എന്നും എപ്പോഴും: ഭാഗം 14

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

""""രാവിലെ തന്നെ ആരോടും ഒന്നും മിണ്ടാണ്ട് ചാവാൻ ഇറങ്ങിയതാണോ നീ???""" ശ്വാസമൊന്നാഞ്ഞ് വലിച്ച് വിട്ട് ഇന്ദ്ര കിതപ്പടക്കി ഭദ്രനെ വക വയ്ക്കാതെ തിടുക്കത്തിൽ നടന്നു...... ബുള്ളറ്റ് കാല് കൊണ്ട് തുഴഞ്ഞ് അവൾക്ക് പിന്നാലെ ഭദ്രനും .... """ഡീ.... ഡീ.... നിൽക്കെടി.....""" ""എന്താ?? എന്താ നിങ്ങൾക്ക് വേണ്ടത്??""" ""വന്ന് കയറ്...... ഞാൻ വീട്ടിലേക്കാ....""" """ആണെങ്കിൽ നിങ്ങൾ പൊയ്ക്കോ... ഞാൻ ഇല്ല......."" """ഇന്ദ്ര..... വന്ന് കയറാനാ നിന്നോട് പറഞ്ഞത്.....""" """നിങ്ങൾ പറയുന്നതെല്ലാം അനുസരിക്കാൻ ഞാൻ ആരാ.....?? ഭാര്യേടെ അധികാരം നിങ്ങൾടെ അടുത്ത് കാണിക്കരുത് എന്നല്ലേ പറഞ്ഞത്.... അതുകൊണ്ട് ഭർത്താവ് എന്നുള്ള അധികാരം എന്നോടും കാണിച്ച് ആഞ്ജാപിക്കണ്ട......"""

വാശിയോടെ പറഞ്ഞവൾ ധൃതിയിൽ നടന്നു..... ഇനിയെന്ത് പറഞ്ഞ് പുറകെ നടന്നാലും ഇന്ദ്ര കൂടെ വരില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ഭദ്രൻ ദേഷ്യത്തിൽ കിക്കറിൽ ആഞ്ഞ് ചവിട്ടി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ട് കുതിച്ചു........ വീടെത്തുന്നത് വരെ ഇന്ദ്രയുടെ ചിന്തകളിലത്രയും ഒറ്റ നാമമേ ഉണ്ടായിരുന്നുള്ളൂ.... "ജാനകി"...... ഭദ്രൻ ഒരിക്കലും അത്തരം തരം താഴ്ന്നൊരു വ്യക്തിയല്ലെന്ന് ഹൃദയം ഉച്ചത്തിൽ നില വിളിക്കുമ്പോഴും അകാരണമായൊരു ഭയം അവളെ അടിമുടി പിടിച്ചു കുലുക്കി..... ഉമ്മറ പടി കയറിയതും അനന്തു പാഞ്ഞ് വന്നവളെ തട്ടി മുറ്റത്തേക്ക് ചാടിയിറങ്ങി..... പിന്നാലെ ഓടി വന്ന ഭദ്രൻ ഇന്ദ്രയെ കണ്ട നിമിഷം നിശ്ചലനായി നിന്നു.... ഇന്ദ്ര അന്താളിപ്പോടെ ഇരുവരെയും മാറി മാറി നോക്കി...

