എന്റെ ഉമ്മാന്റെ പേര്: ഭാഗം 3

ente ummante peru

എഴുത്തുകാരി: അധിരഥൻ

" ഇങ്കെയാരുമില്ലേ പെട്ടെന്ന് പുറത്ത് നിന്നൊരു വിളി കേട്ടു നബീസു പുറത്തേക്ക് നടന്നു. " ആന്റിയിപ്പോ വരാട്ടോ അപ്പു അവളെ നോക്കി ചിരിച്ചു. അവന്റെ നാവിൽ എരിവിന്റെ നീറ്റൽ പിന്നെയും പുകയുന്നുണ്ടായിരുന്നു. ചെറിയ സ്റ്റീൽ കപ്പിൽ ഇരുന്ന വെള്ളം അവനെടുത്ത് കുടിച്ചു. ചൂട് വെള്ളം നാവിൽ തട്ടിയപ്പോൾ അവനൊന്ന് പുളഞ്ഞു. " ഇന്ന് ഒന്നുമില്ല അണ്ണാ. " എന്താ സേച്ചി. കാശ് വാങ്ങിയിട്ട് ഒരു വർഷം ആയി. പാതി കൂടി തിരിപ്പി തന്തിട്ടില്ല. വാതിൽക്കൽ പലിശക്കാരൻ അണ്ണാച്ചി കക്ഷത്തിലൊരു കറുത്ത ഡയറിയുമായി നിൽപ്പുണ്ടായിരുന്നു.. " മോൾക്ക് വയ്യായിരുന്നു അണ്ണാ. അടുത്ത ആഴ്ച തരാം. " എപ്പോ വന്താലും അടുത്ത വാരം അടുത്ത വാരം. കൊടുക്ക വായ്പ്പില്ലേ ഏതുക്ക് കാസ് വെങ്കിറെ. "

അടുത്താഴ്ച എന്തായാലും കൂട്ടിത്തരാം അണ്ണാ.. " ങാ.. കാസ് കേക്കറുത്ക്ക് ഒരു വെക്കവുമില്ലേ. തിരിമ്പി കേട്ടാൽ നോയ്‌ നോയ്‌ ന്ന് നായം പേസിറ്റിരിക്കും.. വാരം വാരം ഞാൻ വന്ത് തിരിമ്പി പോകാറുതാ വേലായാ പോച്ച്. പലിശക്കാരൻ അണ്ണാച്ചി ദേഷ്യത്തിൽ ഒച്ചയെടുത്ത് കൊണ്ട് ഇറങ്ങി പോയി. ബഹളം കേട്ട് അയൽക്കാർ സ്ത്രീകൾ വേലിയുടെ മറവിൽ നിന്ന് എത്തി നോക്കുന്നുണ്ടായിരുന്നു.. അവൾ നോക്കുന്നത് കണ്ടപ്പോൾ വേലിക്കരികിലെ തലകൾ പലതും ഉൾ വലിഞ്ഞു.. " എല്ലാം ഒറ്റയ്ക്കിരുന്ന തിന്ന് തീർക്കാതെ അവക്കൂടി കൊടുക്കടി. " അവക്ക് പനിയല്ലേ, എണ്ണ പലാരങ്ങളൊന്നും തിന്നൂടാ. നബീസു ദേഷ്യത്തിൽ അകത്തേക്ക് കയറി..

മുബീന കസേരയിലിരുന്ന് മമ്മദിന്റെ കടയിലെ പലഹാരങ്ങൾ കഴിക്കുന്നുണ്ടായിരുന്നു. " ഡാ ചെക്കാ നിനക്ക് വേണോ ? വിയർത്ത് കുളിച്ചു ഹാളിലേക്ക് വന്ന അപ്പുവിന് നേരെ മുബീന ഒരു സുഖിയനെടുത്ത് നീട്ടി. അവൻ വേണ്ടെന്ന അർത്ഥത്തിൽ ചുമലിളക്കി. " ഓ കൊടുക്കുന്നൊരാള്.. അപ്പു വാ ഞാൻ കൈയും മുഖവും കഴുകിച്ചു തരാം നബീസു മുബീനയുടെ തലയിൽ കൈ കൊണ്ട് ഒരു കുത്ത് കൊടുത്ത് ശേഷം അപ്പുവിന്റെ കൈയും മുഖവും കഴുകിക്കാൻ പുറത്തേക്ക് പോയി. മുബീന കടപലഹാരങ്ങൾ മുഴുവനും ഒറ്റയ്ക്ക് തിന്ന് തീർക്കുന്ന തിരക്കിലായിരുന്നു.. " ആഷി നീ മരുന്ന് കഴിച്ചോ ? " കഴിക്കാ ഉമ്മാ.. കഞ്ഞിയിപ്പോ കുടിച്ചല്ലേയുള്ളൂ.. "

