എന്നും എപ്പോഴും: ഭാഗം 16

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""പോയി ആ പെണ്ണിനെ വിളിച്ചോണ്ട് വാ....""" """ഏത് പെണ്ണിനെ??""" """ഇന്ദ്രേടെ അനിയത്തി അമ്മൂട്ടിയെ....""" അനന്തു അനുസരണയോടെ തല കുലുക്കി പുറത്തേക്കിറങ്ങി..... """ഡാ... ഉള്ളോട്ട് കയറിയാൽ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും.... ആ മതിലിന്റരികിൽ നിന്ന് ഞാൻ വിളിക്കുന്നെന്ന് പറഞ്ഞാൽ മതി......""" നടന്നു പോകുന്നവനെ നോക്കി ഭദ്രൻ ഉറക്കെ വിളിച്ച് പറഞ്ഞു...... ""ശ്.... ശ്.........."" ചന്ദ്രമംഗലത്ത് ഉമ്മറ കോലായിലിരുന്ന് പുസ്തകം വായിക്കുകയായിരുന്നു അമ്മു..... ശബ്ദം കേട്ട് ചുറ്റിനും കണ്ണോടിച്ചപ്പോൾ മതിലിനപ്പുറത്ത് നിന്നും എത്തി വലിഞ്ഞ് അവളെ നോക്കുന്ന അനന്തുവിനെ കണ്ടു....... അവൾ തന്നെ കണ്ടെന്ന് മനസ്സിലായപ്പോൾ അനന്തു കൈ നീട്ടി അമ്മൂട്ടിയെ മാടി വിളിച്ചു..... """"ഡീ.... ഇങ്ങോട്ട് വാ........''''" """ന്താ???????""" """നിന്നെ അണ്ണൻ വിളിക്കുന്നു....""" """എന്നെയോ ?? എന്തിനാ??.....""' """അതെനിക്കറിയില്ല... എന്തായാലും ആള് നല്ല ദേഷ്യത്തിലാ..."""

പറഞ്ഞു കൊണ്ടവൻ അമ്മൂട്ടിയെ ഒളി കണ്ണെറിഞ്ഞ് നോക്കി.... അമ്മു വെപ്രാളം പൂണ്ട് നഖം കടിച്ചു... """"ഞാനൊന്നും ചെയ്തില്ലല്ലോ അതിന്???"""" """"ആവോ...!!!! നീ വല്ലോം ഒപ്പിച്ച് കാണും..... വേഗം വാ ....... നേരം വൈകിയാൽ പിന്നെ അതിന് വേറെ കിട്ടും....."""" ദൈന്യതയോടെ ചുണ്ട് ചുളുക്കിയവൾ അനന്തുവിനെ നോക്കി കുറച്ച് നേരം നിന്നു...... ""''എന്നെ നോക്കി നിൽക്കാതെ ഇങ്ങ് വാ പെണ്ണേ........'"'''' സീതമ്മയോട് ഇന്ദ്രയ്ക്കരികിലേക്ക് പോകുകയാണെന്ന് പറഞ്ഞവൾ അനന്തുവിനൊപ്പം ഭദ്രനടുക്കലേക്ക് നടന്നു....... പല തരം ചിന്തകളിലേർപ്പെട്ട് ഉമ്മറ പടിയിൽ കാല് നീട്ടിയിരിക്കുകയായിരുന്നു ഭദ്രൻ...... ഗേറ്റിനരികെ എത്തിയ നിമിഷം ഭദ്രനെ കണ്ട് അമ്മു മുറ്റത്തേക്ക് കടക്കാതെ അവിടെ തന്നെ നിന്ന് പരുങ്ങി.... """"നീയെന്താടി അവിടെ നിന്ന് താളം ചവിട്ടുന്നത്...?? ഇങ്ങോട്ട് കയറി വാ......""""

