ഏഴാം ബഹർ: ഭാഗം 1

ezhambahar

രചന: SHAMSEENA FIROZ

കയ്യിലെ പുസ്തകത്തിന്റെ താളുകൾ ഒന്നൂടെ മറിച്ചു നോക്കിക്കൊണ്ട് ലൈബ്രറിയിലേക്ക് കടന്ന അവളുടെ കയ്യിൽ അവന്റെ പിടി വീണു..ഞെട്ടലോടെ മുഖം ഉയർത്തി നോക്കുന്നതിന് മുന്നേ അവൻ അവളെ വലിച്ചു അകത്തെ ഷെൽഫിലേക്ക് ചേർത്ത് നിർത്തിയിരുന്നു... "അമൻ..കയ്യിന്നു വിട്... " അവന്റെ പ്രവർത്തിയിൽ ദേഷ്യം തോന്നിയ അവൾ കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു.. "ഇല്ല..വിടില്ല...ഇന്നങ്കിലും എനിക്കുള്ള മറുപടി കിട്ടണം..അത് കിട്ടാതെ ഈ പിടി അയയുമെന്ന് നീ വിചാരിക്കണ്ട... " "എന്റെ ഭാഗം ഞാൻ എപ്പോഴേ തുറന്നു പറഞ്ഞിരിക്കുന്നു...എനിക്കിഷ്ടമല്ല...കയ്യിന്നു വിടാനാ നിന്നോട് പറഞ്ഞത്..." അവൾ ബലമായി കൈ വിടുവിക്കാൻ നോക്കി...പക്ഷെ അപ്പോഴേക്കും അവന്റെ പിടുത്തം മുറുകിയിരുന്നു.. "അമൻ...വിടുന്നതാ നിനക്ക് നല്ലത്..ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നുണ്ട്..."

പുസ്തകം എടുക്കുകയും വെക്കുകയുമൊക്കെ ചെയ്യുന്ന എല്ലാരുടെയും കണ്ണ് തങ്ങളിലേക്ക് നീളുന്നതു കണ്ട അവൾ കടുപ്പിച്ചു പറഞ്ഞു..അവനൊന്നു ചുറ്റും നോക്കിയതിനു ശേഷം അവളിലുള്ള പിടി വിട്ടു... അവൾ അവനെ രൂക്ഷമായി നോക്കി മുന്നോട്ടു നടക്കാൻ ആഞ്ഞതും അവൻ അവളുടെ മുന്നിൽ കയറി.. "ഞാൻ തൊടുമ്പോൾ മാത്രമാണല്ലോ നിനക്കീ ചോര തെളപ്പ്...നിന്റെ ആ മറ്റവൻ ആയിരുന്നെങ്കിൽ നീയിപ്പോ അർമാദിച്ചേനല്ലോ...രാവെന്നോ പകലെന്നോ ഭേദമില്ലാതെ അവന്റെ ഒപ്പം നിനക്ക് സമയം ചെലവ് ഒഴിക്കാം..ആഹ്ലാദിക്കാം..സംസാരിക്കാം..ദേഹത്ത് തൊടാം..അപ്പോഴൊന്നും ഒരു കുഴപ്പവുമില്ല...ഞാനൊന്നു തൊടാൻ പാടില്ല...നോക്കാൻ പാടില്ല...എന്തിനു...ഒന്ന് മുന്നിൽ വന്നു നിക്കാൻ പാടില്ല.. " "Enough please... " അവള്ക്ക് സഹികെട്ടു തുടങ്ങിയിരുന്നു..

"എന്തെടി...ഉത്തരം മുട്ടി പോയോ നിനക്ക്... " "ഉത്തരം മുട്ടിയിട്ടില്ല...നിന്റെ മുന്നിൽ ഒരിക്കലും ഉത്തരമില്ലാതെ നിൽക്കാനും പോകുന്നില്ല...അതിനും മാത്രം പീറ പെണ്ണല്ല ഈ ലൈലാ.. എന്തോ ചോദിച്ചല്ലോ നീയിപ്പോ...അവൻ അടുത്ത് വരുമ്പോഴും സംസാരിക്കുമ്പോഴും ഇല്ലാത്ത എന്ത് പ്രശ്നമാ നീ വരുമ്പോൾ എന്നല്ലേ... നീ ആരാ...എന്താ ഞാനും നീയും തമ്മിലുള്ള റിലേഷൻ...ഒന്നുമില്ല...ഒന്നും... ഒരിക്കലും ഒന്നും തന്നെ ഉണ്ടാവാനും പോകുന്നില്ല.. മുനവ്വിർ....മുന്നാ...അവനെന്റെ ഫ്രണ്ടാ..ഞങ്ങൾക്കിടയിൽ പറയപ്പെടാൻ അത്യമൂല്യമായൊരു ബന്ധമുണ്ട്..സുഹൃത്ത് ബന്ധം...ഒരിക്കലും കറ പിടിക്കാത്തതും നഷ്ടപ്പെടാത്തതുമായ ഒന്ന്... ഒരു ആണും പെണ്ണും പരസ്പരം ഒന്ന് ചിരിക്കുന്നത് കണ്ടാൽ മതി..ഉടനടി അത് അനാശാസ്യത്തിലേക്ക് എത്തിക്കുന്ന ടീമാണ് നീയൊക്കെ...

അങ്ങനെയുള്ള നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല...മനസ്സിലാവില്ല നിനക്ക് ഒന്നും ഒരിക്കലും ഒന്നിന്റെയും മഹത്വവും പ്രാധാന്യവും... " "കിടന്നു ചീറ്റാതെടീ...അവനെ പറഞ്ഞപ്പോ ദഹിച്ചില്ലല്ലേ...നീ വല്യ പുണ്യാളത്തിയൊന്നും ചമയണ്ടാ...ഈ കോളേജിലെ സ്റ്റുഡന്റസ് സ്റ്റാഫ്‌സ് എന്നുവേണ്ട ഓരോരുത്തർക്കും അറിയാം നിന്നെക്കുറിച്ച്...അല്ല..നിന്നെയും അവനെയും കുറിച്ച്...നിങ്ങൾ തമ്മിൽ ഉള്ള റിലേഷൻ ഏതു തരത്തിലുള്ളതാണെന്ന്... എന്നിട്ട് ചോദ്യം ഉയർന്നു വരുമ്പോൾ പറയാൻ ഒരു പേരും..ഫ്രണ്ട്ഷിപ്പ്...മതിയെടീ ജയഭാരതിയെ കടത്തി വെട്ടാനുള്ള നിന്റെ അഭിനയം... " "ഓ...അപ്പൊ അങ്ങനെയും സംസാരങ്ങൾ ഉണ്ടോ ഈ ക്യാമ്പസ്‌ ഇടനാഴികളിൽ...വിഷയം ഞാൻ ആയിരുന്നിട്ടു കൂടി ഞാൻ അറിയാതെ പോയ ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന്...അല്ല..സ്വകാര്യങ്ങൾ ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത്...