പിന്നത്തേക്ക് വെച്ചാൽ നീ മറക്കും.. ഇന്ന് ഇത് കഴിച്ചെ.. നബീസു മുറിയിലേക്ക് ചെന്ന് മരുന്നെടുത്ത് നീട്ടി.. അപ്പു കട്ടിള പടിയിൽ ചാരി നിന്ന് അവരെ നോക്കുന്നുണ്ടായിരുന്നു.. " എന്നാ നമുക്ക് വീട്ടില് പോകാം. അവന്റെ മുഖത്ത് പിന്നെയും വിയർപ്പ് പൊടിഞ്ഞപ്പോൾ നബീസു അത് തുടച്ചു കൊടുത്തു. " അപ്പു പോവാണോ ? ആഷിത ഒന്നെത്തി നോക്കി. പെട്ടെന്ന് അവന്റെ മുഖം മാറി. ആഷിതയെയും നബീസുവിനെയും മാറി മാറി നോക്കുക മാത്രം ചെയ്തതല്ലാതെ അവൻ മറുപടിയൊന്നും പറഞ്ഞില്ല.. " ഡി ഞാൻ അപ്പുവിനെ കൊണ്ട് വിട്ടിട്ട് വരാം, ആ മീങ്കാരൻ ഷാജി വരുവാണേൽ എന്തേലും വാങ്ങി വെച്ചേക്ക്.. ഡി നീ പറഞ്ഞത് കേട്ടോ " ങാ.. " ആ കടലാസ് അവിടെ കിടന്നിപ്പോ ഉറമ്പ് വരും. അതേടുടുത്ത് ആ വാഴ ചോട്ടിൽ കൊണ്ടിട്ടേടി.. മുബീന പലഹാരം കഴിച്ച പേപ്പർ കൊണ്ട് മുഖം തുടച്ചു പുറത്തേക്ക് വലിച്ചെറിഞ്ഞത് കണ്ടപ്പോൾ നബീസുവിന് ദേഷ്യം വന്നു. "

ആഷി ഉമ്മ പോകുവാണെ. " ശരിയുമ്മ.. അപ്പു നീ നാളേം വരോ ? " ങാ ആഷിത മുറിയിൽ നിന്ന് ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു. അവൻ വരാമെന്ന് മൂളികൊണ്ട് മുബീനയെ നോക്കി. അവൾ അവനെ നോക്കി കണ്ണുരുട്ടി.. പെട്ടെന്നവൻ മുഖം തിരിച്ചു നബീസുവിന്റെ കൂടെ പുറത്തേക്കിറങ്ങി. റോഡിലൂടെ അവളുടെ കൈയിൽ മുറുകെ പിടിച്ചു നടക്കുമ്പോൾ അവൻ ചുറ്റിലുമുള്ള പുതിയ ലോകം നോക്കി കാണുകയായിരുന്നു. പരിചയക്കാരിൽ ചിലരോട് ഇടയ്ക്കവൾ കുശലം പറഞ്ഞു ചിരിക്കുമ്പോൾ അവനും ഒപ്പം ചിരിക്കും. അവൾ അവർക്ക് അവനെ പരിചയപ്പെടുത്തി കൊടുക്കും. അവർ സമ്മാനിക്കുന്ന പുഞ്ചിരികൾക്ക് അവനും നിഷ്ക്കളങ്കമായൊരു നിറ പുഞ്ചിരി തിരികെ നൽകി നടക്കും. " അപ്പു. അതിൽ കേറി നിന്ന് തെന്നി വീഴല്ലേ പാലത്തിന്റെ കൈ വരികൾക്ക് അരികിലൂടെ നടന്ന് നീങ്ങുമ്പോൾ അവൻ അതിൽ ചവിട്ടി താഴേയ്ക്ക് എത്തി നോക്കി.

