എന്റെ ഉമ്മാന്റെ പേര്: ഭാഗം 14

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ആന്റി... രണ്ടാമത് ഒരടി കൂടി കയറിയതും പെട്ടെന്ന് അപ്പുവിന്റെ കാൽ തെന്നി അലറി.. രാജീവ് അകത്തേക്ക് വരുന്നുണ്ടായിരുന്നു. " അപ്പൂ..... മുകളിലേക്ക് കയറിയ അപ്പുവിന്റെ കാൽ തെന്നി പിന്നിലേക്ക് വീണതും രാജീവ് പെട്ടെന്ന് അവന്റെ തല ടൈലിലിടിക്കാതെ താങ്ങി. " അച്ഛാ.. " ഏയ് ഒന്നൂല്ലടാ. അവൻ വല്ലാതെ ഭയന്ന് പോയിരുന്നു. " നീയെന്തിനാ അപ്പു ഇതില് കേറാൻ പോയത് ? " ആന്റി.. അവിടെ അവൻ ഗ്രില്ലിന് ഇടയിലൂടെ താഴെയുള്ള ബാൽക്കണിയിലേക്ക് വിരൽ ചൂണ്ടി. രാജീവ് അവനെ പിടിച്ചെഴുനേല്പിച്ചു കൊണ്ട് പുറത്തേക്ക് നോക്കി. നബീസു കിച്ചണിനരികിലെ ചെറിയ ബാൽക്കണിയിൽ തുണി കഴുകി വിരിച്ചിടുന്നുണ്ടായിരുന്നു.. " ആന്റി.. ആന്റി.. വിളികേട്ട് നബീസു പെട്ടെന്ന് മുഖമുയർത്തി നോക്കി.. രാജീവ് അവനെ ഗ്രില്ലിൽ കയറ്റി നിർത്തി താങ്ങി പിടിച്ചിട്ടുണ്ടായിരുന്നു.. അപ്പു അവർക്ക് നേരെ കൈ വീശി. അവൾ ചിരിച്ചു കൊണ്ട് തിരിച്ചും.

" എന്തിനാട കിടന്ന് വിളിച്ചു കൂവുന്നത് ? " അതിന് നിന്നെയാരും ഇങ്ങോട്ട് വിളിച്ചില്ലല്ലോ.. ദേ അപ്പു ഫ്ലൈറ്റ് പോകുന്നത് കണ്ടോ. ബീനയുടെ ശബ്ദം കേട്ട് അപ്പു പെട്ടെന്ന് പേടിയോടെ വായ്പൊത്തി. രാജീവ് ബീനയെ ശ്രദ്ധിക്കാതെ അവനെ വിമാനം കാണിക്കുകയാണ്. " ങാ. വിളിക്കണ്ട. എനിക്കൊന്നു കിടന്നുറങ്ങണം. നശിച്ച കൊതുക് കാരണം ഒരു പോള കണ്ണടച്ചിട്ടില്ല. " ആ കൊതുകിന്റെ ഫാമിലി കാര്യത്തിൽ കേറി തലയിട്ടു കാണും. ങാ കൊതുക് കുത്തിയിട്ടിയെങ്കിലും ഉള്ളിലെ വിഷം കുറച്ചു കുറഞ്ഞാ മതിയായിരുന്നു.. " ദേ വെറുതെ എന്റെ മെക്കിട്ട് കേറാൻ നിക്കരുത് കേട്ടല്ലോ.. രാജീവ് അവരെ കളിയാക്കി. ബീനയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.. " നിന്ന് നാവാടാതെ കൊച്ചിന് കഴിക്കാൻ പോയി വല്ലോം ഉണ്ടാക്കാൻ നോക്കെടി. "

