ഏഴാം ബഹർ: ഭാഗം 24

ezhambahar

രചന: SHAMSEENA FIROZ

വൈറ്റ് ഷർട്ട്‌.. പിൻ വശത്തു നടുവിലായി വെണ്ടയ്ക്ക അക്ഷരത്തിൽ I lOVE YOU എന്ന് റെഡ് കളർ കൊണ്ട് എഴുതി വെച്ചിട്ടുണ്ട്.. കീഴെ ഏതൊരു പ്രണയത്തിന്റെയും ആദ്യത്തേയും അവസാനത്തേയും സൂചകമായ ഒരു റോസാ പൂവും.. അതൊക്കെ പോരാഞ്ഞിട്ട് ബാക്കി കിടക്കുന്ന സ്ഥലത്ത് lov you Taajkka എന്ന് ഇമ്പോസിഷൻ കണക്കെ ഒരു പത്തു മുന്നൂറു വട്ടം എഴുതി വെച്ചിട്ടുണ്ട്.. മൊത്തത്തിൽ ഷർട്ട്ന്റെ അവസ്ഥ ആകെ ശോകമാണ്.. വെറുതെ അല്ല ചെക്കന്റെ മുഖം ചുമന്നു മുറുകിയത്.. "ചോദിച്ചത് കേട്ടില്ലേ.. എന്താടി ഇത്.." അവന്റെ ശബ്ദം പൊങ്ങി.. ഷർട്ടിന്റെ അവസ്ഥ കണ്ടതിനേക്കാൾ അവൾ ഞെട്ടിയത് അവന്റെ ശബ്ദം കേട്ടിട്ടാണ്.. എന്തു പറയണമെന്ന് അറിഞ്ഞില്ല.. നിന്നു തപ്പാനും തടയാനും തുടങ്ങി.. എന്നിട്ടും വാക്കുകളൊന്നും പുറത്തേക്ക് വന്നില്ല. " നിന്റെ നാവു ഇറങ്ങി പോയോ..?" " എന്നോട് ചോദിക്കുന്നത് എന്തിനാ.. നീ കാണുന്നത് തന്നെയല്ലേ ഞാനും കാണുന്നത്.. പിന്നെ എനിക്ക് എങ്ങനെ അറിയാനാ... " " എല്ലാം ചെയ്തു കൂട്ടിയിട്ടു വിളച്ചിൽ എടുക്കുന്നോ നീ.. " "ഞാൻ എന്തു ചെയ്തൂന്നാ.. എനിക്കൊന്നും അറിഞ്ഞൂടാ... "

"എന്നാൽ എനിക്കറിയാം.. മനസ്സിൽ ഇഷ്ടമുണ്ട്.. എന്നോട് നേരിട്ട് പറയാൻ ധൈര്യമില്ല.. അതിനല്ലേ ഈ വളഞ്ഞ വഴി.. " അതുവരെ ഉണ്ടായിരുന്ന ദേഷ്യമെല്ലാം മാറ്റി വെച്ചു അവനൊരു ചിരിയോടെ പറഞ്ഞു.. കളിയാക്കുന്നതാണെന്ന് അവൾക്ക് മനസ്സിലായി.. "പിന്നേ.. ഇഷ്ടം.. മാങ്ങാത്തൊലി.. ഇഷ്ടം തോന്നിയാൽ, പറയണമെന്ന് വിചാരിച്ചാൽ നിന്നോട് അല്ല.. അങ്ങ് അമേരിക്കൻ പ്രസിഡന്റ്റിന്റെ മോനോട് ആയാലും ഞാനത് പറഞ്ഞിരിക്കും.. അതിനൊന്നും ഒരു മടിയോ ധൈര്യ കുറവോ ഒന്നും എനിക്കില്ല.. അറിയാല്ലോ എന്നെ.. പക്ഷെ ഇത്.. ഇതു ഞാനല്ല... ഈ ജന്മത്തിൽ ഞാൻ ഇങ്ങനെയൊരു വൃത്തികെട്ട പണി ചെയ്യില്ലെന്ന് നിനക്കറിയാം.. നീ ഐസ് ക്രീം വാങ്ങിച്ചു കൊടുത്തു കയ്യിൽ എടുത്ത ഒരു സാധനം ഉണ്ടല്ലോ എന്റെ വീട്ടിൽ.. മൊട്ടേന്നു വിരിയാത്ത ഒരു പിശാശ്.. അവന്റെ പണിയാണ് ഇതെന്ന് എനിക്ക് മാത്രല്ല.. നിനക്കും ഊഹിക്കാവുന്നതേയുള്ളൂ.. " അവൾ പുച്ഛത്തോടെ മുഖം തിരിച്ചു..

"ഓ..അപ്പൊ കുഞ്ഞളിയൻ നമ്മളെ ഭാഗത്താണെന്ന് നീ സമ്മതിച്ചു.. " അവനൊരു വിജയിയെ പോലെ പറഞ്ഞു.. "എങ്ങനെയാ സമ്മതിച്ചു തരാതെ നിക്കുക.. കയ്യിൽ മുഴുവനും തെമ്മാടിത്തരമാണ്.. എന്നിട്ടും ആൾക്കാരൊക്കെ നിന്റെ ഭാഗത്തു നിക്കുന്നു.. അറിയുന്നില്ല അതിനൊക്കെ വേണ്ടി ഏതു മാജിക്‌ സ്റ്റിക്കാ നിന്റെ കയ്യിൽ ഉള്ളതെന്ന്..." "അതിന് മാജിക്‌ സ്റ്റിക് ഒന്നും വേണ്ടാ.. അല്പം സമാധാനം മതി.. സമാധാനമായ പെരുമാറ്റം മതി.. " "അപ്പൊ എനിക്കത് ഇല്ലെന്നാണോ..?" "എന്താ സംശയം.. നിനക്ക് ഇല്ലാത്ത ഒന്നുണ്ടെങ്കിൽ അത് ഈ പറഞ്ഞ സമാധാനവും ക്ഷമയുമൊക്കെയാ.." "ശെരി.. എനിക്ക് അതൊന്നുമില്ല.. നീയിപ്പോ പറഞ്ഞ ആ രണ്ട് സാധനവും എന്താണെന്ന് പോലും അറിഞ്ഞൂടാ.. സമ്മതിച്ചു.. അപ്പൊ പിന്നെ അതൊക്കെ ഉള്ളത് ആർക്കാ.. നിനക്കോ.. ഒരു സമാധാന പ്രിയൻ വന്നിരിക്കുന്നു.. ഒന്നു പറഞ്ഞു രണ്ടാമത്തെതിന് അടിയും തൊഴിയും ആയി നടക്കുന്നവനാ എനിക്ക് സമാധാനം പഠിപ്പിച്ചു തരുന്നേ..

