ഏഴാം ബഹർ: ഭാഗം 20

ezhambahar

രചന: SHAMSEENA FIROZ

"ലൈലൂ..നീ വീട്ടിലേക്കു വരണ്ട.. ഇവിടെ ആസിഫ് മാത്രമേ ഉള്ളൂ.. ഉമ്മാന്റെ വകയിലെ ഏതോ ഒരു അമ്മായിക്ക് സുഖമില്ല.. സീരിയസ് ആണ്.. ഉമ്മ സ്കൂളിലേക്ക് വന്നു എന്നെ കൂട്ടി.. സജൂക്കയും ഉണ്ട്.. ഞങ്ങൾ അങ്ങോട്ട്‌ പോകുകയാ.. ആസിഫ് വരുന്നില്ല.. എന്നാൽ ഞാനും വരുന്നില്ലന്ന് പറഞ്ഞു വാശി പിടിച്ചു.. ഉമ്മ സമ്മതിക്കുന്നില്ല.. നിന്നെ ആസിഫ്ന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുക്കുന്നതാ.. അതിന് വേണ്ടിയാ ഇപ്പൊ എന്നെയും വലിച്ചു കൊണ്ട് പോകുന്നേ.. അല്ലെങ്കിൽ സ്വന്തം മകനായ എനിക്ക് പോലും വയ്യാതെ ആകുമ്പോൾ സങ്കട പെടാത്ത ഉമ്മയാ ഇന്ന് നെഞ്ചത്തടിച്ചു നിലവിളിക്കുന്നെ.. എന്തായാലും നീയിന്നു ഇവിടേക്ക് വരണ്ട.. ഒരുദിവസം അല്ലേ.. ഹോസ്റ്റലിൽ എങ്ങാനും കയറാൻ നോക്ക്.. മിക്കവാറും ഞങ്ങൾ ഇനി നാളെ വരുകയുള്ളൂ.. റെഡിയായി ഇറങ്ങിയിരുന്നു.. ഉമ്മ കാണാതെ അകത്തേക്ക് വന്നു ഫോൺ ചെയ്യുന്നതാ.. സോറി ലൈലൂ.. ടേക്ക് കെയർ.. " അവൾക്കൊന്നും പറയാൻ ആയില്ല.. അതിന് മുന്നേ അവൻ ഫോൺ കട്ട്‌ ചെയ്തിരുന്നു.. ആ സ്ത്രീയോ സജാദോ കാണണ്ടന്ന് കരുതിയാവും.. കണ്ടാൽ പിന്നെ സജാദ് അവനെ അടിക്കുന്നതിന് കണക്ക് ഉണ്ടാവില്ല..

തന്നെ കുറിച്ച് ഓർത്ത് അവൻ വളരെ ടെൻസഡ് ആണെന്ന് അവന്റെ ശബ്ദത്തിൽ നിന്നു തന്നെ അവൾക്ക് മനസ്സിലായി.. എന്ത് ചെയ്യണമെന്ന് അറിയാതെ അവളൊരു തളർച്ചയോടെ ഫോൺ ബാഗിലേക്ക് ഇട്ട് അവിടെ ഭിത്തിയിലേക്ക് ചേർന്ന് നിന്നു.. ഒരു രാത്രി.. പക്ഷെ നേരം വെളുപ്പിക്കണ്ടേ.. ഇവിടെത്തെ റൂൾസ്‌ വെച്ചു നോക്കിയാൽ ഹോസ്റ്റലിൽ കയറി പറ്റാൻ ബുദ്ധിമുട്ടാണ്.. വാർഡൻ കർക്കശക്കാരിയാണ്‌.. എന്ത് കാരണം പറഞ്ഞാലും കേൾക്കില്ല.. ഒരൊറ്റ ദിവസത്തേക്ക് ആണെന്ന് പോലും നോക്കില്ല.. ഒരു റൂമും അനുവദിച്ചു തരില്ല.. അതോണ്ട് ആ വഴി നോക്കണ്ട.. മുന്നയോട് കാര്യം പറഞ്ഞാൽ അവൻ വീട്ടിലേക്കു കൂട്ടി കൊണ്ട് പോകും.. എന്റെ എതിർപ്പ് ഒന്നും നോക്കില്ല.. അവിടെ ഞാൻ സുരക്ഷിത ആയിരിക്കും.. പക്ഷെ വേണ്ടാ.. അവന്റെ ഉമ്മാക്ക് ഇഷ്ടപെടില്ല.. ഇപ്പോൾത്തന്നെ ഞാൻ കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചവരാ.. ഇനിയും വേണ്ടാ.. ഇനിയും അവരെ ബുദ്ധിമുട്ടിച്ചാൽ പടച്ചോൻ കൂടി പൊറുക്കില്ല..

എന്ത് ചെയ്യണമെന്നോ എങ്ങോട്ട് പോകണമെന്നോ അവൾക്ക് ഒരു എത്തും പിടിയും കിട്ടിയില്ല.. "ടീ.. എന്ത് നോക്കി നിക്കുവാ.. പോകണ്ടേ.. വാ.. നിന്റെ ബസ്സിനും ടൈം ആയല്ലോ..? " നുസ്ര അവളുടെ തോളിൽ തട്ടി.. "അത്.. അതുപിന്നെ ഞാൻ.. ഇന്ന് ഞാൻ നിന്റെ വീട്ടിലേക്കു വന്നോട്ടെ.. " പെട്ടെന്ന് വന്ന തോന്നലിൽ അവൾ ചോദിച്ചു.. " എ..എന്താ ചോദിച്ചെ.. എന്റെ വീട്ടിലേക്കോ..? " വിശ്വാസം വരാതെ നുസ്ര കണ്ണ് മിഴിച്ചു.. "ആ.. നിന്റെ വീട്ടിലേക്കു തന്നെ.. ചോദിച്ചത് ഇഷ്ടമായില്ലങ്കിൽ വേണ്ടാ.. വിട്ടേരെ.. ഞാൻ തിരിച്ചു എടുത്തു.. " "അയ്യോടീ.. തിരിച്ചു എടുക്കാൻ വേണ്ടി ആയിരുന്നോ മോള് ചോദിച്ചത്.. എന്നാലേ തിരിച്ചു എടുക്കാൻ ഞാൻ സമ്മതിച്ചില്ലങ്കിലോ.. എന്ത് ചോദ്യമാ പോത്തേ.. വന്നോട്ടെന്നോ.. വരുന്നെന്നു പറയെടി.. " നുസ്ര സന്തോഷം കൊണ്ടവളെ കെട്ടിപ്പിടിച്ചു.. അവൾക്ക് സമാധാനമായി.. " വരുന്നത് ഒക്കെ കൊള്ളാം.. പക്ഷെ ഒരു കാര്യം.. " നുസ്ര പറഞ്ഞു.. എന്തെന്ന അർത്ഥത്തിൽ അവൾ നെറ്റി ചുളിച്ചു.

"എന്താ പൊന്നു മോൾക്ക്‌ ഇന്ന് ഇങ്ങനെ തോന്നാൻ.. എന്റെ ബർത്ത് ഡേ പാർട്ടിക്ക് ഇൻവൈറ്റ് ചെയ്തിട്ട് കൂടി എന്റെ വീട്ടിലേക്കു വരാത്ത ആളാ.. അത് പോട്ടെ.. ബെസ്റ്റ് ഫ്രണ്ട് എന്ന നിലയിൽ പോലും നീ ഇന്നുവരെ എന്റെ വീട്ടിലേക്കോ ഞാൻ നിന്റെ വീട്ടിലേക്കോ വന്നിട്ടില്ല.. ഇപ്പൊ എന്തുപറ്റി..? " "അതൊന്നുല്ലടീ.. വീട്ടിൽ ആരുമില്ല.. അമ്മായിക്ക് സുഖമില്ല.. അല്പം സീരിയസാ.. എല്ലാവരും അവിടേക്ക് പോയിരിക്കുവാ.. ഞാൻ ഇനി വീട്ടിലേക്ക് എത്തീട്ടു അവിടേക്ക് പോകുകയൊന്നും നടക്കില്ല.. കുറച്ചു ദൂരമുണ്ട്.. അപ്പൊ വീട്ടിൽ ഒറ്റയ്ക്ക്.. എന്തോ പോലെ.. ആദ്യം ആയിട്ടാ ആരും ഇല്ലാതെ.. ബ്രദർ വിളിച്ചപ്പോ പറഞ്ഞു വീട്ടിലേക്ക് പോകണ്ട.. ഇന്നൊരു ദിവസം ഹോസ്റ്റലിൽ അഡ്ജസ്റ്റ് ചെയ്യാൻ.. അതേതായാലും നടക്കില്ല.. അത് കൊണ്ടാ ഞാൻ നിന്നോട്.... " അവൾ ഒരുവിധം പറഞ്ഞു നിർത്തി.. തിരിച്ചു നുസ്ര വീട്ടുകാരെക്കുറിച്ച് ഒന്നും ചോദിക്കരുതേ എന്നായിരുന്നു അവൾക്ക്.. "അപ്പൊ അതാണ്.. അല്ലാതെ നമ്മളെ വീട്ടിലേക്കു വരാനോ നമ്മളെ വീട്ടുകാരെ പരിചയപ്പെടാനോ ഒന്നുമുള്ള കൊതി കൊണ്ടല്ല അല്ലേ.. ഏതായാലും നമ്മക്ക് സന്തോഷം ആയി മോളെ.. നീ വാ.. ഇപ്പൊ ബസ്സ് ഉണ്ട്.. മിസ്സ്‌ ചെയ്യണ്ട.. "

നുസ്ര അവളെയും വലിച്ചു ബസ് സ്റ്റോപ്പിലേക്ക് നടന്നു.. * "നോക്ക് ഉമ്മാ.. ഇന്ന് നമ്മക്ക് ഒരു സ്പെഷ്യൽ ഗസ്റ്റ് ഉണ്ട്.. " വീടെത്തിയതും നുസ്ര, മടിച്ചു മടിച്ചു നിൽക്കുന്ന അവളെ പിടിച്ചു വലിച്ചു അടുക്കളയിലേക്ക് കൊണ്ട് പോയി.. അവൾ ആരാണെന്ന് മനസ്സിലായില്ല എങ്കിലും നുസ്റാന്റെ ഉമ്മാന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.. അവർ എന്തോ ചോദിക്കാൻ ഒരുങ്ങിയതും നുസ്ര വേഗം കാര്യം പറഞ്ഞു.. അവളുടെ വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ടാണെന്ന്.. കണ്ടിട്ടില്ല എങ്കിലും നുസ്ര പറഞ്ഞു ലൈലയെ ഉമ്മാക്ക് അറിയാമായിരുന്നു.. വന്നിരിക്കുന്നത് ലൈല ആണെന്ന് അറിഞ്ഞതും ഉമ്മാന്റെ സന്തോഷം ഒന്നൂടെ വർധിച്ചു.. നുസ്രയുടെ വീട്ടിൽ ഉമ്മയെ കൂടാതെ അവളുടെ ബ്രദറും കൂടി ഉണ്ടായിരുന്നു.. ആള് ഉപ്പാന്റെ ഒന്നിച്ച് വിദേശത്ത്‌ ബിസ്സിനെസ്സ് കാര്യങ്ങൾ നോക്കി നടത്തുകയാണ്‌.. ഇപ്പൊ ഒരു ഫ്രണ്ട്ന്റെ മാര്യേജ്ന് വേണ്ടി one വീക്ക്‌ ലീവ് എടുത്തു വന്നതാണ്.. നുസ്ര ലൈലയെ അവളുടെ ബ്രദർനും പരിചയപ്പെടുത്തി കൊടുത്തു..

