ഏഴാം ബഹർ: ഭാഗം 2

ezhambahar

രചന: SHAMSEENA FIROZ

മുന്നിൽ നിൽക്കുന്നത് താജ് ആണെന്ന് കണ്ടതും അവള് ദേഷ്യത്തോടെ അവന്റെ മുഖത്തേക്കും താഴേ വീണു കിടക്കുന്ന പുസ്തകത്തിലേക്കും നോക്കി... "നോക്കി ദഹിപ്പിക്കാതെടീ.. " "കിട്ടിയത് ഒന്നും മതിയായില്ലേ നിനക്ക്.. " "നിന്റെ നാല് ഡയലോഗ് കേക്കുമ്പോഴേക്കും വാലും ചുരുട്ടിയോടി മാളത്തിൽ പോയി ഒളിക്കാൻ ഇത് നിന്റെ ഡിഗ്രി കോളേജിലെ സീനിയറല്ല...നീ കാണുന്ന നട്ടെല്ലില്ലാത്തവന്മാരുടെ കൂട്ടത്തിൽ എന്നെ കൂട്ടാൻ നിക്കല്ലേ.." അവൾ കേട്ട ഭാവം നടിച്ചില്ല..കുനിഞ്ഞു ബുക്സ് പെറുക്കി എടുത്തു പോകാൻ നോക്കി..അവൻ വീണ്ടും കൈ കുറുകെ വെച്ചു.. "എന്താ... " അവൾ ദേഷ്യത്തോടെ ചോദിച്ചു.. "നിന്റെ ഉമ്മ നിന്നെ പുസ്തകത്തിന്റെ ഉള്ളിൽ ആണോടീ പെറ്റിട്ടത്...എപ്പോ നോക്കിയാലും ആ ലൈബ്രറിയിൽ ആണല്ലോ നീ.. " "അതിന് നിനക്കെന്താ...ഞാനെനിക്ക് ഇഷ്ടമുള്ള സ്ഥലത്ത് കാണും...അതൊന്നും കണ്ടവന്മാരെയൊക്കെ ബോധിപ്പിക്കേണ്ട ആവശ്യമെനിക്കില്ല...സോ എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത്.. "

"വരും...നിന്റെ കാര്യങ്ങളൊക്കെ എനിക്ക് അറിഞ്ഞേ തീരൂ...അതിനുള്ള അവകാശമെനിക്കുണ്ട്.. " "ഓ..ഏതു വകയിലാണാവോ ആ അവകാശം...നിന്റെ വാപ്പ സിറ്റിയിലും ടൗണിലും നിന്റെ പേരിൽ പ്രോപ്പർട്ടിസ് വാങ്ങിച്ചിടുന്ന കൂട്ടത്തിൽ എന്നെയും വാങ്ങിച്ചിട്ടോ..? അമൻ...സംസാരിക്കാൻ തീരെ താല്പര്യമില്ല..എന്റെ വഴിക്ക് കുറുകെ വരരുത് എന്ന് നിന്നോട് ഒരായിരം വട്ടം ഞാൻ പറഞ്ഞിട്ടുള്ളതാ..മാറി പോ.. " അവൾ അവനെ മറി കടന്നു പോകാൻ നോക്കി..പെട്ടെന്ന് അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ദേഹത്തേക്ക് ചേർത്തു... "അങ്ങനെ എളുപ്പം മാറി പോകാൻ വേണ്ടിയല്ലടീ ഈ വന്നു നിന്റെ മുന്നിൽ തടസ്സം സൃഷ്ടിക്കുന്നത്...എനിക്ക് വേണം നിന്നെ...അറിയണം നിന്നെക്കുറിച്ച്...എത്രയൊക്കെ ആട്ടി വിട്ടാലും വീണ്ടും വീണ്ടും വരുമെടീ നിന്റെ മുന്നിലേക്ക്... നീ എവിടേം വരെ പോകുമെന്ന് എനിക്കൊന്നു കാണണം...ഈ താജ്ന്റെ മുന്നിൽ മുട്ടു മടക്കാതെ എത്ര നാൾ നീയിങ്ങനെ വെല്ലുവിളിച്ചു നടക്കുമെന്ന് എനിക്ക് അറിയണം.. എന്നെ അല്ലാതെ മറ്റാരെയെങ്കിലും മനസ്സിൽ പ്രതിഷ്ടിക്കാനാണ് ഉദ്ദേശമെങ്കിൽ,,മോളെ ലൈലാ നിന്നെയും കൊല്ലും ഞാനും ചാവും...നീ എന്റെയാ..എന്റെ മാത്രം..ഒരുത്തനും വിട്ടു കൊടുക്കില്ല നിന്നെ ഞാൻ.. "

"നിനക്ക് തോന്നുന്നുണ്ടോ ഞാൻ എന്നെങ്കിലും നിന്നെ പ്രണയിക്കുമെന്ന്...ഒരു തരി എങ്കിലും ഇഷ്ടം നിന്നോട് എനിക്ക് ഉണ്ടാകുമെന്ന്... ഒരിക്കലുമില്ല...വെറുപ്പ് മാത്രെയുള്ളൂ..ഈയുള്ള വെറുപ്പ് മാറി എന്നെങ്കിലും നിന്നെ ഒരു സുഹൃത്തായി എങ്കിലും പരിഗണിക്കണമെന്ന് എനിക്ക് തോന്നീട്ട് ഉണ്ടെങ്കിൽ തന്നെ നിന്റെ ഈ പ്രവർത്തി കാരണം അതൂടെ ഇല്ലാതാവേയുള്ളൂ....ഒന്ന് മതിയാക്കുമോ നീ നിന്റെയീ പെരുമാറ്റം.. ഇപ്പോ ഇവിടെ ഞാനും നീയും മാത്രെയുള്ളൂ..നിന്റെ ഹീറോയിസം കാണാൻ കാണികളായി ഇവിടെ ആരും തന്നെയില്ല അമൻ..ഈ ചെയ്യുന്ന ഓരോന്നും എന്റെ മനസ്സിൽ നിന്നെക്കുറിച്ചുള്ള ബാഡ് ഇമേജ് വർധിപ്പിക്കുകയെ ഉള്ളു.. ഒന്നൂടെ പറഞ്ഞേക്കാം...നിനക്ക് എന്നല്ല...ഇനി ഒരാൾക്കും എന്റെ മനസ് കീഴ്പെടുത്താൻ ആവില്ല...അതെന്നോ എന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടതാ..സോ...ഇനി വരരുത്.." അവൾ ശക്തിയോടെ അവന്റെ കയ്യിൽ നിന്നും കുതറി മാറി... "അപ്പോ കേട്ടത് ശെരി തന്നെയാണല്ലേ...നിന്റെ മനസ്സിൽ ഒരാളുണ്ടല്ലേ.. "

