എന്നും എപ്പോഴും: ഭാഗം 15

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

തന്നിലേക്കെന്തോ അടുത്ത് വന്ന തോന്നലോടെ ഭദ്രൻ തല ചെരിച്ച നിമിഷം ഒരിഞ്ച് പോലും അകലമില്ലാത്ത ഇന്ദ്രയുടെ മുഖം കണ്ടവൻ ഞെട്ടി പിടഞ്ഞ് പിന്നോട്ടേക്കാഞ്ഞു.... """എന്താടി???"'' """സ്വബോധത്തിലാണോന്ന്‌ ടെസ്റ്റ്‌ ചെയ്തതാ.......""" """എന്റെ ബോധത്തിന് യാതൊരു കുറവുമില്ല....ഒട്ടാതെ മാറി നിക്കങ്ങോട്ട്...."" """അങ്ങനെയിപ്പോ ഞാൻ മാറുന്നില്ല....""" ഇന്ദ്ര ഭദ്രനരികിൽ , അവനോട് ചേർന്നിരുന്നു..... """നിങ്ങളെന്തിനാ ഇങ്ങനെ വെട്ട്പോത്തിന്റെ സ്വഭാവമെടുക്കണത്......?? ഒരു നീർക്കുമിളേടത്ര ആയുസ്സെ മനുഷ്യനീ ഭൂമിയിലുള്ളൂ...... ഒരാളോട് ഇത്തിരി സൗമ്യമായി , സ്നേഹത്തോടെ സംസാരിച്ചെന്ന് കരുതി ആകാശം ഇടിഞ്ഞു വീഴത്തൊന്നും ഇല്ല......""" """ഞാൻ നിന്നോട് ആദ്യേ പറഞ്ഞു എന്നെ ഉപദേശിക്കാനോ , നന്നാക്കാനോ മെനക്കെടരുതെന്ന്......""" """അതിനാര് മെനക്കെടുന്നു......??ചാവണത് വരെ നിങ്ങൾടെ ഈ മൂരാച്ചി സ്വഭാവം സഹിച്ച് ജീവിക്കണല്ലോന്ന് ഓർത്തപ്പോ അറിയാണ്ട് പറഞ്ഞ് പോയതാ......""" '''''ആര് പറഞ്ഞു എന്നെ സഹിക്കാൻ???ഇറങ്ങി പൊയ്ക്കോ എങ്ങോട്ടാന്ന് വച്ചാൽ..... മനുഷ്യനിത്തിരി സമാധാനം കിട്ടുവല്ലോ......"""

"""രാവിലെ എന്നെ കാണാണ്ടിരുന്നപ്പോ പിന്നെ താൻ എന്ത് കോപ്പിനാടോ എന്നെ തിരഞ്ഞ് വന്നത്???മനസമാധാനം കിട്ടുവല്ലോന്ന് കരുതി ഇവിടെ അടങ്ങി ഇരുന്നാൽ പോരായിരുന്നോ??? """" """അ.. അത്.........""" ഭദ്രൻ ഇരുന്ന് വിക്കിയപ്പോൾ ഇന്ദ്ര അവന് നേരെ നെറ്റി ചുളിച്ചു..... """ഏത്???"""" ഉത്തരംമുട്ടി ചൊടിയോടെ എഴുന്നേറ്റ് പോകാനൊരുങ്ങിയതും ഇന്ദ്ര ഇരു കൈകളാൽ ഭദ്രന്റെ വയറിലൂടെ ചുറ്റി പിടിച്ചാ നെഞ്ചിലേക്ക് തല ചായ്‌ച്ചു..... ഇന്ദ്രയെ പിടിച്ചു മാറ്റാൻ ആവുന്നത്ര ശ്രമിച്ചിട്ടും സാധിക്കാതെ വന്നപ്പോൾ ഭദ്രൻ അടങ്ങി..... അവളെ ശ്രദ്ധിക്കാതെ എന്തൊക്കെയോ ചിന്തകളിലേർപ്പെട്ട് ജനലഴികളിലൂടെ വെളിയിലേക്ക് കണ്ണ്നട്ടു..... ഇന്ദ്രയ്ക്ക് മനസ്സിന് വല്ലാത്തൊരു കുളിരു തോന്നി..... അവൾ പുഞ്ചിരിയോടെ തല ചെരിച്ച് കണ്ണുകളുയർത്തി ഭദ്രനെ നോക്കി...... """ഇടയ്ക്ക് നിക്ക് തോന്നും നിങ്ങൾക്കെന്നെ ഇഷ്ടമാണെന്ന്....

