ഏഴാം ബഹർ: ഭാഗം 36

ezhambahar

രചന: SHAMSEENA FIROZ

"എബി.. എനിക്ക്.. എനിക്കൊരു കാര്യം പറയാനുണ്ട്.. " "എന്തിനാ നുസ്ര ഒരു മുഖവുര.. എന്താണേലും പറാ.. " എന്നും പറഞ്ഞു എബി അവളുടെ മുഖത്തേക്ക് തന്നെ നോക്കി.. അവളൊന്നു ശ്വാസം എടുത്തു വിട്ടു. രണ്ടും കല്പിച്ചു പറയാൻ ഒരുങ്ങിയതും ഒരു മിസ്സ്‌ വരുന്നത് കണ്ടു. എബിയുടെ ക്ലാസ്സിലേക്ക് ആണ്. അവർ തങ്ങളെ രണ്ടു പേരെയും നോക്കുന്നത് അവൾ കണ്ടു.പിന്നെ അവൾക്ക് അവിടെ നിക്കാനോ മനസ്സിൽ ഉള്ളത് പറയാനോ ഒന്നും തോന്നിയില്ല. "മിസ്സ്‌ വരുന്നു..നിന്റെ ക്ലാസ്സിലേക്കാ.. പിന്നെ സംസാരിക്കാം.. " എന്നും പറഞ്ഞു അവൾ വേഗം അവിടെന്ന് പോയി.. അല്ലാതെ തന്നെ എബിക്ക് താജ്നെയും ലൈലയെയും ഓർത്തു സമാധാനം ഉണ്ടായിരുന്നില്ല. ഇപ്പൊ ഉള്ള സമാധാനം കൂടി പോയി കിട്ടി. നുസ്രക്ക് കാര്യമായി എന്തോ പറ്റിയിട്ട് ഉണ്ടെന്ന് എബിയുടെ മനസ്സ് പറഞ്ഞു.അത് എന്തായാലും അറിയണം. പിന്നെ ചോദിക്കാമെന്നു കരുതി അവൻ ക്ലാസ്സിലേക്ക് കയറി. ഉച്ച വരെ നുസ്രയുടെ ക്ലാസ്സിലേക്ക് പോകാൻ ഒന്ന് സമയം കിട്ടിയില്ല. ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു അവൻ അവളെ നോക്കി പോയി.

ക്ലാസ്സിൽ എവിടെയും കണ്ടില്ല.. ഒരു കുട്ടിയോട് നുസ്ര എവിടെന്ന് തിരക്കിയപ്പോൾ വീട്ടിൽ പോയെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ, വയ്യാ..എന്തോ ക്ഷീണം ആണെന്ന് പറഞ്ഞു.. അതൂടെ ആയപ്പോൾ എബി ഉറപ്പിച്ചു അവൾടെ മനസ്സിൽ കാര്യമായി എന്തോ ഉണ്ടെന്ന്.. വീട്ടിലേക്ക് എത്തി കുളിയും തീറ്റയുമൊക്കെ കഴിഞ്ഞു ബെഡിലേക്ക് മലർന്നപ്പോൾ ആദ്യം ഓർമ വന്നത് നുസ്രയെയാണ്. അപ്പൊത്തന്നെ ഫോൺ എടുത്തു വിളിച്ചു.. ആദ്യത്തെ ഒരു റൗണ്ട് ഫുൾ റിങ് ആയിട്ടും അവൾ ഫോൺ എടുത്തില്ല. അവൻ വീണ്ടും വിളിച്ചു. അന്നേരം അവൾ ഫോൺ എടുത്തു. "എന്താ പിശാശ്ശെ നിനക്ക്.. " അവൾ ഫോൺ എടുത്ത ഉടനെ അവൻ ചോദിച്ചു. "ഒന്നുല്ല..ഞാൻ ഉറക്കം ആയിരുന്നു. അതാ ഫോൺ റിങ് ചെയ്തത് അറിയാഞ്ഞെ.." "ഉറക്കമോ.. അതിന് മണി ഏഴു പോലും ആയില്ലല്ലോ... " "വെറുതെ കിടന്നതാ.. ഉറങ്ങിപ്പോയി.. " "പനി വന്നോ.. " അവൻ ചിരിച്ചു. "ഉവ്വ്.. വരുന്ന ലക്ഷണമാ.." "സത്യം പറാ.. എന്താ നിനക്ക്.. എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്.. " അവൻ ചോദിച്ചു.. അവൾ പറയാൻ ഉള്ളത് ഒന്നും പറഞ്ഞില്ല.. ഒന്നുമില്ലന്ന് മാത്രം പറഞ്ഞു. അവൻ വീണ്ടും ചോദിച്ചു. അപ്പോഴും അവള് ഒന്നുമില്ലന്ന് തന്നെ പറഞ്ഞു.

"പറയാൻ പറ്റില്ലെങ്കിൽ വേണ്ടാ. അത് വിട്..നീ ലൈലയെ വിളിച്ചില്ലേ..? " "ഇല്ല.. " "ഇല്ലേ.. അതെന്താ..? " "ഇപ്പൊ അവളുടെ അവസ്ഥ ശെരി അല്ലല്ലോ..ഒന്ന് ഓക്കേ ആവട്ടേന്ന് കരുതി.. " "പോത്തേ.. വിളിക്കാതെ നിന്നാൽ അവളെന്താ വിചാരിക്കുക.. നമുക്ക് ഒന്നും അവളെ വേണ്ടാ, ഓർമ ഇല്ലന്നൊക്കെ അല്ലേ.. നീ അവളെ ഒന്ന് വിളിച്ചു നോക്ക്.. അവസ്ഥയൊക്കെ ഒന്ന് ചോദിക്ക്.. അല്ലെങ്കിൽ വേണ്ടാ.. നിന്റെ തൊട്ടടുത്ത വീട്ടിൽ അല്ലേ അവള് ഇപ്പൊ..നീ നാളെ ചെന്നൊന്നു കാണ് അവളെ..ഇത്തിരി നേരം അവളുടെ ഒന്നിച്ച് ഇരിക്കേo സംസാരിക്കേമൊക്കെ ചെയ്..അവൾക്ക് സന്തോഷം ആവട്ടെ.. " അവൻ പറഞ്ഞു.. അവൾ ശെരിയെന്നും പറഞ്ഞു വേഗം ഫോൺ വെച്ചു. ഒഴിഞ്ഞു മാറിയതാണ്. ഇനി അവൻ ഒന്നും ചോദിക്കണ്ടന്ന് കരുതി.. എല്ലാം പറയണമെന്നു തന്നെയായിരുന്നു. അവനോട് പറഞ്ഞാൽ മനസ്സിന്റെ ഭാരം ഒഴിഞ്ഞു കിട്ടുന്നത് മാത്രമല്ല, അവൻ മുന്നയോട് സംസാരിച്ചു മുന്നയ്ക്ക് തന്നോടുള്ള ദേഷ്യത്തിൽ ഒരു കുറവ് വരുത്തിയേനെ. എന്നിട്ടും പറയാതെ നിന്നത് എബിയും താജുo തമ്മിലുള്ള റിലേഷൻ എത്രത്തോളം ഉണ്ടെന്ന് അറിയാവുന്നോണ്ടാ.. എബി താജ്നോട് ഒന്നും തന്നെ ഒളിച്ചു വെക്കാറില്ല.. ഇക്കാര്യം എബി താജ്നോട് പറഞ്ഞാലുള്ള അവസ്ഥ എന്തെന്ന് ഓർക്കാൻ കൂടി വയ്യാ.

അതിനേക്കാൾ ഏറെ ലൈല.എല്ലാം അറിഞ്ഞാൽ അവൾ പിന്നെ തന്നോട് ഒരിക്കലും മിണ്ടില്ല. ഫ്രണ്ട്‌ഷിപ്‌ തന്നെ ഇല്ലാതാവും..അവളെ വിളിക്കണമെന്നും ചെന്നു കാണണമെന്നുമൊക്കെയുണ്ട്. എന്നിട്ടും ഒന്നും ചെയ്യാത്തത് അവളുടെ സങ്കടം കാണാൻ വയ്യാഞ്ഞിട്ടാ. അതിന് കാരണം താൻ ആണല്ലോന്നുള്ള വേദന ഉള്ളത് കൊണ്ടാ.. എല്ലാം കൂടി ഓർത്തപ്പോ നുസ്രയ്ക്ക് ഒരു സമാധാനവും കിട്ടിയില്ല. ചെയ്ത തെറ്റിനെ ഓർത്തു കരഞ്ഞു കൊണ്ടു തന്നെ കിടന്നു. 🍁🍁🍁🍁🍁 ആ ദിവസവും എവിടെയും തൊടാതെ കടന്നു പോയി. താജ്മായുള്ള വിവാഹം കഴിഞ്ഞതിനേക്കാൾ അവൾക്ക് വിഷമം സനുവിനെ പിരിഞ്ഞതിൽ ആയിരുന്നു. അവൻ ഇല്ലാതെ പറ്റുന്നതേ ഉണ്ടായിരുന്നില്ല അവൾക്ക്.അവന്റെ കളിയും ചിരിയും അടിപിടിയും ലൈലൂന്നുള്ള വിളിയുമൊക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു.ഓർത്തു ഓർത്തു സങ്കടം കൂടുമ്പോൾ ഒന്ന് വിളിച്ചു നോക്കാമെന്നു കരുതി നമ്പർ ഡയൽ ചെയ്യും.എടുക്കുന്നത് ആ സ്ത്രീ ആണെങ്കിലോന്ന് കരുതി അപ്പൊത്തന്നെ ബാക്ക് അടിക്കും.ആ ഗർജനം കേൾക്കുമ്പോൾ തന്നെ ഭ്രാന്ത്‌ പിടിക്കുന്നു.. പക്ഷെ ഇനിയും സനുവിന്റെ ശബ്ദം കേൾക്കാതെ നിന്നാൽ നെഞ്ച് പൊട്ടി പോകുമെന്ന് തോന്നി അവൾക്ക്.രണ്ടും കല്പിച്ചു വിളിച്ചു.

എടുത്തത് ആ സ്ത്രീ തന്നെ ആയിരുന്നു. അവളുടെ ഹെലോന്നുള്ള ശബ്ദം കേട്ടതും അവർ തുടങ്ങി അവളെ വിറപ്പിക്കാൻ.അവൾ ദേഷ്യത്തോടെ അലറി വിളിച്ചു കൊണ്ടു ഫോൺ നിലത്തേക്ക് എറിഞ്ഞു. അത് ചെന്നു വീണത് റൂമിലേക്ക് കയറി വരുന്ന താജ്ന്റെ മുന്നിലേക്ക് ആണ്.. നാലു ഭാഗത്തേക്ക്‌ തെറിച്ചിട്ടുണ്ട്. അവൻ ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. അതെല്ലാം പെറുക്കി എടുത്തു സെറ്റ് ചെയ്തു.. പക്ഷെ ഒന്നും കാണുന്നില്ല. ഫ്രന്റ്‌ ഭാഗം ആകെ പൊടിഞ്ഞിട്ടുണ്ട്. അവൻ താഴേക്ക് ഇറങ്ങി. സോഫയിൽ ഇരിക്കുന്ന തന്റെ ഫോൺ റിങ് ചെയ്യുന്നത് കണ്ടു. എബിയാണ്. ഇന്നലെ രാവിലെ തൊട്ടു തുരു തുരെ വിളിക്കുകയും മെസ്സേജ് അയക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.പക്ഷെ ഒരു കാൾ പോലും അറ്റൻഡ് ചെയ്തില്ല. കട്ട്‌ ചെയ്യുകയും മെസ്സേജ് ഒക്കെ അൺ റീഡ് ചെയ്തു വെക്കുകയും ചെയ്തു. ഇപ്പോ അങ്ങനൊന്നും ചെയ്യാൻ തോന്നിയില്ല.. കാൾ അറ്റൻഡ് ചെയ്തു സോഫയിലേക്ക് ഇരുന്നു. "കെട്ട്യോളെയും കെട്ടിപ്പിടിച്ചു അവിടെ തന്നെ ഇരുന്നോ..ഒന്നും അറിയണ്ടല്ലോ നിനക്ക്. ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലോ.. " അവൻ ഫോൺ എടുത്തതും എബി കലിപ്പ് ആയി. അവൻ ഒന്നും മിണ്ടിയില്ല. കേട്ടിരുന്നു.

