എന്നും എപ്പോഴും: ഭാഗം 10

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

വാഹനം ഗേറ്റ് കടന്നപ്പോൾ ഭദ്രന്റെ പിന്നിലിരുന്ന അനന്തു ഇന്ദ്രയെ നോക്കി കൈ വീശി കാണിച്ചു.... ഇന്ദ്രയുടെ കൈകൾ അവളുടെ കവിളുകളെ തഴുകി.... വേദനയാൽ മുഖം ചുളിഞ്ഞു .... കണ്ണുകൾ കലങ്ങി... അവൾ പതിയെ ചുമരിലൂടൂർന്നിറങ്ങി തറയിലേക്കിരുന്ന് മുഖം കാൽമുട്ടിലൊളിപ്പിച്ചു ....... സന്ധ്യ വരെ ഇന്ദ്ര ഒരേ ഇരുപ്പിരുന്നു... മുറിയിലേക്കിരുട്ട് പടർന്ന് കയറിയപ്പോഴാണ് നേരം ഒരുപാട് വൈകിയെന്ന തിരിച്ചറിവ് അവളെ തേടിയെത്തിയത്.... എഴുന്നേറ്റ് കയ്യും മുഖവും കഴുകിയവൾ മുറ്റത്തേക്കിറങ്ങി ..... """മോളെ.........""" ചന്ദ്രമംഗലത്തെ ബാൽക്കണിയിൽ നിന്ന് സീതമ്മ ഇന്ദ്രയെ നീട്ടി വിളിച്ചു........ അവരെ കണ്ട മാത്രയിൽ അവൾ പുഞ്ചിരിയോടെ അവർക്ക് നേരെ കൈ വീശി....

"""ഒറ്റയ്ക്കിരിക്കാൻ പേടിയുണ്ടോ മോളെ?? സീതമ്മ വരണോ???""" """വേണ്ട സീതമ്മേ....... നിക്ക് പേടിയൊന്നുല്ല......... അമ്മൂട്ടിയെവിടെ ???""" """ഞാൻ പഠിക്കാൻ ഇരുത്തിയേക്കുവാ...""" """ആ... അത് നന്നായി....."" സംഭാഷണങ്ങൾ നീണ്ടു പോയതിനനുശ്രിതമായി സമയവും ധ്രുതഗതിയിൽ മുന്നോട്ട് നീങ്ങി ....... ഒടുവിൽ യാത്ര പറഞ്ഞ് സീതമ്മ പോയപ്പോൾ ഭദ്രനെ കാത്ത് ഇന്ദ്ര ഉമ്മറപടികളിൽ സ്ഥാനമുറപ്പിച്ചു.... ഹാളിലെ ക്ലോക്കിൽ പത്തരയടിച്ചിട്ടും ഭദ്രന്റെ വരവുണ്ടായില്ല..... അവൾ ഹാളിലേക്ക് കയറി ഉമ്മറ വാതിൽ പതിയെ ചാരി സോഫായിൽ വന്നിരുന്നു........ മണിക്കൂറുകൾ വീണ്ടും കൊഴിഞ്ഞു.... ഇടയ്ക്കെപ്പോഴോ കണ്ണുകളിൽ മയക്കം തട്ടിയപ്പോൾ ഇന്ദ്ര നിദ്രയെ പുൽകി ......

പിറ്റേന്ന് രാവിലെ ഭദ്രൻ കയറി വരുമ്പോ കാണുന്നത് ഉമ്മറ വാതിൽ പാതി ചാരിയിട്ട് സോഫയിൽ കിടന്നുറങ്ങുന്ന ഇന്ദ്രയെയാണ്...... """പാവം ചേച്ചി.... ഇന്നലെ നമ്മളെ കാത്തിരുന്നു കാണും...... അതാവും ഇവിടിരുന്ന് ഉറങ്ങുന്നത്....""" ഭദ്രന് പിന്നാലെ വന്ന അനന്തു ഇന്ദ്രയെ കണ്ട് സങ്കടത്തോടെ പറഞ്ഞു.... """അവളെവിടെ കിടന്ന് ഉറങ്ങിയാലും നമുക്കെന്താ........ നീ പോയി നിന്റെ പണി നോക്കെടാ...""" ഭദ്രന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഇന്ദ്ര ഞെട്ടിപിടഞ്ഞെഴുന്നേറ്റ് കണ്ണുകൾ അമർത്തി തിരുമ്മി...... മുന്നിൽ നിൽക്കുന്ന ഭദ്രനെ കണ്ടവൾക്ക് കലിയിളകി..... കുറച്ച് നേരം അവനെ കണ്ണുരുട്ടി കാണിച്ചു..... ""എന്താടി മറുതേ നോക്കി പേടിപ്പിക്കുന്നെ??"""

