ഏഴാം ബഹർ: ഭാഗം 27

ezhambahar

രചന: SHAMSEENA FIROZ

"നീയും മുന്നയും ഫ്രണ്ട്‌സ് ആവണം..ഞാൻ പറഞ്ഞല്ലോ.. എനിക്കൊരു ശത്രു വേണ്ടാ.. എന്നോട് അല്ലേ നിനക്ക് കൂട്ട് കൂടാൻ പറ്റാത്തത്.. അവനോട് ആവാമല്ലോ.." "മ്മ്.. എനിക്ക് തോന്നി.. ഇങ്ങനെ വല്ലതും ആയിരിക്കും പറഞ്ഞു വരുന്നതെന്ന്.. " അവൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു. "സാധിച്ചു തരാൻ കഴിയില്ലേ.. വാക്ക് തന്നതാ നീ.. മറക്കണ്ട.. " "അതിന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞോ അവനെന്റെ ശത്രു ആണെന്ന്.. എനിക്ക് ദേഷ്യം വന്നാൽ ഞാൻ ഉടക്കും.. ആരോടായാലും.. അതേ അവന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളൂ.. അല്ലാതെ ഞാനൊരിക്കലും അവനെ ശത്രു പക്ഷത്താക്കിയിട്ടില്ല.. " അവന്റെ മുഖത്ത് ദേഷ്യം.. " അവൻ നിന്റെ ശത്രുവല്ലാ.. അത് നീ തന്നെ പറയുന്നു. പിന്നെന്തിനാ ഒന്നും രണ്ടും പറഞ്ഞു ഉടക്കാനും അടിപിടി ഉണ്ടാക്കാനും പോകുന്നേ.. ഞാൻ അവന്റെ ഭാഗം ചേർന്നു സംസാരിക്കുന്നത് അല്ല.. എപ്പോഴും നീയാ പ്രശ്നം തുടങ്ങുക.. അവനല്ലാ.. ഒന്ന് ശെരിക്കും ഓർത്ത് നോക്കിക്കേ.. ഞാനും അവനും കോളേജിൽ അഡ്മിഷൻ എടുത്തു രണ്ടാം നാൾ തുടങ്ങിയതാ നീ ഞങ്ങളെ ചൊറിയാൻ..

ആദ്യമൊക്കെ ഞാൻ വിചാരിച്ചു റാഗിംഗ് ആയിരിക്കുമെന്ന്.. അതിന്റെ ലെവലിൽ വിട്ടിട്ടെ ഉള്ളു.. പിന്നെയാ മനസ്സിലായത് നിനക്ക് എന്നോടു തോന്നുന്ന പ്രണയമാ നിന്റെ പ്രശ്നമെന്ന്.. അമൻ.. നിനക്ക് അവനോട് സൗഹൃദം സ്ഥാപിക്കാൻ താല്പര്യമില്ലങ്കിൽ വേണ്ടാ. ഞാൻ നിർബന്ധിക്കില്ല.. സൗഹൃദത്തിനു ഒരർത്ഥമുണ്ട്.. അത് അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല.. വിട്ടേര്.. പക്ഷെ അവനോട് ദേഷ്യവും വൈരാഗ്യമൊന്നും കാണിക്കരുത്.. അവൻ നീ വിചാരിക്കുന്ന പോലൊന്നുമല്ല.. നിന്നെപ്പോലെ ഒരു വല്യ വീട്ടിൽ നിന്നും വരുന്നതുമല്ലാ.. പഠിക്കാൻ വേണ്ടിയാ വരുന്നത്.. അവനൊരു ജോലി വേണം.. അതുമാത്രമാ അവന്റെ ലക്ഷ്യം.. നിന്നോടുള്ള ദേഷ്യം കൊണ്ടു ഞാൻ അവനെ ചെയർമാൻ സ്ഥാനത്തേക്ക് nominate ചെയ്തുന്നേയുള്ളൂ.. അല്ലാതെ അവന് താല്പര്യമുണ്ടായിരുന്നില്ല.. വല്ല പ്രശ്നവും ഉണ്ടായാൽ അവനെ കോളേജിൽ നിന്നും ടിസി കൊടുത്തു വിടും.. പ്രത്യേകിച്ച് നീയുമായി പ്രശ്നം ഉണ്ടായാൽ.. പ്രിൻസി നിന്റെ ഭാഗം മാത്രമാണല്ലോ ചേരാറ്.. മുന്നയെ അയാൾക്ക്‌ കണ്ണിനു കണ്ടൂടാ..

അത് നീയുമായി പലവട്ടം ഉടക്ക് കഴിഞ്ഞത് കൊണ്ടാവാം .. അവന്റെ ഭാവി തകർക്കരുത്.. അവന്റെ ഉമ്മാന്റെ കണ്ണീരു കാണാൻ വയ്യാഞ്ഞിട്ടാ.. അവന്റെ ഉമ്മാക്കും പെങ്ങക്കും അവൻ മാത്രേയുള്ളൂ.. അവനിലാ മുഴുവൻ പ്രതീക്ഷയും.. എന്നോടുള്ള വാശി പുറത്ത് നീ അവനെ തകർക്കാൻ നോക്കരുത്.. നിനക്ക് എല്ലാം നിസ്സാരമാണ്.. അത് കയ്യിൽ പണം ഉള്ളത് കൊണ്ടാ.. എല്ലാ സുഖഭോഗങ്ങളോടും കൂടി ജീവിക്കുന്നത് കൊണ്ടാ.. നീ പിജിക്ക് സീറ്റ് വാങ്ങിച്ചത് നിന്റെ ഉപ്പാന്റെ പവർ കൊണ്ടാണെന്നു കോളേജിലൊരു സംസാരമുണ്ട്. പക്ഷെ അവൻ അങ്ങനെ അല്ല.. നല്ലോണം ഹാർഡ് വർക്ക്‌ ചെയ്തിട്ടാ.. Bsc യിൽ റാങ്ക് ഉണ്ടായിരുന്നു.. അത്രക്കും കഷ്ടപ്പെട്ടിട്ടാ അവന്റെ ഉമ്മ അവനെ പഠിപ്പിച്ചത്.. ഇന്നും തീർന്നിട്ടില്ല ആ കഷ്ടം.. അവനൊരു ജോലി കിട്ടീട്ട് വേണം എല്ലാമൊന്നു ശെരി ആവാൻ.. സിവിൽ സർവീസിൽ ആയിരുന്നു താല്പര്യം. എക്സാമും എഴുതിയതാ.. പക്ഷെ ഞാൻ കാരണം.. എന്റെ വീട്ടുകാരു കാരണം എല്ലാം നഷ്ടപ്പെട്ടു.. അവന്റെ സ്വപ്നമാ അന്ന് ഞാൻ കാരണം ഇല്ലാതായത്.. നിന്റെ ഇതേ പ്രശ്നമായിരുന്നു എന്റെ വീട്ടുകാർക്കും..

ഞാനും അവനും തമ്മിൽ വഴിവിട്ട ബന്ധം ആണെന്ന്.. അവനെതിരെ കംപ്ലയിന്റ് കൊടുത്തു.. ഇല്ലാത്ത എന്തൊക്കെയോ കേസ് കെട്ടി ചമച്ചു അവനെ ലോക്കപ്പിൽ ആക്കി.. പിന്നെ കേസ്,കോടതി, വക്കീൽ.. അങ്ങനെ ദിവസങ്ങൾ.. ഒരു വർഷമാ അവനു നഷ്ടപ്പെട്ടത്..." പറഞ്ഞു കഴിയുമ്പോഴേക്കും അവൾക്ക് കരച്ചിൽ വന്നു പോയിരുന്നു.. അത് കണ്ടു അവനൊന്നു വല്ലാതെയായി.. എന്ത് പറയണമെന്ന് ഒന്നും അറിഞ്ഞില്ല.. " നീ കിടന്നോ.. സ്‌ട്രെയിൻ എടുക്കണ്ട.. " എന്നും പറഞ്ഞു വേഗം എണീറ്റു പോകാൻ നോക്കി.. അവൾ സമ്മതിച്ചില്ല.. അവന്റെ ഷർട്ടിൽ പിടിച്ചു നിർത്തിച്ചു.. അവൻ വല്ലാത്തൊരു അസ്വസ്ഥതയോടെ അവളെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞത് തന്നെയാണ് ആ അസ്വസ്ഥതയ്ക്ക് കാരണം. " പറഞ്ഞിട്ട് പോ.. ഇനി വെറുതെ അവനെ ചൊറിയാൻ പോകുവോ.. " " ശ്രമിക്കാം.. " അവൻ പറഞ്ഞു.. "ശ്രമിച്ചാൽ പോരാ.. നടപ്പിലാക്കണം..വാക്ക് തന്നതാ.. വാക്കിന് വില ഇല്ലാതെ ആക്കരുത്.. അത് നിനക്ക് ചേരില്ല.. " അവൾ ഷർട്ടിലെ പിടി വിട്ടു ഒരു ചിരിയാലെ പറഞ്ഞു..