അവന്റെ ശബ്ദം താണു..ഉള്ളിൽ എന്തോ ഒരു വേദന അനുഭവപ്പെടുന്നത് പോലെ തോന്നി.. "ആ...ഉണ്ട്..അതേതായാലും നീയല്ല...ഒരിക്കലും നീ ആവാനും പോകുന്നില്ല.. " അവൻ വലിച്ചപ്പോൾ തലയിൽ നിന്നും നീങ്ങിയ തട്ടം നേരെ ഇട്ടു കൊണ്ട് അവൾ വേഗത്തിൽ പടിയിറങ്ങി പോയി.. *** ക്ലാസ്സിൽ എത്തുമ്പോഴേക്കും കണ്ണ് നിറഞ്ഞു അവള്ക്ക് കാഴ്ച മങ്ങിയിരുന്നു...അവൾ ആരും കാണാതെ കണ്ണ് തുടച്ചു സീറ്റിലേക്ക് ചെന്നു...നുസ്റാനെ നോക്കി..കണ്ടില്ല..ഇന്ന് ലീവാണോ..ഒന്നും പറഞ്ഞില്ലല്ലോ.ആ വരുമായിരിക്കും.. അവൾ തിരിഞ്ഞു ബോയ്സ്ന്റെ ഭാഗത്തേക്ക്‌ നോക്കി..മുന്ന അവളെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.. "എന്താ.. " അവൾ കൈകൊണ്ടു ആങ്ങിയം കാണിച്ചു..അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു. "ഇന്നും വന്നു അല്ലെ അവൻ..? " "ഇല്ലല്ലോ... " "ഈ മുഖം കണ്ടാൽ എനിക്കറിയാം ലൈല...എന്നോട് നുണ പറയാൻ നോക്കണ്ട നീ.. " "പ്ലീസ് മുന്നാ..അവന് വേണ്ടത് ഞാൻ കൊടുത്തിട്ടുണ്ട്..നീ പ്രശ്നത്തിനു ഒന്നും ചെല്ലരുത്...

ഇവിടെ അഡ്മിഷൻ എടുക്കുമ്പോൾ നിന്റെ ഉമ്മാക്ക് ഞാനൊരു വാക്ക് കൊടുത്തിരുന്നു..എന്റെ പേരും പറഞ്ഞു നീയിനി ഒരിക്കലും ഒരു പ്രശ്നത്തിലും ചെന്നു ചാടില്ലാന്ന്.. ഇപ്പോൾത്തന്നെ ക്യാമ്പസ് ചർച്ച വിഷയം ഞാനും നീയുമാണ്...നമ്മള് അത് കേട്ടില്ലന്ന് നടിക്കും..ചിലർക്ക് നമ്മളെ മനസ്സിലാവും..പക്ഷെ എല്ലാവരുടെയും വായ അടപ്പിക്കാൻ നമുക്ക് കഴിയില്ല... നിനക്ക് അറിയാല്ലോ അമനെ...നിസ്സാരക്കാരനല്ല..നിന്നെ പൂട്ടാനുള്ള അവസരം കാത്തു നിക്കുവാ...എന്നാൽ അല്ലേ ധൈര്യമായി എന്നെ ശല്യം ചെയ്യാൻ പറ്റുള്ളൂ. എന്നെ അവൻ ഒന്നും ചെയ്യില്ലടാ..അതെനിക്ക് ഉറപ്പാ..പക്ഷെ നിന്നെ അങ്ങനെയല്ല..അവനൊന്നു വിചാരിച്ചാൽ നിന്റെ ഇവിടുത്തെ പഠിപ്പ് വരെ ഇല്ലാതാക്കാം..." അവൾ പറയുന്നത് അവന് മനസ്സിലാകുന്നുണ്ടായിരുന്നു..അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു പോകാൻ ഒരുങ്ങി..പെട്ടെന്നാണ് അവൻ തിരിഞ്ഞു നോക്കിയത്.. "എന്താ നിന്റെ കയ്യിൽ.. " ഡെസ്കിൽ വെച്ചിരിക്കുന്ന അവളുടെ കൈയിൽ തൊട്ടു കൊണ്ട് അവൻ ചോദിച്ചു..

കൈ തണ്ടയിൽ ചുവന്ന തിണർപ്പ്..നേരത്തെ അമൻ പിടിച്ചതിന്റെയാണ്..അവളൊന്നും മിണ്ടിയില്ല..പെട്ടെന്ന് കൈ വലിച്ചു മടിയിൽ വെച്ചു..മുന്നയ്ക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ..അവന്റെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നതു അവൾ കണ്ടു.. "മുന്നാ..നോ.. " അവളവനെ ദയനീയമായി നോക്കി.. "ഇല്ല ലൈല...പക്ഷെ കൊടുക്കും...എല്ലാത്തിനും ചേർത്തുള്ളതു അധികം വൈകാതെ തന്നെ ഞാൻ അവന് തിരിച്ചു കൊടുത്തിരിക്കും.." അവൻ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചതു പോലെ സീറ്റിൽ പോയിരുന്നു... "മുന്ന രാവിലെതന്നെ ദേഷ്യത്തിലാണല്ലോ...എന്താണ്..താജ് ഇന്നും വന്നോ നിന്നോട് ഉടക്കാൻ.. " നുസ്റ വന്നു അവളുടെ അടുത്ത് ഇരുന്നു.. "എന്തേ ലേറ്റ്.. " അവൾക്ക് താജ്ന്റെ വിഷയം സംസാരിക്കാൻ താല്പര്യം ഇല്ലായിരുന്നു.. "സീനിയർസ് പിടിച്ചതാടീ.. " "അയ്യേ...പിടിച്ചെന്നോ...എവിടെയാ പിടിച്ചേ... " "ഈ പോത്തേ...ഇത് നീ ഉദ്ദേശിക്കുന്ന ആ പിടിക്കലല്ലാ... "

