എന്നും എപ്പോഴും: ഭാഗം 3

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

വാക്കുകൾ കൊണ്ടെന്നെ പ്രണയിച്ചു.... ഹൃദയം കൊണ്ട് മറ്റൊരുവളെയും....... അവൾ തന്റെ ആത്മാർത്ഥ സുഹൃത്ത് 'അന്ന ജോസഫ് '....... തന്നെയും ആകാശേട്ടനെയും കൂട്ടി ചേർത്തവൾ....... ഇന്ദ്രയുടെ ചൊടികൾ പുച്ഛത്താൽ ചുളിഞ്ഞു...... ഹൃദയം പഴയക്കാല സ്മരണകളുടെ കെട്ടുകളഴിച്ചോരോ താളുകളിലുമെന്തൊക്കെയോ പരതി നടന്നു....... "ആകാശും , അന്നയും........." താൻ ഹൃദയം കൊടുത്ത് സ്നേഹിച്ച രണ്ട് വ്യക്തികൾ ...... തന്റെ എല്ലാമെല്ലാമായിരുന്നവർ....... എന്നിട്ടും................!!!! ആകാശും , അന്നയും തമ്മിൽ പ്രണയത്തിലാണോ എന്ന് പലരും പലവുരു ഒളിഞ്ഞും തെളിഞ്ഞും ചോദ്യങ്ങളുതിർത്തപ്പോൾ പ്രണയത്തേക്കാൾ മനോഹരമായ സൗഹൃദ ബന്ധമാണ് അവർക്കിടയിലുള്ളതെന്ന് പറഞ്ഞ് താനതിനെ തിരുത്തി.......

ഒരിക്കൽ പോലും സംശയിച്ചില്ല...... കാരണം,അന്നയും താനും സൗഹൃദം സ്ഥാപിക്കുന്നതിന് മുമ്പേ തന്നെ ആകാശേട്ടനും അന്നയും സൗഹൃദത്തിലായിരുന്നു .... പരിചിതമല്ലാത്ത കോളേജ് അന്തരീക്ഷത്തിൽ ആദ്യം കിട്ടിയ കൂട്ടായിരുന്നു അന്ന ജോസഫ്.... തന്റെ മാത്രം അന്നമ്മ.... ഒരു സുഹൃത്തെന്നതിലുപരി അമ്മൂട്ടിയെ പോലെയായിരുന്നു തനിക്കവൾ....... വിശേഷങ്ങൾ പലതും തമ്മിൽ പങ്ക് വയ്ക്കുമ്പോൾ അവളുരുവിടുന്ന പേരായിരുന്നു ആകാശേട്ടന്റേത്.... എന്നും എന്തെങ്കിലുമൊക്കെ അയാളെ കുറിച്ചവൾക്ക് പങ്ക് വയ്ക്കാനുണ്ടാകും.... ഒരിക്കൽ '""നിന്റെ പ്രണയമാണോ? "" എന്ന എന്റെ ചോദ്യത്തിന്

""നോ ഹി ഈസ് മൈ ബെസ്റ്റ് ഫ്രണ്ട്... എനിക്കെന്റെ ഏട്ടനെ പോലെയാണ്""" എന്നവൾ മറുപടി നൽകി .... ആ വാക്കുകളിൽ തെളിഞ്ഞ ആത്മാർത്ഥ പിന്നീടൊരിക്കൽ പോലും അങ്ങനെയൊരു ചോദ്യം ചോദിക്കാനോ , ചിന്തിക്കാനോ തന്നെ പ്രേരിപ്പിച്ചിട്ടില്ല....... പിന്നീടുള്ള മാസങ്ങളിൽ ഞങ്ങൾക്കിടയിലെ സൗഹൃദം മുറുകുന്നതിനനുസരിച്ച് അവളുടെ ആകാശേട്ടനും എന്റെ മനസ്സിലൊരു സ്ഥാനം ഞാൻ പതിച്ചു നൽകി.... അന്നയുടെ വകയിലുള്ള ചേച്ചിയുടെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു ആകാശേട്ടനെന്നും ,ആ ചേച്ചിയുടെ മിന്നുക്കെട്ടിന്റന്ന് തമ്മിൽ കണ്ട് പരിചയപ്പെട്ടാണ് ഇരുവരും സൗഹൃദം സ്ഥാപിച്ചതെന്നുമൊക്കയവൾ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു....

