എന്നും എപ്പോഴും: ഭാഗം 9

ennum eppozhum

എഴുത്തുകാരി: നിമ സുരേഷ്

"""എങ്ങോട്ടാ???""" ""കിണറീന്ന് വെള്ളമെടുക്കാം....."" ""അതിന് നല്ല ആഴമുണ്ട്.... ഇങ്ങ് താ..... ഞാൻ കോരി കൊണ്ട് വരാം ......""" കയ്യിൽ നിന്നും അധികാരത്തോടെ ബക്കറ്റും വാങ്ങി പോകുന്നവനെ ഇന്ദ്ര ഇമവെട്ടാതെ നോക്കി നിന്നു...... കയറി വന്ന നിമിഷം മുതൽ ഓരോന്നൊക്കെ പറഞ്ഞ് പിന്നാലെ തന്നെയുണ്ട്..... അവൾക്കുള്ളിൽ ആശ്വാസത്തിന്റെ നേരിയൊരു തിരി തെളിഞ്ഞു..... താങ്ങായി... കരുതലായി..... ആരുടെയൊക്കെയോ കരങ്ങൾ തനിക്ക് നേരെ നീളുന്നുണ്ടെന്ന ആത്മനിർവൃതിയിലവൾ ദൂരെ നിന്നും ഇരു കൈകളിലും ബക്കറ്റുമേന്തി വരുന്നവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.....

തുണിയെല്ലാം അലക്കി തീരുന്നത് വരെ അനന്തു ഓരോ കഥകൾ പറഞ്ഞ് ഇന്ദ്രയ്ക്കരികിൽ തന്നെ നിന്നു...... """ഇത് ആറിയിടാൻ എന്ത് ചെയ്യും???"" """ഞങ്ങൾ നിലത്ത് വിരിച്ചിട്ടാ ഉണക്കാറ്.....""" അനന്തു നിസ്സാരമായി പറഞ്ഞത് കേട്ട് ഇന്ദ്ര അവജ്ഞയോടെ മുഖം ചുളിച്ചു.... ""ഈ കിടക്ക വിരിയൊക്കെ എങ്ങനെയാ നിലത്തിട്ട് ഉണക്കുന്നത്???"" ""അതിന് വഴിയുണ്ട്..... ബാ......"""" അടുക്കളയിലെ ഒരു മൂലയിൽ വച്ചിരുന്ന ചൂടി കയറെടുത്ത് അനന്തു ടെറസ്സിലേക്ക് നടന്നു... പിന്നാലെ തുണികളുമായി ഇന്ദ്രയും........ ""ആങ്ങളയ്ക്കെത്ര വയസ്സുണ്ട് ????"" ടെറസ്സിന്റെ ഒരു മൂലയിൽ നിന്ന് അയ കെട്ടുന്ന അനന്തുവിനോടായി ഇന്ദ്ര ചോദിച്ചു..... ""ഇരുപത്തി രണ്ട്......""

""ഹാ......അപ്പൊ എന്നേക്കാൾ ഇളയതാലെ....."" ""ആണോ...??എന്നാൽ ഞാൻ പെങ്ങളെയിനി ചേച്ചീന്ന് വിളിക്കാം...."" ""ഓ... അങ്ങനെയാവട്ടെ......."" ""അനന്തൂന്റെ വീട്ടിൽ ആരൊക്കെയുണ്ട്??""" ഇന്ദ്രയുടെ ചോദ്യം കേട്ടവൻ അയ കെട്ടുന്നത് നിർത്തി അവളെ നോക്കി പുഞ്ചിരിച്ചു...... ''''പറയാൻ മാത്രം ആരുല്ലേച്ചി...... അമ്മ ഉണ്ടായിരുന്നു..... എനിക്ക് പതിനാറ് വയസ്സുള്ളപ്പോ ആള് എന്നെ തനിച്ചാക്കിയങ്ങ് പോയി.... പിന്നെ അച്ഛൻ....!!!!! അങ്ങനെ ഒരാള് ഉണ്ട്...ഉണ്ടാവണമല്ലോ....!! ആരാന്നൊന്നും അറിയില്ല.... ഇപ്പൊ ജീവനോടെ ഉണ്ടോന്നും അറിഞ്ഞൂടാ..... അമ്മ പറഞ്ഞ് തന്നിട്ടില്ല.....ഞാനൊട്ട് അന്വേഷിച്ചിട്ടുമില്ല.... അമ്മ ടൗണിലെ ഒരു ഹോട്ടലിലായിരുന്നു ജോലി ചെയ്തിരുന്നത്.......

