എന്നും എപ്പോഴും: ഭാഗം 6

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""അമ്മൂ..........""" """എന്താ ചേച്ചി????""" ""മോള് പറഞ്ഞത് പോലെ നമുക്ക് എങ്ങടേലും പോയാലോ??? ഈ നാടും , വീടും ഒക്കെ വിട്ട്..........""" """എന്താ ചേച്ചിക്കിപ്പോ ഇങ്ങനൊരു തോന്നൽ???""" ""അങ്ങനെ തോന്നി........"" ""അപ്പൊ അയാളുമായിട്ടുള്ള വിവാഹം??"" """അത് വേണ്ട......... അയാൾക്കൊരിക്കലും ചേച്ചിയെ ഉൾക്കൊള്ളാൻ കഴിയില്ല...... ചേച്ചിക്കും......... സീതമ്മ വിവാഹമന്വേഷിച്ച് വന്നപ്പോ ചേച്ചി ഒന്നേ ചിന്തിച്ചുള്ളൂ ...... നിന്റെ സുരക്ഷിതത്വം...... ചേച്ചിയുള്ളിടത്ത് നീയുണ്ടാകുമ്പോൾ എനിക്ക് ഭയപ്പെടേണ്ട കാര്യമില്ലല്ലോ..... പക്ഷേ അയാൾക്കും നമ്മളോട് വൈരാഗ്യമാണ്... പ്രത്യേകിച്ച് ചേച്ചിയോട്........ അത് ചിലപ്പോ മോളോടും........"""

കൈവെള്ളയാൽ മുഖമമർത്തി തുടച്ച് ഇന്ദ്ര ദീർഘമായൊന്ന് നിശ്വസിച്ചു....... """ചേച്ചി.....ഞാൻ കാരണം ഒത്തിരി ബുദ്ധിമുട്ടുന്നുണ്ടല്ലേ..........."""" ഇന്ദ്ര തല ചെരിച്ച് അമ്മുവിനെ നോക്കി... അവൾ ശിരസ്സ് കുനിച്ച് നിന്ന് വിങ്ങിപ്പൊട്ടുന്നത് കണ്ടപ്പോൾ ഇന്ദ്ര വേദനയോടെ അവളെ വലിച്ച് നെഞ്ചോട് ചേർത്ത് നെറുകിൽ തഴുകി...... """നീ ന്റെ അനിയത്തി മാത്രല്ല.. ന്റെ മോളും കൂടെയാ....... ചേച്ചിക്ക് നീയെ ഉള്ളൂ...... നിനക്ക് ഞാനും......""" അത്രയും പറഞ്ഞ് ഇന്ദ്ര അമ്മുവിനെയും ചേർത്ത് പിടിച്ച്‌ മുന്നോട്ട് നടന്നു..... ഭദ്രൻ പറഞ്ഞത് പോലെ കയ്യിലൊരുപാട് പൊതികളുമായി സീതമ്മ വീടിന്റെ ഇറയത്തിരിപ്പുണ്ടായിരുന്നു........ ഇന്ദ്ര മുറ്റത്തേക്ക് കടന്നതും അവർ പുഞ്ചിരിയോടെ എഴുന്നേറ്റു .....

"""കോലായിലേക്ക് കയറി ഇരുന്നൂടായിരുന്നോ സീതമ്മേ??? എന്തിനാ ഇറയത്തിരുന്നത്......??""" """അത് സാരല്യ മോളെ......""" ""അമ്മൂട്ടിയെ ചെന്ന് ഉടുപ്പൊക്കെ മാറിയിട്.....""" ഇന്ദ്ര ബാഗിൽ നിന്നും താക്കോലെടുത്ത് അമ്മുവിനെ ഏൽപ്പിച്ചു..... അവൾ സീതമ്മയ്ക്കായൊരു പുഞ്ചിരി നൽകി അനുസരണയോടെ വാതിൽ തുറന്ന് അകത്തേക്ക് കയറി ...... ""സീതമ്മേ...... നിക്കൊരു കാര്യം.........""" ഇന്ദ്ര മടിയോടെ വിരലുകൾ തമ്മിൽ കൊരുത്ത് ശിരസ്സ് കുനിച്ച് നിന്നു..... """എന്താ മോളെ...എന്താണെങ്കിലും പറ.."" """സീതമ്മേ ഈ വിവാഹം... അത് വേണ്ട.....""" സീതമ്മ ഒന്നും മനസ്സിലാകാതെ കണ്ണ് മിഴിച്ചിന്ദ്രയെ നോക്കി....... '"""പെട്ടന്ന് എന്താ മോളെ ഇങ്ങനൊരു തീരുമാനം??? """""