"ഇന്നലെ രാവിലെ തൊട്ടു വിളിക്കുന്നത് ആണല്ലോ ഞാൻ. എന്താടാ ഫോൺ എടുക്കാത്തെ.. അതൊക്കെ പോട്ടെ.. എന്താ കോളേജിലേക്ക് വരാത്തെ.. നിന്നെ മാത്രമല്ല. അവളെയും കാണുന്നില്ല. കെട്ടു കഴിഞ്ഞതോടെ രണ്ടും കോളേജുo പഠിത്തവും വേണ്ടെന്നു വെച്ചോ.. " "അവളുടെ കാര്യം എനിക്കറിയില്ല. ഞാൻ നാളെ തൊട്ടു വരും.. " "ഞാനൊന്നും പറയുന്നില്ല. നിന്റെ മൂഡ് ശെരി അല്ലെന്ന് നീ ഫോൺ എടുക്കാതെ നിക്കുമ്പോൾ തന്നെ തോന്നി.. എലെക്ഷൻ റിസൾട്ട്‌ വന്നു. അത് പറയാനാ വിളിച്ചേ.. നീയും മുന്നയും equal equal.. ഏതായാലും ഒരു സ്ഥാനത്തു രണ്ടാൾക്ക് ഇരിക്കാൻ പറ്റില്ലല്ലോ. അതോണ്ട് ക്ലാസ്സ്‌ representatives നെ മാത്രം വെച്ചു ഒരു എലെക്ഷൻ നടത്താൻ തീരുമാനിച്ചു.. സ്റ്റാഫ്‌സിന്റെ അഭിപ്രായമാ.പ്രിൻസി സമ്മതിച്ചു.. പക്ഷെ മുന്ന വേണ്ടാന്ന് പറഞ്ഞു.. ഇനിയൊരു എലെക്ഷന്റെ ആവശ്യം ഇല്ലെന്നും ഒരു കൗതുകത്തിനു വേണ്ടി മത്സരിച്ചതാണെന്നും പറഞ്ഞു.ഈ കഴിഞ്ഞ വർഷങ്ങളിലൊക്കെ ഉണ്ടായിരുന്നതു പോലെ നീ തന്നെ മതി ഈ വർഷവും എന്ന് പറഞ്ഞു.. സോ നിന്നെ തന്നെ ഡിസൈഡ് ചെയ്തു. ഇപ്പൊ എല്ലാരുടേം ചോദ്യം നീ എവിടെയെന്നാ.. എന്തായാലും നാളെ തൊട്ടു വാ.. ലൈലയെയും കൂട്ടിക്കോ.."

"ആ.. ശെരി.. " അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു. "എന്താടാ.. ഒരു നല്ല വാർത്ത കേട്ടിട്ടും സന്തോഷം ഇല്ലാത്തെ.. നീ ജയിച്ചില്ലേ.. നിന്റെ ആഗ്രഹം പോലെ ആ സ്ഥാനം നിനക്ക് തന്നെ കിട്ടിയില്ലേ.. " "ജയം..എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ. ആർക്ക് വേണം ആ സ്ഥാനം.. ഞാനാ സ്ഥാനം ആഗ്രഹിച്ചത് എനിക്ക് വേണമായിട്ടൊന്നുമല്ലാ.. അവളോട്‌ ഉള്ള വാശിയിലാ.. അവളുടെ മുന്നിൽ തോറ്റു പോകാതെ നിക്കാനാ.. പക്ഷെ ഇപ്പൊ ഞാൻ തോറ്റു പോയി. അവിടെ മാത്രം ജയിച്ചിട്ട് എന്തിനാ..ഇവിടെ അവളുടെ മുന്നിൽ ഞാൻ തോറ്റു പോയി.. എന്റെ ജീവിതത്തിൽ തന്നെ ഞാൻ പരാജയപ്പെട്ടു.. വേണ്ടായിരുന്നു.. ഒന്നും വേണ്ടായിരുന്നു. അവളെ കണ്ടു മുട്ടുക കൂടി വേണ്ടായിരുന്നു.. " അവൻ ദേഷ്യത്തോടെ പറഞ്ഞു. ആ ദേഷ്യം അവന്റെ ഉള്ളിലെ വേദന ആണെന്ന് എബിക്ക് മനസ്സിലായി. "അയ്യേ.. നീ എന്താടാ ഇങ്ങനെ.. ഞാൻ വിചാരിച്ചു നീ അവളെ വരച്ച വരയിൽ നിർത്തുമെന്ന്. ഇതിപ്പോ മൂന്നു ദിവസം തികയുന്നതിന് മുന്നേ നീ തോറ്റു തുന്നം പാടിയോ.. അവളുടെ മുന്നിൽ അടിയറവു പറഞ്ഞോ.. അയ്യേ.. അയ്യയ്യേ.. നാണക്കേട്.. ആണുങ്ങൾടെ വില കളയാൻ.. ഇപ്പോഴോ തളർന്നു പോയാൽ എങ്ങനെയാ.. ഇല്ല.. ഇല്ല.. പാടില്ല.. തളർന്നു പോകാൻ പാടില്ല.. ഉയർത്തെഴുന്നേൽക്കൂ.."

അവന്റെ മൂഡ് മാറിക്കോട്ടേന്ന് കരുതി എബി ഓരോന്നു പറഞ്ഞു ചിരിക്കാൻ തുടങ്ങി. "പട്ടി.. നിനക്ക് ചിരി.. ഇവിടെ അവളുടെ അവസ്ഥ കണ്ടിട്ട് എനിക്ക് ആകെ ഭ്രാന്ത് വരുന്നു. ഊണില്ലാ. ഉറക്കമില്ല. ആരോടും സംസാരമില്ല. ഒരേ ഇരുപ്പും കരച്ചിലും മാത്രം. പിന്നെ കണ്ടിൽ കണ്ടതൊക്കെ എടുത്തെറിയുന്നു. അതാ എന്റെ ഏറ്റവും വലിയ പേടി. അടുത്തത് എന്നെ ആയിരിക്കും അവൾ എടുത്തെറിയുക.. ഇന്നലെ ബക്കറ്റ് വെച്ചു മുഖം അടിച്ചു പൊട്ടിക്കാൻ നോക്കി. എന്തോ ഭാഗ്യത്തിനു പെട്ടെന്ന് അവളുടെ കൈ പിടിച്ചു വെക്കാൻ പറ്റി.. അല്ലെങ്കിൽ ഞാനിപ്പോ കണ്ണും മൂക്കുമൊക്കെ പറിഞ്ഞു തൂങ്ങി ഏതെങ്കിലും ഹോസ്പിറ്റലിൽ കിടന്നേനെ.. എല്ലാം പോട്ടെ.. അവളൊന്നു വായ തുറന്നാൽ മതിയായിരുന്നു. അവളുടെ ആ വെടിക്കൊട്ട് പ്രസംഗമൊക്കെ മിസ്സ്‌ ചെയ്യുന്നു. ഡാഡ്നോടും കൂട്ടില്ല.. ചോദിച്ചാൽ വരെ ഒന്നും മിണ്ടില്ല.. വായ തുറപ്പിക്കാൻ അറിയാഞ്ഞിട്ടല്ല.. ദേഷ്യം വന്നാൽ കണ്ണ് കാണില്ല അവൾക്ക്.. അവൾ അവളെ തന്നെ വേദനിപ്പിച്ചു കളയുമോന്ന് ഒരു പേടി.. അല്ല.. പെണ്ണല്ലേ ഐറ്റം.. ആത്മഹത്യക്ക് എങ്ങാനും ശ്രമിച്ചാലോ.. എനിക്കൊന്നും വയ്യാ ശിഷ്ട കാലം സെൻട്രൽ ജയിലിലെ ഉണ്ട വിഴുങ്ങാൻ.. " "ഉണ്ടയോ.. അതൊക്കെ പണ്ട്. ഇപ്പൊ ബിരിയാണി ആണെന്നൊക്കെയാ പറയുന്നത്.. പത്രം വായിക്കാറില്ലേ നീ.. "

"പട്ടി.. വെച്ചിട്ടു പോടാ അവിടെന്ന്.. ഫോണിൽ കൂടെ ആയത് നിന്റെ ഭാഗ്യം. അടുത്തെങ്ങാനും ആയിരുന്നു എങ്കിൽ ഇപ്പൊ നീ പാതാളത്തിൽ എത്തിയേനെ.. " "അത് അറിയാവുന്നോണ്ടല്ലേ മുത്തേ ഞാനൊന്നു അവിടേം വരെ വരാത്തത്.. എടാ.. നീ ഇങ്ങനെ അവളോട്‌ സംസാരിക്കാതെയും അടുക്കാതെയുമൊക്കെ നിന്നാൽ കാര്യങ്ങൾ എവിടെയും എത്തില്ല.. അവൾ പാടെ ഒതുങ്ങി പോകും.. നിന്റെ ലൈലയെ നിനക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകും. നിനക്ക് വേണ്ടത് ആ പഴയ ലൈലയെ അല്ലേ.. നിന്നെ കാണുമ്പോൾ തന്നെ പൊട്ടി തെറിക്കുന്ന ആ വാശിക്കാരിയെ.. അതിന് നീ തന്നെ വിചാരിക്കണം.. നീ അവളെ ചുമ്മാ വിടണ്ട. ഒറ്റയ്ക്ക് ഇരിക്കാൻ സമ്മതിക്കണ്ട..പഴയത് പോലെ തൊട്ടും തോണ്ടിയും ചൊറിഞ്ഞുമൊക്കെ നിക്ക്.. അവസരമൊന്നും നോക്കണ്ട.. എപ്പോഴും ശല്യം ചെയ്തോ.. എത്രയെന്നു വെച്ചാ അവൾ മിണ്ടാതെ സഹിച്ചു നിക്കുക.. അവളല്ലേ ആള്.. നിക്കില്ല.. നിന്നെ തെറിപ്പിച്ചോളും. അത് പോരേ നിനക്ക്.. പിന്നെ നാളെ കോളേജിലേക്ക് കൂട്ടിക്കോ.. വീട്ടിൽ ഇരുത്തണ്ടാ.. നീ വിളിച്ചാൽ വരാൻ സാധ്യത കുറവാണ്. അതിനൊക്കെ നിന്റെ പതിവ് രീതി തന്നെ എടുത്തോ.. അവളെ തൂക്കുകയോ പൊക്കുകയോ എന്താച്ചാ ആയിക്കോ

. അവൾ നിന്റെ ഒന്നിച്ച് കോളേജിലേക്ക് വന്നാൽ മതി." എബി വല്യ സംഭവം പോലെ പറഞ്ഞു കൊടുത്തു. താജ് ഒന്നും മിണ്ടിയില്ല. ഒരുനിമിഷം ആലോചിച്ചു നിന്നു.. എന്നിട്ടു ഓക്കേന്നും പറഞ്ഞു ഫോൺ വെക്കാൻ നിന്നതും പെട്ടെന്ന് ഒരു കാര്യം ഓർമ വന്നു. അത് അപ്പൊത്തന്നെ എബിയോട് പറയുകയും ചെയ്തു. "ആ പരട്ട കിളവൻ പറഞ്ഞത് നീയും കേട്ടതല്ലേ.. യാഥാർഥ ശത്രു മറ്റൊരാൾ ആണെന്ന്.. അതാരാണെന്ന് എത്രയും പെട്ടന്ന് കണ്ടു പിടിക്കണം. മറഞ്ഞു നിന്ന് എന്നെയും അവളെയും ചതിച്ചതു ആരാണെന്ന് എനിക്ക് അറിയണം.. എത്രയും പെട്ടെന്ന് തന്നെ.." പറയുമ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. "നീ അക്കാര്യം ഓർത്തു നിക്കുവാണോ..പോയി അവളെയൊന്നു മുട്ടാൻ നോക്ക്.. ഇത് ഞാൻ നോക്കിക്കോളാം." എന്നും പറഞ്ഞു എബി ഫോൺ വെച്ചു. അപ്പോഴും താജ്ന്റെ മനസ്സിൽ അതാരായിരിക്കുമെന്ന ചോദ്യം ഉണ്ടായിരുന്നു..എബി നോക്കിക്കോളാമെന്നു പറഞ്ഞത് കൊണ്ടു കൂടുതൽ ചിന്തിക്കാൻ ഒന്നും നിന്നില്ല. എബി പറഞ്ഞ മറ്റു കാര്യങ്ങളൊക്കെ ഓർമ വന്നു. ലൈലയെ ചൊറിയാൻ തന്നെ തീരുമാനിച്ചു. നേരെ റൂമിലേക്ക്‌ വിട്ടു. അവൾ കട്ടിലിൽ കമിഴ്ന്നു കിടക്കുന്നത് കണ്ടു. ശബ്ദം ഉണ്ടാക്കാതെ ബെഡിലേക്ക് കയറി.

