എന്റെ ഉമ്മാന്റെ പേര്: ഭാഗം 6

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

അരവിന്ദ് മാധവന്റെ തോളിൽ തമാശ പോലെ ഒന്നടിച്ചു.. പെട്ടെന്ന് അരവിന്ദിന്റെ ഫോൺ റിംഗ് ചെയ്തു.. " ഹലോ അരവിന്ദ് ബീനയാണ്." " ങാ മെസ്സേജ് കണ്ടല്ലോല്ലേ." അയാൾ കോളെടുത്തു. " ഇവിടെ എത്രയോ നല്ല സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ഉണ്ടായിട്ടും അവനെ എന്തിനാ അരവിന്ദ് നിങ്ങളാ ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയത്. അവനെ ഇപ്പൊ തന്നെ അവിടുന്ന് ഡിസ്ചാർജ് ചെയ്ത് സൺറൈസ് ഹോസ്പിറ്റലിലേക്ക് ഷിഫിറ്റ് ചെയ്യണം.." " ഹലോ മാഡം . നിങ്ങള് പറയുന്നത് പോലെ ചെയ്യാൻ ഐ ആം നോട്ട് യൂവർ സെർവെന്റ്. പിന്നെ വിവരമറിഞ്ഞപ്പോൾ ഒരു സാമാന്യ മര്യാദയുടെ പേരിൽ ഒന്നറിയിച്ചതാണ്. " " അയ്യോ ഞാൻ അങ്ങിനെ ഉദ്ദേശിച്ചു പറഞ്ഞതല്ല അരവിന്ദ്, ഞാനിപ്പോ ഓഫീസിൽ നിന്നിറങ്ങിയതെയുള്ളൂ, നാളത്തെ വിമൻസ് ഡേക്ക് പ്രസ് റീലീസിന് കൊടുക്കേണ്ട മാറ്ററിന്റെ ഒരു അർജന്റ് മീറ്റിങ്ങിന് പോയിക്കൊണ്ടിരിക്കുവാ. ഒന്ന് ഹെൽപ്പ് ചെയ്യൂ അരവിന്ദ് "

" വയ്യാതെ കിടക്കുന്ന മകനോളം വലിയ എന്ത് തിരക്കാണ് മാഡം." " ഐ നോ അരവിന്ദ്, ബട്ട് ഇന്ന് ഞാനാ മീറ്റിങ്ങിന് ചെന്നില്ലെങ്കിൽ ഒന്നും ശരിയാവില്ല. ഇപ്പൊ എട്ട് മണി, ഒരു വൺ അവറിനുള്ളിൽ ഞാൻ ഫ്രീയാവും. സൺറൈസ് ഹോസ്പിറ്റലാകുമ്പോൾ എനിക്ക് ഏത്താനും എളുപ്പമാണ്. ഒന്ന് സഹായിക്കൂ പ്ലീസ്.. അരവിന്ദ് എനിക്ക് ഒരു കോൾ വരുന്നുണ്ട്. പറഞ്ഞത് പോലെ ഒന്ന് ചെയ്തേക്കണെ.. പ്ലീസ്." " അയ്യേ. ഇതെന്തൊരു സ്ത്രീയാണ്. ഛെ " അരവിന്ദ് മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും ബീന ഫോൺ കട്ട് ചെയ്തു.. അയാൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.. " അവനിപ്പോ എങ്ങിനെയുണ്ട് ഡോക്ടർ ? " പേടിക്കാനൊന്നുമില്ലന്ന് ഞാൻ പറഞ്ഞില്ലേ. ഇപ്പൊ ടെംപറേച്ചർ അൽപ്പം കുറഞ്ഞിട്ടുണ്ട്.

നാളെ രാവിലെ പീടിയാട്രിഷൻ വന്നു നോക്കിയിട്ട് എന്താ വേണ്ടെന്ന് നോക്കാം.." ഡോക്ടർ ഐ സി യൂ വിൽ അപ്പുവിനെ നോക്കിയ ശേഷം പുറത്തേക്ക് വരുന്നത് കണ്ട് നബീസു കസേരയിൽ നിന്നെഴുനേറ്റ് അരികിലേക്ക് ചെന്നു. " കൊച്ചിന്റെ പേര്ന്റ്സ് ഇതുവരെ വന്നില്ലേ? " " ഇല്ല ഡോക്ടർ." " അല്ലെങ്കിലും എനിക്കിത് കിട്ടണം, " എന്താ സാറേ, എന്ത് കിട്ടിയ കാര്യാ ? അരവിന്ദൻ പിറുപിറുക്കുന്നത് കേട്ട് മാധവൻ സംശയത്തോടെ നോക്കി. " അപ്പൂന്റെ തള്ളയ്ക്ക് അവനെ ഇപ്പൊ തന്നെ ഇവിടുന്ന് ഡിസ്ചാർജ് ചെയ്ത് കൊമ്പത്തെ ആശുപത്രിലേക്ക് കൊണ്ടോണം പോലും." " അവരുടെ മോനല്ലേ , അവരെവിടെയാന്ന് വെച്ചാൽ കൊണ്ടോട്ടെ. അതിന് സാറെന്തിനാ തല പുകയ്ക്കുന്നെ."

