എന്റെ ഉമ്മാന്റെ പേര്: ഭാഗം 5

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

" മോനെ അപ്പു .. സെക്യൂരിറ്റിയുടെ കൈയിൽ നിന്ന് താക്കോൽ വാങ്ങി വാതിൽ തുറന്ന് അകത്തേക്ക് കയറിയ നബീസു ഒന്നലറി. ബാത്ത് ടവൽ ഉടുത്ത് ബെഡ്റൂമിന്റെ വാതിൽക്കൽ അവൻ ബോധമില്ലാതെ കിടക്കുന്നു. " അപ്പു.. അപ്പു.. എന്ത് പറ്റി മോനെ. അവൾ അവനെ കുലുക്കി വിളിച്ചു. പക്ഷെ അവൻ ഉണർന്നില്ല.. " ന്റെ റബ്ബേ.. ന്റെ കുഞ്ഞ്. അപ്പുവിന്റെ ദേഹം മുഴുവൻ തീ പോലെ പൊള്ളുന്നുണ്ടായിരുന്നു.. അവൾ പേടിയോടെ ജഗ്ഗിൽ നിന്ന് കുറച്ചു വെള്ളമെടുത്ത് അവന്റെ മുഖം തുടച്ച ശേഷം ടവലിൽ പൊതിഞ്ഞ് അവനെ കോരിയെടുത്ത് പുറത്തേക്കോടി ലിഫ്റ്റിൽ കുത്തി. ലിഫ്റ്റ് പതിനാലാം നിലയിലേക്ക് ഉയർന്ന് പോകുകയാണ്. അവൾ തൊട്ടടുത്ത ലിഫ്റ്റിലും കുത്തി നോക്കി.

രണ്ടാം നിലയിലെ നമ്പർ തെളിഞ്ഞു കിടക്കുന്നുണ്ട്. അൽപ്പനേരം നിന്നിട്ടും കാണാതായതോടെ അവൾ അവനെയും കൊണ്ട് പടികെട്ടുകളിറങ്ങി.. " മാധവേട്ടാ പെട്ടെന്നൊരു ഓട്ടോ വിളിക്കോ ? " എന്താ എന്ത് പറ്റി മോളെ ? " കുഞ്ഞിന് തീ പോലെ പൊള്ളുന്നു. വിളിച്ചിട്ട് എഴുന്നേൽക്കുന്നില്ല. എട്ടാം നിലയിൽ നിന്ന് അവനെയും താങ്ങിയിറങ്ങി വന്നപ്പോഴേക്കും അവൾ നന്നേ കിതച്ചിരുന്നു.. " ഒന്ന് പെട്ടെന്ന് വിളിക്ക് മാധവേട്ടാ. അപ്പു.. അപ്പു.. " ദേ ഇപ്പൊ വിളിക്കാം മോളെ. അവൾ വല്ലാതെ ഭയന്ന് പോയിരിക്കുന്നു.. സെക്യൂരിറ്റി മാധവൻ കാബിനിൽ നിന്നിറങ്ങി റോഡിലേക്ക് ഓടി.. പിന്നാലെ അവളും. " ഡാ ചന്ദ്ര പെട്ടെന്ന് വണ്ടിയെടുത്തെടാ. "

ഹാ ഞാന ചായൊന്ന് കുടിച്ചോട്ടെ മാധവേട്ടാ ഗോപിയുടെ കടയിൽ ചായ കുടിച്ചു കൊണ്ട് നിന്ന ഓട്ടോ ഡ്രൈവർ ചന്ദ്രൻ ഞെട്ടി തിരിഞ്ഞു നോക്കി.. " ഒന്ന് വേഗം വാടാ. ഒരാശുപത്രി കാര്യാ. " ആർക്കാ മാധവാ. " ബീന മാഡത്തിന്റെ മോനാ. " ഹാ ഒരു കൊച്ചിന്റെ കാര്യല്ലെടോ ചായൊക്കെ വന്നിട്ട് കുടിക്കാം. ചായക്കടക്കാരൻ ഗോപി ചാടി പുറത്തിറങ്ങി.. ചന്ദ്രൻ ചായ പാതിയിൽ ഉപേക്ഷിച്ചു വണ്ടിയെടുത്ത് തിരിച്ചിട്ടു. " നിന്റെല് കാശ് വല്ലോം ഉണ്ടോ നബീസു.. " കാശ്.. കാശ്.. അതൊക്കെ ആരോടെലും വാങ്ങിക്കാം മാധവേട്ടാ. ആദ്യം ഒന്നാശൂത്രീല് ചെല്ലട്ടെ .. പടച്ചോനെ ന്റെ കൊച്ച് അപ്പുവിന്റെ വായിൽ നിന്ന് നുരയും പതയും ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു. നബീസു സാരി തുമ്പ് കൊണ്ട് അവന്റെ മുഖം തുടച്ചു. "

