ഏഴാം ബഹർ: ഭാഗം 16

ezhambahar

രചന: SHAMSEENA FIROZ

"ലൈലാ..വെറുതെ ദേഷ്യം പിടിപ്പിക്കരുത്..എടുത്തു കഴിക്കാൻ നോക്ക്.. " അവൻ അവളുടെ കയ്യിൽ പിടിച്ചു മുഖത്തേക്ക് നോക്കി പറഞ്ഞു.. അവനു ദേഷ്യം കയറാൻ തുടങ്ങിയെന്ന് അവൾക്ക് മനസ്സിലായി. മുഖം ചുമന്നു വരുന്നുണ്ടായിരുന്നു.. അത് കാണുമ്പോൾ രാവിലെത്തേതാണ് ഓർമ വന്നത്.. അവൾ അവന്റെ പിടു വിടുവിച്ചു.. എഴുന്നേറ്റതു പോലെ തന്നെ അവിടെ ഇരുന്നു.. "നിനക്ക് മാത്രമാണോ ദേഷ്യം..ബാക്കിയുള്ളവർക്ക് ഒന്നും ദേഷ്യം വരില്ലേ.. എല്ലാവരും നീ കീ കൊടുക്കുമ്പോൾ ഓടുന്ന പാവകൾ ആണെന്നോ നിന്റെ വിചാരം.. " അവൾ അവന്റെ മുഖത്തേക്ക് തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.. "ചോദ്യവും ഉത്തരവുമൊക്കെ പിന്നീട്.. നിന്റെ മുഖം കാണുമ്പോൾ തന്നെ അറിയുന്നുണ്ട് ഒരാനയെ വിഴുങ്ങാനുള്ള വിശപ്പ് ഉണ്ടെന്ന്.. സോ കഴിക്ക്.. " എന്ന് പറഞ്ഞോണ്ട് അവനാ കവർ അവൾക്ക് നേരെ നീട്ടി വെച്ചു.. "നിനക്ക് ഭ്രാന്ത്‌ ആണോ അമൻ.. നേരത്തെ കഴിക്കാൻ ഇരുന്ന എന്റെ മുന്നിൽ നിന്നും ഞാൻ കഴിക്കണ്ടന്നും പറഞ്ഞു ഭക്ഷണം മാറ്റി വെച്ചു..

അതേ നീ തന്നെ ഇപ്പോ വിശന്നു ഇരിക്കുന്ന എന്റെ മുന്നിലേക്ക് ഭക്ഷണം നീട്ടി തരുന്നു.. " "നേരത്തെ ദേഷ്യം വന്നു..അങ്ങനെ ചെയ്തു.. അതു കഴിഞ്ഞു പോയ കാര്യമല്ലേ.. ഇനി അതു തന്നെ പറഞ്ഞിരുന്നിട്ട് കാര്യമില്ല.. വെറുതെ ഓരോന്ന് പറഞ്ഞു എന്റെ പ്രഷർ കൂട്ടരുത്.. കൊച്ചു കുട്ടികളോട് പെരുമാറുന്നത് പോലെ നിന്റെ പിന്നാലെ നടന്നു കഴിക്കെന്നു പറഞ്ഞു നിന്നെ ഊട്ടി തരാൻ ഒന്നും എനിക്ക് പറ്റില്ല.. ബ്രേക്ക്‌ കഴിയാറാകുന്നു.. എടുത്തു കഴിച്ചു വേഗം ക്ലാസ്സിലേക്ക് പോകാൻ നോക്ക്.. " എന്ന് പറഞ്ഞു അവൻ ആ കവർ ഓപ്പൺ ചെയ്തു കൊടുക്കുകയും ചെയ്തു.. അവൾ അവന്റെ മുഖത്തേക്ക് നോക്കി.. പതിവ് ഗൗരവം തന്നെ.. വാശി കാണിക്കാൻ നിന്നിട്ട് ഒരു കാര്യവുമില്ല.. ഇവന്റെ ബലത്തിനു മുന്നിൽ തോറ്റു പോകത്തേയുള്ളൂ.. ഇവിടുന്നു പോകുന്നത് പോയിട്ട് ഒന്നു എഴുന്നേൽക്കാൻ കൂടി സമ്മതിക്കില്ല ഇവൻ.. എന്ത് ചെയ്യും..? അവൾ ഫുഡിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി.. ഇത്രേം നേരം സഹിക്കാൻ കഴിയാത്തത് വിശപ്പ് ആയിരുന്നു എങ്കിൽ ഇപ്പൊ സഹിക്കാൻ കഴിയാത്തത് കൊതിയാണ്‌.. മുന്നിൽ തന്നെ നോക്കി കൊതി പിടിപ്പിക്കുന്ന ആവി പറക്കുന്ന ബിരിയാണി.. അവൾക്ക് വായിന്ന് വെള്ളം വരാൻ തുടങ്ങി..

വിശന്നു വലഞ്ഞു ഇരിക്കുന്ന അവസ്ഥ ആയതു കൊണ്ട് ഫുഡ്‌ കണ്ടിട്ട് കണ്ട്രോൾ ചെയ്യാനും പറ്റണില്ല.. കഴിച്ചാൽ അവന്റെ മുന്നിൽ തോറ്റു പോകുന്നതിനു തുല്യമാണ്.. Ohh God.. what shall I do.. അവൾ മുഖം ചുളിച്ചു നഖവും കടിച്ചോണ്ട് അവന്റെ മുഖത്തേക്ക് നോക്കി.. "എന്തെടി..കഴിക്കുന്നില്ലേ.. " "എനിക്ക് വേണ്ടാ.. " "എന്നാൽ പൊന്നു മോള് ഇന്ന് ഇവിടുന്നു എണീക്കുന്ന പ്രശ്നമില്ല.. " "ഹൂ.. എന്തൊരു കഷ്ടാ ഇത്.. " "കഷ്ടമാണോ അതോ നഷ്ടമാണോന്നൊന്നും എനിക്കറിയില്ല..ഇത് കഴിക്കാതെ നീ ഇവിടുന്നു അനങ്ങില്ല.. അത്രതന്നെ.." കഴിക്കാതെ വേറെ വഴിയില്ലന്ന് അവൾക്ക് മനസ്സിലായി..കഴിക്കാൻ തന്നെ തീരുമാനിച്ചു.. ഫുഡിലേക്ക് നോക്കുമ്പോഴാണ് അവൾക്ക് ഒരു കുസൃതി തോന്നിയത്..ഇത്രേമൊക്കെ ചെയ്‍തത് അല്ലേ എന്നെ.. വെറുതെ വിടുന്നത് എങ്ങനെയാ.. അവൾ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി.. "നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കുമെടീ ഉണ്ടക്കണ്ണി.. " "ഇത് ചിക്കൻ അല്ലേ.. ഞാൻ ചിക്കൻ കഴിക്കാറില്ല.. "

"ഇല്ലേ..? അതെന്താ..? " അവൻ നെറ്റി ചുളിച്ചു.. "എനിക്കിഷ്ടല്ല.. " "ഓഹ്..അതാണോ.. ഇഷ്ടമല്ലാത്ത പ്രശ്നം അല്ലേ ഉള്ളു.. അത് കുഴപ്പമില്ല.. കഴിച്ചു നോക്ക്.. ഇങ്ങനെയൊക്കെ അല്ലേ ഇഷ്ടപ്പെടുക.. " "ഇഷ്ടം അല്ലാത്ത സാധനം എങ്ങനെയാ കഴിക്കുക.. ഇനി എനിക്ക് ഇഷ്ടമില്ലന്ന് അറിഞ്ഞിട്ടും ബലം പ്രയോഗിച്ചു എന്നെ കൊണ്ട് കഴിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ അത് കഴിഞ്ഞു നീ കാണുന്നത് ഞാൻ ഇവിടെ കിടന്ന് പിടക്കുന്നതു ആയിരിക്കും.. ചിക്കൻ കഴിച്ചാൽ എനിക്ക് വയറു വേദനിക്കും.. " അവൾ പറഞ്ഞു.. അവൻ അവളെ സംശയത്തോടെ ഒന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.. ഫോൺ എടുത്തു എബിക്ക് വിളിച്ചു പൊതി ചോറ് കൊണ്ട് വരാൻ പറഞ്ഞു.. നേരത്തെതു പോലെ രണ്ട് മിനുട്നുള്ളിൽ കയ്യിലൊരു പൊതിയുമായി എബി വന്നു..ഡെസ്കിൽ കൊണ്ട് വെച്ചു താജ്നെ നോക്കി ഒന്നു ആക്കി ചിരിച്ചു അവൻ വെളിയിലേക്ക് പോയി.. "ഇതു കഴിക്കാമല്ലോ.. പ്രശ്നം ഒന്നും ഉണ്ടാകില്ലല്ലോ..? " അവൻ ദേഷ്യത്തോടെ ആ പൊതി അവളുടെ മുന്നിലേക്ക് നീക്കിക്കൊടുത്തു.. അവൾ ഒന്നു മൂളിക്കൊണ്ട് പൊതി തുറന്നു.. ചോറിലേക്ക് നോക്കി അവന്റെ മുഖത്തേക്ക് നോക്കി.. "ഇനിയെന്താ.. "