"""മറുത തന്റെ കുഞ്ഞമ്മ..... ഇന്നലെ നിങ്ങൾ എവിടെ പോയി കിടക്കുവായിരുന്നു ?? വരില്ലെങ്കിൽ അത് പറഞ്ഞിട്ട് പൊയ്ക്കൂടേ??""" """ഞാൻ പോകുന്നതും വരുന്നതുമൊക്കെ നിന്നെ അറിയിക്കാൻ നീയെന്റെ ആരാടി?? ഇതെന്റെ വീടാ........ ഞാൻ എനിക്ക് തോന്നുമ്പോ തോന്നുന്നിടത്തേക്ക് പോകും.... ഇഷ്ടമുള്ളപ്പോ കയറി വരും...... എന്നെ കാത്ത് നിൽക്കാൻ ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല..... അവളൊരു അന്വേഷിപ്പ്ക്കാരി...മ്മ്ഹ്....""" ഇന്ദ്രയെ പുച്ഛിച്ച് അകത്തേക്ക് കയറി പോയ ഭദ്രന് പിന്നാലെ അവളും വച്ചു പിടിച്ചു ....... """അതേ.....ഇന്ന് സാധനങ്ങൾ വാങ്ങാൻ പോകണം.....""" """നിനക്ക് പോകണമെങ്കിൽ നീ പൊയ്ക്കോ......"" ""നിങ്ങളും കൂടെ വരണം.....""

"""നിന്റെ കൂടെ ഞാൻ.... നല്ല തമാശ...... ഒരു ലിസ്റ്റ് എഴുതി തന്നോ... എന്താ വേണ്ടത് എന്ന് വച്ചാൽ ഇവിടെ എത്തിക്കാം.......""" """അങ്ങനെ ലിസ്റ്റ് എഴുതി വാങ്ങിച്ചാലൊന്നും ശരിയാകില്ല..... പാത്രങ്ങളൊക്കെ നമ്മള് തന്നെ പോയി നോക്കിയെടുക്കണം.... മാത്രല്ല എന്നേ കൊണ്ട് ഒറ്റയ്ക്ക് എല്ലാം കൂടെ ആകില്ല....""" """എന്നാൽ അന്തപ്പനെ കൂട്ടി പൊയ്ക്കോ....."" """അന്തപ്പനല്ല എന്നെ താലി കെട്ടിയത്.... നിങ്ങൾക്ക് കഴിയില്ലെങ്കിൽ അത് പറ...."" """കഴിയില്ലാന്ന് ആദ്യമേ പറഞ്ഞല്ലോ....."" ""എങ്കിൽ ശരി അങ്ങനെ തന്നെ ആകട്ടെ.... നിങ്ങള് വരണ്ട..... ഞാനും പോകുന്നില്ല ....... രാവിലത്തെ ചായ അടക്കം മൂന്ന് നേരത്തേക്കുള്ള ഭക്ഷണവും ഞാൻ സീതമ്മേടെ അടുത്ത് നിന്ന് വാങ്ങി കഴിച്ചോളാം....."""

അയഞ്ഞു തുടങ്ങിയ മുടി മുറുകെ കെട്ടി ഇന്ദ്ര അടുക്കളയിലേക്ക് നടക്കാനൊരുങ്ങിയതും പിന്നിൽ നിന്നും ഭദ്രന്റെ ശബ്ദമുയർന്നു..... """'എങ്ങോട്ടാച്ചാൽ കെട്ടിയെടുക്ക്...... ഞാൻ വരാം.....'"""' ഉള്ളിലുള്ള അമർഷം മുഴുവൻ തന്റെ അണപല്ലിൽ ഞെരിച്ച് തീർത്തവൻ കുളിമുറിയിൽ കയറി വാതിൽ ശക്തിയിൽ അടച്ചു ..... ഇന്ദ്രയോടുള്ള തന്റെ പ്രതിഷേധം അറിയിക്കാൻ അതേ വാതിലിൽ തന്നെ ആഞ്ഞൊരു ചവിട്ടും വച്ചു കൊടുത്തു ..... 🌼🌼🌼🌼🌼 ധരിച്ച ചുരിദാറിന്റെ ഷാൾ വൃത്തിയിൽ പിൻ ചെയ്ത് ഇന്ദ്ര മുറിയിലെ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് ചെരിഞ്ഞും തിരിഞ്ഞുമൊക്കെ സ്വയമൊന്ന് വിലയിരുത്തി........ വർഷങ്ങളായി എന്തിനൊക്കെയോ വേണ്ടിയുള്ള ഓട്ട പാച്ചിലിലായിരുന്നു....

