ഏഴാം ബഹർ: ഭാഗം 13

ezhambahar

രചന: SHAMSEENA FIROZ

വിളി കേട്ട ഭാഗത്തേക്ക്‌ അവൾ തിരിഞ്ഞു നോക്കി..അവൻ ആണെന്ന് കണ്ടതും മുഖം തിരിച്ചു കളഞ്ഞു.. "ടീ വെടക്കേ... " അവൻ വീണ്ടും വിളിച്ചു..അവൾ അവനെ നോക്കി കണ്ണുരുട്ടി.. "അവിടെ നിന്നു നവ രസം കാണിക്കാതെ ഇങ്ങട് വാടി പോത്തേ.." അവൻ അവളെ കൈ കാണിച്ചു വിളിച്ചു..ആ പോത്തേന്ന് കേട്ടതും നാവു ചൊറിഞ്ഞു വന്നു..രാവിലെ തന്നെ യുദ്ധം വേണ്ടാന്ന് കരുതി അവൾ സഹിച്ചു പിടിച്ചു നിന്നു..അല്ലാതെ തന്നെ ഇവിടെ പകുതി ജീവനിൽ നിക്കുവാ..ഇനി നിന്റെ കയ്യിന്നു കൂടി വാങ്ങിച്ചു കൂട്ടാനുള്ള എനർജി ഇന്നെനിക്കില്ല അമൻ..അവൾ അവനെ കാണാത്തെയും കേൾക്കാത്തെയും ഭാവത്തിൽ മുന്നോട്ടു നടക്കാൻ തുനിഞ്ഞതും അവൻ കൊടുങ്കാറ്റ് പോലെ വന്നു മുന്നിൽ പ്രത്യക്ഷപ്പെട്ടു.. "എന്താ... " അവൾ സഹികെട്ടതു പോലെ പല്ല് കടിച്ചു പിടിച്ചു അമർത്തി ചോദിച്ചു.. "നിനക്ക് എന്താടി ഞാൻ വിളിക്കുമ്പോൾ വന്നാൽ...? " അവൾ അതും കേൾക്കാത്ത ഭാവത്തിൽ ചെവിയും ചൊറിഞ്ഞോണ്ട് വേറേതോ ഭാഗത്തേക്ക്‌ നോക്കി നിന്നു..

"ടീ നിന്നോടാ ചോദിച്ചെ...വായ തുറക്കടീ..രാവിലെ തന്നെ മനുഷ്യൻമാരുടെ എനർജി കളയാൻ വേണ്ടി മസ്സിലും പിടിച്ചു നിന്നോളും ശവം... " "എന്നെ വിളിക്കാൻ നീയാരാ...നീ വിളിക്കുമ്പോൾ വരാൻ ഞാൻ നിന്റെ ആരാ..? നിനക്കറിയാം ഞാൻ വരില്ലന്ന്...പിന്നെന്തിനാ വിളിച്ചു എനർജി കളയാൻ നിക്കുന്നെ... " "എന്തുവാടീ നീ രാവിലെ വിഴുങ്ങിയത്..ഒടുക്കത്തെ സ്പിരിറ്റ്‌ ആണല്ലോ.. " "ഇത് ചോദിക്കാനാണോ സൽമാൻ ഖാൻ നെഞ്ചും വിരിച്ചു മുന്നിൽ കയറി നിന്നത്...? " ഉരുളയ്ക്ക് ഉപ്പേരി കണക്കെയുള്ള അവളുടെ മറുപടി കേട്ടു അവന് ചെറു വിരൽ തൊട്ടങ്ങു ഇരച്ചു കയറാൻ തുടങ്ങിയതും അവൻ അവളെ ദഹിപ്പിക്കാൻ പാകത്തിന് ഒന്നു നോക്കി.. "നോക്കി പേടിപ്പിക്കാതെ ഒന്നു മാറി നിക്കടാ.. " "എന്താ നിന്റെ കയ്യിൽ.. " അവൾ പറഞ്ഞത് കേൾക്കാത്ത ഭാവത്തിൽ അവൻ അവളുടെ കയ്യിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.. "അതൊരു മരപ്പട്ടി കുരച്ചു ചാടിയതാ..ഭാഗ്യത്തിനു കടിച്ചില്ല.." എന്ന് പറഞ്ഞു അവനെ പുച്ഛിച്ചു കൊണ്ട് അവൾ മുഖം തിരിച്ചു നിന്നു..

തന്നെയാണ്‌,, തന്നെ തന്നെയാണ്,, തന്നെ മാത്രമാണ് ഉദ്ദേശിച്ചതെന്ന് അവന് മനസ്സിലായി..രണ്ട് പറയാൻ നാവു തരിച്ചു എങ്കിലും സഹിച്ചു പിടിച്ചു നിന്നു.. "അതല്ല...ഇത്...ഇതെന്തു പറ്റിയതാ..." എന്ന് ചോദിച്ചു അവൻ പതിയെ അവളുടെ കൈ തണ്ടയിൽ പിടിച്ചു കൈ ഉയർത്തി ഉള്ളം കയ്യിലേക്ക് നോട്ടമിട്ടു.. "എന്തെങ്കിലും ആയിക്കോട്ടെ...അതൊന്നും നീ ചോദിക്കേണ്ടതോ അറിയേണ്ടതോ ആയ ആവശ്യമൊന്നുമില്ല.. " അവൾ കൈ വലിക്കാൻ നോക്കി..അവൻ വിട്ടില്ല..കൈ തണ്ടയിലുള്ള പിടി മുറുകി.. "അമൻ...കളിക്കാൻ നിക്കരുത്...കയ്യിന്നു വിട്..ഇന്നലത്തെ വേദന തന്നെ മാറിട്ടില്ല.. " അവൾ അവന്റെ മുഖത്തേക്കും ശേഷം കൈ തണ്ടയിലേക്കും നോക്കി പറഞ്ഞു..അവന്റെ ബലമൊന്നു കുറഞ്ഞു..പക്ഷെ പിടി വിട്ടില്ല.. "ചീ..വിടെടാ.. " "നിന്നു കുതറണ്ട..നിനക്ക് തന്നെയാ വേദന..പറയ്...എന്താ ഇത്...എന്തു പറ്റിയതാ..." അവളൊന്നും മിണ്ടിയില്ല..പകരം ഉള്ള ശക്തി മുഴുവനും എടുത്തു കൈ വലിച്ചു ഊരാൻ നോക്കി..

"ഒരുവട്ടം പറഞ്ഞു..വേദന നിനക്ക് തന്നെയാ.. ലൈലാ..അറിയാല്ലോ എന്നെ...പറയാതെ ഈ പിടി അയയുമെന്നോ ഒരടി നിനക്ക് ഇവിടുന്നു അനങ്ങാൻ കഴിയുമെന്നോ കരുതണ്ട നീ... " "എന്തൊരു കഷ്ടമാ ഇത്..എന്താ നിനക്ക് വേണ്ടത്.. " "വേണ്ടത് ചോദിച്ചല്ലോ...എന്താ കൈക്ക് പറ്റിയതെന്ന്...? " "അതൊന്നു പൊള്ളിയതാ...മതിയല്ലോ..വേണ്ടത് കിട്ടിയല്ലോ...ഇനി വിട്...വിടാനാ പറഞ്ഞത്... " അവൾ കൈ കുടഞ്ഞു വലിച്ചു..എന്നിട്ടും അവൻ വിട്ടില്ല. "പൊള്ളിയതോ?അതിനാണോ ഇത്രേം വല്യ കെട്ട്...? " അവൻ സംശയത്തോടെ പുരികം പൊക്കി.. "ഹൂ...എന്റെ കയ്യൊന്നു പൊള്ളാൻ പാടില്ലേ...കയ്യിലൊരു കെട്ടു കെട്ടാൻ പാടില്ലേ... ഇന്നെങ്കിലും നീയൊന്നു സത്യം പറാ..നിനക്ക് വട്ട് തന്നെയല്ലേ...പോകുന്നവരുടെയും വരുന്നവരുടെയും കയ്യും കാലും നോക്കലാണോ നിന്റെ പണി...ആരുടെയൊക്കെ ശരീരത്തിൽ എന്തൊക്കെ മാറ്റം ഉണ്ടെന്ന് നോക്കാലാണോ ടാ നിന്റെ പണിയെന്ന്...അതിന് വേണ്ടിയാണോ രാവിലെ തന്നെ ഇവിടെ വന്നു തമ്പടിച്ചിരിക്കുന്നെ ..." "അതെന്തെങ്കിലും ആയിക്കോട്ടെ...എന്റെ പണിയും കൂലിയും എന്താണെന്നൊക്കെ ഉള്ളത് വിശദമായി തന്നെ മോൾക്ക്‌ ഞാൻ പറഞ്ഞു തരാം..

