എന്റെ ഉമ്മാന്റെ പേര്: ഭാഗം 17

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

സൈക്കിൾ പാലത്തിനിറക്കിൽ ചെന്നു ഇടത്തോട്ട് വളഞ്ഞു. വഴി വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ പരിചിതമായ വഴികൾ അവന്റെ ഓർമയിൽ തെളിഞ്ഞപ്പോൾ അപ്പു ഉറക്കെ ചിരിച്ചു.. " നീയെന്തിനാ ചിരിച്ചെ? " നമ്മള് ആന്റീടെ വീട്ടിലല്ലേ പോണേ. " ആഹാ.. എന്നാര് പറഞ്ഞു.. " എനിക്കറിയാല്ലോ ? " അമ്പട വീരപ്പാ, അപ്പോ നീയീവഴിയൊക്കെ വന്നിട്ടുണ്ട് ല്ലേ.. രാജീവ് തല മുന്നോട്ട് നീട്ടി അപ്പുവിനെ നോക്കി.. അവൻ നിഷ്കളങ്കമായി പുഞ്ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.. തനിക്ക് ആദ്യമായ് സ്നേഹം വെച്ചു വിളമ്പി ഊട്ടിയ ഒരുവളുടെ വീട്ടിലേക്കുള്ള വഴി എത്ര വലിയ കൂരിരുട്ടിലും അവൻ എങ്ങിനെയാണ് മറക്കുക.. സൈക്കിൾ കുറച്ചു ദൂരം കൂടി മുന്നോട്ട് നീങ്ങി. ആഷിതയും മുബീനയും വീടിന്റെ ഉമ്മറത്തിരുന്ന് പഠിക്കുന്നുണ്ടായിരുന്നു. അപ്പു രാജീവിനെ കൈതണ്ടയിൽ തോണ്ടി കൊണ്ട് വീട് ചൂണ്ടി കാണിച്ചു.. " ദേ അച്ഛനൊരു സൂത്രം കാണിച്ചു തരാം. അപ്പൂസ് മിണ്ടരുതെ.. അതേ ഒരു കൊച്ചിനെ കൊടുക്കാനുണ്ട്, വേണോ ? " ങേ.. എന്താന്ന്.. ആരാ.. ആരാ അവിടെ. ? ആഷിത മുഖമുയർത്തി പുറത്തേക്ക് നോക്കി..

ഇരുട്ടിൽ അവൾക്ക് ആരെയും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.. " ഞാനോ, ഞാൻ പിള്ളേരെ പിടുത്തക്കാരനാ. ഹാ ഹാ ഹാ.. " ങേ.. ആരാന്ന്. ഉമ്മാ. രാജീവ് റോഡരികിലെ ഇരുട്ടിൽ സൈക്കിൾ നിർത്തി വരണ്ട ശബ്ദത്തിൽ ഉറക്കെ ചിരിച്ചു. മുബീനയും ആഷിതയും പേടിയോടെ ചാടിയെഴുന്നേറ്റു അകത്തേക്ക് നോക്കി. അയാൾ അപ്പുവിനെ സൈക്കിളിൽ നിന്നിറക്കി നിർത്തി വീണ്ടും ഉച്ചത്തിൽ ചിരിച്ചു.. " അയ്യോ ന്റെ ഉമ്മാ.. " എന്താടി രണ്ടും കൂടെ അവിടെ ? ആഷിതയും മുബീനയും പേടിച്ചു അകത്തേക്ക് ഓടി. നബീസു അടുക്കളയിൽ നിന്ന് ദേഷ്യപ്പെടുന്നുണ്ടായിരുന്നു. " ഹാ ഹാ ഹാ.. പിടിക്കട്ടെ . ഹാ രാജീവ് ശബ്ദമുണ്ടാക്കിയത് പോലെ അപ്പുവും അവരെ പേടിക്കുന്ന പോലെ ശബ്ദമുണ്ടാക്കി കൊണ്ട് പതിയെ അകത്തേക്ക് കയറി.. " അയ്യോ ന്റെ ഉമ്മാ.. " ഹാ .. ആഷിതയും മുബീനയും വാതിലിന്റെ മറവിൽ നിന്ന് എത്തി നോക്കിയതും അവൻ അവർക്ക് മുന്നിലേക്ക് ചാടി വീണൂ.. " ഹാ.. പേടിച്ചേ പേടിച്ചേ.. " ഛീ പോടാ തെണ്ടി. കൊരങ്ങാ.. ഇരുവരും ഞെട്ടി കരഞ്ഞു കൊണ്ട് പിന്നോട്ട് മാറിയത് കണ്ട് അപ്പു കൈ കൊട്ടി ചിരിച്ചു..