ആ ചിരി മതിയായിരുന്നു അവന്റെ അസ്വസ്ഥത മാറി കിട്ടാൻ.. അവൻ തിരിച്ചു ചിരിക്കുകയൊന്നും ചെയ്തില്ല.. ഒന്ന് കനപ്പിച്ചു നോക്കിക്കൊണ്ട് പുറത്തേക്ക് പോയി. തെണ്ടി.. ഒന്ന് ചിരിച്ചാൽ എന്താ.. ആദ്യം ആയിട്ടല്ലേ ഞാൻ ചിരിക്കുന്നത്.. ഇരുപത്തി നാലു മണിക്കൂറും മസിൽ ഉരുട്ടി നടന്നോളും പോത്ത്.. നിന്റെ മസിലൊക്കെ തേഞ്ഞൊടിഞ്ഞു പോകുമെടാ.. അവനെയും പ്രകി മുഖം തിരിച്ചു കിടന്നു അവൾ. 🌟🌟🌟🌟🌟🌟🌟🌟 അവൻ പുറത്തേക്ക് ഇറങ്ങിയതും എബി അവനെ നോക്കി നല്ലോണം ഒന്ന് ചിരിച്ചു കാണിച്ചു അകത്തേക്ക് കയറി.. മുഖം വീർപ്പിച്ചു വെച്ചു കിടക്കുന്ന അവളെ കണ്ടു.. കയ്യിന്റെയും കാലിന്റെയും വേദനയെ കുറിച്ചല്ല ചോദിച്ചത്. അടുത്ത് ചെന്നപ്പാടെ ഇന്നും കിട്ടിയോ അവന്റെ കയ്യിന്ന് എന്നാ ചോദിച്ചത്.. അത് കേട്ടതും അവളുടെ മുഖം ഒന്നൂടെ വീർത്തു.. എബിയെ നോക്കി കണ്ണുരുട്ടി കാണിച്ചു മറ്റേ ഭാഗത്തേക്ക്‌ മുഖം ചെരിച്ചു കിടന്നു.. അതുകണ്ടു എബി ആ ഭാഗത്തേക്ക്‌ ചെന്നു അവളുടെ അടുത്ത് ഇരുന്നു.. അവളപ്പോ തന്നെ മുഖം വെട്ടിച്ചു കളഞ്ഞു.. " കയ്യിന്റെയും കാലിന്റെയും കെട്ടു മാറ്റി പെടലിക്ക് ഇടേണ്ടി വരും.. അത് വേണ്ടങ്കിൽ നേരെ കിടക്ക്.. ഇങ്ങനെ കഴുത്തു വെട്ടിച്ചാൽ ചങ്ക് ഒടിഞ്ഞു പോകുമല്ലോ.. ലൈലാ.. ഞാൻ താജ് അല്ല.. എബിയാ.. നേരെ നോക്ക്.. "

എബി ഇരുന്നു ചിരിക്കാൻ തുടങ്ങി. " ഉവ്വോ.. എബി ആയിരുന്നോ.. ഞാൻ അറിഞ്ഞില്ല.. ഒന്ന് പോടാ അവിടെന്ന്.. " അവൾ വീണ്ടും മുഖം തിരിച്ചു കളഞ്ഞു. " ആള് നല്ല ദേഷ്യത്തിൽ ആണല്ലോ.. കയ്യും കാലും ഒടിഞ്ഞതിന്റെയോ അതോ ഇത്രേം നേരം താജ് ഇവിടെ ഉണ്ടായതിന്റെയോ.. എന്താ ലൈല കാര്യം.. താജ് വേദനിപ്പിക്കുകയോ മറ്റും.. " എബി സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.. പെട്ടന്നാണ് അവൾക്ക് ഒരു കുസൃതി തോന്നിയത്.. അവൾ എബി കാണാതെ കണ്ണ് തിരുമ്പി ചുവപ്പിച്ചു.. ഇല്ലാത്ത എന്തൊക്കെയോ ഭാവങ്ങൾ മുഖത്ത് വരുത്തി സങ്കടത്തോടെ എബിയെ നോക്കി.. ആ നോട്ടം കണ്ടപ്പോഴെ എബിക്ക് വല്ലാതെയായി. "എന്താ ലൈല.. എന്താണേലും പറാ.. അവൻ വേദനിപ്പിച്ചോ..? " "വേദനിപ്പിച്ചോന്നോ.. അത് പിന്നെ ചോദിക്കാൻ ഉണ്ടോ..വേദനിപ്പിക്കുക മാത്രേ ചെയ്തുള്ളൂ..വേദന ഉണ്ടോന്നു ചോദിച്ചു കയ്യിലും കാലിലുമൊക്കെ തൊട്ടു നോക്കി.. ഉണ്ടെന്ന് പറയുമ്പോൾ സാരല്യ കുറച്ചൂടെ വേദനിച്ചോന്നു പറഞ്ഞു കെട്ടി വെച്ച ഭാഗത്തൊക്കെ പിടിച്ചു ഞെക്കി..

കണ്ണിന്നു പൊന്നീച്ച പാറി പോയി. പിന്നെ ദേ ഇവിടെ.. നെറ്റിയിൽ.. നീറിട്ടും നൊന്തിട്ടും തൊടാൻ മേലാ.. അവൻ പിടിച്ചമർത്തി.. എത്ര പറഞ്ഞിട്ടും കേട്ടില്ല.. അറിയുന്നത് അല്ലേ നിനക്ക് അവനെ.. ഈ കയ്യും വെച്ചു ഞാൻ എങ്ങനെയാ അവനെ തടുക്കുക.. അല്ലാതെ തന്നെ എനിക്ക് അവനെ നേരിടാൻ പറ്റാറില്ല.. ഇപ്പൊ തീരെ വയ്യാ.. ദേഷ്യം ഉണ്ടെന്ന് കരുതി ഇങ്ങനൊക്കെ ചെയ്യാമോ..? ഒന്നുല്ലേലും ഞാനിപ്പോ ഒരു രോഗി അല്ലേ.. ഇതിന് വേണ്ടിയാണോ അവൻ എന്നെ കാണാൻ വന്നത്.. " അവൾ കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു.. എബിക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല.. അപ്പൊ ഇതിനായിരുന്നോ ടാ വാണം വിട്ട പോലെ നീ കോളേജിൽ നിന്നും വന്നത്.. ശെരിയാക്കി താരാടാ നിന്നെ ഞാൻ. എബി അവിടെ ഇരുന്നു പിറു പിറുത്തു.. " എബി എന്താ ഒന്നും പറയാത്തത്.. അവനെ എങ്ങനെ സപ്പോർട്ട് ചെയ്യാമെന്ന് ആലോചിക്കുന്നത് ആയിരിക്കുമല്ലെ.. മ്മ്.. അതുതന്നെയാ.. എനിക്കറിയാം.. അവനെന്തു ചെയ്താലും അവന്റെ ഭാഗത്തു ശെരിയുണ്ടെന്നേ നീ പറയൂ.. എപ്പോഴും വേദന എനിക്കാണല്ലോ..

ഇക്കണക്കിനു പോയാൽ ഞാനിനി അധിക കാലം ജീവനോടെ ഉണ്ടാകില്ല.. അവനെന്നെ ജീവനോടെ വെച്ചേക്കില്ല.. " പറഞ്ഞു പറഞ്ഞു അവൾ കരയാൻ തുടങ്ങി.. "അയ്യോ.. ലൈല.. കരയല്ലേ.. പ്ലീസ്.. നീ കരയാതെ.. ഞാൻ ചോദിക്കാം അവനോട്.. അവന്റെ ഭാഗത്തു ശെരി ഒന്നുമില്ല.. തെറ്റ് തന്നെയാ അവൻ ചെയ്തത്.. ഞാൻ അവനെ ഇപ്പൊ വിളിച്ചോണ്ട് വരാം.. നിന്നോട് സോറി പറയാൻ പറയാം.." " അതിന് അവൻ സോറി പറയുമോ." അവൾ കരച്ചിൽ ഒതുക്കിക്കൊണ്ട് ചോദിച്ചു.. "സോറി... സോറി പറയില്ല.. എന്നാലും നീ കരയുന്നത് കാണിച്ചു കൊടുക്കാമല്ലോ.. നിന്റെ വേദന എത്രത്തോളം ആണെന്ന് മനസ്സിലാക്കി കൊടുക്കാമല്ലോ.. അങ്ങനെ എങ്കിലും അവന്റെ മനസ്സ് ഒന്ന് അലിഞ്ഞാലോ.. " "അലിയാനോ.. അവന്റെ മനസ്സോ.. ഞാൻ കരയുന്നത് കണ്ടാൽ അവൻ ചിരിക്കും.. അവനു സന്തോഷമേ ആവുള്ളൂ.. കരയട്ടേ.. ആർക്കാ നഷ്ടമെന്നു ചോദിക്കും.. വേണമെങ്കിൽ വീണ്ടും വേദനിപ്പിച്ചു എന്റെ കരച്ചിൽ കൂട്ടാൻ നോക്കും.. " അവൾ വല്ലാത്ത വിഷമത്തോടെ പറഞ്ഞു കൊണ്ടിരുന്നു..

