എന്റെ ഉമ്മാന്റെ പേര്: ഭാഗം 7

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

ആ രാത്രി തന്നെ ബീന അപ്പുവിനെ അവിടെ നിന്ന് ഡിസ്ചാർജ് വാങ്ങി അവരുടെ സ്റ്റാറ്റസിന് പറ്റിയ സൂപ്പർ സ്‌പേഷ്യലിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. അവിടെ എത്തിയപ്പോൾ തന്നെ സ്കാനിംഗ്, ബ്ലഡ്, യൂറിൻ, കഫം തുടങ്ങിയ റെസ്റ്റുകളുടെ നീണ്ട ഒരു ലിസ്റ്റ് തയ്യാറാക്കി നേഴ്‌സുമാർ അവനിൽ പരീക്ഷണം തുടങ്ങി. വൈകീട്ട് കുത്തിയ ഐ വി നീഡിലിൽ ഇളക്കം തട്ടിയപ്പോൾ കുഞ്ഞു ഞെരമ്പ് വീർത്ത് തടിച്ചു പോയി.. അവരത് മാറ്റി ഒരു ഓയിൽ പുരട്ടിയ ശേഷം മറ്റൊരെണ്ണം അവന്റെ രണ്ടാമത്തെ കൈ തണ്ടിയിൽ കുത്തി.. " മാഡം ഈ ക്യാഷ് ഒന്ന് അടയ്ക്കണം. ഒരു നേഴ്‌സ് അഡ്വാൻസ് അടയ്ക്കാനുള്ള തുകയുടെ കുറിപ്പ് ബീനയ്ക്ക് നീട്ടി.. അവർ കൗണ്ടറിൽ ചെന്ന് കമ്പനി വക മെഡിക്കൽ ക്ലെയിമിന്റെ കാർഡ് കാണിച്ചു. " മാഡം ഇതൊന്ന് ഫിൽ ചെയ്ത് തരണം. പേയ്മെന്റ് സെക്‌ഷനിൽ ഉള്ളയാൾ ഒന്ന് രണ്ട് പേപ്പറുകൾ അവർക്ക് നീട്ടി. അത് വാങ്ങി വായിച്ചു നോക്കി, എഴുതി ഒപ്പിട്ട ശേഷം അവർ അകത്തേക്ക് കൊടുത്തു.. ടെസ്റ്റ് ചെയ്ത റിസൾട്ടുകളും, സ്കാനിംഗ് റിപ്പോർട്ടും.

ഡോക്ടർ ജയചന്ദ്രന്റെ ഡിസ്ചാർജ് സമ്മറിയും മാറി മാറി നോക്കിയ പുതിയ ഡോക്ടർ ഇടിക്കുള, പനി കുറഞ്ഞിട്ടും അവരുടെ ഐ സി യു വിലെ ഒഴിവ് വന്ന അവസാന ബെഡ് കൂടി തികയ്ക്കാൻ അപ്പുവിനെ പിന്നെയും അങ്ങോട്ടയച്ചു. മാനൂഷിക മൂല്യങ്ങളും കാഴ്ചപ്പാടുകളും പരസ്യമായി അച്ചടിച്ചു തൂക്കിട്ടുണ്ടെങ്കിലും, പുറംലോകമറിയാത്ത അനേകം രഹസ്യ അജണ്ടകൾ മറ്റുള്ളവരെ പോലെ അവർക്കുമുണ്ടായിരുന്നു.. " ങാ ചേച്ചി എന്തായി തീരുമാനം ആയോ? " മാറ്റർ ഏകദേശം റാണി ഓകെയാക്കിയിട്ടുണ്ട്. പക്ഷെ ബീനയുടെ റൈറ്അപ്പിലുള്ള ആ ഒരു സ്പാർക്ക് വന്നിട്ടില്ല. ലാസ്റ്റ് മിനിറ്റ് വരെ ഞങ്ങൾഎല്ലാവരും ബീനയെ പ്രതീക്ഷിച്ചു.. ജസ്റ്റ് ഒന്ന് വന്നിട്ട് പോകമായിരുന്നു.. ആശുപത്രി വരാന്തയിൽ ഇരുന്നിരുന്നു ബോറടിച്ചപ്പോൾ ബീന അന്നത്തെ മീറ്റിങ്ങിന്റെ വിവരമറിയാൻ വിളിച്ചു. " എങ്ങിനെ വരാനാ ചേച്ചി.