പതിയെ അവളുടെ അടുത്തേക്ക് നീങ്ങി അവളെ ഒന്ന് നോക്കി.. അവളുടെ വിങ്ങൽ കേൾക്കാമായിരുന്നു. തലയണ നനഞ്ഞു കുതിർന്നതു അവൻ കണ്ടു. പിന്നെ ഒന്നും നോക്കിയില്ല.. അവളെ പറ്റി ചേർന്നു കിടന്നു മുഖം അവളുടെ കഴുത്തിൽ വെച്ചു. "നിർത്താൻ ആയില്ലേ നിനക്കീ കരച്ചിൽ.. എന്താ ഉദ്ദേശം. എന്റെ വീട് വെള്ളത്തിൽ ആക്കാനോ.. മതിയെടീ..ചുമ്മാ കണ്ണീർ വേസ്റ്റ് ആക്കാതെ..ഇനിയും ജീവിതം എത്ര ബാക്കി കിടപ്പുണ്ട്.. എന്റ്റൊന്നിച്ചല്ലേ നിന്റെ ലൈഫ്..കരയാനുള്ള അവസരം ധാരാളം ഉണ്ട്.. ഞാൻ ഉണ്ടാക്കി തരാം..ഇപ്പൊ നീ നിർത്ത്..ഇല്ലേൽ എനിക്ക് ദേഷ്യം വ.. " അവൻ പറഞ്ഞു തീർന്നില്ല.. അതിന് മുന്നേ അവൾ കഴുത്തു കുടഞ്ഞു മലർന്നു കിടന്നു..പെട്ടെന്ന് ആയത് കൊണ്ടു അവന്റെ മുഖം അവളുടെ മാറിലേക്ക് അമർന്നു. അവളുടെ ശ്വാസമൊന്നുയർന്നു പൊങ്ങി. അവന് മുഖം എടുക്കാൻ തോന്നിയില്ല. അവിടെ തന്നെ അമർത്തി വെച്ചു.. അവൾ അപ്പൊത്തന്നെ രണ്ടു കൈ കൊണ്ടും ശക്തിയായി അവന്റെ മുടിയിൽ പിടിച്ചു വലിച്ചു. നല്ല വേദന അനുഭവപ്പെട്ടതു കാരണം അവൻ തല ഉയർത്തി അവളുടെ മുഖത്തേക്ക് കടുപ്പിച്ചു ഒന്ന് നോക്കി. ആ തക്കത്തിനു അവൾ അവന്റെ നെഞ്ചിൽ ഒരുന്തു വെച്ചു കൊടുത്തു. അവൻ അനങ്ങിയില്ല.അടങ്ങടീന്നും പറഞ്ഞു അവളെ പിടിച്ചു വെച്ചു.

അവൾക്ക് ശരീരത്തിന്റെ ബലം നഷ്ടപെടുന്നത് പോലെ തോന്നി. അവന്റെ വെയ്റ്റ് താങ്ങാനുള്ള കെല്പ് ഇല്ലായിരുന്നു. അവന്റെ പിടുത്തത്തിൽ ചുമലും കിടത്തത്തിൽ ദേഹവും വേദനിക്കുന്നുണ്ടായിരുന്നു.എന്നിട്ടും വേദന പുറത്ത് കാണിച്ചില്ല.ഒന്നും ചെയ്യാൻ പറ്റാത്തതിലുള്ള ദേഷ്യമായിരുന്നു..മുഖം തിരിച്ചു കളഞ്ഞു. അവൻ അപ്പൊത്തന്നെ ആ മുഖം തന്റെ നേർക്ക് തിരിച്ചു വെച്ചു..അവൾ അവന്റെ കൈ തട്ടി മാറ്റി വീണ്ടും മുഖം തിരിച്ചു.. അവൻ വീണ്ടും തന്റെ നേർക്ക് ആക്കി വെച്ചു. "എന്താടാ പട്ടി നിനക്ക് വേണ്ടത്.. " അവൾക്ക് ഒന്നാകെ വന്നിരുന്നു.. കേൾക്കാൻ കൊതിച്ചതു കേട്ടത് കാരണം അവനൊന്നു ചിരിച്ചു. പതിയെ ഒരു കൈ അവളുടെ ചുമലിൽ നിന്നും എടുത്തു കവിളിനു താഴെ കഴുത്തിൽ കൊണ്ടു വെച്ചു. അവൾ അസഹനീയതോടെ പല്ലുകൾ കടിച്ചു പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു.. കവിളിലേക്ക് എന്തോ തറഞ്ഞു കയറുന്നതു അവൾ അറിഞ്ഞു. കണ്ണ് തുറന്നു നോക്കി. അവന്റെ താടി ആണെന്ന് കണ്ടതും നിയന്ത്രണം വിട്ടു. സകല ശക്തിയും എടുത്തു ഒരു മറിയൽ മറിഞ്ഞു. അവൻ അടിയിലും അവൾ മേളിലുമായി. ഒന്നും നോക്കിയില്ല. എഴുന്നേറ്റു അവന്റെ നെഞ്ചിൽ കയറിയിരുന്നു. രണ്ടു കൈ കൊണ്ടും അവന്റെ കഴുത്തിനു അമർത്തി പിടിച്ചു.

"എന്താടാ നിനക്ക് വേണ്ടത്..ദേഹത്ത് തൊടാൻ വരരുത് എന്ന് പറഞ്ഞിട്ടില്ലേ ഞാൻ.. എന്തിനാ എന്റെ പുറകെ മണപ്പിച്ചു വരുന്നത്..ഞാൻ കരഞ്ഞാലും ചിരിച്ചാലുമൊക്കെ നിനക്കെന്താ.. കഴുത്തിലൊരു മാല കെട്ടി തന്നെന്നു കരുതി എന്നിൽ അവകാശം സ്ഥാപിക്കാൻ വരരുത്. പണ്ടേ പറഞ്ഞിട്ടുള്ളതാ എന്റെ കാര്യങ്ങളിൽ ഇടപെടാൻ വരരുത് എന്ന്.. നീയെന്റെ ഭർത്താവുമല്ല.. ഞാൻ നിന്റെ ഭാര്യയുമല്ലാ. ഞാൻ കരയും.ഇനിയും കരയും. നിനക്കെന്താ.. സന്തോഷം അല്ലേ.. നീ ആഗ്രഹിച്ചതും ഇതുതന്നെയല്ലേ.. ആസ്വദിക്ക്.. നിനക്ക് വേണ്ടുവോളം ആസ്വദിക്ക് എന്റെ കണ്ണുനീരും വേദനയുമൊക്കെ.. " അവൾ എഴുന്നേറ്റു പോയി. ഒരു നിമിഷം വേണ്ടി വന്നു അവന് സംഭവിച്ചത് എന്തെന്ന് മനസ്സിലാക്കാൻ. മുരിങ്ങക്കോലു പോലെയുള്ളവൾക്ക് കാട്ടാനയുടെ ശക്തിയോ..കാണിച്ചു തരാടീ നിനക്ക് ഞാൻ.അവൻ നെഞ്ചും കഴുത്തുമൊക്കെ തടവിക്കൊണ്ട് എണീറ്റു.. ഡീന്നും അലറിക്കൊണ്ട് അവൾക്ക് പിന്നാലെ പോയി. അവൾ അപ്പോഴേക്കും താഴേക്ക് എത്തിയിരുന്നു. വിട്ടില്ല. നിക്കടീന്നും പറഞ്ഞോണ്ട് അവൻ താഴേക്ക് ഇറങ്ങി..ചെന്നു പെട്ടത് ഉപ്പാന്റെ മുന്നിലേക്ക്.. "എന്താടാ.. " ഉപ്പ അവനെ അടിമുടി നോക്കി.. "ആ രാക്ഷസി എന്നെ കൊല്ലാൻ നോക്കി.. "

അവൻ ഒന്നാകെ തിളച്ചു കൊണ്ടു പറഞ്ഞു. "നിന്റെ അടുത്ത് പിടിച്ചു നിക്കണ്ടേ അവൾക്ക്.. " ഉപ്പാക്ക് ചിരി വരുന്നുണ്ടായിരുന്നു. "ഓ ഡാഡ്.. അവളെന്റെ നെഞ്ചത്തേക്ക് വെട്ടു കത്തി കയറ്റുമ്പോഴും ഡാഡ് ഇതുതന്നെ പറയണം.. " "ശ്രമിക്കാം.. " ഉപ്പാന്റെ ചിരി പുറത്തേക്ക് വന്നു. "ഈ ചിരിക്ക് ഉള്ളത് ഞാൻ തരാം. അതിന് മുന്നേ അവൾക്ക് ഉള്ളത് കൊടുക്കട്ടെ.. മൂദേവി.. എന്റെ നെഞ്ചത്തു കയറിയിരുന്ന അവളുടെ പരാക്രമങ്ങൾ.. " അവൻ കലി തുള്ളിക്കൊണ്ട് അവളെ നോക്കി പോകാൻ നിന്നതും ഉപ്പ അവനെ പിടിച്ചു വെച്ചു. "എങ്ങാനും നീ അവളെ തൊട്ടാൽ നിന്റെ കൈ ഞാൻ ഒടിക്കും.. അത് വേണ്ടങ്കിൽ മര്യാദക്ക് കയറി പോ.. ഇന്നലെ രാവിലെ താഴേക്ക് ഇറങ്ങിയതിന് ശേഷം പിന്നെ ഇപ്പോഴാ അതിനെ ഒന്ന് താഴേക്ക് കാണുന്നത്..അടുക്കളയിലേക്ക് പോകുന്നത് കണ്ടു.പൗലോസ്നോട് അല്പമെങ്കിലും കൂട്ട് ഉണ്ട്..അവിടെ നിന്നോട്ടേ.. ചൊറിയാൻ പോകണ്ട.. കേട്ടല്ലോ.. " ഉപ്പ പറഞ്ഞു.അവനൊന്നും മിണ്ടിയില്ല.നിലത്തേക്ക് രണ്ടു ചവിട്ടു ആഞ്ഞു ചവിട്ടി.ദേഷ്യം തീർന്നില്ല..മുന്നിൽ കണ്ട ഫ്ലവർ വേസ് എടുത്തു ഉടച്ചു..ടേബിളിൽ കിടക്കുന്ന സകല സാധനങ്ങളും ഒറ്റ തട്ടിനു തെറിപ്പിച്ചു. ഗ്ലാസും പ്ലേറ്റുമൊക്കെ പൊടി പൊടിയായി നാലു ഭാഗത്തേക്ക്‌ എത്തി..

