എന്റെ ഉമ്മാന്റെ പേര്: ഭാഗം 18

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" ദേ സാറേ. അടിക്കാനുള്ള സാധനോന്നും ഞാൻ വാങ്ങീട്ടില്ലട്ടോ. " അതൊക്കെ അരവിന്ദന്റെ കയ്യിലുണ്ടടോ കിളവാ ." " ങാ എന്നാമതി രാജീവ്‌ മാധവനുമായി ലിഫ്റ്റിൽ കയറി മുകളിലേക്ക് പോയി. " ടോ ടോ ഒന്ന് നിന്നെ ഞാനും വരുന്നു. " ഈ ലിഫ്റ്റുണ്ടായിട്ടും താനെന്തിനാടോ ഈ സ്റ്റൈർ കേറുന്നത്. ലിഫ്റ്റിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ കഴിഞ്ഞദിവസം സെബാസ്റ്റ്യൻ കൊടുത്ത ഷിവാസ്റീഗളിന്റെ ബോട്ടിലും കക്ഷത്തിൽ പിടിച്ചു അരവിന്ദൻ ഏഴാം നിലയിലേക്ക് സ്റ്റെപ്പ് കയറി വരുന്നുണ്ടായിരുന്നു.. " അതേയ് കഴിഞ്ഞാഴ്ച ചെക്കപ്പ്‌ നടത്തിയപ്പോ കൊളസ്ട്രോൾ കുറച്ചു മുന്നിലാ, ഇതാവുമ്പോ ഒരു വ്യായാമോം കൂടി ആവോല്ലോ " ആഹാ . എന്നിട്ടാണോ കള്ളുകുടിക്കുമ്പോ ഈ ചിക്കനും ബീഫൊക്കെ വലിച്ചു കേറ്റുന്നത്. " ജീവിച്ചിരിക്കുമ്പഴേ ഇതെക്ക തിന്നാൻ പറ്റു. ഇനി ഇതു തിന്ന് കൊളസ്ട്രോൾ കൂടി തട്ടി പോണെങ്കിൽ അങ്ങ് പോട്ടെടോ . ആർക്കാ നഷ്ട്ടം ?" " നിങ്ങള് തട്ടിപ്പോയാ ഇവിടെ ആർക്കുമൊരു നഷ്ട്ടോമില്ല. ആദരാഞ്ജലികളെന്നൊരു ബോർഡും വെച്ച്, അരവിന്ദന്റെ മരണം ഈ ഫ്ലാറ്റിലെ ഓരോരുത്തർക്കും തീരാ നഷ്ടമാണെന്നൊരു ഗീർവണോം വിട്ട്.

നിങ്ങടെ പേരികിട്ടുന്ന ചായേം വടേം തട്ടിയേച്ചങ്ങ് സ്ഥലം വിടും. പക്ഷെ പെങ്കോച്ചൊരുത്തി വളർന്നു വരുന്നുണ്ട്, ആ ബോധമുണ്ടായാ നിങ്ങക്ക് കൊള്ളാം " താൻ ചുമ്മാ ഓരോന്ന് പറഞ്ഞ് ആളെ പേടിപ്പിക്കാതെടോ കിളവാ " അപ്പൊ ചാവോന്നുള്ള പേടിയുണ്ട് അല്ല..? മാധവൻ അരവിന്ദനെ കളിയാക്കി ചിരിച്ചു. അയാൾ ചമ്മിയ പോലെ രാജീവനെ നോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മുന്നോട്ട് നടന്നു. രാജീവിന് ചിരി വരുന്നുണ്ടായിരുന്നു. " ങാ.വാതില് പൂട്ടിട്ടില്ല കേറി പോരെ. മാധവൻ കൊളിങ് ബെല്ലിൽ വിരലമർത്തിയതും സെബാസ്റ്റ്യൻ അകത്തു നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. "നല്ലയാൾക്കാരാ ഇപ്പൊ വരാന്നും പറഞ്ഞു പോയിട്ട് മണിക്കൂറൊന്നായി. നിങ്ങളീരിക്ക് മൂവരും അകത്തേക്ക് കയറി. സെബാസ്റ്റിൻ അടുക്കളയിൽ നിന്ന് അവരെ എത്തി നോക്കി കൊണ്ട് ചട്ടിയിൽ നിന്ന് എന്തോ പകർത്തി വെക്കുന്നുണ്ടായിരുന്നു. " ആ പെണ്ണ് പോയപ്പോകുറച്ചു പോത്തിറച്ചി പറ്റിച്ചു വച്ചിട്ടുണ്ടായിരുന്നു. നിങ്ങള് വരാൻ ലേറ്റ് ആയപ്പോ ഞാനതൊന്ന് വരട്ടിയെടുത്തു.