മുബീനയ്ക്ക് ദേഷ്യം വന്നു. ആഷിത ഒന്നാഞ്ഞു ശ്വസിക്കാൻ ശ്രമിക്കുകയാണ്. " പഠിക്കാൻ പറഞ്ഞിട്ട് രണ്ടും കൂടി അവിടെ എന്താടി ചെയ്യണേ. എന്റെ കയ്യീന്ന് രണ്ടിനും കിട്ടാൻ നേരമായിട്ടുണ്ട്. നബീസു ദേഷ്യത്തിൽ അടുക്കളയിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. " ഡാ അപ്പുകുട്ടാ. നീയീ നേരത്ത് ഇതെവിടുന്നാ വന്നേ.. ഉമ്മാ ദേ നോക്കിയേ അപ്പൂസ് വന്നേക്കുന്നു. " ന്റെ റബ്ബേ അപ്പൂവോ. നബീസു അടുക്കളയിൽ നിന്ന് പേടിയോടെ ചാടിയിറങ്ങി. അപ്പു പുഞ്ചിരിച്ചു കൊണ്ട് ആഷിതയെയും മുബീനയെയും നോക്കി നിൽക്കുകയാണ്. " അപ്പൂ.. മോനെന്താ ഈ നേരത്ത് ഒറ്റയ്ക്ക് വന്നത്. " അപ്പു ഒറ്റയ്ക്കല്ലാട്ടോ, ഒപ്പം വേറൊരാള് കൂടെയുണ്ട്. രാജീവ് സൈക്കിളിൽ നിന്നിറങ്ങി വെളിച്ചത്തിലേക്ക് വന്നു. " എനിക്ക് അങ്ങോട്ട് വരാമോ ആവോ? " അയ്യോ അതിനെന്താ സാറേ സാറേ. ഇവിടെ ഞാൻ ആരോടും വേർതിരിവ് കാണിക്കാറില്ല.. നബീസു സാരിയുടെ മുന്താണി അഴിച്ചു നേരെയാക്കി കൊണ്ട് വാതിൽക്കലേക്ക് വന്നു. " ഡാ കൊരങ്ങാ അതാരാ ? " അതാ എന്റെ അച്ഛൻ. മുബീന അപ്പുവിന്റെ തലയിൽ തോണ്ടി കൊണ്ട് പുറത്തേക്ക് എത്തി നോക്കി.. "

സാറെന്താ ഈ സമയത്ത് ? " ഏയ് ഞങ്ങള് ചുമ്മാ കാറ്റ് കൊള്ളാൻ ഇറങ്ങിയതാ. എന്നാ പ്പിന്നെ ഈ വഴി ഒന്ന് കേറിയിട്ട് പോകാന്ന് കരുതി. " സാറ് ഇങ്ങോട്ടിരിക്ക് , മുബീ ഈ ബൂക്കൊക്കെ എടുത്ത് അപ്പുറത്തേക്ക് വെച്ചേ. നബീസു സാരി തലപ്പ് കൊണ്ട് പഴയ ഫൈബർ കസേര തുടച്ചു ഉമ്മറത്തേക്കിട്ടു. മുബീന ബുക്കുകൾ എടുത്ത് മടക്കി കൈയിൽ പിടിച്ചു. " നമ്മക്ക് കളിക്കാം. " ഒന്ന് പോടാ കൊരങ്ങാ. ഞങ്ങക്ക് പഠിക്കാനുണ്ട് " വേണ്ടാ പഠിക്കണ്ട. വാ നമ്മക്ക് കളിക്കാം.. വാ.. അപ്പു മുബീന കൈയിൽ പിടിച്ചു പുറത്തേക്ക് വലിച്ചു. " അയ്യോ ഈ സമയത്തോന്നും പുറത്ത് പോയി കളിക്കാൻ പാടില്ല.. അവിടെയൊക്കെ പിള്ളേരെ പിടിക്കണ മുക്കണ്ണൻ മാക്കി ഒളിച്ചിരിപ്പുണ്ട്.. മുക്കണ്ണൻ മാക്രി എന്ന് കേട്ടപ്പോൾ രാജീവ് ചമ്മി ആഷിതയും മുബീനയും നോക്കി. അവർ വായ് പൊത്തി പിടിച്ചു ചിരിക്കുന്നുണ്ടായിരുന്നു. " സാറിന് കുടിക്കാൻ കടും ചായ എടുക്കട്ടേ.. " കുടിക്കാം. പക്ഷെ ഇപ്പൊ വേണ്ടാ, പോയിട്ട് വേറെ കുറച്ചു കാര്യങ്ങളുണ്ട്.. " ഡാ അപ്പൂസേ നമുക്ക് പാമ്പും കോണി കളിക്കണോ, ലുഡോ കളിക്കണോ ? " പാമ്പ് , പാമ്പ്. മുബീന ബുക്കുകൾ മടക്കി വെച്ച ശേഷം പാമ്പും കോണിയും, ലുഡോയും ഒന്നിച്ചുള്ള പഴയ കാർഡ് ബോർഡ് എടുത്ത് കട്ടിലിൽ വെച്ചു. അപ്പു ധൃതിയിൽ ആഷിതയുടെ മടിയിൽ കയറിയിരുന്നു..

