എന്നും എപ്പോഴും: ഭാഗം 23

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""അതേ ഞാൻ വെള്ളത്തിലിറങ്ങിയില്ല......""" നടക്കുന്നതിനിടയിൽ ഭദ്രന്റെ കൈ പിടിച്ച് കുടഞ്ഞവൾ നിരാശയോടെ പറഞ്ഞു.... """മിണ്ടാതെ വന്നില്ലെങ്കിൽ ഒന്നാകെ വെള്ളത്തിലിട്ട് മുക്കി പൊക്കിയെടുക്കും നിന്നെ ഞാൻ........""" ഭദ്രൻ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും എന്നറിവുള്ളത് കൊണ്ട് ഇന്ദ്ര മൗനം പൂണ്ട് അടക്കത്തോടെയവന്റെ പിന്നാലെ ചുവടുകൾ നീക്കി ...... ദിവസങ്ങൾ , ആഴ്ച്ചകൾ , മാസങ്ങൾ മുന്നോട്ട് നീങ്ങി..... വഴക്കിട്ടും , പിണങ്ങിയും അതിനിരട്ടി പ്രണയിച്ചും ഇന്ദ്രയുടെയും ഭദ്രന്റെയും ജീവിതസഞ്ചാരം അവയ്‌ക്കൊപ്പം തുടർന്നു കൊണ്ടേയിരുന്നു.......... ജോലി കഴിഞ്ഞ് വരുന്ന ഇന്ദ്രയെ കാത്ത് പതിവ് പോലെ അനന്തു ഉമ്മറത്തുണ്ട്....... ഗേറ്റിനരികിൽ അവളെത്തിയതും അനന്തു ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് ഇന്ദ്രയെ നോക്കി പുഞ്ചിരിതൂകി..... അനന്തുവിനായി ഒരു മന്ദഹാസം നൽകി തളർച്ച ബാധിച്ച കണ്ണുകളും വിയർത്തൊലിച്ച മേനിയുമായി ഇന്ദ്ര ഉമ്മറ പടിയിലേക്കിരുന്നു........ ""വെള്ളം വേണോ ചേച്ചി......""" കിതപ്പോടെ വേണ്ടെന്ന് തലയനക്കി ഇന്ദ്ര ധൃതിയിൽ മുറിയിലേക്ക് നടന്നു....

മുറിക്കുള്ളിൽ നിന്നും ഭദ്രൻ ആരെയോ ഉച്ചത്തിൽ ശകാരിക്കുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നു.... അത് വക വയ്ക്കാതെ ചാരിയിട്ട വാതിൽ തള്ളി തുറന്നകത്തേക്ക് കയറി ജനൽ കമ്പികളിൽ പിടിച്ച് നിൽക്കുന്ന ഭദ്രന്റെ പുറകിലൂടെ ചെന്ന് ചുറ്റി പിടിച്ചു....... അടുത്ത നിമിഷം ഭദ്രൻ ഇന്ദ്രയെ പിടിച്ച് മാറ്റി തീക്ഷ്ണമായൊന്ന് നോക്കി .... അവന്റെ മുഖമാകെ ക്രോധം കൊണ്ട് ചുവന്നിട്ടുണ്ടായിരുന്നു..... മിഴികളിലും അതേ ചുവപ്പ്...... """ഞാൻ വിളിക്കാം.......""" ഫോണിലൂടെ അത്ര മാത്രം പറഞ്ഞ് കട്ടാക്കിയവൻ ഇന്ദ്രയെ തുറിച്ച് നോക്കി... """കാര്യമായിട്ട് എന്തെങ്കിലും ചെയ്യുമ്പോഴോ ആരോടേലും സംസാരിക്കുമ്പോഴോ കിന്നരിക്കാൻ വരരുതെന്ന് നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ഇന്ദ്ര......."""" കടുത്ത ശബ്ദത്തിൽ ഭദ്രൻ ഇന്ദ്രയോടൊച്ചയെടുത്തു ...... """എന്നെയെന്താ കൂട്ടാൻ വരാഞ്ഞത്??""" ചിണുങ്ങി കൊണ്ടവൾ വീണ്ടും ഭദ്രനോട് ചേർന്നു ... താൻ പറഞ്ഞതിനെ ഒട്ടും വക വയ്ക്കാതെയുള്ള ഇന്ദ്രയുടെ സമീപനം ഭദ്രനെ കൂടുതൽ ചൊടിപ്പിച്ചു...... കയ്യിലെ ഫോൺ ദേഷ്യത്തിൽ നിലത്തേക്കെറിഞ്ഞവൻ അവളിൽ നിന്നും അകന്ന് മാറി...

