എന്റെ ഉമ്മാന്റെ പേര്: ഭാഗം 12

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

മാധവന്റെ നിർബന്ധപ്രകാരം നബീസു അന്ന് വൈകീട്ട് ഏഴാം നിലയിലുള്ള സെബാസ്റ്റ്യനെ കാണാൻ വന്നു. " രാവിലെ പത്ത് മണിക്ക് ജോലിക്ക് വന്നാൽ മതി. വരുമ്പോൾ മാർക്കറ്റിൽ കയറി അപ്പച്ചനും അമ്മച്ചിക്കും ഇഷ്ട്ടമുള്ള ഇറച്ചിയോ, മീനോ വാങ്ങി കൊണ്ട് വന്നു ഉച്ചയ്ക്കലത്തേക്കുള്ള ചോറും കറികളും ശരിയാക്കണം. അഞ്ച് മണിക്ക് പോകുന്നതിന് മുൻപ് വൈകീട്ടത്തെയ്ക്കുള്ള ചപ്പാത്തി കറിയും ഉണ്ടാക്കി കാസ്റോളിൽ വെച്ചേക്കണം. ഒന്നരാടം ദിവസങ്ങളിൽ മുറികൾ അടിച്ചു വാരണം, ഡ്രെസ്സുകൾ അലക്കി ഉണക്കി വെക്കണം. ആഴ്ചയിൽ ഒരു ദിവസം വീട് കഴുകി തുടക്കണം. മാസം അയ്യായിരം രൂപ തരും.. ചെയ്യേണ്ട ജോലികളുടെ വറോല അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.. " ഞാൻ ആലോചിച്ചിട്ട് പറഞ്ഞാ പോരെ. " മതി പക്ഷെ അതികം വൈകരുത്. മറ്റന്നാൾ വൈകിട്ട് എനിക്ക് പോകേണ്ടതാ.. " ഉം. അവൾ മൂളി കൊണ്ട് വീടിനകം ആകെയൊന്നു നോക്കി.. ഒരു മുറിയുടെ വാതിൽക്കൽ തങ്ങളെ പരിചരിക്കാൻ മകൻ കണ്ടെത്തിയ പുതിയ ആളെ ചൂഴ്ന്ന് നോക്കി കൊണ്ട് നരച്ചു ചുളിവ് വീണ നാല് കണ്ണുകൾ നിൽപ്പുണ്ടായിരുന്നു..

അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. കോശിച്ചായൻ അൽപ്പം നീരസത്തോടെ തന്റെ ഊന്ന് വടി കുത്തി ശബ്ദമുണ്ടാക്കി തല വെട്ടിച്ചു.. പെട്ടെന്ന് നബീസുവിന്റെ ചിരി മങ്ങി. അന്നാമ്മച്ചി അവളെ നോക്കി ചിരിച്ചെന്നു വരുത്തി.. " അതെന്നോടുള്ള ദേഷ്യ. നിങ്ങളത് കാര്യക്കണ്ട.. നബീസു സെബാസ്റ്റിനെ ഒന്ന് നോക്കി. ആറ്റുനോറ്റു വളർത്തിയ ഒറ്റ പുത്രൻ ഒരു വഴിപാട് പോലെ വന്നെത്തി നോക്കി പോകുന്നു.. മകനോടും കുടുബത്തോടും ഒപ്പം കൊച്ചു മക്കളെ കൊഞ്ചിച്ചും ലാളിച്ചും കാലം കഴിക്കാൻ കൊതിച്ച നരച്ചു ബാലഹീനമായി പോയ രണ്ട് ഹൃദയങ്ങളുടെ നോവുകൾ അയാൾ തിരിച്ചറിഞ്ഞില്ല.. " അപ്പച്ചനും അമ്മച്ചിയും എന്റെ കൂടെ വാ. എന്നൊരു വിളി പ്രതീക്ഷിച്ചു ഇരുവരും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷെ അയാൾ വിളിച്ചില്ല.. അവർ അത് പറഞ്ഞതുമില്ല. ആർത്തലച്ചു പെയ്ത് പോകുന്ന കാലത്തിന്റെ കുത്തൊഴുക്കിൽ വീണ്ടും ഒരിക്കൽ കൂടി സ്വന്തം മകനെ കാണാൻ കഴിയുമെന്നൊരു വിശ്വാസം അവർക്കില്ലായിരുന്നു.