രാജീവ് പെട്ടെന്ന് അകത്തെ അവരുടെ സംസാരം കേട്ട് അവിടേക്ക് കാതോർത്തു.. " അതേ എന്നും നിങ്ങളല്ലേ ടീം. ഇന്ന് ഞാനും അപ്പുസും ഒരു ടീമായിക്കോളാ.. " അങ്ങിനിപ്പോ ടീമാവണ്ടാ. നീ ഒറ്റയ്ക്ക് കളിച്ചാ മതി.. അപ്പൂസെ നിനക്ക് ഇത്താത്തേടേ ടീമായാ പോരെ.. " ങാ.. ആഷിത അപ്പുവിന്റെ കവിളിൽ പിടിച്ചു കൊഞ്ചിച്ചും. അവൻ ചിരിച്ചു കൊണ്ട് അവളുടെ മടിയിലേക്ക് അൽപ്പം കൂടി ഇളകിയിരുന്നു.. " ഇനി നീയെന്നോട് ചക്കര മിട്ടായീം ചോദിച്ചോണ്ട് വാടാ. കള്ള കൊരങ്ങാ. ഇനി ഞാൻ നിനക്ക് ഒരെണ്ണം പോലും തരൂല്ല. നോക്കിക്കോ. " അപ്പോ എന്നോട് കൂട്ടില്ലേ. " ഇല്ല.. ഞാൻ കൂട്ട് വെട്ടി.. " അത് പറ്റൂല്ല. അപ്പൂനോട് കൂട്ടില്ലെങ്കിൽ ഞാൻ ആന്റിയോട് പറഞ്ഞു കൊടുക്കും. അവൾ കവിളുകൾ വീർപ്പിച്ചു കൈ കൂട്ടിമടക്കി അതിൽ ഇടിച്ചു കൊണ്ട് അപ്പുവിനെ ഗൗരവത്തിൽ നോക്കി. അപ്പു അവളെ സങ്കടത്തോടെ നോക്കിയിരിക്കുകയാണ്. " അവൾക്ക് കുശുമ്പാടാ അപ്പൂസേ. " ഞാൻ കൂട്ട് വെട്ടേണ്ടെങ്കിൽ എന്റെ അടുത്ത് വന്നിരിക്ക്. ദേ ഇത് വേണോ നിനക്ക് ? മുബീന കട്ടിലിനരികിലെ ബാഗിൽ നിന്ന് രണ്ട് മൂന്ന് ചക്കര മിട്ടായി എടുത്ത് അപ്പുവിന് നേരെ നീട്ടി. അവന്റെ മുഖം വിടർന്നു, കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. " അപ്പു പോയിക്കോട്ടെ " കഷ്ട്ടൂണ്ടട്ടോടി മുബീ.. പെട്ടെന്ന് എന്തോ ഓർത്തത് പോലെ അപ്പു ആഷിതയെ നോക്കി..