"""ഒന്ന് രക്ഷിക്ക്‌ ചേച്ചി........''' ""എന്താടാ??എന്ത് പറ്റി??""" ""ആവോ.. എനിക്കറിയില്ല ചേച്ചി.....'"" '"നിനക്കറിയില്ലേടാ???"" അലർച്ചയോടെ ഭദ്രൻ ഇന്ദ്രയെ കടന്ന് പാഞ്ഞ് ചെന്ന് അനന്തുവിന്റെ കഴുത്തിൽ കുത്തി പിടിച്ചു..... അവന്റെ ബലിഷ്ടമാർന്ന കൈകളിൽ കുരുങ്ങിയവൻ പിടഞ്ഞു....... ഇന്ദ്ര ഓടി ചെന്ന് ഭദ്രനെ പിടിച്ച്‌ മാറ്റി അനന്തുവിന്റെ മുന്നിൽ കയറി നിന്നു..... """നിങ്ങൾക്ക് ഭ്രാന്താണോ?? എന്തിനാ ഇവനെ ഉപദ്രവിക്കുന്നെ??""" """അത് അവനോട് ചോദിക്ക്‌.....മനുഷ്യനെ തീ തീറ്റിച്ചിട്ട് നിൽക്കുന്ന നിൽപ്പ് കണ്ടോ...പന്നി ...."" വീണ്ടും തനിക്ക്‌ നേരെ കയ്യോങ്ങിയ ഭദ്രനെ കണ്ട് അനന്തു കുനിഞ്ഞ് ഇന്ദ്രയുടെ പിന്നിൽ മുഖമൊളിപ്പിച്ചു..... ""എന്താടാ???"" """അത് ചേച്ചി.... അണ്ണൻ രാവിലെ വന്ന് ചേച്ചിയെ തിരക്കിയപ്പോ ഞാൻ പറഞ്ഞു ചേച്ചി വീട് വിട്ട് പോയീന്ന്..... ഞാൻ ഒരു തമാശ പറഞ്ഞതാ...""" """ഇതാണോടാ തമാശ???"" ഭദ്രൻ ഒച്ചയെടുത്തു......

"""ഹാ നിങ്ങളെന്തിനാ അവന്റെ നേരെ ചാടണത് ?? ഞാൻ എവിടെ പോയാലും നിങ്ങൾക്കൊരു കുഴപ്പവുമില്ലല്ലോ... ഇറങ്ങി പൊയ്ക്കോളാനല്ലേ എപ്പോഴും പറയാറ്...... പിന്നെന്താ?????""" ഭദ്രനിൽ നിന്നും മറുപടിയൊന്നും കിട്ടാതെ വന്നപ്പോൽ ഇന്ദ്ര പിന്തിരിഞ്ഞ് കയ്യിലെ ഇല ചീന്തിൽ നിന്നും ചന്ദനം തൊട്ടെടുത്ത് അനന്തുവിന്റെ നെറ്റിയിൽ കുറി വരച്ചു........ അവന്റെ നിറഞ്ഞ കണ്ണുകൾ ഇന്ദ്രയിൽ വാത്സല്യമുണർത്തി.... അവൾ പുഞ്ചിരിയോടെ അവന്റെ കൈകൾ കവർന്ന് അകത്തേക്ക് കയറി...... പോകുന്നതിനിടയിൽ അനന്തു ഭദ്രനെ ഗമയോടെ നോക്കി പല്ലിളിച്ചു...... ജോലിക്ക് പോകാനായി ഇന്ദ്ര ഒരുങ്ങിയിറങ്ങിയപ്പോൾ മുറ്റത്ത് ബുള്ളറ്റിൽ അവളെ കാത്തെന്ന പോൽ ഭദ്രനിരിക്കുന്നുണ്ടായിരുന്നു..... ഒരു നോട്ടം കൊണ്ട് പോലുമവനെ കടാക്ഷിക്കാതെ അനന്തുവിനോട് യാത്ര പറഞ്ഞവൾ വേഗത്തിൽ നടന്നു ..... """ഞാൻ കൊണ്ട് വിടാം....."""'

ഗേറ്റ് കടന്ന ഇന്ദ്രയ്ക്ക് കേൾക്കാൻ പാകത്തിൽ ഭദ്രൻ വിളിച്ചു പറഞ്ഞു..... """ബസ്സിന്‌ പൊയ്ക്കോളാം.... ഇല്ലെങ്കിൽ രണ്ട് കാലുണ്ടല്ലോ അത് വച്ച് നടന്നോളാം....."""" പുച്ഛത്തോടെ ചുണ്ട് കോട്ടി മുന്നോട്ട് നടക്കുമ്പോഴും നെഞ്ചിൽ എന്തിനെന്നില്ലാതെ ദേഷ്യം നുരഞ്ഞ് പൊന്തി....... 🌼🌼🌼🌼🌼 '"""നിനക്കെന്താ ഇന്ദ്ര?? ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി അതൊക്കെ വിശ്വസിക്കണോ??"""" """"വിശ്വസിച്ചിട്ടല്ല.... പക്ഷേ... ഒരു പേടി.... ഏറ്റവുമധികം വിശ്വസിച്ച രണ്ട് പേര് ചതിച്ചിട്ട് പോയതിന്റെ ബാക്കിപത്രമാ ഈ കഷ്ടപ്പാട്.... കേട്ടിട്ടില്ലേ നീ , ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമെന്ന്......""""" """അങ്ങനെയൊന്നും ഇല്ല ഇന്ദ്ര...... നീ പേടിക്കാതെ...... നീ വന്നെ നമുക്ക് ഭക്ഷണം കഴിക്കാം...."""