" ആഹാ ഇവിടേം ബീഫോ . ഇക്കണക്കിനുപോയാ നിങ്ങക്ക് മേലോട്ടുള്ള പാസ്പോർട്ടും വിസയും ഉടനെ അടിച്ചു കിട്ടുന്ന ലക്ഷണമുണ്ട് സാറേ. സെബാസ്റ്റ്യൻ ഒരു കുഴിഞ്ഞ ചില്ലുപാത്രം നിറയെ വരട്ടിയെടുത്ത പോത്തിറച്ചിയും കൊണ്ട് ഹാളിലേക്ക് വന്നു. മാധവൻ അരവിന്ദനെ തോണ്ടി കൊണ്ട് കണ്ണ് മുകളിലേക്ക് മിഴിച്ചു കാണിച്ചു വീണ്ടും കളിയാക്കി ചിരിച്ചു " ശെടാ ... ഇയാള് ഓരോന്ന് പറഞ്ഞ് ആളെ വെറുതെ ടെൻഷൻ ആക്കോലോ " ഓ പറച്ചിൽ കേട്ടാ തോന്നും ഈ ജന്മത്തിനി ബീഫ് കൈകൊണ്ട് തൊടൂലാന്ന്. " ഹാ അങ്ങനെ താനെന്ന വെല്ലുവിളിക്കേന്നും വേണ്ട. താൻ നോക്കിക്കോ ഇന്നുമുതല് ബീഫ് എനിക്ക് വർജ്ജ്യമാണ് " മ്മങാ വർജ്ജ്യമൊക്കെ ഒരു പെഗ് കഴിയുമ്പോ കാണാം. വെറുതെ അടിച്ചു വിടുന്നത് കണ്ടില്ലേ രാജീവ് സാറേ. മാധവൻ രാജീവിനെ നോക്കി കണ്ണടച്ചു കാണിച്ചു. അരവിന്ദൻ വീണ്ടും ചമ്മിയ പോലെ ചിരിച്ചു കൊണ്ട് ഡൈനിംഗ് ടേബിളിൽ കുപ്പി വെച്ച ശേഷം ഇരുന്നു. " അല്ല. നമ്മളിവിടെയിരുന്ന് കഴിച്ചാ അപ്പച്ചനതൊരു ഇഷ്ടക്കേടാവോ? " അതുപിന്നെ ചോദിക്കാനുണ്ടോ രാജീവേ, അപ്പച്ചനെ കൂടി കമ്പനിക്ക് വിളിച്ചില്ലെങ്കിൽ നമ്മള് ഉറപ്പായിട്ടുംതെറി കേക്കേണ്ടി വരും. സെബാസ്റ്റിൻ ഫ്രിഡ്ജ് തുറന്ന് വെള്ളവും ഐസ് ക്യൂബും എടുത്തു വെച്ചു.

