എന്റെ ഉമ്മാന്റെ പേര്: ഭാഗം 9

ente ummante peru new

എഴുത്തുകാരൻ : അധിരഥൻ അധിരഥൻ

വർഷങ്ങൾ കൊണ്ട് താൻ പടുത്തുയർത്തിയ അവരുടെ അഹന്തയുടെ കോട്ടയാണ് രാജീവ് ഒറ്റ നിമിഷം കൊണ്ട് തച്ചുടച്ചു കളഞ്ഞത്.. പെട്ടെന്നുള്ള രാജീവിന്റെ മാറ്റം ഒരു കൂരമ്പ് പോലെ ബീനയുടെ മനസിൽ തറഞ്ഞു കയറുന്നുണ്ടായിരുന്നു. ഏറെ നേരം തനിച്ചിരുന്നു കരഞ്ഞു തളർന്നപ്പോൾ ബീന എഴുനേറ്റ് ബാത്ത്‌റൂമിലേക്ക് പോയി. " ഹാ.. ടാപ്പ് തുറന്ന് തണുത്ത വെള്ളം മുഖത്തൊഴിച്ചപ്പോൾ അവർ ഒന്ന് പുളഞ്ഞു.. ഭിത്തിയിലെ കണ്ണാടിയിൽ ഇരു കവിളുകളും മാറി മാറി നോക്കി. ചുവന്നു തിണർത്ത കൈ വിരൽപാടുകൾ തെളിഞ്ഞു കാണാം.. അവർ വിരൽ കൊണ്ട് അവിടെയൊന്ന് തടവി നോക്കി. ശേഷം രണ്ട് കൈ തണ്ടയും നിവർത്തി പിടിച്ചു നോക്കി. ചൂരൽ കൊണ്ടുള്ള അടിയേറ്റ പാടുകൾ ചോര പൊടിഞ്ഞു തടിച്ചു കിടപ്പുണ്ടായിരുന്നു.. അടിയുടെ വേദനയോർക്കുമ്പോൾ സങ്കടം പിന്നെയും അവരെ കരയിക്കുകയാണ്.. മുഖം ടവൽ കൊണ്ട് ഒപ്പി, ബീന അടുക്കളയിലേക്ക് പോയി..

കിച്ചൻ സ്ലാബിന് താഴെയുള്ള കബോർഡിൽ നിന്ന് കുറച്ചു അരിയെടുത്തു കഴുകി കുക്കറിൽ വെച്ചു.. ഫ്രിഡ്ജ് തുറന്ന് കറിക്കുള്ള പച്ചക്കറി തിരിഞ്ഞപ്പോൾ അകം ശൂന്യമായിരുന്നു.. ആകെയുള്ളത് മുന്പേപ്പോഴോ നബീസു വാങ്ങി കൊണ്ട് വെച്ചിരുന്ന രണ്ട് വൈറ് ലെഗോൺ മുട്ടയും, രാത്രി ദാഹം തീർക്കാൻ നിറച്ചു വച്ചിരുന്ന മൂന്ന് നാല് കുപ്പി വെള്ളവും മാത്രം.. കുറച്ചു വർഷങ്ങളായി എന്നും ഉച്ചയ്ക്കും വൈകീട്ടും ഹോട്ടൽ ഭക്ഷണം കഴിച്ചു ശീലിച്ച അവർക്ക് വീട്ടിലേക്ക് വേണ്ട അത്യാവശ്യം വേണ്ട സാധനങ്ങളെ കുറിച്ചു എങ്ങിനെ ബോധമുണ്ടാവനാണ്.. ബീന മുട്ടയെടുത്ത് പുറത്ത് വെച്ച ശേഷം താഴെയുള്ള കബോര്ഡുകൾ പലതും തിരഞ്ഞു നോക്കി.. സവാളയില്ല, ചുവന്നുള്ളിയില്ല, മുളകില്ല, ഉൾ ചൂടിൽ കരിഞ്ഞു കൊല്ലപ്പെട്ട കുറെ വേപ്പില തണ്ടുകൾ ഒരു പാത്രത്തിൽ തന്റെ അസ്ഥി വാരത്തിന്റെ നിമഞ്ജനവും കാത്ത് കിടപ്പുണ്ട്..

