ഏഴാം ബഹർ: ഭാഗം 22

ezhambahar

രചന: SHAMSEENA FIROZ

" കേസ് തള്ളിപ്പോയി.. പക്ഷെ മറ്റൊരു കാര്യമുണ്ട്..ഫോണിൽ പറയുന്നതിനേക്കാൾ നല്ലത് നേരിട്ട് കണ്ടു നിന്നെ കാര്യങ്ങൾ ബോധിപ്പിക്കുന്നതാണ്.. മോള് ഇപ്പോൾ ഫ്രീയാണോ..? " "അല്ല അങ്കിൾ.. കോളേജിലാ.. " " ഓക്കേ..ക്ലാസ്സ്‌ കഴിഞ്ഞു ബീച്ച് റോഡിൽ വരാൻ പറ്റുവോ..ഈവെനിംഗ് അങ്കിൾനു അതുവഴി ഒന്നു പോകാനുണ്ട്.. അപ്പോൾ മീറ്റ് ചെയ്യാം.. " "ബീച്ച് റോഡ്.. ഓക്കേ.. ഞാൻ വരാം അങ്കിൾ.. " അവൾ ഫോൺ കട്ട്‌ ചെയ്തു.. അവൾ ആകെ ടെൻഷനിൽ ആയിരുന്നു.. കേസ് തള്ളി.. പിന്നെന്തു കാര്യമാ ഇനിയുള്ളത്.. അസ്വസ്ഥതയോടെ ക്ലാസ്സിലേക്ക് നടക്കാൻ ഒരുങ്ങി.. അപ്പോഴാണ് അവൻ പിന്നിലുള്ള കാര്യം ഓർത്തത്.. അവൾ തിരിഞ്ഞു നോക്കി.. അവൻ അവളെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. " പിന്നെ സംസാരിക്കാം.. ഞാൻ ക്ലാസ്സിലേക്ക് പോകുവാ.. " അവൾ പറഞ്ഞു.. "ആരായിരുന്നു ഫോണിൽ.. " അവന്റെ മുഖത്ത് ഗൗരവം.. "അങ്കിളാ.. " അടുത്തൊരു ചോദ്യത്തിനു കാത്തു നിന്നില്ല.. അവൾ വേഗം നടന്നു.. അവളുടെ മുഖത്തെ തെളിച്ചം ഇല്ലാതായതു അവൻ അറിഞ്ഞിരുന്നു.. ആ കാൾ അത്ര പന്തി അല്ലെന്ന് തോന്നി.. അങ്കിൾ ആണെന്ന പറഞ്ഞത്.

അസ്വസ്ഥതമാകാൻ മാത്രം എന്തായിരിക്കും അങ്കിൾ പറഞ്ഞിട്ട് ഉണ്ടാകുക.. ബീച്ച് റോഡ്.. അവളുടെ സംസാരത്തിൽ അവനത് കേട്ടിരുന്നു.. ബീച്ച് റോഡ്.. അവൻ വീണ്ടും ഉരുവിട്ടു.. ഒരുനിമിഷം ആലോചിച്ചു നിന്നു.. എന്തോ തീരുമാനിച്ചുറപ്പിച്ചതിന് ശേഷം ക്ലാസ്സിലേക്ക് നടന്നു.. * പ്രിൻസിയോടു പെർമിഷൻ വാങ്ങിച്ചു ക്ലാസ്സ്‌ കഴിയുന്നതിന് മുന്നേ അവൾ കോളേജിൽ നിന്നും ഇറങ്ങി.. കുറച്ച് സീനിയർസ് ഗേറ്റ്ന്റെ അടുത്ത് ഉണ്ടായിരുന്നു.. താജുo ഉണ്ടായിരുന്നു അക്കൂട്ടത്തിൽ.. അവൾ അവനെ കണ്ടില്ല.. പക്ഷെ അവൻ അവളെ കണ്ടിരുന്നു.. മുന്നിലേക്ക് ചെന്നില്ല.. അവൾ ബസ് സ്റ്റോപ്പിലേക്ക് എത്തുന്നത് വരെ സൈഡിൽ നിന്നു നോക്കി.. അവൾ വരുന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു അതിൽ കയറി പോയി.. അവൻ ജിപ്സി സ്റ്റാർട്ട്‌ ചെയ്തു ഓട്ടോയ്ക്ക് പിന്നാലെ വിട്ടു.. അവൾ ചെന്നത് സനുവിന്റെ സ്കൂളിലേക്ക് ആണ്.. ഹെഡ് മാസ്റ്റർനെ കണ്ടു അവനെ കൂട്ടി സ്കൂളിൽ നിന്നും ഇറങ്ങി.. അതേ ഓട്ടോയിൽ കയറി നേരെ ബീച്ച് റോഡിലേക്ക് എത്തി..അവൻ അവളെ പിന്തുടരുന്നുണ്ടായിരുന്നു.. ജിപ്സി കുറച്ച് ദൂരെ ഒതുക്കി അവൻ ഒരു സൈഡിൽ നിന്നു അവളെ വീക്ഷിച്ചു..

ഓട്ടോ പോയതിനു ശേഷം അവളും സനുവും നാല് ഭാഗത്തേക്കും നോക്കി.. വക്കീൽ അങ്കിൾനെ കണ്ടില്ല.. കാൾ ചെയ്തു.. രണ്ട് മിനിറ്റ്നുള്ളിൽ എത്താമെന്ന് പറഞ്ഞു.. പറഞ്ഞത് പോലെത്തന്നെ രണ്ട് മിനിറ്റ്നുള്ളിൽ വക്കീൽ എത്തി.. സുഖ വിവരങ്ങൾ അന്വേഷിക്കുകയും സനുവിനെ കവിളിൽ തൊട്ടു തലോടി സ്നേഹ പ്രകടനം നടത്തുകയും ചെയ്തു.. അയാൾ കാര്യത്തിലേക്ക് കടക്കുന്നതിന് മുന്നേ സനു അല്പം മാറി നിന്നു.. അവൾ എന്താടാന്നുള്ള മട്ടിൽ അവനെ നോക്കി.. "ലൈലു സംസാരിക്ക്.. ഞാൻ കടൽ കാണട്ടെ.. " എന്ന് പറഞ്ഞു അവൻ തീരം തേടി വരുന്ന തിരമാലകളെ നോക്കി അവിടെയിരുന്നു.. അവളൊന്നു ചിരിച്ചു വക്കീൽന്റെ മുഖത്തേക്ക് നോക്കി.. "ഞാനൊരു വില്പത്രത്തിനെ കുറിച്ച് സൂചിപ്പിച്ചതു ഓർമ ഉണ്ടല്ലോ.. അത് കാരണമാ കേസ് തള്ളി പോയത്.. ആ വില്പത്രം നീ ആഗ്രഹിച്ചത് പോലെ നിനക്ക് അനുകൂലമാണ്.. നിന്റെ ഉപ്പാന്റെ മുഴുവൻ സ്വത്തിന്റെയും പാതി അവകാശം നിനക്കും മറുപാതി അവകാശം നിന്റെ അനിയൻ സനുവിനുമാണെന്നാ അതിൽ എഴുതി പിടിപ്പിച്ചിട്ടുള്ളത്.. പക്ഷെ നിനക്ക് ഈ നിമിഷം മുതൽ തന്നെ അതിൽ കൈ കടത്താൻ ആവില്ല..

നിനക്ക് ഇരുപത്തി ഒന്നു വയസ് തികയണം.. ആ നിമിഷം മാത്രമേ അത് നിന്റെ കൈവശം എത്തുകയുള്ളൂ.. അപ്പോൾ മാത്രമേ നിനക്ക് അതിൽ അവകാശം സ്ഥാപിക്കാൻ കഴിയുകയുള്ളൂ.. അതുപോലെ തന്നെ സനുവും.. അവനു പതിനെട്ടു വയസ് തികയണം.. അതുവരെ മേൽനോട്ടവും നടത്തിപ്പുമെല്ലാം ഇപ്പോൾ ഉള്ളത് പോലെ സജാദ്നു തന്നെ ആയിരിക്കും..ആയിരിക്കുമെന്നല്ല.. ആണ്.. " അയാൾ പറഞ്ഞു നിർത്തി.. അവൾക്ക് ആകെ തളർച്ച അനുഭവപ്പെടുന്നതു പോലെ തോന്നി.. ഇത്രേം കാലം കാത്തു നിന്നു.. ഇനിയും പരീക്ഷണമോ.. ആ ദുഷ്ടൻമാരുടെ കൈകളിൽ നിന്നും ഒന്നും പിടിച്ചു എടുക്കാൻ സമയം ആയില്ലെന്നൊ..? "മോളെ.. നീ വിഷമിക്കാതെ.. ഇത്രേം കാലം കാത്തു നിന്നില്ലേ.. സഹിച്ചു നിന്നില്ലേ.. ഇനിയുള്ളതു കുറച്ചു ദിവസങ്ങൾ അല്ലേ.. ഇരുപത്തി ഒന്നു വയസ് ആവാൻ മൂന്നോ നാലോ മാസം.. അത്രേയുള്ളൂ.. അതുവരെ നിന്റെ ശത്രുക്കൾ സുഖിക്കട്ടെ.. അണയുന്നതിന് മുൻപേയുള്ള ആളി കത്തൽ ആണെന്ന് അവർ അറിയുന്നില്ല.. "

"പക്ഷെ അങ്കിൾ.. എന്തിനായിരിക്കും വാപ്പ ഇങ്ങനെ ചെയ്തിട്ട് ഉണ്ടാകുക.. ദിവസം ചെല്ലുന്തോറും അവർ എല്ലാം നശിപ്പിച്ചു കളയുക അല്ലേ ചെയ്യുക.. എല്ലാം നാശ നഷ്ടത്തിൽ കൊണ്ടെത്തികുക അല്ലേ ചെയ്യുന്നത്.. " " ഒന്നും നഷ്ടപ്പെട്ടു പോകാതെ ഇരിക്കാൻ വേണ്ടിയാ ഇങ്ങനെ ചെയ്തത്.. ഒരു നഷ്ടവും സംഭവിക്കാതെ നിക്കാൻ.. നിനക്ക് പക്വത ഇല്ലാത്ത കാലത്താണ് നിന്റെ കയ്യിൽ അതൊക്കെ എത്തുന്നത് എങ്കിൽ നിനക്ക് എന്ത് ചെയ്യണമെന്നോ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ എന്നൊന്നും അറിയില്ല.. നിനക്ക് കാര്യ പ്രാപ്തിയും വിവേകവും ആവോളം ഉണ്ടാകുന്ന കാലത്തേക്ക് നീട്ടി വെച്ചതാണ്.. അതായിരിക്കാം നിനക്ക് അതിലേക്കു എത്തി പെടാനുള്ള ഈ ദൂരം.. പക്ഷെ നിന്റെ വാപ്പ അറിയാതെ പോയി നീ ചെറു പ്രായത്തിൽ തന്നെ കാര്യ പ്രാപ്തിയും കരുത്തും ആർജിച്ചവളാണെന്ന്.. അത് മാത്രമല്ല.. നിന്റെ പഠനം ഏകദേശം ഒരു നിലയിൽ എത്താൻ ആഗ്രഹിച്ചിട്ട് ഉണ്ടാകും..അല്ലെങ്കിൽ നീ ഇതിന്റെ പിന്നാലെ നടന്നു നിന്റെ പഠനം മാത്രമല്ല.. ജീവിതം തന്നെ മറന്നു പോകുമെന്ന് നിന്റെ വാപ്പ ഭയപ്പെട്ടിട്ടു ഉണ്ടാകണം.. ഏതായാലും നിന്റെ നന്മയ്ക്കാ.. വൈകും തോറും നിന്റെ കരുത്ത് കൂടുകയെ ഉള്ളൂ.. കുറയുകയില്ല.. "