താഴെ കിടന്ന കുഞ്ഞു കല്ല് എടുത്ത് അവൻ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. ഓളങ്ങൾ വട്ടത്തിൽ വകഞ്ഞു പോകുന്നത് കണ്ടപ്പോൾ അവൻ ഉറക്കെ ചിരിച്ചു.. " അവരെന്താ ചെയ്യണേ ? " അതോ.. അത് അവര് മീനെ പിടിക്കുവാ. പുഴക്കരയിൽ ചിലർ വല വീശുന്നുണ്ടായിരുന്നു. കൈ തണ്ടയിൽ വല മാടിയെടുത്തു ഒന്ന് വട്ടം ചുറ്റി നീട്ടിയേറിഞ്ഞ വല ഭംഗിയിൽ വിടർന്ന് വെള്ളത്തിലേക്ക് വീഴുന്നത് അവന് പുതിയ കാഴ്ചയായിരുന്നു.. നടന്ന് നീങ്ങുമ്പോഴും കൈ വരികൾക്ക് ഇടയിലൂടെ അവൻ അവരെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.. " ആഹാ ആളിപ്പോ ഉഷാറായല്ലോ ? നബീസുവിന്റെ കൈ പിടിച്ചു നടന്ന് വരുന്ന അപ്പുവിനെ കണ്ടപ്പോൾ സെക്യൂരിറ്റി മാധവൻ അടുത്തേക്ക് വന്നു..

" ന്റെ കൊച്ചേ വരില്ലെങ്കിൽ ആ കാര്യം ഇവനോടൊന്ന് പറഞ്ഞിട്ട് പോയിക്കൂടെ. " മോൾക്ക് പെട്ടെന്ന് വയ്യാണ്ടായി മാധവേട്ടാ, രണ്ട് ദിവസം ആശൂത്രീ കിടക്കേണ്ടി വന്നു. " ങാ എന്നും വൈകീട്ട് വരുമ്പോ ചോദിക്കും നീ വന്നോ വന്നോ ന്ന്.. പിന്നെ ഇവിടെയുള്ള ആ കാട്ടു പോത്ത് തള്ളയുടെ കാര്യം പറയേം വേണ്ടാ.. കഴിഞ്ഞ ദിവസം വിശന്ന് ആകെ വല്ലാണ്ടായി പോയി ചെക്കൻ. ഞാനാ ഗോപിയേട്ടന്റെ കടയിൽ കൊണ്ട് പോയി ചായ വാങ്ങി കൊടുത്തത്. കാശ് കാശ് ന്ന് പറഞ്ഞു ഓടി നടന്നാൽ മാത്രം പോരാ ഇടയ്ക്ക് ഇതിന്റെ കാര്യം കൂടി ഒന്ന് നോക്കണോന്ന് ഇതിന്റെ തന്തേം തള്ളേം നേരിൽ കണ്ടാൽ ഒന്ന് പറഞ്ഞേക്ക്. നബീസു അവനെ വേദനയോടെ നോക്കി കൊണ്ട് ചേർത്ത് പിടിച്ച് മുടിയിലും കവിളിലും ഒന്ന് തലോടി. അപ്പോഴും അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. " ദേ ആ ചീക്ക തള്ള വരുന്നുണ്ട്. ശവം.

കറുത്ത് തടിച്ച സ്ത്രീ താക്കോലുമായി സെക്യൂരിറ്റി കാബിനിലേക്ക് വരുന്നത് കണ്ട് മാധവൻ ഒന്ന് നീട്ടി തുപ്പി. " ഓ കൊച്ചമ്മ വന്നോ ? ജോലി മുഴുവൻ എനിക്കും കൂലി നിനക്കും.. നീ കൊള്ളാല്ലോടി. ഉത്തരവാദിത്വത്തമുള്ള ഒരു ജോലി ചെയ്യാൻ വന്നാൽ കൃത്യമായിട്ട് വരണം. അല്ലാതെ ശമ്പളം മാത്രം വാങ്ങാൻ വന്നാൽ പോരാ. " ഓ എനിക്ക് ശമ്പളം തരുന്നത് നിങ്ങടെ തറവാട്ടിന്നായിരുന്നെന്നു ഞാനറിഞ്ഞിലായിരുന്നു ചേച്ചി. " നീയെന്താടി ആളെ കളിയാക്കുവാണോ " ഏയ് . ഞാനെന്തിന ചേച്ചിയെ കളിയാക്കുന്നെ, ഇതുവരെ അറിയാത്തൊരു സത്യം ചേച്ചി പറഞ്ഞപ്പോ ഞാനത് സമ്മതിച്ചതല്ലേ. " വേഗം ചെല്ല്, ഉരുട്ടി വിഴുങ്ങാനുള്ളത് വാങ്ങി കൊണ്ടൊന്നു വെച്ചിട്ടുണ്ട്..

