ഏഴാം ബഹർ: ഭാഗം 23

ezhambahar

രചന: SHAMSEENA FIROZ

"തീർന്നു.. ഇവിടെ തീർന്നു.. നീയും ഞാനുമായുള്ള ഫ്രണ്ട്‌ഷിപ്‌ ഇപ്പോ ഇവിടെ ഈ നിമിഷം അവസാനിക്കുന്നു.. " അവന്റെ മുഖം കോപം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു.. എബിക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല.. നെഞ്ചിൽ വല്ലാത്തൊരു പിടച്ചിൽ അനുഭവ പെട്ടു.. "താജ്.. ഞാൻ.. ഞാനൊന്നു പറഞ്ഞോട്ടെ.. " " വേണ്ടാ...പോ.. എന്റെ മുന്നിന്ന് പോ." കഴുത്തിനു പിടിച്ച പിടിയാലെ അവൻ എബിയെ പിന്നിലേക്ക് തള്ളി.. "താജ്.. പ്ലീസ്.. ഒന്ന് കേൾക്ക്.. നീ വിചാരിക്കുന്ന പോലൊന്നുമല്ല കാര്യങ്ങൾ.. " എബി നിന്നു കേഴുകയായിരുന്നു.. വിശ്വസിച്ചാൽ അവൻ ചങ്ക് പറിച്ചു തരുമെന്നും വിശ്വാസം തെറ്റിച്ചാൽ ചങ്ക് പറിച്ചു എടുക്കുമെന്നും എബിക്ക് അറിയാം.. അവൻ ഒന്നും കേൾക്കാൻ കൂട്ടാക്കിയില്ല.. അങ്ങേയറ്റം കോപത്തോടെ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.. എബി അവന്റെ കയ്യിൽ പിടിച്ചു.. അവൻ കത്തുന്ന കണ്ണുകളോടെ എബിയെ നോക്കി.. "പ്ലീസ് ടാ.. ഞാനൊന്നു പറയട്ടെ.. " എബിയുടെ ശബ്ദം ഇടറാൻ തുടങ്ങിയിരുന്നു.. അത് അവനെ അസ്വസ്ഥതമാക്കി..വിരലുകൾ ഞെരിച്ചു ദേഷ്യം നിയന്ത്രിച്ചു പറാന്നുള്ള മട്ടിൽ അവൻ എബിയെ നോക്കി.. " അവൾ എന്നോട് ചോദിച്ചിട്ടില്ല..

ഇന്നലെ മുതൽ അവളെ അസ്വസ്ഥതമായി കാണുന്നത് കൊണ്ട് വെറുതെ നുസ്രയോടു കാര്യം ചോദിച്ചതാ.. അന്നേരം നുസ്രയാ പറഞ്ഞത് ട്രസ്റ്റ്‌ന് വേണ്ട ക്യാഷ് റെഡി ആയിട്ടില്ലന്ന്.. അവൾക്ക് കാശിന് കുറവൊന്നുമില്ല.. പക്ഷെ പ്രോപ്പർട്ടീസിന് മേലേ എന്തോ കേസ് നടന്നു കൊണ്ടിരിക്കയാണെന്നും അത് കൊണ്ട് അക്കൗണ്ട്സിൽ നിന്നും ക്യാഷ് വിഡ്രോ ചെയ്യാൻ കഴിയില്ലന്നുമൊക്കെയാ നുസ്ര പറഞ്ഞത്.. കോൺട്രിബുഷൻ എവിടെയും തികഞ്ഞിട്ടില്ല.. ഇപ്പൊ പെട്ടെന്ന് എടുക്കാൻ നുസ്രയുടെ കയ്യിലുമില്ല.. അത് കൊണ്ടാ ഞാൻ.. അല്ലാതെ അവൾ എന്നോട് ആവശ്യപ്പെട്ടിട്ടില്ല.. നിനക്ക് അറിയുന്നത് അല്ലേ അവളെ.. ഒരാളുടെ സഹായവും അവൾ ആഗ്രഹിക്കുന്നില്ല... " " എന്തിന് കൊടുത്തു എങ്ങനെ കൊടുത്തു എന്നൊന്നും എനിക്കറിയണ്ട.. എന്നോട് പറയാത്തതെന്തേ..? അതുമാത്രം അറിഞ്ഞാൽ മതി എനിക്ക്.. " അവന്റെ ദേഷ്യം തണുത്തിട്ടില്ലായിരുന്നു.. "താജ്.. നിനക്ക് ഇഷ്ടപെടില്ലന്ന് കരുതി.. നീ അറിഞ്ഞാൽ സമ്മതിക്കില്ലന്ന് കരുതി.... "

"അതേ.. എനിക്കിഷ്ട പെടുന്നില്ല.. ഞാൻ സമ്മതിക്കില്ല.. അറിയാം നിനക്ക്.. അതൊക്കെ നന്നായി അറിയാം നിനക്ക്.. എന്നിട്ടും നീ ചെയ്തു.. ഞാൻ അറിയാതെ ചെയ്തു.. അതിനും മാത്രം ആരെടാ അവൾ നിന്റെ.. ചോറ് ഇവിടെയും കൂറ് അവിടെയും.. അല്ലേടാ പന്ന......... " ബാക്കി പറഞ്ഞില്ല.. പറയാതെ പല്ല് കടിച്ചു പിടിച്ചു നിർത്തി.. പറഞ്ഞാൽ കൂടി പോകുമെന്ന് അവന് അറിയാം.. " ഒരു ഫ്രണ്ട് എന്ന നിലയിൽ.. അത്രേയുള്ളൂ.. നീ ഒന്ന് മനസ്സിലാക്കെടാ.. " "എപ്പോ മുതലാടാ അവൾ നിനക്ക് ഫ്രണ്ട് ആയത്.. എന്ന് മുതലാടാ അവൾക്ക് നീ ഇത്രേം വല്യ ഫ്രണ്ട് ആയത്.. എല്ലാം ഞാൻ അറിയാതെ ആയിരുന്നുല്ലെ.. കൂടെ നിന്നു ചതിക്കുകയായിരുന്നു അല്ലേ നീ.. " " ഇല്ലാത്തത് പറയരുത് താജ്.. എല്ലാത്തിനും ഞാൻ നിന്റെ ഒന്നിച്ച് നിന്നിട്ടേ ഉള്ളൂ.. എന്നാടാ ഞാൻ നിന്നെ ചതിച്ചിട്ട് ഉള്ളത്.. ഇത് എങ്ങനെയാടാ ഒരു ചതി ആകുന്നത്.. ഞാൻ അവൾക്ക് ക്യാഷ് കൊടുത്തു.. നിന്നോട് പറഞ്ഞില്ല.. തെറ്റ് തന്നെ.. എന്റെ തെറ്റ്.. സമ്മതിച്ചു തന്നു..

എന്നാൽ നീ ചെയ്തതോ.. അതും തെറ്റ് തന്നെയല്ലേ.. ഒരു മാസത്തോളമായി അവൾ ഇതിന്റെ പിന്നാലെ ഓടി നടക്കുന്നു.. അവളെ പ്രേമിക്കുന്നവനാണെന്ന കാര്യം പോട്ടെ.. ഈ കോളേജിന്റെ ചെയർമാൻ എന്ന നിലയിൽ എങ്കിലും നീ അവളെ ഒന്ന് ഹെല്പ് ചെയ്തോ.. എന്തെങ്കിലും ഒരു സഹായം വേണോന്ന് ചോദിച്ചോ..? അവൾ കിടന്നു പെടാ പാട് പെടുമ്പോൾ ഒരിക്കലെങ്കിലും അവളുടെ ഒന്നിച്ച് നിന്നു പ്രവർത്തിച്ചോ നീ.. ഇല്ല.. നീ ചെയ്തില്ല അതൊന്നും.. ഇനി ചെയ്യുകയുമില്ല.. കാരണം നിന്റെ അഭിമാനവും അഹങ്കാരവും അതിന് സമ്മതിക്കില്ല..അവൾക്ക് ഒരു കൈ ഉപകാരം ചെയ്താൽ നീ അവളുടെ മുന്നിൽ തോറ്റു പോയാലോ.. അല്ലേ..? കാശിനു ഇത്രേം അത്യാവശ്യം വന്നിട്ടും അവളു ഒരാളോട് പോലും ചോദിച്ചില്ല.. എന്നോട് ഇക്കാര്യം പറഞ്ഞതിന് നുസ്രയോടു മുഖം വീർപ്പിച്ചു വെച്ചിരിക്കുകയാ.. ഇപ്പൊ ഞാൻ കൊടുക്കുമ്പോഴും വാങ്ങിക്കാൻ കൂട്ടാക്കുന്നുണ്ടായിരുന്നില്ല.. നിർബന്ധിച്ചു പിടിപ്പിച്ചതാ... "

" എന്നാൽ അവൾക്ക് എന്നോട് ചോദിച്ചൂടെ.. അവൾക്ക് ഒരു ആവശ്യം ഉണ്ടെന്ന് അറിഞ്ഞാൽ ആ നിമിഷം ഞാനത് ചെയ്തു കൊടുക്കില്ലേ.. അത് ക്യാഷ് എന്നല്ല.. എന്താണെങ്കിലും.. എന്നെക്കൊണ്ട് സാധിക്കുന്ന എന്തും ഞാൻ അവൾക്ക് ചെയ്തു കൊടുക്കില്ലെ.. പിന്നെന്താ... പിന്നെന്താ അവൾ എന്നോട് ചോദിക്കാത്തത്... " " നീ അറിയാതെ ഞാൻ അവൾക്ക് കാശ് കൊടുത്തതിനേക്കാൾ നിനക്ക് വേദനിച്ചതു ഒരു ആവശ്യം വന്നപ്പോൾ അവൾ നിന്റെ അടുത്തേക്ക് വന്നില്ല എന്നതാണെന്ന് എനിക്കറിയാം.. എടാ.. ഞാൻ ചോദിച്ചു.. അവൾക്ക് കഴിയുന്നില്ലന്ന്.. നിന്നോട് ചോദിക്കാൻ പറ്റുന്നില്ലന്ന്.. നിനക്കുള്ള അതേ അഭിമാനവും അഹങ്കാരവും അവൾക്കും ഉണ്ടാകില്ലേ.. നിന്റെ മുന്നിൽ തോറ്റു പോകുമോന്നുള്ള ഭയം.. അതുതന്നെ കാര്യം.. ഈ ദേഷ്യമൊന്നു കുറയ്ക്കെടാ.. അവളെ വേദനിപ്പിക്കുക മാത്രം അല്ലടാ ചെയ്യേണ്ടത്.. അവളുടെ വേദന മനസിലാക്കുകയും കൂടി ചെയ്യണം.. അപ്പോഴേ നീ അവളെ സ്നേഹിക്കുന്നു എന്ന് പറയുന്നതിന് ഒരർത്ഥത്തമുള്ളു.. "

" നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല.. ഫ്രണ്ടോ ബാക്കോ.. അതൊന്നും എനിക്കറിയണ്ട.. നീ അവൾക്ക് കാശ് കൊടുത്തത് എനിക്കിഷ്ടപ്പെട്ടിട്ടില്ല.. അത് തിരിച്ചു വാങ്ങിക്കണം.." " കൊടുത്തത് എങ്ങനെയാ തിരിച്ചു വാങ്ങിക്കുക.. അതിനെനിക്കു കഴിയില്ല..ഞാൻ വാങ്ങിക്കാതെ തന്നെ അവൾ തിരിച്ചു തരും.. അവളുടെ കയ്യിൽ ക്യാഷ് വരുമ്പോൾ.. അതുവരെ തിരിച്ചു ചോദിക്കാനോ വാങ്ങിക്കാനോ എനിക്ക് കഴിയില്ല.. " "വേണ്ടാ.. കഴിയണ്ട.. പക്ഷെ എനിക്ക് കഴിയും.. എന്താണെന്ന് അറിയുമോ.. എന്നോട് കാര്യങ്ങൾ മറച്ചു വെച്ചു കള്ളത്തരം കാണിക്കുന്ന നീയുമായുള്ള ഫ്രണ്ട്ഷിപ്‌ ഉപേക്ഷിക്കാൻ.. വെറുതെ ഒന്നുമല്ലല്ലോ.. അഹങ്കാരം കാണിച്ചിട്ട് അല്ലേ.. സയൻസ് സ്റ്റുഡന്റ്സിന്റെ അടുത്ത് നിന്നും മാത്രമേ ക്യാഷ് കളക്ട് ചെയ്യുകയുള്ളൂന്ന്.. അത് കൊണ്ടല്ലേ ഇപ്പൊ അവൾക്ക് ഇങ്ങനെ ഒരു പ്രശ്നം നേരിടേണ്ടി വന്നത്.. ബാക്കിയുള്ള ഡിപ്പാർട്മെന്റ്സിനോടു കൂടി സംഭാവന ആവശ്യ പെടാമായിരുന്നല്ലോ.. ചെയ്തില്ല.. നീ പറഞ്ഞത് തന്നെ കാര്യം.. അഭിമാനവും അഹങ്കാരവും.. അതൊക്കെ വെച്ചു കൊണ്ട് എവിടേം വരെ പോകുമെന്ന് എനിക്കൊന്നു കാണണം.. പറ്റുമെങ്കിൽ തിരിച്ചു വാങ്ങിക്ക്.. പറ്റുമെങ്കിൽ എന്നല്ല.. വാങ്ങിക്ക്..

വാങ്ങിക്കണം.. അല്ലാതെ ഇനി എന്റെ അടുത്തേക്ക് വരണ്ട.. നീ തീരുമാനിക്ക് എന്നെ വേണമോ അതോ ഇപ്പൊ കിട്ടിയ അവളുടെ ഫ്രണ്ട്ഷിപ്‌ വേണമോന്ന്... " എബിയെ ഒന്നും പറയാൻ അനുവദിച്ചില്ല.. ദേഷ്യത്തോടെ നടന്നു നീങ്ങി അവൻ.. ഈ ജന്മത്തിൽ അവൻ നന്നാകില്ല എന്നല്ലാതെ മറ്റൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല എബിക്ക്.. കൊടുത്തത് എങ്ങനെയാ തിരിച്ചു വാങ്ങിക്കുക.. വാങ്ങിച്ചില്ലേൽ പിന്നെ അവന്റെ അടുത്തേക്ക് ചെല്ലണ്ടി വരില്ല.. പറഞ്ഞാൽ പറഞ്ഞതാണ് അവൻ.. അത്രക്കും ദേഷ്യത്തിലാണ് ഇപ്പോൾ.. കർത്താവെ.. എന്താ ഇപ്പൊ ഇതിനൊരു പോം വഴി.. എത്ര ചിന്തിച്ചിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. ഒടുക്കം എന്തോ തോന്നിയത് പോലെ ലൈലയുടെ അടുത്തേക്ക് ചെന്നു. കാശ് തിരിച്ചു വാങ്ങിക്കാൻ അല്ല. പകരം അവളെ കാര്യങ്ങളൊക്കെ ബോധിപ്പിക്കാൻ.. അവൾ ചെന്നൊന്നു താജ്നോട് സംസാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ.. അവളൊന്നു താണ് കൊടുക്കണം.. അതേ താജ്നു വേണ്ടു. എബി രണ്ടും കല്പിച്ചു അവളോട്‌ ഉണ്ടായത് ഒക്കെ പറഞ്ഞു.. "എബി...ഞാൻ കാരണം നിങ്ങളു വെറുതെ... ഞാൻ പറഞ്ഞതല്ലേ.. വേണ്ടാന്ന്.. "

അവളുടെ ശബ്ദത്തിൽ വേദന നിറഞ്ഞിരുന്നു.. അത് എബിക്ക് മനസ്സിലായി.. " ഏയ്‌.. നീ വിഷമിക്കാതെ.. അവന് ദേഷ്യപ്പെടാൻ മാത്രമേ അറിയൂ.. ദേഷ്യം മനസ്സിൽ സൂക്ഷിക്കാൻ അറിയില്ല.. കുറച്ച് നേരം കഴിയുമ്പോൾ ശെരിയാകും.. " " എന്നാലും വേണ്ടായിരുന്നു എബി.. എന്റെ പേര് പറഞ്ഞല്ലേ അവൻ നിന്നോട് കയർത്തത്.. ഞാൻ കാരണം നിങ്ങളുടെ ഫ്രണ്ട്ഷിപ്‌ തകർന്നു പോകാൻ പാടില്ല.. ഞാൻ തിരിച്ചു തരാം.. നീ വാങ്ങിക്കണം.. പ്ലീസ്.. " " അയ്യോ.. അതൊന്നും വേണ്ട ലൈല.. ഇപ്പൊ അവന്റെ ദേഷ്യം മാറ്റാൻ ഒരു വഴിയെ ഉള്ളു.. അത് നീയാ.. നീ ചെന്നൊന്നു സംസാരിക്കണം അവനോട്.. പറയാൻ പാടില്ലാത്തതാണ്.. കൂട്ട് കൂടുമ്പോൾ വാക്ക് തന്നിരുന്നു.. അവന് വേണ്ടി സംസാരിക്കാൻ വരില്ല എന്ന്.. പക്ഷെ ഇപ്പോൾ.. പ്ലീസ് ലൈല.. ഒരു വട്ടം.. എനിക്ക് വേണ്ടി.. നീ ചെന്നൊന്നു സംസാരിക്ക്.. ക്യാഷ് തിരിച്ചു വാങ്ങിക്കാൻ പറഞ്ഞത് ദേഷ്യത്തിലാ.. അല്ലാതെ അവൻ അങ്ങനൊന്നും ചെയ്യാൻ പറയില്ല.. ചെല്ല്.. പാർക്കിംഗ് ഏരിയയിൽ കാണും.. കയ്യിൽ സിഗരറ്റും ഉണ്ടാകും..

ഇത്തിരി മയത്തിലൊക്കെ പെരുമാറണെ.. " അവളുടെ സ്വഭാവം അറിയുന്നത് കൊണ്ട് എബി ഒരു ചിരിയോടെ പറഞ്ഞു. അവളും ഒന്ന് ചിരിച്ചു തലയാട്ടി.. * എബി പറഞ്ഞത് പോലെത്തന്നെ അവൻ പാർക്കിംഗ് ഭാഗത്തു തന്റെ വണ്ടിയിലായിരുന്നു.. കയ്യിൽ സിഗരറ്റുണ്ട്.. ദേഷ്യം വരുന്ന സമയത്താണ് സ്‌മോക് ചെയ്യുക.. ഇപ്പോൾ ദേഷ്യം മാത്രല്ല.. മറ്റു പലതും ആയിരുന്നു.. എബി പറഞ്ഞത് അവന് നല്ലത് പോലെ കൊണ്ടിരുന്നു.. തെറ്റ് തന്റെ ഭാഗത്തുമുണ്ടെന്ന് തോന്നി.. അവളോട്‌ ക്യാഷ് വേണോന്ന് ചോദിക്കണമെന്ന് കരുതിയതായിരുന്നു.. പിന്നെ അക്കാര്യം വിട്ടു പോയി.. അവളെ കാണുമ്പോൾ ഒന്നും അത് ഓർമ വന്നതുമില്ല.. അതെങ്ങനെയാ.. അതൊക്കെ ഓർക്കാനുള്ള ഒരു അവസരം അവൾ തരാറുണ്ടോ.. മുന്നിൽ വരുന്നത് തന്നെ അപൂർവം.. ആ വരുന്നതോ ഒരു യുദ്ധത്തിനുള്ള എല്ലാം കരുതിയിട്ട് ആയിരിക്കും.. "അ... അമൻ... " പിന്നിൽ നിന്നും മടിച്ചു മടിച്ചുള്ള ഒരു വിളി.. അവൻ മൈൻഡ് ചെയ്തില്ല.. സിഗരറ്റിലേക്ക് പുക ഊതി വിട്ടു കൊണ്ടിരുന്നു..

"നിനക്കെന്താ ചെവി കേൾക്കില്ലെ..? " അവൾ വണ്ടിയുടെ അടുത്ത് വന്നു നിന്നു.. അവൻ അപ്പോഴും കേട്ടതോ കണ്ടതോ ആയ ഭാവമൊന്നും നടിച്ചില്ല.. "അമൻ.. നിന്നോടാ ചോദിക്കുന്നത്.. " അവൾ ദേഷ്യത്തോടെ വണ്ടിയുടെ ഡോറിൽ അടിച്ചു ശബ്ദം ഉണ്ടാക്കി ചോദിച്ചു.. "കേൾക്കാം.. എന്തുവേണം..? " അവൻ ഗൗരവത്തോടെ അവളെ നോക്കി.. "നീ.. നീ എന്തിനാ എബിയോടു ദേഷ്യപ്പെട്ടത്... " "ദേഷ്യ പെടുകയല്ല.. തല്ലുകയോ കൊല്ലുകയോ ചെയ്യും. അത് ചോദിക്കാൻ നീ ആരാ..? " "അവന്റെ ഫ്രണ്ട്.. " "ചീ..പുല്ലേ.. എന്ന് മുതലാടി അവൻ നിനക്ക് ഫ്രണ്ട് ആയത്.. കാശിനു ആവശ്യം വന്നപ്പോഴോ... " "ദേ.. അനാവശ്യം പറയരുത്.. " അവൾ അവന്റെ നേർക്ക് വിരൽ ചൂണ്ടി.. അത് കണ്ടതും അവൻ ഡോർ ഒരൊറ്റ ചവിട്ടി തുറക്കൽ ആയിരുന്നു..പുറത്തേക്ക് ഇറങ്ങിയില്ല.. അവളെ ദഹിപ്പിക്കാൻ പാകത്തിന് ഒന്ന് നോക്കി.. അവളുടെ കൈ അറിയാതെ താണ് പോയി.. ഒരടി പിന്നിലേക്ക് നീങ്ങി നിന്നു.. എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല..