എന്ത് മാന്ത്രീക വിദ്യ കാണിച്ചാലാണ് വെള്ളവും മുട്ടയും കൊണ്ട് മാത്രം ഒരു തൊടുകറിയുണ്ടാക്കുക ? സ്ത്രീ വിമോചന സഭകളിൽ ഇന്നോളം ചർച്ചാ ചെയ്യപ്പെട്ടിട്ടില്ലാത്ത അതി സങ്കീർണമായ വിഷയമായിരുന്നു.. എന്ത് ചെയ്യും. തനിക്ക് അനുവദിച്ചിട്ടുള്ള സമയ പരിധി വളരെ കുറവാണ്. അവരുടെ ചിന്തകൾ കാട് കയറി തുടങ്ങി.. " ഹലോ. " താൻ റെഡിയായോ ? ചിന്തകൾ മാറി മറിഞ്ഞിട്ടും ഉത്തരം കിട്ടാതെ വന്നപ്പോൾ ബീന പേടിയോടെ രാജീവിനെ വിളിച്ചു.. " ഇല്ലേ. " അത് പിന്നെ.. ഇവിടെ അരി മാത്രേ ഉള്ളു.. ഒനിയനും, ചില്ലിയും അങ്ങിനെയുള്ള ഐറ്റംസ് ഒന്നും ഇരിപ്പില്ല.. " അതിന് ? " രാജീവ് വരുമ്പോ അതൊക്കെയൊന്ന് വാങ്ങി കൊണ്ടു വരോ ? " അതെന്താ നിനക്ക് പോയി വാങ്ങിയാല് ? " ഞാ ഞാനെങ്ങിനെയ ഇതൊക്കെ പോയി വാങ്ങുന്നെ. " നീ പോയി വാങ്ങീന്ന് വെച്ചു നിന്റെ കൈയിലെ വളയൊന്നും ഊരി പോകില്ല..

എന്തായാലും ഞാനിറങ്ങുമ്പോ ഒരുമണിക്കൂർ കഴിയും. " പ്ലീസ് രാജീവ്. ഇതൊന്നുമില്ലാതെ എങ്ങിനെയാ ഒരു കറിയുണ്ടാക്കാ.. " എനിക്കെതായാലും വരാൻ പറ്റില്ല. വേണൊങ്കിൽ ഒരു ലിസ്റ്റ് എഴുതി സെക്യൂരിറ്റി മാധവേട്ടന്റെ അടുത്ത് പറഞ്ഞാൽ മതി അങ്ങേര് വാങ്ങി കൊണ്ടോന്ന് തരും.. " ങേ അയാളുടെയടുത്ത് ഞാൻ പോകാനോ? " ഓ ഫേസ് ചെയ്യാനുള്ള ചമ്മലുണ്ടാവും ല്ലേ.. ഇപ്പൊ അതൊക്കെ നോക്കിയാ നമ്മുടെ കാര്യം നടക്കില്ല. എന്നാ വേഗം ലിസ്റ്റ് എഴുതികൊണ്ടു താഴേയ്ക്ക് വിട്ടോ എനിക്ക് ഇവിടെ കുറച്ചു തിരക്കുണ്ട്.. " എന്നാലും അയാളോട് ഞാൻ ചെന്ന് എങ്ങിനെയാ പറയാ.. " താൻ അതൊന്നും കാര്യമാക്കണ്ട.. ങാ പിന്നെ വേറൊരു കാര്യം മാധവേട്ടന് നിന്റെ വല്യേട്ടനേക്കാളും മൂന്നാല് വയസ്സ് മൂത്തതാ. അങ്ങിനെയുള്ളവരെ കേറി, അയാള് താൻ എന്നൊക്കെ വിളിക്കുന്ന ശീലം ആദ്യം നിർത്ത്. പ്രായത്തിന് മൂത്തവരുടെ മൂന്നിലൊന്ന് താണ് കൊടുത്തൂന്ന് വെച്ചു ലോകമൊന്നും അവസാനിക്കാൻ പോണില്ല.. പിന്നെ ചമ്മല് മാറ്റാൻ വേണൊങ്കിൽ ഒരു സോറീം പറഞ്ഞേക്ക്, പ്രശ്നം തീർന്നു..