പിന്നെ മുന്നിൽ കണ്ടത് ഉപ്പാനെയാണ്.ഒന്നും ചെയ്യാൻ കഴിയില്ലല്ലോ..അത് കൊണ്ടു പല്ലും വിരലുമൊക്കെ ഞെരിച്ചു ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു. "താജ്.. " ഉപ്പ അടുത്തേക്ക് ചെന്നതും അവൻ വേഗം മുകളിലേക്ക് കയറിപ്പോയി. ഇതൊക്കെ എവിടെ ചെന്നു അവസാനിക്കാനാണ്.ഒന്നുകിൽ ഇവൻ ഒതുങ്ങണം. അല്ലെങ്കിൽ അവൾ. ഇത് രണ്ടും ഒരുപോലെത്തേതാണല്ലോ..ഏതായാലും നിന്റെ സെലെക്ഷൻ വെരി പവർ ഫുൾ ആണ് താജ്. ഇത്രേം കാലം ദേഷ്യം വന്നാൽ ഒന്നോ രണ്ടോ സാധനം..അത്രമാത്രേ നശിപ്പിക്കാറുണ്ടായിരുന്നുള്ളൂ..ഇതിപ്പോ ഒന്നും ബാക്കി വെക്കുന്നില്ല. അവന്റെ ഉപ്പ തലയ്ക്കു കൈ കൊടുത്തു നിന്നു.ഇതൊക്കെ അടുക്കളയിൽ നിന്നും ലൈല കാണുന്നുണ്ടായിരുന്നു. താജ് ഉപ്പാന്റെ മുന്നിൽ അത്രേമൊക്കെ ദേഷ്യം കാണിച്ചത് അവൾക്ക് ഇഷ്ടപ്പെട്ടില്ല. അതിന് കാരണം താൻ ആണല്ലോന്ന് ഓർത്തതും അവൾടെ മനസ്സിനൊരു വല്ലായ്മ അനുഭവപ്പെട്ടു. എബി അന്നൊരു വട്ടം പറഞ്ഞിരുന്നു ഉപ്പ പാവം ആണെന്നും അവനെ ഒരുപാട് ലാളിച്ചാണ് വളർത്തിയതെന്നും. അതൊക്കെ ശെരിയാണെന്ന് ഈ ഒരൊറ്റ കാഴ്ച കണ്ടപ്പോൾ അവൾക്ക് മനസ്സിലായി. വെറുതെ അല്ല അവൻ ഇങ്ങനെ തെമ്മാടി ആയി നടക്കുന്നത്.

ഉപ്പ ഇത്രേം പാവം ആയത് കൊണ്ടാണ്. അവൻ ഇപ്പൊ ഒരു കാര്യവും ഇല്ലാതെ സകല സാധനങ്ങളും നശിപ്പിച്ചു കളഞ്ഞു. എന്നിട്ടും ഉപ്പ അവനെ ഒന്ന് ശകാരിക്കുക കൂടി ചെയ്തില്ല.വെറുതെ അല്ല പറയുന്നത് ആൺമക്കളെ നന്നാക്കാൻ ഉമ്മമാർ തന്നെ വേണമെന്ന്. ഉമ്മാ.. അപ്പോഴാണ് അവൾക്ക് ആ കാര്യം ഓർമ വന്നത്.അത് ചോദിക്കാനും അറിയാനുമൊക്കെ വേണ്ടി അവൾ പൗലോസ് ചേട്ടന്റെ അടുത്തേക്ക് നീങ്ങി. "എന്താ കൊച്ചെ.. എന്തേലും വേണോ.." അവൾ അടുത്തേക്ക് വന്നത് കണ്ടു പൗലോസ് ചേട്ടൻ ചോദിച്ചു. "ഇല്ല.. ഒന്നും വേണ്ടാ.. ഞാനൊരു കാര്യം ചോദിക്കാൻ വേണ്ടി.. അമന്റെ ഉമ്മാക്ക് എന്തുപറ്റിയതാ.. എങ്ങനെയാ മരണപ്പെട്ടെ.. " "അയ്യോ കൊച്ചെ.. മരണപ്പെട്ട....." പറഞ്ഞു തീർന്നില്ല..അതിന് മുന്നേ ഹാളിൽ നിന്നും ഉപ്പാന്റെ പൗലോസേന്നുള്ള വിളി വന്നു.. "സാർ വിളിക്കുന്നു..നോക്കിട്ട് വരാവേ.." പൗലോസ് ചേട്ടൻ ഹാളിലേക്ക് നടന്നു. അവൻ തകർത്തുടച്ചതൊക്കെ പെറുക്കാനും എടുക്കാനും ക്ലീൻ ചെയ്യാനുമൊക്കെ വേണ്ടിയാണു പൗലോസ് ചേട്ടനെ വിളിച്ചതെന്ന് അവൾക്ക് മനസ്സിലായി..എല്ലാം കഴിഞ്ഞു വരുമ്പോൾ ഒരു നേരം ആവും.അതുകൊണ്ട് അവൾ പൗലോസ് ചേട്ടൻ വരുന്നത് നോക്കി നിക്കുകയൊന്നും ചെയ്തില്ല..

പിന്നീട് ചോദിക്കാമെന്നു കരുതി ഫ്രിഡ്ജിൽ നിന്നും അല്പം വെള്ളം എടുത്തു കുടിച്ചു മുകളിലേക്ക് കയറി. ബാൽക്കണിയിലേക്ക് ആയിരുന്നു നടന്നത്..അവിടെ അവൻ നിന്നു സ്‌മോക് ചെയ്യുന്നത് കണ്ടു. പിന്നെ ആ ഭാഗത്തേക്ക്‌ നോക്കിയില്ല. നേരെ റൂമിലേക്ക്‌ പോയി. ബാഗിൽ ഒരു നോവൽ ഉണ്ടായിരുന്നു. അത് എടുത്തു വായിക്കാൻ തുടങ്ങി. 🍁🍁🍁🍁🍁🍁 താജ്ന്റെ കാൾ കട്ട്‌ ചെയ്ത എബി നേരെ പോയത് ഓഫീസിലേക്ക് ആയിരുന്നു. "May I come in sir.." ഒടുക്കത്തെ മര്യാദയും ബഹുമാനവുമൊക്കെ കാണിച്ചു പ്രിൻസിയുടെ ക്യാബിനിലേക്ക് കയറി. "ഞാൻ കയറാൻ പറഞ്ഞില്ലല്ലോ.. " പ്രിൻസി കണ്ണട താഴ്ത്തി വെച്ചു അവനെ ഒന്ന് തുറിച്ചു നോക്കി. "സോറി സാർ.. ഞാൻ പുറത്തേക്ക് ഇറങ്ങാം. എന്നിട്ടു ഒന്നൂടെ ചോദിക്കാം.. അന്നേരം പറഞ്ഞാൽ മതി.. " അവനൊന്നു ഇളിച്ചു കാണിച്ചു.. "Shut up.. " പ്രിൻസി കൈ ഡെസ്കിൽ അടിച്ചു. "വീണ്ടും സോറി സാർ.. " അവന് ചിരി വരുന്നുണ്ടായിരുന്നു.. ചിരിച്ചാൽ കാര്യം നടക്കില്ലന്ന് ഓർത്തു കണ്ട്രോൾ ചെയ്തു നിന്നു. "എന്തുവേണം. നിന്റെ ഈ മരമോന്ത കാണിക്കാൻ വേണ്ടി വന്നതാണോ..? " പ്രിൻസിയുടെ ശബ്‌ദത്തിൽ നീരസം.അത് അവൻ താജ്ൻറെ ഫ്രണ്ട്‌ ആയത് കൊണ്ടായിരുന്നു.

"നോ സാർ.. എനിക്ക് എന്റെ സർട്ടിഫിക്കറ്റ് ഒന്ന് വേണമായിരുന്നു. ഡിഗ്രി ലെവലിൽ ഒരു ഇന്റർവ്യൂ.. പത്രത്തിൽ കണ്ടു. അതിന് വേണ്ടിയാ.. " "അതിന് സർട്ടിഫിക്കറ്റ്സ് ഒന്നും ഇവിടെ അല്ല. സ്റ്റാഫ്‌ റൂമിലെ ഷെൽഫിലാ.. നീ മനോജ്‌നോട് ചോദിക്ക്.. അവൻ എടുത്തു തരും.. " "മനോജ്‌ ഏട്ടനോട് ഞാൻ ചോദിച്ചു. അവിടെ അല്ല.. ഇവിടെ ആണെന്ന് പറഞ്ഞു. അതും എംകോo സ്റ്റുഡന്റ്സിന്റെതു സാർന്റെ ഷെൽഫിൽ ആണെന്ന് പറഞ്ഞു.. " ഉള്ളതും ഇല്ലാത്തതുമായ വിനയം ഫിറ്റ്‌ ചെയ്തു അവൻ പറഞ്ഞു. പ്രിൻസി അവനെ നോക്കി കടുപ്പിച്ച് ഒന്ന് മൂളി. ശേഷം ചെയർൽ നിന്നും എണീറ്റു ഷെൽഫ് തുറന്നു അതിലേക്കു ശ്രദ്ധ കൊടുത്തു. ആ നേരം കൊണ്ടു അവൻ ടേബിളിൽ ഇരിക്കുന്ന പ്രിൻസിയുടെ ഫോൺ എടുത്തു കാൾ ലിസ്റ്റ് പരിശോധിച്ചു. നോക്കിയത് തന്നെ മിനിയാന്ന് പ്രശ്നം ഉണ്ടായ ദിവസത്തെ പത്തും പതിനൊന്നിനും ഇടയ്ക്ക് ഉള്ള കാൾസ് ആണ്.. സേവ് ചെയ്യാത്ത ഒരു നമ്പർ കണ്ടു. അവൻ അപ്പൊത്തന്നെ അത് ഫോണിലേക്ക് ഡയൽ ചെയ്തു എടുത്തു. പ്രിൻസി തിരിയുന്നതിന് മുന്നേ പ്രിൻസിയുടെ ഫോൺ പഴയ പടി വെച്ചു അവന്റെ ഫോൺ പോക്കറ്റിലേക്ക് ഇട്ടു. "ഇതിനകത്തില്ല.. ഞാൻ പറഞ്ഞത് അല്ലേ. അതൊക്കെ സ്റ്റാഫ്‌ റൂമിലെ ഷെൽഫിലാ..

അത് അല്ലെങ്കിൽ നിന്റെ ക്ലാസ്സ്‌ ട്യൂട്ടർടെ ഫയലിൽ ഉണ്ടാകും.." "ഇല്ലേ.. " അവൻ നിഷ്കു ഭാവത്തിൽ ചോദിച്ചു. "ഇല്ലന്നല്ലേ പറഞ്ഞത്.മനോജ്‌നോട് പറാ.. അവൻ നോക്കി എടുത്തു തരും. വെറുതെ സമയം കളയാൻ വേണ്ടി.. " പ്രിൻസിപ്പൽ അമർഷത്തോടെ കസേരയിലേക്ക് ഇരുന്നു. "മൂന്നാമതും സോറി സാർ.. " "യൂ.. ഗെറ്റ് ഔട്ട്‌.. " പ്രിൻസിയുടെ ശബ്ദം പൊങ്ങി. അവൻ ഒന്ന് ഇളിച്ചു കാണിച്ചു അപ്പൊത്തന്നെ പോകാൻ നോക്കി. എന്തോ ഓർത്തത് പോലെ പെട്ടെന്ന് തിരിഞ്ഞു പ്രിൻസിയെ നോക്കി സാർ എന്ന് വിളിച്ചു.. "മ്മ്..ഇനിയെന്താ.. " "അല്ല സാർ.. മിനിയാന്നത്തെ ആളെ കിട്ടിയോ.. സാർനെ ഇൻഫോം ചെയ്ത ആളെ.. ഒന്നുല്ലേലും അയാൾ കാരണമല്ലെ അന്ന് ആ പ്രശ്നങ്ങളൊക്കെ ഉണ്ടായതും സാർനു അത്രേമൊക്കെ അപമാനം ഏറ്റു വാങ്ങേണ്ടിയുമൊക്കെ വന്നത്.. " "ആളിനെ കിട്ടാൻ പണിയൊന്നുമില്ല. ഈ കോളേജിലെ ഒരു സ്റ്റുഡന്റ് തന്നെയാണ്. ഒരു പെൺകുട്ടി.. ഫോൺ നമ്പർ ഉണ്ട് എന്റെ കയ്യിൽ. പക്ഷെ ഇനി അതിന്റെ പിന്നാലെ മെനക്കെടാൻ സമയമില്ല.. ഏതായാലും സംഭവിക്കാൻ ഉള്ളതൊക്കെ സംഭവിച്ചു..