""വേണ്ട നീ കഴിച്ചോ...""" """ഒന്നങ്ങോട്ട് തന്നാലുണ്ടല്ലോ..... ഇന്നലെ ഉച്ചയ്ക്കും വിശപ്പില്ലാന്ന് പറഞ്ഞ് നീയൊന്നും കഴിച്ചിട്ടില്ല..... ഇന്നും പട്ടിണി കിടക്കാമെന്ന് കരുതണ്ട.... നീ ഭക്ഷണമെടുത്ത് വന്നേ....."""" """അത്....ഞാൻ ഭക്ഷണം കൊണ്ട് വന്നിട്ടില്ല.........""" """അതെന്താ??""" "'""അവിടെ ഭക്ഷണം പാകം ചെയ്യാനായിട്ട് ആവശ്യമായ സാധനങ്ങളൊന്നും ഇല്ലെടി....എല്ലാം വാങ്ങിക്കണം...."""" """അപ്പൊ ഇത്രേം ദിവസം നീയെങ്ങനെ???""" മഞ്ജു ആശ്ചര്യത്തോടെ ഇന്ദ്രയെ നോക്കി..... ""ശിവൻ വാങ്ങി കൊണ്ട് വരും....'''' """എടീ മഹാപാപി... അതുകൊണ്ടാണോ നീ ഇന്നലെ കഴിക്കാതിരുന്നത്?? ഞാൻ നിനക്ക് അന്യയാണോ ഇന്ദ്രേ?? രണ്ട് വർഷമായില്ലേ കൂടെ കൂടീട്ട്.....പറഞ്ഞൂടെ നിനക്കെന്നോട്... ചാവാനായാലും അഭിമാനം കെട്ടിപ്പിടിച്ച് കിടന്നോണം......""" മഞ്ജു ഇന്ദ്രയെ നോക്കി പല്ല്‌ കടിച്ചു...... """ഇന്ദ്രേ...ദേ തന്റെ ഹസ്ബൻഡ് വന്നേക്കുന്നു....... കാണണമെന്ന് പറഞ്ഞു......"""

സ്റ്റാഫ് മുറിയുടെ വാതിൽ കടന്ന് സുമേച്ചി വിളിച്ചു പറഞ്ഞപ്പോൾ ഇന്ദ്രയും അഞ്ജുവും അമ്പരപ്പോടെ പരസ്പരം നോക്കി...... സുമേച്ചി പോയതും അവൾ വെപ്രാളത്തോടെ പുറത്തേക്കോടി.... പിന്നാലെ മഞ്ജുവും..... ബില്ലിംഗ് സെക്ഷനിൽ കൈകൾ മാറിൽ പിണച്ച് കെട്ടി പിന്തിരിഞ്ഞ് നിൽക്കുന്ന ഭദ്രനെ കണ്ടവളുടെ ചുവടുകൾക്ക് വേഗതയേറി..... ""നിങ്ങളെന്താ ഇവിടെ??""" ശബ്ദം താഴ്ത്തി അവന് കേൾക്കാൻ പാകത്തിൽ ചോദിച്ചു....... ഭദ്രൻ തല ചെരിച്ച് ഇന്ദ്രയെയും അവളുടെ പിന്നിൽ നിൽക്കുന്ന മഞ്ജുവിനെയും നോക്കി.... ""വാ പോകാം.......""" ''''പോകാനോ??? എങ്ങോട്ട്???""" ""എങ്ങോട്ടാണെന്നറിഞ്ഞാലോ നീ വരുള്ളൂ???""

