൽ നിന്നാണ് നീ ഇങ്ങനെ ഒളിച്ചോടാൻ ശ്രമിക്കുന്നത്....???? ചില സത്യങ്ങൾ നീ അംഗീകരിച്ചേ മതിയാകു..... നിന്റെ കഴുത്തിൽ അയാളുടെ താലി വീണു കഴിഞ്ഞാൽ പിന്നെ നടക്കാൻ പോകുന്നതൊക്കെ നമ്മൾ ഊഹിക്കുന്നതിലും അപ്പുറമാകും..... "" എന്തും നേരിടാൻ ഞാൻ മനസ്സുകൊണ്ട് തയ്യാറെടുത്തു കഴിഞ്ഞു.... അല്ലെങ്കിലും ഇനി എന്തുണ്ട് അനുഭവിക്കാൻ ബാക്കി....???? "" ദച്ചു ഞാൻ പറയുന്നത് നീ.... "" വേണ്ട രാധു...."" രാധു എന്തോ പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ദച്ചു കൈ ഉയർത്തി അവളെ തടഞ്ഞു.... "" നീ പറയാൻ പോകുന്നത് എന്തു തന്നെ ആയാലും അതൊന്നും ഇപ്പൊ എനിക്ക് മനസിലാവില്ല രാധു.... കുറ്റപെടുത്താം.... ഞാൻ സ്വയം ചോദിച്ചു വാങ്ങിയ വിധിയെ ചൂണ്ടിക്കാട്ടി നിനക്കെന്നെ പരിഹസിക്കാം..... പക്ഷേ എനിക്ക് മുന്നിലിപ്പൊ മറ്റൊരു വഴിയുമില്ല...... അത്രയും പറഞ്ഞുകൊണ്ട് അവൾ രാധുവിനെ മറികടന്നു മുന്നോട്ടു ചുവടു വെച്ചു..... "" ദേവനെ അത്ര പെട്ടന്ന് മറക്കാൻ കഴിയുമോ നിനക്ക്....????? "" രാധുവിന്റെ ചോദ്യം കേട്ടതും ദച്ചു ഷോക്കേറ്റത് പോലെ അവിടെ തന്നെ നിന്നു..... ആദ്യത്തെ അമ്പരപ്പ് പിന്നീട് ദേഷ്യമായി മാറി.... ദച്ചു അതിയായ ദേഷ്യത്തോടെ രാധുവിനെ നോക്കി..... ""

മറക്കാൻ മാത്രം അയാളുടെ ഒരോർമ്മ പോലും ഞാൻ മനസ്സിൽ സൂക്ഷിച്ചിട്ടില്ല രാധു..... വെറുപ്പ്‌ മാത്രമാണ് എനിക്ക് അയാളോട്.......!!!! "" ഒരു ചെറിയ തിരുത്തുണ്ട് ദച്ചു.... വെറുപ്പായിരുന്നു.... കുറച്ചു നാൾ മുൻപ് വരെ.... അത് കഴിഞ്ഞ് എന്തൊക്കെയാണ് സംഭവിച്ചതെന്ന് ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ....??? ദേവൻ എന്ന പേരു പോലും നിന്നെ ഇത്രയേറെ അസ്വസ്ഥയാക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നിന്റെ മനസ്സിൽ അയാൾ ഉണ്ടെന്ന് തന്നെയാണ്..... "" രാധൂ.......!!!!!!!! ദച്ചു അങ്ങേയറ്റം ദേഷ്യത്തോടെ വിളിച്ചു..... "" അലറണ്ട..... ഞാൻ പറഞ്ഞത് തന്നെയാണ് സത്യം.... ഇപ്പോഴും നിന്റെ മനസ്സിൽ ദേവനോട് വെറുപ്പ്‌ മാത്രമായിരുന്നെങ്കിൽ നീ ഒരിക്കലും സിദ്ധുവുമായുള്ള വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു...... ദേവന മറക്കാൻ വേണ്ടിയല്ലേ നീ ഇതിന് തയ്യാറായാത്.....??? നീ അംഗീകരിച്ചാലും ഇല്ലെങ്കിലും നിന്റെ മനസ്സിൽ ദേവനോളം സ്ഥാനം മറ്റാർക്കുമില്ല.... അത് നീ മനസിലാക്കുമ്പോഴേക്കും നിന്റെ ജീവിതം നിന്റെ കൈവിട്ടു പോയിട്ടുണ്ടാകും.... "" മതി നിർത്ത്‌.....!!!! നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട..... സിദ്ധുവുമായുള്ള വിവാഹം എന്റെ ഇഷ്ടമാണ്.... ഇന്നല്ലെങ്കിൽ നാളെ അയാളെ സ്നേഹിക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്... ""