" അതിന് അവർക്ക് വരാൻ നേരമില്ല പോലും എന്നോട് ഒന്ന് സഹായിക്കാൻ പറഞ്ഞു വിളിച്ചേക്കുന്നു.. ഡോക്ടർ കുട്ടിയുടെ പരേന്റ്സ് ഡിസ്ചാർജ് വാങ്ങാൻ പറയുന്നു. " " എന്നിട്ട് അവരെവിടെ ? " അവര്.. അവര് വന്നിട്ടില്ല. " അയാൾ നിന്ന് പരുങ്ങി. " പിന്നെ അവര് വരാതെയെങ്ങിനെയാ ഡിസ്ചാർജ് ചെയ്യുന്നേ ? " അവർക്ക് എന്തോ തിരക്ക്." " നിങ്ങള് കുട്ടിയുടെ ആരാ.? " ഞാനവരുടെ നൈബെർ മാത്രാ.." " ഓഹോ അവർക്കത്രയ്ക്ക് തിരക്കാണോ. എന്നാ ആദ്യം അവരവിടെ വരട്ടെ. എന്നിട്ട് ഡിസ്ചാർജ് ചെയ്യണോ വേണ്ടയോ ഞാനാലോചിക്കാം. എന്തായാലും ഇന്ന് അവര് വന്ന് കണ്ടിട്ടേ ഞാൻ ഡ്യൂട്ടി മാറുന്നുള്ളൂ. " ഡോക്ടർ ദേഷ്യത്തോടെ അകത്തേക്ക് പോയി.. " ഹോ എന്നാലും അവരെ സമ്മതിക്കണം. "

" ഇതിപ്പോ ആകെ മേനക്കേടായല്ലോ " " സാറിവിടെ കിടന്ന് താളം ചവിട്ടാതെ ആ പെണ്ണുമ്പിള്ളേയോട് വിളിച്ചു വരാൻ പറയ്. എന്നാലും സ്വന്തം കൊച്ചിനോടുള്ള ആത്മാർത്ഥ കൊള്ളാം.. " നബീസു എല്ലാം കേട്ട് നിന്നല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. അവൾ ഐ സി യൂ വിന്റെ വ്യൂ പോയിന്റിലൂടെ അകത്തേക്ക് നോക്കി. ഭിത്തിയുടെ അരികിനോട് ചേർന്ന് അവൻ ഉറങ്ങുകയാണ്. " ഹലോ മാഡം പേരന്റ്സ് വരാതെ ഡിസ്ചാർജ് തരില്ലെന്നാ ഡോക്ടർ പറയുന്നത്." " എന്നു പറഞ്ഞാലെങ്ങിനെയാ, എനിക്ക് വരാൻ പറ്റാത്ത തിരക്ക് ആയത് കൊണ്ടല്ലേ. ആ ഡോക്ടറോട് ഒന്നൂടെയോന്ന് പറഞ്ഞു നോക്ക്.. നമുക്ക് പത്തോ ആയിരോ എന്താന്നു വെച്ചാൽ അയാൾക്ക് കൊടുക്കാം..

അരവിന്ദ് നമ്പർ ഡയൽ ചെയ്ത് ശേഷം ഫോൺ സ്പീക്കറിൽ ഇട്ടിരുന്നു. ബീനയുടെ സംസാരം കേട്ട് പെട്ടെന്ന് ഡോക്ടർ പുറത്തേക്ക് വന്നു.. " ഹലോ.. iam ഡോക്ടർ ജയചന്ദ്രൻ. " ഹലോ ഡോക്ടർ ഗുഡ് ഈവനിംഗ് . എന്റെ മകൻ നിരഞ്ജനെയാ അവിടെ അഡ്മിറ്റ് ചെയ്തിരിക്കുന്നെ. ഒന്ന് ഡിസ്ചാർജ് ചെയ്തു തന്നിരുന്നെങ്കിൽ വല്ല്യ ഉപകാരമായിരുന്നു." ഡോക്ടർ അരവിന്ദന്റെ കൈയിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി. " അതിനെന്താ മാഡം. നിങ്ങള് രണ്ട് പേരും ജസ്റ്റ് ഒന്നിവിടെ വന്നാൽ മാത്രം മതി, അപ്പൊ തന്നെ ഞാൻ ഡിസ്ചാർജ് തന്നേക്കാം. എന്താ പോരെ ? " ഹസ്ബൻഡ് ഇപ്പൊ അവിടെയെത്തും, എനിക്ക് ഒരു എമർജൻസി മീറ്റിംഗ് ഉണ്ട്. " അതൊന്നും മിസ്സാക്കണ്ട മാഡം. ഒന്നിവിടെ വരുക, കാണുക, കുട്ടിയുമായി പോവുക, thats all . അപ്പോ ശരി. Come fast. " ഓക്കേ ഓക്കേ.. ഐ വിൽ കം. ഡോക്ടർ പുച്ഛത്തോടെ ഫോൺ കട്ട് ചെയ്തു അരവിന്ദന് നീട്ടി. അയാൾ ചമ്മലോടെ മുഖം തിരിച്ചു.

