എന്നും എപ്പോഴും: ഭാഗം 13

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""ആ എനിക്ക് കുറച്ച് വിവരം കുറവാ.... അവനെയെനിക്ക് പണ്ടേ അറിയാം... ചെറുതിലേ തുടങ്ങിയതാ അവന്റെ ഈ തല്ല് കൊള്ളിത്തരം..... മൂന്നാല് വർഷം ജയിലിലായിരുന്നു..... കുറ്റം എന്താന്നറിയുവോ കൊലപാതകം.... അതും സ്വന്തം അച്ഛനെ...... തെമ്മാടി......."""" ഭദ്രനോടുള്ള ദേഷ്യം മുഴുവനും അണപല്ലിൽ ഞെരിച്ചു തീർത്ത് ഇന്ദ്ര ദൂരേക്ക് കണ്ണെയ്ത് നിന്നു...... """ഇന്ദ്രാ അവൻ ഏത് തരക്കാരനോ ആയിക്കോട്ടെ...... പക്ഷേ ഈ കാര്യത്തിൽ നിനക്ക് തെറ്റ് പറ്റി....""" മഞ്ജു പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ ഇന്ദ്ര അവളെ നോക്കി നെറ്റി ചുളിച്ചു....... ""നീ വിചാരിച്ച പോലെ ആ ചന്ദ്രേട്ടൻ അത്ര വലിയ മാന്യനൊന്നും അല്ല...... അയാൾക്കിന്ന് കിട്ടിയത് കുറഞ്ഞ് പോയെങ്കിലേ ഉള്ളൂ.....

അയാൾടെ കടേല് സാധനം വാങ്ങാൻ കയറിയ സ്കൂൾ കുട്ടിയോട് അയാളെന്തോ മോശമായ രീതിയിൽ പെരുമാറി.... അതിനാ അയാൾക്കിട്ടവര് പൊട്ടിച്ചത്.... ഇന്നയാളെ തല്ലിയവരുടെ കൂട്ടത്തിൽ ആ കുട്ടീടെ അച്ഛനും ഉണ്ടായിരുന്നത്രെ.... ഞാനും സുമേച്ചിയും നിന്നോട് മുമ്പേ പറയാറില്ലായിരുന്നോ അയാൾടെ നോട്ടത്തിലും , ചിരിയിലുമൊക്കെയൊരു വശപിശകുണ്ടെന്ന്...... ആ പെൺകുട്ടി അത് പറയാൻ ധൈര്യം കാണിച്ചത് കൊണ്ട് അയാൾക്ക് രണ്ടെണ്ണം കിട്ടി....ഈ സ്വഭാവവും വച്ച് മുമ്പേ അയാൾ ഏതൊക്കെ പെൺകുട്ടികളോട് മോശമായി പെരുമാറി കാണും??? """ """നീയെങ്ങനെ ഇതൊക്കെ??""" """നമ്മുടെ മാനേജർ സാർ അയാൾടെ വിവരം അന്വേഷിക്കാൻ ആശുപത്രിയിലേക്ക് പോയിട്ടുണ്ടായിരുന്നല്ലോ...മൂപ്പർ തിരികെ വന്നപ്പോ പറഞ്ഞതാ....

അപ്പോഴാ ദേവി ചേച്ചി നീ സ്റ്റേഷനിലേക്കാണ് ഇറങ്ങിയതെന്ന് പറഞ്ഞത്..... ഞാനും , സുമചേച്ചിയും നിന്റെ ഫോണിലേക്ക് ഒരുപാട് തവണ വിളിച്ചു.....കിട്ടാഞ്ഞപ്പോ സാറിനോടും ദേവിയേച്ചിയോടും പറഞ്ഞ് ഞാനുമിങ്ങിറങ്ങി.. നിന്നോട് ഞാനെപ്പോഴും പറയാറുണ്ട് ഒരു കാര്യം ചെയ്യുമ്പോൾ പത്ത് തവണയെങ്കിലും ചിന്തിക്കണമെന്ന്..... അവനൊക്കെ എന്തും ചെയ്യാൻ മടിയില്ലാത്തവന്മാരുടെ കൂട്ടത്തിലാ...... അതുകൊണ്ട് ഇവിടെ അധികം നിൽക്കണ്ട.... നമുക്ക് പോകാം..... ഇനി അവന്റെ കണ്ണിൽപെടാണ്ട് സൂക്ഷി...................."""" വാക്കുകൾ പൂർത്തിയാക്കാതെ ഉമിനീർ വിഴുങ്ങി മിഴിച്ച് നിൽക്കുന്ന മഞ്ജുവിനെ ഇന്ദ്ര സംശയത്തോടെ നോക്കി....