ഗോപിയേട്ടാ ഒരഞ്ഞൂറ് രൂപ തന്നെ, വൈകീട്ട് എടുക്കാം.. മാധവൻ ചായക്കടയിൽ നിന്ന് കാശ് വാങ്ങി അവളുടെ കയ്യിലേക്ക് കൊടുത്തു.. " ചന്ദ്രാ , അടുത്തുള്ളത് ജനറലാ നേരെ അങ്ങോട്ട് വിട്ടോ.. ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോ ഞാനും വരാം.. " മാധവേട്ടാ മാഡത്തിന്റെ നമ്പർ ഉണ്ടെങ്കിൽ വിളിച്ചു പെട്ടെന്ന് വരാൻ പറയണേ. മാധവൻ അവനെ താങ്ങി നബീസുവിന്റെ മടിയിൽ കിടത്തി. അവൾ അവനെ നെഞ്ചോട് അടക്കി പിടിച്ചിരിക്കുകയാണ്.. ചന്ദ്രന്റെ ആഞ്ജനെയൻ ഓട്ടോ പൊടി പറത്തി മുന്നോട്ട് കുതിച്ചു. " ഒന്നൂല്ല അപ്പു.. അവൾ അവന്റെ ചുണ്ട് പിന്നെയും തുടച്ചു കൊണ്ടിരുന്നു. ഇടവഴികൾ കയറി ഓട്ടോ ജനറൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ പാഞ്ഞു വന്നു നിന്നു..

" ഞാൻ കൂടെ പിടിച്ചു തരാം ചേച്ചി. അപ്പുവിനെ വണ്ടിയിൽ നിന്നിറക്കാൻ നബീസു പ്രയാസപ്പെടുന്നത് കണ്ടപ്പോൾ ചന്ദ്രൻ സഹായത്തിന് ചെന്നു.. " ഡോ ആ വണ്ടി അവിടന്നൊന്നു മാറ്റിയിട്ടെ. " ചേച്ചി കേറിക്കോ. ഞാനിതൊന്നു മാറ്റിയിട്ട് വരാം.. അവളോടൊപ്പം അകത്തേക്ക് നടന്നപ്പോൾ ആശുപത്രി സെക്യൂരിറ്റി ചന്ദ്രനെ പിടിച്ചു നിർത്തി. അവനെ അവൾ താങ്ങിയെടുത്ത് അകത്തേക്ക് ഓടി. " എന്താ പറ്റിയത് ? " കൊച്ചിന് നല്ലപോലെ പനിക്കുന്നുണ്ട്, വിളിച്ചിട്ട് മിണ്ടുന്നുമില്ല. നബീസു വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. " ഒന്ന് പുറത്തേക്ക് നിന്നോളൂ, ചേച്ചി പേടിക്കണ്ട മോനൊന്നുമില്ല നബീസു സങ്കടത്തോടെ അവനെ നോക്കി കൊണ്ട് കാഷ്വാലിറ്റിയുടെ വാതിൽക്കലേക്ക് മാറി നിന്നു..