അവളൊന്നും മിണ്ടിയില്ല.. എല്ലാം കേൾക്കുകയും കാര്യങ്ങൾ മനസിലാക്കുകയും ചെയ്തു.. "എന്നാൽ ശെരി.. പോയിട്ട് അർജന്റുണ്ട്.. ഒരിടം വരെ പോകുന്ന വഴിയാ.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക്.. മടി കാണിക്കരുത്.. ടേക്ക് കെയർ.. " അയാൾ സ്നേഹ പൂർവ്വം അവളുടെ കവിളിൽ തട്ടി.. അവൾ പുഞ്ചിരിച്ചു കൊണ്ട് ശെരിയെന്ന അർത്ഥത്തിൽ തലയാട്ടി.. * എത്ര ഏന്തി വലിഞ്ഞു നോക്കിയിട്ടും അവരെ കാണാൻ പറ്റി എന്നത് അല്ലാതെ അവരുടെ സംസാരം കേൾക്കാൻ അവന് ആയില്ല.. ഇതാണോ അങ്കിൾ.. ഫാമിലി മെമ്പർ അല്ലേ.. പിന്നെ പുറത്തുന്നു കണ്ടു സംസാരിക്കേണ്ട ആവശ്യം എന്താ.. അതും ഇത്രേമൊക്കെ കാര്യമായി ഒരു സംസാരം.. അവനു ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.. ആകെ ദേഷ്യം കയറാൻ തുടങ്ങിയിരുന്നു.. അപ്പോഴാണ് അവൻ സനുവിനെ കണ്ടത്.. ഒരൊറ്റ ഇരുപ്പാണ് അങ്ങ് ദൂരെ അറ്റം ഇല്ലാത്ത കടലും നോക്കി.. പിന്നൊന്നും നോക്കിയില്ല.. നേരെ സനുവിന്റെ അടുത്തേക്ക് വിട്ടു.. " എന്ത് ഭംഗിയാല്ലെ കടൽ കാണാൻ.." മുന്നിൽ കടലു കണ്ടാൽ ഏതു വിവരദോഷിയും ഒരുവട്ടമെങ്കിലും പറയുന്ന മണ്ണും പൊടിയും പിടിച്ച ഒരു പഴയ സാഹിത്യവും പറഞ്ഞു കൊണ്ട് സനുവിന്റെ അടുത്ത് ചെന്നിരുന്നു..

"ആരെടേയ്..." ഏതു വട്ടനാ ഇതെന്ന് കരുതി സനു താല്പര്യം ഇല്ലാത്ത പോലെ മുഖം ചെരിച്ചു അവനോട് കൈ മലർത്തി ചോദിച്ചു.. സത്യം പറഞ്ഞാൽ സനുവിനു ഒരു മൂഡും ഇല്ലായിരുന്നു.. കേസ് ജയിച്ചാൽ അടിച്ചു പൊളിക്കാമെന്ന അവൾ രാവിലെ പറഞ്ഞത്.. പക്ഷെ വൈകുന്നേരം അവളുടെ മുഖം കണ്ടപ്പോഴെ അവന് തോന്നി എന്തോ പ്രശ്നം ഉണ്ടെന്ന്.. അതാ അവരുടെ സംസാരം പോലും കേൾക്കാൻ നിക്കാതെ മാറി ദൂരെ ഇരുന്നത്.. അവന്റെ ആ ചോദ്യം തന്നെ താജ്നു ഇഷ്ടമായില്ല.. കൊണം.. ഇത്താത്താനെ വിറ്റിട്ട് വരും അനിയൻ.. താജ് പിറു പിറുത്തു.. സനു അവനെ മൈൻഡ് ചെയ്തതേയില്ല.. ദൂരെക്ക് നോക്കി തന്നെ ഇരുന്നു.. ആ ഇരുപ്പും താജ്നു ഇഷ്ടപ്പെട്ടില്ല.. അവൻ സനുവിന്റെ തുടയിൽ ഒന്നു തോണ്ടി. "ഏതവനാടാ ഞെരമ്പ് രോഗി നീ.. എണീറ്റു പോടാ അവിടെന്ന്.. ജീൻസും ഷർട്ടും ഇട്ടോണ്ട് വന്നോളും പിച്ചക്കാരൻ.. കടൽ കാണാൻ വന്നാൽ അത് കണ്ടിട്ട് പോണം.. അല്ലാതെ എന്റെ തുടയിൽ തോണ്ടി കളിക്കുക അല്ല വേണ്ടത്.. "

"ഒന്ന് മയത്തിൽ ഒക്കെ പെരുമാറെടെയ്.. ഞാൻ നിന്റെ അളിയനാടാ പിശാശ്ശെ.. " അത് കേട്ടു സനു മുഖം ചുളിച്ചു അവന്റെ ദേഹത്തേക്ക് നോക്കി.. അവൻ പറഞ്ഞത് സത്യം ആണെന്ന് മനസ്സിലായി.. അന്നൊരു ഇരുട്ടിൽ ആണ് അവന്റെ ശരീരം കണ്ടത്.. ഇനി ഏതു ഇരുട്ടിൽ കണ്ടാലും അത് തിരിച്ചറിയുമായിരുന്നു.. അതേ ബോഡി.. ഉറച്ചു നിൽക്കുന്ന മസ്സിലുകൾ.. ഹൈറ്റ് ആൻഡ് വെയിറ്റ്.. എല്ലാം അതുതന്നെ.. സനുവിന്റെ മുഖത്തെ ദേഷ്യം മാറി അത്ഭുതവും സന്തോഷവുമൊക്കെ നിറഞ്ഞു വന്നു.. "ഹേയ് താജ് ബ്രോ.. വാട്ട്‌ എ സർപ്രൈസ്.. ആം എക്സൈറ്റഡ്... " സനു കണ്ണിമ വെട്ടാതെ അവന്റെ മുഖത്തേക്ക് നോക്കി ആശ്ചര്യത്തോടെ പറഞ്ഞു.. അത് കേട്ടു അവന്റെ അന്തം പോയി.. " വാട്ട്‌ ഹാപ്പെൻഡ്.. എന്റെ അളിയനെ ഒന്ന് മീറ്റ് ചെയ്യണമെന്ന് കൊറേ നാളായി വിചാരിക്കുന്നു.. ഇത്രേം പെട്ടെന്ന് സാധിക്കുമെന്ന് കരുതീല.. " " അപ്പൊ എന്റെ പേര് മാത്രല്ല.. ജാതകം തന്നെ അവൾ വിസ്തരിച്ചു തന്നിട്ടുണ്ട് അല്ലേ..? " അവൻ ഞെട്ടലൊക്കെ മാറ്റി വെച്ചു കൊണ്ട് ചോദിച്ചു.. "എന്താ സംശയം...ലൈലൂന്റെ ലൈഫിൽ ഞാൻ അറിയാത്ത ഒരു കാര്യവുമില്ല.. യു നോ വാട്ട്‌.. ഞാൻ അവൾക്ക് ബ്രദർ മാത്രല്ല.. ഒരു ഫ്രണ്ടു കൂടിയാണ്.. "

സനു വല്യ കാര്യം പോലെ പറഞ്ഞു. " അതു തോന്നി.. ലുക്കിൽ നിനക്ക് അവളുമായി ഒരു സാമ്യവുമില്ല.. സോ ഒന്നിച്ച് കണ്ടപ്പോൾ നീ അവളുടെ ബ്രദർ തന്നെയാണോന്ന് ഡൌട്ട് ഉണ്ടായിരുന്നു.. നീ വായ തുറന്നപ്പോൾ ആ ഡൌട്ട് മാറി കിട്ടി.. നീ അവളുടെ അനിയൻ തന്നെ.. " "ഹെലോ.. എന്റെ ലൈലൂനു എന്താ ഒരു കുഴപ്പം..അവളെ പറഞ്ഞാൽ ഉണ്ടല്ലോ.. അളിയൻ ആണെന്നൊന്നും നോക്കില്ല.. കൊട്ടേഷൻ കൊടുത്തിട്ടു ആയാലും കൊന്നു കളയും.. കേട്ടല്ലോ.. " " അവൾക്ക് ഒരു അനിയൻ ഉണ്ടെന്ന് പറയുമ്പോൾ അത് അവളുടെ തനി പകർപ്പ് ആയിരിക്കുമെന്ന് വിചാരിച്ചില്ല.. എടാ.. അവളോ എന്നെ തല്ലാനും കൊല്ലാനും നടക്കുന്നവളാ.. നീയും അതുതന്നെ ചിന്തിക്കല്ലെ.. നിന്റെ ലൈലൂനെ ഞാൻ ഒന്നും പറയുന്നില്ല.. അവളാ എന്നെ പറയുന്നത്..ഓരോ ദിവസം കോളേജിലേക്ക് വരുന്നത് തന്നെ എന്നെ എങ്ങനെ വിഴുങ്ങി കളയാമെന്നുള്ള ചിന്തയിലാണ്.." അവൻ ദേഷ്യത്തോടെ പറഞ്ഞു.. അത് കേട്ടു സനു പുരികം ചുളിച്ചു അവനെ മൊത്തത്തിൽ ഒന്ന് നോക്കി.. " നാക്കു മാത്രല്ല.. കണ്ണും അവളുടെതു തന്നെ.. അതേ നോട്ടം.. ഒന്ന് സോഫ്റ്റ്‌ ആയി നോക്കെടാ.. ഞാൻ കത്തി കരിഞ്ഞു പോകുമല്ലോ..? "