ഓരോ ദിവസവും തുടങ്ങുന്നത് തന്നെ തന്റെ പല തരം പ്രശ്നങ്ങളെ കുറിച്ചോർത്തുള്ള വേവലാതികളോടെയാണ്,അതിനിടയിൽ ഏത് കണ്ണാടി !! എന്ത് സൗന്ദര്യം....!! കണ്ണാടിയിൽ തെളിഞ്ഞ തന്റെ പ്രതിബിംബത്തെ നോക്കിയവൾ ദീർഘമായൊന്ന് നിശ്വസിച്ചു..... """നെറ്റിപ്പട്ടം കെട്ടിച്ച് ഉത്സവ പറമ്പിലേക്ക് എഴുന്നള്ളിക്കാനല്ല നിന്നെ ഞാൻ കൊണ്ട് പോകുന്നത്..... അവള് നിന്ന് സൗന്ദര്യം ആസ്വദിക്കുന്നു.... ബാക്കിയുള്ളോർക്ക് ഇത് കഴിഞ്ഞ് വേറെയും ജോലികളുണ്ട്......''''' ""ആ കലുങ്കിൽ പോയി അട്ടം നോക്കി ഇരിക്കുന്നതല്ലേ നിങ്ങടെ ജോലി......നിക്കറിയാം......""" ""ദേ പെണ്ണേ.... നീ എന്റെ ക്ഷമയെ പരീക്ഷിക്കരുത്.....""" ""ഓ ഇല്ല......."""

കൂസലില്ലായ്മയോടെ മറുപടി നൽകി ഇന്ദ്ര അരയ്ക്കൊപ്പം നീളമുള്ള തന്റെ മുടിയിഴകൾ വിടർത്തിയിട്ട് ഭദ്രന് നേരെ തിരിഞ്ഞു..... """എങ്ങനെ ണ്ട് ന്നെ കാണാൻ....."""?? അത്യാവേശത്തോടെയുള്ള ചോദ്യത്തിന് ഭദ്രൻ രോഷത്തോടെ കിതച്ച് കൊണ്ട് ഇന്ദ്രയെ തുറിച്ചു നോക്കി...... "അപസ്മാരം വല്ലതും ആണോ???താക്കോൽ കൂട്ടം വേണ്ടി വരുവോ ഭഗവാനെ!!! " """നിന്ന് കുണുങ്ങാണ്ട് ഇങ്ങോട്ടിറങ്ങി വാടി......""" മുഖം വെട്ടിച്ച് പോയവനെ നോക്കിയാ പെണ്ണ് പരിഭവത്തോടെ ചുണ്ട് ചുളുക്കി...... ഒരിക്കൽ കൂടി കണ്ണാടിയിലേക്ക്‌ നോട്ടമെറിഞ്ഞ് തന്റെ മുഖമൊന്ന് മിനുക്കിയവൾ ധൃതിയിൽ ഉമ്മറത്തേക്ക് പാഞ്ഞു...... മുറ്റത്ത് ബുള്ളറ്റിലിരുന്ന് അനന്തുവിന് എന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകുകയായിരുന്നു ഭദ്രൻ...... ഇന്ദ്രയെ കണ്ടതും """എല്ലാം ഞാൻ വേണ്ടത് പോലെ ചെയ്തോളാം അണ്ണാ... നിങ്ങൾ പോയിട്ട് വാ.... """

