എന്നും എപ്പോഴും: ഭാഗം 4

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""എന്റെ കുട്ടിയെ എങ്ങാനും തൊട്ടാൽ വെട്ടി കീറും നിന്നെ ഞാൻ......"""" അമ്മൂട്ടിയെ പുറകിലേക്ക് മറച്ച് പിടിച്ച്‌ അടുപ്പിനരികിലായി വച്ചിരുന്ന മൂർച്ചയേറിയ വാക്കത്തി ഇന്ദ്ര വീറോടെ ദത്തന് നേരെ ആഞ്ഞു വീശി..... നീട്ടിയ കൈകൾ ഭയപ്പാടോടെ പിൻവലിച്ച് ദത്തൻ രണ്ടടി പുറകോട്ട് നീങ്ങി..... """കടക്കടാ പുറത്ത്.........""""" തീ പാറുന്ന കണ്ണുകളാൽ ഇന്ദ്ര കയ്യിലെ കത്തി ദത്തന്റെ കഴുത്തിന് മീതെയായി വച്ചു...... അയാൾ പിന്നോക്കം ചുവടുകൾ വയ്ക്കും തോറും കയ്യിലെ കത്തിയനക്കാതെ ഇന്ദ്രയും അവനൊപ്പം മുന്നോട്ട് നീങ്ങി........ അവളുടെ മിഴികളിൽ കത്തിയാളുന്ന അഗ്നിയിൽ ദത്തന്റെ മനസ്സും ശരീരവും ഒരുപോലെ വെന്തമർന്നു.....

അയാളുടെ ദേഹമാസകലം വിയർപ്പ് കണങ്ങൾ ഒലിച്ചിറങ്ങി..... കണ്ണുകളിൽ ഭീതി നിഴലിച്ചു...... ഉമ്മറ വാതിൽക്കലെത്തിയ നിമിഷം ഇന്ദ്രയുടെ കത്തിമുനയ്ക്ക് മുമ്പിൽ നിന്നും കുതറി മാറി ദത്തൻ പുറത്തേക്കിറങ്ങിയോടി...... അവന്റെ വിറ പൂണ്ട കൈകാലുകളപ്പോഴും പൂർവ്വസ്ഥിതി പ്രാപിച്ചിട്ടില്ലായിരുന്നു..... പെട്ടന്നാണ് വേലിക്കരികിൽ ബുള്ളറ്റിൽ ചാരിയിരിക്കുന്ന ശിവനിലേക്കും , അവനൊപ്പം നിൽക്കുന്ന സ്ത്രീയിലേക്കുമവന്റെ നോട്ടമെത്തി നിന്നത്...... അവരെ രണ്ട് പേരെയും ഏറുക്കണ്ണിട്ടൊന്ന് നോക്കി ദത്തൻ ധൃതിയിൽ ദൂരേക്ക് നടന്നകന്നു......... """അവനാരാടാ ഭദ്രാ????""""" """"എനിക്കെങ്ങനെ അറിയാനാ???അവൾടെ കാമുകനെങ്ങാനുമായിരിക്കും....."""

"""ച്ചി....തെമ്മാടിത്തരം പറയുന്നോ???"" ""അല്ലാണ്ട് പിന്നെ ഈ സന്ധ്യാ സമയത്ത് അവനീ വീട്ടിലെന്താ കാര്യം....!! അതും രണ്ട് പെൺപിള്ളേരുള്ള വീട്ടിൽ.... ഓരോരോ മാരണങ്ങൾ.... ഇളയമ്മയെന്തിനാ എന്നേം കൂട്ടിയിപ്പോ ഇങ്ങോട്ട് വന്നത്.....?? """ """കെടന്ന് പെടയ്ക്കാതെ ചെക്കാ.... നീ വന്നേ.... എനിക്കാ കുട്ടിയോടൽപ്പം സംസാരിക്കാനുണ്ട്....."""" """അവള് വിവാഹത്തീന്ന് പിന്മാറി കാണുമല്ലേ......??"""' ശിവന്റെ കുടിലത നിറഞ്ഞ ചോദ്യത്തിന് ദഹിപ്പിച്ചൊരു നോട്ടം മറുപടിയായി നൽകിയവർ മുറ്റത്തേക്ക് കയറി..... പിന്നാലെ വിവാഹം മുടങ്ങിയ ആഹ്ലാദത്തിൽ ശിവനും....... കോലായിലായി നിന്ന് പരസ്പരം പുണർന്ന് പൊട്ടിക്കരയുകയായിരുന്നു ഇന്ദ്രയും , അമ്മുവും......