അവനെ ഞാൻ വന്നപ്പോ കൊണ്ട് വന്നതോന്നുമല്ലല്ലോ, എന്നെ പോലെ തന്നെ നിങ്ങൾക്കും അവന്റെ കാര്യം നോക്കാൻ റെസ്പോൻസിബിലിറ്റിയുണ്ട്. വേണേൽ വെച്ചുണ്ടാക്കി കൊടുക്കു. " നിന്നെ കൊതുകല്ല, ആന കുത്തണം. എന്നാലും ചാവോ. നീ വാടാ മോനെ. ഇവളുടെ സഹായമില്ലാതെ എന്തേലും കഴിക്കാൻ പറ്റൊന്നു നോക്കാം. രാജീവ് അവരെ നോക്കി കളിയാക്കി കൊണ്ട് അപ്പുവിനെയും കൊണ്ട് പുറത്തേക്ക് പോയി. " ങാ എന്തേലും കാണിക്ക്.. ബീന പുച്ഛത്തോടെ അവരുടെ ബെഡ്റൂമിലേക്ക് നടന്നു.. " രണ്ട് കാലുള്ള കാണ്ടാമൃഗോന്ന് പറഞ്ഞു നമുക്ക് നിന്റെ മമ്മിയെ വല്ല കാഴ്‌ച ബംഗ്ളാവിലും കൊണ്ടുപോയി ആക്കിയലോടാ. കൺ മുന്നിലുള്ള സാധാരണ കാഴ്ചകൾ പോലും നിഷേധിക്കപ്പെട്ടു പോയൊരു പത്ത് വയസ്സ്കാരന്റെ ചിന്തയിൽ കാഴ്ച ബംഗ്ലാവ് എന്ന വാക്ക് കൗതുകമുള്ളതായിരുന്നു. അവന് അയാൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായില്ലെങ്കിലും ചിരി വന്നു..

രാജീവ് അപ്പുവിനെ അടുക്കളയുടെ സ്ലാബിന് മുകളിൽ കയറ്റിയിരുത്തി. " അതേ അച്ഛന് ഇപ്പോ ഒന്ന് ബാങ്കിൽ പോണം. അതുകൊണ്ട് അച്ഛൻ അപ്പൂന് ബ്രെഡ് ഓംലെറ്റ് ഉണ്ടാക്കി തരട്ടെ.. പോയി വന്നിട്ട് അച്ഛൻ ഒരു സ്‌പെഷ്യൽ ഫുഡ് ഉണ്ടാക്കി തരാം.. അപ്പു ആകാംഷയോടെ അയാളെ നോക്കി ചിരിച്ചു. ആദ്യമായിട്ടാണ് അയാൾ അവനോട് അത്ര കാര്യമായി സംസാരിക്കുന്നത്. അവന്റെ മുഖത്ത് ആകെയൊരു പ്രകാശം തെളിയുന്നുണ്ടായിരുന്നു. രാജീവ് കബോർഡ് തുറന്ന് ബ്രെഡ് എടുത്ത് പുറത്ത് വെച്ചു. പെട്ടെന്ന് അയാളുടെ മൊബൈൽ റിംഗ് ചെയ്തു. " ങാ അൻവർ പറയ്. " ഞങ്ങളെല്ലാം ഇവിടെ വെയ്റ്റിംഗ് ആണ് സാർ. മറുതലയ്ക്കൽ അയാളുടെ സബോർഡിനേറ്റാണ് അയാൾ കോളെടുത്ത് കൊണ്ട് കൈയിലെ വാച്ചിൽ നോക്കി. . " രണ്ട് മണിക്കല്ലേ അൻവറെ i will be there on time. എല്ലാം clear ആണല്ലോ അല്ലെ.. " ഓൾമോസ്റ്റ് സാർ. " ഓകെ അൻവർ.. എന്നാ നമുക്ക് ബ്രഡ് ഓംലെറ്റ് ഉണ്ടാക്കാം. അയാൾ ഫോൺ കട്ട് ചെയ്ത ശേഷം ഫ്രിഡ്‌ജ്‌ തുറന്ന് ആകെയുള്ള രണ്ട് മുട്ടയെടുത്തു ഒരു ചെറിയ ബൗളിൽ പൊട്ടിച്ചൊഴിച്ചു.