പിന്നീടൊരിക്കൽ ഫോട്ടോ കാണിച്ച് തരാൻ പറഞ്ഞപ്പോൾ "" നീ നേരിട്ട് കണ്ടാൽ മതി ""എന്ന് പറഞ്ഞവൾ ആ ആഗ്രഹത്തെ തുടച്ച് നീക്കി .... പതിയെ പതിയെ അവളിലൂടെ താനും അയാളോടടുത്തു.... കണ്ടിട്ടില്ലെങ്കിലും , സ്വരം കേട്ടിട്ടില്ലെങ്കിലും "" നിന്റെ ആകാശേട്ടൻ എന്ത് പറയുന്നു""? എന്ന എന്റെ ചോദ്യത്തിനവൾ തരുന്ന ഉത്തരത്തിലൂടെ അയാളെ കുറിച്ചെല്ലാം ഞാൻ മനസ്സിലാക്കി.... അയാളുടെ ഇഷ്ടങ്ങൾ.... സ്വപ്നങ്ങൾ..... വീട്..... കുടുംബം..... എല്ലാം തനിക്കത്രമേൽ സുപരിചിതമായിരുന്നു...... പിന്നീടൊരിക്കൽ ""ഇന്നുച്ചയ്ക്ക് നിനക്കൊരു സർപ്രൈസ് ഉണ്ട് """ എന്ന് അന്ന പറഞ്ഞപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല ആ സർപ്രൈസ് ആകാശേട്ടനായിരിക്കുമെന്ന്.....

ഉച്ചയ്ക്ക് തന്നെയും പിടിച്ചു വലിച്ചവൾ കോളേജ് ഗേറ്റ് കടന്ന് അടുത്തുള്ള ഇടവഴിയിലൂടെ മുന്നോട്ട് നടക്കുമ്പോൾ പലയാവർത്തി കാര്യമെന്താണെന്നന്വേഷിച്ചു..... ഉത്തരം കിട്ടിയില്ല.....!!! ഇടവഴിക്കറ്റത്തായി ബുള്ളറ്റിൽ ചാരിയിരുന്ന് തങ്ങളെ നോക്കി മനോഹരമായി പുഞ്ചിരി തൂകിയൊരാൾ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനടുത്ത നിമിഷം ""അകാശേട്ടാ ""...... എന്നാർത്ത് വിളിച്ച് അന്ന അയാൾക്കരികിലേക്കോടിയടുത്തു...... താനപ്പോഴും , കാണണമെന്നങ്ങേയറ്റം ആഗ്രഹിച്ചൊരാളെ അപ്രതീക്ഷിതമായി കണ്ടതിന്റെ അമ്പരപ്പിലായിരുന്നു ..... തരിച്ചു നിൽക്കുന്ന തനിക്കരികിൽ വന്ന് യാതൊരു മുഖവുരയും കൂടാതെ മുൻപരിചയമുള്ളവരെ പോലെയയാൾ വാ തോരാതെ സംസാരിച്ചപ്പോൾ ആദ്യത്തെ അമ്പരപ്പ് മാറി താനും അയാൾക്കൊപ്പമുള്ള സംഭാഷണങ്ങളിൽ ഇഴകി ചേർന്നു......

പിന്നീട് ഇടവഴി കാഴ്ച്ചകളും , സൗഹൃദ സംഭാഷണങ്ങളും പതിവായി .... അന്നയെ പോലെ തന്നെ താനും അയാളോടടുത്തു...... അടുത്തറിയും തോറും വല്ലാത്തൊരിഷ്ടം ആ വ്യക്തിയോട് തോന്നി..... അന്നയോടുള്ള അയാളുടെ പെരുമാറ്റവും , തന്നോടുള്ള മാന്യമായ ഇടപെടലുകളും ഉള്ളിലെന്നോ സങ്കല്പിച്ചു വച്ച തന്റെ പാതിയുടെ രൂപത്തിന് ജീവൻ നൽകിയപ്പോൾ എന്നിൽ അയാളോടുള്ള പ്രണയം നാമ്പിട്ടു തളിർത്തു.... ഒരുപക്ഷേ പ്രണയത്തിനുമപ്പുറം വ്യത്യസ്ഥനായൊരു മനുഷ്യനോടുള്ള ആരാധനയായിരുന്നു അത് ...... ഒരിക്കൽ മൂന്ന് പേരും തമ്മിൽ സംസാരിച്ച് നിൽക്കുമ്പോൾ കളിയാലെ അന്ന പറഞ്ഞു ""നിങ്ങള് രണ്ടും തമ്മിൽ കെട്ടിക്കോ...