"""എന്ത് പറ്റി മക്കളെ?????"""" ശബ്ദം ശ്രവിച്ച് തമ്മിൽ അടർന്ന് മാറി കണ്ണുകൾ തുടച്ചിന്ദ്ര അവരെ നോക്കി തെളിച്ചമില്ലാതൊന്നു പുഞ്ചിരിച്ചു..... """എന്താ മോളേ?? എന്താണേലും പറ..."" വാത്സല്യപൂരിതമാർന്ന അവരുടെ വാക്കുകൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ ഇന്ദ്രയ്ക്ക് സാധിച്ചില്ല..... ഉള്ളിൽ അടിഞ്ഞു കൂടിയ വേദനകൾ തേങ്ങലുകളായി പുറത്തേക്ക് പ്രവഹിച്ചപ്പോൾ കയ്യിൽ മുറുകെ പിടിച്ചിരുന്ന കത്തി ദൂരേക്ക് വലിച്ചെറിഞ്ഞവളാ സ്ത്രീയുടെ മാറിലേക്ക് വീണുറക്കെ കരഞ്ഞു....... ഒന്നും മനസ്സിലാകാതെ അവരെ തന്നെ നോക്കി നിൽക്കുന്ന ശിവനിലേക്കമ്മുവിന്റെ കണ്ണുകൾ നീണ്ടു..... പെട്ടന്നയാളുടെ മിഴികൾ ഇന്ദ്രയിൽ നിന്നും അമ്മുവിലേക്ക് തെന്നി മാറിയതും അമ്മു പരവേശത്തോടെ തൂണിൻ മറവിലേക്കൊളിച്ചു.....

"""അതേ..... കണ്ണീർ നാടകം കണ്ട് നിൽക്കാൻ എനിക്ക് സമയമില്ല.... പോയിട്ട് വേറെ ജോലിയുണ്ട്......."""" വെറി പിടിച്ചോരോന്ന് പുലമ്പുന്ന ശിവനെ ഇളയമ്മ രൂക്ഷമാർന്നൊരു നോട്ടത്തിൽ ശാസിച്ചു നിർത്തി...... '''ആ പോയതാരാ മോളേ??"" ""അവനാണ് ദത്തൻ.......സാവിത്രി അപ്പച്ചിയുടെ ഇളയ മോൻ....."" ""അവൻ നിങ്ങളെ ഉപദ്രവിച്ചോ??"" ഇല്ലെന്ന് തല ചലിപ്പിച്ചിന്ദ്ര കണ്ണുകൾ അമർത്തി തുടച്ച് അവരിൽ നിന്നും അടർന്നു മാറി .... ""അമ്മു മോളെ പിടിക്കാൻ തുടങ്ങിയപ്പോഴേക്കും ഞാൻ അവന് നേരെ കത്തി വീശി...... അവൻ ഇനിയും വരും സീതമ്മേ.....""" """മോള് പേടിക്കണ്ട...... അവൻ ഇനിയൊന്നും ചെയ്യാൻ വരില്ല.... ഡാ ഭദ്രാ... ഇങ്ങട് വന്നേ......"""

കേൾക്കേണ്ട താമസം അമ്മു ഓടി അകത്തേക്ക് കയറി...... അവളുടെ ആ പോക്ക് സീതമ്മയിലും , ഇന്ദ്രയിലും ഒരുപോലെ പുഞ്ചിരി നിറച്ചു..... കലി തുള്ളി അവർക്കരികിലേക്ക് ചവിട്ടിമെതിച്ച് വരുന്ന ശിവനിന്ദ്രയിൽ വീണ്ടും ചിരിയുണർത്തി..... വിഷാദത്താൽ ചലനം നഷ്ടപ്പെട്ട പുഞ്ചിരി ചിറകുകൾക്ക്‌ വീണ്ടും ജീവൻ വച്ചത് പോലെ.... ദുഃഖങ്ങളെല്ലാം മനസ്സിനേതോ കോണിൽ കൂടണഞ്ഞൊരു സുഖം..... ആദ്യമായാണ് ശിവനെ കാണുമ്പോൾ വെറുപ്പല്ലാതെ മറ്റൊരനുഭൂതി അവളിൽ നിറയുന്നത്..... """അപ്പൊ മോളേ.. ഞാൻ വന്നതെന്തിനാന്ന് വച്ചാൽ ഈ വിവാഹത്തീന്ന് പിന്മാറാൻ മോൾക്കൊരുപാട് ഭീഷണികൾ വരുന്നുണ്ടെന്ന് ഞാനറിഞ്ഞു.......""""