എന്ന് പറഞ്ഞ് അനന്തു മാറി നിന്നു....... ഇന്ദ്ര അവനെ നോക്കിയൊന്ന് പുഞ്ചിരിച്ച് ഭദ്രന് പിന്നിൽ കയറി ഇരുന്നു...... ഭദ്രൻ കുറച്ച് അകലം പാലിച്ച് മുന്നോട്ട് ചാഞ്ഞതും ഇന്ദ്ര കുറുമ്പോടെ നിരങ്ങി അവനിലേക്ക് ചേർന്നു ..... """എന്റെ തലേൽ കയറി ഇരിക്കെടി എന്നാൽ.........""" ഭദ്രൻ ക്രോധത്തോടെ പിന്തിരിഞ്ഞ് ഇന്ദ്രയെ തറപ്പിച്ച് നോക്കി..... """തലേലൊക്കെ കയറി ഇരിക്കാന്ന് വച്ചാൽ ലേശം ബുദ്ധിമുട്ടുള്ള കാര്യമാ..... ഇപ്പൊ എന്തായാലും നടക്കില്ല..... നിങ്ങൾ വണ്ടിയെട്........""" """യേത് നേരത്താണാവോ ഇതിനെയൊക്കെ ........."" മുറുമുറുപ്പോടെ ഭദ്രൻ കിക്കറിൽ ആഞ്ഞു ചവിട്ടി...... ""ഒടിഞ്ഞ് പോരുവോ???""" കൈകൾ കൂട്ടി തിരുമ്മിയവൾ ആരോടെന്നില്ലാതെ ചോദിച്ചു.......

"""വായടച്ച് മിണ്ടാതെ ഇരുന്നില്ലെങ്കിൽ നിന്റെ കയ്യും കാലും ഞാൻ തല്ലിയൊടിക്കും.....""" കടപല്ല്‌ ഞെരിച്ചവൻ അവളെ തുറിച്ച് നോക്കി....... ബുള്ളറ്റ് മുന്നോട്ട് നീങ്ങിയ നിമിഷം ഇന്ദ്ര അനന്തുവിനെ നോക്കി കൈ വീശി യാത്ര പറഞ്ഞു...... ഗേറ്റ് കടന്നതും അതേ കൈ ഭദ്രന്റെ നെഞ്ചിലേക്ക് മുറുകെ ചേർത്ത് വച്ചു...... ഭദ്രൻ സഡൻ ബ്രേക്ക്‌ ഇട്ട് വണ്ടി നിർത്തി..... അത് പ്രതീക്ഷിച്ചതായിരുന്നത് കൊണ്ട് തന്നെ ഇന്ദ്ര അവനിലെ പിടി ഒന്നൂടെ മുറുക്കി....... """ഡീ... കയ്യെടുക്കെടി ഒരുമ്പെട്ടോളേ...""" ""മ്ച്ചും...... ഇയാൾടെ പാറ പോലത്തെ നെഞ്ചിൽ ഞാനൊന്ന് കൈ വച്ചൂന്ന് കരുതി അത് ഉരുകിയൊലിച്ച് പോകുവോ......?? എനിക്കീ ശകടത്തിന്റെ മുകളിൽ കയറിയിരുന്നത്ര പരിചയമൊന്നുമില്ല.....

എങ്ങാനും താഴെ പോയാലോ???"""" """നിന്റെ ആകാശേട്ടന് ഇതു പോലൊന്ന് ഉണ്ടായിരുന്നല്ലൊ... നിന്നെ അതിൽ കയറ്റിയിരുത്തി അവൻ നാട് ചുറ്റിക്കാനൊന്നും കൊണ്ട് പോയില്ലായിരുന്നോ ??""" ഇന്ദ്ര ഞെട്ടലോടെ ഭദ്രനിൽ നിന്നും കൈ പിൻവലിച്ചു...... ഭദ്രന്റെ ചൊടികളിൽ പരിഹാസത്തോടൊപ്പം വെറും നാല് വാചകങ്ങൾ കൊണ്ടവളെ തളർത്തിയ ആഹ്ലാദവും തെളിഞ്ഞു നിന്നു..... """നിങ്ങൾക്ക്... ആകാശേട്ടനെ.... എങ്ങനെ???""" """നീയെന്ത് കരുതി...? നിന്നെ കുറിച്ചൊന്നും അറിയാതെയാ ഭദ്രൻ നിന്നെയെടുത്ത് ചുമലിലേറ്റിയതെന്നോ?? ആദ്യം ദേവേട്ടൻ......പിന്നെ ആകാശേട്ടൻ.....ഇപ്പൊ ഞാൻ..... ആരും സ്ഥിരമല്ലല്ലോ.....