ഒന്ന് പോയെ നീ അവിടെന്ന്.. ഇന്ന് രാവിലേ തുടങ്ങിയിരിക്കുന്നു മനുഷ്യൻമാരെ ടോർചർ ചെയ്യാൻ.. വേണമെങ്കിൽ എടുത്തിട്ടു പോ നിന്റെ ഷർട്ട്‌.. അല്ലെങ്കിൽ ആ വേസ്റ്റ് ബിന്നിൽ കൊണ്ട് പോയി ഇട്.. " അവൾ മുഖം തിരിച്ചു പോകാൻ നോക്കിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.. അവളൊരു കറങ്ങൽ കറങ്ങി അവന്റെ നെഞ്ചിൽ തട്ടി നിന്നു.. "ഏതു കാലത്താടാ നീ ഒന്ന് നന്നാവുക.. മടുത്തു പോയി എനിക്ക്.. നിന്റെ പിടിയിലും വലിയിലും ദേഹത്തെ അസ്ഥി പൊടിഞ്ഞു പോകുന്നു.. എന്നെ ഒന്ന് ജീവിക്കാൻ വിട്.. " അവൾ കോപത്തോടെ അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി. പക്ഷെ അപ്പോഴേക്കും അവൻ അവളെ ഒരു കൈ കൊണ്ട് വട്ടം ചുറ്റിയിരുന്നു.. "ഷർട്ട്‌ എടുത്തിട്ട് പോ.. ഞാൻ തരുമ്പോൾ എങ്ങനെ ഉണ്ടായിരുന്നോ അതുപോലെ കിട്ടണം എനിക്ക്.. ആരു ചെയ്തു എങ്ങനെ ചെയ്തുന്നൊന്നും എനിക്കറിയണ്ട.. നിനക്കാ ഞാൻ തന്നത്.. ആ നീ തന്നെ തിരിച്ചു തരണം.. അതും ഞാൻ തരുമ്പോൾ എങ്ങനെ ഉണ്ടായിരുന്നോ അതുപോലെ തന്നെ.. " പറയും തോറും അവന്റെ പിടി മുറുകി കൊണ്ടിരുന്നു.. അവൾ ഒന്നും മിണ്ടിയില്ല.. ശെരിയെന്ന അർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു..

ഇനി വല്ലതും പറയാൻ നിന്നാൽ പിടിച്ച പിടിയാലെ ഞെക്കി കൊല്ലാനും മതി.. അവളുടെ അനുസരണ കണ്ടു അവൻ പിടി വിട്ടു.. അകന്നു മാറാൻ നോക്കിയതും സ്കാഫിനു താഴേക്ക് ഇറങ്ങി കിടക്കുന്ന ചെയിൻ അവന്റെ ഷർട്ടിന്റെ ബട്ടൺസിൽ കുരുങ്ങിയത് കണ്ടു.. ചെയിൻ പുറത്തേക്ക് ഇടുന്ന പതിവ് ഇല്ല. ഡ്രെസ്സിന് അകത്തേക്ക് ഇടാറാണ് ചെയ്യാറ്.. ഇന്ന് പുറത്തേക്ക് വന്നു കാണും.. അവന്റെ വലിയിൽ കൃത്യമായി അവന്റെ ബട്ടൺസിൽ തന്നെ കുരുങ്ങുകയും ചെയ്തു.. ഹൂ.. ഒന്ന് തീരുമ്പോൾ അടുത്തത് റെഡിയായി വന്നോളും... അവൾ ആകെ പെട്ട അവസ്ഥയിൽ അവന്റെ മുഖത്തേക്ക് നോക്കി.. "വേഗം എടുത്തിട്ടു പോടീ.. " അവൾ അനങ്ങാതെ നിക്കുന്നത് കണ്ടു അവൻ ദേഷ്യപ്പെട്ടു.. അവൾ മടിച്ചു മടിച്ചു അവന്റെ ഷർട്ടിൽ തൊട്ടു.. അങ്ങോട്ടും ഇങ്ങോട്ടും വലിച്ചു നോക്കി.. എന്തെന്ത്‌ ആയിട്ടും കിട്ടുന്നില്ല.. ഒന്നുകിൽ അവന്റെ ബട്ടൺസ്.. അല്ലെങ്കിൽ എന്റെ മാല.. ഏതെങ്കിലും ഒന്നേ ബാക്കിയാവൂ.. അവൾ രണ്ടും കല്പിച്ചു പിടിച്ചു വലിച്ചു..

കഴുത്തിൽ നിന്നും മാല അഴിഞ്ഞു പോകുന്നത് അവൾ അറിഞ്ഞു.. കൊളുത്തോടെ വന്നു അവന്റെ ഷർട്ടിൽ തൂങ്ങി കിടന്നു.. അവൾ പകപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.. "ആ.. ഇനി പോ... " അവൻ പറഞ്ഞു.. "മാല.. എന്റെ മാല.. " അവൾ അവന്റെ ഷർട്ടിൽ നോക്കിക്കൊണ്ട് പറഞ്ഞു.. "അതല്ലേ നിന്നോട് ഞാൻ എടുത്തിട്ടു പോകാൻ പറഞ്ഞത്.. ഇത്രേം സമയവും തന്നു.. കേട്ടില്ല.. ഇപ്പൊ ഇത് എന്റെ ഷർട്ടിലാ.. എനിക്ക് അവകാശപ്പെട്ടത്.. സോ പോകാൻ നോക്ക്.. " അവൻ വളരെ ശ്രദ്ധയോടു കൂടി ആ മാല ബട്ടൺസിൽ നിന്നും അഴിച്ചു എടുത്തു.. "പോകാനോ.. മാല കിട്ടാതെ ഞാൻ പോകുന്ന പ്രശ്നമില്ല.. നിന്റെ ഷർട്ടിൽ വന്നു വീഴുന്നതു ഒക്കെയും നിന്റെതാവുമോ.. നീ വഴിയിലൂടെ പോകുന്നു.. നിന്റെ മേലേക്ക് കാക്ക കാഷ്ടിക്കുന്നു..നീ അത് നിന്റേത് ആണെന്ന് പറഞ്ഞു അതിനെ മണപ്പിച്ചു നടക്കുമോ.. ഇല്ലല്ലോ.. അത് കഴുകി കളയുകയല്ലേ ചെയ്യുക. അത് പോലെത്തന്നെയാ ഇതും.. " "ഓ.. അപ്പൊ ഈ മാലയ്ക്ക് ഒരു കാക്ക കാഷ്ടത്തിന്റെ വിലയേ ഉള്ളൂന്ന്.. എന്നിട്ടാണോ നീയീ നിന്നു കയറു പൊട്ടിക്കുന്നെ.. വേസ്റ്റ് ബിന്നിൽ ഇടേണ്ട ഐറ്റം ആണല്ലേ..