അവനും നുസ്ര പറഞ്ഞു ആളെ അറിയാമായിരുന്നു.. പക്ഷെ ഇതുവരെ കണ്ടിട്ടില്ലന്ന് മാത്രം.. അവളെ കണ്ടതും അവനൊരു നിമിഷം അവളെ തന്നെ നോക്കി നിന്നു.. വേറൊന്നും കൊണ്ടല്ല.. അവളുടെ വിടർന്ന കണ്ണുകളും നീണ്ടു ഉയർന്ന കണ്പീലികളും കണ്ടിട്ടാണ്.. ആള് നല്ല സ്മാർട്ട്‌ ആണെന്ന് നുസ്ര പറഞ്ഞിരുന്നു.. അതോടൊപ്പം തന്നെ ഇത്രേം സുന്ദരി ആയിരിക്കുമെന്ന് കരുതിയിരുന്നില്ല.. അവന്റെ ആ നോട്ടം കണ്ടു ലൈലയ്ക്ക് എന്തോ പോലെയായി.. അവൾ വേഗം നോട്ടം തെറ്റിച്ചു താഴേക്ക് നോക്കി നിന്നു.. അത് നുസ്രയ്ക്ക് മനസ്സിലായി.. അവൾ അവന്റെ കാലിനിട്ടൊരു ചവിട്ട് കൊടുത്തു എന്റെ വില കളയരുത് എന്ന് പറഞ്ഞു ലൈലയെയും കൂട്ടി അവളുടെ റൂമിലേക്ക്‌ പോയി.. അത് കണ്ടു ലൈലയ്ക്ക് ചിരി വന്നു.. നുസ്ര അവൾക്ക് മാറ്റാനുള്ള ഡ്രസ്സ്‌ എടുത്തു കൊടുത്തു കുളിച്ചു വരാൻ പറഞ്ഞു.. അവൾ വേഗം കുളിച്ചു വന്നു.. നുസ്രയുടെ ഡ്രസ്സ്‌ അവൾക്ക് പാകം അല്ലായിരുന്നു.. ലൂസ് ആണ്.. അതോണ്ട് അവൾക്ക് ബോർ ഒന്നും തോന്നിയില്ല.. ഇറുകിയ ഡ്രസ്സ്‌നേക്കാളും ഇഷ്ടം ലൂസ് ഡ്രസ്സ്‌ ആണ്.. അവൾ മുടി തുവർത്തി ഉണക്കുന്ന നേരം കൊണ്ട് നുസ്രയും കുളിച്ചു വന്നു.. രണ്ടു പേരും താഴേക്ക് ഇറങ്ങി..

അപ്പോഴേക്കും നുസ്രയുടെ ഉമ്മ ചായയും പലഹാരവുമൊക്കെ റെഡി ആക്കി വെച്ചിരുന്നു.. എണ്ണ പലഹാരത്തിനോട് വല്യ താല്പര്യമില്ല.. അല്പം മാത്രമാണ് കഴിച്ചത്.. എന്നിട്ടും വയർ വേഗത്തിൽ നിറഞ്ഞത് അവൾ അറിഞ്ഞു.. വയർ മാത്രമല്ല.. മനസ്സും.. ആ ഉമ്മാന്റെ സ്നേഹം കാണുമ്പോൾ അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു പോയി.. തന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിലെന്നു ആശിച്ചു പോയി അവൾ.. ഉമ്മ മാത്രമല്ല.. അവളുടെ ബ്രദറും.. നേരത്തെ കണ്ടപ്പോൾ ഒരുവട്ടം അങ്ങനെ നോക്കിയതേയുള്ളൂ.. പിന്നെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.. നല്ല പെരുമാറ്റവും സ്നേഹവുമൊക്കെ ആണെന്ന് തോന്നി അവൾക്ക്... അവൾ എഴുന്നേറ്റു കൈ കഴുകി നേരെ വരാന്തയിലേക്ക് ചെന്നു.. ചിന്ത മുഴുവനും നുസ്രയെ കുറിച്ചായിരുന്നു.. വീട്ടുകാരുടെ സ്നേഹം കൊണ്ട് വീർപ്പു മുട്ടുന്നവൾ.. എന്ത് സന്തോഷവതിയാണ് അവൾ.. എന്റെ വാപ്പയും ഉമ്മയും ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ ഞാനും ഇതുപോലെ തന്നെ ഉണ്ടാകുമായിരുന്നു..

അവളുടെ മുഖം ഇരുണ്ടു കൂടാൻ തുടങ്ങി.. നുസ്ര വന്നു അവൾക്ക് അഭിമുഖമായി നിന്നു.. "എന്താടി.. എന്തെങ്കിലും ഇഷ്ട കുറവ് തോന്നുന്നുണ്ടോ.? " അവളുടെ മുഖത്തെ തെളിച്ച കുറവ് കണ്ടു നുസ്ര ചോദിച്ചു.. അവളൊന്നും മിണ്ടിയില്ല.. നുസ്രയെ ഇറുകെ പുണർന്നു.. " വരുന്നതിനു മുൻപേ എനിക്കറിയില്ലായിരുന്നു ഇതൊരു സ്വർഗം ആണെന്ന്.. അറിഞ്ഞിരുന്നു എങ്കിൽ ഞാൻ എപ്പോഴേ വരുമായിരുന്നു.. ആരാടീ ഇവിടം ഇഷ്ടപെടാതെ..ആർക്കാ ഇവിടെ ഇഷ്ട കുറവ് തോന്നുക.. ഒരിക്കൽ വന്നാൽ പിന്നെ താനേ വന്നു പോകും.. " അവൾ കരയുക ആണെന്ന് നുസ്രയ്ക്ക് മനസ്സിലായി.. അവളുടെ കണ്ണുനീർ വീണു ചുമൽ നനയുന്നുണ്ടായിരുന്നു.. പക്ഷെ കരയുന്നത് എന്തിനാണെന്ന് അറിഞ്ഞില്ല.. അവളുടെ ഉള്ളിൽ ഒരുപാട് കാര്യങ്ങളും സങ്കടങ്ങളുമൊക്കെ ഉണ്ടെന്ന് പലവട്ടം തോന്നിയിരുന്നു.. അപ്പോഴൊക്കെ ചോദിച്ചതുമാണ്.. പക്ഷെ ഇന്നുവരെ ഒന്നും പറഞ്ഞിട്ടില്ല.. എപ്പോഴും ഒന്നുല്ലന്ന് പറഞ്ഞു ഒഴിഞ്ഞു മാറും.. നല്ലൊരു ചാൻസാ ഇപ്പൊ കിട്ടിയിരിക്കുന്നത്. ഇന്ന് എന്തായാലും അറിയണം.. ഇന്ന് രാത്രി ചോദിക്കാം അവളോട്‌ എല്ലാ കാര്യങ്ങളും.. നുസ്ര കണക്കു കൂട്ടി..

"ലൈലാ.. അത് കണ്ടോ.. നിന്റെ ശത്രുവിന്റെ വീട്.. നീയെപ്പോഴും അവനെ പരിഹസിക്കാൻ ഉപയോഗിക്കുന്ന ഒരു പദം ഉണ്ടല്ലോ.. മേയർ ബംഗ്ലാവ്.. ഇത് താജ് ബംഗ്ലാവാ.. ദേ മുന്നിൽ നിക്കുന്നു തല എടുപ്പോടെ.. ഒന്ന് നോക്കിയേ.." അവളുടെ മൂഡ് മാറിക്കോട്ടെന്ന് കരുതി നുസ്ര അവളെ അടർത്തി മാറ്റിക്കൊണ്ട് പറഞ്ഞു.. അവൾ കണ്ണുകൾ തുടച്ചു നുസ്ര കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി.. "മാ ഷാ അല്ലാഹ്.. " അവൾ അറിയാതെ പറഞ്ഞു പോയി.. ബംഗ്ലാവെന്ന് മാത്രം പറഞ്ഞാൽ പോരാ ഇതിനെ.. എത്രയോ വീട് കണ്ടിരിക്കുന്നു.. കോടിക്കണക്കിനു രൂപ ചിലവിട്ട് നിർമിച്ചത്.. മാനത്തോളം വലുപ്പവും പവിഴത്തോളം തിളക്കവും ഭംഗിയുമൊക്കെ ഉള്ളത്.. താൻ താമസിക്കുന്നതും അങ്ങനൊരു വീട്ടിൽ തന്നെയാണ്.. പക്ഷെ ഇത്.. ഇങ്ങനൊന്നു ആദ്യമായിട്ടാ കാണുന്നത്.. എന്തൊരു പ്രൗഡി.. അവൾക്ക് അതിന്റെ അകം മുഴുവനും ചുറ്റി കാണണമെന്ന് തോന്നി.. "മോളെ.. ഇതൊന്നുമല്ല.. അതിന്റെ അകത്തോട്ടു കയറിയാൽ നിന്റെ ബാക്കിയുള്ള ഫ്യൂസും പോകും.. അത്രക്കുമുണ്ട്.. രാവിലെ കയറിയാൽ രാത്രി ആകും ഇറങ്ങാൻ.. നോക്കാനും കാണാനും ആസ്വദിക്കാനുമൊക്കെ ഏറെയുണ്ട്.. നിനക്ക് ഒരുപാട് ഇഷ്ടപ്പെടും..

