എന്നും എപ്പോഴും: ഭാഗം 7

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""ന്റെ വിവാഹത്തിന്റെ സാരി അത് ന്റെ അധ്വാനത്തിന്റെ വിയർപ്പിൽ നിന്ന് തന്നെ ആകട്ടെ ..... അമ്മൂട്ടിക്കുള്ളതും ഞാൻ എടുത്തോളാം...... പിന്നെ ആഭരണങ്ങൾ..... മേല് നിറയെ സ്വർണം കൊണ്ട് മൂടിയിട്ടും ഒരിക്കെ ന്റെ വിവാഹം നടക്കാതെ പോയിട്ടുണ്ട്..... അതുകൊണ്ട് പൊന്ന് ഇട്ടാലും ഇട്ടില്ലെങ്കിലും ഈ വിവാഹം നടക്കണമെന്ന് ഭഗവാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് നടന്നിരിക്കും ....... ശിവൻ കെട്ടണൊരു താലി ചരട് മതി ആഭരണമായിട്ട് ഇന്ദ്രയ്ക്ക്......""" ""എന്നാലും..... മോളെ.........""" """ഒരെന്നാലും ഇല്യ....... സീതമ്മ പൊയ്ക്കോളൂ....... മറ്റന്നാൾ രാവിലെ ഭഗവതിയുടെ തിരുനടയിൽ ശിവഭദ്രന്റെ വധുവായിട്ട് ഇന്ദ്രജ ബാലചന്ദ്രൻ ഉണ്ടാകും....."""

ഉറച്ച വാക്കുകളോടെ... ദൃഡമാർന്ന പുഞ്ചിരിയോടെ ഇന്ദ്ര അവരുടെ കൈകൾ കവർന്ന് നെഞ്ചോട് ചേർത്തു........ മറുത്തൊന്നും പറയാതെ ഇന്ദ്രയ്ക്കൊരു മങ്ങിയ പുഞ്ചിരി നൽകിയവർ തിരികെ യാത്രയായി....... നെഞ്ചിലാളി പടർന്ന നോവിന്റെ തീക്കനലിൽ തെളിനീർ കിനിഞ്ഞിറങ്ങിയ പോൽ ആശ്വാസം തോന്നിയാ പെണ്ണിന്... തിരികെ ഇടനാഴിയിലേക്ക് കയറിയപ്പോൾ വാതിൽ മറവിൽ ചുവന്ന് കലങ്ങിയ മിഴികളോടെ തല താഴ്ത്തി നിൽക്കുന്ന അമ്മുവിനെ കണ്ടവൾ മുഖം ചുളിച്ചു....... ഇത്രയും നേരം താനും സീതമ്മയും തമ്മിലുള്ള സംഭാഷണങ്ങളിലേക്ക് കാതോർത്ത് നിൽക്കുകയായിരുന്നു അവളെന്ന് ഇന്ദ്രയ്ക്ക് നിമിഷ നേരം കൊണ്ട് ബോധ്യമായി.....

"""എന്താ അമ്മൂട്ടിയെ......??""" ചൂണ്ട് വിരലാൽ ഇന്ദ്ര അമ്മുവിന്റെ താടി തുമ്പിൽ തൊട്ട് മുഖമുയർത്തി..... ""എനിക്ക് വേണ്ടി ചേച്ചി അയാൾടെ മുമ്പിൽ തല കുനിച്ച് കൊടുക്കണ്ട........... ചേച്ചി പറഞ്ഞത് പോലെ നമുക്ക് പോവാം... അച്ഛന്റേം അമ്മേടേം അടുക്കലേക്ക് പോകാം.... മരിക്കാൻ നിക്ക് യാതൊരു ഭയവും ഇല്ല.... ഓരോ ദിവസവും ഭീതിയോടെ കഴിച്ച് കൂട്ടണതിന് പകരം ഒരു നിമിഷം കൊണ്ടെല്ലാം തീരുമെങ്കിൽ അതല്ലേ നല്ലത്???? അതല്ലാച്ചാൽ ഞാൻ പോയി അപ്പച്ചിയെ കണ്ട് സംസാരിക്കാം...... ദത്തന് "ന്നെ"യല്ലേ ആവശ്യം......അയാൾടെ താലിക്ക് മുന്നിൽ തല കുനിച്ച് കൊടുത്തോളാം ഞാൻ.....നിക്ക് വേണ്ടി ചേച്ചീടെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല...... """""