വിട്ടു കളയെടീ.. ഞാൻ വാങ്ങിച്ചു തരാം ഇതിനേക്കാൾ നല്ലത്.. മറ്റെന്തിനേക്കാളും വില പിടിപ്പുള്ള ഒരെണ്ണം.. " അവൻ പരിഹസിച്ചു.. എന്നത്തേയും പോലെ അല്ല.. ആ പരിഹാസം അവൾക്ക് നന്നേ കൊണ്ടു.. ഉള്ളിൽ എവിടെയോ ഒരു നോവ് ഉണരാൻ തുടങ്ങി.. ദേഷ്യം പോലും പുറത്തേക്ക് വരാത്തത് പോലെ തോന്നി അവൾക്ക്.. "എന്താ ആലോചിക്കുന്നേ.. ഏതു മോഡലിൽ ഉള്ള ചെയിൻ വേണമെന്നാണോ.. നീ പറഞ്ഞോ.. നിനക്ക് ഇഷ്ടമുള്ള പോലെത്തതു തന്നെ വാങ്ങിച്ചു തരാം.. " "എനിക്കൊന്നും വേണ്ടാ.. നിന്റെ പരിഹാസം കേൾക്കാനോ അതിന് നിന്നു തരാനോ ഉള്ള സമയമില്ല.. അതിന് ആവുന്നുമില്ല.. സോ അതിങ്ങു താ.. നിനക്കതിനു ഒരു കാക്ക കാഷ്ടത്തിന്റെയോ വേസ്റ്റ് ബിന്നിൽ ഇടേണ്ടതോ ആയ വില മാത്രമേ ഉണ്ടാകുകയുള്ളൂ.. പക്ഷെ എനിക്ക് അങ്ങനെ അല്ല.. എന്റെ ജീവനേക്കാൾ ഏറെ വിലയുണ്ട്.. താ.. " അവൾ കൈ നീട്ടി.. അവൻ അവളുടെ കയ്യിലേക്കും മുഖത്തേക്കും നോക്കി.. ശേഷം ആ മാലയിലേക്കും.. "വേണോ..? " അവൻ അവളുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ആട്ടിക്കൊണ്ട് ചോദിച്ചു.. അവൾ വേണമെന്നുള്ള അർത്ഥത്തിൽ തലയാട്ടി.. അവൻ അവൾക്ക് നേരെ നീട്ടി..

"ഇതാ..." അവൾ സന്തോഷത്തോടെ വാങ്ങിക്കാൻ നോക്കിയതും അവൻ കൈ പിന്നിലേക്ക് വലിച്ചു.. " ഇല്ല.. തരില്ല.. ഞാൻ പറഞ്ഞല്ലോ.. ഇതിപ്പോ എന്റേതാ.. എനിക്ക് വേണം ഇത്.. " എന്ന് പറഞ്ഞു അവനത് പാന്റ്സിന്റെ പോക്കറ്റിലേക്ക് ഇട്ടു.. " എന്ന് പറഞ്ഞാൽ എങ്ങനെയാ.. അതെന്റെയാ.. എന്റെ മാത്രം.. അത് നിനക്ക് ഉള്ളതല്ല.. അതിന്റെ അവകാശി നീയല്ല.. എനിക്ക് വേണം.. കളിക്കാൻ നിക്കരുത് അമൻ.. ഇങ്ങ് താ.. തരാനാ പറഞ്ഞത്.. " അവൾക്ക് ദേഷ്യത്തിന്റെ ഒപ്പം സങ്കടവും വരാൻ തുടങ്ങിയിരുന്നു.. "ഇല്ലെന്ന് പറഞ്ഞില്ലേ.. എടുക്കാനുള്ള സമ്മതവും സമയവും നിനക്ക് ഞാൻ തന്നതാ.. നീ എടുത്തില്ല.. തെറ്റ് നിന്റെ ഭാഗത്താ.. അധികം നിന്നു കയറു പൊട്ടിക്കണ്ടാ.. ചെല്ല്.. ക്ലാസ്സ്‌ തുടങ്ങി കാണും.. ഒരു ക്ലാസ്സ്‌ പോലും മിസ്സ്‌ ചെയ്യാത്തവളല്ലെ.. ചെല്ലടീ.. " " ഇല്ല.. ഞാൻ പോകില്ല.. അത് കിട്ടാതെ ഞാൻ പോകില്ല.. തെറ്റ് നിന്റെ ഭാഗത്താണെന്ന് നിനക്ക് നന്നായി അറിയാം.. എന്നിട്ടും എന്നെ തെറ്റുകാരി ആക്കുന്നത് എന്തിനാ..