അവളുടെ മുഖം കാണുമ്പോൾ എബിക്കും സങ്കടം വരാൻ തുടങ്ങി.. അതോടൊപ്പം താജ്നോട് ദേഷ്യവും.. നീ ഒരുകാലത്തും നന്നാകില്ലടാന്നു താജ്നെ പ്രാകിക്കൊണ്ട് എബി ദേഷ്യത്തോടെ എണീറ്റു പുറത്തേക്ക് പോയി.. അവൾ കണ്ണ് തുടച്ചു.. അടക്കി പിടിച്ച ചിരി മുഴുവനും ഒരു പൊട്ടിച്ചിരിയായി പുറത്തേക്ക് വന്നു.. ശബ്ദം പുറത്തേക്ക് കേക്കണ്ടന്നു കരുതി വായും പൊത്തി പിടിച്ചു ചിരിക്കാൻ തുടങ്ങി.. കുറച്ചു നേരം കഴിയുമ്പോ വയർ വേദനിക്കാൻ തുടങ്ങിയതും ഒരു കൈ കൊണ്ടു വയർ അമർത്തി പിടിച്ചു.. ഒടുക്കം കണ്ണിന്നും മൂക്കിന്നും വെള്ളം വരാൻ തുടങ്ങിയപ്പോഴാണ് ചിരി നിർത്തിയത്.. നേരത്തെ താൻ ചിരിച്ചിട്ടും അവൻ തിരിച്ചു ചിരിക്കാത്തതായിരുന്നു അവളുടെ പ്രശ്നം. അതാണ് എബി വരുമ്പോൾ മുഖം വീർത്തു ഇരുന്നത്.. അതിന്റെ പണിയാ ഇപ്പൊ കൊടുത്തത്.. ഉപദേശത്തിൽ എബിയൊരു സംഭവ പ്രസ്ഥാനം ആണെന്ന് നുസ്ര പറഞ്ഞു കേട്ടിട്ടുണ്ട്.. താജ്നു തീരെ കേട്ടൂടാത്തും ഈ ഉപദേശമാണ്.. എബി അവനെ ഇന്ന് പരുവമാക്കും.. കുറച്ച് കേൾക്കട്ടെ..

എന്നോട് കളിക്കാൻ നിന്നാൽ ഇങ്ങനെ ഇരിക്കും ടാ തെമ്മാടി.. 🍁🍁🍁🍁🍁🍁 "എത്ര പറഞ്ഞാലും മനസ്സിലാകില്ലല്ലെ നിനക്ക്.. നിന്റെ തലയിൽ എന്താടാ ചാണകമോ.. അല്ലാതെ തന്നെ അതവിടെ വേദനിച്ചു കിടപ്പാ.. വീണ്ടും വേദനിപ്പിച്ചു വന്നേക്കുന്നു.. അതൊരു പാവം ആയത് കൊണ്ടല്ലേ നീയിങ്ങനെയൊക്കെ ചെയ്യുന്നത്.. ദേഷ്യം വരുമ്പോൾ എന്തൊക്കെയോ വിളിച്ചു പറയുന്നു എന്നേയുള്ളു.. അല്ലാതെ ഒന്നും മനസിൽ വെക്കാറില്ല അവൾ.. ഉണ്ടായിരുന്നു എങ്കിൽ പണ്ടേയ്ക്ക് പണ്ടേ നിന്റെ അടിയന്തിരത്തിന്റെ ചോറ് ഞങ്ങളൊക്കെ ഉണ്ണേനെ.. ഒരു കാലത്തും നീ നന്നാവില്ല ടാ.. വെറുതെ അല്ലടാ നിന്റെ പ്രേമം സെറ്റ് ആവാത്തത്.. ഭാഗ്യം.. ഇതുവരെ ഞാൻ അവളോട് നിന്നെ ഇഷ്ടപെടണമെന്ന് പറഞ്ഞിട്ടില്ല.. പറഞ്ഞിരുന്നു എങ്കിൽ വല്യ അപരാധം ആയിപോയേനെ.. കർത്താവു കാത്തു... " പുറത്തേക്ക് ഇറങ്ങി വന്ന എബി കണ്ണും കാതും പൊട്ടുന്ന തരത്തിൽ അവനെ ശകാരിക്കാനും ഉപദേശിക്കാനും തുടങ്ങി.. അവന് യാതൊന്നും കത്തിയില്ല.. കണ്ണും മിഴിച്ചു എബിയെ നോക്കി നിന്നു..

" നോക്കണ്ട.. നിന്റെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.. ആ പെണ്ണ് അവിടെ കിടന്നു കരച്ചിലോടു കരച്ചിൽ.. ആദ്യമായിട്ടാ ഞാൻ അവളെ ഇങ്ങനെ കാണുന്നെ.. അത്രക്കും വേദനിച്ചിട്ട് ഉണ്ടാകും. പാവം.. നീയൊക്കെ ഒരു കാമുകൻ ആണോടാ.. വെറുതെ ആണുങ്ങൾടെ വില കളയാൻ വേണ്ടി.. അല്ലാണ്ടെന്ത്‌.. " എബി അവനെ കടിച്ചു കീറുന്നതു പോലെ പറഞ്ഞു.. അവന് ഒന്നും മനസ്സിലായില്ലങ്കിലും ഒരു കാര്യം വ്യക്തമായി.. അവൾ കാര്യമായി എന്തോ ഒപ്പിച്ചിട്ടുണ്ടെന്ന്.. അല്ലാതെ എബി വെറുതെ ഇങ്ങനെ കിടന്നു തൊണ്ട പൊട്ടിക്കില്ലന്ന്.. അറിഞ്ഞിട്ട് തന്നെ കാര്യമെന്നു കരുതി ചവിട്ടി തുള്ളിക്കൊണ്ട് അവളുടെ അടുത്തേക്ക് പോകാൻ നിന്നതും എബി അവനെ തടഞ്ഞു. " പോകുന്നത് ഒക്കെ കൊള്ളാം.. വീണ്ടും അവളെ വേദനിപ്പിക്കാൻ ആണെങ്കിൽ..? വേണ്ടടാ.. അവളുടെ കരച്ചിൽ കണ്ടിട്ട് എനിക്ക് തന്നെ സഹിക്കുന്നില്ല.. " ആദ്യം ദേഷ്യത്തോടെ പറഞ്ഞ എബി പിന്നെ സങ്കടത്തിലേക്ക് എത്തി.. " മാറടാ അങ്ങോട്ട്‌.. നീ പറഞ്ഞു തരണ്ട.. എനിക്കറിയാം എന്ത് ചെയ്യണമെന്ന്.. എന്നെ തീരെ വിശ്വാസം കാണില്ല അല്ലേ..

എന്നാൽ നീയും കൂടി പോരെടാ.. അവളെന്ത്‌ മരുന്നാ നിനക്ക് ഇൻജെക്റ്റ് ചെയ്തതെന്ന് ഞാനും കൂടി ഒന്ന് അറിയട്ടെ.. എന്താടാ അവളു നിന്നോട് പറഞ്ഞത്.. ഞാൻ അവളെ വേദനിപ്പിച്ചു എന്നോ.. വേദനിപ്പിച്ചിട്ട് ഉണ്ടെങ്കിൽ ഞാനത് തുറന്നു പറയും.. ഒളിച്ചു വെക്കണ്ടാ കാര്യമൊന്നും എനിക്കില്ല.. രഹസ്യമായി അല്ല.. പരസ്യമായി തന്നെ ഞാൻ അവളെ വേദനിപ്പിച്ചിട്ടില്ലെ.. പക്ഷെ ഇപ്പൊ ഞാനൊന്നും ചെയ്തിട്ടില്ല.. എന്ത് മണുകുണാഞ്ചനാ നീ.. അവളൊന്നു കരഞ്ഞു കാണിക്കുമ്പോഴേക്കും എന്നെ ഉപദേശിക്കാൻ വന്നിരിക്കുന്നു.. നിനക്ക് ഉള്ളത് തരാം.. അതിന് മുന്നേ അവൾക്ക് ഉള്ളത് കൊടുത്തിട്ടു വരട്ടെ.. തല തെറിച്ചവൾ ആണെന്ന് അറിയാം.. ഇത്രേം വല്യ അഭിനേത്രി ആണെന്ന് അറിഞ്ഞില്ല.. നോബൽ അല്ല.. മിനിമം ഒരു ഓസ്കാർ എങ്കിലും കൊടുക്കണ്ടേ ഞാൻ അവൾക്ക്.. " എബിയ്ക്ക് തലയ്ക്കടിയേറ്റതു പോലെയായി.. നുണ പറഞ്ഞതാണോ അവൾ.. ഹേയ്.. അവൾ അങ്ങനെ നുണയൊന്നും പറയുന്നവളല്ലല്ലോ..

അവളുടെ ബാക്കി കിടക്കുന്ന ഒരു കാലിന്റെയും കയ്യിന്റെയും കാര്യത്തിൽ അവനൊരു തീരുമാനം ഉണ്ടാക്കുമെന്ന് അവന്റെ പോക്ക് കണ്ടപ്പോഴെ എബിക്ക് ഉറപ്പായി.. എബിയും അവന്റെ പിന്നാലെ ചെന്നു.. 💜💜💜💜 ഉറഞ്ഞു തുള്ളിക്കൊണ്ട് ഉള്ള അവന്റെ വരവ് അവൾ പ്രതീക്ഷിച്ചിരുന്നു.. പക്ഷെ അത് ഇത്ര വേഗം ഉണ്ടാവുമെന്ന് കരുതീല.. അവനെ കണ്ടതും അവൾ എബിയെ നോക്കി.. "എബി.. ഇവനോട് പോകാൻ പറ.. എനിക്ക് കാണണ്ട ഇവനെ.. " എബി കാണാൻ വേണ്ടി അവൾ ദേഷ്യം അഭിനയിച്ചു.. "പോകാൻ തന്നെയാ മോളെ വന്നത്.. വന്ന കാര്യം കഴിഞ്ഞിട്ട് പൊയ്ക്കോളാം.. ഞാൻ എവിടെ ഞെക്കിന്നാ നീ പറഞ്ഞത്.. ഒന്ന് കാണിച്ചു തന്നേ.." " എബി.. ഇവനോട് പോകാൻ പറ. എനിക്ക് ദേഷ്യം വരുന്നുണ്ട്.. " അവനെ മൈൻഡ് ചെയ്യാതെ അവൾ വീണ്ടും എബിയോട് പറഞ്ഞു.. നിന്റെ ദേഷ്യം അവൻ ഇപ്പൊ ശെരിയാക്കി തരും മോളെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു എബി അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.. "എബി.. ഏതായാലും ഞാൻ ഇവളെ പിടിച്ചു ഞെക്കി.. അപ്പൊ ഒന്നൂടെ ഞെക്കി കളയാം..ഇവൾക്ക് ഒന്നൂടെ വേദനിക്കണമെന്ന്.. മുഖം കണ്ടാൽ തന്നെ അറിഞ്ഞൂടെ ഒരു വേദനയുടെ കുറവ് ഉണ്ട് അവൾക്ക് എന്ന്... നേരത്തെ നീ കണ്ടില്ലല്ലോ..