അവൻ കടുപ്പിച്ചു ചോദിച്ചു.. "ഇതിൽ മീൻ കറി.. ഞാൻ മീൻ കഴിക്കില്ല..സ്മെല് അടിച്ചാൽ തന്നെ ഛർദിക്കും.. " അവൾ ഇഷ്ടക്കേടോടെ മുഖം ചുളിച്ചു മൂക്കും പൊത്തി പിടിച്ചു പറഞ്ഞു.. അവന് ഒന്നാകെ വന്നു.. എന്നിട്ടും ദേഷ്യം മുഴുവനും അണപ്പല്ലിൽ കടിച്ചമർത്തി നിർത്തി അവളെ ഒന്നു മൊത്തത്തിൽ ഉഴിഞ്ഞു നോക്കി.. "എന്താ...? " അവന്റെ ആ നോട്ടം അവൾക്ക് ഇഷ്ടപ്പെട്ടില്ല.. "നീ എന്തെടി എവിടേലും പോയി വല്ലതും ഒപ്പിച്ചോ.? " "ദേ അനാവശ്യം പറയരുത്.. " "ഞാനെന്തു അനാവശ്യമാ പറഞ്ഞത്...സാധാരണ മീനിന്റെ സ്മെല് അടിക്കുമ്പോൾ ഛർദിക്കുന്നത് ഗർഭിണികളാ.. " "അതൊന്നും എനിക്കറിയില്ല.. എനിക്ക് ആ അനുഭവമൊന്നുമില്ല.. ഞാനും ഛർദിക്കും.. മീനിന്റെ സ്മെല് അടിച്ചാൽ അപ്പോൾ ഛർദിക്കും.. ദേ ഇപ്പോൾ തന്നെ അടിവയറ്റിന്ന് മറിഞ്ഞു മറിഞ്ഞു വരുന്നുണ്ട്.. ഇത് മാറ്റി വെക്ക്.. അല്ലങ്കിൽ ഞാൻ ഇപ്പൊ ഛർദിക്കും... ഞാൻ മാത്രല്ല.. നീയും മൊത്തത്തിൽ നാറും.. ഒന്നു എടുത്തോണ്ട് പോകുന്നുണ്ടോ.. " അതുവരെ ഇല്ലാതിരുന്ന എന്തൊക്കെയോ എക്സ്പ്രഷൻ മുഖത്ത് ഇട്ട് മൂക്ക് പൊത്തി പിടിച്ചു കൊണ്ട് തന്നെ അവൾ പറഞ്ഞു.. "എന്തൊരു ജന്മാടി നീ.. "

അവൻ പല്ല് ഇറുമ്മിക്കൊണ്ട് ചോറിന്റെ പൊതി മടക്കി സൈഡിലേക്ക് നീക്കി വെച്ചു.. അതു കണ്ടു അവൾക്ക് ചിരി പൊട്ടി പൊട്ടി വരാൻ തുടങ്ങി.. എങ്ങാനും ചിരിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടുമെന്ന് ഉറപ്പുള്ളതോണ്ട് വന്ന ചിരിയൊക്കെ അപ്പാടെ വിഴുങ്ങി കളഞ്ഞു പഞ്ച പാവം ലുക്കിൽ അവനെ നോക്കിയിരുന്നു.. "പിന്നെന്താ നീ കഴിക്കുക.. എന്താ നിനക്ക് വേണ്ടത്.. " അവനു സഹികെട്ടിരുന്നു.. "ഞാൻ വെജ് ആണ്.. എനിക്ക് വെജിറ്റബിൾ ബിരിയാണി മതി.. " "ഞാൻ വിചാരിച്ചതു നിന്റെ ഉമ്മ നിന്നെ പെറ്റിട്ടത് ലൈബ്രറിയിൽ ആണെന്നാ.. ഇതിപ്പോ അഗ്രഹാരത്തിൽ ആണോടീ.. " അവളൊന്നും മിണ്ടിയില്ല..കേൾക്കാത്ത ഭാവത്തിൽ ചെവിയും ചൊറിഞ്ഞോണ്ട് മോളിലേക്കും താഴേക്കും നോക്കിയിരുന്നു...അവൻ എബിക്ക് വിളിച്ചു..വെജിറ്റബിൾ ബിരിയാണി വാങ്ങിച്ചു കൊണ്ട് വരാൻ പറഞ്ഞു.. "ഇനി എന്നെ വിളിക്കരുത്.. കഴിക്കാൻ ഇരുന്നിടത്ത് നിന്നും മൂന്ന് തവണയായി എഴുന്നേറ്റു വരുന്നു.. മാത്രല്ല.. ഇനി കൊടുക്കാൻ എന്റെ കയ്യിൽ കാശും ഇല്ലാ..

നീയാ ഇവളെ പട്ടിണിക്ക് ഇട്ടത്.. അതോണ്ട് നിന്റെ കയ്യിന്നു തന്നെ കാശു എടുത്തു വാങ്ങിച്ചു കൊടുത്താൽ മതി.. " കവർ കൊണ്ട് വെച്ചിട്ടു എബി പറഞ്ഞു.. അവൻ എബിയെ ഒന്നു തറപ്പിച്ചു നോക്കി.. എബി അവനെ നോക്കി ഇളിച്ചു കാണിച്ചു പോകാൻ നോക്കി.. "ദാ ഇതെടുത്തോ... " ആദ്യത്തെ രണ്ട് കവറും കാണിച്ചു അവൻ പറഞ്ഞു..എബി അതിൽ നിന്നും വെള്ളത്തിന്റെ ബോട്ടിൽ അവിടെ എടുത്തു വെച്ചു ബാക്കിയുള്ളത് എടുത്തോണ്ട് പോയി.. അവൾ താജ്നെയും എബിയെയും ശ്രദ്ധിക്കുകയായിരുന്നു.. എങ്ങനെ ആ പാവം ചെക്കൻ ഈ കാട്ടു പോത്തിന്റെ ഫ്രണ്ട് ആയി.. ഭീഷണി പെടുത്തി ഫ്രണ്ട് ആക്കിയത് ആയിരിക്കും. അതിനെ വഴിയുള്ളൂ.. "ഇനിയെന്ത് ആലോചിച്ചു ഇരിക്കുവാ ടീ.. വേഗം കഴിച്ചു ക്ലാസ്സിൽ പോകാൻ നോക്കെടീ.. " അവൻ ദേഷ്യപ്പെട്ടു.. അവൾ അവനെ നോക്കി പുച്ഛിച്ചു ബെഞ്ചിൽ നിന്നും എണീറ്റു.. അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു.. "ഹൂ.. കൈ കഴുകാനാ..." അവൻ പിടി വിട്ടു..

അവൾ ബോട്ടിൽ എടുത്തു ജനലിന്റെ അടുത്തേക്ക് ചെന്നു കൈ കഴുകി വന്നു ഫുഡിനു മുന്നിൽ ഇരുന്നു.തുറന്നു വെച്ചു അതിൽ കയ്യിട്ടു ഓരോന്നും പെറുക്കി എടുത്തും നീക്കി വെച്ചും കളിക്കാൻ തുടങ്ങി..സത്യം പറഞ്ഞാൽ അവൾക്ക് വെജിറ്റബിൾ ഇഷ്ടമേ അല്ല.. നോൺ വെജ്നോടാണ് താല്പര്യം.. അവനൊരു പണി കൊടുത്തതാണ്.. ഒടുക്കം എനിക്ക് തന്നെ പണിയായി..ഇഷ്ടം ഉള്ളത് കിട്ടീട്ടും ഇഷ്ടം ഇല്ലാത്തത് കഴിക്കേണ്ടി വന്നു.. "എന്താ നിന്റെ പ്രശ്നം..ഇനി ഇതും വേണ്ടന്നാണോ.. " അവളുടെ നുള്ളി പെറുക്കിയുള്ള തീറ്റ കണ്ടു അവൻ ചോദിച്ചു.. "എനിക്ക് ചിക്കൻ ബിരിയാണി മതി.. ഇത് വേണ്ടാ..." അവൾ സൈഡിലേക്ക് നീക്കി വെച്ചു കൊണ്ട് പറഞ്ഞു.. ഒന്നു പൊട്ടിക്കാൻ അവന്റെ കൈ തരിച്ചു വന്നു.. എബി പറഞ്ഞതൊക്കെ ഓർത്ത് സഹിച്ചു പിടിച്ചു നിന്നു..എന്നാലും ദേഷ്യം ഉച്ചിയിൽ കയറി അവന്റെ മുഖവും മസ്സിലുമൊക്കെ വലിഞ്ഞു മുറുകി..അത് കണ്ട അവളുടെ തൊണ്ട വറ്റി.. കൈ അറിയാതെ മുടി കെട്ടിലേക്ക് പോയി.. ആ വേദന ഓർമ വന്നതും സൈഡിലേക്ക് നീക്കി വെച്ച ബിരിയാണി അതേ ബലത്തിൽ തന്നെ മുന്നിലേക്ക് എടുത്തു വെച്ചു കഴിക്കാൻ തുടങ്ങി..

പിന്നെ കഴിച്ചു തീരുന്നത് വരെ തല ഉയർത്തിയില്ലെന്ന് മാത്രമല്ല ശ്വാസം പോലും വിട്ടില്ല.. ഒരു മണി ചോറ് പോലും ബാക്കി വെക്കാതെ മുഴുവനും കഴിച്ചു തീർത്തു.. എല്ലാം കഴിഞ്ഞു കൈ കഴുകി വന്നപ്പോൾ കഴിച്ചത് ഒന്നും വയറ്റെക്ക് ഇറങ്ങാതെ കഴുത്തിലും നെഞ്ചിലുമൊക്കെ കെട്ടി കിടക്കുന്നത് പോലെ തോന്നി.. ഈ പോത്തിനെ പേടിച്ച് അമ്മാതിരി കയറ്റലല്ലേ കയറ്റിയത്.. അവൾ നെഞ്ചും തടവി അവനെ ഒന്നു തറപ്പിച്ചു നോക്കി...അവളുടെ കളിയും ആ നോട്ടവുമൊക്കെ കണ്ടു അവനൊന്നു ചിരിച്ചു.. "എന്നെ നോക്കി പേടിപ്പിക്കാതെ ആ വെള്ളം എടുത്തു കുടിക്കടീ.. ഇനി ശ്വാസം കിട്ടാതെ ചത്തു പോകണ്ട. " "പോടാ പട്ടി.. ചത്തു പോകാനൊക്കേ വെക്കോ നീയെന്നെ.. അതിന് മുന്നേ കൊന്നു കളയില്ലേ.. കഴിച്ചത് തന്നെ ഇറങ്ങിയിട്ടില്ല.. പിന്നെയാ വെള്ളം.. വയറ്റിൽ സ്ഥലം വേണ്ടേ.. എനിക്ക് നെഞ്ച് വേദനിക്കുന്നു.. " "ഇങ്ങു വാ... ഞാൻ തടവി തരാം.. " "പോയി നിന്റെ മറ്റവൾക്ക് തടവി കൊടുക്ക്‌... " "അതുതന്നല്ലേ പറഞ്ഞത്.. ഇങ്ങു വാ ഞാൻ തടവി തരാമെന്ന്..