നീ എന്നെ പിടിച്ചു വലിച്ചതു കൊണ്ടല്ലേ.. അല്ലെങ്കിൽ ഇപ്പൊ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ..ഇല്ല.. എനിക്കത് വേണം.. തരുന്നതാ നിനക്ക് നല്ലത്.. അല്ലാതെ ഞാൻ പോകില്ല.. " "വേണ്ടാ.. പോകണ്ട.. ഇവിടെ തന്നെ നിന്നോ.. എത്ര നേരം വേണമെങ്കിലും നിന്നോ.. എനിക്ക് സന്തോഷമേയുള്ളൂ.. മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരാൾ ആയല്ലോ.. അതും ഞാൻ എപ്പോഴും എന്റെ അടുത്തു വേണമെന്ന് ആഗ്രഹിക്കുന്ന നീ തന്നെ.. ഒന്ന് പോടീ അവിടെന്ന്.. വേണമെങ്കിൽ ക്ലാസ്സിൽ പോകാൻ നോക്ക്.. അല്ലെങ്കിൽ ആർക്കാ നഷ്ടം.. നിനക്ക് തന്നെ.. ഞാൻ പിടിച്ചു വെച്ചിരുന്നു എങ്കിൽ ഇപ്പൊ നിന്നു ചവിട്ടു നാടകം നടത്തിയേനെ ക്ലാസ്സ്‌ ഉണ്ട് ടീച്ചറുണ്ട്ന്നൊക്കെ പറഞ്ഞ്.. ചെല്ലടീ.. വെറുതെ ദേഷ്യം കൂട്ടരുത്." "അമൻ പ്ലീസ്.. അതിങ്ങു താ.. അത് നിന്റെ കയ്യിൽ ഇരിക്കേണ്ടതല്ലാ.. അത് എൻറെയാ.. അത് ഇല്ലാതെ എനിക്ക് പറ്റില്ല.. പ്ലീസ്.. നീ എന്തു വേണമെങ്കിലും പറഞ്ഞോ.. ഞാൻ കേൾക്കാം.. അനുസരിക്കാം.. മാല എനിക്ക് വേണം.. പ്ലീസ് അമൻ.. പറയുന്നത് ഒന്ന് കേൾക്ക്... " അവൾ നിന്നു കേഴുകയായിരുന്നു.. അവളുടെ ശബ്ദം ഇടറുന്നതും മുഖം ഇരുണ്ടു കൂടുന്നതും അവൻ അറിഞ്ഞു..

ആ മാല അവൾക്ക് അത്രയും പ്രിയ പെട്ടതാണെന്നും അതിനേക്കാൾ ഏറെ അതിന് അവൾ വലിയൊരു വില കല്പിക്കുന്നുണ്ടെന്നും അവനു മനസ്സിലായി.. ഇല്ലെങ്കിൽ ഒരിക്കലും കേവലം ഒരു മാലയ്ക്ക് വേണ്ടി അവൾ തന്റെ മുന്നിൽ ഇങ്ങനെ നിന്നു കെഞ്ചില്ലായിരുന്നു.. പോകുന്നെങ്കിൽ പോട്ടെന്ന് വെച്ചേനെ.. പക്ഷെ ഇതിപ്പോ... എന്നാലും വിട്ടു കൊടുക്കാൻ അവൻ തയാർ അല്ലായിരുന്നു.. "അത്രക്ക് നിർബന്ധം ആണെങ്കിൽ.. നിനക്കിതു കിട്ടിയേ തീരുള്ളൂന്ന് ആണെങ്കിൽ എടുത്തോ.. ദേ.. എൻറെ പോക്കറ്റിൽ ഉണ്ട്.. " അവൻ തിരിഞ്ഞു നിന്നു പാന്റ്സിന്റെ പോക്കറ്റ് കാണിച്ചു കൊണ്ടു പറഞ്ഞു.. "ചീ..വൃത്തികേട് പറയുന്നോ.. ഒന്ന് തരം കിട്ടുമ്പോൾ മറ്റുള്ളവരുടെ ഡിക്കിയിൽ കൈയിടാൻ നീയല്ല ഞാൻ.. നിന്റെ സ്വഭാവമില്ല എനിക്ക്.. മര്യാദക്ക് എടുത്തു താ.. എനിക്ക് പോണം.. " "ഷർട്ടിൽ നിന്നും എടുക്കാൻ പറ്റില്ല.. പാന്റ്സിൽ നിന്നും എടുക്കാൻ പറ്റില്ല.. ഇനി ഞാനെന്താ ചെയ്യുക.. നിനക്ക് പറ്റാത്ത സ്ഥിതിക്ക് എനിക്കും പറ്റില്ല.. ഞാൻ എടുത്തു തരുന്ന പ്രശ്നമില്ല.. വേണേൽ എടുത്തോ.. അല്ലെങ്കിൽ നിന്നു സമയം കളയണ്ട.. വേഗം വിട്ടോ ക്ലാസ്സിലേക്ക്.. " അവൻ ഭാവ വ്യത്യാസമൊന്നും ഇല്ലാതെ പറഞ്ഞു..

പോക്കറ്റിൽ കൈ ഇടാൻ വരുന്നത് പോയിട്ട് അവളൊന്നു അടുത്തേക്ക് പോലും വരില്ലന്ന് അവന് അറിയാമായിരുന്നു.. അത് കൊണ്ടാ അങ്ങനെ പറഞ്ഞത്.. ആ മാല അവന് വേണമായിരുന്നു.. അവൾക്ക് ഒന്നാകെ കരച്ചിൽ വരാൻ തുടങ്ങി.. കണ്ണ് നിറഞ്ഞിരുന്നു.. അതവൻ കണ്ടു.. എന്നിട്ടും കാണാത്തത് പോലെ നിന്നു.. ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല, അവൻ തരില്ലന്ന് അവൾക്ക് ഉറപ്പായി.. "ഒന്നും ചെയ്യരുത്.. എന്നോടുള്ള ദേഷ്യത്തിൽ നശിപ്പിച്ചു കളയുകയും അരുത്.. എനിക്ക് വേണം അത്.. നിനക്കതിനെ കൊണ്ടു ഒരാവശ്യവുമില്ല.. പിന്നെന്തിനു ഇങ്ങനൊക്കെ ചെയ്യുന്നു.. എന്നെ വേദനിപ്പിക്കാൻ.. എന്നെ വേദനിപ്പിക്കാൻ വേണ്ടി മാത്രം.. ഞാൻ വിചാരിച്ചു നീ നന്നായി എന്ന്.. ഇന്നലേം കൂടെ ഞാൻ എബിയോട് പറഞ്ഞതെയുള്ളൂ അമൻ ഇപ്പോൾ എന്നെ വേദനിപ്പിക്കാറില്ലന്ന്.. പറഞ്ഞത് തെറ്റായി പോയി.. വല്യ തെറ്റ്.. നീയൊരു കാലത്തും മാറില്ലന്ന് ഞാൻ ഓർക്കണമായിരുന്നു.. നീ കാരണം ഒരു ദിവസമെങ്കിലും ഞാൻ വേദനിക്കാതെ ഉണ്ടോ..