ആയിക്കോട്ടെ അമൻ...ഒരേയൊരു വികാരം...പുച്ഛം മാത്രം...മഞ്ഞ കണ്ണ് കൊണ്ട് കാണുന്നത് ഒക്കെയും മഞ്ഞ മാത്രമായിരിക്കും... അപ്പോഴും ഒരു ചോദ്യം ബാക്കി...ഈ ക്യാമ്പസസിൽ എണ്ണി തിട്ട പെടുത്താൻ കഴിയാത്ത അത്രയും പെൺകുട്ടികൾ ഉണ്ടായിട്ടും നീ എന്തിന് നാലാളുകൾക്കിടയിൽ ഇത്രേം പേരുദോഷമുള്ള എന്റെ പുറകെ നടക്കുന്നു...ഒരു നഗരം ഒട്ടാകെ അറിയപ്പെടുന്ന നഗര പിതാവിന്റെ മകന് സ്റ്റാഫ്‌സിന്റെയും സ്റ്റുഡന്റസ്ന്റെയും മുന്നിൽ അഴിഞ്ഞാടി നടക്കുന്ന ഈ ലൈലയെ മാത്രമേ കണ്ണിനു പിടിച്ചുള്ളൂ..." അവളുടെ ചോദ്യം കേട്ടതും അതുവരെ നാവു കൊണ്ട് അവള്ക്ക് നേരെ ശരമെയ്തു കൊണ്ടിരുന്നവൻ പെട്ടെന്ന് നിശബ്ദനായി...ആ ചോദ്യത്തിന് നൽകാൻ അവന്റെ പക്കൽ ഉത്തരങ്ങളൊന്നും ഇല്ലായിരുന്നു.. "എന്തുപറ്റി മിസ്റ്റർ അമൻ...ഉത്തരം മുട്ടിയോ...? "

"അമൻ അല്ല..താജ്...കാൾ മി താജ്....നീയായത് കൊണ്ട് മാത്രമാ അമൻന്നു വിളിച്ച നാവു അവിടെ ബാക്കി കിടക്കുന്നത്...വേറെ വല്ലവരും ആയിരുന്നെങ്കിൽ പിഴുതു എറിഞ്ഞെനെ ഞാൻ... അമൻ ആയല്ല..എനിക്കെന്റെ വാപ്പാന്റെ മകനായി..എന്റെ വാപ്പാന്റെ പേരിൽ അറിയപ്പെടാനാ ഇഷ്ടമെന്ന് ഇവിടെത്തെ ഈച്ച കുഞ്ഞിന് പോലും കേട്ടു കേൾവിയുള്ള കാര്യമാണ്... ജസ്റ്റ്‌ റിമെംബേർ...താജ്..നോട് അമൻ...കാൾ മി താജ്.. " "നിന്റെ ഇഷ്ടം പ്രകാരം വിളിക്കാൻ ഞാൻ നിന്റെ വീട്ടു വേലക്കാരിയല്ല...പോയി നിന്റെ വീട്ടിൽ പറയെടാ..നിന്റെ വാപ്പ താജുദ്ദീന്റെ പേരിനൊപ്പം ചേർന്നു കിടക്കുന്ന മേയർ എന്ന പദത്തിന്റെ അധികാരവും അങ്ങേരുടെ കയ്യിലുള്ള പണ കൊഴുപ്പുമാണ് നീയീ കാണിക്കുന്ന ഗർവ് എങ്കിൽ അതങ്ങു നിർത്തിയേരെ....ഇതൊന്നും കണ്ടു ഞാൻ പേടിക്കാനോ നിന്നെ അനുസരിക്കാനോ പോകുന്നില്ല...

ഒന്നും എന്റെ അടുത്ത് വില പോകില്ലന്നു മാത്രമല്ല...ഈ ജന്മത്തിൽ ഞാൻ നിന്നെ ഇഷ്ട പെടില്ല...ഒരേ കാര്യം തന്നെ ഒരുപാട് തവണ ആവർത്തിക്കാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട് പറയുക.. ഇനിയും നിന്റെ ഇഷ്ടത്തിന്റെ പേരും പറഞ്ഞു എന്നെ ശല്യം ചെയ്യാനും ഹീറോയിസം കാണിക്കാനുമാണ് ഉദ്ദേശമെങ്കിൽ രണ്ടാമതൊരു സസ്പെന്ഷൻ കൂടി നീ ഒഫീസിൽ നിന്നും കൈ പറ്റെണ്ടി വരും...അതും വീണ്ടും ഈ ലൈല കാരണം..." അവളുടെ കൈയിലെ പുസ്തകം ഞെരിഞ്ഞമരുന്നുണ്ടായിരുന്നു...അത് തന്നോടുള്ള ദേഷ്യത്തിന്റെ ഫലമാണെന്ന് അവനു മനസ്സിലായി..തോൽക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല...വീണ്ടും ആളുകൾ ശ്രദ്ധിച്ചു തുടങ്ങുന്നു എന്ന് കണ്ട അവൻ അമർഷത്തോടെ വഴി മാറി കൊടുത്തു..അവൾ അവനെ മറി കടന്നു മുന്നോട്ടു നടന്നു നീങ്ങി.. *** "മ്മ്...വരുന്നുണ്ട് വരുന്നുണ്ട്...

ഇന്നും അവളുടെ കയ്യിന്നു കണക്കിന് കിട്ടീന്നാ തോന്നുന്നത്...കണ്ടില്ലേ മുഖം ഗ്യാസ് സിലിണ്ടർ പോലെ.. " ദേഷ്യത്തോടെ ലൈബ്രറിയിൽ നിന്നും ഇറങ്ങി ക്ലാസ് റൂമിലേക്ക്‌ ചെന്ന താജ്നെ കണ്ടതും അവന്റെ കട്ട ചങ്ക് ആയ എബനെസ്റ്റ് എന്ന എബി പറഞ്ഞു..അത് കേട്ടതും അവന്റെ മുഖം ഒന്നൂടെ വീർത്തു കെട്ടി.. "അവളുടെ ആട്ടലു മുഴുവനും കേട്ടു ഇവിടെ വന്നു ഞങ്ങളെ ദഹിപ്പിക്കുന്ന നിന്റെ ഈ സ്വഭാവം ഉണ്ടല്ലോ താജ്..അത് നീ നിർത്തിയേക്കണം..ബോറൻ പരിപാടിയാണ്...നിനക്ക് എന്തിന്റെ കുറവുണ്ടായിട്ടാ നീ അവളുടെ പിന്നാലെ നായ നടക്കുന്നത് പോലെ...ചേ...പറയാൻ തന്നെ എനിക്ക് ഷെയിം തോന്നുന്നു... അവളൊരിക്കലും നിന്റെ വലയിൽ വീഴാൻ പോകുന്നില്ല...അവളാ മുന്നയ്ക്കു മെരുങ്ങി കഴിഞ്ഞു...കാണുന്നില്ലേ ഇരുപത്തി നാലു മണിക്കൂറും അവന്റെ ഒന്നിച്ച് അഴിഞ്ഞാടി നടക്കുന്നത്...അവളെ ഒരു പോക്ക് കേസാ...കുറച്ചു തൊലി വെളുപ്പും മുടിയുമൊക്കെ ഉള്ളതിന്റെയാ ഈ ഹുങ്ക്..അവളുടെ ബോഡി ലാംഗ്വേജ് അല്ലേ നിന്നെ കിക്ക് പിടിപ്പിക്കുന്നത്...