നാളെ നീ വേറൊരുത്തനൊപ്പം പൊയ്ക്കോളും എന്ന വിശ്വാസം എനിക്കുണ്ട്.... അത് വരെ സഹിച്ചാൽ മതിയല്ലോ......'''' """ച്ചീ... നിർത്തെടോ......."' ഇന്ദ്ര ശബ്ദമുയർത്തി ബുള്ളറ്റിന് പിന്നിൽ നിന്നും ചാടിയിറങ്ങി...... ""പറഞ്ഞ് പറഞ്ഞ് എന്തുമാകാമെന്നാകരുത്....."'' ഭദ്രന് നേരെ വിരൽ ചൂണ്ടി പറഞ്ഞവൾ വീട്ടിലേക്ക് തിരികെ നടന്നു ....... ചുരിദാറിന്റെ ഷാളിനറ്റം കൊണ്ട് മിഴികൾ തുടച്ച് ഉമ്മറപടികൾ കടന്നു വരുന്ന ഇന്ദ്രയെ കണ്ട് അനന്തു ഒന്ന് ശങ്കിച്ചു.... """എന്താ ചേച്ചി......എന്തേയ് തിരികെ പോന്നു??""' ""ഏയ് ഒന്നുല്ലടാ.......""" ഇന്ദ്ര കയറി പോയതിന് പിന്നാലെ മുണ്ടും മടക്കി കുത്തി ഒരങ്കത്തിനെന്ന പോൽ വരുന്ന ഭദ്രനെ കണ്ട് അനന്തുവിൽ പരിഭ്രമമേറി ... അവൻ ഓടി ചെന്ന് ഭദ്രന്റെ കയ്യിൽ ചുറ്റി പിടിച്ചു

"""എന്താ അണ്ണാ??ചേച്ചിയോട് വഴക്കിടാൻ പോകുവാണോ?""" """അങ്ങോട്ട് മാറി നിൽക്കെടാ.......... അവന്റൊരു ചേച്ചി......മ്മ്ഹ്...""" ഭദ്രൻ മുറിയിലെത്തിയപ്പോൾ ഇന്ദ്ര കിടക്കയിൽ കൈകളൂന്നി എന്തൊക്കെയോ ചിന്തകളിൽപെട്ടുഴറി ഇരിക്കുകയായിരുന്നു...... """ഡീ..... നീയെന്താ ആളെ കളിയാക്കുവാണോ??""" ഇന്ദ്ര മുഖമുയർത്തി ഭദ്രനെ രൂക്ഷമായി നോക്കി..... അവളുടെ വലിയ മിഴികൾ ചുവന്ന് കലങ്ങിയിരുന്നു...... """എന്തിനാടി മത്തങ്ങാ കണ്ണുരുട്ടുന്നത്?? ഇല്ലാത്തതൊന്നും അല്ലല്ലോ ഞാൻ പറഞ്ഞത്...... അതോ കാമുകന്മാരുടെ ലിസ്റ്റിന് ഇനിയും നീളമുണ്ടോ??""" ഇന്ദ്ര പാഞ്ഞ് ചെന്ന് ഭദ്രന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു..... """അനാവശ്യം പറഞ്ഞാലുണ്ടല്ലൊ.......

അങ്ങനെ കണ്ണിൽ കണ്ടവന്മാരുണ്ടായിരുന്നെങ്കിൽ ഇന്ന് ഇന്ദ്രയ്ക്ക് തന്റെ കാൽച്ചുവട്ടിൽ കിടക്കേണ്ട ഗതിക്കേട് ഉണ്ടാവില്ലായിരുന്നു......... ദേവേട്ടൻ എന്റെ കാമുകനായിരുന്നെന്ന് ആരാടോ തന്നോട് പറഞ്ഞത്?? പറയെടോ.........""" അവൾ അരിശത്തോടെ ഒച്ചയെടുത്ത് ഭദ്രനെ പിടിച്ചുലച്ചു.... """അവൻ തന്നെയാ പറഞ്ഞത്.... ഭദ്രൻ ഇല്ലാത്തതൊന്നും ഒരുത്തനോടും പറയാറില്ല.. സംശയം ഉണ്ടെങ്കിൽ നീ പോയി ചോദിച്ച് നോക്ക്...... വേണ്ട.. അതിനൊരുപാട് സമയം എടുക്കില്ലേ....... ഇപ്പൊ ശരിയാക്കി തരാം..... ഡാ അന്തപ്പാ ഇങ്ങോട്ട് വാടാ......""" """എന്താ അണ്ണാ???""" """ഡാ.... ഇന്നലെ രാത്രി നമ്മളെ കാണാൻ വന്നവനില്ലേ... ആ ദേവൻ......