ഓ അവന്റെ നോട്ടോ നിൽപ്പും കണ്ടില്ലേ. " ദേ പെണ്ണുമ്പിള്ളേ കൊച്ചിന്റെ മേത്ത് എങ്ങാനും തോട്ടലുണ്ടുണ്ടല്ലോ, ആ കൈ അമ്മിയിൽ വെച്ചു കുത്തി ചതക്കും. അവർ വിരൽ നീട്ടി അവന്റെ കവിളിൽ കുത്താൻ ആഞ്ഞപ്പോൾ നബീസു അവരുടെ കൈ തട്ടി മാറ്റി.. അവരുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നത് കണ്ടപ്പോൾ അപ്പു പേടിയോടെ നബീസുവിന്റെ സാരി തലപ്പിൽ ഒളിച്ചു.. " മാധവേട്ടാ ഇവിടത്തെ സെക്രട്ടറിയുടെ നമ്പർ ഒന്ന് തരണേ. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. " പിന്നെന്താ. എനിക്കും ചിലരെ പറ്റി കുറച്ചു പരാതി പറയാനുണ്ട്. അവർ ദേഷ്യത്തോടെ ഇരുവരെയും മാറി മാറി നോക്കി കൊണ്ട് പല്ലിറുമ്മി. " വെറുതെയല്ല ദൈവം ഒരു കുഞ്ഞികാല് കാണാനുള്ള യോഗം തരാത്തത്.

കയ്യിലിരുപ്പ് ഇതല്ലേ. മാധവൻ അവരുടെ ഹൃദയത്തിലേക്ക് ഒരു അമ്പ് പായിച്ചു. ദേഷ്യം കൊണ്ട് ചുവന്ന അവരുടെ മുഖത്ത് പെട്ടെന്ന് നിരാശയും സങ്കടവും നിഴലിച്ചു.. അവരൊന്നും മിണ്ടാതെ തലകുനിച്ചു പുറത്തേക്ക് നടന്നു.. " എന്നാലും അങ്ങിനെ പറയണ്ടായിരുന്നു മാധവേട്ടാ. പാവം. " എന്ത് പാവം. സാധാരണ മക്കളില്ലാത്തവർ മറ്റുള്ള പിള്ളേരെ കണ്ടാൽ എടുത്ത് ലാളിക്കേം കൊഞ്ചിക്കേം ഒക്കെയാ പതിവ്. ഇത് എന്ത് ജീവിയാണോ എന്തോ. പന്ന പരട്ട കിളവി. അവർ നടന്ന് പോകുന്നത് കണ്ടപ്പോൾ നബീസുവിന് അവരോട് ഒരു അനുകമ്പ തോന്നി. " താക്കോലിന്നാ. പോയിട്ട് വാ . ക്യാമ്പിനിൽ ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. മാധവൻ അവൾക്ക് നേരെ താക്കോൽ നീട്ടി.