അവളുടെ മുഖം മങ്ങി പോകുന്നത് കണ്ടപ്പോൾ അപ്പു ആഷിതയുടെ കഴുത്തിലൂടെ വട്ടം കെട്ടി പിടിച്ചു കവിളിൽ ഉമ്മ വെച്ചു. ശേഷം എഴുനേറ്റ് ചെന്ന് മുബീനയെയും കെട്ടി പിടിച്ചു കവിളിൽ അമർത്തി കടിച്ചു.. " ഹാ ടാ കൊരങ്ങാ. വേദനിച്ചപ്പോൾ അവൾ ഒന്ന് പതിഞ്ഞ ശബ്ദത്തിൽ ഒച്ച വെച്ചു.. അവൻ ഇരുവർക്കും നടുവിൽ ഇരുന്നു രണ്ട് പേരുടെയും കഴുത്തിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചിരിക്കുകയാണ്.. സങ്കടം എന്ന വാക്കിനർത്ഥം അവനറിയില്ല. പക്ഷെ അവരുടെ മുഖം മാറുന്നത് കാണുമ്പോൾ അവന്റെ മനസ്സ് വിങ്ങി തുടങ്ങും. വെറുമൊരു കളി ചിരിയിൽ പോലും അവൻ അവരെ നോവിക്കാൻ ശ്രമിക്കാറില്ല. അവർ തിരിച്ചും. ഒരു പൊക്കിൾ കൊടിയുടെ പോലും ബന്ധമില്ലാത്ത അവൻ അവരുടെ കുഞ്ഞനുജനാണ്, അവർ അവന്റെ ഇത്താത്തമാരും. കാലം ജാതിമതങ്ങളുടെ ബന്ധനങ്ങളില്ലാത്ത സാഹോദര്യത്തിന്റെ ലോകം അവന് മുന്നിലേക്ക് തുറന്ന് വയ്ക്കുകയാണ്. മുബീന മിട്ടായി പൊതിയഴിച്ചു ഒരെണ്ണം അവന്റെ വായിലേക്ക് വെച്ചു കൊടുത്തു. അകത്ത് അവർ തമ്മിലുള്ള സംഭാഷണങ്ങളും കളി ചിരികളുമെല്ലാം രാജീവ് വാതിൽക്കൽ നിന്ന് എത്തി നോക്കി കാണുന്നുണ്ടായിരുന്നു. നബീസു അയാളെയും അവരെയും മാറി മാറി ശ്രദ്ധിച്ചു നിൽപ്പുണ്ട്. " അവനിവിടെ വരാറുണ്ടായൊരുന്നു ല്ലേ ? "

അത് പിന്നെ സാറേ. അയാളുടെ പെട്ടുന്നുള്ള ചോദ്യം നബീസുവിന്റെ ഉള്ളിൽ അമ്പരപ്പുയർത്തി. അവർ നിസഹായായി മുഖം കുനിച്ചു. അഷിതയുടെ മുബീനയും പേടിയോടെ പരസ്പരം നോക്കി. " ഞാനൊരിക്കലും നിങ്ങളെ കുറ്റപ്പെടുത്തില്ല. കാരണം തെറ്റ് പൂർണമായും ഞങ്ങളുടെ ഭാഗത്ത് തന്നെയാണ്. ഒന്ന് ഉറങ്ങുമ്പോൾ പോലും അവനെ ഞങ്ങൾ ചേർത്ത് പിടിച്ചിട്ടില്ല, ഒന്ന് തലോലിച്ചിട്ടില്ല, ഒരു ദിവസം പോലും അവന് വേണ്ടി ഞങ്ങള് ജീവിച്ചിട്ടില്ല. ഇപ്പോ കുറ്റബോധം തോന്നുന്നുണ്ട്, ഞങ്ങളിൽ ഒരാളെങ്കിലും അവനെ മനസിലാക്കണമായിരുന്നു. പക്ഷെ ഇപ്പോ അതോർക്കുമ്പോൾ എനിക്ക് സങ്കടം തോന്നുന്നില്ല. വേറൊന്നുമല്ല. ഊണിലും ഉറക്കത്തിലും അവൻ നിങ്ങളെ കുറിച്ചു മാത്രം പറഞ്ഞുകൊണ്ടിരുന്നത് എന്താണെന്ന് ഇടയ്ക്ക് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ഇപ്പോ എനിക്ക് അതിന്റെ കാരണമെന്താണ് മനസിലായി. രാജീവിന്റെ കണ്ണുകൾ കലങ്ങി നിറഞ്ഞിരുന്നു. " എനിക്ക് വല്ല്യ പഠിപ്പും വിവരൊന്നുമില്ല സാറേ. എന്നാലും ജീവിതം പഠിപ്പിച്ച കുറെ കാര്യങ്ങളുണ്ട്. ഒരാളെയും സ്നേഹം കാണിച്ചു പറ്റിക്കാൻ എനിക്കറിയില്ല. എന്റെ ആഷിയെയും മുബീയെയും പോലെ തന്നെയാ അപ്പൂനേം ഞാൻ കണ്ടിട്ടുള്ളത്. ചോദിക്കുന്നത് തെറ്റാണെന്ന് അറിയാം എന്നാലും ചോദിക്കുവാ.