എവിടെ കൊണ്ടു പോയി തീർക്കും നീയീ പാപങ്ങളൊക്കെ.. എനിക്കിഷ്ടമേ അല്ല നിന്നെ.. സത്യം പറയുവാ.. ഒട്ടും ഇഷ്ടമല്ല.. ഒരുകാലത്തും ഇഷ്ട പെടില്ല നിന്നെ ഞാൻ.. " അവൾ നിറ കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.. അത്രക്കും സങ്കടം വരുന്നുണ്ടായിരുന്നു അവൾക്ക്.. പിന്നെ അവിടെ നിന്നില്ല.. വേഗം ഇറങ്ങിപ്പോയി.. അവൾ പറഞ്ഞത് ഒന്നും അവന് ഒരു പുത്തരിയായി തോന്നിയില്ല.. എന്നും പറയുന്നതും കേൾക്കുന്നതും തന്നെ.. ഒരു ചെവിയിലൂടെ കേൾക്കുക.. മറ്റേ ചെവിയിലൂടെ പുറം തള്ളുക.. പക്ഷെ അവളുടെ നിറഞ്ഞ കണ്ണുകൾ.. അത് അവന്റെ മനസ്സിൽ എവിടെയോ കൊണ്ടിരുന്നു.. അതും ഇപ്പൊ കാണാറുള്ളതാണ്.. ഇടയ്ക്ക് ഒക്കെ തന്റെ മുന്നിൽ നിന്നും അവളുടെ കണ്ണുകൾ നിറയാറുണ്ട്.. അവളെ കരയിപ്പിക്കുന്നത് തന്നെയാണ് സുഖം.. എന്നാലും ആ മിഴികൾ നിറഞ്ഞു കാണുമ്പോൾ ഉള്ളിൽ എവിടെയോ ഒരു പിടപ്പാണ്.. അതൊരു പക്ഷെ ആ കണ്ണുകളിൽ ഏറ്റവും കൂടുതലായി കാണപെടുന്നത് വാശിയും ധൈര്യവും ആയത് കൊണ്ടായിരിക്കാം.. അത് കൊണ്ടാവാം ആ കണ്ണുകൾ നിറഞ്ഞു കാണുമ്പോൾ ഒരു അസ്വസ്ഥത.. ആദ്യമായാണ് അവളെ ഇങ്ങനെ കാണുന്നത്..

ഇത്രേം ഹേർട്ട് ആവാൻ മാത്രം എന്തായിരിക്കും ആ മാലയിൽ ഉള്ളത്.. അവനാ മാല എടുത്തു നോക്കാൻ ഒരുങ്ങിയതും അവന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.. അവൻ പാന്റ്സിന്റെ പോക്കറ്റ് വിട്ടു ഷർട്ട്ന്റെ പോക്കറ്റിൽ കയ്യിട്ടു.. ഫോൺ എടുത്തു നോക്കി.. എബിയാണ്‌..ക്ലാസ്സിലേക്ക് കാണാഞ്ഞിട്ട് വിളിക്കുന്നത് ആയിരിക്കും.. അറ്റൻഡ് ചെയ്തില്ല.. ഫോണും കറക്കിക്കൊണ്ട് ക്ലാസ്സിലേക്ക് നടന്നു.. * ക്ലാസ്സിലേക്ക് നടക്കുന്ന അവളുടെ കണ്ണുകൾ എന്തിനെന്ന് ഇല്ലാതെ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.. ആ മാല അത്രയ്ക്കും പ്രിയപ്പെട്ടതാണ്.. റമിയുടെ സമ്മാനമാണ്.. ഒന്നിച്ച് ഉണ്ടായ തന്റെ പിറന്നാൾ ദിനത്തിൽ അവൻ കഴുത്തിൽ അണിയിച്ചു തന്നതാണ്.. അന്ന് മുതൽ ഇന്ന് വരെയ്ക്കും അത് കഴുത്തിൽ നിന്നും മാറ്റിയിട്ടില്ല.. ഒരു വട്ടം പോലും അഴിച്ചു വെച്ചിട്ടില്ല.. റമിയുടെ കഴുത്തിൽ കിടന്നിരുന്ന മാലയാണ്.. പരസ്പരം കൂട്ട് കൂടി ഇഷ്ടം തോന്നിയ നാൾ മുതലേ എനിക്ക് ആ മാലയിൽ ഒരു കണ്ണ് ഉണ്ടായിരുന്നു.. ഒരുപാട് വട്ടം അവനോട് ചോദിച്ചു..

തരുന്നത് പോയിട്ട് ഒന്ന് കഴുത്തിൽ നിന്നും ഊരാൻ പോലും സമ്മതിച്ചില്ല അവൻ.. കിട്ടിയേ പറ്റുള്ളൂന്ന് ആകുമ്പോൾ ആൺകുട്ടികൾ സ്വർണം അണിഞ്ഞു നടക്കാൻ പാടില്ലന്ന് പറഞ്ഞ് അവന്റെ കയ്യിൽ നിന്നും കൈക്കലാക്കാൻ നോക്കി.. അവിടെയും തോറ്റു പോയി.. അതൊക്കെ അറിയാം.എന്നാലും ഞാനിത് അഴിച്ചു മാറ്റാൻ ആഗ്രഹിക്കുന്നില്ല ലൈല എന്നും പറഞ്ഞ് ആ മാലയിൽ പിടി മുറുക്കി നെഞ്ചോടു ചേർത്ത് വെച്ചു അവൻ. അതിനും മാത്രം എന്തു ഒലക്കയാടാ നിനക്കതിൽ ഉള്ളെന്ന് ചോദിക്കുമ്പോൾ ഒരു നിറ പുഞ്ചിരിയായിരുന്നു അവന്റെ മറുപടി.. അതിന് മാത്രമല്ല.. പല ചോദ്യങ്ങൾക്കുമുള്ള അവന്റെ മറുപടി ഒരു പുഞ്ചിരിയായിരിക്കും.. ഏതൊരാളുടെ ഹൃദയവും കയ്യടക്കാൻ പാകത്തിന് ഉള്ളൊരു പുഞ്ചിരി.. പിന്നെ ഞാനതിനെ കുറിച്ച് ചോദിക്കാൻ നിന്നില്ല.. ചോദിച്ചാൽ ഉത്തരവുമില്ല.. മാലയുമില്ല.. അതോണ്ട് അതവിടെ വിട്ടു..

