ഏഴാം ബഹർ: ഭാഗം 40

ezhambahar

രചന: SHAMSEENA FIROZ

"എന്തിന്..? " അവൻ ഗൗരവത്തോടെ അവളെ നോക്കി. "എന്തിനെന്നോ..എന്റെ ഡ്രസ്സ്‌ ഒക്കെ അവിടെയല്ലേ..അതൊക്കെ എടുക്കാൻ.. " "ദേ..ഒരൊറ്റ വീക്കങ്ങ് വെച്ചു തന്നാൽ ഉണ്ടല്ലോ..പലവട്ടം പറഞ്ഞിട്ട് ഉള്ളതാ മുഖത്ത് നോക്കി കടിച്ചാൽ പൊട്ടാത്ത നുണ പറയരുതെന്ന്.." അവൻ ദേഷ്യത്തോടെ കയ്യിലെ കപ്പ് അവളുടെ കയ്യിൽ വെച്ചു കൊടുത്തു. "എന്നാ പിന്നെ മുഖത്ത് നോക്കാതെ പറയാം.. " അവൾ നിന്നു പിറു പിറുത്തു. "എന്തേലും പറയാൻ ഉണ്ടേൽ ഉറക്കെ പറയെടി..ഒരുമാതിരി പെണ്ണുങ്ങളുടെ സ്വഭാവം എടുക്കരുത്.. " "പെണ്ണുങ്ങളുടെ സ്വഭാവം എടുക്കാതെ നിക്കാൻ ഞാൻ ആണൊന്നും അല്ലല്ലോ.. പറയാൻ ഉള്ളത് ഞാൻ പറഞ്ഞു.. എനിക്കൊന്നു വീട് വരെ പോകണം. എന്റെ ഡ്രസ്സ്‌ എടുക്കണം..ഒരു ഷെൽഫ് നിറയെ ഉണ്ട്..അതൊന്നും യൂസ് ചെയ്യാൻ അവിടെ ആരുമില്ല.. വെറുതെ വെച്ചിട്ടെന്തിനാ.. പണം കൊടുത്തു വാങ്ങിച്ചത് അല്ലേ.. അവിടെ വെച്ചു എലിക്കും പല്ലിക്കുമൊക്കെ തിന്നാൻ കൊടുക്കാൻ മനസ്സ് വരുന്നില്ല.. " "അയ്യോടി..പൊന്നു മോള് ഇത്രേം ലളിത ജീവിതത്തിന് ഉടമയാണെന്ന് ഞാൻ അറിഞ്ഞില്ല.. ടീ കോപ്പേ..ചുമ്മാ നമ്പർ ഇറക്കണ്ടാ. ഇവിടെ ചിലവാകില്ല..നീ ലൈല ആണെങ്കിൽ ഞാൻ താജ് ആണെന്നുള്ള കാര്യം ഓർമ ഉണ്ടല്ലോ."

"ശെടാ.. ഇത് വല്യ കഷ്ടം ആയിപോയല്ലോ..ഞാൻ കാര്യം പറഞ്ഞതാ.. എന്റെ ഡ്രസ്സ്‌ എടുക്കണം..പിന്നെ ബുക്സ്.. അതൊക്കെ അവിടെയല്ലേ..നാളെ തൊട്ടു ക്ലാസിനു പോകണം.ബുക്സ് ഒന്നും ഇല്ലാണ്ട് എങ്ങനെയാ.. ഡ്രസ്സ്‌ നിന്റേത് വെച്ചു അഡ്ജസ്റ്റ് ചെയ്തു. ഇനി ബുക്സ് അങ്ങനെ പറ്റുമോ.. " അവൾ മുഖം ചുളിച്ചു കൊണ്ട് കപ്പ് ടേബിളിലേക്ക് വെച്ചു. "ഓക്കേ..വിശ്വസിക്കാം..പക്ഷെ ഇതൊക്കെ സൈഡ് കാര്യങ്ങളാ.. മെയിൻ കാര്യം പറാ.. " "അത്.. അത് പിന്നെ.. എനിക്ക് സനൂനെ കാണണം..എത്ര നാളായി ഞാൻ കണ്ടിട്ട്..എനിക്ക് സംസാരിക്കണം..അവനെ മിസ്സ്‌ ചെയ്യുന്നത് എത്രയാണെന്ന് പറഞ്ഞാൽ നിനക്ക് അറിയില്ല.. " അവൾ മടിച്ചു മടിച്ചിട്ടായാലും കാര്യം പറഞ്ഞു. "കാള വാല് പൊക്കുമ്പോഴേ എനിക്ക് തോന്നി സംഭവം ഇങ്ങനെ വരുള്ളൂന്ന്..പക്ഷെ മനസ്സിലാവാത്തത് അതല്ല.. നിന്റെ തലയിൽ എന്താ പിണ്ണാക്ക് ആണോന്നാ..? " "നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല.. ഞാൻ പോകും.എനിക്ക് കാണണം അവനെ.. പറ്റണില്ല ഇങ്ങനെ കാണാതെയും മിണ്ടാതെയും.. " അവൾ ഉറപ്പിച്ചു പറഞ്ഞു.

"ശെരി പൊക്കോ..ഞാൻ എതിർക്കില്ല..പക്ഷെ ഒന്ന് നീ കേട്ടോ.. അന്ന് ഫോണിലൂടെ എന്താണോ അവൻ നിന്നോട് പറഞ്ഞത്,അതേ ഇന്നും അവന് നിന്നോട് പറയാൻ ഉണ്ടാകൂ.. അത് ഒന്നൂടെ കേൾക്കണമെങ്കിൽ നിനക്ക് പോകാം..നിന്റെ മുഖത്ത് നോക്കി തന്നെ അവൻ പറയും.അത് താങ്ങാനും പിടിച്ചു നിൽക്കാനുമുള്ള കഴിവ് ഉണ്ടെങ്കിൽ നിനക്ക് പോകാം.ഞാൻ തടയില്ല.. അവിടെ നിന്നു കരയുമ്പോഴും തളരുമ്പോഴും താങ്ങാൻ എന്റെ നെഞ്ച് ഉണ്ടാവില്ലന്ന് മാത്രം.. " "അതിന് ആർക്ക് വേണം നിന്റെ നെഞ്ച്..ഇത്രേം കാലം നീയാണോ എന്നെ താങ്ങിയത്.. സനു അങ്ങനൊന്നും പറയില്ല.അവനെ എനിക്കറിയാം..അന്ന് അവന്റെ അടുത്ത് അവർ ആരെങ്കിലും ഉണ്ടായിക്കാണും.അവരെ പേടിച്ചിട്ട് ആയിരിക്കും അവൻ അങ്ങനൊക്കെ പറഞ്ഞത്..അല്ലാണ്ട് എന്നെ വെറുക്കാൻ അവന് കഴിയില്ല.. " "ആയിരിക്കാം..നിന്റെ മനസ്സിൽ ഉള്ളത് പോലെത്തന്നെ ആയിരിക്കാം കാര്യങ്ങൾ.. അവന്റെ ഉമ്മനെയും ബ്രദർനെയുമൊക്കെ പേടിച്ചിട്ടാവാം അവൻ നിന്നോട് അങ്ങനൊക്കെ പെരുമാറിയത്.. നീ വേദനിക്കുമെന്ന് അറിഞ്ഞിട്ടും അവൻ അത് ചെയ്തു.