" അവര് അപ്പൂനെ ഉപദ്രവിക്കോ. " ഉം.. " എന്നിട്ടെന്താ അമ്മയോട് അത് പറയാത്തത്. അവന്റെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു.. " ഇനി അവര് എന്തേലും ചെയ്താൽ ആന്റിയോട് പറഞ്ഞാ മതിട്ടോ. അവൻ അവളെ നോക്കി ഒന്ന് ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. " നാളെ വരോ ? " പിന്നെ വരോല്ലോ.. അവനെ അകത്തേക്ക് ആക്കിയ ശേഷം പോകാൻ തുടങ്ങിയ നബീസു തിരിഞ്ഞു നിന്നു അവനെ ചേർത്ത് പിടിച്ചു നെറുകയിൽ ഒരു ഉമ്മ കൊടുത്തു. അവൾ ലിഫിറ്റിൽ കയറി പോകുന്നത് വരെ അവൻ വാതിൽക്കൽ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. അടുത്ത ദിവസം നബീസു അവന് വേണ്ടി കമ്പപ്പൊടിയിൽ അൽപ്പം അരിപ്പൊടി ചേർത്തുണ്ടാക്കിയ ഉപ്പുമാവ് കൊണ്ടു ചെന്നു.

ഒപ്പം പടിഞ്ഞാറെ അതിരിൽ നട്ട് വളർത്തിയ നാല് ചക്കരവള്ളി ( ചാരപടച്ചി, ചാര കാളി ) വാഴകളിൽ ഒന്നിൽ കുലച്ച ഒരു പടല പഴവും. പഴുപ്പ് ഏറുന്തോറും മങ്ങിയ ചാര നിറത്തിലുള്ള തൊലി നേർത്ത് നേർത്ത് കനം കുറഞ്ഞു വരും. പഞ്ചസാര കുറുകിയ നൂറപ്പുള്ള മധുരമാണ് ചക്കര വള്ളിയ്ക്ക്.. " ആന്റിയിനി പോട്ടെ.. " ഞാനും വരട്ടെ ? അവന്റെ പതിവ് കാര്യങ്ങളൊക്കെ ചെയ്ത് കൊടുത്ത് പോകാനിറങ്ങിയപ്പോൾ അപ്പു അവളുടെ കൈയിൽ കയറി പിടിച്ചു.. " ഇപ്പോ പോന്നാലെങ്ങിനെയാ , കുറച്ചു കഴിയുമ്പോൾ ട്യൂഷൻ സാർ വരില്ലേ? ഇന്നിത്ര നേരയില്ലേ? അപ്പൂനെ ആന്റി നാളെ കൊണ്ടൊവാം. അവന്റെ മുഖം മങ്ങിയപ്പോൾ അവൾ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.

അവൾ പോയി കഴിഞ്ഞപ്പോൾ അവൻ ബാൽക്കണിയിൽ പോയി നിന്നവളെ നോക്കി.. " ദേ ഉമ്മാ ഇവിടൊരാള് വന്നേക്കുന്നത് കണ്ടോ ? " ആരാടി ? " ദേ വന്ന് നോക്ക്.. ഒരു വൈകുന്നേരം സ്കൂൾ വേഷത്തിൽ അപ്പു നബീസുവിന്റെ ഉമ്മറത്ത് വന്നു നിന്നു. " ങ് ഹാ. അപ്പുക്കുട്ടൻ ഇന്നെന്താ ഇങ്ങോട്ട് പോന്നത്. " ആന്റി എന്നെ കൊണ്ടൊവാന്ന് പറഞ്ഞു എപ്പോഴും പറ്റിക്കും. അതാ ഞാൻ ഒറ്റയ്ക്ക് വന്നേ. ആഷിത അവനെ അകത്തേക്ക് വിളിച്ചു. " അപ്പു. വീട്ടിൽ പോയി ഡ്രെസ്സൊക്കെ മാറ്റാതെ മോനെന്താ നേരെ ഇങ്ങോട്ട് വന്നത്, " ഓ അവന് ഇതൊക്കെ തന്നെ ധാരാളം. അല്ലെടാ.. ആഷിത അവന്റെ ബാഗ് വാങ്ങി വെച്ചു.. " ഓ വല്ല്യൊരു ചെക്കൻ വന്നേക്കുന്നു. അങ്ങോട്ട് വിടെടാ കോരങ്ങാ.