ഉള്ളിയും മുളകും എടുത്തു കഴുകി ചെറുതായി അരിഞ്ഞു അതിലേക്ക് കിട്ടു അൽപ്പം ഉപ്പും ചേർത്ത് അടിച്ചു വെച്ചു.. പാൻ എടുത്ത് എണ്ണയൊഴിച്ചു ചൂടാക്കി അതിലേക്ക് മുട്ട കലക്കി കുറച്ചൊഴിച്ചു ഒന്ന് ചിറ്റിച്ചു. രണ്ടാമത്തെ അടുപ്പിൽ മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് ചൂടാക്കാൻ വെച്ച ശേഷം കബോർഡ് തുറന്ന് അയാൾ കുരുമുളക് പൊടിക്ക് വേണ്ടി ഒന്ന് പരതി. മുൻപ് എന്നോ വാങ്ങി, പൊട്ടിച്ചു വെച്ചിരുന്ന ഒരു കവർ എടുത്ത് അയാൾ മണപ്പിച്ചു നോക്കി. പഴകിയ മണം. " ഇത് നമുക്ക് വേണ്ടാ.. അയാൾ ചുമച്ചു കൊണ്ട് തലകുടഞ്ഞ ശേഷം ബ്രെഡ് എടുത്ത് മൊരിഞ്ഞു തുടങ്ങിയ മുട്ടയ്ക്ക് മുകളിലേക്ക് വെച്ചു പരന്ന തവി കൊണ്ട് ഓംലെറ്റിന്റെ പാതി ബ്രെഡിന് മുകളിലേക്ക് മടക്കി വെച്ചു ഇരുപുറവും ഒരിക്കൽ കൂടി ചൂടാക്കി.. അപ്പുവിന്റെ കണ്ണുകളിൽ കൗതുകം പൂക്കുകയാണ്.. ഓർമ്മയുടെ ഒരേടിൽ പോലും രാജീവ് അടുക്കളയിൽ ചിലഴിച്ചവൻ കണ്ടിട്ടില്ലായിരുന്നു.. സന്ദർശകരായ ചില അടുക്കളകാരികളുടെ വിഹാരകേന്ദ്രമായിരുന്ന അവിടെയും അവർ അവന് വിലക്കുകൾ കല്പിച്ചിരുന്നു..

രാജീവ് രണ്ട് ബ്രെഡ് ഓംലെറ്റ് ഉണ്ടാക്കി ഒരു പ്ലേറ്റിൽ വെച്ചു അവനു നീട്ടി. " അപ്പു ഇവിടിരുന്ന് കഴിച്ചോട്ടോ, അച്ഛൻ പോയി വേഗം ഒന്ന് കുളിച്ചിട്ട് വരട്ടെ.. വെള്ളത്തിന് ചൂടുണ്ട് പതിയെ കുടിക്കണേ. അവൻ ഒന്ന് തലകുലുക്കി. രാജീവ് സോഫയിലെ കവറിൽ നിന്ന് അപ്പുവിന് കൊടുക്കേണ്ട ഒന്ന് രണ്ട് മരുന്നുകൾ എടുത്തു ടേബിളിൽ വെച്ച ശേഷം മുറിയിലേക്ക് പോയി.. അപ്പു പ്ലേറ്റിലുള്ളത് പതിയെ പിച്ചി പൊളിച്ചു കഴിച്ചു തുടങ്ങി. മുൻപ് പലതവണ ബ്രെഡ് ഓംലെറ്റ് കഴിച്ചിട്ടുണ്ടെങ്കിലും അന്നത്തേതിന് എന്തോ ഒരു പ്രത്യേക രുചിയുള്ളത് പോലെ അവന് തോന്നി.. ഒരച്ഛന്റെ സ്നേഹക്കൂട്ടുകൾ ആദ്യമായി അപ്പുവിന്റെ മനസിനെ രുചി പിടിപ്പിച്ചു തുടങ്ങിയിരിക്കുന്നു.. " ഹാ ഇത് കഴിച്ചു കഴിഞ്ഞില്ലേ ? രാജീവ് കുളിച്ചു ഡ്രസ് മാറി ഹാളിലേക് വന്നു. പ്ലേറ്റിൽ ഇരുന്ന അൽപ്പം ഓംലെറ്റ് അയാൾ അവന്റെ വായിലേക്ക് വെച്ചു ശേഷം വെള്ളമെടുത്ത് കൊടുത്തു. ഗ്ലാസ്സിലെ ചൂട് ചുണ്ടിൽ തട്ടിയപ്പോൾ അവൻ മുഖം പിന്നോട്ട് മാറ്റി. അയാൾ ഗ്ലാസ്സിലെ വെള്ളത്തിലേക്ക് ഊതി കൊണ്ട് വീണ്ടും അവന് നീട്ടി..