എന്തിനാ..സ്വന്തം രക്ഷയ്ക്ക് വേണ്ടി.. നിന്റെ ശത്രുവായാലെ അവിടെ ജീവിക്കാൻ കഴിയൂ എന്ന് അവന് അറിയാം..ഇല്ലങ്കിൽ അവരൊക്കെ കൂടി അവനെ കൊല്ലാതെ കൊല്ലും.. അവൻ ഇപ്പൊ അവിടെ സമാധാനത്തോടെ ജീവിക്കുന്നുണ്ടാകും.. ഒന്നുമില്ലങ്കിലും അവനെ പ്രസവിച്ച സ്ത്രീയല്ലേ അവർ..മക്കളെ കൂടുതൽ ഒന്നും ഉപദ്രവിക്കാൻ ഒരുമ്മാക്കും കഴിയില്ല. ഇപ്പൊ അവരും സനുവും നല്ല രീതിയിലാ പോകുന്നത്.. നീ അങ്ങോട്ട്‌ ചെന്നു അത് ഇല്ലാതെ ആക്കരുത്.. ആ ചെറുക്കന്റെ സമാധാനം നീയായിട്ട് കളയരുത്.." താജ് പറഞ്ഞു..പെട്ടെന്നാണ് അവളുടെ ധൈര്യമൊക്കെ ചോർന്നു പോയതും കണ്ണ് നിറഞ്ഞതും.. സനൂനെ കാണാതെ പറ്റുന്നതേ ഉണ്ടായിരുന്നില്ല അവൾക്ക്..സനൂന് തന്നെ വേണ്ടേന്നുള്ള ചോദ്യം അവളുടെ നെഞ്ചിൽ ഒരു കൊളുത്തി വലി ഉണ്ടാക്കി.. താൻ വീണു പോകുമെന്ന് തോന്നിയതും ബെഡിലേക്ക് ഇരുന്നു കട്ടിലിൻറെ കയ്യിൽ അമർത്തി പിടിച്ചു.. അവളുടെ അവസ്ഥ എന്താണെന്ന് അവന് ഊഹിക്കാവുന്നതേ ഉണ്ടാരുന്നുള്ളൂ..പതിയെ അവളുടെ അടുത്ത് ചെന്നിരുന്നു.

"എന്തിനാ..എന്തിനാ എല്ലാരും എന്നോട് ഇങ്ങനെ..എന്തിനാ എല്ലാവരും ഒരുപോലെ വേദനിപ്പിക്കണേ.. " അവൾ വിതുമ്പി വിറച്ചു കൊണ്ട് ചോദിച്ചു.രണ്ടു കൈ കൊണ്ടും മുഖം പൊത്തി പിടിച്ചു കരയാൻ തുടങ്ങി.അവൻ അവളുടെ തോളിലൂടെ കയ്യിട്ടു അവളെ തന്റെ ചുമലിലേക്ക് ചേർത്തിരുത്തി. "സ്നേഹം ഉള്ളത് കൊണ്ടാ ഇങ്ങനെ.. നിനക്ക് തരുന്ന ഈ വേദന പോലും നിന്നോടുള്ള സ്നേഹ കൂടുതലാ.. നിന്റെ നന്മയ്ക്ക് വേണ്ടിയാ എല്ലാം.. ചെറിയ ചെറിയ വേദനകൾ വല്യ സ്നേഹത്തിന്റെ അടയാളമാ.." അവൻ അവളുടെ നെറുകിൽ തലോടി ഒരു കൊച്ചു കുട്ടിക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ പറഞ്ഞു കൊടുത്തു.അവൾ കരച്ചിൽ നിർത്തിയില്ല. മുഖത്ത് നിന്നും കൈകൾ എടുത്തതുമില്ല. അവൻ ബലമായി ആ കൈകൾ എടുപ്പിച്ചു.അവൾ അവന് മുഖം കൊടുത്തില്ല..അവന്റെ ചുമലിലേക്ക് മുഖം താഴ്ത്തി.. അവൻ ഒന്നും മിണ്ടിയില്ല. കുറച്ച് നിമിഷം കടന്നു പോയി.. ഇട്ടിരിക്കുന്ന ബനിയൻ അവളുടെ കണ്ണീരിൽ നനഞ്ഞു കുതിരുന്നതു അവൻ അറിഞ്ഞു.അവന്റെ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടു.അവളുടെ ഓരോ ശ്വാസവും സനുവിന് വേണ്ടിയുള്ളതാണെന്ന് അവൻ തിരിച്ചറിഞ്ഞു.. "അവന് നിന്നോടുള്ള സ്നേഹത്തിന് അല്പം കുറവ് വന്നോന്നുള്ള തോന്നലാണ് നിന്നെ ഇങ്ങനെ കരയിപ്പിക്കുന്നത്..

അപ്പൊ ഞാൻ എന്ത് ചെയ്യണം ലൈല.. നാളുകളായി ഞാനൊരാളുടെ സ്നേഹത്തിന് വേണ്ടി കൊതിക്കുന്നു..ഇന്ന് കിട്ടും നാളെ കിട്ടുമെന്ന് കരുതി കാത്തിരിക്കുന്നു.. ഇന്നീ നിമിഷം വരെ അത് കിട്ടിയിട്ടില്ല.. ഞാൻ സ്നേഹം കൊതിക്കുന്ന ആളിൽ നിന്നും ഒരിറ്റു സ്നേഹം പോലും എനിക്ക് കിട്ടീട്ടില്ല.. എന്നിട്ടും ഞാൻ കരഞ്ഞോ..തളർന്നു പോയോ.. ഇല്ലല്ലോ..ഇപ്പൊ എന്നെയും എന്റെ സ്നേഹത്തെയും മനസ്സിലാക്കാതെ പോകുന്നവർ എന്നെങ്കിലും ഒരുനാൾ അതൊക്കെ മനസ്സിലാക്കുമെന്ന പ്രതീക്ഷയിൽ അല്ലേ ഞാനുള്ളത്..അതുപോലെ വേണം നീയും..നിനക്ക് വിഷമിക്കേണ്ട ഒരാവശ്യവുമില്ല. സനുവിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല..അവൻ നിന്റെ സനു തന്നെയാ.. നിന്നെ സ്നേഹിക്കുന്നതിന് ഒപ്പം തന്നെ അവൻ നിന്റെയും അവന്റെയും സുരക്ഷയ്ക്ക് പ്രാധാന്യം കൊടുക്കുന്നു.അത്രേ ഉള്ളു.." അവൻ അവളുടെ നെറുകിൽ തഴുകി കൊണ്ടേയിരുന്നു..കരച്ചിലിന്റെ ഇടയിലും അവന്റെ വാക്കുകൾ അവൾ ശ്രദ്ധിച്ചിരുന്നു.എല്ലാം നെഞ്ചിലാണ് വന്നു കൊണ്ടത്.. അവൾ നിറമിഴികൾ ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.