ശാന്തമായിരുന്നെങ്കിലും ഗൗരവം കലർന്ന ഭദ്രന്റെ ആജ്ഞയിൽ അമ്മുവിന്റെ ഉടലാകെ വിറച്ചു..... ഇട്ടിരുന്ന പാവാടയിൽ കൈകൾ ചുരുട്ടി മുറുക്കി പിടിച്ചവൾ പതിയെ ഉള്ളിലേക്ക് ചുവടുകൾ നീക്കി......... അവളുടെ ചലനങ്ങൾ വീക്ഷിച്ച് അനന്തു ചുണ്ടുകൾ കൂട്ടി പിടിച്ച്‌ നിന്ന് കുലുങ്ങി ചിരിച്ചു..... "'''""ഞാൻ........ഞാനൊന്നും ചെയ്തില്ല ഏട്ടാ ...........""" വിതുമ്പലോടെ ചുണ്ടുകൾ വിടർത്തി പറയുന്നവളോട് ഭദ്രന് അധിയായ വാത്സല്യം തോന്നി ...... """"അതിന് നീ എന്തെങ്കിലും ചെയ്തൂന്ന് ഞാൻ പറഞ്ഞോ????"""" വാക്കുകളിൽ ആ പെണ്ണിന്റെ മിഴികൾ നിറഞ്ഞ് തുളുമ്പി..... അവൾ ഏങ്ങി കൊണ്ട് തറയിലേക്ക് ദൃഷ്ടിയൂന്നി നിന്നു..... """"നീ എന്തിനാ കരയുന്നത്??? കരയാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ......'"""'' """ഏട്ടനെന്നെ വഴക്ക് പറയാൻ വിളിച്ചതല്ലേ ......??? എന്നോട് ദേഷ്യല്ലേ.....??? സത്യായിട്ടും ഞാൻ ഒന്നും ചെയ്തിട്ടില്ല....."""""

ഭദ്രൻ ദീർഘമായി നിശ്വസിച്ച് ഉടനടി അവളെ കടന്ന് പുറത്തേക്കിറങ്ങി....... ബുള്ളറ്റിന്റെ ഹാൻഡിലിൽ തൂക്കിയിട്ട കവർ കയ്യിലേന്തി ഉമ്മറത്തേക്ക് കയറി അതിൽ നിന്നുമൊരു പൊതിയെടുത്ത് അമ്മുവിന് നേരെ നീട്ടി....... '""""ഇത് തരാനാ നിന്നെ വിളിച്ചത്.....അല്ലാണ്ട് വഴക്ക് പറയാനല്ല..... ആ കണ്ണ് തുടയ്ക്ക്........""""" അവസാന വാചകം ആരോടെന്നില്ലാതെ പറഞ്ഞു.... അമ്മു ഭദ്രനെയും , കയ്യിലുള്ള പൊതിയും മാറി മാറി നോക്കി...... ബിരിയാണിയുടെ മണമടിച്ചപ്പോൾ നാവിൻ തുമ്പാൽ ചുണ്ട് നുണഞ്ഞ് പുഞ്ചിരിയോടെ ഏങ്ങി കൊണ്ടവൾ കണ്ണുകൾ അമർത്തി തുടച്ചു...... പെട്ടന്ന് എന്തോ ഓർത്ത കണക്കെ പിന്തിരിഞ്ഞ് അനന്തുവിനെ രൂക്ഷമായി നോക്കി..... '''''ഏട്ടാ........അവനാ എന്നെ പറഞ്ഞ് പറ്റിച്ചത്...... ഏട്ടൻ ദേഷ്യത്തിലാന്നും പറഞ്ഞ് "ന്നെ" പേടിപ്പിച്ചത് ആ ജന്തുവാ........""''' """""ജന്തു നിന്റെ......................""""