പ്രതീക്ഷയുടെ അവസാന കണ്ണിയും അറ്റ് പോയതിന്റെ നിരാശയായിരുന്നു അവരുടെ ആ പ്രതിഷേധം. ബാക്കിയുള്ള ആയുസ്സിന്റെ അവസാന നൂലിഴ പൊട്ടിപോകുന്നത് വരെ സ്വന്തം മകന്റെ സാമിപ്യം കൂടെയുണ്ടാവണം എന്നവർ ആഗ്രഹിച്ചു പോയിരുന്നു.. അതവരുടെ തെറ്റ്.. അവരുടെ മാത്രം തെറ്റ്. ജീവിതം അങ്ങിനെയാണ്. നമ്മളൊന്നു പ്രതീക്ഷിക്കും. കാലം മറ്റൊന്ന് വച്ചു നീട്ടും. ആഗ്രഹമില്ലെങ്കിൽ കൂടി അവ സ്വീകരിക്കാതെ തരമില്ല.. നബീസു എന്തൊക്കെയോ ചിന്തിച്ചു താഴേയ്ക്കിറക്കി. പാർക്കിൽ കുറച്ചു കുട്ടികൾ നിന്ന് കളിക്കുന്നുണ്ടായിരുന്നു.. അവരെ കണ്ടപ്പോൾ അവൾ ഒന്ന് നിന്നു. ഒരുവട്ടമേ താൻ അപ്പുവിനെയും കൊണ്ട് അവിടെ പോയിരുന്നിട്ടുള്ളൂ. അവരോടൊപ്പം കളിക്കുന്നതിലും അവനിഷ്ട്ടം തന്നോട് സംസാരിക്കാനായിരുന്നു.. അവന്റെ ഓർമകൾ അവളുടെ ആത്മാവിനെ കീറി മുറിക്കുകയാണ്. " സെബാസ്റ്റ്യൻ സാർ എന്ത് പറഞ്ഞു നബീസു.. " അത് ശരിയാവോന്നു തോന്നുന്നില്ല മാധവേട്ടാ. മാധവന്റെ വിളി കേട്ട് അവൾ കുട്ടികളിൽ നിന്ന് നോട്ടമെടുത്തു.. അവളുടെ കൺ പീലികളിൽ നനവ് പറ്റിയിട്ടുണ്ടായിരുന്നു.

" അതെന്തേ ശരിയാവത്തെ ? " പത്ത് മണിക്ക് വരണം ന്നാ പറയണേ. ഇവിടെ പത്ത് മണിക്ക് വരാൻ നിന്നാ ഡോക്ടറുടെ വീട്ടിലെ കാര്യം കുഴപ്പാകും. " ഓ അങ്ങിനൊരു കാര്യമുണ്ടല്ലേ അത് ഞാനോർത്തില്ല.. അല്ല നീയിപ്പോഴും ബ്ലേഡിന്റെ വീട്ടില് പോകുന്നുണ്ടോ? " ഉം. " മൂന്നാല് കൊല്ലമായിട്ടും ഇപ്പോഴും ആ ആയിരം രൂപ തന്നല്ലേ തരുന്നത്.. " ങാ.. " എന്നാ പിന്നെ അതങ്ങ് ഒഴിവാക്കി. ആ സമയത്ത് ഡോക്ടറുടെ വീട്ടിൽ പോ. അത് കഴിഞ്ഞിങ്ങോട്ട് വാ. ഇവിടെ നിന്നാ ഭാവിയിൽ നിനക്ക് ഗുണമേ ഉണ്ടാവൂ.. നബീസു വീണ്ടും എന്തോ ആലോചിക്കുകയാണ്.. പെട്ടെന്ന് രാജീവിന്റെ കാർ ഹോൺ മുഴക്കി ഗേറ്റ് കടന്ന് അകത്തേക്ക് വന്നു. അയാൾ വണ്ടിയിലിരുന്നു മാധവനെയും നബീസുവിനെയും നോക്കുന്നുണ്ടായിരുന്നു. " ഞാനെന്നാ പോട്ടെ മാധവേട്ടാ. കാർ നിർത്തി ഇറങ്ങി വരുന്ന രാജീവിനെ കണ്ടപ്പോൾ നബീസു യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങി.. " എന്നെ കാണുമ്പോ അപ്പൂന് എങ്ങിനെയുണ്ടെന്നൊരു ചോദ്യമെങ്കിലും ഞാൻ പ്രതീക്ഷിച്ചു.. " ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അത് ഇഷ്ട്ടപ്പെട്ടില്ലെങ്കിലോ എന്നു കരുതി. ഇനിയും പഴികേൾക്കാൻ വയ്യാ. രാജീവിന്റെ വാക്കുകൾ നബീസുവിന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങി. നടന്ന് തുടങ്ങിയ അവൾ പെട്ടെന്ന് ഒന്ന് നിന്നു.. " അവളിന്നലെ പറഞ്ഞത് കുറച്ചു കൂടി പോയീന്നറിയാം..