ഇപ്പൊ നോക്കിക്കോണെ.. ശെരിക്കു നോക്കിക്കോണം.. " എന്ന് പറഞ്ഞു അവൻ ചുമന്ന മുഖവുമായി അവളെ അടുത്തേക്ക് നടന്നടുത്തു.. അവന്റെ ഉദ്ദേശം അവൾക്ക് മനസ്സിലായിരുന്നു.. പണി കൊടുത്തതിനു തിരിച്ചു പണിയാനാണ്.. അവൾ ദയനീയമായി എബിയെ നോക്കി.. എബി ഒന്നും മനസ്സിലാവാതെ അവൻ ഇതെന്തിനുള്ള പുറപ്പാടാന്ന് കരുതി കണ്ണും മിഴിച്ചു അവനെ നോക്കുന്നുണ്ട്.. അവൻ അവളുടെ അടുത്തിരുന്നു അവളുടെ ഒടിഞ്ഞ കയ്യിലൂടെ വിരൽ ഓടിക്കാൻ തുടങ്ങി.. അവൻ വേദനിപ്പിക്കുമെന്ന് ഉറപ്പായിരുന്നു അവൾക്ക്.. വേണ്ടാന്നുള്ള അർത്ഥത്തിൽ അവനെ നോക്കി തലയാട്ടി.. അവൻ കണ്ട ഭാവം നടിച്ചില്ല.. കെട്ടി വെച്ചിരിക്കുന്ന ഭാഗം നോക്കി വിരൽ വെച്ചമർത്തി.. " ഉമ്മാ....!! " അവൾ കണ്ണും പൂട്ടി ഒരൊറ്റ അലർച്ച ആയിരുന്നു.. അത് വേദനിച്ചിട്ട് ഒന്നും ആയിരുന്നില്ല..

അവൻ ഇനി അമർത്തി ഞെക്കി വേദനിപ്പിക്കുമോന്ന് പേടിച്ചിട്ട് ആയിരുന്നു.. "താജ്.. വേണ്ട ടാ.. " എബി അവന്റെ അടുത്തേക്ക് വന്നു പറഞ്ഞു.. " വേണ്ടാന്ന് പറയാൻ ഞാനൊന്നും ചെയ്തില്ലല്ലോ.. ചെയ്യാൻ പോകുന്നത് അല്ലേയുള്ളൂ.. കണ്ണീന്ന് പൊന്നീച്ച പാറിന്നല്ലേ ഇവള് പറഞ്ഞത്.. അത് ഞാൻ നേരത്തെ കണ്ടില്ല.. ഒന്ന് കാണാൻ വേണ്ടിയാ.." എന്ന് പറഞ്ഞു അവൻ വിരൽ മാറ്റി കൈ പത്തി ഒന്നാകെ അവളുടെ കൈക്ക് മുകളിൽ വെച്ചു അമർത്താൻ നോക്കിയതും അവൾ മറ്റേ കൈ കൊണ്ടു അവന്റെ കയ്യിൽ പിടിച്ചു.. "അമൻ.. വേണ്ടാ.. ഒന്നും ചെയ്യല്ലേ.. " അവൾ പേടിയോടെ പറഞ്ഞു. "എന്നാൽ പറാ..എവിടെയാ ഞാൻ നേരത്തെ ഞെക്കിയത്.. " അവളൊന്നും മിണ്ടിയില്ല.. അവന്റെ കൈ വിട്ടു മുഖം ചെരിച്ചു കിടന്നു.. അവൻ അതേ സ്പോട്ടിൽ അവളുടെ കവിളിനു കുത്തി പിടിച്ചു അവളുടെ മുഖം തന്റെ നേർക്ക് തിരിച്ചു വെച്ചു.. " പറയെടി.. എവിടെയൊക്കെ ഞെക്കിയും അമർത്തിയുമാ ഞാൻ നിന്നെ വേദനിപ്പിച്ചത്.. എന്തൊക്കെയാ നീ ഇവനോട് പറഞ്ഞത്.. അത് അതുപോലെ തന്നെ എന്നോടും കൂടി ഒന്ന് പറയെടി.. "

ഒരു അലറൽ ആയിരുന്നു അവൻ.. അവളൊന്നു ഞെട്ടിപ്പോയി.. ഇക്കണക്കിനു പോയാൽ ഇവൻ ഈ കട്ടിൽ തന്നെ എന്റെ മയ്യത്തു കട്ടിൽ ആക്കും എന്ന് തോന്നിയതും അവൾ അവനെ നോക്കി നീയൊന്നും ചെയ്തില്ല എന്ന് പറഞ്ഞു.. "എന്താ കേട്ടില്ല.. " "നീയെന്നെ ഒന്നും ചെയ്തിട്ടില്ല.. " " എന്നോട് അല്ല.. ഇവനോട് പറയ്.. " എന്ന് അവൻ പറഞ്ഞതും അവൾ ഒരു അവിഞ്ഞ ചിരിയോടെ എബിയുടെ മുഖത്തേക്ക് നോക്കി.. അത് കണ്ടതും നുണ പറഞ്ഞു പറ്റിച്ചത് ആണെന്ന് എബിക്ക് മനസ്സിലായി.. "എന്നോടിത് വേണ്ടായിരുന്നു പിശാശ്ശെ.. ഇവിടെ നിന്നാൽ നിനക്ക് ഉള്ളത് കൂടി എനിക്ക് കിട്ടും.. ഞാൻ പിന്നെ സമയം പോലെ വന്നു കണ്ടോളാം നിന്നെ.. " എന്ന് പറഞ്ഞു എബി പോകാൻ നിന്നു.. "എബി.. പോകല്ലേ.. നിക്ക്.." എബി പോയി കഴിഞ്ഞാൽ അവൻ തന്നെ വല്ലതും ചെയ്യുമോന്നുള്ള പേടി കാരണം അവൾ വേഗം എബിയോട് പറഞ്ഞു..

" നിക്കില്ല മോളെ.. ജീവനിൽ അല്പം കൊതിയുണ്ട്.. " എബി സ്ഥലം കാലിയാക്കി.. അവൾ പതിയെ അവന്റെ മുഖത്തേക്ക് നോക്കി.. വിചാരിച്ച അത്രയുമൊന്നും ദേഷ്യം കാണാനില്ല മുഖത്ത്.. അവൻ അവളുടെ കവിളിൽ കൈ വെച്ചു.. ഇനി എന്താന്നുള്ള ഭാവത്തിൽ അവൾ അവനെ ഉറ്റു നോക്കി.. പതിയെ ആ കൈ നെറ്റിയിലേക്ക് ചെന്നു.. " വേദനയുണ്ടോ..? " അവൻ പതുക്കെ ചോദിച്ചു.. " കാണാൻ ഭംഗിക്ക് വേണ്ടി കെട്ടി വെച്ചതല്ല.. മുറിവ് ഉണ്ടായിട്ടാ... " " എന്ത് ചോദിച്ചാലും തറുതല.. എന്തൊരു ജന്മമാടി നീ.. ഇത്രയൊക്കെ ആയിട്ടും നന്നായില്ലേ നീ.. " അവൻ കൈ എടുത്തു.. മുഖം വീണ്ടും ചുമന്നു. "പിന്നെ നിന്റെ ചോദ്യമോ.. വേദന ഇല്ലാതെ നിക്കുമോ.. വേദനിച്ചിട്ട് വയ്യാ.. രോഗിയോട് പെരുമാറാൻ അറിയാത്തവർ രോഗിയെ സന്ദർശിക്കാൻ വരരുത്.. എണീറ്റു പോയെ.. " " രോഗിയാണ്‌ പോലും രോഗി.. കണ്ടാൽ പറയില്ല.. രോഗി ആണെങ്കിൽ രോഗിയെ പോലെ കിടക്കണം.. അല്ലാതെ രാക്ഷസിയെ പോലെ അല്ല.. കയ്യും കാലും ഒടിഞ്ഞതിന് പകരം നാവു ഒടിഞ്ഞാൽ മതിയായിരുന്നു.. മനുഷ്യൻമാർക്ക്‌ ഇത്തിരി സമാധാനം കിട്ടിയേനെ.. "