അവിടെ ഒരു കോണിൽ തന്നെ ഞങ്ങടെ താമസോം.... പെട്ടന്നൊരൂസം ഒന്നും പറയാതങ്ങ് പോയി..... പിന്നെ എന്ത്... എങ്ങനെ.... എന്നൊന്നും യാതൊരു പിടിയുമില്ലായിരുന്നു..... ടൗണിലെ ഒരു പീടിക തിണ്ണയിൽ വച്ചാ അണ്ണനെ ആദ്യായിട്ട് കണ്ടത്.... അണ്ണൻ കരുതീത് ഞാൻ വീട്ടീന്ന് വഴക്കിട്ട് പോന്നതാന്നാ..... കാര്യങ്ങളെല്ലാം പറഞ്ഞപ്പോ എനിക്ക് വയറ് നിറയെ ആഹാരമൊക്കെ മേടിച്ച് തന്നു ..... അണ്ണനും ആരുമില്ലാ കൂടെ കൂടുന്നോന്ന് ചോദിച്ചപ്പോ അങ്ങ് കൂടി....... എനിക്ക് പ്രത്യേകിച്ച് ജോലിയൊന്നുല്ലേച്ചി........ അണ്ണനൊപ്പം വെറുതേ ഇങ്ങനെ നടക്കും..... അടിപിടിക്കൊന്നും എന്നേ കൊണ്ടോവാറില്ല.... കൊണ്ടുപോയാ തന്നെ ദൂരെ എവിടെയെങ്കിലും മാറി നിന്നോളണം എന്നാ അണ്ണന്റെ കല്പ്പന....

ടൂൾസ് ഒന്നും തൊടാൻ കൂടെ സമ്മതിക്കൂല....... അണ്ണനെപോലൊരു ഗുണ്ടയാവണം എന്നാ എന്റെ ഏറ്റവും വലിയ മോഹം .....""" വാത്സല്യപൂരിതമായിരുന്ന ഇന്ദ്രയുടെ മുഖം ഞൊടിയിടയിൽ ഇരുണ്ടു.... ശാസനയോടെ അവന് നേർക്കവൾ കണ്ണുരുട്ടി... """ഈ ഗുണ്ടയാവുകയെന്ന് പറയണത് അത്ര അഭിമാനമുള്ള കാര്യമൊന്നുമല്ല.... അല്ലെങ്കിലും രക്തം കണ്ടാൽ തല ചുറ്റണ നീയാണോ വലിയ ഗുണ്ടയാവാൻ പോകുന്നത്??""" """അത് ഡോക്ടറെ കാണിച്ച് മാറ്റാം ...."" ചമ്മിയ ചിരിയോടെ അത്രയും പറഞ്ഞവൻ വീണ്ടും ജോലിയിലേർപ്പെട്ടു....... തുണികളെല്ലാം ആറിയിട്ട് ഇരുവരും താഴേക്കിറങ്ങി..... ""ഞാനൊന്ന് കുളിച്ചിട്ട് വരാം....."" ""ശരിയേച്ചി.... ഞാൻ ഉമ്മറത്തുണ്ടാവും..."""

മറുപടിയായവളൊന്ന് പുഞ്ചിരിച്ചു.... ഇന്ദ്ര കുളിച്ചിറങ്ങിയപ്പോഴേക്കും ഹാളിൽ ഭക്ഷണവുമായി സീതമ്മയും , അമ്മുവും എത്തിയിരുന്നു..... """ഭദ്രനെ വിളിച്ചിട്ട് എടുക്കുന്നില്ല മോളെ.... ഇനി വരുമ്പോ വരട്ടെ...... നേരം ഒത്തിരിയായി .... മോള് വാ... നമുക്ക് ഉണ്ണാം ........""" """അനന്തു എന്ത്യേ സീതമ്മേ....?? അവനും ഒന്നും കഴിച്ചിട്ടില്ല.....""" ""ഞാനിവിടെ ഉണ്ട് ചേച്ചി...... നിങ്ങള് കഴിച്ചോ.... ഞാൻ പിന്നെ കഴിച്ചോളാം...""" """നീ ഇങ്ങോട്ട് വന്നേ......"" """അതേച്ചി......ഞാൻ.. പിന്നീട്.....""" അവൻ മടിയോടെ നെറ്റിയുഴിഞ്ഞു .... """നിന്നോടിങ്ങോട്ട് വരാനാ പറഞ്ഞേ....."" ഇന്ദ്രയുടെ ശബ്ദം കടുത്തപ്പോൾ അനന്തു അവൾക്കരികിൽ ചെന്ന് നിന്നു..... ""ഇരിക്ക്........"" ഇന്ദ്ര അവനായി കസേര നിരക്കിയിട്ട് നൽകി...