അപ്പൂനെ കരുതി അതൊക്കെ പൊറുക്കണം.. " അയ്യോ.. അങ്ങിനൊന്നും പറയല്ലേ സാറേ. കേട്ടപ്പോ കുറച്ചു വിഷമം തോന്നിയെങ്കിലും ഞാനത് അപ്പോഴേ മറന്നു.. അപ്പു ? " രാവിലെ മുതൽ അവൻ തിരക്കുന്നുണ്ട്. ആര് വന്നു വാതിലിൽ മുട്ടിയാലും നിങ്ങളാണെന്ന് കരുതി നോക്കി കിടക്കും.. " അവനെ ഒന്ന് വന്ന് കാണാമെന്നുണ്ടായിരുന്നു, പക്ഷെ. ഉള്ളിൽ അലയടിക്കുന്ന വ്യഥകൾ അവളുടെ വാക്കുകളെ മുറിച്ചു കളയുന്നുണ്ട്.. " എനിക്ക് മനസിലാകും. അവൻ എന്ത് കാര്യം പറഞ്ഞു തുടങ്ങിയാലും അതിന്റെ അവസാനം നിങ്ങളുണ്ടാവും.. ആരെ പറ്റിയും അവനിത്ര മാത്രം കാര്യമായിട്ട് സംസാരിക്കുന്നത് ഞാനിത് വരെ കേട്ടിട്ടില്ല. സത്യം പറഞ്ഞാൽ അവനെ കേൾക്കാനോ ശ്രദ്ധിക്കാനോ സമയമുണ്ടായിരുന്നില്ലാന്ന് പറയുന്നതാവും ശരി. പലതും ഇപ്പൊ എനിക്ക് മനസിലാവുന്നുണ്ട്. നാളെ കഴിഞ്ഞു അവനെ ഡിസ്ചാർജ് ചെയ്യും. വന്നിട്ട് ഞാൻ തന്നെ അവനെ കൊണ്ട് വന്നു കാണിക്കാം. മക്കളോടും വിഷമിക്കണ്ടന്ന് പറഞ്ഞേക്കു.. " പോട്ടെ സാറേ.. അവൾ അയാൾക്ക് നേരെ കൈ കൂപ്പി.. അയാൾ തിരിച്ചും. "