ആർട്ടിലും ക്രാഫ്റ്റിലുമൊക്കെ വല്യ താല്പര്യമല്ലെ നിനക്ക്.. അതിന്റെ അകം നിറയെ വരയും കൊത്ത് പണികളുമൊക്കെയാ.. നമുക്ക് ഒന്ന് പോയാലോ.. " "ഏഹ്.. അവന്റെ വീട്ടിലേക്കോ.. ഞാനില്ല.. കണ്ടപ്പോൾ ഒരു കൗതുകം തോന്നി.. അത് കൊണ്ട് നോക്കിന്നേ ഉള്ളൂ.. അല്ലാതെ ഞാൻ എങ്ങും ഇല്ല അവന്റെ വീട്ടിലേക്ക്.. കോളേജിന്ന് കിട്ടുന്നത് തന്നെ താങ്ങാൻ വയ്യാ.. ഇനി വീട്ടിലേക്കു ചെന്നു ഇരന്നു വാങ്ങിക്കണോ ഞാൻ.. കൊലയ്ക്ക് കൊടുക്കാനാണോ ചാടി തുള്ളി നീയെന്നെ കൂട്ടിക്കൊണ്ട് വന്നേ.. " "ഹിയ്യോ.. ഈ പോത്ത്.. അപ്പൊ ഇത്രേ ഒള്ളൂല്ലേ നീ.. എടീ.. അവൻ ഉണ്ടാകില്ല.. ലോകം മുഴുവൻ ചീറി പാഞ്ഞു എത്താനുള്ള ടൈം ആയിട്ടില്ല.. മാത്രമല്ല.. ഇന്ന് അവിടെ അവന്റെ വാപ്പ ഉണ്ടെന്നാ തോന്നുന്നേ.. കണ്ടില്ലേ മുറ്റത്തു ഔദ്യോഗിക പദവിയുള്ള കാർ കിടക്കുന്നത്.. നമുക്ക് ഒന്ന് പോയി പരിചയപ്പെട്ടിട്ടു വരാമെന്നെ.. മരുമകൾ ആണെന്ന് പറഞ്ഞാൽ മതി.. മൂപ്പർക്ക് സന്തോഷമാവുമെന്ന് മാത്രല്ല.. താലപ്പൊലി എടുത്തായിരിക്കും നിന്നെ സ്വീകരിക്കുക.. " നുസ്ര നിന്നു ചിരിക്കാൻ തുടങ്ങി.. "ആണോ.. എന്നാലേ എനിക്കൊന്നും വേണ്ടാ ആ സ്വീകരണം..

പിന്നെ അങ്ങോട്ട്‌ ചെന്നു മൂപ്പരെ കണ്ടാലേ സമാധാനം ആവുള്ളുന്ന് ആണെങ്കിൽ പൊന്നു മോള് ചെല്ല്.. വെറുതെ വേണ്ടാ.. അവൻ സ്നേഹിക്കുന്നത് നിന്നെ ആണെന്നും നീയാണ് ഭാവി മരുമകൾ എന്നും കൂടെ പറഞ്ഞേര്.. താലപ്പൊലി മാത്രല്ല.. അവൻ ഉണ്ടെങ്കിൽ വെടിക്കെട്ടു തന്നെ നടത്തും.. ചെല്ല് മുത്തേ.. " കിട്ടണ്ടതു കിട്ടിയപ്പോൾ നുസ്രയ്ക്ക് സമാധാനമായി.. പിന്നെ ഒന്നും പറയാൻ നിന്നില്ല.. ഒന്ന് ഇളിച്ചു കാണിച്ചു അകത്തേക്ക് കയറി.. അതു കണ്ടു ചിരിച്ചോണ്ട് അവളും നുസ്രയ്ക്ക് പിന്നാലെ അകത്തേക്ക് കയറി.. * ഒരു കയ്യിൽ മദ്യവും മറ്റേ കയ്യിൽ സിഗരറ്റുമായി അവൾ വരുന്ന സമയവും എണ്ണി കാത്തിരിക്കയായിരുന്നു ആസിഫ്.. ഓരോ തുള്ളി മദ്യം അകത്തേക്ക് പ്രവഹിക്കുoതോറും അവന്റെ കണ്ണുകൾ കൂടുതൽ കൂർത്തു തിളങ്ങുകയും അവളുടെ ഇളം മേനിയിലേക്ക് പല്ലും നഖവും താഴ്ത്താനുള്ള കൊതി വർധിക്കുകയും ചെയ്തു കൊണ്ടിരുന്നു.. കാലുകൾ മുന്നിലുള്ള ടേബിളിലേക്ക് കയറ്റി വെച്ചു.. ചുവന്നു മറിഞ്ഞ കണ്ണുകളോടെ ക്ലോക്കിലേക്ക് നോക്കി.. വരുന്ന സമയം ആയിട്ടും അവളെ കാണാത്തത് അവന്റെ ദാഹത്തിന്റെ അളവ് വർധിപ്പിച്ചു..

മുന്നിൽ മദ്യ കുപ്പികളുടെയും സിഗരറ്റ്ന്റെയും എണ്ണം അധികരിച്ചു കൊണ്ടിരുന്നു.. സിരകളിൽ മദ്യത്തിന്റെ ലഹരി ആഴ്ന്നിറങ്ങി.. കൊതിയും ആർത്തിയും അടക്കി നിർത്താൻ ഈ ലഹരിയൊന്നും പോരാ.. വടിവ് ഒത്ത അവളുടെ ശരീരം തന്നെ വേണമെന്ന് തോന്നി.. കാത്തിരിപ്പ് ഭ്രാന്ത് പിടിപ്പിക്കുന്നത് അവൻ അറിഞ്ഞു.. അവൻ ഫോൺ എടുത്തു ആ സ്ത്രീക്ക് വിളിച്ചു.. ഇത്രേം നേരം ആയിട്ടും അവൾ വന്നില്ലന്ന കാര്യം അറിഞ്ഞതും അവർ ആദ്യം നോക്കിയതു സനുവിനെയാണ്‌.. ഞാൻ ഇവിടെങ്ങും ഇല്ലേ എന്ന മട്ടിലുള്ള അവന്റെ ഇരുപ്പും ഭാവവും കണ്ടപ്പോൾ അവർക്ക് ഉറപ്പായി സനു അവളെ കാര്യം അറിയിച്ചിട്ടുണ്ട് എന്ന്.. കഷ്ടപ്പെട്ട് ഉണ്ടാക്കിയ അവസരം ഒരു പ്രയോജനവും ഇല്ലാതെ പാഴ് ആയി പോകുന്നതിലുള്ള ദേഷ്യം കുറച്ചൊന്നുമല്ലായിരുന്നു അവർക്ക്.. അവർ സനുവിനെ പിടിച്ചു നിർത്തി കാര്യം ചോദിച്ചു.. "എനിക്ക് അറിയില്ല ഉമ്മ.. ലൈലൂനൊരു ക്യാമ്പ് ഉണ്ടെന്ന് പറഞ്ഞിരുന്നു.. ചിലപ്പോ അത് ഇന്നായിരിക്കും.. എങ്കിൽ ഇന്ന് വീട്ടിലേക്കു പോകാൻ കഴിയില്ല.. കോളേജിൽ തന്നെ സ്റ്റേ ചെയ്യേണ്ടി വരും.. " തനിക്ക് ഒരു പങ്കും ഇല്ലാത്തത് പോലെ നിസ്സാരമായി പറഞ്ഞു അവൻ..

അവർക്കതു വിശ്വാസം വരുന്നുണ്ടായിരുന്നില്ല.. അവർ സജാദ്ന്റെ അടുത്തേക്ക് ചെന്നു കാര്യം പറഞ്ഞു.. അവൻ ചാടി പുറപ്പെടാൻ ഒരുങ്ങിയതും അവർ തടുത്തു.. "വേണ്ടാ.. നാളെ ആവട്ടെ.. അവൾക്ക് ഉള്ളത് നാളെ കൊടുക്കാം.. എത്ര ദിവസം അവൾക്ക് ഇങ്ങനെ രക്ഷപെടാൻ ആവും.. കൂടി പോയാൽ ഒന്നോ രണ്ടോ തവണ.. അത്രയല്ലേ കഴിയുകയുള്ളൂ.. " അവരുടെ മുഖത്ത് ക്രൂരമായ ചിരി വിരിഞ്ഞു.. സനുവിനു ആകെ പേടി തോന്നുന്നുണ്ടായിരുന്നു.. അവളെ ഓർത്തിട്ടു ഒരു സമാധാനവും ഉണ്ടായില്ല.. ഒന്നു വിളിച്ചു എവിടെ ആണെന്ന് അന്വേഷിക്കാമെന്ന് പറഞ്ഞാൽ അവരുടെ കണ്ണ് വെട്ടിക്കാനും പറ്റുന്നില്ല.. അവൻ വേദനയോടെ നിന്നു.. ** രാത്രി ഭക്ഷണം കഴിഞ്ഞപ്പാടെ അവൾ റൂമിലേക്ക്‌ പോയി.. മൂഡ് ശെരി അല്ലായിരുന്നു.. സനുവിനെ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു അവൾക്ക്..വിളിച്ചു നോക്കാമെന്ന് പറഞ്ഞാൽ അവന്റെ കയ്യിൽ ഫോണുമില്ല.. ആ സ്ത്രീയുടെ ഫോണിലേക്ക് വിളിക്കാതെ നിക്കുന്നത് ആണ് ഭേദം..