"പിന്നെ ഏതു പിടിക്കലാണാവോ മോള് ഉദ്ദേശിച്ചേ.." "എടീ..എബിയാ...നീ ആയിരുന്നു വിഷയം.. " "ഓ..എന്നിട്ട് നീയെന്തു പറഞ്ഞു.. " "എന്ത് പറയാനാ...എല്ലാവരോടും പറയുന്നത് തന്നെ പറഞ്ഞു...എനിക്ക് നിന്നെ കുറിച്ച് കൂടുതലൊന്നും അറിയില്ലന്ന്...സത്യം തന്നെയല്ലേ..ഫ്രണ്ട്‌ ആണെന്ന് പറഞ്ഞു കൂടെ നടക്കുന്നു എന്നല്ലാതെ എനിക്ക് എന്തറിയാം നിന്നെക്കുറിച്ച്...ക്ലാസ് തുടങ്ങി നമ്മള് പരിചയപ്പെട്ടു രണ്ട് മാസത്തോളം ആവുന്നു...നിന്നെക്കുറിച്ചു എന്തേലും ഒന്ന് നീയിതുവരെ എന്നോട് പറഞ്ഞിട്ടുണ്ടോ...ഇവിടെ ആരോടേലും പറഞ്ഞിട്ടുണ്ടോ.. മുന്ന മാത്രമേയുള്ളൂ നിന്നെ അറിയുന്നവൻ..എന്നാൽ അവനോടു എന്തേലുമൊന്നു ചോദിക്കാന്ന് വെച്ചാലോ അവൻ നിന്നെയും വിറ്റു വരും...സംസാരത്തിൽ നിന്റെ പേര് വന്നാൽ പിന്നെ കമാന്നൊരു അക്ഷരം മിണ്ടില്ല പോത്ത്...ഇതിപ്പോ എബി ഇടയ്ക്ക് ഇടെ നിന്നെക്കുറിച്ചു ചോദിക്കുന്നുണ്ട്...താജ്നു വേണ്ടിയാണ്..മിനിയാന്ന് ഞാൻ പറഞ്ഞു നിനക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന്...അങ്ങനെ എങ്കിലും അവറ്റകൾടെ ശല്യം ഒതുങ്ങിക്കോട്ടേന്ന് കരുതിയാ... " "എടീ നുസ്രത് മോളെ....പറയാനും അറിയാനുമൊക്കെയായി എന്താ...അതിനും മാത്രം ഞാനാര്...

ടോൾസ്റ്റോയ് പ്രഭുവിന്റെ കൊച്ചു മോളോ..." അവൾ നുസ്രയുടെ രണ്ട് കവിളിലും പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.. "പിന്നേ..അങ്ങേരുടെ കൊച്ചു മോൾക്ക്‌ മാത്രമാണല്ലോ ഈ ലോകത്ത് ഡീറ്റെയിൽസും കാര്യങ്ങളുമൊക്കെ ഉള്ളത്...ഒന്ന് പോ ബലാലെ... " നുസ്റ അവളോട് മുഖം വീർപ്പിച്ചു എഴുന്നേറ്റു മുന്നയുടെ അടുത്തേക്ക് ചെന്നു..അവൾ തടഞ്ഞില്ല..അവള്ക്ക് അറിയാമായിരുന്നു രണ്ട് മിനുട്ടിൽ ലൈലാന്ന് വിളിച്ചു ഇങ്ങോട്ട് തന്നെ വരുംന്ന്... ** ദേഷ്യം സഹിക്കാൻ കഴിയാതെ ഉറഞ്ഞു തുള്ളിക്കൊണ്ട് ക്ലാസ്സിലേക്ക് വരുന്ന താജ്നെ കണ്ടു എബിക്ക് തല കുത്തി മറിഞ്ഞു ചിരിക്കാൻ തോന്നി..പക്ഷെ ചിരിച്ചാൽ സ്വന്തം ബോഡി പഞ്ഞിക്കടിയിൽ ആവുംന്ന് ഉറപ്പുള്ളത് കൊണ്ട് എബി ചിരി അടക്കിപിടിച്ചു അവന്റെ അടുത്തേക്ക് ചെന്നു... "ഡെയിലി ഒന്നെന്ന കണക്കിൽ കിട്ടുന്നുണ്ടല്ലോ...അത് പോരാഞ്ഞിട്ട് ആണൊ വീണ്ടും വാങ്ങിക്കാൻ ചെന്നത്.. " താജ് അവനെ രൂക്ഷമായി ഒന്ന് നോക്കുക മാത്രം ചെയ്തു...ദേഷ്യം തീരാൻ എന്ന വണ്ണം കൈ ഡെസ്കിൽ ആഞ്ഞടിച്ചു..

"ദേഷ്യത്തിലാ വേദന അറിയാത്തത്..പിന്നീട് വേദനിക്കും താജ്.. " എബി അവന്റെ കൈ പിടിച്ചു വെച്ചു കൊണ്ട് പറഞ്ഞു. "അവളാരാന്നാ അവളുടെ വിചാരം...ജാഡ തെണ്ടീ..ഐശ്വര്യ റായിയുടെ പെർഫോമൻസാ.. ഒരു ഫുൾ സ്ലീവ് ചുരിദാറും മുട്ടോളം മൊടഞ്ഞിട്ട മുടിയും വാലിട്ട് വലിച്ചു എഴുതിയ യക്ഷി കണ്ണും കൊണ്ട് ഇറങ്ങിയേക്കുന്നു ശൂർപണക...കണ്ടാലും മതി അവളുടെ കുട്ടി തേവാങ്കിന്റെ പോലുള്ള മോന്ത...പിടിച്ചു കൊണ്ട് പോയി തേക്കാത്ത ചുമരിൽ ഉരസാനാ തോന്നുന്നേ...നാവിനു മാത്രം ഇരുപത്തി ഒന്നാം നൂറ്റാണ്ടിനേക്കാൾ വികസനം ഉണ്ട്...കോലവും രൂപവും ഒക്കെ ഇപ്പോഴും ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിമിലെ നായികമാരെ പോലെയാ... എല്ലാം സഹിക്കാം...അവളുടെ കയ്യിലെ ആ കുപ്പിവളയും കാലിലെ കൊലുസും...എവെറെസ്റ്റിന്റെ നീളമുള്ള അവളുടെ നാവിനേക്കാൾ കഷ്ടമാ അത്....ഇരുപത്തി നാല് മണിക്കൂറും കല പിലാന്ന് കിലുങ്ങിക്കോണ്ട്...ഹൂ...