അത് വെച്ചല്ലേ അവള് നിന്നെ കൊതി കൂട്ടുന്നത്...ഒന്ന് വിട്ടിട്ടു പോടാ...നിന്റെ സ്റ്റാറ്റസ് വെച്ചു നോക്കിയാൽ നിനക്ക് മിനിസ്റ്റർടെ മോളെ തന്നെ കിട്ടും...പിന്നെ ഇവളെ അത്രേം ഹോട് ആയിരിക്ക......." അവന്റെ ക്ലാസ്സിലെ മനാഫ് പറഞ്ഞു തീർന്നില്ല...അതിന് മുന്നേ താജ് അവന്റെ കഴുത്തിനു കുത്തി പിടിച്ചു ചുവരിലേക്ക് തൂക്കി.. "പ്ഫാ...എന്ത് പറഞ്ഞെടാ നായെ നീ...വല്ലാണ്ട് അങ്ങ് ചിലക്കാൻ നിക്കല്ലേ... ഞാൻ പറയും അവളെ...എനിക്ക് ഇഷ്ടമുള്ള അത്രയും എനിക്ക് തോന്നിയത് എന്തും പറയും ഞാൻ അവളെ...അവളുടെ മുഖത്ത് നോക്കി തന്നെ പറയും...കാരണം അവളെന്റെ പെണ്ണാ...എന്റെ മാത്രം...ഈ താജ് ന്റെ മാത്രം പെണ്ണ്.. അത് കേട്ടു നീയൊക്കെ തുള്ളാൻ നിന്നാൽ ഉണ്ടല്ലോ പുഴു അരിക്കാൻ കൂടി ബാക്കി വെക്കില്ല...വെട്ടി നുറുക്കി കത്തിച്ചു കളയും....പന്ന മോനെ...പറഞ്ഞില്ലന്നു വേണ്ടാ... "

അവന്റെ ദേഷ്യം വർധിക്കുന്നതിന് അനുസരിച്ചു മനാഫ്ന്റെ കഴുത്തിലുള്ള പിടി മുറുകുന്നുണ്ടായിരുന്നു...ശ്വാസം കിട്ടാതെ മനാഫ്ന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി..ലൈലയെ പറഞ്ഞാൽ അവൻ എന്തും ചെയ്യാൻ മടിക്കില്ലന്നു അറിയുന്ന എബി അതു കണ്ടു താജ്നെ പിടിച്ചു മാറ്റി..അവന് അടങ്ങാനുള്ള ഭാവമില്ലായിരുന്നു..അവൻ വീണ്ടും മനാഫ്നെ കുത്തി പിടിക്കാൻ ആഞ്ഞു...അപ്പോഴേക്കും എബി മുന്നിൽ കയറി നിന്നു.. "വട്ടായോ നിനക്ക്.. " "ആ...വട്ടു തന്നെയാ...അവൾക്ക് എതിരെ എന്റേത് അല്ലാതെ മറ്റൊരാളുടെയും നാവു ചലിക്കാൻ പാടില്ല...പിഴുതു മാറ്റും ഞാൻ...അറിയാല്ലോ എന്നെ...വട്ടു തന്നെയാ..ലൈല ജബീൻ എന്ന മുഴുവട്ട്...എനിക്ക് മാത്രം അവകാശപ്പെട്ടതാ...എനിക്കറിയാം അവളെ എന്ത് പറയണമെന്നും എന്ത് ചെയ്യണമെന്നും...മേലാൽ ഇനിയിതു ആവർത്തിക്കാൻ പാടില്ല.. "

അവൻ മനാഫ്നു നേരെ ഭീഷണി എന്നോണം സ്വരം മുഴക്കി...മനാഫ് അപ്പോഴും പ്രയാസത്തിലാണ്..തൊണ്ട തടവിയും ശ്വാസം എടുത്തു നോക്കിയും പൂർവ്വ സ്ഥിതിയിൽ ആവാൻ ശ്രമിക്കുന്നുണ്ട്.. അവന്റെ ദേഷ്യം വർധിക്കുന്നത് അല്ലാതെ കുറയുന്നില്ലന്നത് കണ്ട എബി തലയിക്കും കൈ കൊടുത്തു കൊണ്ടവനെ നോക്കി.. "എന്താടാ..ഇനി നിനക്കും വേണോ.." "കർത്താവെ....കണ്ടത് തന്നെ ധാരാളം..വയറു നിറഞ്ഞു തൃപ്തിയായേ.." അവനൊന്നും മിണ്ടിയില്ല..ഡെസ്കിൽ കയറിയിരുന്നു..എബിയും ചെന്നു..അവന്റെ തൊട്ടടുത്തായി ഇരുന്നു.. "അവൻ പറഞ്ഞതിൽ എന്താടാ തെറ്റ്...അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് കേട്ടിട്ടെ ഉണ്ടായിരുന്നുള്ളൂ..

ഇതിപ്പോ സ്ഥിരം നടക്കുന്നതും കാണുന്നതും അതുതന്നെ.. ദിവസവും അവളുടെ അടുത്തുന്നു വയറു നിറച്ചു വാങ്ങിട്ട് വരും...എന്നിട്ട് അതിന്റെ എഫക്ട് കാണിക്കുന്നതോ ഇവിടെയും... അമൻ താജ്...പേര് കേട്ടാൽ തന്നെ ജൂനിയർസ് കിടു കിടെ വിറക്കും...ബോയ്സ്നു ഭയമാണ് നിന്നോടുള്ള വികാരമെന്നാൽ ഗേൾസിന് ആരാധനയും ബഹുമാനവും പ്രണയവുമാണ്...ചിലതിന്റെ ഒലിപ്പീരു സഹിക്കാൻ കഴിയുന്നില്ല...നിന്നോട് തുറന്നു പറയാൻ പേടിച്ചിട്ടു എല്ലാതും കൂടെ ലെറ്ററും സിൽക്കും മിൽക്കുമൊക്കെയായി വരുന്നത് എന്റെ അടുത്തേക്കാ....ഇന്ന് രാവിലെയും കൂടി വന്നു...ഒരു സുറുമിയോ ഉറുമിയോ അങ്ങനെ എന്തോ ഒന്ന്.. കർത്താവെ...അതിന്റെ പ്രേമലേഖനം വായിച്ചാൽ പെറ്റ തള്ള കൂടെ സഹിക്കേലാ...കെട്ടി തൂങ്ങി ചാവാനാ തോന്നിയെ അന്നേരം.. എന്നിട്ടും വീഴാത്തതു അവള് മാത്രം...ഒടുക്കത്തെ തൊലിക്കട്ടി ആണല്ലോടാ... മനാഫ് പറഞ്ഞതിനൊക്കെ വിപരീതമാണ് ലൈല..അല്ലങ്കിൽ അവൾ ഇപ്പോ നിന്റെ പിന്നാലെ വാലാട്ടി വരണ്ട സമയം കഴിഞ്ഞു..