ഓടി രക്ഷപെട്ടാലോന്ന് വരെ തോന്നി അവൾക്ക്.. "എന്തെടി... മുന്നിലേക്ക് വന്നത് അപദ്ധം ആയെന്ന് തോന്നുന്നുണ്ടോ.. ഓടി രക്ഷപ്പെടാൻ തോന്നുന്നുണ്ടോ നിനക്ക്.. " അവൻ ദേഷ്യം വിട്ടു മാറാതെ ചോദിച്ചു.. അവളൊന്നു നോക്കുക മാത്രം ചെയ്തു.. ഒന്നും മിണ്ടിയില്ല. "വായ തുറക്കുന്നൊ അതോ കവിളിനു കുത്തി പിടിച്ചു തുറപ്പിക്കണോ...? " "വേണ്ടാ.. നിന്റെ കൈ കരുത്ത് കാണാനും താങ്ങാനും വന്നതല്ല ഞാൻ.. എന്താ നിന്റെ പ്രശ്നം.. എബി എനിക്ക് കാശ് തന്നതല്ലേ.. അത് ഞാൻ തിരിച്ചു കൊടുത്തോളം.. നീ അവനോട് ദേഷ്യപ്പെട്ടു നിക്കരുത്.. വെറുതെ ഞാൻ കാരണം നിങ്ങൾ തമ്മിൽ തെറ്റി നിക്കരുത്..എന്നോട് അല്ലേ ദേഷ്യം.. എന്നോട് മാത്രം തീർക്ക്.. അത് പറയാനാ വന്നത്.. അത് പറയാൻ മാത്രം.. " "കൊള്ളാം.. നന്നായിരിക്കുന്നു.. ഞാനറിയാതെ എല്ലാം ചെയ്തു കൂട്ടുക..എന്നിട്ടു ഒന്നും അറിയാത്തതും സംഭവിക്കാത്തതുമായ രീതിയിൽ എന്റെ മുന്നിൽ വന്നു നിൽക്കുക.. സമ്മതിച്ചു തന്നിരിക്കുന്നു നിന്നെ.. നീ കൊടുത്താലും അവനത് തിരിച്ചു വാങ്ങിക്കില്ലന്ന് എന്നേക്കാൾ നന്നായി ഇപ്പോ നിനക്കറിയാം.. പിന്നെ എന്തിനാടീ ഈ ഡയലോഗ്.. ഏതായാലും ഞാൻ വിചാരിച്ചതിനേക്കാൾ അപ്പുറമാണ് നീ..

നിന്റെ ആവശ്യം വന്നാൽ ആരുടെ മുന്നിലേക്കും ഇറങ്ങി ചെന്നോളും നീ.. അല്ലേടി.. " "അമൻ.. പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്.. ഞാൻ എന്താണെന്നും എങ്ങനെയാണെന്നും എനിക്ക് നന്നായി അറിയാം.. അത് ആരെയും ബോധിപ്പിക്കേണ്ട ആവശ്യമൊന്നും എനിക്കില്ല.. ഇപ്പോ ഞാൻ എന്ത് പറഞ്ഞാലും നീ അതൊക്കെ മറ്റൊരു അർത്ഥത്തിലെ എടുക്കുകയുള്ളൂ.. വന്ന കാര്യം ഞാൻ പറഞ്ഞു.. എന്നെ സഹായിച്ചതിന്റെ പേരിലാണ് എബിയോടു ഈ ദേഷ്യമെങ്കിൽ അത് വേണ്ടാ.. മാറ്റി വെച്ചേരെ.. പ്ലീസ്.. അപേക്ഷയായി എങ്കിലും കാണണം.. " അവൾ പറഞ്ഞു.. അപ്പോഴേക്കും അവളുടെ ശബ്ദം വല്ലാതെ താണ് പോയിരുന്നു.. മനസ്സ് വേദനിക്കുന്നുണ്ടായിരുന്നു.. അവൻ ഇനി എബിയോട് പഴയത് പോലെ ആകില്ലേ എന്നതായിരുന്നു അവളുടെ പേടി.. അവൻ ഒന്നും കേൾക്കാത്ത പോലെ ഇരുന്നു.. കയ്യിലെ സിഗരറ്റ് കളഞ്ഞു.. പോക്കറ്റിൽ നിന്നും മറ്റൊന്ന് എടുത്തു.. ചുണ്ടിലേക്ക് വെച്ചു ലൈറ്റർ ഓൺ ചെയ്തു.. അവൾക്ക് ആകെ ദേഷ്യം വരുന്നുണ്ടായിരുന്നു.. സീരിയസ് ആയി ഒരു കാര്യം പറയുമ്പോഴാ അവന്റെ ഒടുക്കത്തെ വലി.. അവളൊന്നും നോക്കിയില്ല.. അവന്റെ അടുത്തേക്ക് ചെന്നു അവന്റെ ചുണ്ടിൽ നിന്നും സിഗരറ്റ് വലിച്ചു എടുത്തു.. "ഡീീീ... "

"അലറണ്ടാ... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ സ്‌മോക് ചെയ്യരുത് എന്ന്... " അവൾ എരിയുന്ന ആ സിഗരറ്റ് നിലത്തേക്ക് ഇട്ട് ചവിട്ടി ഞെരിച്ചു കൊണ്ട് പറഞ്ഞു.. "നിന്നെ അനുസരിക്കാൻ ഞാൻ നിന്റെ അടിമയല്ല.. എന്റെ ജീവിതം.. എന്റെ ഇഷ്ടം.. ഉപദേശം വേണ്ടാ.. ഞാൻ സ്വീകരിക്കില്ല.. എന്ത് ധൈര്യത്തിലാ നീയെന്റെ സിഗരറ്റിൽ തൊട്ടത്..." "ധൈര്യത്തിനൊന്നും എനിക്കൊരു കുറവുമില്ലന്ന് നിനക്ക് അറിയാമല്ലോ." അവൾ പറഞ്ഞു തീർന്നില്ല.. അതിന് മുന്നേ അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.. കറക്റ്റ് ആയി അവന്റെ നെഞ്ചിലേക്ക് മുഖവും കുത്തി വീണു.. അവൾ തരിപ്പോടെ മുഖം ഉയർത്തി നോക്കി.. "ഇപ്പോഴേ ശീലിച്ചോ നീയീ സ്മെല്.. എന്നാൽ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാകില്ല.. ഞാനെങ്ങും നിർത്താൻ പോകുന്നില്ല.. നിനക്ക് അലർജി ആണെങ്കിൽ എനിക്കിത് എനർജിയാണ്‌.. നിന്നെ പോലെ തന്നെ പ്രധാനപ്പെട്ടത്.." എന്ന് പറഞ്ഞു അവൻ അവളുടെ മുഖത്തേക്ക് ഒന്ന് ഊതി വിട്ടു.. പുകയുടെ സ്മെല്.. അവൾ ഇഷ്ടക്കേടോടെ മുഖം തിരിച്ചു കളഞ്ഞു..

"കാശിനു ആവശ്യം വന്നപ്പോൾ നീയെന്താ നിന്റെ മറ്റവനോട് ചോദിക്കാത്തത്.." മുന്നയെ ഉദ്ദേശിച്ചതാണെന്ന് അവൾക്ക് മനസ്സിലായി..അവനെ ഒന്നു തറപ്പിച്ചു നോക്കി എഴുന്നേറ്റു മാറി നിന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല.. "നിന്നോടാ ചോദിച്ചത്.. " അവനും അവൾക്ക് പിന്നാലെ ഇറങ്ങി.. "അത്.. അത് നീ വിചാരിക്കുന്ന പോലൊന്നുമല്ല അവൻ.. അവനെ ബുദ്ധിമുട്ടിക്കാൻ കഴിയില്ല... " "സ്നേഹിക്കാൻ അവനും ബുദ്ധിമുട്ടിക്കാൻ ഞാനും.. എന്ത് പേരിലാടീ നിന്നെ ഞാൻ വിളിക്കേണ്ടത്.. " "അതിനാരാ നിന്നെ ബുദ്ധിമുട്ടിച്ചത്.. ആരാ നിന്റെ അടുത്തേക്ക് സഹായം ചോദിച്ചു വന്നത്.. നിന്റെ അടുത്തേക്ക് എന്നല്ല.. ആരുടെ അടുത്തേക്കും ഞാൻ പോയിട്ടില്ല.. " "എബി സഹായിച്ചില്ലെ.. അവന് ബുദ്ധിമുട്ട് വന്നില്ലേ.. അവന് ബുദ്ധിമുട്ട് വന്നാൽ അതെനിക്കും കൂടി വന്നത് പോലെയാണ്.. കാരണം അവനെന്റെ വെറും ഫ്രണ്ട് അല്ല..ഈ ലോകത്ത് എന്നെ അറിഞ്ഞ രണ്ടാമത്തെ ആൾ.. എന്റെ ഡാഡ്നെ കഴിഞ്ഞാൽ ഞാൻ എന്തെന്ന് ഒരാൾ അറിഞ്ഞിട്ട് ഉണ്ടെങ്കിൽ അത് അവനാ.. ആ അവനാ ഇന്ന് ഞാൻ അറിയാതെ നിനക്ക് വേണ്ടി.... " " ഞാൻ പറഞ്ഞല്ലോ.. ഞാൻ അവനോട് സഹായം ചോദിച്ചിട്ടില്ല..