ഉത്തരത്തിലെ മാറാലയിലേക്ക് കണ്ണും നട്ട് നിൽക്കുന്ന ശിവന്റെ നേത്രഗോളങ്ങൾ നേർത്തൊരു പിടച്ചിലോടെ സീതമ്മയിലേക്കിറങ്ങി വന്നു....... ജാള്യത നിറഞ്ഞവന്റെ മുഖം കാൺകെ ഇന്ദ്രയുടെ ചൊടികളിലെ പുഞ്ചിരിയൊരു കുസൃതി ചിരിയിലേക്ക് ദിശമാറി..... """അതുകൊണ്ട് ഈ ശനിയാഴ്ച്ച നമുക്കീ വിവാഹമങ്ങു നടത്താം..... മോൾക്കെന്തെങ്കിലും ബുദ്ധിമുട്ട്????""" ഇല്ലെന്നിന്ദ്ര പറയാനൊരുങ്ങവേ ശിവന്റെ ശബ്ദമുയർന്നു ""ഉണ്ട്.....അവൾക്ക് ബുദ്ധിമുട്ടുണ്ട്.....""" """അവൾടെ ബുദ്ധിമുട്ട് നിനക്കാണോ അറിയുന്നത്?? മോള് പറ......""" """എനിക്ക്.. എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല സീതമ്മേ...""" ശിവൻ മുഷ്ടി ചുരുട്ടി ഇന്ദ്രയെ രൂക്ഷമായി നോക്കി....... """നിനക്കോ ഭദ്രാ???"""

"""എനിക്കീ വിവാഹത്തിന് താത്പര്യമില്ല.......""" ""അതല്ല ഞാൻ ചോദിച്ചതിനുള്ള മറുപടി.."" ""ഇളേമ്മേ ഞാൻ.......""" """നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല ഭദ്രാ..... നീ എനിക്കൊരു വാക്ക്‌ തന്നിരുന്നു... ഓർമ്മണ്ടോ നിനക്ക്...?? നിന്നെ കെട്ടാൻ ഈ പ്രദേശത്തുള്ള ഏതേലും ഒരു പെൺകുട്ടി സമ്മതം മൂളുകയാണെങ്കിൽ തൊട്ടടുത്ത നിമിഷം അവളെ താലി ചാർത്തി ചന്ദ്രമംഗലത്തേക്ക് കൊണ്ട് വരാംന്ന്... വലിയ ഗുണ്ട ചമഞ്ഞു നടന്നിട്ടൊന്നും കാര്യമില്ല..... ആണുങ്ങളായാലേ പറഞ്ഞാൽ പറഞ്ഞ വാക്കിന് വില വേണം......""" ""'ഇളേമ്മേ.......""" ""'വിളിച്ചു കൂവണ്ട...... അപ്പൊ എല്ലാം പറഞ്ഞത് പോലെ മോളേ.... ഇനിയും ഭീഷണി സ്വരങ്ങൾ വരുവാണേലെ ഇന്നലത്തെ പോലെ ശാരധയെ വിളിച്ചു പറഞ്ഞാൽ മതി.....

ശനിയാഴ്ച്ചത്തേക്ക് നീട്ടാതെ ആ നിമിഷം തന്നെ ഇളേമ്മ വന്ന് മോളെ കൂട്ടിയേക്കാം .....""" ശിവന്റെ പല്ലുകൾ ഞെരിഞ്ഞമരുന്ന ശബ്ദം ഉയർന്നപ്പോൾ ഇന്ദ്ര സംഭ്രമത്തോടെ സീതമ്മയുടെ ഉള്ളം കയ്യിലേക്ക് കൈ ചേർത്തു.... ഒന്നുമില്ലെന്നർത്ഥേനയവർ ഇന്ദ്രക്ക് നേരെ കണ്ണ് ചിമ്മി.... ""സീതമ്മയിരിക്ക്‌... ഞാൻ ചായയിടാം.......'"' """എനിക്ക് പോണം........ ഇളേമ്മയൊന്നിങ്ങോട്ട് വരുന്നുണ്ടോ???"" വാശിയോടെ തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറിയ ശിവനെ ഇന്ദ്ര കൂർപ്പിച്ച് നോക്കി...... ""ഈ ചെറുക്കനെ കൊണ്ട്.... ഞാനിറങ്ങട്ടെ മോളേ.....'"" ""മ്മ്മ്മ്.......""" ഇളേമ യാത്ര ചൊല്ലി ഇറങ്ങുമ്പോഴേക്കും ശിവൻ വേലിക്കൽ നിർത്തിയിട്ട ബുള്ളറ്റിൽ കയറിയിരുന്ന് നിർത്താതെ ഹോൺ മുഴക്കാൻ തുടങ്ങിയിരുന്നു .....

