എന്റെ ഉമ്മാന്റെ പേര്: ഭാഗം 1

ente ummante peru

എഴുത്തുകാരി: അധിരഥൻ

അവന് പത്ത് വയസുള്ളപ്പോഴാണ് നബീസു അവന്റെ വീട്ടിൽ ജോലിക്ക് വരാൻ തുടങ്ങിയത്. ഇരുപത്തെട്ടാം വയസ്സിൽ ഭർത്താവ് മൊഴി ചൊല്ലി പോയപ്പോൾ മുതലായിരുന്നു അവളുടെ ലോകം പലരുടെയും അടുക്കളപ്പുറത്തെക്ക് ഒതുങ്ങി തുടങ്ങിയത്.. പെട്ടെന്നുള്ള ഒറ്റപ്പെടലിൽ പറക്കമുറ്റാത്ത രണ്ട് പെണ്മക്കളെയും കൊണ്ട് ആസ്പറ്റോസ് ഷീറ്റ് മേഞ്ഞ വാടക വീട്ടിൽ ഒറ്റയ്ക്ക് ജീവിക്കാൻ തുടങ്ങിയപ്പോൾ പലരും അവളെ സഹായിക്കാൻ എത്തിയിരുന്നു. ഇരു നിറത്തിൽ, കോലുന്നനെയുള്ള ശരീരവും, നീളൻ മൂക്കും, തടിച്ച വിടർന്ന കീഴ്ചുണ്ടുമായിരുന്നുന്നെങ്കിലും അവളും കാഴ്ച്ചയിൽ സുന്ദരിയായിരുന്നു. രാവും പകലുമില്ലാതെ ഔദാര്യങ്ങൾ വെച്ചു നീട്ടിയവരുടെയെല്ലാം യഥാർത്ഥ മുഖങ്ങൾ പലപ്പോഴായി തിരിച്ചറിഞ്ഞപ്പോൾ താമസിച്ചിരുന്ന വാടക വീട് മാറി അവൾ നഗരത്തിലേക്ക് ഓടിട്ട മറ്റൊരു വീട്ടിലേക്കുടിയേറി.. രാവിലെ അഞ്ചു മണി മുതൽ ചിട്ടി കമ്പിനി നടത്തുന്ന അവറാൻ മുതലാളിയുടെ വീട്ടിലെ പുറം പണി കഴിയാറാകുമ്പോഴേയ്ക്കും അവറാന്റെ ഭാര്യ ലില്ലി ആറരയ്ക്കുള്ള പതിവ് കുർബാനയ്ക്ക് ഇറങ്ങിയിട്ടുണ്ടാവും.. ലില്ലി പോകുന്നതും നോക്കി നരച്ച നെഞ്ചും തടവി അവറാൻ പിന്നാമ്പുറത്തെ അലക്കു കല്ലിൽ ഇരുപ്പുറപ്പിക്കും. അയാളൊരു വഷളനാണ്.

ചുവന്നു കലങ്ങിയ കണ്ണിലെ കാമം കത്തുന്ന നോട്ടം ഉടലാകെ അരിച്ചിറങ്ങുന്നത് കാണുമ്പോൾ അവൾ സാരി തലപ്പ് കൊണ്ട് അരക്കെട്ട് മറച്ചു പിടിക്കും. " ഹാ എന്നാത്തിനാടി പെണ്ണേ ഇതിങ്ങനെ മൂടി വെച്ചോണ്ട് നടക്കുന്നെ.. കുടവയറിന് പുറത്തേക്ക് തള്ളി നിൽക്കുന്ന വലിയ പൊക്കിൾത്തടിപ്പോളമെത്തിയ ഉരുളൻ മാല പതിയെ കൈകൊണ്ട് നെഞ്ചിൽ ഉരുട്ടി കൊണ്ട് അയാൾ അവളെ നോക്കും. " സമയം പോലെ നമ്മളെയൊന്ന് പരിഗണിക്കണം കേട്ടോ. കൈയും മുഖവും കഴുകി തുടച്ചു തുണിക്കടയിലെ തേഞ്ഞു മങ്ങിയ ഒരു ചുവന്ന കവറെടുത്ത് പുറത്തേക്ക് നടക്കുമ്പോൾ ആ വാചകം അയാളുടെ സ്ഥിരം പല്ലവിയാണ്.. അവളുടെ മുഖം ചുവപ്പിച്ചൊരു ചൂഴ്ന്ന് നോട്ടത്തിൽ അയാൾ പേടിയോടെ മുഖം തിരിക്കും. വെറും വാചക കസർത്തിൽ മാത്രമേ അയാളിൽ ആണത്വമുള്ളുവെന്നത് പണിക്ക് ചെന്നത് മുതൽ പലകുറി ലില്ലി കളിയായി പറഞ്ഞത് ഓർക്കുമ്പോൾ അറിയാതെ അവളുടെ ഉള്ളിൽ ചിരി പൊട്ടും.. എങ്കിലും കാമം കരഞ്ഞു തീർക്കുന്ന കഴുതയെ പോലെ പിന്നെയും അയാൾ വിലപിച്ചു കൊണ്ടിരിക്കും രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ ഡോക്ടർ ദമ്പതിമാരുടെ വീട്ടിലെ അടുക്കള പണിയാണ്. ഒരേ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് രണ്ട് പേരും.