ജൂനിയർ ഡോക്ടർമാരിൽ ഒരാൾ അവനെ ബെഡിൽ കിടത്തി കണ്ണ് തുറന്ന് ടോർച്ച് അടിച്ചു നോക്കി. ഒരു നേഴ്‌സ് അവന്റെ വലത് കക്ഷത്തിൽ തെർമോമേറ്റർ തിരുകി വെച്ചു മാറി നിന്നു. മറ്റൊരു ജൂനിയർ ഡോക്ടർ കാഷ്വാലിറ്റി ചീട്ടിൽ എന്തൊക്കെയോ കുത്തി കുറിക്കുന്നുണ്ട്.. " ഹാ എല്ലാവരും കൂടെ വാതിൽക്കൽ ഇങ്ങനെ കൂട്ടം കൂടി നിൽക്കാതെ ഒന്ന് മാറി നിന്നെ.. മറ്റൊരു സെക്യൂരിറ്റി വന്ന് അകത്ത് കിടക്കുന്ന മറ്റുള്ള രോഗികളുടെ ബന്ധുക്കളെ മാറ്റി നിർത്തുന്നുണ്ടായിരുന്നു.. " ഡോക്ടർ എന്ത് പറഞ്ഞു ചേച്ചി ? " ഒന്നും പറഞ്ഞില്ല, അവര് നോക്കുന്നെയുള്ളൂ.. ഡ്രൈവർ ചന്ദ്രൻ അവൾക്കടുത്തേക്ക് വന്നു. തിരക്കിനിടയിൽ നിന്ന് നബീസു അകത്തേക്ക് എത്തി നോക്കുന്നുണ്ട്.

നേഴ്‌സ് തെർമോമീറ്ററെടുത്ത് പനിയുടെ തോത് നോക്കി. ശേഷം അവന്റെ കൈ തണ്ടയിൽ ഐ വി സൂചി കുത്തി, മരുന്നിന്റെ ഫ്ലോളോ നോർമലാക്കി. മരുന്നു തുള്ളി മെല്ലെ താഴേയ്ക്ക് ഇറ്റിറ്റ് വീണു തുടങ്ങി. " ഹാ.. നിങ്ങളോടെന്താ പറഞ്ഞിട്ട് മനസ്സിലാവാത്തെ, ആ വഴീന്ന് ഒന്ന് മാറി നിന്നെ.. സെക്യൂരിറ്റി പിന്നെയും ആളുകളോട് ചൂടായി. മധ്യവയ്സ്ക്കാനായ ഒരു സീനിയർ ഡോക്ടർ അവർക്കിടയിലൂടെ അകത്തേക്ക് വന്നു. ജൂനിയർ ഡോക്ടർമാർ അവർ കുറിച്ചെടുത്ത ഒബ്സർവേഷൻ നോട്ട് അദ്ദേഹത്തെ കാണിച്ചു എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അയാൾ അപ്പുവിന്റെ നെഞ്ചിലും വയറ്റിലും കൈ കൊണ്ട് തട്ടിയ ശേഷം സ്റ്റ്തെസ്കോപ് ചെവിയിൽ വെച്ചു പരിശോധിച്ചു‌.

ഇടത്ത് കൈ തണ്ടയിൽ വിരലമർത്തി പൾസ് നോക്കി. " ആ കുട്ടിയുടെ കൂടെ വന്നവർ ആരാ ? ഡോക്ടർ വിളിക്കുന്നുണ്ട് ഒരു നേഴ്‌സ് പുറത്തേക്ക് വന്നു. നബീസു ആളുകൾക്കിടയിൽ നിന്ന് തിക്കി തിരക്കി മുന്നിലേക്ക് കയറി. " കുട്ടിയുടെ പേരെന്താ ചേച്ചി. " അപ്പു. അകത്തേക്ക് കയറുന്നതിനിടയിൽ ജൂനിയർ ഡോക്ടർ തിരക്കി. അവരത് ചീട്ടിന് മുകളിൽ കുറിച്ചിട്ടു. " എന്നാ പനി തുടങ്ങിയത് ? " അറിയില്ല സാറേ. " അറിയില്ലെന്നോ, സ്വന്തം കുഞ്ഞിന് ഒരു പനി വന്നിട്ട് അമ്മയായ നിങ്ങളത് അറിഞ്ഞില്ലേ.. കൊള്ളാം നല്ല 'അമ്മ. എന്തായാലും ന്യൂമോണിയായപ്പോഴേക്കും കൊണ്ട് വന്നത് നന്നായി. ഇനി കരഞ്ഞിട്ടെന്തിനാ, ഐ സി യൂ ലേക്ക് മാറ്റേണ്ടി വരും. പെട്ടെന്ന് നബീസു പേടിയോടെ ഒന്ന് തേങ്ങി..

