ഏഴാം ബഹർ: ഭാഗം 19

ezhambahar

രചന: SHAMSEENA FIROZ

"നീയോ..? " ഷെൽഫിന്റെ മറവിൽ നിന്നും മുന്നിലേക്ക് വന്ന താജ്നെ കണ്ടു അവൾ ചോദിച്ചു.. "അതേ.. ഞാൻ തന്നെ.. ഞാൻ തന്നെയാ വിളിക്കാൻ പറഞ്ഞത്.. " "എന്തിന്.. " അവൾ ഗൗരവത്തോടെ പുരികം ചുളിച്ചു.. "എനിക്ക് കാണാൻ.. കാണണമെന്ന് തോന്നി.. ആളെ വിട്ടു വിളിപ്പിച്ചു.. ഞാൻ വിളിക്കുന്നെന്നു പറഞ്ഞാൽ വരില്ലല്ലോ.. അതോണ്ട് അഞ്ജലി മിസ്സ്‌ വിളിക്കുന്നു എന്ന് പറയാൻ പറഞ്ഞു.." അവനൊട്ടും കൂസാതെ പറഞ്ഞു.. അവൾക്ക് ചെറു വിരൽ തൊട്ടങ്ങ് കയറി വന്നു.. അടുത്തേക്ക് ചെന്നു മോന്ത അടക്കി ഒന്ന് പൊട്ടിക്കാൻ വരെ തോന്നി.. പക്ഷെ എന്ത് പറഞ്ഞിട്ടും എന്ത് കൊടുത്തിട്ടും കാര്യമില്ല.. തിരിച്ചു ഇങ്ങോട്ട് പത്തിരട്ടി കിട്ടുമെന്നേയുള്ളൂ.. നന്നാവില്ല അവൻ.. അവനെ ഒന്ന് കടുപ്പിച്ചു നോക്കി പോകാൻ ഭാവിച്ചു. " പോകരുത്.. " "പിന്നെ ഞാനെന്തു വേണം.. ഇവിടെ നിന്റെ മേലേ കയറി അട ഇരിക്കണോ.. " " തത്കാലം അത് വേണ്ടാ.. ഇവിടെ ബെഞ്ചിൽ വന്നു ഇരിക്ക്.. എനിക്ക് അല്പം സംസാരിക്കാനുണ്ട്.. "

" പറ്റില്ല.. എനിക്ക് ക്ലാസ്സുണ്ട്... മിസ്സ്‌ വിളിക്കുന്നെന്ന് പറഞ്ഞത് കൊണ്ടാ വന്നത്.. നിന്റെ പണി ആയിരിക്കുമെന്ന് കരുതിയില്ല.. " അവൾ പോകാൻ നോക്കി.. " ടീ.. നിന്നോട് പോകരുത് എന്നാ പറഞ്ഞത്.. " "ഞാൻ പോകും.. " "പൊക്കോ.. ക്ലാസ്സിലേക്ക് വരാൻ എനിക്കറിയാം.. അന്നത്തേതു ഓർമ ഉണ്ടല്ലോ.. ഇന്ന് നിന്റെ അടുത്ത് വന്നിരിക്കുക മാത്രം ആയിരിക്കില്ല.. എല്ലാരും കാൺകെ പിടിച്ചു കിസ്സടിക്കുകയും ചെയ്യും.." "എന്തൊരു കഷ്ടമാ ഇത്... നീ എന്തിനാ എന്നെ ഇങ്ങനെ ടോർചർ ചെയ്യുന്നേ.. എനിക്ക് ക്ലാസ്സ്‌ ഉണ്ട്.. " "ഒരു അഞ്ചു പത്തു മിനുട് ക്ലാസ്സിൽ ഇരുന്നില്ലന്ന് വെച്ചു ഇവിടെ ഇപ്പൊ ഒന്നും സംഭവിക്കാൻ പോകുന്നില്ല.. അഥവാ സംഭവിച്ചാൽ തന്നെ അത് ഞാൻ നോക്കിക്കോളാം.. ഇപ്പൊ നീ വന്നു ഇവിടെ ഇരിക്ക്.. " പറ്റില്ലന്ന് പറഞ്ഞു ഇറങ്ങി പോകണമെന്ന് തന്നെ ആയിരുന്നു അവൾക്ക്.. പക്ഷെ രാവിലെ കിട്ടിയ അടി ഓർത്തതും അവൾ അറിയാതെ കവിളത്തു തൊട്ടു അവന്റെ മുഖത്തേക്ക് നോക്കിപ്പോയി.. "

നോക്കണ്ട.. ദേഷ്യം പിടിപ്പിക്കാൻ നിന്നാൽ വീണ്ടും കിട്ടും.. " "എന്താ നിനക്ക് വേണ്ടത്.. എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്.. ഒന്ന് വേഗം പറഞ്ഞു തുലയ്ക്ക്.. " അവൾ സഹികെട്ടു അവിടെ ബെഞ്ചിൽ ഇരുന്നു.. " സംസാരിക്കാനൊന്നുമില്ല..ക്ലാസ്സിൽ ഇരിക്കുമ്പോൾ നിന്നെ ഓർമ വന്നു.. കാണണമെന്ന് തോന്നി.. ക്ലാസ്സിൽ നിന്നും ഇറങ്ങി..നിന്റെ ക്ലാസ്സിലേക്ക് വന്നാൽ ഒരു പ്രൈവസി കിട്ടില്ലല്ലോ.. ജൂനിയർ ഒരുത്തിയെ കണ്ടു.. അവളെ വിട്ടു കള്ളം പറഞ്ഞു വിളിപ്പിച്ചു.. " അവൻ വന്നു അവളുടെ ഒപോസിറ്റ് ഇരുന്നു പറഞ്ഞു.. സത്യം പറഞ്ഞാൽ അവൾക്ക് ദേഷ്യം ഉച്ചിയിൽ കയറിയിരുന്നു.. അവന്റെ തല അടിച്ചു പൊട്ടിക്കാൻ തോന്നി.. എന്നിട്ടും സഹിച്ചു പിടിച്ചു അവനെ ഒന്ന് നോക്കുക മാത്രം ചെയ്തു.. " എന്താടി ഉണ്ട വിഴുങ്ങിയത് പോലെ.. വീണ്ടും അടിക്കുമെന്ന് പറഞ്ഞത് കൊണ്ടാണോ മിണ്ടാതെ ഇരിക്കുന്നത്..? " "അല്ല.. തലയ്ക്കു വെളിവ് ഇല്ലാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയാം.. " "അപ്പൊ ഞാൻ നിന്നോട് പറയുന്നതോ.. " "പോടാ പട്ടി.. " "പട്ടിയും കുട്ടിയുമൊക്കെ അവിടെ നിക്കട്ടെ..നീ എന്താ എന്നെ തിരിച്ചടിക്കാഞ്ഞത്.. നിന്റെ സ്വഭാവം വെച്ചു നോക്കിയാൽ ഞാൻ ഒന്ന് തരുമ്പോൾ നീ രണ്ടെണ്ണം തരേണ്ടത് ആണല്ലോ.. "

"ഞാൻ നീയല്ല കണ്ണിനു കണ്ടവരെയും കയ്യിൽ കിട്ടിയവരെയുമൊക്കെ അടിച്ചു പഞ്ചർ ആക്കാൻ.. അറിയാം വയ്യാഞ്ഞിട്ട് ചോദിക്കുവാ.. ഒരുദിവസം എങ്കിലും എന്നെ വേദനിപ്പിച്ചില്ലങ്കിൽ നിനക്ക് ഉറക്കം വരില്ലേ.. " അവൾ അവനെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.. അവനൊന്നു ചിരിച്ചു.. എണീറ്റു അവളുടെ അടുത്ത് വന്നിരുന്നു.. അവൾ നീങ്ങി ഇരിക്കാൻ നോക്കി.. അവൻ സമ്മതിച്ചില്ല.. അവളുടെ കൈ എടുത്തു തന്റെ മടിയിൽ വെച്ചു.. അവൾ അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് കൈ വലിച്ചു എടുക്കാൻ തുനിഞ്ഞതും അവൻ അവളുടെ കൈ ഒന്നൂടെ അമർത്തി പിടിച്ചു തന്റെ ഒരു കൈ അവളുടെ കൈക്ക് മുകളിൽ വെച്ചു.. പിന്നെ അവൾ വലിക്കാൻ നോക്കിയില്ല.. എന്തെങ്കിലും ചെയ്യാൻ നിന്നാൽ അവൻ വേദനിപ്പിക്കുമെന്ന് ഉറപ്പായിരുന്നു അവൾക്ക്.. അവൾ മുഖം തിരിച്ചു ഇരുന്നു.. കവിളിലൂടെ അവന്റെ വിരൽ ഇഴയുന്നത് അവൾ അറിഞ്ഞു.. തരിപ്പോടെ മുഖം തിരിച്ചു നോക്കി.. " വേദനയുണ്ടോ..? " അവൻ അവളുടെ കവിളിന്റെ നടു ഭാഗത്തായി അമർത്തി ചോദിച്ചു.. അവൾ അവന്റെ കൈ തട്ടി മാറ്റി.. "ഇല്ലാ..ഒട്ടും ഇല്ലാ..തീരെ ഇല്ലാ.. സുഖം തോന്നുന്നു..