അവൻ എന്തൊക്കെയാ എന്നോട് പറഞ്ഞതെന്ന് നീ ഇവൾക്കൊന്ന് വ്യക്തമായി പറഞ്ഞ് കൊടുത്തേ.......""" """"അത്.. അണ്ണാ........""""" """നിന്ന് കൊഞ്ചാതെ മര്യാദയ്ക്ക് പറയെടാ....""" ""അത്...... വർഷങ്ങളായിട്ട് ഇന്ദ്രേച്ചിയെ അയാൾ സ്നേഹിക്കുന്നുണ്ടെന്നും.... അണ്ണനോട് ചേച്ചിയെ അയാൾക്ക് വിട്ട് കൊടുക്കണമെന്നും പറഞ്ഞു..... അപ്പൊ അണ്ണൻ മറുപടി പറ..............""" """ഡാ എന്റെ മറുപടി ചൊല്ലി കേൾപ്പിക്കാൻ ഞാൻ പറഞ്ഞോ നിന്നോട്???""" അനന്തു ഇല്ലെന്നർത്ഥത്തിൽ ചുമൽ കൂച്ചി ...... """അവൻ അവസാനം പറഞ്ഞതെന്താണെന്നും കൂടെ തമ്പുരാട്ടിക്ക് വിളമ്പി കൊട്.....""" """ചെറുപ്പം മുതലേ ഇന്ദ്രേച്ചിക്കും അയാളോട് ഇഷ്ടമുണ്ട്......

ദത്തനോടുള ദേഷ്യം കൊണ്ടാണ് ഇന്ദ്രേച്ചി ഇപ്പൊ അയാളോട് അകലം കാണിക്കുന്നത്..... അണ്ണനോട്‌ ചേച്ചിക്ക് വെറുപ്പാണ്...... വേറെ മാർഗ്ഗമൊന്നും ഇല്ലാത്തത് കൊണ്ടും , അയാളോടുള്ള വാശിക്കുമാണ് ചേച്ചി അണ്ണാനൊപ്പം ജീവിക്കാൻ സമ്മതം മൂളിയത് എന്നും പറഞ്ഞു........""" """വേറൊന്നും കൂടെ പറഞ്ഞു..... അവൻ ആത്മാർത്ഥമായി വന്ന് വിളിച്ചാൽ നീ എല്ലാം ഇട്ടെറിഞ്ഞ് അവനൊപ്പം ഇറങ്ങി ചെല്ലുമെന്ന്.......""" ഭദ്രന്റെ ചൊടികൾ പുച്ഛത്തോടെ ചുളിഞ്ഞു..... ഇന്ദ്രയുടെ കൈകൾ ഭദ്രന്റെ ഷർട്ടിൽ നിന്നും അയഞ്ഞു ....... മിഴികൾ നിറഞ്ഞ് തുളുമ്പി..... ഒരേങ്ങലോടെ അവൾ ഭദ്രന്റെ നെഞ്ചിലേക്ക് ചാഞ്ഞു...... ഭദ്രനൊന്ന് ഞെട്ടി........ നെറ്റിയിലും കഴുത്തിലുമെല്ലാം വിയർപ്പ് കണങ്ങൾ കിനിഞ്ഞു...

അവന്റെ അന്തം വിട്ടുള്ള നിൽപ്പ് കണ്ട് അനന്തു ചിരി കടിച്ച് പിടിച്ച്‌ നിന്നു... """ദേവേട്ടനെ ഞാനും അമ്മൂട്ടിയും ഞങ്ങൾടെ ഏട്ടന്റെ സ്ഥാനത്താണ് കണ്ടത്.... ദേവൻ നിന്റെ മുറച്ചെറുക്കനാണെന്ന് അച്ഛൻ കളിയായി പറയുമ്പോൾ പോലും അതെന്റെ ഏട്ടനാണെന്ന് പറഞ്ഞ് ഞാൻ തിരുത്തിയിട്ടേ ഉള്ളൂ .... ആ സ്നേഹം കൊണ്ട് തന്നെയാ ദേവേട്ടൻ നിങ്ങളോട് ദേഷ്യം കാണിച്ചപ്പോൾ ഞാനും അതേറ്റു പിടിച്ചത്........ ആകാശേട്ടനെ മാത്രേ ഞാൻ മറ്റൊരു രീതിയിൽ സ്നേഹിച്ചിട്ടുള്ളൂ...... പക്ഷേ.... അയാളെന്നെ.... എന്നെ ചതിച്ചു....... സ്നേഹം നൽകി വഞ്ചിച്ചു...... അതറിഞ്ഞതിന് ശേഷം ഒരിക്കൽ പോലും അയാൾക്ക് വേണ്ടി എന്റെ മനസ്സ് ആഗ്രഹിച്ചിട്ടില്ല...... എനിക്കിപ്പോ നിങ്ങള് മാത്രേ ഉള്ളൂ........