വൈകീട്ട് വരുമ്പോൾ അപ്പുവിന് നല്ല ടെംപറേച്ചർ. പിന്നെ അവനെയും കൊണ്ട് ഹോസ്പിറ്റലിൽ വന്നു. രാജീവിനെ അവന്റെയടുത്ത് ആക്കിയിട്ട് അങ്ങോട്ട് വരാമെന്ന് കരുതിയതാ, പക്ഷെ ഞാൻ തന്നെ കൂടെ നിൽക്കണമെന്ന് അവനൊരെ വാശി.. ഇതുവരെ അവനെന്നെ ഇടം വലം തിരിയാൻ വിട്ടിട്ടില്ല.. ഒരു പത്ത് വയസ്സുകാരന്റെ ഹൃദയത്തിൽ ഇന്നോളം അവൻ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരത്തെ വളരെ നിസാരമായി അവർ വാക്കുകൾ കൊണ്ട് നിർവചിക്കാൻ ശ്രമിക്കുകയാണ്. കഴിക്കാനുള്ള ഭക്ഷണവുമായി സ്റ്റെപ്പ് കയറി വന്ന രാജീവ് അവരുടെ സംസാരം കേട്ട് പെട്ടെന്ന് അവിടെ തന്നെ നിന്നു.. " കുട്ടികളല്ലേ എന്തേലും ചീറാപ്പ് വന്നാൽ പിടിവാശി കൂടും.. എന്നിട്ട് ഏത് ഹോസ്പിറ്റലിലാ അവനെ കാണിച്ചേ ? " ഞാൻ ജനറൽ ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞതാ പക്ഷെ രാജീവിന് സൺറൈസിൽ തന്നെ കാണിക്കണമെന്ന് പറഞ്ഞു വാശി.. പിന്നെ ഞാൻ നിർബന്ധിക്കാൻ പോയില്ല..

ചിന്തകളിൽ നൂലിട വ്യത്യാസമില്ലാതെ മനോഹരമായാ നുണകൾ ഒന്നിന് മുകളിൽ ഒന്നായി അടക്കി അവർ യാഥാർഥ്യത്തെ മറയ്ക്കാൻ വളച്ചൊടിക്കുകയായാണ്. " സത്യത്തിൽ അദ്ദേഹത്തിനും ഇഷ്ട്ടം ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകാനാ. വല്ല്യ കാശ് ചിലവില്ലല്ലോ. എന്നാലും ഞാൻ സമ്മതിക്കില്ല, നമ്മള് നമ്മടെ സ്റ്റാറ്റസ് വിട്ട് കളിക്കാൻ പാടുണ്ടോ? " ഏയ് അതൊരിക്കലും ചെയ്യരുത്. " അതേ അതാണ് എനിക്കും ബീനയോട് പറയുന്നുള്ളത്. അവര് സർക്കാർ ഹോസ്പിറ്റലിൽ പോണമെന്ന് വാശിപിടിച്ചാലും, എത്ര ഫിനാൻഷ്യൽ ക്രൈസസ്സ് ഉണ്ടെന്ന് പറഞ്ഞാലും നമ്മളൊരിക്കലും സമ്മതിക്കരുത്. നമ്മുടെ അവകാശങ്ങൾക്ക് വേണ്ടി ഞങ്ങളെക്കാൾ കൂടുതൽ ക്ലീയറായിട്ട് ചിന്തിക്കേം, പറയേം ചെയ്യുന്ന ബീന രാജീവിനോട് അങ്ങിനൊ പറയരുതായിരുന്നു.. എന്തായാലും എന്നോട് പറഞ്ഞത് പോലെ നമ്മുടെ ഗ്രൂപ്പിലെ മറ്റുള്ളവരോട് ഇത് പോലെ പറയാൻ നിൽക്കണ്ട. അത് ബീനയുടെ ഇമേജിനെ ബാധിക്കും.. "