ഭദ്രന്റെ നോട്ടത്തിന് മുന്നിൽ ബാക്കി പറയാനായി വന്നതനന്തു അപ്പാടെ വിഴുങ്ങി..... """""എന്താടാ നിർത്തിയത്?? ബാക്കിയും കൂടെ പറയ് .......""""" അമ്മു വീറോടെ പറഞ്ഞു..... അനന്തു അന്താളിപ്പോടെ ഭദ്രനെ നോക്കി.... """"അണ്ണാ... അവള് പറഞ്ഞത് കേട്ടോ??? പൂച്ചയെ പോലെ നിന്നവളാ..... സ്വഭാവം മാറിയത് നോക്ക്....... അവൾക്കിട്ട് രണ്ട് കൊടുക്കണ്ണാ......''"""" അമ്മു ഭീതിയോടെ നിഷ്കളങ്കമായി ഭദ്രനോട്‌ വേണ്ടെന്ന് തലയാട്ടി....... ഭദ്രൻ പുഞ്ചിരി തൂകി...... അമ്മുവിനവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല ....... അവൾ മടിയോടെ കൈ നീട്ടി ചൂണ്ട് വിരലാൽ ഭദ്രനെ ഒന്ന് തൊട്ടു...... അവളിലെ പ്രവർത്തികൾ കണ്ട് ഭദ്രന്റെ ചൊടികൾ വീണ്ടും വിടർന്നു..... അമ്മുവിന്റെ കവിളിൽ ഒന്ന് തലോടി അവനവളെ ചേർത്ത് നിർത്തി...... """അണ്ണാ.........""" അനന്തു അലറി വിളിച്ചു...... """എന്താടാ???""" """"അണ്ണനെന്താ അവളെ ഒന്നും പറയാത്തത്...

അവള് നേരത്തെ എന്നെ വിളിച്ചത് കേട്ടില്ലേ.... ജന്തൂന്ന്......""" """"ആ അത് നിന്റെ കയ്യിലിരിപ്പിന്റെയാ....സഹിച്ചേക്ക്.....""" """"അണ്ണന് ഞാനാണോ അവളാണോ വലുത്.....???എനിക്കിപ്പോ അറിയണം..."""" """"ഞാൻ തന്നെയാ...... ഇതെന്റെ ഏട്ടനാ...."""" അമ്മു അധികാരത്തോടെ ഭദ്രനോടൊട്ടി നിന്നു ....... എങ്കിലും നേർത്ത പരിഭ്രമം അവളെ അപ്പോഴും വലയം ചെയ്യുന്നുണ്ടായിരുന്നു...... അമ്മുവിന്റെ വാക്കുകൾ ഭദ്രന്റെ മനസ്സ് നിറച്ചു..... കണ്ണുകൾ തിളങ്ങി....... അനന്തു നിലത്താഞ്ഞ് ചവിട്ടി..... അവനിൽ ദേഷ്യവും കുശുമ്പും നുരഞ്ഞ് പൊന്തി...... """"അത് നീ മാത്രം പറഞ്ഞാ മതിയോ??""""" അനന്തു അമ്മുവിനെ നോക്കി ചീറി.... """മതിയെടാ മാക്കാനെ ..........'''''' '"""അണ്ണാ.........."""" അവൻ വീണ്ടും അലറി കൂവി ... """ഡാ.... നിന്ന് കൊഞ്ചാണ്ട് കയറി പോടാ....""" "''ഞാൻ പോവാ........"""" """എങ്ങോട്ട്??""" """എങ്ങോട്ടെങ്കിലും......... മ്മ്ഹ്...."""