ഇനി ഉള്ളത് ആ കുട്ടിയെ കണ്ടു പിടിച്ചു ആക്ഷൻ എടുക്കുക എന്നുള്ളതാണ്. അതേതായാലും വേണ്ടാ. ഒരു അപദ്ധം ആണെന്ന് കരുതി വിടാം. ആ ഇഷ്യൂ മിനിയാന്ന് തന്നെ അവസാനിച്ചു. ഇനി അത് ഓപ്പൺ ചെയ്യണ്ട.. പെൺകുട്ടി അല്ലേ..നാണം കെടുത്തണ്ടന്ന് കരുതിയാ.. " പ്രിൻസി പറഞ്ഞു. അത് കേട്ടു അവന്റെ അന്തം പോയി. ഈ കിളവൻ നന്നായോ.. അവൻ തൊള്ളേo തുറന്നു പ്രിൻസിയെ അടിമുടി നോക്കി. അതുകണ്ടു പ്രിൻസി വീണ്ടും ഗെറ്റ് ഔട്ട്‌ എന്ന് ശബ്ദിച്ചതും അവൻ വേഗം പുറത്തേക്ക് ഇറങ്ങി.. ആ നമ്പർ കിട്ടിയതിന്റെ സന്തോഷത്തിൽ ആയിരുന്നു അവൻ. ഫോൺ എടുത്തു നോക്കി. താജ്നു അയച്ചു കൊടുക്കാൻ വേണ്ടി stranger എന്ന് സേവ് ചെയ്യാൻ ഒരുങ്ങിയതും നെയിം സ്പേസിൽ നുസ്രയുടെ പേര് തെളിഞ്ഞു വന്നു. അവനൊരു നിമിഷം പകച്ചു നിന്നു. ഒന്നും മനസ്സിലായില്ല. പക്ഷെ നുസ്രയുടെ ഇന്നലത്തെ മുഖവും ശബ്ദവുമൊക്കെ അവന്റെ മനസ്സിലേക്ക് വന്നു.അപ്പൊ ഇതായിരുന്നോ അവൾക്ക് പറയാൻ ഉണ്ടെന്ന് പറഞ്ഞത്. എന്തിനായിരിക്കും അവൾ ഇത് ചെയ്തത്.താജ്നെയും ലൈലയെയും ഒരുമിപ്പിക്കാൻ വേണ്ടിയോ.

അങ്ങനെ ആണെങ്കിൽ എന്നോട് പറയാഞ്ഞതെന്തേ.. സാധാരണ അവരെ രണ്ടു പേരെയും അടുപ്പിക്കാൻ നോക്കുന്ന എന്ത് പരിപാടി പ്ലാൻ ചെയ്യുമ്പോഴും അവൾ തന്നോട് ആലോചിക്കാറുണ്ട്.അപ്പൊ താജുo ലൈലയും ഒരുമിക്കുക മാത്രം അല്ല ലക്ഷ്യം. മറ്റെന്തോ ഉണ്ട്. അവന് ഒരു എത്തും പിടിയും കിട്ടിയില്ല.ഒന്നും മനസ്സിൽ വെക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എല്ലാം മുന്നയോടു പറയണമെന്നു കരുതി നേരെ മുന്നയുടെ അടുത്തേക്ക് ചെന്നു. ഉള്ളിലുള്ള കാര്യവും സംശയങ്ങളുമൊക്കെ മുന്നയോട് പറഞ്ഞു. മുന്ന ഒന്നും മിണ്ടിയില്ല. എല്ലാം കേട്ടു നിക്കുക മാത്രം ചെയ്തു. "നീയെന്താ ഒന്നും പറയാത്തത്. നുസ്ര ആയിരിക്കുമോ. അവൾ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ നിനക്ക്.. " മുന്നയുടെ ഭാഗത്തു നിന്നു മറുപടി ഒന്നും ഇല്ലാത്തത് കണ്ടു എബി വല്ലാത്തൊരു ഭാവത്തോടെ ചോദിച്ചു. "ഞാനെന്തു പറയാനാ. നിന്റെ സംശയങ്ങളൊക്കെ ശെരി തന്നെയാ.. നുസ്രയാ അന്നത്തെ ആ സംഭവത്തിനു പിന്നിൽ.. ഞാൻ അന്ന് തന്നെ അറിഞ്ഞതാ.. " എന്ന് തുടങ്ങി അന്ന് ഉണ്ടായ ബാക്കി സംഭവങ്ങൾ മുന്ന എബിയോട് പറഞ്ഞു.എല്ലാം കേട്ടു എബി ഒരുനിമിഷം മൗനം പാലിച്ചു. മുന്നയും ഒന്നും മിണ്ടാതെ നിന്നു.

"അപ്പോ വെറുതെ അല്ല അവളുടെ മുഖമൊക്കെ വീർത്തു കെട്ടിയിരുന്നത്.അവളുടെ ക്ഷീണത്തിനു കാരണം ഇതാണല്ലേ.. നീ വല്ലാണ്ട് തല്ലിയല്ലേ അവളെ.. " എബി അസ്വസ്ഥതയോടെ ചോദിച്ചു. "പിന്നെ ഞാനെന്താ വേണ്ടത്.. കൂടെ നിന്നു ചതിച്ചില്ലേ അവൾ. ആദ്യമായിട്ടാ പെണ്ണൊരുത്തിയുടെ നേർക്ക് കൈ ഉയർത്തിയത്.. അതും ഒപ്പം ചേർന്നു വിശ്വാസം നേടി എടുത്ത ഒരു പെണ്ണ്..ചതി കാണിച്ചെന്നു അറിഞ്ഞപ്പോൾ സഹിച്ചില്ല..തല്ലാൻ അല്ല കൊല്ലാൻ കൈ തരിച്ചതാ.. " മുന്നയുടെ മുഖം ദേഷ്യം കൊണ്ടു ചുമന്നു. "തെറ്റ് തന്നെയാ അവൾ ചെയ്തത്.. ന്യായികരിക്കാൻ പറ്റാത്ത തെറ്റ്.. പക്ഷെ അത് അവളുടെ വിവരക്കേട് ആയി കണ്ടാൽ മതിയായിരുന്നു.. അത്രേമൊക്കെ അടിക്കണ്ടായിരുന്നു. എന്തിനാ അവൾ അത് ചെയ്തതെന്ന് ഒന്ന് ചിന്തിച്ചു നോക്കിയേ നീ.. ഒരേസമയം താജ്നു ലൈലയെയും അവൾക്ക് നിന്നെയും കിട്ടാൻ വേണ്ടി.. അവൾ ആലോചിച്ചപ്പോൾ ആ ഒരു വഴി മാത്രമേ മുന്നിൽ കണ്ടു കാണൂ.. ആഗ്രഹിച്ചത് നേടാൻ ഒരു ബുദ്ധി മോശം. അത്രേം കരുതിയാൽ മതിയായിരുന്നു ടാ.. " "വിവരക്കേടോ.. ബുദ്ധി മോശമോ.. എങ്ങനെ പറയാൻ കഴിയുന്നു നിനക്കിത്.. വിവരവും ബുദ്ധിയുമൊക്കെ കൂടിയതിന്റെയാ ഇത്.. " മുന്ന പല്ല് കടിച്ചു പിടിച്ചു പറഞ്ഞു.

"പക്ഷെ അത് കൊണ്ടു ആർക്കും നഷ്ടം ഒന്നും ഉണ്ടായില്ലല്ലോ.. താജുo ലൈലയും ഒരുമിച്ചില്ലേ.. ഒന്നുമില്ലങ്കിലും താജ്ന് അവന്റെ പ്രണയം സ്വന്തമായില്ലേ.. അഥവാ ആർക്കെങ്കിലും നഷ്ടം ഉണ്ടായിട്ട് ഉണ്ടെങ്കിൽ അത് നുസ്രയ്ക്കാ.. നുസ്രയ്ക്ക് മാത്രം.. നിന്നെ സ്വന്തമാക്കാൻ വേണ്ടിയാ ഇതൊക്കെ ചെയ്തു കൂട്ടിയത്. എന്നിട്ട് എന്താ ഉണ്ടായേ.. നിന്റെ സൗഹൃദം പോലും അവൾക്ക് നഷ്ടമായി..കൂടാതെ നിന്റെ മനസ്സിൽ ദേഷ്യവും പകയും മാത്രമായി.. നിന്റെ ഈ ദേഷ്യവും അകൽച്ചയുമൊന്നും അവൾക്ക് സഹിക്കാൻ പറ്റുന്നില്ല.ചെയ്ത തെറ്റിൽ അവൾക്ക് നല്ല കുറ്റബോധം ഉണ്ട്.. ഒരുപാട് വേദനിക്കുന്നുണ്ട് അവൾ.. ഇന്നലെ നീ അവളെ ഒന്ന് കാണണമായിരുന്നു. കണ്ണൊക്കെ കരഞ്ഞു കലങ്ങി മുഖമൊക്കെ ആകെ ഇരുണ്ടു കെട്ടി.. കണ്ടിട്ട് എനിക്ക് തന്നെ സമാധാന കുറവ് തോന്നി.. " എബി മുന്നയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.. "വേണ്ടാ..നീ ഒന്നും പറയണ്ട.. ആരെന്തൊക്കെ പറഞ്ഞാലും അവൾ ചെയ്ത തെറ്റ് ഞാൻ മറക്കാനോ പൊറുക്കാനോ പോകുന്നില്ല.. അവൾ അവളുടെ ആഗ്രഹം മാത്രമേ നോക്കിയുള്ളൂ..

ഒരുവട്ടമെങ്കിലും ലൈലയെ കുറിച്ച് ചിന്തിച്ചോ.. ഇല്ല.. ചിന്തിച്ചില്ല.. അത് അവളെന്നോട് തുറന്നടിച്ചു പറയുക തന്നെ ചെയ്തു. അവളുടെ മനസ്സ് മുഴുവൻ അസൂയയാ..ലൈലയോടുള്ള അസൂയ..എനിക്കും ലൈലയ്ക്കും ഇടയിലുള്ളതു കറ പറ്റാത്ത സൗഹൃദമാണെന്ന് മറ്റാരേക്കാളും നന്നായിട്ടു അവൾക്ക് അറിയാം. എന്നിട്ടും അവള് എന്തിന് ഇത് ചെയ്തു.. എങ്ങനെ കഴിഞ്ഞു അവൾക്ക്.. ലൈലയോട് അസൂയ വെക്കേണ്ട കാര്യം എന്താ അവൾക്ക്. ലൈല താജ്ന് സ്വന്തമായതിൽ എനിക്ക് സന്തോഷം മാത്രമേ ഉള്ളു.. പക്ഷെ നുസ്രയോട് ക്ഷമിക്കാനോ ഇനി പഴയത് പോലെ ആകാനോ എനിക്ക് കഴിയില്ല.. ഒരിക്കലും എന്റെ മനസ്സിൽ അവൾക്ക് ഒരു സ്ഥാനം ഇല്ലെന്ന് അവളോട്‌ പറഞ്ഞേക്ക്. അവൾ ആഗ്രഹിക്കുന്ന സ്ഥാനം പോയിട്ട് ഒരു സുഹൃത്തിന്റെ സ്ഥാനം പോലും ഇനി അവൾക്ക് എന്റെ ഉള്ളിൽ ഇല്ല.. " മുന്ന ഉറപ്പിച്ചു പറഞ്ഞു.. "എടാ.. അങ്ങനൊക്കെ പറഞ്ഞാൽ എങ്ങനെയാ.. ലൈലയുടെ വേദന മനസ്സിലാക്കുന്ന നിനക്കെന്താ നുസ്രയുടെ വേദന മനസ്സിലാക്കാൻ പറ്റാത്തെ. അവൾക്കും ഇല്ലേടാ ഒരു മനസ്സ്. നിന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടല്ലേ ഇതൊക്കെ ചെയ്തത്.. നിന്നെ സ്വന്തമാക്കണമെന്നു ആഗ്രഹിച്ചു. അതൊരു തെറ്റാണോ.. ആണെന്ന് ഞാൻ പറയില്ല. അതിലൊരു തെറ്റും ഞാൻ കാണുന്നില്ല.. "