പക്ഷെ ഇപ്പൊ അതല്ലല്ലോ മാറ്റർ..ഞാൻ ചോദിച്ചതിന് മറുപടി താ.. കൈ പത്തി മുഴുവനും കവർ ചെയ്യണമെങ്കിൽ നിസ്സാര പൊള്ളലൊന്നും ആയിരിക്കില്ല നിനക്ക് ഏറ്റത്..പറാ...എങ്ങനെയാ ഇത്രേം കൂടുതൽ പൊള്ളിയത്..." "നീ തന്നെ പറഞ്ഞിട്ടുണ്ടല്ലോ ഞാനെന്റെ വീട്ടിലെ വേലക്കാരിയാണെന്ന്..വേലക്കാരിക്ക് എവിടെയാ സ്ഥാനം.. അടുക്കളയിൽ...പക്ഷെ അത് നിന്റെ മനസ്സിൽ ഉള്ളത് പോലെ മോഡേൺ വേലക്കാരിയായി തീറ്റ മത്സരം നടത്താനല്ല...ജോലി ചെയ്യാനാ.. അടുക്കളയിൽ കയറി ജോലി ചെയ്യുന്നവർക്ക് സാധാരണയായി സംഭവിക്കുന്നതാ പൊള്ളലും മുറിയലും വേവലുമൊക്കെ..." "അപ്പോ എന്റെ ഊഹം തെറ്റിയില്ല..നീയാ കൊട്ടാരത്തിലെ വേലക്കാരി തന്നെയാണല്ലേ.. " അവന്റെ മുഖത്ത് പരിഹാസം.. "അല്ലങ്കിലും നിന്റെ ഊഹം എന്നാ അമൻ തെറ്റിയിട്ടുള്ളത്.ഊഹിക്കാൻ നിന്നെ കഴിഞ്ഞേയുള്ളൂ വേറെയാരും..ഇല്ലാത്ത കാര്യങ്ങൾ വരെ ഊഹിച്ചു ഉണ്ടാക്കുന്നവനല്ലേ നീ...ആ നിനക്ക് ഒരിക്കലും പിഴവ് വരില്ലല്ലോ അമൻ.." അവളും വിട്ടു കൊടുത്തില്ല...കിട്ടിയ പരിഹാസം ഇരട്ടിയായി തിരിച്ചു കൊടുത്തു.. "അല്ലടി..ഇതിനി പൊള്ളിയതാണോ അതോ നിന്റെ കയ്യിൽ ഇരുപ്പ് സഹിക്ക വയ്യാതെ വീട്ടുകാർ പിടിച്ചു പൊള്ളിച്ചതോ...

ആണെങ്കിൽ പറയണേ...കേസിനുള്ള വകുപ്പ് ധാരാളമാണ്..പ്രത്യേകിച്ച് നീയൊരു സെർവന്റ് ആയത് കൊണ്ട് നിയമങ്ങൾ ഏറെക്കുറെയും നിനക്ക് അനുകൂലമായിരിക്കും...സമൂഹത്തിന്റെ താഴെ തട്ടിൽ ജീവിക്കുന്നവർക്ക് സംവരണം കൂടുതലാണ്..അതൊക്കെ നിനക്ക് അറിയാമല്ലോ അല്ലേ.. " "ശെരി..നീയും കൂടി വന്നേക്ക് എന്റെ ഒന്നിച്ച്..ഗാർഹിക പീഡനത്തിന്റെ വകുപ്പ് മാത്രം പഠിച്ചു വെച്ചിരിക്കുന്ന നിനക്ക് ഞാൻ സ്ത്രീ പീഡനത്തിന്റെ വകുപ്പ് അവിടെന്ന് പഠിപ്പിച്ചു തരാം..ഒരു പെണ്ണിന്റെ ദേഹത്ത് അവളുടെ അനുവാദമില്ലാതെ കയറി പിടിക്കുക..മുറിവ് ഏല്പിക്കുക...എന്തിന്...പെണ്ണൊരുത്തിയെ എട്ടു സെക്കന്റ്ൽ കൂടുതലായി നോക്കിയാൽ തന്നെ ഒരു കേസിനുള്ള വകയായി..ഇതിൽ ഏതെങ്കിലുമൊന്നു പറഞ്ഞു നിന്റെ പേരിൽ ഞാനൊരു കേസ് കൊടുത്തെന്നു ഇരിക്കട്ടെ...അവിടെ തുടങ്ങും നിന്റെ നല്ല കാലം..അല്ല..അവിടെ തീരുമെടാ നീ...പിന്നെ ശിഷ്ട കാലം മേയർ ബംഗ്ലാവിൽ അല്ല..അഴി എണ്ണി സെൻട്രൽ ജയിലിൽ കിടക്കാം നിനക്ക്.." എന്ന് വല്ലാത്തൊരു തരം ധൈര്യം കണ്ണുകളിൽ നിറച്ചു കൊണ്ട് അവൾ അവന്റെ മുഖത്ത് നോക്കി പറഞ്ഞതും അവൻ പെറുക്കി ഇട്ടത് പോലെ അവളുടെ കൈ താഴേക്ക് ഇട്ടു..

അവളൊട്ടും പ്രതീക്ഷിച്ചില്ലായിരുന്നു അങ്ങനെ..പെട്ടെന്ന് ആയത് കൊണ്ട് കൈയുടെ മുഴുവൻ ഭാരവും കൈ പത്തിയിലേക്ക് വന്നു നിന്നത് പോലെ തോന്നി അവൾക്ക്..വല്ലാതെ വേദന അനുഭവപ്പെടാൻ തുടങ്ങിയിരുന്നു...പല്ല് കടിച്ചു പിടിച്ചു നിന്നു എരിവ് വലിക്കുന്ന അവളുടെ മുഖം കാണുമ്പോൾ അവൾക്ക് വേദനിച്ചെന്ന് അവനു മനസ്സിലായി.. "വേറെ എവിടെയും സംഭവിക്കാത്ത അശ്രദ്ധ നിനക്ക് എങ്ങനെയാ നിന്റെ വീട്ടിൽ,,നിന്റെ അടുക്കളയിൽ സംഭവിച്ചേ...ബാക്കി എല്ലാടത്തും എല്ലാ കാര്യങ്ങളിലും നൂറ് ആളുകളുടെ ബോധവും ബുദ്ധിയും ആണല്ലോ നിനക്ക്..പിന്നെങ്ങനെ ഇത് സംഭവിച്ചു...ഉറങ്ങിക്കൊണ്ട് ആണൊ നീ ജോലി ചെയ്യുന്നത്...അതോ കള്ള് കുടിച്ചിരുന്നോ... മേലിൽ ഇതുപോലെ ഡാമേജ് ആയി എന്റെ മുന്നിൽ വന്നു നിക്കരുത്..പൊള്ളുന്നത് പോയിട്ട് ഒരു മൊട്ടു സൂചി പോലും നിന്റെയീ ശരീരത്തിൽ തറക്കാൻ പാടില്ല..ഒരു വേദനയും നിനക്ക് ഉണ്ടാകാൻ പാടില്ല..എപ്പോഴും കെയർ ഫുൾ ആയിരിക്കണം... ഇനി എങ്ങാനും ഇങ്ങനെ കയ്യോ കാലോ കെട്ടി വെച്ചു കാണാൻ ഇടയായാൽ ഉണ്ടല്ലോ അങ്ങോട്ടേക്ക് ഒരു വരവ് വരും ഞാൻ..നട്ട പാതിരായ്ക്ക് അല്ല..പട്ടാ പകൽ തന്നെ..