അനന്തു അവളെ ഇടം കണ്ണിട്ടൊന്ന് നോക്കി ആ കസേരയിൽ ഇരിപ്പുറപ്പിച്ചു..... അവനിരുവശത്തായി ഇന്ദ്രയും സീതമ്മയും , എതിർവശത്തായി അമ്മുവും ഇരുന്നു....... സീതമ്മ കൊണ്ട് വന്ന വാഴയിലകളിൽ നാല് പേരും വിഭവ സമൃതമായ സദ്യ ഉണ്ടു........ ഭക്ഷണ ശേഷം അമ്മുവും സീതമ്മയും ചന്ദ്രമംഗലത്തേക്ക് തിരികെ മടങ്ങി.... ഉമ്മറപടികളിൽ മുഖം കുനിച്ചിരിക്കുന്ന അനന്തുവിനരികിൽ ചെന്നിന്ദ്ര ചമ്രം പടിഞ്ഞിരുന്നു ....... """നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നെ??""" ""ഞാനും അണ്ണനും എന്നും ഒരുമിച്ചാ ഭക്ഷണം കഴിക്കാറ്..... അണ്ണൻ ചിലപ്പോ ഒന്നും കഴിച്ച് കാണില്ല....""" ഇന്ദ്ര അവനെ നോക്കി മൃദുലമായി പുഞ്ചിരിച്ചു... അവൾക്കവനോട് വല്ലാത്തൊരിഷ്ടം തോന്നി.....

അടുത്ത നിമിഷം ഭദ്രന്റെ ബുള്ളറ്റ് ചീറി പാഞ്ഞ് കൊണ്ട് മുറ്റത്തെത്തി...... അവൻ അരിശത്തോടെ ഇന്ദ്രയെയും അനന്തുവിനെയും മാറി മാറി നോക്കി.... അനന്തു ഭീതിയോടെ ഇരുപ്പിടത്തിൽ നിന്നും ചാടിയെഴുന്നേറ്റപ്പോൾ ഇന്ദ്ര ഭദ്രനെ വക വയ്ക്കാതെ കയ്യിലെ പൊടിയൊക്കെ തട്ടി കളഞ്ഞ് സാവധാനം എഴുന്നേറ്റ് ദൂരേക്ക് കണ്ണും നട്ട് നിന്നു...... ഉമ്മറത്തേക്ക് കയറി ഭദ്രൻ അവനിട്ടിരുന്ന ഷർട്ട് പൊക്കി അരയിൽ തിരുകി വച്ചിരുന്ന ഒരു പൊതിയെടുത്ത് അനന്തുവിന് നേരെ എറിഞ്ഞു കൊടുത്തു......... ശേഷം ഇന്ദ്രയെ ഒന്ന് തറപ്പിച്ച് നോക്കി അകത്തേക്ക് കയറി പോയി....... ""ഞാൻ ഉണ്ടില്ലാന്ന് വച്ച് കൊണ്ടുവന്നതാ...""" സംതൃപ്തിയോടെ കയ്യിലെ പൊതി നെഞ്ചോട് ചേർത്ത് അനന്തു പറഞ്ഞു.....