"മതി ടാ.. ഇക്കാര്യം വിടാം.. എനിക്ക് അവളുടെ പേര് കേൾക്കുന്നതേ ദേഷ്യമാണ് ഇപ്പോൾ..എല്ലാം ലൈലയോട് പറഞ്ഞേനെ ഞാൻ. പക്ഷെ നുസ്ര ആണെന്ന് അറിഞ്ഞാൽ അവൾ സഹിക്കില്ല. അവളുടെ വേദന കൂടുകയെ ഉള്ളു..അവളൊന്നു ഓക്കേ ആയിക്കോട്ടെ. എന്നിട്ടു പറയാം..എന്തായാലും പറയണം. ഇല്ലങ്കിൽ അവൾ താജ്നെ വല്ലാതെ വെറുത്തു പോകും..ലൈല മാത്രമല്ല. താജുo ഇപ്പോൾ ഇത് അറിയണ്ട.. അവന്റെ ദേഷ്യമൊക്കെ ഒന്ന് ആറട്ടേ. ഇല്ലെങ്കിൽ അവൻ നുസ്രയെ എന്താ ചെയ്യുകയെന്ന് പറയാൻ പറ്റില്ല. ലൈല ഓക്കേ ആയാൽ തന്നെ അവന്റെ ദേഷ്യം മാറിക്കോളും..കുറച്ച് ദിവസം ഇങ്ങനെ പോകട്ടെ.. മനസ്സ് ശാന്തമായാൽ രണ്ടു പേർക്കും നുസ്രയോട് ക്ഷമിക്കാൻ കഴിയും.. " മുന്ന പറഞ്ഞു. എബി ഒന്ന് മൂളുക മാത്രം ചെയ്തു.. എബിയുടെ മനസ്സ് അസ്വസ്ഥതമാണെന്ന് മുന്നയ്ക്ക് മനസ്സിലായി..പിന്നെ ഒന്നും പറയാൻ നിന്നില്ല. പോകാൻ നോക്കി. എബി അപ്പൊത്തന്നെ മുന്നയെ വിളിച്ചു. മുന്ന എന്താന്നുള്ള ഭാവത്തിൽ എബിയെ നോക്കി. "ഇന്നലത്തെ കാര്യമൊന്നും പറഞ്ഞില്ലല്ലോ.. എന്തായി പെണ്ണു കാണൽ.. " എബി ചോദിച്ചു.. "ഒന്നും ആയില്ല.. പെണ്ണിനെക്കാൾ വില പൊന്നിന് കൊടുക്കുന്നവരാ ഇന്നത്തെ സമൂഹം..

പെണ്ണ് പത്തര മാറ്റ് തങ്കം ആണെങ്കിലും വരുന്നവർക്കൊക്കെ വേണ്ടത് പെണ്ണിനെ ഇട്ടു മൂടാനുള്ള സ്വർണമാണ്.. വീടും പറമ്പും വിറ്റിട്ട് ആണെങ്കിലും ഡിമാൻഡ്സ് അംഗീകരിച്ചു നല്ല രീതിയിൽ തന്നെ ഞാൻ എന്റെ പെങ്ങളെ വിവാഹം കഴിപ്പിച്ചു കൊടുത്തേനെ.. പക്ഷെ അതിൽ എന്ത് കാര്യം.. ചെന്നിടത്തു അവൾക്ക് സുഖവും സന്തോഷവും ഉണ്ടാവുമെന്ന് എന്താ ഉറപ്പ്.. കൊണ്ടു പോയ പണവും സ്വർണവുമൊക്കെ തീർന്നു കഴിയുമ്പോൾ അവർ ഒരു കറിവേപ്പില പോലെ അവളെ വലിച്ചെറിയില്ലന്ന് ആര് കണ്ടു.. അത് കൊണ്ടു പണവും സ്വർണവും മോഹിച്ചു വരുന്നവർക്ക് ഞാനെൻറെ പെങ്ങളെ കൊടുക്കില്ലന്ന് തീരുമാനിച്ചു. അവളുടെ മനസ്സ് മോഹിച്ചു വരുന്ന ആരെങ്കിലും ഉണ്ടാകും.. ആ കൈകളിലേക്ക് വെച്ചു കൊടുത്തോളം ഞാൻ അവളെ.. " എന്ന് പറഞ്ഞു മുന്ന ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരി അവന്റെ വേദന ആണെന്ന് എബിക്ക് മനസ്സിലായി..എല്ലാം പെട്ടെന്ന് ശെരിയാകുമെടാന്ന് പറഞ്ഞു എബി അവന്റെ തോളിലൂടെ കയ്യിട്ടു.. അപ്പൊത്തന്നെ അവനും എബിയുടെ തോളിൽ കയ്യിട്ടു നേരെ കാന്റീനിലേക്ക് വിട്ടു. 🍁🍁🍁🍁🍁🍁 വൈകുന്നേരം കിച്ചണിൽ കയറി ഒരു കപ്പ് കോഫിയും എടുത്തു ലൈല പുറത്ത് ഗാർഡനിൽ പോയിരുന്നു.. വ്യത്യസ്ത നിറത്തിൽ വ്യത്യസ്ത ചെടികളും പൂക്കളും.. മറ്റു അനേകം വള്ളി ചെടികളും ചെറിയ ചെറിയ മരങ്ങളും. എല്ലാം കായ്ച്ചു നിന്നിട്ടുണ്ട്. മൊത്തത്തിൽ ഒരു മൈതാനത്തിന്റെ വലിപ്പമുണ്ട്.

പണ്ടേ പൂക്കളോടും മരങ്ങളോടും വല്യ കാര്യമാണ്. അത് കൊണ്ടു അവൾ അവിടെ ഇരുന്നു എല്ലാത്തിന്റെയും ഭംഗി നോക്കുകയും ആസ്വദിക്കുകയും ചെയ്തു. "അവന്റെ ഉമ്മ തുടങ്ങി വെച്ചതാ.. പൂക്കളോടും മരങ്ങളോടും വല്യ താല്പര്യമായിരുന്നു.. അവളുടെയാ ഈ ഗാർഡൻ.. " ഉപ്പ അവളുടെ അടുത്തേക്ക് വന്നു. അവൾ മുഖം കൊടുക്കാതെ എഴുന്നേറ്റു പോകാൻ നിന്നു.. "മോളേ.. " ഉപ്പ ഒരേസമയം സ്നേഹത്തോടെയും വേദനയോടെയും വിളിച്ചു.. ആ വിളി കേട്ടതും അവളുടെ കാലുകൾ നിശ്ചലമായി.മോളേ ലൈലൂന്നും വിളിച്ചു താഴത്തും തലയിലും വെക്കാതെ ഒമനിച്ചു വളർത്തിയ സ്വന്തം ഉപ്പാനെ ഓർമ വന്നു.. അവളുടെ കണ്ണുകളിൽ നനവ് പടർന്നു.. പക്ഷെ പുറത്തേക്ക് കാണിച്ചില്ല. കണ്ണ് തുടച്ചു തിരിഞ്ഞു എന്താന്നുള്ള ഭാവത്തിൽ ഉപ്പാനെ നോക്കി.. "മോൾക്ക്‌ എന്നോട് ദേഷ്യമാണെന്ന് അറിയാം.. ഞാനെന്തു പറഞ്ഞാലും അതൊന്നും മോൾക്ക്‌ ഇഷ്ട പെടുകയോ വിശ്വാസം വരുകയോ ഒന്നും ചെയ്യില്ല..കാരണം ഞാൻ എപ്പോഴും താജ്ൻറെ ഭാഗത്തു നിന്നിട്ടേ ഉള്ളു.. അത് അവന്റെ ഭാഗത്തു ശെരി ഉള്ളത് കൊണ്ടാണെന്നു ആരും മനസ്സിലാക്കുന്നില്ല.. മോള് പോലും അക്കാര്യം മനസ്സിലാക്കാതെ പോകുന്നു.. " ഉപ്പാന്റെ ശബ്ദം ഇടറി..

അത് അവളിൽ അസ്വസ്ഥത ഉണ്ടാക്കി.. "പണ്ട് തൊട്ടേ അവൻ അങ്ങനെയാ.. വാശിയും ദേഷ്യമൊക്കെ കൂടുതലാ.. ആരുടെ മുന്നിലും തോൽക്കുന്നത് ഇഷ്ടമല്ല.. അതിപ്പോ ഈ എന്റെ മുന്നിൽ ആയാൽ പോലും. ഒന്നും മോഹിക്കാറില്ല അവൻ.. വാശി കൂടുതൽ ആയിരുന്നിട്ട് പോലും ഇന്നുവരെ ഒന്നും സ്ഥന്തമാക്കിയിട്ടില്ല.എപ്പോഴും എല്ലാം വിട്ടു കൊടുത്തിട്ടേ ഉള്ളു. അഥവാ എന്തെങ്കിലും ഒന്ന് മോഹിക്കുകയും സ്വന്തം ആക്കണമെന്നു ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് അവൻ സ്വന്തമാക്കിയിരിക്കും.. അതിനി എത്ര കഷ്ടപ്പെട്ടിട്ട് ആയാലും. പക്ഷെ ഒരിക്കലും ചതി സ്വീകരിക്കില്ല. തെറ്റിനെ കൂട്ട് പിടിച്ചു മോശപ്പെട്ട വഴിയിലൂടെ സഞ്ചരിക്കില്ല. മോൾക്ക്‌ ഒരു കാര്യം അറിയുമോ. ജീവിതത്തിൽ ഇന്നുവരെ അവൻ ഒരു പെണ്ണിനെയും സ്നേഹിച്ചിട്ടില്ല. എന്തിന്. അവന്റെ ഉമ്മാനെ പോലും അവൻ സ്നേഹിച്ചിട്ടില്ല. വെറുത്തിട്ടേ ഉള്ളു.. ആദ്യമായി സ്നേഹവും ഇഷ്ടവുമൊക്കെ തോന്നിയ പെണ്ണ് നീയാ.. അതും വെറും ഇഷ്ടമല്ല.. അവന്റെ പ്രാണനോളം ഇഷ്ടമാണ് നിന്നോട്. നീ എന്നാൽ വല്ലാത്തൊരു തരം വാശിയാ അവന്. ആ വാശി തന്നെയാ അവന് നിന്നോടുള്ള സ്നേഹവും. ഒരു വൈകുന്നേരമാ അവൻ വന്നു എന്നോട് പറയുന്നത് അവനു നിന്നെ ഇഷ്ടമാണെന്ന്. അന്ന് ഞാനൊരുപാട് സന്തോഷിച്ചു.