" സോറിയോ. ഞാൻ സോറി പറഞ്ഞത് തന്നെ.. "എന്നാ വേണ്ടാ നിന്റെ ഈഗോയും കെട്ടിപിടിച്ചിരുന്നോ. " പ്ലീസ് രാജീവ്.. ട്രൈ ടു അണ്ടർസ്റ്റാൻഡ്മീ. പ്ലീസ്.. " ദേ ഒന്നുകിൽ നീ പോയി വാങ്ങണം, അല്ലെങ്കിൽ അങ്ങേരുടെ കൈയിൽ കൊടുത്തു വിട്ട് വാങ്ങിപ്പിക്കണം, ഇത് രണ്ടിനും പറ്റില്ലെങ്കിൽ ബാക്കി ഞാൻ വന്നിട്ട് പറയാം. രാജീവ് സംസാരത്തിൽ ദേഷ്യം വരുത്തി ഫോൺ കട്ട് ചെയ്തു.. അയാൾ വീണ്ടും ബീനയുടെ അഹങ്കാരത്തിന് മീതെ മഴുവെറിഞ്ഞു.. ബീന മാധവനെ എങ്ങിനെ ഫേസ് ചെയ്യും എന്നുള്ള ചിന്തയിലായിരുന്നു. ഒരു ദാക്ഷണ്ണ്യവുമില്ലാതെ ഉള്ളിലുള്ള അഹന്ത തീരുന്നത് വരെ ഇന്നലെ താൻ ചീത്ത വിളിച്ചതാണ് അയാളെ . എന്നും കാണുമ്പോൾ തനിക്ക് നൽകിയിരുന്ന ഒരു പുഞ്ചിരിക്ക് നേരെ പോലും പണത്തിന്റെ ഹുങ്കിൽ മുഖം തിരിഞ്ഞു നടന്നിരുന്നവളാണ്. ഒരൊറ്റ രാവ് പുലർന്നപ്പോൾ എങ്ങിനെയാണ് താൻ അയാളെ അഭിമുഖീകരിക്കുന്നത് ,

അതിന്റെ പേരിൽ എന്ത് പറഞ്ഞാണ് അയാളോട് മാപ്പിരക്കേണ്ടത്. ഓർത്തപ്പോൾ ബീനയുടെ സമനില തെറ്റി.. അപ്പുവിന് കൊണ്ട് പോകാനുള്ള കഞ്ഞിയും കറിയും റെഡിയാക്കി വെച്ചില്ലെങ്കിൽ വീണ്ടും കിട്ടിയേക്കാവുന്ന അടിയുടെ ചൂട് ഓർത്തപ്പോൾ ബീനയുടെ തലയിലൂടെ ഒരു പെരുപ്പ് കയറി. വിയർപ്പ് പൊടിഞ്ഞു തിണപ്പിലേക്ക് ഒഴുകിയിറങ്ങി. നീറ്റലോടെ അവർ കൈ കുടഞ്ഞു.. തൊണ്ട വരണ്ടു പോകുന്നത് പോലെ തോന്നിയപ്പോൾ ഫ്രഡിജിൽ നിന്ന് അവർ അൽപ്പം വെള്ളമെടുത്ത് കുടിച്ചു.. " ഹലോ മാധവേട്ടാ. രാജീവാണ്. " ഹാ എന്താ സാറേ. ? രാജീവ് ഓഫീസിൽ നിന്നിറങ്ങി കാറിനടുത്തേക്ക് നടക്കുന്നുണ്ടായിരുന്നു. " അതേ ഇപ്പൊ നമ്മുടെ ശ്രീമതി വീട്ടിലേക്ക് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റുമായിട്ട് വരും. അതൊന്ന് വാങ്ങി കൊടുത്തേക്കണെ. " ആഹാ. അത്രേയുള്ളോ സാറേ. അത് ഞാനെറ്റു. " ങാ അവൾക്ക് മാധവേട്ടനെ ഫേസ് ചെയ്യാനുള്ള ഒരു മടിയുണ്ട്.. "