ഭാര്യ ക്യാൻസർ വിഭാഗത്തിലും, ഭർത്താവ് ഹൃദ് രോഗത്തിലും. അവർക്ക് രാവിലത്തെ ഭക്ഷണം ഉണ്ടാക്കി കൊടുത്തു, ഉച്ചയ്ക്കുള്ളത് കാരിയറിലാക്കി ഡ്രൈവറുടെ കൈയിൽ കൊടുത്ത് വിട്ടു കഴിഞ്ഞാൽ അവിടത്തെ നബിസൂന്റെ ജോലി കഴിയും. രണ്ട് വീടുകളിൽ നിന്നും മാസം കിട്ടുന്നത് കൊണ്ട് വീട്ടു വാടകയും, രണ്ട് മക്കളുടെ പഠിപ്പിനും തികയാതെ വന്നതോടെയാണ് അവൾ ഉച്ചയ്ക്ക് ശേഷം പോകാൻ പറ്റുന്ന മറ്റൊരു ജോലി കൂടി തിരഞ്ഞിറങ്ങിയതും, ഡോക്ടർ ഗോമതി അവരുടെ നേതൃത്വത്തിലുള്ള വുമൺസ് കൾച്ചറൽ സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി കൂടിയായ ബീനയുടെ വീട്ടിലേക്ക് അവളെ അയക്കുന്നത്. ബീന നാല് ഇന്ത്യൻ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന ഒരു ഇന്റർനാഷണൽ കമ്പനിയുടെ ചീഫ് ഓപ്പറേഷൻ ഹെഡ് ആണ്. ഭർത്താവ് രാജീവ് ഒരു ദേശസാൽകൃത ബാങ്കിന്റെ കേരള വിഭാഗം തലവനും. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക് ഊളിയിട്ട് പോകുന്നതിനടയിൽ ഇരുവരും വീട്ടിലുള്ള് പത്ത് വയസ്സുകാരൻ മകൻ അപ്പുണ്ണിയെ പലപ്പോഴും മറന്നു പോയിരുന്നു.

ഇടവേളകളില്ലാതെ പ്രവഹിച്ചു കൊണ്ടിരിക്കുന്ന ശബ്ദ തരംഗങ്ങൾ അവസാനിക്കുന്ന ചുരുക്കം ചില സമയങ്ങളിൽ മാത്രം മൊബൈൽ ഫോൺ പ്രതലത്തിൽ തെളിയുന്ന മകൻ അപ്പുണ്ണിയുടെ ചിത്രം കാണുമ്പോഴാവും തങ്ങളെ ബന്ധിപ്പിക്കുന്ന അങ്ങിനൊരു കണ്ണിയുണ്ടെന്നു ഇരുവരും ഓർമിച്ചെടുക്കുന്നത്. വെറും മുപ്പത് സെക്കൻഡിൽ അവസാനിക്കുന്ന ഒരു ഫോൺ വിളിയിൽ ഒതുങ്ങിപോകുന്ന ഒരു കർമ്മം. അത് മാത്രമാണ് അച്ഛനമ്മമാരിൽ നിന്ന് അവനാകെ കിട്ടുന്ന ഏക പരിഗണന. ആ മുപ്പത് സൂചിക കറങ്ങി തീരുന്ന സമയത്തിനുള്ളിൽ ചെയ്തും , പഠിച്ചും എഴുതി തീർത്ത് വയ്ക്കേണ്ടതുമായ പാഠ്യഭാഗങ്ങളെ കുറിച്ചു തിരക്കുകയായിരിക്കും അവർ. എങ്കിലും കേൾവിക്കാരിൽ മകനോടുള്ള സ്നേഹാവാത്സല്യങ്ങൾ നിറഞ്ഞൊഴുകുകയാണെന്നു തോന്നിപ്പിക്കും വിധം ഇരുവരും ആ കുരുന്ന് തലച്ചോറിലേക്ക് " love you മോനു , take care എന്ന രണ്ട് പദങ്ങൾ കൊണ്ട് വാചലരാവും. ഒരായിരം ചുംബനങ്ങൾ അഴിച്ചു വിടും. സ്നേഹത്തിന്റെ കണിക തട്ടാത്ത, വാത്സല്യത്തിന്റെ മേമ്പൊടി ഒട്ടും തൂവാത്ത, രണ്ട് പദങ്ങളുടെ അർത്ഥം അറിയാവുന്നത് കൊണ്ട് മാത്രമാണ് അവന്റെ മനസിലെ ഇടുങ്ങിയ കോണിൽ അവരിപ്പോഴും ജീവിച്ചിരുന്നത്..