പിന്നീട് ഒട്ടും പ്രതീക്ഷിക്കാതെയാണ്‌ അവൻ എന്റെ ബർത്ത്ഡേ യുടെ അന്ന് എന്റെ പെണ്ണിന് നീ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു സാധനം തന്നെ പിറന്നാൾ സമ്മാനം ആയി നൽകാം എന്ന് പറഞ്ഞു ആ മാല കഴുത്തിൽ നിന്നും ഊരി എടുത്തു എന്റെ കഴുത്തിലേക്ക് അണിയിച്ചു തന്നത്.. അന്ന് ഉണ്ടായ സന്തോഷത്തിനു അതിര് ഇല്ലായിരുന്നു.. അടുത്ത് മുന്ന ഉണ്ടെന്നൊന്നും നോക്കിയില്ല.. എൻറെ റമിയെ ഉറുമ്പടങ്കം കെട്ടിപ്പിടിച്ചു ഏറെ നേരം അങ്ങനെ നിന്നു.. തരുമ്പോൾ തന്നെ അവൻ പറഞ്ഞിരുന്നു ഒരിക്കലും അഴിച്ചു മാറ്റരുത്, നഷ്ടപെടുത്താൻ പാടില്ല, സൂക്ഷിച്ചു വെക്കണമെന്നൊക്കെ.. " അഥവാ എന്നെങ്കിലും നീയിത് നിന്നിൽ നിന്നും വേർപെടുത്തുന്നുണ്ടെങ്കിൽ അത് മറ്റൊരാൾക്ക് നൽകാൻ ആയിരിക്കണം.. ഭാവിയിൽ നീയൊരാളെ തേടി നടക്കും.. ഒടുവിൽ കണ്ടു പിടിക്കുകയും ചെയ്യും.. നീ തേടി പിടിച്ചു കണ്ടെത്തിയ ആൾ നിന്നെ തിരിച്ചറിയാൻ വേണ്ടി ആയിരിക്കണം നീയീ മാല നിന്നിൽ നിന്നും അടർത്തി മാറ്റേണ്ടത്..അതുവരെ നിന്റെ മാറോടു ചേർന്നു നിൽക്കണം " അന്ന് അവൻ പറഞ്ഞ വാക്കുകൾ ഇന്നും ഈ നെഞ്ചിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്..

അവന്റെ ആ സ്വരം ഇന്നും കാതുകളിൽ മുഴങ്ങി കേൾക്കുന്നു.. ഒന്നും മറന്നിട്ടില്ല റമീ.. ഒന്നും മറക്കുകയുമില്ല ഞാൻ.. അങ്ങനെ നിന്നെയും നിന്റെ വാക്കുകളെയും മറന്നു പോയെന്നാൽ പിന്നെ ഞാൻ ഇല്ലടാ.. റമി തരുമ്പോൾ അതിൽ ഒരു ലോക്കറ്റ് ഉണ്ടായിരുന്നു..സുന്ദരമായ ഒന്ന്.. അത് കണ്ടാൽ ഇതെന്താ എവിടുന്നാ ഏതാന്നൊക്കെ ചോദിച്ചു ഒരു നൂറ് ചോദ്യം വരും.. അത് കൊണ്ടു അത് അഴിച്ചു വെച്ചു..ഇപ്പോഴും ആ മലയിൽ ലോക്കറ്റ് ഉണ്ട്..അത് പക്ഷെ വേറെതാണ്.. എന്റെ പേരുള്ള ഒരു ലോക്കറ്റ്.. ആ മാലയാണ് ആ തെണ്ടി പിടിച്ചവൻ ഇന്ന്.. ഓർക്കും തോറും സങ്കടം വരുന്നു.. നെഞ്ച് വേദനിക്കുന്നതു പോലൊക്കെ തോന്നുന്നു.. ആ തെണ്ടിക്ക് എന്തിന്റെ കേടായിട്ടാ.. അത് കിട്ടിയിട്ടു എന്തു കാര്യമാ അവന് ഉള്ളത്.. എന്നെ വേദനിപ്പിക്കണം.. അതല്ലേ വേണ്ടു..

അതിന് വേണ്ടിയല്ലേ ഇങ്ങനൊക്കെ.. അല്ലേലും അവനു മറ്റുള്ളവരുടെ മനസ്സ് അറിയണോ.. ഫീലിംഗ്സ് അറിയണോ.. വേണ്ടാ.. ഒന്നും അറിയണ്ട.. സ്വന്തം സുഖവും സന്തോഷവും മാത്രമേയുള്ളൂ തെണ്ടിക്ക്.. അതിന് വേണ്ടി എന്തു തെമ്മാടിത്തരം വേണമെങ്കിലും കാണിക്കും.. നശിപ്പിക്കാതെ നിന്നാൽ മതിയായിരുന്നു അത്.. ഒരു കാലത്തും നന്നാവില്ല ടാ നീ.. അവൾ കണ്ണും മുഖവും അമർത്തി തുടച്ചതിന് ശേഷം ക്ലാസ്സിലേക്ക് കയറി ചെന്നു.. * റൂമിലേക്ക്‌ കയറുമ്പോൾ ഭൂമി കുലുങ്ങുന്ന ശബ്ദത്തിൽ മ്യൂസിക്കും ഇട്ടു തകർത്തു ബോഡി മൂവ്മെന്റ്സ് നടത്തുന്ന സനുവിനെ കണ്ടു.. അവൾ കയറി ചെന്നത് ഒന്നും അറിഞ്ഞിട്ടില്ല.. ആള് മറ്റേതോ ലോകത്താണ്.. അമ്മാതിരി ഐറ്റം സോങ്ങും ഡാൻസും.. അവൾ മ്യൂസിക് ബോക്സ് ഓഫ് ചെയ്തു.. അവൻ ഡാൻസ് നിർത്താതെ തല ചെരിച്ചു നോക്കി.. അവൾ ആണെന്ന് കണ്ടതും വാട്ട്‌ ലൈലൂന്നും ചോദിച്ചു മ്യൂസിക് ബോക്സിന്റെ അടുത്തേക്ക് നീങ്ങി അത് on ചെയ്തു വീണ്ടും ഡാൻസിലേക്ക് ശ്രദ്ധ തിരിച്ചു..