" ഹാ രാജീവ് ഇവിടെയുണ്ടായിട്ടാണോ എന്നോട് അത്യാവശ്യമായി വരാൻ ഡോക്ടർ പറഞ്ഞത് ? " ഞാൻ ദേ വന്നിറങ്ങിയതെയുള്ളൂ ബീനെ. അരവിന്ദന്റെ മെസ്സേജ് കിട്ടിയപ്പോ മുതൽ ഞാനിരുന്നു ഉരുകുവായിരുന്നു. അടുത്താഴ്‌ച്ച ഓഡിറ്റിങ് ആണ്. അതിനിടയിൽ ഇതും കൂടി കേട്ടപ്പോ ഹോ. പാർക്കിങ്ങിൽ വണ്ടി ഒതുക്കി അകത്തേക്ക് നടക്കുമ്പോൾ ബീനയുടെ കാർ ഗേറ്റ് കടന്ന് അയാൾക്കരികിൽ വന്നു നിന്നു. " ഇവിടെ പാർക്ക് ചെയ്യാൻ പാടില്ല ചേച്ചി.. " ഡോക്ടറെ ഒന്ന് കണ്ടിട്ട് ഇപ്പൊ തന്നെ മാറ്റാം.. " എത്ര മിനിറ്റായാലും വണ്ടിയിവിടെ ഇടാൻ പറ്റില്ല. എമർജൻസി കേസുമായിട്ടു ഒരുപാട് വണ്ടികൾ വരുന്നതാ. ബീന കാഷ്വാലിറ്റിയുടെ മുന്നിലേക്ക് വണ്ടി കയറ്റി ഇറങ്ങാൻ തുടങ്ങി.

പെട്ടെന്ന് സെക്യൂരിറ്റി വന്ന് അവരെ തടഞ്ഞു. " ഹോ.. അവന്റെയൊരു എമർജൻസി കേസ്.. ബീന ദേഷ്യത്തിൽ വണ്ടി പിന്നിലേക്കെടുത്തു. അൽപ്പം മാറിയുള്ള പേ ആൻഡ് പാർക്കിങ്ങിൽ കൊണ്ട് ചെന്നിട്ട ശേഷം ധൃതിയിൽ അകത്തേക്ക് നടന്നു. പെട്ടെന്ന് അവരെ മറികടന്ന് ഒരു ആംബുലൻസ് സൈറൻ മുഴക്കി അകത്തേക്ക് പാഞ്ഞു കയറി. അവർ ഒന്ന് ഞെട്ടി പിന്നോട്ട് മാറി.. അറ്റന്റെഴ്സ് വണ്ടിക്ക് പിന്നിൽ ചെന്ന് ഡോർ തുറന്നു സ്ട്രക്ചറിലേക്ക് ആളെ പിടിച്ചു കിടത്തി. " ആക്ക്സിഡന്റ കേസാ." വണ്ടിയിൽ വന്നവരിൽ ഒരാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ശരീരം മുഴുവൻ ചോരയിൽ മുങ്ങിയ ആളെ കണ്ടപ്പോൾ ബീനയ്ക്ക് ഓക്കാനം വന്നു. അവർ അറപ്പോടെ മുഖം വെട്ടിച്ചു വേഗത്തിൽ അകത്തേക്ക് നടന്നു. "

ഇങ്ങനെ നോക്കി നിൽക്കാതെ ഡോക്ടർ എവിടെയാണെന്ന് ഒന്ന് അന്വേഷിക്ക് രാജീവ്. ഹോ. ലേറ്റ് ആയാൽ എന്റെ പ്ലാനിംഗുകളെല്ലാം തെറ്റും. " ഇങ്ങനെ ധൃതിപിടിച്ചാലെങ്ങിനെയാ ബീന. ആദ്യം അവരേത് ബ്ലോക്കിലാണെന്നു കണ്ടു പിടിക്കട്ടെ.. അകത്ത് കിടക്കുന്ന മകനേക്കാൾ വലുതായി അവർക്ക് തോന്നിയത് മാധ്യമ ശ്രദ്ധയിൽപ്പെടുത്തണ്ട അവരുടെ വനിതാദിന സന്ദേശകുറിപ്പ്കളെ കുറിച്ചായിരുന്നു. " ഹാ നിങ്ങളെത്തിയോ? " " അപ്പുവിന് എന്താ അരവിന്ദ് പറ്റിയത്? പുറത്തെ ആൾ കൂട്ടവും ബഹളവും കണ്ട് അരവിന്ദ് പുറത്തേക്ക് വരുന്നുണ്ടായിരുന്നു.. " പനിയാണെന്ന് പറഞ്ഞല്ലോ, പിന്നെയെന്തിനാ രാജീവ് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു ടൈം വേസ്റ്റാക്കുന്നത്.