അവളുടെ ഭീതിയാളുന്ന കണ്ണുകൾ തന്നിൽ നിന്നും അകലേക്ക്‌ നീണ്ടു പോകുന്നത് ശ്രദ്ധിച്ചിന്ദ്ര പിന്നിലേക്ക് മുഖം തിരിച്ചു... ഗേറ്റിനരികിൽ സീതമ്മയ്‌ക്കൊപ്പം തന്നെ കോപത്തോടെ നോക്കി നിൽക്കുന്ന ഭദ്രനെ കണ്ടവൾ ജാള്യതയോടെ പരുങ്ങി....... അടുത്ത നിമിഷം ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി ഭദ്രൻ ഇന്ദ്രയ്ക്കരികിലേക്ക് പാഞ്ഞടുത്തു.... '''''നീയെന്താ കരുതിയത് ഈയൊരു ചീള് കേസിൽ ഭദ്രനെ അങ്ങ് പൂട്ടാമെന്നോ?? മ്മ്???"""" '"""ഭദ്രാ വേണ്ട......""" പുറകിൽ നിന്നും ആജ്ഞയോടെ സീതമ്മയുടെ ശബ്ദമുയർന്നതും അവൻ അവളെ തറപ്പിച്ചൊന്നു നോക്കി തിരികെ നടന്നു....... അതേ സമയം സീതമ്മ പുഞ്ചിരിയോടെ അവർക്കരികിലേക്ക് വന്ന് ഇന്ദ്രയുടെ കൈകൾ കവർന്നു.... """മോൾടെ പേരെന്താ??"""

"""ഇന്ദ്രജ... സത്യാവസ്ഥ അറിയില്ലായിരുന്നു.... അയാൾക്കെന്റെ അച്ഛന്റെ പ്രായമുണ്ട്.... പെട്ടന്ന് അങ്ങനെയൊക്കെ കണ്ടപ്പോ ഞാനെന്റെ അച്ഛനെ ഓർത്ത് പോയി.... അതാ ഞാൻ... ക്ഷമിക്കണം....""" വല്ലായ്മയോടെ പറഞ്ഞ് നിർത്തിയ ഇന്ദ്രയുടെ ചുമലിൽ ഒന്ന് തട്ടിയവർ കണ്ണ് ചിമ്മി....... """സാരല്യ.....വീട് ഇവിടെ അടുത്താണോ???""" ""കുറച്ച് പോണം.....തേവശ്ശേരി പാടത്തിന് എതിർവശത്താ..... ഞാൻ പൊയ്ക്കോട്ടേ.... നേരം വൈകി..."" """മാഡം... ഇവളറിയാതെയാ.... അല്ലെങ്കിൽ തന്നെ നൂറായിരം പ്രശ്നങ്ങളുണ്ട് ഇവൾക്ക്.... ആ ചേട്ടനോട്‌ ഇനി ഈ പേരും പറഞ്ഞിവളെ ഉപദ്രവിക്കരുത് എന്നൊന്ന് പറയണം......""" മഞ്ജു അപേക്ഷയോടെ കൂട്ടിചേർത്തു...... """അവൻ ഉപദ്രവിക്കില്ല... കുട്ട്യോള് പൊയ്ക്കോളൂ .........""" 🌼🌼🌼🌼