അഥവാ അവന്റെ സഹായം സ്വീകരിച്ചിട്ട് ഉണ്ടെങ്കിൽ തന്നെ അത് നിന്നോട് മറച്ചു വെക്കാനും പറഞ്ഞിട്ടില്ല... " "മതി.. നിർത്ത്.. എന്ത് പറഞ്ഞാലും നിന്റെ കയ്യിൽ മറുപടിയായി പ്രസംഗമല്ല.. ഒരു വെടിക്കെട്ട് തന്നെ ഉണ്ടാകുമെന്ന് എനിക്കറിയാം.. അതൊക്കെ വിട്.. എന്താ നീ എന്നോട് ചോദിക്കാത്തത്.. ഞാൻ തരില്ലന്ന് കരുതിയോ ..? " അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു.. "അല്ല.. നാലാൾക്ക് വേണ്ടി ഒരു നല്ല കാര്യം ചെയ്യുമ്പോൾ അതിൽ നിന്റെ പൊങ്ങച്ചത്തിന്റെ കാശ് വേണ്ടാന്ന് തോന്നി.. " " നുണ പറയുന്നോ ടീ.. അതല്ല കാര്യമെന്ന് എനിക്കറിയാം.. എന്റെ മുന്നിൽ തോറ്റു പോകുമെന്ന് കരുതിയല്ലേ.. എന്നോട് സഹായം ചോദിച്ചാൽ നീ എന്റെ മുന്നിൽ ചെറുതായി പോകുമെന്ന് കരുതിയിട്ടല്ലെ ടീ.. " "അറിയാല്ലോ.. പിന്നെന്തിനാ ചോദിക്കുന്നെ.. അതുതന്നെയാ കാര്യം.. നിന്റെ മുന്നിൽ തോറ്റു പോകുമോന്ന് കരുതി... " "എന്നാൽ നീ എപ്പോഴേ തോറ്റു പോയിരിക്കുന്നു ലൈല.. എബി എന്റെ ഫ്രണ്ടാ.. അല്ലാതെ നിന്റേത് അല്ല.. നീ എപ്പോ അവന്റെ കയ്യിൽ നിന്നും അവന്റെ സഹായം സ്വീകരിച്ചോ ആ നിമിഷം നീ തോറ്റു പോയി.. എന്റെ മുന്നിൽ തോറ്റു പോയി.. "

"എന്ന് നീ മാത്രം പറഞ്ഞാൽ മതിയോ.. ഒന്ന് പോടാ അവിടെന്ന്.. നീയും നിന്റെ ഒരു ഫ്രണ്ടും.. അവൻ എൻറെയും കൂടെ ഫ്രണ്ടാ.. നിന്റെ ഫ്രണ്ട് ആയി പോയി എന്നതല്ലാതെ മറ്റൊരു കുഴപ്പവും ഞാൻ അവനിൽ കണ്ടിട്ടില്ല.. നിന്നെ പോലെ അല്ലേ അല്ല.. നല്ല സ്വഭാവം..നല്ല പെരുമാറ്റം.. കൂട്ട് കൂടാൻ പറ്റിയവനാണ്.. അത് കൊണ്ടാ ഞാൻ അവന്റെ ഫ്രണ്ട് ഷിപ്‌ സ്വീകരിച്ചത്.. ശേഷം സഹായവും.. എനിക്കൊരു ആവശ്യം വരുമ്പോൾ ഞാൻ നിന്നെ ഓർത്തേനെ.. നിന്നോട് ഹെല്പ് ചോദിച്ചേനെ.. നീ എന്റെ ഫ്രണ്ട് ആയിരുന്നു എങ്കിൽ.. പക്ഷെ അല്ലല്ലോ.. നീ എനിക്ക് ഫ്രണ്ട് അല്ലല്ലോ.. അല്ല.. ഞാൻ നിനക്ക്.. നിനക്ക് ഞാൻ നിന്റെ സുഹൃത്തല്ലല്ലോ.. ആണോ.. പറാ.. ആണെങ്കിൽ ഞാനിനി എന്ത് ആവശ്യം വരുമ്പോഴും നിന്റെ അടുത്തേക്ക് വന്നോളാം.. എന്റെ അഭിമാനമോ അഹങ്കാരമോ ഒന്നും നോക്കില്ല.. ഫ്രണ്ട്സ്ന്റെ മുന്നിൽ അതൊന്നും ഇല്ലല്ലോ... ഫ്രണ്ട്സിനോടു നമുക്ക് എന്ത് വേണമെങ്കിലും ചോദിക്കാമല്ലോ.. "

എന്ന് പറഞ്ഞു അവൾ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.. " നോക്കണ്ട നീ.. പ്രതീക്ഷിക്കയും വേണ്ടാ.. സ്വപ്നം പോലും കാണണ്ട നീയത്.. ഒരിക്കലും ഞാൻ നിനക്ക് ഫ്രണ്ട് ആകാൻ പോകുന്നില്ല.. അതിന് വേണ്ടി അല്ല കണ്ടു മുട്ടിയതും പരിചയപെട്ടതും ഇന്ന് ഇവിടെ വരെ എത്തിയതും.. ശത്രുവായി കാണണോ.. കാണാം.. എന്നാലും സ്നേഹിക്കുന്ന പെണ്ണിനെ ഫ്രണ്ട് ആയി കാണാൻ ഒരു ആണിനും കഴിയില്ല.. പിന്നെ നിന്നോട് അടുത്ത് ഇടപെഴകാനും നിന്റെ സ്നേഹം പിടിച്ചു പറ്റാനും വേണ്ടി ഞാൻ അഭിനയിക്കണം.. നിന്റെ ഫ്രണ്ട് ആയി നിന്റെ ഒന്നിച്ച് നിന്നു ഞാൻ നിന്നെ ചതിക്കണം.. അതിനെനിക്കു കഴിയില്ല.. കുറച്ച് തെമ്മാടിത്തരങ്ങൾ കയ്യിൽ ഉണ്ടെന്ന് അല്ലാതെ അമ്മാതിരി കള്ളത്തരമൊന്നും എനിക്ക് വശമില്ല.. എനിക്ക് നട്ടെല്ല് ഉണ്ട്.. നിന്നെ വീഴ്ത്താനും നിന്റെ മനസ്സിലൊരു സ്ഥാനം കിട്ടാനുമൊന്നും നിന്നെ പറ്റിച്ചു നിന്റെ കൂടെ ഫ്രണ്ട് ആയി കൂടെണ്ടേ ആവശ്യമൊന്നും എനിക്കില്ല..അല്ലാതെ തന്നെ കഴിയും.. മനസ്സിലായോ..? " അവൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു. "ഇല്ല.. മനസ്സിലായില്ല.. എന്താ നീയിങ്ങനെ.. നിനക്ക് എന്നെ ഫ്രണ്ട് ആയി കണ്ടാൽ എന്താ..?

എന്റെ ഫ്രണ്ട്ഷിപ്‌ അക്‌സെപ്റ്റ് ചെയ്.. എന്നാൽ പിന്നെ ഈ വക പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകില്ലല്ലോ.. ഞാൻ പറഞ്ഞതല്ലേ എനിക്കൊരു ശത്രു വേണ്ടാ എന്ന്.. എന്താ നിനക്ക് പറഞ്ഞാൽ മനസ്സിലാകാത്തെ.. എന്നാ നീയൊന്നു നന്നാവുക... " അവൾ ദേഷ്യത്തോടെ ചോദിച്ചു. "തത്കാലം ഇപ്പോൾ നന്നാവാൻ ഉദ്ദേശിച്ചിട്ടില്ല.. പറയാൻ ഉള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു.. എനിക്കൊന്നും വേണ്ടാ നിന്റെ ഫ്രണ്ട്ഷിപ്‌.. എനിക്ക് വേണ്ടത് എന്താണെന്ന് ഞാൻ പറഞ്ഞിട്ട് ഉണ്ടല്ലോ..നിന്റെ മനസ്സ്.. അത് തരാൻ പറ്റുക ആണേൽ താ.. ഇപ്പോഴൊന്നും വേണ്ടാ.. നിനക്ക് സൗകര്യ പെടുമ്പോൾ മതി.. അതുവരെ ഇങ്ങനെ മതി.. ഇപ്പോഴുള്ളത് പോലെത്തന്നെ മതി.. അല്ലേലും ഫ്രണ്ട് ആയി കഴിഞ്ഞാൽ പിന്നെ നിന്നെ തോല്പിക്കുന്നതിൽ എന്താ ഒരു രസമുള്ളത്.. ഫ്രണ്ട്ന്റെ മനസ്സ് പിടിച്ചു എടുക്കുന്നതിൽ എന്താ ഒരു സുഖമുള്ളത്.. അതോണ്ട് നിന്നു പല്ല് പൊട്ടിക്കാതെ മോള് അങ്ങ് പോകാൻ നോക്ക്... " അവളൊന്നും പറഞ്ഞില്ല.. പോത്തിനോട് വേദം ഓതിയിട്ടു കാര്യമില്ലന്ന് അറിയാം.. അവനെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് പോകാൻ ഒരുങ്ങി.. "ടീ... ഒന്ന് നിന്നെ.. " അവൾ നിക്കുകയും ഇനിയെന്താന്നുള്ള ഭാവത്തിൽ തിരിഞ്ഞു അവനെ നോക്കുകയും ചെയ്തു..

"എന്റെ ഷർട്ട് എവിടെ..? " "ഞാൻ കൊണ്ട് വന്നില്ല.. " അവൾ വേറെ എവിടേക്കൊക്കെയോ നോക്കിക്കൊണ്ട് കൂസൽ ഇല്ലാതെ പറഞ്ഞു.. "കൊണ്ട് വന്നില്ലന്നൊ.. ഒരു സാധനം വാങ്ങിച്ചാൽ തിരിച്ചു കൊടുക്കുന്ന പരിപാടി ഒന്നും ഇല്ലാല്ലേ...? " "അയ്യോ.. അത് നിനക്ക് വേണമായിരുന്നോ.. ഇന്നലെ പറയാത്തതെന്തേ...? ഞാനത് വീട്ടിൽ സാധനം പെറുക്കാൻ വരുന്ന പിള്ളേർക്ക് എടുത്തു കൊടുത്തു.. " അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു.. പുറത്തു കാണിച്ചില്ല.. " ആരോടു ചോദിച്ചിട്ട്..? നിന്റെ ഇഷ്ടം പോലെ ചെയ്യാൻ അത് നിന്റെ അമ്മായി അപ്പന്റെ ഷർട്ട് ഒന്നുമല്ല.. " "സ്വന്തം വാപ്പാക്ക് പറയല്ലേ അമൻ.. അമ്മായി അപ്പന്റെ ഷർട്ട്‌ അല്ല.. അമ്മായി അപ്പന്റെ മകന്റെ ഷർട്ടാ.. ഇതാ ഞാൻ പറഞ്ഞെ.. സംസാരിക്കുന്നതിന് മുൻപേ ചിന്തിക്കാറില്ല നീ എന്ന്... " അടക്കി പിടിച്ച ചിരി അറിയാതെ പുറത്തു വന്നു പോയി അവൾക്ക്.. പരിഹസിച്ചതാണെന്ന് അവനു മനസ്സിലായി.. ഒന്നും പറഞ്ഞില്ല.. വല്ലാത്തൊരു ഭാവത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.. ഉറപ്പാണ്.. ഒന്നുകിൽ കൈ.. അല്ലെങ്കിൽ നടു.. അടുത്ത് വന്നാൽ ഇതിൽ ഒരിടത്തു ആയിരിക്കും പിടിച്ചു വലിക്കുക.. അതും ഒടുക്കത്തെ വേദനിപ്പിക്കൽ ആയിരിക്കും..