അതിന്റെ ശബ്ദം കേക്കുമ്പോൾ തന്നെ മനുഷ്യന്മാർടെ തല പകുതി ഇളകും...പുല്ല്...ഇവളൊക്കെ ഇനി തമിഴ്നാട്ടിന്ന് കുടിയേറി വന്നതാണോ... " ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ അവൻ മുടിയും പിച്ചിക്കൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു...അതു കേട്ട എബി കണ്ണും തള്ളി അവനെ നോക്കിപ്പോയി.. "നോക്കണ്ട.... " "ഇല്ലടാ...നിന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ തരാം...പിന്നെ എന്ത് കണ്ടിട്ടാ ടാ നീ അവളെ ഇഷ്ടപ്പെട്ടെ...വായ തുറന്നാൽ അവളെ കുറ്റം പറയാനും തെറി വിളിക്കാനുമേ നേരമൊള്ളൂ...എന്നാലൊട്ടു അവളുടെ പിന്നാലെ നടക്കുന്നതിന് ഒരു കുറവുണ്ടോ..അതുമില്ല താനും... " "എനിക്കിഷ്ടല്ല...അവളുടെ ഡ്രെസ്സിങ്ങ്..ഹെയർ സ്റ്റൈൽ..നാടോടികളെ പോലെ കുപ്പിവളയും കൊലുസും...അതിനേക്കാൾ ഏറെ അവളുടെ സംസാരം...ഒന്നും എനിക്കിഷ്ടല്ല...പെണ്ണല്ല അവള്...കറന്റ്‌നു തുല്യമാണ്...തൊടുന്നതേ ഓർമ ഉണ്ടാകുള്ളൂ...പിന്നെ ഒരു ഷോക്ക് ആയിരിക്കും...ഒരുഗ്രൻ പൊട്ടിത്തെറി...ഞാൻ തൊട്ടാൽ തെറിക്കുന്ന അവളുടെ സ്വഭാവമുണ്ടല്ലോ അതാ എനിക്ക് ഒട്ടും പിടിക്കാത്തത്..

എന്നാലും ഇഷ്ടാണ്....അതെന്ത് കൊണ്ടാണെന്നോ എന്ത് കണ്ടിട്ടാണെന്നോ എനിക്ക് അറിയില്ല...അവളെന്നെ വല്ലാതെ ആകർഷിക്കുന്നുണ്ട്..ശരീരം കൊണ്ടോ സൗന്ദര്യം കൊണ്ടോ ഒന്നുമല്ല...ഞാൻ പറഞ്ഞല്ലോ...അവളിൽ അതൊന്നും എനിക്ക് ഇഷ്ട പെട്ടിട്ടില്ല...പക്ഷെ എനിക്ക് വേണം അവളെ...എന്റെ മാത്രം സ്വന്തമായി..." അവൻ പറഞ്ഞതൊക്കെ കേട്ടു എബി നഖവും കടിച്ചോണ്ട് ഒരു മിനുട്ട് എന്തോ ആലോചിച്ചു നിന്നു..ശേഷം അവന്റെ തോളിൽ കൈ വെച്ചു.. "താജ് ബ്രോ...ഞാൻ ആലോചിച്ചിട്ട് ഇതിനൊരൊറ്റ പരിഹാരമേയുള്ളൂ...ഇനിയൊട്ടും വൈകിപ്പിക്കണ്ടാ...ഞാൻ ഇപ്പോ തന്നെ വിളിക്കാം ഊളംപാറയ്ക്ക്...ഒരു ബെഡ് ബുക്ക്‌ ചെയ്യാൻ പറയാം...അത്യാവശ്യം ലാർജ്...സൗകര്യത്തിനു കുറവൊന്നും ഉണ്ടാകാൻ പാടില്ലല്ലോ..." എന്ന് എബി പറഞ്ഞതും അവൻ തോളിലേക്ക് നോക്കി...അവന്റെ നോട്ടം കണ്ടതും എബി വെച്ച കൈ അറിയാതെ എടുത്തു പോയി...അവന്റെ ചുവന്ന മുഖം കാണുമ്പോൾ എബിക്ക് ഓർമ വന്നത് നേരത്തെ മനാഫ്ന്റെ കൊങ്ങയ്ക്ക് പിടിച്ച കാര്യമാണ്...എബി അവനെ നോക്കിയൊന്നു ഇളിച്ചു കാണിച്ചു പതിയെ പിന്നിലേക്ക് വലിഞ്ഞു.. **

ഇന്റർവല്ലിനുള്ള ബെല്ല് അടിച്ചതും അവൾ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു..ഈ കഴിഞ്ഞ രണ്ട് പീരീഡ് എങ്ങനെയാ ക്ഷമിച്ച് പിടിച്ചു നിന്നേന്ന് അവൾക്ക് തന്നെ അറിയില്ല... "എടീ എങ്ങോട്ടാ.. " അവളുടെ വെപ്രാളം പിടിച്ചുള്ള കളി കണ്ടു നുസ്ര ചോദിച്ചു..ഇപ്പൊ വരാന്നും പറഞ്ഞു അവള് ക്ലാസ്സിൽ നിന്നും ഇറങ്ങി ലൈബ്രറിയിലേക്ക് ഓടി.. ലൈബ്രറിയിലേക്ക് എത്തുമ്പോൾ അവൾ നന്നേ കിതക്കുന്നുണ്ടായിരുന്നു..ശ്വാസം എടുക്കാൻ പ്രായാസം തോന്നി..എന്നാലും അവളതു കാര്യമാക്കിയില്ല...ശബ്ദം ഉണ്ടാക്കാതെ അകത്തു കയറി ചുറ്റും നോക്കി...ഒരൊറ്റ മനുഷ്യ കുഞ്ഞ് പോലും അവിടെ ഉണ്ടായില്ല..സദാനേരം അവിടെ ഉണ്ടാകുന്ന സ്റ്റാഫ്‌ വരെയില്ല.. അവൾ രാവിലെ പുസ്തകം വെച്ച ഷെൽഫിന്റെ അടുത്തേക്ക് ചെന്നു..ഷെൽഫ് തുറന്നിട്ടുണ്ട്...അവൾ വേഗം തന്നെ കൈ നീട്ടി ആ പുസ്തകം എടുക്കാൻ നോക്കി..പെട്ടെന്ന് എന്തോ തോന്നലിൽ അവൾ കൈ പിൻവലിച്ചു അതിന് തൊട്ടു താഴെയുള്ള പുസ്തകം എടുത്തു...അവൾ താളുകൾ മറിച്ചു നോക്കി..അതിൽ ഉണ്ടായിരുന്നു അവൾക്കുള്ള മറുപടി.. *എനിക്കായി നിന്നിൽ നിന്നും ഉതിർന്നു വീണ ആദ്യത്തെ അക്ഷര കൂട്ടങ്ങൾ..വാക്കുകൾക്ക് പോലും കൂരമ്പിന്റെ ശക്തി..