അതാവുമ്പോ നമ്മുടെ സൗഹൃദം ഒരിക്കലും മുറിഞ്ഞു പോകില്ലല്ലോ """എന്ന്... കളിയാലെ ""എനിക്ക് സമ്മതം""" എന്ന് ഞാൻ പറഞ്ഞു..... """എങ്കിൽ പിന്നെ എനിക്കാണോ പ്രശ്നം ഞാനും റെഡിയാന്നേ.....""" ആകാശേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു തരം മരവിപ്പായിരുന്നു.... തമാശയായി പറഞ്ഞതായിരിക്കുമെന്ന് കരുതി അവയെ തള്ളി കളയാനൊരുങ്ങിയപ്പോൾ അന്ന വീണ്ടും """ഞാൻ കാര്യായിട്ട് പറഞ്ഞതാണ്....."''എന്ന് പറഞ്ഞ് ഞങ്ങളെ കൂർപ്പിച്ച് നോക്കി...... ""'ഞാനും കാര്യായിട്ടാണന്നെ...... എനിക്കീ പെണ്ണിനെ ഒരുപാടിഷ്ടാ....... കെട്ടി കൂടെ പൊറുപ്പിക്കാൻ നൂറ് വട്ടം സമ്മതവുമാണ്..""" അന്ന്.... ആ നിമിഷം... പ്രണയപ്പൂർവ്വം അയാൾ തന്നെ ചേർത്ത് പിടിച്ചപ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു...... ""എന്താ ഇന്ദ്ര തനിക്കും സമ്മതമല്ലേ""?? എന്ന ആകാശേട്ടന്റെ ചോദ്യത്തിന് നാണം കലർന്ന പുഞ്ചിരിയോടെ ഞാൻ അയാളിലേക്ക് ഒരിക്കൽ കൂടെ ചേർന്നു നിന്നു......

അവിടെ തുടങ്ങി ഞങ്ങൾക്കിടയിലെ പ്രണയം.... താനും ആകാശേട്ടനും മാത്രമായുള്ള നിമിഷങ്ങൾ വളരെ ചുരുക്കമായിരുന്നു... കാരണം ഞങ്ങൾക്കിടയിലെ പ്രണയത്താൽ അന്ന ഒരിക്കലും ഒറ്റപ്പെട്ട് പോകരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു........ സൗഹൃദത്തിന്റെ പേരിൽ അവരിരുവരും തന്നെ കൂടാതെ പലയിടത്തും ചുറ്റിയടിക്കാറുണ്ടെന്ന അറിവുണ്ടായിട്ടും തമാശ രൂപേണെ പോലും അതിനെ ചോദ്യം ചെയ്യാൻ താൻ മുതിർന്നിരുന്നില്ല ...... ഒരിക്കൽ അച്ഛനൊപ്പം ടൗണിൽ പോയപ്പോൾ ഇരുവരെയും ഒരുമിച്ചു കണ്ടു ...... വീട്ടിലെത്തിയ നിമിഷം അന്നയെ വിളിച്ച് എവിടെയെങ്കിലും പോയിരുന്നോ എന്ന് ചോദിച്ചപ്പോൾ ""ഇല്ല വീട്ടിൽ തന്നെയാണ്‌ "" എന്നവൾ മറുപടി നൽകി....