അവൾ വീണ്ടും ഓഫ് ചെയ്തു.. "ഹേയ്.. വട്ടായോ നിനക്ക്.. " അവൻ മുഖം ചുളിച്ച് അവളെ നോക്കി കൊണ്ടു മ്യൂസിക് on ചെയ്യാൻ നോക്കി.. അവൾ അതിന്റെ പ്ലഗ് ഊരി ഇട്ടു അവനെ ഒന്ന് തറപ്പിച്ചു നോക്കി.. "ആയോന്നല്ല.. ആയി.. വട്ടായി നിനക്ക്.. " അവൻ ദേഷ്യത്തോടെ പറഞ്ഞു.. "ആടാ.. വട്ടാ.. വട്ടു തന്നെയാ.. നിന്റെ കലാവിരുതു കണ്ടതു മുതൽ തുടങ്ങിയതാ.. നീ ഇത്രേം വലിയൊരു ആര്ടിസ്റ് ആണെന്ന് ഞാൻ അറിഞ്ഞില്ല.." " അതോ..അത് ലൈലൂ..സത്യം ആയിട്ടും ഇതും ഞാൻ അറിഞ്ഞു കൊണ്ടാ.. അല്ലാതെ മനഃപൂർവമല്ലാ.. " അവളുടെ കയ്യിൽ നിന്നും തല്ലു കിട്ടുമെന്ന് ഉറപ്പായതും അവൻ അവളെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു ബാത്റൂമിലേക്ക് ഓടാൻ നോക്കി.. അവൾ വിട്ടില്ല.. പിന്നാലെ ചെന്നു പിടിച്ചു നിർത്തി അവനെ.. "ലൈലൂ..വിട്.. എനിക്ക് കുളിക്കണം.. എന്നെ നാറുന്നു.. വിട്.." അവൻ അവളുടെ കയ്യിൽ നിന്നു കുതറാൻ നോക്കി.. "കുളിപ്പിച്ച് തരാടാ നിന്നെ ഞാൻ.. കുറച്ചൊന്നുമല്ല.. വല്ലാതെ കൂടുന്നുണ്ട് നിനക്കിപ്പോ..ചോറ് ഇവിടെയും കൂറ് അവിടെയുമാ നിനക്ക്.. നിന്റെ തമാശ കാരണം എനിക്ക് നഷ്ടപ്പെട്ടതു എന്താണെന്ന് അറിയുമോ.. ഇന്ന് ദേഹം ഉപദ്രവിച്ചിട്ടല്ല കളിച്ചത് അവൻ..

എന്റെ മാലയിൽ തൊട്ടിട്ടാ.. അത് അവന്റെ കയ്യിലാ ഇപ്പൊ.. എത്ര ചോദിച്ചിട്ടും തന്നില്ല.. " ആദ്യം ദേഷ്യത്തോടെ സംസാരിച്ച അവൾ ഒടുക്കം സങ്കടത്തിലേക്ക് എത്തി. നടന്ന കാര്യങ്ങളൊക്കെ സനുവിനോട് പറഞ്ഞു..എല്ലാം കേട്ടു അവനൊന്നു വല്ലാതെയായി.. ആ മാല അവൾക്ക് അവളുടെ ജീവനേക്കാൾ വലുത് ആണെന്ന് അവന് അറിയാം. "ലൈലൂ..ഞാൻ.. " "വേണ്ടാ.. നീയൊന്നും പറയണ്ട.. ഇതോടെ നിർത്തിക്കോണം.. ഇനി മേലാൽ ഈ വക തമാശ കാണിക്കാൻ നിന്നാൽ ഉണ്ടല്ലോ.. നിന്റെ ചന്തി നോക്കി ചൂരൽ എടുത്തു നല്ല നാല് പെട ഞാൻ അങ്ങ് വെച്ചു തരും.. മൊട്ടെന്ന് വിരിഞ്ഞിട്ടില്ല.. അതിന് മുന്നേ അവന്റെ ഓരോ കുരുട്ട്.. സ്പെല്ലിങ് തെറ്റാതെ നിന്റെ പേര് എഴുതാൻ അറിയുമോ നിനക്ക്.. എവിടെന്ന്.. ഇല്ല.. അറിയില്ല.. എന്നിട്ടാ അവന്റെ കൊട്ടത്തലയിലെ ഒരു ഐ ലവ് യൂ.. " അവൾ കലി തുള്ളിക്കൊണ്ട് പറഞ്ഞു. "ലൈലൂ...നീയിങ്ങനെ ചൂടാവാതെ.. എനിക്ക് പേടി ആകുന്നു.. നിന്റെ ബാധ ഒഴിപ്പിക്കാനുള്ള മന്ത്രവാദമൊന്നും എന്റെ കയ്യിൽ ഇല്ല.. അതോണ്ടാ.. "

"എടാ.. ജന്തു.. ചവിട്ടി കൂട്ടണ്ടങ്കിൽ മുന്നിന്ന് പൊക്കോ.. " "അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ.. ഇതിപ്പോ എന്നും കാണുന്നത് അതുതന്നെ ആണല്ലോ ഗോഡ്.. " അവൻ കളിയാക്കി പറഞ്ഞു.. അവൾ കേട്ട ഭാവം നടിച്ചില്ല.. മുഖം വീർപ്പിച്ചു വെച്ചു ബാഗ് ബെഡിലേക്ക് എറിഞ്ഞു തോർത്തും എടുത്തു ബാത്റൂമിലേക്ക് കയറി.. അവൻ വന്നു ബെഡിൽ ഇരുന്നു.. ദേഷ്യം കാണിക്കുന്നുണ്ട് എങ്കിലും അവളുടെ ഉള്ള് നിറയെ സങ്കടം ആണെന്ന് അവനു മനസ്സിലായിരുന്നു.. അല്ലെങ്കിലും ഈ ബ്രോയ്ക്ക് ഇതെന്തിന്റെ കേടാ.. എങ്ങനെ എങ്കിലും അവളുടെ മനസ്സിൽ ഒരു സ്ഥാനം നേടി എടുക്കേണ്ടതിന് പകരം ഉള്ള സ്ഥാനം കൂടി കളഞ്ഞു കുളിക്കാൻ നോക്കുകയാണോ..ചെന്നു ചെന്നു കളി അവളുടെ കഴുത്തിലേക്ക് എത്തിയോ.. ശെ..ബ്ലഡി ഫൂൾ അളിയൻ.. * രാത്രി ഉപ്പാന്റെ ഒന്നിച്ച് ലോകം മുഴുവൻ ചുറ്റി കറങ്ങി ആകെ ക്ഷീണിച്ചു കൊണ്ടാണ് വീടെത്തിയത്.. റൂമിലേക്ക്‌ എത്തിയതും ബെഡിലേക്ക് ചാടി വീണു.. ഉറക്കം കണ്ണിനെ തൊട്ടു തൊട്ടില്ലന്ന അവസ്ഥയിൽ ആയിരുന്നു അവന്..സൈഡിലേക്ക് തിരിഞ്ഞു കിടന്നു പുതപ്പ് തല വഴി വലിച്ചു ഇടാൻ നോക്കിയതും ടേബിളിൽ അവളുടെ മാല കണ്ടു..