"""ഡീ പെണ്ണേ.... ഇങ്ങെഴുന്നേറ്റ് വന്നേ... സ്വപ്നം കണ്ടത് മതി..... ദേ ഇന്ന് നല്ല തിരക്കുണ്ട്.......""" മഞ്ജു ഉടുത്തിരുന്ന സാരിയുടെ ഞൊറികളിലൂടെ വിരലുകളോടിച്ച് വൃത്തിയാക്കി മുറിയിൽ നിന്നും പുറത്തേക്ക്‌ കടന്നു ..... കൈ വെള്ളയാൽ കണ്ണും മുഖവും അമർത്തി തുടച്ച് ഇന്ദ്രയും....... കടയിൽ അത്യാവശ്യം തിരക്കുള്ള ദിവസമായിരുന്നു അന്ന്.... അതുകൊണ്ട് തന്നെ ജോലി കഴിഞ്ഞിന്ദ്ര തിരികെ ഇറങ്ങാനും വൈകി..... അമ്മുവിനെ കോളേജിൽ നിന്നും സീതമ്മ കൂടെ കൂട്ടുമെന്നുള്ളത് കൊണ്ടവൾക്ക് പതിവ് പരവേശമോ , വെപ്രാളമോ ഇല്ലായിരുന്നു... വീടിന്റെ ഗേറ്റ് കഴിഞ്ഞ് മുറ്റത്തേക്ക് കയറിയതും ഉമ്മറത്തെ ചാരു കസേരയിൽ കണ്ണുകളടച്ച് ചാഞ്ഞിരിക്കുന്ന ഭദ്രനെ കണ്ടവൾ ഒന്ന് നിന്നു.....

പിന്നെ വളരെ പതിയെ ഉമ്മറ പടികൾ കയറി കയ്യിലെ ബാഗ് നേരെ ഭദ്രന്റെ മടിയിലേക്കെറിഞ്ഞു..... ഭദ്രൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റപ്പോൾ അവൾ കുസൃതിയോടെ പൊട്ടി ചിരിച്ചു.... """ഇത്രേ ഉള്ളൂ അപ്പൊ ശിവഭദ്രന്റെ ധൈര്യം...... എന്താ എന്നെ വിളിക്കാൻ വരാഞ്ഞത് ??"""" """വരുമെന്ന് നിന്നോട് ഞാൻ പറഞ്ഞിരുന്നോ???""" ഭദ്രൻ ഗൗരവപ്പൂർവ്വം നെറ്റി ചുളിച്ചു..... """വരാൻ ഞാൻ പറഞ്ഞിരുന്നല്ലോ......""" """ഇന്ദ്ര...... എന്നെ ശല്യം ചെയ്യാതെ മിണ്ടാതെ പോകാൻ നോക്ക് നീ ......""" """"സൗകര്യമില്ല...ഇയാളെന്ത് ചെയ്യും???"" ഭദ്രൻ മുഷ്ഠി ചുരുട്ടി കസേരയുടെ പിടിയിൽ ആഞ്ഞിടിച്ച് എഴുന്നേറ്റ് മുറിയിലേക്ക് നടന്നു...... കുറുമ്പോടെ ഇന്ദ്ര പിന്നാലെയും .......

പോകുന്ന വഴി ഹാളിലിരിക്കുന്ന അനന്തുവിനെ നോക്കിയൊന്ന് പുഞ്ചിരിക്കാനുമവൾ മറന്നില്ല.... """അതേ............""" """എന്താ????????""" ഭദ്രൻ ഒച്ചയെടുത്തപ്പോൾ ഇന്ദ്ര ഇരു കൈകൾ കൊണ്ട് ചെവികൾ പൊത്തി പിടിച്ചു.... """എന്തിനാ ഇങ്ങനെ ശബ്ദമെടുക്കുന്നെ? ഞാൻ നിങ്ങൾടെ തൊട്ടടുത്ത് തന്നെയില്ലേ????""" """നിനക്കിപ്പോ എന്താ വേണ്ടത്......??""" """എനിക്കൊരു ബിരിയാണി വേണം.... വാങ്ങി തരുവോ????മ്മ്മ്???""" """ബിരിയാണി വാങ്ങി തന്ന് ഊട്ടിക്കാൻ നീയെന്റെ ആരാടി??? ഒരുപാടങ്ങ് ഒട്ടാൻ വരല്ലേ...... നീ ആരാന്നും , എങ്ങനെയായിരുന്നെന്നും ,ഇപ്പൊ നിന്റെ മനസ്സിലിരിപ്പ് എന്താണെന്നുമൊക്ക എനിക്ക് നന്നായിട്ടറിയാം...... ഒരു മഴയത്ത് പൊട്ടി മുളച്ച സ്നേഹം വിശ്വസിക്കാൻ മാത്രം വിവരദോഷിയൊന്നുമല്ല ഭദ്രൻ...... ആരുമില്ലാതെ തെരുവിലിറങ്ങേണ്ട അവസ്ഥ വന്നപ്പോ നിനക്ക് കിട്ടിയൊരു കച്ചിതുരുമ്പ്... അതല്ലേടി ഞാൻ???