ഒന്ന് കൺ നിറയെ അവരെ അടുത്തു കണ്ടുറങ്ങാൻ, ഒന്ന് ആശ്ലേഷിക്കാൻ, ഒരു ചുംബനത്തിന്റെ മധുരം പകരാൻ കൊതിച്ചു, അവനേറെ നേരം അവരെ കാത്തിരിക്കാറുണ്ട്.. ജോലി തിരക്കുകളും, സ്ത്രീ വിമോചനവും, ചർച്ചകളും ഒക്കെ കഴിഞ്ഞു ബീനയും, ബാങ്കിന്റെ സമ്പത് ഘടനയും, ഓഹരി നിലവാരവും കുത്തനെ ഉയർത്താനുള്ള അഹോരാത്ര പദ്ധതികളും തീർത്ത് രാജീവും വീട്ടിൽത്തുമ്പോഴേയ്ക്കും അപ്പുണ്ണി പാതിരാ സ്വപ്നത്തെ തലോലിച്ചുറങ്ങി പോയിട്ടുണ്ടാവും. ചില്ല് ജാലകങ്ങൾ പതിച്ച മനോഹരമായൊരു കൊട്ടാരത്തിലെ അതിലേറെ ഭംഗിയുള്ള കീ കൊടുത്ത ഒരു പാവയെ പോലെയാണവൻ. തനിയെ കുളിച്ചൊരുങ്ങി വരുമ്പോൾ ഭക്ഷണം കൊടുക്കാനും, എട്ടാം നിലയിൽ നിന്ന് താഴേയ്ക്കിറക്കി സ്കൂൾ ബസിൽ കയറ്റി വിടാനും മാത്രം വരുന്നൊരു സ്ത്രീയാണ് ആ വീട്ടിലെത്തുന്ന ആദ്യത്തെ ആൾ.. വൈകിട്ട് സ്കൂൾ വിട്ട് വരുന്ന അവന് വേണ്ടി അവരുടെ സമയം പോലെ ഉച്ചയ്ക്ക് വന്നെന്തെങ്കിലും വെച്ചുണ്ടാക്കി പോയിട്ടുണ്ടാവും.. അവൻ വരുമ്പോഴേയ്ക്കും അതെല്ലാം തണുത്തുറഞ്ഞ ലാവ പോലെയായിരിക്കും..