മുറുമുറുപ്പോടെ സീതമ്മ അവനരികിലേക്ക് പാഞ്ഞു..... ""ചേച്ചി..... അയാള് പോയോ???""" ഇടനാഴിയിൽ നിന്നുമായി അമ്മു പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു ചോദിച്ചു.... ""പോയി.... പോയി.... ഇങ്ങ് പോര് നീ......""" അമ്മു വാതിൽക്കൽ വന്ന് പുറത്തേക്ക് തലയിട്ട് നോക്കി..... ശിവൻ പോയെന്നുറപ്പ് വരുത്തി ഇന്ദ്രയ്ക്കടുക്കൽ വന്നു നിന്നു........ """ചേച്ചി........ ഇത്‌ വേണോ??? എല്ലാം പൊയ്ക്കോട്ടെ..... വീടും , പണവും ഒക്കെ പൊയ്ക്കോട്ടേ.... ആരും അറിയാതെ നമുക്ക് വേറെ ഏതെങ്കിലും നാട്ടിലേക്ക് പോകാം ചേച്ചി ........""" ഇന്ദ്ര അമ്മുവിനെ ചേർത്ത് പിടിച്ച്‌ നെറുകിൽ ചുംബിച്ചു....... """ചേച്ചിക്കയാളെ ഇഷ്ടമാണ് അമ്മൂട്ടിയെ....അതുകൊണ്ടല്ലേ...."""

"""ഇല്ല... ചേച്ചി കള്ളം പറയാ.... അയാളെ പോലൊരുത്തനെ ഒരിക്കലും ന്റെ ചേച്ചിക്ക് സ്നേഹിക്കാനാകില്ല....എല്ലാം എനിക്ക് വേണ്ടിയാണെന്ന് നിക്ക് നല്ല ബോധ്യണ്ട്......""" ഇന്ദ്ര ഒന്നും മിണ്ടിയില്ല.......... ചുവരിൽ പതിപ്പിച്ച അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് മിഴികളൂന്നി....... മൂകമായി അവർക്ക് മുമ്പിൽ സങ്കടങ്ങളുടെ കെട്ടഴിച്ചു........ രണ്ട് തുള്ളി കണ്ണുനീരവളുടെ മിഴികളിൽ നിന്നും ഭൂമിയിലേക്കടർന്നു വീണു...... 🌼🌼🌼🌼 പതിവ് പോലെ ജോലി കഴിഞ്ഞ് ഇന്ദ്ര സുതേച്ചിയുടെ വീട്ടിലേക്കെത്തി നോക്കി ,കോളേജ് കഴിഞ്ഞ് വരുന്ന അമ്മു ഇന്ദ്രയെ കാത്തിരിക്കുന്ന പാർപ്പിടമാണ് സുതേച്ചിയുടെ വീട് ...... ദത്തനെ പേടിച്ച് അമ്മുവിനെ കുറച്ച് നേരം പോലും വീട്ടിൽ തനിയെ നിർത്താൻ ഇന്ദ്രയ്ക്ക് ഭയമാണ്....