"ഇങ്ങനെ കരഞ്ഞു നാറ്റിക്കുന്നവളാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരു കാലത്തും ഞാൻ നിന്നെ പ്രണയിക്കില്ലായിരുന്നു.. " അവൾക്ക് ദേഷ്യം വന്നോട്ടെന്ന് കരുതി അവനൊരു ചിരിയോടെ കണ്ണീർ വീണു നനഞ്ഞ അവളുടെ കവിൾ തടം തുടച്ചു കൊടുത്തു.. അവൾ അപ്പൊത്തന്നെ ആ കൈ തട്ടി മാറ്റി അവന്റെ ബനിയനു കുത്തി പിടിച്ചു. "ഒരിക്കലും ഞാൻ നിന്നെ സ്നേഹിക്കില്ല. നീയീ നൽകുന്ന സ്നേഹമൊന്നും തിരിച്ചു തരാൻ എനിക്ക് കഴിയില്ല.. അറിയാം നിനക്ക് അതൊക്കെ..എന്നിട്ടും.. എന്നിട്ടും എന്തിനാ ഈ സ്നേഹം.. എന്തിന് വേണ്ടിയാ നീയെന്നെ സ്നേഹിക്കുന്നെ..നീ കൊതിക്കുന്ന സ്നേഹം എന്റെ പക്കൽ ഇല്ല.. ഉണ്ടായിരുന്നു ഒരു കാലത്ത്.. അതൊക്കെ ഞാൻ ഒരാൾക്ക് മാത്രം കൊടുത്തു..ഇപ്പൊ അതൊന്നുമില്ല.. മനസ്സ് നിറയെ ശൂന്യതയാ.. " എന്നും പറഞ്ഞോണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി.. ജീവനോളം സ്നേഹിച്ച പുരുഷനെയും ആ സ്നേഹത്തേയും നഷ്ടപ്പെട്ടു പോയ അവളുടെ മനസ്സിന്റെ വേദനയും പിടച്ചിലുമെല്ലാം എത്രയാണെന്ന് അവന് മനസ്സിലാക്കാവുന്നതേ ഉണ്ടാരുന്നുള്ളൂ.അവളെ ഒരു കൈകൊണ്ടു വട്ടം ചുറ്റി ഒന്നൂടെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. "ഇങ്ങനൊരു സ്നേഹവും കരുതലുമൊക്കെ ഞാനൊരുപാട് കൊതിച്ചിരുന്നു..

അത് പക്ഷെ നിന്റേത് അല്ല..മറ്റൊരാളുടെയാ.. എന്റെ ഹൃദയം കൈവശ പെടുത്തിയവന്റെ.. ഒരു പെണ്ണിന്റെ സുരക്ഷിത താവളം അവളെ സ്നേഹിക്കുന്ന ആണിന്റെ നെഞ്ചകമാണെന്ന് ഉമ്മ എപ്പോഴും പറയുമായിരുന്നു..എന്റെ ഉപ്പാക്ക് അത് കൊടുക്കാൻ കഴിഞ്ഞു.. പക്ഷെ അത് അനുഭവിക്കാൻ എന്റെ ഉമ്മാക്ക് ഭാഗ്യം ഉണ്ടായില്ല.. അതുപോലെ ഇന്ന് ഞാൻ.. ഞാനത് കൊതിച്ചിരുന്നു.. അനുഭവിക്കാൻ ഞാനുണ്ട്..അത് തരാൻ അവനില്ല.. " അവൾ കരച്ചിലിന്റെ ഇടയിൽ എന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു.അവളുടെ കണ്ണുനീർ നെഞ്ചിനെ വല്ലാതെ പൊള്ളിക്കുന്നത് അവൻ അറിഞ്ഞു. ഇവൾ എന്തുമാത്രം സ്നേഹിച്ചു കാണും അവനെ. താജ് ഒരു വേദനയോടെ ഓർത്തു.. "മതി ലൈല കരഞ്ഞത്..എത്രയെന്നു വെച്ചാ ഇങ്ങനെ..കഴിഞ്ഞതൊക്കെ കഴിഞ്ഞു..ഇനി അതൊന്നും ഓർത്തിട്ടോ പറഞ്ഞിട്ടോ ഒന്നും ഒരു കാര്യവുമില്ല.എവിടെയും തോൽക്കുന്നത് ഇഷ്ടം അല്ലാത്തവളല്ലെ നീ..അപ്പൊ ജീവിതത്തിലും തോറ്റു പോകാൻ പാടില്ല..വിധിയിൽ വിശ്വസിക്കുന്നതൊക്കെ കൊള്ളാം.

പക്ഷെ ആ വിധിയുടെ മുന്നിൽ ഒരിക്കലും നീ തല കുനിക്കാൻ പാടില്ല.. പരീക്ഷണങ്ങൾ നൽകുമ്പോഴോക്കെ അതിനെ മറി കടക്കണം.വീറോടെ മുന്നോട്ടു പോകണം. ജയിച്ചു തല എടുപ്പോടെ നിൽക്കണം..അത് കാണണം എനിക്ക്..എന്റെ മുന്നിൽ മാത്രേ ഒള്ളോ വാശിയും ദേഷ്യവുമൊക്കെ..വേറെ എവിടെയും ഇല്ലേ അതൊന്നും.. ചേ..എന്നാലും നിന്നെ ആണല്ലോടീ ഞാൻ ചങ്ക് ഉറപ്പുള്ള പെണ്ണെന്നു കരുതി പ്രേമിച്ചു പോയത്.. ആദ്യമേ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ നിന്റെ ഏഴു അയലത്ത് കൂടെ പോകില്ലായിരുന്നു.. പണ്ടേ എനിക്കീ കരഞ്ഞു ഒലിപ്പിക്കുന്ന പെണ്ണുങ്ങളെ ഒന്നും കണ്ണിനു കണ്ടൂടാ. ജീവിതത്തിൽ ആദ്യമായി എന്റെ സെലെക്ഷൻ ചീറ്റിപ്പോയി.. " അവൻ പറഞ്ഞു.അത് കേട്ടു അവൾ മുഖം ഉയർത്തി അവനെ കൂർപ്പിച്ചു നോക്കി. "എന്തെടി കുറുക്കനെ പോലെ നോക്കുന്നെ.. " "നീ പറയുന്നത് കേട്ടാൽ തോന്നുമല്ലോ..ഞാൻ നിന്റെ പിന്നാലെ നടന്നു നിന്നെ പ്രേമിച്ചു വീഴ്ത്തിയത് ആണെന്ന്.. നിന്നോട് ഞാൻ പറഞ്ഞോ എന്നെ ഇഷ്ടപ്പെടാൻ..ഇഷ്ട പെട്ടതോ പിന്നാലെ നടന്നതോ ഒക്കെ പോട്ടെ..