അതോർത്തു പിന്നോട്ട് നീങ്ങാൻ നോക്കിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തിച്ചു.. "ഒരുപാട് അങ്ങ് ആക്കാൻ വരല്ലേ നീ.. എന്റെ ഷർട്ട് എനിക്ക് വേണം.. എന്റെ സാധനം മറ്റുള്ളവരുടെ കയ്യിൽ ഇരിക്കുന്നത് എനിക്കിഷ്ടമല്ല.. നാളെ വരുമ്പോൾ എടുത്തോണം.. കേട്ടല്ലോ.. " "ഹൂ.. ഞാൻ കൊണ്ട് വരാം..അല്ലേലും എനിക്കൊന്നും വേണ്ടാ നിന്റെ ഷർട്ട്.. രാവിലെ വരുമ്പോൾ എടുക്കാൻ മറന്നതാ.. നാളെ തരാം.. എന്ത് നക്കിയാ നീ.. ഈ ഭൂമി ലോകം മൊത്തത്തിൽ വിലക്ക് വാങ്ങാൻ ആസ്തിയുള്ളവനാ ഒരു ഷർട്ട്ന്റെ കണക്കും കാര്യവും പറയുന്നത്.. കഷ്ടം.. " അവൾ പരിഹാസത്തോടെ പറഞ്ഞോണ്ട് അവന്റെ പിടി വിടുവിച്ചു തിരിഞ്ഞു നടന്നു.. "എടീ.. ആ ക്യാഷ് തിരിച്ചു കൊടുക്കണ്ട... ഇപ്പോഴെന്നല്ല..എപ്പോഴും കൊടുക്കണ്ട.. ഞാൻ കൊടുത്തോളം അവന്.. " അവൻ വിളിച്ചു പറഞ്ഞു.. "അല്ലെങ്കിലും ആരു കൊടുക്കുന്നു.. ഞാനെങ്ങും കൊടുക്കാൻ പോകുന്നില്ല.. അവൻ ചോദിച്ചാലും കൊടുക്കില്ല.. നീ തന്നെ കൊടുക്കണം അത്.. ചെയർമാൻ ആയിട്ട് നീ കോൺട്രിബുഷൻ ഒന്നും തന്നില്ലല്ലോ.. ഇത് ഞാനാ കണക്കിൽ ഇട്ടു.. നീ തന്നെ കൊടുക്കണം അവന്.. ഇനി ഇതിന്റെ പേര് പറഞ്ഞു എന്റെ അടുത്തേക്ക് വരണ്ട..

എബിയോട് ഞാൻ പറയാം നീ തരുമെന്ന്.. വൈകാതെ കൊടുത്തോണം... കാശിന്റെ ഇടപാട് ഒന്നും കൂടുതൽ വെക്കണ്ടാ.. എത്രയൊക്കെ ഫ്രണ്ട് ആണെന്നു പറഞ്ഞിട്ടും കാര്യമില്ല.. കടം കടം തന്നെയാ.. എങ്ങാനും നീ വേഗം തട്ടി പോയാൽ ആ കടം അവിടെ ബാക്കി കിടക്കും.. അത് കൊണ്ടാ... " അവൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ അവിടെന്ന് പോയി. അവൻ അവൾ പോകുന്നതും നോക്കി നിന്നു.. ഉള്ളിൽ എവിടെയോ ഒരു തണുപ്പ് അനുഭവ പെടുന്നത് അവൻ അറിഞ്ഞു.. ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു.. അതിന്റെ അർത്ഥം നിന്നോട് ഇങ്ങനെ അല്ലാതെ വേറെ എങ്ങനെയും പറ്റില്ലടീ എന്നായിരുന്നു * ക്ലാസ്സിലേക്ക് ചെല്ലുമ്പോൾ വരാന്തയിൽ നിന്നും നുസ്രയും എബിയും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നത് കണ്ടു.. താനും താജുമായിരിക്കും വിഷയമെന്ന് അവൾക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാലും വെറുതെ വിടുന്നത് എങ്ങനെയാ.. രണ്ടിന്റെയും അടുത്ത് ചെന്നു നിന്നു.. അർത്ഥ ഗർഭമായൊരു നോട്ടവും അതുപോലെത്തെ തന്നെ ഒരു ചോദ്യവും ചോദിച്ചു.. "എന്താ എബി ഒരു ചുറ്റിക്കളി.. " "അയ്യേ...ചുറ്റിക്കളിയോ.. അതും ഇവളുമായിട്ടോ.. എനിക്ക് ആൾറെഡി ഒരെണ്ണം ഉള്ളതാ.. "

എന്തോ വേണ്ടാത്ത കാര്യം കേട്ടത് പോലെ അവൻ പകച്ചു കൊണ്ട് പറഞ്ഞു.. അത് കേട്ടു അവൾ താടിക്കും കൈ കൊടുത്തു നിന്നു അവനെ നോക്കി നന്നായി ചിരിക്കാൻ തുടങ്ങി.. നുസ്രയ്ക്ക് ആണേൽ ദേഷ്യം വരാനും.. " എനിക്ക് എന്താടാ ഒരു കുറവ്.. അല്ലെങ്കിലും ആരാടാ നിന്റെ ഒന്നിച്ച് ചുറ്റി കളിക്കാൻ നിക്കുന്നെ.. നിനക്കിനി ലവ് ഒന്നും ഇല്ലന്നാൽ പോലും ഞാൻ നിന്റെ പിന്നാലെ ഒന്നും വരില്ല.. കാരണം എന്റെ മനസ്സിൽ വേറെ ഒരാൾ ഉള്ളതാ.. നിന്നെപ്പോലെ കാട്ടു കുരങ്ങിന്റെ മോന്തയും കഴുതയുടെ ബുദ്ധിയും ഒരുമാതിരി പാടത്തു കുത്തി വെക്കുന്ന കോലവുമല്ല..ആള് നല്ല ചുള്ളനാ..ആര് കണ്ടാലും ഒന്ന് നോക്കി പോകും.. പെർഫെക്ട് ആണ്.. വലിയില്ല..കുടിയില്ല.. ഒരു തരത്തിൽ ഞാൻ അയാളുടെ ഫാനും ആണ്... " നുസ്ര പറഞ്ഞു.. നുസ്രയുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നത് ലൈല അറിഞ്ഞു.. അപ്പൊ പറഞ്ഞത് തമാശയല്ല.. കാര്യം തന്നെയാണ്.. ഇന്നുവരെ പെണ്ണിനെ ഇങ്ങനെ കണ്ടിട്ടില്ല.. ഇങ്ങനൊരു കാര്യം ഇതുവരെ പറഞ്ഞിട്ടുമില്ല.. ആരായിരിക്കും ആൾ..? ലൈല അതോർത്തു നിന്നു.. എബി അപ്പോഴേക്കും നുസ്രയെ കാലേ പിടിച്ചു വാരാനും ആക്കാനുമൊക്കെ തുടങ്ങിയിരുന്നു..

നുസ്ര ആണേൽ ഒന്നും പറയണ്ടായിരുന്നു എന്ന ഭാവത്തോടെ ചമ്മി നിൽക്കുന്നു.. "കേട്ടോ ലൈല.. മനസ്സിൽ ഒരാൾ ഉണ്ടെന്ന്.. പെണ്ണ് കൈവിട്ടു പോയി.. ഒന്ന് സൂക്ഷിച്ചേരെ.. ഇല്ലേൽ വേലി ചാടി പോകാനും മതി.. എന്നാലും ആരായിരിക്കും ആ മിസ്റ്റർ പെർഫെക്ട്..ആരായാലും കുഴപ്പമില്ല.. ആള് പെർഫെക്റ്റ്‌ ആണെന്നൊക്കെ പറഞ്ഞു നടന്നു ഒടുക്കം ഭൂലോക ചെറ്റ ആവാതെ നിന്നാൽ മതി.. എല്ലാം അറിഞ്ഞും കണ്ടും മാത്രം തുടങ്ങിയാൽ മതി ഒരു റിലേഷൻ... " "അതിന് ഞാൻ എൻറെ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല.. " നുസ്ര പറഞ്ഞു..അത് പറയുമ്പോൾ അവളുടെ മുഖം വല്ലാതെ ആയതു ലൈല ശ്രദ്ധിച്ചു.. "എന്താ..ഇതുവരെ ഇഷ്ടം തുറന്നു പറഞ്ഞില്ലെന്നോ.? " എബി അത്ഭുതത്തോടെ നുസ്രയെ നോക്കി ചോദിച്ചതും എബിയുടെ ഫോൺ റിങ് ചെയ്തു.. അവൻ ഫോൺ എടുത്തു നോക്കി.. അവന്റെ മുഖത്തു സുന്ദരമായൊരു ചിരി വിരിഞ്ഞു.. "ആരെടാ.. ജുവൽ ആണോ..? " അവന്റെ മുഖം തെളിഞ്ഞതു കണ്ടു ലൈല ചോദിച്ചു.. "മാതാവേ.. ജുവലോ.. ഇത് അവളൊന്നുമല്ല.. അവളെക്കാൾ എത്രയോ മുന്തിയ ഇനമാണ്.. എന്റെ ലൈഫിൽ അവളെക്കാൾ ഇമ്പോര്ടന്റ്റ്‌സ് ഉള്ള ആൾ.. " അവൻ പറഞ്ഞു..

അത് കേട്ടു ലൈല അതാരാന്നും ചോദിച്ചു നെറ്റി ചുളിച്ചു അവനെ നോക്കിയതും അവൻ ഫോൺ സ്‌ക്രീൻ അവൾക്ക് കാണിച്ചു കൊടുത്തു.. Taaj is calling.. അവൾ എന്തുവാടെ ഇതെന്നുള്ള ഭാവത്തിൽ അവനെ നോക്കി. മറുപടിയായി അവനൊന്നു ചിരിച്ചു കൊടുത്തു.. "ചെല്ല്.. വേതാളത്തിനെ കാണാഞ്ഞിട്ട് വിളിക്കുന്നതാവും.. " "അല്ല ലൈല... എന്തായി നീ പോയ കാര്യം. അവന്റെ എയർ കളഞ്ഞിട്ടു ആണോ വന്നത്.. അതോ കൂട്ടിട്ടോ..?" " നീ പേടിക്കണ്ട.. ചെല്ല്.. എന്നെ ഒന്നും ചെയ്തിട്ടില്ല.. അപ്പൊ നിന്നെയും ചെയ്യില്ല.. സാധാരണ അടുത്ത് കിട്ടുമ്പോഴോക്കെ എന്നെ വേദനിപ്പിക്കാറുണ്ട്.. ഇപ്പോ രണ്ട് മൂന്ന് ദിവസമായിട്ട് അതില്ലാ.. എന്താണാവോ.. ഞാനും എല്ലാരേം പോലെ ജീവനുള്ള വസ്തു ആണെന്ന് തോന്നി തുടങ്ങിയോ അതോ ഞാൻ ചത്തു പോയാൽ ഫൈറ്റ് ചെയ്യാൻ വേറെ ആളെ കിട്ടില്ലന്ന് തോന്നിയോ... " എബി ഒന്നും പറഞ്ഞില്ല.. ഒന്ന് ചിരിച്ചു വിടുക മാത്രം ചെയ്തു.. "പിന്നെ എബി.. ഞാൻ വാങ്ങിച്ച കാശ് ഞാൻ തിരിച്ചു തരില്ല.. അത് അവൻ തരും.. അവന്റെ കയ്യിന്ന് വാങ്ങിക്കണം.. വാങ്ങിക്കണമെന്ന് പറഞ്ഞാൽ വാങ്ങിക്കണം... " "ഓഹോ..അപ്പൊ അങ്ങനൊക്കെ ആയോ.. " അവൻ ആക്കിയ ഒരു ചിരി ചിരിച്ചു..