അല്ലെങ്കിൽ നിന്റെ അനിയത്തിയെ സംരക്ഷിക്കാൻ നീ കണ്ടെത്തിയ മാർഗ്ഗം..... ആരോരുമില്ലാതായപ്പോഴല്ലേ നിനക്ക് ഞാൻ നല്ലവനും , ഭർത്താവുമൊക്കെ ആയത്??? നിന്നെയെനിക്ക് കഴുത്തിന് പിടിച്ച് വെളിയിൽ തള്ളാൻ അറിയാഞ്ഞിട്ടല്ല........ വേണ്ടാന്ന് കരുതിയിട്ടാ...... ഇനിയും തലയിൽ കയറി നിരങ്ങിയാൽ പിടിച്ച്‌ വലിച്ച് ഞാൻ പുറത്തിടും..... മേലാൽ.... മേലാൽ എന്റെ കാര്യത്തിൽ തലയിടാനോ , ഇല്ലാത്ത സ്നേഹം ഉണ്ടെന്ന് പ്രകടിപ്പിച്ച് ഭാര്യേടെ അവകാശം കാണിച്ച് എന്നെ ഭരിക്കാനോ വന്നേക്കരുത്...... മറുത്തൊന്നും പറയാൻ സമ്മതിക്കാതെ വാതിൽക്കൽ നിന്ന ഇന്ദ്രയെ ഊക്കോടെ പിടിച്ച് മാറ്റി ഭദ്രൻ പുറത്തേക്കിറങ്ങി പോയി...... ഇന്ദ്ര നോവോടെ ചുമരിൽ ചാരി കണ്ണുകളടച്ച് നിന്നു.... """ചേച്ചി....."""

ചുമലിൽ അനന്തുവിന്റെ കരസ്പർശമറിഞ്ഞ നിമിഷവൾ കണ്ണുകൾ അമർത്തി തുടച്ച് അവനെ നോക്കി വിരസ്സമായൊന്ന് പുഞ്ചിരിച്ചു.. ''''കാര്യമാക്കണ്ട ചേച്ചി.....""" """ഏയ്..... നിന്റെ അണ്ണൻ പറഞ്ഞതെല്ലാം സത്യമാടാ..... അറിഞ്ഞും , അറിയാതെയും വേദനിപ്പിട്ടുണ്ട് ഒരുപാട്...... വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചിട്ടുണ്ട്..... പക്ഷേ ഇപ്പൊ ആത്മാർത്ഥമായിട്ട് തന്നെയാ സ്നേഹിക്കുന്നത്......... ഒരുപക്ഷെ നിന്റെ അണ്ണൻ പറഞ്ഞത് പോലെ തന്നെ ഒന്നുമില്ലാത്ത അവസ്ഥയിൽ എത്തി ചേർന്നത് കൊണ്ടാവാം.... അല്ലെങ്കിൽ ആരുമില്ലാതെ ഒറ്റപെട്ട് പോയത് കൊണ്ടാവാം .... അറിയില്ലടാ....പറഞ്ഞതിനും , ചെയ്ത് പോയതിനുമൊക്കെ എങ്ങനെയാ പ്രായശ്ചിത്തം ചെയ്യേണ്ടതെന്ന്.... എനിക്കറിയില്ല.......!!!""""

വിതുമ്പലോടെ ഇന്ദ്ര വാതിൽ പൊളിയിലൂടൂർന്ന് നിലത്തേക്കിരുന്നു..... """സാരല്യ ചേച്ചി.... അണ്ണൻ ഒന്നും മനസ്സിൽ വച്ചിട്ടായിരിക്കില്ല..... രാവിലെ അലെക്സിച്ചായന്റെ ഒപ്പം ചേർന്നത് മുതൽ ആകെ ഒരു വെപ്രാളത്തിലായിരുന്നു രണ്ട് പേരും... എന്തോ പ്രശ്നം ഉണ്ട്........."""" """എനിക്ക് വിഷമം ഒന്നൂല്യടാ..... നീ ചെല്ല്.... ഞാൻ കുറച്ച് നേരം കിടക്കട്ടെ......'"" 🌼🌼🌼🌼🌼 """ഡാ....അന്തപ്പാ.........""" അകത്ത് നിന്നും ഭദ്രന്റെ അട്ടഹാസം കേട്ട് സോഫയിൽ കിടന്നുറങ്ങിയ അനന്തു നിമിഷ നേരത്തിനുള്ളിൽ ഭൂമിയിലേക്ക് പതിച്ചു.... നടുവും ഉഴിഞ്ഞ് എഴുന്നേറ്റൊന്ന് മൂരി നിവർന്നതും ഭദ്രന്റെ ശബ്ദം വീണ്ടും അവനെ തേടിയെത്തി..... """എന്താ അണ്ണാ.....???? എന്തിനാ വിളിച്ചേ....??"""" """അത്.... അത് പിന്നെ.....