ശേഷം ടേബിളിലിരുന്ന മരുന്നുകൾ രണ്ടും പൊട്ടിച്ചു അവന്റെ വായിലേക്ക് വെച്ചു. വെള്ളത്തിന്റെ ചൂട് നേർത്ത് തുടങ്ങിയപ്പോൾ അവനത് പെട്ടെന്ന് കുടിച്ചിറക്കി.. " ഇനി മുറിയിൽ പോയി കിടന്നോ. മമ്മിയെന്തെലും ദേഷ്യപ്പെട്ടാ മൈൻഡ് ചെയ്യേണ്ട. അച്ഛൻ പോയിട്ട് പെട്ടെന്ന് വരാം.. അയാൾ തന്റെ കർച്ചീഫ് കൊണ്ട് അവന്റെ ചുണ്ടും മുഖം തുടച്ചു മുറിയിലേക്ക് കൊണ്ട് പോയാക്കിയ ശേഷം യാത്ര പറഞ്ഞു പോയി. ആദ്യമായി അവൻ അയാൾക്ക് നേരെ സ്നേഹത്തോടെ കൈ വീശി.. അർത്ഥമില്ലാത്ത പോകുമായിരുന്ന കുരുന്ന് പനിനീർപൂ തണ്ടിലേക്ക് ഋതുകളിലൊരെണ്ണം വിരുന്നെത്തി തുടങ്ങിയിരിക്കുന്നു. എങ്കിലും മാതൃത്വത്തിന്റെ മഴമേഘങ്ങൾ പെയ്യാത്തിടത്തോളം അവന്റെ വളർച്ച അപൂർണ്ണമാണ്. അപ്പു വാതിലടച്ചു ബാൽക്കണിയിൽ ചെന്ന് നബീസുവിനെ തിരയുകയാണ്. അവളുടെ ബാൽക്കണി ശൂന്യമായിരുന്നു. അവൻ ഗ്രില്ലിൽ പിടിച്ചു കാൽ കുത്തി എത്തി വലിഞ്ഞു പിന്നെയും നോക്കി. നേരത്തെ വീണു പോയതിന്റെ ഭയം ഉള്ളിലുണ്ടായിരുന്നത് കൊണ്ട് അവൻ ഗ്രില്ലിന് മുകളിലേക്ക് കയറിയില്ല.

മൂന്ന് മണിയായപ്പോഴാണ് ബീന ഉറക്കമുണർന്നത്. വിശപ്പ് വല്ലാതെ അലട്ടുണ്ടായിരുന്നു. അവർ അടുക്കളയിലേക്ക് ചെന്നു നോക്കി. നേരത്തെ ബ്രെഡ് ഓംലെറ്റ് ഉണ്ടാക്കിയ പാനും, തവിയും മറ്റ് വേസ്റ്റുകളും സ്ലാബിന് മുകളിൽ തന്നെ കിടക്കുന്നുണ്ട്. " ഉണ്ടാക്കി തീറ്റെം കഴിഞ്ഞു എല്ലാം അതുപോലെ വെച്ചോണ്ട് പോയെക്കുവാ.. നാശം. ബീനയ്ക്ക് ദേഷ്യം വന്നു.. അവർ ഫ്രിഡ്‌ജ്‌ തുറന്ന് നോക്കി. കഴിക്കാൻ കാര്യമായി ഒന്നുമില്ല. അവർ കബോർഡിലെ പാക്കറ്റിൽ നിന്ന് ഒരു കഷ്ണം ബ്രെഡ് എടുത്ത് കഴിച്ചു അൽപ്പം വെള്ളം കുടിച്ചു. വൈകുന്നേരത്തേക്ക് വല്ലതും ഉണ്ടാക്കാൻ സാധനങ്ങൾ വാങ്ങേണ്ടിയിരിക്കുന്നു.. അവർ ലിസ്റ്റ് എഴുതി രാജീവിനെ വിളിച്ചു പറയാൻ നമ്പർ ഡയൽ ചെയ്തു. " ങാ ഞാനെന്തിന് വിളിച്ചു പറയണം. പറഞ്ഞാലും ആ സെക്യൂരിറ്റിയെ ഏൽപ്പിക്കാനല്ലേ പറയു. ബീന പിറുപിറുത്തു കൊണ്ട് കോൾ കട്ട് ചെയ്ത ശേഷം കഴിഞ്ഞ ദിവസം മാധവൻ വാങ്ങിയ സഞ്ചിയുമെടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. പെട്ടെന്ന് എന്തോ ആലോചിച്ചു കൊണ്ട് അവർ അപ്പുവിന്റെ മുറിയിലേക്ക് നടന്നു.