തിങ്കളാഴ്ച മുതൽ നീ വരൊന്നു ഞാൻ അവരോട് പറഞ്ഞോട്ടെ.. " ഉം.. അവൾ ഒന്ന് മൂളി കൊണ്ട് തലകുലുക്കി. ഒഴുകിയിറങ്ങിയ കണ്ണീരുറവ സാരി തുമ്പ് കൊണ്ട് മെല്ലെ തുടച്ച ശേഷം ഒരു ദീർഘ നിശ്വാസമെടുത്തുകൊണ്ടു അവൾ നടന്നകന്നു.. " അവരോട് എവിടെ വരുന്ന കാര്യ മാധവേട്ടൻ പറഞ്ഞത് ? " അത് നമ്മടെ കോശിച്ചയന്റെ വീട്ടിലേക്ക് ഒരാളെ വേണമെന്ന് സെബാസ്റ്റ്യൻ സാർ പറഞ്ഞിരുന്നു. അവിടെ വരുന്ന കാര്യാ. അങ്ങേര് കണ്ടിറങ്ങുമ്പോഴാ സാർ വന്നത്.. " ങാഹാ അത് കൊള്ളാല്ലോ.. എന്തയാലും നല്ലകാര്യം അപ്പൂന് ദിവസോം അവരെ കാണല്ലോ.. " അതോരു പാവാ സാറേ. ആരെന്ത് പറഞ്ഞാലും കേട്ടൊണ്ട് പോകുന്നല്ലാതെ അവളാരോടും ദേഷ്യപ്പെട്ട് ഞാനിത് വരെ കണ്ടിട്ടില്ല.. അവളുടെ കെട്ടിയോനും ഞാനും ഒന്നിച്ചാ ലോഡിംഗിൽ ഉണ്ടായിരുന്നത്.. തൊലി വെളുത്ത വേറൊരുത്തിയെ കണ്ടപ്പോ അവൻ ഇവളേം രണ്ട് പെങ്കൊച്ചുങ്ങളേം ഇട്ടേച്ചു അവളുടെ കൂടെ പോയി. അന്ന് തുടങ്ങിയ കഷ്ടപ്പാടാ. അവൻ പോയെങ്കിലും എനിക്ക് അവളെ വല്ല്യ കാര്യാ. എന്റെ സ്വന്തം കൂടിപ്പിറപ്പുങ്ങൾക്കില്ല ഇത്രേം സ്നേഹം..

രാജീവ് നടന്ന് മറയുന്ന നബീസുവിനെ തന്നെ നോക്കി നിൽക്കുകയാണ്.. " സാറിനി ഹോസ്പിറ്റലിലേക്ക് പോകുന്നുണ്ടോ ? " എന്തേ? " അല്ല വൈകീട്ട് രണ്ടെണ്ണം അടിക്കാൻ ഉണ്ടാവില്ലെന്ന് അറിയാനാ. " ങാ അത് നമ്മള് കാലത്തെ പറഞ്ഞു ഫിക്സ് ചെയ്തതല്ലേ.. " എന്നാ കുറച്ചു കഴിഞ്ഞു അരവിന്ദൻ സാറിന്റെ ഫ്ലാറ്റിലേക്ക് പോരെ.. " ഓകെ. രാജീവ് ചിരിച്ചു കൊണ്ട് മുകളിലേക്ക് നടന്നു. മാധവൻ ക്യാബിനിലേക്കും.. " നാളെ മുതല് ഞാൻ ഉണ്ടാവില്ലാട്ടോ ലില്ലി ചേച്ചി.. " അതെന്നാ നബീസു പെട്ടെന്ന്, അതിയാൻ പിന്നേം വല്ല വേണ്ടാധീനം പറഞ്ഞോണ്ട് വന്നോ ? നബീസു ഫ്ലാറ്റിൽ നിന്നിറങ്ങി നേരെ ചിട്ടി കമ്പനിക്കാരൻ അവറാന്റെ വീട്ടിലേക്ക് പോയി.. " അയ്യോ അതൊന്നുമല്ല ചേച്ചി.. വേറൊരു പണി ശരിയായിട്ടുണ്ട്. കുറച്ചു കാശ് കൂടുതൽ കിട്ടും അതാ. " ങാ കാശ് കൂടുതല് കിട്ടോങ്കി നീ പൊയ്ക്കോ പെണ്ണേ.. ഇവിടുത്തെ കാലമാടൻ ചകാൻ പോണെന്ന് പറഞ്ഞാലും പത്ത് പൈസ കൂടുതല് തരില്ല.. " എന്നാ ഞാൻ പോട്ടെ ചേച്ചി.. " നീ നിൽക്ക് . ഞാനിപ്പോ വരാം.. ലില്ലി അകത്തേക്ക് പോയി..അവൾ സംശയത്തോടെ അവരെ നോക്കുന്നുണ്ടായിരുന്നു.