" നിന്നോട് ഞാൻ പറഞ്ഞോ നിന്റെ സമാധാനം കളയാൻ വേണ്ടി ഇങ്ങോട്ട് കെട്ടി എടുക്കാൻ.. ഇല്ലല്ലോ.. നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ ഞാൻ വാ വാന്നും വിളിച്ചു വന്നത് ആണെന്ന്... എണീറ്റു പോടാ അവിടെന്ന്.. സമാധാനം ഇല്ലാത്തത് എനിക്കാ. നിന്നെ കാണുമ്പോൾ പോകുന്നു എന്റെ സ്വസ്ഥതയും സമാധാനവും.." അവൾ കിടന്നു തുള്ളിക്കൊണ്ട് പറഞ്ഞു.. അവന് ഒന്നാകെ വരാൻ തുടങ്ങിയിരുന്നു.. എന്നിട്ടും പല്ല് കടിച്ചു പിടിച്ചു ദേഷ്യം കണ്ട്രോൾ ചെയ്യാൻ നോക്കി.. " കടിച്ചു പല്ല് പൊട്ടിക്കണ്ടാ.. എഴുന്നേറ്റു പൊക്കോ.. എനിക്ക് ദേഷ്യം വന്നാൽ ഞാൻ വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയും.. നിന്റെ ദേഷ്യം കൂടുകയെ ഉള്ളു അപ്പോൾ.. ദേഷ്യം വന്നാൽ നീ എന്താ ചെയ്യുക.. പിടിക്കുക.. വലിക്കുക.. ഞെക്കുക.. അടിക്കുക.. തൊഴിക്കുക.. ഇതൊക്കെയല്ലേ.. ഇപ്പൊ തത്കാലം ഒന്നും താങ്ങാനുള്ള കെൽപ്പ് ഇല്ല.. എബി പറഞ്ഞത് പോലെ എനിക്കും ജീവനിൽ കൊതിയുണ്ട്.. അതോണ്ട് എഴുന്നേറ്റു പൊക്കോ നീ.. " അവൾ പറഞ്ഞത് കേട്ടു അവൻ അറിയാതെ ഒന്ന് ചിരിച്ചു പോയി.. അത് കണ്ടു അവൾ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.. അവന്റെ നുണ കുഴിയിൽ അവളുടെ കണ്ണുകൾ ഒരുനിമിഷം തറഞ്ഞു നിന്നു.. ആരാ എന്താന്നൊന്നുമില്ല..

നുണക്കുഴി കണ്ടാൽ അവളൊന്നു നോക്കി പോകും..പക്ഷെ അവരുടെയൊന്നും ഭംഗി അളക്കുകയോ ആസ്വദിക്കുകയോ ഒന്നും ചെയ്യാറില്ല.. എന്നാൽ ഇന്ന് അങ്ങനെയല്ല.. എന്തൊരു ഭംഗിയാണെന്ന് മനസ്സിൽ പറഞ്ഞു പോയി.. അറിയാതെ ആ കവിളിലേക്ക് തന്നെ നോക്കി കിടന്നു.. അവളുടെ നോട്ടം കണ്ടു അവൻ പുരികം പൊക്കി അവളെ നേരെ വിരൽ ഞൊടിച്ചു.. അവൾ അപ്പൊത്തന്നെ നോട്ടം തെറ്റിച്ചു സൈഡിലേക്ക് നോക്കി.. അവൻ ഒന്നും ചോദിച്ചു വരണ്ടാന്നു കരുതി വേഗം ടേബിളിൽ ഇരിക്കുന്ന വെള്ളം എടുക്കാൻ കൈ അനക്കി.. അതേ സ്പോട്ടിൽ തന്നെ കൈ ബെഡിലേക്ക് അമർത്തുകയും ചെയ്തു.. വേദന കൊണ്ടാണ്.. നേരത്തെ അവൻ കൈ വെച്ചപ്പോൾ അവനെ പേടിച്ച് പെട്ടെന്ന് കൈ നീക്കാൻ ഒന്ന് ശ്രമിച്ചിരുന്നു.. പക്ഷെ നടന്നിരുന്നില്ല.. അപ്പോൾ ഒരു വേദന കയറിയതാ.. അന്നേരം അത്ര കാര്യമാക്കിയില്ല. ഇപ്പോഴാ എഫക്റ്റ് അറിയുന്നത്.. അവൾ എരിവും വലിച്ചോണ്ട് കണ്ണുകൾ ഇറുക്കി അടച്ചു വേദന സഹിക്കാൻ നോക്കി. "വേണമെങ്കിൽ ചോദിച്ചൂടെ.. ഞാൻ എടുത്തു തരില്ലേ..?

അതെങ്ങനെയാ.. അഹങ്കാരം സമ്മതിക്കുന്നുണ്ടാകില്ല അല്ലേ..? " അവളുടെ കാട്ടി കൂട്ടലുകൾ കണ്ടു അവൻ വെള്ളം എടുത്തു അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.. അവൾ ഒന്നും മിണ്ടാതെ വാങ്ങിക്കാൻ വേണ്ടി കൈ അനക്കാൻ നോക്കിയതും അവൻ വേണ്ടാന്ന് പറഞ്ഞു അവളുടെ കൈക്ക് മുകളിൽ കൈ വെച്ചു.. എന്നിട്ടു ഗ്ലാസ്‌ അവളുടെ ചുണ്ടിനു നേരെ കൊണ്ടു പോയി.. അവൾ വേഗം മുഖം തിരിച്ചു കളഞ്ഞു. " എന്താടീ.. എന്താ നിന്റെ പ്രശ്നം.. എന്നാ നിന്റെ ഈ അഹങ്കാരത്തിനു ഒരു കുറവ് വരുക.." അവൻ ദേഷ്യപ്പെട്ടു ചോദിച്ചു..അവൾ മുഖം ചെരിച്ചവനെ തുറിച്ചു നോക്കി. "കിടന്നിട്ടു എങ്ങനെയാ വെള്ളം കുടിക്കുക.." "എങ്ങനെയാന്നു ഞാൻ കാണിച്ചു തരാം.. നീ വായ തുറക്ക്.. " "പറ്റില്ല.. എനിക്ക് തരിപ്പിൽ കയറും.." അവനൊന്നും മിണ്ടിയില്ല.. ഗ്ലാസ്‌ ടേബിളിലേക്ക് വെച്ചു..അവൻ സഹികെട്ടു എണീറ്റു പോകുമെന്നാണ് അവൾ വിചാരിച്ചത്.. പക്ഷെ അതുണ്ടായില്ല.. അവൻ എഴുന്നേറ്റു പതിയെ അവളെ എണീപ്പിച്ചു ഇരുത്താൻ നോക്കി.. അവൾ കൂട്ടാക്കിയില്ല..

അവൻ തൊടുമ്പോൾ തന്നെ മറ്റേ കൈ കൊണ്ടു അവന്റെ കൈ തട്ടാനും മുഖം തിരിച്ചു കളയാനുമൊക്കെ തുടങ്ങി.. " കോപ്പേ.. അടങ്ങടീ.. ഇല്ലെങ്കിൽ ആ കയ്യിലും കൂടി പ്ലാസ്റ്റർ വീഴും.. അത് വേണ്ടങ്കിൽ കൈ അടക്കി വെക്ക്.. " അവൻ ഒച്ച വെച്ചു.. ദേഷ്യം കൂടി പറഞ്ഞത് പോലെ ചെയ്തു കളയുമോന്നുള്ള പേടി കാരണം അവൾ അടങ്ങി.. പിന്നെ പിടക്കാൻ ഒന്നും നോക്കിയില്ല.. അവന്റെ കയ്യിൽ താങ്ങി പതിയെ എണീറ്റു ഇരുന്നു.. അവൻ തലയിണ എടുത്തു ഉയർത്തി വെച്ചു കൊടുത്തതും അവൾ പിന്നിലേക്ക് ചാരിയിരുന്നു.. ശേഷം വെള്ളം എടുത്തു അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു.. അവൾ എതിർക്കാൻ ഒന്നും നോക്കിയില്ല.. വേഗം കുടിച്ചു.. അല്പം കുടിച്ചതിന് ശേഷം മതിയെന്നു തലയാട്ടി കാണിച്ചു.. അവൻ ഗ്ലാസ്‌ സൈഡിലേക്ക് വെച്ചു.. എഴുന്നേറ്റു പോകാൻ തോന്നിയില്ല.. അവളെ നോക്കി അവിടെ തന്നെ ഇരുന്നു.. ആ നോട്ടവും ഇരുത്തവുമൊന്നും അവൾക്ക് ഇഷ്ടപ്പെട്ടില്ല.. എന്നാൽ എഴുന്നേറ്റു പോന്നു പറഞ്ഞു ദേഷ്യപെടാനും തോന്നിയില്ല.. അവനെ നോക്കാതെ വേറെ എങ്ങോട്ടൊക്കെയോ നോക്കി കൊണ്ടിരുന്നു..

ഇനി അവളായിട്ടൊന്നും സംസാരിക്കില്ലന്നു അവളുടെ ആ ഇരുപ്പ് കണ്ടപ്പോഴേ അവനു മനസ്സിലായി.. അതുകൊണ്ട് ദേഷ്യമൊക്കെ മാറ്റി ശാന്തമായി അവൻ കോളേജിലെ എന്തൊക്കെയോ കാര്യങ്ങൾ ചോദിക്കാനും പറയാനും തുടങ്ങി..അതുകണ്ടു അവളും ശാന്തമായി... അവൻ ചോദിക്കുന്നതിന് മറുപടി നൽകിക്കോണ്ടും അവനോട് ഓരോന്നു ചോദിച്ചു കൊണ്ടും ഇരുന്നു.. 🍂🍂🍂🍂🍂🍂 നുസ്രയും കൂടി പോയിരുന്നു കാന്റീനിലേക്ക്.. ഫുഡ്‌ എന്ന് കേട്ടാൽ പിന്നെ അവൾക്ക് ഒരിടത്തു ഇരിപ്പുറക്കില്ല.. അതാണ് മുന്നയും സനുവും പോകുമ്പോൾ അവരുടെ പിന്നാലെ കൂടിയത്.. മുന്ന രണ്ടു പേർക്കും ഇഷ്ടമുള്ള ഫുഡ്‌ തന്നെ വാങ്ങിച്ചു കൊടുത്തു.. ലൈലയ്ക്ക് ഉള്ളത് പാർസൽ ചെയ്തു എടുത്തു.. ആ ചുരുങ്ങിയ സമയം കൊണ്ടു തന്നെ നുസ്ര സനുവിനോട് നല്ലോണം കൂട്ടായി.. സനുവും അങ്ങനെ തന്നെ.. ലൈലയോട് പെരുമാറുന്നത് പോലെത്തന്നെയാണ്‌ അവൻ നുസ്രയോട് പെരുമാറിയത്.. ലൈല തരുന്ന അതേ സ്നേഹം അവളും തരുന്നത് പോലെ തോന്നി അവന്.. മുന്ന റൂമിലേക്ക്‌ കയറിയില്ല..