എന്നെ കല്യാണം കഴിക്കാൻ ഞാൻ പറഞ്ഞോ..എല്ലാം ഉണ്ടാക്കി വെച്ചിട്ടു ഇപ്പൊ എന്നെ പറയാൻ വന്നേക്കുന്നു.. പൊക്കോണം അവിടെന്ന്.. " അവൾ അവന്റെ നെഞ്ചിൽ പിടിച്ചു ഒരുന്ത് വെച്ചു കൊടുത്തു.. "ഇത്രേം നേരം ഈ നെഞ്ചത്ത് വീണാ കരഞ്ഞത്..ആ നന്ദി എങ്കിലും വേണമെടീ പിശാശ്ശെ.. " പിന്നിലേക്ക് മറിഞ്ഞ അവൻ അവളെ തുറിച്ചു നോക്കി. "ഓഹ് പിന്നെ..അതും ഞാൻ പറഞ്ഞില്ലല്ലോ..കരയുമ്പോൾ കരയട്ടേന്ന് വെക്കണം..അല്ലാണ്ട് ചേർത്തിരുത്താൻ നിന്നൂടാ..ഞാൻ നിന്നെപ്പോലെ അല്ല..വികാരവും വിചാരവുമൊക്കെയുള്ള മനുഷ്യനാ.. പ്രത്യേകിച്ച് ഒരു പെണ്ണ്.. അപ്പൊ കരച്ചിലും പിഴിച്ചിലുമൊക്കെ സ്വാഭാവികാ.. കരയാൻ തോന്നിയാൽ ഞാൻ കരയും.എന്താ എവിടെയാന്നൊന്നും നോക്കില്ല.. പിന്നെ നിന്റെ മുന്നിൽ പിടിച്ചു നിക്കുന്നത് തോറ്റു പോകുമോന്നു കരുതിയാ.. കണ്ണ് നിറഞ്ഞാൽ അത് നീയെന്റെ തോൽവിയായി കണ്ടാലോന്ന് കരുതിയിട്ടാ..നിന്റെ മുന്നിൽ തോറ്റാൽ തീർന്ന്..പിന്നെ ഞാൻ ജീവിച്ചിരിന്നിട്ട് കാര്യമില്ല.. " അവൾ മുഖം അമർത്തി തുടച്ചു കൊണ്ട് ബെഡിൽ നിന്നും എണീറ്റു. "അപ്പൊ നീ മരിക്കാൻ പോകുവാണോ..? " അവൻ അവളെ നോക്കി പുരികം ചുളിച്ചു.. "മരിക്കാനോ..? " അവൾ തൊള്ള തുറന്നു..

"ആ.. നീയല്ലേ പറഞ്ഞത് എന്റെ മുന്നിൽ തോറ്റാൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ലന്ന്.. ഇപ്പൊത്തന്നെ നീ രണ്ടു തവണയായി എന്റെ ദേഹത്തൊട്ടി ചേർന്നിരുന്നു ഒരു പ്രളയത്തിനുള്ള കണ്ണീർ ഒഴുക്കി വിടുന്നു.. അതുപോരെ..തോറ്റില്ലേ നീ.. " എന്നും പറഞ്ഞു അവൻ സൈറ്റ് അടിച്ചു കാണിച്ചു.അവൾക്ക് ഒന്നും പറയാൻ കിട്ടിയില്ല..അവനെ കൊല്ലുന്ന പോലെ ഒന്ന് നോക്കി അവൾ റൂമിന് പുറത്തേക്ക് നടന്നു. "ടീ..കണ്ണീരു മാത്രമാണോ..അതോ മൂക്കും കൂടി പിഴിഞ്ഞോ.. അല്ല.. ഇത് ചേഞ്ച്‌ ചെയ്യണോന്ന് അറിയാനാ.." അവൾ വാതിൽക്കൽ എത്തിയതും അവൻ വിളിച്ചു ചോദിച്ചു. "പോടാ പട്ടീ.. " അവൾ തിരിഞ്ഞു നിന്നു മുഖം ചുവപ്പിച്ചു..അല്ലാതെ തന്നെ കരഞ്ഞു ചീർത്തിട്ടുണ്ട്.പെട്ടെന്നാണ് അവനു ഉപ്പാനെ ഓർമ വന്നത്.. അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു. "മോളെ.. ഇങ്ങനെയാണോ താഴേക്ക് ഇറങ്ങുന്നേ.. മുഖം വാഷ് ചെയ്തിട്ടു പോ.. നിന്നെ ഇങ്ങനെ കണ്ടാൽ ഡാഡ് എന്നെ സംശയിക്കും.. ഞാൻ എന്ത് ചെയ്തൂന്നായിരിക്കും ഡാഡ് ആദ്യം ചോദിക്കുക.. ഓ സോറി.. ചോദിക്കേണ്ടല്ലോ.. ചോദിക്കാതെ തന്നെ നീ പറയുമല്ലോ ഞാൻ വല്ലതുമൊക്കെ ചെയ്തൂന്ന്.. അതോണ്ട് പൊന്നു മോള് ഈ മര മോന്ത കഴുകി ഒന്ന് ശെരിയാക്ക്.. " അവൻ പറഞ്ഞത് കേട്ടു അവളൊന്നു ചിരിച്ചു. "എന്തെടി കിണിക്കുന്നെ.." "നീ പേടിക്കണ്ട..ഉപ്പയില്ല.. രാവിലെ ഇറങ്ങി..എട്ടു മണിക്ക് ഒരു പ്രോഗ്രാം ഉണ്ടെന്ന്.. " "ഓ..അപ്പൊ വെറുതെയല്ല ഈ വേഷത്തിൽ താഴേക്ക് ഇറങ്ങാൻ നിന്നെ.. "

അവൻ അവളെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു. "ഈ വേഷത്തിനു എന്താ കുഴപ്പം.. നിനക്ക് മുട്ട് വരേയുള്ളൂന്ന് കരുതി എനിക്കും അങ്ങനെയാണോ..ഫുൾ കവറിങ്ങ് ഉണ്ടല്ലോ.എനിക്ക് കംഫേർടുമാണ്..പിന്നെ ആകെ ഉള്ള ഒരു കുഴപ്പം ഇത് നിന്റേത് ആണെന്നാ..വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് തത്കാലം ഞാൻ അതങ്ങു സഹിച്ചു.. " അവൾ ഒരു കൂസലും ഇല്ലാതെ പറഞ്ഞു താഴേക്ക് പോയി.. അവൻ ഒരു അന്തവും ഇല്ലാതെ നിന്നു.. സത്യം പറഞ്ഞാൽ അടുക്കും തോറും അവന് അവളെ മനസ്സിലാക്കാൻ പറ്റാത്തത് പോലെ തോന്നി. ഏതായാലും ഒരു കാര്യം ഉറപ്പ്..അവളുടെ ബോഡിക്ക് മാത്രേ തൊലി കട്ടിയുള്ളൂ.. മനസ്സിന് തീരെയില്ല.ഒരു കൊച്ചു കുഞ്ഞിനെക്കാൾ കഷ്ടമാണ് അവളുടെ അവസ്ഥ..സനു അവളുടെ ഒന്നിച്ച് ഉണ്ടായാൽ അവൾ ഒരുപാട് ഹാപ്പി ആകുമെന്ന് അവന് തോന്നി.പക്ഷെ ഇപ്പൊ ഇങ്ങോട്ട് വരാൻ സനു കൂട്ടാക്കില്ല.. അവൻ വെച്ച കണ്ടിഷൻ ലൈല തന്നിലേക്ക് അടുക്കുക എന്നതാണ്.. മോനെ സനു.. അങ്ങനെ ഒന്ന് ഉണ്ടായിട്ട് നീ ഈ ജന്മത്തിൽ ഇവിടേക്ക് വരലുണ്ടാവില്ല.കാരണം ഒരു സാധാരണ പെണ്ണല്ല എന്റെ ഭാര്യ..