" ആഹാ അപ്പച്ചൻ അടിക്കുല്ലേ.? " അതെന്നാ ചോദ്യമാ സാറേ അടിടെ കാര്യത്തിൽ അങ്ങേരെ വെല്ലാൻ ഈ ഫ്ലാറ്റിലൊരുത്തനും ആയിട്ടില്ല. ഈ പ്രായത്തിലും എന്നാ കപ്പാസിറ്റിയാണെന്നറിയാമോ? " എടോ കള്ള കിളവാ മാധവാ, ഈ ഫ്ലാറ്റില് താൻ കമ്പനി കൂടാത്ത ആരെങ്കിലും ഉണ്ടോ? " പിന്നില്ലാതെ.. ആ പതിനൊന്നാം നിലയിലെ ഗുജറാത്തി മാർവാഡി ഇല്ലേ.. ആ തടിയനുമായിട്ട് മാത്രം നമ്മൾ ഒത്തു പോവൂല. " ഹോ.. അയാളെ മാത്രമായിട്ടെന്തിനാ അങ്ങ് ഒഴിവാക്കീത്‌? " അങ്ങേരുടെ ഹിന്ദി കേൾക്കുമ്പോ എനിക്കൊരുമാതിരി ചൊറിഞ്ഞു വരും. " ഓഹോ അപ്പൊ ചെലുത്താൻ പോയിട്ടുണ്ട്. അല്ലെ. " ഒരിക്കൽ ഒരൊറ്റ തവണ. അതോടെ ഞാനതങ് നിർത്തി. " ഹോ വല്ല്യ കാര്യായി പോയി.. വയറും വാടകയ്ക്ക് എടുത്തു നടക്കുവാ. കള്ള കിളവൻ. " വെറുതെ കഥ പറഞ്ഞു സമയം കളയാതെ ഓരോന്ന് ഒഴുക്ക് സാറേ. അരവിന്ദൻ മാധവനെ തിരിച്ചു കളിയാക്കി. അയാൾ കള്ള ചിരിയോടെ ബോട്ടിൽ എടുത്ത് പൊട്ടിച്ചു. രാജീവും അയാളെ നോക്കി ചിരിച്ചു കൊണ്ട് ടേബിളിന് ചുറ്റും ഇരുന്നു.

" ഞാൻ അപ്പച്ചനെ വിളിക്കട്ടെ.. അപ്പച്ചാ. അപ്പച്ചോ.. " എന്നാടാ കുര്യാ. " ഒന്നിങ്ങോട്ട് വന്നേ. സെബാസ്റ്റിൻ കോശിച്ചായന്റെ മുറിയിലേക്ക് നടന്നു. ബീന രാജീവ് കൊണ്ട് വെച്ച ബീഫ് എന്ത് ചെയ്യണമെന്ന് അറിയാതെ ദേഷ്യത്തോടെ നോക്കി കൊണ്ട് നിൽക്കുകയായിരുന്നു. ഉണങ്ങിയ ചോരയുടെ ഗന്ധം അവരെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ട്. രാജീവിന്റെ സ്വഭാവത്തിൽ വന്ന മാറ്റം ബീനയെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു. പറഞ്ഞേൽപ്പിച്ചത് പോലെ ചെയ്തിട്ടില്ലെങ്കിൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് ഓർത്തപ്പോൾ അവരുടെ ഉള്ള് ഒന്ന് ആന്തി. അറപ്പോടെ രണ്ട് വിരലുകൾ കൊണ്ട് കവർ നുള്ളിയെടുത്തു സിങ്കിലെ പാത്രത്തിലേക്ക് കുടഞ്ഞിട്ടു. ചോരയുടെ മത്ത് മണം മൂക്കിലേക്ക് ഇരച്ചു കയറിയതും പെട്ടെന്ന് ബീനയ്ക്ക് ഓക്കാനം വന്നു. അവർ വാ പൊത്തി പിടിച്ചു കൊണ്ട് വാഷ് ബേസനിലേക്ക് ഓടി. " മനുഷ്യനെ ദ്രോഹിക്കാൻ വേണ്ടി മനപ്പൂർവ്വം ചെയ്യുന്നതാ ദുഷ്ടൻ. അയാളുടെ ഒടുക്കത്തെ ഒരു ബീഫ്.. ബീന വാഷ് ബേസനിൽ കുനിഞ്ഞു നിന്ന് ഛർദ്ദിക്കാൻ ശ്രമിച്ചു കൊണ്ട് നെഞ്ചു തടവിയാ ശേഷം മുഖത്ത് അൽപ്പം വെള്ളമൊഴിച്ചു. അവരുടെ മുഖം വിളറി വാടി പോയിരിക്കുന്നു.. വീണ്ടും അൽപ്പം വെള്ളമെടുത്തു മുഖം കഴുകി തുടച്ചു കൊണ്ട് ബീന സിങ്കിനടുത്തേക്ക് നടന്നു പൈപ്പ് ഓണാക്കി.