"""അയാൾക്കെന്നോട് ദേഷ്യാ സീതമ്മേ.... എന്നോടും , ന്റെ അച്ഛനോടും , ദേവേട്ടനോടുമെല്ലാം അയാൾക്ക് തീർത്താൽ തീരാത്ത പകയാണ്.... ന്റെ അച്ഛൻ അയാളെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നൊക്കെ പറഞ്ഞു...... നിക്കറിയില്ല....!!!! സഹായം ചോദിച്ച് വരുന്നവരെയൊന്നും ന്റെ അച്ഛൻ മടക്കി അയച്ച് ഞാൻ കണ്ടിട്ടില്ല.... കൂടെയുള്ളവരെയെല്ലാം കൈ പിടിച്ചുയർത്തി കൊണ്ട് വന്നിട്ടേ ഉള്ളൂ ..... 'ന്നെ' കുറിച്ചോർത്ത് നിക്ക് ഭയമില്ല സീതമ്മേ..... പക്ഷേ ന്റമ്മൂട്ടി.... അവളെ ആരും നുള്ളി നോവിക്കണത് പോലും നിക്ക് സഹിക്കാനാവില്ല...... സീതമ്മ... എന്നോട് ക്ഷമിക്കണം........"""" ഇന്ദ്ര അവർക്ക് മുന്നിൽ കൈകൾ കൂപ്പി..

"""ഏയ്‌... എന്താത് കുട്ടിയേ...... എനിക്ക് മനസ്സിലാകും നിന്നെ.... മോൾക്കിഷ്ടല്യാച്ചാൽ ഞാൻ നിർബന്ധം പിടിക്കൊന്നുല്ല..."""" പിന്നെ ഭദ്രന് മോളോടും , മോൾടെ അച്ഛനോടുമൊക്കെയുള്ള ദേഷ്യം........ , അതിനൊക്കെ പിന്നിൽ ന്യായമായ കാരണങ്ങളുണ്ട് മോളെ..... വാക്കുകളാൽ നിന്റച്ഛൻ അവനെ ഒരുപാട് മുറിവേൽപ്പിച്ചിട്ടുണ്ട്.. സത്യാണ്....... പക്ഷേ അതൊരിക്കലും നിന്റച്ഛന് ഭദ്രനോടുള്ള ദേഷ്യമായിരുന്നില്ല....... അവന്റച്ഛൻ മാധവനോടും , എന്നോടുമുള്ള ദേഷ്യായിരുന്നു.... കേട്ടതൊന്നും വ്യക്തമാകാതെ ഇന്ദ്ര മുഖം ചുളിച്ചു ....... ഒരുപാട് വർഷങ്ങൾക്ക് മുമ്പ് നിന്റച്ഛനും എനിക്കുമിടയിൽ വേരൂന്നിയ ഒരു ബന്ധമുണ്ടായിരുന്നു......

ഒരു കുഞ്ഞ് പ്രണയ ബന്ധം..... ഇന്ദ്ര ഒരു നിമിഷം സ്ഥബ്ധയായി നിന്നു........ വികസിച്ച കൺപോളകൾ ചിമ്മിയടയ്ക്കാൻ പോലും മറന്നവൾ വിശ്വാസം വരാതെ സീതമ്മയെ ഉറ്റ് നോക്കി.......... അവർ നേരിയൊരു പുഞ്ചിരിയോടെ ദീർഘമായൊന്നു നിശ്വസിച്ചു..... അന്ന് എനിക്ക് ഇരുപത് വയസ്സേ ഉണ്ടായിരുന്നുള്ളൂ...... മാമ്പള്ളി തറവാടിന് അത്രമാത്രം പേരും പ്രശസ്ത്തിയുമൊന്നും ഇല്ലാത്ത കാലം.... ബാലേട്ടന് കാര്യായിട്ടൊരു ജോലിയോ , വരുമാനമോ ഇല്ല .... ആയിടയ്ക്കാണ് എനിക്ക് മാധവേട്ടന്റെ വിവാഹാലോചന വരുന്നത്..... എന്റെ വീട്ടുകാരെ സംബന്ധിച്ചിടത്തോളം എന്നെ പോലൊരു പെണ്ണിന് സ്വപനം കാണാൻ പോലും യോഗ്യതയില്ലാത്ത കുടുംബമായിരുന്നു മാധവേട്ടന്റേത്....