""""നിന്നെ അവന്റെ കാൽക്കീഴിലേക്ക് ചവിട്ടിയരക്കാൻ ഇട്ട് കൊടുക്കാനല്ല ചേച്ചി ഇത്രയും കാലം കഷ്ടപ്പെട്ടത്.... പിന്നെ മരണം.......... മരിക്കാൻ കാണിക്കണേന്റെ മൂന്നിലൊന്ന് ധൈര്യം മതി അമ്മൂട്ടിയെ ജീവിക്കാൻ....... ഒരു നിമിഷം ചേച്ചി അങ്ങനെയൊന്ന് ചിന്തിച്ചു എന്നുള്ളത് സത്യാ.... പക്ഷേ ഇനി അതിന്റെ ആവിശ്യമില്ല..... ഒക്കെ നല്ലതിനാവും........... പോയി മേല് കഴുകിയിട്ട് വാ... ചേച്ചി ചോറെടുത്ത് തരാം...... വെശക്കണില്ലേ ന്റെ കുട്ടിക്ക്???"""" """ചേ...ച്ചി......"" അന്നനാളത്തിൽ തട്ടി തടഞ്ഞ വാക്കുകൾ നേർത്ത ഗദ്ഗദങ്ങളായി പരിണമിച്ചു..... അമ്മൂട്ടി വേദനയോടെ ഇന്ദ്രയെ വട്ടം ചുറ്റിപിടിച്ച്‌ തേങ്ങി...... അവളിൽ നിന്നും ഒഴുകിയൊലിക്കുന്ന നീർമുത്തുകൾ ഇന്ദ്രയുടെ മാറിടത്തെ നനച്ചു കൊണ്ടിരുന്നു ......

പേരറിയാത്തൊരു നൊമ്പരം ഇന്ദ്രയെയും വരിഞ്ഞു മുറുക്കി...... വർണ്ണാഭമായ ജീവിത സ്വപ്നങ്ങളെ വിഴുങ്ങിയ അന്ധകാരത്തെ തുടച്ചു നീക്കാനാകാതെ നിസ്സഹയായി പോയിരുന്നു ആ പെണ്ണ്........ ചുവപ്പ് പടർന്ന കണ്ണുകൾ ഇനി പെയ്യാൻ സാധിക്കാത്ത വിധം വറ്റി വരണ്ടിരുന്നു.... 🌼🌼🌼🌼🌼 അമ്പല നടയിൽ ഭഗവതിയുടെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ കൈകൾ കൂപ്പി നിൽക്കുമ്പോഴും ഇന്ദ്രയുടെ ഹൃദയം അകാരണമായി തുടിച്ചു കൊണ്ടിരുന്നു.... എപ്പോഴത്തെയും പോലെ ദേവിയോട് പറയാൻ ആകുലതകളോ ,പരാതികളോ ഒന്നുമുണ്ടായിരുന്നില്ല...... മനസ്സാകെ ശൂന്യമായിരുന്നു....... '"""ചേച്ചി.... ദേ... സീതമ്മ........"""