""""എല്ലാം തമാശയാണോ നിനക്ക്‌ ???എത്ര പറഞ്ഞാലും മനസ്സിലാകില്ലേ ഹേ.??"""" ചോദ്യത്തോടെയവൻ ഇന്ദ്രയുടെ കൈ തണ്ടയിൽ മുറുകെ പിടിച്ചവളെ പിടിച്ചുലച്ചു.... """എനിക്കിവിടെ നൂറായിരം കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്....... കൊച്ച്‌ കുട്ടിയെങ്ങാനും ആണോ നീ?? ഒരു ദിവസം ബസ്സ് കയറി വന്നാൽ എന്താ നിന്റെ ചെരുപ്പ് തേഞ്ഞു പോകുവോ?? പറയെടി........"""" ഭദ്രന്റെ പിടിയിൽ അവളുടെ കൈ തണ്ട ഞെരിഞ്ഞമർന്നു... നാളുകൾക്ക് ശേഷമുള്ള അവന്റെ ഇത്തരമൊരു പെരുമാറ്റം ഇന്ദ്രയെ വല്ലാതെ വേദനിപ്പിച്ചു ...... നിറഞ്ഞു വരുന്ന മിഴികൾക്ക്‌ തടയിടാനാകാതെയവൾ ശിരസ്സ് താഴ്ത്തി മൗനം പൂണ്ട് നിന്നു...... ഇന്ദ്രയുടെ നിശബ്ദമായ തേങ്ങലുകൾ ഭദ്രനെ അസ്വസ്ഥതപ്പെടുത്തി തുടങ്ങിയപ്പോൾ അവനവളെ അരിശത്തോടെ തള്ളി മാറ്റി.. ഇന്ദ്രയുടെ കാലുകൾ വേച്ചു പോയി.... മുഖമടിച്ച് വീഴാനാഞ്ഞതും അടുത്തുള്ള മേശയിൽ കൈകൾ രണ്ടും മുറുകെ പിടിച്ചവൾ നിലയുറപ്പിച്ചു......... വാതിൽക്കൽ ഇതൊക്കെ ശ്രദ്ധിച്ച് അനന്തു നിൽപ്പുണ്ടായിരുന്നു..... അവനോടി വന്ന് ഇന്ദ്രയെ താങ്ങി.....

"""അണ്ണനെന്താ ഈ കാണിച്ചെ?? ചേച്ചി ഇപ്പൊ തന്നെ വീണേനെ.......""" തെല്ലൊരീർഷ്യയോടെ അനന്തു ഇന്ദ്രയെ ചേർത്ത് പിടിച്ച് ഭദ്രനെ രൂക്ഷമായി നോക്കി.... ഇന്ദ്രയിൽ സങ്കടമേറി..... തേങ്ങലുകൾ ഉച്ചത്തിലായി... """ദേ.....ഇവള് തുള്ളുന്നത് കണ്ട് എന്നെ ഭരിക്കാൻ നീ മുതിരണ്ട...... അതിന് മാത്രം നീ വളർന്നിട്ടില്ല....... ഒന്നും മിണ്ടാതെ നിൽക്കുന്നുണ്ടെന്ന് കരുതി എന്റെ തലയിൽ കയറി നിരങ്ങാൻ വരരുത് രണ്ട് പേരും....."""" അനന്തുവിനെ കടുപ്പിച്ച് നോക്കി , ഇന്ദ്രയുടെ കണ്ണുനീരിനെ മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചവൻ വെട്ടി തിരിഞ്ഞ് പുറത്തേക്കിറങ്ങി....... അധികരിച്ച സങ്കടത്തോടെ ഇന്ദ്ര അനന്തുവിന്റെ കൈ പിടിയിൽ നിന്നുമകന്ന് മാറി കിടക്കയിൽ കൈകളൂന്നി തല താഴ്ത്തിയിരുന്നു....... അവളുടെ വിഷമം അനന്തുവിനെയും നോവിക്കുന്നുണ്ടായിരുന്നു.... സാധാരണ ഭദ്രൻ വഴക്ക് പറയുമ്പോൾ ഇന്ദ്ര മിണ്ടാതിരിക്കാറില്ല , രണ്ട് പറഞ്ഞാൽ പത്ത് തിരിച്ച് പറഞ്ഞവൾ അവന്റെ വായടപ്പിക്കാറുണ്ട്... ഇന്നാദ്യമായാണവൾ ഭദ്രന് മുന്നിൽ മൗനം പാലിച്ചതെന്നവൻ ഓർത്തു...... കുറച്ച് നേരം അവളെ നോക്കി നിന്ന് ഒന്നും മിണ്ടാതെ അനന്തു പുറത്തേക്ക് കടന്നു.....