"""ഡാ അന്തപ്പാ........ ഞാൻ അങ്ങോട്ട് വന്നാൽ നിന്റെ കാലേൽ വാരി നിലത്തടിക്കും... മര്യാദക്ക്‌ കയറി പോ അകത്തേക്ക്......."""" അനന്തു കിതപ്പോടെ ഇരുവരോടും കണ്ണുരുട്ടി കാണിച്ച് അകത്തേക്ക് കയറി പോയി.......... """""ഇതില് അവനുള്ളതും , സീതമ്മയ്ക്കുള്ളതും കൂടെയുണ്ട്....."""" ഭദ്രൻ നീട്ടിയ കവർ വാങ്ങി അമ്മു സന്തോഷത്തോടെ അകത്തേക്കോടി ഇന്ദ്രയെ തിരഞ്ഞു ........ ഹാളിലും അടുക്കളയിലും പരതിയവൾ ഇരുവരുടേയും മുറിക്ക് മുന്നിൽ ചെന്നു നിന്ന് അടഞ്ഞു കിടന്ന വാതിൽ പതിയെ തുറന്ന് അകത്തേക്ക് തലയിട്ടു.... മുന്നിലെ കണ്ണാടിക്ക് മുന്നിൽ നിന്ന് ചെരിഞ്ഞും തിരിഞ്ഞും സ്വയം വിലയിരുത്തുന്ന ഇന്ദ്രയെ സൂക്ഷ്മതയോടെ ഒന്ന് നോക്കിയ ശേഷം അമ്മു ഓടി ചെന്ന് ഇന്ദ്രയെ പിന്നിലൂടെ ഇറുകെ പുണർന്നവളുടെ മുതുകിലേക്ക് തല ചായ്‌ച്ചു....... അമ്മുവിന്റെ അപ്രതീക്ഷിതമായി നീക്കത്തിൽ ഇന്ദ്ര ഞെട്ടി...... """എന്താ മോളെ??? എന്ത് പറ്റി???"""

ഇന്ദ്രയുടെ സ്വരത്തിൽ വേവലാതി കലർന്നു..... """""ചേച്ചി.... ഏട്ടൻ എന്നോട് സംസാരിച്ചു... സ്നേഹത്തോടെ തലോടി.... എന്നെ ചേർത്ത് പിടിച്ചു......"""" അത്യാവേശത്തോടെ അമ്മു പറഞ്ഞു നിർത്തി.... ഇന്ദ്ര പിന്തിരിഞ്ഞ് അവളെ നോക്കി പുഞ്ചിരിച്ചു.... """ചേച്ചിയെന്താ ഇതിന്റെ മുന്നിൽ നിന്ന് തിരിഞ്ഞ് മറിയണത്???""" അമ്മുവിന്റെ ചോദ്യത്തിൽ ഇന്ദ്രയുടെ മുഖം മങ്ങി.... """"എന്നെ കാണാൻ കൊള്ളൂലെ അമ്മൂട്ടീ???"""" """എന്നാര് പറഞ്ഞു???""" """ശിവൻ........""" ഇന്ദ്രയുടെ ചുണ്ടുകൾ പരിഭവത്തിൽ പുറത്തേക്കുന്തി വന്നു..... """എന്റെ ചേച്ചി സുന്ദരിയല്ലേ...... ഏട്ടൻ ചേച്ചിയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാവും... ചേച്ചി വന്നേ........ എനിക്ക് വെശക്കുണൂ......."""" അമ്മു ഇന്ദ്രയെയും വലിച്ച് മുറിക്ക് പുറത്ത് കടന്നു..... ഹാളിലെ മേശയ്ക്ക് മുകളിൽ താടിയിൽ കയ്യൂന്നി അനന്തു ഇരിപ്പുണ്ടായിരുന്നു.... അവന്റെ മുഖത്തെ വിഷാദം കണ്ട് അമ്മു ഊറി ചിരിച്ചു.....