അവനപ്പോഴും ഒരു നോട്ടത്തിലെങ്കിലും നബീസുവിനെ കാണാൻ കഴിയുമെന്നുള്ള പ്രതീക്ഷയിൽ ബൽക്കാണിയുടെ ഗ്രില്ലിനരികിൽ പുറത്തേക്ക് നോക്കിയിരിക്കുകയാണ്. അവർ വാതിൽ തുറന്നതും അപ്പു ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി. ബീന അവനെ നോക്കിയ ശേഷം വാതിൽ വലിച്ചടച്ചു പുറത്തേക്കിറങ്ങി. " അതേ ഈ സാധനങ്ങളൊന്നു വാങ്ങി കൊണ്ടുവരണം.. ലിഫ്റ്റിറങ്ങി ബീന സെക്യൂരിറ്റി കാബിനിലേക്ക് ചെന്നു.. " ഓ എനിക്ക് സമയമുണ്ടാവില്ല മാഡം. " അതെന്താ സമായമില്ലാത്തത് ? " സമയമില്ലത്തോണ്ടു ? പ്രായമൊക്കെയായില്ലേ മാഡം. " കഴിഞ്ഞ ദിവസം പോയി വാങ്ങിയതല്ലേ.. പിന്നെന്താ ഇന്ന് ? " ങാ അന്നെനിക്ക് അങ്ങിനെ തോന്നി, ഇന്നെനിക്ക് ഇങ്ങനേം. മാധവൻ അവരെ കളിയാക്കുന്നത് പോലെ ചന്ദനത്തിരിയുടെ പിൻഭാഗം എടുത്ത് പല്ല് കുത്തി.. ബീനയ്ക്ക് ദേഷ്യം വന്നു.. " ദേ ഓരോട്ടോ വിളിച്ചാ പത്ത് മിനിറ്റ് കൊണ്ട് പോയിട്ട് വരാം. ഞാൻ വണ്ടി വിളിച്ചു തരാണോ ? " അതിനെനിക്ക് തന്റെ സഹായം വേണ്ടാ.. " ങാ വേണ്ടെങ്കി വേണ്ടാ.. അതേ ഇടയ്ക്കൊന്നു നടക്കുന്നത് നല്ലതാ അല്ലെങ്കി പിത്തം പിടിച്ചു ചത്ത് പോകും. " എന്താ എന്താ താൻ പറഞ്ഞത്.? നടന്ന് തുടങ്ങിയ ബീന ദേഷ്യത്തിൽ തിരിഞ്ഞു നിന്നു. " നല്ല കുറച്ചു പത്തല് വെട്ടി വെയ്ക്കുന്ന കാര്യം പറഞ്ഞതാണെ.

അല്ലാതെ അങ്ങോട്ടേയ്ക്കൊന്നും അടിയൻ എഴുന്നുള്ളിച്ചില്ല.. മാധവൻ പല്ലിട കുത്തി കൊണ്ട് ഒന്ന് മുകളിലേക്ക് വലിച്ചു. ഗേറ്റിനരികിൽ എത്തിയപ്പോൾ ബീന എന്തോ ഓർത്തത് പോലെ വേഗത്തിൽ തിരിഞ്ഞു നടന്നു.. മുകളിലേക്ക് ചെന്ന് ഫ്ലാറ്റിലേക്ക് കയറി അവർ അപ്പുവിന്റെ മുറി തുറന്ന് നോക്കി. പക്ഷെ അവനെയവിടെ കണ്ടില്ല.. പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ബാത്റൂമിലെ ഫ്ലെഷ് ശബ്ദിക്കുന്നത് കേട്ടു അവർ തിരിഞ്ഞു നിന്നു.. പുറത്തേക്കിറങ്ങിയ അവൻ അവരെ സൂക്ഷിച്ചു നോക്കി.. " ഞാനൊന്ന് പുറത്ത് പോകുവാ. കുരുത്തക്കേട് കാണിക്കാതെ ഇവിടെ അടങ്ങിയൊതുങ്ങി ഇരുന്നോളണം കേട്ടല്ലോ.. ഞാനിപ്പോ തന്നെ വരും. അവൻ തലകുലുക്കി. ബീന തന്റെ ബാഗിൽ നിന്ന് കാറിന്റെ താക്കോലെടുത്ത് നടന്നു. പെട്ടെന്ന് സംശയത്തോടെ അവർ അപ്പുവിനെ നോക്കി. അവൻ വാതിലിന്റെ മറവിൽ നിന്ന് ബീനയെ എത്തി നോക്കുന്നുണ്ടായിരുന്നു. അവർ അവനെ പിന്നെയും സംശയത്തോടെ നോക്കി കൊണ്ട് ബാഗിൽ നിന്ന് വീടിന്റെയും താക്കോലെടുത്ത് വാതിൽ പുറത്ത് നിന്ന് പൂട്ടി കൊണ്ട് താഴേയ്ക്ക് പോയി..