അവന് അവരുടെ കണ്ണ് വെട്ടിക്കാൻ പറ്റുന്നുണ്ടാവില്ല.. ഉണ്ടായിരുന്നു എങ്കിൽ അവൻ ഉറപ്പായും ആരുടെ ഫോൺ എടുത്തിട്ട് ആയാലും എനിക്ക് വിളിക്കുകയും എവിടെയാണെന്നൊക്കെ അന്വേഷിക്കുകയും ചെയ്യുമായിരുന്നു.. മരിക്കുന്നതിന് മുന്നേ വാപ്പ ഒരു കാര്യമേ ആവശ്യപ്പെട്ടിട്ടുള്ളൂ.. അത് സനു അവരുടെ മകൻ ആയത് കൊണ്ട് അവനെ വെറുക്കുകയോ അകറ്റി നിർത്തുകയോ ചെയ്യരുത് എന്നാണ്..അന്ന് വാപ്പാക്ക് നൽകിയ വാക്കാണ്.. ഇന്നുവരെ തെറ്റിച്ചിട്ടില്ല.. ഇനി തെറ്റിക്കയുമില്ല.. ജീവിതത്തിന്റെ ഏതു അവസ്ഥയിലും സനുവിനെ ഞാൻ എന്നോട് ചേർത്ത് നിർത്തും.. അവൾ അവനെ ഓർത്ത് തന്നെ കിടന്നു.. * ലൈലയോട് അവളെ കുറിച്ചുള്ള കാര്യങ്ങൾ ചോദിക്കാനും അറിയാനും വേണ്ടി അവളുടെ പിന്നാലെ റൂമിലേക്ക്‌ വെച്ച് പിടിക്കാൻ നിന്ന നുസ്രയെ ഉമ്മ പിടിച്ചു നിർത്തി.. കാര്യം വേറൊന്നുമല്ല.. ലൈലയെ നമ്മക്ക് ഇങ്ങോട്ട് കൊണ്ട് വന്നൂടെ എന്നായിരുന്നു.. അത് കേട്ട അവൾ ആദ്യം നോക്കിയതു ബ്രദർനെയാണ്.. അവൻ ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ മേലേട്ടും താഴോട്ടും നോക്കി നിൽപ്പാണ്.. മറുപടിയായി അവൾ പൊട്ടി ചിരിച്ചു.. അത് ലൈലയുടെ സ്വഭാവം ഓർത്തിട്ടാണ്.. പെണ്ണ് ചോദിച്ചു അങ്ങോട്ടേക്ക് ചെന്നാലും മതി.. ഇപ്പൊ സമാധാനത്തിന്റെ വെള്ളരിപ്രാവും പറത്തി നടക്കുന്ന പെണ്ണ് ചീറ്റ പുലിയായി മാറുന്നത് കാണാം..

"എടീ.. നീ അവളോട്‌ ഒന്ന് സംസാരിച്ചു നോക്ക്.. നല്ല മോളാ.. എനിക്കിഷ്ടപ്പെട്ടു.. മരുമകൾ ആയി വരുന്നുണ്ടെങ്കിൽ അവളെ പോലെത്തൊരു പെണ്ണ് വരണം.. " ഉമ്മ നുസ്രയോട് വീണ്ടും അതുതന്നെ പറഞ്ഞു.. "എൻറെ ഉമ്മ.. അവൾ ആരാണെന്നു നിങ്ങക്ക് അറിയോ..? അവളെ മരുമകൾ ആക്കാനുള്ള നിങ്ങടെ പൂതി ഇപ്പോഴേ അങ്ങ് കളഞ്ഞേക്ക്.. അവൾ താജ്ന്റെയാ.. അവളെ മോഹിക്കുന്നത് പോയിട്ട് ആരെങ്കിലും ഒന്ന് അറിയാതെ നോക്കിയാൽ പോലും പിന്നെ അവരെയൊന്നും ജീവനോടെ വെച്ചേക്കില്ല അവൻ.. ഇക്കാക്കാ.. ജീവൻ വേണേൽ വേണ്ടാത്ത പണിക്ക് ഒന്നും നിക്കണ്ട.. അവളെ കണ്ടപ്പോൾ കണ്ണ് തള്ളിപ്പോയതു ഞാൻ കണ്ടതാ.. വേണ്ടാത്തത് വല്ലതും തോന്നിട്ട് ഉണ്ടെങ്കിൽ ഇപ്പൊ തന്നെ മനസ്സിന്നു വിട്ടേര്.. " എന്ന് തുടങ്ങി താജ് ലൈലയുടെ പിന്നാലെ നടക്കുന്ന കാര്യവും അവൾ പിടി കൊടുക്കാതെ റെഡ് സിഗ്നൽ കാണിച്ചു നടക്കുന്നതുമെല്ലാം നുസ്ര രണ്ടു പേരോടും വിശദീകരിച്ചു.. പിന്നെ അവൻ അവിടെ നിന്നില്ല.. എന്തോ കണ്ടു പേടിച്ചതു പോലെ റൂമിലേക്ക്‌ ഒരൊറ്റ പോക്കായിരുന്നു. അത് താജ്ന്റെ പേര് പറഞ്ഞത് കൊണ്ടാണെന്നു നുസ്രയ്ക്ക് മനസ്സിലായി..

കോളേജിലെ ബോയ്സിന് മാത്രമല്ല.. ഈ നാട്ടിലെ സകല ബോയ്സിനും താജ്നെ പേടിയാണ്.. നുസ്ര ചിരിച്ചോണ്ട് റൂമിലേക്ക്‌ കയറിപ്പോയി.. അപ്പോഴും ആ ഉമ്മയുടെ മുഖത്തെ തെളിച്ചം മങ്ങിയില്ല.. മനസ്സിൽ താജ്നെയും ലൈലയെയും ഒരുമിച്ചു കാണുകയായിരുന്നു അവർ.. * നുസ്ര ചെല്ലുമ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു.. ഒന്നു രണ്ടു തവണ വിളിച്ചു നോക്കി.. അനക്കമൊന്നും ഉണ്ടായില്ല.. പിന്നെ നുസ്ര വിളിക്കാൻ നിന്നില്ല.. അവൾക്ക് പുതപ്പ് ഇട്ട് കൊടുത്തു.. അവളെ കുറിച്ച് അറിയണമെന്നും ചോദിക്കണമെന്നുമൊക്കെ ഉണ്ടായിരുന്നു..പക്ഷെ ഒന്നും നടന്നില്ല. നുസ്ര നിരാശയോടെ ലൈറ്റ് അണച്ചു അവളുടെ അടുത്ത് വന്നു കിടന്നു.. * രാവിലെ പൗലോസ് ചേട്ടൻ റൂമിൽ കൊണ്ട് വെച്ച ബെഡ് കോഫിയും എടുത്തു കൊണ്ട് അവൻ ബാൽക്കണിയിലേക്ക് ഇറങ്ങി..ഒരു സ്വിപ്പ് കുടിച്ചതേയുള്ളൂ..അപ്പോഴേക്കും മണ്ടയിൽ കയറി..വേറൊന്നും കൊണ്ടല്ല.. എന്തോ കണ്ണിൽ ഉടക്കിയത് പോലെ വെറുതെ മുൻ വശത്തെ വീടിന്റെ ബാൽക്കണിയിലേക്ക് ഒന്ന് നോക്കിയതാണ്..ദേ നിൽക്കുന്നു ലവൾ..അതും കയ്യിൽ തോർത്തുമായി ഈറനോടെ. അവന്റെ കണ്ണ് തള്ളിപ്പോയി..

ഇവളെന്താ ഇവിടെ.. അതും ഈ രാവിലെ കുളിയും തേവാരവുമൊക്കെ കഴിഞ്ഞ്.. അപ്പൊ അവൾ ഇന്നലെ ഇവിടെ ആയിരുന്നോ.. എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ..? ഇനി ഇത് അവൾ തന്നെയല്ലേ..? അവൻ അവളെ സൂക്ഷിച്ചു നോക്കി.. മുടി തോർത്തുന്നതിന്റെ ഇടയിൽ എപ്പോഴോ അവളുടെ കണ്ണുകൾ അവന്റെ മേലേക്കും എത്തിയിരുന്നു..ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്നത് പോലെയുള്ള അവന്റെ നോട്ടം കണ്ടു അവൾ അവനെ തുറിച്ചു നോക്കി.. അവൾ നോക്കുന്നത് കണ്ടതും അവൻ അവളെ കാണാത്ത ഭാവത്തിൽ കോഫി ഊതി ഊതി കുടിക്കാൻ തുടങ്ങി.. അവന്റെ കോപ്രായം കാണാൻ അവൾ നിന്നില്ല.. വേഗം അകത്തേക്ക് കയറിപ്പോയി. അവളെന്താ അവിടെയെന്ന് അറിയാതെ അവനൊരു സമാധാനവും ഉണ്ടായില്ല.. അവൻ ഫോൺ എടുത്തു എബിക്ക് വിളിച്ചു കാര്യം പറഞ്ഞു.. "നീ വെക്ക്..ഞാൻ തിരിച്ചു വിളിക്കാം " എന്ന് പറഞ്ഞു എബി ഫോൺ കട്ട്‌ ചെയ്തു.. എബി അപ്പോൾത്തന്നെ നുസ്രയ്ക്ക് വിളിച്ചു കാര്യം അന്വേഷിച്ചു.. അവളുടെ വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ടാണെന്നു നുസ്ര പറഞ്ഞു.. എബി അത് അപ്പൊത്തന്നെ താജ്നു വിളിച്ചു അറിയിക്കുകയും ചെയ്തു..

" അതിനെന്തിനാ അവൾ അവിടെ പോകുന്നേ..? " അവൻ ദേഷ്യത്തോടെ ചോദിച്ചു.. "പിന്നെ എവിടെ പോകണം.. " "ഇവിടേക്ക് വന്നൂടെ.. എന്റെ വീട്ടിലേക്ക്.. " "വിശ്വാസം കാണില്ല.. " "വിശ്വാസം ഇല്ലാതെ ഇരിക്കാൻ ഞാൻ എന്താ അവളെ ചെയ്തെ.. " "നീ എന്താ അവളെ ചെയ്യാത്തത്..? ഇനി ചെയ്യാൻ ഒന്നും ബാക്കിയില്ല.." "വെച്ചിട്ടു പോടാ പട്ടി.. " അവൻ കാൾ കട്ട്‌ ചെയ്തു.. അവനു ദേഷ്യം ആയിരുന്നു എങ്കിൽ എബിക്ക് പൊരിഞ്ഞ ചിരിയായിരുന്നു.. ഇനി അവനു അവിടെ നിൽക്കാൻ പറ്റില്ല.. ഇപ്പൊ തന്നെ നുസ്രയുടെ വീട്ടിലേക്കു ഇടിച്ചു കയറി പോകും.. ലൈലയെ കാണാൻ.. ദേഷ്യപ്പെടാൻ.. സ്നേഹിക്കാൻ.. എന്നിട്ട് ഒടുക്കം അവളുടെ കയ്യിന്ന് വയർ നിറച്ചു വാങ്ങിച്ചു തിരിച്ചു പോരും.. ഓരോന്നു ഓർത്തതും എബിയുടെ ചിരി കൂടി.. അവൻ ഫോൺ എടുത്തു നുസ്രയ്ക്ക് വീണ്ടും വിളിച്ചു.. "ഇപ്പം താജ് അങ്ങോട്ട്‌ വരും.. നീയൊന്നു ഡോർ തുറന്നു കൊടുത്തേര്.. " എബി പറഞ്ഞു.. "താജോ.. ഇവിടേക്കോ.. നോ ചാൻസ്.. " "വരും.. നീ നോക്കിക്കോ..? " " വരുന്നത് പോയിട്ട് ഇവിടെ ഇങ്ങനൊരു വീട് ഉണ്ടെന്നത് പോലും അവനു അറിയാൻ വഴിയില്ല.. ഇത്രേം കാലം ആയിട്ടും അവന്റെ അയൽവാസി എന്ന നിലയിൽ പോലും അവനീ വീട്ടിലേക്കു ഒന്ന് വന്നിട്ടില്ല.. "