ഹലോ. ഇല്ല ചേച്ചി. മറ്റെർ ഞാൻ വന്നിട്ടെഴുതാം. ഇല്ലില്ല അതികം ലേറ്റാവില്ല ഏറിയാൽ ഒരു പത്ത് മിനിറ്റ്. നിങ്ങളിറങ്ങിക്കോ..ok ബൈ.. വന്നേ രാജീവ് നമുക്ക് ഡോക്ടറെ കാണാം. എനിക്ക് പെട്ടെന്ന് പോണം ഫോണിൽ വിളിച്ച പെൺപടയുടെ മറ്റൊരു അമരക്കാരി യോട് സംസാരിച്ചു കൊണ്ട് അവർ തിരക്ക് കൂട്ടി അകത്തേക്ക് നടന്നു. " ഇന്ന് പെട്ടെന്ന് പോയത് തന്നെ. ങാ ചെല്ല്, ചെല്ല്. അരവിന്ദിന് ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു.. " ഡോക്ടർ ജയചന്ദ്രൻ , അങ്ങിനെയല്ല അരവിന്ദ് പേര് പറഞ്ഞത് ? " ങാ.. കാഷ്വാലിറ്റിക്ക് മുന്നിൽ ചെന്ന് ബീന അരവിന്ദിനെ തിരിഞ്ഞു നോക്കി. അയാൾ അതേ എന്നർത്ഥത്തിൽ ഒന്ന് മൂളി.. " ഡോക്ടർ കുറച്ചു തിരക്കിലാ. ഇപ്പൊ കാണാൻ പറ്റില്ല.. "

നിരഞ്ജന്റെ അമ്മ വന്നിട്ടുണ്ടെന്ന് ഒന്ന് പറഞ്ഞാൽ മതി. ഇരുണ്ട് തടിച്ചു മധ്യവയ്സ്‌ക്കയായ ഒരു അറ്റന്റെണ്ടർ സ്ത്രീ പുറത്തേക്ക് വന്നു.. " ആരുടെ അമ്മയായാലും ശരി ഇപ്പൊ കാണാൻ പറ്റില്ല. സാർ ഒരു ആക്‌സിഡന്റ കേസ് നോക്കുവാ. " നിങ്ങളാദ്യം അത് ഡോക്ടറോട് ഒന്ന് പറയു.. " ആഹാ. എനിക്ക് സൗകര്യമില്ല , അങ്ങോട്ട് മാറി നിൽക്ക് പെണ്ണുമ്പിള്ളേ, അവർ മുഖം കോട്ടി വാതിൽക്കൽ നിന്ന് ബീനയെ തള്ളി മാറ്റി കൊണ്ട് അകത്തേക്ക് പോയി.. " എന്തൊരു കൾച്ചറില്ലാത്ത സ്‌ത്രീയാണ്. ഇതാണ് ഈ വക സ്ഥലത്തു വരാൻ എനിക്ക് താൽപര്യമില്ലെന്ന് പറഞ്ഞത്. അവർ ദേഷ്യത്തോടെ പല്ലിറുമ്മി കൊണ്ട് അകത്തേക്ക് നോക്കി. ആ സ്ത്രീ പുറത്തേക്ക് ചൂണ്ടി ഡോക്ടറോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..

ആളെ മനസിലായപ്പോൾ ഇപ്പോൾ വരാം എന്ന് ഡോക്ടർ കൈ കൊണ്ട് കാണിച്ചു. അവർ അപ്പോഴും ഒരു നാല് വരി കുറിപ്പ് കൊണ്ട് നാളെയെ മാറ്റി മറിക്കാനുള്ള ചർച്ചയിലേക്കെത്താനുള്ള തിരക്കിലായിരുന്നു. അതിനിടയിൽ തണുത്ത ചില്ല് കൂട്ടിൽ കിടക്കുന്ന സ്വന്തം രക്തത്തെ കുറിച്ചു തിരക്കാനോ, അവനെ വാതിൽക്കൽ നിന്ന് ഒരുവട്ടം നോക്കി കാണാനോ അവർ മറന്ന് പോയി.. പക്ഷെ ഒരു ബന്ധത്തിന്റെയും പങ്ക് പറ്റാത്ത ഒരുവൾ ആ ഇടുങ്ങിയ വാതിലിന് മുന്നിൽ പ്രാർത്ഥനയോടെ കാത്ത് നിൽപ്പുണ്ടായിരുന്നു എന്നവർ അറിഞ്ഞില്ല.. " നിങ്ങളെ ഡോക്ടർ അകത്തേക്ക് വിളിക്കുന്നുണ്ട് ഒരു നേഴ്‌സ് പുറത്തേക്ക് വന്നു. അവർ സാരിയുടെ തലപ്പും, ഞൊറിയും ഒന്ന് നേരെയാക്കി കാഷ്വാലിറ്റിയുടെ അരികിലെ നീല തുണി കൊണ്ട് മറച്ച ക്യാബിനിലേക്ക് നടന്നു.. " അപ്പുവിന്റെ പേരന്റ്സ് ആണല്ലേ. ങാ നിങ്ങളിരിക്ക് "