അഹങ്കാരമെന്ന രോഗത്തിനിടയിൽ സംശയമെന്ന മാറാ രോഗം കൂടി ബീനയിൽ പിടി മുറുക്കി തുടങ്ങിയിരിക്കുന്നുവെന്ന് അപ്പുവിന് മനസ്സിലായില്ല. അവൻ പിന്നെയും ബാൽക്കണിക്ക് അടുത്ത് ചെന്ന് നിന്നു പുറത്തേക്ക് നോക്കി.. " എന്നോടാ പെണ്ണുമ്പിള്ളേടെ ജാഡ.. ബീനയുടെ കാർ ഗേറ്റ് കടന്ന് പോകുന്നത് നോക്കി മാധവൻ ഒന്നാർത്ത് ചിരിച്ചു.. " ആന്റി ... ആന്റി.. നബീസു ഏതോ പഴയ തുണികൾ കഴുകി പിഴിഞ്ഞു ബാൽക്കണിയുടെ ഗ്രില്ലിൽ ഇടുന്നുണ്ടായിരുന്നു.. അപ്പു അവളെ കണ്ട സന്തോഷത്തോടെ വിളിച്ചു കൂവി.. അവളത് കേട്ടെങ്കിലും അകത്ത് എന്തോ ചോദിക്കുന്നത് കേട്ടപ്പോൾ അവൾ അങ്ങോട്ടേക്ക് പോയി.. അപ്പു പെട്ടെന്ന് മുറിയിൽ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി പ്രധാന വാതിൽ തുറക്കാൻ നോക്കി. ബീന അത് ലോക്ക് ചെയ്തിരുന്ന കാര്യം അവനറിയില്ലായിരുന്നു. അവൻ വീണ്ടും വീണ്ടും വാതിൽ പിടിയിൽ പിടിച്ചു വലിച്ചു നോക്കി.

ലോക്ക് ആണെന്ന് മനസിലായപ്പോൾ അവൻ തിരികെ റൂമിലേക്ക് ഓടി, തന്റെ ബാഗ് തുറന്ന് താക്കോൽ പരതിയെടുത്തു വാതിൽ തുറന്ന് പുറത്തിറങ്ങി. അവളിറങ്ങിയ ഫ്ലോർ മാത്രമേ അവനോർമ്മയുണ്ടായിരുന്നു. ആറ് യൂണിറ്റുകൾ ഉള്ള ആ ഫ്ലോറിലെ ഏതിലാണ് അവളുള്ളതെന്ന് അവനറിയില്ല. ഏഴാം നിലയിലേക്ക് സ്റ്റെപ്പിറങ്ങിയ അവൻ ചുറ്റും പകച്ചു നോക്കി. ഓർമയിലേക്ക് മാധവന്റെ മുഖം തെളിഞ്ഞു വന്നതും അവൻ ലിഫ്റ്റിൽ കുത്തി താഴേയ്ക്കിറങ്ങി. " അങ്കിളെ, മങ്ങി തുടങ്ങിയ ഉച്ചവെയിൽ ചൂടിൽ അവൻ വിയർത്തൊഴുകുന്നുണ്ടായിരുന്നു. " നീയെന്തിനാ അപ്പൂ ഇങ്ങോട്ട് വന്നത് ? " എനിക്ക് ആന്റീനെ കാണണം.. വാ.. " ആ തള്ള പിശാചിന്റെ കയ്യീന്ന് നീ എനിക്ക് തല്ലും കൂടി വാങ്ങി തരോടാ ചെക്കാ.. " വേഗം വാ അങ്കിളെ. മമ്മി ഇപ്പൊ വരും.. " ങാ ദാ വരുന്നു. വരുന്നു.. അവൻ മാധവന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് ഓടുകയാണ്..