എനിക്കൊരു ഗ്ലാസ്സ് വെള്ളം വേണം....""" ചുറ്റിലും കണ്ണുകളോടിച്ച് ഭദ്രൻ പറയുന്നത് കേട്ട് അനന്തു വാ പൊളിച്ച് നിന്നു...... പിന്തിരിഞ്ഞ് നടക്കാനൊരുങ്ങിയതും """അ...അവളെവിടെ???""" എന്ന ഭദ്രന്റെ ചോദ്യം കേട്ട് അനന്തു നിന്ന നിൽപ്പിൽ മുഖം ചെരിച്ച് ഭദ്രനെ നോക്കി... """ആര്???""" """ഇന്ദ്ര......"""" വലിയ താത്പര്യമില്ലാത്ത മട്ടിൽ ഭദ്രൻ ചുണ്ട് ചുളുക്കി ചോദിച്ചു... """ആ........ചേച്ചി പോയി.....""" ""പോയോ ?? എങ്ങോട്ട്???""" ആശ്ചര്യത്തോടെ കണ്ണുകൾ മിഴിച്ച ഭദ്രനെ അനന്തു പുച്ഛത്തോടെ നോക്കി... ""അറിയില്ല....... ചോദിച്ചിട്ടൊന്നും പറഞ്ഞില്ല...... അണ്ണനെ ഇനി ഒരിക്കലും ശല്യം ചെയ്യില്ലാന്ന് പറഞ്ഞു.......""" """ഡാ... വിളച്ചിലെടുക്കാതെ സത്യം പറയടാ... അവളെവിടെ???""" """ഞാൻ പറഞ്ഞത് സത്യാ അണ്ണാ... ഞാൻ എന്തിനാ അണ്ണനോട് കള്ളം പറയുന്നേ??"""" """അവള് പോവാണ് എന്ന് പറഞ്ഞിട്ട് നീ പൊയ്ക്കോളാൻ പറഞ്ഞോ???"""

""'ഞാൻ ഒന്നും പറഞ്ഞില്ല.... പോവണ്ടാന്ന് പറയാൻ മാത്രം അവരെന്റെ ആരാ?? പിന്നെ അണ്ണന് അവരെ ഇഷ്ടവുമല്ല... അണ്ണൻ ഇറക്കി വിടുന്നതിനേക്കാൾ നല്ലതല്ലേ ചേച്ചി സ്വന്തമായിട്ടങ്ങ് പോകുന്നത്.......അതുകൊണ്ട് ഞാനൊന്നും മിണ്ടിയില്ല """.... നിഷ്കളങ്കമായി അനന്തു പറഞ്ഞത് കേട്ട് ഭദ്രൻ അവനെ നോക്കി ദഹിപ്പിച്ചു... """നിന്നെയൊക്കെ ഉണ്ടല്ലോ........ മാറങ്ങോട്ട്.....""" അരിശത്തോടെ മുന്നിൽ നിൽക്കുന്ന അനന്തുവിനെ കടന്ന് ഭദ്രൻ സംഭ്രാന്തിയോടെ ഇറങ്ങിയോടി..... """അണ്ണാ..... വെള്ളം വേണ്ടേ???""" ഭദ്രൻ ബുള്ളറ്റ് സ്റ്റാർട് ചെയ്ത നിമിഷം അനന്തു പിന്നാലെ ഓടി വന്നുച്ചത്തിൽ വിളിച്ച് ചോദിച്ചു...... """"നിന്റെ.................."" ബാക്കി പറയാതെ അവനെ നോക്കി പല്ല് കടിച്ച് ഭദ്രൻ വണ്ടി മുന്നോട്ടെടുത്ത് എങ്ങോട്ടെന്നില്ലാതെ പാഞ്ഞു...... 🌼🌼🌼🌼🌼 """"മോളെ.........."""