അറിയാതെ , എടുത്ത് ചാട്ടം കൊണ്ട് ഓരോന്ന് പറഞ്ഞ് പോയതാ..... ഒരിക്കലും വേദനിപ്പിക്കണം എന്ന് കരുതീട്ടില്ല..... ക്ഷമിച്ചൂടെ......?? എന്നെ..... എന്നെയൊന്ന് സ്നേഹിച്ചൂടെ...... ചേർത്ത് പിടിച്ചൂടെ......"""" ഇടറിയ വാക്കുകൾക്കൊപ്പം ഇന്ദ്രയുടെ ശബ്ദവും നേർത്ത് തുടങ്ങിയിരുന്നു..... അടഞ്ഞ മിഴിയിതളുകളോടെ ഇന്ദ്ര ഭദ്രന്റെ ശരീരത്തിലൂടൂർന്ന് നിലത്തേക്ക് പതിച്ചു....... ഭദ്രൻ ഒരു മാത്ര തരിത്ത് നിന്നു...... ഞൊടിയിടയിൽ ഇന്ദ്രയെ കൈകളിൽ കോരിയെടുത്ത് കിടക്കയിൽ കൊണ്ട് കിടത്തി വെപ്രാളത്തോടെ പുറത്തേക്ക് പാഞ്ഞു... """ഇളേമ്മേ........."""" അവന്റെ ഉച്ചത്തിലുള്ള വിളി കേട്ട് സീതമ്മ അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു..... പിന്നാലെ അമ്മുവും........ """എന്താടാ???"""

"""'ഇന്ദ്ര.... അവൾക്കെന്തോ.........""" പറഞ്ഞ് തീർന്നതും സീതമ്മയും അമ്മുവും സംഭ്രമത്തോടെ അവിടേക്കോടിയെത്തി ..... """എന്താടാ... എന്താ പറ്റിയത്???""" """അറിയില്ല.... പെട്ടന്ന് ബോധം കെട്ട് വീണു ....""" """പ്രഷർ കുറഞ്ഞതാവും..... ചേച്ചിക്ക് ഇടയ്ക്ക് ഉണ്ടാകാറുണ്ട് ........""" അമ്മു കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ സീതമ്മ അവളെ തഴുകി ആശ്വസിപ്പിച്ചു.... """കരയണ്ട....... മോള് അകത്തേക്ക്‌ ചെല്ല് സീതമ്മ പോയി ഉപ്പിട്ട കഞ്ഞിവെള്ളം എടുത്ത് വരാം......."""" അമ്മുവിന് പുറകെ ഭദ്രനും ഓടി അകത്തേക്ക്.... """ചേച്ചി..... ചേച്ചി..കണ്ണ് തുറക്ക് ചേച്ചി......""" ഇന്ദ്രയുടെ കവിളിൽ തട്ടി അമ്മു ആവുന്നത്ര വിളിച്ചു.... ഞെരങ്ങികൊണ്ടൊന്ന് മൂളിയെന്നല്ലാതെ ഇന്ദ്ര മിഴികൾ തുറന്നില്ല......

നിമിഷങ്ങൾക്കകം സീതമ്മ വെള്ളവുമായി ഓടിയെത്തി... ഭദ്രനും അനന്തുവും ചേർന്ന് ഇന്ദ്രയെ പിടിച്ച് ഭദ്രന്റെ നെഞ്ചോട് ചേർത്തിരുത്തി..... ഭദ്രൻ തന്നെ സീതമ്മയിൽ നിന്നും വെള്ളം വാങ്ങി അവളുടെ ചുണ്ടോടുപ്പിച്ചു..... """"ഇന്ദ്ര..... ഈ വെള്ളം കുടിക്ക്......""" അർദ്ധബോധാവസ്ഥയിലും ഭദ്രന്റെ ശബ്ദം ഇന്ദ്ര തിരിച്ചറിയുകയുണ്ടായി..... പകുതിയിലേറെ വെള്ളം കുടിച്ചു തീർത്തപ്പോഴേക്കും ഇന്ദ്ര മിഴികൾ വലിച്ച് തുറന്നു..... മുന്നിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന അമ്മുവിനെ കണ്ടവൾ അവശതയോടെ പുഞ്ചിരിച്ചു..... """ഒ.. ഒന്നുല്ല...മോളെ.....""" അമ്മു കണ്ണുകൾ തുടച്ച് ആശങ്കയോടെ തലയാട്ടി...... ക്ഷീണം കാരണം ഇന്ദ്രയുടെ കൺ പോളകൾ വീണ്ടും അടഞ്ഞു പോകുന്നുണ്ടായിരുന്നു.......