അമ്മുവിന്റെ വാക്കുകൾ കേട്ട് ഇന്ദ്ര വേഗം തൊഴുത് അവർക്കരികിലേക്ക് ചുവടുകൾ വച്ചു ....... അവളുടെ ഒഴിഞ്ഞ കഴുത്തിലേക്കും , കൈകളിലേക്കുമുള്ള സീതമ്മയുടെ നോട്ടത്തിന് ഇന്ദ്ര വിരസ്സമായൊരു പുഞ്ചിരി തിരികെ നൽകി........ """ഡാ.....ഇങ്ങ് കയറി വാടാ.......""" ക്ഷേത്ര കവാടത്തിലേക്ക് നോക്കി സീതമ്മ ശബ്ദം താഴ്ത്തി ഗൗരവപ്പൂർവ്വം വിളിച്ചതും ചുണ്ട് കൂർപ്പിച്ച് മീശയ്ക്കിരുവശവും പിരിച്ച് ശിവൻ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു..... പിന്നാലെ അവന്റെ കൂട്ടുകാരും...... സീതമ്മയ്ക്കരികിലേക്ക് അടുക്കുമ്പോഴും ഭദ്രന്റെ കരുത്താർന്ന നോട്ടം ഇന്ദ്രയിൽ മാത്രം തങ്ങി നിന്നു..... ദേഷ്യവും , വാശിയും ,പകയുമെല്ലാം ആവോളം നിറഞ്ഞ ഭദ്രന്റെ കണ്ണുകൾ കാൺകെ ഇന്ദ്രയുടെ ഉടലൊന്നു വിറച്ചു ......

ശിവന്റെ മിഴികളിൽ കോർത്ത തന്റെ മിഴികളെ ധൃതിയിൽ പറിച്ചെടുത്തവൾ പരവേശത്തോടെ മറ്റൊരു ദിശയിലേക്ക് നോട്ടം മാറ്റി..... """വിവാഹത്തിന് രസീത് എഴുതിപ്പിച്ചോര് നടക്കലേക്ക് നിന്നോള..... മുഹൂർത്തം ആവാറായിരിക്കണു.....""" പൂജാരി വിളിച്ചു പറഞ്ഞതനുസരിച്ച് സീതമ്മ ഭദ്രന്റെയും , ഇന്ദ്രയുടെയും കൈകളിൽ ഒരു പോലെ കൈകൾ കോർത്ത് നടയ്ക്കലേക്ക് നീങ്ങി നിന്നു... ശേഷം കയ്യിൽ കരുതിയ പൊതി തുറന്നൊരു കയറ്പിരി സ്വർണ്ണ മാല പുറത്തെടുത്ത് ഭദ്രന് നേരെ നീട്ടി...... ചുണ്ടിലൂറിയ പുച്ഛത്തോടെ അവൻ ഇടത് കൈ കൊണ്ട് സീതമ്മയുടെ കയ്യിൽ നിന്നുമാ മാല വാങ്ങി ഇന്ദ്രയുടെ മുന്നിൽ വച്ച് തലങ്ങും വിലങ്ങും ആട്ടി....

ഇന്ദ്രയുടെ നേത്രഗോളങ്ങൾ അതിനൊപ്പം ചലിച്ചു ,പിന്നീടാ നോട്ടം നേരിയൊരു പിടച്ചിലോടെ മാലയ്ക്കറ്റത്തായി തൂങ്ങിയാടുന്ന ആലിലതാലിയിലുടക്കി നിന്നു.... """"നിന്നെ ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള കൊല കയർ......""""' ഭദ്രന്റെ ക്രൗര്യമാർന്ന വാക്കുകൾ സീതമ്മയെയും അമ്മുവിനെയും ഒരുപോലെ ഭീതിയിലാഴ്ത്തി...... """"ഈ ജീവിതം പോലും ഒരു മുഴം കയറിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചവളാ ഞാൻ ...... ആ എന്നെ ഈ ഒരു ലോഹം കാണിച്ച് നിങ്ങൾ പേടിപ്പിക്കാൻ ശ്രമിക്കരുത് ...... ഇന്ദ്രയുടെ രോമത്തിൽ പോലും അതേൽക്കില്ല.......""" ഇന്ദ്ര നേർത്തൊരു പുഞ്ചിരിയോടെ ഭദ്രന്റെ കണ്ണുകളിലേക്കുറ്റ് നോക്കി വീറോടെ പറഞ്ഞതും ഭദ്രൻ കലിയോടെ പല്ലുകൾ ഞെരിച്ചു......