"""ആ അത്രയേ ഉളൂ..... ഇതൊരു സ്ഥാപനമാണ് , ഞാനിവിടത്തെ ജോലിക്കാരിയും... അങ്ങനെ തോന്നുമ്പോ ഇറങ്ങി പോകാനൊന്നും പറ്റില്ല......""" മീശയ്ക്കിരുവശവും പിരിച്ച് ഇന്ദ്രയിലേക്ക് ഗൗരവമാർന്നൊരു നോട്ടമെയ്തവൻ അവളെയും വലിച്ച് മാനേജർക്കരികിൽ ചെന്ന് നിന്നു.... ഭദ്രനെ കണ്ട നിമിഷം അയാൾ ഉമിനീർ വിഴുങ്ങി ഭീതിയോടെ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റ് ഇന്ദ്രയെ നോക്കി.... """ഇവൾക്ക്‌ ഇന്നുച്ചയ്ക്ക് ശേഷം ലീവ് വേണം.....""" ഒട്ടും മയമില്ലാത്ത ഭദ്രന്റെ വാക്കുകൾക്ക് സമ്മതമെന്നോണം അയാൾ തലയാട്ടി.... അടുത്ത നിമിഷം ഭദ്രൻ ഇന്ദ്രയുമായി തിരികെ നടന്നു..... ചുറ്റുമുള്ള എല്ലാവരുടെയും കണ്ണുകൾ അവരിലേക്ക് മാത്രമായി ചുരുങ്ങുന്നത് ഇന്ദ്ര ജാള്യതയോടെ നോക്കി കണ്ടു...

ഭദ്രനോടവൾക്ക് ദേഷ്യം തോന്നി ....... കടയിൽ നിന്നും പുറത്തേക്ക് കടക്കും മുന്നേ അവനിൽ നിന്നും കൈകൾ ശക്തമായി വേർപ്പെടുത്തി ഇന്ദ്ര രണ്ടടി പിന്നോട്ട് നീങ്ങി നിന്ന് അവനോട് കയർത്തു ... """നാട്ടിലും വീട്ടിലും ഗുണ്ടായിസം കാണിക്കുന്നത് പോരാഞ്ഞിട്ടാണോ ഇവിടെ വന്നീ പ്രകടനം കാഴ്ച്ച വയ്ക്കുന്നത് ??""" """നിന്ന് തുള്ളാതെ വരുന്നുണ്ടോ നീയി??""" ""ഇല്ല......."" നന്നേ ഉറച്ച സ്വരത്തിൽ തീർത്ത് പറഞ്ഞു...... """വാശി കാണിക്കണ്ട..... പൊക്കിയെടുത്ത് ഞാൻ കൊണ്ട് പോകും..... ഇവരുടെയൊന്നും മുന്നിൽ നാണംകെടേണ്ട എന്നുണ്ടെങ്കിൽ മര്യാദയ്ക്ക് കൂടെ വന്നോ........""" വാക്കുകൾ ഇന്ദ്രയിലെ രോഷത്തിനാക്കം കൂട്ടി..... അവൾ കിതപ്പോടെ ഭദ്രനെ തുറിച്ച് നോക്കി.... ഒട്ടും വിട്ട് കൊടുക്കാതെ ഭദ്രൻ തിരിച്ചും... ഇരുവരും പോര് കോഴികളെ പോലെ തമ്മിൽ തമ്മിൽ നോട്ടമെറിഞ്ഞ് നിൽക്കുമ്പോഴാണ് മഞ്ജുവിന്റെ വരവ് .... """ഇന്ദ്രാ.... ദാ ബാഗ്........."""

നോട്ടം കൊണ്ടുള്ള സംഘർഷത്തിന് അയവ് വരുത്തി ഇന്ദ്ര ബാഗ് വാങ്ങാനായി കൈ നീട്ടിയതും ഭദ്രൻ അത് കൈക്കലാക്കി.... ശേഷം ബാഗും തൂക്കി പിടിച്ച് മുന്നോട്ട് നടന്നു...... നെഞ്ചിൽ പതഞ്ഞ് പൊങ്ങിയ കോപമടക്കാൻ ഇന്ദ്ര നിലത്ത് ആഞ്ഞ് ചവിട്ടി....... """നീ ഇങ്ങോട്ട് വരുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ??""" നെറ്റിചുളിച്ചുള്ള ഭദ്രന്റെ ചോദ്യത്തിന് ദേഷ്യമടക്കാനാകാതെ ഇന്ദ്രയുടെ മുഖം വീർത്ത് വീർത്ത് വന്നു..... കണ്ണുകൾ അവന് നേരെ കുറുകി.... """താൻ പോടോ......""" "തന്നെ"ചീത്ത വിളിച്ച് തന്റെ പിന്നാലെ ചവിട്ടി തുള്ളി വരുന്ന ഇന്ദ്ര ഭദ്രനിൽ ചിരിയുണർത്തി.... ചൊടികളിൽ വിരിഞ്ഞ ഇളം പുഞ്ചിരി അവൾ കാണാതിരിക്കാൻ ഉടനടി മുഖം വെട്ടിച്ച് മുന്നോട്ട് നടന്നവൻ ബുള്ളറ്റിൽ കയറി ഇരുന്ന് വിരലുകൾ തട്ടി താളം പിടിച്ചു ... ഭദ്രനരികിലെത്തി അവന്റെ കയ്യിൽ നിന്നും ബാഗ് പിടിച്ച്‌ പറിച്ച് വാങ്ങി ഇന്ദ്രയും കയറി........