ഓകെ ചേച്ചി.. ഗുഡ് നൈറ്റ്.. " ഗുഡ് നൈറ്റ് ബീന.. എളിമ നിറച്ചു സ്വയം പുകഴ്ത്തിയ നുണ തന്നെ തനിക്ക് നേരെ തിരിഞ്ഞടിക്കുമെന്ന് ബീന കരുതിയില്ല.. " ഹോ.. ഈ പാപോക്കെ എങ്ങിനെ വീട്ടുമെന്റെ ഈശ്വരാ.. രാജീവ് ഒരു കൈ നെഞ്ചത്ത് വെച്ചു മുകളിലേക്ക് നോക്കി.. " ഹാ.. രാജീവ് എന്തേലും പറഞ്ഞായിരുന്നോ ? " ഞാനെന്റെ ദൈവത്തെ ഒന്ന് വിളിച്ചതാ. പെട്ടെന്ന് മുന്നിലേക്ക് വന്ന രാജീവിനെ കണ്ട് ചമ്മൽ ഉള്ളിലൊതുക്കി ഒരു ചിരി വരുത്തി കൊണ്ട് ബീന ഫോൺ കട്ട് ചെയ്തു.. " അവിടെ നടന്നോന്നും നീ പിള്ളേരോട് പറയാൻ നിക്കണ്ട. വല്ലോം കഴിച്ചിട്ട് കിടക്കാൻ നോക്ക് . ബാക്കിയൊക്കെ നമുക്ക് നാളെ രാവിലെ സംസാരിക്കാം.. മാധവന്റെയൊപ്പം നബീസു വീട്ടിലെത്തുമ്പോൾ ആഷിതയും മുബീനയും സീതയുടെ വീട്ടിന്റെ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു.. " ആ കൊച്ചിന് എങ്ങിനെയുണ്ട് നബീസു ? " കുറവുണ്ട് ചേച്ചി. " ഇത്രേം വൈകിയപ്പോ ഞാൻ കരുതി നീയിന്ന് വരില്ലെന്ന്. " ഉം. അവൾ ഒന്ന് മൂളി കൊണ്ട് മക്കളുമായി വീട്ടിലേക്ക് പോയി. "

അവൻ വരൊന്നു കരുതിയാ ഞാൻ ചക്കര പുളീം, തേൻ മിട്ടയീം വാങ്ങി കൊണ്ട് വന്നത്, അതിപ്പോബാഗിൽ കിടന്ന് ഉറമ്പ് വന്നു.. ആ കള്ള കൊരങ്ങനിങ്ങോട്ട് വരട്ടെ നല്ലത് കൊടുക്കുന്നുണ്ട് ഞാൻ. " ഒരു പുളി ഞാൻ ചോദിച്ചിട്ട് നീ തന്നില്ലല്ലോ കണക്കായി പോയുള്ളൂ. " ഞ ഞ ഞ.. പോടി കുശുമ്പത്തി.. മുബീന കളിയാക്കി കൊണ്ട് ആഷിതയുടെ മുടിയിൽ പിടിച്ചു വലിച്ചു. " ഇനി അതൊന്നും വാങ്ങി ബാഗിൽ ഇടണ്ട.പറഞ്ഞത് കേട്ടോ നബീസു തെല്ല് അമർഷത്തോടെ മുബീനയെ ഒന്ന് നോക്കി. അത് കണ്ട് ആഷിത അവളെയും കളിയാക്കി. " വാ വല്ലോം കഴിക്കാം. " ഞങ്ങള് സീത വല്ല്യമേടവിടുന്നു കഴിച്ചു. ഉമ്മ കഴിച്ചോ. " എന്നാ കൈയും മുഖോo കഴുകി പോയി കിടക്കാൻ നോക്ക്.. നബീസു മുഖം കഴുകി അടുക്കളയിൽ ചെന്ന് കുറച്ചു വെള്ളമെടുത്തു കുടിച്ചു. ശേഷം കഞ്ഞി കലത്തിൽ വെള്ളമൊഴിച്ചു അടച്ചു വെച്ചു. വൈകീട്ട് അവൻ വരുമ്പോൾ കൊടുക്കാൻ ഉണ്ടാക്കി വെച്ച കിണ്ണത്തപ്പം ഒരു പാത്രത്തിൽ മൂടി വെച്ചിരുന്നു. അവൾ പാത്രം തുറന്ന് അതിലൊന്ന് തോലോടി കൊണ്ട് അൽപ്പനേരം നോക്കി നിന്നു.