അല്ലങ്കിൽ വേണ്ടാ.. ഞാൻ അങ്ങോട്ട്‌ വരാം.. " അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു.. അവൾ അറിയാതെ രണ്ടടി പിന്നിലേക്ക് നീങ്ങി നിന്നു പോയി.. "എവിടെയാ തടവി തരേണ്ടത്.. " അവൻ അവളുടെ മുഖത്തേക്കും ശേഷം അവൾ കൈ വെച്ചിരിക്കുന്ന നെഞ്ചിലേക്കും നോക്കിക്കൊണ്ട് ചോദിച്ചു..ആ നോട്ടം ശെരി അല്ലെന്ന് അവൾക്ക് തോന്നി..അവൾ അപ്പോൾത്തന്നെ നെഞ്ചിൽ നിന്നും കൈ എടുത്തു.. "മാറ്.. ബെല്ല് അടിക്കാറായി.. " "അതിന്...? " "അതിനെന്നോ.. എനിക്ക് പോകണം..മുന്നിന്ന് മാറ്.. " "ഓ.. ശെരി.. " അവൻ മുന്നിൽ നിന്നും മാറി.. അവൾ അവനെ ഒന്നു രൂക്ഷമായി നോക്കിക്കൊണ്ട് മുന്നിലേക്ക് നടന്നതും അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്റെ തൊട്ടു മുന്നിൽ നിർത്തിച്ചു. "ആരോടാ ഈ വാശി.. " അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.. "എല്ലാവരോടും..എന്നെ തോല്പിക്കാൻ ശ്രമിക്കുന്ന എല്ലാവരോടും.." "പക്ഷെ എന്നോട് പറ്റില്ല..എൻറെ മുന്നിൽ വേണ്ടാ നിന്റെ ഈ വാശി.."

പറയുന്നതിനൊപ്പം തന്നെ അവളുടെ കയ്യിലുള്ള അവന്റെ പിടി മുറുകി.. "അമൻ..പ്ലീസ്..കയ്യിന്നു വിട്.. വേദനിക്കുന്നുണ്ട്..." അവൻ തൊടുമ്പോൾ തന്നെ അസ്ഥി പൊടിയുന്ന വേദനയാണ് അവൾക്ക്..ബലം കാണിക്കാൻ നിന്നാൽ പിടുത്തത്തിന്റെ ശക്തി കൂടുകയേ ഉള്ളൂന്ന് അറിയാവുന്നോണ്ട് അവൾ വേദനയോടെ അവന്റെ മുഖത്തേക്ക് നോക്കി..അവന്റെ പിടി അയഞ്ഞു..ആ കൈ നേരെ അവളുടെ അരക്കെട്ടിലേക്ക് ചെന്നു.. അവളുടെ വയറ്റിൽ ഒരു ആളൽ ഉണ്ടായി.. പക്ഷെ എന്ത് കൊണ്ടോ ആ കൈ തട്ടി മാറ്റാനുള്ള ശക്തി അവൾക്ക് ഉണ്ടായില്ല.. അവൾ അരക്കെട്ടിൽ അമർന്ന അവന്റെ കയ്യിലേക്കും ശേഷം അവന്റെ മുഖത്തേക്കും നോക്കി..അവനൊന്നും മിണ്ടിയില്ല.. പകരം ആ കൈ പതിയെ അവളുടെ നടുവിലൂടെയും പുറം ഭാഗത്തിലൂടെയും സഞ്ചരിച്ചു നേരെ അവളുടെ മുടി കുത്തിൽ ചെന്നു നിന്നു.. അപ്പോഴേക്കും അവൾക്ക് ഒന്നാകെ വിറക്കാൻ തുടങ്ങിയിരുന്നു.. "എൻറെ ഈ കൈ കരുത്ത് നിനക്ക് താങ്ങാവുന്നതിലും അപ്പുറമാണ്..

ഞാൻ നൽകുന്ന വേദന സഹിക്കാൻ പറ്റുന്നില്ല.. എന്നിട്ടും എന്തിനാ ഈ വാശി.. തോറ്റു തന്നൂടെ.. ഒരു വട്ടം എങ്കിലും വാശി കളഞ്ഞു എന്റെ മുന്നിൽ തോറ്റു തന്നൂടെ നിനക്ക്.. " "പറ്റില്ല അമൻ.. തോൽക്കില്ല.. നിന്റെ മുന്നിൽ എന്നല്ല.. എന്നെ തോല്പിക്കാൻ നടക്കുന്ന ഒരാളുടെ മുന്നിലും തോൽക്കില്ല.. ജയിക്കേണ്ടത് എൻറെ ആവശ്യം ആയിപോയി.. തോല്പിക്കാൻ വേണ്ടി നീ എന്ത് വേണമെങ്കിലും ചെയ്തോളു.. ഞാൻ സഹിച്ചോളാം.. നേരിട്ട് കൊള്ളാം.. അങ്ങനെ ഉള്ളവർക്ക് അല്ലേ വിജയമുള്ളു.. " "രാവിലെ തന്നതു പോലെയുള്ള ഒരു വേദന ഒന്നൂടെ തന്നാൽ അവിടെ തീരും നീ.. നിനക്ക് താങ്ങാൻ കഴിയില്ല.. ഇനിയൊന്നും സഹിക്കാനുള്ള ശക്തി നിനക്കില്ല.. നീ വല്ലാതെ തളർന്നു പോയിരിക്കുന്നു.. നിന്റെ മുഖം അത് വിളിച്ചു പറയുന്നുണ്ട്.. " "ഇല്ല അമൻ.. അതൊക്കെ നിന്റെ തോന്നലുകളാ.. വെറും തോന്നലുകൾ മാത്രം.. ശരീരം കൊണ്ട് ഒരുപക്ഷെ ഞാൻ തളർന്നു പോയേക്കാം.. മനസ്സ് കൊണ്ട് തളരില്ല.. ഒരിക്കലും... ഈ നെഞ്ചിലെ ശ്വാസം നിലച്ചു പോകുന്നതു വരെ ഞാൻ തളരാതെ പിടിച്ചു നിൽക്കും.. എനിക്ക് മുന്നിൽ വരുന്ന എന്തിനെയും ഏതിനെയും നേരിടും.. "

അവൾ അവന്റെ കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞു.. അവളുടെ കണ്ണിൽ ഒരു തിളക്കം അവൻ കണ്ടു.. അത് വേദന കൊണ്ടാണെന്ന് അവനു മനസ്സിലായി.. അവൻ അവളുടെ മുടി കുത്തിൽ ബലം കുറച്ചു വെച്ചിരിക്കുന്ന കൈ ഒന്നു അമർത്തി വെച്ചു.. അവൾ കണ്ണുകൾ ഇറുക്കി അടച്ചു... അവൻ പഴയത് പോലെ ബലം കുറച്ചു വെച്ചു.. കണ്ണ് തുറക്കുമ്പോഴേക്കും അവളുടെ കണ്ണുകൾ മുഴുവനായും നിറഞ്ഞിരുന്നു.. "എന്താ ചെയ്യേണ്ടത്... ഹോസ്പിറ്റലിൽ പോകണോ.. " അവനാ കൈ കൊണ്ട് അവളുടെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.. "വേണ്ടാ.. കൊല്ലാതെ വിട്ടില്ലേ.. അതുതന്നെ ധാരാളം.. " അവൾ അവന്റെ കൈ തട്ടി മാറ്റി.. ദേഷ്യവും സങ്കടവുമൊക്കെ വരുന്നുണ്ടായിരുന്നു അവൾക്ക്.. "എന്ത് കൊണ്ടാ നിനക്കെന്നെ സ്നേഹിക്കാൻ കഴിയാത്തെ.. " അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ചോദിച്ചു.. ആദ്യമായാണ് അങ്ങനെയൊരു ചോദ്യം ചോദിക്കുന്നത്.. അവൾ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.. "ചോദിച്ചത് കേട്ടില്ലേ..? " "എനിക്കിഷ്ടമല്ല.. ഇഷ്ടമല്ലാത്തോണ്ടാ സ്നേഹിക്കാൻ കഴിയാത്തത്.." അവൻ വീണ്ടും ചോദിച്ചപ്പോൾ എടുത്തടിച്ചതു പോലെ അവൾ പറഞ്ഞു.. "