ആരോടാണ് ഈ വാശി..ആരെന്നു അറിയാത്ത എന്നോടോ..ഭയമില്ല..എത്രയോ വട്ടം ഞാൻ നിനക്ക് മുന്നിൽ വന്നിരിക്കുന്നു..തിരിച്ചറിയാത്തതു നീയാണ്..തോറ്റു പോയതും നീയാണ്..* "യൂ ഇടിയട്... " ദേഷ്യം കൊണ്ട് അടിമുടി വിറച്ച അവൾ ആ കടലാസ് കഷ്ണം ചുരുട്ടി കൂട്ടി എറിഞ്ഞു..പെട്ടന്നാണ് പിന്നിൽ നിന്നും ഒരു കാൽ പെരുമാറ്റം ഉയർന്നത്..അവൾ ശര വേഗത്തിൽ തിരിഞ്ഞു നോക്കി..ഒരു ആൾരൂപം വാതിൽ കടന്നു പോകുന്നത് ഒരു മിന്നായം പോലെ കണ്ട അവൾ പുസ്തകം അവിടെയിട്ട് പുറത്തേക്ക് ഓടി..അപ്പോഴേക്കും ആ രൂപം അപ്രത്യക്ഷമായിരുന്നു..അവൾക്ക് തോറ്റു കൊടുക്കാനുള്ള ഭാവമുണ്ടായിരുന്നില്ല..തിരക്കിട്ട് താഴേക്കുള്ള സ്റ്റെയറിലേക്ക് ഓടിയതും അവൾ കാലു മടങ്ങി വീഴാൻ നോക്കി..നിലത്തു എത്തുന്നതിന് മുന്നേ അവൾ രണ്ട് കൈകളിൽ സുരക്ഷിതയായിരുന്നു...അവൾ തല ഉയർത്തി നോക്കി.. "അമൻ... " അവൾ അവന്റെ മുഖത്ത് നോക്കി പതുക്കെ പറഞ്ഞു..അവന്റെ കണ്ണുകൾ ഒരുനിമിഷം അവളുടെ മുഖത്ത് തന്നെ പതിഞ്ഞു നിന്നു...

അവൾ അവന്റെ പിടി വിടുവിച്ചു നേരെ നിന്നു.. "എന്താടി...നിന്നെ ആരെങ്കിലും കൊല്ലാൻ വന്നോ...മരണ പാച്ചിൽ ആയിരുന്നല്ലോ..ഇപ്പൊ ഞാനും കൂടെ പരലോകത്തേക്ക് എത്തിയേനെ... " "നീയല്ലേ ഇപ്പൊ ഇതുവഴി താഴേക്ക് ഓടിയെ... " അവൾ അവനെ രൂക്ഷമായി നോക്കിക്കൊണ്ട് ചോദിച്ചു... "ഞാനോ...ഓടുകയോ... " അവൻ അവളെ നോക്കി നെറ്റി ചുളിച്ചു.. "ആ...നീ തന്നെ...കള്ളം പിടിക്കപ്പെടുമെന്ന് ആകുമ്പോൾ അടവ് മാറ്റാൻ നോക്കുക ആണല്ലേ...നേരിട്ട് ചെയ്യുന്ന ശല്യമൊന്നും പോരാഞ്ഞിട്ട് ആണോ ഇപ്പൊ ഒളിച്ചു കളി തെരഞ്ഞെടുത്തേ...നാണമില്ലല്ലോ നിനക്ക് ഒരു പെണ്ണിന്റെ മുന്നിൽ മറഞ്ഞു നിൽക്കാൻ.." "ടീ പുല്ലേ...ഒരൊറ്റ വീക്കങ്ങ് വെച്ചു തന്നാൽ താഴത്തെ നിലയിൽ കിടക്കും...ഞാനൊന്നു മിണ്ടാതെ നിന്നെന്നു കരുതി തലയിൽ കയറി നിരങ്ങുന്നോ...എന്തുവാടി നിനക്ക് വേണ്ടത്...പാണ്ടി ലോറി പോലെ വന്നു എന്റെ മേലേക്ക് മറിഞ്ഞതും പോരാ..എന്നിട്ടിപ്പോ എന്നെ മൂക്കിൽ കേറ്റാൻ നോക്കുന്നോ..എല്ലാരോടും ഓവർ പെർഫോമൻസ് നടത്തി നടത്തി ഒടുക്കം തലയ്ക്കു വെളിവ് ഇല്ലാതെയായോ നിനക്ക്.." "എനിക്കറിയാം...നീ തന്നെയാ...നീ പറയുന്നതൊക്കെ വിശ്വസിക്കാൻ വേറെ ആളെ നോക്ക്... "

"ടീ... " "അലറണ്ടാ...എങ്കിൽ പറ...നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നെ...നിനക്കെന്താ ഇവിടെ കാര്യം.. " "അത്...ഞാൻ...അത് കണ്ടവളോടുമാരൊക്കെ പറയേണ്ട ആവശ്യമെനിക്കില്ല... " "ആ..ഉത്തരം ഇല്ലാ...നിർത്തിക്കോ നിന്റെ ഹൈഡ് ആൻഡ് സീക്ക്...അവിടെ തന്നെ ചുരുട്ടിക്കൂട്ടി എറിഞ്ഞിട്ടുണ്ട് നിന്റെ തുക്കട സാഹിത്യം.. " "കോപ്പേ...ഞാനല്ലന്ന് പറഞ്ഞില്ലേ... " അവൻ ദേഷ്യത്തോടെ അവളെ പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു...അവന്റെ ശബ്ദം ഉയർന്നതു കേട്ടു അവളൊന്നു വിറച്ചു.. "എന്താ നിനക്ക്...എന്താ നിന്റെ പ്രശ്നം... " "പറഞ്ഞല്ലോ...നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്...? " അവൾ വിടാനുള്ള ഭാവമില്ലായിരുന്നു.. "ഞാനും പറഞ്ഞല്ലോ...ഞാൻ എവിടെ പോകുന്നു എന്തിന് വരുന്നു എന്നൊന്നും നിന്നെ ബോധിപ്പിക്കണ്ട ആവശ്യം എനിക്കില്ല... " "എന്നാൽ അങ്ങോട്ട്‌ മാറി നിക്ക്... " അവൾ അവനെ പിടിച്ചു തള്ളി മാറ്റിക്കൊണ്ട് ധൃതിയിൽ താഴേക്ക് ഓടി... "ടീ..ടീ..നില്ല്...എവിടെക്കാ വാണം വിട്ട പോലെ..." താഴേക്കു എത്തുന്നതിന് മുന്നെ മുകളിലേക്ക് ഓടി കയറി വന്ന നുസ്ര അവളെ പിടിച്ചു നിർത്തി.. "എന്താ... " അവൾ സഹികെട്ടു ചോദിച്ചു.. "എവിടെക്കാ നീ നേരത്തെ തിരക്കിട്ടു പോയെ...