" അയ്യോ ഇതൊന്നും വേണ്ടാ ചേച്ചി.. " അതൊന്നും സാരമില്ല ഡി.. നീയിത് വെച്ചോ.. അങ്ങേര് ഈ പിശുക്കി പിടിച്ചു വെക്കുന്നത് മുഴുവൻ അനുഭവിക്കാൻ ദൈവം ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നിട്ടില്ല പിന്നെ ഇത് ആർക്ക് വേണ്ടിയാ. നിന്റെ പിള്ളേർക്കേലും എന്തേലും ഇടാനോ ഉടുക്കാനോ വാങ്ങി കൊടുക്കു. ലില്ലി കുറച്ചു പൈസ ചുരുട്ടി നബീസുവിന്റെ കൈയിലേക്ക് വെച്ചു കൊടുത്തു.. " ഇടയ്ക്ക് ഇങ്ങോട്ടൊക്കെ വരണെ ഡി.. " ങാ ചേച്ചി.. നബീസു തലകുലുക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി.. എതിരെ സ്കൂട്ടറിൽ അവറാൻ വരുന്നുണ്ടായിരുന്നു. അയാൾ അവളെ നോക്കി അർത്ഥം വെച്ചു ചിരിച്ചു.. പെട്ടെന്ന് വാതിൽക്കൽ ലില്ലിയെ കണ്ടപ്പോൾ അയാൾ മുഖം വെട്ടിച്ചു. അത് കണ്ട് നബീസുവിന് ചിരി വന്നു. അവർ തിരിഞ്ഞു ലില്ലിയെ നോക്കി.. അവരും അവിടെ നിന്ന് അയാളെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു.. " ചേച്ചി എനിക്കിത്തിരി വെള്ളം തരോ ? ട്രിപ്പ് തീർന്നത് മാറ്റാൻ റൂമിലേക്ക് വന്ന നേഴ്സിനെ കണ്ട് അപ്പു എഴുന്നേൽക്കാൻ ശ്രമിച്ചു.. " പിന്നെന്താ.. നേഴ്‌സ് മുറിയിൽ മേശപ്പുറത്തേക്ക് നോക്കി..

ഉച്ചയ്ക്ക് കൊണ്ടുവന്ന കഞ്ഞിയുടെ ബാക്കിയല്ലാതെ മറ്റൊന്നും അവിടെ ഇരിപ്പില്ലായിരുന്നു.. " മോന്റെ അമ്മയെവിടെ ? " ഞാൻ എണീറ്റപ്പോ മമ്മിയെ കണ്ടില്ല.. നേഴ്‌സ് പെട്ടെന്ന് പുറത്തേക്ക് പോയി. അവരുടെ റൂമിൽ നിന്ന് ഒരു ഗ്ലാസ്സിൽ വെള്ളവുമായി വന്നു അപ്പുവിന് കൊടുത്തു. അവൻ പരവശത്തോടെ അത് വലിച്ചു കുടിക്കുകയാണ്. " ഇനി വേണോ ? " മ് ച്ചും അവൻ വേണ്ടെന്ന് ചുമലിലക്കി. നേഴ്‌സ് അവനെ ബെഡിൽ കിടത്തി പുതപ്പിച്ച ശേഷം പുറത്തേക്കിറങ്ങി.. ബീന കോറിഡോറിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. " അതേ ചേച്ചി. ഈ വിളീo തിരക്കൊക്കെ കഴിയുമ്പോ ആ കൊച്ചിന് കുടിക്കാൻ മുറീല് കുറച്ചു വെള്ളമെങ്കിലും മേടിച്ചു വെക്ക്.. തള്ളയാണത്രെ തള്ള. നേഴ്‌സ് നീരസത്തോടെ മനസിൽ പ്രാകി കൊണ്ട് തിരിഞ്ഞു നടന്നു.. പെട്ടെന്ന് ബീനയുടെ മുഖം മാറി. " ഡാ നിനക്കെന്തെലും വേണേൽ എന്നോട് ചോദിച്ചാ പോരെ. എന്നെയിനി കണ്ട നേഴ്സുംമാരുടെ ചീത്ത കൂടി കേൾപ്പിച്ചാലെ നിനക്ക് സമാധാനാകൂ.. ബീന ദേഷ്യത്തോടെ മുറിയിലേക്ക് കയറി അപ്പുവിനെ ശാസിക്കുകയാണ്..