പേരെടുത്ത "ചന്ദ്രമംഗലം" തറവാട്ടിലെ ഏക മകന്റെ വിവാഹാലോചന ഒരു ഗതിയുമില്ലാത്ത പെണ്ണിനെ തേടിയെത്തിയപ്പോൾ എല്ലാവരും പറഞ്ഞു അതെന്റെ ഭാഗ്യമാണെന്ന് ...... എന്റെ സമ്മതം പോലും ചോദിക്കാതെ അച്ഛൻ മാധവേട്ടനുമായിട്ടുള്ള വിവാഹമുറപ്പിച്ചു...... കൂടെ ഇറങ്ങി ചെല്ലാൻ നിന്റച്ഛൻ എന്നെ ഒരുപാട് വിളിച്ചതാ.... പക്ഷേ വീട്ടുകാരെ ധിക്കരിച്ച് പ്രേമിച്ച പുരുഷനോടൊപ്പം ഇറങ്ങി പോകാനുള്ള മനകട്ടിയൊന്നും അന്നത്തെ ഇരുപത് വയസ്സുകാരി പെണ്ണിനുണ്ടായിരുന്നില്ല......... അവസാനം മാധവേട്ടനുമായുള്ള എന്റെ വിവാഹം നടന്നു..... പണവും പ്രതാപവും തേടി വന്നപ്പോൾ സ്നേഹിച്ച പുരുഷനെ നിർദാക്ഷണ്യം മറന്നിട്ട് പോയൊരു വഞ്ചകിയുടെ സ്ഥാനമായിരുന്നു ബാലേട്ടന്റെ മനസ്സിൽ പിന്നീടെനിക്കുണ്ടായിരുന്നത്........

ക്രൂരനായിരുന്നു മാധവേട്ടൻ ....... പണത്തിന് മാത്രം വില കല്പിച്ചിരുന്ന ഒരു മൃഗം........ എല്ലാ തോന്നിവാസങ്ങളും ഉണ്ടായിരുന്നു... പിടിച്ച്‌ നിൽക്കയല്ലാതെ എന്റെ മുന്നിൽ മറ്റൊരു വഴിയുമില്ലായിരുന്നു..... സഹിക്കാൻ പറ്റാതെ ഒരിക്കൽ അമ്മയോട് എല്ലാം തുറന്ന് പറഞ്ഞപ്പോ കുറ്റങ്ങളും കുറവുകളും എല്ലാ ദാമ്പത്യത്തിലുമുണ്ടാകും.... എല്ലാം ക്ഷമിച്ച് ഭർത്താവിന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കണം എന്ന് പറഞ്ഞെന്നെ തിരുത്തി .... ക്ഷമിച്ചും , സഹിച്ചും ജീവിക്കാൻ തന്നെ തീരുമാനിച്ചു..... വിവാഹം കഴിഞ്ഞ് രണ്ട് വർഷമായിട്ടും കുഞ്ഞുങ്ങളാകാതെ വന്നപ്പോ പിന്നെ ആ പേരും പറഞ്ഞായി ഉപദ്രവം......