ശേഷം ഏഴ് മണിയോടെ വരുന്ന ഒരു ട്യൂഷൻ സാറാണ് രണ്ടാമത്തെ അതിഥി. അയാൾ കാര്യമായി ഒന്നും ചെയ്യാറില്ല.. സ്കൂളിൽ പഠിപ്പിച്ച കാര്യം ഒരുവട്ടം കൂടി അവനെ ഓർമ്മിപ്പിക്കും. ശേഷം ടീവിയിലെ വാർത്താ ചാനലുകളിലെ അന്തി ചർച്ചകൾ കേട്ടിരിക്കും. ഒരു പത്ത് വയസ്സ്കാരന്റെ തലച്ചോറിന് ഗ്രഹിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള കാര്യങ്ങൾ അവനോട് സംസാരിക്കും. ആയിരം ചോദ്യങ്ങൾ കേൾക്കുമ്പോൾ ഒരു മൂളാലോ, ഒരു കൺ ചിമ്മലോ മാത്രമായിരിക്കും അവന്റെ ഉത്തരം.. കേട്ടിരിക്കുക എന്നത് ഏറ്റവും മഹത്തരമായൊരു കാര്യമാണെന്ന് പണ്ടെപ്പോഴോ പറഞ്ഞു കൊടുത്ത ഉത്തരേന്ത്യൻ ജനതകളുടെ സഹനജീവിത കഥകളിൽ നിന്ന് അവനും മനസിലാക്കി കാണും. പളുങ്ക് കൊണ്ടുണ്ടാക്കിയ കാരാഗൃഹത്തിലെ നിഴൽ പാതയിലേക്ക് വിഷാദം കൈ പിടിച്ചു നടത്തി തുടങ്ങിയ സമയത്താണ് നബീസു ആ വീട്ടിലെത്തുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ചു മണി വരെ അപ്പുണ്ണിയെ നോക്കുക , അവനിഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി കൊടുക്കുക, അവനോടൊപ്പം ഫ്ലാറ്റിന് താഴെയുള്ള പാർക്കിൽ ചെന്നിരിക്കുക. മാസം എണ്ണായിരം രൂപ ശമ്പളം. നബീസുവിനുള്ള ജോലി അതായിരുന്നു..

കഷ്ടപ്പാടിനിടയിൽ വളർന്ന് വരുന്ന പെണ്മക്കൾക്ക് വേണ്ടി ഒരു രൂപയെങ്കിലും മിച്ചം പിടിക്കാൻ കഴിഞ്ഞാലോ എന്നാഗ്രഹിച്ചപ്പോൾ അവൾ ആ ജോലിയും സ്വയം ഏറ്റെടുക്കുകയായിരുന്നു. " ആരാ ? " ഞാൻ നബീസു വൈകീട്ട് ക്ലാസ് കഴിഞ്ഞു ഫ്ലാറ്റിലേ വാതിൽ തുറക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ട് അവൾ വാതിൽ തുറന്നപ്പോൾ അവൻ സംശയത്തോടെ നോക്കി. വെയിലേറ്റ് കരുവാളിച്ച മുഖത്ത് എണ്ണപാട തിളങ്ങുന്നുണ്ടായിരുന്നു. അവൾ അവന്റെ തോളിൽ നിന്ന് ബാഗ് എടുക്കാൻ ശ്രമിച്ചപ്പോൾ അവൻ കൈ തട്ടി മാറ്റി കൊണ്ട് കുതറി മാറി. ഇന്നോളം അങ്ങിനൊരു അനുകമ്പ ആരും അവനോട് കാണിച്ചിട്ടില്ലെന്നുള്ളത് അവന് മാത്രമറിയുന്ന സത്യമാണല്ലോ. പെട്ടെന്നുള്ള അവന്റെ പ്രവർത്തിയിൽ അവൾ ഒന്ന് പരിഭ്രമിച്ചു പോയി. " മോനെന്താ കഴിക്കാൻ വേണ്ടത്? " എനിക്കൊന്നും വേണ്ടാ ? അവൻ അവളെ ശ്രദ്ധിക്കാതെ , ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി. അവന്റെ സ്വഭാവം അതാണോ ? ഇനി തന്നെ ഇഷ്ട്ടപ്പെടാത്തത് കൊണ്ടാണോ അവന്റെ ഈ പെരുമാറ്റമെന്ന് അവൾക്ക് മനസിലായില്ല. അവൾ നേരെ അടുക്കളയിലേക്ക് പോയി ഫ്രിഡ്ജ് തുറന്ന് പാലെടുത്ത് തിളപ്പിച്ചു ചൂടാറ്റി ഒരു ഗ്ലാസിലാക്കി വെച്ചു.