മറുത്തെന്തോ പറയാനൊരുങ്ങും മുമ്പേ ""താലി ചാർത്തിക്കോളൂ '"" എന്ന പൂജാരിയുടെ വാക്കുകൾ ശ്രവിച്ചവൻ മൗനം പൂണ്ടു ...... കണ്ണുകൾ കുറുക്കി ക്രുദ്ധമായി അവളിലേക്ക് ദൃഷ്ടിയൂന്നി കയ്യിൽ കരുതിയ താലിമാലയവൻ ഇന്ദ്രയുടെ ഒഴിഞ്ഞ കഴുത്തിലേക്ക് ചേർത്ത് വച്ചു..... ഇന്ദ്ര ഇമകൾ വിടർത്തി ഭദ്രനെ നോക്കി ....... അയാളിൽ നിന്നും അബദ്ധത്തിൽ പോലുമൊരു നോട്ടം തന്നിലേക്ക് പാളി വീഴുന്നില്ലെന്ന തിരിച്ചറിവിൽ അവൾക്കുള്ളം വിങ്ങി ...... ഇന്ദ്രയോടുള്ള മുഴുവൻ ദേഷ്യവും ഭദ്രൻ അവൻ കെട്ടിയ താലി മാലയുടെ കൊളുത്തിൽ അമർത്തി തീർത്തു..... """എന്നാ ശരി.... ഞാൻ പൊയ്ക്കോട്ടേ??""""

സീതമ്മയോടായുള്ള അവന്റെ ചോദ്യം നടയ്ക്കൽ നിന്ന പൂജാരിയെ അടക്കം എല്ലാവരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു ......... ഇന്ദ്ര ആദ്യമൊന്നമ്പരന്നെങ്കിലും പതിയെ അവളുടെ ചുണ്ടിലൊരു പുഞ്ചിരി തത്തി...... അതൊരു പൊട്ടിചിരിയായി വഴിമാറുമെന്ന് തോന്നിയ നിമിഷമവൾ ചൊടികൾ ഉള്ളിലേക്ക് വലിച്ച് പിടിച്ച്‌ ചൂണ്ട് വിരലാൽ അവയ്ക്ക് മീതെയൊരു മറ തീർത്തു.... """"പോകാൻ വരട്ടെ.... ഈ കുങ്കുമം ആ കുട്ടീടെ സീമന്തരേഖയിൽ തൊട്ട് കൊടുക്ക.... എന്നിട്ട് കൈകൾ കോർത്ത് ചുറ്റും വലം വച്ച് വരാ......"""" തെല്ലൊരീർഷ്യ കലർന്ന പൂജാരിയുടെ വാക്കുകൾ ഭദ്രനെ അലോസരപ്പെടുത്തി... കൈ തണ്ടയിലെ ഇടിവളയൊന്ന് കയറ്റിയിട്ടവൻ അയാളെ കോപത്തോടെ നോക്കി കണ്ണുരുട്ടി......

ആ നോക്കിൽ അയാൾ പരുങ്ങി.... ഭീതിയോടെ ഉമിനീർ വിഴുങ്ങി നിഷ്കളങ്കനായി നിന്നു... """അദ്ദേഹത്തെ നോക്കി പേടിപ്പിക്കാണ്ട് പറഞ്ഞത് പോലെ ചെയ്യ് ഭദ്രാ.......""" ഭദ്രന്റെ ചുമലിൽ തന്റെ ചുമല് കൊണ്ടൊന്ന് തട്ടി സീതമ്മ അവന്റെ ഇടത്തെ കാതിൽ പതിയെ മൊഴിഞ്ഞു ..... അരിശത്തോടെ താലത്തിൽ നിന്നും അല്പം കുങ്കുമമെടുത്തവൻ ഇന്ദ്രയുടെ നെറ്റിയിൽ നീട്ടി വരച്ചു........ ശേഷം സീതമ്മ ഇരുവരുടെയും കൈകൾ തമ്മിൽ ചേർത്ത് വച്ചു...... ഭദ്രൻ അസ്വസ്ഥതയോടെ കരം പിൻവലിക്കാൻ ശ്രമിച്ചതും ഇന്ദ്ര അവന്റെ കൈകളിലെ പിടി മുറുക്കി...... """ചുറ്റി തൊഴുതിട്ട് വാ മക്കളെ ..........."""" പറ്റില്ലെന്ന് പറയാൻ ശ്രമിക്കും മുമ്പേ ഇന്ദ്ര അവനെയും വലിച്ച് പ്രദക്ഷിണം ആരംഭിച്ചിരുന്നു........