എന്തോ വല്ലാത്തൊരു സുഖം.. " അവളുടെ മുഖത്ത് പുച്ഛം.. "എന്തിനാ നിനക്ക് രാവിലെ കിട്ടിയത്.. ദേ നിന്റെ ഈ വർത്താനത്തിനാ.. സീരിയസ് ആയി ഒരു കാര്യം ചോദിക്കുമ്പോൾ മനുഷ്യൻമാരെ ഒരുമാതിരി ആക്കുന്ന നിന്റെ ഈ സൂക്കേട് ഉണ്ടല്ലോ.. അത് നിർത്താനാ രാവിലെ ഒന്ന് പൊട്ടിച്ചത്.. ചുവന്നു കല്ലിച്ചിട്ടുണ്ട് കവിള്..നന്നായി വേദനിക്കുന്നുണ്ടെന്നു നിന്റെ മുഖം കാണുമ്പോൾ അറിയുന്നു.. എന്നിട്ടും നന്നായില്ലേ ടീ നീ.. " " ഇല്ലാ.. നന്നായില്ല.. നന്നാവാൻ വേണ്ടി ഇനി എന്താ ചെയ്യുക.. വീണ്ടും അടിക്കുമോ.. അതോ ഞാൻ ഇന്നലെ ചോദിച്ചത് പോലെ കൊല്ലുമോ.. അടിച്ചു കവിള് പൊട്ടിച്ചു കളഞ്ഞിട്ടു ഇപ്പൊ വേദന ഉണ്ടോന്ന് ചോദിച്ചു വന്നിരിക്കുന്നു.. വട്ടൻമാരെ കണ്ടിട്ട് ഉണ്ട്.. നിന്നെപ്പോലെത്തെ ഒന്നിനെ ആദ്യം ആയിട്ട് കാണുവാ.. " അവൾ അവന്റെ മടിയിൽ നിന്നും കൈ വലിച്ചു എടുത്തു എഴുന്നേറ്റു നിന്നു.. "നീയാ തട്ടം ഒന്ന് അഴിച്ചേ.. " "എന്താ..? " അവൾ മനസ്സിലാവാതെ ചോദിച്ചു.. "രണ്ടു ഭാഗത്തും അടി കിട്ടീട്ടുണ്ട്.. ഏതു ഭാഗമാ കൂടുതൽ ചുവന്നത് എന്നറിയാനാ.. എന്റെ അടിക്കാണോ അതോ നുസ്രയുടെ അടിക്കാണോ പവർ കൂടുതൽ എന്നറിയാനാ.. " " ഒന്ന് പോടാ അവിടെന്ന്.. " അവൾ മുന്നോട്ടു നടന്നതും അവൻ കാല് നീട്ടി..

പെട്ടന്ന് ആയതു കൊണ്ട് ബാലൻസ് ചെയ്യാൻ പറ്റിയില്ല.. നേരെ അവന്റെ മടിയിലേക്ക് വീണു.. അവനത് മുൻകൂട്ടി കണ്ടിരുന്നു.. രണ്ടു കൈ കൊണ്ടും അവളെ ചുറ്റി പിടിച്ചു.. " ഇരുന്നു പിടക്കണ്ടാ.. ഞാനൊന്നീ രണ്ടു കയ്യും വെച്ചു അമർത്തിയാൽ അവിടെ തീരും നീ.. പപ്പടം പൊടിഞ്ഞതു പോലെ ആകും.. അതുകൊണ്ട് അടങ്ങി ഇരിക്കാൻ നോക്ക്.. എനിക്കറിയണം.. എന്താ നിന്റെ മുഖത്ത്.. ആര് ചെയ്തതാ.. ആരാ നിന്നെ വേദനിപ്പിച്ചേ..? " അവൾ ഇരുന്നു കുതറുന്നത് കണ്ട അവൻ അവളെ ഒന്നൂടെ അമർത്തി ഇരുത്തിക്കൊണ്ട് പറഞ്ഞു.. അവൾക്ക് ശ്വാസം തടസ്സം പെടുന്നത് പോലെ തോന്നി.. അവൻ ഒന്ന് തൊടുമ്പോൾ തന്നെ ഇഷ്ട കുറവാണ്.. അങ്ങനെയുള്ള അവന്റെ മടിയിൽ അവനെ പറ്റി ചേർന്നു ഇരിക്കുന്നു.. പോരാത്തതിന് അവൻ വട്ടം ചുറ്റിയിട്ടുമുണ്ട്.. അവൾക്ക് ആകെ അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി.. "ഇരുന്നു സ്വപ്നം കാണാൻ അല്ല പറഞ്ഞത്.. ചോദിച്ചതിന് മറുപടി പറയാനാ.. " " നീ വിട്ടേ.. ഞാൻ പറയാം.. " അവൻ പിടി വിട്ടു.. അവനു മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ അസ്വസ്ഥത.. അവൾ എഴുന്നേറ്റു മാറി നിന്നു.. " സത്യം പറഞ്ഞോണം.. അല്ല എന്നത്തേയും പോലെ ആക്കാൻ ആണെങ്കിൽ..? "

അവൻ ഭീഷണി എന്നോണം അവളുടെ നേർക്ക് വിരൽ ചൂണ്ടി നിർത്തി. "അത്.. അതെന്റെ ബ്രദർ അടിച്ചതാ.. " അവൾ പറയണോ വേണ്ടയോന്നുള്ള ശങ്കയാലെ പറഞ്ഞു.. "സ്വന്തം വീട്ടുകാർക്ക് തന്നെ നിന്നെ സഹിക്കാൻ പറ്റുന്നില്ലാല്ലേ..? " അവൻ പരിഹസിച്ചു.. അവളൊന്നും മിണ്ടാതെ നിന്നു. " അല്ല.. അതിന് നീയാ വീട്ടിലെ വേലക്കാരിയാണെന്നല്ലേ പറഞ്ഞത്..? " "വേലക്കാരിയാണെന്നല്ലേ പറഞ്ഞുള്ളു.. അല്ലാതെ എനിക്ക് ബ്രദർസും സിസ്റ്റേഴ്സൊന്നും ഇല്ലന്ന് പറഞ്ഞില്ലല്ലോ.. വേലക്കാരികൾക്ക് എന്താ കുടുംബ ബന്ധങ്ങൾ ഒന്നും ഉണ്ടാകില്ലേ.. " " അങ്ങനെ ഞാൻ പറഞ്ഞോ..? " " നിന്റെ ചോദ്യം കേട്ടാൽ അതേ തോന്നൂ.. " " നീ എന്തിനാ വേലക്കാരിയായി നിക്കുന്നത്.. കാശിനു വേണ്ടിയാണോ.. ഐ മീൻ ജീവിക്കാൻ വേണ്ടി.. ഏതായാലും ജോലിക്കാരിയല്ലേ..അപ്പൊ എന്റെ വീട്ടിലേക്കു വാ.. വീട്ടു ജോലിക്കാരിയായിട്ടല്ല.. എന്റെ ഭാര്യ ആയിട്ട്.. ഒന്നിനും ഒരു കുറവും വരുത്തില്ല.. ഭക്ഷണമൊക്കെ ഇഷ്ടം പോലെ കിട്ടും..

നിനക്ക് ആർത്തി ഉള്ളത് അതിനോടാണല്ലോ. എല്ലും തോലും പോലെത്തെ ഈ ബോഡി നല്ല ഉരുണ്ട ബോഡിയാകും.. " അവനൊരു ചിരിയാലെ പറഞ്ഞു.. അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി.. " നോക്കി പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.. കാര്യത്തിൽ പറഞ്ഞതാ.. എന്റെ വീട്ടിലോട്ട് പോര്.. പൊന്നു പോലെ നോക്കാനുള്ളതല്ലാ.. പൊന്നു കൊണ്ട് മൂടാനുള്ള വക തന്നെയുണ്ട്.. പക്ഷെ അതൊന്നും പ്രതീക്ഷിച്ചു വരണ്ട.. അത്രേം സുഖമൊന്നും ഞാൻ നിനക്ക് തരില്ല.. " " അല്ലെങ്കിലും ആര് പ്രതീക്ഷിക്കുന്നു.. പ്രതീക്ഷിക്കുന്നതു പോയിട്ട് നിന്റെ വീട്ടിലേക്കു വന്നിട്ട് വേണ്ടേ.. ആർക്കു വേണം നീ നൽകുന്ന നിന്റെ പണവും സുഖ ഭോഗവുമൊക്കെ.. എനിക്കൊന്നും വേണ്ടാ.. പണം മാത്രമാണ് ജീവിതമെന്ന് കരുതുന്ന നിനക്കൊക്കെ തോന്നും നിന്റെ വീട്ടിൽ മാത്രമാണ് സുഖവും സന്തോഷവും ഉള്ളതെന്ന്.. നിന്നെപ്പോലെ അത് മാത്രം ആഗ്രഹിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ടാകും.. നീ അവരെ വിളിച്ചോ.. അക്കൂട്ടത്തിലൊന്നും എന്നെ കൂട്ടണ്ട അമൻ.. പിന്നെ നിന്റെ വീട്ടിൽ ഭക്ഷണത്തിനു ഒരു കുറവും ഇല്ലെന്ന് നീ പറയണമെന്നില്ല..കാണുമ്പോൾ തന്നെ അറിയുന്നുണ്ട്.. വെട്ടി വിഴുങ്ങുന്നതിന്റെതു ശെരിക്കു കാണാൻ ഉണ്ട് നിന്റെ ബോഡിയിൽ..