രണ്ട് പേർക്കും തിരക്കായി പോകുമ്പോ ഒരു വാക്ക് പറഞ്ഞാ മതി നിങ്ങള് വരുന്നത് വരെ ഞാൻ നോക്കികോളാ അവനെ. " നിങ്ങള് പറഞ്ഞത് ശരിയാ. സ്നേഹം കാണിക്കാൻ അല്ലെങ്കിൽ പിന്നെ വെറുതെ പറഞ്ഞു പറ്റിച്ചിട്ടെന്തിനാ. സ്കൂളിലും കോളേജിലുമൊക്കെ പോയി പഠിച്ചാ അറിവ് മാത്രേ കിട്ടു. പക്ഷെ സ്നേഹോo മനുഷ്യത്വോo പഠിക്കണോങ്കീ അവനീ സ്കൂള് തന്നെയാണ് നല്ലത്.. അവരോടൊപ്പം അവനും അത് പഠിച്ചു തന്നെ വളരട്ടെ.. രാജീവ് അവരെ കാണിച്ചു കൊണ്ട് അകത്തേക്ക് വിരൽ ചൂണ്ടി. അപ്പു ഇരുവരുടെയും മടിയിൽ കിടന്ന് കളിക്കുന്നുണ്ടായിരുന്നു.. അയാളിൽ നിന്ന് അങ്ങിനെയുള്ള വാക്കുകൾ അവൾ പ്രതീക്ഷിച്ചിരുന്നില്ല. നബീസു വിതുമ്പലോടെ രാജീവിന് നേരെ കൈ കൂപ്പി. " കൊരങ്ങനെ പാമ്പ് വിഴുങ്ങി. ഹാ.. " ഡാ നീ എന്റെ ടീമാണോ, അവളുടെയോ ? " ഇവിടെ.. " കള്ള കോരങ്ങാ, എന്റെ ചക്കര മുട്ടായി മുഴുവൻ വാങ്ങിച്ചു തിന്നിട്ട് നീയിപ്പോ അവളുടെ കൂടെ കൂടിയല്ലേടാ.. അപ്പു മുബിയുടെ കരു പാമ്പ് വിഴുങ്ങുന്നത് കണ്ടപ്പോൾ കൈ കൊട്ടി ചിരിച്ചു. അവൾ അപ്പുവിന്റെ വയറ്റിൽ ഇക്കിളി കൂട്ടി..

അവൻ ഉറക്കെ ചിരിച്ചു കൊണ്ട് പുളഞ്ഞു.. " എന്ന ഞാനിറങ്ങിക്കോട്ടെ. അപ്പൂ.. നമുക്ക് പോണ്ടേ ? " ദേ നിന്നെ അച്ഛൻ വിളിക്കുന്നു. രാജീവ് മുഖം തുടച്ചു കൊണ്ട് എഴുനേറ്റു. ചിരിച്ചു സന്തോഷിച്ചു കളിച്ചു കൊണ്ടിരുന്ന അപ്പുവിന്റെ മുഖം പെട്ടെന്ന് വാടി. ആഷിത അവനെ കട്ടിലിൽ നിന്നിറക്കി നിർത്തി. അവൻ ഇരുവരുടെയും വിരൽ തുമ്പിൽ പിടിച്ചു വാതിൽക്കലേക്ക് വന്നു കൊണ്ട് അയാളെ ഒന്ന് നോക്കി. " എന്തേ നീ വരണില്ലേ? അപ്പു ആഷിതയെയും മുബീനയെയും മാറി മാറി നോക്കി കൊണ്ട് മുഖം താഴ്ത്തി. നബീസു അവന്റെ മുടിയിൽ ഒന്ന് തഴുകി. " സെബാസ്റ്റിൻ ചേട്ടന്റെ വീട്ടിൽ ഞങ്ങൾക്ക് ഇന്നൊരു ചെറിയ പരിപാടിയുണ്ട്. അത് വരെ അവനിവിടെ നിന്നോട്ടെ. അപ്പുവിന്റെ മൗനം അയാളുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങി നോവിക്കുന്നത് പോലെ അയാൾക്ക് തോന്നി. അത് കേട്ട് തളർന്ന് വാടിയ അവന്റെ മുഖം പെട്ടെന്ന് വിടർന്നു പുഞ്ചിരി നിറഞ്ഞു. " അപ്പു അച്ഛൻ പോയിട്ട് വേഗം വരാട്ടോ. രാജീവ് യാത്ര ചോദിക്കുന്നതിന് മുൻപേ അവൻ അയാൾക്ക് മംഗളങ്ങൾ നേർന്ന് കൊണ്ട് കൈ വീശി. അത് കണ്ട് രാജീവിന് ചിരി വന്നു. " നിങ്ങടെ പേരെന്താ ? " ആഷിത " മുബീന. " ഉം.. അപ്പൂസിന്റെ ഇത്താത്തൂസ്. പോയിട്ട് വരാം.. അയാൾ അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