അതെന്ത് കൊണ്ടാ ഇഷ്ടം അല്ലാത്തത്... ഞാൻ നിന്നെ വേദനിപ്പിക്കുന്നതു കൊണ്ടോ.. " "ഒരാളെ ഇഷ്ടപ്പെടാൻ ഒരു കാരണമേ ഉണ്ടാകു..എന്നാൽ ഇഷ്ടപ്പെടാതെ നിക്കാൻ ഒരായിരം കാരണങ്ങൾ ഉണ്ടാകും.. അതു പോലെയാ എനിക്കും.. നിന്നെ ഇഷ്ടപ്പെടാതെ നിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്.. " "ആയിരമൊന്നും വേണ്ടാ.. നിന്റെ പ്രസംഗം കേൾക്കാൻ സമയമില്ല.. ഇപ്പൊ രണ്ടെണ്ണം പറാ.. ഇഷ്ടപ്പെടാതെ നിക്കാനുള്ള ഏതേലും രണ്ട് കാരണം പറാ.. " അവൻ പറഞ്ഞു.. അത് കേട്ടു അവൾ ആകെ പെട്ട അവസ്ഥയിൽ നിന്നു.. അവൻ ചോദിക്കുമ്പോൾ അങ്ങനെ പറഞ്ഞുന്നെ ഉള്ളു.. അല്ലാതെ എന്ത് കാരണമാ പറയേണ്ടത്.. അവനെ ഇഷ്ടപ്പെടാതെ നിക്കാനുള്ള ഏറ്റവും വല്യ കാരണം മനസ്സിൽ മറ്റൊരാൾ ഉണ്ടെന്നത് ആണ്.. അത് ഇവനോട് പറയാൻ പറ്റുമോ.. പറഞ്ഞാൽ തന്നെ ചരിത്രം മുഴുവൻ പറയിപ്പിക്കാതെ വിടില്ല ഇവൻ.. അവൾ എന്ത് പറയണമെന്ന് അറിയാതെ അവന്റെ മുഖത്തേക്ക് നോക്കി.. "സ്വപ്നം കാണാൻ അല്ല നിന്നോട് പറഞ്ഞത്.. എന്നെ ഇഷ്ടപ്പെടാതെ നിക്കാനുള്ള കാരണം പറയാനാ.. വേഗം പറഞ്ഞാൽ വേഗം പോകാം.. അല്ലങ്കിൽ പറയുന്നത് വരെ ഞാൻ നിന്നെ ഇവിടെ പിടിച്ചു നിർത്തും.. "

"ഇതൊക്കെ തന്നെയാ ഇഷ്ടം അല്ലാത്തത്.. നിനക്ക് തോന്നിയത് പോലെയുള്ള നിന്റെ പെരുമാറ്റം.. എന്നെ വേദനിപ്പിക്കുന്നത്.. ആവശ്യം ഇല്ലാതെ എന്റെ ദേഹത്ത് തൊടുന്നത്.. എല്ലാവരുടെയും മുന്നിൽ വെച്ചു എൻറെ മേലിൽ ബലം പ്രയോഗിക്കുന്നത്.. അങ്ങനെ ഒരുപാട് ഉണ്ട്.. ആയിരമൊന്നുമല്ല.. പതിനായിരം കടക്കും നീ ആയത് കൊണ്ട്.. " "സത്യമാണോ.. സത്യം തന്നെയാണോ നീ ഈ പറയുന്നത്.. ഇതൊക്കെ തന്നെയാണോ നിനക്ക് എന്നെ ഇഷ്ടമല്ലാത്തതിന്റെ കാരണം.. " അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു.. "അ..അതേ.. സത്യം തന്നെ.. ഞാൻ എന്തിനാ നുണ പറയുന്നത്.. നിന്റെ സ്വഭാവത്തെക്കുറിച്ച് നിനക്കും ധാരണ കാണുമല്ലോ.. ഇതൊക്കെ തന്നെയാ.." അവൾ വേഗം മുഖം വെട്ടിച്ചു അവന് മുഖം കൊടുക്കാതെ പറഞ്ഞു.. എവിടെയൊക്കെയോ അവൻ തന്നെ അറിയാൻ ശ്രമിക്കുന്നുണ്ടോ എന്ന ഭയമായിരുന്നു അവൾക്ക്.. " ഇത് നിനക്ക് ഒട്ടും ചേരുന്നില്ല ലൈല.. മുഖത്ത് നോക്കാതെയുള്ള സംസാരം നിനക്ക് ശീലം ഇല്ലാത്തതാണ്..

ചേരുന്നില്ലന്ന് മാത്രല്ല.. പറഞ്ഞത് പച്ചക്കള്ളവും ആണെന്ന് മനസ്സിലായി.. നിന്നെ കണ്ടു മുട്ടിയ അന്ന് മുതൽ എനിക്ക് തോന്നിയതാ നീയൊരു അടഞ്ഞ പുസ്തകമാണെന്ന്..അല്ല... മറ്റാരും വായിച്ചു മനസ്സിലാക്കരുത് എന്നുകരുതി സ്വയം അടച്ചു പൂട്ടി വെച്ച ഒരു പുസ്തകമാണെന്ന്.. എപ്പോഴേ എനിക്ക് നിന്നെ അറിയാമായിരുന്നു.. നിന്റെ ഉള്ളിൽ എന്താണെന്ന് അറിയാമായിരുന്നു.. പക്ഷെ ഞാനതിനു ശ്രമിച്ചിട്ടില്ല.. നിന്നെ ചികഞ്ഞു നോക്കാൻ വന്നിട്ടില്ല.. അതിന്റെ കാരണം പലവട്ടമായി ഞാൻ പറഞ്ഞതാ.. എനിക്ക് വേണ്ടത് നിന്റെ മനസ്സാ..അല്ലാതെ നിന്നെ ചുറ്റി പറ്റിയിരിക്കുന്ന കാര്യങ്ങളല്ല.. പക്ഷെ ഇപ്പൊ മനസ്സിലായി ഇനിയിങ്ങനെ പോയാൽ ശെരി ആകില്ലന്ന്.. നിന്റെ പഴയതും പുതിയതുമായ എല്ലാ കഥകളും എനിക്ക് അറിഞ്ഞേ തീരൂ.. നിന്നെയും നിന്റെ ചുറ്റുപാടുകളെയും അറിഞ്ഞിട്ട് തന്നെ ഇനി ബാക്കി കാര്യം.. " "എന്തിനുള്ള പുറപ്പാടാ നീ..? " " എനിക്ക് നിന്നെ വേണം.. വേണമെന്ന് പറഞ്ഞാൽ വേണം.. ഈ ജീവിതം ജീവിച്ചു തീർക്കാൻ എനിക്ക് നീ വേണം.. എന്നുകരുതി ഞാൻ മാറാൻ ഒന്നും പോകുന്നില്ല.. നിന്റെ മനസും ഇഷ്ടവുമൊക്കെ പിടിച്ചു പറ്റാൻ വേണ്ടി ഞാൻ താജ് അല്ലാതെയായി മാറില്ല..

നിന്നെ എൻറെ സ്വന്തമാക്കുന്ന നാൾ വരെ ഞാൻ ഇങ്ങനെ ഒരു തെമ്മാടിയായി തന്നെ നിന്റെ പുറകെ ഉണ്ടാകും.. സ്വന്തമാക്കി കഴിഞ്ഞാലും തെമ്മാടി തന്നെ ആയിരിക്കും... ഒരിക്കലും ഞാൻ മാറാൻ പോകുന്നില്ല.. നീയും മാറേണ്ട.. ഈ നിന്നെ തന്നെയാ എനിക്ക് വേണ്ടത്.. " "പക്ഷെ എനിക്ക് വേണ്ടാ.. എനിക്ക് നിന്നെ വേണ്ടാ അമൻ.. നിന്റെ ഈ സ്നേഹം എനിക്കൊരു ശല്യമാണ്.. സ്വന്തമാക്കുമെന്ന് എന്ത് ധൈര്യത്തിലാ നീ പറയുന്നത്.. ഒരിക്കലും ഞാൻ നിന്നെ സ്നേഹിക്കില്ല.. എന്റെ സ്നേഹം കൊതിച്ചു എൻറെ പിന്നാലെ വന്നിട്ട് ഒരു കാര്യവുമില്ല.. എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിയില്ല.. അതു കൊണ്ടാ പറയുന്നത് ശല്യം ചെയ്തു എൻറെ പുറകെ വരരുത്.. വെറുതെ എന്തിനാ നിന്നെ ഇഷ്ടമല്ലാത്ത എനിക്ക് വേണ്ടി നീ നിന്റെ സമയം കളയുന്നത്.." അവൾ പറഞ്ഞു.. അവന്റെ ഭാഗത്തുന്ന് മറുപടി ഒന്നും ഉണ്ടായില്ല.. അവന്റെ നിശബ്ദത അവൾക്ക് ഒരു അത്ഭുതമായിരുന്നു.. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി.. പതിവ് ദേഷ്യവുമില്ല.. അവന്റെ സ്വഭാവം വെച്ചു നോക്കി ഇപ്പൊ കഴുത്തിനു കുത്തി പിടിക്കേണ്ട സമയം കഴിഞ്ഞു.. ഇനി നന്നായോ..? ഏഹ്.. ഇത്ര പെട്ടെന്നോ..?