രാത്രി ഏറെ വൈകി ഭദ്രൻ വരുമ്പോൾ ഇന്ദ്രയ്ക്ക് പകരം ഉമ്മറത്ത് അനന്തുവായിരുന്നു........ """നീ ഉറങ്ങിയില്ലേ?""" ഇന്ദ്രയ്ക്ക് നേരെയുണ്ടാകാറുള്ള പതിവ് ചോദ്യം അവന് നേരെയും നീണ്ടു.... അനന്തു മറുപടി പറഞ്ഞില്ല , ഭദ്രനെ വക വയ്ക്കാതെ മൗനം വരിച്ച് വിദൂരതയിലേക്ക് കണ്ണും നട്ടിരുന്നു.... """നല്ല മഞ്ഞുണ്ട് പോയി കിടക്കാൻ നോക്ക്‌.......""" """വൈകുന്നേരം അണ്ണന്റെ ദേഹത്ത് വല്ല ബാധയും കയറിയായിരുന്നോ???? ആരോടെങ്കിലും എന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് ചേച്ചിയോടല്ല തീർക്കേണ്ടത്...... അണ്ണൻ വേണമെങ്കിൽ എന്നെ ചീത്ത വിളിച്ചോ .... ആ പാവത്തിനെ വെറുതെ വിട്ടേക്ക്.....""" പടിയിൽ നിന്നുമെഴുന്നേറ്റ് അനന്തു ഭദ്രനഭിമുഖമായി നിന്നു.... ആദ്യമായിട്ടായിരുന്നു അനന്തു ഒട്ടും പതറാതെ ഉറച്ച ശബ്ദത്തോടെ ഭദ്രനോട്‌ സംസാരിക്കുന്നത്.... """അവൾക്ക് വേണ്ടി വക്കാലത്ത് പറയാൻ നീ വരണ്ട......""' """ഞാൻ ആർക്കും വക്കാലത്തുമായി വന്നതൊന്നുമല്ല..... ചേച്ചി വന്നപ്പോ മുതലുള്ള കിടപ്പാ..... ഇത്രേം നേരമായിട്ടും ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല.... അവരെ ഞാൻ ചേച്ചി എന്ന് ഭംഗിക്ക് വിളിക്കുന്നതല്ല.......