അവന്റെ മിഴികളിൽ തിളങ്ങിയ ആഹ്ലാദത്തിന്റെ നീർമുത്തുകൾ ഒരു വേള ഇന്ദ്രയെ നൊമ്പരപ്പെടുത്തി...... നീട്ടിയത് ഒരു നേരത്തെ അന്നമടങ്ങിയ പൊതിയാണെങ്കിലും അതിൽ ഭദ്രനവനോടുള്ള സ്നേഹവും , കരുതലും ആവോളം നിറഞ്ഞിരുന്നു..... ഒരുപക്ഷേ അവനാഗ്രഹിക്കുന്നതും അത് തന്നെയാകാം ...... ചിലരുടെ സ്നേഹം കലർന്ന പരിഗണനകൾ ലഭിക്കുമ്പോഴുണ്ടാകുന്ന സുഖവും സന്തോഷവും വാക്കുകൾക്കതീതമാണ്..... കഴിച്ചില്ലെന്ന് കരുതി ഒരു പൊതി തനിക്ക് നേരെയും നീളുമെന്ന് വെറുതേ പ്രത്യാശിച്ചു......!!!! വിഢിയാണ് താൻ...!!അങ്ങനെ പരിഗണിക്കപ്പെടാൻ താൻ അയാൾക്കാരുമല്ലല്ലോ........ ഹൃദയം കൊണ്ടായിരമാവർത്തി വെറുക്കുന്നൊരുവൾ...........

അതിനുമപ്പുറം ആ മനസ്സിൽ തനിക്കെന്ത് സ്ഥാനം......!!? സ്വയം നെയ്ത് കൂട്ടിയ ചിന്തകളുടെ വലയിൽ കുരുങ്ങി ആ പെണ്ണിന്റെ ഹൃദയം പിടഞ്ഞു..... ഹാളിൽ നിന്നുമായുള്ള ഭദ്രന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഇന്ദ്ര സ്വബോധത്തിലേക്ക് തിരികെയെത്തിയത്..... വ്യഗ്രതയോടെ അകത്തേക്കോടിയ അനന്തുവിന് പിന്നാലെ അവളുടെ കാലുകളും ചലിച്ചു.... """ഇതെവിടുന്നാടാ????"""" തീൻ മേശയ്ക്ക് മുകളിൽ അടച്ചു വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളിലേക്ക് വിരൽ ചൂണ്ടി ഭദ്രൻ അട്ടഹസിച്ചു..... അനന്തു ദയനീയമായി ഇന്ദ്രയെ നോക്കി....... """ചോദിച്ചത് കേട്ടില്ലേ നീ???""" """വെറുതേ കിടന്ന് തൊള്ള തൊറക്കണ്ട.. അത് സീതമ്മ ഉണ്ടാക്കി കൊണ്ട് വന്നതാ.......""""

പറഞ്ഞ് തീർന്നതും ഉപ്പേരി പാത്രം വായുവിൽ ഉയർന്ന് നിലത്തേക്ക് വീണ് ചിതറി ..... """നിങ്ങളെന്ത് തോന്ന്യാസാ ഈ കാണിക്കുന്നത്???''" ഇന്ദ്ര അരിശത്തോടെ ഭദ്രന് നേരെ ശബ്ദമുയർത്തി....... """നിന്നോടാര് പറഞ്ഞു ആ വീട്ടിലുണ്ടാക്കിയ സാധനങ്ങൾ എന്റെ വീട്ടിൽ കയറ്റാൻ........??? """ """വിഷമൊന്നും അല്ലല്ലോ.... കഴിക്കാനുള്ളതല്ലേ.....??"""" """"എന്ത് കോപ്പാണെങ്കിലും ആ വീട്ടിലുള്ള ഒന്നും ഈ വീട്ടിലേക്ക് കയറ്റരുത്......."""" """അപ്പൊ.. നാളെ മുതൽ സീതമ്മയോടും ഇങ്ങട് കയറണ്ടാന്ന് പറയാം......""" """എന്റെ ഇളേമയോട് എന്റെ വീട്ടിൽ കയറണ്ടാന്ന് പറയാൻ നീയാരാടി പുല്ലേ???"""" """ഹാ... ഇത് നല്ല കൂത്ത്.... ആ വീട്ടിലുള്ള ഒന്നും ഈ വീട്ടിലേക്ക് കയറ്റരുതെന്ന് നിങ്ങൾ തന്നെയല്ലേ ഇപ്പൊ പറഞ്ഞത്.....??? """