ഒരു പെണ്ണിനോട് ഇടപെടുകയും അവളുടെ സ്നേഹം അനുഭവിക്കുകയും ചെയ്യുമ്പോൾ അവന്റെ ഈ സ്വഭാവമൊക്കെ മാറുമെന്ന്. പക്ഷെ ഒന്നും ഉണ്ടായില്ല. നിന്നെ പരിചയപ്പെട്ടതിന് ശേഷം അവന്റെ ദേഷ്യവും വാശിയുമൊക്കെ കൂടിട്ടേ ഉള്ളു. അതെന്ത് കൊണ്ടാണെന്നു മനസ്സിലായത് അവൻ വന്നു കോളേജിലെ ഓരോ കാര്യങ്ങളും പറയുമ്പോഴാ. എബി ഇടയ്ക്ക് ഇടെ വിളിക്കും.. അവന്റെ കുറ്റങ്ങൾ ബോധിപ്പിക്കാൻ.. അവൻ നിന്നോട് ചെയ്യുന്ന ഉപദ്രവങ്ങളെ കുറിച്ച് പറയാൻ.. പറഞ്ഞു നന്നാക്കാൻ ഒരുപാട് ശ്രമിച്ചു. എനിക്ക് ആയില്ല അതിന്.. ചെറുപ്പം തൊട്ടേ ശാസിച്ചു വളർത്തണമായിരുന്നു. അതൊന്നും ഞാൻ ചെയ്തില്ല. ഒരു വാക്ക് കൊണ്ടു പോലും അവനെ വേദനിപ്പിക്കാനോ സങ്കട പെടുത്താനോ ഒന്നും എനിക്ക് കഴിയില്ലായിരുന്നു.. ഉമ്മ ഇല്ലാതെ വളരുന്ന അവന് ഉമ്മയും ഉപ്പയുമൊക്കെ ഞാൻ ആയിരുന്നു.. ഒരുപക്ഷെ ഉമ്മയോ ഒരു കൂട പിറപ്പോ അവന്റെ ഒന്നിച്ച് ഈ വലിയ വീട്ടിൽ ഉണ്ടായിരുന്നു എങ്കിൽ അവനിന്ന് ഇങ്ങനൊന്നും ആകില്ലായിരുന്നു.. ഇങ്ങനെ സ്നേഹ ബന്ധങ്ങൾ ഒന്നും അറിയാത്തവനായി മാറില്ലായിരുന്നു

.നിങ്ങളുടെ രണ്ടുപേരുടെയും വിവാഹം കഴിയുമ്പോൾ ഞാൻ വിചാരിച്ചു ഇതോടെ എല്ലാം കഴിഞ്ഞെന്ന്.. പക്ഷെ ഒന്നും കഴിഞ്ഞില്ലന്ന് മനസ്സിലായി.. എല്ലാം തുടങ്ങുകയാ ചെയ്തത്.. അവന്റെ സ്വാഭാവം ഉള്ളതിനേക്കാൾ കഷ്ടമായി. മോൾക്ക്‌ ആണേൽ സന്തോഷമില്ല. എപ്പോഴും മുഖം ഇരുണ്ടിരിക്കുന്നത് കാണാം.. ഒരു വിവാഹം കഴിഞ്ഞാൽ എങ്കിലും അവൻ നന്നാകുമെന്നു കരുതി. അവന്റെ ഭാര്യയായി വരുന്ന പെണ്ണിൽ നിന്നും അവന് നഷ്ടപ്പെട്ടു പോയ അവന്റെ ഉമ്മാന്റെയും കൂട പിറപ്പിന്റെയുമൊക്കെ സ്നേഹം അവന് കിട്ടുമെന്നു കരുതി.. പക്ഷെ ഒന്നും ഉണ്ടായില്ല. കാര്യങ്ങൾ കൂടുതൽ വഷളായി.. എല്ലാത്തിനും കാരണം ഞാനാ. ഞാൻ ഒറ്റ ഒരുത്തൻ. മകനോടുള്ള അമിതമായ സ്നേഹം കൊണ്ടു മോളുടെ മനസ്സ് കാണാതെ അവനുമായുള്ള വിവാഹത്തിന് നിർബന്ധിച്ചു.. വലിയ തെറ്റായിപ്പോയി.. " അവന്റെ ഉപ്പ വീണ്ടും പറഞ്ഞു.. വേദനയോടെ അവിടെയുള്ള ഇരുപ്പിടത്തിലേക്ക് ഇരുന്നു. ആ ശബ്ദം ഇടറിയത് മാത്രമല്ല, ആ കണ്ണുകൾ നിറഞ്ഞത് അവൾ അറിഞ്ഞു..

.ഉപ്പാക്ക് അവനോടുള്ള സ്നേഹം കാണുമ്പോൾ മരണപ്പെട്ടു പോയ സ്വന്തം ഉപ്പാനെ തന്നെ ഓർമ വന്നു കൊണ്ടിരുന്നു അവൾക്ക്. തന്റെ ഉപ്പ തന്നെ സ്നേഹിച്ചത് ഇതുപോലെയാണ്. ആഗ്രഹിക്കുന്നത് എന്തും നേടി തരുമായിരുന്നു. അതിന്റെ വിലയോ കഷ്ടപ്പാടോ ഒന്നും നോക്കാറില്ലായിരുന്നു.. അരുതാത്തത് ആണെങ്കിൽ പോലും വേണമെന്ന് പറഞ്ഞു വാശി പിടിച്ചു കരയുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ സ്വന്തമാക്കി തരുമായിരുന്നു.മക്കളോട് സ്നേഹമുള്ള ഏതൊരു ഉപ്പ ആയാലും അങ്ങനെ തന്നെയാണ്.. അതേ ഈ ഉപ്പയും ചെയ്തിട്ടുള്ളൂ. മകന്റെ സന്തോഷവും ആഗ്രഹവുമൊക്കെ മനസ്സിലാക്കി അത് നേടി കൊടുത്തു. അതിലൂടെ അവന്റെ നന്മയും ആഗ്രഹിച്ചു.. ഇത്രേം സ്നേഹമുള്ള ഒരു ഉപ്പാനോട് ദേഷ്യം കാണിച്ചതു ഓർത്തു അവളുടെ ഉള്ളമൊന്നു പിടഞ്ഞു. അവൾ അപ്പൊത്തന്നെ സങ്കടത്തോടെ ഉപ്പാന്നും വിളിച്ചു ഉപ്പാന്റെ അടുത്തിരുന്നു.ഉപ്പ പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി. "ഉപ്പാന്റെ മകനെ എനിക്കിഷ്ടമല്ലാ.. എന്നിട്ടും അവന്റെ ഭാര്യ ആകാനുള്ള സമ്മതം നൽകിയത് ഉപ്പാന്റെ മോളേന്നുള്ള വിളിയും കണ്ണ് നിറച്ചു എന്റെ മുന്നിൽ യാചനയോടെ വന്നു നിന്ന മുഖവുമാണ്.. മോളേന്ന് വിളിച്ചപ്പോൾ എനിക്കെന്റെ ഉപ്പാനെ ഓർമ വന്നു..

എനിക്ക് ഉപ്പയില്ല.. ഉമ്മയില്ല.. സ്നേഹിച്ചു കൊതി തീരുന്നതിന് മുൻപേ രണ്ടു പേരെയും റബ്ബ് അങ്ങ് എടുത്തു കളഞ്ഞു.. പക്ഷെ ഇപ്പോ ആ സ്നേഹം ഞാൻ അറിയുന്നുണ്ട്.. എനിക്ക് നഷ്ടപ്പെട്ടു പോയ എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും സ്നേഹം ഈ ഉപ്പയിൽ നിന്നും ഞാൻ അറിയുന്നു.. ഉപ്പാനോട് ദേഷ്യം കാണിച്ചതിനും വേദനിപ്പിച്ചതിനും എന്നോട് പൊറുക്കണം.. എന്റെ സങ്കടം കൊണ്ടാ.." അവൾ ഉപ്പാന്റെ രണ്ടു കയ്യും തന്റെ കൈകൾക്കുള്ളിൽ ആക്കി കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു.. ഉപ്പ ഒന്നും മിണ്ടിയില്ല. പകരം ആനന്ദ കണ്ണീരോടെ അവളെ തന്നിലേക്ക് ചേർത്തിരുത്തി. അവൾ അപ്പോൾത്തന്നെ ആ നെഞ്ചിലേക്ക് ചാഞ്ഞു. "ഞാനെന്നും ഉപ്പയായി കണ്ടോളാം.. എന്റെ സ്വന്തം ഉപ്പയായി. പക്ഷെ അവനെ എന്റെ ഭർത്താവ് ആയി കാണാൻ പറയരുത്.. അവനെ സ്നേഹിക്കാൻ എന്നോട് പറയരുത്.. ദേഷ്യവും വെറുപ്പുമൊക്കെ ഞാൻ മായിച്ചു കളയാം. പക്ഷെ അതിന് അപ്പുറം സ്നേഹം നൽകാൻ എന്നോട് പറയരുത്.. ഉപ്പാന്റെ മനസ്സ് എനിക്കറിയാം. മകനെ കുറിച്ചോർത്തുള്ള വേവലാതിയും മനസ്സിലാകും. പക്ഷെ എനിക്ക് പറ്റണില്ല.. അവനെ അംഗീകരിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അവന്റെ സാമീപ്യം ഉൾകൊള്ളാൻ കഴിയുന്നില്ല എനിക്ക്..

ഞാനൊരു വിവാഹം ആഗ്രഹിച്ചിട്ടില്ല.. ജീവിതത്തിൽ ഒരു വിവാഹം വേണ്ടെന്നു വെച്ചവളാ ഞാൻ.. എന്റെ അനിയനു വേണ്ടി മാത്രം ജീവിക്കുന്നവളാ ഞാൻ.. ആ ഞാനാ ഇപ്പോൾ ഇവിടെ ഒരു ഭാര്യയായി, മരുമകളായി.. എനിക്ക് ഉൾകൊള്ളാൻ ആവുന്നതേയില്ല.. അവൻ ഒരിക്കലും എന്നെ മനസ്സിലാക്കില്ല.. ഉപ്പ എങ്കിലും എന്നെ മനസ്സിലാക്കണം.. " എന്നൊക്കെ അവളാ നെഞ്ചിലേക്ക് പറ്റി ചേർന്നു ചുണ്ട് വിതുമ്പി കൊണ്ടു പറഞ്ഞതും ഉപ്പാക്ക് വല്ലാതെയായി.. അവളുടെ കണ്ണുനീർ ഷർട്ടിനെ നനയ്ക്കുന്നതിന് ഒപ്പം നെഞ്ചിനെ ചൂട് പിടിപ്പിക്കാൻ തുടങ്ങി.. എന്ത് പറയണം എങ്ങനെ ആശ്വസിപ്പിക്കണമെന്നൊന്നും അറിഞ്ഞില്ല. അതുകൊണ്ട് ഏറെ നേരം അവളുടെ തലയിൽ തലോടിക്കൊണ്ട് അങ്ങനെ ഇരുന്നു. അപ്പോഴും ഉപ്പാന്റെ മനസ്സിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. ഇന്നല്ലങ്കിൽ നാളെ അവൾ താജ്നെ അംഗീകരിക്കുമെന്ന്.. 🍁🍁🍁🍁🍁 രാത്രി കിടക്കാൻ വേണ്ടി റൂമിലേക്ക്‌ പോകുമ്പോൾ അവൻ ബെഡിൽ മലർന്നു കിടന്നു ഫോണിൽ നോക്കുന്നത് കണ്ടു. അവൾ അവനെ മൈൻഡ് ചെയ്യാൻ ഒന്നും നിന്നില്ല.

ചെന്നു ബെഡിന്റെ ഒരു അറ്റത്തു കിടക്കാൻ വേണ്ടി നോക്കി. അത് കണ്ട അവൻ ഫോൺ മാറ്റി വെച്ചു കയ്യും കാലും രണ്ടു ഭാഗത്തേക്ക്‌ വിടർത്തി വെച്ചു. തന്നെ കിടക്കാതെ ആക്കാൻ വേണ്ടി ആണെന്ന് അവൾക്ക് മനസ്സിലായി.വിട്ടു കൊടുക്കാൻ ഒന്നും പോയില്ല.. പില്ലോ എടുത്തു അവന്റെ കയ്യും കാലും ഉന്തി നീക്കി. അവന് അതൊന്നും എവിടെയും ഏശിയില്ല.. വീണ്ടും അതുപോലെ തന്നെ കയ്യും കാലും നീട്ടി വിരിച്ചു വെച്ചു കിടന്നു.. "എനിക്കു കിടക്കണം.. " അവൾ ദേഷ്യത്തിൽ പറഞ്ഞു. "വേണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ.. കിടന്നോ.. " അവൻ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞു. "തെണ്ടി.. ചക്ക വെട്ടിയിട്ടതു പോലെ കിടന്നാൽ ഞാൻ എവിടെയാ കിടക്കേണ്ടത്.. നിന്റെ നെഞ്ചത്തോ. മാറി കിടക്കടാ.. " "എന്റെ വീട്.. എന്റെ റൂം.. എന്റെ ബെഡ്.. ഞാൻ എനിക്കു ഇഷ്ടമുള്ളത് പോലെ കിടക്കും.. ഈ ഉള്ള സ്ഥലത്ത് കിടക്കാൻ പറ്റുന്നവർ മാത്രം കിടന്നാൽ മതി ഇവിടെ. നിന്റെ സൗകര്യത്തിനു കിടക്കാൻ എന്നെ കിട്ടില്ല.. വേറെ ആളെ നോക്ക്.. " "എന്നെ കിടക്കാൻ സമ്മതിക്കാതെ അങ്ങനെയിപ്പോ നീ മാത്രം കിടക്കേണ്ട.. " എന്നും പറഞ്ഞു അവൾ ജഗ്ഗിലെ വെള്ളം എടുത്തു അവന്റെ മേലേക്ക് ഒഴിച്ചു.. "ഡീീീ... " അവൻ അലറിക്കൊണ്ട് എഴുന്നേറ്റു.. "പോടാ.. നേരത്തെത്തേതു മറന്നിട്ടില്ലല്ലോ.. വല്ലാണ്ട് കളിക്കാൻ നിക്കണ്ട എന്നോട്.. നേരത്തെ കൊല്ലാതെ വിട്ടെന്ന് കരുതി ഇനി അത് ഉണ്ടാവില്ല.. " "കൊല്ലുമോ നീയെന്നെ.. എന്നാൽ എനിക്കത് ഒന്ന് കാണണമല്ലോ.. "