ഭദ്രൻ അവളിൽ നിന്നും ശക്തിയിൽ കൈകൾ കുടഞ്ഞെറിഞ്ഞ് ഇന്ദ്രയ്ക്ക് നേരെ തീപാറുന്നൊരു നോട്ടവും നൽകി ക്ഷേത്രത്തിന് പുറത്തേക്ക് കടന്നു...... അവൾ നിസ്സംഗതയോടെ ഭദ്രൻ പോയ വഴിയേ മിഴികൾ നീട്ടി..... പിന്നീട് , തന്നെ സഹതാപത്തോടെ നോക്കി നിൽക്കുന്ന സീതമ്മയ്ക്കും അമ്മൂട്ടിക്കും നേരെ മൃദുലമായൊരു പുഞ്ചിരി നൽകിയവൾ ഒന്നുമില്ലെന്നർത്ഥത്തിൽ കണ്ണ് ചിമ്മി അവർക്കാശ്വാസം പകർന്നു ......... 🌼🌼🌼🌼🌼 ക്ഷേത്രത്തിൽ നിന്നും മടങ്ങിയെത്തുന്ന ഇന്ദ്രയെ കാത്ത് ഭദ്രനും കൂട്ടരും ചന്ദ്രമംഗലത്തെ ഗേറ്റിന് മുമ്പിൽ തമ്പടിച്ചു നിന്നു .....

അവർക്ക് മുമ്പിൽ ഡ്രൈവർ കാർ ഒതുക്കി നിർത്തിയതും ഭദ്രൻ വാഹനത്തിനരികിലേക്ക് ചെന്ന് ഒരൂക്കോടെ പിൻവശത്തെ ഡോർ തുറന്ന് ഇന്ദ്രയെ പിടിച്ച്‌ വലിച്ച് പുറത്തേക്കിറക്കി .... """കൊച്ചു തമ്പുരാട്ടി എങ്ങോട്ടാ???? ഈ കാണുന്ന കൊട്ടാരത്തിലേക്കാണോ?????""" പുച്ഛം കലർന്ന ഭദ്രന്റെ ചോദ്യത്തിന് മുന്നിൽ ഇന്ദ്ര മുഖം ചുളിച്ചു.... """എന്താ ഭദ്രാ ഇത്????'""' """ഇളേമ ഇവളെയും കൊണ്ട് എങ്ങോട്ടാ?""" """ചന്ദ്രമംഗലത്തേക്ക്......""" """അവിടെ ഇവൾടെയാരാ ഉള്ളത്???""" """ഭദ്രാ......മോനെ......""' """വേണ്ടാ....... ന്യായീകരണങ്ങൾ ഒന്നും വേണ്ട........ ഭദ്രന് ചന്ദ്രമംഗലവുമായി യാതൊരു ബന്ധവും ഇല്ല...... ഇവൾക്കും വേണ്ടാ......."""" """ഡീ.... നിന്റെ കഴുത്തിൽ ഈ കുരുക്കിട്ടത് ഞാനാ...... നിനക്ക് കൊച്ചമ്മയായി വാഴണം എന്നുണ്ടെങ്കിൽ ഇതങ്ങൂരി എന്റെ കയ്യിൽ വച്ച് തന്നിട്ട് ഈ വീട്ടിൽ പൊറുതി തുടങ്ങാം ........