" വാ വാ. നമ്മക്ക് കളിക്കാം.. അയാൾ നടന്ന് പോകുന്നത് പോലും നോക്കാതെ അപ്പു ഇരുവരുടെയും കൈയിൽ പിടിച്ച് അകത്തേക്ക് വലിച്ചു. അയാൾ ഇരുട്ടിൽ നിന്ന് അവനെ ഒന്ന് തിരിഞ്ഞു നോക്കി. അവളുടെ ചിമിഴിൽ നിന്ന് അടർന്ന് പോയി എന്ന് കരുതിയ വിലമതിക്കാനാവത്ത ആ മുത്ത് അവൾക്ക് വീണ്ടും തിരികെ കിട്ടിയിരിക്കുന്നു.. നബീസുവിന്റെ കണ്ണുകൾ തോരാതെ പെയ്യുകയാണ്. രണ്ട് കൈകളും നെഞ്ചിൽ ചേർത്ത് പിടിച്ചു കൊണ്ട് അവൾ പടച്ച തമ്പുരാനോട് ഹൃദയം തുറന്ന് നന്ദി പറഞ്ഞു. ഇതുവരെ കണ്ടതോ , അറിഞ്ഞതോ, ഒരു യഥാർത്ഥ ജീവിതമായിരുന്നില്ലെന്ന് രാജീവ് തിരിച്ചറിയുകയായിരുക്കുന്നു. അവരുടെ കളി ചിരികളും തമാശകളും രാജീവിനെ അയാളുടെ ബാല്യത്തിലേക്ക് വലിച്ചു കൊണ്ട് പോയി. ഏട്ടനെയും രണ്ട് അനിയത്തിമാരെയും കുറിച്ചു ഓർത്തപ്പോൾ അയാളുടെ നെഞ്ചകം ഒന്ന് വിങ്ങി വലിഞ്ഞു പോയി. നബീസുവിന്റെ മക്കൾ അപ്പുവിനോട് കാണിക്കുന്നത് പോലെ തന്നെയായിരുന്നു ചെറുപ്പത്തിൽ അവരും. പിന്നിട്ട കാലങ്ങളിൽ വാക്കുകൾ കൊണ്ട് മുറിപ്പെടുത്തിയ പഴയ പല നിമിഷങ്ങളും അയാളെ ചുട്ടു പൊള്ളിക്കുന്നുന്നത് പോലെ തോന്നി.

ദുഷിച്ച ചിന്തകളിൽ നുണകൾ കൊണ്ടൊരു വാളുണ്ടാക്കി ബീന അവരുടെ ആത്മാവിലേക്ക് കുത്തി യിറക്കിയിട്ടും അയാളും അതിന് എതിര് പറഞ്ഞില്ല. ബന്ധങ്ങളെക്കാൾ വലുതാണ് ഗാന്ധി മുദ്ര പതിഞ്ഞ കടലാസു കഷ്ണങ്ങൾ എന്ന് അവരെ പോലെ അയാളും കരുതി അവഗണിച്ചു കടന്ന് പോയി.. സമ്പാദ്യമല്ല സ്നേഹത്തിന് ആധാരമെന്നു മനസിലാകാൻ ഒരേ ഉദരത്തിൽ നിന്ന് ജന്മമെടുക്കാത്ത രണ്ട് കുഞ്ഞു പെൺ കൊടികൾ വേണ്ടി വന്നു.. ഈ ഭൂമിയിൽ ചോര ചിന്താതെ ഒരാളെയില്ലാതാക്കാൻ ഹൃദയം തുളഞ്ഞു പോകുന്ന മൂർച്ചയുള്ള ഒരു വാക്ക് മതി.. അവഗണനയോളം വലിയ വേദനയുള്ള മരണം നൽകാൻ മറ്റെന്തിന് കഴിയും. സൈക്കിളിൽ രാജീവിന്റെ യാത്ര തുടർന്നു കൊണ്ടിരുന്നു. പെട്ടെന്നൊരു ആംബുലൻസ് സൈറൻ മുഴക്കി ചീറി പാഞ്ഞു പോയി അയാളുടെ ഓർമകളെ മുറിച്ചു കളഞ്ഞു. പാലത്തിന്റെ അരിക് ചേർന്ന നടപ്പാതയിൽ അയാൾ സൈക്കിൾ ഒതുക്കി നിർത്തി ഇറങ്ങിയ ശേഷം കൈ വരിയിൽ ചാരി നിന്ന് താഴേയ്ക്ക് നോക്കി.. റാന്തൽ വിളക്കുകൾ തൂക്കിയ ചെറിയ വഞ്ചികളിൽ ചിലർ പുഴയിൽ വലയെറിയുന്നുണ്ടായിരുന്നു. ഒരു ഓർമയുടെ തിരയിളക്കം ഉള്ളിൽ തഴുകിയപ്പോൾ അയാൾ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്തു ഒരു നമ്പർ ഡയൽ ചെയ്തു. മറു തലയ്ക്കൽ മൊബൈൽ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.