അതിന്റെ ഹുങ്ക് ആണല്ലോ എന്നും എന്റെ മേലേക്ക് കാണിക്കുന്നത്.. എന്താ നീ വിചാരിച്ചു വെച്ചിരിക്കുന്നത്.. ഞാൻ വെറും പിച്ചക്കാരി ആണെന്നോ.. എനിക്കും ഉണ്ട് വീടും വീട്ടുകാരും പണവും പ്രതാപവും അന്തസും അഭിമാനമൊക്കെ.. പക്ഷെ നിന്നെപ്പോലെ അതൊന്നും എടുത്തു പറഞ്ഞും കാണിച്ചുമൊന്നും നടക്കാറില്ലന്ന് മാത്രം.. " അവൾക്ക് വല്ലാതെ ദേഷ്യം വരാൻ തുടങ്ങിയിരുന്നു.. " നിന്നു തൊണ്ട പൊട്ടിക്കണ്ടാ.. ഞാനാണോ പറഞ്ഞത്.. നീ തന്നെയല്ലേ പറഞ്ഞത് നീ വേലക്കാരി ആണെന്ന്.. ഞാനൊരു സംശയം ചോദിച്ചതേ ഉണ്ടായിരുന്നുള്ളൂ.. നീ തന്നെയല്ലേ ചാടി കയറി സമ്മതിച്ചു തന്നത്..? നീ എന്തിനാ എല്ലാവരിൽ നിന്നും നിന്നെക്കുറിച്ചു ഒളിക്കുന്നത്.. ഇനി വല്ല പിടി കിട്ടാ പുള്ളിയുമാണോ.. " " ആദ്യം വേലക്കാരി.. ഇപ്പൊ പിടി കിട്ടാ പുള്ളി.. അടുത്തത് എന്താണാവോ.. കൊള്ളാം നിന്റെ സംശയങ്ങളൊക്കെ.. " "സംശയങ്ങൾ ഉണ്ടാക്കുന്നതും നീയാ.. എല്ലാം നീ കാരണമാ.. നീ തന്നെയാ എല്ലാം ഉണ്ടാക്കുന്നത്.. ഞാൻ നിന്റെ വീട്ടിലേക്കു വരാൻ പോകുവാ.." "വീ.. വീട്ടിലേക്കോ.. എ.. എന്തിന്.. " നെഞ്ചത്തേക്ക് ഇടി വെട്ടിയത് പോലെ ആയി അവൾക്ക്.. " നിന്നെ കുറിച്ച് അറിയാൻ..

നിന്നെ പെണ്ണ് ചോദിക്കാൻ.. ഇക്കണക്കിനു പോയാൽ നീ എനിക്ക് സെറ്റ് ആകില്ല.. ഒടുക്കം നിന്നെ കിട്ടാൻ വേണ്ടി പ്രയത്നിച്ചില്ലന്നുള്ള സങ്കടവും വേണ്ടാ.. ഒരു മാനസ മൈനയും ഒഴിവാക്കാം.. " " യൂ ലൂസ്.. " "Yeah..എന്താ സംശയം..എന്നെക്കൊണ്ട് ഇത്രേമൊക്കെ പറ്റുള്ളൂ.. " അവൻ നിസ്സാരമായി പറഞ്ഞു.. ഒരുകാര്യം വേണമെന്ന് തോന്നിയാൽ ഏതറ്റം വരെയും പോകാൻ മടിക്കാത്തവനാണ് അവൻ.. പറഞ്ഞാൽ പറഞ്ഞത് ചെയ്യുമെന്ന് അവൾക്ക് അറിയാം.. എങ്ങാനും വീട്ടിലേക്കു വന്നാൽ..? റബ്ബേ.. പിന്നീടുള്ളതൊന്നും ഓർക്കാൻ കൂടി വയ്യാ.. അവൾക്ക് ഉള്ളിൽ പേടി തോന്നാൻ തുടങ്ങി.. കാല് പിടിച്ചിട്ട് ആയാലും ഇവനെ ഒന്ന് അടക്കി നിർത്തുകയെ വഴിയുള്ളൂ.. "അത്.. അതൊന്നും വേണ്ടാ.. നീ അപദ്ധമൊന്നും കാണിക്കരുത്.. നീ നിന്റെ തോന്നലുകൾ മാത്രമേ നോക്കുന്നുള്ളൂ.. എന്റെ വീട്ടിലെ കാര്യം നിനക്ക് അറിയില്ല.. എന്നെക്കുറിച്ചു കൂടി ചിന്തിക്കണം.." അവൾ ദേഷ്യമൊക്കെ മാറ്റി വെച്ചു ശാന്തമായി പറഞ്ഞു.. " അറിയാത്തത് കൊണ്ട് തന്നെയല്ലേ ചോദിക്കുന്നത്.. പറാ.. നിന്നെക്കുറിച്ച്.. നിന്റെ വീടിനെക്കുറിച്ച്.. പറയുന്നതാ നിനക്ക് നല്ലത്.. അല്ലെങ്കിൽ അറിയാമല്ലോ എന്നെ.. പറഞ്ഞത് ചെയ്തിരിക്കും..

അന്നത്തേതു പോലെ നട്ട പാതിരാക്ക് ഒന്നും ആയിരിക്കില്ല.. പട്ടാ പകൽ തന്നെ അങ്ങ് കയറി വരും.. " " പറയാനും അറിയാനുമൊക്കെ ആയിട്ട് എന്താ.. അന്ന് നീ വന്നത് തന്നെയാ എന്റെ വീട്.. ഞാൻ, രണ്ടു ബ്രദർസ്, ഉമ്മാ.. " അവൾ പറഞ്ഞു നിർത്തി.. "ഉപ്പയോ..? " അവൻ സംശയത്തോടെ ചോദിച്ചു.. അവളൊന്നും മിണ്ടിയില്ല.. പകരം അവളുടെ മുഖം ഇരുണ്ടു കൂടുന്നത് അവൻ അറിഞ്ഞു.. പിന്നെ അവൻ അക്കാര്യമൊന്നും ചോദിച്ചില്ല.. അവൻ എണീറ്റു അവളുടെ അടുത്തേക്ക് ചെന്നു.. "എന്തിനാ നീയൊരു നിഗൂഡതയായി മാറുന്നത്.. എന്റെ ദേഷ്യം വർധിപ്പിക്കാൻ വേണ്ടിയോ.. എന്റെ മുന്നിൽ ജയിക്കാൻ വേണ്ടിയോ..? അതോ നിന്നെക്കുറിച്ചു ഞാനൊന്നും തന്നെ അറിയാൻ പാടില്ലന്ന് കരുതിയിട്ടാണോ.. നിനക്ക് എത്ര ഫ്രണ്ട്‌സ് ഉണ്ട് ഇവിടെ.. ആരോടെങ്കിലും നീ നിന്നെക്കുറിച്ചു പറഞ്ഞിട്ട് ഉണ്ടോ.. നിന്റെ കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ടോ.. നുസ്ര നിന്റെ ബെസ്റ്റ് ഫ്രണ്ട്‌ അല്ലേ.. അറ്റ്ലീസ്റ്റ് അവളോട്‌ എങ്കിലും..? അവൾക്ക് എങ്കിലും നിന്നെ അറിയുമോ..? ഇല്ലാ.. ആകെ അറിയുന്ന ഒരേ ഒരാൾ അത് മുന്നയാ.. അതിനും മാത്രം എന്തു കുന്തമാ നീയും അവനും തമ്മിൽ ഉള്ളത്.. എന്താ നിന്റെ മനസ്സിൽ..?"

അവൻ ദേഷ്യത്തോടെ ശബ്ദം എടുത്തു കൊണ്ട് ചോദിച്ചു.. അവന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. ദേഷ്യത്തിനു അപ്പുറം മറ്റും പലതുമുണ്ട് ആ മുഖത്ത് എന്ന് അവൾക്ക് മനസ്സിലായി.. ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ചോദ്യങ്ങളൊക്കെ.. അവന്റെ മനസ് അവൾക്കും മനസ്സിലാകുന്നുണ്ടായിരുന്നില്ല.. " എനിക്ക് അറിയില്ല.. നിന്നെക്കുറിച്ചു എനിക്കൊന്നും അറിയില്ല ലൈല.. നീ ആരാണെന്നോ എവിടുത്തെയാണെന്നൊ നിന്റെ മനസ്സിൽ എന്താണെന്നോ അങ്ങനെ ഒന്നും എനിക്കറിയില്ല.. ഇനി അറിഞ്ഞെന്നു വെക്കുക.. നീയെനിക്ക് ചേരാത്തവൾ ആണെന്ന് കരുതുക.. എന്നാലും എനിക്ക് നിന്നോട് തോന്നിയ ഇഷ്ടം ഇല്ലാതാകില്ല.. ഒരുപക്ഷെ എല്ലാം കൊണ്ടും എന്നേക്കാൾ താഴെ നിൽക്കുന്നവൾ ആയിരിക്കാം.. അല്ലെങ്കിൽ എന്നേക്കാൾ മുകളിൽ.. അതും അല്ലെങ്കിൽ എന്നോടൊപ്പം.. എന്ത് തന്നെ ആയിക്കോട്ടെ.. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമേയല്ല.. ജീവിതത്തിൽ ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്,, അത് നീയാ.. നിന്റെ വാശിയും ധൈര്യവുമൊക്കെ കണ്ടപ്പോഴാ ഈ ജീവിതം ജീവിച്ച് തീർക്കാൻ എനിക്ക് നീ വേണമെന്ന് തോന്നിയത്.. തോന്നൽ അല്ല.. എനിക്ക് വേണം..