"എന്റെ മുഖത്ത് പടമൊന്നും ഓടുന്നില്ല.. പോ.. ബെല്ല് അടിച്ചു കാണും.. " അവളുടെ നിൽപ് കണ്ടു അവൻ പറഞ്ഞു.. അവൾ വേഗം നോട്ടം തെറ്റിച്ചു.. ഫുഡ്‌ കഴിച്ചതിന്റെ വേസ്റ്റും കവറുമൊക്കെ ഉണ്ടായിരുന്നു ഡെസ്കിൽ.. അതെടുത്തു വേസ്റ്റ് ബോക്സിൽ ഇട്ട് പോകാൻ നോക്കി.. "ടീ.. " അവൻ പിന്നിന്ന് വിളിച്ചു.. "എന്താ.. " "ഐ ലവ് യൂ.. " "വേണ്ടാ.. ഇതൊന്നും നിനക്ക് സ്യൂട്ട് ആവില്ല.. ഈ സോഫ്റ്റ്‌ ആൻഡ് പൈങ്കിളി ലുക്ക് നിനക്ക് ചേരുന്നില്ല.. " അവൾ പോയി.. എന്നത്തേയും പോലെ മുഖം തിരിച്ചിട്ടാണ് പോയത് എങ്കിലും ആ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു ഇന്ന്.. അതു തന്നെ കളിയാക്കിയതിന്റെയാണ്‌.. ഐ ലവ് യൂ എന്നാൽ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന്.. അത് പൈങ്കിളി ആണൊ.. ആവോ.. ആദ്യമായിട്ട് പറയുന്നത് കൊണ്ടാവും... ഒന്ന് പോടീ അവിടുന്ന്.. പൈങ്കിളി നിന്റെ മറ്റവൻ.. പൈങ്കിളി ഒന്നും ഇല്ലാതെ തന്നെ നിന്നെ എന്റേത് ആക്കാൻ എനിക്കറിയാം.. പിന്നെ ആർക്ക് വേണം കോപ്പിലെ ഒലിപ്പീരും പൈങ്കിളിയുമൊക്കെ.. ** "ലൈലാ.. " റസ്റ്റ്‌ റൂമിൽ നിന്നും ഇറങ്ങി ക്ലാസ്സിലേക്ക് നടക്കുന്ന അവളെ പിന്നിൽ നിന്നും ആരോ വിളിച്ചു.. അവൾ തിരിഞ്ഞു നോക്കി.. ഫസ്റ്റ് എംകോമിലെ ഷിഫാനയാണ്‌..

കൂടുതൽ അടുപ്പമൊന്നുമില്ല.. കാണുമ്പോൾ സംസാരിക്കുന്ന ഒരു സൗഹൃദം.. ഇപ്പോൾ തിരക്കി വരാൻ എന്താണാവോ.. അവൾ സംശയത്തോടെ ഷിഫാനയുടെ മുഖത്തേക്ക് നോക്കി.. "ഞാൻ നിന്റെ ക്ലാസ്സിലേക്ക് വരാൻ നിക്കായിരുന്നു.. ഒരു പുസ്തകം തരാൻ.. നിനക്ക് ഉള്ളതാ.. " ഷിഫാന അവളുടെ അടുത്ത് വന്നു നിന്നു അവൾക്ക് നേരെ ഒരു പുസ്തകം നീട്ടിക്കൊണ്ട് പറഞ്ഞു.. "പുസ്തകമോ.. എനിക്കോ..? ആര് തന്നതാ..? " അവളാ പുസ്തകം വാങ്ങിച്ചു സംശയത്തോടെ അതിലേക്കു നോക്കി ശേഷം ഷിഫാനയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. " അറിയില്ല.. രാവിലെ ലൈബ്രറിയിൽ ഇരുന്നു വായിക്കുമ്പോൾ ഇത് ലൈലയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞു മുന്നിലേക്ക് ഒരു പുസ്തകം നീണ്ടു.. വാങ്ങിച്ചു തല ഉയർത്തി നോക്കുമ്പോഴേക്കും ആളെ കാണാനില്ല.. ആരാ തന്നതു എന്നറിയാത്തോണ്ട് അവിടെ തന്നെ വെച്ചിട്ടു പോരാന്ന് കരുതിയതാ.. പിന്നെ നിനക്ക് ഉള്ളത് ആയത് കൊണ്ടാ.. നീ ഒരുപാട് റഫറൻസും വായനയുമൊക്കെ ഉള്ള ആളല്ലേ.. നിനക്ക് അത്യാവശ്യമുള്ളതു വല്ലതും ആണെങ്കിലോന്ന് കരുതി അവിടെ വെക്കാതെ എടുത്തിട്ടു വന്നു.. " ഷിഫാന പറഞ്ഞു.. അവൾ ശെരിയെന്നും പറഞ്ഞു തിരിഞ്ഞു നടന്നു..

ആ ആൾ ആരാണെന്നു അവൾക്ക് മനസ്സിലായി.. ഇപ്പൊ ലൈബ്രറിയിലേക്ക് ഉള്ള സന്ദർശനം കുറച്ചത് കൊണ്ട് തന്നെ തേടി ഇങ്ങോട്ട് വന്നിരിക്കുന്നു.. സത്യം പറഞ്ഞാൽ ലൈബ്രറിയിലേക്ക് പോകാത്തത് തന്നെ ഈ കാരണം കൊണ്ടാ.. ഏതു പുസ്തകം എടുത്താലും ഉണ്ടാകും മനുഷ്യൻമാരുടെ സമാധാനം കളയാൻ വേണ്ടി.. നേർക്ക് നേർ വരുമ്പോൾ വരട്ടെന്ന് കരുതി.. ഈ ജന്തു ഒളിച്ചു കളി അവസാനിപ്പിക്കാനുള്ള ഒരു ഏർപ്പാടും ഇല്ലേ അപ്പോൾ..? അവൾ പുസ്തകം തുറന്നു നോക്കി.. എന്നത്തേയും പോലെ ഒരു കടലാസ് കഷ്ണം കിട്ടി.. **ജീവിതത്തിൽ ഒരു വസന്തത്തെ മാത്രം വരവേൽക്കാതെ എല്ലാ വസന്തങ്ങളെയും വരവേൽക്കുക.. ഒരു വസന്തത്തിൽ മാത്രം പൂത്തു തളിർക്കാതെ വരുന്ന ഓരോ വസന്തങ്ങളിലും ഒരുപോലെ പൂത്ത് തളിർക്കുക** വായിച്ചു കഴിഞ്ഞില്ല.. അതിന് മുന്നേ അവൾ കൈ ഭിത്തിയിലേക്ക് ആഞ്ഞടിച്ചു.. അത്രക്കും ദേഷ്യം വരുന്നുണ്ടായിരുന്നു അവൾക്ക്.. കഴിഞ്ഞ തവണ അവൾ നൽകിയ മറുപടിയിൽ നിന്നും അവൾക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കിയത് മാത്രമല്ല.. ആ പ്രണയത്തെ മറക്കാനും മറ്റൊരു പ്രണയത്തെ സ്വീകരിക്കാനുമാണ് അവൻ ഇപ്പോൾ ഉപദേശിച്ചിരിക്കുന്നത്..

റമിയെ പ്രണയിച്ചതും സ്നേഹിച്ചതുമൊക്കെ ആത്മാർത്ഥമായിട്ടാണ്.. അങ്ങനെയുള്ള എനിക്ക് എങ്ങനെയാ ഇനി മറ്റൊരാളെ സ്നേഹിക്കാനും ഈ മനസ്സിൽ മറ്റൊരാൾക്കു സ്ഥാനം നൽകാനും കഴിയുക.. ഇല്ലാ.. ഒരിക്കലും കഴിയില്ല.. അതിന് കഴിയുമായിരുന്നു എങ്കിൽ എപ്പോഴേ ഞാൻ അമന്റെ മുന്നിൽ തോറ്റു പോയേനെ.. ഇഷ്ടം ആണെന്ന് പറഞ്ഞു മുന്നിൽ വന്നു നിൽക്കുന്നവനോടു പോലും ഇഷ്ടം തോന്നുന്നില്ല.. പിന്നെയാണ് മറഞ്ഞു നിൽക്കുന്ന നിന്നോട്.. അവളൊരു പുച്ഛത്തോടെ ആ കടലാസ് കഷ്ണം പുസ്തകത്തിലേക്ക് തന്നെ തിരുകി കയറ്റി ക്ലാസ്സിലേക്ക് നടന്നു.. * വീട്ടിലേക്കു കയറുമ്പോൾ തന്നെ കണ്ടത് സോഫയിൽ നീണ്ടു നിവർന്നു ഇരിക്കുന്ന ആ സ്ത്രീയെയാണ്.. നെറ്റിയിൽ ഒരു കെട്ടുണ്ട്.. അതു കണ്ടപ്പോ തന്നെ അവൾക്ക് മനസ്സിലായി രാത്രി കിട്ടിയതിന്റെ ഡോസ് ഒക്കെ ഇപ്പോഴാ അറിഞ്ഞേന്ന്.. മുഖം കാണുമ്പോൾ തന്നെ അറിയുന്നുണ്ട് നല്ല വേദന ആണെന്ന്.. ആയിരിക്കും.. മുന്നയുടെ കയ്യിൽ നിന്നല്ലേ കിട്ടിയത്.. കാണാൻ വല്യ ബോഡി ഒന്നുമില്ലന്നേ ഉള്ളു.. പക്ഷെ ബലം.. അത് മറ്റാരേക്കാളും കൂടുതലാ.. റമി എപ്പോഴും പറയും ശക്തിയിൽ എൻറെ മുന്നയെ തോല്പിക്കാൻ ഈ ലോകത്ത് വേറെ ആരും ഇല്ലന്ന്..