നിന്റെ ലൈലുവാ ആ സ്ഥാനത്തുള്ളത്..ഏതോ സിംഹത്തിനു ചീറ്റ പുലിയിൽ ജനിച്ച ഇനം..എന്നാലും വിട്ടു കളയാൻ പറ്റില്ലല്ലോ.. സ്നേഹിച്ചു പോയില്ലേ..ഈ അളിയൻ പരമാവധി ട്രൈ ചെയ്യാമെടാ.. താജ് ഓരോന്ന് വിചാരിച്ചു കൊണ്ട് നിന്നു..ശേഷം കോളേജിലേക്ക് പോകാൻ ഉള്ള ഒരുക്കങ്ങളൊക്കെ കഴിഞ്ഞു താഴേക്ക് ഇറങ്ങി. പൗലോസ് ചേട്ടൻ ഗാർഡൻ നനയ്ക്കുകയായിരുന്നു.അത് കാരണം അവനുള്ള ഫുഡ്‌ അവൾ വിളമ്പി വെച്ചു..താജ് കൈ കഴുകി വന്നതും അവൾ അവിടെന്ന് മാറി സെറ്റിയിൽ ഇരുന്നു മാഗസിൻ മറിച്ചു നോക്കാൻ തുടങ്ങി..വെള്ളം ഒഴിച്ച് താന്നും പറഞ്ഞു അവൻ അവളെ അടുത്തേക്ക് വിളിച്ചു. അവൾ അപ്പൊത്തന്നെ മാഗസിൻ സെറ്റിയിലേക്ക് ഇട്ട് എഴുന്നേറ്റു അവന്റെ അടുത്തേക്ക് വന്നു. നോക്കുമ്പോൾ ഗ്ലാസിൽ വെള്ളമുണ്ട്.അവൾ നേരത്തെ ഒഴിച്ച് വെച്ചത് അവൾക്ക് ഓർമ വന്നു..അവൾ സംശയത്തോടെ അവനെ നോക്കിയതും അവൻ ഇടത്തെ കൈ നീട്ടി അവളെ നടുവിലൂടെ വട്ടം ചുറ്റി തന്റെ കസേരയോട് ചേർത്തു നിർത്തി.. അവളുടെ നെഞ്ചിന്റെ ഭാഗം അവന്റെ മുഖത്തോട് ചേർന്നു നിന്നു..

അവളുടെ വർധിച്ച നെഞ്ചിടിപ്പ് അവൻ വ്യക്തമായി കേട്ടു..അവനൊരു പുഞ്ചിരിയോടെ മുഖം ഉയർത്തി അവളെ നോക്കി. "എ...എന്താ.. " ആ ചിരിയുടെ അർത്ഥം അവൾക്ക് മനസ്സിലായില്ല. "എന്തിനാ വിറക്കുന്നെ..? " അവളുടെ പതറിയ ശബ്‌ദത്തിൽ നിന്നു തന്നെ ആ ശരീരത്തിന്റെ വിറയൽ അവൻ മനസ്സിലാക്കി.. "നീ..നീ കൈ എടുത്തെ.. " വീണ്ടും ശബ്ദത്തിനു പതർച്ച.. അവൻ കൈ എടുത്തില്ല. അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. ആ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നത് അവൻ ശ്രദ്ധിച്ചു.. അവൾക്ക് ആ നോട്ടം നേരിടാൻ പറ്റാത്തത് പോലെ തോന്നി.. മിഴികൾ താഴ്ത്തി നടുവിലൂടെ ചുറ്റിയ അവന്റെ കൈ എടുത്തു മാറ്റി അല്പം അകന്നു നിന്നു.. അവന്റെ ചുണ്ടിൽ സുന്ദരമായൊരു ചിരി സ്ഥാനം പിടിച്ചു.. "എന്തിനാ വിളിച്ചേ.. " അവൾ എങ്ങനെയൊക്കെയോ അവന്റെ മുഖത്തേക്ക് നോക്കി. "നീ കഴിച്ചോന്ന് ചോദിക്കാൻ വിളിച്ചതാ.. " "ഇല്ല.. " "എന്നാൽ ഇരിക്ക്.. " അവനൊരു ചെയർ നീക്കി.. "വേണ്ടാ..ഉപ്പ വരും ഇപ്പൊ.. പ്രോഗ്രാം പെട്ടെന്ന് കഴിയുമെന്നാ പറഞ്ഞേ.. ഞാൻ ഉപ്പാന്റെ ഒന്നിച്ച് ഇരുന്നോളാം.. " "ഡാഡ്ൻറെ ഒന്നിച്ച് ഇരുന്നോ.. ഇപ്പൊ എന്റെ ഒന്നിച്ച് ഇരിക്ക്.. "

എന്നും പറഞ്ഞു അവൻ അവളുടെ കയ്യിൽ പിടിക്കാൻ വേണ്ടി കൈ നീട്ടിയതും അവൾ വേഗം പിന്നിലേക്ക് നീങ്ങി കളഞ്ഞു.. അവളുടെ കളി കണ്ടു അവൻ ചുണ്ട് കടിച്ചു പിടിച്ചു ചിരി ഒതുക്കി.. പിന്നെ അവൾ അവിടെ നിന്നില്ല.. വേഗം കിച്ചണിലേക്ക് വിട്ടു. എന്താ സംഭവിക്കുന്നേന്ന് അവൾക്ക് തന്നെ അറിയുന്നുണ്ടായിരുന്നില്ല. ആകെ ഒരു വിറയലും അസ്വസ്ഥതയുമൊക്കെ പോലെ.. ഇതൊന്നും പതിവ് ഇല്ലാത്തതാണ്. അവൾ ഒന്നും മനസ്സിലാവാതെ മുഖം ചുളിച്ചു നിന്നു..കഴിച്ചു എണീറ്റു കൈ കഴുകി അവൻ കിച്ചണിലേക്ക് ചെന്നു.. അപ്പോഴും അതേ നിൽപ് തന്നെ അവൾ. "എന്താടി..? വയ്യേ..? " അവളുടെ അസ്വസ്ഥത നിറഞ്ഞ മുഖം കണ്ടു അവൻ അടുത്തേക്ക് ചെന്നു കവിളിലും നെറ്റിയിലും തൊട്ടു നോക്കി. "ഒ..ഒന്നുല്ല.. " പെട്ടെന്നുള്ള അവന്റെ സാമീപ്യത്തിലും സ്പർശനത്തിലും അവളൊന്നു ഞെട്ടി വിറച്ചു.. അവളുടെ പ്രശ്നം എന്താണെന്ന് അവന് മനസ്സിലായിരുന്നു.. പണ്ടത്തെ പോലെ അല്ല.. ഇപ്പോൾ തന്റെ സാമീപ്യത്തിലും സ്പർശനത്തിലും അവൾക്ക് മാറ്റം സംഭവിക്കുന്നത് അവൻ രാവിലെ മുതലേ ശ്രദ്ധിച്ചിരുന്നു.. "ഞാൻ ഇറങ്ങുവാ.. വൈകുന്നേരം വരുമ്പോഴേക്കും റെഡിയായി നിക്ക്..സനൂനെ കാണാൻ പോകാം.."