അതല്ലാന്നുണ്ടെങ്കിൽ ദേ ആ കാണുന്ന എന്റെ വീട്ടിലേക്ക് കയറാം......."""" മതിൽ കെട്ടിനപ്പുറമുള്ള ഒറ്റ നില വീട്ടിലേക്ക്‌ കൈ ചൂണ്ടി ഭദ്രൻ ഇന്ദ്രയോടായി പറഞ്ഞു..... ശേഷം അവളെ ഇരുത്തിയൊന്നു നോക്കി മുണ്ടിനറ്റം പിടിച്ച്‌ കുടഞ്ഞ് മടക്കി കുത്തി വീട്ടിലേക്ക് നടന്നു.... """ചേച്ചി പോട്ടേ മോളെ ???""" അമ്മൂട്ടിയുടെ കവിളിൽ തഴുകി ഇന്ദ്ര ചോദിച്ചതും അവൾ ഇന്ദ്രയുടെ കൈ തണ്ടയിൽ മുറുകെ പിടിച്ചു...... """ഞാനും വരുന്നു..... ചേച്ചിയെ ഒറ്റയ്ക്ക് അയാൾക്കരികിലേക്ക് ഞാൻ വിടില്ല....""" ഇന്ദ്ര പുഞ്ചിരിയോടെ അമ്മുവിനെ ചേർത്ത് നിർത്തി അവളുടെ തുടുത്ത കവിളിൽ അമർത്തിയൊരു ചുംബനം നൽകി .... """ഒന്നുല്ലടാ......അയാള് ചേച്ചിയെ ഒന്നും ചെയ്യില്ല.......പേടിക്കണ്ട ട്ടോ .....

സീതമ്മേടെ കൂടെ നല്ല കുട്ടിയായിട്ട് ഇരിക്കണം..... ഒരു മതിൽക്കെട്ടിനപ്പുറത്തില്ലേ ഞാൻ .... ന്റെ മോള് ചേച്ചീന്നൊന്ന് നീട്ടി വിളിച്ചാൽ ഓടി എത്തില്ലേ ഈ ചേച്ചി......മ്മ്...??""" ""എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണേ മോളെ......""" ആധി കലർന്ന സീതമ്മയുടെ വാക്കുകൾക്ക്‌ മറുപടിയായി ഇന്ദ്ര തെളിച്ചമില്ലാതൊന്ന് പുഞ്ചിരിച്ചു..... പിന്നീട് തന്റെ കൈകളിൽ അമർന്ന അമ്മൂട്ടിയുടെ കൈകളെ ബലമായി വേർപ്പെടുത്തി കൺകളാൽ ഇരുവരോടും യാത്ര ചൊല്ലിയവൾ ഭദ്രൻ പോയ വഴിയേ മുന്നോട്ട് നീങ്ങി..... പിറകിൽ നിന്നുമുയർന്ന അമ്മുവിന്റെ ഏങ്ങലടികളെ മനപ്പൂർവം വക വയ്ക്കാതെ..... പിന്തിരിഞ്ഞു നോക്കാതെ..... വേഗത്തിൽ ചുവടുകൾ നീക്കി.....

ഇനിയുമെന്തൊക്കെ പരീക്ഷണങ്ങൾ താൻ നേരിടണമെന്ന ചിന്ത ഓരോ കാൽവെപ്പിലും അവളെ ഏറെ പരിഭ്രാന്തമാക്കി കൊണ്ടിരുന്നു..... വർധിച്ച ഹൃദയമിടിപ്പോടെ ഭദ്രന്റെ വീടിന് മുറ്റത്തേക്ക് കാലെടുത്തു വച്ചതും ഉമ്മറ കോലായിലെ ചാരുകസേരയിൽ നിന്ന് കൈകൾ തമ്മിൽ കൊട്ടി കൊണ്ട് ഭദ്രൻ എഴുന്നേറ്റു... """മടിക്കാതെ കയറി വരണം ഇന്ദ്രജാ ബാലചന്ദ്രൻ... ഭദ്രന്റെ തട്ടകത്തിലേക്ക് സ്വാഗതം......"""" ഇരു കൈകളും വിടർത്തി പുച്ഛം കലർന്ന പുഞ്ചിരിയോടെ ശിവൻ ഇന്ദ്രയെ വരവേറ്റു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story