കുറച്ച് നിമിഷത്തേക്കുള്ള യാത്ര അവസാനിച്ചത് ഒരു സാധാരണ ഹോട്ടലിന് മുന്നിലായിരുന്നു... """ഇറങ്ങ്.......""" ""എന്താ ഇവിടെ??"" ""എനിക്കൊന്ന് കുളിക്കണം..... നിന്ന് പുന്നാരം പറയാണ്ട് വാടി....."" അധികാരത്തോടെ ഇന്ദ്രയുടെ കയ്യിൽ കൈ ചേർത്തവൻ ഉള്ളിലേക്ക് കയറി... കൈകൾ കഴുകി ഇരുവരും ഒഴിഞ്ഞ് കിടന്ന സീറ്റുകളിൽ മുഖാമുഖമായി സ്ഥാനമുറപ്പിച്ചു.... ഇന്ദ്ര ശിവനെ നോക്കാതെ മേശയ്ക്ക് മുകളിലിരുന്ന മെനു കാർഡിലൂടെ വിരലുകളോടിച്ചു കളിച്ചു...... കണം കൈക്ക്‌ മീതെ ശക്തമായൊരു പ്രഹരമേറ്റപ്പോൾ കൈകൾ തടവികൊണ്ടവൾ കണ്ണുകൾ വിടർത്തി.... മുന്നിൽ മുഖം ചുളിച്ചിരിക്കുന്ന ഭദ്രനെ നോക്കി ചുണ്ട് കൂർപ്പിച്ചു... """പോയി കൈ കഴുകിയിട്ട് വാടി....""""

"""ഒരു തവണ കഴുകിയതല്ലേ.......""" """ഒന്ന് കൂടെ കഴുകിയെന്ന് വച്ച് നിന്റെ കൈ തേഞ്ഞു പോകത്തൊന്നും ഇല്ല.... അവിടേം ഇവിടേം ഒക്കെ തൊട്ടിട്ട്... ഇനി ഈ കൈ കൊണ്ടല്ലേ കഴിക്കാൻ പോകുന്നത്......"""" """ഓ.. ഇയാള് വലിയൊരു വൃത്തിക്കാരൻ... എന്നേ കൊണ്ട് പറയിപ്പിക്കണ്ട....ഹും....""" മുറുമുറുപ്പോടെ ഇന്ദ്ര എഴുന്നേറ്റ് വീണ്ടും കൈ കഴുകാനായി പോയി.... തിരികെ വരുമ്പോൾ കണ്ടു ഭദ്രനരികിൽ നിന്ന് ഓർഡറെടുക്കുന്ന വെയ്റ്ററെ.... ഇന്ദ്ര അവർക്കരികിലെത്തുമ്പോഴേക്കും അയാൾ ചുവടുകൾ നീക്കിയിരിന്നു.... """എന്താ കഴിക്കാൻ പറഞ്ഞത്???""" """നിനക്ക് ഒരു ആനമുട്ട പറഞ്ഞിട്ടുണ്ട്..... മതിയാകുവോ??""" """തന്റെ മറ്റവൾക്ക് കൊണ്ട് കൊട്....""