അതിന് മുകളിലൂടെ ഉറുമ്പുകൾ അരിച്ചിറങ്ങുന്നുണ്ടായിരുന്നു. അവളത് തട്ടി കുടഞ്ഞു പിന്നെയും മൂടി വെച്ചു. പെട്ടെന്ന് എന്തോ ഓർത്തത് പോലെ അടുക്കള വാതിൽ തുറന്ന് അവൾ അത് പിന്നിലെ വാഴ ചോട്ടിലേക്ക് വലിച്ചെറിഞ്ഞു.. ഇനി ഒരു കാത്തിരിപ്പിനു അർത്ഥമില്ലെന്ന് ഓർത്തപ്പോൾ മനസ്സ് വീണ്ടും നൊന്തു, അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകി തുടങ്ങിയിരുന്നു. ചുണ്ടുകൾ വിതുമ്പി തേങ്ങൽ ഉയർന്ന തുടങ്ങിയപ്പോഴേക്കും അവൾ അൽപ്പം വെള്ളമെടുത്ത് വീണ്ടും മുഖം കഴുകി തുടച്ചു മുറിയിലേക്ക് പോയി ഉറങ്ങാൻ കിടന്നു. പുറത്ത് തണുത്ത് കാറ്റ് വീശി തുടങ്ങിയിരുന്നു.. " ഉമ്മാ.. " ഉം.. " ആ കൊരങ്ങന്റെ ശരിക്കും പേരെന്താ ? " നീയൊന്ന് മിണ്ടാതെ കിടന്നുറങ്ങുന്നുണ്ടോ മുബീ. നബീസു ഇരുട്ടിൽ കൈ നീട്ടി അവളെ അടിച്ചു. മുബീന ഒന്നും മിണ്ടാതെ പുതപ്പിനടിയിലേക്ക് പതുങ്ങി. " നിരഞ്ജൻ എസ് രാജീവ് " അത് അനക്കെങ്ങിനറിയാം " ഡി മണ്ടി നീയവന്റെ ബുക്ക് കണ്ടിട്ടില്ലേ അതിലെ നെയിമിംസ്ലിപ്പിൽ ഉണ്ടല്ലോ.. " ആണല്ലേ , പക്ഷെ ഞാൻ കണ്ടില്ല.. " ങാ. അല്ലേലും നിനക്ക് അവനോട് തല്ല് കൂടാനല്ലാതെ അതൊന്നും നോക്കാൻ നേരമില്ലല്ലോ.. " മര്യാദയ്ക്ക് കിടന്നുറങ്ങിയില്ലെങ്കിൽ രണ്ടും ന്റെ കയ്യീന്ന് വാങ്ങിക്കും..