അവൻ പറഞ്ഞത് കേട്ടു അവൾ കണ്ണ് വിടർത്തി അവനെ നോക്കി. "ഇങ്ങനെ നോക്കല്ലേ പിശാശ്ശെ.. കോളേജിലേക്ക് പോകുന്നത് പോയിട്ട് നിന്റെ അടുത്തുന്ന് അനങ്ങാൻ പോലും തോന്നുന്നില്ല ഇതൊക്കെ കാണുമ്പോൾ.. ഇല്ലാത്ത കണ്ട്രോളും ഉണ്ടാക്കി നിക്കുന്ന മനുഷ്യൻമാരെ പിഴപ്പിക്കാൻ ഇറങ്ങിക്കോളും.. " അവന്റെ ശബ്‌ദത്തിൽ ദേഷ്യം.. അവളുടെ അസ്വസ്ഥതയൊക്കെ മാറിക്കിട്ടി..അവൾ അവനെ നോക്കി നല്ലത് പോലെ ഒന്ന് ചിരിച്ചു കൊടുത്തു.അത് മതിയായിരുന്നു അവന്..പോട്ടേന്നും പറഞ്ഞു കീ എടുത്തു വേഗം ഇറങ്ങി. 🍁🍁🍁🍁🍁🍁 ഇതേ സമയം സജാദ് വീട്ടിൽ സനുവിന് നേരെ അലറുകയും ചീറ്റുകയുമായിരുന്നു. ആസിഫ് ലോക്കപ്പിൽ ആയതാണ് പ്രശ്നം. സജാദ് സ്ഥലത്തില്ലായിരുന്നു. ഇന്ന് രാവിലെ വന്നപ്പോഴാണ് കാര്യം അറിഞ്ഞത്. അപ്പോൾത്തന്നെ അവരുടെ എല്ലാ ക്രിമിനൽ ബുദ്ധിക്കും കൂട്ട് നിക്കുന്ന വക്കീലിനെ വിളിച്ചു കാര്യം അറിയിച്ചു സ്റ്റേഷനിലേക്ക് ചെന്നു. പക്ഷെ അവർക്ക് ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞില്ല.. താജ് എല്ലാ വഴികളും അടച്ചു ഊരാ കുടുക്കിട്ടാണ് ആസിഫിനെ പൂട്ടിയതെന്ന സത്യം SI യോട് സംസാരിച്ച വക്കീലിനും സജാദ്നും മനസ്സിലായി..സജാദും വക്കീലും എന്തെന്തു പറഞ്ഞിട്ടും കാര്യം ഉണ്ടായില്ല..

കേസ് കോടതിയിലേക്ക് എത്തി ആസിഫ്നു പരമാവധി ശിക്ഷ കിട്ടുമെന്ന് തന്നെ SI ഉറപ്പിച്ചു പറഞ്ഞു.സ്റ്റേഷനിന്ന് വന്നത് തൊട്ടു സജാദ് സനുവിന് സമാധാനം കൊടുത്തിട്ടില്ല..ചവിട്ടി കൊല്ലാനുള്ള പകയോടെയാണ് വന്നത്. പക്ഷെ ആ സ്ത്രീ ഉള്ളത് കാരണം ഒന്നും നടന്നില്ല..അവന്റെ ഓരോ ഘോര ശബ്ദത്തിനും സനു പുച്ഛം മാത്രം നൽകി കൊണ്ടിരുന്നു..ആ പുച്ഛം അവന്റെ പകയെ ആളി കത്തിച്ചു.. അലറൽ അവസാനിപ്പിച്ചു അവൻ സനുവിന് നേരെ കാല് ഉയർത്തി.. അപ്പൊ തന്നെ ആ സ്ത്രീ വന്നു സജാദ്നെ തടഞ്ഞു നിർത്തി. "വേണ്ടാ..തടയണ്ടാ..ചവിട്ടി കൊല്ലട്ടെ..ഉമ്മ എന്തിനാ തടഞ്ഞത്. എന്ത് വേണമെങ്കിലും ചെയ്യട്ടെ.. ഞാൻ നിന്നു കൊടുക്കാം.. അങ്ങനെ ദേഷ്യം അടങ്ങുമെങ്കിൽ അടങ്ങട്ടേ. പക്ഷെ എന്നോട് ഈ ദേഷ്യം എന്തിനാന്നാ എനിക്ക് അറിയാത്തത്..ഞാൻ അവളെ സ്നേഹിച്ചു പോയത് കൊണ്ടോ.. ശെരിയാ.സ്നേഹിച്ചു.. നിങ്ങളെക്കാൾ ഏറെ ഞാൻ അവളെ സ്നേഹിച്ചിരുന്നു..അത് തെറ്റാണെന്നു എനിക്ക് ബോധ്യമായി..ഇപ്പോ ഞാൻ അവളെ സ്നേഹിക്കുന്നില്ല..

എന്ന് അവൾ ഇവിടുന്ന് ഇറങ്ങി പോയോ അന്ന് തൊട്ടു അവൾ എന്റെ ആരുമല്ല.എന്നെ വേണ്ടാത്തവളെ എനിക്കെന്തിനാ..എനിക്കിഷ്ടമല്ലാ അവളെ..അവളുമായി എനിക്ക് ഒരു ബന്ധവുമില്ല..നിങ്ങളെ പോലെത്തന്നെ ഞാനും അവളുടെ ശത്രുവാ..അതെന്താ സജൂക്ക മനസ്സിലാക്കാത്തത്..വെറുതെ അവളുടെ പേരും പറഞ്ഞു എന്നോട് ദേഷ്യ പെടാൻ വരരുത്.. പിന്നെ ഞാനും ഇവിടെ കാണില്ല. എങ്ങോട്ടേലും ഇറങ്ങി പോകും..ഉമ്മാക്കും ഇക്കാക്കും എന്നെ വേണ്ടെങ്കിൽ പിന്നെ ആർക്ക് വേണ്ടിയാ ഞാൻ.. " സനു ദേഷ്യത്തോടെ ബാഗും എടുത്തു വാതിൽ കടന്നു പോയി. "കേട്ടല്ലോ നീ അവൻ പറഞ്ഞത്.. എടാ രക്തം ഒന്നായിട്ടു കാര്യമില്ല.. ഒരേ വയറ്റിൽ ജനിക്കണം. ആ ബന്ധമേ നില നിൽക്കൂ.. ഒന്നുമില്ലങ്കിലും നീ രൂപം കൊണ്ട എൻറെ ഇതേ വയറ്റിൽ തന്നല്ലേ അവനും രൂപം കൊണ്ടത്.. ആ ഗുണം അവൻ കാണിക്കാതെ നിക്കില്ല.. അവൻ നിന്റെ അനിയൻ ആണെന്നുള്ള കാര്യം നീ മറന്നു പോയിട്ടുണ്ട്.. ഇത്രേം നാളു ഞാനത് കാര്യം ആക്കാത്തതു ആ തല തെറിച്ചവൾ ഇവിടെ ഉള്ളത് കൊണ്ടും അവൻ അവളെ പറ്റി ചേർന്നു നടക്കുന്നത് കൊണ്ടുമാ.. പക്ഷെ ഇനി അത് പറ്റില്ല.. അവനെ വഴി തെറ്റിക്കാൻ അവളിപ്പോ ഇവിടെയില്ല.. അവനെ ശത്രു പക്ഷത്താക്കാൻ അല്ല