ശേഷം ഷെൽഫിൽ പരതി ബിസ്ക്കറ്റ് എടുത്ത് ഒരു പാത്രത്തിലാക്കി. അപ്പുണ്ണി വസ്ത്രം മാറി ഹാളിലേക്ക് വരുന്നത് കണ്ട് അവളതെടുത്ത് ഡൈനിംഗ് ടേബിളിൽ കൊണ്ട് വെച്ചു. അവൻ അവളെ ശ്രദ്ധിക്കാതെ നേരെ സോഫയിൽ ചെന്നിരുന്നു ബാഗ് തുറന്ന് ബുക്കുകൾ എടുത്ത് വെയ്ക്കാൻ തുടങ്ങി. " അയ്യേ സ്കൂളിൽ പോയി വന്നിട്ട് കുളിക്കാതെ ആണോ പഠിക്കാനിരിക്കുന്നത് ? " ഞാനെന്നും ഇങ്ങനെയാ ചെയ്യുന്നത് അവൾ പാലെടുത്ത് സോഫയ്ക്ക് മുന്നിലെ ചെറിയ ടേബിളിൽ കൊണ്ട് വെച്ചു. " സ്കൂളിൽ ചെന്നാ കൂട്ടുകാരുടെ കൂടെയൊക്കെ കളിച്ചിട്ടല്ലേ വരുന്നത് അപ്പോ വന്ന് കഴിഞ്ഞാൽ കുളിച്ചിട്ടെ പഠിക്കാൻ പാടുള്ളൂ.. അല്ലെങ്കിൽ വിയർപ്പും അഴുക്കും ഒക്കെ മേത്ത് പറ്റി നാറും.. " എന്നിട്ടെന്താ നിങ്ങള് കുളിക്കത്തെ, നിങ്ങളേം വല്ലാതെ നാറുന്നുണ്ട്.. അവൻ അവളെ തന്നെ ചൂഴ്ന്ന് നോക്കി. പെട്ടെന്നുള്ള അവന്റെ മറുപടിയിൽ അവൾ ആകെ വല്ലാതെയായി. ബിസ്ക്കറ്റ് പാത്രം താഴെ വെച്ച ശേഷം അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി ബ്ലൗസിലെ വിയർപ്പ് കറ തെളിഞ്ഞ ഇരുവശവും ഒന്ന് മണത്ത് നോക്കി.. ശരിയാണ് അസഹ്യമായ സ്വന്തം വിയർപ്പിന്റെ ഗന്ധം അവളെ പോലും മടുപ്പിക്കുന്നുണ്ട്. ജീവിതത്തിന്റെ രണ്ട് അതിരുകൾ കൂട്ടി മുട്ടിക്കാനുള്ള കഷ്ടപ്പാടിന്റെ ഗന്ധമാണിതെന്ന് അവനെ പറഞ്ഞു മനസിലാക്കാൻ അവൾക്കാവുമായിരുന്നില്ല. "

നിങ്ങള് പോകുവാണോ ? പാതി കുടിച്ച പാൽ ഗ്ലാസും, ബിസ്ക്കറ്റ് പ്ലേറ്റുമായി അവൻ അടുക്കളയിലേക്ക് വരുന്നത് കണ്ടപ്പോൾ പെട്ടെന്നവൾ തന്റെ കവറുമെടുത്ത് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. അവനോടുള്ള പരിഭാവമായിരുന്നില്ല ആ ഇറങ്ങി പോക്ക് , ആദ്യ ചോദ്യം പോലെ ഇനിയും എന്തെങ്കിലും നേരിടേണ്ടി വന്നാൽ അവന് കൊടുക്കാൻ മാത്രമൊരു ഉത്തരം അവളുടെ പക്കലില്ലായിരുന്നു. അന്നവന് വൈകീട്ട് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. ഫ്രഡ്ജിൽ വല്ലതും കഴിക്കാൻ ഉണ്ടോന്ന് നോക്കി. ഒന്നുമിരിപ്പില്ല. മുൻപ് എപ്പോഴോ കറുത്ത സ്ത്രീ വാങ്ങികൊണ്ട് വന്ന ഒരു തണ്ണിമത്തന്റെ രണ്ട് കഷ്ണങ്ങൾ ഒരു ചില്ല് പാത്രത്തിൽ ഇരിപ്പുണ്ടായിരുന്നു. അവനതെടുത്തു ഹാളിലേക്ക് പോയി. ഒരു കഷ്ണം തണ്ണിമത്തനുമായി അവൻ ബാൽക്കണിയിൽ പോയി നിന്നു. താഴെ ഏതാനും കുട്ടികൾ കളിക്കുണ്ടായിരുന്നു. അൽപ്പനേരം അവനത് നോക്കി നിന്നു. അനേകം നിലകളുള്ള വലിയ തൊഴുത്തിലെ പൈക്കളാണ് എല്ലാവരുമെങ്കിലും പരസ്പരം അധികമാർക്കും അറിയില്ല, സംസാരിക്കാറില്ല. കൺ മുന്നിലൂടെ കടന്ന് പോകുമ്പോൾ ഒരു പുഞ്ചിരിയുടെ സൗജന്യം പോലും അധികമാരും കാണിക്കാറുമില്ല. അല്ലെങ്കിലും കാലികൾ പരസ്പരം കാണണോ, മിണ്ടാനോ, ചിരിക്കാനോ സംസാരിക്കറില്ലല്ലോ.