മനസ്സറിഞ്ഞ് തന്നെ വിളിക്കുന്നതാ..... അതുകൊണ്ട് തന്നെ ചേച്ചി വേദനിക്കുന്നത് കാണുമ്പോൾ എനിക്കിത്തിരി ബുദ്ധിമുട്ടുണ്ട്......""" നിറഞ്ഞ കണ്ണുകൾ ഉള്ളം കയ്യാൽ അമർത്തി തുടച്ച് പോകുന്നവനെ കാണെ ഭദ്രന് സഹതാപം തോന്നി.... കുറച്ച് നേരം അതേ നിൽപ്പ് തുടർന്നവൻ ദീർഘമായൊന്ന് നിശ്വസിച്ച് മുറിയിലേക്ക് നടന്നു....... കിടക്കയിൽ മുഷിഞ്ഞ വസ്ത്രം പോലും മാറാതെ ചുരുണ്ട് കൂടി ഉറങ്ങുന്നവളെ കണ്ട് ഭദ്രന് വല്ലായ്മ തോന്നി... ഇന്ദ്രയ്ക്കരികിൽ ചെന്നിരുന്നവൻ അലിവോടെ അവളുടെ കവിളിലൂടെ വിരലുകളോടിച്ചു...... ഭദ്രന്റെ സ്പർശനമറിഞ്ഞെന്നോണം ഇന്ദ്ര ഞെട്ടി പിടഞ്ഞെഴുന്നേറ്റു ... അരികിലിരിക്കുന്ന ഭദ്രനെ കണ്ടപ്പോൾ മുഖത്ത് പരിഭവം നിറഞ്ഞു.... അധരങ്ങൾ വിതുമ്പി...... ഭദ്രൻ നോവോടെ അവളെ ചേർത്ത് പിടിക്കാനൊരുങ്ങിയതും ഇന്ദ്ര വാശിയോടെ അവന്റെ കൈ തട്ടി മാറ്റി.... """വേണ്ടാ.............""" ഭദ്രനെ കടന്ന് കിടക്കയിൽ നിന്നുമൂർന്നിറങ്ങിയവൾ പുതപ്പും തലയിണയും കയ്യിലെടുത്തു...... """നീയെങ്ങോട്ടാ???""" """അപ്പുറത്തെ മുറിയിൽ കിടന്നോളാം....ഞാൻ തൊടുന്നത് നിങ്ങൾക്ക് അയിത്തമല്ലേ....""

മുന്നോട്ട് നീങ്ങുമ്പോൾ ഭദ്രൻ തടയുമെന്നിന്ദ്ര കരുതി.... പക്ഷേ അവൻ മൗനം പാലിച്ചു .... അവളിൽ വീണ്ടും വീണ്ടും നോവ് കിനിഞ്ഞു..... കണ്ണുകൾ പെയ്തു..... വാശിയോടെ കൈ വെള്ളയാൽ മിഴിനീർ തുടച്ച് മാറ്റിയവൾ മുറി വിട്ട് പുറത്തേക്കിറങ്ങി........ സമയം നീങ്ങി........ തളം കെട്ടിയ നിശബ്ദതയിൽ ഇന്ദ്രയുടെ തേങ്ങലുകൾ ഉയർന്നു.... നിറഞ്ഞ കണ്ണുകൾ ഇടയ്ക്കിടെ പാതി ചാരിയ വാതിൽ പൊളിയിലേക്ക് നീളും... അവൻ വരുമെന്നവൾ അപ്പോഴും പ്രതീക്ഷിച്ചു... ഒരു വാക്കിൽ പറഞ്ഞോ , ചുംബനത്തിൽ പൊതിഞ്ഞോ തനിക്കുള്ളിലെ പരിഭവത്തെ തുടച്ച് നീക്കുമെന്ന് കരുതി..... ഉണ്ടായില്ല..... ഇടയ്ക്കിടെ തമ്മിൽ പുണരുന്ന മിഴിയിതളുകളെ വാശിയോടെ അകറ്റിയവൾ നേരം പുലരും വരെ ഭദ്രനായി കാത്തിരുന്നു..... വെറുതേ....... രാവിലെ മുറിയിലേക്ക് ചെന്നിട്ടും ഭദ്രൻ മൗനം വെടിഞ്ഞില്ല..... ഭദ്രന്റെ മൂകത അത്രയേറെ നൊമ്പരപ്പെടുത്തുന്നുണ്ടെങ്കിലും ഉള്ളിലെ വാശി കളയാൻ ഇന്ദ്രയും ഒരുക്കമല്ലായിരുന്നു....... """ചേച്ചി.... കഴിക്കുന്നില്ലേ???""" ബാഗും തൂക്കി ഉമ്മറപടികളിറങ്ങിയ ഇന്ദ്രയെ പിന്നിൽ നിന്നും വിളിച്ച് അനന്തു ചോദിച്ചു...... ""'വേണ്ടടാ.... വിശപ്പില്ല......""" അകന്നു പോകുന്ന ഇന്ദ്രയെ നോക്കി ഉമ്മറപടികളിൽ ഭദ്രനുണ്ടായിരുന്നു..... ഇന്ദ്ര കണ്ണിൽ നിന്നും മറഞ്ഞതും അനന്തു ഭദ്രനരികിൽ വന്നിരുന്നു.......