എന്നും പറഞ്ഞു അവൻ ദേഹത്തെ വെള്ളവും കുടഞ്ഞു കൊണ്ടു ബെഡിൽ നിന്നും ഇറങ്ങി അവളുടെ അടുത്തേക്ക് നടന്നു.. "അടുത്ത് വരരുത്.. " അവൾ അവന്റെ നേരെ വിരൽ ചൂണ്ടി.. "വന്നാലോ.. " അവൻ വല്ലാത്തൊരു ഭാവത്തോടെ അവളുടെ അടുത്ത് ചെന്നു നിന്നു.. അവൾ പിന്നിലേക്ക് നീങ്ങി.. അത് കണ്ടു അവൻ മുന്നിലേക്ക് നീങ്ങി അവളെ മുട്ടി മുട്ടിയില്ലന്ന രീതിയിൽ നിന്നു.. അവൾ വീണ്ടും പിന്നിലേക്ക് നീങ്ങിയതും ഭിത്തിയിൽ തട്ടി നിന്നു. അവൾ സൈഡിലേക്ക് മാറി പോകാൻ നോക്കി..പെട്ടെന്ന് അവൻ ആ ഭാഗത്തേക്ക്‌ കൈ ഭിത്തിയിൽ കുത്തി നിർത്തി. അത് കണ്ടു അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവൻ താടിയിലെ വെള്ളം വിരലിലേക്ക് വടിച്ചു എടുത്തു അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു. അവൾ ഇഷ്ട കേടോടെ മുഖം തിരിച്ചു കളയാൻ നോക്കിയതും അവൻ അവളുടെ കവിളിനു കുത്തി പിടിച്ചു കണ്ണുകളിലേക്ക് നോക്കി. "കരച്ചിൽ ഇല്ല.. പിഴിച്ചിൽ ഇല്ല.. ദേഷ്യം മാത്രം ആണല്ലോ.. " അവൻ അവളുടെ കണ്ണുകളിൽ നിന്നും കണ്ണ് എടുക്കാതെ പറഞ്ഞു. അവൾ അപ്പൊത്തന്നെ അവന്റെ കൈ തട്ടി മാറ്റി. "ഏതായാലും ഇങ്ങനൊക്കെ സംഭവിച്ചു..എന്റെ നിർഭാഗ്യത്തിനു ഞാൻ നിന്റെ ഭാര്യ ആയിപോയി..

പക്ഷെ അതോർത്തു കരഞ്ഞും പിഴിഞ്ഞും എനിക്കെന്റെ ജീവിതം നശിപ്പിച്ചു കളയാൻ ഒന്നും പറ്റില്ലല്ലോ.. യെസ്.. ദേഷ്യമാ..നിന്നോട് മാത്രമുള്ള ദേഷ്യം..ജീവിതത്തിൻറെ കറുത്ത ഭാഗം. അത്രേ കരുതുന്നുള്ളൂ ഞാൻ ഇതിനെ. ഏതായാലും കുറച്ചു ദിവസം ഞാൻ ഇവിടെ കാണും.. എത്രയും പെട്ടെന്ന് ഡിവോഴ്സ് വാങ്ങി തരണം. അതുവരെ നിന്നെ വെറുതെ വിടുന്നത് എങ്ങനെയാ.. ഒന്നുല്ലങ്കിലും എന്നെ ചെയ്തതിനുള്ളതൊക്കെ ഞാൻ നിനക്ക് തിരിച്ചു തരണ്ടേ.. അല്ലെങ്കിൽ പിന്നെ ഞാനൊരു ഉശിരുള്ള പെണ്ണാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.. എന്റെ ദേഷ്യം മുഴുവൻ ഞാൻ തീർക്കും.. അതും നിന്നോട് തന്നെ.. സ്വസ്ഥത എന്തെന്ന് ഇനി നീ അറിയില്ല. അറിയിക്കില്ല നിന്നെ ഞാൻ.. നിന്നെ ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം ഞാൻ ചെയ്തിരിക്കും.. " അവൾ എരിയുന്ന കണ്ണുകളോടെ പറഞ്ഞു. അവനൊന്നു ചിരിച്ചു.. കൈ എടുത്തു മാറ്റി അവളെ പോകാൻ അനുവദിച്ചു. ആ ചിരി അവന്റെ സന്തോഷം തന്നെയായിരുന്നു. അവൾ കരച്ചിലും പിഴിച്ചിലുമൊക്കെ നിർത്തി പഴയ ദേഷ്യക്കാരി ആയതിന്റെ സന്തോഷം.. അവൾ ബെഡ് നനയാത്ത ഭാഗം നോക്കി കിടന്നു. അവനും അപ്പൊത്തന്നെ കയറി അവളെ പറ്റി ചേർന്നു കിടന്നു.. ഒന്നും നോക്കിയില്ല അവൾ. കാല് ഉയർത്തി ഒരൊറ്റ ചവിട്ടിനു അവനെ താഴേക്ക് ഇട്ടു.. അവൻ ഊരയും കുത്തി നിലത്തേക്ക് വീണു. നല്ലോണം വേദനിച്ചു. എന്നിട്ടും അലറിയില്ല..

അവൾടെ മുന്നിൽ തോറ്റു പോയാലോന്ന് കരുതി വേദന കടിച്ചു പിടിച്ചു എഴുന്നേറ്റു അവളെ രൂക്ഷമായി നോക്കി.. അവളൊന്നു പുച്ഛിച്ചു തിരിഞ്ഞു കിടന്നതും അവൻ അവളുടെ കാലിൽ പിടിച്ചു വലിച്ചു നിലത്തേക്ക് ഇട്ടു.. "ഉമ്മാാ... " വീഴ്ചയിൽ അവൾ നാലു ലോകവും കണ്ടു.. എഴുന്നേൽക്കാതെ അവിടെ തന്നെ കിടന്നു നടുവിനും വയറിനും കൈ വെച്ചു വേദന കൊണ്ടു പുളയാൻ തുടങ്ങി. "അടങ്ങി ഒതുങ്ങി നിന്നാൽ നിനക്ക് കൊള്ളാം..അല്ലെങ്കിൽ നിന്റെ പൊടി പോലും ഞാൻ ബാക്കി വെക്കില്ല.. " അവൻ ബെഡിലേക്ക് കയറി കിടന്നു. "വേദനിച്ചിട്ട് വയ്യാ.. എണീക്കാൻ പറ്റണില്ല.. ഞാൻ ഉപ്പാനോട് പറഞ്ഞു കൊടുക്കും.. " അവൾ കിടന്നിടത്ത് നിന്നും വയറും അമർത്തി പിടിച്ചു കൊച്ചു കുട്ടികളെ പോലെ അലറി കരയാൻ തുടങ്ങി. "ഹൂ.. തൊണ്ട പൊട്ടിക്കണ്ടാ.. ഇങ്ങ് എണീക്ക്.. " അവൻ ബെഡിൽ നിന്നും ഇറങ്ങി അവളെ എണീപ്പിക്കാൻ നോക്കി. അവൾ അവന്റെ കയ്യിൽ പിടിച്ചു താഴേക്ക് വലിച്ചു. അവൻ മലർന്നടിച്ചു നിലത്തേക്ക് വീണു. അപ്പോഴേക്കും അവൾ ഉരുണ്ടു കെട്ടി എഴുന്നേറ്റു നിന്നിരുന്നു.

. "പുല്ലേ.. നിന്നെ ഞാനിന്ന്...ഔ.. " അവന് തെറി വിളിക്കാൻ പോലും ആയില്ല.. വേദന കൊണ്ടു പുളഞ്ഞു. "ഇന്നലെയും മിനിയാന്നുമൊക്കെ സോഫയിൽ അല്ലേ കിടന്നത്.. ഇന്നും അവിടെ തന്നെ കിടന്നാൽ മതി നീ.. കട്ടിലും ബെഡും എനിക്ക് ഉള്ളതാ.. ഇതിൽ അവകാശം കാണിക്കാൻ വരണ്ട.. എനിക്കു കിടക്കണം. ഉറക്കം വരുന്നു.. എങ്ങാനും ഇനി ശല്യം ചെയ്യാൻ വന്നാൽ ഉണ്ടല്ലോ.. " എന്നും പറഞ്ഞു അവൾ തലയിണയുടെ അടിയിൽ നിന്നും വെട്ടു കത്തി എടുത്തു കാണിച്ചു.. അവന്റെ അന്തം പോയി. കണ്ണും മിഴിച്ചു കത്തിയിലേക്ക് നോക്കി. ശേഷം അവളെയും. "നോക്കണ്ട..ഒരു മുൻകരുതലാ.. നിന്നെ എനിക്കു തീരെ വിശ്വാസമില്ല.. നിന്റെ ഒന്നിച്ച് പിടിച്ചു നിൽക്കണമെങ്കിൽ എനിക്കിതൊക്കെ വേണം.. സോ സോറി മുത്തേ.. ഷെൽഫിൽ ഓയൽമെന്റ് ഉണ്ടല്ലോ.. എടുത്തു തേച്ചു കിടക്ക്.. ഗുഡ് നൈറ്റ് മരപ്പട്ടി." അവൾ പുതപ്പും വലിച്ചു കയറ്റി കിടന്നു. അവൾക്ക് ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു..

പക്ഷെ ചിരിക്കാൻ ഒന്നും നിന്നില്ല. നാളെ അവന് എന്ത് പണി കൊടുക്കണമെന്നോർത്തോണ്ട് കണ്ണുകൾ അടച്ചു.. കിടക്കടീ.. കിടക്ക്.. ഇന്ന് കൊണ്ടൊന്നും ലോകം അവസാനിക്കുന്നില്ലല്ലോ.. നിനക്ക് ഉള്ളത് ഞാൻ താരാടീ പോത്തേ.. അവൻ പല്ല് ഞെരിച്ചു സോഫയിൽ ചെന്നു കിടന്നു.. അപ്പൊത്തന്നെ എഴുന്നേറ്റു അവളുടെ അടുത്തേക്ക് വന്നു.. അവള് പുതച്ചിരിക്കുന്ന പുതപ്പ് വലിച്ചു എടുത്തു. "Yuuuu..." അവൾ ദേഷ്യം കൊണ്ടു കയ്യും കാലും ബെഡിൽ ഇട്ടടിച്ചു.. "കട്ടിലും ബെഡും നിനക്ക്.. ബ്ലാങ്കറ്റ് എനിക്ക്.. നിനക്ക് വേണേൽ പോയി നിന്റെ വീട്ടിന്നു എടുത്തു കൊണ്ടു വാടി.. " അവൻ സോഫയിൽ മൂടി പുതച്ചു കിടന്നു. "പട്ടി.. " അവൾ തലയിണ എടുത്തു എറിഞ്ഞു.. "Thank yuh muthe..ummmaaahh.." അവൻ പുതപ്പ് താഴ്ത്തി ദേഹത്ത് വീണ തലയിണ എടുത്തു അവൾക്കൊരു ഫ്ലൈയിങ്ങ് കിസ്സ് കൊടുത്തു. "ചീ..." അവൾ മുഖം തിരിച്ചു കിടന്നു.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story