അങ്ങനെയൊന്നും വിചാരിക്കേണ്ടന്ന് പറഞ്ഞേക്കു സാറേ. നമ്മളൊക്കെ ദേഷ്യത്തിന് എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അത് അതോടെ അങ്ങു തീർന്നു. . പിന്നീട് അതും ഉള്ളിൽ വെച്ചോണ്ട് നടക്കുന്ന ശീലമൊന്നുമില്ല.. ദേ സാറേ മാഡം വരുന്നുണ്ട്.. " എന്നാ ശരി മാധവേട്ടാ.. നടന്ന് വരുന്ന ബീനയെ കണ്ടു മാധവൻ ഫോൺ വെച്ചു. " മ്മ്മ്മ് ഹും ബീന ക്യാബിനരികിൽ വന്നു നിന്ന് ഒന്ന് ചുമച്ചു കാണിച്ചു. മാധവൻ അവരെ ശ്രദ്ധിക്കാത്തത് പോലെ അന്നത്തെ ദിനപത്രമെടുത്ത് നിവർത്തി പിടിച്ചു.. " എക്സ്ക്യൂസ് മീ.. " ങാ.. മാഡമായിരുന്നോ, എന്താ മാഡം പതിവില്ലാതെ ? മാധവൻ ഒന്നുമറിയാത്തത് പോലെ പുറത്തേക്കിറങ്ങി വന്നു. " അത്.. എനിക്ക്.. എനിക്കൊരു ഹെൽപ്പ് വേണമായിരുന്നു.. " എന്താണെന്ന് വെച്ചാ മാഡം പറഞ്ഞോ ? അവർ അയാളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടിൽ നിന്ന് വിറളി വിയർത്ത് തുടങ്ങി..

" എന്താണെങ്കിലും മാഡം പറഞ്ഞോ. നമ്മളെ കൊണ്ട് പറ്റുന്നതാണേൽ ചെയ്തു തരാം.. " എനി.. എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കണയിരുന്നു. " ആഹാ അത്രേയുള്ളോ.. ആ ലിസ്റ്റ് ഇങ്ങ് തന്നെക്ക്.. അയാൾ പിന്നിലേക്ക് ചുരുട്ടി പിടിച്ച അവരുടെ കയ്യിലേക്ക് നോക്കി.. അടി കൊണ്ട് തിണർത്ത് പാടുകൾ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. " അല്ല മാഡം സഞ്ചിയെവിടെ ? " സഞ്ചി.. സഞ്ചി.. അത്.. " സഞ്ചിയില്ലെങ്കിൽ വേണ്ടാ പുതിയൊരെണ്ണം വാങ്ങാ.. ഇനിയെപ്പോഴും ആവിശ്യമുള്ളതല്ലേ.. തന്നെക്ക് ഞാനിപ്പോ തന്നെ വാങ്ങീട്ട് വരാം. അവർ ഒരു ചമ്മലോടെ ലിസ്റ്റും പൈസയും അയാൾക്ക് നേരെ നീട്ടി. അയാൾ അപ്പോഴും അവരുടെ കൈകളിലേക്ക് സൂക്ഷിച്ചു നോക്കി.. പെട്ടെന്ന് അവർ സാരിയുടെ തലപ്പ് കൊണ്ട് അത് മറച്ചു പിടിച്ചു.. " ഇറച്ചിയോ, മീനോ എന്തേലും വാങ്ങണോ മാഡം. ? " മ് ഹും. നടന്ന തുടങ്ങിയ അവർ തിരിഞ്ഞു നിന്നു വേണ്ടെന്ന് അർത്ഥത്തിൽ തലകുലുക്കി.

മാധവൻ ഒന്ന് ചിരിച്ചു കൊണ്ട് സൈക്കിൾ എടുത്ത് പുറത്തേക്ക് പോയി. അവർ അയാളെ നോക്കി ചിരി വരുത്തി ക്കൊണ്ട് ഫ്ലാറ്റിലേക്ക് പോയി.. " ഇതെന്താ നബീസു ഇന്ന് കാര്യയിട്ടാണല്ലോ ? എന്താ വിശേഷം.? " എനിക്കെന്തെലും വിശേഷം വന്നാൽ നിങ്ങളറിയതെയിരിക്കോ മാധവേട്ടാ. ഇത് ഗോമതി ഡോക്ടറുടെ വീട്ടിലേക്കാ. നാളെ അവരുടെ നാൽപതാം വിവാഹ വാർഷീകാ. മക്കളൊക്കെ വരുന്നുണ്ടാത്രേ. ബീനയ്ക്കുള്ള സാധനങ്ങൾ വാങ്ങാൻ മാധവൻ പച്ചക്കറി മാർക്കറ്റിലേക്ക് കയറുമ്പോൾ നബീസു കുറച്ചധികം കവറുകളുമായി ഒരു ഓട്ടോയിലേക്ക് കയറാൻ തുടങ്ങുകയായിരുന്നു.. അയാളെ കണ്ട് അവൾ തിരിഞ്ഞു നിന്നു.. " അതിനവര് പുറത്തേതോ രാജ്യത്തല്ലേ ? " ഏത് രാജ്യത്ത് ആയാലെന്താ മാധവേട്ടാ, അച്ഛനുമമ്മമയും കാണണമെന്ന് പറഞ്ഞാൽ എത്ര തിരക്കയാലും അടുത്ത ദിവസം അവിരിവിടെയുണ്ടാകും. അതാ മക്കൾ.. അല്ല.