"""എന്താ അണ്ണാ??? എന്തേലും പ്രശ്നം ഉണ്ടോ???"'"" ശാന്തമായി അവൻ ആരാഞ്ഞു..... ""'അലെക്സിച്ഛൻ ഇതുവരെ എത്തിയിട്ടില്ല........""" """വിളിച്ച് നോക്കിയില്ലേ??""" """കിട്ടുന്നില്ല......""" ""അശോകേട്ടനെയോ??""" ""ഇല്ല.......""" ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി ഭദ്രൻ ഇരിപ്പിടത്തിൽ നിന്നുമെഴുന്നേറ്റു........ ""പേടിക്കണ്ട അണ്ണാ... മുമ്പും അലക്സിച്ചായൻ ഇങ്ങനെ പോകാറില്ലായിരുന്നോ??'''' """അന്നൊക്കെ എവിടെയാ പോകുന്നതെന്നും , എന്തിനാ പോകുന്നതെന്നും പറഞ്ഞിട്ടേ പോകാറുള്ളായിരുന്നു.....ഇതിപ്പോ റീനാമ്മയ്ക്ക് പോലുമറിയില്ല അലെക്സിച്ഛൻ എവിടെയാണെന്ന്.... എന്തും പറഞ്ഞാ ഞാൻ അവരെ സമാധാനിപ്പിക്കേണ്ടത്??? അതിനിടയിൽ കൂടെയാ അവളുടെയൊരു പുന്നാരം.....""" അവസാന വാചകങ്ങളിൽ സ്വരം കടുത്തു....... ""അതിപ്പോ ചേച്ചിക്കറിയില്ലല്ലോ ഇങ്ങനെയൊക്കെ പ്രശ്നങ്ങൾ ഉണ്ടെന്ന്......."" ""അല്ലെങ്കിലും അവളെ ന്യായീകരിക്കാൻ നിനക്ക് ആയിരം നാവാണല്ലോ......"" അനന്തു മറുപടി പറയാതെ ശിരസ്സ് കുനിച്ചിരുന്നു...... 🌼🌼🌼🌼🌼 """അണ്ണാ..... മഹേഷണ്ണൻ വിളിച്ചിരുന്നു........അണ്ണനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു.....

."" ഉമ്മറ തിണ്ണയിൽ നിവർന്ന് കിടക്കുന്ന ഭദ്രനരികിലേക്കോടിയടുത്ത് അനന്തു വെപ്രാളത്തോടെ കിതച്ചു...... """അണ്ണാ..... അലക്സിച്ഛൻ ........... അലക്സിച്ഛൻ ആശുപത്രിയിലാണെന്ന്...""" വാക്കുകൾ അവസാനിപ്പിക്കും മുമ്പേ ഭദ്രൻ പിടഞ്ഞെഴുന്നേറ്റ് മുണ്ട് മടക്കിയുടുത്ത് പുറത്തേക്ക് പാഞ്ഞു... പുറകെ അനന്തുവും...... ആശുപത്രി വരാന്തയിലൂടെ വേഗത്തിൽ ചുവടുകൾ നീക്കുന്ന ഭദ്രന് പിന്നാലെ നടന്നെത്താൻ അനന്തുവിനെ കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല....... ഐ.സി.യു വിന് മുന്നിൽ നിരത്തിയിട്ട കസേരകളിൽ തളർച്ചയോടെ റീനാമ്മയും , മക്കളും ഇരിക്കുന്നത് ദൂരെ നിന്നും ഭദ്രൻ കണ്ടു....... ഭദ്രന്റെ രൂപം മിഴികളിൽ തെളിഞ്ഞതും നീന മോളോടി ചെന്നവന്റെ നെഞ്ചിലേക്ക് വീണ് ഉറക്കെ കരഞ്ഞു....... """പോയി ചേട്ടായി ......... നമ്മളെ ഇട്ടിട്ട് പപ്പ പോയി......""" ഭദ്രൻ ഒരുവേള ശ്വാസമെടുക്കാൻ പോലും മറന്ന് തരിച്ച് നിന്നു...... തന്റെ നെഞ്ചിൽ ചേർന്ന് പൊട്ടിക്കരയുന്ന നീനമോളെ തലോടാൻ പോലും കൈകളുയർത്താൻ കഴിയാതെ അവൻ നിസ്സംഗമായി മഹേഷിനെ നോക്കി ..... അപ്പോഴും കേട്ടത് സത്യമാകരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ച്‌ കൊണ്ടേയിരുന്നു........