ഒരിക്കെ ഒരു രാത്രി എവിടെയോ പോയി തിരികെ വന്നപ്പോൾ അയാൾടെ കൂടെയൊരു അഞ്ച് വയസ്സുകാരൻ ഉണ്ടായിരുന്നു.......... ""എന്റെ ചോരയാ... ഒരബദ്ധം പറ്റിയതാ.. ഇപ്പൊ തലയിലായി "".... എന്നും പറഞ്ഞാ കുഞ്ഞിനെ അയാൾ ദേഷ്യത്തിൽ എനിക്ക് നേരെ ഇട്ട് തന്നു......... അതായിരുന്നു എന്റെ കുട്ടി... "ഭദ്രൻ"....... ഞാൻ എന്ത് കൊടുത്താലും കഴിക്കില്ല , കുടിക്കില്ല... എന്നോട് മിണ്ടാൻ പോലും കൂട്ടാക്കാതെ ഏത് നേരവും ' അമ്മ 'എന്ന് മാത്രം മന്ത്രിച്ചോണ്ടിരുന്നു....... ജാര സന്തതി കഥ നാട്ടിലപ്പാടും പാട്ടായപ്പോ അയാൾക്കത് വലിയ മാനക്കേടായി..... സ്വന്തം കുഞ്ഞാണെന്ന് പോലും ഓർക്കാതെ പിന്നീടുള്ള അയാൾടെ പരാക്രമങ്ങളെല്ലാം ന്റെ കുട്ടിയോടായിരുന്നു.........

മദ്യപിച്ച് വന്ന് രാവോളം അവനെ പൊതിരെ തല്ലിയും ചവിട്ടിയും അയാൾ ആനന്ദം കണ്ടെത്തി.... എരിയുന്ന സിഗരറ്റ് കുറ്റി അവന്റെ ദേഹത്ത് വച്ച് പൊള്ളിച്ചും , മദ്യം കുടിപ്പിച്ചുമൊക്കെ എന്റെ കുഞ്ഞിനെ..... സീതമ്മ സാരി തലപ്പ് കൊണ്ട് കണ്ണുനീരൊപ്പി... എല്ലാം നോക്കി കണ്ട് കണ്ണീർ വർക്കാനെ അന്നെന്നെ കൊണ്ട് കഴിയുമായിരുന്നുള്ളൂ..... പല രാത്രികളിലും അയാൾ ഉറങ്ങി കഴിഞ്ഞതിന് ശേഷം വാതിൽ തുറന്ന് കൊടുത്ത് എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെട്ടോളാൻ ഞാൻ അവനോട് പറയുമായിരുന്നു..... എന്നെ നോക്കി ദൈന്യതയോടെ കണ്ണ് നിറയ്ക്കുമെന്നല്ലാതെ അവനൊന്നിനും മുതിർന്നില്ല....... ഒരുപക്ഷെ പോകാൻ മറ്റൊരിടമില്ലാഞ്ഞിട്ടാവണം.......!!!

പതിനാറ് വയസ്സ് വരെ ആ വീട്ടിൽ അവന്റെ ജീവിതം നരക തുല്യമായിരുന്നു....... അടുത്ത് നിർത്തി ഒന്ന് തലോടാൻ പോലും എന്നെ കൊണ്ട് കഴിയുമായിരുന്നില്ല......... അയാളെങ്ങാനും കണ്ടാൽ ആ പേരും പറഞ്ഞാവും പിന്നീടുള്ള ഉപദ്രവം......... ഒരിക്കെ അവൻ പനിച്ച് കിടന്ന രാത്രിയിൽ അയാളവനെ നിർബന്ധിച്ച് മദ്യം കഴിപ്പിക്കാൻ നോക്കി....... എനിക്ക് കലശലായ ദേഷ്യം വന്നു........ ആദ്യമായി ഞാനയാളെ എതിർത്തു...... മദ്യ കുപ്പി എറിഞ്ഞു പൊട്ടിച്ചു ............ അയാളെന്നെ കൊല്ലുമെന്നെനിക്കുറപ്പായിരുന്നു...... ജീവിതം മടുത്ത എനിക്ക് മരണത്തിലൂടൊരു രക്ഷ ഞാൻ ആശിച്ചു....... എന്റെ ഊഹം പോലെ അയാളെന്റെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചു........