അമ്മുവിനെ കണ്ട നിമിഷം അനന്തു എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു ..... """"നീയെവിടെ പോകുന്നു?? ഇത് കഴിക്ക്....""" """"എനിക്ക് വേണ്ടാ.......""" """വേണ്ടാത്തോര് കഴിക്കണ്ട ചേച്ചി...... നിക്ക് നല്ല വിശപ്പുണ്ട്... അതൂടെ ഞാൻ കഴിച്ചോളാം....... ന്റെ ഏട്ടൻ വാങ്ങീതല്ലേ....."""" ഹാളിന്റെ വാതിൽക്കലെത്തിയ അനന്തു വേഗത്തിൽ തിരികെ വന്ന് കസേരയിൽ ഇരുന്നു...... ശേഷം പാക്കറ്റിലെ ബിരിയാണി മുന്നിൽ എടുത്ത് വച്ച് ആർത്തിയോടെ കഴിച്ച് തുടങ്ങി..... """ഡാ.... പതിയെ കഴിക്ക്.......""" ഇന്ദ്ര വേവലാതിയോടെ അവന്റെ പുറത്ത് തലോടി..... ഇന്ദ്രയെ നോക്കിയൊന്നിളിച്ച ശേഷം അമ്മുവിനെ നോക്കി മുരണ്ട് അനന്തു കഴിപ്പ് തുടർന്നു...... 🌼🌼🌼🌼🌼 വൈകുന്നേരം അലക്സിച്ചായനരികിലേക്ക് പോയ ഭദ്രൻ തിരികെ വീട്ടിലെത്തുമ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരുന്നു...... മുറിയിലേക്ക് കയറിയവൻ വെട്ടം തെളിയിച്ച് ഇന്ദ്രയെ നോക്കി.....

സീലിംഗിലേക്ക് കണ്ണും നട്ട് എന്തൊക്കെയോ ചിന്തകളിലേർപ്പെട്ട് കിടക്കുന്നവളെ കണ്ടവൻ സംശയത്തോടെ മുഖം ചുളിച്ചു...... """നീ ഉറങ്ങിയില്ലേ ഇതുവരെ ????""" """"എന്താ ഞാൻ ഉറങ്ങീട്ട് നിങ്ങൾക്ക് എവിടേക്കെങ്കിലും പോകാൻ ഉണ്ടോ??""" """വേണ്ടാതീനം പറഞ്ഞാൽ ചവിട്ടി താഴെയിടും ഞാൻ........""" അവളെ നോക്കി പല്ല്‌ ഞെരിച്ച് പുതപ്പും , തലയിണയും എടുത്തവൻ പിന്തിരിഞ്ഞു..... "''നിങ്ങളെങ്ങോട്ടാ???""" ""ഞാൻ അപ്പുറത്തെ മുറിയിലുണ്ടാകും....""" """അതെന്താ?? നിങ്ങൾക്ക് വല്ല മാറാവ്യാദിയും ഉണ്ടോ??""" """ഒരു മാറാവ്യാദി എന്റൊപ്പം കൂടീട്ടുണ്ട്... എന്റെ വീട്ടിൽ , എന്റെ മുറിയിൽ , എന്റെ കട്ടിലിൽ കിടപ്പുണ്ട് ആ സാധനം.....""" """ആ... നിങ്ങൾക്കിപ്പോ ഞാൻ ആദിയും വ്യാദിയുമൊക്കെയായി മാറും... എനിക്കറിയാം........"""" ഭദ്രൻ ദേഷ്യത്തിൽ കയ്യിലെ പുതപ്പും തലയിണയും കട്ടിലിലേക്ക് ഊക്കോടെ എറിഞ്ഞ് കിടക്കയ്ക്ക് അറ്റത്തായി വന്ന് കിടന്നു.....