"തെണ്ടി.. അങ്ങനൊന്നുമല്ല.." "എങ്ങനെയൊന്നുമല്ലന്ന്.. അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോ... ഒന്നും പറയാതെ തന്നെ ഇങ്ങനെ ആണെങ്കിൽ അപ്പൊ ഞാൻ എന്തേലും പറഞ്ഞിരുന്നു എങ്കിലോ.. മോളെ.. അപ്പൊ എങ്ങനെയോ ഒന്ന് ഉണ്ടെന്ന് അല്ലേ.. മനസ്സിലായി മോളെ.. മനസ്സിലായി.." അവൻ അവളെ നോക്കി തലയാട്ടി ചിരിക്കാൻ തുടങ്ങിയതും അവന്റെ ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങി..താജ് തന്നെയാണ്.. "കണ്ടോ.. ഞാൻ പറഞ്ഞതല്ലേ അവനു ദേഷ്യ പെടാൻ മാത്രേ അറിയൂ.. ദേഷ്യം മനസ്സിൽ വെക്കാൻ അറിയില്ലന്ന്.. ഞാൻ പോട്ടെ.. ഇല്ലെങ്കിൽ നേരത്തെ കിട്ടിയതിന്റെ ബാക്കി ഇനി കിട്ടും.. " അവൻ പോയതിനു ശേഷം അവൾ ക്ലാസ്സിലേക്ക് കയറാൻ നോക്കി.. അപ്പോഴാണ് അടുത്ത് ഒരുത്തി ഉണ്ടെന്ന കാര്യം തന്നെ ഓർമ വന്നത്.. നേരത്തെ അവളുടെ ചെറുക്കനെ പറ്റി സംസാരിക്കുന്നതിന്റെ ഇടയിലാ എബിക്ക് താജ്ന്റെ കാൾ വന്നത്.. പിന്നെ സംസാരം ആ ഭാഗത്തേക്കായി.. അപ്പൊ പുൾ സ്റ്റോപ്പ്‌ ഇട്ടതാ പെണ്ണ്..

അതിന് ശേഷം വായ തുറന്നില്ലന്ന് മാത്രമല്ല.. ആള് ഈ ലോകത്തെ അല്ല.. കാര്യമായ എന്തോ ആലോചനയിലാണ്.. അതാണ് ഞാനും എബിയും ഇവിടെ നിന്നു വെടി പൊട്ടിച്ചിട്ടും അറിയാത്തത്.. "എടീ.. " അവൾ തോളിൽ തട്ടിയതും നുസ്ര ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി.. "മ്മ്.. എന്തുപറ്റി ഇത്.. മനസ്സിൽ ഒരാൾ കടന്നു കൂടിയെന്നു പറയുമ്പോൾ ഇത്രേം കരുതിയില്ല.. ഇതിപ്പോ ഒരൊന്നൊന്നര സ്വപ്നം കാണൽ തന്നെയാണല്ലോ... " "ഏ..ഏയ്‌.. സ്വപ്നം കാണലോ...? " "ആ.. പിന്നെ ഇതിനെ എന്താ പറയുക.. സ്വപ്നം തന്നെ.. പകൽ സ്വപ്നം.. പറയെടീ.. ആരാ കക്ഷി.. " "എ..എന്ത് പറയാൻ.. പറയാൻ ആരെങ്കിലും വേണ്ടേ.. അത് ഞാൻ ചുമ്മാ പറഞ്ഞതാ.. ആ എബിയെ കളിയാക്കാൻ.. എന്നെ നല്ല വാരൽ ആയിരുന്നല്ലോ.. അപ്പം ഞാനും തിരിച്ചൊന്നു വാരി.. അത്രേയുള്ളൂ.." " അത്രേയുള്ളൂ.. എന്നിട്ട് എനിക്ക് അങ്ങനെ തോന്നിയില്ലല്ലോ.. " "എങ്ങനെ തോന്നിയില്ലന്ന്.. ഒന്ന് പോയെ അവിടെന്ന്.. ഞാനൊരു തമാശ പറഞ്ഞതാ.. നീയിനി അതിൽ പിടിച്ചു സിബിഐ ആവണ്ട.. വാ.. ക്ലാസ്സ്‌ തുടങ്ങാറായി.. " നുസ്ര വേഗം ക്ലാസ്സിലേക്ക് കയറി.. നുസ്രയുടെ മുഖത്ത് എന്തോ ഒരു മാറ്റം അവൾ കണ്ടിരുന്നു..

അത് പക്ഷെ എന്താണെന്ന് അറിഞ്ഞില്ല..ആദ്യം പറഞ്ഞു ഒരാളോട് ഇഷ്ടം ഉണ്ടെന്ന്.. പിന്നെ പറയുന്നു തമാശ പറഞ്ഞതാണെന്ന്.. ഏതായിരിക്കും സത്യം.. എന്തായിരിക്കും നുസ്രയുടെ മനസ്സിൽ.. എന്ത് കൊണ്ടാ തുറന്നു പറയാതെ ഒഴിഞ്ഞു മാറിയത്.. ഞാൻ എന്റെ കാര്യങ്ങളൊന്നും കൂടുതലായി പറയാത്തത് കൊണ്ടാവാം നുസ്ര എന്നോട് മനസ്സ് തുറക്കാത്തത്... സ്വയം സമാധാനിച്ചു കൊണ്ട് അവളും ക്ലാസ്സിലേക്ക് കയറിപ്പോയി.. * ലൈല ബാത്‌റൂമിൽ കയറിയ തക്കത്തിനു സനു അവളുടെ ബാഗ് തുറന്നു.. അവൾ അലക്കി തേച്ചു മടക്കി വെച്ച താജ്ന്റെ ഷർട്ട് പുറത്തേക്ക് എടുത്തു.. നല്ല അസ്സല് വൈറ്റ് ഷർട്ട്‌.. ഒരു റെഡ് മാർക്കർ മതി ഒരു അഡാറ് പണി ഒപ്പിക്കാൻ.. നിനക്കൊരു എല്ലു കൂടുതലാണ് ലൈലൂ.. അത് ഞാൻ ഒടിച്ചു തരാം.. സോറി ഞാനല്ല.. എന്റെ അളിയൻ.. ഓടിക്കുക മാത്രമല്ല.. ഓടിച്ചത് പുറത്തേക്ക് വലിച്ചൂരി എടുക്കുക തന്നെ ചെയ്യും.. അറിയാല്ലോ നമ്മുടെ താജ് ബ്രോയെ.. അവൻ വേഗം തന്റെ ബാഗിൽ നിന്നും മാർക്കർ എടുത്തു പണി തുടങ്ങി.. അവൾ ഇറങ്ങുന്നതിന് മുന്നേ തിരിച്ചു ബാഗിലേക്ക് പഴയ പടി വെക്കുകയും ചെയ്തു..

ശേഷം മനസ്സറിഞ്ഞു ചിരിച്ചു കൊണ്ട് ബെഡിലേക്ക് മറിഞ്ഞു വീണു.. ഡിയർ അളിയാ.. നിങ്ങൾ എന്നാൽ എനിക്ക് അത്രക്കും ഇഷ്ടമാണ്.. എൻറെ ലൈലൂന്റെ അത്രയും തന്നെ.. അന്നൊരു തോന്നലിന്റെ പുറത്താ ഞാൻ പറഞ്ഞത് നിങ്ങൾ അവളുടെ രക്ഷകൻ ആണെന്ന്.. പക്ഷെ ഇപ്പോ ഉറപ്പിച്ചു പറയുകയാ.. നിങ്ങളുടെ കൈകളിൽ മാത്രം ആയിരിക്കും അവൾ സുരക്ഷിത.. അവൾക്ക് ഒരു പോറൽ പോലും ഏല്ക്കാതെ സംരക്ഷിക്കാനും സ്നേഹിക്കാനും ഈ ലോകത്ത് നിങ്ങൾക്ക് മാത്രമേ കഴിയു.. നിങ്ങളെ കണ്ടു മുട്ടിയാൽ ആദ്യം പറയണമെന്ന് കരുതിയത് ലൈലൂന്റെ ഇവിടെത്തെ ജീവിതത്തിനെ കുറിച്ചാ.. ഇന്നലെ നിങ്ങളാണ് താജ് എന്ന് അറിഞ്ഞപ്പോൾ തന്നെ പറയാൻ ഒരുങ്ങിയതാ.. എന്നിട്ടും പറയാതെ നിന്നത് നിങ്ങൾക്ക് അവളോടുള്ള പെരുമാറ്റവും രീതിയുമൊക്കെ എങ്ങനെയാണെന്ന് അറിയാനാ.. അവൾ എന്നും വന്നു പറയുന്നത് പോലെയുള്ള ഒരുത്തനാണോ നിങ്ങൾ എന്ന് അറിയാനാ.. ഒരിക്കലും ഒരു അനുകമ്പയിലോ സഹതാപത്തിലോ കുതിർന്ന സ്നേഹം ആകരുത് നിങ്ങൾക്ക് അവളോട്.. ഉപ്പയും ഉമ്മയും മരണപെട്ടു രണ്ടാനുമ്മയുടെയും ബാക്കി ഉള്ളവരുടെയും ഉപദ്രവങ്ങൾ സഹിച്ചു ജീവിക്കുന്ന ഒരു പെണ്ണിനോട് തോന്നുന്ന സഹതാപം നിറഞ്ഞൊരു സ്നേഹം ആവരുത് നിങ്ങക്ക് എൻറെ ലൈലൂനോട്..