അതും പറഞ്ഞ് മേശയ്ക്ക് മുകളിൽ കൈവെള്ള ചേർക്കാൻ പോയ ഇന്ദ്രയെ ഭദ്രൻ തീകഷ്ണമാർന്നൊരു നോട്ടത്തിൽ ശാസിച്ച് നിർത്തി... അവൾ ഇരു കൈവെള്ളകളും ചുരുട്ടി പിടിച്ച് മടിയിലേക്ക്‌ ചേർത്തു വച്ചു..... ശേഷം നിശബ്ദതയെ കൂട്ട് തേടി ഇരുവരും സമയം തള്ളി നീക്കി....... നിമിഷങ്ങൾക്കകം വെയ്റ്റർ മേശയ്ക്ക് മുകളിൽ ആവി പറക്കുന്ന രണ്ട് പ്ലേറ്റ് ബിരിയാണി കൊണ്ട് വച്ചു.... ഇന്ദ്രയുടെ മിഴികൾ വിടർന്നു....... പതിയെ കൺകോണിലൂടൊരു കള്ള നോട്ടം ഭദ്രനിലേക്ക് നീണ്ടു..... കൊണ്ട് വച്ച പ്ലേറ്റുകൾ മുണ്ടിന്റെ ശീല കൊണ്ട് തുടച്ച് മിനുക്കുന്ന തിരക്കിലായിരുന്നു ഭദ്രൻ....... ഇരു പ്ലേറ്റുകളും തുടച്ച് മുഖമുയർത്തിയതും തന്നിലേക്ക്‌ നോട്ടമൂന്നിയിരിക്കുന്ന ഇന്ദ്രയെ കണ്ട് പുരികം ചുളിച്ചു..... """മ്മ്മ്മ്????

എന്താ നിനക്കൊരു അവലക്ഷണം പിടിച്ച നോട്ടം....."""??? '"''ഇതിന്റെയൊക്കെ ഉദ്ദേശം എന്താ????""" """എന്തുദ്ദേശം?? നിനക്ക് വേണമെങ്കിൽ കഴിച്ചാൽ മതി......""" പുച്ഛത്തോടെ കൊണ്ട് വച്ച ബിരിയാണികളിലൊന്ന് തന്റെ പാത്രത്തിലേക്ക് പകർന്ന് ഭദ്രൻ കഴിച്ച് തുടങ്ങി....... ഒരു മാത്ര അവനെ നോക്കി ശ്വാസം നീട്ടി വലിച്ച് വിട്ട് ഇന്ദ്രയും ആ ഉദ്യമത്തിലേക്ക് കടന്നു...... കാശ് കൊടുത്തിറങ്ങുമ്പോൾ ഭദ്രന്റെ കയ്യിൽ ഒരു കവറുണ്ടായിരുന്നു .... അത് അനന്തുവിനാണെന്ന് ഊഹിക്കാൻ അവൾക്കധിക സമയമൊന്നും വേണ്ടി വന്നില്ല....... തിരികെ വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് കിടക്കുന്ന കാർ കണ്ട് ഇന്ദ്ര സംശയത്തോടെ നിന്നു... """ഇതാരുടെയാ??""" മറുപടി പറയാതെ അകത്തേക്ക് പാഞ്ഞ ഭദ്രന് പിന്നാലെ അവളും ഓടി......

ഹാളിലെ സോഫയിൽ പത്തമ്പത്തഞ്ച് വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്നൊരു സ്ത്രീയും , പുരുഷനുമുണ്ടായിരുന്നു.... അവർക്കരികിലായി അനന്തുവും....... ഭദ്രനെയും , ഇന്ദ്രയെയും കണ്ടവർ പുഞ്ചിരിയോടെ എഴുന്നേറ്റു..... """അലക്സിച്ഛനെന്താ ഇവിടെ??""" """അതെന്നാ ചോദ്യമാടാ?? നീയുള്ളിടത്തേക്ക് വരാൻ ഞങ്ങൾ പ്രത്യേകം ടിക്കറ്റ് വല്ലോം എടുക്കണോ?? അല്ല.. അങ്ങനെ എന്നായെങ്കിലും ഉണ്ടേൽ പറ.... അതങ്ങ് എടുത്തേക്കാം...""" """നിങ്ങളൊന്ന് ചുമ്മാതിരി മനുഷ്യാ......വെറുതേ എന്റെ കൊച്ചിനെ കളിയാക്കാതെ..."""" കൂടെയുള്ള സ്ത്രീ കൈമുട്ടു കൊണ്ടയാളെ ഒന്ന് തട്ടി ഇന്ദ്രയ്ക്കടുക്കലേക്ക് വന്ന് നിന്നു..... """മോൾക്ക് ഞങ്ങളെ അറിയാവോ?? ഇവൻ പറഞ്ഞിട്ടുണ്ടോ???"""