നീ നോക്കേണ്ടത്. നിന്റെ ഒപ്പം ചേർക്കാനാ..പാതി സ്വത്തേ അവളുടെ പേരിൽ ഉള്ളു.. ബാക്കി പകുതി സനുവിന്റെ പേരിൽ ആണെന്ന് ഓർമ ഉണ്ടല്ലോ.. " സനുവിന്റെ അഭിനയം വിശ്വസിച്ച ആ സ്ത്രീ സജാദ്നെയും അത് വിശ്വസിപ്പിക്കാൻ ശ്രമിച്ചു.. 🍁🍁🍁🍁🍁🍁 തലേന്ന് രാത്രിയിലെ എല്ലാ കാര്യങ്ങളും കാന്റീനിൽ ഇരിക്കുന്ന നേരത്ത് നുസ്ര എബിയോട് പറഞ്ഞു. "നീ ഞാൻ വിചാരിച്ചതു പോലൊന്നും അല്ലല്ലോ നുസ്ര.. ബുദ്ധിയില്ലന്നേ ഉള്ളു.. വിവരം ഉണ്ടല്ലേ.. " "പിന്നെ നീയെന്താടാ....... " മുഴുവൻ പറഞ്ഞില്ല..അമളി പറ്റിയത് പോലെ എബിയെ നോക്കി.. എബി ഇരുന്നു ചിരിക്കാൻ തുടങ്ങി. "പോടാ തെണ്ടി..ബുദ്ധി ഇല്ലാത്തത് നിന്റെ മറ്റവൾക്കാ..എനിക്ക് നല്ല ബുദ്ധിയൊക്കെ ഉള്ളതാ..പിന്നെ ഇപ്പം കുറഞ്ഞു പോയിട്ട് ഉണ്ടെങ്കിൽ അത് നീയൊക്കെ കാരണമാ..നി ന്റെയൊക്കെ ചളിയല്ലേ ഞാനിപ്പോ ഏതു നേരവും സഹിക്കുന്നത്.." "മുഖം വീർപ്പിക്കല്ലേ മോളെ..ഞാൻ ചുമ്മാ പറഞ്ഞതാ..നീ ആള് പുലിയാണ്.അതല്ലേ ചെറുക്കനെ കുപ്പിയിൽ ആക്കുന്നതിന് മുന്നേ നാത്തൂനേ കുപ്പിയിൽ ആക്കിയത്.. ഏതായാലും അതങ്ങനെ തന്നെ ഇരിക്കട്ടെ..കല്യാണം കഴിഞ്ഞാൽ ഉപകാരപ്പെടും..ഒന്നുല്ലേലും നാത്തൂൻ പോരെങ്കിലും ചുരുങ്ങി കിട്ടുമല്ലോ.."

"അതിനർത്ഥം എന്താ..ഞാനും മുന്നയും എപ്പോഴും പോര് ആയിരിക്കുമെന്നോ.." "പൊന്നു മോളെ..ആദ്യം നീ അവനെയൊന്നു വളക്ക്..എന്നിട്ട് മതി കെട്ടു കഴിഞ്ഞുള്ള കാര്യം..ഇരിക്കുന്നതിന് മുന്നേ കാല് നീട്ടിയാൽ മൂക്കും കുത്തി വീഴുന്ന വഴി കാണില്ല.." എബി പറഞ്ഞു..നുസ്ര ഒരു അവിഞ്ഞ ചിരി ചിരിച്ചു..ശേഷം എന്തോ പറയാൻ വേണ്ടി തുടങ്ങിയതും ജുവൽ വരുന്നത് കണ്ടു..എബിയെ നോക്കിയുള്ള വരവാണെന്ന് നുസ്രക്ക് മനസ്സിലായി..അപ്പൊത്തന്നെ നുസ്ര ജുവലിനെ അടുത്തേക്ക് വിളിച്ചു.. അവളൊരു ചമ്മിയ ചിരിയോടെ അങ്ങോട്ട് വന്നു.. "എന്നാൽ തുടങ്ങിക്കോ മക്കളെ.. ഞാൻ കട്ടുറുമ്പ് ആവാൻ നിക്കുന്നില്ല.." നുസ്ര രണ്ടു പേരെയും നോക്കി തലയാട്ടി ചിരിച്ചു കൊണ്ട് എണീറ്റു പോയി..ജുവൽ ചെറു നാണത്തോടെ അവന് അഭിമുഖമായി ഇരുന്നു.. എബിക്ക് പിന്നെ പണ്ടേ ഈ ചമ്മലും നാണക്കേടുമൊന്നും ഏഴയലത്തു കൂടെ പോകാത്തത് കാരണം അവൾ അടുത്ത് വന്നപ്പോൾ സംസാരിക്കാനോ ഫേസ് ചെയ്യാനോ ഒന്നും ഒരു മടിയും തോന്നിയില്ല..തുടങ്ങി അങ്ങ് വായിട്ടലക്കാൻ.. 🍁🍁🍁🍁🍁🍁

സാധാരണ ആറ് ആറര മണിയാകുമ്പോൾ വീടെത്തുന്ന അവനെ അന്ന് ഏഴര മണിയായിട്ടും വീട്ടിലേക്ക് കണ്ടില്ല..അവൾക്ക് എന്തോ ടെൻഷൻ പോലെ തോന്നി..ഉപ്പാനോട് ചോദിക്കുമ്പോൾ ലേറ്റ് ആവുന്ന കാര്യമൊന്നും പറഞ്ഞില്ലന്ന് പറഞ്ഞു..അവൾ ഫോൺ എടുത്തു വിളിക്കാൻ നോക്കിയതും അവന്റെ വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടു..അവൾ വേഗം വരാന്തയിലേക്ക് ഇറങ്ങി..രാവിലെ പോകുമ്പോൾ ഉണ്ടായ കോലമൊന്നും അല്ല അവന്.. ഓവർ ഷർട്ട്‌ കാണാനില്ല.. ബനിയനും മുഖവുമൊക്കെ വിയർപ്പിൽ കുതിർന്നിട്ടുണ്ട്.. "എന്താ വൈകിയേ.. " വണ്ടിന്ന് ഷർട്ടും ഫോണും എടുത്തു അവൻ വരാന്തയിലേക്ക് കയറുമ്പോൾ അവൾ ചോദിച്ചു. "മാച്ച് ഉണ്ടാരുന്നു.." അവൻ അകത്തേക്ക് കയറി. മാച്ചോ..അവൾക്ക് ഒന്നും മനസ്സിലായില്ല..അവന്റെ കേറ്റി വെച്ചിരിക്കുന്ന മോന്ത കാണുമ്പോൾ പിന്നെ ഒന്നും ചോദിക്കാനും തോന്നിയില്ല..അവളും അകത്തേക്ക് ചെന്നു..അവനെ സ്റ്റെയർ കയറുന്നത് കണ്ടു..അവന്റെ കുളിയൊക്കെ കഴിഞ്ഞിട്ട് ഉണ്ടാകുമെന്ന് തോന്നിയതും അവൾ കുറച്ച് നേരം കഴിഞ്ഞപ്പോൾ പൗലോസ് ചേട്ടന്റെ കയ്യിൽ നിന്നും കോഫി വാങ്ങിച്ചു റൂമിലേക്ക്‌ പോയി..കൈ തണ്ട നെറ്റിയിലേക്ക് വെച്ചു സോഫയിൽ മലർന്നു കിടക്കുന്നത് കണ്ടു അവനെ.. "കോഫി.. "