അതറിയാൻ വേണ്ടിയാ ഇന്നലെ ഒന്നും പറയാതെ ഞാൻ എല്ലാം നോക്കി കണ്ടത്.. ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ എനിക്ക് മനസ്സിലായി നിങ്ങൾക്ക് അവളോടുള്ള സ്നേഹം ഏതു പോലെത്തെ ആണെന്നും അതിന്റെ ആഴം എത്രയെന്നും.. ഇനി നിങ്ങളെ കാണുമ്പോൾ ആദ്യം ഞാൻ പറയുന്നത് അവളുടെ കഴിഞ്ഞ കാല ജീവിതവും അവൾ ഇന്ന് അനുഭവിക്കുന്ന വേദനയും ആയിരിക്കും.. അവൾ നിങ്ങൾക്ക് ഉള്ളതാ ബ്രോ.. ഞാൻ വാക്ക് തരുന്നു.. അവളെ സ്വന്തമാക്കാനുള്ള പരിശ്രമത്തിൽ ഞാൻ നിങ്ങളുടെ ഒപ്പം ഉണ്ടാകും.. അത് തീർച്ച.. * രാത്രി മുന്നയുടെ റൂമിൽ വെള്ളം കൊണ്ട് വെക്കാൻ ചെന്ന മുഹ്സി കണ്ടത് അവനൊരു ഫോട്ടോയിലേക്ക് നോക്കി ഇരിക്കുന്നതാണ്.. അവൻ വല്ലാതെ അസ്വസ്ഥതനാണെന്ന് അവന്റെ ഇരുപ്പ് കണ്ടപ്പോഴെ അവൾക്ക് മനസ്സിലായി.. അവൾ വെള്ളം ടേബിളിൽ വെച്ചു.. ശേഷം അവന്റെ അടുത്ത് ചെന്നിരുന്നു തോളിൽ കൈ വെച്ചു.. അവൻ മുഖം ഉയർത്തി നോക്കി.. മുഖത്ത് വല്യ തെളിച്ചമൊന്നുമില്ല.. അത് കണ്ടു അവൾ കാര്യം അന്വേഷിച്ചു.. അവനാ ഫോട്ടോ അവൾക്ക് നേരെ നീട്ടി.. "ലൈല തന്നതാ.. ഇത് മാത്രമേ ഉള്ളൂ അവളുടെ കയ്യിൽ എന്ന്..

എന്റെ കയ്യിൽ ഇതു പോലും ഇല്ലായിരുന്നു.. അന്നൊരു നാൾ റമിയുടെ പേഴ്സിൽ നിന്നും കിട്ടിയത് ആണത്രേ.. അപ്പൊ റമി അവളോടും പറഞ്ഞിട്ടുണ്ട് ഇങ്ങനെയൊരു ആളേ കുറിച്ച്.. പക്ഷെ പറയാത്തത് എന്താണെന്നും എവിടെയാണെന്നുമൊക്കെയുള്ള കാര്യം.. എവിടെയാടീ ഞാനൊന്നു ചെന്നു അന്വേഷിക്കുക.. ദിവസം ചെല്ലുന്തോറും അവളുടെ ജീവന് ഭീഷണി കൂടി കൊണ്ടിരിക്കുകയാ.. " അവളാ ഫോട്ടോ വാങ്ങിച്ചു അതിലേക്കു നോക്കി.. പഴകിയ ഓരോ ഫോട്ടോയാണ്.. വല്യ ക്ലിയർ ഒന്നുമില്ല.. ഒരേ പ്രായം തോന്നിക്കുന്ന രണ്ട് ആൺകുട്ടികൾ.. തോളോട് തോൾ ചേർന്നു നിന്നിട്ടുണ്ട്.. ഒരേ നിറം.. ഒരേ ഉയരം.. അതിൽ മാത്രമേ സാമ്യമുള്ളു.. ബാക്കിയൊക്കെ വ്യത്യാസം..മുഖവും മുടിയും രൂപവും ശരീരഘടനയുമൊക്കെ.. ഒരാളുടെ മുഖത്ത് നല്ല ചിരി.. മറ്റയാളുടെ മുഖത്ത് ഗൗരവം.. "അതിൽ ഒന്ന് റമി ആയിരിക്കും..മറ്റയാളെയാണ്‌ കണ്ടു പിടിക്കേണ്ടത്.. ഇന്ന് ലൈല ഉള്ളത് പോലെ ആയിരുന്നു അന്ന് റമി.. സ്വന്തം കാര്യങ്ങൾ ഒന്നും ആരോടും പറയില്ല.. എല്ലാം മറച്ചു വെക്കുകയായിരുന്നു പതിവ്.. മറച്ചു വെക്കുകയല്ല.

.പറയാൻ മാത്രം ഒന്നുമില്ലടാന്ന് പറയും ചോദിക്കുമ്പോൾ ഒക്കെ.. ഒരു തരം ഒഴിഞ്ഞു മാറൽ.. എന്തോ ഒരു വല്യ നോവ് അവനെ അലട്ടുന്നതു പോലെ.. എത്ര ചോദിച്ചിട്ടും ഒന്നും പറഞ്ഞിട്ടില്ല.. എന്നോ ഒരു വട്ടം വായിൽ നിന്നും വീണിട്ടുണ്ട്.. ഉപ്പയും ഉമ്മയും വേർപിരിഞ്ഞതാണെന്നും അതിന് ശേഷമാ ബാംഗ്ലൂരിൽ സെറ്റിൽഡ് ആയതെന്നും.. ലൈലയ്ക്ക് ഒന്നും അറിയില്ല.. അവന്റെ ഉമ്മ ഒരു കർക്കശക്കാരി ആണെന്നല്ലാതെ വേറൊന്നും അവൾക്കും അറിയില്ല.. അവനെ വേദനിപ്പിക്കണ്ടന്ന് കരുതിയാവും അവൾ അവനോട് ഒന്നും ചോദിക്കാറില്ലായിരുന്നു.. അവന്റെ സന്തോഷം മാത്രമായിരുന്നു അവൾക്ക് പ്രധാനം.. ഇന്നീ ഫോട്ടോ പിടിച്ചു നടക്കുന്നതും അവന് വേണ്ടിയാ.. അവന്റെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ.. പക്ഷെ അവൾക്ക് അറിയില്ല.. അവളെക്കാൾ മുന്നേ ഞാൻ ഇങ്ങനെയൊരു ആളേ തിരഞ്ഞു നടക്കുന്നത്.. അവളെ ആ കൈകളിൽ ഏല്പിക്കാൻ റമി എന്നോട് ആവശ്യപ്പെട്ടതെന്നും അവൾക്ക് അറിയില്ല.. അവളുടെ മനസ്സിൽ ഒന്നേ ഉള്ളൂ.. അയാളെ കണ്ടു പിടിക്കണം.. റമിയുടെ ആഗ്രഹം പോലെ അയാളെ ആ ഉമ്മയുടെ മുന്നിലേക്ക് എത്തിക്കണം.. അത് മാത്രമാ അവളുടെ മനസ്സിൽ..

അതിനേക്കാൾ വലുതായി ഒരു കാര്യം ഉണ്ടെന്നും ഞാൻ അതിന്റെ പിന്നിൽ ആണെന്നും അവൾ അറിയുന്നില്ല മുഹ്സി.. അറിയിക്കാൻ പറ്റില്ല.. അവളുടെ സ്വഭാവം അതാണ്.. ഈ ഫോട്ടോ എനിക്ക് തരാൻ അവൾക്ക് തോന്നിയത് ഏതായാലും നന്നായി.. ഇനി ഇത് വെച്ചൊന്ന് ട്രൈ ചെയ്യാമല്ലോ.. ഇത്രേം ഡേയ്‌സ് കയ്യിലൊരു തെളിവ് പോലും ഇല്ലാതെ അല്ലേ തേടി നടന്നത്.. എവിടെ കിട്ടാനാ.. പേര് പോലും പറഞ്ഞിട്ടില്ല റമീ.. ഇനി ഈ ഫോട്ടോയാണ് ആകെ ഉള്ളൊരു വഴി.. റമിയുടെ ഉമ്മാനെ കാണാനും സംസാരിക്കാനും കഴിയുമെങ്കിൽ ഒന്ന് ബാംഗ്ലൂർ വരെ പോയി വരാമായിരുന്നു.. അവരുടെ കഴിഞ്ഞ കാല ജീവിതം എങ്ങനെയാണെന്ന് അന്വേഷിക്കാമായിരുന്നു.. അതിൽ നിന്നും കാര്യങ്ങൾ എളുപ്പമായി കിട്ടിയേനെ.. പക്ഷെ കഴിയില്ല.. അവന്റെ ഉമ്മ ഒരു വല്ലാത്ത ടൈപ്പ് ആണ്.. പ്രത്യേകിച്ച് ഞങ്ങളോട്.. എന്നെയും ലൈലയെയും ആ പരിസരത്തേക്ക് അടുപ്പിക്കില്ല.. കണ്ടാൽ തന്നെ ആട്ടി ഇറക്കും.. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.. അറിഞ്ഞോ അറിയാതെയോ ലൈല കാരണമാണ് റമീ..... ഏതു ഉമ്മയാ സഹിക്കുകയാ.. ലോകത്ത് ഏതൊരു മാതാവിനാ മറക്കാനും പൊറുക്കാനും കഴിയുക.... "

"ഇനി അതൊന്നും ഓർത്തിട്ടോ പറഞ്ഞിട്ടോ ഒന്നും ഒരു കാര്യവും ഇല്ലടാ.. എത്രയും പെട്ടെന്ന് നീ അയാളെ കണ്ടെത്തണം..പഴയത് ആണെങ്കിലും ഒരു ഫോട്ടോ കിട്ടിയില്ലേ.. നിനക്ക് കഴിയും... എത്രയും പെട്ടെന്ന് നീ ലക്ഷ്യ സ്ഥാനത്തു എത്തുമെടാ.. എന്നും ഇതുതന്നെ ഓർത്ത് മനസ്സ് വിഷമിപ്പിക്കല്ലെ.. ഉമ്മ പറയുന്നത് ഒക്കെ ഓർമ ഉണ്ടല്ലോ.. അനാവശ്യ കാര്യങ്ങളിൽ ഒന്നും ഇടപെടരുത്.. പ്രശ്നങ്ങളിൽ ചെന്നു ചാടരുത്.. നിന്റെ നല്ലതിന് വേണ്ടിയാ പറയുന്നത്.. ഉറങ്ങാൻ നോക്ക്.. സമയം കളയണ്ട.. " അവൾ സ്നേഹത്തോടെ അവന്റെ മുഖത്തൊന്ന് തലോടി.. അവനാ ഫോട്ടോ മാറ്റി വെച്ചു കിടന്നതിന് ശേഷമാ അവൾ റൂമിൽ നിന്നും പോയത്.. * രാവിലെ കോളേജിലേക്ക് എത്തിയതും ലൈല താജ്നെ അന്വേഷിച്ചു നടക്കാൻ തുടങ്ങി.. വേറൊന്നിനും വേണ്ടിയല്ല.. ഷർട്ട്‌ കൊടുക്കാനാണ്.. ഇപ്പൊത്തന്നെ കൊടുത്തു കളയാം.. അല്ലെങ്കിൽ ഇതും ചോദിച്ചോണ്ട് ക്ലാസ്സിലേക്ക് വരും.. സ്വഭാവം അതാണല്ലോ.. എല്ലാവരുടെയും മുന്നിൽ വെച്ചു എന്നെ നാണം കെടുത്താൻ കിട്ടുന്ന ഒരവസരവും അവൻ വിട്ടു കളയില്ല.. ആ പോത്തിന്റെ ഷർട്ട്‌ എന്റെ കയ്യിൽ ഉണ്ടെന്ന് ഇവിടെ ഉള്ളവർ അറിഞ്ഞാൽ അതോടെ തീർന്നു..