" ഹലോ " ഹലോ.. അമ്മൂട്ടി " ഹലോ കുഞ്ഞേട്ടാ. മറുതലയ്ക്കൽ രാജീവിന്റെ ഇളയ പെങ്ങൾ രഞ്ജിനി ഫോണെടുത്തു.. അയാളുടെ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് അയാൾ അവളെ സ്നേഹത്തോടെ അമ്മൂട്ടി എന്നു വിളിക്കുന്നത്. രാജീവിന്റെ ശബ്ദം അവൾക്ക് മനസിലായപ്പോൾ അവൾ ഒന്ന് വിതുമ്പി. " എത്ര നാളായി എട്ടാ ഒന്ന് വിളിച്ചിട്ട്. ഏട്ടത്തിയെ പോലെ കുഞ്ഞേട്ടനും ഞങ്ങളെ മറന്നൂല്ലേ. ഹലോ.. ഏട്ടാ. ഏട്ടനെന്താ ഒന്നും മിണ്ടാത്തെ.. ഹലോ. ഏട്ടാ. " ഏട്ടൻ പിന്നെ വിളിക്കാ അമ്മൂട്ടി. " കുഞ്ഞേട്ടാ .. ഹലോ. എന്ത് പറ്റി. ഏട്ടനെന്താ വയ്യേ. " ഏയ് എനിക്കൊന്നൂല്ലടി. ഏട്ടന്.. ഏട്ടനൊരു തെറ്റ് പറ്റി പോയി മോളെ, അങ്ങു ക്ഷേമിച്ചേക്കടി. നിങ്ങളൊന്നും ഏട്ടനെ വെറുത്തിട്ടില്ലെന്നു മാത്രം അറിഞ്ഞാൽ മതി. കുറ്റബോധത്തിന്റെ നോവിൽ അയാളുടെ വാക്കുകൾ പിടഞ്ഞു നേർത്ത് പോകുന്നുണ്ടായിരുന്നു. " എന്താ ഏട്ടാ, ഏട്ടൻ എന്നോട് മാപ്പ് പറയുന്നോ, ഏട്ടത്തി എത്രയൊക്കെ ഞങ്ങളെ തള്ളി പറഞ്ഞാലും വേദനിപ്പിച്ചാലും ഏട്ടൻ ഞങ്ങടെ എട്ടാനല്ലാതെ ആവോ. പോട്ടെ. കഴിഞ്ഞതൊന്നും ഇനി ആലോചിക്കണ്ട.