ആദ്യമായി തനിക്കുള്ളിലൊരു കരട് വീണത് അന്നായിരുന്നു.... എന്തിനവൾ തന്നോട് കള്ളം പറഞ്ഞു എന്ന ചിന്ത എന്നിൽ വല്ലാതെ അസ്വസ്ഥത നിറച്ചു...... അടുത്ത നിമിഷം ആകാശേട്ടനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് വല്ലാതെ ദേഷ്യപ്പെട്ടു ...... """നിന്നോട് പറയാതെ എന്റെ കൂടെ വന്നത് കൊണ്ടാവും അവളങ്ങനെ പറഞ്ഞത്.... നീ തെറ്റിദ്ധരിച്ചാലോ ന്ന് കരുതിയിട്ടാവും....!!"""" എന്ന് പറഞ്ഞയാൾ ന്യായീകരിച്ചപ്പോൾ സ്വയമൊരു വിഢിയായി ആ വാക്കുകൾ വെള്ളം തൊടാതെ വിഴുങ്ങി....... നേർത്ത കുശുമ്പ് തോന്നുമ്പോഴെല്ലാം തന്നേക്കാൾ മുന്നേ തമ്മിൽ സൗഹൃദം സ്ഥാപിച്ചവരാണ് അവർ ഇരുവരുമെന്ന് ഓർക്കും ....

തനിക്കും ആകാശേട്ടനുമിടയിലെ പ്രണയം ഒരിക്കലും അവർക്കോ , ഞങ്ങൾക്കോ ഇടയിലെ സൗഹൃദത്തിൽ വിള്ളൽ വീഴ്ത്തരുതെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു.... പിജി ആദ്യവർഷം പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ ബിസിനെസ്സ് സാമ്രാജ്യം തകർന്നു വീണ് കുടുംബം കടകെണിയിലകപ്പെട്ടത്..... ഒപ്പം അമ്മയുടെ മരണവും...... ആ വേർപാട് ഏറ്റവും കൂടുതൽ തളർത്തിയത് അമ്മൂട്ടിയെയായിരുന്നു ... അമ്മയുടെ സാരിത്തുമ്പിൽ കെട്ടിയിട്ട പോലെയായിരുന്നു അവളുടെ ജീവിതം... എല്ലാത്തിനും അമ്മ വേണം...... താൻ നേരെ തിരിച്ചും...... പിന്നീടങ്ങോട്ട് അച്ഛന്റെ വേവലാതികളത്രയും ഞങ്ങൾ രണ്ട് മക്കളെ കുറിച്ചോർത്തായിരുന്നു.......

വൈകിക്കാതെ വിവാഹം നടത്തണമെന്ന അച്ഛന്റെ തീരുമാനത്തെ എതിർത്തില്ലെങ്കിലും ആകാശേട്ടനെ അല്ലാതെ മറ്റൊരാളെ വിവാഹം ചെയ്യില്ലെന്ന് ഞാൻ തറപ്പിച്ച് പറഞ്ഞു..... തന്റെ എല്ലാ തീരുമാനങ്ങൾക്കും ഒപ്പം നിൽക്കുന്ന അച്ഛൻ അവിടെയും സമ്മതം മൂളി..... അച്ഛൻ മുൻകയ്യെടുത്ത് ആകാശേട്ടനെയും വീട്ടുകാരെയും പോയി കണ്ടു....... കാര്യങ്ങളെല്ലാം തീരുമാനിച്ചു...... മാസങ്ങൾക്ക്‌ ശേഷം വീട്ടിൽ വീണ്ടും കളി ചിരികൾ മുഴങ്ങി..... നിശ്ചയം വരെ എന്നും ആകാശേട്ടൻ വിളിക്കുമായിരുന്നു..... ഒരുപാടൊന്നും സംസാരിക്കില്ലെങ്കിലും ഇരുവർക്കുമിടയിലെ മൗനം പോലും അത്രമേൽ ആനന്ദം നിറയ്ക്കുന്നവയായിരുന്നു......