""ദേ... പെണ്ണാണെന്നൊന്നും ഞാൻ നോക്കൂല.... അടിച്ച് നിന്റെ പല്ല്‌ ഞാൻ തെറുപ്പിക്കും.......""" ""ആ ഇങ്ങ് വാ...എന്റെ കൈ മാങ്ങാ പറിക്കാൻ പോകും..... ചുമ്മാ വിരട്ടാതെ മനുഷ്യാ....... എന്നെയെങ്ങാനും തൊട്ടാൽ തന്റെ പേരിൽ ഞാൻ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കും..... ഈ ആറടി പൊക്കത്തിലുള്ള ഗുണ്ട പോയി അഴിയെണ്ണേണ്ടി വരും......."""" ""ഡീ........""" അവൾക്ക് നേരെ പാഞ്ഞടുക്കാൻ വന്ന ഭദ്രനെ അനന്തു പിടിച്ചു വച്ചു..... ""വേണ്ട അണ്ണാ ...... വിട്ടേക്ക് ......""" """ഡോ... താനിവിടെ കിടന്ന് താണ്ഡവം തുള്ളിയിട്ടൊന്നും കാര്യമില്ല...... അവിടന്ന് കൊണ്ട് വരരുതെന്നുണ്ടെങ്കിൽ ഇവിടെ അതിനനുസരിച്ചുള്ള സൗകര്യങ്ങൾ വേണം......

ആകെ നാല് ഗ്ലാസും രണ്ട് പാത്രങ്ങളുമുണ്ട്.... പിന്നെയുള്ളത് ലേശം ചായപൊടിയും , പഞ്ചസാരയുമാ .....അത് അരിയും പച്ചകറികളുമായി മാറ്റാനുള്ള വിദ്യയൊന്നും എനിക്കറിഞ്ഞൂട..... പിന്നെ...മേൽപ്പോട്ട് നോക്കി വായു ഭക്ഷിച്ച് വിശപ്പടക്കാനുള്ള സൂത്രവും വശമില്ല.... അതുകൊണ്ട് ഒന്നെങ്കിൽ ഇവിടെ ആവശ്യമുള്ള സാധനങ്ങൾ വാങ്ങി വയ്ക്കുക.....അല്ലെങ്കിൽ........"""" """അല്ലെങ്കിൽ?????""" ഭദ്രൻ പുരികം ചുളിച്ച് ഇന്ദ്രയെ കൂർപ്പിച്ച് നോക്കി.... """അല്ലെങ്കിൽ സീതമ്മ ചന്ദ്രമംഗലത്തൂന്ന് എന്താണോ ഉണ്ടാക്കി കൊണ്ടുവരുന്നത് അത് ഞാൻ കഴിക്കും...... ഇനി എന്നും കൊണ്ട് വരാൻ സീതമ്മയ്ക്ക് ബുദ്ധിമുട്ടാച്ചാൽ ഞാൻ അവിടത്തെ അടുക്കളയിൽ കയറി ഉണ്ടാക്കി കഴിക്കും......

അല്ലാതെ ഇയാൾക്ക്‌ ആരോടോ ഉള്ള ദേഷ്യത്തിനും , വാശിക്കും പട്ടിണി കിടക്കാനൊന്നും എന്നെ കിട്ടില്ല........""" """ഡീ..... ആ വീടിന്റെ പടി കയറിയാൽ നിന്റെ കാല് ഞാൻ തല്ലിയൊടിക്കും.... ഭദ്രനെ ശരിക്കറിയില്ല നിനക്ക്.......""" """നിങ്ങളോട് ഞാൻ ആദ്യേ പറഞ്ഞു നാല് ഡയലോഗടിച്ച് ഇന്ദ്രയെ പേടിപ്പിക്കാൻ വരരുതെന്ന്..... ഏൽക്കില്ല..... നിങ്ങളിനി എന്നെ തല്ലി കൊല്ലുമെന്ന് പറഞ്ഞാലും എന്റെ വാക്കിന് യാതൊരു മാറ്റവുമില്ല..... ഇന്നത്തെ ദിവസം ഇങ്ങനെയങ്ങ് പോട്ടെ...... നാളെ രാവിലെ ആവിശ്യമുള്ളതെല്ലാം വാങ്ങി തന്നാൽ ഇവിടന്ന് വച്ചുണ്ടാക്കി കഴിച്ചോളാം.... ഇല്ലാച്ചാൽ...... ഭദ്രന് നേരെ കൈകൾ രണ്ടും മലർത്തി കാണിച്ച് ഇന്ദ്ര മുറിയിലേക്ക് കയറാനൊരുങ്ങി ......