അപ്പു അവരെ പേടിയോടെ നോക്കി കൊണ്ട് പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി.. അമ്മയെന്ന വാക്കിന്റെ അർത്ഥവും വ്യാപ്തിയും അവർ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.. " ഈ ലോകത്തെ ഏറ്റവും ഭാഗ്യവന്മാരായ ജീവികള് നമ്മള് മനുഷ്യന്മാരാണെന്ന് പറയുന്നത് എന്താണെന്ന് സാറിന് അറിയോ? " ഇല്ല.. " ങാ.. ദൈവം പടച്ചു വിട്ടപ്പോൾ ദാ നമ്മുടെയെല്ലാം ഉള്ളിൽ മനസ്സ് ന്ന് പറയുന്ന ഒരു സാധനം കൂടി വെച്ചു പിടിപ്പിച്ചിട്ടാ വിട്ടത്.. എന്തിനാണെന്നറിയോ ? ബന്ധങ്ങൾ , ബന്ധങ്ങളെന്താണെന്നു മനസിലാക്കാൻ, അച്ഛൻ 'അമ്മ, പെങ്ങള്, ചേട്ടൻ അനിയൻ, ഭാര്യ, മക്കൾ, കൂട്ടുകാര്, അമ്മായി, കുഞ്ഞമ്മ, എന്ന് വേണ്ടാ എണ്ണിയാ തീരതത്ര ബന്ധങ്ങൽ ഈ ലോകത്ത് മനുഷ്യന് മാത്രേ കാണൂ.. അരവിന്ദന്റെ ഫ്ലാറ്റിൽ മാധവനും രാജീവും അരവിന്ദനും കൂടി കമ്പനി കൂടി തുടങ്ങിയിരുന്നു.. മേശപ്പുറത്ത് പതിയായ വിസ്ക്കിയുടെ കുപ്പിയ്ക്ക് അരികിൽ ചെറുതായി മുറിച്ചു വെച്ച കുറെ ആപ്പിളും , കുറച്ചു മുന്തിരിയും ഇരുപ്പുണ്ട്. ബോക്സിൽ നിന്ന് ഐസ് ക്യൂബ് പെറുക്കിയിട്ടു മാധവൻ ഗ്ലാസ് എടുത്തു പിടിച്ചു.

" ഡോ കിളവാ താൻ ഇന്ന് നേരത്തെ പറ്റായോ ? " രണ്ടെണ്ണം കഴിച്ചാൽ വെളിവ്‌ പോകുന്നവനല്ല ഈ മാധവാണെന്നു സാറിനറിയാല്ലോ. " ഓ അറിയാവേ.. അരവിന്ദൻ ഗ്ലാസ്സെടുത്ത് ഒന്ന് സിപ്പ് ചെയ്തുകൊണ്ട് ചിരിച്ചും. രാജീവ് ഒന്നും മിണ്ടാതെ അവരെ ശ്രദ്ധിക്കുന്നുണ്ട്.. " നമുക്കൊക്കെ ഒരു ജീവിതമല്ലേ സാറേ ഉള്ളു. അതിങ്ങനെ തമ്മീ തല്ലീം, അഹങ്കരിച്ചും കളഞ്ഞിട്ട് വല്ല ഗുണമുണ്ടോ ? ജീവിച്ചിരിക്കുമ്പോൾ പത്ത് പേരോട് സ്നേഹത്തോടെ പെരുമാറിയാൽ ചത്ത് ഒടുങ്ങി പോയാലും അവരുടെ ഉള്ളിലെങ്കിലും കാണും.. കൊട്ടാക്കണക്കിന് കാശ് കെട്ടിപൂട്ടി വെച്ചിട്ടെന്തിനാ സാറേ പോകുമ്പോ നമ്മളൊരു ഒരു മൈ............... കൊണ്ട് പോകില്ല. " മോനെ മാധവാ തെറി പറയല്ലേ.. ഇവിടെ നമ്മൾ മാത്രമല്ല.. " ഏയ് അങ്ങേര് പറഞ്ഞൊട്ടെന്ന്.. " ധതാണ്.. രാജീവ് ഗ്ലാസ്സെടുത്ത് സിപ്പ് ചെയ്തു.. " കള്ള് കുടിക്കുമ്പോഴേലും നിങ്ങളിങ്ങനെ വടി വിഴുങ്ങിയ പോലിരിക്കാതെ ഒന്ന് ഫ്രീയാവ് സാറേ.. " ഹോസ്പിറ്റലിലെ കാര്യം ഓർത്ത് തനിക്ക് വല്ല ടെൻഷനുമുണ്ടോ രാജീവേ ? " ടെൻഷൻ ഇല്ലെന്ന് പറഞ്ഞാൽ അത് നുണയായി പോകും. ഇന്ന് ഞാൻ അവളെ അപ്പൂന്റെ അടുത്ത് തനിച്ചാക്കിയിട്ട് പോന്നത് പോലും മാധവേട്ടൻ നേരത്തെ പറഞ്ഞ ആ ബന്ധങ്ങളുടെ വില ഒന്ന് മനസിലാക്കട്ടെ ന്ന് കരുതിയാ..