ഉണ്ടെങ്കിൽ തന്നെ ഒരുത്തൻ മാത്രമാണെന്ന്.. അതാരാണെന്ന് ചോദിച്ചിട്ട് അവൻ പറഞ്ഞിട്ടില്ല.. " എന്താടി... എന്റെ വേദന കണ്ടിട്ട് ആനന്ദിക്കുകയാണോ.. എന്ത് കൊടുത്തു നീ എന്നെ ഈ പരുവത്തിൽ ആക്കാൻ.. നോട് കെട്ടോ അതോ ഒരു രാത്രിയോ.. ഇപ്പോഴും നാട് നീളെ അഴിഞ്ഞാട്ടം ആണല്ലേ ടീ നിനക്ക്.. അതല്ലേ നിന്നെ തൊട്ടപ്പോൾ തന്നെ ചോദിക്കാൻ ഒരുത്തൻ വന്നത്.. ഇരുട്ടിൽ ആയിപോയി.. കണ്ടു കിട്ടിയിരുന്നു എങ്കിൽ അവന്റെ ശവം ഇപ്പൊ നിന്റെ മുന്നിൽ കിടന്നേനെ.. " അവരുടെ വേദന കണ്ടു ആസ്വദിച്ചു നിന്നിരുന്ന അവൾക്ക് നേരെ അവരുടെ പരുക്കൻ ശബ്ദം ഉയർന്നു.. "സൂക്ഷിച്ചു സംസാരിക്കണം.. അന്നേ ഞാൻ പറഞ്ഞതാ നിങ്ങളുടെ സ്വഭാവം കാണിക്കാൻ ഞാൻ നിങ്ങളുടെ മകൾ അല്ലെന്ന്.. ഇരുട്ടിൽ നിന്നായാലും വെളിച്ചത്തിൽ നിന്നായാലും എന്തെങ്കിലുമൊക്കെ കിട്ടീട്ട് ഉണ്ടെങ്കിൽ അതു നിങ്ങളുടെ കയ്യിൽ ഇരുപ്പിനാ.. അല്ലാതെ വെറുതെ എന്നെ പറയുകയല്ല വേണ്ടത്.. " "ഡീീീ... " അവർ അലറിക്കൊണ്ട് ഇരുന്നിടത്ത് നിന്നും എണീക്കാൻ നോക്കി..പക്ഷെ പറ്റിയില്ല.. കാലിന്റെയും നടുവിന്റെയും വേദന കാരണം സോഫയിലേക്ക് തന്നെ ചെരിഞ്ഞു.. അവർ പല്ല് ഞെരിച്ചു വേദന അടക്കി..

അതു കണ്ടു അവളുടെ മുഖത്ത് ഒരു തരം ചിരി വിരിഞ്ഞു.. ഒരു വിജയ ചിരി... * കിടക്കുന്നതിന് മുന്നേ അയാൾ അവന്റെ റൂമിലേക്ക്‌ ചെന്നു.. അവൻ നല്ല ഉറക്കമാണ്.. ഇന്ന് വേഗം കിടന്നിരുന്നു അവൻ.. സൈഡിൽ ലാപ്ടോപ് തുറന്നു വെച്ചിട്ടുണ്ട്.. അയാൾ ബെഡിൽ അവന്റെ അടുത്ത് ഇരുന്നു.. ലാപ്ടോപ് ഓഫ് ചെയ്യാൻ നോക്കി.. അതിലെ വോൾപേപ്പർ കണ്ടു അയാൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി.. അവളെ പേടിപ്പിക്കാൻ വേണ്ടി കിസ്സ് ചെയ്യുന്നത് പോലെ എടുത്ത ആ ഫോട്ടോയാണ്‌.. അയാൾ ഓഫ് ചെയ്തു അത് ടേബിളിലേക്ക് വെച്ചു.. ഉറങ്ങി കിടക്കുന്ന അവന്റെ മുഖത്തും തലയിലുമായി സ്നേഹ പൂർവ്വം തലോടി.. നെറ്റിയിൽ മൃദുവായി ചുംബിച്ചു.. ശേഷം അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.. എബി വിളിച്ചിരുന്നു.. നിന്റെ തോന്നിവാസങ്ങൾ അതിരു കടക്കുന്നു എന്ന് പറഞ്ഞു.. സ്നേഹിക്കുന്നതിനെക്കാൾ ഏറെ അവളെ വേദനിപ്പിക്കുന്നു എന്ന് പറഞ്ഞു.. ഒടുക്കം നിന്നെ ഒന്ന് നല്ലോണം ഗുണദോഷിക്കാനും പറഞ്ഞു.. ആരു പറഞ്ഞാലാ ടാ നീയിനി കേൾക്കുക .. ഇങ്ങനെ വേദനിപ്പിക്കാൻ ആണേൽ പിന്നെ സ്നേഹിക്കുന്നത് എന്തിനെടാ നീ അവളെ.. ഒരുപാട് ഇഷ്ടം ആണല്ലോ..

എന്നിട്ടും എന്തെടാ നീ അവളെ വേദനിപ്പിക്കുന്നേ.. ഇങ്ങനെയാണ്‌ നിന്റെ പോക്ക് എങ്കിൽ ഒരിക്കലും ഞാൻ നിന്റെ ഒന്നിച്ച് നിൽക്കില്ല താജ്.. ഒരു പെണ്ണിനെ വേദനിപ്പിച്ചിട്ട് വേണ്ടാ നിന്റെ ആനന്ദം.. കെട്ടി കൊണ്ട് വന്നതിനു ശേഷവും നീയിതു തന്നെ ചെയ്യില്ലന്ന് ആരു കണ്ടു.. ഇല്ലാ.. അങ്ങനൊന്നും ഉണ്ടാകില്ല.. ഈ ലോകത്ത് എന്നെ കഴിഞ്ഞാൽ നീ സ്നേഹിക്കുന്നത് അവളെ ആണെന്ന് എനിക്കറിയാം.. ഒരുപക്ഷെ എന്നേക്കാൾ ഏറെ.. ആ നിന്റെ കയ്യിൽ അവൾ സുരക്ഷിത ആയിരിക്കും എന്നാണ് എന്റെ വിശ്വാസം.. വാപ്പാന്റെ വിശ്വാസം നീ തകർക്കരുത് താജ്.. കൂടെ കൂട്ടിയാൽ പിന്നെ കണ്ണ് നിറക്കരുത് അവളുടെ.. അങ്ങനൊന്നു ഉണ്ടായാൽ നിനക്ക് അവളെ കൂടെ നഷ്ടമാകും.. നിനക്ക് നിന്റെ ഉമ്മാനെ നഷ്ടപ്പെടാൻ എന്നെ പോലെ തന്നെ നീയും ഒരു കാരണക്കാരനാ.. കുഞ്ഞ് നാളിലെയുള്ള നിന്റെ ഈ ദേഷ്യവും വാശിയും എടുത്തു ചാട്ടമൊന്നും നിന്റെ ഉമ്മാക്ക് ഇഷ്ടമായിരുന്നില്ല.. നീയും നിന്റെ വാപ്പാനെ പോലെ ആവുകയാണോന്ന് ചോദിച്ചു എത്ര വട്ടം നിന്നെ ശകാരിക്കുകയും അടിക്കുകയും ചെയ്തിട്ടുണ്ട്.. നിന്റെ ഉമ്മ എപ്പോഴും പറയുമായിരുന്നു നീ നിന്റെ ഉമ്മാക്ക് ഒരു അപമാനമാണെന്ന്..

എവിടെ ചെന്നാലും നിന്റെ കുറ്റവും കുറവുകളും മാത്രമേ കേൾക്കാൻ ഉള്ളൂന്ന്.. നിന്റെ തല തെറിച്ച സ്വഭാവം കാരണം പുറത്തേക്ക് ഇറങ്ങി നടക്കാൻ പറ്റുന്നില്ലന്ന്.. അയാളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു.. പിന്നെ കൂടുതൽ നേരം അവിടെ ഇരുന്നില്ല.. അവന് ശെരിക്കും പുതപ്പിട്ട് കൊടുത്തു റൂമിന്ന് ഇറങ്ങി പോയി.. * "ലൈലൂ.. നിന്റെ ഫോൺ കൊറേ നേരമായി റിങ് ചെയ്യുന്നു.. " കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്നും ഇറങ്ങിയ അവളോട്‌ സനു പറഞ്ഞു.. "ആരാ.. നോക്കിയില്ലേ.. " "ഉവ്വ്.. വക്കീൽ അങ്കിളാ..ഞാൻ അറ്റൻഡ് ചെയ്തില്ല.. " സനു ഫോൺ എടുത്തു അവൾക്ക് നേരെ നീട്ടി.. അവൾ വേഗം വാങ്ങിച്ചു നോക്കി.. നാലഞ്ചു മിസ്സ്ഡ് കാൾ.. അവൾ തിരിച്ചു വിളിച്ചു.. കാൾ കണക്ട് ആയതും ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു.. "ലൈലൂ.. മതി.. ഒന്ന് വാ.. ലേറ്റ് ആവുന്നു..

എൻറെ ഫിസിക്സ്‌ നോട്ട് കാണുന്നില്ല.. ഹോംവർക് ചെയ്തു നീ എവിടെയാ വെച്ചേ.. ടെക്സ്റ്റ് ബുക്കും കാണുന്നില്ല.. വന്നു എടുത്തു താ.. " കൊറേ നേരം ആയിട്ടും അവള് അകത്തേക്ക് വരാത്തത് കണ്ടു അവൻ ബാൽക്കണിയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.. അവന്റെ അലറൽ കേട്ടതും അവൾ ഫോൺ കട്ട്‌ ചെയ്തു അകത്തേക്ക് വന്നു.. " ടെക്സ്റ്റ്‌, നോട്ട്, ഒരു ചവിട്ട് നിനക്ക്.. രാവിലെ ടൈം ടേബിൾ എടുത്തു വെക്കുന്നത് മുതൽ രാത്രി ഹോംവർക് ചെയ്യുന്നത് വരെ എല്ലാ കാര്യവും ഞാൻ ചെയ്യണം... പിന്നെ എന്തിനാ ടാ നീ ഈ കുളിച്ചു കുട്ടപ്പനായി സ്കൂളിലേക്ക് പോകുന്നേ.. ആരെ വായി നോക്കാനാ.. പ്രായം പത്തു പതിമൂന്ന് ആയല്ലോ.. എന്നിട്ടും ഒരു കാര്യ ബോധം.. എവിടുന്ന് അല്ലേ അതൊക്കെ.. ഇപ്പോഴും തൊട്ടിലിൽ കിടക്കുന്ന കുഞ്ഞാവയാണെന്ന വിചാരം.. ഇനി കുപ്പി പാല് ചോദിച്ചു ആയിരിക്കും അടുത്ത അലറല്.. അല്ലേ..? " "നീ അല്ലാതെ വേറെ ആരാ എനിക്ക് ഇതൊക്കെ ചെയ്തു തരുക.. നിനക്ക് പറ്റില്ലെങ്കിൽ പറ.. ഞാൻ വല്ലവളെയും കെട്ടിക്കൊണ്ട് വരാം.. അപ്പൊ പിന്നെ നിനക്ക് പണി ഉണ്ടാകില്ലല്ലോ.. " "അയ്യടാ... എന്താ പൂതി.. മോട്ടേന്ന് വിരിഞ്ഞിട്ടില്ല.. അതിന് മുന്നേ മുട്ട ഇടാൻ നോക്കിയാൽ ഉണ്ടല്ലോ..