" സീ ഡോക്ടർ ഒരഞ്ചു മിനിറ്റ് എന്നും പറഞ്ഞ് നിങ്ങളെന്നെയിവിടെ വിളിച്ചു വരുത്തിയിട്ടു ഇപ്പൊ അര മണിക്കൂറിന് മുകളിലായി. എനിക്ക് പോയിട്ട് ഒരുപാട് കാര്യങ്ങളുള്ളതാ.. സോ നിങ്ങടെ സില്ലി കാര്യങ്ങൾക്ക് വേണ്ടി കളയാൻ ഐ ഹാവ് നോ ടൈം. ഒരു മുഖവുര പോലുമില്ലാതെ ബീന ഡോക്ടറോട് ധാർഷ്ട്യത്തിൽ പെരുമാറി. " അപകടത്തിൽ പെട്ട് വന്നൊരാളുടെ ജീവൻ രക്ഷിക്കുന്നതാണോ മാഡം നിങ്ങള് കണ്ട സില്ലി തിംഗ്‌സ്, ഇഫ് യൂവാർ തിങ്കിംഗ് സോ. ഐ ഡോണ്ട് മൈൻഡ്. ബിക്കോസ് ഒരു ഡോക്ടർ എന്ന നിലയിൽ എന്റെ പ്രൈം കോണ്സെൻ അതാണ്. മൈ റെസ്പോൻസിബിലിറ്റി. അതിനിടയിൽ നിങ്ങളുടെ തിരക്കുകൾ എനിക്ക് ദേ.. ഡോക്ടർ പുച്ഛത്തോടെ ഒരു തുണ്ട് പേപ്പർ ചുരുട്ടി വേസ്റ്റ് ബാസ്കറ്റിലേക്ക് ഇട്ടു. " ആർ യു ട്രയിങ് ടു ഇൻസൾട്ട് മീ.? " ഫോർ വാട്ട് ? നമ്മൾ തമ്മിൽ യാതൊരു മുൻപരിചയവുമില്ല.

ബട്ട് നൊന്ത് പ്രസവിച്ച കുഞ്ഞിന് വയ്യാതെ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞിട്ടും, അത് എന്താണെന്ന് അന്വേഷിക്കാതെ, എല്ലാ തിരക്കുകളും മാറ്റി വെച്ചു അവനെ തിരഞ്ഞു വരാതെ, നിങ്ങടെ സ്റ്റാറ്റസും, ഹോസ്പിറ്റലിന്റെ റേപ്പ്യൂട്ടേഷൻ നോക്കി കുഞ്ഞിനെ മറ്റൊരു ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാൻ നോക്കി. അവന്റെ കണ്ടീഷൻ എന്താണെന്ന് പോലും ചോദിക്കാതെ അവനെ ഡിസ്ചാർജ് ചെയ്യാൻ എനിക്ക് നിങ്ങൾ കൈകൂലി ഓഫർ ചെയ്തു. സത്യത്തിൽ നിങ്ങളോരമ്മയാണോ ? അതോ അവനെ ഏതേലും ഓര്ഫനേജിൽ നിന്ന് അഡോപ്പ്റ്റ് ചെയ്തതാണോ ?. " മൈൻഡ് യൂ വർ ടങ്ക്. ഞാനാരാണെന്ന് തനിക്കറിയില്ല.." " നിങ്ങളാരന്നുള്ളത് നിങ്ങടെ സംസാരത്തിൽ നിന്ന് എനിക്കിപ്പോ മനസിലായി...

ഒരു ഗവണ്മെന്റ് ഡോക്ടറെ ബ്രൈബ് ചെയ്യാൻ ശ്രമിച്ചാൽ എന്താ ഉണ്ടാവുക എന്നു ഞാൻ പറയാതെ തന്നെ അറിയല്ലോല്ലേ." " താനെന്നെ ഭീഷണിപ്പെടുത്തുകയാണോ ? " ആണെന്ന് തോന്നിയെങ്കിൽ അങ്ങിനെ തന്നെ കരുതിക്കോ ." " ബീന പ്ലീസ്. ഇതൊരു ഹോസ്പിറ്റലാണ്. ഒന്ന് പതുക്കെ." " രാജീവ് ഒന്ന് മിണ്ടാതിരുന്നെ ഇയാൾ എന്നെ എന്താ ചെയ്യുന്നെന്നു ഒന്ന് കാണാണോല്ലോ.. " " ഡോക്ടർ ശബ്ദം .. " ഓകെ ഓകെ. തർക്കം മുറുകിയപ്പോൾ പെട്ടെന്നൊരു നേഴ്‌സ് മറ മാറ്റി അകത്തേക്ക് വന്നു.. ഡോക്ടർ കുപ്പിയിൽ നിന്ന് അല്പം വെള്ളമെടുത്തു കുടിച്ചു ശേഷം അവരെ നോക്കി ശരി എന്ന അർത്ഥത്തിൽ കൈ ഉയർത്തി കാണിച്ചു.. പെട്ടെന്ന് ബീനയുടെ ഫോൺ അടിച്ചു.. " ഹാ റാണി. " ഇതേവിടെയാ ?