അടുക്കള മാത്രമായിരിക്കില്ല..വീട് മൊത്തത്തിൽ ആയിരിക്കും ചുട്ടു ചാമ്പലാക്കുക.." അവൻ ഉപദേശമായും ഭീഷണിയുമായും പറഞ്ഞു നിർത്തി.. "നിർത്തടാ നിന്റെ കോപ്പിലെ ഡയലോഗടീ...ചുട്ടു ചാമ്പലാക്കും പോലും..അതിന് എന്റെ വീട് കത്തിച്ചു കളയാൻ എൻറെ വീട്ടുകാർ നിനക്ക് കരാർ ഒന്നും തന്നിട്ടില്ല...അങ്ങനെ നിനക്ക് കത്തിച്ചു കളയാനും കരിച്ചു കളയാനുമൊക്കെ തോന്നുന്നുണ്ടെങ്കിൽ ഒന്നല്ലല്ലോ ഒരു നൂറെണ്ണം കിടപ്പ് ഉണ്ടല്ലോ സിറ്റിയിലും ടൗണിലുമായി നിന്റെ പേരിൽ..അതൊക്കെ അങ്ങോട്ട്‌ ചാമ്പലാക്കി കളയ്.. ഞാൻ വേദനിക്കാൻ പാടില്ലന്ന്..അതു ഞാൻ ഇന്നലെ കണ്ടു..ഇടിച്ചു നെറ്റി പൊട്ടിച്ചു, പിൻ കയറ്റി ഷോൾഡറിൽ മുറിവ് ഉണ്ടാക്കി, കഴുത്തിനു കുത്തി പിടിച്ചു, കയ്യിൽ പിടിച്ചു വലിച്ചു എന്ന് വേണ്ട സകലതും ചെയ്തു കൂട്ടി എന്നെ കൊല്ലാ കൊല ചെയ്ത നീ തന്നെയാണോ ഇപ്പൊ ഈ വെടിക്കെട്ടു പ്രസംഗം നടത്തുന്നെ..സത്യം പറഞ്ഞാൽ ഇന്നലെ നിന്റെ പിടുത്തത്തിൽ ചത്തു പോയെന്നാ ഞാൻ വിചാരിച്ചേ...തെറ്റ് എന്റെ ഭാഗത്തായി പോയി..അല്ലങ്കിൽ കാണാമായിരുന്നു... എന്റെ കൈ...എന്റെ ശരീരം..എനിക്ക് പൊള്ളിയാലും വേദനിച്ചാലും നിനക്കെന്താ..

എനിക്ക് എന്ത് ഉണ്ടായാലും നിനക്കെന്താ...ഇന്ന് കൈ ആണെങ്കിൽ നാളെ ഞാൻ തന്നെ അങ്ങ് പൊള്ളി കിടന്നെന്ന് വരും...എന്നാലും നിനക്കെന്താ..ഒന്നുല്ല..ഒന്നും..ഒന്നും തന്നെ നിന്നെ ബാധിക്കുന്നതല്ല അമൻ.. എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത്..വരരുത് എന്ന് പറഞ്ഞാൽ വരരുത്...അതിന് നീയെന്റെ ആരുമല്ല..എനിക്കിഷ്ടമല്ല..അത്രതന്നെ..." അവളുടെ ശബ്ദം ഉയരാൻ തുടങ്ങി..എല്ലാം കേട്ടു അവനൊന്നു ചിരിച്ചു..ആ ചിരിയുടെ അർത്ഥം എന്തെന്ന് അവൾക്ക് മനസ്സിലായില്ല.. ഇത്രയൊക്കെ പറഞ്ഞിട്ടും വല്ല കൂസലും ഉണ്ടോ നോക്കിക്കേ നാറിക്ക്.. അവൾ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കി... "ഇങ്ങനെ നോക്കല്ലേ ഉണ്ടക്കണ്ണി...കണ്ട്രോൾ പോകുന്നു...ചുമന്നു തുടുത്ത നിന്റെ മുഖത്തിനു മുന്നിൽ എന്റെയീ കൈ അടങ്ങി നിന്നെന്നു വരില്ല...രണ്ടെണ്ണം പൊട്ടിക്കാൻ തന്നെ തോന്നുന്നു...തരട്ടെ..ഒന്നെങ്കിലും... " എന്ന് പറഞ്ഞു അവൻ കൈ ഉയർത്തി അവൾക്ക് നേരെ ആഞ്ഞു വീശി..അവന്റെ കൈ ഉയരുന്നതിന് മുൻപേ തന്നെ അവൾ രണ്ട് കവിളത്തും കൈ വെച്ചു കണ്ണുകൾ ഇറുക്കി അടച്ചിരുന്നു.

.കുറച്ചു നേരം ആയിട്ടും ശബ്ദം ഒന്നും കേൾക്കാത്തതിനെ തുടർന്ന് അവൾ പതിയെ കണ്ണ് തുറന്നു നോക്കി..തന്റെ മുൻപിൽ രണ്ടു കയ്യും മാറിൽ കെട്ടി നിന്നു ചിരിക്കുന്ന അവനെ കണ്ടതും അവൾക്ക് ഒന്നാകെ വന്നു.. "Yuuu..." അവൾ അവന് നേരെ വിരൽ ചൂണ്ടി അലറി.. "Yes..ഞാൻ തന്നെ...ബാഡ്..വെരി വെരി ബാഡ്...ഞാൻ വിചാരിച്ചു എന്റെ വലത്തേ കൈ പൊങ്ങുമ്പോഴേക്കും നിന്റെ ഇടത്തെ കൈ എനിക്ക് നേരെ പൊങ്ങുമെന്ന്...ചേ..ചെച്ചേ...ആകെ മോശമായി പോയി മിസ്സ്‌ ലൈല ജബീൻ...ആരേലും അടിക്കാൻ വന്നാൽ കവിളും പൊത്തി കണ്ണും അടച്ചു നിക്കുകയാണോ വേണ്ടത്...ഷെയിം ഷെയിം.. " അവൻ അവളുടെ വിരൽ കയ്യിൽ ഒതുക്കി പിടിച്ചു നിന്നു ചിരിക്കാൻ തുടങ്ങി..അവൾക്ക് ദേഷ്യത്തിനേക്കാൾ ഏറെ അത്ഭുതമായിരുന്നു..അവന്റെ ചിരി കണ്ടിട്ട്...ആദ്യമായിട്ടാണ് അവനെ ഇങ്ങനെ ചിരിച്ചു നിക്കുന്നത് കാണുന്നത്..ചിരിയിൽ വിരിയുന്ന നുണക്കുഴി കറുത്തു കട്ടക്ക് ആക്കി വെച്ചിട്ടുള്ള ആ താടിക്ക് ഇടയിൽ നിന്നു പോലും വ്യക്തമായി കണ്ടു അവൾ...അവന്റെ മുഴുവൻ സൗന്ദര്യവും ഒളിഞ്ഞു നിക്കുന്നത് ഇന്നുവരെ കാണാത്ത അവന്റെ ആ ചിരിയിലും നുണക്കുഴികളിലുമാണെന്ന് തോന്നിപ്പോയി അവൾക്ക്...അവളൊരു നിമിഷം കണ്ണ് എടുക്കാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. "ഡീീ..."