ഇതിപ്പോ ഇത്രേമൊക്കെ ഇഷ്ടാണ് ഇഷ്ടാണ് ന്നു പറഞ്ഞു പുറകെ നടന്നിട്ടും നിനക്ക് കിട്ടുന്നത് അവഗണനയും വെറുപ്പും മാത്രം...ഒരു സിനിമ പിടിക്കാനുള്ളതുണ്ട്.." എബി അവന്റെ അവസ്ഥ ഓർത്ത് ഇരുന്നു ചിരിക്കാൻ തുടങ്ങി.. "നീയൊന്നു മിണ്ടാതെ ഇരിക്കുന്നുണ്ടോ..ഇല്ലങ്കിൽ ആ നാറിക്ക് കിട്ടിയതിന്റെ ബാക്കിയിപ്പോ നിനക്ക് ആയിരിക്കും.. മനുഷ്യൻമാരു ഇവിടെ ആകെ ഭ്രാന്ത് എടുത്തു നിക്കുവാ...അപ്പോഴാ അവന്റെയൊരു കോപ്പിലെ കിണി.." "കൂൾ മുത്തേ..കൂൾ...ഇതാദ്യമായിട്ട് ഒന്നുമല്ലല്ലോ...അവളോട് സംസാരിക്കാൻ ചെല്ലുമ്പോഴോക്കെ ഇത് പതിവ് ഉള്ളതല്ലേ.. " "ആണ്..പക്ഷെ എന്ത് കൊണ്ട് ഇങ്ങനെയെന്നാ മനസ്സിലാകാത്തത്...എന്തായിരിക്കും അവളുടെ മനസ്സിൽ..ഒന്നും മനസ്സിലാകുന്നില്ലല്ലോ..മുന്നയും അവളും തിക്ക് ഫ്രണ്ട്‌സ് ആണെന്ന് എനിക്കറിയാം...

ഫ്രണ്ട്‌ഷിപ്പിൽ കവിഞ്ഞു അനാവശ്യമായ മറ്റൊരു ബന്ധവും അവർക്കിടയിൽ ഇല്ലന്ന് അവള് പറയാതെ തന്നെ എനിക്ക് വ്യക്തമാണ്...എന്നിട്ടും അവളെ വെല്ലുവിളിക്കുന്നതും അവന്റെ പേര് പറഞ്ഞു നാണം കെടുത്തുന്നതും എന്തിനാന്നറിയോ....അങ്ങനെയെങ്കിലും അവളുടെ മനസ്സിൽ ഉള്ളത് പുറത്തു വരുമല്ലോന്നു കരുതിയ...പുല്ല്....കഴുത്തിനു ചുറ്റും നാവാണ്..എന്നാലോ സ്വന്തം കാര്യമൊട്ടും ആ നാവിന്നു വീഴേമില്ല..." അവളെക്കുറിച്ച് ഇതുവരെ ഒന്നും അറിയാൻ കഴിയാത്തതിന്റെ നീരസം അവന്റെ മുഖത്ത് പ്രകടമായിരുന്നു.. "ടാ...നീ എന്നോട് ദേഷ്യപ്പെടരുത്..കേട്ടപാതി കേൾക്കാത്ത പാതി എന്റെ നെഞ്ചത്തോട്ടു കയറരുത്...അവൾക്കൊരു പ്രണയം ഉണ്ടായിരുന്നുന്നാ കേട്ടെ...ഐ മീൻ അവളുടെ മനസ്സിൽ മറ്റാരോ ഉണ്ടെടാ... " "അത് നിനക്ക് എങ്ങനെ അറിയാം...?" അവന്റെ മുഖത്ത് ഒരേസമയം സംശയവും അവളെ കുറിച്ച് അറിയാനുള്ള ആകാംഷയും നിറഞ്ഞു.. "ലൈലയുടെ ആ ഫ്രണ്ട്‌ ഇല്ലേ..നുസ്റത്ത്..അവള് പറഞ്ഞതാ...

വേറെങ്ങനെ അറിയാനാ എനിക്ക്...എടാ...നുസ്റ നിന്റെ നെയ്ബർ അല്ലേ..നിനക്ക് അവളോട്‌ ഒന്ന് ചോദിച്ചൂടെ ലൈലയെക്കുറിച്ച്... " "അതിന് ഞാൻ അവളെ കാണുന്നത് ഇവിടുന്നല്ലേ...അതും സദാസമയം അട്ട ഒട്ടിയ പോലെ ലൈല ഓളെ ഒന്നിച്ച് ഉണ്ടാകും... ലൈലയെ പേടിച്ചു അവള് എന്നേ ഇവിടുന്നു ആലുവ മണപ്പുറത്ത് വെച്ചു കണ്ട പരിചയം കൂടി കാണിക്കാറില്ല...ആ കോപ്പോ എന്നോട് മിണ്ടില്ല..അവളുടെ ഫ്രണ്ട്‌സും,,എന്തിന് അവൾക്ക് പരിചയമുള്ള ആരും എന്നോട് മിണ്ടുന്നതു അവള്ക്ക് ഇഷ്ടല്ല...അവള് എന്ത് പറഞ്ഞാലും അതൊക്കെ അനുസരിക്കാൻ കൊറേ തെണ്ടികളും.. ഇത്രേമൊക്കെ അവോയ്ഡ് ചെയ്യാനും വെറുക്കാനും ഞാൻ എന്താ അവളോട്‌ ചെയ്തെ..." അവൻ എരിപിരി കൊണ്ടോണ്ട് പറഞ്ഞു.. "മുത്തേ...ഒന്നിങ്ങു നോക്കിയേ..പൊന്നു മോൻ ഒന്നും ചെയ്തിട്ടില്ലാല്ലേ...വായിൽ വിരൽ ഇട്ടാൽ പോലും കടിക്കാത്ത പഞ്ച പാവമല്ലെ നീ... ദേ ചെറുക്കാ...വല്യ കൊമ്പത്തെ മോൻ ആണെന്നൊന്നും നോക്കില്ല...ഒരൊറ്റ വീക്കങ്ങു വെച്ചു തന്നാൽ ഉണ്ടല്ലോ...