അത് കൊണ്ടാ എൻറെ മുന്നിൽ ഇത്രേമൊക്കെ വിളഞ്ഞിട്ടും ഞാൻ നിന്നെ വെറുതെ വിട്ടത്.. വേറെ വല്ലവളും ആയിരുന്നു എങ്കിൽ ഇപ്പൊ ചുവരിൽ തേഞ്ഞു കിടന്നേനെ.. എബി പറയുന്നു എനിക്ക് പെണ്ണിനെ അറിയില്ലന്ന്.. പെണ്ണിന്റെ മനസ് അറിയില്ലന്ന്.. സ്നേഹിക്കാൻ അറിയില്ലന്ന്.. നീയും എത്രയോ വട്ടം പറഞ്ഞിരിക്കുന്നു അതുതന്നെ.. ശെരിയാ.. എനിക്ക് അറിയില്ലാ.. ഒന്നും അറിയില്ല.. അറിയാൻ ശ്രമിച്ചിട്ടില്ല.. എപ്പോഴേ എനിക്ക് നിന്നെ തോല്പിക്കാമായിരുന്നു.. നിന്നെ സ്വന്തമാക്കാമായിരുന്നു.. അതിനും ശ്രമിച്ചിട്ടില്ല.. ആദ്യം നിന്റെ മനസ് നേടണമെന്ന് കരുതി.. എന്നിട്ടും നിന്റെ മനസ് കവർന്നു എടുക്കാനുള്ള ഒരു നല്ല കാര്യവും ഞാൻ ചെയ്തിട്ടില്ല.. അത് നീ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ ഈ താജ്നെ തന്നെ ഇഷ്ടപെടണമെന്ന് കരുതി.. കരുതൽ അല്ല.. ഇപ്പോഴും പറയുവാ.. നീ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതീ തെമ്മാടി താജ്നെ ആയിരിക്കും. അല്ലാതെ നിനക്ക് വേണ്ടി മാറിയ താജ്നെ ആയിരിക്കില്ല.. എനിക്ക് വേണം നിന്നെ.. വെറും വാശി മാത്രമല്ല.. തീരുമാനം കൂടിയാ.. " അവൻ വീണ്ടും പറഞ്ഞു നിർത്തി.. അവന്റെ മുഖത്തെ ദേഷ്യമെല്ലാം കുറഞ്ഞു പോയിരുന്നു..

പകരം ആ മുഖത്ത് എവിടെയോ വേദന നിറഞ്ഞിരുന്നു.. അത് അവൾക്ക് വ്യക്തമായി കാണാമായിരുന്നു.. അപ്പോഴും അവളൊന്നും മിണ്ടിയില്ല.. അവന്റെ മുഖത്തേക്ക് നോക്കി നിൽക്കുക മാത്രം ചെയ്തു.. സത്യം പറഞ്ഞാൽ അവളുടെ ഉള്ളം നീറുന്നുണ്ടായിരുന്നു.. അത് എന്തിന് വേണ്ടിയെന്നു അവൾക്ക് അറിഞ്ഞില്ല.. "ആദ്യം ഞാൻ കരുതി നീയൊരു പുരുഷ വിരോധി ആയിരിക്കുമെന്ന്.. പിന്നെ മുന്നയോടുള്ള അടുപ്പവും പെരുമാറ്റവുമൊക്കെ കാണുമ്പോൾ അതല്ലന്ന് ഉറപ്പായി.. പിന്നെന്താ.. പ്രണയ വിരോധിയാണോ..? എടീ.. പ്രണയിച്ചു നടക്കാനൊന്നുമല്ല.. കെട്ടിക്കൊണ്ട് പോകാനാ.. എന്റെ വീട്ടിലേക്കു കൊണ്ട് പോകാനാ.. " അവൻ പിന്നെയും പറഞ്ഞു.. എന്നിട്ടും അവളുടെ ഭാഗത്തുന്ന് മറുപടിയൊന്നും ഉണ്ടായില്ല.. ആദ്യമായിട്ടാണ് അവന്റെ മുന്നിൽ അവൾക്ക് ഇത്രേം വല്യ നിശബ്ദത.. അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല.. അവൻ അവളുടെ മുഖത്തേക്ക് നോക്കി..വല്ലാതെ ഇരുണ്ടു കെട്ടിയിട്ടുണ്ട്..ഇനിയെന്തു ചോദിച്ചിട്ടും കാര്യമില്ലന്ന് മനസ്സിലായി അവന്.. "പൊക്കോ നീ.. ക്ലാസ്സ്‌ കളയണ്ട.. " അവൾ അവന്റെ മുഖത്തേക്ക് നോക്കിയില്ല.. പോകാൻ ഭാവിച്ചു.. പെട്ടെന്ന് അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു ദേഹത്തേക്ക് അടുപ്പിച്ചു..

അവൾ ഞെട്ടി വിറച്ചു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി.. "പറഞ്ഞിട്ട് പോ.. എന്താ നിന്റെ മനസ്സിൽ.. ആർക്കു വേണ്ടിയാ ഈ ഒഴിഞ്ഞു മാറൽ.. ദിനവും കാണുന്ന ഒരു സാധാരണ മുഖമല്ല ഞാൻ നിനക്ക്.. അങ്ങനെ ആണെന്നാ കരുതിയിരുന്നത്.. പക്ഷെ ഇപ്പൊ മനസ്സിലായി.. അങ്ങനെ അല്ലന്ന്.. ആയിരുന്നു എങ്കിൽ ഞാൻ അടിച്ചതിൽ നിനക്ക് വേദനിക്കില്ലായിരുന്നു.. അടിച്ചിട്ട് ഇപ്പോൾ വേദന ഉണ്ടോന്നു ചോദിക്കാൻ വന്നിരിക്കുന്നു എന്നൊരു മറുപടി നിന്റെ വായിൽ നിന്നും വീഴില്ലായിരുന്നു ലൈല.. " അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കോണ്ട് പറഞ്ഞു.. " അ..അമൻ.. ഞാൻ.. എന്റെ മനസ്സിൽ ഒന്നുമില്ല.. ഇഷ്ടപ്പെടാൻ പറ്റാത്തത് കൊണ്ടാ.. നീ.. നീയെന്നെ മനസ്സിലാക്കണം.. " അവന്റെ ചാര കണ്ണുകൾ കൊണ്ടുള്ള നോട്ടം അവൾക്ക് നേരിടാൻ ആവുന്നുണ്ടായിരുന്നില്ല.. "ശെരി.. പോ.." അവൻ അവളിലുള്ള പിടി വിട്ടു.. പിന്നെ അവൾ അവിടെ നിന്നില്ല.. വേഗം ഇറങ്ങിപ്പോയി.. * ക്ലാസ്സിലേക്ക് നടക്കുമ്പോഴും ക്ലാസ്സിൽ എത്തി ഇരിക്കുമ്പോഴെല്ലാം അവളുടെ ചിന്തകളിൽ അവൻ ആയിരുന്നു.. എവിടെയോ കേട്ടു മറന്ന കഥയിലെ നായകനെ പോലെ തോന്നുന്നു..

വന്ന വഴികളിൽ വെച്ച് എവിടെ നിന്നോ ഞാൻ കേട്ടറിഞ്ഞ ഒരു കഥാപാത്രം.. ആരുമായോ ബന്ധം ഉള്ളത് പോലെ. ആദ്യം വേദനിപ്പിക്കുന്നു.. പിന്നീട് വന്നു അതിന്റെ ഇരട്ടി സ്നേഹവും ആശ്വാസവും നൽകുന്നു.. എന്തൊക്കെയാ അവൻ പറയുന്നതെന്ന് മനസ്സിലാകുന്നില്ല.. എന്താ അവന്റെ മനസ്സിൽ എന്നറിയുന്നില്ല.. എന്തു കൊണ്ടാ ഇപ്പോ അവന്റെ മുന്നിൽ പഴയത് പോലെ പൊട്ടി തെറിക്കാൻ കഴിയാത്തത്..? അവന്റെ കാര്യം പോട്ടെ.. എന്താ എനിക്ക്..? എന്താ എന്റെ മനസ്സിൽ.. അത് പോലും അറിയുന്നില്ലല്ലോ റബ്ബേ.. റമിയെ കണ്ടു മുട്ടിയില്ലായിരുന്നു എങ്കിൽ, അവന് ഞാൻ എന്റെ മനസ് കൊടുത്തില്ലായിരുന്നു എങ്കിൽ ഉറപ്പായും ഞാൻ നിന്നെയും നിന്റെ സ്നേഹത്തെയും മനസ്സിലാക്കാൻ ശ്രമിച്ചേനെ അമൻ..പക്ഷെ ഇതിപ്പോ.. കഴിയാത്തത് കൊണ്ടാ.. അത് നീ മനസ്സിലാക്കണം.. മറ്റൊരാളെ മനസ്സിൽ കൊണ്ട് നടക്കുന്ന എനിക്കെങ്ങനെ നിന്നെ ഇഷ്ടപ്പെടാനും സ്നേഹിക്കാനും കഴിയും.. കഴിയില്ല അമൻ..ഒരിക്കലും കഴിയില്ല.. അത് നീ മനസ്സിലാക്കിയേ പറ്റൂ.. അവൾ താജ്നെ കുറിച്ചുള്ള ചിന്തയിൽ ആയിരുന്നു എങ്കിൽ നുസ്ര ബ്രേക്ക്‌ കിട്ടാനുള്ള കാത്തിരിപ്പിൽ ആയിരുന്നു..