ചവിട്ടു മാത്രമല്ല.. ഇടിയും കൂടി വാങ്ങിക്കും നീ എന്റെ കയ്യിന്ന്.. ബുക്സ് ഒക്കെ ഞാൻ എടുത്തു വെക്കാം.. പോയി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ നോക്ക്.. " "അപ്പൊ നീയോ..? " "നീ ചെല്ല്.. ഞാൻ ഡ്രസ്സ്‌ ചെയ്തിട്ട് വരാം.. " "വേഗം.. " അവൻ താഴേക്ക് പോകാൻ ഭാവിച്ചു.. പെട്ടെന്ന് തിരിഞ്ഞു അവളെ നോക്കി. "ലൈലൂ.. എന്തായിരുന്നു അത്രേം നേരം സംസാരിക്കാൻ.. എന്താ അങ്കിൾ പറഞ്ഞത്.. " "കേസ് നടക്കുക അല്ലേ.. അതിന്റെയാടാ.. " "അല്ല ലൈലൂ.. എന്താ കേസിനു പിന്നിൽ.. സ്വത്തു മുഴുവനും നിന്റെ പേരിൽ അല്ലെ.. അതൊരിക്കലും ഉമ്മാക്ക് കിട്ടാൻ പോകുന്നില്ല.. പിന്നെന്തു പറഞ്ഞാ ഉമ്മ കേസ് കൊടുത്തത്.. " "നിന്റെ പേര് പറഞ്ഞ്.. " "എന്റെ പേര് പറഞ്ഞോ..? " "അതേ.. ഇപ്പൊ എന്റെ പേരിൽ ഉണ്ടെന്നു പറയുന്ന സ്വത്തു മുഴുവനും വാപ്പാന്റെതാ.. വാപ്പാന്റെ പേരിൽ ഉണ്ടായിരുന്നതാ.. അപ്പൊ ആ സ്വത്തിനു അവകാശി ഞാൻ മാത്രമല്ല.. നീയും കൂടിയാണ്.. നീയും വാപ്പാന്റെ രക്തത്തിൽ ഉള്ളതാ.. അപ്പൊ എന്നെ പോലെത്തന്നെ വാപ്പാന്റെ സ്വത്തിൽ നിനക്കും അവകാശമുണ്ട്.. പോരാത്തതിന് നീയൊരു ആൺകുട്ടിയും.. എപ്പോഴും ഒരു മകളെക്കാൾ മകന് ആയിരിക്കും കൂടുതൽ അവകാശം..

എന്നുവെച്ചാൽ എനിക്ക് കിട്ടിയ സ്വത്തിന്റെ പകുതിയും അല്ലെങ്കിൽ പകുതിയെക്കാൾ കൂടുതലും അവകാശം നിനക്കാ.. അതു നിനക്ക് കിട്ടണമെന്ന് പറഞ്ഞാ നിന്റെ ഉമ്മ കേസ് ഫയൽ ചെയ്തിരിക്കുന്നത്.. " "അതെനിക്ക് കിട്ടാൻ വേണ്ടി അല്ല.. ഞാൻ മുഖേന ഉമ്മാക്ക് കിട്ടാൻ വേണ്ടിയാ.. എൻറെ പേരിൽ ആയി കഴിഞ്ഞാൽ അതിനുള്ള അവകാശി ഞാനായിരിക്കും.. എന്നിലുള്ള ഏക അവകാശം എന്റെ ഉമ്മാക്കും.. അങ്ങനെ പകുതിയിൽ അധികവും ഉമ്മാന്റെ കൈ പിടിയിൽ എത്തും.. അല്ല.. സജുക്കന്റെ കയ്യിലേക്ക് എത്തും.. അല്ലേ ലൈലൂ.. അപ്പൊ കേസിൽ ഉമ്മ ജയിച്ചാൽ നിനക്ക് സംഭവിക്കാൻ പോകുന്നത് വലിയ നഷ്ടം ആണല്ലേ.. നമ്മുടെ വാപ്പ ഒരു ജന്മം മുഴുവനും എടുത്തു നമുക്ക് വേണ്ടി ഉണ്ടാക്കിയതെല്ലാം നമുക്ക് നഷ്ടപ്പെടാൻ പോകുകയാണോ.. അപ്പൊ വീട് എന്റെ പേരിൽ ആയാൽ ഉമ്മയും സജുക്കയും ചേർന്ന് നിന്നെ ഇവിടുന്ന് പുറത്താക്കില്ലേ.. അങ്ങനെ എങ്കിൽ പിന്നെ ഞാനും ഉണ്ടാകില്ല ഇവിടെ.. "

അവൻ വിഷമത്തോടെ പറഞ്ഞു.. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. "ഇല്ലടാ.. അങ്ങനൊന്നും സംഭവിക്കില്ല.. നിന്റെ ഉമ്മ കേസ് ഫയൽ ചെയ്തതു അങ്കിൾ പറഞ്ഞാ ഞാൻ അറിഞ്ഞത്.. അത്യാവശ്യമായി അങ്കിൾനെ ചെന്നൊന്നു കാണാൻ പറയാനാ ഇപ്പൊ വിളിച്ചത്.. മിക്കവാറും ഈ കേസ് തള്ളി പോകാൻ ചാൻസ് ഉണ്ടെന്നാ മൂപ്പര് പറഞ്ഞത്.. നിനക്കൊരു കാര്യം അറിയോ.. നിങ്ങളൊക്കെ വിചാരിക്കുന്നതു പോലെ വാപ്പാന്റെ സ്വത്തു ഒന്നും എന്റെ പേരിൽ ആയിട്ടില്ല.. വാപ്പ ഒന്നും തന്നെ എൻറെ പേരിലേക്ക് എഴുതി വെച്ചിട്ടില്ല.. കാരണം അത്ര പെട്ടെന്ന് ഒരു മരണം വാപ്പ മുൻകൂട്ടി കണ്ടിരുന്നില്ല ടാ.. അതൊക്കെ ഇപ്പോഴും വാപ്പാന്റെ പേരിൽ തന്നെയാ.. എന്നായാലും അത് എനിക്കും നിനക്കും തന്നെ കിട്ടും.. എല്ലാം എന്റെ പേരിൽ ആയി കഴിഞ്ഞു.. ഒരിക്കലും അതൊന്നും നിന്റെ ഉമ്മാന്റെ കൈ വെള്ളയിലേക്ക് എത്തില്ല.. അതിനു ഞാൻ സമ്മതിക്കില്ല എന്നൊക്കെ ഉറപ്പായപ്പോഴാ നിന്റെ ഉമ്മ ഇപ്പൊ ഇങ്ങനൊരു കേസ് കൊടുത്തത്.. നിന്നെ വെച്ചു കളിക്കുന്നത്.. നിന്റെ ഉമ്മാന്റെയും സജാദ്ന്റെയും ഇടയിലുള്ള എന്റെ ജീവിതം ആപത്തു നിറഞ്ഞത് ആണെന്ന് വാപ്പാന്റെ പ്രിയ സുഹൃത്ത് വക്കീൽ അങ്കിളിനു അറിയാമായിരുന്നു..

സ്വത്തു മുഴുവനും എന്റെ പേരിൽ ആണെന്ന് കണ്ടാൽ അതൊക്കെ കൈക്കലാക്കുന്നതു വരെ എന്നെ ഇവർ യാതൊന്നും ചെയ്യില്ല.. അതിന് വേണ്ടിയാ വക്കീൽ അങ്കിൾ വാപ്പ മരണപ്പെട്ട അന്ന് അങ്ങനൊരു നുണ പറഞ്ഞത്.. അതൊക്കെ നിന്റെ ഉമ്മ വിശ്വസിച്ചിരിക്കുകയാണ്.. അതു കൊണ്ട് ഞാനിപ്പോ ജീവനോടെ ഉണ്ട്.. " " അപ്പൊ നിനക്ക് എങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റും കേസിൽ ഉമ്മ ജയിക്കില്ലന്ന്.. വാപ്പാന്റെ പേരിൽ തന്നെ നില നിൽക്കുന്ന സ്വത്തു ആയത് കൊണ്ട് നമുക്ക് രണ്ട് പേർക്കും തുല്യമായി വീതിച്ചു കിട്ടും.. അല്ലങ്കിൽ നീ പറഞ്ഞത് പോലെ മകൻ ആണെന്ന പരിഗണനയിൽ എനിക്ക് അല്പം കൂടുതലും.. അപ്പൊ തോൽക്കുന്നത് നീയല്ലേ ലൈലൂ.." " വാപ്പാന്റെ സ്വത്തു ഒന്നും എന്റെ പേരിൽ എഴുതി വെച്ചിട്ടില്ലന്നല്ലേ ഞാൻ പറഞ്ഞത്.. എന്റെ അറിവിൽ അതൊന്നും എന്റെ കൈ പിടിയിൽ ആയിട്ടില്ലന്നല്ലേ ഞാൻ പറഞ്ഞുള്ളു.. അല്ലാതെ എനിക്ക് വേണ്ടി വാപ്പ ഒന്നും തന്നെ ചെയ്തില്ലന്ന് പറഞ്ഞില്ലല്ലോ.. വാപ്പ ഒരു വില്പത്രം എഴുതി വെച്ചിട്ടുണ്ട്..