ക്ഷേത്രനടയുടെ പടികളിറങ്ങി ചെരുപ്പിട്ട് മുന്നോട്ട് നടക്കാനൊരുങ്ങുമ്പോഴാണ് പിന്നിൽ നിന്നായൊരു സ്ത്രീ ശബ്ദം ഇന്ദ്രയെ തേടിയെത്തിയത് .... അവൾ ശബ്ദം കേട്ടിടത്തേക്ക് മുഖം തിരിച്ചു.... അറുപത് വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്നൊരു സ്ത്രീ.... പരിചയം തോന്നിയില്ലെങ്കിലും ഇന്ദ്ര അവർക്കായൊരു നിറ പുഞ്ചിരി നൽകി.... """മാമ്പള്ളി തറവാട്ടിലെ കുട്ടിയല്ലേ??'""" """അതേ.........""" """പേരെന്തായിരുന്നു.......?????""" ""ഇന്ദ്രജ........""" ""വിവാഹം കഴിഞ്ഞൂല്ലേ...... ആ ചന്ദ്രമംഗലത്തെ ചെറുക്കനൊപ്പം ??"" ""ഉവ്വ്.....""" """എന്തിനാ കുട്ടിയേ നീ അവനെപോലൊരുത്തന്റെ കൂടെ ഇറങ്ങി തിരിച്ചത്......?? സാവിത്രിയുടെ കൊച്ചന് നിന്നെ ഇഷ്ടമല്ലായിരുന്നോ???

ആ കൊച്ചൻ നിന്നെ പൊന്ന് പോലെ നോക്കുവായിരുന്നല്ലോ....!!! ഹാ.. പറഞ്ഞിട്ട് കാര്യല്ല.... തന്തേം , തള്ളേം ഇല്ലാണ്ടായാൽ പിന്നെ മക്കൾടെ ഗതി ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും.... അവനെങ്ങനെയാ നിന്നോട്??? അടിയും കുത്തും ഒക്കെ ഉണ്ടോ?? ആ കലുങ്കിൽ കള്ളും , കഞ്ചാവുമൊക്ക അടിച്ച് ഇരിക്കുന്നത് കാണാറുണ്ടെന്ന് എന്റെ മക്കള് പറയാറുണ്ട്....... പിന്നെ കിടപ്പ് ഇടയ്ക്ക് ആ ജാനകീടെ വീട്ടിലാണെന്നും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്......."""" അതുവരെയും പ്രസന്നമായിരുന്ന ഇന്ദ്രയുടെ മുഖം ആ ഒരൊറ്റ വാചകത്തിൽ ഇരുണ്ടു..... """ജാനകിയോ!!അതാരാ...."""??

"""അതാ കൊല്ലന്റെ മോള്...... ഓൻ കിടപ്പിൽ കിടന്ന് ചത്തേൽ പിന്നെ ആ പെണ്ണിന് ഇത് തന്നെയല്ലേ തൊഴിൽ.... അല്ലാണ്ട് ഒരു പണിയും എടുക്കാതെ ഓളെങ്ങനെയാ കഴിഞ്ഞ് പോവുന്നത് ന്നാ നെന്റെ വിചാരം ....?"""" പിന്നേയും അവരെന്തൊക്കെയോ പറഞ്ഞു........ ഒന്നും മിണ്ടാതെ ഒരു കേൾവികാരിയെ പോലെ നിന്നെങ്കിലും ചിന്തകൾ നൂല് പൊട്ടിയ പട്ടം കണക്കെ സഞ്ചരിച്ചു.... കുറച്ച് നേരം അതേ നിൽപ്പ് തുടർന്നവൾ മറ്റേതോ ലോകത്തിലെന്ന പൊലെ മുന്നോട്ട് നടന്നു..... അപ്രതീക്ഷിതമായി ഭദ്രന്റെ ബുള്ളറ്റ് കുറുകെ വന്ന് നിന്നപ്പോൾ ഇന്ദ്ര ഞെട്ടി ഭീതിയോടെ പിന്നോട്ടാഞ്ഞു ........ """"രാവിലെ തന്നെ ആരോടും ഒന്നും മിണ്ടാണ്ടെ ചാവാൻ ഇറങ്ങിയതാണോ നീ???""" .....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story