ഫ്യൂസ് പോയത് പോലെയുള്ള അവളുടെ നിൽപ് കണ്ടു അവൻ അവളുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു..അവൾ വേഗം കണ്ണുകൾ പിൻവലിച്ചു..അവന് കാര്യം മനസ്സിലായിരുന്നു...കയ്യിൽ ഒതുക്കി നിർത്തിയ അവളുടെ വിരലിലൂടെ കൈ പായിച്ചു കൊണ്ട് അവൻ അവളുടെ കൈ മുട്ടിൽ പിടിച്ചു നിന്നു...അവന്റെ കൈ ദേഹത്ത് തൊട്ടതും ഇതുവരെ ഇല്ലാത്തൊരു തരം വിറയൽ അനുഭവപ്പെടുന്നതു അറിഞ്ഞ അവൾ തരിച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി..പെട്ടെന്നാണ് അവനാ കൈ നേരെ അവളുടെ അരക്കെട്ടിലേക്ക് കൊണ്ട് പോയത്...അവൾ ഞെട്ടി വിറച്ചു അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ അവളെ തന്റെ ദേഹത്തേക്ക് അടുപ്പിച്ചു.. "എന്താ ഇപ്പോഴത്തെ ഫീലിംഗ്സ്... " അവൻ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു.. " ഫീ...ഫീലിംഗ്സോ...എ..എന്ത് ഫീലിംഗ്സ്... " അവൾക്ക് തൊണ്ട വറ്റി വരളുന്നത് പോലെ തോന്നി.. "അല്ല...ഞാനൊന്നു നിന്റെ ദേഹത്ത് മുട്ടുന്നതു പോലും ഇഷ്ടമല്ലല്ലോ നിനക്ക്..അപ്പോ ഇങ്ങനെ പിടിച്ചു വലിച്ചു ഒട്ടി ചേർത്ത് നിർത്തിയതിനു നിനക്ക് എന്നെ അടിക്കാനോ ഇടിക്കാനോ തൊഴിക്കാനോ ഒക്കെ തോന്നുന്നുണ്ടാവുമല്ലോ ഇപ്പൊ...അതാ ചോദിച്ചത്..."

അവൻ അവളുടെ കവിളിൽ തൊട്ടു കൊണ്ട് ചോദിച്ചു..അവൾ അവന്റെ കൈ തട്ടി മാറ്റി നെഞ്ചിൽ പിടിച്ചു തള്ളി അകന്നു നിന്നു..അപ്പോഴാണ് അവൾക്ക് ശ്വാസമൊന്നു നേരെ വീണത്... "നേരത്തെ ഒന്നു പൊട്ടിക്കാൻ തന്നെയാ കൈ ഓങ്ങിയത്...പിന്നെ കവിളത്തും കൈ വെച്ചു കണ്ണും ഇറുക്കി അടച്ചുള്ള ആ നിൽപ് കണ്ടപ്പോൾ പാവം തോന്നി...അതാ കൈ പിൻവലിച്ചേ.. പിന്നെ ഇന്നലത്തെ വേദന മാറിയില്ലന്ന് പറഞ്ഞില്ലേ..അത് മാറുമ്പോൾ പറാ..ഇനി ഏതായാലും അതു മാറിയിട്ട് തന്നെ തരാം..ഇന്നലത്തെ ആ അരമണിക്കൂർ കൊണ്ട് തന്നെ നീ പകുതി ആയിട്ടുണ്ട്..ഇനി ഇപ്പൊത്തന്നെ അടുത്തത് തന്നു ബാക്കിയുള്ള പകുതി കൂടി എടുത്താൽ പിന്നെ ചെറ്റയെന്നും നാറി എന്നും വിളിച്ചു എന്റെ വയറു നിറച്ചു തരാൻ ആരാ ഉള്ളെ... നിനക്ക് വേദനിക്കാം..എപ്പോഴാണെന്ന് അറിയോ..ഞാൻ വേദനിപ്പിക്കുമ്പോൾ മാത്രം..അല്ലാതെ നീ വേദനിക്കാൻ പാടില്ല..അതിനി മറ്റുള്ളവർ കാരണമായാലും നിന്റെ അശ്രദ്ധയോ അപദ്ധവോ മൂലമായാലും...

കണ്ണുകൾ കരഞ്ഞു കലങ്ങി ഇരുണ്ടു മൂടിയ മുഖവുമായി മുന്നിൽ വന്നു നിൽക്കുന്ന നിന്നെ ഒന്നും ചെയ്യാൻ തോന്നുന്നില്ല...ആ നിന്നോട് ഏറ്റു മുട്ടാൻ തോന്നുന്നില്ല ലൈല..അതു ഭീരുവിന്റെ അടയാളമാണ്...ഈ കണ്ണുകളിൽ തിളക്കവും വാശിയും ധൈര്യവും നിറഞ്ഞു നിൽക്കണം എന്നും..അതു മാത്രം കണ്ടാൽ മതി എനിക്ക്..നിന്റെ ഉള്ളിൽ വേദനയുണ്ടോ..എങ്കിൽ കരഞ്ഞോ..പക്ഷെ അതെന്റെ മുന്നിൽ മാത്രം..സ്വന്തം വീട്ടിൽ ആണെന്നാൽ പോലും നിന്റെ കണ്ണുകൾ നിറയരുത്..നിറയരുതെന്നല്ലാ..നിറയാൻ പാടില്ല..ഉപദേശമായോ ഭീഷണിയായോ എങ്ങനെ വേണമെങ്കിലും എടുക്കാം..അനുസരിക്കണം ഇതൊക്കെ...അനുസരിച്ചിരിക്കണം." അവളുടെ ഉള്ളിൽ എരിയുന്ന വേദന മുഴുവനും അവളുടെ കണ്ണുകളിൽ തങ്ങി നിന്നിരുന്നു...അത് മനസ്സിലാക്കിയെന്ന പോൽ അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോട്ടം എറിഞ്ഞു കൊണ്ട് പറഞ്ഞു..

"അറിയാം വയ്യാഞ്ഞിട്ടു ചോദിക്കാ.നിന്റെ കയ്യിൽ കാശിനു കുറവ് വല്ലതും ഉണ്ടോ...അല്ല..രോഗം മൂർച്ചിച്ചിട്ടും ട്രീറ്റ്മെന്റ്നു പോകാത്തതു കണ്ടു ചോദിച്ചതാ...ഒന്നു പോയി വല്ല ഊളം പാറയിലോ കുതിര വട്ടത്തോ ചെന്നു കിടക്കടാ..നിനക്ക് വേണ്ടിയല്ല..മറ്റുള്ളവർക്ക് വേണ്ടി എങ്കിലും...ഇത്തിരി സമാധാനം ഉണ്ടായിക്കോട്ടെ എല്ലാർക്കും... " അവന്റെ മറുപടിക്ക് കാത്തില്ല..പുച്ഛത്തോടെ മുഖം തിരിച്ചു വേഗം ഒരു പോക്കായിരുന്നു അവൾ അവിടെ നിന്ന്.. അവൻ അവളെ തടുക്കുകയോ അവിടെ നിന്നും അനങ്ങുകയോ ചെയ്തില്ല..അവൾ പോകുന്നതും നോക്കി നിന്നു..ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ അപ്പോഴേക്കും അവന്റെ ഉള്ളിൽ കടന്നു കൂടിയിരുന്നു..അതു മുഴുവനും അവളെ കുറിച്ചായിരുന്നു.. ആരോടും കൂടുതൽ അടുപ്പം കാണിക്കാത്തതും എന്നാൽ അടുപ്പം കാണിച്ചാൽ തന്നെ സ്വന്തം കാര്യങ്ങൾ ഒന്നും ആരോടും പറയാത്തതുമായ അവളുടെ പ്രകൃതം കാണുമ്പോൾ തന്നെ അവൾ എന്തൊക്കെയോ ഒരുപാട് ഒളിക്കുന്നുണ്ടെന്നു തോന്നിയിരുന്നു..അവളുടെ പിന്നാലെ നടക്കുന്നു..പ്രണയിക്കുന്നു..സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു..