മരണത്തിന്റെ പടി വാതിൽക്കലെത്തിയ എന്നെ എന്റെ ഭദ്രനാ രക്ഷിച്ചത്.... പൊട്ടിയ മദ്യ കുപ്പി കൊണ്ട് ഭദ്രനയാളെ കുത്തി കൊന്നു ......... അവന്റെ അന്നേരത്തെ ഭാവം എനിക്കിപ്പോഴും ഓർമയുണ്ട്....... ഒരു തരം വിഭ്രാന്തിയോടെ ഓരോന്നൊക്കെ വിളിച്ച് പറഞ്ഞ് ..... അതിലൂടെ അന്നെനിക്കൊരു കാര്യം ബോധ്യപ്പെട്ടു ......... അവന്റമ്മയെയും അയാള് കൊന്നതാണെന്ന് ...... ഭദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു....... അപ്പോഴും അവൻ മാനസികമായി വല്ലാത്തൊരവസ്ഥയിലായിരുന്നു ....... എന്റെ മൊഴിയുടെ സ്വാധീനത്തിലും , മാനസികനില തെറ്റിയൊരു കുട്ടിയെന്ന നിലയിലും അവന്റെ ശിക്ഷ കോടതി ഇളവ് ചെയ്ത് നൽകി..... മൂന്ന് വർഷം എന്റെ കുട്ടി ജയിലിൽ ....

തികട്ടി വന്ന വേദനകൾ കടിച്ചമർത്തി അവർ നിശബ്ദം കണ്ണീർ വാർത്തു..... അവന്റെ ശിക്ഷ കഴിഞ്ഞിറങ്ങിയപ്പോ ഞാൻ തീരുമാനിച്ചു അവനെ എന്റെ മകനായി വളർത്തി അവന് വേണ്ടതെല്ലാം ചെയ്ത് കൊടുക്കണമെന്ന്........ പക്ഷേ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി..... ചന്ദ്രമംഗലത്തെ പടി കയറില്ലെന്നവൻ എന്നോട് തറപ്പിച്ചു പറഞ്ഞു...... പിന്നീട് ഒരുപാട് കാലത്തോളം ഏതൊക്കെയോ പീടിക തിണ്ണയിലും , തെരുവിലുമൊക്കെയായി ന്റെ കുട്ടി ജീവിതം കഴിച്ചു കൂട്ടി..... ഞാൻ പറഞ്ഞിട്ടായിരുന്നു ആദ്യമായവൻ മോൾടെ അച്ഛന്റെ കമ്പനിയിൽ ജോലി തേടി ചെന്നത്..... പക്ഷേ ബാലേട്ടൻ എല്ലാവരുടേയും മുന്നിൽ വച്ചവനെ അപമാനിച്ചു......

അത് മാധവേട്ടനോടും എന്നോടുമുള്ള പകയായിരുന്നു... ചൊരിഞ്ഞത് ഭദ്രനിലും....... അന്നത്തെ രാത്രിയിലവൻ എന്റരികിൽ വന്ന് ഒരുപാട് കരഞ്ഞു....... പിന്നീട് തരം കിട്ടുമ്പോഴെല്ലാം ബാലേട്ടനവനെ പൊതുമദ്ധ്യത്തിൽ വച്ച് പരിഹസിച്ചു പോന്നു... അച്ഛനെ കൊന്നവനെന്നും , തെരുവ് തെണ്ടിയെന്നും വിളിച്ച് ഒരുപാട് ആക്ഷേപിച്ചിട്ടുണ്ട് അവനെ മോൾടച്ഛൻ.... ആ ദേഷ്യാ അവന് മോളോട്....... പിന്നീട് അന്നൊരിക്കൽ മോള് പൊലീസ് സ്റ്റേഷനിൽ വച്ച് എന്നോട് പറഞ്ഞതോർക്കണുണ്ടോ???""""" """അത്... ഞാൻ...... അറിയാതെ.......""" ഇന്ദ്ര പതർച്ചയോടെ തെറ്റ് ചെയ്തവളെ പോലെ ശിരസ്സ് കുനിച്ചു """എനിക്കറിയാം....അറിവില്ലാതെയാണെന്ന്........