വരണ്ടുണങ്ങിയാ ഇറച്ചിയിലേക്ക് വെള്ളം വീണ് തുടങ്ങിയതും പാത്രം മെല്ലെ ചുവന്നു നിറഞ്ഞു തുടങ്ങി നെയ്യ് മയം തെളിഞ്ഞു പടർന്നു. " ഭേ.. ബീനയ്ക്ക് വീണ്ടും മനം പുരട്ടി വരുന്നുണ്ടായിരുന്നു. ഒരു കൈ കൊണ്ട് വായ് പൊത്തിയ ശേഷം രണ്ടാമത്തെ കൈയിലെ ചൂണ്ടു വിരൽ കൊണ്ട് പാത്രത്തിന്റെ അരിക് ചരിച്ച് വെള്ളം സിങ്കിലേക്ക് ഒഴിച്ചു.. " നാശം പിടിക്കാനായിട്ട്. ധൃതിയിൽ വെള്ളം ഊറ്റി കളയുന്നതിനിടയിൽ പാത്രം മറിഞ്ഞു സിങ്കിലേക്ക് കമിഴ്ന്ന് വീണൂ. ബീനയ്ക്ക് ദേഷ്യം വന്നു. പാത്രം അതിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അവർ കിച്ചൻ സ്ലാബിൽ ചാരി നിന്നു എന്തോ ആലോചിക്കുകയാണ്. പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവർ മുറിയിലേക്ക് നടന്നു. അലമാര തുറന്ന് ഉള്ളിലെ ചെറിയ അറയിൽ നിന്ന് ഒരു പ്ലാസ്റ്റിക്കിന്റെ ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തു തുറന്ന് ഗ്ലൗസ് തിരഞ്ഞു. അതിൽ കുറച്ചു ടാബ്‌ലറ്റുകൾ അല്ലാതെ മറ്റൊന്നും കണ്ടില്ല.. നിരാശയോടെ ബോക്‌സ് അടച്ചു വെച്ചു കൊണ്ട് പിന്നെയും അവർ അലമാരയുടെ അകം പരിശോധിച്ചു കൊണ്ടിരുന്നു. ദേഷ്യം നിരാശയെ കീഴ്പ്പെടുത്തി ഇരച്ചു കയറിയപ്പോൾ ബീന ശക്തിയായി അലമാരയുടെ ഡോർ വലിച്ചടച്ചു. " അയ്യോ.. വാതിൽ ശക്തിയായി അടഞ്ഞപ്പോൾ അലമാരയുടെ മുകളിലെ തട്ടിൽ വെച്ചിരുന്നു രാജീവിന്റെ പതിയായ വിസ്ക്കി കുപ്പ് പെട്ടെന്ന് താഴേയ്ക്ക് തെന്നി വീണു പൊട്ടി തകർന്നു. ബീന പേടിയോടെ പിന്നോട്ട് മാറി. ബീഫിനേക്കാൾ രൂക്ഷമായ സ്പിരിറ്റിന്റെ ഗന്ധം ബീനയുടെ തലചോറിലേക്ക് ഇരച്ചു കയറി.

ശ്വാസം മുട്ടുന്നത് പോലെ ഒന്ന് ചുമച്ചു.. കുപ്പി തിരയുമ്പോൾ എന്തുത്തരം കൊടുക്കും. അവർക്ക് വല്ലാതെ വെപ്രാളം കൂടുകയാണ്.. ധൃതിയിൽ അവർ അടുക്കളയിലേക്ക് ഓടി പഴയ തുണിയുമായി വന്നു. മദ്യത്തിന്റെ ഗന്ധം ആവിയായി ഉയർന്ന് അവരെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. പതിയെ താഴേയ്ക്കിരുന്നു ചില്ലുകൾ മുഴുവൻ പെറുക്കി പേപ്പറിൽ പൊതിഞ്ഞു വെച്ച ശേഷം തുണി കൊണ്ട് അവിടെയെല്ലാം ഒന്ന് തുടച്ചു മാറ്റി ഫാനിട്ടു. " ഹാ. അമ്മേ.. ദൂരേയ്ക്ക് ചിതറി തെറിച്ച ചില്ല് കഷ്ണങ്ങളിൽ ചെറിയ ഒരെണ്ണം അവരുടെ ഉള്ളം കാലിൽ തറഞ്ഞു കയറി.. അവർ പെട്ടെന്ന് കാല് വലിച്ചു കൊണ്ട് വാതിൽ പാളിയിൽ പിടിച്ചു റൂമിലെ കസേരയിൽ ഇരുന്ന് കാൽ ഉയർത്തി നോക്കി. ഉപ്പൂറ്റിയുടെ അഗ്രം മുറിഞ്ഞു ചോര പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു. നഖം കൊണ്ട് ചില്ല് കഷ്ണം വലിച്ചെടുത്ത ശേഷം വിരൽ തുമ്പ് കൊണ്ട് രക്തം തുടച്ചു. അവർക്ക് ദേഷ്യം കൊണ്ട് സമനില തെറ്റുന്നത് പോലെ തോന്നി. പതിയെ എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു. " ഹാ.. താഴെയുള്ള കബോർഡിൽ നിന്ന് അൽപ്പം ഡെറ്റോൾ എടുത്തു കാലിൽ തളിച്ചു..