" ഏയ്..അത് ചുമ്മാ.. ലൈലൂന്റെ അടുത്തുന്ന് ഒന്നും സംഭവിക്കാത്ത ഈ ബോഡിക്കാണോ എന്റെ അടുത്തുന്ന് വല്ലതും സംഭവിക്കുക..അതിന് ചാൻസെ ഇല്ല.. ലൈലു പറഞ്ഞിട്ട് ഉണ്ടല്ലോ എന്നോട്.. നിങ്ങക്ക് പത്താനയുടെ ശക്തിയും കരുത്തും ആണെന്ന്.. അതൊക്കെ അവളുടെ മേലേയാ കാണിക്കുക എന്ന്.. എപ്പോഴും അവളെ വേദനിപ്പിക്കുന്നു എന്ന്.. നിങ്ങക്ക് ഒരു കാര്യം അറിയാമോ.. അവൾക്ക് ഈ ലോകത്ത് ഏറ്റവും പേടി ഉള്ളത് നിങ്ങളെയാ..ആ പേടി പുറത്തു കാണിക്കുന്നില്ല എന്ന് മാത്രം.. നിങ്ങടെ കൈ കരുത്ത് സഹിക്കാൻ പറ്റാറില്ല അവൾക്ക്.. എന്നിട്ടും സഹിക്കുകയാ അവൾ.. ആ കരുത്തിനെയാ അവൾക്ക് ഏറ്റവും കൂടുതൽ പേടി.. അവൾ തോറ്റു പോകുന്നതും അതിന് മുന്നിലാണ്.. പാവമാ അവൾ.. അവളെ ഒന്നും ചെയ്യരുത്.. സങ്കട പെടുത്തരുത്.. എന്തിനാ അവളെ വേദനിപ്പിക്കുന്നേ.. അത് ചോദിക്കാൻ വേണ്ടിയാ ഞാൻ നിങ്ങളെ കാണണമെന്ന് വിചാരിച്ചത്.. അവൾക്ക് ചോദിക്കാനും പറയാനും ആരും ഇല്ലെന്ന തോന്നൽ വേണ്ടാ.. ഞാനുണ്ട് അവൾക്ക്.. ഞാൻ... " സനു പറഞ്ഞു നിർത്തി.. അവനു എന്ത് പറയണമെന്ന് അറിഞ്ഞില്ല.. സനുവിനു അവളോടുള്ള സ്നേഹം കണ്ടു ഉള്ളിൽ എവിടെയോ ഒരു പിടച്ചിൽ അനുഭവപ്പെട്ടു.. വേദനിപ്പിക്കുമ്പോഴും സ്നേഹിക്കുമ്പോഴുമെല്ലാം എന്റെ പെണ്ണാണെന്നല്ലാതെ എന്നെപ്പോലെ ഒരു ആണിന്റെ സഹോദരിയാണ് അവൾ എന്ന് ഞാൻ ഓർക്കാറില്ല..

അവൻ ഒന്നും മിണ്ടാതെ കടലും നോക്കിയിരുന്നു.. "എന്തുപറ്റി.. ഒന്ന് പറയുമ്പോൾ തിരിച്ചു പത്തെണ്ണം പറയാറില്ല.. പകരം ഒരൊറ്റ ഗർജനം ആയിരിക്കുമെന്ന് ആണല്ലോ ലൈലു പറഞ്ഞിട്ട് ഉള്ളത്.. എന്നിട്ട് ഇതെന്തുപറ്റി ഇപ്പോൾ.. കടലിന്റെ ഭംഗി ആസ്വദിക്കുകയാണോ... " സനുവും അവനെ പോലെത്തന്നെ ദൂരെക്ക് നോക്കിയിരുന്നു കൊണ്ട് ചോദിച്ചു.. താജ് തല ചെരിച്ചു സനുവിനെ നോക്കി.. ശേഷം അവന്റെ തോളിലൂടെ കയ്യിട്ടു ഇരുന്നു.. സനു എന്തെന്ന ഭാവത്തിൽ താജ്നെ നോക്കി. " നിനക്ക് അവളോട്‌ ഇത്രേമൊക്കെ സ്നേഹമുള്ള സ്ഥിതിക്ക് ഞാനൊരു കാര്യം പറയാം.. അവളെ എനിക്ക് തന്നേരെ.. വേദനിപ്പിക്കില്ല എന്നൊന്നും വാക്ക് തരാൻ കഴിയില്ല.. അവളല്ലേ ആള്.. അവൾ ഇരക്കി വാങ്ങിക്കും എന്റെ കയ്യിന്ന്.. ക്ഷമിച്ചു നിക്കാൻ എനിക്ക് അറിഞ്ഞൂട.. രണ്ടെണ്ണം പൊട്ടിച്ചു എന്നിരിക്കും.. പക്ഷെ കൈ വിടില്ല.. സ്നേഹിക്കും..സംരക്ഷിക്കും.. പ്രാണൻ നിലച്ചു പോകുന്നത് വരെയ്ക്കും അവളെ ഞാൻ ചേർത്ത് പിടിക്കും..

ഞാൻ അല്ലാതെ മറ്റൊരുത്തനും തൊടില്ല.. ഞാൻ കാരണം അല്ലാതെ മറ്റൊരുത്തൻ കാരണവും അവളുടെ കണ്ണ് നിറയില്ല.. നിറയ്ക്കാൻ അനുവദിക്കില്ല ഞാൻ ഒരുത്തനെയും..ഈ വാക്ക് ഞാൻ തെറ്റിക്കില്ല.. വിശ്വാസം ആണേൽ അവളെ എനിക്ക് തന്നേരെ.. എന്റെ കയ്യിൽ ഏല്പിച്ചേക്ക് നിന്റെയാ തല തെറിച്ച പെങ്ങളെ... " സനുവിന്റെ കണ്ണ് നിറയാൻ തുടങ്ങിയിരുന്നു.. സന്തോഷം കൊണ്ട് അവനെ കെട്ടിപ്പിടിക്കാൻ തോന്നി.. വേദനയോടെ അവന്റെ മുഖത്തേക്ക് നോക്കി.. " നോക്കണ്ട ടാ.. സത്യം പറഞ്ഞതാ.. എനിക്ക് വേണം അവളെ.. മര്യാദയ്ക്ക് തരുന്നതാ നിനക്ക് നല്ലത്.. ഇല്ലെങ്കിൽ പിടിച്ചു വലിച്ചു കൊണ്ട് പോകും ഞാൻ എന്റെ പെണ്ണിനെ.. പിന്നെ കാണണമെന്ന് തോന്നിയാൽ അങ്ങ് മേയർ ബംഗ്ലാവിലേക്ക് വന്നാൽ മതി.. ശെരി. അതൊക്കെ വിട്.. രണ്ടും എന്താ ഇവിടെ.. അവൾ ആരോടാ സംസാരിക്കുന്നെ..? " "അങ്കിളാ.. വാപ്പാന്റെ ഫ്രണ്ട്‌.. അഡ്വക്കേറ്റ് ആണ്... വാപ്പാന്റെ പേരിലുള്ള പ്രോപ്പർട്ടീസിന് മേലേ ഒരു തർക്കം.. അതിന്റെ കേസ് നടന്നു കൊണ്ടിരിക്കുകയാ.. അതൊക്കെ പറയാൻ ആണേൽ ഒരുപാട് ഉണ്ട്.. എനിക്കത് ഓർക്കുമ്പോഴെ ദേഷ്യം വരുന്നു..

അതു കൊണ്ടാ അവരുടെ സംസാരം പോലും കേൾക്കാൻ നിക്കാതെ മാറി വന്നു ഇവിടെ ഇരുന്നത്.. ലൈലൂനോട് ചോദിക്ക്.. അവളു പറഞ്ഞു തരും കാര്യങ്ങളൊക്കെ വ്യക്തമായി.. അല്ല... നിങ്ങൾ എന്താ ഇവിടെ.. അവളെ ഫോളോ ചെയ്തു വന്നത് ആയിരിക്കും അല്ലേ..? " സനു സംശയത്തോടെ ചോദിച്ചു.. അവനൊന്നു ചിരിക്കുക മാത്രം ചെയ്തു.. "വെറുതെ അല്ല അവൾ പറഞ്ഞത്.. മൊത്തം കുരുട്ടു മാത്രമേ ഉള്ളൂ അല്ലേ കയ്യിൽ..? " "കുരുട്ടു നിന്റെ പെങ്ങക്കാടാ.. അവളെ പോലൊരു കുരുട്ടു ബുദ്ധിക്കാരിയെ ഞാൻ ഈ ലോകത്ത് വേറെ കണ്ടിട്ടില്ല.. അത് മാത്രമോ.. ആദ്യം ഞാൻ വിചാരിച്ചത് വായ തുറന്നാൽ ഉടക്കിത്തരം മാത്രേ പറയുള്ളുന്നാ.. ഇതിപ്പോ നുണയാ.. എന്ത് ചോദിക്കട്ടെ.. കള്ളത്തരം അല്ലാണ്ട് വീഴില്ല ആ പത്തു മുഴം നീളമുള്ള നാക്കിന്ന്... " അത് കേട്ടു സനു താടിയ്ക്കും കൈ കൊടുത്തു ഇരുന്നു ചിരിക്കാൻ തുടങ്ങി..അവനു ദേഷ്യം വരാനും.. അവൻ പല്ലും ഞെരിച്ചു സനൂനെ നോക്കി പേടിപ്പിച്ചു.. സനു അപ്പൊത്തന്നെ ഏന്തി വലിഞ്ഞു അവന്റെ തോളിലൂടെ കയ്യിട്ടു അവന്റെ ദേഷ്യം പോയി കിട്ടാൻ വേണ്ടി അവളെ ഓരോന്നു പറഞ്ഞു ചിരിക്കാനും അവനെ ചിരിപ്പിക്കാനും തുടങ്ങി.. *