ഇടയ്ക്ക് തോന്നും ഈ ലോകത്ത് നിങ്ങളേറ്റവും കൂടുതൽ വെറുക്കണത് എന്നെയാണെന്ന്......""" ഇന്ദ്ര നെടുവീർപ്പോടെ ചുണ്ട് ചുളുക്കി ... """ന്റെ അച്ഛൻ പോയതിന് ശേഷം ഒന്ന് ചേർന്ന് നിൽക്കാൻ ഇതുപോലൊരു തണൽ ഞാൻ എത്ര കൊതിച്ചിട്ടുണ്ടെന്നോ ......??? പല കാര്യങ്ങൾക്കും അമ്മൂട്ടിയെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുമ്പോഴും അത് പോലെ ആരെങ്കിലും എന്നെയൊന്ന് തലോടാൻ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചിട്ടുണ്ട്.......""" അവൾ നിറകണ്ണുകളോടെ ഭദ്രന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി....... ഭദ്രൻ നിസ്സംഗതയോടെ ചൊടികൾ ചുളിച്ചു..... എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാ എന്റെ അമ്മ മരിക്കുന്നത്...... അല്ല... അച്ഛൻ അമ്മയെ കൊന്നത്..... അന്നെന്റെ അമ്മ എട്ട് മാസം ഗർഭിണിയായിരുന്നു..... അച്ഛന് നാട്ടിൽ മറ്റൊരു ഭാര്യയുള്ള കാര്യമൊന്നും അമ്മയ്ക്ക് അറിവില്ല.... ആരോ വഴി കാര്യങ്ങളെല്ലാം അറിഞ്ഞപ്പോ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ വിഷമം കൊണ്ടും ,

ദേഷ്യം കൊണ്ടും അമ്മ അയാളോട് കയർത്ത് സംസാരിച്ചു.... ഞങ്ങളെയും കൊണ്ട് ചന്ദ്രമംഗലത്തേക്ക് വരും എന്ന് പറഞ്ഞതിനാ അയാൾ........ എന്റെ കൺമുന്നിൽ വച്ച്............. വാക്കുകൾ ഇടറി..... ചുണ്ടുകൾ വിറ പൂണ്ടു.... പല്ലുകൾ ഞെരിച്ചമർത്തി ഭദ്രൻ വിദൂരതയിലേക്ക് മിഴികൾ നീട്ടി...... നെറുകിൽ കണ്ണുനീർ ഇറ്റ് വീഴുന്നതറിഞ്ഞ് ഇന്ദ്ര മുഖമുയർത്തി ഭദ്രനിലേക്ക് മാത്രമായി നോട്ടമെയ്തു..... നിശബ്ദതയുടെ മതിലുകൾ നിമിഷ നേരത്തേക്ക് ഇരുവർക്കുമിടയിലെ വാക്കുകളെ തടഞ്ഞു നിർത്തി......... """അമ്മയുടെ മരണം അയാൾ കാശ് കൊടുത്തൊതുക്കി തീർത്തു.... ഞാനൊരു ബാധ്യതയായപ്പോൾ കൂടെ കൂട്ടി.... ഇവിടെ വന്നപ്പോ ഇളേമ്മയുണ്ടായിരുന്നു...... പക്ഷേ അയാളെ പേടിച്ച് ഇളേമ്മയ്ക്കെന്നെയൊന്ന് സ്നേഹത്തോടെ നോക്കാൻ പോലും ഭയമായിരുന്നു...... നാട്ടുകാർക്കിടയിലേക്കിറങ്ങിയാൽ പുച്ഛം......