അന്നത്തെ നിന്റെ ധൈര്യവും , വാശിയും കണ്ടപ്പോ എനിക്ക് തോന്നി അവന്റടുത്ത് പിടിച്ച് നിൽക്കാൻ നിന്നെ പോലൊരു കുട്ടിക്കേ കഴിയുള്ളൂന്ന്‌..... അതാ ശാരധയെയും കൂട്ടി ഒന്നും ചിന്തിക്കാണ്ട് നിന്റടുക്കലേക്ക് പോന്നത്.... ഇവിടെത്തിയപ്പോഴാ നീ ബാലേട്ടന്റെ മകളാണെന്ന് ഞാൻ അറിഞ്ഞത്...... മോളോട് സംസാരിക്കണത് വരെ നീ ഈ വിവാഹത്തിന് സമ്മതം മൂളുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു..... എന്റെ പ്രതീക്ഷികൾക്ക് വിപരീതമായി മോള് സമ്മതം അറിയിച്ചപ്പോ എനിക്ക് മനസ്സിലായി നിന്റെ ഗതിക്കേട് കൊണ്ടാണെന്ന്...... അത് ശാരധയും പറഞ്ഞു........ ആ ഗതികേടിനെ ഞാൻ മുതലെടുത്തു എന്ന് വേണമെങ്കിൽ നിനക്ക് കരുതാം....

എന്റെ സ്വാർത്ഥത കൊണ്ട് തന്നെയാ...... എന്തോ.... അവനൊരു കുടുംബമായി ജീവിച്ച് കാണാൻ എനിക്കൊരു കൊതി തോന്നി മോളെ.... പ്രസവിച്ചിട്ടില്ലേലും ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ എനിക്കവനേ ഉള്ളൂ....... പക്ഷേ അച്ഛനോടുള്ള ദേഷ്യം... വൈരാഗ്യവും , പകയുമായി അവന് മോളോട് ഉണ്ടെന്ന് സീതമ്മയ്ക്കറിയില്ലായിരുന്നു.... മോള് സീതമ്മയോട് ക്ഷമിക്ക്....... എന്നാ പിന്നെ ഇനി നിൽക്കുന്നില്ല.... ഞാൻ ഇറങ്ങിക്കോട്ടെ.......???""""" തിരിഞ്ഞു നടക്കാനൊരുങ്ങിയ സീതമ്മയുടെ കൈ തണ്ടയിൽ പിടിച്ച്‌ ഇന്ദ്ര അവരെ തടഞ്ഞു.......... """ന്റച്ഛനോടുള്ള ദേഷ്യം എന്നോട് ഉള്ളത് പോലെ അയാൾക്ക് ന്റെ അമ്മുവിനോടും ഉണ്ടാകും.......

ഏത് സാഹചര്യത്തിലും അവൾ സുരക്ഷിതയായിരിക്കുമെന്നൊരു ഉറപ്പ് സീതമ്മയ്ക്ക് നിക്ക് തരാൻ കഴിയുമെങ്കിൽ ശിവനൊപ്പം ജീവിക്കാൻ ഇന്ദ്രയ്ക്ക് സമ്മതാണ്........""" """മോളെ???????""" """ന്റെ മുമ്പിൽ രണ്ട് വഴികളെ ഉള്ളൂ സീതമ്മേ.... ഒന്നെങ്കിൽ അവളെ സുരക്ഷിതയാക്കുക.... അല്ലെങ്കിൽ അവളെയും കൊണ്ട് ന്റെ അച്ഛന്റേം അമ്മേടേം അടുക്കലേക്ക് പോവുക......""" """കുട്ടീ നീ അരുതാത്തതൊന്നും ചിന്തിക്കരുത്.....""" """ചിന്തിച്ച് പോകും സീതമ്മേ.......ന്റെ അവസ്ഥയിപ്പോ അതാണ്‌..... മാംസകഷ്ണം കൊതിച്ച് നിൽക്കുന്ന പേപ്പട്ടിയെ പോലെ ഒരുത്തൻ ന്റെ കുട്ടീടെ പുറകെ തന്നെ ഉണ്ട്....... അവന്റെ കയ്യിലവൾ അകപ്പെടുന്നതിലും നല്ലത് എന്റെയും അവളുടെയും മരണം തന്നെയാ......... ന്റെ കണ്മുന്നിൽ അവള് വേദനിക്കുന്നത് കാണാൻ എനിക്കാവില്ല...... കഴിയോ സീതമ്മയ്ക്ക് നിക്കങ്ങനെ ഒരുറപ്പ് നൽകാൻ????"""