വക്കീൽ പോയി കഴിഞ്ഞതിന് ശേഷം സനുവിനെ നോക്കി നടന്ന അവൾ കണ്ടത് മുന്നിലെ മണൽ പരപ്പിൽ താജ്ന്റെ തോളിലൂടെ കയ്യിട്ടു ഇരുന്നു തലങ്ങും വിലങ്ങും ചിരിച്ചു മറിയുന്ന സനുവിനെയാണ്‌.. ഒപ്പം താജുo പൂര ചിരിയാണ്.. ആ കാഴ്ച കണ്ടു അവളുടെ അന്തം പോയി.. അതോടൊപ്പം തലയ്ക്കടി കിട്ടിയ പോലൊരു ഫീലും.. ഒന്നാമത്തെ കാര്യം താജ് ഇവിടെയുള്ളത്.. രണ്ടാമത്തെതു അവൻ ഉള്ളത് സനുവിന്റെ ഒന്നിച്ചാണ്.. എന്തൊക്കെ കാര്യങ്ങൾ പറഞ്ഞു കൂട്ടിയിട്ടാണ് ഈ കൊലച്ചിരി എന്ന് തമ്പുരാന് അറിയാം.. അവൾ വേഗം അവരുടെ അടുത്തേക്ക് നടന്നു.. അവളെ മുന്നിൽ കണ്ടതും സനു അവനെ ഒന്ന് നോക്കി.. ശേഷം അവളെ നോക്കി വായും പൊത്തി പിടിച്ചു ചിരിക്കാൻ തുടങ്ങി.. അവൾക്ക് ഒന്നാകെ വരുന്നുണ്ടായിരുന്നു.. അവൾ സനുവിനെ വിട്ടു താജ്നെ ഒന്ന് തറപ്പിച്ചു നോക്കി.. അവൻ എന്തെടീന്നുള്ള മട്ടിൽ തിരിച്ചു അവളെയും നോക്കി.. അവൾ മുഖം തിരിച്ചു കളഞ്ഞു.. "സനു.. വാ.. പോകാം.. " "ആയില്ല.. കുറച്ച് കഴിയട്ടെ.. ഞങ്ങൾ ഇവിടെ വലിയൊരു ഡിസ്കഷനിലാ.. അത് കഴിഞ്ഞിട്ട് പോകാം.. വേണേൽ നീയും കൂടിക്കോ... " സനു വീണ്ടും ചിരിക്കാൻ തുടങ്ങി. "ദേ.. ചെറുക്കാ.. എണീറ്റു വരാനാ പറഞ്ഞത്... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ കണ്ണിൽ കണ്ടവരോട് ഒക്കെ സംസാരിക്കാനും കൂട്ട് കൂടാനും നിക്കരുത് എന്ന്.. എണീക്കടാ.. എണീറ്റു വരാൻ... "

അവൾ സനുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു.. " ടീ.. എന്നോട് പെരുമാറുന്നത് പോലെ തന്നെ അവനോടും പെരുമാറല്ലെ.. നിന്റെ അനിയൻ അല്ലേ.. " അവൻ എഴുന്നേറ്റു അവളുടെ മുന്നിൽ നിന്നു കൊണ്ട് പറഞ്ഞു.. "അത് നീ പറഞ്ഞു തരണോ.. എനിക്കറിയാം ഇവൻ എന്റെ അനിയൻ ആണെന്ന്.. ഇവനോട് എങ്ങനെ പെരുമാറണമെന്നും എനിക്കറിയാം.. അതൊന്നും നീ പറഞ്ഞു തരേണ്ട.. എന്തൊരു മാരണം ആണെടാ നീ.. എങ്ങോട്ട് തിരിഞ്ഞാലും അവിടൊക്കെ ഉണ്ടാവുമല്ലോ.. കറക്റ്റ് ആയി എന്റെ പിന്നാലെ തന്നെ ഉണ്ടാവുന്നല്ലോ.. ഇവൻ വലുതാകുമ്പോൾ നിന്നെപ്പോലെ ആകുമെന്ന് പറഞ്ഞത് ഇവന്റെ ഒന്നിച്ച് കൂടി ഇവനെ വഴി തെറ്റിക്കാനുള്ള ഉദ്ദേശത്തിൽ ആണല്ലേ.. ഒന്ന് പോടാ അവിടെന്ന്.. കുട്ട്യോളെ വഴി പിഴപ്പിക്കാൻ വേണ്ടി ഇറങ്ങിയേക്കുന്നു.. " അവൾ സനുവിനെയും വലിച്ചു പോകാൻ നോക്കി.. അവളുടെ മറ്റേ കയ്യിൽ അവന്റെ പിടി വീണു.. അവൾ ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.. "വിടെടാ.. നിനക്ക് എന്തിന്റെ കേടാ എപ്പോഴും എന്റെ ദേഹത്ത് കയറി പിടിക്കുന്നെ.. കയ്യിന്ന് വിടെടാ തെണ്ടി.. " അവൾ കൈ കുടഞ്ഞു..

അവൻ വിട്ടില്ല.. അവളുടെ ദേഷ്യവും അവന്റെ ചെയ്ത്തും കണ്ടു സനുവിനു ആകെ ചിരി വരുന്നുണ്ടായിരുന്നു.. "അമൻ.. വെറുതെ സീൻ ഉണ്ടാക്കാൻ നിക്കരുത്.. ലേറ്റ് ആവുന്നു.. നിന്നെപ്പോലെ തോന്നുന്ന സമയത്തു വീടെത്തിയാൽ പോരാ.. വിട്.. " അവൻ കയ്യിന്ന് വിട്ടു.. "ലൈലൂ.. കുറച്ച്.. കുറച്ച് നേരം കൂടി കഴിഞ്ഞിട്ട് പോകാം.. പ്ലീസ്.. എനിക്ക് കടൽ കണ്ടു മതിയായില്ല.. ഐസ് ക്രീം വേണം.. വൈകുന്നേരം അടിച്ചു പൊളിക്കാമെന്ന് പറഞ്ഞിട്ട്.. പറ്റിച്ചത് ആണല്ലേ എന്നെ.. " സനു നിന്നു ചിണുങ്ങാൻ തുടങ്ങി.. " ഇനിയൊരിക്കൽ വരാം ടാ.. ലേറ്റ് ആയാൽ ഉമ്മ........... " "എടീ.. ഒരു ഐസ് ക്രീം അല്ലേ.. കഴിച്ചിട്ട് പോട്ടെ... ഇങ്ങ് വാടാ.. ഞാൻ വാങ്ങിച്ചു തരാം.. " അവൻ സനുവിനെ പിടിച്ചു ചേർത്ത് നിർത്തി.. "വേണ്ടാ.. ഞാൻ വാങ്ങിച്ചു കൊടുത്തോളം.. " അവൾ സനുവിനെ അവളുടെ അടുത്തേക്ക് വലിച്ചു.. "ഹിയ്യോ.. എന്റെ ലൈലൂ.. ഞാൻ എന്തോന്ന്.. നിങ്ങടെ കളിപ്പാട്ടമോ..അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു വലിക്കാൻ.. നിങ്ങൾ തമ്മിലുള്ള ദേഷ്യം നിങ്ങൾ തമ്മിൽ തന്നെ അങ്ങ് തീർത്താൽ മതി.. എന്നെ അതിന്റെ ഇടയിൽ കൂട്ടണ്ട.. കൈയുടെ നെട്ടും ബോൾട്ടും ഇളകി പോയെന്നാ തോന്നുന്നേ.. "

സനു മുഖം ചുളിച്ചു കയ്യിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. " നീ വാടാ.. അവളു പറയുന്നതൊന്നും കാര്യമാക്കണ്ട.. ഏതായാലും അവളു നിന്നെ കൂട്ടാതെ പോകില്ല.. അഥവാ പോയാൽ തന്നെ നിന്നെ ഞാൻ കൊണ്ട് വിട്ടോളം.. പോരെ.. " അവൻ പറഞ്ഞു.. സനു പിന്നൊന്നും നോക്കിയില്ല.. ചാടി തുള്ളി അവന്റെ കയ്യും പിടിച്ചു നടന്നു.. അവൾ രണ്ട് മൂന്ന് വട്ടം വിലക്കി.. സനു കൂട്ടാക്കിയില്ല.. വേറെ നിവർത്തി ഒന്നും ഇല്ലാതെ അവളും പിന്നാലെ നടന്നു.. മാത്രല്ല.. സനൂന്റെ സന്തോഷം അവൾ അറിയുന്നുണ്ടായിരുന്നു.. അത് ഇല്ലാതാക്കാൻ അവൾക്ക് മനസ് വന്നില്ല.. അവൻ സനുവിനു ഇഷ്ടമുള്ള ഐസ് ക്രീം ഏതെന്ന് ചോദിച്ചു അതുതന്നെ വാങ്ങിച്ചു കൊടുത്തു.. ശേഷം അവളുടെ മുഖത്തേക്ക് നോക്കി.. അവൾ ഒന്നും വേണ്ടാന്നുള്ള ഭാവത്തിൽ മുഖം തിരിച്ചു ദൂരെക്ക് നോക്കി നിന്നു.. " നിനക്ക് ഏതാ വേണ്ടത്.. " അവളുടെ നിൽപ് കണ്ടപ്പോൾ തന്നെ അവൾക്ക് ഏതും വേണ്ടാന്ന് അവന് മനസ്സിലായിരുന്നു.. എന്നിട്ടും ചോദിച്ചു.. " എനിക്ക് വേണ്ടാ.. " അവൾ അവനെ നോക്കാതെ തന്നെ പറഞ്ഞു.. "വേണ്ടങ്കിൽ വേണ്ടാ.. ആർക്കാ നഷ്ടം നീ കഴിച്ചില്ലങ്കിൽ.. " എന്ന് പറഞ്ഞു അവൻ ഒരു ഐസ് ക്രീം വാങ്ങിച്ചു കഴിക്കാൻ തുടങ്ങി.. അത് കണ്ടു സനു കണ്ണും മിഴിച്ചു അവനെ നോക്കി.. വെറുതെ അല്ല താജ് ബ്രോ നിന്റെ ലവ് സെറ്റ് ആവാത്തെ..

അവൾ വേണ്ടാന്ന് പറയുമ്പോൾ കഴിക്ക് ലൈലാന്നും പറഞ്ഞു ഒരെണ്ണം എടുത്തു സ്നേഹത്തോടെ അവളെ കഴിപ്പിക്കേണ്ടതല്ലേ.. അല്ലാതെ ആർക്കാ നഷ്ടം എന്ന് ചോദിച്ചു സ്വയം തിന്നു തീർക്കുകയാണോ വേണ്ടത്.. വാട്ട്‌ എ ദുരന്തം അളിയാ.. "നോക്കണ്ട.. വേണ്ടാത്തവർക്ക് വേണ്ടാ.. അവളെ പിന്നാലെ നടന്നു കഴിക്ക് മുത്തേന്ന് പറഞ്ഞു ഒലിപ്പിക്കാനോ അവളെ തീറ്റിക്കാനോ ഒന്നും എനിക്ക് കഴിയില്ല.. അതിന് വേറെ ആളെ നോക്ക്.. വേണ്ടാത്തത് അഹങ്കാരം കൊണ്ടല്ലേ.. അവിടെ നിക്കട്ടെ.. " സനുന്റെ കണ്ണും തള്ളിയുള്ള നോട്ടം കണ്ടു അവൻ പറഞ്ഞു.. രണ്ടും ഈ ജന്മത്തിൽ നന്നാവില്ലന്ന് സനുവിനു ഉറപ്പായി.. പിന്നെ നോക്കാനെ പോയില്ല.. കയ്യിലുള്ള ഐസ് ക്രീമിലേക്ക് മാത്രം ശ്രദ്ധ കൊടുത്തു.. അവൻ അവളെ നോക്കി.. ഏതോ ലോകത്താണ്..കടലിൽ അല്ലാതെ മറ്റൊന്നിലും ശ്രദ്ധയില്ല.. ആദ്യമായിട്ടു കടലു കാണുന്നത് പോലെയുണ്ട് നിർത്തം.. ശേഷം സനുവിനെ നോക്കി.. ഐസ് ക്രീമും കഴിച്ചു കഴിഞ്ഞു തീരത്തൂടെ ഓടി നടക്കുന്നുണ്ട്.. അവൻ കയ്യിലെ ഐസ് ക്രീം താഴെയിട്ടു..എന്നിട്ട് കാശ് കൊടുത്തു അവളെ ലക്ഷ്യമിട്ടു നടന്നു..അവളുടെ തൊട്ടടുത്തു അവൾ നിന്നത് പോലെത്തന്നെ ദൂരെക്കും നോക്കി കയ്യും കെട്ടി നിന്നു.. "