എല്ലാരും ബീനയ്ക്ക് വേണ്ടി വെയ്റ്റ് ചെയ്യുവാ. " നിങ്ങള് സ്റ്റാർട്ട് ചെയ്തോ ഞാൻ on the way ആണ്. " ഡോണ്ട് ബി ലേറ്റ്.. ഓകെ.. " യാ.. സീ എനിക്ക് തർക്കിച്ചു നിൽക്കാൻ ഒട്ടും ടൈമില്ല. ഐ ഹാവ് ടു ഗോ. എന്റെ മകനെ ഇപ്പൊ തന്നെ ഡിസ്ചാർജ് ചെയ്ത് കിട്ടണം.. റൈറ്റ് നൗ റൈറ്റ്‌ ഹിയർ. ബീനയെ തിരക്കിയുള്ള റാണിയുടെ കോൾ കൂടി വന്നപ്പോൾ അവർ പിന്നെയും ധൃതി കൂട്ടി. " സാർ. നിങ്ങൾക്ക് രണ്ട് പേർക്കും തിരക്കുകൾ ഉണ്ടാവാം സമ്മതിക്കുന്നു. പക്ഷെ സ്വന്തം വീട്ടിലുള്ള മക്കളുടെ കാര്യം കൂടി ഒന്ന് നോക്കണം, അറിയണം, ശ്രദ്ധിക്കണം. ഒട്ടും ബോധമില്ലാതെ ആ കുഞ്ഞിനെ ഇവിടെ കൊണ്ടുവരുമ്പോ നൂറ്റി നാല് ഡിഗ്രിയിരുന്നു ടെംപറേച്ചറായിരുന്നു. ജനിപ്പിച്ചത് കൊണ്ട് മാത്രം ആരും ആർക്കും അച്ഛനുമമ്മയും ആവില്ല സാർ. ഇവിടെ എത്തുന്നതിന് മുന്നേ ആ കുഞ്ഞിനെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ നിങ്ങളെന്ത് ചെയ്യുമായിരുന്നു..

സമ്പാദിച്ചത് മുഴുവൻ രണ്ട് പേരും കൂടെ കെട്ടിപിടിച്ചിരിക്കേണ്ടി വന്നേനെ. സാറൊന്ന് ആ ഐ സി യൂവിന്റെ വാതിൽക്കൽ ഒന്ന് ചെന്ന് നോക്ക് .നിങ്ങള് നിങ്ങടെ കൊച്ചിനെ നോക്കാൻ നിർത്തിയ ആ സ്ത്രീയവിടെ നിൽപ്പുണ്ടാവും.. എന്നെ കാണുമ്പോൾ കാണുമ്പോൾ വന്ന് ചോദിക്കും അപ്പൂന് എങ്ങിനെയുണ്ട് , അവന് കുറവുണ്ടോ, ബോധം വീണോ എന്നൊക്കെ.. ഇതുവരെ അവര് ആ ഡോറിന് മുന്നിന്ന് മാറി ഞാൻ കണ്ടിട്ടില്ല. വെറും പോറ്റമ്മയായ അവര് കാണിക്കുന്ന സ്നേഹോo കരുതലും പെറ്റമ്മയായ ഇവര് കാണിക്കുന്നില്ലെന്നു ഓർക്കുമ്പോൾ ഐ ഷെയിം ഓൻ യൂ.. " വില്ല് യൂ സ്റ്റോപ്പ് തിസ് നോൻസെൻസ് ഡോക്ടറുടെ വാക്കുകൾ ബീനയുടെ ഈഗോയെ ചോദ്യം ചെയ്തു തുടങ്ങിയിരുന്നു. ദേഷ്യം ഉയർന്ന് പൊങ്ങിയപ്പോൾ അവർ ടേബിളിന് മുകളിൽ ശക്തിയായി അടിച്ചു.. ഒന്നും മിണ്ടാതെ തലകുനിച്ചിരുന്ന രാജീവ് പെട്ടെന്ന് ഞെട്ടി നോക്കി.