ഇപ്പൊ ഇതെവിടെക്കാ..എന്താടാ വല്ലാണ്ട്...വീണ്ടും താജ് വന്നോ...അല്ല..അവനെ കണ്ടാൽ ആണല്ലോ നിന്റെ മുഖം മാറുന്നത്..." "അവനെ കണ്ടാൽ എനിക്കെന്താ..എനിക്ക് പേടിയില്ല അവനെ..ഇത് അതൊന്നുമല്ല..ഞാൻ പറയാം...." എന്ന് പറഞ്ഞു അവള് പോകാൻ നോക്കി.. "എടീ...അതല്ല..വന്ന കാര്യം മറന്നു...നിന്നെ അഞ്ജലി മിസ്സ്‌ തിരക്കുന്നു..നീ ചെയർപേർസൺ‌ സ്ഥാനത്തേക്ക് മത്സരിക്കുന്നെന്ന് പറഞ്ഞിരുന്നില്ലേ...നോമിനേഷൻ ഇന്നാ ലാസ്റ്റ് ഡേറ്റ്...വേഗം ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു...നീ ലൈബ്രറിയിൽ കാണുമെന്നു മുന്നയാ പറഞ്ഞത്...അതാ ഞാൻ നേരെ ഇങ്ങോട്ട് കയറി വന്നെ...വേഗം വാ...ടൈം കഴിഞ്ഞാൽ ക്യാൻസൽ ആയി പോകും...താജ് നേരത്തെ കൊടുത്തു കഴിഞ്ഞു...അവനെതിരെ കോമ്പറ്റ് ചെയ്യണമെന്ന് നിനക്ക് വാശി അല്ലേ...ചാൻസ് നഷ്ടപ്പെടുത്തണ്ടാ..വേഗം വാ... " നുസ്ര അവളെയും വലിച്ചോണ്ട് വേഗത്തിൽ പടി ഇറങ്ങി..അവൾക്ക് മുന്നോട്ടു നടക്കാൻ മടി തോന്നി..അവളുടെ കണ്ണുകൾ ചുറ്റിനും ആരെയോ തിരയുന്നുണ്ടായിരുന്നു...താഴെ എത്തുന്നതു വരെ അവള് തിരിഞ്ഞും മറിഞ്ഞും മുകളിലേക്കും സൈഡിലേക്കുമൊക്കെ നോക്കി കൊണ്ടിരുന്നു.. "എന്റെ ലൈല..

.ഇതെന്താ കറന്റ്‌ അടിച്ച കാക്കയെ പോലെ ഒരു ബോധം ഇല്ലാതെ...ഒന്ന് വേഗം നടക്കടീ... " നുസ്രയുടെ നടത്തത്തിന്റെ വേഗത കൂടിയതും അവളും ഓഫിസ് ലക്ഷ്യം വെച്ചു വേഗത്തിൽ നടന്നു.. പോയത് പോയി...ആ തെണ്ടീ ആരെന്നു കണ്ടു പിടിക്കാൻ കഴിഞ്ഞില്ല..ഷിറ്റ്...ജസ്റ്റ്‌ മിസ്സ്‌..അപ്പോഴേക്കും എവിടുന്ന് കെട്ടി എടുക്കുന്നു എന്തോ ഓരോ മാരണത്തിനെ...ആ അമൻ...ശവം...അവൻ അപ്പൊ ആ വഴി വന്നില്ലായിരുന്നെങ്കിൽ മുഖം കണ്ടില്ലങ്കിലും ആ ഓടിയവന്റെ ബാക്ക് എങ്കിലുമൊന്നു കാണാമായിരുന്നു.. ഇനി അമൻ തന്നെ ആയിരിക്കോ അത്.ഞാൻ കണ്ടെന്നു തോന്നിയപ്പോൾ ഒന്നും അറിയാത്തവനെ പോലെ തിരിഞ്ഞു മുകളിലേക്ക് കയറിയതാവോ..കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല അവനെയൊന്നും...പക്ഷെ ഇങ്ങനൊരു കളി...ഇല്ലാ..അവൻ ആയിരുന്നു എങ്കിൽ അവനത് തുറന്നു പറഞ്ഞേനെ...എന്റെ മുന്നിൽ പ്രണയം പറഞ്ഞു വരാതെ നിക്കാൻ മാത്രം ധൈര്യം ഇല്ലാത്തവനല്ലല്ലോ അവൻ... റബ്ബി..ചുറ്റിനും ഓരോ ദുരന്തങ്ങൾ ആണല്ലോ..ഒന്നിനെ വില്ലനെ പോലെ സദാനേരവും മുന്നിൽ കാണുന്നു..മറ്റേതു ആണെങ്കിൽ ഗോസ്റ്റിനു തുല്യം..എങ്ങോട്ടു നോക്കിയാലും കാണുന്നില്ല..

.ഇതൊക്കെ എവിടെ ചെന്നു അവസാനിക്കാനാണ് അല്ലാഹ്.. ആ..പോട്ടെ...ഇനിയും കിടക്കല്ലേ ദിവസങ്ങൾ..കണ്ടു പിടിച്ചോളാം ഇടിയറ്റെ നിന്നെ ഞാൻ..ഇനി നിന്നെ കണ്ടു പിടിക്കാൻ പറ്റിയില്ലന്നതിന്റെ പേരിൽ എനിക്ക് ഏതായാലും മന്ദത പിടിച്ചു നടന്നു കോമ്പറ്റിഷനുള്ള ചാൻസ് നഷ്ടപെടുത്താൻ ഒക്കില്ല...ഒന്ന് പോടാപ്പാ ഗോസ്റ്റെ അവിടെന്ന്.. ഈ കോളേജിൽ കാല് കുത്തിയ അന്ന് തൊട്ടു കേൾക്കാൻ തുടങ്ങിയതാ ആ വില്ലൻ അമനെക്കുറിച്ച്..എങ്ങോട്ടു തിരിഞ്ഞാലും താജ് താജ്...ഇങ്ങനെ തലയിൽ എടുത്തു വെക്കാൻ മാത്രം എന്ത് മണ്ണാങ്കട്ടയാണാവോ അവന് മറ്റുള്ളവരിൽ നിന്നുമെല്ലാം ഡിഫറെൻറ് ആയി ഉള്ളത്...ഈ കഴിഞ്ഞ നാല് വർഷത്തോളമായി അവൻ തന്നെയാണ് കോളേജ് ചെയർമാൻ..കേട്ടു കേൾവിയാണ്..നമ്മള് ഈ കോളേജിൽ പിജിക്ക് ജോയിൻ ചെയ്തു രണ്ട് മാസമായി വരുന്നതേയുള്ളൂ...അതോണ്ട് കഴിഞ്ഞ കാല കാര്യങ്ങളൊക്കെ കേട്ടറിവു മാത്രെയുള്ളൂ..അല്ലാതെ തന്നെ കാശിന്റെയും പവർന്റെയും ഹുങ്ക് കാരണം അവന് നേരാവണ്ണം കണ്ണ് കാണുന്നില്ല..പിന്നെ ഇവിടെ കാണിക്കുന്നത് ചെയർമാൻ ആണെന്നതിന്റെ ഹുങ്ക് വേറെയും... കണ്ണിനു കണ്ട നാളു തൊട്ടേ എനിക്ക് അവനെ പിടിച്ചിട്ടില്ല..