ഏതു നേരം നോക്കിയാലും നിന്റെ മുഖം ഗ്യാസ് സിലിൻഡർ പോലെ ആണല്ലോടീ.. " അതുകേട്ടു അവൾ തല ചെരിച്ചു അവനെ ഒന്ന് തറപ്പിച്ചു നോക്കി.. "നോക്കണ്ട.. സത്യം പറഞ്ഞതാ.. കോളേജിൽ നിന്നും നേരത്തെ ചാടിയത് ഇതിന് വേണ്ടി ആണല്ലേ.. കറങ്ങലും ചുറ്റലും തന്നെയാണോ നിന്റെ പരിപാടി.. " "ആണെങ്കിൽ..? ആണെങ്കിൽ നിനക്ക് എന്താ..? എങ്ങോട്ട് ചെന്നാലും പിന്നാലെ വരുന്നുണ്ടല്ലോ.. അതെന്തിനാ.. ഒരു കാലത്തും എനിക്ക് സ്വസ്ഥത തരില്ല എന്നാണോ..? " അവൾ വല്ലാത്ത ദേഷ്യത്തിൽ ആയിരുന്നു.. ഇന്നത്തോടെ പ്രോപ്പർട്ടിസിൽ അധികാരം ഉണ്ടാകുമെന്നും അതുവഴി കാശ് കയ്യിൽ കിട്ടുമെന്നുമൊക്കെയാണ്‌ കരുതിയത്. പക്ഷെ ഒന്നും നടന്നില്ല.. അതായിരുന്നു ദേഷ്യത്തിനു കാരണം. " അതേ.. നിന്നെ സ്വസ്ഥതമായി ജീവിക്കാൻ ഞാൻ അനുവദിക്കില്ല.. സ്വസ്ഥത വേണോ..? എന്നാൽ എന്റെ മുന്നിൽ തോറ്റു താ..? " " സ്വപ്നം പോലും കാണണ്ട നീയത്.. അതിന് വേണ്ടിയാണു ഈ ശല്യം ചെയ്യൽ എന്നെനിക്കറിയാം..

സഹിച്ചു നിക്കുന്നതും അതുകൊണ്ടാ.. നിന്റെ മുന്നിൽ തോൽക്കാൻ പറ്റില്ലന്നത് കൊണ്ട്.. " എന്ന് പറഞ്ഞു സഹികെട്ടതു പോലെ തിരിഞ്ഞു നടക്കാൻ നോക്കിയതും സനു ഓടി വന്നു അവളെ പിടിച്ചു വെള്ളത്തിലേക്ക് ഒരൊറ്റ തള്ളായിരുന്നു.. മലർന്നടിച്ചു വീഴാൻ പോയ അവളെ താജ് കൈയിൽ പിടിച്ചു ശെരിക്കു നിർത്തിക്കാൻ നോക്കി.. പക്ഷെ ബാലൻസ് കിട്ടിയില്ല.. അവനെയും കൊണ്ട് അവൾ നിലത്തേക്ക് മറിഞ്ഞു.. സനു അപ്പോൾത്തന്നെ ഞാൻ ഈ നാട്ടുകാരനേ അല്ലെന്ന ഭാവത്തിൽ ദൂരെക്ക് മാറി നിന്നു.. അടുത്ത് കിട്ടിയാൽ അവൾ തന്നെ പിടിച്ചു ഈ കാണുന്ന കടലിൽ മുക്കി കൊല്ലും എന്ന് അവന് അറിയാം.. വീഴുമ്പോൾ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു.. കവിളിലൂടെ എന്തോ ഇഴഞ്ഞു നീങ്ങുന്നതു അവൾ അറിഞ്ഞു.. അവന്റെ വിരലുകളാണ്.. കണ്ണ് തുറന്നു നോക്കി.. അവന്റെ ചാര കണ്ണുകളാണ് ആദ്യം കണ്ടത്.. ഞെട്ടി പിടഞ്ഞു എണീക്കാൻ നോക്കിയതും അവൻ ഒരു കൈ കൊണ്ട് അവളെ ചുറ്റി പിടിച്ചു.. അവൾ തരിപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി. "ചുമ്മാതെ നിന്ന എന്നെ ഈ വെള്ളത്തിലേക്ക് വലിച്ചിട്ടിട്ടു പൊടിയും തട്ടി എണീറ്റു പോകാന്ന് കരുതിയോ നീ..

സുഖിച്ചു കിടക്കുന്നത് കണ്ടില്ലേ പോത്ത്.. ഞാൻ മാത്രം കടൽ വെള്ളത്തിന്റെ ചൂട് അറിഞ്ഞാൽ പോരല്ലോ.. നീയും കൂടി അറിയണ്ടേ..? " അവൻ അവളുടെ കണ്ണിലേക്കു തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.. ആ നോട്ടം അത്ര പന്തി അല്ലെന്ന് തോന്നി അവൾക്ക്.. വീണ്ടും എഴുന്നേൽക്കാൻ ശ്രമിക്കുന്നതിന് മുന്നേ അവൻ അവളെയും പിടിച്ചു ഒരൊറ്റ മറിയൽ ആയിരുന്നു.. വെള്ളം വസ്ത്രത്തിലേക്ക് തുളഞ്ഞ് കയറി ശരീരം മുഴുവൻ നനവ് പടരുന്നതു അവൾ അറിഞ്ഞു.. ദേഷ്യവും സങ്കടവുമൊക്കെ വന്നു അവൾക്ക്.. അവൻ ഇത്രേം ചെയ്യുമെന്ന് കരുതിയിരുന്നില്ല.. ചുമന്ന മുഖത്തോടെ അവനെ നോക്കി.. അവന്റെ ചുണ്ടിൽ ചിരി നിറഞ്ഞിരുന്നു.. അവൻ തല കുടഞ്ഞു മുടിയിലെ വെള്ളം അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു.. "എഴുന്നേറ്റു പോടാ പട്ടി.. " അവൾ കരച്ചിലിന്റെ വാക്കോളം എത്തിയിരുന്നു.. അവൻ എഴുന്നേറ്റു മാറി.. അവൾക്ക് നനഞ്ഞു കുതിർന്നതു കാരണം എഴുന്നേറ്റു നിൽക്കാൻ തന്നെ എന്തോ പോലെയായി.. അവൻ അവളുടെ നേരെ കൈ നീട്ടി.. അവൾ ദേഷ്യത്തോടെ കൈ തട്ടി മാറ്റി എഴുന്നേറ്റു നിന്നു.. വസ്ത്രം ശരീരത്തോടു ഒട്ടി ചേർന്നു നിന്നിരുന്നു..

അവളുടെ ആ കോലം കണ്ടു അവൻ അവളെ നോക്കി തലങ്ങും വിലങ്ങും ചിരിക്കാൻ തുടങ്ങി.. പൊതുവെ അവൻ ചിരിക്കാറില്ല.. വല്ലപ്പോഴും ചിരിക്കാറുണ്ട് എങ്കിൽ തന്നെ അത് അവളുടെ കുഴിമാടം തോണ്ടിയിട്ടുള്ള ചിരി ആയിരിക്കും.. "എന്ത് ഭംഗി നിന്നെ കാണാൻ.. എന്റെ ഒമലാളെ.... " അവൻ അവളെ കാല് മുതൽ തല വരെ നോക്കി പാട്ടും പാടി ചിരിയുടെ ആക്കം കൂട്ടി.. ശരീരം മുഴുവൻ നനഞ്ഞു കുളിച്ചിട്ടും അവൾക്ക് തീയിൽ ചവിട്ടി നിൽക്കുന്നത് പോലെ ചൂട് കയറാൻ തുടങ്ങി.. നിലത്തേക്ക് രണ്ട് മൂന്ന് ചവിട്ടു ആഞ്ഞു ചവിട്ടി അവൾ ദേഷ്യം നിയന്ത്രിക്കാൻ നോക്കി.. അവൻ അവളുടെ ദേഷ്യം കണ്ടില്ല.. കാരണം കളിയാക്കലിന്റെ ഇടയിൽ എപ്പോഴോ അവന്റെ കണ്ണുകൾ അവളുടെ ഉടലിൽ തറഞ്ഞു നിന്നിരുന്നു.. അതും കൂടി ആയപ്പോൾ അവൾക്ക് അവനെ കുത്തി കൊല്ലാൻ തന്നെ തോന്നി.. പിന്നൊന്നും നോക്കിയില്ല.. അവന്റെ പിന്നിലേക്ക് നീങ്ങി നിന്നു അവന്റെ ഷർട്ട് വലിച്ചു ഊരി എടുത്തു.. തെലുങ്ക് ഹീറോസിനെ പോലെ അകത്തൊരു ടീ ഷർട്ടും പുറത്തൊരു ഷർട്ടുമാണ് അവന്റെ സ്റ്റൈൽ.. അത് കൊണ്ട് ആദ്യമായി അവനെ കൊണ്ടൊരു ഉപകാരം ഉണ്ടായി..