""""പോരേ...???? ഇനിയാ പരട്ട വാ ഒന്ന് പൂട്ടി മിണ്ടാതെ കിടക്ക്.....ഹോ....""" ഇവളെയിട്ട് വെള്ളം കുടിപ്പിക്കാമെന്ന് വിചാരിച്ചാ കൂടെ കൂട്ടിയത് , എന്നിട്ടിപ്പോ ഇവളെന്നെ ആസിഡ് കുടിപ്പിക്കുന്ന അവസ്ഥയിലായി ...... ഭദ്രൻ ആരോടെന്നില്ലാതെ പിറുപിറുത്തു.. """""എന്തെങ്കിലും.....................""" ബാക്കി പറയുന്നതിന് മുന്നേ ഭദ്രൻ ഇന്ദ്രയ്ക്ക് നേരെ ചെരിഞ്ഞ് കിടന്ന് കണ്ണുകളടച്ച് കൈ കൂപ്പി....... ഇന്ദ്ര അവനെ നോക്കി ദഹിപ്പിച്ചിട്ട് എതിർവശത്തേക്ക് ചെരിഞ്ഞ് കിടന്നു.... """നിങ്ങളിത്രയും നേരം എവിടെയായിരുന്നു??""" """മാമ്പള്ളി തറവാട്ടിൽ.....""" """ഡോ.......""" ഇന്ദ്ര വീണ്ടും ചെരിഞ്ഞ് കൈ ചുരുട്ടി അവന്റെ പുറത്ത് ആഞ്ഞു കുത്തി..... ഭദ്രൻ വേദന കൊണ്ടൊന്ന് ഞെളിഞ്ഞ് അവൾക്ക് നേർക്കായി കിടന്നു.... ഇരുവരും കിതപ്പോടെ തുറിച്ച് നോക്കി..... """എന്റെ തറവാടിനെ കുറിച്ച് പറഞ്ഞാൽ ഉണ്ടല്ലോ...."""" ഇന്ദ്ര അവന് നേരെ വിരൽ ചൂണ്ടി..... """പറഞ്ഞാൽ നീ എന്ത് ചെയ്യുമെടി???"""

മറുപടി പറയാതെ ഇന്ദ്ര അവനെ പുച്ഛിച്ച് എതിർഭാഗത്തേക്ക് വെട്ടി തിരിഞ്ഞ് കിടന്നു...... ശേഷം ഭദ്രനും.......... നിമിഷങ്ങൾ കടന്നു പോയി........ ഭദ്രൻ ഗാഢ നിദ്രയിലേക്കൂളിയിട്ടു..... ഇന്ദ്രയുടെ മിഴികളപ്പോഴും വിടർന്നിരുന്നു......... ചൊടികളിൽ കുസൃതി തത്തി..... 🌼🌼🌼🌼🌼 അടുത്ത ദിവസം ഉറക്കമെഴുന്നേറ്റ് വന്ന ഭദ്രനെ കണ്ട് ഉമ്മറത്തെ പടിയിലിരുന്ന അനന്തു ഞെട്ടിപിടഞ്ഞെഴുന്നേറ്റു ..... കണ്ണുകൾ അത്ഭുതത്തോടെ പുറത്തേക്ക് തള്ളി വന്നു....... ''""""എന്താടാ???""" """അണ്ണാ......ഇതെന്താ ഇങ്ങനെ???""" """എങ്ങനെ???""" """അല്ല...അണ്ണന്റെ താടി............???"""" """എന്തോന്ന്???"""" """അണ്ണന്റെ താടി പകുതിയേ ഉള്ളൂ......"""" അനന്തു വിറവലോടെ പറഞ്ഞു നിർത്തിയതും ഭദ്രൻ കൈകൾ കൊണ്ട് താടി ഉഴിഞ്ഞു..... പിന്നെ ഞെട്ടി അകത്തേക്ക് പാഞ്ഞ് കണ്ണാടിയിലേക്ക് നോക്കി ....... """"""ഇന്ദ്രാ ............."""" അലർച്ചയിൽ ഇന്ദ്ര ഞെട്ടി വിറച്ചു...... """"അങ്ങോട്ട് പോണോ!!! വേണ്ട....... ഇങ്ങോട്ട് വരട്ടെ.....!!!""""