വിവാഹത്തിന് രണ്ടാഴ്ച്ച മുമ്പ് മുതലാണ് ആകാശേട്ടന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങിയത്... വിളിക്കുമ്പോഴെല്ലാം ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറും ..... വിവാഹത്തിന്റെ തിരക്കിലകപ്പെട്ടു പോയത് കൊണ്ടാകുമെന്ന് മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ചു.... അന്നയെ വിളിച്ച് മനസ്സിലെ പ്രയാസം പങ്ക് വയ്ക്കുമ്പോൾ തിരക്കായിരിക്കുമെന്ന അതേ മറുപടി തന്നവൾ തന്നെ സംതൃപ്തിപ്പെടുത്തി.... വിവാഹത്തിന്റെ രണ്ട് ദിവസം മുന്നെ പോലും അന്ന ഇവിടെ ഉണ്ടായിരുന്നു..... തനിക്കൊപ്പം ചിരിച്ചു കളിച്ചിവിടെ നിന്നവൾ വിവാഹത്തിന്റെ തലേ ദിവസം രാത്രി ആകാശേട്ടനോടൊപ്പം ഒളിച്ചോടി പോയി....... എന്തിനവർ തന്നെ ചതിച്ചു???? എന്തിനവർ തനിക്ക് മോഹങ്ങൾ തന്നു?? ഇരുവർക്കും തമ്മിൽ ഇഷ്ടമുണ്ടെന്നൊരു സൂചനനെയെങ്കിലും തന്നിരുന്നെങ്കിൽ വേദനയോടെയാണെങ്കിലും താൻ ഒഴിഞ്ഞു മാറിയേനെ......

അവർ തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന് സഹപാഠികൾ ഓരോരുത്തരായി വിളിച്ചു പറയുമ്പോഴും അത് സത്യമാകരുതേ എന്ന് മനമുരുകി പ്രാർത്ഥിച്ചു ...... എത്രയൊക്കെ പ്രാർത്ഥിച്ചാലും യാഥാർഥ്യങ്ങളൊരിക്കലും മിഥ്യയാകില്ലെന്ന തിരിച്ചറിവ് വന്നിടത്ത് ഇന്ദ്ര തോറ്റു....... അല്ല പ്രണയവും സൗഹൃദവും കൂടി ചേർന്ന് തന്നെയൊരു വിഡ്ഢിയാക്കി തോൽപ്പിച്ചു... ഒടുക്കം നഷ്ടങ്ങളുടെ ചവിട്ടു പലകയിൽ നിന്ന് ജീവിതമവസാനിപ്പിക്കണമെന്ന തീരുമാനത്തിനടുത്തെത്തിയപ്പോൾ ""അമ്മൂട്ടിയെ നോക്കണം......"" എന്ന വാക്കുകൾ തനിക്കായി അവശേഷിപ്പിച്ച് അച്ഛനും പോയി....... ഇന്ന് മരണത്തിൽ പോലും അഭയം പ്രാപിക്കാൻ കഴിയാത്ത വിധം ആ വാക്കുകൾ ഒരു കടമയായി തന്നെ ചുറ്റി വരിഞ്ഞിരിക്കുന്നു..... 🌼🌼🌼🌼

കത്തിച്ച് വച്ച നിലവിളക്കിന് മുന്നിലിരുന്ന് നാമം ജപിക്കുമ്പോഴാണ് മുറ്റം കടന്ന് വഷളൻ ചിരിയോടെ തനിക്ക് നേരെ നടന്ന് വരുന്ന ദത്തനെ അമ്മു കണ്ടത്..... കൂപ്പിയ കൈകൾ നിലത്തൂന്നി പിടഞ്ഞെഴുന്നേറ്റവൾ വെപ്രാളത്തിൽ ഇന്ദ്രയെ തേടി അടുക്കളയിലേക്ക് പാഞ്ഞു..... """ചേച്ചി... അവിടെ...... ദത്തൻ......."" അമ്മുവിന്റെ വാക്കുകൾ പൂർത്തിയാകും മുന്നേ ദത്തൻ അടുക്കള വാതിൽക്കലെത്തിയിരുന്നു...... """"എന്തിനാ ദത്തേട്ടന്റെ അമ്മുമോൾ പേടിക്കുന്നത്...... ഇങ്ങട്ത്ത് വന്നേ... ചോദിക്കട്ടെ....."""" വന്യമായി മന്ദഹസിച്ച്‌ അമ്മുവിന് നേരെയയാൾ കൈ നീട്ടി.... """എന്റെ കുട്ടിയെ എങ്ങാനും തൊട്ടാൽ വെട്ടി കീറും നിന്നെ ഞാൻ......"""" അമ്മൂട്ടിയെ പുറകിലേക്ക് മറച്ച് പിടിച്ച്‌ അടുപ്പിനരികിലായി വച്ചിരുന്ന മൂർച്ചയേറിയ വാക്കത്തി ഇന്ദ്ര വീറോടെ ദത്തന് നേരെ ആഞ്ഞു വീശി.....................!!!............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story