അവന്റെ നാണം. അവൾ ഷർട്ട് അഴിച്ചപ്പോൾ അവൻ നാണത്തോടെ പിന്നോട്ട് മാറി. " ഇത് നോക്കിയേ ഉമ്മാ. ആഷിത പഴയ ട്രങ്ക് പെട്ടിയിൽ നിന്ന് മുബീനയുടെ ഒരു ഷിമീസ്സ് എടുത്ത് അവനെ ഉടുപ്പിച്ചു.. ശേഷം കണ്മഷി എടുത്ത് കണ്ണെഴുതി, കവിളിൽ ഒരു ചുട്ടി കുത്തി. " എന്തിനാടി അതിനെ ഇങ്ങനെ. അടുക്കളയിൽ നിന്ന് എത്തി നോക്കിയ നബീസു അവന്റെ കോലം കണ്ട് കവിളത്ത് വിരൽ വെച്ചു. അവൻ അവരുടെ ഇഷ്ടങ്ങൾക്കൊപ്പം നിന്ന് കൊടുക്കുകയാണ്.. " ദെടി മുബീ. നോക്കിയേ.. " ഇത് എന്റെ ഷെമ്മീസല്ലെടി. " ങാ. എന്റെ ഇട്ടാൽ അവൻ പാവാട പോലെ കിടക്കും. ഇതിപ്പോ കറക്റ്റാണ്. " ഇവന്റെ പേര് നമുക്ക് അമ്മൂന്നാക്കാം.. പേര് മറ്റേറ്റെട കോരങ്ങാ. " ഡി കൊച്ചിനെ കോരങ്ങാന്ന് വിളിക്കല്ലെടി "

ഓ. നബീസു അവളെ ശകാരിച്ചു.. മുബീന അവനെ അടി മുടി നോക്കിയ ശേഷം ചീർപ്പ് എടുത്ത് മുടി വകഞ്ഞു മാറ്റി റിബൺ കെട്ടി കൊടുത്തു.. " രണ്ടും കൂടി അവനെ എന്താടി ചെയ്യുന്നേ.. " ഇപ്പൊ നല്ല ഭംഗിയുണ്ടല്ലേ ഉമ്മാ.. നീ ഇനി ഇങ്ങനെ സ്കൂളിൽ പോയാ മതിയെടാ കോരങ്ങാ. അമ്മു കുട്ടി.. നബീസു വീണ്ടും എത്തി നോക്കി. അവന്റെ നോട്ടവും നിൽപ്പും കണ്ടപ്പോൾ അവൾക്ക് ചിരി വന്നു.. അവർ അവനെയും കൊണ്ട് ഉമ്മറത്തേക്ക് പോയി. പിന്നീടുള്ള ദിവസങ്ങളിലെന്നും അപ്പു സ്കൂൾ വിട്ട് നേരെ വരുന്നത് നബീസുവിന്റെ വീട്ടിലേക്കാണ്. അവൾ ഓരോ ദിവസവും അവനിഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കും. " ഡാ ചെക്കാ ഞങ്ങൾ നിന്നെ പോലെ ഇംഗ്ലീഷ് മീഡിയത്തിലൊന്നുമല്ല പഠിക്കുന്നത്, പഠിക്കാനിരിക്കുന്ന ആഷിതയ്ക്കും മുബീനയ്ക്കും അരികിൽ പുസ്തമെടുത്ത് ഇരിക്കാൻ തുടങ്ങുമ്പോൾ മുബീന അവനെ നോക്കി ഗോഷ്ഠി കാണിക്കും..

" അവനും കൂടെ ഇവിടിരുന്നു പഠിച്ചാൽ നിനക്കെന്താടി. അവന്റെ മുഖം മാറുന്നത് കാണുമ്പോൾ ആഷിത അവനെ അരികിൽ പിടിച്ചിരുത്തും. അവൾക്ക് അറിയാവുന്നത് പോലെ അവൾ അവന് ഓരോന്ന് പറഞ്ഞു കൊടുത്തു പഠിപ്പിക്കും, ഹോം വർക്കുകൾ ചെയ്യിപ്പിക്കും. ഷീറ്റ് വലിച്ചു കെട്ടിയ ചെറിയ മുറ്റത്ത് അവർ അവനുമായി ഓടി തൊട്ട് കളിക്കും. കളം വരച്ചു വട്ട് കളിക്കും. ഇളകിയടർന്ന് തുടങ്ങിയ മതിലിൽ സാറ്റ് കളിക്കും. വിയർത്തോഴുകി തളർന്ന് തുടങ്ങുമ്പോൾ നബീസു അവനെ മുൻസിപ്പാലിറ്റി വക കിണറ്റിൻ കരയിൽ കൊണ്ട് നിർത്തി കുളിപ്പിക്കും. തണുത്ത വെള്ളം ശിരസിലേക്ക് ഒഴുകി തുടങ്ങുമ്പോൾ അവൻ ശ്വാസം ഉള്ളിലേക്ക് വലിച്ചു പിടിച്ചു കുളിർന്നു വിറയ്ക്കും.