മുബീനയും ആഷിതയും അടക്കം പറയുന്നത് കേട്ടപ്പോൾ നബീസുവിന് ദേഷ്യം വന്നു.. മനസ്സ് കല്ലാക്കി അവനെ ഓർമകളിൽ നിന്നിറക്കി വിടാൻ അവൾ ശ്രമിക്കുന്തോറും ഒരു വാക്കോ, പേരോ കൊണ്ട് മക്കൾ അവനെ പിന്നെയും കൺ മുന്നിലേക്ക് പിടിച്ചിടുകയാണ്. ആന്റി എന്നൊരു വിളിയുടെ, ഉരുളയുരുട്ടി വാരി നീട്ടുമ്പോൾ കിട്ടുന്ന ഒരു പുഞ്ചിരിയുടെ, ചേർന്ന് പറ്റി നടക്കുമ്പോളുള്ള ഇടമുറിയാത്ത അവന്റെ വാക്കുകളുടെ. മക്കളുമായി തല്ല് കൂടുമ്പോൾ പറയുന്ന നുറുങ്ങ് പരിഭവങ്ങളുടെ.. കേവലം ദൂരെ മാറിയുള്ള അവന്റെ ഒരു കൊച്ചു നോട്ടത്തിന്റെ സൗജന്യം പോലും ഇനി തനിക്ക് കിട്ടില്ലെന്ന് മനസ്സ് വീണ്ടും വീണ്ടും അവളെ ഓർമിപ്പിക്കുകയായിരുന്നു.. പഴന്തുണി കുത്തി നിറച്ചു തയ്ച്ച തലയിണ കണ്ണീരുപ്പേറ്റ് കുതിർന്നു തുടങ്ങിയിരുന്നു.. സ്നേഹിക്കുക എന്നത് ഒരു കുറ്റമാണ്. മരണത്തെക്കാൾ വലിയ വേദന നൽകുന്ന കുറ്റം.. അവളത് അനുഭവിക്കുന്നുണ്ട് അപ്പുവിന്റെ മുഖം പിന്നീടുള്ള അവളുടെ രാത്രികളെ നോവിക്കാൻ തുടങ്ങുകയായിരുന്നു..

അവനെ ഐ സി യൂ വിൽ നിന്ന് മാറ്റിയാൽ കിടത്തേണ്ട റൂം നേരത്തെ തന്നെ അവർ ബുക്ക് ചെയ്തിട്ടിരുന്നു.. " ഹലോ " ഹലോ മാഡം , ഇത് ഫാമിലി കെയർ ഹോം സർവീസസ്സിൽ നിന്നാണ്. രാജീവ് വാങ്ങി കൊണ്ട് വന്ന ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവർക്ക് ഫോൺ വന്നത്. " യാ യാ.. പറയു. " കുട്ടിയെ നോക്കാൻ ഒരാളെ വേണമെന്ന് പറഞ്ഞിരുന്നല്ലോ. അത് റെഡിയായിട്ടുണ്ട്. അഡ്രസ്സ് പറഞ്ഞാൽ നാളെ രാവിലെ അവരെ അങ്ങോട്ട് അയക്കാം.. " നാളെ രാവിലെ സൺറൈസ് ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞാൽ മതി. റൂം നമ്പർ 534 " ഓകെ മാഡം.. മന്തിലി ടെൻ തൗസൻഡ് ആണ് അവരോട് പറഞ്ഞിരിക്കുന്നത്. പിന്നെ നമ്മുടെ സർവീസ് ഫീസ്.? " നോ വറീസ്. എത്രയാണെന്ന് വെച്ചാൽ നാളെ രാവിലെ നിങ്ങളും ഇങ്ങോട്ട് വരു തന്നേക്കാം. " താങ്ക്യു മാഡം.. " ഉം.. " ഇനിയേതാ പുതിയ അവതാരം ? ഫോൺ കട്ട് ചെയ്തപ്പോൾ രാജീവ് അവരെ സംശയത്തോടെ നോക്കി. " ഞാൻ അവന്റെ കാര്യങ്ങൾ നോക്കാൻ പുതിയൊരു ഹോം നേഴ്സിനെ വെച്ചു.. "