പക്ഷേ മഹേഷിന്റെ നിറഞ്ഞൊഴുകിയ മിഴികൾ അവന്റെ ഉള്ളിലെ പ്രതീക്ഷയുടെ നേർത്ത കണികയെ പോലും തച്ചുടച്ചു........ മിഴികൾ നിറഞ്ഞൊലിച്ചു ...... എല്ലാം നഷ്ടപ്പെട്ടവനെ പോലെ ഭദ്രൻ നിസ്സാഹയതയോടെ കണ്ണുകൾ ഇറുകെ മൂടി.... ഇരുളിൽ അലക്സിച്ഛന്റെ മുഖം മിഴിവോടെ തെളിഞ്ഞു...... അവനുറക്കെ അലറി കരയണമെന്ന് തോന്നി...... കഴിഞ്ഞില്ല.....!!! പല്ലുകൾ ഞെരിച്ച്‌ തികട്ടി വന്ന വേദന കടിച്ചമർത്തി........ """"കൊന്നതാ... അണ്ണാ......ആ മുഖം പോലും നമുക്ക് കാണാനാവാത്ത തരത്തിൽ അവന്മാര്........."""" ഇടറിയ വാക്കുകളോടെ മഹേഷ്‌ ഭദ്രന്റെ ചുമലിലേക്ക് നെറ്റി മുട്ടിച്ച്‌ തേങ്ങി ......... """ആര്????""" """അറിയില്ല........""" """അശോകേട്ടൻ????""" """ഐ.സി.യുവിലാണ്..... കൈക്കും , കാലിനുമൊക്കെ പരിക്കുണ്ട്....""" അവൻ നീന മോളെ ചേർത്ത് പിടിച്ച് റീനാമ്മയ്ക്കരികിൽ ചെന്ന് നിന്നു..... തൊട്ടരികിൽ ഭദ്രനെ കണ്ടതും അവരുടെ സങ്കടം വർധിച്ചു...... """നിന്നെ കൂടാതെയെങ്ങും പോകരുതെന്ന് പറഞ്ഞതായിരുന്നെടാ മോനെ ഞാൻ... കേട്ടില്ല......ഇപ്പൊ...... ഇപ്പൊ.. കണ്ടില്ലേ.... എനിക്കാരും ഇല്ലാതാക്കിയില്ലേ.....""" ഭദ്രൻ അവർക്കരികിൽ ഇരുന്ന് ഒരു കൈ കൊണ്ടവരെ നെഞ്ചിലേക്ക് ചേർത്തു .. അവരെ ആശ്വസിപ്പിക്കാൻ ഭദ്രന്റെ പക്കൽ വാക്കുകളുണ്ടായിരുന്നില്ല...... ഒരു മകന്റെ സ്നേഹത്തോടെ.... അധികാരത്തോടെ..... നിശബ്ദത വരിച്ചവൻ അവരെ മുറുകെ ദേഹത്തോടണച്ച്‌ പിടിച്ചു ... ഒരിക്കലും തനിച്ചാക്കില്ലെന്ന് പറയാതെ പറഞ്ഞു.................. തുടരും.....❣️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story