" സാറേ. ഞാനല്ല അവന്റെ അമ്മ. ഞാൻ വൈകുന്നേരം മാത്രം അവനെ നോക്കാൻ വരുന്ന ഒരു ആയ മാത്രാ. " അപ്പൊ ആ കുട്ടിയുടെ പരേന്റ്‌സ് എവിടെയാ? " രണ്ട് പേരും തിരക്കുള്ള ജോലിക്കാരാ. " ഓഹോ. നിങ്ങളാ കുട്ടിയുടെ അമ്മയെന്ന് കരുതിയാ ഞാൻ കുറച്ചു ദേഷ്യപ്പെട്ടു സംസാരിച്ചത്. സോറി ട്ടോ " ഉം. അയ്യോ അങ്ങിനൊന്നും പറയല്ലേ സാറേ.. എന്റെ കൊച്ചിന് ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു തന്ന മതി.. അവൾ ഡോക്ടർക്ക് നേരെ കൈ കൂപ്പി. " നിങ്ങള് പേടിക്കണ്ട. പിന്നെ അവന്റെ പരേന്റ്സിനെ വിവരം അറിയിച്ചിട്ടില്ലേ. " ങാ സാറേ.. " ഉം. തിരക്കൊക്കെ കഴിഞ്ഞു രണ്ട് ജോലിക്കാരും വരട്ടെ.. ഡോക്ടർ അപ്പുവിനെ ഐ സി യുവിലേക്ക് മാറ്റാൻ നിർദേശം കൊടുത്ത് കൊണ്ട് പുറത്തേക്ക് പോയി..

അറ്റാൻഡേഴ്സും, നേഴ്സും ചേർന്ന് അപ്പുവിനെ ഐ സി യൂ വിലേക്ക് കൊണ്ട് പോയി. " ചേച്ചി ഈ മരുന്നൊന്ന് പെട്ടെന്ന് വാങ്ങണം.. നേഴ്‌സ് ഒരു സ്ലിപ്പുമായി വന്നു. നബീസു അത് വാങ്ങി പുറത്തേക്ക് നടന്നു. " ചേച്ചി വേറെ അത്യാവശ്യം ഒന്നുമില്ലെങ്കിൽ ഞാൻ പോയിക്കോട്ടെ. രാത്രി ഒരോട്ടമുള്ളതാ. " ങാ.. തിരക്കുണ്ടെൽ പൊയ്ക്കോ. വണ്ടി കാശ് എത്രെയാ ? " അതൊക്കെ പിന്നെ പറയാം. ദാ ഇതൂടെ പിടിച്ചോ എല്ലാം കൂടെ ഞാൻ പിന്നെ വാങ്ങിക്കൊളം, ചന്ദ്രൻ പോക്കറ്റിലുള്ള രൂപയിൽ നിന്ന് മൂന്ന് നൂറിന്റെ നോട്ടുകൾ മടക്കി അവളുടെ കൈയിൽ കൊടുത്തു. " എനിക്ക് ഒരു സഹായം കൂടെ ചെയ്യോ ? " എന്തേ ചേച്ചി പറഞ്ഞോ, കഴിക്കാനെന്തെലും വേണോ ? "