" ന്റെ രാജീവേ തല്ലിയാലോ ഇടിച്ചാലോ ഒന്നും ആർക്കും ആരുടേം വില മനസിലാവില്ലടോ. അതൊക്കെ സ്വയം തോന്നണം. തെറ്റ് തിരുത്തി മാറാനുള്ള മനസുണ്ടാവണം. അല്ലാത്തതിനെ നമ്മളെത്രയൊക്കെ തല്ലീട്ടും ഒരു കാര്യവുമില്ല.. തന്റെ ഭാര്യയെ പോലെ ഒരെണ്ണം ഇവിടേം ഉണ്ടായിരുന്നെടോ. " ങാഹാ താൻ മാരീഡ് ആയിരുന്നോ. എനിക്കതറിയില്ലായിരുന്നു.. " ആണോന്നോ പത്തീ പഠിക്കുന്ന ഒരു മോളുണ്ട് സാറേ ഇങ്ങേർക്ക്. ദേ ഇതൊക്കെ മൊത്തം മേക്കപ്പാ. കള്ള കിളവൻ. മാധവൻ ഒരു കഷ്ണം ആപ്പിൾ എടുത്തു കടിച്ചു കൊണ്ട് ഉറക്കെ ചിരിച്ചു. രാജീവ് അരവിന്ദിനെ സംശയത്തോടെ നോക്കി.. അരവിന്ദ് വിവാഹിതനാണെന്നത് രാജീവിന് പുതിയ അറിവായിരുന്നു.. " ഞാൻ ഡിവോഴ്സ്ഡ് ആടോ, നാല് കൊല്ലമായി.. " ങേ. അതെന്ത് പറ്റി ? " അതൊക്കെ കെട്ട് പൊട്ടിച്ചു പോകുന്നതാ സാറേ നല്ലത്. അഹങ്കാരത്തിനും കുശുമ്പിനും കയ്യും കാലും വെച്ച പോലൊരു സാധനോം, അതിന് പറ്റിയൊരു തള്ളയും. കാശെ കാശെ കാശെ എന്നൊരു ചിന്തയല്ലതെ വേറൊന്നുമില്ല. മാർക്കറ്റിൽ പോയി വന്നപ്പോ ഒരു രൂപ കുറഞ്ഞു പോയതിന് എന്റെ തന്തയ്ക്ക് വിളിച്ച പാർട്ടിയാ ഇങ്ങേരുടെ പെണ്ണുമ്പിള്ള.. " ദേ മാധവേട്ടാ വെറുതെ ചിരിപ്പിക്കല്ലേ.. അരവിന്ദ് എന്തോ ആലോചിച്ചു ചിരിച്ചു കൊണ്ട് മദ്യം വീണ്ടും സിപ്പ് ചെയ്തു..