നബീസു ഏത് ബന്ധത്തിന്റെ നൂലിഴയിലാണ് അപ്പുവിനെ കൂട്ടികെട്ടിയിരിക്കുന്നതെന്ന് അയാൾക്ക് മനസിലാക്കുന്നുണ്ടായിരുന്നു. അല്ലെങ്കിൽ ഇത്രമാത്രം ഒരാത്മ ബന്ധം അവന് തോന്നില്ലായിരുന്നു. എടുക്കപ്പെടുന്നതിനെക്കാൾ കൊടുക്കപ്പെടുമ്പോഴാണല്ലോ സ്നേഹമെന്ന വാക്കിന് മൂല്യമുണ്ടാകുന്നത്.. മാധവൻ അവനെയും കൊണ്ട് ഏഴാം നിലയിലേക്ക് വന്നിറങ്ങി. " ദേ ഇനി മുതൽ ആന്റിയെ കാണാണോന്ന് തോന്നിയാൽ ഈ പടമുള്ള ഫ്ലാറ്റിലെ ബെല്ലടച്ചാ മതി. മനസിലായോ?. മാധവൻ സെബാസ്റ്റിന്റെ ഫ്ലാറ്റിന്റെ വാതിലിന് മുന്നിലെ " യേശു ഈ വീടിന്റെ നാഥൻ എന്ന സ്റ്റിക്കർ കാണിച്ചു കൊടുത്ത ശേഷം ബെല്ലടിച്ചു. " ഇതേതാടോ ഈ കൊച്ച് ? " നമ്മടെ രാജീവ് സാറിന്റെ മോനാ. അപ്പൂസ്. സെബാസ്റ്റ്യൻ വന്നു വാതിൽ തുറന്നു സംശയത്തോടെ അപ്പുവിനെ നോക്കി.. " ആഹാ. ആശുപത്രിന്നൊക്കെ വന്നോ. അയാൾ അപ്പുവിന് മുഖത്ത് ഒന്ന് തലോടി. പക്ഷെ അവൻ അകത്തു നബീസുവിനെ തിരയുകയായിരുന്നു.. " മോനാരെയാ നോക്കുന്നെ ? " ആന്റിയെ " ആന്റിയോ. അതാരാ..

അവന്റെ കണ്ണുകൾ അപ്പോഴും അയാളെ ശ്രദ്ധിക്കാതെ ചുറ്റും അവളെ പരതി കൊണ്ടിരുന്നു.. " നമ്മടെ നബീസുവിനെയാ സാറേ ഈ ചോദിക്കുന്നെ.. " ആഹാ എന്നാ വാ. ദേ തന്നെ കാണാൻ ഒരാള് വന്നിട്ടുണ്ട്. സെബാസ്റ്റ്യൻ അവനെ അകത്തേക്ക് പിടിച്ചു കയറ്റി.. " ആരാ സാറേ ? അവൾ ചപ്പാത്തി പരത്തുന്ന തിരക്കിനിടയിൽ നിന്ന് ഹാളിലേക്ക് വന്നു.. " ആന്റി.. " അപ്പു.. മോനെന്താ ഇവിടെ ? അവളെ കണ്ടതും അപ്പു അയാളുടെ പിടുത്തം വെട്ടിച്ചു അവൾക്കടുത്തേക്ക് ഓടി . അവൾ അവന് മുന്നിൽ മുട്ട് കുത്തിയിരുന്നു അവനെ ചേർത്ത് പിടിച്ചു കവിളിലും നെറ്റിയിലും ഉമ്മ വെച്ചു. അവൻ അവളുടെ കഴുത്തിലൂടെ കൈയിട്ട് മുറുക്കെ കെട്ടി പിടിച്ചിരിക്കുകയാണ്. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി തുടങ്ങി. " ഞാനിവിടെയുണ്ടെന്നു അപ്പൂനോട് ആരാ പറഞ്ഞത്. " ഞാൻ അവിടെ നിന്ന് കണ്ടല്ലോ. അവൻ ബാൽകണിയിലേക്ക് വിരൽ ചൂണ്ടി.