ഫുഡ്‌ നുസ്രയുടെ കയ്യിൽ കൊടുത്തു.. ശേഷം പുറത്ത് ഇട്ടിരിക്കുന്ന ചെയറിലേക്ക് ഇരുന്നു.. എബിയും ഉണ്ടായിരുന്നു അവിടെ.. മുന്നയെ കണ്ടതും എബി മുന്നയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.. മുന്ന അവനെ നോക്കി ഒന്ന് ചിരിച്ചു.. എബിക്ക് അതുമതിയായിരുന്നു.. പിന്നെ തുടങ്ങി കണ്ടമാനം വായിട്ടലച്ചു മുന്നയെ വെറുപ്പിക്കാൻ.. മുന്നയും വിട്ടു കൊടുത്തില്ല.. കിട്ടുന്ന ഗ്യാപ്പിലൊക്കെ കയറി എബിക്കിട്ടു നല്ലോണം താങ്ങാനും കാലേ വാരി നിലത്തടിക്കാനും ആക്കി ചിരിക്കാനുമൊക്കെ തുടങ്ങി.. " ഞാൻ വിചാരിച്ചു നീ പക്കാ ഡീസന്റ് ആണെന്ന്.. ഇതിപ്പോ എന്നേക്കാൾ കഷ്ടം ആണല്ലോടെ.. " മുന്നയുടെ ചിരിയും സംസാരവുമൊക്കെ കണ്ടും കേട്ടും എബി തൊള്ളയും തുറന്നു താടിക്ക് കൈ വെച്ചു പോയി.. മുന്ന അവനെ നോക്കി ചുമ്മാന്നും പറഞ്ഞു ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു.. എബി അപ്പൊത്തന്നെ ഒന്നൂടെ അവന്റെ അടുത്തേക്ക് നീങ്ങി അവന്റെ തോളിൽ കയ്യിട്ടിരുന്നു. 💜💜💜💜 " ഇതുവരെ കഴിഞ്ഞില്ലേ നിങ്ങളുടെത്... മതി ബ്രോ.. ഞങ്ങളു വന്നു.. "

പോകുമ്പോൾ ഉണ്ടായത് പോലെ തന്നെ താജ് ഇപ്പോഴും അവളുടെ അടുത്ത് ഉള്ളത് കണ്ടു സനു കയറിയപ്പാടെ രണ്ടിനെയും നോക്കി ഒന്നാക്കി.. അവളു കണ്ണും ഉരുട്ടിക്കൊണ്ട് സനുവിനെ നോക്കി എന്തോ പറയാൻ ഒരുങ്ങിയതും അവന്റെ ഒന്നിച്ച് നുസ്രയെ കണ്ടു.. അവളുടെ മുഖത്ത് സന്തോഷം അലയടിച്ചു.. സനുവിനെ വിട്ടു നുസ്രയെ നോക്കി പുഞ്ചിരിച്ചു.. നുസ്രയെ അവൾക്ക് ഒരുപാട് ഇഷ്ടമാണ്.. ഫ്രണ്ട്‌നേക്കാൾ ഉപരി ചില നേരത്തു ഒരു സഹോദരി ആണെന്ന് തോന്നാറുണ്ട്.. വേറൊന്നും കൊണ്ടല്ല.. ഉപദേശത്തിന്റെ കാര്യത്തിലാണ്.. നേരത്തെ മുന്നയെ കണ്ടപ്പോഴെ നുസ്രയെ ചോദിച്ചിരുന്നു.. പുറത്ത് ഉണ്ടെന്ന് പറഞ്ഞത് അല്ലാതെ ഇതുവരെ അകത്തേക്ക് വന്നിട്ടില്ലായിരുന്നു.. നുസ്ര അവളുടെ അടുത്തേക്ക് വന്നു..നുസ്ര അടുത്തുണ്ടല്ലോന്നു കരുതി താജ് എണീറ്റു പുറത്തേക്ക് പോയി.. പോകുന്ന പോക്കിൽ അവളെ ഒന്നൂടെ നോക്കാൻ മറന്നില്ല അവൻ.. അപ്പൊത്തന്നെ അവളും ഒന്ന് നോക്കിയിരുന്നു..പരസ്പരം കണ്ണുകൾ ഇടയുന്നതിന് മുന്നേ അവൻ പുറത്തേക്ക് കടക്കുകയും അവൾ നോട്ടം പിൻവലിക്കുകയും ചെയ്തിരുന്നു..

നുസ്ര അവളുടെ അടുത്ത് ഇരുന്നു.. അവളുടെ കിടപ്പ് കണ്ടു നുസ്രയ്ക്ക് വേദന തോന്നി.. നല്ലോണം വേദന ഉണ്ടോടിന്നൊക്കെ ചോദിച്ചു അവളുടെ കയ്യിലും നെറ്റിയിലുമൊക്കെ തൊട്ടും തലോടിയും ആശ്വാസം നൽകി കൊണ്ടിരുന്നു.. " ലൈലൂ.. ഫുഡ്‌ ഉണ്ട്.. ചൂടാറുന്നതിന് മുന്നേ എടുത്തു കഴിക്ക്.. ഞാൻ പുറത്ത് കാണും.. താജുo മുന്നയും എബിയുമൊക്കെ അവിടെയാ.. ഞാൻ അവരുടെ ഒന്നിച്ച് ഇരുന്നോളാം.. ഇവിടെ ബോർ അടിക്കുന്നു.. ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.. " സനു അവളുടെ കവിളിലൊരു മുത്തം കൊടുത്തു പുറത്തേക്ക് പോയി.. നുസ്ര അവൾക്ക് ഫുഡ്‌ എടുത്തു കൊടുത്തു.. വലത്തേ കയ്യിലാണ് പ്ലാസ്റ്റർ.. അവൾ പ്രയാസത്തോടെ ഫുഡിലേക്ക് നോക്കിയിരുന്നു..അത് കണ്ട് നുസ്ര ഫുഡ്‌ വാങ്ങിച്ചു അവൾക്ക് വാരി കൊടുക്കാൻ തുടങ്ങി..അവൾ മടി കാണിച്ചു എങ്കിലും നുസ്ര നിർബന്ധിച്ചപ്പോൾ സന്തോഷത്തോടെ വാ തുറക്കുകയും വേഗം വേഗം വാങ്ങി കഴിക്കുകയും ചെയ്തു.. കയ്യും കഴുകി അവളുടെ വായയും കഴികിച്ചു നുസ്ര അവളുടെ അടുത്ത് ഇരുന്നു സംസാരിക്കാൻ തുടങ്ങി..

കുറെ കഴിഞ്ഞതും അവൾക്ക് ക്ഷീണം അനുഭവപെടുന്നത് പോലെ തോന്നി.. കിടക്കണമെന്ന് പറഞ്ഞു. നുസ്ര പതിയെ അവളെ പിടിച്ചു തലയിണ താഴ്ത്തി വെച്ചു അവളെ കിടത്തിച്ചു.. കിടന്നോന്നും പറഞ്ഞു അവളുടെ കവിളിൽ ഒന്ന് തട്ടി പുഞ്ചിരിച്ചു കാണിച്ചു നുസ്ര അവളുടെ സൈഡിൽ തന്നെ ഇരുന്നു.. 💚💚💚 മയക്കം കഴിഞ്ഞു നോക്കുമ്പോൾ അടുത്ത് ആരെയും കണ്ടില്ല.. അവൾ സനുവിനെ വിളിച്ചു.. സനു അപ്പൊത്തന്നെ എന്താ ലൈലൂന്നും ചോദിച്ചോണ്ട് അവളുടെ അടുത്തേക്ക് വന്നു. " നീ പോയി മുന്നയോട് ഫോൺ വാങ്ങിച്ചിട്ട് വാ.. അങ്കിൾനു വിളിക്കാനാ.. വരണ്ടാന്നു പറയാം..ഇപ്പൊ ഇവിടെ അവരൊക്കെ ഉണ്ടല്ലോ.. ഒരു ടാക്സി വിളിച്ചു തരാൻ പറയാം.. അങ്കിൾനെ ബുദ്ധിമുട്ടിക്കണ്ടാ.. തിരക്കിലായിരിക്കും.. നീ ചെന്നു ഫോൺ വാങ്ങിയിട്ട് വാ.. ഞാനൊന്നു വിളിച്ചു നോക്കട്ടെ.. " "ഇപ്പൊ കൊണ്ടു വരാം.. " സനു പുറത്തേക്ക് പോയി.. അപ്പൊത്തന്നെ വരുകയും ചെയ്തു.. അവൾക്ക് നേരെ ഫോൺ നീട്ടി.. അവൾ വാങ്ങിച്ചില്ലാ.. നെറ്റി ചുളിച്ചു അതിലേക്കു നോക്കി..