ആർക്കോ എവിടെയോ ഉണ്ടായ അവിഹിത സന്തതിയോടുള്ള അവജ്ഞ.... വെറുപ്പ്........ സുഹൃത്ത്ക്കളില്ലാതെ .... സ്വന്ത ബന്ധങ്ങളില്ലാതെ പരിഹസിക്കപ്പെട്ടും , അവഗണിക്കപ്പെട്ടും അമ്മയെ കൊന്നവന്റെ സംരക്ഷണത്തിൽ ഞാൻ നീറി നീറി ജീവിച്ചു...... അന്നയാൾ ഇളേമയെ കൊല്ലാൻ നോക്കിയപ്പോ എനിക്കോർമ്മ വന്നതെന്റെ അമ്മയെ അയാൾ ഉപദ്രവിച്ചതാ.... കൊന്നു......... യാതൊരു ഭയവും കൂടാതെ...... വീണ്ടും ജീവിതം ഇരുട്ടിലായി....... ജയിലിന്നിറങ്ങിയപ്പൊ ഇളേമയുണ്ടായിരുന്നു...... അമ്മയുടെ സ്ഥാനത്ത് തന്നെയാണ്‌ കണ്ടിരുന്നതെങ്കിലും അയാൾ പടുത്തുയർത്തിയ മുറ്റത്തേക്ക് വീണ്ടും കയറാൻ മനസ്സനുവദിച്ചില്ല.... എവിടെയൊക്കെയോ തെണ്ടി തിരിഞ്ഞു... പട്ടിണി കിടന്നു...... പലരുടെയും ആട്ടും തുപ്പുമേറ്റ് ഏതൊക്കെയോ ഹോട്ടലുകളിൽ എച്ചില് വാരിയും , പാത്രം കഴുകിയും ജീവിച്ചു... യാദൃശ്ചികമായിട്ടാണ്‌ അലെക്സിച്ഛനെ കണ്ട് മുട്ടിയത്....

അറപ്പോടെയും , അവജ്ഞയോടെയും അല്ലാതെ ആദ്യമായൊരപരിചിതൻ വാത്സല്യത്തോടെ ചേർത്ത് നിർത്തി...... ഇച്ഛനൊരു മോനുണ്ടായിരുന്നു...... രണ്ടോ മൂന്നോ വയസ്സുള്ളപ്പോ എന്തോ അസുഖം വന്ന് മരിച്ച് പോയതാ..... ആ സ്ഥാനത്തായിരുന്നു റീനാമ്മയും , അലെക്സിച്ഛനും എന്നെ കണ്ടിരുന്നത്... ജീവിതം തന്നെ വെറുത്ത് പോയവന് , പ്രതീക്ഷികളൊന്നും ഇല്ലാത്തവന് ചാവാനാണോ ഭയം......!! കൊണ്ടും കൊടുത്തും നിഴല് പോലെ അലക്സിച്ഛനൊപ്പം കൂടി.... വെറും മൂന്ന് വർഷത്തെ ജീവിതം നിന്നെ ഒറ്റപ്പെടുത്തിയെങ്കിൽ.... വേദനിപ്പിച്ചെങ്കിൽ....... ഭദ്രൻ ഒന്ന് നിർത്തി ദീർഘമായി നിശ്വസിച്ചു..... അവന്റെ മിഴികളിൽ പടർന്ന ചുവപ്പാ നിമിഷവും മാഞ്ഞിട്ടില്ലായിരുന്നു.... ഇന്ദ്ര കണ്ണീരോടെ ഭദ്രന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു.......... """ഞാൻ അറിയാതെയാ... അന്നൊക്കെ... അങ്ങനെ........ പറഞ്ഞു പോയതൊന്നും തിരിച്ചെടുക്കാൻ കഴിയില്ലാന്നറിയാ..... ന്നാലും.....

ന്നാലും ന്നോട് ക്ഷമിച്ചൂടെ....?? ഇനിയൊരിക്കലും ഞാൻ അങ്ങനെയൊന്നും പറയില്ല..... വേദനിപ്പിക്കില്ല........ സത്യം..........""" ഇന്ദ്രയുടെ കണ്ണുനീർ ഭദ്രന്റെ ഷർട്ട് നനച്ചു ....... ഏതോ ഓർമയിൽ അവളെ പുണരാൻ കൈകൾ ഉയർത്തിയ ഭദ്രൻ പിന്നീടത് വേണ്ടെന്ന് വച്ച് അവ കുടഞ്ഞെറിഞ്ഞു ..... വീണ്ടും വീണ്ടും ശബ്‌ദിക്കുന്ന ഇന്ദ്രയുടെ തേങ്ങലുകൾ ഭദ്രനെ അസ്വസ്ഥതപ്പെടുത്തി തുടങ്ങിയപ്പോൾ അവൻ മടിയോടെ ഒരു കൈ ഉയർത്തി ഇന്ദ്രയുടെ നെറുകിൽ മെല്ലെ തലോടി...... ""'ക.....കരയണ്ട....""" വാക്കുകൾ കനമേറിയതായിരുന്നെങ്കിലും ഇന്ദ്രയ്ക്കുള്ളിലെ മുറിവുകളെ അവ സുഖപ്പെടുത്തി..... അല്പ നിമിഷത്തിന് ശേഷം ഭദ്രന്റെ നെഞ്ചിൽ മൂക്കിട്ടുരസ്സി ഇന്ദ്ര കണ്ണുകൾ തുടച്ച് അവനിൽ നിന്നും അടർന്നു മാറി....... """ആരാ ഈ ജാനകി,.....???"" """ഏത് ജാനകി.......??""" """നിങ്ങൾക്കെത്ര ജാനകിമാരെ അറിയാം??""" """എനിക്കൊരുപാട് ജാനകിമാരെ അറിയാം... അതിലാരെയാ നിനക്കറിയുന്നതെന്ന് എനിക്കറിയില്ല.....""" """ഞാൻ ഉദ്ദേശിച്ചത് ഈ നാട്ടിലെ ജനകീനെയാ...ഏതോ ഒരു കൊല്ലന്റെ മോള്....