സ്വന്തം വിവാഹ മോചനക്കഥ കേട്ട് ഒരാൾ സ്വയം ചിരിക്കുന്നു. രാജീവിന് ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല. അയാൾ സംശയത്തോടെ ഇരുവരെയും മാറി മാറി നോക്കി.. " അപ്പോ മോള് " പാർവതി , അവള് ഭാര്യയുടെ കൂടെയാ മാസത്തിൽ വരും. " സോറി എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു.. " ഏയ്. അതൊന്നും കുഴപ്പമില്ലെടോ, ശരിക്കും പറഞ്ഞാ എനിക്ക് എന്റെ ഡിവോഴ്സ് കേസ് ഓർക്കുമ്പോ ചിരിയാ വരുന്നേ.. രാജീവിന്റെ മുഖം വല്ലാതെ മാറിയിരുന്നു.. അരവിന്ദ് അയാളെ ആശ്വസിപ്പിച്ചു കൊണ്ട് ഗ്ലാസ്സിലിരുന്ന മദ്യം വായിലേക്ക് കമിഴ്ത്തി കൊണ്ട് ചിറി തുടച്ചു.. " ചില തമാശകൾക്ക് നമ്മള് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും സാറേ.. ഇങ്ങേർക്ക് അത് അറിയാം, രാജീവ് സാറിനത് മനസിലായിട്ടുണ്ടോന്ന് എനിക്കറിയില്ല. എത്രയൊക്കെ വെട്ടി മുറിച്ചു മാറ്റിയാലും കണ്ണെത്താ ദൂരത്ത് എത്രയൊക്കെ പറിച്ചു നട്ടാലും ഭാര്യേം ഭർത്താവിനേം ബന്ധിപ്പിക്കുന്നൊരു കണ്ണിയുണ്ട് അവർക്കിടയിൽ. നമ്മടെ മക്കൾ. പരസ്പരം വാശീം പകേം തീർക്കുമ്പോൾ ഉരുകി തീരുന്നത് അവരാണ്.

നിങ്ങളൊക്കെ കാണാതെ പോകുന്നതും അവരുടെ മനസാണ്. ഇവിടെ ഒരാൾക്ക് മകൾ അടുത്തില്ലാഞ്ഞിട്ടാണ്, മറ്റൊരാൾക്ക് തങ്കം പോലൊരു കൊച്ചു കൂടെയുണ്ടായിട്ടും. മാധവൻ ഗ്ലാസ്സിലേക്ക് ഒരു പെഗ് ഒഴിച്ചു വെള്ളം ചേർക്കാതെ വായിലേക്ക് കമിഴ്ത്തി. അരവിന്ദന്റെ കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു. രാജീവ് ഒന്നും മിണ്ടാതെ സോഫയിലേക്ക് ചാഞ്ഞു.. " ദാ ഇപ്പൊ തന്നെ ഒരുത്തൻ പെംമ്പർന്നോർക്ക് തന്തയെം തള്ളയെം പിടിക്കുന്നില്ലെന്നു പറഞ്ഞു അവരെ നോക്കാൻ ജോലിക്കാരിയെ തപ്പി നടക്കുവാ. കെട്ട് കണക്കിന് കാശിണ്ടായിട്ടെന്തിനാ ഒരു രൂപയുടെ വകാതിരിവ് ഇല്ല. കള്ള കഴി,............ മോൻ. കാശ് കൊടുത്താൽ എന്തും കിട്ടും പക്ഷെ ഉള്ളറിയുന്ന തന്തനേം തള്ളയെം കിട്ടില്ല സാറേ. അതിനകത്ത് നേരത്തെ പറഞ്ഞ മനസ്സെന്ന് പറയുന്ന ആ കുന്ത്രാണ്ടം ഉണ്ടാവണം.. കണ്ണുള്ളപ്പോ കണ്ണിന്റെ വില മനസിലാവില്ല സാറേ. ആരോട് പറയാൻ ആര് കേൾക്കാൻ.. മാധവൻ സെബാസ്റ്റ്യനെ ഉച്ചത്തിൽ ചീത്ത വിളിക്കുകയാണ്. " ഈ നേരത്ത് ഇതാര ? പെട്ടെന്ന് അകത്തു കോളിംഗ് ബെൽ മുഴങ്ങി.. എല്ലാവരും സംശയത്തോടെ പരസ്പരം നോക്കി.. മാധവൻ ഒരു കഷ്ണം ആപ്പിൾ എടുത്ത് കടിച്ചു കൊണ്ട് വാതിൽക്കലേക്ക് നടന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story