ബാങ്ക് വിളി കേൾക്കുമ്പോൾ ആഷിതയും, മുബീനയും നിസ്ക്കരിച്ചു ഓതാനിരിക്കും.. തന്റെ ഓർമ്മയിൽ ഇത് വരെ കേട്ടിട്ടില്ലാത്ത ഭാഷയിൽ ഖുർആനിന്റെ ഹൃദയഭാഗമായ യാസീൻ സൂറത്തിലെ ആയത്തുകൾ അവർ ഉരുവിട്ട് തുടങ്ങുമ്പോൾ അവനത് ശ്രദ്ധയോടെ കെട്ടിരിക്കും. " എന്താ യി പറയണേ ? സംശയം ഉയർന്ന് തുടങ്ങുമ്പോൾ അവൻ ആഷിതയെ പതിയെ തൊണ്ടും. മിണ്ടരുത് എന്ന് മുബീന വിരൽ ചുണ്ടിൽ വെച്ചു ദേഷ്യത്തിൽ നോക്കുന്നുണ്ടാവും. നിസ്ക്കാരം കഴിയുമ്പോൾ ഇഞ്ചിയും ഏലക്കയും ഇട്ട കട്ടൻ ചായയും, മുളകും, മഞ്ഞളുമിട്ട് ഉലർത്തിയ മരച്ചീനിയും കൊണ്ട് വയ്ക്കും. ഓരോ ദിവസവും എരിവോ, പുളിയോ, കയ്പ്പോ, മധുരമോ കലർന്ന എന്തെങ്കിലും പുതിയ രുചിക്കൂട്ടുകൾ നബീസു അവന്റെ നാവിന് സമ്മാനിക്കും.. ശേഷം അവർ അവനേയും കൊണ്ട് പാമ്പും കോണിയും കളിക്കാനിരിക്കും.

മുബീനയുടെ ചുവന്ന കരുക്കളെ പാമ്പ് വിഴുങ്ങുമ്പോൾ അപ്പു കൈ കൊട്ടി ചിരിക്കും.. അവൾക്ക് ദേഷ്യം വരുന്നുണ്ടാവും. ആഷിതയും അപ്പുവും ജയിച്ചു കഴിയുമ്പോൾ അവൾ കുശുമ്പ് കൂട്ടി കരുക്കൾ തട്ടിയെറിഞ്ഞു എഴുനേറ്റ് പോകും.. ആഷിത അപ്പോഴും അവളെ കളിയാക്കുന്നുണ്ടാവും.. ഏഴുമണി കഴിഞ്ഞാൽ അവന്റെ മുഖം തൊട്ടാവാടി പോലെ തളർന്ന് തുടങ്ങും. " ഡാ കോരങ്ങാ പോകാനിറങ്ങുമ്പോൾ മുബീനയുടെ പിൻ വിളി കേട്ട് അവൻ തിരിഞ്ഞു നിൽക്കും. അവൾ സ്കൂൾ പടിയിലെ പെട്ടിക്കടയിൽ നിന്ന് വാങ്ങിയ ചക്കര മിട്ടായി അവന്റെ ഉള്ളം കൈയിൽ വെച്ചു കൊടുക്കും. അതിലൊന്ന് പൊതിയഴിച്ചു അവളുടെ വായിയിലേക്ക് വെച്ചു കൊടുത്ത് കൊണ്ട് അവൻ പുഞ്ചിരിയോടെ അവളെ കെട്ടിപ്പിടിക്കും. കവിളിൽ നോവുള്ളൊരു കടി സമ്മാനിക്കും. യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൾ അവനെ നോക്കി കൊഞ്ഞനം കുത്തും.. പതിയെ പതിയെ അവന്റെ നിറം മങ്ങി പോയിരുന്ന കുഞ്ഞു സ്വപ്നങ്ങളിൽ നബീസുവും മക്കളും വസന്തം വിടർത്തി തുടങ്ങി. ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story