" നിങ്ങൾക്കിപ്പോ അവനെ ഡിസ്ചാർജ് ചെയ്യണം അത്രയല്ലേ വേണ്ടു. ഒന്ന് പുറത്ത് വെയ്റ്റ് ചെയ്തോളൂ. ബട്ട് ആ സമയത്തെങ്കിലും ആ കുഞ്ഞിനെ ഒന്ന് കാണാൻ ശ്രമിച്ചാൽ നന്നായിരിക്കും. ഡോക്ടറുടെ മുഖത്ത് അപ്പോഴും അവരോടുള്ള പുച്ഛം നിറഞ്ഞു നിന്നിരുന്നു.. " സാർ ഒരു മിനിറ്റ് , പുറത്തേക്കിറങ്ങാൻ തുടങ്ങിയ രാജീവ് ഒന്ന് തിരിഞ്ഞു നിന്നു.. പിന്നാലെ ബീനയും. " പറയുന്നത്കൊണ്ട് ഒന്ന് തോന്നരുത്. ഒന്നില്ലെങ്കിൽ ആണായിട്ട് ജീവിക്കണം, അല്ലെങ്കിൽ പെണ്ണായിട്ട്. ഇത് രണ്ടുമല്ലാത്ത ഒരു ജീവിതത്തിന് ആരുടെ മുന്നിലും നിന്ന് കൊടുക്കരുത്. നിങ്ങൾ അതിലേതാണെന്ന് സമയം കിട്ടുമ്പോൾ ഒന്ന് മനസിലാക്കി കൊടുത്താ നന്നായിരിക്കും. " ബീന നോ " ബീന ഡോക്ടർക്ക് നേരെ വിരൽ ചൂണ്ടി ദേഷ്യംപ്പെടാൻ തുടങ്ങിയതും, രാജീവ് അവരെ തടഞ്ഞു.. " താങ്ക്യൂ ഡോക്ടർ " വിത്ത് പ്ലെഷർ. ബീന ഡോക്ടറെ ചൂഴ്ന്ന് നോക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.

ഒന്നും മിണ്ടാതെ രാജീവ് പിന്നാലെയും. നേഴ്‌സുമാരും തടിച്ചു കറുത്ത അറ്റേന്റെണ്ടർ സ്ത്രീയും അവരെ തുറിച്ചു നോക്കി വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു.. " രാജീവ് പെട്ടെന്നൊരു ആംബുലൻസ് വിളിക്ക്. അവർ പിന്നെയും അയാളോട് ആജ്ഞാപിക്കുകയാണ്. അയാൾ അവരെ തറപ്പിച്ചു നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല.. " വരവ് കണ്ടിട്ട് വയറ് നിറച്ച് കിട്ടിയ മട്ടുണ്ട്.. മാധവൻ പതിയെ അരവിന്ദനെ നോക്കി.. " നിന്റെ സേവനം ഇനി എനിക്ക് ആവശ്യമില്ല. ദാ പറഞ്ഞതിലും കൂടുതൽ ശമ്പളമുണ്ട്. " എന്താ മാഡം. അതിനുമാത്രം ഞാൻ ? നബീസു ഇരുന്നിടത്ത് നിന്ന് ഒന്ന് ഞെട്ടിയെഴുനേറ്റു.. ഡോക്ടർ മുറിവേൽപ്പിച്ചു വിട്ട ഈഗോ ബീനയുടെ ഉള്ളിൽ കിടന്ന് തിളയ്ക്കുകയായിരുന്നു..

കാര്യമറിയാതെ മാധവനും അരവിന്ദും പരസ്പ്പരം നോക്കി. " കുറച്ചു സമയം എന്റെ മകനെ ഒന്ന് നോക്കാനെ നിന്നോട് പറഞ്ഞിട്ടുള്ളൂ. അല്ലാതെ അവന്റെ അമ്മയാകാൻ എനിക്കൊരു സെർവെന്റിന്റെ ആവശ്യമില്ല.. മനസിലായോ . ഇന്നാ ഇതും വാങ്ങി പോകാൻ നോക്ക്." " കഷ്ട്ടപ്പാടും പട്ടിണിയുമൊക്കെയുണ്ട് മാഡം. എന്നാലും ഈ കാശെനിക്ക് വേണ്ടാ. വേലയെടുത്ത് ജീവിക്കാനുള്ള ആരോഗ്യം പടച്ചോൻ ഇപ്പോഴും തന്നിട്ടുണ്ട്. അത് മതി.. " അവളുടെ ഉള്ള് വിങ്ങി വലിഞ്ഞു പോകുന്നുണ്ട്.. നിർവികാരതയെ ഭേദിച്ചു കണ്ണീര് കലങ്ങി ഒഴുകിയിറങ്ങി.. " എനിക്ക് ആരുടേം ഔദാര്യം ആവിശ്യമില്ല.. ഇതും കൊണ്ടിറങ്ങി പോകാൻ നോക്ക്.."