വേറൊന്നിനും വേണ്ടിയല്ല.. എന്തിനാ അവളെ അഞ്ജലി മിസ്സ്‌ വിളിച്ചതെന്ന കാര്യം ചോദിക്കാനാണ്.. പീരീഡ് കഴിഞ്ഞു ടീച്ചർ ക്ലാസ്സിൽ നിന്നും ഇറങ്ങി പോയതും നുസ്ര അവളോട്‌ കാര്യം തിരക്കി.. അവൾക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല.. അവന്റെ പണി ആയിരുന്നു എന്നറിഞ്ഞാൽ പിന്നെ ഇവൾ എന്നെ കളിയാക്കി കൊല്ലാൻ തുടങ്ങും.. അത് കാണ്ടാൽ എനിക്ക് ഒന്നാകെ ഇളകാനും.. അത് കൊണ്ട് താജ്ന്റെ കാര്യം അവൾ അപ്പാടെ വിഴുങ്ങി..കോളേജിൽ പുതുതായി നിർമാണം കഴിക്കപ്പെട്ട ബോട്ടണി ലാബിന്റെ ഉൽഘാടനമാണ് ഈ വരുന്ന ഇരുപത്തി ഏഴാം തീയതി.. അതോടൊപ്പം തന്നെ സയൻസ് ഡിപ്പാർട്മെന്റ്റിന്റെ ഭാഗമായി തുടങ്ങാൻ പോകുന്ന കോളേജ് ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെ ഉൽഘാടനവും.. ആശയം തുടങ്ങി വെച്ചതും പ്രിൻസിപ്പൽന്റെ പിന്നാലെ നടന്നു അതിനുള്ള പെർമിഷൻ വാങ്ങിച്ചതും ഒരിക്കലും നടക്കില്ലന്ന് കരുതിയ ഒന്ന് ഇന്ന് അതിന്റെ ഉൽഘാടനം വരെ കൊണ്ടെത്തിച്ചതും താൻ ഒറ്റ ഒരുത്തിയാണ്.. അതിന്റെ കാര്യങ്ങൾ സംസാരിക്കാൻ വേണ്ടിയാണ് അഞ്ജലി മിസ്സ്‌ വിളിച്ചതെന്ന് പറഞ്ഞു അവൾ നൈസ് ആയി നുസ്രയുടെ ചോദ്യത്തിൽ നിന്നും ഊരി..

അതിനെന്തിനാ ഇപ്പോ വിളിക്കുന്നെ, ഇന്റർവെൽന്റെ ടൈമിൽ വിളിച്ചാൽ പോരെന്നൊക്കെ ചോദിച്ചു നുസ്ര വീണ്ടും ചോദ്യാവലി നടത്താൻ തുടങ്ങിയതും ലൈല രണ്ടു കയ്യും അവൾക്ക് നേരെ കൂപ്പി.. അത് കണ്ടു നുസ്ര ചിരിച്ചു അവളുടെ തോളിലൂടെ കയ്യിട്ടു ഇരുന്നു.. * "ലൈലൂ...ഒന്ന് സജൂക്കാ..പിന്നൊന്നു ആരാ.. " കുളി കഴിഞ്ഞു ഇറങ്ങി കണ്ണാടിയുടെ മുന്നിൽ നിന്നും മുഖവും തുവർത്തി തിരിഞ്ഞ അവളോട്‌ സനു ചോദിച്ചു.. അവൾക്ക് മനസ്സിലായില്ല.. എന്താന്നു ചോദിച്ചു അവൾ അവനെ നോക്കി നെറ്റി ചുളിച്ചു.. "അല്ല..മുഖത്തെ പാടെ.. രാവിലെ പോകുമ്പോൾ ഒന്നേ ഉണ്ടായിരുന്നുള്ളൂല്ലോ.. ഇതിപ്പോ എങ്ങനെയാ രണ്ടു കവിളത്തും ആയത്.. പകർച്ച വ്യാധിയാണോ.. " അവൻ നിന്നു ചിരിക്കാൻ തുടങ്ങി.. "പോടാ.. ഇത് അവൻ ചെയ്തതാ.. ആ അമൻ.. തെണ്ടി.. പട്ടി..എന്നെ അടിച്ചു അവൻ ഇന്ന്.. " " എന്നിട്ട് ഇപ്പോ ഏതു ഹോസ്പിറ്റലിലാ.. " "ഹോസ്പിറ്റലിലോ..ആര്..? " "നിന്നെ അടിച്ച സ്ഥിതിക്ക് നീ ഏതായാലും അവനെ വെറുതെ വിട്ടിട്ടുണ്ടാകില്ല.. കിട്ടിയ അടിക്ക് അറ്റ്ലീസ്റ്റ് അവന്റെ ഒരു കയ്യോ കാലോ എങ്കിലും നീ അടിച്ചൊടിച്ചിട്ടുണ്ടാകും.. " "ഇല്ലടാ.. ഞാനൊന്നും ചെയ്തില്ല.. " "ഇല്ലേ.. " അവൻ കണ്ണും മിഴിച്ചു അവളെ നോക്കി..

അവൾ ഇല്ലെന്ന് തലയാട്ടി നടന്നത് മുഴുവനും പറഞ്ഞു.. "എടീ.. പൊട്ടിക്കാളി..നല്ലൊരു ചാൻസാ നീ കളഞ്ഞത്.. നിനക്ക് പറയാമായിരുന്നില്ലേ ഇവിടെ രണ്ടു രാക്ഷസൻമാരുടെ ഇടയിലാ നീ കഴിയുന്നത് എന്ന്.. സഹിക്കാനും പിടിച്ചു നിൽക്കാനും കഴിയുന്നില്ലന്ന്.. നീ ഒന്ന് പറഞ്ഞാൽ മതിയായിരുന്നു താജ് ബ്രോ അടുത്ത സെക്കന്റ്‌ൽ ഇവിടേക്ക് പറന്നെത്തിയേനെ.. ഇവിടെയുള്ള രണ്ടെണ്ണത്തിനെയും അടിച്ചു ഒതുക്കുന്നത് മാത്രമല്ല.. നിന്നെ അവന്റെ മേയർ ബംഗ്ലാവിലേക്ക് തൂക്കി എടുത്തു കൊണ്ട് പോകുകയും ചെയ്തേനെ.. ചേ..നശിപ്പിച്ചില്ലേ നീ.. അല്ലങ്കിലും ആവശ്യമുള്ള സ്ഥലത്ത് നീ ബുദ്ധി പ്രയോഗിക്കില്ലല്ലോ.. " അവൻ എരി പിരി പൂണ്ടു കൊണ്ട് പറഞ്ഞു.. അവളുടെ അന്തം പോയി.. താജ് ബ്രോയോ.. അതെപ്പം മുതൽ.. അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി.. "എല്ലാം കളഞ്ഞു കുളിച്ചിട്ടു നോക്കുന്നത് നോക്കിയേ ഉണ്ടക്കണ്ണി.. കണ്ണ് കുത്തി പൊട്ടിക്കുകയാ വേണ്ടത്.. " "ഹൂ.. ഒന്ന് നിർത്തുന്നുണ്ടോ പിശാശ്ശെ നീ.. എങ്ങോട്ട് തിരിഞ്ഞാലും ഒരു താജ്..

എല്ലാരുടെ വായിലും താജ് എന്ന് മാത്രം.. കോളേജിലോ അൺസഹിക്കബിൾ.. ഇപ്പോ നീയും തുടങ്ങിയോ.. അവന്റെയൊരു താജ് ബ്രോ.. ഒരൊറ്റ ചവിട്ടി വെച്ചു തന്നാൽ ഉണ്ടല്ലോ.. ഏതു വകയിൽ ആടാ അവൻ നിനക്ക് ബ്രോ ആയത്.. അവൻ എന്ത് കൈ വിഷമാ റബ്ബേ എല്ലാർക്കും കൊടുക്കുന്നത്.. പൊന്നു മോനെ സനു.. ഒരു കാര്യം പറഞ്ഞേക്കാം.. എങ്ങാനും ഇനി നിന്റെ വായിന്ന് അവന്റെ പേര് വീണാൽ ഉണ്ടല്ലോ നിന്റെ ഈ മൗണ്ട് k2 ഞാൻ അങ്ങ് പറിച്ചു എടുത്തു ഉപ്പിൽ ഇട്ട് വെക്കും.. കേട്ടോടാ കുട്ടി പിശാശ്ശെ.. " അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു ബുക്സ് എടുത്തു ടേബിളിന്റെ അടുത്ത് ചെന്നിരുന്നു.. അവൻ ബെഡിൽ നിന്നും എഴുന്നേറ്റു ടേബിളിൽ കയറി ഇരുന്നു.. "എന്താണ് നമ്മളെ ജാൻസി റാണിക്ക്.. ഇന്ന് കലിപ്പ് മൂഡ് ആണല്ലോ.. എന്തുപറ്റി.. താജ് തന്നെയാണോ വിഷയം.. ലൈലൂ.. നീ ദേഷ്യപ്പെടാനും പിണങ്ങാനും വേണ്ടിയൊന്നും പറഞ്ഞതല്ല.. ഞാൻ അന്ന് പറഞ്ഞില്ലേ.. അവൻ നിന്റെ രക്ഷകൻ ആണോന്നൊരു തോന്നൽ.. നിന്നെ വേദനിപ്പിച്ചവർക്ക് രണ്ടു കിട്ടട്ടെന്ന് കരുതിയ ഞാൻ അങ്ങനെ പറഞ്ഞത്.. നിന്റെ വേദനയിൽ അവൻ അസ്വസ്ഥതനാവുന്നുണ്ട്.. അതുതന്നെയല്ലേ അവനു നിന്നോടുള്ള സ്നേഹം.. "