ഉണ്ടായിരുന്നതിനെ പറഞ്ഞു വിട്ട് അതികം നേരമായില്ല അപ്പോഴേക്കും പുതിയതിനെ കെട്ടിയെടുത്തോ ? " പിന്നെ വെക്കാതെ.. ഇതിലും വലിയ റെസ്പോൻസിബിലിറ്റികൾ വേറെയുള്ളപ്പോ, എനിക്ക് അവന്റെ കാര്യങ്ങൾ മാത്രം നോക്കി നടക്കാൻ പറ്റോ, രാജീവ് അതെന്താ മനസിലാക്കാത്തെ ? " ങാ ഞാൻ മാത്രം എല്ലാം മനസിലാക്കിയാൽ മതിയല്ലോ.. ഇന്ന് താനാ ഹോസ്പിറ്റലിൽ വെച്ചു കാണിച്ചത് ഒട്ടും ശരിയായില്ല ബീനെ. അല്ലെങ്കിൽ തന്നെ ആ സ്ത്രീയെ പറഞ്ഞു വിടേണ്ട ഒരു കാര്യമെന്തായിരുന്നു..? " എന്റെ ശരിയും തെറ്റും രാജീവ് എന്നെ പഠിപ്പിക്കേണ്ട. അല്ലെങ്കിൽ തന്നെ ഞാൻ ജോലിക്ക് വെച്ചൊരുവളെ പറഞ്ഞു വിട്ടതിന് രാജീവ് എന്തിനാ ഇത്ര ഡിസ്റ്റ്ർബെഡ്‌ ആവുന്നത്.. ഇനി ഞാനില്ലാത്തപ്പോൾ അവള് നിങ്ങളെ കൂടി കെയർ ചെയ്യുന്നുണ്ടായിരുന്നോ? " ദേ.. ബീനെ.. " ഉം എന്താ.. അവരുടെ സംസാരം കേട്ട് രാജീവ് ദേഷ്യത്തോടെ കൈ ചുരുട്ടി. പക്ഷെ ആ പൗരുഷം അവരുടെ തുറിച്ചു നോട്ടത്തിൽ വെറുതെ ആവിയായി പോയി.. " ഉം എങ്ങോട്ടാ..? " ഇവിടിരുന്നാൽ ഞാൻ നിയന്ത്രണം വിട്ട് എന്തേലും ചെയ്ത് പോകും. "

നിയന്ത്രണം വിട്ടാൽ അത് മാറ്റാനുള്ള മരുന്നും എനിക്ക് അറിയാം.. അതോർമ്മ വേണം. " നിന്നെയൊക്കെ.. ഓ .. അയാൾ ദേഷ്യം കൊണ്ട് ബെഡിൽ കൈ ചുരുട്ടി ആഞ്ഞു കുത്തി കൊണ്ട് വാതിൽ വലിച്ചു തുറന്നു പുറത്തേക്ക് പോയി.. " ങാ പോ.. അവർ അയാളെ പുച്ഛത്തോടെ നോക്കിയ ശേഷം വാതിൽ ലോക്ക് ചെയ്ത് ബെഡിൽ കിടന്നു. മുറിഞ്ഞു പോയ ആത്മാഭിമാനത്തിന്റെ അവശേഷിക്കുന്ന നോവും പേറി അയാൾ ഐ സി യു വിന്റെ വാതിൽ നിന്ന് മകനെ അന്ന് ആദ്യം ഒന്നെത്തി നോക്കി. അഞ്ച് കട്ടിലുകൾക്കപ്പുറം അവൻ അപ്പോഴും മയക്കത്തിലായിരുന്നു.. രാവിലെ ബീന എഴുന്നേൽക്കുമ്പോൾ രാജീവ് ഹോസ്പിറ്റലിൽ ഉണ്ടായിരുന്നില്ല.. ഫോണിൽ വിളിച്ചു നോക്കിയപ്പോൾ ഓഫാണ്. പക്ഷെ അവർക്ക് അയാളെ കാണാത്തതിൽ ഒരു വേദനയോ ബുദ്ധിമുട്ടോ തോന്നിയിരുന്നില്ല.. എട്ട് മണിയോടെ പുതിയ ഹോം നേഴ്‌സുമായി സർവീസുകാരൻ ഹോസ്പിറ്റലിൽ എത്തി.. അയാൾക്കുള്ള തുകയും, അവർക്ക് ചിലവിനുള്ളതും, ചെയ്യേണ്ടതായ ജോലികളുടെ ഒരു ലിസ്റ്റ് പറഞ്ഞു ബോധിപ്പിച്ചു ശേഷം പോകാനിറങ്ങി.