അതല്ല. മാധവട്ടനെ കണ്ട് മക്കളോട് അപ്പുറത്തെ സീതേച്ചിയുടെ വീട്ടിൽ പോയിരുന്നോളാൻ ഒന്ന് പറയാവോ ? " അത് ഞാൻ പറഞ്ഞേക്കാം ചേച്ചി.. അയാൾ യാത്ര പറഞ്ഞു പുറത്തേക്ക് പോയി. നബീസു നേഴ്‌സ് കുറിച്ചു നൽകിയ ചീട്ടുമായി ഫാർമസിയിലേക്ക് നടന്നു. " ഹലോ ഗുഡ് ഈവനിംഗ് അരവിന്ദ് , ഞാൻ എയ്റ്റ് എയിലെ ബീനയാണ്. " ഹാ ഗുഡ് ഈവനിംഗ് മാഡം. പറയു . ബീന ഒരു മീറ്റിംഗ് ലോബിയുടെ സൈഡിൽ നിന്ന് ഫ്ലാറ്റ് അസോസിയേഷൻ സെക്രട്ടറിയെ വിളിക്കുകയാണ്. " സീ അരവിന്ദ്, എനിക്ക് ഇവിടെ നൂറ് കൂട്ടം തിരക്കുകളുണ്ട്. അതിനിടയിൽ നിങ്ങടെ സെക്യൂരിറ്റിയോട് സംസാരിച്ചു വേസ്റ്റാക്കാൻ എനിക്ക് ഒട്ടും ടൈമില്ല.. " മാഡം എനിക്കൊന്നും മനസിലായില്ല. എന്താ പ്രശ്നം.? "

അതെന്നോടല്ല, നിങ്ങൾ അപ്പോയിന്റ ചെയ്ത സെക്യൂരിറ്റിയോട് ചോദിക്കണം. എന്താ അയാളുടെ പേര്. ങാ മാധവൻ. ഇവിടെ ഒരു അര്ജന്റ് മീറ്റിങ് നടക്കുന്നതിനിടയിൽ നാലഞ്ച് തവണയാ ആ ഇഡിയറ്റ് എന്റെ ഫോണിലേക്ക് വിളിച്ചത്. എന്ത് അത്യാവിശ്യമായാലും അത് നോട്ടീസ് ബോർഡിൽ ഇട്ടാൽ മതി സീ ഇനി മേലാൽ ഇങ്ങനുള്ള യൂസ്‌ലെഴ്സിനെ കൊണ്ട് എന്റെ നമ്പറിലേക്ക് വിളിപ്പിക്കരുത്. കേട്ടല്ലോ. " ഇതുവരെ ഇവിടെത്തെ അസോസിയേഷൻ കാര്യങ്ങൾ പറയാൻ സെക്യൂരിറ്റിയെ ഏല്പിച്ചിട്ടില്ല മാഡം. പിന്നെ ഇങ്ങനൊരു സംഭവം നടന്നത് ഞാനറിഞ്ഞിട്ടില്ല. വിളിച്ചത് എന്തെങ്കിലും പേഴ്‌സണൽ കാര്യത്തിനാവും, ഞാൻ ഒന്ന് അന്വേഷിക്കട്ടെ. " എൻക്വറി ഒക്കെ നിങ്ങളുടെ കാര്യം. Dont repeat this.

" ഞാൻ പറഞ്ഞല്ലോ എന്താ ഉണ്ടായതെന്ന് ഞാനൊന്ന് തിരക്കട്ടെ. ഹാ ഇതെന്തൊരു മെനകേട്ട സ്ത്രീയാണ് അരവിന്ദ് സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ബീന ഫോൺ കട്ട് ചെയ്തു.. അയാൾ ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ട് സെക്യൂരിറ്റി കാബിനിലേക്ക് നടന്നു.. " മാധവേട്ടാ.. ഡോ മാധവേട്ടാ.. " ങാ ഞാനിവിടുണ്ട് സാറേ.. ഡ്യൂട്ടി കഴിഞ്ഞു പോകാൻ റൂമിൽ വസ്ത്രം മാറി കൊണ്ട് നിന്ന് മാധവൻ പുറത്തേക്കിറങ്ങി. " നിങ്ങക്കിത് എന്തിന്റെ കേടാ മാധവേട്ടാ. " എന്താ സാറേ , എന്തുണ്ടായി ? " നിങ്ങളെന്തിനാ ആ എയ്റ്റ് എ യിലെ ബീന മാഡത്തിനെ ഫോൺ ചെയ്തത് ? നിങ്ങൾക്ക് എന്തേലും പറയാനുണ്ടെങ്കിൽ സെക്രട്ടറിയായ എന്നോട് പറയണം, അല്ലാതെ ഫ്ലാറ്റ് ഹോൾഡേഴ്സിന്റെ പേഴ്‌സണൽ നമ്പറിലേക്ക് വിളിക്കേണ്ട കാര്യമെന്താ. ഇപ്പൊ ആ പെണ്ണുമ്പിള്ളേട വായിലിരികളുന്നത് മുഴുവൻ ഞാൻ കേക്കേണ്ടി വന്നില്ലേ. അയാളും കാരണമാറിയാതെ മാധവനോട് ദേഷ്യപ്പെടുകയാണ്. "