അവളും നിങ്ങളും തമ്മിൽ ന്താ ബന്ധം???'''''' ഗൗരവപ്പൂർവ്വം മുഖം ചുളിച്ച ഇന്ദ്രയെ ഭദ്രൻ തറപ്പിച്ച് നോക്കി...... """ഓ ജാനകി...... നമ്മുടെ ജാനി... അങ്ങനെ പറ....... നീയപ്പോ കണ്ട് ജാനിയെ???""" അവന്റെ വാക്കുകളിൽ ഇന്ദ്രയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു """ജാനിയാ!!!!!! ഞാൻ കണ്ടൊന്നുല്ല.... എന്നോടൊരു സ്ത്രീ പറഞ്ഞതാ....'''''' ഇന്ദ്ര അരിശത്തോടെ ചുണ്ട് ചുളുക്കി... """എന്ത്???""" """അത്...... നിങ്ങള് അവൾടെ വീട്ടിലാ കിടപ്പെന്ന്.......""" """എന്നിട്ട് നീയെന്ത് പറഞ്ഞു????""" """ഞാനൊന്നും പറഞ്ഞില്ല......"""" """നന്നായി.... ഞാൻ കരുതി നീ ജാനിയെ കണ്ട് കാണുമെന്ന്......""" """കാണാൻ മാത്രം എന്തിരിക്കുന്നു????""" ഇന്ദ്ര കെറുവിച്ച് കൊണ്ട് പുച്ഛത്തിൽ ചുണ്ട് കോട്ടി...... """എന്തിരിക്കുന്നൂന്നോ.....എന്ത് സുന്ദരിയാണെന്നറിയുവോ പെണ്ണ്?? നിന്നെ പോലെ ഇരുണ്ടിട്ടൊന്നും അല്ല...... വെളുത്ത് തുടുത്ത് ഹോ.... കാണാൻ തന്നെ എന്താ ഒരു ചേല്.....""

ഇന്ദ്ര തന്റെ കൈകൾ രണ്ടും നീട്ടി പിടിച്ച്‌ അവയിലേക്ക് മാറി മാറി നോട്ടമെയ്തു... ശേഷം ഭദ്രനെ നോക്കി ദഹിപ്പിച്ചു....... """കൊറേ വെളുപ്പുണ്ടായാൽ ഭംഗിയുണ്ടാകും എന്നാണോ??? ഞങ്ങളെ പോലുള്ള കറുത്തവർക്കൊന്നും ഈ നാട്ടിൽ ജീവിക്കണ്ടേ???? വെള്ള നിറം എന്നാ സൗന്ദര്യത്തിനടിസ്ഥാനമായി മാറിയത്???? പറയെടോ.........""" ഉച്ചത്തിൽ ശബ്‌ദിച്ചവൾ ഭദ്രന്റെ നെഞ്ചിൽ ആഞ്ഞ് കുത്തി.... """ഹൌ.... നിനക്കെന്താടി ഭ്രാന്തായോ?? എന്റെ മേല് നൊന്താൽ ഒന്നങ്ങോട്ട് തരും ഞാൻ........"""" """ഓ പിന്നെ.... എന്റെ കൈ മാങ്ങാ പറിക്കാൻ പോകും...... സത്യം പറ.... അവളെ ഇത്ര കണ്ടങ്ങ് വർണ്ണിക്കാൻ അവളാരാ നിങ്ങടെ??? നിങ്ങൾ തമ്മിലെന്താ ബന്ധം???''''''' """എന്റെ എല്ലാ കാര്യങ്ങളും ഇപ്പൊ നിന്നോട് പറയണമെന്നുണ്ടോ?? ഒന്ന് പറയാം... അവള് നല്ല കുട്ടിയാ.... എല്ലാം ഒത്തിണങ്ങിയ പെണ്ണ്..... നല്ല സ്വഭാവം..... സൗന്ദര്യം.... പിന്നെ മുടി.....