"""സാറിനെ അറിയാം.... അനന്തു പറഞ്ഞ് തന്നിട്ടുണ്ട്.......""" """സാറോ?? ദേ.... ഈ നിക്കുന്നവനെ ഞങ്ങടെ മോനാ....അങ്ങനെ വരുമ്പോ നീ ഞങ്ങൾക്ക് മോളും..... അതുകൊണ്ട് സാറും , മാഡവുമൊന്നും വേണ്ട....."""" """ഡാ കൊച്ചനേ.... നീ ഇവളെ മിന്ന് കെട്ടിയ വിവരം നിന്റെ കെട്ട് കഴിഞ്ഞേച്ചാ ഞങ്ങളെ അറിയിച്ചത്... അത് പോട്ടേ....കെട്ടിയ കൊച്ചിനെ ഞങ്ങളെ ഒന്ന് കാണിക്കാൻ പോലും തോന്നിയില്ലല്ലോടാ ....!!!! """ """ഓരോ തിരക്കിലായി പോയി റീനാമ്മേ....""" ഭദ്രൻ തെറ്റ് ചെയ്ത കണക്കെ അവരെ നോക്കി തല ഉഴിഞ്ഞു.... """ഉവ്വ്.. ഉവ്വ്....""" """എന്നാ ഞങ്ങൾ ഇറങ്ങിയേക്കുവാ..... മോളെ ഒന്ന് കാണാനായി വന്നതാ....... നാളെ തന്നെ രണ്ട് പേരും വീട്ടിലേക്ക് വന്നേക്കണം... മൂന്ന് നാല് ദിവസം അവിടെ നിന്നേച്ച് തിരിച്ച് പോരാം....

ഡാ നിന്നോടും കൂടിയാ......"""" അലെക്സിച്ചായൻ മുഷ്ഠി ചുരുട്ടി അനന്തുവിന്റെ വയറിൽ വേദനിപ്പിക്കാതൊന്ന് കുത്തി...... ശേഷം വലത്തേ കയ്യിൽ കരുതിയിരുന്ന പേപ്പറുകൾ അടങ്ങിയ കവർ മേശയ്ക്ക് മുകളിൽ വച്ച് ഇടത് കയ്യിലെ താക്കോൽ കൂട്ടം ഭദ്രന്റെ ഷർട്ടിന് പോക്കറ്റിൽ ഇട്ട് കൊടുത്തു...... """"നാളെ മുതൽ സൂപ്പർമാർക്കറ്റിൽ കയറിയേക്കണം ..... ഇനി മുതൽ അത് നിന്റെയാ..... കുറേ കാലം ആയില്യോ എന്റെ നിഴലായി നടക്കുന്നു..... മതി....... ഇനിയങ്ങോട്ട് സ്വന്തമായിട്ടെന്നതേലും ഒക്കെ വേണം ജീവിക്കാൻ ....""" ഭദ്രൻ തിടുക്കത്തിൽ പോക്കറ്റിൽ നിന്നും ചാവി എടുക്കാൻ തുനിഞ്ഞതും അലക്സി അവന്റെ കയ്യിൽ പിടിച്ച് തടഞ്ഞു......

"""തിരിച്ചേൽപ്പിക്കാനാന്നേൽ വേണ്ട..... അലെക്സി ഇന്നീ നിലയിൽ എത്തിയത് മുന്നിൽ നീയൊരുത്തൻ ഉള്ളത് കൊണ്ടാ..... ഇതു വരെ നിനക്ക് വേണ്ടി ഒന്നും ചെയ്ത് തരാൻ എനിക്ക് കഴിഞ്ഞിട്ടില്ല..... നീയായിട്ടൊന്നും ആവശ്യപ്പെട്ടിട്ടുമില്ല.....""" """പ്രത്യുപകാരമാണോ ഇച്ചായാ???"" """അല്ല.....ഒരപ്പൻ മോന്റെ നന്മയ്ക്ക്‌ ചെയ്ത് തരുന്നതായി കണക്കാക്കിയാൽ മതി... ഇപ്പൊ തന്നെ എന്നോടുള്ളതിനേക്കാൾ വൈരാഗ്യം പലർക്കും നിന്നോടുണ്ട്..... നിനക്കെന്നതേലും സംഭവിച്ചിട്ട് പിന്നെ ഞാനെങ്ങനെയാടാ.....?? അതുകൊണ്ട് നാളെ മുതൽ കടേൽ കയറിക്കോളണം..... തല്ലും വഴക്കുമൊന്നും വേണ്ട... കേട്ടല്ലോ.........""" """ഹോ.. കർത്താവിന് സ്തുതി...... ഇപ്പോഴേലും നിങ്ങൾക്ക് വെളിപാട് വന്നല്ലോ....."""