നടക്കുന്നതിനടയിൽ ഐ സി യൂ വിന്റെ കിളി വാതിലിലൂടെ അവനെ ഒന്ന് കണ്ടെന്ന് വരുത്തി താഴേയ്ക്ക് പോയി.. പത്ത് മാസം ചുവന്ന്, നൊന്ത് പ്രസവിച്ച സ്വന്തം കുഞ്ഞിനെ, ഒരു നിമിഷത്തെ ശബ്ദ പരിചയം പോലുമില്ലാത്ത ഒരുവളുടെ കൈയിലേക്ക് എല്ലാ ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചു കൊടുത്ത് അവർ പോകുമ്പോൾ അമ്മയെന്ന് വാക്കിന്റെ അർത്ഥങ്ങളിൽ എവിടെയൊക്കെയോ മൂല്യച്യുതി സംഭവിച്ചു തുടങ്ങിയിരുന്നു.. പൊക്കിൾ കോടിയുടെ ബന്ധത്തേക്കാൾ പോറ്റിയുറക്കിയ ഒരുവളുടെ സ്നേഹത്തിനും കരുതലിനുമാണ് മൂല്യമെന്ന് ബീന മനസിലാക്കിയിട്ടില്ലായിരുന്നു.. ബീനയുടെ കാർ ഗേറ്റ് കടന്ന് വരുന്നത് കണ്ടപ്പോൾ മാധവൻ ക്യാമ്പിനിൽ ഇരുന്ന് പുറത്തേക്ക് നീട്ടിയോന്ന് തുപ്പി.. അവർ അയാളെ ദഹിച്ചു പോകും വിധം ഇരുത്തി നോക്കിയ ശേഷം കാർ പാർക്ക് ചെയ്ത് മുകളിലേക്ക് പോയി.. " ഓ ഇതിനായിരുന്നോ രാവിലെ തന്നെ ഇറങ്ങി പോന്നത്.. രാജീവിനോട് പലതവണ ഞാൻ വാൺ ചെയ്തിട്ടുള്ളതാ വീട്ടിലിരുന്ന് മദ്യപിക്കരുതെന്ന്.

ഡോർ തുറന്ന് അകത്തേക്ക് കയറിയതും ഹാളിൽ വിസ്കിയുമായി ഇരിക്കുന്ന രാജീവിനെ ബീന തറപ്പിച്ചു നോക്കി.. അയാൾ അവരെ ശ്രദ്ധിക്കാതെ വീണ്ടും ഒരു പെഗ്ഗ് ഗ്ലാസ്സിലേക്ക് ഒഴിച്ചു ഐസ്ക്യൂബിട്ടു സിപ്പ് ചെയ്തു. " രാജീവിനോട് ഞാൻ പറഞ്ഞത് കേട്ടില്ലാന്നുണ്ടോ ? " ഞാൻ കുടിക്കുന്നത്, ഞാൻ കഷ്ടപ്പെട്ട് അധ്വാനിച്ചു വാങ്ങിയ എന്റെ വീട്ടിലിരുന്നാ, അല്ലാതെ നിന്റെ തന്തയുടെ കുടുംബത്തിരുന്നല്ല നീ പറയുമ്പോ തന്നെ എണീറ്റ് മാറാൻ.. " എന്റെ തന്തയ്ക്ക് പറയാൻ മാത്രമായോ നീ " നീയോ , ആരാടി നിന്റെ നീ ബീന ദേഷ്യത്തോടെ രാജീവിന് നേരെ പാഞ്ഞടുത്തതും , രാജീവ് വലത് കൈപ്പത്തി നീട്ടി തളർത്തി, അവരുടെ മുഖത്ത് ആഞ്ഞടിച്ചു. പെട്ടെന്ന് ചെവിയിലൂടെ ഒരു കൂട്ടം ചൂളം വിളികൾ പാഞ്ഞു പോകും പോലെ അവർ നിന്നിടത്ത് നിന്ന് ഒരുവട്ടം തെന്നി കറങ്ങി താഴേയ്ക്ക് വീണു.. .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story