നിന്റെ കണക്കെ ഇങ്ങനെ ചകിരി പോലെ ചുരുണ്ടിട്ടൊന്നും അല്ല... നല്ല മിനുസ്സമുള്ള മുടി.... അതും യക്ഷിയെ പോലെ മുട്ടോളമൊന്നും ഇല്ല.... ദേ ഇവിടെ വരെ........""" ചുമലിൽ കൈ വച്ച് ഭദ്രൻ നേർത്തൊരു മന്ദഹാസത്തോടെ പറഞ്ഞു.... ഇന്ദ്ര ദേഷ്യം കൊണ്ട് വിറഞ്ഞ് തുള്ളി..... കിടക്കയിൽ നിന്നും ചാടിയിറങ്ങി കൈ ചുരുട്ടി ഭദ്രന്റെ ചുമലിൽ ആഞ്ഞ് പ്രഹരിച്ച് അവന്റെ തല മുടിയിൽ പിടിച്ച് വലിച്ചു........ """എന്നാ പിന്നെ നിങ്ങൾക്ക് അവളെ കെട്ടിയാൽ പോരായിരുന്നോ..... എന്തിനാ എന്നെ..............???"""""" വാക്കുകൾ അവസാനിപ്പിക്കും മുന്നേ ചൊടികൾ വിതുമ്പി.... മിഴികോണിൽ നീർ കണികകൾ ഉരുണ്ട് കൂടി...... """"അതല്ലേ നിന്നോട് ഈ വിവാഹത്തീന്ന് പിന്മാറാൻ ഞാൻ പറഞ്ഞത്.... നീ കേൾക്കാത്തതിന് ഞാനെന്ത് പിഴച്ചു??? ഹാ... ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ലല്ലോ.........""" "''എങ്കിൽ ഞാൻ ഒഴിവായേക്കാം.... താൻ അവളെ കെട്ടിക്കോ.......''''

""നൂറ് വട്ടം സമ്മതം........."" ഇന്ദ്ര കോപത്തോടെ നിന്ന് കിതച്ചു....... ഒന്നും മിണ്ടാതെ അവനിൽ നിന്നും മുഖം വെട്ടിച്ച് നേരെ അനന്തുവിനരികിൽ ചെന്നിരുന്നു......... """എന്താ ചേച്ചി?? വീണ്ടും അടി കൂടിയോ???""" മറുപടിയായവൾ അനന്തുവിനെ നോക്കി ചുണ്ട് പിളർത്തി....... പെട്ടന്നെന്തോ ഓർത്ത കണക്കെ അവനരികിലേക്ക് നിരങ്ങി നീങ്ങിയിരുന്നവൾ സ്വകാര്യമായി ചോദിച്ചു.... """"നിനക്കൊരു ജാനകിയെ അറിയുവോ??? ഏതോ ഒരു കൊല്ലന്റെ മോള്???""" """പിന്നേ.... നമ്മുടെ വാസുവേട്ടന്റെ മോള്.....""" അവനറിയാമെന്ന് മനസ്സിലായപ്പോൾ ഇന്ദ്രയിൽ ആവേശം കൂടി... """ആളെങ്ങനെയാ???""" """പാവാ... ഒരു സാധു...."""" ഇന്ദ്ര അവനെ തറപ്പിച്ചൊന്ന് നോക്കി.... """എന്താ ചേച്ചി????""" """"ഒന്നുല്ല.... എവിടെയാ അവൾടെ വീട്....??""" """നമ്മുടെ കലുങ്കിലേക്ക് കയറണ ഇടവഴി വലത്തോട്ട് തിരിഞ്ഞാൽ ജാനകി ചേച്ചീടെ വീടാ...""" """നിന്റെ അണ്ണൻ അവിടെ പോകാറുണ്ടോ??"""