"അതൊന്നും എനിക്കറിയില്ല.. അവൻ ഇപ്പൊ വരും.. നീ ഡോർ തുറക്ക്.. " എബി പറഞ്ഞു തീർന്നില്ല.. അതിന് മുന്നേ കാളിങ് ബെല്ല് മുഴങ്ങി.. അവൾ കാൾ ഡിസ്‌കണക്ട് ചെയ്തില്ല.. വേഗം വാതിൽ തുറന്നു.. വരുമെന്ന് എബി പറയുമ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല.. മൂട്ടിൽ തീ കൊണ്ട പോലെ ദേ നിൽക്കുന്നു താജ് മുന്നിൽ.. അവൾ കണ്ണ് തള്ളി ഒരുനിമിഷം അവനെ നോക്കിപ്പോയി.. " ലൈല എവിടെ..? " അവന്റെ ശബ്ദം കേട്ടതും അവൾക്ക് ബോധം വന്നു.. "അത്.. താജ്.. ലൈലാ.. " അവൻ ലൈലയെ ചോദിക്കുമ്പോൾ തന്നെ പേടിയാണ്.. ഉപദ്രവിക്കുമോ എന്ന പേടി.. "പേടിക്കണ്ട.. ഞാനൊന്നും ചെയ്യില്ല.. എനിക്കൊന്നു കാണണം.. " അവൻ പറഞ്ഞു.. പിന്നെ അവൾ നിന്നു പരുങ്ങാൻ നോക്കിയില്ല.. ഒന്ന് ചിരിച്ചു കൊണ്ട് അവനെ അകത്തേക്ക് ക്ഷണിച്ചു.. അവൻ കയറി ഒന്ന് ചുറ്റിലും കണ്ണോടിച്ചു.. "മേളിൽ... റൂമിലുണ്ട്.. " നുസ്ര സ്റ്റെയർലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.. അവൻ മുകളിലേക്ക് കയറിപ്പോയി.. കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടിട്ടാണ് നുസ്രന്റെ ഉമ്മ ഹാളിലേക്ക് വന്നത്..

വന്നു നോക്കിയപ്പോൾ കണ്ടത് താജ് മുകളിലേക്ക് കയറി പോകുന്നതാണ്.. അവർ അന്തം വിട്ടു നുസ്രയെ നോക്കി.. ആദ്യമായിട്ടാണ് അവൻ ഇങ്ങോട്ട് വരുന്നത്.. നുസ്ര ഉമ്മാനെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു കാണിച്ചു "മോളെ... അവൻ.. അവൾ ഒറ്റയ്ക്ക് അല്ലേ റൂമിൽ..? " "അതോർത്തു പേടിക്കണ്ട ഉമ്മ.. അത് ലൈലയാ.. അവന്റെ പെണ്ണ്.. അവൻ ഡീന്ന് വിളിക്കുമ്പോൾ പോടാ പട്ടീന്ന് വിളിക്കാൻ ധൈര്യം ഉള്ളവൾ.. പിന്നെ ഇതാദ്യമായിട്ടൊന്നുമല്ല അവനു അവളെ ഒറ്റയ്ക്ക് കിട്ടുന്നത്.. അവനൊന്നും ചെയ്യില്ല.. പെണ്ണിന്റെ അഭിമാനത്തിൽ തൊട്ടു കളിക്കുന്നവനല്ലാ അവൻ.. ഉമ്മ പോയി ഒരു ഗ്ലാസ്‌ ചായ എടുത്തു വാ.. അവൻ ഇപ്പം വരും.. ആദ്യമായി വരുന്നത് അല്ലേ ഇങ്ങോട്ട്.. " അവൾ ഉമ്മാനെ അടുക്കളയിലേക്ക് പറഞ്ഞയച്ചു.. ആരുടെയോ പൊട്ടി ചിരി കേട്ടു.. കയ്യിലുള്ള ഫോണിലേക്ക് നോക്കി.. അപ്പോഴാണ് എബി കണക്ടിലുള്ള കാര്യം ഓർമ വന്നത്.. " എന്തിനാടാ പോത്തേ ചിരിക്കുന്നെ.. "

" ഇപ്പൊ എന്ത് പറയുന്നു.. വന്നില്ലേ അവൻ.. എൻറെ പ്രവചനമൊന്നും തെറ്റാറില്ല മോളെ... " "അതിന് നീയാര്.. മേപ്പാട്ട് തിരുമേനിയുടെ കൊച്ചു മോനോ.. ലൈല ഉള്ളിടത്തു അവനും ഉണ്ടാകും.. അതിലിപ്പോ വല്യ പ്രവചനത്തിന്റെ ആവശ്യമൊന്നുമില്ല.. " "വന്നത് മാത്രമല്ല.. അഞ്ചേ അഞ്ചു മിനുട്.. വിത്തിൻ ഫൈവ് മിനുട്സ്ൽ അവൻ അതേ വേഗത്തിൽ ഇറങ്ങി വരും.. അത് പക്ഷെ പോയത് പോലെ ആയിരിക്കില്ല.. പോയത് അവളെ കാണാനുള്ള ആവേശത്തിൽ ആയിരുന്നു എങ്കിൽ വരുന്നത് അവളെ ചവിട്ടി കൊല്ലാനുള്ള ദേഷ്യത്തിൽ ആയിരിക്കും.. കണ്ടോ നീ.. " "എടാ പിശാശേ.. ഇവിടെ കുളി പോലും കഴിഞ്ഞിട്ടില്ല.. അപ്പോഴാ നിന്റെ ഓരോ പ്രവചനവും മണ്ണാങ്കട്ടയും.. ഒന്ന് വെച്ചിട്ടു പോടാ.. " അവൾ ഫോൺ കട്ട്‌ ചെയ്തു.. കുളിക്കണം.. റൂമിൽ താജ് ഉള്ളതോണ്ട് ഇപ്പൊ കയറി പോകാൻ പറ്റില്ല.. അവൾ നേരെ ഉമ്മാന്റെ റൂമിലേക്ക്‌ ചെന്നു.. * കണ്ണാടിയുടെ മുന്നിൽ നിന്നു മുടി ചീകുകയായിരുന്നു ലൈല.. ഡോർ അടയുന്ന ശബ്ദം കേട്ടു.. തിരിഞ്ഞു നോക്കിയില്ല.. "എന്തെടുക്കുവായിരുന്നുടീ.. പോയി കുളിക്കാൻ നോക്ക്.. ലേറ്റ് ആവുന്നു.." നുസ്ര ആണെന്ന് കരുതി അവൾ പറഞ്ഞു.. മറുപടി ഒന്നും വന്നില്ല..

ഇവൾക്ക് ഇതെന്തു പറ്റിയെന്നു കരുതി അവൾ തിരിഞ്ഞു നോക്കി.. മുന്നിൽ രണ്ടും കയ്യും മാറിൽ കെട്ടി തന്നെ നോക്കി നിക്കുന്ന താജ്നെ കണ്ടതും കാല് മുതൽ തല വരെ ഒരു തരിപ്പ് പാഞ്ഞു പോയി അവൾക്ക്.. "നു..നുസ്രാ... " അവൾ അറിയാതെ വിളിച്ചു പോയി.. "അയ്യേ.. എന്നെ കണ്ടാൽ നുസ്ര ആണെന്ന് തോന്നുവോ നിനക്ക്.." അവനൊരു ചിരിയാലെ പറഞ്ഞു അവളുടെ അടുത്തേക്ക് വന്നു.. " നീ.. നീയെന്താ ഇവിടെ.. " അവൾക്ക് ഒന്നാകെ വിറക്കാൻ തുടങ്ങിയിരുന്നു.. "അത് തന്നെയാ എനിക്ക് നിന്നോടും ചോദിക്കാൻ ഉള്ളെ.. നീയെന്താ ഇവിടെ..? " "അത് ചോദിക്കാൻ നീയാരാ.. ഇത് നിന്റെ വീട് ഒന്നും അല്ലല്ലോ.. വലിഞ്ഞു കയറി വന്നേക്കുന്നു.. എങ്ങോട്ട് തിരിഞ്ഞാലും അവിടൊക്കെ നീയാണല്ലോ ടാ.. " " അതുപിന്നെ അങ്ങനെ തന്നെയല്ലേ.. നീ ഉള്ളിടത്തൊക്കെ ഞാൻ വേണ്ടേ.. തത്കാലം നിന്നെ സമാധാനത്തോടെ ജീവിക്കാൻ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല.. " എന്ന് പറഞ്ഞു അവൻ ബെഡിൽ കയറിയിരുന്നു..

ഇവൻ ഇത് എന്തിനുള്ള പുറപ്പാടാന്ന് കരുതി അവൾ അവനെ തുറുക്കനെ നോക്കിയതും അവന്റെ കണ്ണുകളും അവളുടെ മേലേക്ക് ചെന്നു.. അവൻ അവളെ ഒന്ന് മൊത്തത്തിൽ നോക്കി.. ഒരു പാക്ക് ലൂസ് ചുരിദാർ ആണ് വേഷം.. കഴുത്തിലോ തലയിലോ ഷാൾ ഒന്നുമില്ല.. മുട്ടോളമുള്ള മുടി വിടർത്തിയിട്ടിട്ടുണ്ട്.. "നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.. നിന്നോട് ഞാൻ പലവട്ടം പറഞ്ഞതാ എന്നെ ഇങ്ങനെ നോക്കരുത് എന്ന്.. ദേഹത്തല്ലാ.. മുഖത്ത് നോക്കി സംസാരിക്കാൻ പഠിക്കടാ.. " അവൾ ചെയറിൽ കിടന്ന തോർത്ത്‌ എടുത്തു കഴുത്തിലേക്ക് ഇട്ടു.. " കോപ്രായമൊന്നും കാണിക്കണ്ട.. ഞാൻ നിന്നെ ഇങ്ങനെ കാണാത്തത് ഒന്നുമല്ലല്ലോ.. അന്ന് ഞാൻ വീട്ടിൽ വന്ന രാത്രി നിന്റെ വേഷം എന്തായിരുന്നു.. ഒരു വൃത്തികെട്ട കോലം.. കയ്യും കാലുമൊക്കെ കാണുന്നുണ്ടായിരുന്നു.. അതിനേക്കാൾ കവറിങ് ഉണ്ടല്ലോ ഇപ്പൊ.. പിന്നെന്തിനാ ഈ പുതക്കലും മൂടലുമൊക്കെ.. എന്നായാലും ഞാൻ കാണേണ്ടത് അല്ലേ.. " "ചീ.. വൃത്തികെട്ടവനെ.. എഴുന്നേറ്റു പോടാ.. അവന്റെ അമ്മായി അപ്പൻ സ്ത്രീധനം കൊടുത്ത ബെഡ് ആണെന്ന വിചാരം.. " അവൾ അവനെ പിടിച്ചു വലിച്ചു ബെഡിൽ നിന്നും എഴുന്നേൽപ്പിച്ചു..