അവൻ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.. അതേ സ്പോട്ടിൽ തന്നെ പിടിച്ചു തിരിച്ചു വാങ്ങിക്കാനും അവളെ ദേഷ്യം പിടിപ്പിക്കാനുമൊക്കെ തോന്നി എങ്കിലും ഒന്നും ചെയ്തില്ല.. അവളുടെ ശരീരം വല്ലാതെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു.. ചുറ്റിനും നിറയെ പേരാണ്.. തന്റെ അല്ലാതെ മറ്റാരുടെ കണ്ണും അവളുടെ ദേഹത്തേക്ക് എത്തരുത് എന്ന് ഉണ്ടായിരുന്നു അവന്.. ഷർട്ട് ഇട്ടതിനു ശേഷം അവൾ അവന്റെ മുഖത്തേക്ക് നോക്കി..അവന്റെ ഭാഗത്തുന്ന് എതിർപ്പ് ഒന്നും വരാത്തത് അവളെ അത്ഭുത പെടുത്തിയിരുന്നു. " ഇനിയൊന്നു നോക്കെടാ നീ.. " "വേണമെന്ന് വിചാരിച്ചാൽ നോക്കും.. നോക്കുന്നത് മാത്രല്ല.. ആഞ്ഞു പെരുമാറുകയും ചെയ്യും.. പബ്ലിക് സ്പേസ് ആണെന്നൊന്നും നോക്കില്ല.. " അവൻ അവളെ ഒന്ന് ഉഴിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു..സ്വിച്ച് ഇട്ടത് പോലെ അവളുടെ വാ അടഞ്ഞു.. ദേഷ്യം കയറിയാൽ അവൻ പറഞ്ഞത് പോലെ തന്നെ ചെയ്തു കളയും.. അത് കൊണ്ട് പിന്നെ അവളു മിണ്ടാൻ നിന്നില്ല.. ഈ പണിയൊക്കെ ചെയ്തു വെച്ചു നീയെതെവിടെ പോയി എരപ്പേന്നും കരുതിക്കൊണ്ട് ചുറ്റിനും സനുവിനെ തിരഞ്ഞു.. ദൂരെ മാറി നിന്നു എല്ലാം നോക്കിക്കണ്ടു ചിരിക്കുന്ന അവനെ കണ്ടതും അവൾക്ക് സകല നിയന്ത്രണവും വിട്ടു പോയി.. കയ്യിൽ ഉണ്ടായിരുന്നതു ഫോൺ ആണ്.. അത് വെച്ചു എറിഞ്ഞു..

അവൻ കൃത്യമായി ക്യാച്ച് ചെയ്തു അവളെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു വീണ്ടും ചിരിക്കാൻ തുടങ്ങി.. അവൾ സഹികെട്ടു തലയിക്കും താങ്ങു കൊടുത്തു നിലത്തേക്ക് ഇരുന്നു.. "താജ് ബ്രോ...ക്യാച്ച്.. " അവളുടെ അടുത്തേക്ക് വരുന്നതിന്റെ ഇടയിൽ സനു ഫോൺ താജ്ന് നേരെ എറിഞ്ഞു.. അവനും വിട്ടു കളഞ്ഞില്ല.. കയ്യിൽ ഒതുക്കി നിർത്തി.. നിലത്തു ഇരുന്നവൾ ചുടല ഭദ്രകാളിയെ പോലെ എഴുന്നേറ്റു അവന്റെ കയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങിക്കാൻ നോക്കി.. അവൻ കൊടുത്തില്ല.. കൈ പിന്നിലേക്ക് ആക്കി വെച്ചു.. "ലൈലൂ.. മതി തുള്ളി കളിച്ചത്.. ലേറ്റ് ആവുന്നു.. ഉമ്മ പറയാൻ തുടങ്ങും.. പോകാം.. " പെട്ടെന്നാണ് സനുവിനു വീട്ടിലെ കാര്യം ഓർമ വന്നത്.. ആ സ്ത്രീയുടെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ട് അവൻ ഇഷ്ടക്കേടോടെ അവളുടെ അടുത്ത് വന്നു പറഞ്ഞു. "ഇപ്പോഴാണോ നിനക്ക് ബോധം വന്നത്.. ഇതുതന്നെയല്ലേ നേരത്തെ ഞാനും പറഞ്ഞത്.. വാ.. പോകാം.. അതിന് മുന്നേ പൊന്നു മോൻ എന്റെ ഫോൺ വാങ്ങിച്ചു താ.. ഇല്ലെങ്കിൽ ഇവിടെ വിട്ടിട്ടു പോകും ഞാൻ നിന്നെ.. ഇവിടെ മാത്രമേ നിനക്ക് ഇവനെ കിട്ടുള്ളു.. വീട്ടിൽ ഞാനാ..അവിടെ എന്നേ കിട്ടുള്ളു.. ഞാനാ നിന്റെ ലൈലൂ.. അത് മറക്കണ്ട.. " അവൾ പറഞ്ഞു.. സനു താന്നുള്ള മട്ടിൽ അവനെ നോക്കി.. പിന്നെ അവൻ കളിക്കാൻ നിന്നില്ല.. ഫോൺ സനുവിന്റെ കയ്യിൽ കൊടുത്തു..

" ബ്രോ.. നമ്പർ...? " ലോക്ക് ഓപ്പൺ ചെയ്തു സനു അവനോട് ചോദിച്ചു.. അവൻ നമ്പർ പറഞ്ഞു കൊടുത്തു.. സേവ് ചെയ്യെടാ.. ചെയ്.. ഡിലീറ്റ് ചെയ്യാൻ എനിക്കറിയാം.. മനസ്സിൽ കരുതിക്കൊണ്ട് അവൾ സനുവിനെ നോക്കി കണ്ണുരുട്ടി.. അവന്റെ പോക്കറ്റിൽ നിന്നും ഫോൺ റിങ് ചെയ്യാൻ തുടങ്ങി. " ലൈലൂന്റെ നമ്പർ.. സേവ് ചെയ്തോ.. " അവൻ ഫോൺ എടുത്തു നോക്കിയതും സനു പറഞ്ഞു.. " ആ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ മോനെ.. " അവൾ നിവർത്തി കെട്ടു പറഞ്ഞു പോയി.. "സാരമില്ല.. ഞാൻ നികത്തി തന്നില്ലേ ആ കുറവ്.. ഇനി എന്റെ ലൈലൂ സാഡ് ആവണ്ട ട്ടൊ.. " സനു ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.. അവൻ ഫോൺ പോക്കറ്റിൽ ഇട്ടു.. സനുവിന്റെ മുന്നിൽ മുട്ട് കുത്തി നിന്നു.. "ഞാൻ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ.. എനിക്ക് തന്നേക്കണം.. ഇപ്പോ പോകാൻ നോക്ക്.. അല്ലെങ്കിൽ ഉമ്മാന്റെ കയ്യിൽ നിന്നും വാങ്ങിക്കുന്നതിന് മുന്നേ നീ ഇവളുടെ കയ്യിൽ നിന്നും വാങ്ങിക്കും.. ഞാൻ കൊണ്ട് വിട്ടേനെ.. പക്ഷെ അത് നിന്റെ പെങ്ങക്ക് ഇഷ്ടപ്പെടില്ലന്ന് മാത്രല്ല.. സമ്മതിക്കയുമില്ല.. പിടിച്ചു വലിച്ചു വണ്ടിയിലേക്ക് ഇടാൻ അറിയഞ്ഞിട്ടല്ല.. വേണ്ടാന്ന് വെച്ചിട്ടാ.. ഇവളുടെ നാവ് സഹിക്കാൻ പറ്റില്ല..

ഡ്രൈവിംഗിന്റെ ഇടയിലും ഞാൻ ഓരോന്ന് കൊടുത്തെന്നു ഇരിക്കും.. വേഗം വീടെത്തില്ല.. നീ നേരത്തെ പറഞ്ഞത് പോലെ ഞങ്ങടെ രണ്ടിന്റെയും ഇടയിൽ പെട്ടു നെട്ടും ബോൾട്ടും ലൂസ് ആകുന്നത് നിന്റേത് ആയിരിക്കും... പോകാൻ നോക്ക്.. ലേറ്റ് ആക്കണ്ട.. " എന്ന് പറഞ്ഞു അവൻ സനുവിന്റെ കവിളിൽ തട്ടി.. എഴുന്നേൽക്കാൻ നോക്കിയതും സനു അവന്റെ കഴുത്തിലൂടെ വട്ടം ചുറ്റി.. "Love yuu and miss yuuhh.." പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ അകന്നു മാറുകയും ചെയ്തു.. അവൻ ഒന്ന് പുഞ്ചിരിച്ചു.. " സനൂ..." അവൾ കടുപ്പിച്ചു വിളിച്ചു.. പിന്നെ അവൻ നിന്നില്ല.. വേഗം അവളുടെ അടുത്തേക്ക് വന്നു.. അവൾ അവന്റെ കയ്യും പിടിച്ചു മുന്നിലേക്ക് നടന്നു.. "ഹേയ്.. അപ്പൊ മറക്കണ്ട.. നൈറ്റ്‌ കാൾ ചെയ്..ലൈലു എടുക്കും.. " പോകുന്ന പോക്കിൽ സനു തിരിഞ്ഞു അവനെ നോക്കി വിളിച്ചു പറഞ്ഞു.. " ജീവനിൽ കൊതിയുണ്ട് മുത്തേ.. " അവനും വിളിച്ചു പറഞ്ഞു.. സനു തിരിഞ്ഞു നോക്കാൻ ഭാവിച്ചതും അവൾ തല പിടിച്ചു മുന്നിലേക്ക് തന്നെ തിരിച്ചു.. എന്നിട്ടു കയ്യിൽ വലിച്ചു ഒരൊറ്റ നടത്തം നടന്നു.. * കിടക്കുന്നതിന് മുന്നേ അവൾ തന്റെ റൂമിലേക്ക്‌ പോയി..ടേബിൾ നീക്കി ഡ്രോ വലിച്ചു തുറന്നു..

മുകളിൽ തന്നെ രണ്ട് ഫോട്ടോസ് ഉണ്ടായിരുന്നു.. ഒന്ന് ഉപ്പന്റെയും ഉമ്മാന്റെയും.. മറ്റൊന്നു റമിയുടെത്.. അത് രണ്ടും കയ്യിൽ എടുത്തു.. അതിന് ശേഷം ഒതുക്കി വെച്ച പുസ്തകങ്ങൾ ഇടയിൽ നിന്നും ഒരു ഡയറിയും.. ആ രണ്ട് ഫോട്ടോസിലും വിറക്കുന്ന ചുണ്ടുകളോടെ അമർത്തി ചുംബിച്ചു.. ശേഷം ഡയറി തുറന്നു അതിന്റെ അകത്തേക്ക് വെച്ചു.. ഡയറിയുടെ മറ്റൊരു താൾ തുറന്നു.. അവളൊരു ഫോട്ടോ എടുത്തു.. പഴകിയ ഒരു ഫോട്ടോയാണ്.. റമിയുടെ പേഴ്സിൽ നിന്നും കിട്ടിയതാണ്.. കയ്യിൽ ആകെയുള്ളതു ഇതു മാത്രം.. ഇത് വെച്ചു ഞാൻ എങ്ങനെ അന്വേഷിക്കാനും കണ്ടു പിടിക്കാനുമാണ്.. മുന്നയോടു സൂചിപ്പിച്ചിട്ട് ഉണ്ടാകുമോ റമി ഇങ്ങനെയൊരു കാര്യം.. ഉണ്ടാകും.. മുന്ന അറിയാത്തതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല റമിയുടെ ലൈഫിൽ.. ഈ ഫോട്ടോ മുന്നയുടെ കയ്യിൽ കൊടുക്കാം.. അവൻ അന്വേഷിക്കും.. റമിയുടെ ആഗ്രഹമാണ്.. വിട്ടു കളയാൻ കഴിയില്ല.. സാധിച്ചു കൊടുക്കണം.. അല്ലെങ്കിൽ ഞാൻ അവനെ സ്നേഹിച്ചിരുന്നു.. അല്ല.. സ്നേഹിക്കുന്നു എന്ന് പറയുന്നതിന് എന്തർത്ഥമാണ് ഉള്ളത്. ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ എല്ലാം നഷ്ടപ്പെട്ടിരുന്നു.. സ്വപ്നം കണ്ട ജീവിതം പോലും റബ്ബ് എന്നിൽ നിന്നും തട്ടി എടുത്തിരുന്നു..