സൽമാൻ ഖാന്റെ ഹൈറ്റും വെയിറ്റും വെച്ചു നടക്കുന്നു പെണ്ണുങ്ങളെ പിടിച്ചു വലിക്കാനും കിസ്സ് അടിക്കാനും...പോരാത്തതിനോ മുഖത്ത് രോമം മുളച്ചതിന് ശേഷം ഇന്നുവരെ ബാർബർ ഷോപ്പ് കണ്ടിട്ടില്ലാത്ത കണക്കെ കണ്ടൽ കാട് പിടിച്ച പോലെത്തെ താടിയും...അതിലിനി വല്ല പാമ്പോ പഴുതാരയുമൊക്കെ ഉണ്ടോന്നു നുഴഞ്ഞു കയറി തപ്പി നോക്കിട്ടു വേണം അറിയാൻ..പിച്ചക്കാരനു പോലും ഉണ്ടാകും ഇതിനെക്കാൾ ഭംഗി.. അപ്പോ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ ആ സിക്സ് പാക്ക് ബോഡിയും വെച്ചു കൊണ്ട് നടക്കുന്ന ദാരിദ്രവാസി പിച്ചക്കാരനെ ഒന്ന് തോല്പിക്കണമെന്നും എലെക്ഷൻ കഴിഞ്ഞു ബാലറ്റ് പെട്ടി തുറക്കുമ്പോൾ എട്ടു നിലയിൽ പൊട്ടിയെന്ന ന്യൂസ്‌ കേട്ടു പ്ലിങ്ങി പണ്ടാരം അടങ്ങി നിൽക്കുന്ന അവന്റെ വളിച്ച മോന്ത കണ്ടു നല്ലോണം സുഖിച്ചു ആർത്തു നാലു വിസിൽ അങ്ങ് നീട്ടി വലിക്കണമെന്നും ഇവിടെ കാല് കുത്തി അവനെ ആദ്യമായി കണ്ട അന്ന് തൊട്ടുള്ള നമ്മളെ ആഗ്രഹമാണ്...വെറും ആഗ്രഹം മാത്രല്ല..തീരുമാനിച്ചുറപ്പിച്ചതാണ്..

അവനെ തോല്പിച്ചങ്ങ് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തണമെന്നതു ഈ ലൈലയുടെ വാശിയാണ്..ഭൂരിഭാഗം കിട്ടിയാൽ മതിയായിരുന്നു..എല്ലാർക്കും അവനെന്നാൽ എന്തോ വല്യ സംഭവമാണ്..ഈ കഴിഞ്ഞ നാലു വർഷവും സ്ഥാനം അവൻ തന്നെ കൈക്കലാക്കിയതോണ്ടു ഇപ്രാവശ്യവും അവന് തന്നെ കിട്ടാനാണ് ചാൻസ്..അല്ലെങ്കിലും എല്ലാരും അവന് മാത്രല്ലേ കൊടുക്കുള്ളൂ..അതിനി അവന്റെ കൈ കരുത്ത് പേടിച്ചിട്ടാണോ അതോ അവനോടുള്ള ഇഷ്ടം കൊണ്ടാണോന്നു റബ്ബിനറിയാം..പേടിച്ചിട്ടാവാനാണ് സാധ്യത..അവനോടു കൂടുതൽ ആരും ഉടക്കാൻ നിക്കാറില്ല..ഭവിഷ്യത്ത് വലുതാണെന്നാ പറഞ്ഞു കേട്ടത്...നുസ്രയും പറഞ്ഞിട്ടുണ്ട് അവന്റെ ഗജ പോക്കിരിത്തരങ്ങളെക്കുറിച്ച്.. പക്ഷെ എന്ത് കൊണ്ടോ എനിക്ക് അവനെ പേടിയില്ല...അവനെ കാണുമ്പോൾ ഭയമെന്ന ഒന്ന് തോന്നുന്നതേയില്ല...ജീവിതത്തിൽ ഇതിനെക്കാൾ വലുതായി ഒരുപാട് കണ്ടത് കൊണ്ടും നേരിട്ടതു കൊണ്ടും ആയിരിക്കും...വാശിയാണ് അവനോട്..അവന്റെ മുന്നിൽ ഒരിക്കലും മുട്ട് മടക്കില്ലന്ന വാശി...കയ്യിലുള്ള പണം കൊണ്ട് നേടിയെടുക്കാൻ പറ്റുന്നതിനൊക്കെ ഒരു പരിധിയുണ്ട് എന്ന് ഞാൻ അവന് കാണിച്ചു കൊടുക്കും...കൈ കരുത്തിന്റെയും അധികാരത്തിന്റെയും പേരിൽ എല്ലാ കാലത്തും വിജയം നേടി

എല്ലാവരെയും ഭരിച്ചു നടക്കാമെന്നുള്ള അവന്റെ തോന്നലുകളൊക്കെ വെറും വിഡ്ഢിത്തരമാണെന്ന് വൈകാതെ തന്നെ ഞാൻ അവന് തെളിയിച്ചു കൊടുക്കും..അതിന് വേണ്ടിയാണു ഈ മത്സരം..ജയിച്ചേ പറ്റു..എന്ത് വില കൊടുത്തും അവന്റെ നേർക്ക് നേരെയുള്ള ഈ മത്സരത്തിൽ വിജയിച്ചേ പറ്റു.. *** താജ് അപ്പോഴും ഒരു അന്തവും ഇല്ലാതെ അവള് പോയ വഴിയും നോക്കി നിൽക്കുകയാണ്.. എന്തൊക്കെയാ അവള് ഇപ്പൊ പറഞ്ഞിട്ട് പോയത്..ഇനി ശെരിക്കും ഞാൻ ചോദിച്ചത് പോലെ തന്നെ തലയ്ക്കു വെളിവ് ഇല്ലാതെയായോ .? ഹൈഡ് ആൻഡ് സീക്ക്..മറഞ്ഞു നിൽക്കുക...തുക്കട സാഹിത്യം ഒന്നും മനസ്സിലാവുന്നില്ലല്ലോ റബ്ബേ... ഒന്ന് സ്‌മോക് ചെയ്യാന്ന് കരുതിയാണ് ആരും കാണാതെ ഇങ്ങോട്ടേക്കു കയറി വന്നത്..താഴെ നിന്നു എങ്ങോട്ടു തിരിഞ്ഞാലും എബിയുടെ മുന്നിലേക്കാണ്..പേടിച്ചിട്ടൊന്നുമല്ല..പത്തു പൈസയ്ക്ക് വകയില്ലാത്ത അവന്റെ ഉപദേശമൊന്നും സഹിക്കാൻ വയ്യാഞ്ഞിട്ടാണ്..ഇങ്ങനെ എന്തേലുമൊന്നു കണ്ടാൽ അപ്പൊ ചെക്കൻ തുടങ്ങും..ആ ഇത് കൊണ്ടാടാ അവൾക്കു നിന്നെ ഇഷ്ടമല്ലാത്തത്...സാധാരണ ഗേൾസിന് ഈ സ്‌മോക് ചെയ്യുന്ന ബോയ്സിനോട് ഒന്നും ക്രെസ് ഉണ്ടാവില്ലടാന്നൊക്കെ പറഞ്ഞു