ഇനി എനിക്ക് നിന്നോട് ഒന്നും പറയാനില്ല ദച്ചു.... സ്വന്തം മനസാക്ഷിയെ പോലും വഞ്ചിക്കുകയാണ് നീ...."" രാധു അത്രയും പറഞ്ഞ ശേഷം ഡ്രോയറിൽ നിന്ന് ഒരു ചെറിയ ബോക്സ്‌ കയ്യിലെടുത്തു..... രാധു ദച്ചുവിന്റെ മുഖത്തേക്ക് നോക്കിയതും ദച്ചു ഒരു നിമിഷം എന്തു പറയണം എന്നറിയാതെ പകച്ചു.... "" ദേവനോട് വെറുപ്പാണെങ്കിൽ, നിന്റെ മനസ്സിൽ ഒരല്പം പോലും സ്ഥാനം അയാൾക്ക് ഇല്ലെങ്കിൽ പിന്നെ എന്തിനാ അയാൾ നിന്റെ കഴുത്തിൽ കെട്ടിയ താലി ഇതുപോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നത്....???? ഡിവോഴ്സ് പേപ്പറിൽ sign ചെയ്ത അന്ന് തന്നെ മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊടുക്കാമായിരുന്നില്ലേ....?????"" രാധുവിന്റെ ചോദ്യം കേട്ടതും ദച്ചു ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിന്നു..... അവളുടെ ചോദ്യത്തിന് ദച്ചുവിന്റെ പക്കൽ ഉത്തരമുണ്ടായിരുന്നില്ല.... "" നീ എന്താ ദച്ചു ഒന്നും മിണ്ടാത്തത്....???? നിനക്ക് മുന്നിൽ ഇനിയും സമയമുണ്ട് മോളെ.... ഈ വിവാഹം നടന്നാൽ ഒരിക്കലും നിന്റെ മനസ്സിന് സമാധാനം ഉണ്ടാകില്ല.... സിദ്ധുവിനോടൊപ്പം മനസ്സറിഞ്ഞു സന്തോഷിച്ചു ജീവിക്കാൻ നിന്നെകൊണ്ട് പറ്റില്ല.... ഞാൻ പറയുന്നത് ഒന്ന് മനസിലാക്ക്.... നിന്റെ നല്ലതിന് വേണ്ടിയാ ഞാനീ പറയുന്നത്.... "" ഇല്ല രാധു.... ഞാൻ തീരുമാനിച്ചു കഴിഞ്ഞു....

ഇനി അതിൽ ഒരു മാറ്റവും ഇല്ല.... അത്രയും മാത്രം പറഞ്ഞുകൊണ്ട് ദച്ചു പുറത്തേക്കിറങ്ങി..... അപ്പോഴേക്കും അവളെ മണ്ഡപത്തിലേക്ക് കൊണ്ടുപോകാനായി ബന്ധുക്കൾ എല്ലാവരും എത്തിയിരുന്നു.... ദച്ചു അവക്കൊപ്പം നടന്നു..... ആർഭാടമായി അലങ്കരിച്ച മണ്ഡപത്തിൽ പലയിടത്തും "Siddharth Weds Sreedhurgga" എന്നെഴുതിയിരിക്കുന്നത് കണ്ടതും അവളുടെ ഹൃദയം വിങ്ങി..... മുഖത്ത്‌ നിറപുഞ്ചിരിയുമായി തന്നെ നോക്കിയിരിക്കുന്ന സിദ്ധുവിനെ കണ്ടതും ദച്ചു നിർവികാരതയോടെ ഒന്ന് പുഞ്ചിരിച്ചു..... മണ്ഡപത്തിൽ അവനൊപ്പം ഇരിക്കുമ്പോൾ ഒരുതരം മരവിപ്പായിരുന്നു ദച്ചുവിന്റെ മനസ്സ് നിറയെ..... "" മുഹൂർത്തമായി താലി കെട്ടിക്കോളു..... "" തിരുമേനി പറഞ്ഞത് കെട്ട് സിദ്ധു തളികയിൽ പൂജിച്ചു വെച്ചിരിക്കുന്ന താലി ദച്ചുവിന്റെ കഴുത്തിനു നേർക്ക് നീട്ടി..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പുറത്തു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് ദേവന്റെ അമ്മ ഹാളിലെ ഡോർ തുറക്കുന്നത്..... കാറിൽ നിന്ന് ദേവൻ ഇറങ്ങിയത് കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..... പഴയ രൂപത്തിൽ നിന്നും ഒരുപാട് മാറി പോയിരിക്കുന്നു അവൻ..... "" രണ്ടു ദിവസം കൂടി കഴിഞ്ഞേ എത്തു എന്നല്ലേ പറഞ്ഞത്.... എന്താ മോനെ ഇത്ര പെട്ടന്ന്....???