വെള്ളം വാർന്ന് പോയ സിങ്കിൽ ബീഫിന്റെ നെയ്യ് മയം പടർന്ന് പിടിച്ചിട്ടുണ്ടായിരുന്നു. മത്ത് മണം പിന്നെയും അവരെ വട്ട് പിടിക്കുന്നുണ്ട്.. പാത്രം ദേഷ്യത്തോടെ നിവർത്തി വെച്ചു കൊണ്ട് ഒരു കുഴിയൻ കയിൽ എടുത്ത് സിങ്കിൽ നിന്ന് അത് കോരിയിട്ട് വീണ്ടും വെള്ളം നിറച്ച വെച്ചു.. ചോര മയം പിന്നെയും തെളിയുകയാണ്.. " ഈശ്വരാ ഇപ്പോഴേങ്ങാനും ആ കാലമാടാനെ ഇങ്ങോട്ട് കെട്ടിയെടുത്താൽ പിന്നെ ചെവി തല കേൾപ്പിക്കില്ല. അവർ ഹാളിലെ ക്ലോക്കിലേക്ക് നോക്കി. സൂചികൾ എട്ടാം നമ്പറിലേക്ക് മത്സരിച്ചോടി കൊണ്ടിരിക്കുന്നുണ്ട്. ബീനയുടെ ഉള്ളിൽ അയാളോടുള്ള പേടി ആളുകയാണ്. അവർ വേഗത്തിൽ നടന്നു ചെന്ന് വാഷിംഗ് മെഷീന് മുകളിൽ ഉടുത്ത് മാറിയിട്ടിരുന്നു ചുരിദാർ ഷാൾ എടുത്ത് മൂക്കും വായും മറച്ചു കെട്ടി പാത്രത്തിൽ കൈയിട്ട് ബീഫ് കഴുകി തുടങ്ങി. രോമകുത്ത് നിറഞ്ഞ വെളുത്ത കൈ തണ്ടയിലും വളയിലും നെയ്‌മയം മെഴുക് പാട പോലെ പറ്റി പിടിച്ചു.. അറപ്പ് തോന്നിയെങ്കിലും തിരിച്ചു വരുമ്പോൾ രാജീവിൽ നിന്ന് ഉണ്ടായേക്കാവുന്ന അതിഭീകരമായ ആക്രമണത്തെ അവർ വല്ലാതെ ഭയന്നിരുന്നു..