നിങ്ങളെന്താ പതിവില്ലാതെ ഈ വഴി. " ങാ. പതിവില്ലാത്തത് പലതുമാണല്ലോ ഇവിടെ സംഭവിക്കുന്നത്.. " എന്ത് പതിവില്ലാത്തത് ? അയാൾ ചിരിക്കുന്നത് കണ്ടപ്പോൾ നബീസു സംശയത്തോടെ നോക്കി.. " നമ്മടെ ബീനാ മാഡത്തെ രാജീവൻ സാർ ഒന്ന് ശരിക്ക് അലക്കി പിഴിഞ്ഞു. കൈയും മുഖവൊക്കെ നല്ല പരിവമായി കിടപ്പുണ്ട്.. " ന്റെ റബ്ബേ. എന്തായാലും അങ്ങനെയൊക്കെ തല്ലണ്ടായിരുന്നു. പെണ്ണുങ്ങളെ തല്ലുന്നതൊന്നും പടച്ചോൻ പൊറുക്കൂല്ലട്ടാ മാധവേട്ടാ " ഹാ നിന്റെ വർത്താനം കേട്ടാൽ ഞാനാ അവരെ തല്ലിയതെന്ന് തോന്നൂല്ലോ. അവർക്ക് അങ്ങേരുടെർന്നു കിട്ടിയത് അവരുടെ കയ്യിലിരിപ്പിന്റെയാ. അല്ലെ നിന്നോട് ഇന്നലെ പറഞ്ഞത് മുഴുവൻ നീയിത്ര പെട്ടെന്ന് മറന്നോ. " മറന്നിട്ടൊന്നുമല്ല മാധവേട്ടാ.. അമ്മയെക്കാൾ കൂടുതൽ ഒരു വേലക്കാരിയെ സ്വന്തം മകൻ സ്നേഹിക്കുന്നൂന്ന് തോന്നിയാൽ ആരായാലും അങ്ങിനെയൊക്കെ പ്രതികരിച്ചെന്നിരിക്കും..

കേട്ടപ്പോ ഒരു സങ്കടം തോന്നിയെങ്കിലും രാത്രി മുഴുവൻ അതിനെ കുറിച്ചാലോചിച്ചപ്പോ അവർക്കും ഒരു ന്യായമുണ്ട്.. എത്ര വന്നാലും അവര് അപ്പൂന്റെ അമ്മയല്ലേ.. നമ്മളെത്രയൊക്കെ സ്നേഹിച്ചാലും പെറ്റമ്മയോളം വലുതാവില്ല, ഒരു പോറ്റമ്മയും.. " ങാ.. മതി മതി കൂടുതൽ വിശദീകരിക്കണ്ട.. നല്ല മഴക്കൊളുണ്ട്. വേഗം പോകാൻ നോക്ക്.. അവളുടെ കൺ പീലികളിൽ ഒരു നേർത്ത മിഴിനീർ തുള്ളി തിളങ്ങുന്നുണ്ടായിരുന്നു.. മാധവന് അത് മനസിലായപ്പോൾ അവളെ പറഞ്ഞു വിടാൻ തിടുക്കം കൂട്ടി.. " മാധവേട്ടാ.. പിന്നെ ? " എന്താ പെണ്ണേ.. കടയിലേക്ക് കയറിയ അയാൾ തിരിഞ്ഞു നിന്നു.. " കൊച്ചിന്റെ വിവരം വല്ലതും അറിഞ്ഞായിരുന്നോ ? " ന്റെ നബീസു അൽപ്പം മുൻപ് നീ വലിയ തത്വമൊക്കെ പറയുന്നത് കേട്ടപ്പോൾ ഞാൻ കരുതി നീയവനെ പാടെ മറന്നു പോയെന്ന്. " അവനെ ഞാൻ മറക്കെ.. എന്റെ ഇക്കാ എന്നെ മൊഴി ചൊല്ലിയെ പിന്നെ എന്റെ കുടുംബക്കാരു പോലും തിരിഞ്ഞു നോക്കീട്ടില്ലാ, ആ എന്നെ തിരഞ്ഞു വെറും ഒറ്റ ദിവസത്തെ ബന്ധത്തിന്റെ പേരിൽ എന്റെ വീട്ടിലേക്ക് കേറി വന്ന ആദ്യത്തെ ആളാ ന്റെ അപ്പു..