സാറേ ആദ്യം എനിക്ക് പറയുനുള്ളത് സമാധാനത്തോടെ കേൾക്ക്. അവരുടെ മോനെ ആകെ പനിച്ചു വിറച്ചു അവിടെ അതിനെ നോക്കാൻ വരുന്ന പെങ്കൊച്ച് ആശുപത്രിയിലേക്ക് എടുത്തോണ്ട് ഓടി. ഞാനാ ഒരു വണ്ടി വിളിച്ചു അവരെ കേറ്റി വിട്ടത്, ആ കാര്യം അവരോട് ഒന്ന് പറയാൻ വേണ്ടി വിളിച്ചതാ. അല്ലാതെ എനിക്ക് തലയ്ക്കെന്താ ഒളോ.. " എന്നായിത് നിങ്ങക്ക് ആദ്യമേ പറഞ്ഞൂടായിരുന്നോ ? " പറയാനൊരു സാവകാശം സാറ് തന്നിട്ട് വേണ്ടേ.. ദേ ഇപ്പൊ കാര്യം അറിഞ്ഞല്ലോ. സെക്രട്ടറി സാറ് തന്നെ ഈ വിവരം അവരെ ഒന്ന് വിളിച്ചു പറഞ്ഞാട്ടെ.. പത്തിന്റെ പൈസയില്ലാതെയാ ആ നബീസു അതിനേം കൊണ്ട് ഓടിയത്, തിരക്കൊക്കെ കഴിഞ്ഞു നേരം ഉണ്ടെങ്കി അത് ജീവനോടെ ഉണ്ടോന്ന് ഒന്ന് അന്വേഷിക്കാൻ പറഞ്ഞാൽ നന്നായിരിക്കും.. ദേ എന്റെ ഡ്യൂട്ടി കഴിഞ്ഞു ഞാനിറങ്ങുവാ. മാധവൻ തന്റെ ചെറിയ ഹാൻഡ് ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങി..

" തനിക്ക് കാശ് വല്ലതും വേണോ ? " എന്തിനാ സാറേ. ഇപ്പൊ വിളിച്ച ചീത്ത മുഴവൻ കേട്ടതിനാണോ ? എന്ന അത് വേണ്ടാ സാറേ.. അല്ലേലും അന്നന്നപ്പം തേടിയിറങ്ങുന്ന ഞങ്ങളെ പോലുള്ള പാവപ്പെട്ടവരോട് കാശുള്ളവർക്ക് എന്തും ആവല്ലോ.. ആയിക്കോ.. അയാളുടെ മുന വെച്ച വാക്കുകൾക്ക് മുന്നിൽ അരവിന്ദന് ഉത്തരമുണ്ടായില്ല.. " എന്തായാലും വിളിക്കുമ്പോ മോനെ കാണണമെന്ന് പറയേണങ്കിൽ ജനറൽ ആശുപത്രില് ഉണ്ടെന്ന് പറഞ്ഞേക്ക്, ഞാനെന്തായാലും അങ്ങോട്ട് ഒന്ന് പോകുവാ. ഒന്നിലേലും കാണുമ്പോ വിശപ്പിന് ഒരു നേരത്തെഭക്ഷണം വാങ്ങി കൊടുത്തതിന്റെ സ്നേഹങ്കിലും കാണിക്കുന്ന കൊച്ചനാ.. മാധവൻ അരികിലിരുന്ന സൈക്കിൾ എടുത്ത് പുറത്തേക്ക് ഇറങ്ങി..