എന്നിട്ടും ഇന്നീ നിമിഷം വരെ അവളുടെ പേരും വീടും അല്ലാതെ മറ്റൊന്നും അറിയില്ല..അതും വീട് എബി കണ്ടു പിടിച്ചത്...സത്യം പറഞ്ഞാൽ ഇന്നുവരെ ഞാൻ അവളെ കുറിച്ച് ഒന്നും അറിയാൻ ശ്രമിച്ചിട്ടില്ല..ശ്രമിച്ചാൽ ഒരു സെക്കന്റ്‌നുള്ളിൽ അവളുടെ മുഴുവൻ ഡീറ്റെയിൽസും എനിക്ക് കിട്ടും..അതിന് അവളെ ഫോളോ ചെയ്തു ഒന്നും ബുദ്ധിമുട്ടണ്ട..അവളുടെ കഴുത്തിനു കുത്തി പിടിച്ചു നിന്നെ കുറിച്ചുള്ള കാര്യങ്ങൾ പറയെടീന്ന് പറഞ്ഞു അവളെ കൊണ്ട് തന്നെ പറയിപ്പിക്കാം..അവൾക്ക് എപ്പോഴും സഹിക്കാനും താങ്ങാനും കഴിയാത്തത് എന്റെ ഈ കൈ കരുത്താണ്..എന്റെ പിടുത്തത്തിൽ അവൾക്ക് വേദനിക്കുന്നുണ്ടെന്നു പലപ്പോഴായി അവളുടെ മുഖം വിളിച്ചു പറഞ്ഞതാണ്..വേദനിക്കുമ്പോൾ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി മണി മണി പോലെ പറഞ്ഞു തരും അവൾ. പക്ഷെ എന്തു കൊണ്ടോ ഇന്നുവരെ അങ്ങനെ ചെയ്യാൻ തോന്നിയിട്ടില്ല..അവളെ കുറിച്ച് യാതൊന്നും അറിയണമെന്ന് തോന്നിയിട്ടില്ല..

അതൊരുപക്ഷെ എനിക്ക് ആവശ്യമുള്ളത് അവളുടെ കരുത്തുറ്റ മനസ് മാത്രം ആയതു കൊണ്ടാകാം.. എത്ര കണ്ടു വായിച്ചാലും ഒരിക്കലും വായിച്ചു തീരാത്തതും തീർന്നാൽ തന്നെ ആശയം മനസ്സിലാക്കാൻ കഴിയാത്തതുമായ ഒരു പുസ്തകമാണ് അവളെന്ന് കാണുന്ന അന്ന് തൊട്ടേ തോന്നി തുടങ്ങിയതാണ്..അവൾക്ക് ഒരു മനസ് ഉണ്ടോന്ന് പോലും സംശയമാണ് ഇപ്പോൾ..ഉണ്ടെങ്കിൽ തന്നെ അതിന്റെ അകത്തു ഉള്ളതെന്ത്...? ഞാൻ ഇന്നലെ പറഞ്ഞത് പോലെ ശില തന്നെ ആയിരിക്കും..അല്ലെങ്കിൽ ഒരിക്കലെങ്കിലും എന്റെ മുന്നിൽ പതറാതെ പോകില്ലായിരുന്നു അവൾ.. ഇന്നാദ്യമായാണ് അവളുടെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കി നിന്നത്..ഞാനും ഈ കോളേജുമൊക്കെ കാണുന്ന ലൈല അല്ലാതെ അവൾക്ക് ഉള്ളിൽ മറ്റൊരു ലൈല ഉണ്ടെന്ന് അവളുടെ കണ്ണുകൾ പറയാതെ പറയുന്നു..ഈ തന്റേടങ്ങൾക്കും വീര സാഹസങ്ങൾക്കും അപ്പുറം അവൾക്ക് ഉള്ളിൽ വലിയൊരു വേദനയും ആ വേദനയ്ക്ക് പിന്നിൽ വലിയൊരു കഥയും ഉണ്ടെന്ന് കണ്ണ് എടുക്കാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി നിന്ന ആ കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ എനിക്ക് മനസ്സിലായി..

വെറുതെയല്ല എബി പറഞ്ഞത് വാശിയോടെയും ദേഷ്യത്തോടെയും അല്ല സ്വന്തം പെണ്ണിനെ നോക്കേണ്ടത്..പകരം അനുരാഗത്തോടെയാണെന്ന്..അവളുടെ കണ്ണുകളിലേക്ക് അനുരാഗം കൊണ്ടാണ് നോട്ടം എറിയേണ്ടതെന്ന്..എന്നാൽ മാത്രമേ അവളുടെ മനസ് അറിയാൻ പറ്റുള്ളൂന്ന്..മനസ്സിൽ ഒതുങ്ങി നില്കുന്നത് എല്ലാം കണ്ണുകളിൽ നിഴലിക്കും..അവയിലേക്ക് ആഴത്തിലൊരു നോട്ടം എറിഞ്ഞു കൊടുത്താൽ മതി...പക്ഷെ അതൊന്നും ഈ താജ്നു സ്യൂട്ട് ആവുന്നതല്ലല്ലോ...എന്നിട്ടും ഇന്നൊരു നിമിഷം അവളിൽ ലയിച്ചു നിന്നു പോയി.. അവളെ കുറിച്ചുള്ള തോന്നലുകൾ എല്ലാം ശക്തി ഊന്നിയത് അന്ന് അവളുടെ വീട്ടിൽ പോയപ്പോഴാണ്..അത്രേം വലിയൊരു വീട്ടിൽ അവളെന്തിന് അങ്ങനൊരു ഇടുങ്ങിയ റൂമിൽ കഴിയണം..പിന്നെ ഇന്ന് കണ്ട അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും മങ്ങിയ മുഖവുമാണ്..പൊള്ളിയതാണെന്ന് പറയുന്നു..അവൾക്കൊരു അശ്രദ്ധ സംഭവിക്കുക എന്ന് പറഞ്ഞാൽ അവിശ്വസനീയമാണ്..

നീ മൊത്തത്തിലൊരു മിസ്റ്ററി ആണല്ലോ ടീ വെടക്കെ...ഇരിക്കട്ടെ...എന്തൊക്കെയോ ദുരൂഹതകളിൽ ചുറ്റി പറ്റി നിൽക്കുന്ന നിന്നെ പോലൊന്നിനെ പ്രേമിക്കാൻ തന്നെയാണ് മോളെ ഒരു ത്രില്ല്...നിന്നെ പോലൊന്നിനെ അല്ല..നിന്നെ തന്നെ..എനിക്ക് വേണ്ടതും ഒരു എത്തും പിടിയും കിട്ടാത്ത നിന്നെയാണ്..നിന്നെ തന്നെ.. But Lailaa Jabeen... ഒന്നു നീയറിഞ്ഞു വെച്ചോ...നിന്നെ എന്റെ മുന്നിൽ മുട്ട് കുത്തിക്കുന്നതിന് ഒപ്പം തന്നെ ഞാൻ അറിഞ്ഞിരിക്കും നീ എന്തെന്നും നിന്റെ മനസ്സിൽ എന്തെന്നും..ഇനിയാണ് മോളെ നിന്നെ തോല്പിക്കാനുള്ള ഈ താജ്ന്റെ യഥാർത്ഥ കളികൾ.... Just wait and see... ** അവൻ പറയുമ്പോഴോക്കെ അവന്റെ നേർക്ക് കുരച്ചു ചാടാമെന്നേയുള്ളൂ...വെല്ലുവിളിയും ഭീഷണിയുമൊക്കെ ആയിട്ടാണ് പറയുന്നത് എങ്കിലും അതിലൊക്കെ കാര്യമുണ്ട്..ഏറെക്കുറെയും എൻറെ നില നിൽപ്പിനുള്ള ഉപദേശമായിട്ടാണ് കാതുകളിൽ വന്നു പതിക്കുന്നത്..