വാതിൽക്കലെത്തി ഒന്ന് പിന്തിരിഞ്ഞു ..... ""പിന്നേ.........അഹങ്കാരം കാണിച്ച് ആ തട്ടി കളഞ്ഞതെല്ലാം തൂത്ത് മാറ്റി അവിടെ വൃത്തിയാക്കിയേക്ക് ......."" """എനിക്ക് സൗകര്യമില്ല.... എന്റെ വീട്ടീന്ന് എനിക്ക് മുന്നിൽ നിന്ന് എന്നോട് ആജ്ഞാപിക്കാൻ മാത്രം ആയോ നീ???'"" """അതിന് താൻ ആരുവാ??നിങ്ങള് വൃത്തിയാക്കിയില്ലെങ്കിൽ അതവിടെ കിടക്കും..... വേറെയാരും വൃത്തിയാക്കാൻ വരില്ല.... പ്രത്യേകിച്ച് ഈ ഞാൻ.......""" കണ്ണുകൾ ഇറുകെ മൂടി ദേഷ്യം കടിച്ച് പിടിച്ച്‌ നിൽക്കുന്ന ഭദ്രനെ നോക്കിയൊന്ന് പുച്ഛിച്ചവൾ മുറിക്കുള്ളിൽ കയറി കതകടച്ചു.......

വിരിപ്പില്ലാത്ത ഒഴിഞ്ഞ കിടക്കയിലേക്ക് നോക്കിയൊന്ന് നിശ്വസിച്ച് അലമാര തുറന്നതും അതിനുള്ളിൽ കുത്തി നിറച്ചിട്ട ഭദ്രന്റെ വസ്ത്രങ്ങളെല്ലാം മല വെള്ള പാച്ചിൽ പോലെ ഇന്ദ്രയുടെ നെഞ്ചത്തോട്ട് പതിച്ചു.... മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കാലെടുത്ത് വച്ച ഭദ്രൻ കാണുന്നത് തന്റെ വസ്ത്രങ്ങൾ കൂട്ടി പിടിച്ച്‌ നിൽക്കുന്ന ഇന്ദ്രയെ ആണ്...... """ഡീ.......""" അരിശം കയറിയ ഇന്ദ്ര അവനെ ചെറഞ്ഞൊന്നു നോക്കി..... """എന്താടോ???""" ശൗര്യമൊട്ടും കുറയ്ക്കാതെ അവളും തിരിച്ചടിച്ചു... '""നിന്നോടാരാടി എന്റെ അലമാരയിൽ കയ്യിട്ട് മാന്താൻ പറഞ്ഞത്......"""??? ""കയ്യിട്ട് മാന്താൻ ഇതെന്താ വല്ല നിധികുംഭോ മറ്റോ ആണോ??? ഞാനാ കിടക്കയിൽ വിരിക്കാനൊരു വിരിപ്പ് നോക്കിയതാ.......""" "

"""ഇതിന്റെ മേളിലൊന്നുണ്ടായിരുന്നല്ലൊ....??"" ""അത് ഞാൻ അലക്കിയിട്ടു......."" ""ആരോട് ചോദിച്ചിട്ട്????"" """ദേ... വെറുതേ കരുതികൂട്ടി എന്റെ മെക്കിട്ടു കയറാൻ വരരുത്...."" ""വന്നാൽ നീ എന്തോ ചെയ്യും?? നീയെന്താ വിചാരിച്ചേ നിന്നെ സ്നേഹിച്ച് കൊഞ്ചിക്കാനാണ് ഞാൻ നിന്റെ കഴുത്തിലൊരു കുരുക്കിട്ട് ഇങ്ങോട്ട് കൊണ്ട് വന്നതെന്നോ?? ഇതെന്റെ വീടാ ഇവിടെ ഞാൻ എനിക്കിഷ്ടമുള്ളത് പോലെ പെരുമാറും.... പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോ......"" അടുത്ത നിമിഷം ദേഷ്യത്തിൽ കയ്യിലെ തുണികളെല്ലാം അലമാരയിൽ തന്നെ കുത്തി നിറച്ചവൾ മുറിയുടെ കോണിൽ വച്ചിരുന്ന തന്റെ ബാഗ് കയ്യിലേന്തി ഭദ്രന് മുന്നിൽ ചെന്ന് നിന്നു.... """അപ്പൊ ശരി... ഞാൻ പോകുവാ....""