പടിഞ്ഞാറൻ ചക്രവാളം സിന്ദൂരമണിഞ്ഞു തുടങ്ങിയിരിക്കുന്നു. പിറ്റേന്ന് സ്കൂൾ വിട്ട് വരുമ്പോഴും വീട്ടിൽ അവളുണ്ടായിരുന്നില്ല. ബാഗിൽ നിന്ന് താക്കോലെടുത്ത് വാതിൽ തുറന്ന് അവൻ അകത്ത് കയറി, ബാഗ് സോഫയിൽ വെച്ചു മുറിയിലേക്ക് നടന്നപ്പോൾ പെട്ടെന്നൊരു ബെൽ ശബ്ദം കേട്ടു അവൻ തിരിഞ്ഞു നടന്നു. " ഇന്നലെയെന്താ പെട്ടെന്ന് പോയത് ? എനിക്ക് നല്ല പോലെ വിശന്നു. വാതിൽ തുറന്നപ്പോൾ കൺ മുന്നിൽ നിറഞ്ഞ ചിരിയോടെ നബീസു. മുഖത്തെ കരിവാളിപ്പ് മാറി ചന്തം കൂടിയിരിക്കുന്നു. അവൻ അവളെ ആകെയൊന്ന് നോക്കി. " ഇതെന്ത് സ്‌പ്രേ ആണ് ?. അകത്തേക്ക് നടന്നപ്പോൾ അവൾ പുരട്ടിയ അത്തറിന്റെ ഗന്ധം അവനെ മട്ടിപ്പിക്കുന്നുണ്ടായിരുന്നു. അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു. " ഇന്നെന്താ വൈകിയത് ? കുളിക്കാൻ പോയതാണോ? അവന്റെ ചോദ്യങ്ങളുടെ എണ്ണം കൂടി തുടങ്ങിയപ്പോൾ അവൾ അതെയെന്ന് തലകുലുക്കി കൊണ്ട് ഒന്നു ചിരിച്ചു. " ഇവിടെയുമുണ്ട് നല്ല മാണോള്ള സ്‌പ്രേ. ദേ കണ്ടോ അവൻ അകത്തെ ഷെൽഫിൽ നിന്ന് ബീനയുടെ രണ്ട് പെർഫ്യൂം കുപ്പികൾ എടുത്തു കൊണ്ട് വന്നു അവൾക്ക് മുന്നിലേക്ക് വെച്ചു. " അപ്പൂന് എന്താ കഴിക്കാൻ വേണ്ടത് ? " എന്തേലും മതി, " ഇത് വേണോ ? " മ്മ്ഹും " അതൊന്നും വേണ്ടാ, അപ്പു വേഗം പോയി കുളിച്ചിട്ട് വാ.