*കരഞ്ഞു കലങ്ങിയ കണ്ണുകളും ഇരുണ്ടു കൂടിയ മുഖവുമായി മുന്നിൽ വന്നു നിൽക്കുന്ന നിന്നോട് ഏറ്റു മുട്ടാൻ തോന്നുന്നില്ല ലൈല..എന്നും ഈ കണ്ണുകളിൽ തിളക്കവും വാശിയും ധൈര്യവും നിറഞ്ഞു നിൽക്കണം.സ്വന്തം വീട്ടിൽ ആണെന്നാൽ പോലും നിന്റെ കണ്ണുകൾ നിറയാൻ പാടില്ല..* തന്റെ കണ്ണുകളിലേക്ക് ആഴത്തിൽ നോക്കിക്കൊണ്ട് അവൻ പറഞ്ഞ ഓരോ വാക്കുകളും മുന്നോട്ടു നടക്കും തോറും അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു കൊണ്ടേയിരുന്നു.. എന്താ ആ പറഞ്ഞതിന്റെ അർത്ഥം..അവൻ എവിടെയൊക്കെയോ എന്നെയും എന്റെ വേദനകളെയും അറിയാൻ തുടങ്ങിയിരിക്കുന്നു എന്നാണോ..എന്റെ കണ്ണുകളിൽ നോക്കി എൻറെ ഉള്ളം അറിയുന്നു എന്നാണോ...? അതു കൊണ്ടാണോ എനിക്ക് അവന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കാൻ സാധിക്കാതെ വന്നത്...സത്യം പറഞ്ഞാൽ പിന്നെ അവൻ എന്തെങ്കിലും ഒന്നു പറയുന്നതിന് മുന്നെ മുഖം തിരിച്ചു കളഞ്ഞതും അവിടെന്ന് വേഗത്തിൽ പോന്നതും എങ്ങാനും അവനെന്നെ പൂർണമായി അറിയുമോന്ന് കരുതിയാണ്‌...അവന്റെ വാക്കുകളൊക്കെയും പിടിച്ചു നിൽക്കാൻ ധൈര്യം നൽകുന്നവയാണ്...

എന്നെ വേദനിപ്പിക്കുമ്പോൾ,,,വാശിയും ദേഷ്യവും കയറ്റാൻ കുത്തി കുത്തി ഓരോന്നു ചെയ്യുമ്പോൾ അറിയാതെ അവന്റെ മുന്നിന്ന് എന്നെയും എന്റെ അവസ്ഥകളെ കുറിച്ചും ഞാൻ അലറി പറഞ്ഞു പോകുമോന്നുള്ള ഭയമാണ് ഇപ്പോൾ...അവന്റെ മുന്നിൽ നിന്നും കണ്ണ് നിറയുമോന്നുള്ള ഭയം..അവൻ എന്നെ അറിയുമോന്നുള്ള ഭയം.. ഉറപ്പാണ്..അവന് എന്തൊക്കെയോ സംശയങ്ങൾ ഉണ്ട് എന്റെ കാര്യത്തിൽ..അല്ലങ്കിൽ കയ്യിലൊരു കെട്ടു കണ്ടതിനു ഇത്രേമൊക്കെ ചോദ്യം ചെയ്യുമോ..ചോദ്യം ചെയ്യലല്ല..അട്ടഹസിച്ചു പേടിപ്പിക്കുകയാ...തെണ്ടി..പട്ടി..എപ്പോ നോക്കിയാലും കയ്യിൽ പിടിച്ചു വലിക്കും..ഇക്കണക്കിനു പോയാൽ ഞാൻ അധിക കാലം ജീവനോടെ ഉണ്ടാകില്ല..കരിങ്കല്ലു പോലെത്തെ അവന്റെ ആ കൈ വെച്ചു ഒന്നു തൊട്ടാൽ തന്നെ ടിപ്പർ മുട്ടിയ അവസ്ഥയാണ്‌...ഇതിപ്പോ തൊടലും പിടിക്കലുമൊക്കെ ഓൾഡ് വേർഷനിലേക്ക് തള്ളി അപ്ഡേറ്റ് വേർഷനായി പിടിച്ചു അമർത്തലും ഞെരിക്കലുമാണ് നാറി...

ഇവനെയൊക്കെ ഞാനിനി എന്താ റബ്ബേ ചെയ്യേണ്ടത്..മടുത്തു പോയി..സത്യത്തിൽ അവൻ ചെയ്യുന്നത് എന്താണെന്ന് അവനു തന്നെ വെളിപാടു ഇല്ലെന്ന തോന്നുന്നേ..വട്ടന്മാരെ കണ്ടിട്ടുണ്ട്..ഇതുപോലെത്തേതിനെ ആദ്യമായിട്ടാ അള്ളാഹ് കാണുന്നെ...അല്ലാതെ തന്നെ ഒരു ലോഡ് ഉണ്ട് തലയ്ക്കു മീതെ..ഇതിനേ കൂടെ എൻറെ തലയിലേക്ക് ഇട്ട് തരണമായിരുന്നോ...MSc ക്ക് അഡ്മിഷൻ എടുക്കാൻ ഈ കോളേജ് അല്ലാതെ മറ്റൊരു കോളേജ്ജും കിട്ടിയില്ലേ റബ്ബേ മുന്നാക്ക്... അവനോടുള്ള ദേഷ്യം കിട്ടിയതിനെയും കണ്ടതിനെയുമൊക്കെ പ്രാകി തീർത്തു അവൾ.. ** ക്ലാസ്സിൽ എത്തുമ്പോൾ തന്നെ നുസ്രയും ബാക്കി ഫ്രണ്ട്‌സ്മൊക്കെ ചോദിക്കാൻ തുടങ്ങി കൈക്ക് എന്തു പറ്റിയതാണെന്ന്..കൈ തട്ടി ചൂട് വെള്ളം മറിഞ്ഞതാണെന്ന് പറഞ്ഞു എല്ലാവരുടെയും ചോദ്യത്തിൽ നിന്നും രക്ഷപ്പെട്ടു..

പക്ഷെ നുസ്ര വിട്ടില്ല..സൂക്ഷിക്കണം..അടുക്കളയിൽ കയറുമ്പോൾ എങ്കിലും ചൂടും പൊട്ടി തെറിയുമൊക്കെ ഒന്ന് കുറക്കണം..ഇല്ലങ്കിൽ ഇരട്ടി ചൂട് നിനക്കിതു പോലെ കിട്ടുമെന്ന് ഒക്കെ പറഞ്ഞു ഇത്തിരി വഴക്കും ഒത്തിരി ഉപദേശങ്ങളും നൽകാൻ തുടങ്ങി.ചുളുവിൽ അതൊക്കെയല്ലേ തരാൻ കഴിയൂ...വാങ്ങിച്ചേക്കാം..നിരാശ പെടുത്തണ്ടന്ന് കരുതി ഒന്നു വായ തുറക്കുക കൂടി ചെയ്യാതെ രണ്ടും കയ്യും കെട്ടി എല്ലാം കേട്ടിരുന്നു.. നുസ്ര അത്രയൊക്കെ ചോദിക്കുമ്പോഴും പറയുമ്പോഴും എല്ലാം നോക്കി നിന്നതും കേട്ടു നിന്നതുമല്ലാതെ മുന്ന ഒരക്ഷരം പോലും മിണ്ടിയില്ല...അവന്റെ കണ്ണുകളിൽ അവളോടുള്ള സഹതാപവും ദയനീയതയും..അതിനേക്കാൾ ഏറെ ആ കണ്ണുകളിൽ കോപാഗ്നി ജ്വലിക്കുന്നുണ്ടായിരുന്നു...ഉള്ളിൽ അവരോടുള്ള പക ആളി കത്തുന്നുണ്ടായിരുന്നു.. അവന്റെ മുഖ ഭാവം മാറി മറിയുന്നത് അവൾ അറിഞ്ഞു...അതു കണ്ടു അവൾക്ക് ഭയം തോന്നാൻ തുടങ്ങി..അവൾ മനഃപൂർവം അവനിൽ നിന്നും മുഖം വെട്ടിച്ചു ഇരുന്നു..പിന്നെ അവന്റെ ഭാഗത്തേക്ക്‌ നോക്കുകയോ അവനോട് ഒന്നു മിണ്ടാൻ പോകുകയോ ചെയ്തില്ല..പോയാൽ വയറു നിറച്ചു കിട്ടുമെന്ന് അവൾക്ക് അറിയാം...