റീനാമ്മ നെഞ്ചിൽ കൈ വച്ച് കുരിശ് വരച്ചു.... പിന്നീട് യാത്ര പറഞ്ഞവർ തിരികെ മടങ്ങി........ """ചേച്ചി.... ഇങ്ങ് വാ... ഒരു സാധനം കാണിച്ച് തരാം.....""" ""എന്താടാ....??""" ഇന്ദ്രയെ വലിച്ച് അനന്തു അടുക്കളയിലേക്ക് നടന്നു...... അവിടെ ഗ്യാസ് അടുപ്പ് മുതൽ ആവശ്യമായ എല്ലാ സാധനങ്ങളും നിരന്നിരിക്കുന്നത് കണ്ടവൾ അത്ഭുതപ്പെട്ടു.... """ഇതൊക്കെ എപ്പോ???""" """ചേച്ചി പോയതിന് ശേഷം...""" ""ആരാ കൊണ്ടു വന്നേ???"" """അണ്ണൻ... അല്ലാതാര്.....""" മുറിയിലെ കിടക്കയിൽ കണ്ണുകളടച്ച് ഇരിക്കുന്ന ഭദ്രനരികിൽ ചെന്ന് ഇന്ദ്ര മുരടനക്കി..... അവൻ കണ്ണുകൾ തുറന്ന് അവൾക്ക് നേരെ എന്തെന്ന ഭാവത്തിൽ പുരികം കൂർപ്പിച്ചു..... """എന്തിനാ അതൊക്കെ വാങ്ങിയത്???""" """ഇപ്പൊ വാങ്ങിയതായോ കുറ്റം?? നീയല്ലേ അതില്ലാ ഇതില്ലാന്നും പറഞ്ഞ് ഇവിടെ കിടന്ന് തൊണ്ട പൊളിക്കാറ്......""" """നിങ്ങളോട് ചോദിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.....

. മ്മ്ഹ്......""" പിന്തിരിഞ്ഞ് നടക്കാനൊരുങ്ങിയ ഇന്ദ്രയുടെ കൈ തണ്ടയിൽ ഭദ്രൻ പിടിത്തമിട്ടു...... ""സോറി........""" ഇന്ദ്ര തറഞ്ഞ് നിന്ന് കണ്ണിമയ്ക്കാതെ ഭദ്രനെ നോക്കി..... """ഇന്നലെ അലെക്സിച്ഛന്റെ ഓഫീസിൽ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു.....അതിന്റെ ടെൻഷനില് നിക്കുമ്പോഴാ നീ വന്ന്..... അതാ ദേഷ്യപ്പെട്ടത്.......""" ഇന്ദ്രയ്ക്ക് മുഖം നൽകാതെ എതിർവശത്തേക്ക് തിരിഞ്ഞിരിക്കുന്ന ഭദ്രനെ അവൾ അവിശ്വസനീയമായി നോക്കി..... പിന്നീട് പതിയെ കുനിഞ്ഞ് അവന്റെ മുഖത്തോട് മുഖം ചേർത്തു.... തന്നിലേക്കെന്തോ അടുത്ത് വന്ന തോന്നലോടെ ഭദ്രൻ തല ചെരിച്ച നിമിഷം ഒരിഞ്ച് പോലും അകലമില്ലാത്ത ഇന്ദ്രയുടെ മുഖം കണ്ടവൻ ഞെട്ടി പിടഞ്ഞ് പിന്നോട്ടേക്കാഞ്ഞു.... """എന്താടി???"'' """സ്വബോധത്തിലാണോന്ന്‌ ടെസ്റ്റ്‌ ചെയ്തതാ......."""................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story