അതു അങ്കിൾന്റെ കയ്യിൽ സുരക്ഷിതമാണ്.. ഇപ്പോഴാ ഞാനതറിഞ്ഞത്.. അക്കാര്യത്തെ കുറിച്ച് സംസാരിക്കാനാ അങ്കിൾ കാണണമെന്ന് പറഞ്ഞത്. ഏതായാലും ആ വിൽപത്രത്തിൽ എനിക്ക് അനുകൂലമായ എന്തെങ്കിലും ഒന്ന് തന്നെ ആയിരിക്കും.. കാരണം നിന്റെ ഉമ്മാന്റെ ചതിക്കളൊക്കെ വാപ്പ അറിഞ്ഞതാ.. അത് കൊണ്ട് എന്റെ ജയത്തിനും സന്തോഷത്തിനും വേണ്ടി ഉള്ളതായിരിക്കും അത്.. അതിൽ എന്താണെന്ന് കോടതിയിൽ നിന്നു മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ.. അതിന് മുന്നേ അറിയാൻ കഴിയില്ല.. അതിൽ ഉള്ളത് എനിക്ക് അനുകൂലമായ ഒന്നാണെങ്കിൽ നിന്റെ ഉമ്മ കൊടുത്ത കേസ് തള്ളും.. അതിന് പിന്നെ പ്രസക്തി ഉണ്ടാവില്ലന്നാ അങ്കിൾ പറഞ്ഞത്.. " "അപ്പോഴും എനിക്കൊരു സംശയം ലൈലൂ.. പിന്നെന്തിനാ നീയെന്നെ കുറിച്ച് ഭയക്കുന്നത്.. ഉമ്മയ്ക്കും സജുക്കയ്ക്കും മുന്നിലുള്ള ഏക കച്ചി തുരുമ്പ് ഞാനാണ്.. ഞാനില്ലങ്കിൽ അവർക്ക് ഒന്നും നേടാൻ കഴിയില്ല.. എന്നെ വെച്ചാണ് അവർ കളിക്കുന്നത്.. അങ്ങനെയുള്ളപ്പോൾ സജുക്ക എന്നെ എന്തെങ്കിലും ചെയ്യുമോ.. ഇല്ലല്ലോ.. അത് പേടിച്ചല്ലേ നീ ഹോസ്റ്റലിലേക്ക് പോലും മാറാതെ എല്ലാം സഹിച്ചു ഇവിടെത്തന്നെ നിക്കുന്നത്.. "

"ഞാൻ പറഞ്ഞല്ലോ സനു.. ഒരു വില്പത്രം എഴുതി വെച്ചിട്ടുണ്ട് എന്നല്ലാതെ അതിൽ എന്താണെന്ന് നമുക്ക് അറിയില്ല.. എനിക്ക് അനുകൂലമായിരിക്കും എന്നൊരു വിശ്വാസം.. അത് മാത്രമേ ഉള്ളു.. സജാദ്നെ നിനക്കറിയില്ല.. എനിക്ക് നേരെ കളിക്കാൻ അവൻ നിന്നെ ഉപയോഗിച്ചു എന്നിരിക്കും.. നിന്നെ എന്തെങ്കിലുമൊക്കെ ചെയ്യും അവൻ.. എന്നിട്ട് അതെന്റെ തലയിൽ കെട്ടി വെക്കും.. സ്വത്തിന് നീയും കൂടി അവകാശി ആയതു കൊണ്ട് എനിക്കു മുഴുവനായും കിട്ടില്ലെന്ന്‌ കരുതി ഞാൻ നിന്നെ അപായ പെടുത്താൻ ശ്രമിച്ചതാണെന്ന് വരുത്തി തീർക്കും.. അതുവഴി നിന്റെ ഉമ്മ കൊടുത്ത കേസ് തള്ളി പോകാതെ നില നിന്നെന്നു വരാം...അതിനി വില്പത്രത്തിൽ എന്ത് തന്നെ ആയാലും.." അവൾ പറഞ്ഞു നിർത്തി അവന്റെ മുഖത്തേക്ക് നോക്കി.. അവൻ കാര്യമായ എന്തോ ആലോചനയിലാണ്.. അവനും അവളുടെ മുഖത്തേക്ക് നോക്കി. "അല്ല ലൈലൂ.. അപ്പൊ.. " " ആണ് ലൈലൂ.. അപ്പൊ ഒന്നുല്ല ലൈലൂ.. മതിയെടാ.. ലേറ്റ് ആവുന്നു..

പോയി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ നോക്ക്.. നേരത്തെ ഞാനൊരു മിനുട് ഫോണിൽ സംസാരിച്ചപ്പോൾ ലേറ്റ് ആയെന്നും പറഞ്ഞു അലറിയ ചെറുക്കനാ ഇപ്പൊ ഈ നിന്നു ഓരോന്നു ചോദിച്ചു നേരം കളയുന്നെ.. പോടാ.. പോയി കഴിച്ചിട്ട് വാ.. " അവൾ അവനെ ഉന്തി തള്ളി താഴേക്കു വിട്ടു. ഡ്രസ്സ്‌ ചെയ്തു റെഡി ആയതിന് ശേഷം അവളും താഴേക്ക് ഇറങ്ങി.. ഡെയ്നിങ് ടേബിളിലേക്ക് നോക്കുമ്പോൾ തന്നെ കണ്ടത് കാലിന്റെ മുകളിൽ കാലും കയറ്റി വെച്ചിരുന്നു വെട്ടി വിഴുങ്ങുന്ന ആസിഫ്നെയാണ്.. സനു കഴിച്ചു എണീറ്റ് കൈ കഴുകുന്നുണ്ട്.. ആ സ്ത്രീയെ കണ്ടില്ല.. എഴുന്നേറ്റിണ്ട് ഉണ്ടാകില്ല.. അവൾക്ക് വിശക്കുന്നുണ്ടായിരുന്നു.. ആ ശവത്തിന്റെ ഒന്നിച്ചു ഇരുന്നു കഴിക്കുന്നതിനേക്കാൾ നല്ലത് കഴിക്കാതെ പോകുന്നതാ.. മുന്നിൽ കണ്ടു കിട്ടിയാൽ അപ്പൊ തുടങ്ങും വൃത്തികെട്ട നോട്ടവും ഒരു വഷളൻ ചിരിയും.. വെറും നോട്ടമല്ല.. ശരീരം പിഴിഞ്ഞ് എടുക്കും.. ഓരോന്നു ഓർത്തതും അവൾക്ക് ഫുഡ്‌ തന്നെ വേണ്ടാന്ന് തോന്നി.. "സനു.. ഞാൻ ഇറങ്ങുവാ.. നിന്റെ ബസ്സിന് ടൈം ആയില്ലല്ലോ.. പയ്യെ ഇറങ്ങ് ട്ടോ.. " അവൾ സനുവിനെ നോക്കി വിളിച്ചു പറഞ്ഞു.. "കഴിക്കുന്നില്ലേ.." "ഇല്ല.. ലേറ്റ് ആയി..കോളേജിൽ ചെന്നിട്ടു കഴിച്ചോളാം..

" അവൾ പറഞ്ഞു.. തന്റെ ശബ്ദം കേട്ടതും ആസിഫ് തല ഉയർത്തി കഴുകൻ കണ്ണുകളോടെ നോക്കുന്നത് അവൾ കണ്ടു.. കണ്ടില്ലന്നു നടിച്ചു... വേഗം ഇറങ്ങി.. ആസിഫ് ഉള്ളത് കൊണ്ട് സനു അവളെ കഴിക്കാനും നിർബന്ധിച്ചില്ല.. അവനു അറിയാം അവളെ അടുത്ത് കണ്ടാൽ ആസിഫ്ന്റെ നോട്ടം അവളുടെ ശരീരത്തിലേക്ക് ആണ് ചെല്ലുന്നത് എന്ന്.. അതു ഒഴിവാക്കാൻ വേണ്ടിയാണു അവൻ അവളെ നിർബന്ധിക്കാതെ നിന്നത്.. * ഇന്നും അവൻ കോളേജിലേക്ക് പതിവിലും നേരത്തെയാണ്‌.. ജിപ്സി പാർക്ക്‌ ചെയ്തു ക്ലാസ്സിലേക്ക് ചെന്നു.. എബിയെ കാണാനില്ല.. എല്ലാവരുടെയും സംസാരം എലെക്ഷനാണ്.. ഇനി കുറച്ചു ദിവസങ്ങൾ മാത്രം.. അവൻ ക്ലാസ്സിൽ നിന്നും ഇറങ്ങി.. കോളേജിന്റെ ഏതു ഭാഗത്തു നോക്കിയാലും കാണാൻ കഴിയുന്നത് രണ്ട് തരത്തിലുള്ള ഫ്ലക്സാണ്.. ഒന്നിൽ താൻ നിറഞ്ഞു നിൽക്കുന്നു എങ്കിൽ മറ്റൊന്നിൽ മുന്ന.. അവൻ ഓരോ ഫ്ലക്സിലേക്കും കണ്ണോടിച്ചു കൊണ്ട് ക്യാന്റീനിലേക്ക് നടന്നു.. എബിയെ അവിടെയും കണ്ടില്ല.. ഒരു കസേര വലിച്ചിട്ടു ഇരുന്നു.. ഒന്നും ഓർഡർ ചെയ്തില്ല.ഒന്നും വേണമെന്ന് തോന്നിയില്ല.. ചുമ്മാതെ പുറത്തേക്ക് നോക്കിയിരുന്നു.. അവളെ കണ്ടു അവിടെ.. അവളുടെ അവസ്ഥ കണ്ടു അവന്റെ അന്തം പോയി..അവൻ വേഗം എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story