നീ എന്താ ചെയ്തേന്ന് എനിക്കും നിനക്കും മാത്രല്ല...ഈ ക്യാമ്പസ് മൊത്തത്തിൽ അറിഞ്ഞതാ..അവള്ക്ക് എന്തിനാ നിന്നോട് ഈ ദേഷ്യമെന്ന് ഇനി ഞാൻ പറഞ്ഞു തന്നെ നിനക്ക് അറിയണോ ടാ...പബ്ലിക് ആയി അവളെ പിടിച്ചു കിസ്സ് ചെയ്യാൻ നോക്കിയതും പോരാ...എന്നിട്ടിപ്പോ അവന്റെയൊരു ഒലക്കേടെ മൂടിന്റെ ചോദ്യം...സസ്പെന്ഷൻ കിട്ടിയത് വരെ മറന്നു പോയല്ലോ ടാ..കഷ്ടം.. " എബി അവനെ നോക്കി ഒന്ന് പുച്ഛിച്ചു...അവൻ ഓ അതോ എന്ന് ചോദിച്ചു കൊണ്ട് ലാഘവത്തോടെ മുഖം തിരിച്ചു കളഞ്ഞു...അവന് എല്ലാം നിസ്സാരമാണ്..ലൈല ഒഴികെ...അവനോടു ഒന്നും തന്നെ പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയാവുന്നോണ്ട് എബി പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല..അവൻ അവിടെ നിന്നും എഴുന്നേറ്റു മനാഫ്ന്റെ അടുത്തേക്ക് ചെന്നു..താജ് ചെയ്തു വെക്കുന്നതിന് ഒക്കെ പരിഹാരം കണ്ടെത്തുന്നതും ക്ഷമ ചോദിച്ചു പ്രശ്നം ഒതുക്കുന്നതുമാണ് അവന്റെ പണി.. അല്ലാതെ തന്നെ ഉപ്പാന്റെ പദവിയും കയ്യിൽ ഇരുപ്പും കാരണം താജ്ന് ശത്രുക്കൾ അനേകമാണ്...

ഇനി കോളേജിൽ കൂടി ശത്രുക്കളെ ഉണ്ടാക്കി വെക്കേണ്ട,,അതും ഒരു പെണ്ണിന്റെ പേരും പറഞ്ഞ്..അത് അവള്ക്ക് കൂടി ദോഷം ചെയ്യുമെന്ന് കരുതിയാണ് എബി മനാഫ്നെ അനുനയിപ്പിക്കാൻ ചെന്നത്..മനാഫ് ആള് വല്യ കുഴപ്പക്കാരൻ ഒന്നുമല്ല..നാവിന് ഒരു എല്ലു കൂടുതൽ ഉള്ള കൂട്ടത്തിലാണ്..അത് ഇടയ്ക്ക് ഇടെ താജ്ന്റെ കയ്യിന്ന് ഓരോന്ന് കിട്ടുമ്പോൾ ആ എക്സ്ട്രാ കിടക്കണ എല്ലു താനേ ഒടിഞ്ഞു പൊക്കോളും.. ** താജ് അപ്പോഴും അവളെക്കുറിച്ചുള്ള ചിന്തകളിലാണ്... ലൈലാ.. ലൈലാ ജബീൻ.. കണ്ടു മുട്ടി ഇഷ്ടം തോന്നി ദിവസങ്ങൾ ഇത്രേം ആയിട്ടും പൂർണമായും വായിക്കാൻ കഴിയാത്തൊരു പുസ്തകം..അല്ല.. പകുതി പോലും..

എബി പറഞ്ഞത് തന്നെ ആയിരിക്കുമോ അവള്ക്ക് എന്നോടുള്ള വെറുപ്പിന്റെ കാരണം...ആയിരിക്കും..അവളുടെ ക്യാരക്റ്റർ വെച്ചു നോക്കിയാൽ കിസ്സ് ചെയ്യുന്നത് പോയിട്ട് ആണൊരുത്തനെ ദേഹത്ത് മുട്ടാൻ സമ്മതിക്കാത്തവളാ.. I love you ന്ന് പറഞ്ഞു..അവൾ എടുത്തടിച്ച പോലെ I hate you ന്നും..മാത്രമല്ല..എന്റെ നേർക്ക് വിരൽ ചൂണ്ടി ഇനി ഡിസ്റ്റർബ് ചെയ്താൽ കംപ്ലയിന്റ് കൊടുക്കുമെന്നൊരു മാസ്സ് ഡയലോഗും..അതും കാന്റീനിൽ നിന്നു എല്ലാരുടെയും മുന്നിന്ന്...താജ് ഏവർക്കും മുന്നിൽ ഒരു പെണ്ണ് കാരണം ചെറുതായി പോകുന്നത് പോലെ തോന്നി..സഹിച്ചില്ല...എന്നാൽ ഇതും കൂടെ ചേർത്ത് കൊടുക്കടീ കംപ്ലയിന്റ് എന്ന് പറഞ്ഞു അവളെ കയ്യിൽ പിടിച്ചു വലിച്ചു കവിളിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു...പക്ഷെ അപ്പോഴേക്കും അവളെന്നെ ആഞ്ഞു തള്ളിയിരുന്നു...

അവളുടെ കൈ പൊങ്ങിയിരുന്നു എന്റെ ചെകിടിനു നേരെ..എബി തടഞ്ഞു...അവൾ അടങ്ങാൻ ഭാവം ഇല്ലായിരുന്നു എങ്കിലും പ്രശ്നം ഉണ്ടാക്കല്ലേ ലൈലാന്നുള്ള എബിയുടെ കെഞ്ചലിൽ അവൾ ഒന്നടങ്ങി..ഞാൻ അവളുടെ കയ്യിന്നു ഒരെണ്ണം വാങ്ങിക്കാൻ തയാറായിരുന്നു..ചെയ്തത് തെറ്റാണെന്നു പൂർണ ബോധ്യമുണ്ടായിരുന്നു എനിക്ക്.. കാണിച്ചു തരാടാന്ന് പറഞ്ഞു കത്തുന്ന കണ്ണുകളോടെ എന്റെ നേർക്ക് ഒരു നോട്ടം എറിഞ്ഞു കൊണ്ട് അവൾ അവിടെന്നു ഇറങ്ങി പോയത് അണിയറയിൽ എനിക്കുള്ള പണി ഒരുക്കാൻ ആയിരുന്നു..ഓഫിസിൽ ചെന്നു ഞാൻ അവളെ ദേഹത്ത് കയറി പിടിച്ചെന്നും കിസ്സ് ചെയ്യാൻ നോക്കിയെന്നും പറഞ്ഞു എനിക്ക് എതിരെ കംപ്ലയിന്റ് റിപ്പോർട്ട്‌ ചെയ്തു.. പ്രിൻസിയ്ക്ക് പണ്ടേയ്ക്ക് പണ്ടേ നമ്മളെ ഒട്ടും പേടി ഇല്ലാത്തോണ്ട് അവളോട്‌ സാക്ഷി വേണംന്നും തെളിവ് വേണംന്നൊക്കെ പറഞ്ഞു കംപ്ലയിന്റ് റിജെക്റ്റ് ചെയ്തു വിടാൻ നോക്കി..പക്ഷെ അവൾ വിടാനുള്ള ഭാവമില്ലായിരുന്നു...അവിടെ ഉണ്ടായിരുന്ന ഓരോ ആളുകളുടെയും പേര് അവൾ എണ്ണി എണ്ണി പറഞ്ഞു കൊടുത്തു... ആരാ മക്കളെ നമ്മക്ക് എതിരെ സാക്ഷി പറയാൻ..ഒരുത്തന്റെയും നാവ് ഈ താജ്നു നേരെ ഉയർന്നില്ല...