ഒരിക്കലും ഞാനും എന്റെ പ്രണയവും റമിയിലേക്ക് അലിഞ്ഞു ചേരില്ലന്ന് ഉറപ്പായപ്പോൾ എത്രയോ വട്ടം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ്.. തോറ്റു തോറ്റു പാതാളം വരെ എത്തിയതാണ്.. എന്നിട്ടും ഉയർത്തു എഴുന്നേറ്റതു സനുവിനെ ഓർത്തിട്ട.. എനിക്ക് വേണ്ടി അവൻ ഒഴുക്കുന്ന കണ്ണുനീർ കാണാനുള്ള ശക്തി ഇല്ലാഞ്ഞിട്ടാ.. മറ്റൊരു തരത്തിൽ റമിക്ക് വേണ്ടി.. അവന്റെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ.. നീ നിന്റെ ജീവിതത്തിൽ കാണാൻ ഒരുപാട് ആഗ്രഹിച്ച ആ വ്യക്തി എവിടെയാണെന്നൊ എന്താണെന്നോ എങ്ങനെ ഇരിക്കുന്നെന്നൊ അങ്ങനെ ഒന്നും എനിക്കറിയില്ല റമീ.. എന്നാലും ഞാൻ കണ്ടു പിടിക്കും.. നിനക്ക് വേണ്ടി.. എന്ത് വില കൊടുത്തും ഞാൻ അയാളെ കണ്ടു പിടിക്കുകയും നിന്റെ ആഗ്രഹം പോലെ അയാളെ നിന്റെ ഉമ്മാന്റെ മുന്നിലേക്ക് എത്തിക്കുകയും ചെയ്യും.. അവൾ കണ്ണുകൾ തുടച്ചു.. പുറത്തിറങ്ങി റൂം ലോക്ക് ചെയ്തു.. സനുവിന്റെ റൂമിലേക്ക് ചെന്നു.. കയ്യിലെ ഫോട്ടോ ബാഗിലേക്ക് വെച്ചു.. സനു ബാത്‌റൂമിൽ നിന്നും ഇറങ്ങി കയ്യും മുഖവുമൊക്കെ തുടച്ചു ബെഡിലേക്ക് മറിഞ്ഞു.. "ലൈലൂ.. ഞാൻ കിടക്കുവാ.. നല്ല ക്ഷീണം.. " "കാണും..കാണും.. നല്ല ക്ഷീണം കാണും..

അമ്മാതിരി പണിയലല്ലെ എനിക്കിട്ട് പണിതത്.. " അവൾ അവനെ തുറുക്കനെ നോക്കിക്കൊണ്ട് ബെഡിലേക്ക് വന്നിരുന്നു.. "ഞാൻ എന്ത് ചെയ്തൂന്നാ... " "എന്ത് ചെയ്തൂന്നൊ.. എല്ലാം ചെയ്തു വെച്ചിട്ടു അവന്റെയൊരു നിഷ്കു ഭാവം കണ്ടില്ലേ.. ഓസ്കാർ അല്ലടാ.. നോബൽ തന്നെ കിട്ടും നിനക്ക്.. നിന്നോട് ആരെടാ എന്നേ പിടിച്ചു തള്ളാൻ പറഞ്ഞെ.. തുള്ളി കളിക്കുന്നവന് തുള്ളി കളിച്ചാൽ പോരെ.. അല്ലാതെ എന്നെ പിടിച്ചു തള്ളാൻ വരണോ.. " "ഓഹ്.. ഗോഡ്.. നീയെന്താ വിചാരിച്ചേ.. ഞാൻ അറിഞ്ഞിട്ട് ചെയ്തത് ആണെന്നോ.. അല്ല.. ലൈലൂ.. സത്യം ആയിട്ടുമല്ല.. ഞാൻ മനഃപൂർവം ചെയ്തതാ.. അല്ലാണ്ട് അറിഞ്ഞിട്ട് ഒന്നുമല്ല.. " "എടാ.. തൊരപ്പാ.. നിന്നെ ഇന്ന് ഞാൻ കൊല്ലുമെടാ.. " അവൾ തലയിണ എടുത്തു അവനെ തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി.. "ഹേയ്.. കൂൾ ലൈലൂ.. കൂൾ.. നീ എന്താ എന്നോട് പറഞ്ഞത്.. അവൻ തെമ്മാടിയാണ്‌.. രാക്ഷസൻ ആണ്.. കണ്ണിൽ ചോര ഇല്ലാത്തവനാണ്.. ചെറ്റയാണെന്നൊക്കെ അല്ലേ.. അതൊന്നും അല്ലെന്ന് എനിക്ക് മനസ്സിലായി.. നീ നിന്റെ ദേഷ്യത്തിന്റെ പുറത്താ അങ്ങനെയൊക്കെ പറയുന്നത്.. അവൻ നല്ലവൻ ആണ്.. മറ്റാരേക്കാളും..

അല്ലെങ്കിൽ അവൻ ഇന്ന് എന്നോട് അങ്ങനെയൊക്കെ പെരുമാറില്ലായിരുന്നു.. എന്തിന്.. നിനക്ക് അവൻ ഷർട്ട് തരുമായിരുന്നോ.. വേണമെങ്കിൽ അവന് അത് പിടിച്ചു വാങ്ങിക്കുകയും നിന്റെ അഴക് ആസ്വദിക്കുകയും ചെയ്യാമായിരുന്നു.. അവനത് ചെയ്തോ.. ഇല്ല.. എന്തുകൊണ്ട്.. കാരണം അവൻ നീ പറഞ്ഞത് പോലെ ചെറ്റയല്ല.. Anyway എനിക്കിഷ്ടപ്പെട്ടു.. നിന്റെ ലൈഫിലേക്ക് എന്നെങ്കിലും ഒരാൾ വരുന്നുണ്ടെങ്കിൽ അത് അവൻ ആയിരിക്കണം.. അവൻ മാത്രം.. " അവൻ തലയിണ പിടിച്ചു വെച്ചു കൊണ്ട് പറഞ്ഞു.. "അതൊക്കെ അവന്റെ അഭിനയമാ.. നിന്നെ കാണിക്കാനുള്ള അഭിനയം.. നിന്റെ മനസ്സിൽ കയറി പറ്റാൻ വേണ്ടി.. നിന്റെ കയ്യിൽ നിന്നും സ്വഭാവ സർട്ടിഫിക്കറ്റ് നേടി എടുക്കാൻ വേണ്ടി.. അവൻ മനസ്സിലാക്കിയിട്ടുണ്ടാകും ഞാനും നീയും തമ്മിലുള്ള അഫക്ഷൻ.. നീ എന്റെ എല്ലാമെല്ലാം ആണെന്നും നീയൊരു കാര്യം ആവശ്യപ്പെട്ടാൽ ഞാനത് തട്ടി കളയില്ലന്നും അവൻ എങ്ങനെയോ മനസ്സിലാക്കി എടുത്തിട്ടുണ്ട്..

അതാ നിന്നെ ചാക്കിട്ട് പിടിക്കാൻ നോക്കുന്നെ.. അല്ലാണ്ട് ആ തെമ്മാടി നന്നാവാനോ.. " "ഹൂ... ഇതാ നിന്റെ കുഴപ്പം.. അവനെ ഓർക്കുമ്പോൾ തന്നെ നീ ആദ്യം ഓർക്കുന്നത് അവന്റെ കുറ്റങ്ങളാ.. അത് കൊണ്ടാ ഇങ്ങനെയൊക്കെ സംഭവിക്കുന്നെ.. നിനക്ക് അവനെ ഇഷ്ടമാണോ അല്ലയോന്നൊന്നും എനിക്കറിയില്ല.. പക്ഷെ എനിക്കിഷ്ടമാണ്.. നിനക്ക് അവൻ മതി.. നീ അവനുള്ളതാണ്. പോത്തേ.. ഒന്ന് ചിന്തിച്ചു നോക്കിയേ.. നിന്റെ നമ്പർ കിട്ടിയിട്ടും അവനൊന്നു നിന്നെ വിളിച്ചോ.. ഏതൊരു കാമുകനും ആദ്യം ചെയ്യുന്നത് തന്റെ കാമുകിയുടെ നമ്പർ സംഘടിപ്പിക്കുകയും തുരു തുരെ വിളിച്ചു ശല്യം ചെയ്യലും ആയിരിക്കും.. പെണ്ണ് സെറ്റ് ആയത് ആണെങ്കിൽ ശല്യം ആയിരിക്കില്ല.. ഒടുക്കത്തെ കുറുകൽ ആയിരിക്കും.. താജ്ന് വേണമെങ്കിൽ എപ്പോഴേ നിന്റെ നമ്പർ സംഘടിപ്പിക്കാമായിരുന്നു.. അവൻ ചെയ്തില്ല.. ഇന്ന് നമ്പർ കിട്ടി.. എന്നിട്ടും വിളിക്കുന്നില്ല.. എന്താ കാരണം.. അവൻ പക്കാ ഡീസന്റ് ആണ്.. രാത്രി കാലങ്ങളിൽ പെൺകുട്ടികളെ ഫോൺ ചെയ്തു ശല്യ പെടുത്താൻ ആഗ്രഹിക്കുന്നില്ല.. പൈങ്കിളി ഇല്ല.. ഒലിപ്പീരില്ല.. സൂപ്പർ ക്യാരക്റ്റർ.. ആകെയുള്ളതു നേരിൽ കാണുമ്പോഴുള്ള ഉപദ്രവം..