"പിന്നേ.. സ്നേഹം.. മണ്ണാങ്കട്ടയാണ്‌.. വേദനിച്ചിരിക്കുന്ന നേരത്ത് വന്നു വീണ്ടും വേദനിപ്പിക്കുന്നത് ആണോ സ്നേഹം.. സ്നേഹത്തിന്റെ അർത്ഥം വേദന എന്നാണോ..? " അവളുടെ ശബ്ദം ഇടറി..അതിൽ നിന്നും അവന് ഒരു കാര്യം മനസ്സിലായി.. താജ് തല്ലിയത് അവളുടെ ശരീരത്തെ മാത്രമല്ല മനസ്സിനെയും വേദനിപ്പിച്ചിട്ട് ഉണ്ടെന്ന്.. അല്ലെങ്കിൽ അവൾ അത് ഓർത്ത് വെക്കുകയോ പറയുമ്പോൾ കണ്ണ് നിറയുകയോ ഒന്നും ചെയ്യില്ലായിരുന്നു..അപ്പൊ അവളുടെ മനസ്സിൽ എവിടെയൊക്കെയോ താജ് ഉണ്ടെന്ന് അർത്ഥം..അവൾക്ക് സങ്കടം ആയിരുന്നു എങ്കിൽ അവന് സന്തോഷമായിരുന്നു..ഒന്ന് കിട്ടിയാലും എന്താ.. പെണ്ണിന്റെ മനസ് ഒന്ന് ആടിയുലഞ്ഞിട്ട് ഉണ്ട്.. ഗുഡ് ഗോയിങ് താജ് ബ്രോ.. അവൻ ഉള്ളിൽ ഊറി ചിരിക്കാൻ തുടങ്ങി.. അത് അവൾക്ക് മനസ്സിലായി.. "എന്തിനാടാ പോത്തേ ചിരിക്കുന്നെ.." "അയ്..നീയിങ്ങനെ ചൂട് ആവാതെ.. തെറ്റ് നിന്റെ ഭാഗത്തുമുണ്ട്.. താജ് ചോദിക്കുമ്പോൾ നിനക്ക് കാര്യങ്ങൾ അങ്ങോട്ട്‌ പറഞ്ഞാൽ മതിയായിരുന്നല്ലോ.. എന്തിനാ ചുമ്മാ നുണ പറയാൻ പോയെ.. " "ഹൂ.. താജ് അല്ല.. അമൻ.. അമൻന്ന് വിളിച്ചാൽ മതി.. " "അത് നീ വിളിച്ചാൽ മതി.. ഞാൻ താജ്ന്നേ വിളിക്കൂ..

എനിക്കതാ ഇഷ്ടപ്പെട്ടെ.. നീ നിന്റെ ഇഷ്ടം നോക്കിയല്ലേ വിളിക്കുന്നത്.. അതുപോലെ തന്നെ ഞാനും.. താജ്...നൈസ് നെയിം.. " അവൻ ചിരി ഒതുക്കി പിടിച്ചു കൊണ്ട് പറഞ്ഞു.. അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയാണ്.. അവൾ ഒന്നാകെ തിളച്ചു മറിയുന്നുണ്ടായിരുന്നു.. "എണീറ്റു പോയെ നീ.. എനിക്ക് നോട്സ് എഴുതാൻ ഉണ്ട്.. " അവൾ പുസ്തകം തുറന്നു വെച്ചു.. "ലൈലൂ.. ഞാൻ ചോദിച്ചതു പറാ.. എന്താ നീ അവനോടു സത്യം പറയാഞ്ഞേ.. പറയായിരുന്നില്ലേ എല്ലാം.. എങ്കിൽ ആ അടിയും ഒഴിവാക്കാമായിരുന്നില്ലേ.. " "പറഞ്ഞിട്ട് എന്തിനാ.. പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. നീ വിചാരിക്കുന്ന പോലൊന്നും അല്ല അവൻ.. എന്റെ വേദന കാണുമ്പോൾ അസ്വസ്ഥതനാവുന്നവനല്ലാ അവൻ.. എന്റെ വേദനയിൽ സന്തോഷിക്കുന്നവനാ.. എന്നേ വേദനിപ്പിച്ചു ആനന്ദം കണ്ടെത്തുന്നവനാ.. അങ്ങനെ അല്ലായിരുന്നു എങ്കിൽ ഇന്ന് അവൻ എന്നെ അടിക്കില്ലായിരുന്നു.. അടിച്ചിട്ടാണൊ സത്യം പറയിപ്പിക്കുക.. ഞാൻ തോറ്റു പോകുവാ അവന്റെ മുന്നിൽ.. കൈ കരുത്ത് കൊണ്ട് അവനെന്നെ തോല്പ്പിക്കുവാ സനു.. സഹിക്കാൻ പറ്റുന്നില്ല.. എന്ത് മാത്രം വേദന ആണെന്ന് അറിയോ..

എന്നിൽ ഒരവകാശവും ഇല്ലാതിരുന്നിട്ടു പോലും അവൻ എന്നോട് പെരുമാറുന്നത് ഇങ്ങനെയാ.. അപ്പൊ എന്നിൽ എന്തെങ്കിലും അവകാശം ഉണ്ടായിരുന്നു എങ്കിലോ.. നീ പറഞ്ഞത് പോലെ ഞാൻ അവന്റെ ഇഷ്ടം അംഗീകരിച്ചു അവന്റെ മുന്നിൽ തോറ്റു കൊടുത്തെന്നു വെക്കുക.. പിന്നെ അവനെന്നെ ജീവനോടെ വെച്ചേക്കുമോ.. സ്വന്തം ആണെന്ന ധൈര്യത്തിൽ വേദനിപ്പിച്ചു വേദനിപ്പിച്ചു കൊല്ലുമെടാ അവനെന്നെ.. ഇവിടെ ആയത് കൊണ്ട് ജീവൻ എങ്കിലും ബാക്കിയുണ്ട്.. അവന്റെ അടുത്ത് ആയിരുന്നു എങ്കിൽ ഞാൻ എപ്പോഴേ മണ്ണിനടിയിൽ ആകുമായിരുന്നു.. " അവളൊരു നെടു വീർപ്പോടെ പറഞ്ഞു.. അവൻ യാതൊന്നും മിണ്ടിയില്ല.. അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു ചിരിക്കാൻ തുടങ്ങി.. "തെണ്ടി.. ചിരിക്കുന്നോ.. തല്ലു കിട്ടിയത് എനിക്കാ.. കവിള് വേദനിച്ചതു എന്റേതാ.. അതോണ്ട് നിനക്ക് ചിരിക്കാം.. അവന്റെ ഭാഗം ചേർന്നു എന്നെ തെറ്റ് പറയാം.. ഒന്ന് എഴുന്നേറ്റു പോകുന്നുണ്ടോ.. മേശ പുറത്ത് കയറിയിരുന്നു കുലുങ്ങി ചിരിക്കുന്നു പിശാശ്.. എനിക്ക് എഴുതാനുണ്ട്.. എണീറ്റു പോടാ.. " അവൾ അവനെ പിടിച്ചു മേശയിന്നു ഇറക്കി എല്ലാ പുസ്തകവും എടുത്തു മേശയിൽ നിരത്തി വെച്ചു..

മോളെ.. ലൈലൂ..നീ എത്ര കടും പിടുത്തം കാണിച്ചിട്ടും കാര്യമില്ല.. താജ് നിന്റെ മനസ്സിനെ പിടിച്ചെടുക്കും.. റമി നിന്റെ മനസ്സിൽ സ്ഥാനം നേടിയത് പോലെത്തന്നെ താജുo നേടി എടുത്തിരിക്കും.. പക്ഷെ ഒരു വ്യത്യാസം.. റമിയെ പോലെ തൊട്ടാവാടി സ്വഭാവം കൊണ്ടാവില്ല.. നീ എപ്പോഴും പറയുന്ന ഒരു തെമ്മാടിത്തരം ഉണ്ടല്ലോ ഇവന്.. അത് കൊണ്ട്.. ആ തെമ്മാടിത്തരം കൊണ്ടായിരിക്കും ഇവൻ നിന്റെ മനസ് നേടി എടുക്കുക.. നോക്കിക്കോ.. ഉറപ്പാണ്.. അതിലൊരു സംശയവുമില്ല.. നീ താജ്ന്റെതാകുന്ന ദിവസം ഇനി ഒരുപാട് ദൂരെ ഒന്നുമല്ല.. സനു ഒരു പുഞ്ചിരിയോടെ അവളെ നോക്കി.. * നോട്സ് എഴുതാൻ വേണ്ടി പുസ്തകം തുറന്ന അവളുടെ കണ്ണുകളിൽ ആ വരികൾ ഉടക്കി.. വാശി നല്ലതാണ്..അത് പക്ഷെ ജയിക്കാൻ ആയിരിക്കണം..അല്ലാതെ തോറ്റു പോകാൻ ആവരുത്..സ്വന്തം ജീവിതത്തിനോട് തന്നെ ആകരുത് നിന്റെ വാശി..നീ സ്നേഹിച്ചവനെ നിനക്ക് നഷ്ടപ്പെട്ടു എന്നതിനർത്ഥം നിന്റെ ജീവിതം തന്നെ നിനക്ക് നഷ്ടമായി എന്നല്ല..ചുറ്റിലേക്കും നോക്കൂ..നിന്നെ സ്നേഹിക്കുന്ന എത്ര പേരാണ്..കണ്ടില്ലന്നു നടിക്കുന്നത് എന്തിനു നീ.. മുന്നിലുള്ള സകലതും തട്ടി തെറിപ്പിച്ചു ഒരു ഭ്രാന്തിയെ പോലെ അലറാൻ തോന്നി അവൾക്ക്..