ചിന്തയോടെ വാതിലിന് മറവിൽ ചെന്ന് നിന്ന് ഭദ്രൻ വരുന്നുണ്ടോയെന്ന് ഒളിഞ്ഞ് നോക്കി..... മുണ്ട് മടക്കി കുത്തി വരുന്ന ഭദ്രനെ കണ്ട് ഒന്നും സംഭവിച്ചിട്ടില്ലാത്ത കണക്കെ പഴയ പടി തന്റെ ജോലിയിലേർപ്പെട്ടു.... അപ്പോഴും ഹൃദയം അധി ശക്തമായി മിടിക്കുന്നുണ്ടായിരുന്നു..... """"ഡീ................"""" അലറി കൊണ്ടുള്ള വിളിയിൽ ഉടനടി പിന്തിരിഞ്ഞു... ഭദ്രൻ കാറ്റ് പോലെ അവളിലേക്ക് പാഞ്ഞടുത്തു...... """"എന്താടി ഇത്????"""" മുഖത്തേക്ക് കൈ ചൂണ്ടി കിതച്ച് കൊണ്ട് ചോദിക്കുന്ന ഭദ്രനെ നോക്കിയവൾ ഉമിനീർ വിഴുങ്ങി നിഷ്കളങ്കമായി നിന്നു...... """പറയടി ഒരുമ്പെട്ടോളേ........""" """എന്ത് പറയാനാ????""" """"നീയല്ലേ ഇത് ചെയ്തത്??""" """അതേ... ഞാൻ തന്നെയാ ചെയ്തത്......""" കൂസലില്ലാതെ പറഞ്ഞവൾ കൈകൾ കൂട്ടി തിരുമ്മി ദൂരേക്ക് നോട്ടമെറിഞ്ഞു... ഭദ്രനിൽ നിന്നും മറുപടിയൊന്നും കിട്ടാതെ വന്നപ്പോൾ മുഖം ചുളിച്ച് ഒളിക്കണ്ണിട്ട് അവനെ നോക്കി...... ചുവന്ന് തുടുക്കുന്ന മുഖവും ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ചൊടികളും പല്ലുകൾ ഞെരിഞ്ഞമരുന്ന ശബ്ദവും ഇന്ദ്രയിൽ നേർത്തൊരു ഭീതി നിറച്ചു..... അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു ....

തന്റെ ചിരി കണ്ടാൽ ദേഷ്യം തണുക്കുമെന്ന ഇന്ദ്രയുടെ ധാരണ പാടെ തെറ്റിച്ച് ഭദ്രൻ ഒന്ന് കൂടെ വിറഞ്ഞ് തുള്ളി...... """"തോന്ന്യാസം ചെയ്തിട്ട് നിന്ന് കിണിക്കുന്നോ ???"""" ഉടനടി ഇന്ദ്രയുടെ മുഖത്തെ ചിരി മാഞ്ഞു...... """നിങ്ങൾക്കിപ്പോ ന്താ വേണ്ടത്??ഈ പകുതി താടിയും കൂടെ വടിച്ച് കളഞ്ഞാൽ തീരാവുന്ന പ്രശ്നം അല്ലെ ഉള്ളൂ????""" """ദേ.... ഞാൻ വല്ലോം പറഞ്ഞാൽ കൂടി പോകും........ കുറച്ച് താഴ്ന്നു തന്നെന്ന് കരുതി എന്ത് അസംബന്ധോം കാണിക്കാന്നാണോ??""" """താടിയല്ലേ വെട്ടിയത്... അല്ലാണ്ട് നിങ്ങടെ കിഡ്നിയൊന്നും എടുത്തില്ലല്ലോ..... അത് ഇനിയും വളർന്നോളും......""" """എന്റെ താടി എന്റെ മുഖത്തല്ലേ അതിന് നിനക്കെന്താ???""" """നിങ്ങളങ്ങനെയിപ്പോ പെൺകുട്ടികൾടെ ആകർഷണ കേന്ദ്രമാകണ്ട......."'' """എന്തോന്ന്?????""" """എനിക്കറിയാം നിങ്ങളീ താടി നീട്ടി വളർത്തുന്നതെന്തിനാന്ന്.... ആ മറ്റവളെ കാണിക്കാനല്ലേ...... നിങ്ങടെ ജാനിയെ.....