അരവിന്ദ് അയാൾ പോകുന്നതും നോക്കി കുറ്റബോധത്തോടെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ബീനയെ വിളിച്ചു. അവരുടെ നമ്പർ ഓഫാണ്. ശേഷം അയാൾ അവരുടെ നമ്പറിലേക്ക് ഒരു മെസ്സേജ് അയച്ചു.. നിങ്ങളുടെ മകനെ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കഴിയുന്നതും വേഗം വരിക. " എന്തായി നബീസു.. ഡോക്ടർ എന്ത് പറഞ്ഞു. " പനി കൂടി ന്യൂമോണിയായി മാധവേട്ടാ, അവനെ ഐ സി യൂ വിലേക്ക് മാറ്റി. നബീസുവിനെ തിരഞ്ഞു നടന്ന് തളർന്ന മാധവൻ ഒടുവിൽ ഐ സി യൂ യൂണിറ്റിന്റെ മൂലയിലെ ഇരുമ്പ് ബെഞ്ചിൽ തളർന്നിരിക്കുന്ന അവളെ കണ്ടെത്തി.. " ഉം.. നീ വല്ലതും കഴിച്ചായിരുന്നോ ? " വിശപ്പും ദഹോക്കെ ഞാൻ മറന്ന് പോയി മാധവേട്ടാ.. എന്റെ പിള്ളേര് ?

" ങാ അവരെ ഞാൻ സീതയുടെ വീട്ടിലാക്കിയിട്ടാ പോന്നത്.. " മാഡത്തിനെ വിളിച്ചു പറഞ്ഞായിരുന്നോ ? " ഓ ആ കാര്യം ഒന്നും പറയാതിരിക്കുന്നതാ നല്ലത് , " അവന് എങ്ങിനെയുണ്ട് മാധവേട്ടാ ? പെട്ടെന്ന് സെക്രട്ടറി അരവിന്ദ് അവിടേക്ക് വന്നു.. " സാറെന്താ ഇവിടെ ? " ആ പെണ്ണുമ്പിള്ളേയെ വിളിച്ചിട്ട് കിട്ടുന്നില്ല. വിവരം പറഞ്ഞു ഞാനൊരു മെസ്സേജ് ഇട്ടിട്ടുണ്ട്. പിന്നെ നിങ്ങളവിടെന്നത്രേം പറഞ്ഞ് പോന്നിട്ട് ഒന്നിവിടെവരെ വന്നില്ലെങ്കിലെങ്ങിനെയാ, ചെക്കന് കുറവുണ്ടോ ? " ഐ സി യൂ ലാണ്.. നീ വാ നബീസു നമുക്ക് ഒരു ചായ കുടിച്ചിട്ട് വരാം. " എനിക്ക് വേണ്ടാ മാധവേട്ടാ.. വേണ്ടഞ്ഞിട്ടാ.. " ഹാ കണ്ടൊരുടെ കൊച്ചിന് വേണ്ടി നീയെന്തിനാടി പട്ടിണിയിരിക്കുന്നെ. "

അങ്ങിനൊന്നും പറയല്ലേ മാധവേട്ടാ. ഒന്നിലേലും കൊറച്ചു നാള് ഊട്ടിയുറക്കി കൊണ്ട് നടന്നതല്ലേ.. " ങാ.. അതൊക്കെ നേര് തന്നെ നീ ഇപ്പൊ വാ.. അയാൾ അവളെ നിർബന്ധിച്ചു ക്യാന്റീനിലേക്ക് വിളിച്ചു.. സാറ് വരുന്നോ? " അതെന്താ എനിക്ക് ചായ കുടിച്ചാൽ ഇറങ്ങില്ലേ? " അല്ല നിങ്ങളൊക്കെ ധർമ ചായ കുടിക്കൊന്നു അറിഞ്ഞൂടല്ലോ. " മാധവേട്ടാ ഇവിടെ കൊതുകുണ്ടെന്നു കരുതി ആ തിരി എന്റെ മൂട്ടിലിട്ട് പൊകക്കല്ലേ.. അരവിന്ദ് മാധവന്റെ തോളിൽ തമാശ പോലെ ഒന്നടിച്ചു.. പെട്ടെന്ന് അരവിന്ദിന്റെ ഫോൺ റിംഗ് ചെയ്തു.. അയാൾ കോളെടുത്തു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story