അവരുടെ ചോദ്യം കേട്ടിട്ട് ദേവൻ ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി അകത്തേക്ക് കയറി.... "" ദേവാ.... അമ്മ പറയാൻ പോകുന്ന കാര്യം മോന് എത്രമാത്രം വേദനയുണ്ടാക്കുമെന്ന് അമ്മക്ക് നന്നായി അറിയാം... പക്ഷേ പറയാതിരിക്കാനും കഴിയില്ല.... ഇന്ന്.... ഇന്ന് ദച്ചു മോളുടെയും സിദ്ധുവിന്റെയും വിവാഹമാണ്..... അവർ വളരെ വിഷമത്തോടെയാണ് അത് പറഞ്ഞത്.... അമ്മ പറഞ്ഞ വാക്കുകൾ ദേവന്റെ ഹൃദയത്തിൽ ഇടിത്തീ പോലെ പതിച്ചു..... താൻ അഗ്നിയിൽ അകപ്പെട്ടത് പോലെ അവൻ വെന്തുരുകി..... ദേഷ്യവും സങ്കടവും വേദനയും എല്ലാം അവന്റെ മനസ്സിൽ നിറഞ്ഞു.... ഒരു തരം ഭ്രാന്തമായ അവസ്ഥയിലായിരുന്നു ദേവൻ.... കയ്യിൽ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു.... ക്ഷണ നേരം കൊണ്ട് തന്നെ അവിടമാകെ അലങ്കോലമായി.... ദേവന്റെ ഈ ഭാവത്തിൽ ലക്ഷ്മി വല്ലാതെ പേടിച്ചിരുന്നു..... "" ദേവാ.... നീ എന്ത്‌ ഭ്രാന്താ ഈ കാണിക്കുന്നത്...???? "" അവൾക്ക്... അവൾക്ക് എത്ര ധൈര്യം ഉണ്ടെങ്കിൽ എന്നെ അല്ലാതെ മറ്റൊരാളെ....!!!!!!! സമ്മതിക്കില്ല ഞാൻ.... ആരെയൊക്കെ കൊല്ലേണ്ടി വന്നാലും ഈ വിവാഹം നടത്താൻ സമ്മതിക്കില്ല..... ദേവൻ അലറുകയായിരുന്നു...... "" അത് പറയാൻ എന്തർഹതയാ നിനക്കുള്ളത്....???