അവൾ ബാഗ് തുറന്നു പുസ്തകവും എടുത്തു അതിലേക്കു നോട്ടം ഇട്ടിരുന്നു.. ** രാത്രി ഗേറ്റ് അടക്കാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയ അവർ പിന്നിൽ നിന്നുമൊരു ശബ്ദം കേട്ടു തിരിഞ്ഞു നോക്കി...ആരെയും കണ്ടില്ല..മുന്നിലേക്ക് നടന്നു ഗേറ്റ്ന് അടുത്തെത്തിയതും ഷോൾഡറിൽ ആരോ കൈ വെക്കുന്നത് പോലെ തോന്നി..ഉടനടി തിരിഞ്ഞു നോക്കി..നോക്കിയതു മാത്രേ ഓർമ്മയുള്ളൂ..കരണം പുകച്ചൊരു അടിയായിരുന്നു പിന്നെ..അപ്രതീക്ഷിതമായി കിട്ടിയ അടിയുടെ ആഘാതത്തിൽ അവർ നിലത്തേക്ക് തെറിച്ചു വീണു.. "ആ...ആരാ... " ഞെട്ടി പിടഞ്ഞു എണീറ്റു കവിളത്തും കൈ വെച്ചു തിരിഞ്ഞും മറിഞ്ഞും നാല് ഭാഗത്തേക്ക്‌ നോക്കിക്കൊണ്ട് അവർ ചോദിച്ചു... മറുപടി പോയിട്ട് ഒരു അനക്കം പോലും ആ ഇരുട്ടിൽ അവർക്ക് കിട്ടിയില്ല.. "ആരാന്നാ ചോദിച്ചത്... " ഉള്ളിൽ പേടിയുണ്ടായിട്ടും അവർ ശബ്ദം എടുത്തു അലറി..മറുപടി വന്നു...പിന്നിൽ നിന്നും നടു പുറത്തേക്ക് ഒരു ചവിട്ടായിരുന്നു.. "ആാാാ......" അവർ വേദനയോടെ നാലടി മുന്നിലേക്ക് തെറിച്ചു വീണു..ചവിട്ടിന്റെയും വീഴ്ചയുടെയും ഫലമായി നടുവിന്റെ എല്ലു ഒടിഞ്ഞതു പോലെയുള്ള വേദന അനുഭവപ്പെട്ടെങ്കിലും പിന്നെ അവർ ശബ്ദം ഉണ്ടാക്കിയില്ല..

കുതന്ത്രമാണ്...തന്നെ ചുറ്റി പറ്റിയുള്ളവൻ ആരെന്നു അറിയാനുള്ള കുതന്ത്രം..നടുവിനും കൈ കൊടുത്തു വീണിടത്ത് നിന്നും പതിയെ എഴുന്നേറ്റു പൂച്ചയുടെ കണ്ണും നായയുടെ ചെവിയോടും കൂടി അവർ ചുറ്റിലേക്കും കണ്ണും കാതും കൂർപ്പിച്ചു.. വളരെ പതുക്കെയുള്ള ഒരു കാൽപെരുമാറ്റം പിന്നിൽ നിന്നും ഉയർന്നതു കൂർമ്മതയേറിയ ചെവിയുള്ള അവർ അറിഞ്ഞു..ആരായിരുന്നാലും അടിച്ചു തല പൊട്ടിക്കാൻ വേണ്ടി കയ്യിലെ ഗേറ്റിന്റെ ലോക്കും ഉയർത്തി തിരിയാൻ നോക്കിയതും പെട്ടെന്നാണ് അവരുടെ മുടി കുത്തിനു ബലമുള്ള പിടി വീണത്..ഒന്ന് ശബ്ദം ഉണ്ടാക്കാനോ തല കുടയാനോ കൈ അനക്കാനോ ഉള്ള സമയം പോലും കൊടുത്തില്ല അവർക്ക്..അതിന് മുന്നേ മുടി കുത്തിൽ പിടിച്ച പിടിയാലെ മുന്നിലേക്ക് തള്ളി ഇരുമ്പ് ഗേറ്റിലേക്ക് തല ഇടിപ്പിച്ചു അതേ ശക്തിയിൽ പിന്നിലേക്ക് തള്ളി.. "മോനെ...സജൂ....എന്നെ കൊല്ലുന്നേ..ഓടി വാ... " അടുത്ത വീഴ്ചയ്ക്ക് മുന്നേ തലയിലും കൈ വെച്ചു കൊണ്ട് അവർ നിലവിളിച്ചു..

പുറത്തു വെട്ടം തെളിയുന്നതിന് മുന്നേ ആ ആൾ രൂപം ഗേറ്റ് കടന്നു പോയിരുന്നു.. വെട്ടം തെളിയുന്നതിന് ഒപ്പം തന്നെ സജാദ് പുറത്തേക്ക് എത്തി.. "മോനെ....എന്നെ കൊന്നെടാ.. " നിലത്തു കിടന്നു തലക്കും കൈ വെച്ചു കൊണ്ട് നിലവിളിക്കുന്ന അവരെ കണ്ടതും അവന്റെ അന്തം പോയി.. "എന്താ...എന്താ സംഭവിച്ചേ... " അവൻ അവരെ പിടിച്ചു എണീപ്പിച്ചു നിർത്തി ചോദിച്ചു.. "എന്നെ കൊല്ലാൻ നോക്കിയെടാ... " അവരു നെഞ്ചത്തും കൈ വെച്ചു അലറി കരയാൻ തുടങ്ങി.. "കൊറേ നേരം ആയല്ലോ ഇതുതന്നെ പറയാൻ തുടങ്ങിട്ട്...എന്താ സംഭവിച്ചേ... " അവിടെയും ഇവിടെയും തൊടാതെയുള്ള അവരുടെ സംസാരം കേട്ടു അവന് ദേഷ്യം വന്നു.. "ദാ അവിടെ.. അല്ല..ഇവിടെ..അതുമല്ല...പിന്നിൽ...ഞാൻ കണ്ടതാ...ഒരുത്തൻ .." അവർ വെപ്രാളപ്പെട്ടു പറഞ്ഞു.. "എവിടെ...ആരെ കണ്ടുന്നാ..ഒന്ന് തെളിച്ചു പറയുന്നുണ്ടോ നിങ്ങൾ...വല്ല പട്ടിയും പൂച്ചയും ആയിരിക്കും...അല്ലാതെ ആര് വരാനാ ഇവിടേക്ക്..അതും ഈ രാത്രിക്ക്... "