എന്നിട്ടും അവള് തോൽക്കാൻ തയാറല്ലായിരുന്നു.കാന്റീനിലെ സിസി ടീവി വിഷ്യൽസ് കാണാൻ അവൾ പ്രിൻസിയെ ചട്ടം പിടിച്ചു.. ഓർത്തില്ല..അങ്ങനൊരു പറ്റലു പറ്റുമെന്ന്... "റൂൾസ്‌ എല്ലാവർക്കും ബാധകമാണ്..അതിനി മേയർ എന്നല്ല മിനിസ്റ്റർടെ മകൻ ആയാലും..ചെയ്ത തെറ്റിനുള്ള ശിക്ഷ അമനു നൽകിയില്ലങ്കിൽ ഞാൻ ടിസി എടുത്തു പോകും...ആളും തരവും നോക്കി നീതിയും നിയമവും നടപ്പാക്കുന്ന ഇങ്ങനെയൊരു കോളേജിൽ പഠിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്...അല്ല...കേവലം ഒരു വിദ്യാർത്ഥിയെ പേടിക്കുന്ന പ്രിൻസിപ്പൽ നില കൊള്ളുന്ന ഈ കോളേജിനെയാണല്ലോ ഞാനീ നഗരത്തിലെ ബെസ്റ്റ് കോളേജ് ആയി കണ്ടു അഡ്മിഷൻ എടുത്തത് എന്ന് പറയാൻ പോലും I feel a shame... " വിയർത്തു പോയി...വിയർത്തു നാറിപ്പോയി അവളുടെ കടു കട്ടിയായ പ്രസംഗത്തിനു മുന്നിൽ...

സ്റ്റാഫ്‌സ് എല്ലാവരും അവളുടെ ഒന്നിച്ച് നിന്നു..എനിക്ക് എതിരെ ആക്ഷൻ എടുക്കുകയല്ലാതെ അന്ന് മറ്റൊരു വഴിയും ആ പരട്ട കിളവന്റെ മുന്നിൽ ഉണ്ടായിരുന്നില്ല.. ഹ്മ്മ്...മത്തങ്ങാ തലയൻ..ഉണ്ട ചോറിനു നന്ദിയില്ലാത്ത കുടവയറൻ പത്രോസ്..ക്യാമ്പസ്‌ ഡെവലപ്പ്മെന്റിന്റെ പേരും പറഞ്ഞു എന്റെ വാപ്പാന്റെ കയ്യിൽ നിന്നും എന്തോരമാ കൈക്കലാക്കിയത്..പറഞ്ഞിട്ട് കാര്യല്ല...പെണ്ണ് ഒരുങ്ങിയാൽ ബ്രഹ്മനും തടുക്ക വയ്യെന്നല്ലേ...അവള് പെണ്ണാണോ അതോ പെണ്ണിന്റെ രൂപമുള്ള ആണാണോന്ന് എനിക്കൊരു സംശയം ഇല്ലാതില്ല...അമ്മാതിരി തൊലിക്കട്ടിയാണ്..അല്ലങ്കിൽ എബി പറഞ്ഞത് പോലെ ഈ എന്റെ മുന്നിൽ മുട്ടു മടക്കാതെ നിക്കോ...

വേണമെങ്കിൽ വാപ്പാന്റെ ഒരു ഫോൺ കാളിലൂടെ അന്ന് ആ സസ്പെന്ഷൻ പുല്ല് പോലെ കൈ കാര്യം ചെയ്യാമായിരുന്നു..പിന്നെ അവളൊന്നു സമാധാനിച്ചോട്ടെന്ന് കരുതിയ ഇരു കൈകളും നീട്ടി സ്വീകരിച്ചു സുഖായി ടെൻ ഡേയ്‌സ് വീട്ടിൽ കുത്തി ഇരുന്നത്...സത്യം പറഞ്ഞാൽ റോമയുടെ ഡയലോഗെ എനിക്കും പറയാനുള്ളു... ഈ യുദ്ധമൊന്നും ഇല്ലാതെ ഇരിക്കുമ്പോൾ ബുഷ്നു തോന്നുന്നൊരു ബോർ അടിയില്ലേ അതായിരുന്നു ആ പത്തു ദിവസങ്ങൾ...എന്നെ വീട്ടിൽ ഇരുത്തി അവൾ കോളേജിൽ വിലസി നടക്കുന്നുണ്ടാവുമല്ലോ എന്നോർക്കുമ്പോൾ ബോറടി അങ്ങ് കപ്പല് കയറി പോകും...പിന്നെ ആ പെൺപുലിയുടെ ഡീറ്റെയിൽസ് എങ്ങനെ കളക്ട് ചെയ്യാമെന്നും എങ്ങനെ ആ മുന്തിയ ഇനത്തിനെ വളച്ചു എടുക്കാന്നുമുള്ള ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ ആയിരിക്കും... ആഹാ...എന്താ സുഖം മക്കൾക്ക്‌ ഇങ്ങനെ കഥ കേട്ടു ഇരിക്കാൻ...

എണീറ്റു പോടെയ്...ഇതൊക്കെ കഴിഞ്ഞു പോയ കാലമാ... കേട്ടിട്ടില്ലേ... കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ... അല്ലങ്കിൽ വേണ്ടാ..പോണ്ട...എല്ലാരും ഇവിടെ ഇരി..നമ്മള് ഇന്നത്തെ കാര്യം പറയാം.. ഇന്ന് നിങ്ങൾ ആരേലും അവളുടെ മുഖവും സംസാരവുമൊക്കെ ശ്രദ്ധിച്ചിരുന്നോ...ആ...ഇനി നിങ്ങള് ശ്രദ്ധിച്ചിരുന്നെങ്കിലും ഇല്ലങ്കിലും ഞാൻ ശ്രദ്ധിച്ചിന്...ഞാൻ മാത്രം ശ്രദ്ധിച്ചാൽ മതി..കാരണം ഞാൻ പറയാതെ തന്നെ നിങ്ങക്കൊക്കെ അറിയാമല്ലോ...അവള് എന്റെ....ആ...അതുതന്നെ...എന്റെ മാത്രമാണ്...നിങ്ങളോടും കൂടിയ പറയുന്നേ...ഇതൊന്നും കേക്കാതെയും അനുസരിക്കാതെയും നമ്മളെ പൂതനയെ നോക്കാനും ഒലിപ്പിക്കാനും നിന്നാൽ ഉണ്ടല്ലോ...സകലതിനെയും ഞാൻ കുരുടൻമാരാക്കും.. ഇന്ന് അവൾടെ മുഖത്ത് വല്ലാത്തൊരു വാശിയും ഗൗരവവും കാണാമായിരുന്നു...