അവനെ ഞാൻ മറക്കണോങ്കി. ഞാൻ മരിക്കണം.. ഇനിയൊന്ന് കാണാൻ പറ്റോന്ന് കൂടി അറിയില്ല.. ന്നാലും ഇടയ്ക്ക് അവന്റെ വിവോരോങ്കിലും ഒന്നറിയണ്ടേ മാധവേട്ടാ.. ആകാശത്ത് ഉരുണ്ട് കൂടിയ കാർമേഘങ്ങൾ അവളുടെ മിഴി കോണുകളിൽ പെയ്തു തുടങ്ങിയിരുന്നു. " ഇന്നലെ രാത്രി അവന് ബോധം വീണെന്ന് രാജീവ് സാർ. പിന്നെ കണ്ണ് തുറന്നപ്പോ അവൻ നിന്നെയാ ആദ്യം ചോദിച്ചെന്ന്. " ഉം. അവൾ മൂളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.. ഒരു തേങ്ങൽ ഉയർന്നു കണ്ണീർ പെയ്‌ത്തിന്റെ കനം കൂട്ടി.. അവന്റെ കുഞ്ഞോർമ്മയിൽ ഇപ്പോഴും താനുണ്ടെന്നു മനസിലായപ്പോൾ അവൾ അയാളോട് യാത്ര പോലും പറയാതെ ഓട്ടോയിൽ കയറി പോയി.. അവളുടെ സങ്കടം അയാളിലും വല്ലാത്ത നോവ് പടർത്തിയിരുന്നു.. ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളും വാങ്ങി അധികം വൈകാതെ മാധവൻ ഫ്ലാറ്റിലേക്കെത്തി.. സൈക്കിൾ ക്യാബിനരികിൽ സ്റ്റാൻഡിൽ വെച്ച ശേഷം അയാൾ സഞ്ചിയുമായി ലിഫിറ്റിന് അരികിലേക്ക് നടന്നു.. " അല്ല നിങ്ങളീ സഞ്ചിയും ചുമന്നെങ്ങോട്ടാ ? " രാജീവ് സാറിന്റെ ഫ്ലാറ്റ് വരെ.. ബീന മാഡം കുറച്ചു സാധനം വാങ്ങാൻ ഏല്പിച്ചിരുന്നു..

അരവിന്ദ് ലിഫ്റ്റിൽ താഴേയ്ക്ക് വന്നിറങ്ങിയ അരവിന്ദ് മാധവനെ സംശയത്തോടെ നോക്കി. " ഓഹോ. ഇത്ര പെട്ടെന്ന് അത്ഭുതം സംഭവിച്ചോ " പിന്നില്ലാതെ, അതിലൊന്നാണല്ലോ രാജീവ് സാർ കാലത്തെ അവർക്ക് കൊടുത്തിട്ട് പോയത്, ഇത് അതിന്റെ ബാക്കി. " ങാ ചെല്ല് ചെല്ല്.. അരവിന്ദൻ മാധവനെ കളിയാക്കി കൊണ്ട് പുറത്തേക്ക് പോയി.. അയാൾ ലിഫ്റ്റിൽ കയറി എട്ടാം നമ്പറിൽ കുത്തി.. സാധനങ്ങളുമായി അയാൾ വാതിൽക്കൽ ചെന്ന് കോളിംഗ് ബെല്ലിൽ അമർത്തി.. ബീന വന്നു വാതിൽ തുറന്നതും മാധവൻ അവർക്ക് നേരെ സഞ്ചി നീട്ടി. " ദാ മാഡം ബില്ലും ബാക്കി പൈസയും. " വേണ്ടാ വച്ചോളൂ... " ഏയ് വേണ്ടാ മാഡം.. അവിശ്യത്തിനുള്ളത് ന്റെ കയ്യിലുണ്ട്.. മാധവൻ പോക്കറ്റിൽ നിന്ന് ബില്ലും ബാലൻസ് പൈസയും എടുത്ത് ബീനയ്ക്ക് നീട്ടി കൊണ്ട് തിരിച്ചു പോയി. അവർ അയാളെ ഒന്ന് നോക്കി നിന്ന ശേഷം അകത്തേക്കും. " നീയിതുവരെ റെഡിയായില്ലേ ബീനെ ? " ഞാൻ കുളിക്കാൻ കയറിയതെ ഉള്ളു.. " ങാ പെട്ടെന്ന് വാ.. രാജീവ് ബാങ്കിൽ നിന്ന് വരുമ്പോൾ ബീന കുളിക്കാൻ കയറിയിരുന്നു..