അവൻ പെർഫ്യൂം കുപ്പികൾ അവൾക്ക് നേരെ നീട്ടി.. അവൾ വേണ്ടെന്ന് മൂളികൊണ്ട് അവന്റെ കവിളിൽ ഒന്ന് തലോടി. എല്ലാവരും വിളിച്ചിരുന്ന അപ്പുണ്ണിയെന്ന തന്റെ പേരിന് പെട്ടെന്നൊരു ചുരുക്കം വന്നപ്പോൾ ആ വിളി അവന് വല്ലാതെ ഇഷ്ട്ടപ്പെട്ടു. " എന്താ നോക്കണേ ? " മൈദ എവിടെയാ ഇരിക്കുന്നതെന്ന് അപ്പൂന് അറിയോ ? അവൻ കുളി കഴിഞ്ഞു വരുമ്പോൾ അവൾ ഷെൽഫിലെ പ്ലാസ്റ്റിക് ബോട്ടിലുകളിൽ എന്തോ പരതുകയായിരുന്നു.. " മൈദയോ, അതെന്താ ? " അതോ, അതൊരു പൊടിയാണ്, ധാ ഇതാണ് മൈദ ? അവൻ സംശയത്തോടെ അവളെ നോക്കി. ഏറെ നേരത്തെ പരതലുകൾക്ക് ശേഷം മൂന്നാമത്തെ കബോഡിലെ മൂലയിൽ നിന്ന് അവളൊരു പാക്കറ്റ് പുറത്തേക്ക് എടുത്ത് വെച്ചു.. " ഇതുകൊണ്ട് എന്താ ചെയ്യാ ? " ഇത് കൊണ്ട് എന്ത് വേണേലും ചെയ്യാം.. പലഹാരങ്ങൾ ഉണ്ടാക്കാം, അപ്പു പൊറോട്ട കഴിച്ചിട്ടുണ്ടോ ? " ങ് ഹും അവൾ കുറച്ചു മൈദയെടുത്ത് കുഴിഞ്ഞ ഒരു ചില്ല് പാത്രത്തിലിട്ടു അൽപ്പം വെള്ളമൊഴിച്ചു. ശേഷം ഫ്രിഡ്ജ് തുറന്ന് രണ്ട് മുട്ടയെടുത്ത് അതിലേക്ക് പൊട്ടിച്ചൊഴിച്ചു ഉപ്പിട്ട ശേഷം നന്നായി അടിച്ചു ചേർത്തു. അവന്റെ കണ്ണുകളിൽ കൗതുകം വിടർന്നുണ്ടായിരുന്നു..

അവൾ ഷെൽഫിൽ പിന്നെയും ഒന്ന് പരതി, രണ്ട് മൂന്ന് ചെറിയ കുപ്പികൾ എടുത്ത് നോക്കി. അതിൽ ഒന്നിൽ നിന്നും രണ്ട് മൂന്ന് ഏലയ്ക്ക എടുത്ത് ചപ്പാത്തി പലകയിൽ വെച്ചു കുത്തി ചതച്ച ശേഷം അല്പമെടുത്ത് മൈദയിലേക്ക് ഇട്ട് വീണ്ടും ഇളക്കി. തന്റെ കവർ തുറന്ന് അതിൽ നിന്ന് ഒരു തേങ്ങയെടുത്ത് പൊട്ടിച്ചു, ചിരകി ഒരു പ്ലേറ്റിലേക്കിട്ടു അതിൽ കുറച്ചു പഞ്ചസാരയും അൽപ്പം ഏലയ്ക്കയും ചേർത്ത് കൈ കൊണ്ട് തിരുമി മാറ്റി വെച്ചു.. " ഹാ നല്ല മണം. ഇതെന്താ ? " അതാണ് ഏലയ്ക്ക. അപ്പു തിരുമിയ തേങ്ങാ പാത്രം ഒന്ന് മണത്ത് നോക്കി. അവൾ ഒന്ന് ചിരിച്ചു കൊണ്ട് ഒരു പാൻ എടുത്ത് അതിലേക്ക് കുറുകിയ മൈദ കുറേശെ ഒഴിച്ചു തവി കൊണ്ട് ഒന്ന് ചുറ്റിച്ചു. " എന്താ ഉണ്ടാക്കണേ ? അവൾ തിരുമി കൂട്ടിയ തേങ്ങയെടുത്ത് ദോശയ്ക്ക് മുകളിൽ വെച്ചു തവി കൊണ്ട് ചുരുട്ടിയെടുത്തു മറ്റൊരു പാത്രത്തിൽ വെച്ചു.. അവൻ കൗതുകത്തോടെ കിച്ചൻ സ്ലാബിന് മുകളിൽ കയറിയിരുന്നു. " ഇതിന്റെ പേരെന്താ ? " ഇതോ ? ഇതാണ് മുട്ട പത്തിരി. ഇഷ്ട്ടയോ? " ഉം.. നല്ല ടേസ്റ്റ്.. ചൂടാറിയപ്പോൾ പ്ലേറ്റിൽ നിന്ന് അവളൊരു റോളെടുത്ത് അവന് നീട്ടി.. " ഒരെണ്ണം കൂടി തരോ? " പിന്നെന്താ , ഇതെല്ലാം അപ്പൂന് വേണ്ടി ഉണ്ടാക്കിയതാ, മുഴുവനും കഴിച്ചോ അവൻ രുചിയോടെ പ്ലേറ്റിൽ നിന്ന് വീണ്ടും വീണ്ടുമെടുത്ത് കഴിക്കുകയാണ്. അവൾ പാൽ ചൂടാക്കി ഒരു ഗ്ലാസ്സിലാക്കി അവന് നീട്ടി.. " നാളേം ഇത് ഉണ്ടാക്കി തരോ ? "