"""എന്റെ അറിവിൽ ഇല്ല.... പക്ഷേ...."""" """പക്ഷേ....???""" ഇന്ദ്രയിൽ ആകാംഷയേറി...... """അവര് വല്യ കൂട്ടാ...... ഇടയ്ക്ക് കണ്ട് സംസാരിക്കുന്നതൊക്കെ കാണാറുണ്ട്... എനിക്കും വല്യ ഇഷ്ടാ ചേച്ചിയെ... പാവമാണ് ... ഒരുപാട് കഷ്ടപ്പെടുന്നുണ്ട്..... ഇടയ്ക്ക് അണ്ണനെ എല്ലാരും ചേർന്ന് കളിയാക്കുവായിരുന്നു അണ്ണനും ജാനകി ചേച്ചിയും തമ്മിൽ ലബ്ബാണെന്ന് പറഞ്ഞ്...."""" അനന്തു നാണത്തോടെ ചൂണ്ട് വിരലിൻ തുമ്പ് കടിച്ചു..... ഇന്ദ്ര സമ്യംനം പാലിച്ച് കണ്ണടച്ച് ശ്വാസം ആഞ്ഞ് വലിച്ച് വിട്ട് ചോദ്യങ്ങൾ വീണ്ടും തുടർന്നു """അപ്പൊ അങ്ങേരെന്ത് പറയും??""' '"""എപ്പോഴത്തെയും പോലെ നോക്കി പേടിപ്പിക്കും.... അല്ലെങ്കിൽ ദേഷ്യത്തോടെ രണ്ട് ചാട്ടം ചാടും....""" """അവൾടെ ഒരു രീതി എങ്ങനെയാ..നിന്റെ അണ്ണനോട്....."""??? """ഞാൻ പറഞ്ഞില്ലേ അവര് വല്യ കൂട്ടാ.... പിന്നെ അണ്ണനെ ആരാ ഇഷ്ടപ്പെടത്തെ?? എന്റെ അണ്ണൻ സുന്ദരനല്ലേ.... ആ താടിയും , മീശയും.... ഏത് പെണ്ണും മൂക്കും കുത്തി വീഴും.....""""

"""വീഴ്ത്തി തരാം ഞാൻ എല്ലാത്തിനെയും....""" പെട്ടന്നുയർന്ന ഇന്ദ്രയുടെ ശബ്ദവും , മാറി വന്ന അവളുടെ മുഖഭാവവും കണ്ട് അനന്തു അമ്പരന്നു...... അനന്തുവിനെ നോക്കി പല്ല് കടിച്ച് ഇന്ദ്ര അകത്തേക്ക് കയറിയതും എതിരെ വന്ന ഭദ്രനുമായി കൂട്ടി മുട്ടി..... """കണ്ണ് കണ്ടൂടെ നിനക്ക്???"""" """ഇല്ലടോ... ഞാൻ അന്ധയാ... എന്തേയ്??""" അവന്റെ നെഞ്ചിൽ കൈവച്ച് ആഞ്ഞ് തള്ളി മാറ്റി ഇന്ദ്ര മുറു മുറുപ്പോടെ ചവിട്ടി മെതിച്ച് മുറിയിലേക്ക് പോയി...... """ഈ ചേച്ചിക്കിത് എന്ത് പറ്റി .....???""" അവൾ പോയ വഴിയേ കണ്ണും നട്ട് നിന്ന അനന്തുവിന് മുന്നിൽ ഭദ്രൻ വിരൽ ഞൊടിച്ചു....... """പോയി ആ പെണ്ണിനെ വിളിച്ചോണ്ട് വാ....""" """ഏത് പെണ്ണിനെ??""" """ഇന്ദ്രേടെ അനിയത്തി അമ്മൂട്ടിയെ....""" അനന്തു അനുസരണയോടെ തല കുലുക്കി പുറത്തേക്കിറങ്ങി..... """ഡാ... ഉള്ളോട്ട് കയറിയാൽ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും.... ആ മതിലിന്റരികിൽ നിന്ന് ഞാൻ വിളിക്കുന്നെന്ന് പറഞ്ഞാൽ മതി......""" നടന്നു പോകുന്നവനെ നോക്കി ഭദ്രൻ ഉറക്കെ വിളിച്ച് പറഞ്ഞു..................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story