" നീ നിന്നു തുള്ളണ്ടാ.. ഞാൻ പോകുവാ.. പക്ഷെ വന്ന കാര്യം കഴിഞ്ഞില്ല.. വേഗം പറാ.. നീയെന്താ ഇവിടെ..? " "ഓ.. അപ്പൊ അതറിയാൻ വേണ്ടിയാണോ പൊന്നു മോൻ ഈ ഇടിച്ചു കയറി വന്നത്.. " "ആണെന്ന് നിനക്കറിയാം.. പിന്നെന്തിനാ ഒരു ചോദ്യം.. വേഗം പറയെടി.. ഇന്നലെ നീ ഇവിടെ ആയിരുന്നോ.. ആയിരുന്നു എങ്കിൽ എന്തിന്.. വീട്ടിൽ പോകാഞ്ഞത് എന്തേ..? " അതൊക്കെ എന്റെ പേർസണൽ കാര്യങ്ങളാണ്.. നിന്നോട് പറയേണ്ട കാര്യമൊന്നും ഇല്ലെന്ന് പറയാൻ വേണ്ടിയാണു വായ തുറന്നത് എങ്കിലും അവന്റെ കൈ ചൂട് ഓർത്തതും അത് അപ്പാടെ വിഴുങ്ങി.. എന്നിട്ട് നുസ്രയോട് പറഞ്ഞത് പോലെത്തന്നെ അമ്മായിക്ക് സുഖമില്ലന്നും വീട്ടിൽ ആരും ഇല്ലാഞ്ഞിട്ടാണെന്നും പറഞ്ഞു.. "ആരുമില്ലേ.. എന്ത് നിസ്സാരമായാ പറയുന്നേ.. കെട്ടിച്ചു വിടാൻ പ്രായമായ പെണ്ണൊരുത്തിയെ തനിച്ചു വിട്ടിട്ടാണോ പോകേണ്ടത്.. പോകുമ്പോൾ നിന്നെയും കൂടി കൂട്ടേണ്ടതല്ലേ.. അല്ലങ്കിൽ വീട്ടിൽ ഒരാൾ എങ്കിലും നിക്കേണ്ടതല്ലേ.. അല്ലാതെ എല്ലാരും കൂടെ കെട്ടും കെട്ടി പോകാൻ കല്യാണമൊന്നും അല്ലല്ലോ അവിടെ നടക്കുന്നെ.. " പെട്ടെന്നാണ് അവനു ദേഷ്യം കയറിയതും മുഖം ചുവന്നതും.. അവൾക്കും ദേഷ്യം വരുന്നുണ്ടായിരുന്നു..

ഇതൊക്കെ ചോദിക്കാൻ നീയാരാന്ന് ചോദിക്കണംന്ന് ഉണ്ടായിരുന്നു.. എന്നിട്ടും സഹിച്ചു പിടിച്ചു ഒന്നും മിണ്ടാതെ നിന്നു.. " എന്താടി ഒന്നും പറയാനില്ലേ നിനക്ക്.. ഇന്നലെ വല്യ വായിൽ പ്രസംഗിച്ചിരുന്നല്ലോ വീടിനെയും വീട്ടുകാരെക്കുറിച്ചുമൊക്കെ.. ഇതാണോടീ നിന്റെ വീട്ടുകാർ.. ഇങ്ങനെയാണോ ജീവിക്കുന്നത്.. നിന്റെ കാര്യത്തിൽ ഇത്രയേ റെസ്പോൺസിബിലിറ്റി ഉള്ളൂ..? " " ഞാൻ എന്താ പറയേണ്ടത്.. പറയാൻ ഉള്ളത് പറഞ്ഞല്ലോ.. ചുമ്മാ തെണ്ടി നടക്കാൻ പോയത് ഒന്നുമല്ല.. സുഖമില്ലാതെ കിടക്കുന്ന ഒരാളെ സന്ദർശിക്കാൻ പോയതാ.. അതത്ര വല്യ തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല.. ഒരു ദിവസമല്ലെ.. അഡ്ജസ്റ്റ് ചെയ്യാൻ എനിക്കറിയാം.. എന്റെ വീട്ടുകാർ എന്താണെന്നും എങ്ങനെയാ ജീവിക്കുന്നത് എന്നും എൻറെ കാര്യത്തിൽ എത്രത്തോളം ഉത്തരവാദിത്ത ബോധവുമൊക്കെ ഉണ്ടെന്ന് എനിക്ക് അറിയാം.. അതൊന്നും ഓർത്ത് ടെൻഷൻ ആവണ്ടതോ എന്നെ ചോദ്യം ചെയ്യേണ്ടതോ ആയ ആവശ്യമൊന്നും നിനക്കില്ല.. ഗോട്ട് യൂ.. "

" അഡ്ജസ്റ്റ് ചെയ്യാൻ നിനക്ക് കഴിയും.. അതെനിക്ക് അറിയാം.. പക്ഷെ അത് എവിടെ ആണെന്നും എങ്ങനെ ആണെന്നും അവർ ചിന്തിക്കുന്നുണ്ടോ.. ഇല്ലാ.. ഉണ്ടായിരുന്നു എങ്കിൽ അവർ ഇങ്ങനെ ചെയ്യില്ലായിരുന്നു.. നീ വീട്ടിൽ എത്തുന്നത് വരെ വെയിറ്റ് ചെയ്യാമായിരുന്നല്ലോ.. അത്രക്കും അർജൻറ്റ് ആയിരുന്നു എങ്കിൽ നിന്നെ കോളേജിലേക്ക് വന്നു പിക് ചെയ്യാമായിരുന്നല്ലോ.. രണ്ടു ബ്രദർസ് ഉണ്ടെന്നല്ലേ പറഞ്ഞത്.. അതൊന്നും ചെയ്തില്ല.. എന്താ കാര്യം.. നിന്നെ കുറിച്ച് അവർക്ക് അത്രയേ ബോധമുള്ളു.. ഒരു രാത്രി.. ഒരൊറ്റ രാത്രി ആയിരിക്കാം.. പക്ഷെ നീയൊരു പ്രായം തികഞ്ഞു നിൽക്കുന്ന പെണ്ണാണെന്ന് അവർ മറന്നു പോയി.. സ്വന്തം വീട്ടിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലാത്ത കാലമാ ഇത്.. എന്നിട്ടും എന്ത് ധൈര്യത്തിലാ അവർ നിന്നെ.. അതാ എനിക്ക് മനസ്സിലാകാത്തത്.. അല്ലെങ്കിൽ നിനക്ക് എങ്കിലും നിന്നെക്കുറിച്ചു ഒരു ചിന്ത വേണം.. അതെങ്ങനെയാ.. തോന്നിയത് പോലെ അഴിച്ചു വിട്ടിരിക്കുകയല്ലേ വീട്ടുകാർ.. നിന്റെ ഇഷ്ടം.. നിന്റെ തോന്നലുകൾ.. അതൊക്കെ ആണല്ലോ നിന്റെ ജീവിതം.. ആരും ഒന്നും പറയാൻ പാടില്ല.. ചോദിക്കാൻ പാടില്ല..

അപ്പൊ തുടങ്ങും എന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞു ഘോരം ഘോരം പ്രസംഗിക്കാൻ.. പ്രസവിച്ച തള്ളയ്ക്ക് പോലും ഇല്ലല്ലോടീ നിന്നെ കുറിച്ച് ഒരു ആധി.. നീയൊരു പോക്ക് കേസ് ആണെന്ന് വിധി എഴുതി കാണും..അല്ലേ..? വളർത്തു ദോഷം.. അല്ലാതെന്താ.. പാരമ്പര്യമായി കിട്ടിയത് ആയിരിക്കും ഈ അഴിഞ്ഞാ..... " പറഞ്ഞു തീർന്നില്ല.. അതിന് മുന്നേ അവന്റെ മുഖം അടച്ചു ഒരു പൊട്ടിക്കലായിരുന്നു അവളുടെ മറുപടി.. "Out.. ഇറങ്ങാൻ.. ഇപ്പൊ ഇറങ്ങി പൊക്കോണം എന്റെ മുന്നിന്ന്.. നീ ആരെടാ എന്നെയും എൻറെ വീട്ടുകാരെയും പറയാൻ.. എന്തറിയാം നിനക്കെന്നെ കുറിച്ച്.. നീ എന്ത് പറയുമ്പോഴും ചെയ്യുമ്പോഴും കേട്ടു നിക്കാറെ ഉള്ളൂ ഞാൻ.. എന്നെ ഉപദ്രവിക്കുമ്പോൾ പോലും വെറുതെ നിന്നിട്ടെ ഉള്ളൂ.. എന്നെ പിടിച്ച് കിസ്സ് ചെയ്യാൻ നോക്കിയപ്പോഴും നിന്റെ നേരെ കൈ ഉയർത്തിയതേയുള്ളൂ.. അടിച്ചിട്ടില്ലായിരുന്നു.. പക്ഷെ ഇത്.. ഇത് നീ ചോദിച്ചു വാങ്ങിച്ചതാ.. അറിയാതെ ഞാനൊന്നു നിന്റെ ഉപ്പാനെ പറഞ്ഞപ്പോൾ സഹിച്ചില്ലല്ലോ നിനക്കന്ന്.. എന്നെ കഴുത്തു ഞെരിച്ച് കൊല്ലാൻ വരെ നോക്കിയതല്ലേ... ഇപ്പൊ തെറ്റ് നിന്റെ ഭാഗത്താണെന്ന് മനസ്സിലാക്കാൻ അതു തന്നെ മതിയല്ലോ നിനക്ക്...