സനു റൂമിൽ ഉള്ളത് ഓർത്ത അവൾ കണ്ണുകൾ അടച്ചു വിരലുകൾ ഞെരിച്ച് ദേഷ്യം നിയന്ത്രിച്ചു വെച്ചു.. ആകെ ഭ്രാന്ത് പിടിക്കുന്നത് അവൾ അറിഞ്ഞു.. അവളാ പുസ്തകം എടുത്തു തിരിച്ചും മറിച്ചും നോക്കി.. അതേ.. എന്റേത് തന്നെ.. എന്റെ നോട്ട് പുസ്തകം തന്നെ. കളിച്ചു കളിച്ചു എൻറെ പുസ്തകത്തിൽ തന്നെ കളിക്കാൻ തുടങ്ങിയോ ഇവൻ.. എന്റെ ക്ലാസ്സിൽ വന്നു എന്റെ ബാഗിൽ കൈ ഇടാൻ മാത്രം വളർന്നോ.. ആരാ.. ആരാ ഇവൻ.. ആരായാലും മുന്നിൽ വന്നു കൂടെ.. എന്തിനാ ഈ ഒളിച്ചു കളി.. എന്നേ പേടിച്ചിട്ടോ.. അതോ എന്നെ പൊട്ടൻ കളിപ്പിക്കാനോ.. അല്ലാതെ തന്നെ തലയ്ക്കു മീതെ ഒരായിരം കാര്യങ്ങളുണ്ട്.. അതിന്റെ കൂടെയാ ഇപ്പൊ ഇങ്ങനൊരു മാരണം കൂടെ.. ഇതൊക്കെ എവിടെ കൊണ്ട് പോയി അവസാനിപ്പിക്കാനാ റബ്ബേ നിന്റെ തീരുമാനം.. എന്നാലും ആരായിരിക്കും ഇത്.. ഇങ്ങനെ ഒളിഞ്ഞു നിന്നു കളിക്കാൻ മാത്രം ആരാ കോളേജിൽ..? ഞാൻ അറിയുന്നവൻ ആയിരിക്കുമോ.. സത്യത്തിൽ എന്താ ഇവന്റെ ഉദ്ദേശം..

വെറും പ്രണയം മാത്രം ആണെങ്കിൽ ഇങ്ങനെയൊക്കെ എഴുതി വെക്കേണ്ട ആവശ്യം എന്താ.. മുന്നിൽ വന്നു നിന്നു പറഞ്ഞാൽ പോരെ.. ഇതിപ്പോ എന്റെ മനസ്സിൽ നിന്നും റമിയെ വേരോടെ പിഴുതു മാറ്റുക മാത്രമല്ല.. അവിടെ മറ്റൊരാളെ സ്ഥാപിക്കുക എന്നതു പോലെയുണ്ട് ഇവന്റെ ഉദ്ദേശം.. എന്നാൽ ഇവന് എന്നോട് പ്രണയമാണെന്നോ സ്നേഹം ആണെന്നോ ഒന്നും പറയുന്നുമില്ല.. ഇനി വേറെ ആർക്കെങ്കിലും വേണ്ടി ആയിരിക്കുമോ.. യാ അള്ളാഹ്.. ഒന്നും മനസ്സിലാവുന്നില്ലല്ലോ.. അവൾ ആകെ അസ്വസ്ഥതമായി തലയ്ക്കും താങ്ങു കൊടുത്തിരുന്നു.. മറുപടി വെച്ചാലോ..? വേണ്ടാ.. ഇത്തിരി എങ്കിലും മര്യാദ ഉള്ളവൻ ആണെങ്കിൽ അന്ന് വെച്ച രണ്ടു മറുപടിയിൽ തന്നെ മുന്നിലേക്ക് വന്നേനെ.. അത്രക്കും അവന്റെ ആണത്തത്തിൽ തൊട്ടു തന്നെ എഴുതിയിരുന്നു.. ആരാണെന്ന് അറിയണം.. മുന്നിൽ വരുന്നുമില്ല.. അപ്പൊ പിന്നെ മറുപടി വെക്കാതെ വേറെ വഴിയില്ലാ.. അവൾ നോട് പുസ്തകത്തിൽ നിന്നും ഒരു പേപ്പർ പറിച്ചു എടുത്തു.. നീ ആരെന്നു എനിക്കറിയില്ല..എന്തിനാ ഈ ഒളിച്ചു കളി..മുന്നിൽ വരാൻ പറ്റുമെങ്കിൽ വാ..അല്ലെങ്കിൽ നിന്റെ ഈ വട്ടു അവസാനിപ്പിച്ചിട്ട് പോ..

അല്ലാതെ തന്നെ ഇവിടെ മനുഷ്യൻമാർക്ക് സ്വസ്ഥത ഇല്ലാ..അതിന്റെ കൂടെ ഇതും..എന്നെ ഉപദേശിക്കാൻ വരണ്ട..എനിക്കറിയാം എന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്ന്..പോയി നിന്റെ പണി നോക്കെടാ. നാല് തെറിയും കൂടി എഴുതണമെന്ന് ഉണ്ടായിരുന്നു.. പക്ഷെ എഴുതിയില്ല.. വേറൊന്നും കൊണ്ടല്ല.. ഈ പേപ്പർ വേറെ ആർക്കെങ്കിലും കിട്ടി പോയാലോ.. വെറുതെ എന്തിനാ ഒന്നും ചെയ്യാത്തവന് തെറി കിട്ടുന്നെ.. നാളെ ലൈബ്രറിയിൽ പോകുമ്പോൾ വെക്കാം.. അവൾ അത് മടക്കി പുസ്തകത്തിന്റെ ഉള്ളിലേക്ക് വെച്ചു.. ഫോണിൽ നോക്കി നോട്സ് എഴുതി എടുക്കാൻ തുടങ്ങി.. "ലൈലൂ..ഹെല്പണോ റൈറ്റാൻ.." "ആദ്യം പോയി സ്പെല്ലിങ് തെറ്റാതെ വേർഡ്‌സ് എഴുതാൻ പഠിക്കടാ.. മിനിയാന്ന് ഹോംവർക് ചെയ്യാൻ വേണ്ടി നിന്റെ ബുക്ക്‌ തുറന്നപ്പോൾ പകച്ചു പോയതാ.. അക്ഷരം പെറുക്കി കൂട്ടി എടുത്താ വായിച്ചത്.. കവി എന്താ ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ല.. എന്നിട്ടും ഒരൂഹം വെച്ചു നിന്റെ വർക്ക്‌ ചെയ്തു വെച്ചു..

അമ്മാതിരി ദുരന്തമാ നീ.. ആ നീയാണോ എന്നെ റൈറ്റാൻ ഹെല്പുന്നത്.. ഒന്ന് പോഡെർക്കാ അവിടെന്ന്.. " കിട്ടണ്ടതു കിട്ടിയപ്പോൾ അവനു സമാധാനമായി.. പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല.. തോർത്തും എടുത്തു കുളിക്കാൻ പോയി.. * ബ്രദർ അടിച്ചതാണെന്നാ പറഞ്ഞത്.. പക്ഷെ എന്തിനായിരിക്കും..? എന്തിനാ പിന്നെ.. കിടക്കല്ലേ പത്തു മുഴം നാവ്.. അത് വളച്ചിട്ട് ഉണ്ടാകും.. തല്ലു കിട്ടണ്ട വർത്താനം മാത്രേ ആ വായ തുറന്നാൽ വരുള്ളൂ.. പുല്ല്.. വീട്ടുകാർക്ക് തന്നെ അതിനെ സഹിക്കാൻ പറ്റണില്ലന്നാ തോന്നുന്നേ..എന്നിട്ടും ഞാൻ എങ്ങനെ സഹിക്കുന്നു അവളെ..? എനിക്ക് വേണമെന്നും സ്വന്തമാക്കണമെന്നുമൊക്കെ തീരുമാനിച്ചുറപ്പിച്ചത് അല്ലാതെ ഇവിടെ കൊണ്ട് വന്നാൽ എങ്ങനെ ആ രാക്ഷസിയെ സഹിക്കുമെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല.. എന്നാലും ഇപ്പൊ പഴയത് പോലെയല്ല.. കുറച്ചൊക്കെ സോഫ്റ്റ്‌ ആയിട്ടുണ്ട്.. അതെന്ത് കൊണ്ടാണെന്നു മനസ്സിലായില്ല.. അവളോട്‌ നല്ല രീതിയിൽ പെരുമാറിയാൽ അവളും നല്ല രീതിയിൽ പെരുമാറുമെന്ന്.. അതിന്റെ അർത്ഥം എന്റെ പെരുമാറ്റം ശെരിയില്ലന്നല്ലേ.. ഹും.. എല്ലാം തികഞ്ഞിട്ട് ഉള്ളവൾ ആണല്ലോ.. കണ്ടേച്ചാലും മതി.. കാട്ടു കുരങ്ങിന്റെ മോന്തയും രണ്ടുണ്ട കണ്ണും ഒരു അണ്ണാച്ചി സ്റ്റൈലും..