കഞ്ഞിയും എണ്ണ കുറച്ചു ഉണ്ടാക്കിയ പയർ തോരനും അൽപ്പം അച്ചാറും അപ്പുവിന്റെ ടിഫിൻ ബോക്സിലാക്കി ഡൈനിംഗ് ടേബിളിന് മുകളിൽ വെച്ചിട്ടുണ്ടായിരുന്നു. " അപ്പോ വച്ചുണ്ടാക്കാൻ അറിയാഞ്ഞിട്ടല്ല, ചെയ്യാഞ്ഞിട്ടാണ്. ഉം. രാജീവ് അടുക്കളയിൽ ചെന്ന് പാൻ തുറന്ന് അൽപ്പം പയർ തോരൻ എടുത്തു കഴിച്ചു.. ഷവറിനടയിൽ നിൽക്കുമ്പോൾ ബീനയ്ക്ക് ശരീരം പൊള്ളിയടരുന്നത് പോലെ തോന്നി. മുഖത്തെയും കൈയിലെയും തിണർത്ത പാടുകളിൽ വെള്ളം സൂചി പോലെ കുത്തിയിറങ്ങി താഴോട്ടൊഴുകി, നീറ്റൽ എരിഞ്ഞു തുടങ്ങിയപ്പോഴാണ് അവർ കാൽ മുട്ടിന് മുകളിലെ തടിച്ചു ചുവന്ന പാടുകൾ ശ്രദ്ധിച്ചത്.. പതഞ്ഞ ബോഡി ലോഷൻ മുറിവിൽ തട്ടിയപ്പോൾ അവർ വീണ്ടും നിന്ന് പുളഞ്ഞു.. " കുളി കഴിഞ്ഞോ ? പുറത്ത് നിന്ന് രാജീവ് വീണ്ടും വിളിച്ചു ചോദിക്കുന്നത് അവർക്ക് കേൾക്കാമായിരുന്നു.. ശരീരത്തിനൊപ്പം അവരുടെ മനസും മുറിഞ്ഞു പോയിരുന്നു.. ശബ്ദത്തിലെ ഭാവവ്യത്യാസം വീണ്ടും മാറിയതോടെ ബീന കുളിച്ചെന്ന് വരുത്തി പെട്ടെന്ന് പുറത്തേക്കിറങ്ങി.. " ആഹാ ഇന്നെന്താ പുതിയ വേഷത്തിൽ ?

" അതെന്താ ഈ വേഷത്തിൽ നിങ്ങളെന്നെ ആദ്യായിട്ട് കാണുവാണോ? " ഏയ് ഒരിക്കലുമല്ല. കുറെ കാലങ്ങളായിട്ട് സ്ലീവ് ലെസ്സ് ബ്ലൗസും സാരീം ആയിരുന്നല്ലോ ഇഷ്ടവേഷം. പെട്ടെന്നൊരു മാറ്റം കണ്ടപ്പോൾ ഞാനൊരു അതിശയോക്തി പറഞ്ഞതാണ്.. " ആ കൈയിലെയും മുഖത്തേയും പേക്കൂത്ത് കണ്ടു ചോദിക്കുന്നവരോട് മുഴുവൻ മറുപടി പറയേണ്ടത് ഞാനല്ലേ.. " ആഹാ.. എന്നാൽ ഇതിലും നല്ലത് പർദയാണ്, അപ്പോ കണ്ണ് മാത്രല്ലേ കാണൂ.. ബീന ഫുൾ സ്ലീവ് ചുരിദാറിട്ടു റെഡിയായ് ഹാളിലേക്കിറങ്ങി..അയാൾ അവരെ അടിമുടി നോക്കി.. " സ്ലീവ് ലെസ്സ് ബ്ലൗസില്ല, ഓവർ മേക്കപ്പില്ല, കുടപോലത്തെ ഇയറിങ്‌സില്ല, ലിപ്സ്റ്റിക്കില്ല.. ആഹാ ഇപ്പോഴാണ് നീ ആർട്ടിഫിഷ്യലിറ്റിയില്ലാത്ത ഒന്നാന്തരമൊരു പെണ്ണായത്.. കൊള്ളാം. ഓവറോൾ ഇപ്പൊ കണ്ടാ ആരായാലും ഒന്ന് നോക്കും.. " അതെന്താ മുൻപ് കണ്ടാൽ ആരും എന്നെ നോക്കില്ലായിരുന്നൂന്നാണോ ? "