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ബീന രാജീവിന് വിധേയയായിരുന്നു. ഉത്തമയായ ഒരു കുടുംബിനി. ആ ദിനങ്ങളിലെല്ലം പ്രണയം കൊണ്ട് അവർ അയാളെ ഒരുപാട് വിവശനാക്കുമായിരുന്നു. ചൂടുള്ള ഒരായിരം ചുംബനങ്ങളാൽ ഉന്മത്തനാക്കുമായിരുന്നു. രതിയുടെ കൊടുമുടികൾ താണ്ടിയിറങ്ങുന്ന ഇടവേളകളിൽ പതിയെ പതിയെ അവർ അയാളുടെ ചെവിൽ തലയണമന്ത്രങ്ങൾ ഉരുവിട്ടു തുടങ്ങി. പ്രണയം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭാര്യയുടെ മന്ത്രാക്ഷരങ്ങൾ ചൊല്ലിപഠിക്കാതിരിക്കുക എങ്ങിനെയാണ് ? തുടക്കത്തിൽ നിർദോഷങ്ങളെന്ന് തോന്നിപ്പിച്ച പലതും ഭാവിയിൽ രാജീവിന് ദോഷകരമായി ബാധിച്ചു തുടങ്ങിയിട്ടും വാക്കുകളിൽ പ്രണയത്തിന്റെ തേനിറ്റിച്ചു നൽകി ബീന അയാളെ തന്റെ വരുതിയിൽ നിർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. ബന്ധങ്ങളെയെല്ലാം ഒരൊറ്റ വാക്കിന്റെ ശരമുന കൊണ്ട് ഛേദിച്ചു മാറ്റി തുടങ്ങിയിട്ടും അയാൾ അവരുടെ പ്രണയത്തെ അത്രമേൽ വിശ്വസിച്ചു. കൂടപ്പിറപ്പുകളുടെ പ്രാണനിലേക്കൊരു വാൾ തലപ്പ് കുത്തിയിറക്കി അയാളെ എന്നന്നേക്കുമായി അവർക്കിടയിൽ നിന്ന് അടർത്തി മാറ്റിയിട്ടും അയാൾ അവൾക്കെതിരായി ഒന്നും പറഞ്ഞില്ല. കാൽച്ചുവട്ടിലെ അവസാന മണ്ണും ഒലിച്ചിറങ്ങി പോയിട്ടും അയാൾ അവരുടെ പ്രണയത്തെ പ്രാണനെ പോലെ കണ്ടു.

പോകെ പോകെ അയാൾ അവർക്ക് മുന്നിൽ പൂർണ വിധേയനായ ഒരടിമായി തീർന്നിരുന്നു. പക്ഷെ കാലം അയാളിൽ ഒരു തിരിച്ചറിവിന്റെ പുതുനാമ്പ് പാകി തുടങ്ങിയത് ബീന അറിഞ്ഞില്ല. വിലയ്ക്ക് വാങ്ങിയ അടിമ ഒരുനാൾ യജമാനനെതിരെ തിരിഞ്ഞു ശബ്ദമുയർത്തിയത് പോലെ അയാളുടെ മാറ്റം അവരെ വല്ലാതെ ഭയപ്പെടുത്തുകയാണ്. ശരിയാണ് ബീനയ്ക്ക് രാജീവിനെ ഇപ്പോൾ ഭയമാണ്. വാക്കുകളിൽ തേനുരച്ചു സമ്മാനിച്ച പൊള്ളയായ പ്രണയം കാഞ്ഞിരനീരിനെക്കാളും കൈപ്പയിരുന്നുവെന്നു അയാൾക്ക് ഇപ്പോൾ ബോധ്യം വന്നിരിക്കുന്നു. ആത്മാർഥ പ്രണയത്തിൽ എന്തിനാണ് ഭയം. ? ലോകത്തിന്റെ നിലനിൽപ്പ് പോലും പ്രണയത്തിൽ അധിഷ്ടിതമാണ്. കടൽ കാറ്റിനെ പ്രണയിക്കുന്നു, കാറ്റ് മേഘങ്ങളെ പ്രണയിക്കുന്നു. മേഘങ്ങൾ മഴയും വെയിലിനെയും പ്രണയിക്കുന്നു. നക്ഷത്രങ്ങൾ നിലാവിനെ പ്രണയിക്കുന്നു. പക്ഷെ ഇവരെല്ലാം പ്രണയിക്കുന്നത് ഭൂമിയെ മാത്രമാണ്. ഇവർക്കിടയിൽ ആരും ആരെയും ഭയപ്പെടുന്നില്ല. ആരും ആർക്കും വിധേയരുമല്ല. കാരണം അവരുടെ പ്രണയത്തിൽ കളങ്കമില്ല, ചതിയോ, വഞ്ചനയോ ഇല്ല. അവരെല്ലാം മൗനമായ പ്രണയത്തിനുടമകളാണ്. പക്ഷെ അതീന്ത്രീയ ജാലക്കാരനായ പര കോടി മനുഷ്യമനസ്സിലെ പ്രണയം മാത്രം എന്നും സ്വാർത്ഥമാണ്.