അവൻ തിരിഞ്ഞു തലയിണ എടുത്തു കെട്ടിപ്പിടിച്ചു കിടന്നു.. എന്നിട്ടും ഉറക്കം വന്നില്ല.. അവളുടെ കണ്ണുകളും കിലു കിലെയുള്ള കരിവളയുടെ ശബ്ദവും കേൾക്കുന്നു.. ഇപ്പൊ എല്ലാ ദിവസവും കാണാനും ദേഷ്യം പിടിക്കാനുമൊക്കെ പറ്റുന്നുണ്ട്.. ഇനി രണ്ടു മൂന്ന് ദിവസം കഴിഞ്ഞാൽ ഒന്ന് കാണാൻ കൂടി കിട്ടില്ല.. മദർ തെരേസയ്ക്ക് പഠിക്കുകയല്ലേ.. ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെ പിന്നാലെ നടക്കുന്നു.. ഇവൾക്ക് ഒന്നും വേറെ പണിയില്ലേ.. ആ സമയത്ത് എന്നേ പ്രണയിച്ചാൽ പോരെ പോത്തിന്.. ഒരാൾക്ക് സ്നേഹവും സന്തോഷവുമൊക്കെ കൊടുക്കുന്നതും ഒരു ചാരിറ്റി ആണല്ലോ.. അല്ലേ..? ഇതുവരെ കോളേജിൽ ഒരാളും ആവശ്യപ്പെടാത്ത ഒന്നാണ് കോളേജിന്റെ ഭാഗമായി ഒരു ചാരിറ്റി ട്രസ്റ്റ്‌.. മുൻപ് ഒന്ന് രണ്ടു തവണ ടൗണിലെ സ്നേഹമയം ക്ലബ്‌ പ്രവർത്തകർ അവരുടെ ട്രസ്റ്റ്‌ൽ അംഗം ആകണമെന്നും അതിന്റെ വിപുലീകരണത്തിനു കോളേജ്ന്റെ വകയായി ഒരു കൈ സഹായം സംഭാവനയായി ചെയ്യണമെന്നൊക്കെ പറഞ്ഞു വന്നപ്പോഴോന്നും ഒരൊറ്റ കുഞ്ഞ് പോലും അതിനൊരു താല്പര്യം കാണിച്ചിട്ടില്ല..

സ്റ്റാഫ്‌സിന്റെ ഭാഗത്തുന്ന് എന്തെങ്കിലും നടക്കണമെങ്കിൽ പ്രിൻസി മുൻകൈ എടുക്കണം..അതേ സമയം സ്റ്റുഡന്റസ്ന്റെ ഭാഗത്തുന്ന് ആണെങ്കിൽ ചെയർമാൻ ആയ ഞാനും.. അതൊന്നും അന്ന് ഉണ്ടായില്ല.. താല്പര്യം കാണിച്ചില്ലന്ന് മാത്രമല്ല.. അവരുടെ റിക്വസ്റ്റ് കണക്കിൽ പോലും എടുത്തില്ല.. അല്ലെങ്കിലും ആരാ ഇന്നത്തെ കാലത്തു അതിന്റെയൊക്കെ പിന്നിൽ നടന്നു സമയം കളയാൻ ആഗ്രഹിക്കുന്നത്.. അങ്ങനെയുള്ള കോളേജിൽ നിന്നുമാണ് ഇപ്പൊ ഇങ്ങനൊരു ട്രസ്റ്റ്‌ ഉടൽ എടുക്കാൻ പോകുന്നത്.. കോളേജിന്റെ ഭാഗമായി അങ്ങനൊന്നു വേണമെന്ന ആവശ്യം ആദ്യമായി ഉയർത്തിയത് അവളാണ്.. വിഷയം ആശയം എന്നുവേണ്ട അതിന്റെ എല്ലാ മേൽനോട്ടവും അവൾക്കാണ്.. ഇന്നത് ഉൽഘാടനം വരെ എത്തി നില്കുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും അവൾക്കാണ്.. അവളൊറ്റ ഒരുത്തിയുടെ കഴിവ് കൊണ്ടാണ്.. അത് സമ്മതിച്ചു കൊടുക്കാതെ ഇരിക്കാൻ ആവില്ല.. ആദ്യം ആവശ്യം കേട്ടപ്പോൾ പ്രിൻസി വല്ലാതെ എതിർത്തതാണ്.. ചെയർമാൻ എന്ന നിലയിൽ ഞാനും.. അവളോട്‌ എതിർക്കാൻ കിട്ടിയ അവസരം ചുമ്മാ വിട്ടു കളയാൻ പാടില്ലല്ലോ.. അതുകൊണ്ട് കട്ടക്ക് എതിർത്തു നിന്നു.. എല്ലാവർക്കും സഹകരിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഞങ്ങൾ സയൻസ് സ്റ്റുഡന്റ്സ്സ് മാത്രം ചേർന്നു സ്റ്റാർട്ട്‌ ചെയ്തോളാമെന്നായി പിന്നെ അവൾ..

ചോദിക്കുമ്പോൾ സയൻസ് ഡിപ്പാർട്മെന്റ് മൊത്തം അവൾക്ക് ഒപ്പം.. അവര് മാത്രമല്ല..വളരെ നല്ലൊരു കാര്യമല്ലേന്നു പറഞ്ഞു സ്റ്റാഫ്‌സും അവളുടെ ഒപ്പം ചേർന്നു.. പിന്നെ നമ്മള് ബലം പ്രയോഗിച്ചിട്ട് ഒന്നും കാര്യമില്ലന്ന് മനസ്സിലായപ്പോ അവള് എന്ത് ഒലക്ക വേണമെങ്കിലും ഉണ്ടാക്കിക്കോട്ടെന്ന് കരുതി നൈസ് ആയി അതവിടെ വിട്ടു.. ആർട്സ് ആൻഡ് കോമേഴ്‌സ് ഡിപ്പാർട്മെന്റ്നോട് ഫണ്ട്‌ ചോദിക്കില്ല എന്ന് തുടക്കത്തിലെ അവൾ പറഞ്ഞിരുന്നു.. എങ്കിലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു പണം തികയാതെ വരുമ്പോൾ ഒരു ചെറിയ സംഭാവന ചോദിച്ചിട്ട് ആയാലും വരുമെന്ന്.. പക്ഷെ അതും ഉണ്ടായില്ല.. അവിടെയും വാക്ക് പാലിച്ചു അവൾ.. മൊത്തം സ്റ്റുഡന്റ്സിന്റെ നാലിൽ ഒന്ന് മാത്രമാണ് സയൻസ് സ്റ്റുഡന്റ്സ്.. പിരിവ് നടത്തിയാൽ തന്നെ എത്ര കിട്ടും..? ഏതായാലും വലിയൊരു എമൗണ്ട് ആവശ്യമാണ് ഇത് തുടങ്ങാൻ.. ബാക്കി ക്യാഷ് എവിടുന്ന് റെഡി ആക്കിയിട്ടുണ്ടാകും അവൾ.. എന്നാലും സംഭവം തന്നെ..

ഒരു കാര്യം വിചാരിച്ചിട്ട് ഉണ്ടെങ്കിൽ അത് നടപ്പിൽ ആക്കാൻ അവളെ കഴിഞ്ഞിട്ടേ ആളുള്ളൂ.. എലെക്ഷൻ ചൂടിന് മുന്നേയുള്ള ചൂട് ഇതുതന്നെ ഇപ്പോൾ.. ലാബ് ഉൽഘാടനവും ട്രസ്റ്റ്‌ ഉൽഘാടനവും.. ഏതായാലും കുറച്ചു ക്യാഷ് കോൺട്രിബ്യുഷൻ ആയി നൽകാം.. ചെയർമാൻ അല്ലേ.. ഇതിന് വേണ്ടി യാതൊന്നും ചെയ്തില്ലന്ന് വേണ്ടാ.. പിന്നെ നമ്മളെ മൂരാച്ചി തുടങ്ങി വെക്കുന്ന ഒരു കാര്യമല്ലേ.. എങ്ങനെയാ കയ്യും കെട്ടി നോക്കി നിൽക്കുക..അതിന്റെ പിന്നാലെ നടന്നു സമയം കളയാനോ വേറൊ സഹായം ചെയ്യാനോ ഒന്നും കഴിയില്ല.. ക്യാഷ് വേണോന്നു ചോദിക്കാം അവളോട്‌.. നാളെ ആവട്ടെ.. * വൈകുന്നേരം ക്ലാസ് കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോഴാണ് വീട്ടിലെ നമ്പറിൽ നിന്നും കാൾ വന്നത്.. സനു ആണെന്ന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ അവൾക്ക്.. "എന്താടാ.. ഇന്ന് നേരത്തെ എത്തിയോ..? " അവൾ ഫോൺ അറ്റൻഡ് ചെയ്തു കാതോരം ചേർത്ത് ചോദിച്ചു.. അതിന് മറുപടിയായി കിതച്ചു കൊണ്ട് അവൻ പറഞ്ഞ കാര്യം കേട്ടു എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ തളർന്നു നിന്നു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story