അങ്ങനെയിപ്പോ നിങ്ങൾ വലിയ സുന്ദരൻ ചമയണ്ട.........""" ഭദ്രൻ അരിശത്തോടെ സ്ലാബിൽ വച്ച പാത്രങ്ങളെല്ലാം തട്ടി തെറുപ്പിച്ച് തിരികെ പോയി..... ഇന്ദ്ര ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ച് ശ്വാസം ആഞ്ഞ് വലിച്ചു വിട്ടു...... ഇന്ദ്രയോടുള്ള ദേഷ്യം കാരണം അവൾ ഉണ്ടാക്കി വച്ചതൊന്നും കഴിക്കാതെ ഭദ്രൻ തന്റെ പ്രധിഷേധം പ്രകടമാക്കി.... ജോലിക്ക് പോകാനായി ഇന്ദ്ര ഒരുങ്ങിയിറങ്ങിയപ്പോൾ ഉമ്മറത്ത് ഭദ്രനില്ലായിരുന്നു...... """"അണ്ണൻ പോയല്ലോ ചേച്ചി?? ഇനി ചേച്ചി എങ്ങനെ പോകും???"""" """ഞാൻ ബസ്സിന്‌ പൊയ്ക്കോളാടാ.... അല്ല നിന്റെ അണ്ണൻ എങ്ങോട്ടാ പോയതെന്ന് വല്ല അറിവും ഉണ്ടോ??""" ""അലെക്സിച്ചായനരികിലേക്കാവും..."" """മ്മ്മ്മ്........."" ഇന്ദ്ര ബാഗും തൂക്കി അനന്തുവിനോട്‌ യാത്ര പറഞ്ഞ് വേഗത്തിൽ നടന്നു...... ബസ് സ്റ്റാൻഡിൽ അവളെ കാത്തെന്ന പോൽ മഞ്ജു ഉണ്ടായിരുന്നു.....

"""ഇത് വേണോ ഇന്ദ്ര??? അവര് തമ്മിൽ അങ്ങനെയൊന്നും ഉണ്ടാവില്ല.... എല്ലാം നിന്റെ തെറ്റിധാരണയാവും....... അല്ലെങ്കിൽ അയാള് നിന്നെ വട്ട് പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാവും......""" """ആയിരിക്കാം.... എന്നാലും എനിക്കാ കുട്ടിയേ ഒന്ന് കണ്ട് സംസാരിക്കണം....."""" ഇന്ദ്ര മഞ്ജുവിനെയും കൂട്ടി ജാനകിയുടെ വീട്ടിലേക്ക് പുറപ്പെട്ടു ..... അനന്തു പറഞ്ഞു കൊടുത്ത വഴിയേ നടന്ന് ഇരുവരും ഒരു കുഞ്ഞ് ഓട് പാകിയ വീടിന് മുന്നിൽ എത്തി നിന്നു...... """ആരാ??????""" ഇട്ടിരുന്ന മാക്സിയിൽ കൈ തുടച്ചൊരു സുന്ദരിയായ പെൺകുട്ടി വീടിനടുക്കള ഭാഗത്തൂടെ ഉമ്മറത്തേക്ക് വന്നു........ ""ഞാൻ ഇന്ദ്ര.........""" """ഇന്ദ്ര????? എനിക്ക്.....എനിക്ക് മനസ്സിലായില്ല.......നിങ്ങൾ ആരെ തിരക്കിയാ വന്നത്???""" """താൻ തന്നെയല്ലേ ജാനി?? അല്ല ജാനകി???""" """അതേ ഞാൻ തന്നെയാണ്..."""" """ഞാൻ ശിവഭദ്രന്റെ ഭാര്യയാണ്....."""..............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story