" ഉം. ഏട്ടൻ രാവിലെ വിളിക്കാം അമ്മൂട്ടി. വെച്ചോട്ടെ. " ഏട്ട.. ഏട്ടൻ വല്യേട്ടനേം, രാജിയെം വിളിച്ചോ? " ഇല്ല മോളെ അവരെ നാളെ വിളിക്കാം. ഏട്ടൻ വെച്ചോട്ടെ. " തിരക്കോഴിയുമ്പോ അവരേം കൂട്ടി കുഞ്ഞേട്ടൻ ഇങ്ങോട്ട് വരോ ? അപ്പൂനെ കണ്ട നാള് മറന്നു. അവൻ വലുതയോ ഏട്ടാ ? " ഏട്ടൻ ഒരു ദിവസം വരാം മോളെ.. ഏട്ടൻ വെക്കുവാ. അവൾക്കുള്ള മടുപടിക്ക് വേണ്ടി അയാൾ വാക്കുകൾ പരതുകയായിരുന്നു. ഉയർന്ന് പൊങ്ങിയ സങ്കടങ്ങളുടെ വേലിയേറ്റത്തിൽ രാജീവ് വല്ലാതെ വിതുമ്പി പോയിരുന്നു.. അവളും. അഞ്ച് വർഷത്തെ അകൽച്ചയുടെ ആഴത്തെയാണ് അയാൾ ഒരു നിമിഷം കൊണ്ട് വിളക്കി ചേർത്തിരിക്കുന്നത്. കാലത്തിന് മായ്ക്കാൻ കഴിയാത്ത മുറിവുകൾ വളരെ വിരളമാണ്. ചിലരങ്ങിനെയാണ് യാതൊരു മുജ്ജന്മബന്ധത്തിന്റെ അടയാളപ്പെടുത്തലുകളോ, അനുവാദമോ ഇല്ലാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്ന് കയറും. കൺ മുന്നിലുണ്ടായിട്ടും നമ്മൾ കാണാതെ, അറിയാതെ, പോയ വിലപിടിപ്പുള്ള പലതിനെയും ഒരുപക്ഷേ നമുക്ക് ബേദ്ധ്യപ്പെടുത്തി തരുന്നത് അവരായിരിക്കും. ആണും തുണയുമില്ലാത്ത നിരാലംബയായ ഒരുവൾ വേണ്ടി വന്നു രാജീവിനെ ജീവിതമെന്ന പകിടകളിയുടെ കണക്കുകൾ പഠിപ്പിച്ചു കൊടുക്കാൻ.. ബന്ധങ്ങളുടെ ആഴവും പരപ്പുമറിഞ്ഞു അയാൾ ഒരു പച്ചമനുഷ്യനായി ജീവിക്കാൻ തുടങ്ങുകയാണ്. നബീസുവിന്റെ നിയോഗങ്ങളിൽ അപ്പുവിന്റെ പേരിനൊപ്പം അയാളുടെ പേര് കൂടി എഴുതുപ്പെട്ട് പോയിരുന്നിരിക്കണം..

ഒരു തണുത്ത തെക്കൻ കാറ്റ് അയാളുടെ ഗദ്ഗദത്തെ തണുപ്പിച്ചു കടന്ന് പോയി. കാർമേഘം പെയ്ത് തോർന്ന ആകാശം പോലെ അയാളുടെ മുഖവും മനസും തെളിഞ്ഞു. " അല്ല. നിങ്ങളിത് വരെ മുകളിലേക്ക് പോയില്ലേ മാധവേട്ടാ. " സാറ് കൂടി വന്നിട്ട് പോകാന്ന് കരുതി.? രാജീവ് സൈക്കിൾ ക്യാബിന് പിന്നിൽ കൊണ്ടുപോയി വെച്ചു കൊണ്ട് മാധവനടുത്തേക്ക് വന്നു. " അല്ല ഇവിടുന്ന് പോയപ്പോ കൂടെയുണ്ടായിരുന്ന മുതലെന്തേ ? " അതിനെ ഞാൻ കുറച്ചു നേരത്തേക്ക് അവന്റെ പൊറ്റമ്മയ്ക്ക് കൊടുത്തിട്ട് പോന്നു.. " അല്ല. മാഡം അറിഞ്ഞാൽ അത് പ്രശ്നമാവില്ലേ ? " അറിഞ്ഞാൽ അല്ലെ. അതപ്പോ നോക്കാന്ന്, ഇപ്പൊ എനിക്കെന്റെ മോന്റെ സന്തോഷം മാത്രമാണ് വലുത്. അതിന് ആ കുടുംബത്തോളം വലിയൊരിടം വേറെയില്ല മാധവേട്ടാ.. " ആഹാ.. മനസ്സ് നിറഞ്ഞു സാറേ. ഈ സന്തോഷത്തിന് ഞാനിന്ന് രണ്ടെണ്ണം കൂടുതലടിക്കും. " എന്നാ വേഗം വരു മിഷ്ട്ടർ മാധവൻ. രാജീവ് അയാളുടെ തോളിൽ ചേർത്ത് പിടിച്ചു മുകളിലേക്ക് നടന്നു. നേർത്ത കരിമ്പടം പുതച്ച മേഘങ്ങൾക്കിടയിൽ നിന്ന് പാതി മുറിഞ്ഞ അമ്പിളി അവരെ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. തുടരണോ, വേണ്ടയോ. നിങ്ങള് പറയണം.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story