പേക്കോലം ഏതാണ്, സൗന്ദര്യം ഏതാണ് എന്നു കാണുന്ന ആർക്കും മനസിലാവും.. ചെല്ല് വേഗം ചെന്ന് ആ ടിഫിനും, ബാഗും ഒക്കെ എടുത്തോണ്ട് വാ.. പോകാം.. " അതും ഞാൻ തന്നെയെടുക്കണോ ? " വേണ്ടാ അതേടുക്കാൻ ഞാനിനി യൂണിയൻകാരെ വിളിക്കാം.. ചെന്നിടുത്തിട്ടു വാടി.. രാജീവ് വായിച്ചു കൊണ്ടിരുന്ന ന്യൂസ് പേപ്പർ ചുരുട്ടി സോഫയിൽ വലിച്ചടിച്ചു.. ബീന ഒന്ന് ഞെട്ടി കൊണ്ട് അടുക്കളയിലേക്ക് ഓടി പെട്ടെന്ന് ടിഫിനും ബാഗുമായി പുറത്തേക്കിറങ്ങി.. ആശുപത്രിയുടെ പാർക്കിങ്ങിൽ കാർ ഇട്ട ശേഷം രാജീവും ബീനയും മുകളിലേക്ക് നടന്നു.. " ഓ ഞാനവരുടെ പേരും നാളൊന്നും ചോയിക്കാൻ പോയില്ല. ഒരു ജാഡ പെണ്ണുമ്പിള്ള. അവരുടെ നടപ്പും പത്രാസും ഒക്കെ കണ്ടാൽ ഏതോ കൊമ്പത്തെ കൊച്ചമ്മയാ ന്നാ വിചാരം.. " ഒന്നുമറിയാതെ നീയെന്തിനാ പിന്നെ വന്നത്.

ഹോസ്പിറ്റലിലെ റൂമിനകത്ത് അപ്പുവിനെ നോക്കാൻ വന്ന പുതിയ ഹോം നേഴ്‌സ് ഏതോ പുരുഷനോട് സംസാരിക്കുകയാണ്. മുകളിലേക്ക് കയറി വാതിൽക്കൽ എത്തിയ ബീനയും രാജീവും അകത്തെ സംസാരം കേട്ട് അവിടെ തന്നെ നിന്നു.. ബീനയ്ക്ക് വല്ലാത്ത ദേഷ്യം വരുന്നുണ്ടായിരുന്നു. " കുറച്ചു കാശിന്റെ ആവശ്യം ഉണ്ടായിരുന്നത് കൊണ്ട് വന്നൂന്നെയുള്ളൂ. അല്ലെങ്കിലും ഞാനെന്തിനാ ആ പെണ്ണുമ്പിള്ളയെ കുറിച്ചു തിരക്കുന്നത്. അവരാരായലും എനിക്ക് ഒന്നൂല്ല എന്റെ ജോലി അവരുടെ കൊച്ചിനെ നോക്കലാ. " ആങ്കുട്ടി യാണെന്നല്ലേ പറഞ്ഞത്. നോക്കി കണ്ടും ഒക്കെ നിന്നാ മതി. ഒള്ളവന്റെ വീട്ടിലെ പിള്ളേർക്ക് വെളച്ചിൽ കൂടുതലായിരിക്കും.. " ങാ അവന്റെ വെളച്ചിലും കൊണ്ട് ഇങ്ങോട്ട് വരട്ടെ. നല്ല കിഴക്കു കൊടുക്കും ഞാൻ.. അത് കേട്ടതും രാജീവ് ദേഷ്യത്തിൽ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story