"""മോള് കുറച്ച് നേരം കൂടെ കിടന്നോളൂ...... ഞങ്ങൾ പുറത്തുണ്ടാകും........""" ഭദ്രൻ തന്നിൽ നിന്നും ഇന്ദ്രയെ വേർപ്പെടുത്തി കിടക്കയിലേക്ക് നീക്കി കിടത്തി ശേഷം മുറിയിൽ നിന്നും പുറത്തേക്ക് കടന്നു...... 🌼🌼🌼🌼 ഉച്ചയോടെ മയക്കം വിട്ടെഴുന്നേറ്റ് ഇന്ദ്ര ചുറ്റുമൊന്ന് കണ്ണോടിച്ചു..... തലയ്ക്കകത്തിപ്പോഴും ഒരു പെരുപ്പ് പോലെ...... ശിവനോട് എന്തൊക്കെയോ പറഞ്ഞു!!! അവ്യക്തമായ ഓർമ്മകളെ ചികഞ്ഞവൾ നെറ്റിയിൽ കൈ തലമൂന്നി ശിരസ്സ് താഴ്ത്തി ...... വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഇന്ദ്ര തലയുയർത്തി നോക്കി...... വാതിലിനരികിലായി ഭദ്രൻ നിൽക്കുന്നു..... """വാ ഭക്ഷണം കഴിക്കാം.......""" വലിയ താത്പര്യമില്ലാതവൻ വിളിച്ചു.... '""നിക്ക് വേണ്ടാ......."""

ചുണ്ട് ചുളുക്കി ഇന്ദ്രയും മറുപടി നൽകി.... """എന്തേയ്?താലവും താലപ്പൊലിയുമേന്തി വന്ന് വിളിച്ചാലേ നിനക്ക് വരാൻ പറ്റുള്ളോ??""" """എനിക്കിത്തിരി സമാധാനം തരുവോ???""" """ഇത് ഞാൻ നിന്നോട് അങ്ങോട്ട് ചോദിക്കേണ്ട വാചകമാണ്.. ഇരുന്ന് പായാരം പറയാണ്ട് ഇങ്ങോട്ടെഴുന്നേറ്റ് വാടി പുല്ലേ......""" ""സൗകര്യം ഇല്ല... ഇയാള് പോയി കേസ് കൊടുക്ക്....."" """ദേ...... ഇപ്പൊ എഴുന്നേറ്റ് വന്നാൽ വല്ലതും ഞണ്ണാം.... ഇല്ലാച്ചാൽ പച്ച വെള്ളം തരില്ല നിനക്കിന്ന് ഞാൻ.....""" """ഇയാള് തരണ്ട..ഞാനാ തൊടിയിലെ കിണ്ണറീന്ന് കോരി കുടിച്ചോളും.....

""" ഭദ്രൻ പല്ല് ഞെരിച്ച് വാതിൽ വലിച്ചടച്ച് പോയി..... വീണ്ടും അവൾക്ക് മുന്നിൽ വാതിൽ തുറന്നു...... ഭദ്രന് പകരം അനന്തു ആയിരുന്നെന്ന് മാത്രം...... ""എങ്ങനുണ്ട് ചേച്ചി ഇപ്പൊ?? ഞങ്ങളാകെ പേടിച്ചു പോയി .......""" """കുഴപ്പമൊന്നുല്ലടാ...."" അവൾ പുഞ്ചിരിയോടെ അവനെ നോക്കി എഴുന്നേറ്റു........ """വാ ചേച്ചി കഴിക്കാം.... സമയം ഒരുപാടായി......""" ""വിശപ്പില്ലെടാ......"" ""'അതൊന്നും പറഞ്ഞാൽ പറ്റൂല.... കുറച്ചെങ്കിലും കഴിക്കണം.......""" വാചകങ്ങൾ അവസാനിപ്പിച്ചതും മുറ്റത്ത് നിന്നായി ഭദ്രന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ട് അനന്തു ഉമ്മറത്തേക്കോടി..... പക്ഷേ അവനെത്തുമ്പോഴേക്കും ഭദ്രൻ സ്ഥലം കാലിയാക്കിയിരുന്നു....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story