എന്റെ ഉപ്പനെയും ഉമ്മനെയും പറയാനുള്ള അർഹത നിനക്ക് എന്നല്ല.. ലോകത്ത് ഒരാൾക്ക് പോലുമില്ല.. അങ്ങേയറ്റം അന്തസോടെയും അഭിമാനത്തോടെയും ജീവിച്ചു മരിച്ച ഒരുപ്പാന്റെയും ഉമ്മന്റേയും മോളാ ഞാൻ.. ഇനി മേലിൽ നീയിതു ആവർത്തിക്കരുത്.. എന്നെ പറയുന്നത് അല്ലാതെ എന്നോ മരണപ്പെട്ടു പോയ എന്റെ ഉപ്പനെയും ഉമ്മനെയും പറയരുത്.. ഇറങ്ങെടാ.. ഇറങ്ങി പോകാനാ പറഞ്ഞത് നിന്നോട്.. " ഒരു അലറലായിരുന്നു അവൾ.. അവനൊരു തരിപ്പോടെ അവളെ നോക്കി നിന്നു.. ആദ്യം ആയിട്ടാണ് അവളെ ഇത്രേം രോഷത്തോടെ കാണുന്നത്.. പറഞ്ഞത് തെറ്റായിപ്പോയി എന്ന് അവന് തോന്നി.. പിന്നെ അവിടെ നിന്നില്ല.. ഡോറും തുറന്നു ഒരൊറ്റ പോക്കായിരുന്നു.. * കുളിയും കഴിഞ്ഞു ഉമ്മാന്റെ കയ്യിൽ നിന്നും അവനുള്ള ചായയും വാങ്ങിച്ചു ഹാളിലേക്ക് വന്ന നുസ്ര കണ്ടത് എബി പറഞ്ഞത് പോലെത്തന്നെ ലൈലയെ ചവിട്ടി കൊല്ലാനുള്ള ദേഷ്യത്തോടെ ഇറങ്ങി പോകുന്ന അവനെയാണ്.. "താജ്.. " നുസ്ര പിന്നാലെ ചെന്നു.. അവൻ നിന്നില്ല.. ഗേറ്റും വലിച്ചു അടച്ചു പോയി.. ചായ ടേബിളിൽ വെച്ചു ലൈലയുടെ അടുത്തേക്ക് പോകാൻ നോക്കിയതും ഫോൺ റിങ് ചെയ്തു.. എബിയാണ്‌.. "

എന്തായി..അവൻ പോയോ..? " "പോയി ടാ.. വെറും പോക്ക് അല്ല.. ഒരൊന്നൊന്നര പോക്കാ.. " "ഞാൻ പറഞ്ഞില്ലേ.. എൻറെ പ്രവചനമൊന്നും തെറ്റാ..... " "വെച്ചിട്ടു പോടാ അവിടെന്ന്.. നീയും നിന്റെ ഒരു പ്രവചനവും.. പ്രവചിക്കുമ്പോൾ നല്ലത് എന്തെങ്കിലും പ്രവചിച്ചൂടെ പോത്തേ നിനക്ക്..അവന്റെ ലവ് സെറ്റ് ആക്കാൻ നടക്കുന്ന നീ തന്നെ അത് പൊട്ടിച്ചു കയ്യിൽ വെച്ചു കൊടുക്കുന്ന ലക്ഷണമുണ്ട്.. നീ വെച്ചേ.. ഞാൻ അവളുടെ അടുത്തേക്ക് ചെല്ലട്ടെ.. എന്ത് സംഭവിച്ചു എന്തോ.. ഇനി ഞാനാണ് അവനെ റൂമിലേക്ക്‌ കടത്തി വിട്ടേന്ന് പറഞ്ഞു എന്നോട് പിണങ്ങാതെ നിന്നാൽ മതി ആയിരുന്നു.. " നുസ്ര വേഗം റൂമിലേക്ക്‌ ചെന്നു.. ലൈല ബെഡിൽ ഇരിക്കുന്നത് കണ്ടു.. "ടീ.. " നുസ്ര തോളിൽ കൈ വെച്ചതും അവൾ വേദനയോടെ തല ഉയർത്തി നോക്കി.. അവളുടെ മുഖം കണ്ടു നുസ്ര ഞെട്ടിപ്പോയി.. കണ്ണുകൾ കലങ്ങി മറിഞ്ഞു മുഖം വല്ലാതെ ഇരുണ്ടു കെട്ടിയിട്ടുണ്ട്.. താജ് ഇനി വേണ്ടാത്തത് വല്ലതും..? നുസ്രയുടെ നെഞ്ചിലൂടെ ഒരു മിന്നൽ പിണർപ്പ് കടന്നു പോയി.. "ടീ.. എന്താ.. എന്താ പറ്റിയെ... താജ് എന്തെങ്കിലും...? " "അവൻ അല്ല.. ഞാനാ.. ഞാനാ ചെയ്തത്.. ആദ്യമായി ഞാൻ അവനെ അടിച്ചു.. മുഖം അടക്കി ഒന്നു പൊട്ടിച്ചു.. "

അവൾ ഒരേസമയം ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞു.. "എ.. എന്തിന്.. അതിനും മാത്രം എന്താ സംഭവിച്ചേ.. വെറുതെ നീ അവനെ അടിക്കില്ലന്ന് എനിക്കറിയാം.. അവൻ മോശമായി പെരുമാറിയോ.. എന്തെങ്കിലും ചെയ്തോ നിന്നെ..? " നുസ്രക്ക് ആകെ പേടി തോന്നുന്നുണ്ടായിരുന്നു.. അവൾ നടന്നത് മുഴുവനും പറഞ്ഞു.. " അടിക്കേണ്ടിയിരുന്നില്ലടീ.. അവന്റെ സ്വഭാവം അറിയുന്നത് അല്ലേ നിനക്ക്.. ദേഷ്യത്തിൽ പറഞ്ഞത് ആയിരിക്കും.. അല്ലാതെ വേണമെന്ന് കരുതി നിന്നെ വേദനിപ്പിക്കാൻ പറഞ്ഞത് ആയിരിക്കില്ല.. " "ദേഷ്യം വന്നാൽ എന്തും പറയാമെന്നാണോ..? ഇന്നുവരെ അവൻ പറഞ്ഞതും ചെയ്തതുമൊക്കെ സഹിച്ചിട്ടേ ഉള്ളൂ.. എല്ലാം ക്ഷമിച്ചിട്ടേ ഉള്ളൂ.. ഇന്നുവരെ ഞാൻ അവനെ അടിച്ചിട്ടില്ല.. ഒരു പെണ്ണിന്റെ കയ്യിൽ നിന്നും തല്ലു വാങ്ങിക്കുന്നതിനേക്കാൾ വലിയ മറ്റൊരു അപമാനവും ഒരു പുരുഷനും സംഭവിക്കാൻ ഇല്ലന്ന കാര്യം അറിയാവുന്നതു കൊണ്ടാ ഒരു തവണ അവന്റെ നേർക്ക് ഉയർത്തിയ ഈ കൈ ഞാൻ താഴ്ത്തിയത്.. പക്ഷെ ഇന്ന് സഹിച്ചില്ല.. സഹികെട്ടു പോയി.. എന്തിനും ഏതിനും അവന്റെ ഭാഗത്തു മാത്രമാണോ ന്യായം.. ഇന്നലെ ഒരു കാര്യവും കൂടാതെയല്ലേ അവൻ എന്നെ അടിച്ചത്..

നീയും കണ്ടതല്ലേ.. അവനു എന്ത് വേണമെങ്കിലും ആവാം.. എനിക്ക് ഒന്നും പാടില്ലല്ലേ.." "നിന്നെ അടിച്ചതിന്റെ പകരം ആയിട്ടാണോ നീ അവനെ അടിച്ചത്.. എന്നാൽ അത് കൊടുക്കേണ്ടത് ഇപ്പോൾ ആയിരുന്നില്ല.. ഇന്നലെ ആയിരുന്നു.. നിന്നെ അടിച്ച അതേ സ്പോട്ടിൽ തന്നെ നീയും അടിക്കണമായിരുന്നു.. ഇവിടേക്ക് വന്നപ്പോൾ വേണ്ടായിരുന്നു.. ആദ്യമായിട്ടാ അവൻ ഇങ്ങോട്ട് വരുന്നെ.. അപമാനിച്ചതു പോലെ ആയില്ലേ ടീ.. നിന്നെ കുറ്റപ്പെടുത്തുകയല്ല ലൈല.. എന്തൊക്കെ ആയാലും അടിക്കേണ്ടിയിരുന്നില്ല.. കാരണം അവനൊരു ആണല്ലേ.. പുരുഷന് എപ്പോഴും ഒരു വിലയുണ്ട്.. സ്ത്രീയുടെ മുന്നിൽ ഒരു വലിയ വിലയും സ്ഥാനവും ഉണ്ട് അവന്.. അതിനി എത്ര മോശപ്പെട്ട സ്വഭാവമുള്ളവൻ ആയാലും.. സ്ത്രീയും പുരുഷനും തുല്യരാണ്, സമത്വമാണ് ഇവിടെന്നൊക്കെ നമ്മുടെ സമൂഹം എത്ര കണ്ടു പറഞ്ഞാലും പുരുഷൻ തന്നെയാടീ ഒരു തോതിൽ എങ്കിലും മുന്നിൽ.. അത് മറ്റൊന്നും കൊണ്ടല്ല.. സ്ത്രീയുടെ സംരക്ഷകനാണ് അവൻ.. പുറമെയുള്ള പരുക്കൻ സ്വഭാവം മാത്രമേ എല്ലാവരും കാണുന്നുള്ളൂ.. ആരും കാണാത്തതും അറിയാത്തതുമായ ഒരു മനസ്സ് ഉണ്ട്.