അവളുടെ നോട്ടത്തിന്റെയും ശബ്ദത്തിന്റെയും തീവ്രത..റബ്ബേ..ആരായാലും ഒന്ന് പതറി പോകും..എന്തായാലും അതൊന്നും നല്ലതിന് ആയിരിക്കില്ല...നമ്മക്ക് അറിയുന്നതല്ലേ അവളെ...ഇന്ന് ആരുടെ കുഴിമാടം തോണ്ടി എടുക്കാനുള്ള ഉദ്ദേശത്തിൽ ആണാവോ എനർജി ഫുൾ ടാങ്ക് ആക്കി പതിവിലും നേരത്തെയുള്ള അവളുടെ വരവ്... ഒരു മീറ്റർ ദൂരെ നിന്നു ആരേലും പുസ്തകം തുറന്നാൽ അതിന്റെ കാറ്റടിച്ചു ഉറക്കം തൂങ്ങി വീഴുന്ന ഞാനാണ് ഇപ്പോ അവള്ക്ക് വേണ്ടി പൊടിയും പുസ്തകവും നിറഞ്ഞു കിടക്കുന്ന ആ പാട്ട ലൈബ്രറി കയറി ഇറങ്ങാൻ തുടങ്ങിയത്... താജ് എന്ന് വിളിക്കാൻ പറ്റില്ല പോലും അവള്ക്ക്...അവള്ക്ക് ഇഷ്ടമുള്ളതേ ഈ എന്നെ അവൾ വിളിക്കൂന്ന്...ആയില്ല മോളെ...ഇനിയും കിടക്കല്ലേ ദിവസങ്ങൾ..ഈ ക്യാമ്പസ്‌ കേൾക്കെ ഉച്ചത്തിൽ നിന്നെക്കൊണ്ട് ഞാൻ പറയിപ്പിക്കുമെടീ ഐ ലവ് യൂ താജ് എന്ന്...ഇത്രേം തന്റേടമുള്ള നിന്നെ മെരുക്കി എടുത്തിട്ടു തന്നെ ഇനി ബാക്കി കാര്യം...മൂക്ക് കൊണ്ട് ക്ഷ ഞ്ജ വരപ്പിക്കുമെടീ പുല്ലേ നിന്നെ ഞാൻ...നോക്കിയിരുന്നോ നീ..

"നോക്കിയിരിക്കാ.." "എന്ത്...? " "നീയല്ലേ നോക്കാൻ പറഞ്ഞേ..." "ഞാനോ...ആരെ..? " "അല്ലടാ..നുസ്റാനെ...നിനക്ക് ലൈലയെക്കുറിച്ച് അറിയണ്ടേ...അതറിയാൻ നുസ്റാനെ കാണണ്ടേ...നുസ്റാനെ കാണണമെങ്കിൽ നോക്കണ്ടേ..അതാ നോക്കുവായിരുന്നുന്ന് പറഞ്ഞേ.. " "എടാ...പാലക്കാട്ടുകാരൻ അച്ചായൻ എബനെസ്റ്റെ..പറ്റുമെങ്കിൽ അവളുടെ പാസ്റ്റും പ്രേസേന്റ്മൊക്കെ ഒന്ന് കണ്ടു പിടിച്ചു താ...അതിന് കഴിയില്ലങ്കിൽ നിന്റെയീ ചീഞ്ഞ വായയിലേക്ക് ഒരു ബൻസ് തിരുകി കയറ്റ്...ബാക്കിയുള്ളവർക്ക് ഇത്തിരി സമാധാനം കിട്ടട്ടെ...ഇന്നാ.." എന്ന് പറഞ്ഞു അവൻ പോക്കറ്റിൽ നിന്നും ഒരു നോട്ട് എടുത്തു എബിയുടെ കയ്യിൽ വെച്ചു കൊടുത്തു എണീറ്റു പോയി...എബി ആ നോട്ട് നിവർത്തി നോക്കി.. ഒരു ബൻസ് വാങ്ങിക്കാൻ രണ്ടായിരം രൂപയോ...

ജാഡ തെണ്ടി..കാശിന്റെ ഹുങ്ക്..നീ മേയർടെ മകൻ തന്നെ..വെറുതെ അല്ലടാ അവള് നിന്നെ പറയുന്നത്.. ** അവൾ കയ്യിലെ പുസ്തകത്തിലേക്ക് നോക്കി...തന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ കൃതിയാണ് ഇന്ന് അവനോടുള്ള ദേഷ്യം കൊണ്ട് കൈകൾക്കിടയിൽ നിന്നും അമർന്നു മുറുകിയത്...അവനെ ഓർക്കും തോറും അവളുടെ ദേഷ്യം ഇരട്ടിച്ചു കൊണ്ടിരുന്നു.. അവളാ പുസ്തകത്തിന്റെ ചട്ട വലിച്ചു അതിന്റെ ചുളുക്ക് കളഞ്ഞു...പതിയെ താളുകൾ മറിച്ചു...എന്തിനോ വേണ്ടി അവളുടെ മിഴികൾ ആ പുസ്തകത്തിന്റെ അകത്തളങ്ങളിലൂടെ ഓടി നടന്നു.. ആദ്യത്തെ നാലഞ്ചു പേജുകൾക്ക് ശേഷമുള്ള ഒരു പേജിൽ അവൾ വെച്ചിരുന്ന ഒരു കുഞ്ഞ് കടലാസ് കഷ്ണം...അവൾ വാശിയോടെ അതെടുത്തു നിവർത്തി നോക്കി.. *പെണ്ണും പ്രണയവും ചങ്ക് ഉറപ്പുള്ളവന് പറഞ്ഞിട്ടുള്ളതാ...

കേവലം നിന്റെ പ്രണയിനിയുടെ മുന്നിലേക്ക് കടന്നു വരാൻ പോലും ധൈര്യം ഇല്ലാത്ത നിനക്ക് പ്രണയിക്കാനും പ്രണയത്തെക്കുറിച്ച് വർണിക്കാനും എന്ത് അവകാശം...നട്ടെല്ല് ഉള്ളവൻ ആണെങ്കിൽ മറഞ്ഞു നിൽക്കാതെ കളത്തിൽ ഇറങ്ങ്...അങ്ങനെയെങ്കിൽ നിനക്ക് ഞാനൊരു അവസരം നൽകാം...അടഞ്ഞു കിടക്കുന്ന എന്റെ ഹൃദയത്തിന്റെ വാതിലിലൊന്നു മുട്ടുവാനുള്ള അവസരം...* മനോഹരമായ കൈപട കൊണ്ട് അവളെഴുതിയ വരികൾ... അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു..അവളാ കടലാസ് മടക്കി ബുക്കിലേക്ക് തന്നെ വെച്ചു..ശേഷം ബുക്ക്‌ ഷെൽഫിലേക്കും.. ഒരു മാസത്തോളമായി തനിക്ക് വരുന്ന എഴുത്തുകൾ..ലൈബ്രറിയിൽ വന്നു ഏതു പുസ്തകം എടുത്താലും അതിൽ ഉണ്ടാകും രണ്ട് വരികൾ..ആദ്യമൊക്കെ കണ്ടില്ലന്ന് നടിച്ചു..