നാളെ നമുക്ക് വേറെയോരൂട്ടം ഉണ്ടാക്കാം.. " ഉം.. അവൻ പ്ലേറ്റിലെ അവസാന റോളും കഴിച്ചു തീർത്ത ശേഷം പാൽ വലിച്ചു കുടിച്ചു മുഖം തുടച്ചു.. " ഇതിന് മുൻപ് ആരാ ഇവിടെ അപ്പൂനെ നോക്കിയിരുന്നത് ? " അത് വേറൊരു ആന്റിയാ, ആ ആന്റിക്ക് ഇത് പോലെ ഒന്നും ഉണ്ടാക്കാൻ അറിയില്ല, വിശക്കുന്നുന്ന് പറയുമ്പോ ഹോട്ടലി പോയി എന്തെങ്കിലൊക്കെ വാങ്ങി കൊണ്ട് വരും. എനിക്ക് കുറച്ചേ തരുള്ളൂ. ബാക്കി ആ ആന്റി പോകുമ്പോൾ കവറിലാക്കി കൊണ്ടോവും. " ഇപ്പൊ എന്താ ആ ആന്റി വരാത്തെ ? " ആ ആന്റി മമ്മിയുടെ ഷെൽഫിലിരുന്ന മാല കട്ടെടുത്തു. ഇവിടെ പൊലീസൊക്കെ വന്നു.. പിന്നെ ആ ആന്റി വന്നിട്ടില്ല. " പിന്നെയാരും വന്നില്ലേ ? " ഇല്ല.. പിന്നെ എന്നും വൈകീട്ട് ട്യൂഷനെടുക്കാൻ ഒരു സാറ് വരും. " ഉം. അവൾ അവനെയും കൊണ്ട് ഫ്ലാറ്റിന് താഴേയുള്ള പാർക്കിലേക്ക് പോയി. മറ്റ് കുട്ടികൾ അന്നും അവിടെ കളിക്കുന്നുണ്ടായിരുന്നു. പക്ഷെ അവന് അവരോടൊപ്പം കളിക്കാൻ കൂടാൻ തോന്നിയില്ല.. അവളുടെ കൈയും പിടിച്ചു ആ ഫ്ലാറ്റിന് ചുറ്റും വെറുതെ നടന്നു..

സംസാരിക്കാൻ ആദ്യമായൊരാളെ കിട്ടിയപ്പോൾ അവൻ അവിടെ നടന്ന ഓരോ സംഭവങ്ങളും മുൻപ് വന്ന ആളുകളുടെ കാര്യങ്ങളുമൊക്കെ വാതോരാതെ അവളെ പറഞ്ഞു കേൾപ്പിക്കുകയാണ്. ഫ്ലാറ്റിന് പിന്നിലായ് ഒരു കൈപുഴയൊഴുകുന്നുണ്ട്. അവൾ അവന്റെ കൈയും പിടിച്ചു അതിന്റെ തീരത്തെ കൽപ്പടവുകളിറങ്ങി. എന്നും ബാൽക്കണിയിൽ നിന്ന് കാണാറുള്ള പുഴയുടെ ഭംഗിയും കുളിരും അന്നാണ് അവനാദ്യമായി തൊട്ടറിയുന്നത്.. " അതേ വീട്ടില് രണ്ട് ചേച്ചിമാരുണ്ട്. അവരവിടെ ഒറ്റയ്ക്കാ, ഞാൻ പോയിട്ട് ഇനി നാളെ വരാം. നേരം ഇരുട്ടി തുടങ്ങിയപ്പോൾ അവൾ അവനെ മുകളിൽ കൊണ്ടുപോയാക്കിയ ശേഷം യാത്ര പറഞ്ഞിറങ്ങി.. അവൻ ബാൽക്കണിയിൽ നിന്ന് നടന്ന് മറയുന്ന അവളെ തന്നെ നോക്കി നിന്നു. തുടരും

Share this story