ബീന കൈയിൽ പിടിച്ച നോട്ടുകൾ നബീസുവിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.. " ബീനെ നീയെന്താ ഈ കാണിക്കണേ ? ഇതൊരു ഹോസ്പിറ്റലാണ് ആളുകൾ ശ്രദ്ധിക്കുന്നു.. " ഷട്ട് അപ്പ് യൂ.. ബീനയെ തടയാൻ ശ്രമിച്ച രാജീവിനെ അവർ ചൂണ്ടു വിരലിൽ തളച്ചിട്ടു. ആളുകൾക്ക് മുന്നിൽ നിന്ന് അയാൾ ഉരുകുകയാണ്.. " മാഡം ദേ നിങ്ങളിപ്പോ വലിച്ചെറിഞ്ഞില്ലേ, നിങ്ങൾക്കിത് ചിലപ്പോ കടലാസ് കഷ്ങ്ങളായിരിക്കും. പക്ഷെ ഞങ്ങൾക്കത് ഞങ്ങളുടെ ജീവിതങ്ങളാ. ദേ ഈ നിൽക്കുന്ന ഒരുവളില്ലായിരുന്നെങ്കിൽ ഇന്നിപ്പോ നിങ്ങടെ കൊച്ചീ ലോകത്ത് ഉണ്ടായിരിന്നിരിക്കില്ല.. സ്നേഹം ഒരിക്കലും പണം കൊടുത്ത് വാങ്ങാൻ കിട്ടുന്ന ഒന്നല്ലന്ന് ഓർത്ത് വെച്ചോ.. നീ ചെയ്ത ജോലിക്കുള്ള കൂലിയാ അവരിപ്പോ തന്നത്, നീയെന്തിനാ അത് വേണ്ടെന്ന് വെക്കുന്നത് നീ വാ ഇനിയിവിടെ നിൽക്കണ്ട..

മാധവൻ തറയിൽ നിന്ന് നോട്ടുകൾ പിറക്കിയെടുത്ത് അവളുടേ കയ്യിലേക്ക് വെച്ചു.. ബീന അയാളിൽ നിന്ന് പുച്ഛത്തോടെ മുഖം തിരിച്ചു.. " പ്രായം കൊണ്ട് പത്ത് പന്ത്രണ്ട് ഓണം കൂടുതലുണ്ടത് കൊണ്ട് പറയുവാണെന്ന് കരുതിയ മതി. ഉണ്ടാക്കിയാൽ മാത്രം പോരാ അതിനെ നേരെ ചൊവ്വേ വളർത്താനും പഠിക്കണം.. നീ വാ പെണ്ണേ.. " മാധവൻ നബീസുവിന്റെ കൈയിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു.. പെട്ടെന്നവൾ ഒന്ന് നിന്ന ശേഷം ഐ സി യൂ വിന്റെ കിളി വാതിലിലൂടെ അകത്തേക്ക് ഒന്നെത്തി നോക്കി. അവൻ അപ്പോഴും അകത്ത് ഉറങ്ങുകയായിരുന്നു.. അവളവനെ കൺ നിറയെ നോക്കി നിന്നു. ചുണ്ടുകൾ വിതുമ്പി തുടങ്ങിയപ്പോൾ അവൾ അയാൾക്കൊപ്പം നടന്നു.. "

ഈ രാജ്യത്ത് സമാധാനത്തിനുള്ള ഏന്തേങ്കിലും സമ്മാനം ഉണ്ടേൽ ഈ പൂത്തനയുടെ കൂടെ ജീവിക്കുന്നതിന് അത് സാറിന് കിട്ടട്ടെ. അപ്പൊ ശരി സാറേ.. " രാജീവിനെ നിസ്സഹായതയോടെ നോക്കി കൊണ്ട് മാധവൻ അവളുമായി നടന്ന് നീങ്ങി.. " ദൈവം എന്നൊരാൾ മുകളിലുണ്ട് അത് ഒരിക്കലും മറക്കരുത്.. " ഇരുവരെയും മാറി മാറി നോക്കിയ ശേഷം കൈ കൂപ്പി കൊണ്ട് അരവിന്ദും അവർക്ക് പിന്നാലെ നടന്നു.. അവൾ വെറുമൊരു പോറ്റമ്മ മാത്രമായിരുന്നു. പക്ഷെ അപ്പുവിന്റെ മനസിന്റെ അവന്റെ പെറ്റമ്മയെക്കാൾ സ്ഥാനം അവൾക്കായിരുന്നുവെന്ന സത്യം ആരും അറിഞ്ഞില്ല.. ഇനിയവന്റെ കളി ചിരികൾ കാണില്ലെന്ന് ഓർത്തപ്പോൾ, ഇനിയൊരിക്കലും ആന്റി എന്നുള്ള അവന്റെ വിളികൾ കേൾക്കില്ലെന്നു ഓർത്തപ്പോൾ നബീസുവിന്റെ ഹൃദയം പിളർന്ന് ഒരു തേങ്ങൽ പുറത്തേക്ക് ഉയർന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story