സ്വാർത്ഥമായ ലോകത്തെ നിസ്വാർത്ഥമായ ഒരെയൊരദ്ഭുതം പ്രണയം മാത്രമാണ്. അവിടെ നിരാകരണമോ , നിഷേധമോ ഇല്ല. പ്രണയിക്കുക എന്നത് എളുപ്പമാണ്. പക്ഷെ അതിനിടയിൽ പരസ്പ്പരം മനസിലാക്കുക എന്നത് അതി കഠിനവും. ആത്മാർഥത വാക്കിനാലല്ല ഹൃദയത്തിനുള്ളറയിൽ നിന്നുത്ഭവിക്കുമ്പോഴാണ് ഏതൊരു പ്രണയവും സത്യമാകുന്നത്. ഭാര്യയിൽ നിന്ന് അമ്മയിലേക്കുള്ള ദൂരം എത്രയാണെന്ന് ബീന ഇപ്പോഴും തിരിച്ചറിയാതെ പോകുന്നതിന് കാരണവും അത് തന്നെയാണ്. ആത്മഹൂതി നടത്തിയ പോത്തിറച്ചികളുടെ നിലവിളി കുക്കറിന്റെ നേർത്ത വാതായനങ്ങൾ കടന്ന് പുറത്തേക്ക് അലയടിച്ചു. പെട്ടെന്ന് ഒരു ഞെട്ടലോടെ ചിന്തകളുടെ മോഹവലയത്തിൽ നിന്ന് ബീന നൂലറ്റ് വീണൂ. " അതെ വരട്ടിയ പോത്തിറച്ചി ഇരുപ്പുണ്ടേൽ കുറച്ചു കൂടി ഇങ്ങോട്ടെടുത്തോ ചേട്ടാ. " എന്താണെന്ന് ? അല്ല കുറച്ചു മുൻപ് എന്തോ വർജിക്കുന്നൂന്നോ, നിർത്തിന്നോ ന്നൊക്കെ ആരോ പറയുന്ന കേട്ടല്ലോ. എന്നിട്ടിപ്പോ അതൊക്കെ ആവിയായി പോയോ സാറേ.. ഷിവസ് റീഗൽ രണ്ട് റൗണ്ട് ഓടി തുടങ്ങിയപ്പോഴേയ്ക്കും വരട്ടി വെച്ചിരുന്ന പോത്തിറച്ചിയുടെ ചില്ല് പാത്രം ശൂന്യമായി പോയിരുന്നു.. നാവിൽ രുചി പിടിച്ചു തുടങ്ങിയ അരവിന്ദൻ ഒഴിഞ്ഞ പാത്രമെടുത്ത് സെബാസ്റ്റിന് നേരെ നീട്ടി.

അയാളെ കളിയാക്കാൻ കിട്ടിയ അവസരം മാധവൻ ശരിക്ക് മുതലെടുക്കാൻ ശ്രമിക്കുകയാണ്.. " ഹാ ഒന്ന് ചുമ്മാതിരിയെടാ മാധവാ. കഴിക്കാനല്ലേ ഇതൊക്കെ ഉണ്ടാക്കി വെച്ചേക്കുന്നെ. ആവശ്യമുള്ളവര് എന്താന്ന് വെച്ചാ കഴിച്ചോട്ടെ. " കഴിച്ചോട്ടെ , കഴിക്കണ്ടാന്ന് ആരും പറഞ്ഞില്ലല്ലോ കോശിച്ചയാ.. ദേ സാറേ ഇനിയെങ്കിലും തള്ളടിക്കുമ്പോൾ മിനിമം ഗ്യാരന്റി ഉള്ള എന്തേലും ആയിരിക്കണം. " ശെടാ ഞാൻ ഒരു കഷ്ണം ബീഫ് ചോദിച്ചതിനാണ് എന്നെയിട്ട് ഈ ഭേദ്യം ചെയ്യുന്നത്. അരവിന്ദൻ ഗ്ലാസ്സിലുള്ളത് വായിലേക്ക് കമിഴിത്തി കൊണ്ട് സെബാസ്റ്റിന്റെ കയ്യിലിരുന്ന ചില്ല് പാത്രത്തിന്റെ വക്കുകൾ വിരൽ കൊണ്ട് വടിച്ചെടുത്ത് നാവിൽ വെച്ചു.. " ഡോ അരവിന്ദാ തനിക്ക് ബീഫ് വേണോ. ഞാൻ കൊണ്ട് തരാം. " ങാഹാ തന്റെ വീട്ടിലും ഇന്ന് ബീഫാണോ ? " ആടോ, താനിവിടിരിക്ക് ഞാൻ പോയി എടുത്തിട്ട് വരാം.. താൻ വാങ്ങി കൊടുത്ത പോത്തിറച്ചികൾ കുക്കറിൽ നീന്തി തുടങ്ങിയതെയുള്ളുവെന്നു മനസിലാക്കാതെ തന്റെ ഗ്ലാസ്സും കാലിയാക്കി കൊണ്ട് അയാൾ എഴുനേറ്റ് പുറത്തേക്ക് നടന്നു.