"അല്ലടാ...ഞാൻ കണ്ടതാ...എന്റെ മുഖത്തടിച്ചു..ചവിട്ടി..തല കൊണ്ട് പോയി ഗേറ്റ്ൽ ഇടിച്ചു... " "അടിച്ചു..ചവിട്ടി..തല ഇടിച്ചു...ഇതൊക്കെ ഞാൻ വിശ്വസിക്കണമല്ലെ...നിങ്ങളൊന്നു അകത്തേക്ക് കയറി പോയെ...വെറുതെ മനുഷ്യൻമാരെ മെനക്കെടുത്താൻ... ഇതെന്തോ കണ്ടു പേടിച്ചതാ...അതാ ഇങ്ങനെ പിച്ചും പെയ്യും പറയുന്നേ.. ഗേറ്റ് അടക്കാൻ വന്നാൽ വേഗം അടച്ചിട്ടു പോകണം..അല്ലാതെ ഇവിടെ ഇരുട്ടത്തേക്കും നോക്കി നിന്നു അലറുകയും പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുകയും അല്ല വേണ്ടത്...ഇങ്ങു താ ലോക്ക്..." അവൻ അവരുടെ കയ്യിൽ നിന്നും ലോക്കും കീയും വാങ്ങിച്ചു ചെന്നു ഗേറ്റ് ലോക്ക് ചെയ്തു... "സജു...ഞാൻ കണ്ടതാ..അല്ലങ്കിൽ വേണ്ടാ...നീ എന്റെ നെറ്റി നോക്ക്...മുറിവ് കാണുന്നില്ലേ... " "അത് വീഴ്ചയിൽ സംഭവിച്ചതായിരിക്കും...വല്ല പൂച്ചയും പട്ടിയും ആയിരിക്കുമെന്ന് പറഞ്ഞില്ലേ..ശബ്ദം കേട്ടു..പേടിച്ചു പിന്നിലേക്ക് നീങ്ങി..കാല് ഇടറി വീണു..മുറിഞ്ഞു...

അത്രേയുള്ളൂ..അല്ലാതെ ആരു വരാനാ ഇവിടേക്ക്...ആരും വരില്ല..ഒരുത്തനും വരില്ല ഈ സജാദ്ന്റെ വീട്ടിലേക്ക്..." "എടാ...എനിക്ക് അവളെയാ സംശയം...ഇനി ആ ജന്തു വല്ല കൊട്ടേഷനും കൊടുത്തു കാണോ...?" അവരുടെ കണ്ണുകൾ ചുവന്നു മുഖം വലിഞ്ഞു മുറുകി.. "ഇതുവരെ സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് ഓർമയിൽ ഉണ്ടെങ്കിൽ അവളൊരിക്കലും അങ്ങനെയൊരു ബുദ്ധി മോശം കാണിക്കില്ല...കാരണം ഈ സജാദ്ന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ ആവില്ലന്ന് അവൾക്ക് അറിയാം..." "അപ്പൊ ഇപ്പോ സംഭവിച്ചതോ..." "ഇപ്പോ എന്ത് സംഭവിച്ചുന്നാ...നിങ്ങൾ കണ്ടോ ആരെയെങ്കിലും...സ്വയം ഓരോന്നു ആലോചിച്ചു ഉണ്ടാക്കിയിട്ട് ഇരുന്നു പിച്ചും പെയ്യും പറയുന്നു...ഉറങ്ങാൻ കിടന്നതെ ഉണ്ടായിരുന്നുള്ളൂ..അപ്പോഴേക്കും തൊള്ള കീറി കാറാൻ തുടങ്ങീന്... ഒന്ന് കയറി പോകാൻ നോക്ക് ഉമ്മാ അങ്ങോട്ട്‌..." അവൻ അവർക്ക് നേരെ കുരച്ചു ചാടി..അവർ അതൊന്നും ശ്രദ്ധിച്ചില്ല..വീണ്ടും കണ്ണുകൾ ചുവപ്പിച്ചു തിരിഞ്ഞും മറിഞ്ഞും നാല് ഭാഗത്തേക്കും നോക്കി നിന്നു. "എന്ത് നോക്കി നിക്കുവാ..കേറി പോകാനാ പറഞ്ഞത്..." അവൻ അലറി..പിന്നെ അവിടെ നിന്നില്ല..കാലും നടുവുമൊന്നും അനക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..

ഒരു കൈ നടുവിനും ഒരു കൈ നെറ്റിക്കും താങ്ങി ഞൊണ്ടി ഞൊണ്ടി അവരു അകത്തേക്ക് നടന്നു.. എല്ലാം കേട്ടു കൊണ്ട് അവൾ ഡോർന് മറവിൽ ഉണ്ടായിരുന്നു..അവർ രണ്ടാളും അകത്തേക്ക് വരുന്നത് കണ്ടു അവൾ വേഗം മുകളിലേക്ക് കയറിപ്പോയി..ഇപ്പോൾ മുൻപിൽ കിട്ടിയാൽ ആ സ്ത്രീ തന്നെ കടിച്ചു കീറുമെന്ന് അവൾക്ക് അറിയാമായിരുന്നു...കാരണം അവരുടെ കണ്ണുകൾ ചുമന്നു പല്ലുകൾ കൂർത്തു ഒരു നരഭോജി കണക്കെ ആയത് അവൾ ശ്രദ്ധിച്ചതാണ്..താനാണ് ഇപ്പോ നടന്ന സംഭവത്തിനു പിന്നിൽ എന്നാണ് അവർ ധരിച്ചു വെച്ചിട്ട് ഉള്ളത്..ഭാഗ്യത്തിനു അവർ പറഞ്ഞതൊന്നും സജാദ് വിശ്വസിച്ചിട്ടില്ല...ഉണ്ടായിരുന്നു എങ്കിൽ ഇപ്പോ രണ്ടും കൂടി എൻറെ ശരീരം നൂറായി വെട്ടി നുറുക്കിയേനെ.. അവൾ റൂമിലേക്ക്‌ കയറി വാതിൽ അടച്ചു..സനു ഉറക്കമാണ്..താനും ഉറങ്ങിയതായിരുന്നു..താഴെ നിന്നും അവരുടെ നിലവിളി ശബ്ദം കേട്ടാണ് ഉണർന്നതും പതിയെ താഴേക്ക് ഇറങ്ങി ചെന്നതും..സജാദ് എണീറ്റു വരുന്നതിനു മുന്നേ ഞാൻ ഹാളിലേക്ക് എത്തിയിരുന്നു.

.പുറത്തു നിന്നു എന്തൊക്കെയോ ശബ്ദം കേട്ടെങ്കിലും അവരുടെയൊന്നും മുന്നിൽ പെടേണ്ടന്ന് കരുതി ഒളിഞ്ഞു നിന്നതാണ്..അതു കൊണ്ട് എന്താ പുറത്തു നടന്നതെന്നൊന്നും കാണാൻ കഴിഞ്ഞില്ല..പക്ഷെ ഒരു കാര്യം ഉറപ്പാണ്..സജാദ് പറഞ്ഞത് പോലെ വെറും പിച്ചും പെയ്യുമൊന്നുമല്ല അവർ പറഞ്ഞത്.. അതിനും മാത്രം ബോധം ഇല്ലാത്ത സ്ത്രീയല്ല അവർ..ഒരേസമയം പത്തു ആളുകളുടെ ബോധവും വക്ര ബുദ്ദിയും ഉണർവുമുള്ള സ്ത്രീയാണ്..അവരു പറഞ്ഞത് ശെരിയാണ്..കാര്യമായി തന്നെ എന്തോ ഒന്ന് നടന്നിട്ടുണ്ട്...അതും അവർ പറഞ്ഞത് പോലെ അവർക്ക് നേരെ ഉണ്ടായ ഈ ആക്രമണത്തിനു കാരണം ഞാൻ തന്നെ..ഇതിന് പിന്നിലുള്ള വിഷയം ഞാൻ തന്നെ..എനിക്ക് വേണ്ടി ആരോ ചെയ്തതാണ് ഇത്..പക്ഷെ അതു ഞാൻ അറിഞ്ഞിട്ടില്ലന്ന് മാത്രം.. ആരാ ഇതിന്റെ പിന്നിൽ..? അമനോ..? മുന്നയോ..? അതോ ഞാൻ അറിയാതെ എന്നെ പിന്തുടരുന്ന ആ അജ്ഞാതനോ..? .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story