വേറെ ആർക്കെങ്കിലുമുള്ള കുറിപ്പ് ആകുമെന്ന് കരുതി.. പിന്നെ പിന്നെ എന്റെ പേര് വെച്ചു തന്നെ വരികൾ രൂപപ്പെടാൻ തുടങ്ങി..ഏതു പുസ്തകം എടുക്കട്ടെ അതിൽ ഉണ്ടാകും എനിക്കായി മാത്രമെന്ന പോലെ രണ്ട് വരികൾ..ആദ്യമൊന്നും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..തീർത്തും അവഗണിച്ചു വിടുകയായിരുന്നു പതിവ്...ആ എഴുത്തിന്റെ ഉടമസ്ഥൻ ആരെന്നു അറിയണമെന്ന് ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല.. പക്ഷെ ഇപ്പോൾ.. ആ എഴുത്തുകൾ എന്നിലേക്ക്‌ ഉള്ള പ്രണയ സഞ്ചാരമാണെന്ന് തോന്നി തുടങ്ങിയിരിക്കുന്നു..അത് കൊണ്ട് മാത്രം എനിക്ക് അറിയണം ആ വ്യക്തി ആരെന്ന്... ഇന്നേക്ക് ഒരു മാസം തന്നെ ആകുന്നു...താൻ പൂർണമായും കണ്ടില്ലന്നു നടിച്ചാൽ ഒരുപക്ഷെ അയാൾ ഇതൊരു അവസരമായി കണ്ടേക്കാം..എന്റെ പരാജയമായി ഏറ്റെടുത്തേക്കാം..മുളയിലെ നുള്ളി കളയണം..

ഈ ക്യാമ്പസിൽ ഒരാൾക്കും തന്നോട് ഫ്രണ്ട്‌ഷിപ്പിൽ കവിഞ്ഞു മറ്റൊന്നും തോന്നാൻ പാടില്ല..മറ്റൊരു വികാരവും ഉണ്ടാവാൻ പാടില്ല..വാശിയാണ്..മറഞ്ഞിരിക്കുന്നവനെ കണ്ടു പിടിച്ചിട്ടു തന്നെ കാര്യം..ഇതുപോലുള്ള മാങ്ങാത്തൊലി പ്രണയം കാണുമ്പോഴേക്കും കണ്ണും ചിമ്മി മൂക്കും കുത്തി വീഴുന്നവളല്ലാ ഈ ലൈലയെന്നു തെളിയിച്ചു കൊടുക്കും ഞാൻ....ഇതിനുള്ള മറുപടി എന്തായാലും വരാതെ നിക്കില്ല..ആദ്യമായിട്ടാണല്ലോ ഞാനൊരു മറുപടി വെക്കുന്നത്..അതുകൊണ്ട് അജ്ഞാതന്റെ എഴുത്ത് ഇന്ന് എന്നത്തേതിനെക്കാളും നേരത്തെ ഉണ്ടാവും..കണ്ടു പിടിച്ചിരിക്കും ഞാൻ അതാരാണെന്ന്...ഒളിച്ചു കളി കണ്ടുപിടിച്ചു എട്ടായി പൊട്ടിച്ചു കയ്യിൽ വെച്ചു കൊടുക്കും.. അവൾ ഒരു പുസ്തകം എടുത്തു...ഇന്ന് എഴുത്തൊന്നും കണ്ടു കിട്ടിയില്ല...

അതിന്റെ അർത്ഥം ഇന്ന് ഞാൻ എഴുത്ത് വെക്കുമെന്ന് മുൻകൂട്ടി കണ്ടിട്ടുണ്ട് എന്ന്..ഓ...ബുദ്ധിമാനാണ്...വരട്ടെ..കാണാം നമുക്ക്.. രണ്ട് മൂന്ന് ദിവസത്തേക്ക് വായിക്കാനുള്ള പുസ്തകം എടുത്തു അവൾ ലൈബ്രറി വാതിൽ കടക്കാൻ ഒരുങ്ങി..പെട്ടെന്ന് അവൾ തിരിഞ്ഞു ചുറ്റിനും നോക്കി.. അമൻ.. ഇനി അവനായിരിക്കോ തനിക്ക് വരുന്ന എഴുത്തിന്റെ ഉടമസ്ഥൻ...അവൾ ഒന്നൂടെ ലൈബ്രറി മൊത്തത്തിൽ കണ്ണോടിച്ചു വിട്ടു. ആയിരിക്കില്ല..വായന എന്തെന്ന് പോലും അറിയാത്തവനാണ് അവൻ..വല്ലപ്പോഴും ഈ ഭാഗത്തേക്ക്‌ വരുന്നത് തന്നെ എന്നെ ശല്യം ചെയ്യാനും വെല്ലുവിളിക്കാനും ആയിരിക്കും..നേരത്തെ പെർഫോമൻസ് കഴിഞ്ഞ ഉടനെ ഇറങ്ങി പോകുന്നത് കണ്ടിരുന്നു...

അല്ലങ്കിലും അക്ഷരങ്ങളോട് ഒരു അടുപ്പവും ഇല്ലാത്ത അവൻ ഒരിക്കലും ഇങ്ങനൊരു ഒളിച്ചു കളി സ്വീകരിക്കില്ല..പബ്ലിക് ആയി എന്നെ പിടിച്ചു കിസ്സ് ചെയ്യാൻ ധൈര്യം ഉണ്ടായവനാ...ആ അവനാണോ ഇങ്ങനൊരു കളി കളിക്കുക.. പിന്നെ ആര്.. ആരായിരിക്കും ഞാൻ പോലും അറിയാതെ എന്നെ പിന്തുടരുന്നവൻ... ഓരോന്നു ചിന്തിച്ചു കൊണ്ട് അവൾ കുറച്ചു നേരം അവിടെ തന്നെ നിന്നു..ബോയ്സ് ആരും തന്നെ വരുന്നത് കാണുന്നില്ല...ഉള്ള ഗേൾസ് ആണേൽ പോകാൻ നോക്കുന്നുണ്ട്...അവൾ വാച്ചിലേക്ക് നോക്കി..സെക്കന്റ്‌ ബെല്ല് അടിച്ചു..ക്ലാസ് തുടങ്ങാനായി.. അവൾ നിരാശയോടെ പടികൾ ഇറങ്ങി..ഇന്റർവെല്ലിന് വന്നു നോക്കാം.. പെട്ടെന്നാണ് അവളുടെ കുറുകെ ഒരു കൈ നീണ്ടത്..അവളുടെ കയ്യിൽ നിന്നും പുസ്തകം താഴേ പോയി..അവൾ തല ഉയർത്തി നോക്കി.. തുടരും..

Share this story