ഒരു അഡ്വൈസ് ചാർട്ട് തന്നെ നിരത്തി തരും...അതൊന്നും സഹിക്കാതെ ഒന്ന് സ്വസ്ഥമായി വലിക്കാന്ന് കരുതിയാ ഈക്കണ്ട സ്റ്റെപ് മുഴുവനും കയറി വന്നത്...അപ്പോഴാ അവളുടെയൊരു കോപ്പിലെ ചോദ്യം..നീയല്ലേ ഇതുവഴി ഓടിയേന്ന്...പിന്നേ..എനിക്ക് എന്താ നിന്നെ പോലെത്തന്നെ തലയ്ക്കു ഓളം ആണോടീ കണ്ടമാനം ഇതിലൂടെ ഓടി ചാടി കളിക്കാൻ..ഇപ്പൊത്തന്നെ ഇവിടെ ലിഫ്റ്റ് എന്നൊരു ഐഡിയ കൊണ്ട് വന്നാലോന്നുള്ള തോട്ട് ഇല്ലാതില്ല...ആ എന്നോടാണ് അവള്...ഊൗ...ചെറു വിരൽ തൊട്ടങ്ങു കയറി വരുന്നുണ്ട്.. എന്നാലും എന്തായിരിക്കും ആ അണ്ണാച്ചി ഇവിടെ കിടന്നു പ്രസംഗിച്ചിട്ട് പോയത്...അങ്ങനെ കണ്ണും മൂക്കും ഇല്ലാതെ ഓടി കിതച്ചു വരാൻ മാത്രം എന്തായിരിക്കും ഉണ്ടായിട്ട് ഉണ്ടാവുക..അവൾ ആരെയോ പിന്തുടർന്നു വന്നത് ആണെന്നല്ലേ അതിനർത്ഥം... അവൻ അവിടെ നിന്ന് അവൾ പറഞ്ഞ ഓരോന്നും ഓർത്ത് എടുക്കാൻ തുടങ്ങി..പെട്ടെന്ന് എന്തോ തോന്നിയത് പോലെ അവൻ വേഗം ലൈബ്രറിയിലേക്ക് ചെന്നു അവിടെ മൊത്തത്തിൽ കണ്ണോടിച്ചു..വേസ്റ്റ് ബിൻ വരെ അവൻ അരിച്ചു പെറുക്കി.. എന്തോ ചുരുട്ടി കൂട്ടി എറിഞ്ഞുന്ന് പറഞ്ഞിട്ട് എവിടെ..?

അവൻ ഒന്നൂടെ സൂക്ഷമമായി എല്ലാടത്തും നോക്കി..അവന് തല പെരുക്കുന്നത് പോലെ തോന്നി.. എനിക്കെന്തിന്റെ കേടായിട്ടാ..ആ അരവട്ടു എന്തൊക്കെയോ പറഞ്ഞു പുലമ്പി എന്ന് കരുതി അതും കേട്ടു നോക്കാൻ വന്നിരിക്കുന്നു.. അവൻ പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു..ഫ്ലെയിമിടാൻ നോക്കിയതും ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു.. "ഓ..ഗോഡ്.." അവൻ സിഗരറ്റ് പൊളിച്ചു പോക്കറ്റിലേക്ക് ഇട്ടു..ഫോൺ എടുത്തു നോക്കി..എബിയാണ്.. "പറയെടാ.. " അറ്റൻഡ് ചെയ്തവൻ പറഞ്ഞു.. "എടാ..നീയറിഞ്ഞോ..ലൈല മത്സരിക്കുന്നുണ്ട് നിനക്കെതിരെ..അവൾ മാത്രം... എതിർ സ്ഥാനാർഥികൾ ഇല്ലാതെയല്ലേ ഇത്രേം കാലം നീ ചെയർമാൻ സ്ഥാനം കൈക്കലാക്കിയിരുന്നത്..ഇന്നിതാ ആദ്യമായി നിനക്ക് എതിരെ ഒരാൾ മത്സരിക്കുന്നു...അതും ഒരു പെണ്ണ്...വെറും പെണ്ണല്ല..നിന്നെക്കാൾ ഉശിരുള്ള നിന്റെ പെണ്ണ്..

പക്ഷെ അവൾക്ക് നീ ശത്രു പക്ഷത്താണ്..ഇപ്രാവശ്യം അവള് പിടിക്കുമെടാ..ഉറപ്പാണ്...നാണം കെടാൻ നിക്കണ്ട...നീ വന്നു ഡിക്ലെയ്ൻ ചെയ്തോ മോനെ... അവള് Nomination കൊടുക്കുന്ന കാര്യം ഇപ്പോഴാ പരസ്യമായെ...നീ ഇതെവിടെ പോയി കിടക്കാ...ഒന്ന് വേഗം വാ.. " എബി ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി... "നീ വെച്ചോ..ഞാൻ വരാം.. " അവന്റെ മുഖത്ത് ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ലാ..പകരം ഒരു ചിരി വിരിഞ്ഞു..നിഗൂഡമായൊരു ചിരി.. ** "ലൈലയ്ക്കു ചെയർപേർസൺ‌ സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കില്ല..." ഓരോന്നു ചിന്തിച്ചു കൊണ്ട് നുസ്രയോടൊപ്പം ഓഫിസിലേക്ക് ചെന്നു കയറിയ അവൾ അഞ്ജലി മിസ്സിന്റെ വാക്കുകൾ ഞെട്ടലോടെ കേട്ടു നിന്നു.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story