"""ഭദ്രൻ അവളെ ഉപദ്രവിക്കില്ല...... അവളെന്റെ കൂടെ നിന്നോളും.........""" പറഞ്ഞ വാക്കുകളുടെ പൊരുൾ മനസ്സിലാകാതെ ഒരു വിശദീകരണത്തിനായി ഇന്ദ്ര അവരെ സംശയപ്പൂർവ്വം നോക്കി """"ഞാൻ പറഞ്ഞില്ലേ ഭദ്രൻ ചന്ദ്രമംഗലത്തേക്ക് വരാറില്ല..... എന്റെ നിർബന്ധ പ്രകാരം തൊട്ടടുത്തായുള്ള പറമ്പിൽ അവനധ്വാനിച്ച പണം കൊണ്ട് പത്ത് സെന്റ് ഭൂമിയും അതിലൊരു വീടും അവൻ പണിതിട്ടുണ്ട്.... അവിടെയാ അവന്റെ താമസം....... അമ്മു മോൾ എന്റെ കൂടെ ചന്ദ്രമംഗലത്ത് നിന്നോട്ടെ........ ഞാൻ നോക്കിക്കോളാം.... അത് പോരേ????"""" """മതി.... അത്രയും മതി.......""" ""ഇത് മോൾക്കുള്ള ആഭരണങ്ങളും , സാരിയുമാണ്..... അമ്മു മോൾക്കും എടുത്തിട്ടുണ്ട്......."""

സീതമ്മ ആവേശപ്പൂർവ്വം നീട്ടിയ പൊതികൾ ഇന്ദ്ര സ്നേഹത്തോടെ നിരസിച്ചു...... '"'വേണ്ട സീതമ്മേ........ ഇത് വാങ്ങാൻ നിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട്......... ശിവൻ പറഞ്ഞത് ഇതയാൾ നിക്ക് തരണ ഭിക്ഷയാണെന്നാ.......""" ""അതൊന്നും മോള് കാര്യാക്കണ്ട....""" """അങ്ങനെയല്ല സീതമ്മേ........ നാടും നാട്ടാരും അറിഞ്ഞുള്ള കല്യാണമൊന്നും അല്ലല്ലോ...... ഉടുത്തൊരുങ്ങി വരണത് നല്ലൊരു ജീവിതത്തിലേക്കുമല്ല...... ന്റെ വിവാഹത്തിന്റെ സാരി അത് ന്റെ അധ്വാനത്തിന്റെ വിയർപ്പിൽ നിന്ന് തന്നെ ആകട്ടെ ..... അമ്മൂട്ടിക്കുള്ളതും ഞാൻ എടുത്തോളാം...... പിന്നെ ആഭരണങ്ങൾ..... മേല് നിറയെ സ്വർണം കൊണ്ട് മൂടിയിട്ടും ഒരിക്കെ ന്റെ വിവാഹം നടക്കാതെ പോയിട്ടുണ്ട്.....

അതുകൊണ്ട് പൊന്ന് ഇട്ടാലും ഇട്ടില്ലെങ്കിലും ഈ വിവാഹം നടക്കണമെന്ന് ഭഗവാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കും ....... ശിവൻ കെട്ടണൊരു താലി ചരട് മതി ആഭരണമായിട്ട് ഇന്ദ്രയ്ക്ക്......""" ""എന്നാലും..... മോളെ.........""" """ഒരെന്നാലും ഇല്യ....... സീതമ്മ പൊയ്ക്കോളൂ....... മറ്റന്നാൾ രാവിലെ ഭഗവതിയുടെ തിരുനടയിൽ ശിവഭദ്രന്റെ വധുവായിട്ട് ഇന്ദ്രജ ബാലചന്ദ്രൻ ഉണ്ടാകും.....""" ഉറച്ച വാക്കുകളോടെ... ദൃഡമാർന്ന പുഞ്ചിരിയോടെ ഇന്ദ്ര അവരുടെ കൈകൾ കവർന്ന് നെഞ്ചോട് ചേർത്തു........ മറുത്തൊന്നും പറയാതെ ഇന്ദ്രയ്ക്കൊരു മങ്ങിയ പുഞ്ചിരി നൽകിയവർ തിരികെ യാത്രയായി.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story