ദച്ചു നിന്റെ ഭാര്യയായിരുന്നു..... കുറച്ചു ദിവസങ്ങൾക്ക് മുൻപ് വരെ.... ഇന്ന് അവളിൽ എന്തവകാശമാണ് നിനക്കുള്ളത്....???? "" ഒരു പേപ്പറിൽ ഒപ്പിട്ടെന്ന് കരുതി അവളെന്റെ ഭാര്യ അല്ലെന്ന് പറയാൻ ആർക്കാ അവകാശം.....???? ഒന്നുകിൽ ഞാൻ തിരികെ വരുമ്പോൾ എന്നോടൊപ്പം അവൾ ഉണ്ടാകും.... അല്ലെങ്കിൽ എന്റെയും അവളുടെയും ജീവൻ ഇന്ന് അവിടെ തന്നെ അവസാനിക്കും..... ഒരുമിച്ചു മരിക്കേണ്ടി വന്നാലും മറ്റൊരാൾക്ക് അവളെ കൊടുക്കില്ല ഞാൻ.....!!!!!!! "" ദേവാ നീ...."" അമ്മ പറഞ്ഞു പൂർത്തിയാക്കും മുൻപ് തന്നെ ദേവൻ കാറ്റു പോലെ പുറത്തേക്കിറങ്ങി..... ആ നിമിഷം തന്നെ ദേവന്റെ കാർ ദച്ചുവിന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.... നിറഞ്ഞൊഴുകുന്ന കണ്ണുകൾ പലപ്പോഴും ദേവന്റെ കാഴ്ച്ചയെ മറക്കുന്നുണ്ടായിരുന്നു..... അന്ന് ഡിവോഴ്സ് പേപ്പറിൽ sign ചെയ്യാൻ തോന്നിയ നിമിഷത്തെ അവൻ മനസ്സുകൊണ്ട് ശപിച്ചു... തനിക്ക് മുന്നിൽ മറ്റു വഴികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല..... സ്വയം ജീവനൊടുക്കും എന്നുള്ള ദച്ചുവിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങി ഒപ്പിടേണ്ടി വന്നതാണ്....

പക്ഷേ അപ്പോഴും അവൾ ഇതുപോലെ അകന്നു പോകുമെന്ന് കരുതിയില്ല.... എന്നെങ്കിലും തന്നെ മനസിലാക്കി തന്റെ സ്നേഹത്തിനെ മനസിലാക്കി തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ഓരോ നിമിഷവും തള്ളി നീക്കിയത്.... എന്നിട്ട് ഇപ്പൊ...!!!!!! ഓർക്കുംതോറും ദേവന് സ്വയം നിയന്ത്രിക്കാൻ കഴിയാതെ വന്നു..... കാറിന്റ സ്പീഡ് ഓരോ നിമിഷവും കൂടി കൂടി വന്നു..... ദേവന്റെ ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിച്ചു.... അന്നത്തെ ദിവസത്തിലേക്ക്..... ദച്ചുവിന്റെ ഫോണിലേക്ക് വന്ന കോൾ സിദ്ധുവിന്റെതാണെന്ന് താൻ തിരിച്ചറിഞ്ഞ ആ ദിവസത്തിലേക്ക്..... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സിദ്ധുവിന്റെ കോൾ ദച്ചുവിന് വന്നപ്പൊ തന്നെ ദച്ചുവും സിദ്ധുവുമായി താൻ അറിയാത്ത എന്തോ ബന്ധം ഉണ്ടെന്നുള്ള കാര്യം ദേവന് ഉറപ്പായി.... അതെന്താണെന്ന് ആലോചിക്കുംതോറും ദേവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി...... അവൻ ദേഷ്യത്താൽ വെട്ടിവിറച്ചുകൊണ്ട് കയ്യിൽ ഉണ്ടായിരുന്ന ദച്ചുവിന്റെ ഫോൺ ഫ്ലോറിലേക്ക് വലിച്ചെറിഞ്ഞു..... ഫോൺ പൊട്ടിചിതറി..... ദേവൻ അതിയായ ദേഷ്യത്തോടെ റൂമിനു പുറത്തേക്കിറങ്ങി..... നിമിഷങ്ങൾക്കകം തന്നെ ദേവന്റെ കാർ സിദ്ധുവിന്റെ വീട്ടിലേക്കെത്തി..... അവൻ ഡോർ തുറന്ന് അകത്തേക്ക് കയറി...... സിദ്ധുവിനെ അവിടമാകെ തിരഞ്ഞെങ്കിലും താഴെ അവൻ ഉണ്ടായിരുന്നില്ല.... ആ വീട് തനിക്ക് നല്ല പരിചിതമായിരുന്നത് കൊണ്ട് തന്നെ ദേവൻ മുകളിലുള്ള സിദ്ധുവിന്റെ റൂമിലേക്ക് പോയി..... റൂമിന്റെ ഡോർ തള്ളി തുറന്നതും അവിടെ കണ്ട കാഴ്ചയിൽ ദേവൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപോയിരുന്നു.............🔥 തുടരും 🔥

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story