"ഇതാരുടെ ഫോണാ.. മുന്നയുടെ അല്ലല്ലോ.." "അല്ല.. ഇത് താജ്ന്റെയാ.. മുന്ന ഭയങ്കര ബിസി.. എബിയോടും നുസ്രയോടും കത്തി വെക്കുവാ.. ഞാനെങ്ങും ഡിസ്റ്റർബ് ചെയ്തില്ല.. " അവൻ പറഞ്ഞു.. അടവ് ആണെന്ന് അവൾക്ക് മനസ്സിലായി.. ഒന്നും പറഞ്ഞില്ല.. പറഞ്ഞിട്ട് കാര്യമില്ല.. സ്വന്തം അനിയൻ ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.. കൊണം അവന്റെയാ.. അവന്റെ ബാക്കി ആണെന്നെ പറയൂ.. മുഖം ചുളിച്ചു ഫോൺ വാങ്ങിച്ചു.. " പിശാശ്ശെ.. ഇതിങ്ങനെ കിട്ടിയിട്ട് എനിക്ക് എന്തിനാ.. ലോക്കാണ് ഫോൺ.. പോയി ലോക്ക് ചോദിച്ചിട്ട് വാടാ.. " " ഹൂ..ലൈലൂ...എനിക്ക് മടുത്തു.. അങ്ങോട്ട്‌ പോകണം.. ഇങ്ങോട്ട് വരണം.. കാല് വേദനിക്കുന്നു.. ഇക്കണക്കിനു പോയാൽ നിന്നെ ഡിസ്ചാർജ് ചെയ്യുമ്പോഴേക്കും എന്നെ ഇവിടെ കിടത്തേണ്ടി വരും.." അവൻ ചിണുങ്ങിക്കൊണ്ട് പുറത്തേക്ക് പോയി.. വരുമ്പോൾ താജ്നെയും കൂട്ടി വന്നു.. സനു സൈഡിൽ ഇട്ടിരിക്കുന്ന കസേരയിലേക്ക് ഇരുന്നു.. താജ് അവളുടെ അടുത്തേക്ക് ചെന്നു ഫോൺ വാങ്ങിച്ചു ലോക്ക് എടുത്തു അവൾക്ക് തന്നെ കൊടുത്തു..

അവൾ അങ്കിളിന് വിളിച്ചു കാര്യം പറഞ്ഞു.. അയാൾ സമ്മതിച്ചില്ല.. വരാമെന്നു തന്നെ പറഞ്ഞു.. പക്ഷെ അവൾ വിലക്കി കൊണ്ടിരുന്നു.. ഒടുക്കം അവളുടെ നിർബന്ധം സഹിക്ക വയ്യാതെ ശെരി.. മോൾടെ സൗകര്യം പോലെ ചെയ് എന്ന് പറഞ്ഞു.. അവൾ കാൾ കട്ട്‌ ചെയ്തു ഫോൺ തിരികെ കൊടുത്തു.. അതപ്പോ തന്നെ സനു വന്നു വാങ്ങിച്ചു ഗെയിമും ഡൗൺലോഡ് ചെയ്തു ഇരുന്നു കളിക്കാൻ തുടങ്ങി. " എന്ത് പറഞ്ഞു അങ്കിൾ..? " "സൗകര്യം പോലെ ചെയ്തോളാൻ പറഞ്ഞു.. ടാക്സി വിളിച്ചു തന്നാൽ മതി.. ഞങ്ങളു പൊക്കോളാം.. " " എന്തിനാ ടാക്സി.. ഞാൻ കൊണ്ടു വിടാം.. വയ്യാതെ എങ്ങനെയാ നീ.. ഇവന് പറ്റുമോ നിന്നെ താങ്ങാനും പിടിക്കാനുമൊക്കെ.. ആ വണ്ടി പറ്റില്ലെങ്കിൽ ഞാൻ ചെന്നു കാർ എടുത്തിട്ടു വരാം.. " " അതൊന്നും വേണ്ടാ.. ഞങ്ങളു തന്നെ പൊക്കോളാം.. നീ വരണ്ട.. ആരും വരണ്ട.. ഒരു നൂറ് ചോദ്യം വരും നിങ്ങളെ കണ്ടാൽ.. വെറുതെ ഒരു പ്രശ്നം ഉണ്ടാകാമെന്നെയുള്ളൂ..കുഴപ്പമൊന്നുമില്ല.. വല്യ വേദന ഒന്നുമില്ല ഇപ്പോൾ..

കുറവുണ്ട്.. പിന്നെ ഒരുദിവസത്തെ കാര്യമൊന്നുമല്ലല്ലോ.. ഇന്ന് നിങ്ങളൊക്കെ ഉണ്ട്.. നാളെ മുതൽ സനു തന്നെയല്ലേ ചെയ്യേണ്ടത്.. ഇവൻ മാത്രമല്ലെ ഉള്ളു എന്റൊപ്പം എന്നെ പിടിക്കാനും താങ്ങാനുമൊക്കെ.. " "അല്ല.. ഞാനുണ്ട്.. എന്റെ കൈകൾ ഉണ്ട്.. എന്റെ ശ്വാസം നിലക്കുന്നത് വരെ തളരുന്ന നിനക്ക് താങ്ങ് ആവാൻ ഞാനുണ്ട്.. എപ്പോഴും ഓർമ വേണം നിനക്കത്. അതിനി നീ അംഗീകരിച്ചാലും ഇല്ലങ്കിലും.. " അവൻ പെട്ടെന്ന് പറഞ്ഞു.. അവൾക്ക് ഒന്നും പറയാൻ കിട്ടിയില്ല.. അവന്റെ മുഖത്തേക്ക് നോക്കാതെ ഇരുന്നു.. അവൻ അവളുടെ കയ്യിൽ കൈ വെച്ചു.. അവൾ തരിപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി.. " ദേഷ്യം കൊണ്ടാണ് ഞാൻ കൊണ്ടു വിടണ്ട എന്ന് പറയുന്നത് എങ്കിൽ അതുവേണ്ട.. കുറച്ച് നേരത്തേക്ക് മാറ്റി വെക്ക് ദേഷ്യവും വാശിയുമൊക്കെ.. കണ്ട ടാക്സിയിലൊക്കെ പോകുന്നതിനേക്കാൾ നല്ലതല്ലേ ഞാൻ കൊണ്ടു വിടുന്നത്.. " " ദേഷ്യം ഉണ്ടായിട്ടല്ല.. വേണ്ടാത്തോണ്ടാ.. എന്റെ വീട്ടിലുള്ളവരെ കുറിച്ച് നിനക്ക് അറിയില്ല.. വെറുതെ ഓരോന്നിനു വരും.. നീ അടങ്ങി നിക്കില്ല.. നിന്നെ നന്നായി അറിയുന്നത് കൊണ്ടാ വരണ്ടാന്നു പറയുന്നത്.. പ്രശ്നം ഉണ്ടാകേണ്ടന്നു കരുതിയാ.. അല്ലാണ്ട് നിന്നോട് ദേഷ്യം ഉണ്ടായിട്ട് ഒന്നുമല്ല.. ഇപ്പോ ഒന്നും കാണാനും കേൾക്കാനും വയ്യ.. അല്പം സമാധാനം വേണം.. " അവൾ പറഞ്ഞു.

പിന്നെ അവൻ ഒന്നും പറഞ്ഞില്ല. അവളുടെ വീട്ടിലെ അവസ്ഥയെ കുറിച്ച് മനസ്സിലാക്കാൻ തുടങ്ങിയിരുന്നു അവൻ.. അവളുടെ ഉള്ള സ്വസ്ഥത കൂടി കളയണ്ടന്നു കരുതി.. അവൾ സനുവിനെ നോക്കി..ഈ ലോകത്ത് ഒന്നുമല്ല. തല കുത്തി മറിഞ്ഞുള്ള കളിയാണ്.. " സനു.. " അവൾ വിളിച്ചു.. അവൻ നോക്കിയില്ല.. മുഴുവൻ ശ്രദ്ധയും ഗെയിമിൽ ആയിരുന്നു.. അതുകണ്ടു താജ് അവളെ നോക്കി എന്താന്നു ചോദിച്ചു.. അവൾ ഒന്നും ഇല്ലെന്ന് തലയാട്ടി.. " ടാ.. സനു.. " അവൾ വീണ്ടും വിളിച്ചു.. "എന്താ ലൈലൂ ഇത്.. ഞാൻ ഗെയിം കളിക്കുന്നത് കാണുന്നില്ലേ.. ഇങ്ങനെ വിളിച്ചു ഡിസ്റ്റർബ് ചെയ്യല്ലേ.. " സനു ഫോണിൽ നിന്നും ശ്രദ്ധ മാറ്റാതെ പറഞ്ഞു.. "ഇങ്ങ് വന്നേ നീ.. എനിക്ക്.. എനിക്കൊന്നു ബാത്റൂമിൽ പോകണം.. " താജ് അടുത്തുള്ളതു കൊണ്ടു അവൾ മടിച്ചു മടിച്ചു പറഞ്ഞു.. അത് കേട്ടു താജ്ന് ചിരി വന്നു.. അവളുടെ മുഖം കാണുമ്പോഴെ തോന്നിയിരുന്നു കാര്യം ഇതാണെന്ന്.. എന്നാലും ചിരിച്ചില്ല.. സനുവിനെ നോക്കി.. " ടാ.. വിളിക്കുന്നത് കേട്ടൂടെ നിനക്ക്.." അവനു അനക്കമൊന്നും ഇല്ലാത്തത് കണ്ടു താജുo വിളിച്ചു അവനെ.. " അവൾക്കോ വിവരമില്ല..