വൈകുന്നേരം വന്നപ്പാടെ പോക്കറ്റിൽ നിന്നും എടുത്തു വെച്ചതാണ്.. അത് കണ്ടതോടെ ഉണ്ടായ ക്ഷീണവും വന്ന ഉറക്കവും പമ്പയല്ല, അങ്ങ് ബ്രഹ്മപുത്ര കടന്നു പോയി.. എഴുന്നേറ്റു ആ മാല എടുത്തു തലയിണ മടിയിൽ അമർത്തി വെച്ചിരുന്നു.. അവനാ മാല വിരലിൽ ഇട്ടു ഉയർത്തി പിടിച്ചു അതിലേക്കു തന്നെ നോട്ടമിട്ടു കൊണ്ടിരുന്നു. കാണാൻ ഭംഗിയുള്ള ഒരു മാല.. നല്ല വില പിടിപ്പുള്ളതാണെന്ന് തോന്നുന്നു.. അപ്പൊ വെറുതെയല്ല എനിക്ക് വേണമെന്നും പറഞ്ഞു ആ പോത്ത് നിന്നു മോങ്ങിയത്.. കാണുമ്പോൾ ഓർമ വരുന്നത് പണ്ട് ഡാഡ്ന്റെ കഴുത്തിൽ തൂങ്ങി കിടന്നിരുന്നൊരു മാലയാണ്‌.. ഇതേ പോലുള്ളൊരു ചെയിൻ.. വല്ലാത്ത ഭംഗിയായിരുന്നു അത് കാണാൻ.. ചെയിനിനേക്കാൾ ഭംഗി ലോക്കറ്റിനായിരുന്നു.. കൈക്കലാക്കാൻ നോക്കിയതു ഞാൻ ആണെങ്കിലും കിട്ടിയത് മറ്റൊരാൾക്ക്.. എന്നത്തേയും പോലെ വാശി കാണിച്ചു പിടിച്ചു വാങ്ങിക്കാമായിരുന്നു.. പക്ഷെ തോന്നിയില്ല.. അത് കിട്ടിയ നേരം ആ മുഖത്ത് ഉണ്ടായ സന്തോഷം ഇല്ലാതെയാക്കാൻ തോന്നിയില്ല.. അല്ലെങ്കിലും എന്തിനും ഏതിനും എന്നേക്കാൾ അർഹൻ അവൻ ആയിരുന്നല്ലോ.. അന്നും ഇന്നും ഞാനൊരു തെമ്മാടി..

ഒന്നിന്റെയും വില അറിയാത്തവൻ.. ഒന്നും കാത്തു സൂക്ഷിക്കാൻ അറിയാത്തവൻ.. പക്ഷെ അവനോട് വാശി കാണിച്ചിട്ടില്ല.. ഞാൻ സ്വന്തമാക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടവും താല്പര്യവും സന്തോഷവുമൊക്കെ അവൻ സ്വന്തമാക്കുന്നതിലായിരുന്നു.. തെമ്മാടി ആയതും അവന് വേണ്ടി.. അവനെ തൊട്ടവന്റെ കൈ പിടിച്ചു തിരിച്ചെതാണ് ജീവിതത്തിലെ ആദ്യത്തെ വില്ലത്തരം.. അന്നാണ് മമ്മി എനിക്ക് തല തെറിച്ചവനെന്ന പേര് മുദ്ര കുത്തിയത്... കൂടുതൽ ഒന്നും ഓർത്തില്ല.. ഒന്നിനു വേണ്ടിയും കണ്ണുകൾ നിറയ്ക്കാൻ ആഗ്രഹിക്കുന്നില്ലായിരുന്നു അവൻ.. വിരലിൽ തൂങ്ങി കിടക്കുന്ന മാല കയ്യിൽ ഒതുക്കി നിർത്തി..ലോകത്ത് ഒരാളെ പോലെ ഏഴു പേരു കാണുമെന്ന പറയുന്നത്.. പിന്നെയല്ലേ ഒരു മാല.. ഒരേ മോഡലിൽ ഉള്ള എത്രെണ്ണം കിടപ്പ് ഉണ്ടാകും.. അതിൽ ഒന്നായിരിക്കും ഇത്.. അല്ലാതെ എന്തിന് അവളുടെ മാല കാണുമ്പോൾ അതിലേക്കു എൻറെ കഴിഞ്ഞ കാര്യങ്ങൾ ബന്ധപെടുത്തണം..

എന്തിന് മൂഡ് ഔട്ട്‌ ആവുകയും എന്നെ വിട്ടിട്ടു പോയവരെ ഓർത്ത് ദുഖിക്കുകയും ചെയ്യണം.. ഇല്ല.. അതൊന്നും എനിക്ക് ചേർന്നതല്ലാ.. അവനാ മാലയുടെ ലോക്കറ്റ് ഓപ്പൺ ചെയ്തു നോക്കി.. സ്വർണത്തിൽ Laila എന്ന പേര് കൊത്തി വെച്ചിട്ടുണ്ട്. അതിലേക്കു നോക്കി ഇരിക്കും തോറും അവളുടെ മുഖവും നിറഞ്ഞ കണ്ണുകളും അവന്റെ മനസ്സിൽ തെളിഞ്ഞു വരാൻ തുടങ്ങി.. എന്തിനായിരിക്കും ആ മിഴികൾ നിറഞ്ഞതെന്ന ചോദ്യം അവനെ വല്ലാതെ അലട്ടി കൊണ്ടിരുന്നു.. കേവലം ഒരു മാലയ്ക്ക് വേണ്ടിയോ.. അവൾക്ക് പ്രിയപ്പെട്ട ആരെങ്കിലും ഗിഫ്റ്റ് ചെയ്തത് ആവാം.. അതായിരിക്കാം അത്രേം ഫീൽ ചെയ്യാൻ.. എന്തായാലും അത് അറിഞ്ഞിട്ട് തന്നെ കാര്യം.. എഴുന്നേറ്റു ഷെൽഫിന്റെ അടുത്തേക്ക് ചെന്നു.. ഒരു ചെറിയ ബോക്സ് എടുത്തു..കയ്യിൽ ഇരിക്കുന്ന അവളുടെ മാലയിൽ ഒരു കുഞ്ഞു പണി ഒപ്പിച്ചു.. ശേഷം അത് പോക്കറ്റിലേക്ക് ഇട്ടു ഫോണും കീയും എടുത്തു റൂമിന് വെളിയിലേക്ക് ഇറങ്ങി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story