. അതിന്റെ അകം നിറയെ സ്നേഹമായിരിക്കും.. തിരിച്ചു ഒന്നും തന്നെ ആഗ്രഹിക്കാത്ത യാഥാർഥ സ്നേഹം.. [ എല്ലാ പുരുഷൻമാരുടെയും കാര്യമല്ല പറഞ്ഞത്.. ഇന്നത്തെ സമൂഹം എങ്ങനെ ആണെന്ന് എല്ലാർക്കും അറിയാമല്ലോ.. ഒരു പുരുഷൻ എന്നാൽ എന്താണെന്നാ ഞാൻ പറഞ്ഞത്.. എങ്ങനെ ആയിരിക്കണമെന്നാ.. ] ഉപ്പയെക്കാൾ മൂന്ന് മടങ്ങു കൂടുതൽ ഉമ്മയെ സ്നേഹിക്കണമെന്നാ നമ്മുടെ ഇസ്ലാം പറയുന്നത്.. അപ്പോഴും പുരുഷനെ മറന്നിട്ടില്ല.. അവൻ സ്ത്രീയുടെ സ്നേഹവും ബഹുമാനവും അർഹിക്കുന്നവനാ.. താജ് നിന്റെ ആരും അല്ലായിരിക്കും.. അത് കൊണ്ട് അവനോടു എങ്ങനെ വേണമെങ്കിലും പെരുമാറാമെന്നാണോ.. അവനൊരു ആണാണെന്ന് ഓർക്കണം.. നിന്നെക്കാൾ മുതിർന്നവൻ ആണെന്ന് ഓർക്കണം.. ദേഷ്യപ്പെടുന്നതു പോലെ ആണോടീ കൈ നീട്ടി അടിക്കുന്നത്.. നീ ഈ കാര്യം നിന്റെ വാപ്പാനോടും ഉമ്മനോടും പറഞ്ഞു നോക്ക്.. ഞാൻ പറഞ്ഞതെ അവരും പറയുള്ളു.. നിന്റെ തെറ്റ് ചൂണ്ടി കാണിച്ചു തരും.. ഞാൻ അവന്റെ പക്ഷം ചേർന്നു പറയുന്നത് അല്ല.. തെറ്റ് നിന്റെ ഭാഗത്താ.. അവനിതു മനസ്സിൽ ഒന്നും വെച്ചിട്ടുണ്ടാകില്ല.. ഞാൻ അറിഞ്ഞിടത്തോളം ഒന്നും മനസ്സിൽ കൊണ്ട് നടക്കുന്നവനല്ലാ അവൻ.. എന്നാലും ഒരു സോറി പറഞ്ഞേക്ക്.. ഈ ദേഷ്യമൊക്കെ കളയ്..ഒന്ന് ഫ്രണ്ട്‌സ് ആവാൻ നോക്കെടീ.. ഒന്നു അറിഞ്ഞു നോക്ക് അവനെ..

നിനക്ക് വേണ്ടി പ്രാണൻ വരെ പറിച്ചു തരും.. ചെല്ല്.. ചെന്നൊരു മാപ്പ് പറഞ്ഞു വാ.. " "മാപ്പല്ല..കോപ്പ്.. എന്റെ പട്ടി പറയും അവനോട്.. അവനെ ഇങ്ങോട്ടേക്കു കയറ്റി വിട്ടതും പോരാഞ്ഞിട്ട് ഇപ്പൊ എന്നെ അങ്ങോട്ടേക്ക് പറഞ്ഞു അയക്കാൻ നോക്കുന്നോ.. വെറുതെ ഒന്നുമല്ലല്ലോ..അവൻ ഇരക്കി വാങ്ങിച്ചതാ ഇത്.. അവൻ എന്നെ എന്തൊക്കെ കൊല്ലാ കൊല ചെയ്യുന്നു.. അപ്പോഴൊന്നും ഇല്ലല്ലോ നിനക്കീ ഉപദേശ ബോധം.. എന്നെ അഡ്വൈസ് ചെയ്യുന്ന നേരത്ത് നിനക്ക് അവനെ ഒന്നു പറഞ്ഞു നന്നാക്കിക്കൂടെ.. ഒന്നുല്ലേലും നിന്റെ അയൽവാസി അല്ലേ ആ തല തെറിച്ചു നടക്കുന്നവൻ... എനിക്ക് കൊറേ തന്നതാ അവൻ.. അതിന്റെയൊക്കെ വകയായി എന്റേത് എന്തെങ്കിലും ഒന്നു ഇരിക്കട്ടെ അവന്റെ അടുത്ത്.. ഇനി അവന്റെ കാര്യം പറഞ്ഞു വന്നാൽ നിന്റെ തല ഞാൻ അടിച്ചു പൊട്ടിക്കും.. " അവൾ കലി തുള്ളിക്കൊണ്ട് പറഞ്ഞു.. നുസ്ര കണ്ണും മിഴിച്ചു തൊള്ളേo തുറന്നു അവളെ നോക്കിപ്പോയി.. ഇത്തിരി മുന്നേ വരെ കണ്ണും നിറച്ചു മുഖവും കറുപ്പിച്ച് ഇരുന്നവളാ.. അത് കണ്ടപ്പോ വിചാരിച്ചു ഒന്നു ഉന്തി കൊടുത്താൽ കറക്റ്റ് ആയി അവന്റെ പ്രണയത്തിലേക്ക് വീഴുമെന്ന്..അവനെ അടിച്ചതിൽ കുറ്റബോധം തോന്നി അവനോടു അല്പ സ്വല്പം സ്നേഹമൊക്കെ വരുമെന്നാ കരുതിയെ..

എവിടുന്ന്.. ഇതിനെയൊക്കെ ബ്രെയിൻ വാഷ് ചെയ്യാൻ നോക്കിയ എന്നെ പറഞ്ഞാൽ മതിയല്ലോ.. എബി മോനെ.. നിന്റെ താജ്ന്റെ കാര്യം ഒരു നടയ്ക്ക് ഒന്നും പോകില്ല.. ഞാൻ അപ്പോഴേ പറഞ്ഞതാ ഉപദേശിക്കാൻ ചെന്നാൽ എന്റെ ജീവൻ പോകുന്നത് അല്ലാതെ വേറെ കാര്യം ഒന്നും ഉണ്ടാകില്ലന്ന്.. നുസ്ര കാര്യങ്ങളൊക്കെ എബിയെ വിളിച്ചു പറയാൻ വേണ്ടി വേഗം താഴേക്ക് ഇറങ്ങി. * സ്കാഫ് ചെയ്യാൻ വേണ്ടി കണ്ണാടിയുടെ മുന്നിൽ നിന്നിട്ട് മണിക്കൂർ ഒന്നായി.. എന്തെന്തായിട്ടും ചുറ്റുന്നത് ശെരിയാകുന്നില്ലാ.. എത്ര നോക്കിട്ടും ഒതുങ്ങി നിക്കുന്നില്ല.. അവൾ ദേഷ്യത്തോടെ സ്കാഫ് ചുരുട്ടി കൂട്ടി ബെഡിലേക്ക് എറിഞ്ഞു.. മനസ്സ് അസ്വസ്ഥതമാണ്.. അതുതന്നെ കാര്യം.. അവനെ അടിച്ചതു തന്നെ മുന്നിൽ കാണുന്നു.. നുസ്ര പറഞ്ഞതു തന്നെ വീണ്ടും വീണ്ടും കാതിൽ മുഴങ്ങി കേൾക്കുന്നു.. അവൾ തളർച്ചയോടെ ബെഡിലേക്ക് ഇരുന്നു.. നുസ്ര പറഞ്ഞതൊക്കെയും ശെരിയാ.. എത്രയൊക്കെ ആയാലും തല്ലാൻ പാടില്ലായിരുന്നു.. എന്ത് അഹങ്കാരമാ ഞാൻ കാണിച്ചത്.. ഒരാണിന്റെ മുഖത്ത് അടിച്ചിരിക്കുന്നു.. അതൊരു ആഭാസന്റെയോ നശിച്ചവന്റെയോ മുഖത്ത് ഒന്നുമല്ല.. സമൂഹത്തിൽ വലിയ നിലയും വിലയുമുള്ള ഒരു ഉപ്പാന്റെ മകനെ..

അവനും ഉണ്ടല്ലോ അവന്റെതായ മാന്യത.. ഒരു ആണല്ലേ.. എന്ത് കരുതിയ നീ അവനെ അടിച്ചത്.. ഇന്നുവരെ ആരെങ്കിലും അടിച്ചിട്ട് ഉണ്ടാകുമോ അവനെ.. അടിച്ചിട്ട് ഉണ്ടെങ്കിൽ തന്നെ അവരെ ജീവനോടെ വിട്ടിട്ടുണ്ടാകുമോ അവൻ.. എന്നിട്ടും എന്നെ ഒന്നും ചെയ്തില്ല.. ഒരക്ഷരം മിണ്ടുക പോലും ചെയ്തില്ല അവൻ.. ഇങ്ങനെയാണോ ലൈല നിന്റെ രീതികൾ.. ഇതാണോ നിന്റെ സംസ്കാരം.. ഇതൊക്കെയാണോ നിന്റെ ഉപ്പയും ഉമ്മയും നിന്നെ പഠിപ്പിച്ചത്.. ഇതൊക്കെ കണ്ടു വേദനിക്കുന്നുണ്ടാകും അവർ.. മകൾ തല തെറിച്ചവൾ ആയിപോയി എന്ന് കരുതി വേദനിക്കുന്നുണ്ടാകും.. ഓരോന്നു ഓർത്തതും അവൾക്ക് കരച്ചിൽ വരാൻ തുടങ്ങി.. " നീ തെറ്റ് ചെയ്തവരോട് നീ ക്ഷമ ചോദിക്കുക..നിനക്ക് ഉപകാരം ചെയ്തവരോട് നീ കടപ്പെട്ടിരിക്കുക.. "

വളർന്നു വരുന്ന ഓരോ ദിവസത്തിലും ഉപ്പ മടിയിൽ ഇരുത്തി പറഞ്ഞു തന്ന കാര്യം ചെവിയിലേക്ക് തുളച്ചു കയറി മനസ്സിന് വേദന നൽകുന്നത് അവൾ അറിഞ്ഞു.. പിന്നൊന്നും നോക്കിയില്ല.. ഒരു ഷാൾ എടുത്തിട്ടു വേഗം താഴേക്ക് ഇറങ്ങി.. ഗേറ്റ് കടന്നു അവന്റെ വീടിന് മുന്നിലേക്ക് എത്തി.. സെക്യൂരിറ്റി ഉണ്ട്.. ഒന്നു രണ്ടു വട്ടം വിളിച്ചു.. മൈൻഡ് ഇല്ലാ.. വീണ്ടും വിളിച്ചു.. അമന്റെ ഫ്രണ്ട് ആണ്..അവനെ ഒന്നു കാണണമെന്ന് പറഞ്ഞു.. എന്നിട്ടും വല്യ മൈൻഡ് ഇല്ലാ.. അവന്റെ സമ്മതം ഇല്ലാതെ ആരെയും അകത്തേക്ക് കടത്തി വിടാൻ പറ്റില്ലന്ന് പറഞ്ഞു.. അവൾ വീണ്ടും നിന്ന് കെഞ്ചാൻ തുടങ്ങി.. "കടത്തി വിട്.. " ബംഗ്ലാവ് മുറ്റത്തു നിന്നും ശബ്ദം ഉയർന്നു.. അവൾ പ്രതീക്ഷയോടെ നോക്കി......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story