സുതേച്ചിയുടെ വീടിന്റെ ഉമ്മറ വാതിൽ താഴിട്ട് പൂട്ടിയിരിക്കുന്നത് കണ്ട് ഇന്ദ്ര ഒന്ന് ശങ്കിച്ചു...... അമ്മു ഒറ്റയ്ക്ക് വീട്ടിൽ........!!!! ആ ഒരൊറ്റ ചിന്ത ഇന്ദ്രയിൽ പരിഭ്രാന്തി പടർത്തി..... ഒട്ടും സമയം പാഴാക്കാതെയവൾ വീട്ടിലേക്കോടി......... വേലിക്കൽ ഒരു ബുള്ളറ്റും അതിന് ചുറ്റുമായി ഇരുമ്പ് ദണ്ടും , വടിവാളും കയ്യിലേന്തി കുറേ പുരുഷൻമാർ നിൽക്കുന്നത് ഇന്ദ്ര ദൂരെ പാടവരമ്പിൽ നിന്നും അവ്യക്തമായി കണ്ടു..... അവൾക്കുള്ളിലൂടൊരു മിന്നൽ പിണർ പാഞ്ഞു..... കാലുകൾക്ക് വേഗത കൂട്ടാൻ ശ്രമിച്ചു നോക്കിയെങ്കിലും പരാജയപ്പെട്ടു... ഉള്ളിലുടലെടുത്ത ഭീതിയാൽ ശരീരം കുഴഞ്ഞ് പോകുന്നത് പോലെ തോന്നി...... എങ്ങനെയൊക്കെയോ കാൽ നീട്ടിവലിച്ചും , ഓടിയും ഇന്ദ്ര അവർക്കരികിലെത്തി......

"''''ആരാ നിങ്ങളൊക്കെ........."""" കിതപ്പോടെ ചോദിച്ചു..... മറുപടിയൊന്നുമില്ലാതെ എല്ലാവരും എങ്ങോട്ടൊക്കെയോ നോട്ടം പായിച്ചു നിൽക്കുന്നു...... ഒട്ടും സമയം കളയാതെയവൾ അവരെ കടന്ന് മുറ്റത്തേക്ക് കയറി... അഴിഞ്ഞുലഞ്ഞ മുടിയുമായി അമ്മൂട്ടി ഇറയത്തിരുന്ന് കരയുന്നു..... ഇന്ദ്ര പരവേശത്തോടെ അവൾക്കരികിലേക്കടുക്കാൻ തുടങ്ങിയതും കോലായിലെ കസേരയിൽ തിണ്ണയിലേക്ക് കാലുകൾ രണ്ടും കയറ്റി വച്ചിരിക്കുന്ന ശിവനിൽ അവളുടെ നോട്ടമെത്തി നിന്നു....... ശിവന്റെ വലത്തേ കയ്യിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന സിഗററ്റ് കുറ്റിയും മറു കയ്യിൽ നീളത്തിലൊരു ഇരുമ്പ് ദണ്ടുമുണ്ട്...... ഒരു ഗുണ്ടാ തലവനെ പോലെ ഗർവ്വോടെ ഇന്ദ്രയെ നോക്കി കയ്യിലെ ഇരുമ്പ് ദണ്ട് തറയിൽ കുത്തിയവൻ ശബ്ദമുണ്ടാക്കി കൊണ്ടിരന്നു..... അടുത്താരുടെയോ സാമിപ്യമറിഞ്ഞപ്പോൽ അമ്മു ശിരസ്സുയർത്തി നോക്കി ......

ഇന്ദ്രയെ കണ്ടതും അവളോടി ചെന്നിന്ദ്രയുടെ നെഞ്ചിലേക്ക് വീണ് ഉറക്കെ കരഞ്ഞു ....... """ചേച്ചി ...... എന്നെ .... എന്നെ......"""" വാക്കുകൾ ഇടർച്ചയോടെ അന്നനാളത്തിൽ കുരുങ്ങി കിടന്നു...... അമ്മുവിന്റെ ദേഹമാസകലം വിറ കൊള്ളുന്നതിന്ദ്ര ചേർത്ത് പിടിച്ച തന്റെ കൈകളിലൂടറിയുന്നുണ്ടായിരുന്നു...... നെഞ്ചിൽ പല തരം ചിന്തകൾ പൊട്ടി മുളച്ചു.... അവൾ അമ്മുവിനെ ദേഹത്തോട് ചേർത്ത് നിർത്തി മുറുകെ മുറുകെ പുണർന്നു..... കൂസലില്ലായ്മയോടെ ഉമ്മറപടികളിറങ്ങി വരുന്ന ശിവനെ ഇന്ദ്ര രോഷത്തോടെ നോക്കി...... അവനിലെ പുച്ഛ ചിരി കണ്ട് ഇന്ദ്രയുടെ കലി അതിന്റെ പൂർണ്ണസ്ഥിതി പ്രാപിച്ചു.... അമ്മുവിനെ അടർത്തി മാറ്റിയവൾ കയ്യിലെ ബാഗ് വാശിയോടെ വലിച്ചെറിഞ്ഞ് ശിവനിലേക്ക് പാഞ്ഞടുത്തയാളുടെ ഷർട്ടിന്റെ കോളർ പിടിച്ചുലച്ചു.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story