" അല്ലെങ്കി വേണ്ടടോ, ഇന്നിത് മതി. " ഹാ, ഞാൻ പോയി എടുത്തിട്ട് വരാടോ, " അതല്ലേടോ, കാര്യം ശരി ബീഫാണെങ്കിലും രണ്ട് വീട്ടിലെ കൂക്കിങ്ങെന്ന് പറയുമ്പോ അത് രണ്ടിനും രണ്ട് ടേസ്റ്റയിരിക്കും. അത് കൊണ്ട് തന്റെ വീട്ടിലെ ബീഫ് നമുക്ക് നാളെയെടുക്കാം. " ങാ നാളെ മതിയെങ്കി നാളെ.. രാജീവ് തിരികെ കസേരയിൽ വന്നിരുന്നു. " ദേ സാറേ ഇങ്ങനെ ഉള്ളത് മുഴുവൻ വലിച്ചു വാരി തിന്നാലുണ്ടല്ലോ, ക്വാറിയിൽ കല്ല് പൊട്ടിക്കണ പണിക്ക് പോയാ പോലും നിങ്ങടെ കൊളസ്‌ട്രോൾ കുറയാൻ പോകുന്നില്ല.. " ബീഫ് റെഡി, ബീഫ് റെഡി. ദേ അരവിന്ദാ ഇനി ചോദിച്ചാ തരാൻ ബീഫ് വെച്ച ചട്ടി മത്രേയുള്ള. കേട്ടല്ലോ.. സെബാസ്റ്റിൻ വീണ്ടും പാത്രത്തിൽ ബീഫുമായി ഹാളിലേക്ക് വന്നു. " അത് കുഴപ്പമില്ല സാറേ ഇത് തീരുമ്പോ ആ ചട്ടീല് കുറച്ചു ചോറിട്ട് പിരട്ടി കൊടുത്താലും ഇങ്ങേര്‌കഴിച്ചോളും.

അങ്ങേർക്ക് അത്ര വലിയ ഭാവമൊന്നുമില്ല. അല്ലെ സാറേ. " ശെടാ ഇയാളെ കൊണ്ട് വല്ല്യ മേനക്കേടായല്ലോ. മാധവൻ അരവിന്ദനെ പിന്നെയും വധിക്കുകയാണ്. അയാൾ പാത്രത്തിൽ നിന്ന് ഒരു കഷ്ണം ബീഫ് കൂടി എടുത്ത് വായിൽ വെച്ചു കൊണ്ട് മാധവനെ ഒളികണ്ണിട്ട് നോക്കി.. മാധവൻ കഴിച്ചോ കഴിച്ചോ എണ്ണർത്ഥത്തിൽ തലകുലുക്കി കൊണ്ട് അയാളെ നോക്കി ചിരിച്ചു. ഒപ്പം രാജീവും സെബാസ്റ്റിനും. " അപ്പോ നമ്മള് എവിടെയാ പറഞ്ഞു നിർത്തിയത്.? ഹാ നോക്കി നിൽക്കാതെ ഒരെണ്ണം കൂടെ ഒഴിക്കേടാ കുര്യാ " നമ്മള് പറഞ്ഞ് നിർത്തിയത് രാജീവ് സാറിന്റെ മോന്റെ പനിയെ പറ്റിയല്ലേ , അല്ലെ സാറേ.? " ങാ അത്.. പണ്ട് ഞാൻ ബോംബെയിലെ ചെമ്മീൻ കമ്പനിയിൽ ജോലി ചെയ്യുന്ന കാലം. ദേ കുര്യാച്ചനന്ന് ആറോ ഏഴോ വയസ്സായുള്ളൂ. അന്നിവനൊരു പനി വന്നു.. കോശിച്ചയാൻ ഒഴിച്ചു വെച്ച പെഗ്ഗ് എടുത്ത് ഒന്ന് മൊത്തി.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story