അതൊന്നും വല്യ കാര്യമല്ല.. നിനക്ക് അതിന്റെയൊക്കെ കുറവ് നല്ലോണം ഉണ്ട്.. സോ അങ്ങ് സഹിച്ചേക്കണം.." "ചവിട്ടി കൂട്ടി മൂലയ്ക്ക് ഇടേണ്ടങ്കിൽ മിണ്ടാതെ ഇരുന്നോ നീ.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ നിന്റെ വായേന്ന് അവന്റെ പേര് വീഴാൻ പാടില്ല എന്ന്.. ഡീസന്റ്.. പക്കാ ഡീസന്റ്..ഓ.. എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ.. രാത്രി കാലങ്ങളിൽ പെൺകുട്ടികളെ വിളിച്ചു ശല്യം ചെയ്യാറില്ല.. പകരം ഡയറക്റ്റ് ബെഡ്‌റൂമിലേക്ക് കയറി പോകുകയാ ചെയ്യാറ്.. നീയും കണ്ടതല്ലേ അത്.. അതാണോ ടാ അവന്റെ ഡീസൻസി.. ഫോൺ നമ്പർ കൊടുത്തത് ഞാൻ ക്ഷമിച്ചു.. ഭൂമി ലോകം കീഴ് മേൽ മറിഞ്ഞാലും അവൻ എന്നെ വിളിച്ചു ഒലിപ്പിക്കില്ലന്ന് എനിക്കറിയാം.. പക്ഷെ തള്ളിയിട്ടത്.. അത് ഞാൻ ക്ഷമിച്ചിട്ടില്ല.. അതിനുള്ളത് ഉറക്കത്തിൽ തരാട്ടാ.. ഒരൊറ്റ ചവിട്ടിന് നിന്നെ ഞാനാ ഡോർന് സൈഡിലേക്ക് എത്തിക്കും.. നോക്കിക്കോ.. " അവൾ കലി തുള്ളിക്കൊണ്ട് പുതപ്പ് എടുത്തു തല വഴി ഇട്ടു കിടന്നു.. വെറുതെ അല്ലടീ ചക്ക പോത്തേ നിന്നെ അവൻ ഇങ്ങനൊക്കെ ചെയ്യുന്നേ.. നിന്റെ ഈ സ്വഭാവം കൊണ്ടാ.. എന്നിട്ട് പാവം എന്റെ അളിയനെ പറഞ്ഞോളും എല്ലാത്തിനും.. അവൻ ലൈറ്റ് ഓഫ് ചെയ്തു പുതപ്പും എടുത്തു തിരിഞ്ഞു കിടന്നു..

അവൾ പുതപ്പ് മാറ്റി നോക്കി.. അവൻ തിരിഞ്ഞു കിടക്കുന്നത് കണ്ടതും അവന്റെ അടുത്തേക്ക് നീങ്ങി അവനെ കെട്ടിപ്പിടിച്ചു.. അവനും അപ്പൊത്തന്നെ അവളെ ഭാഗത്തേക്ക്‌ തിരിഞ്ഞു ഒരു കാലു അവളുടെ മേലേക്ക് കയറ്റി വെച്ചു കിടന്നു.. * "ലൈലാ.. ഇതാ..നിന്റെ ആവശ്യത്തിനുള്ള ക്യാഷ് ഇതിൽ ഉണ്ട്.. " "എബി.. ഞാൻ.. അത്.. വേ......." അവൾ പറയാൻ ആവാതെ ഉഴറി.. "വേണ്ടാന്നാണോ പറഞ്ഞു വരുന്നത്.. എനിക്കറിയാം നീ ആരുടെ സഹായവും സ്വീകരിക്കാറില്ല എന്ന്.. പക്ഷെ ഇത് സ്വീകരിക്കണം.. വെറുതെ വേണ്ടാ.. കടം ആയിട്ട് തന്നെയാ.. നിന്റെ കയ്യിൽ കാശ് വരുമ്പോൾ തിരിച്ചു തന്നോ.. ഞാൻ വാങ്ങിച്ചോളാം..ഇനി വെറുതെ തരുന്നത് ആണെന്ന പ്രശ്നം വേണ്ടാ.." അവൻ കയ്യിലുള്ള കാശ് അവൾക്ക് നേരെ നീട്ടി.. അവൾ വാങ്ങിച്ചില്ല.. അവന്റെ മുഖത്തേക്കും കയ്യിലേക്കും നോക്കി മടിച്ചു മടിച്ചു നിന്നു.. "അയ്യോ.. ലൈലാ.. ഒന്നുല്ലേലും നമ്മള് ഇപ്പോ ഫ്രണ്ട്‌സ് അല്ലേ.. ഫ്രണ്ട്സ്ന്റെ ഇടയിൽ ഇതൊക്കെ സ്വാഭാവികമാണ്.. ഒന്ന് വാങ്ങിക്ക്.. താജ് വരുന്നതിനു മുന്നേ പോകണം.. അവൻ കണ്ടാൽ പ്രശ്നമാണ്.. " എബി കാശ് അവളുടെ കയ്യിൽ പിടിപ്പിച്ചു..

"നിനക്ക് ബുദ്ധിമുട്ടായോ.. ഞാൻ ഉടനെ തിരിച്ചു തരാം.. " "ബുദ്ധിമുട്ടോ.. എന്ത് ബുദ്ധിമുട്ട്.. കാശിന്റെ കാര്യത്തിൽ പ്രശ്നമൊന്നുമില്ല.. താജ്നെ ഓർത്തിട്ടാ.. അവന് അറിയില്ല ഞാൻ നിനക്ക് കാശ് തരുന്നത്.. എന്തിന്.. ഞാനും നീയും തമ്മിലുള്ള ഫ്രണ്ട്‌ഷിപ്‌ പോലും അവന് അറിയില്ല.. ആദ്യമായിട്ടാ അവനോടു ഒരു കാര്യം ഒളിച്ചു വെക്കുന്നത്.. ആ ഒരു ബുദ്ധിമുട്ടേ ഉള്ളൂ.. ഇക്കാര്യം അറിഞ്ഞാൽ അവന് വരുന്ന ദേഷ്യം കുറച്ചൊന്നുമായിരിക്കില്ല.. നിനക്കും അറിയുന്നത് അല്ലേ അവനെ.. നിനക്കൊരു ആവശ്യം വന്നപ്പോൾ ഞാൻ സഹായിച്ചു എന്നത് ആയിരിക്കില്ല അവന്റെ പ്രശ്നം.. അതിൽ സന്തോഷമേ ഉണ്ടാകുള്ളൂ.. പക്ഷെ നീ അവനോടു ചോദിച്ചില്ലല്ലോ എന്ന വേദന ഉണ്ടാകും അവന്.. നിനക്കൊരു ആവശ്യം വന്നപ്പോൾ നീ അവന്റെ അടുത്തേക്ക് ചെന്നില്ലല്ലോ എന്നോർത്ത് സങ്കടവും ദേഷ്യവുമൊക്കെ വരും അവന്.. അത് കൊണ്ട് ഇക്കാര്യം അവൻ അറിയണ്ട.. നുസ്രയോടു ഞാൻ പറഞ്ഞിട്ടുണ്ട് ക്യാഷ് ഞാൻ സങ്കടിപ്പിച്ചു തരാം..ഒരു കാരണ വശാലും താജ് അത് അറിയരുത് എന്ന്.. " അവൻ വേദനയോടെ പറഞ്ഞു.. അവൾടെ മനസ്സും വല്ലാതെ ആകുന്നുണ്ടായിരുന്നു..

"എബി.. വേണ്ടാ.. ഞാൻ വേറെ വഴി നോക്കാം.. അമൻ അറിഞ്ഞാൽ പ്രശ്നം ആകും.. ദേഷ്യം വരും.. എന്നോട് മാത്രമല്ല.. നിന്നോടും.. വെറുതെ ഞാൻ കാരണം... വേണ്ട എബി.. അവനോടു ഞാൻ ചോദിക്കില്ല.. ചോദിക്കാൻ കഴിയില്ല.. എന്ത് കൊണ്ടോ മനസ്സ് അതിന് അനുവദിക്കുന്നില്ല.. " അവൾ പറഞ്ഞു.. എബിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ മനസ്സ്.. അവൾ എത്രയൊക്കെ പറഞ്ഞിട്ടും അവൻ ക്യാഷ് തിരിച്ചു വാങ്ങിക്കാൻ കൂട്ടാക്കിയില്ല.. "അവൻ അറിഞ്ഞാൽ അല്ലേ പ്രശ്നമുള്ളു.. അവൻ അറിയില്ല.. നീ ചെല്ല്.. ആ പിന്നെ.. പ്രിൻസിയുടെ കാര്യം അറിഞ്ഞില്ലേ..മൈനർ അറ്റാക്കാ.. മിനിമം രണ്ടാഴ്ച എങ്കിലും റസ്റ്റ്‌ വേണം..പ്രോഗ്രാം ഡേറ്റ് മാറ്റി വെക്കുമെന്ന നോട്ടീസ് ബോർഡിൽ കണ്ടത്.. സോ തിരക്കിട്ടു നടക്കണ്ട.. പയ്യെ ചെയ്താൽ മതി കാര്യങ്ങളൊക്കെ.. " അവൻ പറഞ്ഞു..

അവൾ ശെരിയെന്ന അർത്ഥത്തിൽ തലയാട്ടി.. "പോട്ടെ.. പിന്നെ കാണാം.. " അവൾ ക്ലാസ്സിലേക്ക് നടന്നു.. അവൾ പോയതും അവനൊരു നെടു വീർപ്പോടെ തിരിഞ്ഞു.. ഉള്ളിൽ എന്തിനെന്ന് ഇല്ലാതെ ഒരു പിടച്ചിൽ അനുഭവ പെടുന്നുണ്ടായിരുന്നു അവന്.. അത് താജ്നോട് ഇക്കാര്യം മറച്ചു വെച്ചത് കൊണ്ടാണ്.. ഒരടി മുന്നിലേക്ക് നടന്നതേയുള്ളൂ.. എല്ലാം കണ്ടും കേട്ടും കോപം കൊണ്ട് ജ്വലിക്കുന്ന മുഖവുമായി നിൽക്കുന്ന താജ്നെ കണ്ടു.. എബിക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല.. സോറിടാ എന്ന ഭാവത്തോടെ എബി അവന്റെ മുഖത്തേക്ക് നോക്കിയതും ചാടി വീണ് കഴുത്തിന് കുത്തിയൊരു പിടിയായിരുന്നു അവൻ.. "തീർന്നു.. ഇവിടെ തീർന്നു.. നീയും ഞാനുമായുള്ള ഫ്രണ്ട്‌ഷിപ്‌ ഇപ്പോ ഇവിടെ ഈ നിമിഷം അവസാനിക്കുന്നു.. " എന്ന് അവൻ പറഞ്ഞു തുടങ്ങിയ ഓരോ വാക്കുകളും എബിയുടെ നെഞ്ചിനെ കീറി മുറിച്ചു കൊണ്ടിരുന്നു........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story