നിങ്ങളും കൂടെ ഇങ്ങനെ ആയാലോ ബ്രോ.. ഞാൻ കളിക്കുന്നത് കണ്ടൂടെ.. വിൻ ചെയ്യാൻ ഇനി നിമിഷങ്ങൾ മാത്രം.. എന്നെ തോല്പിക്കാൻ ശ്രമിക്കരുത്.." അവൻ പറഞ്ഞത് കേട്ടു അവളുടെ മാത്രല്ല.. താജിന്റെ കൂടെ അന്തം പോയി.. " ബെസ്റ്റ് അനിയൻ.. " താജ് ഇരുന്നു ചിരിക്കാൻ തുടങ്ങി..അതുകണ്ടു അവൾക്ക് ദേഷ്യം വരാനും.. "എടാ.. പിശാശ്ശെ.. മര്യാദക്ക് എണീറ്റു വരുന്നതാ നിനക്ക് നല്ലത്.. ഇല്ലെങ്കിൽ ഉണ്ടല്ലോ..? " "ഇല്ലങ്കിൽ എന്താ.. നീയെന്നെ ഒരു ചുക്കും ചെയ്യില്ല.. കയ്യും കാലും ഒടിഞ്ഞു തൂങ്ങി കിടക്കുകയാണെന്ന കാര്യം മോള് ഇത്ര വേഗം മറന്നോ.. എണീക്കാൻ പര സഹായം വേണം.. എന്നിട്ടാണ് എന്നെ പേടിപ്പിക്കുന്നത്.. ഞാനൊന്നും പേടിക്കില്ല മോളെ നിന്നെ.. എനിക്കൊന്നും വയ്യ നിന്നെ താങ്ങാനും തൂക്കാനുമൊന്നും..കാണുമ്പോൾ മുരിങ്ങക്കോലു പോലെ ആണെങ്കിലും നിനക്ക് അമ്മിക്കല്ലിന്റെ ഭാരമാ... " സനു പറഞ്ഞു. എടാ നീയും കൂടെ എന്ന ഭാവത്തോടെ അവൾ ദയനീയമായി സനുവിനെ നോക്കി.. താജിന്റെ ചിരി ഒന്നൂടെ കൂടി എങ്കിലും അവളുടെ അവസ്ഥ കണ്ടു എന്തോ പോലെയായി.. "എടാ.. ഒന്ന് ഹെല്പെടാ.. നിന്റെ ലൈലൂ അല്ലേ.. " അവൻ സനുവിനോട് പറഞ്ഞു.. " എന്റെ മാത്രം അല്ലല്ലോ.. നിങ്ങളുടെതു കൂടിയല്ലേ..

എനിക്കൊന്നും വയ്യ അവളെ മുള്ളിക്കാൻ കൊണ്ടു പോകാൻ.. വെയ്റ്റ് താങ്ങില്ലാ.. അതുതന്നെ കാര്യം.. നിങ്ങടെ പെണ്ണല്ലേ.. നിങ്ങള് തന്നെ അങ്ങ് കൊണ്ടു പോയാൽ മതി.. വേദനിപ്പിക്കുക മാത്രം അല്ല.. ഉപകാരം കൂടി ചെയ്യാം കാമുകൻമാർക്ക്.. ചെല്ല്.. ഈ ഇരുമ്പ് ഒലക്ക പോലത്തെ ബോഡി ഒന്ന് അനങ്ങട്ടേന്ന്.. നിങ്ങൾക്കെ പറ്റു അവളെ താങ്ങാൻ.. വേഗം നോക്ക്.. ഇല്ലങ്കിൽ അവൾ ഇവിടെ തന്നെ കാര്യം സാധിക്കും.. ചെല്ല്.. ചെല്ല്.. " അവളോ അവനോ എന്തെങ്കിലുമൊന്നു പറയുന്നതിന് മുന്നേ സനു ഫോണും എടുത്തോണ്ട് പുറത്തേക്ക് പോയി.. പുറത്ത് കസേരയിൽ ചെന്നിരുന്നു വായും പൊത്തി പിടിച്ചു ചിരിക്കാൻ തുടങ്ങി.. നുസ്രയും മുന്നയും എബിയുമൊക്കെ ഒരുപോലെ എന്താടാന്നും ചോദിച്ചോണ്ട് അവനെ നോക്കിയതും അവൻ ഒന്നുല്ലന്നും പറഞ്ഞു ഒന്ന് ഇളിച്ചു കാണിച്ചു ഡീസന്റ് ആയി ഫോണും നോക്കിയിരുന്നു.. ❤❤❤ "എന്ത് ചെയ്യണം.. പിടിക്കണോ വേണ്ടയോ..? " സനു പോയതും അവൻ ചോദിച്ചു.. അവൾക്ക് അർജന്റ്റാണെന്ന് അവളുടെ മുഖം കാണുമ്പോഴെ അവനു മനസ്സിലായിരുന്നു..

സഹായിക്കാൻ പറയാം..അത്രക്കും അർജന്റ്റായിപ്പോയി..വെയിറ്റ് ഇട്ടു നിന്നാൽ സനു പറഞ്ഞത് പോലെ ഇവിടെ തന്നെ സാധിച്ചു പോയെന്ന് വരും.. എന്നൊക്കെ വിചാരിച്ചു കൊണ്ടു അവളൊരു ചമ്മലോടെ അവന്റെ മുഖത്തേക്ക് നോക്കി.. " വേഗം പറാ.. എന്തുവേണം.. പിടിക്കണോ.. " അവൻ വീണ്ടും ചോദിച്ചു.. അവളു വേണമെന്നുള്ള അർത്ഥത്തിൽ തലയാട്ടി.. അവൻ പിന്നൊന്നും ചോദിച്ചില്ല.. പതുക്കെ അവളെ പിടിച്ചു എണീപ്പിച്ചു നിർത്തി താങ്ങി നടത്തിച്ചു കൊണ്ടു ബാത്റൂമിന്റെ ഭാഗത്തേക്ക്‌ കൊണ്ടു പോയി.. ഡോർ തുറന്നു അകത്തേക്ക് കയറ്റി പതിയെ പിടി വിട്ടു പുറത്തേക്ക് ഇറങ്ങി നിന്നതും അവൾ കാൽ നിലത്തൂന്നാൻ പറ്റാതെ പിന്നിലേക്ക് ഒന്ന് വഴുതി.. എവിടേലും ഇടിക്കുന്നതിന് മുന്നേ അവന്റെ കൈകൾ അവളെ താങ്ങി നിർത്തിയിരുന്നു.. അവൾക്ക് കാലിൽ നല്ല വേദന അനുഭവപ്പെട്ടു.. വല്ലാത്തൊരു അസ്വസ്ഥതയോടെ അവന്റെ മുഖത്തേക്ക് നോക്കി.. " കുഴപ്പമൊന്നുമില്ലല്ലോ.. " ആ നോട്ടം കണ്ടു അവൻ അവളുടെ കവിളിൽ തട്ടിക്കൊണ്ട് ചോദിച്ചു.. അവൾ ഇല്ലെന്ന് തലയാട്ടി.. " ഞാൻ നുസ്രയെ വിളിക്കാം.. " അവൻ പറഞ്ഞു.. " വേണ്ടാ.. ഞാൻ പൊക്കോളാം.. " " എന്നാൽ ഞാൻ വരാം.. " അവനൊരു ചിരിയാലെ പറഞ്ഞു.. " പോടാ പട്ടി.. "

അവൾ ഒടിഞ്ഞ കൈ വെച്ചു കൊണ്ടു തന്നെ അവനെ ഉന്തി നീക്കിക്കൊണ്ട് തുറിച്ചു നോക്കി.. " ടീ.. ഞാൻ മാത്രല്ല.. നീയും കൂടിയാ വീഴുക.. കാരണം എന്റെ ബലത്തിലാ നീ നിന്നിട്ട് ഉള്ളത്.. " " എന്നുകരുതി അധികം നാവ് ചിലവാക്കാൻ വരല്ലേ.. നീയിവിടെ നിക്ക്.. ഞാനിപ്പോ വരാം.. " എന്ന് പറഞ്ഞോണ്ട് അവൾ പതിയെ കാൽ നിലത്തൂന്നി ഇത്തിരി പ്രയാസത്തോടെ അകത്തേക്ക് കേറി നിന്ന് ഡോർ അടച്ചു.. " പതുക്കെ.. " അവൾ ഡോർ തുറന്നു കാല് പുറത്തേക്ക് വെക്കുമ്പോൾ അവൻ പറഞ്ഞു.. ശേഷം നേരത്തെത്തെ പോലെ താങ്ങി പിടിച്ചു ബെഡിലേക്ക് കൊണ്ടു പോയി ഇരുത്തി. " ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം.. ഡിസ്ചാർജ്ന് എഴുതിയിട്ടുണ്ടല്ലോ..വേഗം നോക്കാം.. ലേറ്റ് ആക്കണ്ട.. നിന്നെ ഇവിടെ കിടന്നു കാണുമ്പോൾ ഒരു വീർപ്പു മുട്ടൽ.. " എന്ന് പറഞ്ഞു അവൻ പോകാൻ നോക്കി.. " അമൻ... " അവൾ പിന്നിന്ന് വിളിച്ചു.. അവൻ എന്തെന്ന ഭാവത്തിൽ വേഗം തിരിഞ്ഞു നോക്കി.. "ഫ്രണ്ട്‌സ്.. " അവൾ അവനു നേരെ കൈ നീട്ടി.. അവനൊരു നിമിഷം അവളുടെ മുഖത്തേക്കും കയ്യിലേക്കും നോക്കി നിന്നു.. " ഫ്രണ്ട്‌സ്.. " അവൾ കൈ ഒന്നൂടെ നീട്ടി പിടിച്ചു പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.. അവന്റെ മറുപടി എന്തെന്ന ഭാവത്തോടെ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story