അവൾ അവനെ പിന്നെയും ഉമ്മ വയ്ക്കുകയാണ്. വാക്കുകൾ വിതുമ്പലിൽ തട്ടി തെറിച്ചു പോകുന്നുണ്ടായിരുന്നു. " രണ്ട് ദിവസം കൊണ്ട് എന്റെ കൊച്ച് ആകെ കോലം കെട്ട് പോയി അല്ലെ മാധവേട്ടാ.. അവൾ അവന്റെ മുടിയിലും മുഖത്തും ഒന്ന് തഴുകി കൊണ്ട് മാധവനെ നോക്കി. കണ്ണുകളിൽ വിരിഞ്ഞ നനവല്ലാതെ അയാൾക്ക് പറയാൻ മറുപടിയൊന്നുമില്ലായിരുന്നു.. സ്നേഹം എന്നും ഒറ്റവരി കവിതയാണ്. ചേർന്നിരുന്നു വായിക്കാൻ കൂടെയൊരാൾ കൂടി ഉണ്ടാകുമ്പോഴാണ് ആ വരികൾക്ക് ഭംഗി കൂടുന്നത്. " ആന്റിയെന്താ എന്റടുത്ത് വരാത്തെ. എന്നോട് കൂട്ടില്ലേ ? " അപ്പൂനോട് അല്ലാതെ ആന്റി വേറെയാരോടാ കൂടുക, " ന്നാ വാ നമ്മക്ക് നമ്മടെ വീട്ടിൽ പോകാം. വാ ആന്റി.. അപ്പു അവളുടെ കൈയിൽ പിടിച്ചു വലിച്ചു.. " വന്നേ ആന്റി ഒരു കാര്യം പറയട്ടെ. സാറേ ഇവനെ ഞാൻ അപ്പുറത്തോട്ടെന്ന് കൊണ്ടോയിക്കോട്ടെ.. " പിന്നെന്താ. അവൾ അപ്പുവിനെയും കൊണ്ട് അടുക്കളയിലേക്ക് പോയി. സ്ലാബിന് മുകളിൽ പൊക്കിയിരുത്തി.. " ഇതെന്ത് കഥയാടോ മാധവാ ഈ കാണുന്നത് ? "

അതിപ്പോ എന്താ സാറേ പറയാ.. ഈ ആട്ടിന്കുഞ്ഞിന്‌ മുലയൂട്ടുന്ന പശുവുന്നൊക്കെ പറഞ്ഞ് ഇടയ്ക്ക് നമ്മള് പത്രത്തില് വായിക്കാറില്ല, ഏതാണ്ട് അത് പോലൊരെണ്ണം. പക്ഷെ ഈ കഥ കേൾക്കുന്നതിനെക്കാൾ സുഖം കണ്ടറിയുന്നതാ.. ദാ കണ്ടില്ലേ. മാധവൻ അടുക്കളയിലേക്ക് വിരൽ ചൂണ്ടി. സെബാസ്റ്റിൻ തിരിഞ്ഞു നോക്കി.. അപ്പു സ്ലാബിന് മുകളിലിരുന്നു നബീസുവിന്റെ തോളിൽ കൈ ചേർത്ത് പിടിച്ചു വാതോരാതെ സംസാരിക്കുകയായിരുന്നു. അവൾ തിരിച്ചും.. സെബാസ്റ്റ്യൻ അത് കൺ നിറയെ കണ്ട് ആസ്വദിക്കുകയാണ്. അയാൾക്ക് അപ്പോൾ സ്വന്തം മക്കളെ കുറിച്ചോർമ്മ വന്നു. താനും ഒരിക്കൽ ഇതുപോലെയായിരിന്നിരിക്കും എന്നോർത്തു നെടുവീർപ്പിട്ടു. " ഞാനെന്നാ താഴേയ്ക്ക് ചെല്ലട്ടെ സാറേ. അവളോട് പെട്ടെന്ന് തന്നെ അവനെ കൊണ്ടാക്കാൻ പറയണേ.. " ഉം.. അയാൾ അവരിൽ നിന്ന് നോട്ടമെടുക്കാതെ മൂളി.. മാധവൻ അവരെ ഒന്ന് കൂടെ നോക്കി കൊണ്ട് താഴേയ്ക്ക് പോയി.. " ന്റെ ദേവിയെ ഈ താടക ഇത്ര പെട്ടെന്ന് വന്നോ ? ലിഫ്റ്റിറങ്ങി ക്യാബിനിലേക് നടന്നതും ഗേറ്റ് കടന്ന് ബീനയുടെ കാർ അകത്തേക്ക് കയറി വരുന്നത് കണ്ട് മാധവൻ നെഞ്ചത്ത് കൈ വെച്ചു കൊണ്ട് തിരിഞ്ഞോടി..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story