നാണം കെട്ടു ഒരു പരുവമാകും ഞാൻ.. പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.. അവനെയും പ്രാകിക്കൊണ്ട് അവന്റെ ക്ലാസ്സിലേക്ക് ചെന്നു.. അവനെ കണ്ടില്ല.. എബിയെ കണ്ടു.. എബിയോട് അവൻ എവിടെന്ന് ചോദിച്ചാൽ എന്താ ഏതാ കാര്യമൊന്നും ചോദിക്കില്ല.. ഒരുമാതിരി ആക്കിയുള്ള ചിരി ആയിരിക്കും.. റബ്ബേ.. അതാണേൽ അൺസഹിക്കബിൾ.. അങ്ങനെ ഓരോന്നു ഓർത്തതും പിന്നെ അവിടെ നിന്നില്ല.. പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു.. വണ്ടി കിടപ്പുണ്ട്.. അവിടെയും അവനെ കാണാനില്ല. ഈ ശവം ഇതെവിടെ പോയി.. അവൾ നേരെ റസ്റ്റ്‌ റൂമിലേക്ക്‌ ചെന്നു.. ആള് അവിടെയുണ്ട്..ഫോണിലും നോക്കി സുഖ സുന്ദരമായ ഇരുത്തമാണ്.. ഇവൻ എന്താ പെറ്റെണീറ്റതോ ഇരുപത്തി നാല് മണിക്കൂറും റസ്റ്റ്‌ റൂമിൽ വന്നിരുന്നു ഇങ്ങനെ റസ്റ്റ്‌ എടുക്കാൻ.. അവൾ അകത്തേക്ക് കയറി.. ബാഗിൽ നിന്നും ഒരു കവർ എടുത്തു.. " ഷർട്ട്‌... " അവന്റെ മുന്നിലേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു.. അവൻ ശ്രദ്ധിച്ചില്ല.. കാര്യമായി ഫോണിൽ തന്നെ നോക്കിയിരുന്നു.. ഇങ്ങനെ നോക്കാൻ മാത്രം എന്താ.. അവൾ സൈഡിലേക്ക് നീങ്ങി നിന്നു ഫോണിലേക്ക് നോക്കി.. ഒരു വീഡിയോ ആണ്.. എന്തെന്ന് വ്യക്തമാകുന്നില്ല..

ഇനി മറ്റേതു വല്ലതും ആകുമോ..? അപ്പൊ ആ സ്വഭാവവും ഉണ്ടോ ഇവന്.. ചേ.. അവൾ നോക്കി നിക്കുന്നത് അവൻ ഫോൺ സ്‌ക്രീനിൽ കണ്ടു.. അവൻ ഫോൺ മാറ്റി വെച്ചു തല ഉയർത്തി എന്താന്നുള്ള ഭാവത്തിൽ അവളെ നോക്കി.. "ഇതാ നിന്റെ ഷർട്ട്‌.. " അവൾ വീണ്ടും അവന് നേരെ നീട്ടി.. അവൻ അവളുടെ കയ്യിലേക്ക് നോക്കി.. ശേഷം മുഖത്തേക്കും.. "എന്താ... " അവൾ കനപ്പിച്ചു ചോദിച്ചു.. "വാഷ് ചെയ്തിട്ടുണ്ടോ...? " "ആാാ... " "അയണോ... " "പിന്നേ...അതല്ലേ എന്റെ പണി.. ഒന്നു പോടാ അവിടെന്ന്.. വേണേൽ വാങ്ങിക്ക്.. " അവൾ ഒന്നൂടെ അവന്റെ മുന്നിലേക്ക് നീട്ടി പിടിച്ചു.. അവൻ വാങ്ങിച്ചില്ല.. കസേരയിൽ നിന്നും എണീറ്റു.. "എന്നാൽ എനിക്ക് വേണ്ടാ.. കൊണ്ട് പൊക്കോ.. അയൺ ചെയ്തിട്ട് നാളെ കൊണ്ട് വന്നാൽ മതി.. " "അയ്യടാ.. കാത്തിരുന്നാലും മതി.. ഇനിയും ഇത് കയ്യിൽ വെച്ചോണ്ട് ഇരിക്കാൻ എനിക്ക് പറ്റില്ല.. ഒരു കുരിശു ചുമക്കുന്ന ഫീലാ.. നിന്റെ ഷർട്ട് ആയത് കൊണ്ടാവും.. ഇന്നാ പിടിച്ചോ.. " അവൾ അവന്റെ കയ്യിൽ വെച്ചു കൊടുത്തു പോകാൻ നോക്കി.. "ഓക്കേ.. ഞാൻ ക്ലാസ്സിലേക്ക് വന്നോളാം... " "എന്തിന്... നിന്റെ ഷർട്ട് എന്റെ കയ്യിൽ ഉണ്ടായിരുന്നു എന്ന് പറയാനോ.. ആരാ നീ പറഞ്ഞാൽ വിശ്വസിക്കുക.. നിനക്ക് എന്നോടുള്ള പെരുമാറ്റം ഇവിടെ എല്ലാവർക്കും അറിയാം.. അത് കൊണ്ട് ആരും നീ പറയുന്നത് ഒന്നും വിശ്വസിക്കില്ല..

എന്നെ നാണം കെടുത്താൻ വേണ്ടി കള്ളം പറയുന്നത് ആണെന്നെ വിചാരിക്കു.." അവൾ തിരിഞ്ഞു നിന്നു ഒരു ഭാവ വ്യത്യാസവും ഇല്ലാതെ കൈ മലർത്തി കാണിച്ചു കൊണ്ട് പറഞ്ഞു.. "സോറി.. തെറ്റിപ്പോയി നിനക്ക്.. ഈ ഷർട്ടിനേക്കാൾ ഹോട്ട് ആയിട്ടുള്ള ഒരെണ്ണം ഉണ്ട് എന്റെ കയ്യിൽ.. നീ കണ്ടതാ.. വേണേൽ ഒന്നൂടെ കാണിച്ചു തരാം.. " അവൻ ഫോൺ എടുത്തു നേരത്തെ നിർത്തി വെച്ച വീഡിയോ പ്ലേ ചെയ്തു അവൾക്ക് കാണിച്ചു കൊടുത്തു.. അന്ന് രാത്രി അവൾ ഉറങ്ങുമ്പോൾ പിടിപ്പിച്ച വീഡിയോ. അപ്പൊ ഇതാണോ തെണ്ടി പട്ടി ഇത്രേം നേരം സുഖിച്ചു നോക്കി കൊണ്ടിരുന്നത്... അവൾക്ക് ഒന്നാകെ വരാൻ തുടങ്ങി.. പക്ഷെ അവന്റെ സ്വഭാവം അറിയുന്നത് കൊണ്ട് സഹിച്ചു നിന്നു.. പല്ലുകൾ കടിച്ചു പിടിച്ചും അവനെ തറപ്പിച്ചു നോക്കിയും ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു.. അവൻ അവളെ നോക്കിയൊന്നു ചിരിച്ചു കൊണ്ട് ഫോൺ പോക്കറ്റിലേക്ക് ഇട്ടു.. "അപ്പൊ എന്തു പറയുന്നു മിസ്സ്‌ ലൈല ജബീൻ.. അയൺ ചെയ്തു നാളെ കൊണ്ട് വരികയല്ലേ..? " "ചെയ്തിട്ടുണ്ട്.. ചെയ്തിട്ടാ കൊണ്ട് വന്നേ... " അവൾ നീരസത്തോടെ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു..

"നമ്പർ ഇറക്കല്ലേ മോളെ... എടുത്തോണ്ട് പോ.. നാളെ കൊണ്ട് വന്നാൽ മതി.. ചെല്ല്... " "എടാ.. വിവരം ഇല്ലാത്തവനെ.. ഞാൻ നിന്റെ ബാക്കിയല്ല നമ്പർ ഇറക്കാനും മനുഷ്യൻമാരെ നട്ടം തിരിക്കാനും.. പറഞ്ഞാൽ മനസ്സിലാകില്ലെ നിനക്ക്.. അയൺ ചെയ്തിട്ടാ കൊണ്ട് വന്നേ.. ഷർട്ട് ഇവിടെ തന്നെ ഇരിക്കയല്ലേ.. എടുത്തു നോക്കിയാൽ പോരെ നിനക്കത്... അപ്പൊ മനസ്സിലാകില്ലെ ഞാൻ നമ്പർ ഇറക്കുകയാണോ അതോ നിന്റെ പതിനാ......പറയിപ്പിക്കണ്ട എന്നെ കൊണ്ടൊന്നും.. വേണേൽ എടുത്തു നോക്കെടാ... " അവൾ ചാടി കടിക്കുന്നതു പോലെ പറഞ്ഞു.. അവൻ അവളെ അടിമുടിയൊന്നു നോക്കി നെറ്റി ചുളിച്ചു കൊണ്ട് ആ കവർ ഓപ്പൺ ചെയ്തു.. മടക്കി വെച്ചിരിക്കുന്ന ഷർട്ട്‌ എടുത്തു നിവർത്തി നോക്കിയതും അവന്റെ കണ്ണ് തള്ളിപ്പോയി.. അവൻ ഒന്നൂടെ നോക്കി.. കണ്ണിന്റെ തകരാർ ഒന്നുമല്ല.. ഉള്ളതാണ് സംഭവം.. അപ്പൊ വെറുതെ അല്ല എടുത്തു നോക്ക് എടുത്തു നോക്കെന്നും പറഞ്ഞു കോപ്പത്തി നിന്നു തുള്ളാൻ തുടങ്ങിയത്.. നിനക്ക് ഞാൻ തരാടീ പുന്നാര മോളെ.. അവനാ ഷർട്ട്‌ അവൾക്ക് നേരെ തിരിച്ചു പിടിച്ചു.. "എന്താടി ഇത്... " ചോദ്യം കേട്ടു എന്തെന്ന ഭാവത്തിൽ അവൾ അവന്റെ മുഖത്തേക്കും ശേഷം അവൻ നിവർത്തി പിടിച്ച ഷർട്ടിലേക്കും നോക്കി.. "തമ്പുരാനെ.... ഇതെങ്ങനെ... " അവളുടെ നെഞ്ചത്തൂടെ ഒരു വെള്ളിടി വെട്ടി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story