""ആ ചെല്ല്........ വേണേൽ വീട് വരെ അന്തപ്പനോട് കൊണ്ട് വിട്ട് തരാൻ പറയാം.....""" """അയ്യോ അതിന്റെയൊന്നും ആവിശ്യമില്ല... ഒരു മതിലിനപ്പുറത്തേക്കല്ലെ...."" ഭദ്രന്റെ സംശയം പൂണ്ട നോട്ടം ഇന്ദ്രയിലേക്ക് മാത്രമായി ചുരുങ്ങി...... """മനസ്സിലായില്ലേ??ഇവിടെ നിന്നും ഇറങ്ങുവാണേൽ ഞാൻ നേരെ പോകുന്നത് ചന്ദ്രമംഗലത്തേക്കായിരിക്കും..... അതും നിങ്ങടെ ഭാര്യയായിട്ട്......""" ഭദ്രനെ കടന്ന് ഇന്ദ്ര മുന്നോട്ട് നീങ്ങിയതും അവനവളുടെ കയ്യിൽ പിടിച്ച്‌ പിന്നോട്ട് വലിച്ചു........ ""ഡീ.. ചൂലേ.... ഒരുപാടങ്ങ് നെഗളിക്കല്ലേ.....""

ക്രോധത്തോടെ ഇന്ദ്രയുടെ കവിളിൽ കുത്തിപിടിച്ചവൻ അവളെ ചുമരിനോട് ചേർത്ത് നിർത്തി........ വേദനകൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞ് കവിഞ്ഞു ...... """ഇവിടെ അടങ്ങിയൊതുങ്ങി നിന്നാൽ നിനക്ക്‌ കൊള്ളാം.... അത് പറ്റില്ലാച്ചാൽ ഇറങ്ങി പൊക്കോണം..... ചന്ദ്രമംഗലത്തേക്കല്ല... നിന്റെ തറവാട്ടിലേക്ക്........""" ഭദ്രൻ കൈ അയച്ചതും ഇന്ദ്ര അവനെ തുറിച്ച് നോക്കി..... """ഈ കഴുത്തിൽ കെടക്കണ മാലേടെ ബലത്തിൽ ഭദ്രനെ അങ്ങ് മൂക്കേൽ കയറ്റി വലിച്ച് കളയാം എന്നൊരു ധാരണ നിനക്കുണ്ടേൽ കളഞ്ഞേക്ക്..... ഇനിയതല്ല ഭാര്യേടെ അവകാശോം അധികാരോം കാണിച്ച് എന്നെ നേർവഴിക്ക്‌ നടത്താനുള്ള പരിശ്രമം ആണെങ്കിൽ പൊന്ന് മോളെ ഇന്ദ്രേ അതിന് വച്ച വെള്ളം തിളയ്ക്കുന്നതിന് മുന്നേ അങ്ങ് വാങ്ങി വച്ചേരെ....

ഇല്ലേൽ അത് നിന്റെ തല വഴി കമിഴ്ത്താൻ ഭദ്രനറിയാം.......""" ഇന്ദ്രയെ അടിമുടിയൊന്നുഴിഞ്ഞ് നോക്കി ഭദ്രൻ മുറിയിൽ നിന്നും പുറത്തേക്ക് കടന്ന് വാതിൽ വലിച്ചടച്ചു....... മുറ്റത്ത് നിന്നും ബുള്ളറ്റിന്റെ ശബ്ദം കാതിൽ ഇരച്ചെത്തിയതും അവളോടി ജനാലയ്ക്കരികിൽ ചെന്ന് നിന്നു..... വാഹനം ഗേറ്റ് കടന്നപ്പോൾ ഭദ്രന്റെ പിന്നിലിരുന്ന അനന്തു ഇന്ദ്രയെ നോക്കി കൈ വീശി കാണിച്ചു.... ഇന്ദ്രയുടെ കൈകൾ അവളുടെ കവിളുകളെ തഴുകി.... വേദനയാൽ മുഖം ചുളിഞ്ഞു .... കണ്ണുകൾ കലങ്ങി... അവൾ പതിയെ ചുമരിലൂടൂർന്നിറങ്ങി തറയിലേക്കിരുന്ന് മുഖം കാൽമുട്ടിലൊളിപ്പിച്ചു ..................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story