അവൾ അവന്റെ അടുത്തേക്ക് ചെന്നു.. "അവിടെ വെച്ചേക്ക്.. " അവൻ അവളെ ഒന്ന് നോക്കുക കൂടി ചെയ്തില്ല..അത് അവളിൽ എവിടെയോ ഒരു നോവുണർത്തി..അവൾ സോഫയ്ക്ക് താഴെ മുട്ട് കുത്തിയിരുന്നു.. "എന്താ.. വയ്യേ..? " അവൻ മുഖത്ത് വെച്ചിരിക്കുന്ന കൈ അവൾ പതിയെ എടുത്തു മാറ്റി. "എനിക്ക് വയ്യെങ്കിൽ നിനക്കെന്താ?" അവൻ ദേഷ്യപ്പെട്ടു..അവൾക്ക് കരച്ചിൽ വരുന്നത് പോലെ തോന്നി.. അവൻ ദേഷ്യപ്പെട്ടതിനേക്കാൾ സങ്കടം വീട്ടിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞു പറ്റിച്ചതിൽ ആയിരുന്നു..കണ്ണ് നിറയുമെന്ന് ആയതും അവൾ വേഗം അവിടെന്ന് എഴുന്നേറ്റു തിരിഞ്ഞു നടന്നു..പെട്ടെന്നാണ് അവളുടെ കയ്യിൽ അവന്റെ പിടി വീണത്..അവൾക്ക് ഒരു തരിപ്പ് അനുഭവപ്പെട്ടു.തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ എണീറ്റിരുന്നു അവളെ മടിയിലേക്ക് വലിച്ചിട്ടു രണ്ടു കൈ കൊണ്ടും ചുറ്റി പിടിച്ചു. "വിട്..എന്നെ തൊടാനും പിടിക്കാനും നീയാരാ.." അവൾ അവന്റെ നെഞ്ചിൽ അടിക്കാൻ തുടങ്ങി..അവൻ അവളുടെ രണ്ടു കയ്യും പിടിച്ചു വെച്ചു.. "ദേഷ്യമാണോ സങ്കടമാണോ..? " അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി. "എന്തിനാ പറ്റിച്ചത്..സനൂനെ കാണാൻ പോകാമെന്നു പറഞ്ഞിട്ട്..

" ഒളിപ്പിച്ചു വെച്ച കണ്ണുനീർ പുറത്തേക്ക് ഇറങ്ങി.. "ആ.. പോകാമെന്നു പറഞ്ഞു.. പക്ഷെ എപ്പോഴാണെന്നൊന്നും പറഞ്ഞില്ലല്ലോ.. " "നിനക്ക് വയ്യെങ്കിൽ അത് പറഞ്ഞാൽ മതി.. എപ്പോഴും സന്ധ്യ ആകുമ്പോഴേക്കും വരുന്ന നീയിന്നു ലേറ്റ് ആയി വന്നു.അടുത്ത് വരുമ്പോഴും ചോദിക്കുമ്പോഴുമൊന്നും നോക്കുന്നില്ല,മിണ്ടുന്നില്ല.. എന്താ അതിന്ന് മനസ്സിലാക്കേണ്ടത്.. നിനക്കെന്നെ കൊണ്ട് പോകാൻ വയ്യാ.. അതുതന്നെ.. വയ്യെങ്കിൽ അത് പറഞ്ഞാൽ മതിയായിരുന്നല്ലോ.. വെറുതെ എന്തിനാ എനിക്ക് പ്രതീക്ഷ തന്നതും കാത്തിരിപ്പിച്ചതും.. " അവൾ അറിയാതെ തന്നെ അവളുടെ ചുണ്ടുകൾ വിതുമ്പി വിറച്ചു പോയി.അവൻ അവളുടെ വട്ട മുഖം കയ്യിൽ എടുത്തു..ആ കണ്ണുനീർ വിരലുകൾ കൊണ്ട് തുടച്ചു മാറ്റി. "കൊണ്ട് പോകുമെന്ന് പറഞ്ഞിട്ട് ഉണ്ടെങ്കിൽ കൊണ്ട് പോയിരിക്കും.. വാക്ക് തന്നു പറ്റിക്കാനൊന്നും എനിക്ക് അറിഞ്ഞൂടാ..വേഗം റെഡി ആവ്.." അവൻ പറഞ്ഞു.അവൾ ഒന്നും മിണ്ടിയില്ല.പകരം തല താഴ്ത്തിയിരുന്നു.. "ടീ.. നിന്നോടാ പറഞ്ഞത്.. എണീറ്റു റെഡി ആവടീ.." അവൻ ശബ്ദം എടുത്തു പറഞ്ഞു. "ഇ..ഇപ്പോഴോ.. " അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

"ആ ഇപ്പൊത്തന്നെ...നിന്റെ വീട്ടുകാരൊക്കെ ഉറങ്ങിക്കോട്ടേ.. അതാ എനിക്കും അവർക്കുമൊക്കെ നല്ലത്..നമുക്ക് മതില് ചാടാം.." അവൻ പറഞ്ഞത് കേട്ടു അവളുടെ അന്തം പോയി.വല്ലതും പറയാൻ നിന്നാൽ അവൻ കൊണ്ട് പോകില്ലന്ന് കരുതി വേഗം എണീറ്റു ഷെൽഫിന്ന് ഡ്രെസ്സും എടുത്തു ബാത്റൂമിലേക്ക് കേറി..അവൾ ഡ്രസ്സ്‌ ചെയ്യുന്ന നേരം കൊണ്ട് അവൻ കോഫി എടുത്തു കുടിച്ചു. "ഞാൻ റെഡി.പോകാം.. " ബാത്റൂമിന്ന് ഇറങ്ങി അവൾ അവന്റെ അടുത്തേക്ക് വന്നു.. "നീയിതങ്ങോട്ട്‌ സ്ഥിരം ആക്കിയോ." അവൻ അവളെ അടിമുടി നോക്കി കണ്ണുരുട്ടി.. "നോക്കി പേടിപ്പിക്കേണ്ട.. വിരുന്നുണ്ണാൻ പോകോന്നുമല്ലല്ലോ.. മതില് ചാടാനും മരം കേറാനുമൊക്കെ അല്ലേ.. അപ്പൊ ഇതുമതി..ഇതാ കംഫേർറ്റ്.. ചുരിദാർ ഇട്ടാൽ ഒന്നും നടക്കില്ല.. അവിടെയും ഇവിടെയും തട്ടി തടയാനെ ഉണ്ടാകുള്ളൂ.. " "ഇതിപ്പോ ഡ്രസ്സ്‌ എടുക്കേണ്ടതു നിനക്കല്ല.. എനിക്കാ..എനിക്ക് ഡ്രസ്സ്‌നു ദാരിദ്ര്യം വരുന്ന അവസ്ഥയുണ്ട്.. കെട്ടിക്കൊണ്ട് വരുമ്പോൾ ഞാൻ ഇത്രേം കരുതിയില്ലടീ.. " അവൻ ടേബിളിൽ നിന്നും കീയും എടുത്തു താഴേക്ക് നടന്നു..ഒരു ഷാൾ എടുത്തിട്ടു അവളും പിന്നാലെ വിട്ടു..ഉപ്പ ഉണ്ടായിരുന്നു ഹാളിൽ.. രണ്ടാളെയും കണ്ടപ്പോൾ എങ്ങോട്ടേക്കാന്ന് ചോദിച്ചു..

"ഒന്ന് ചുറ്റാൻ..ഇവൾക്ക് നൈറ്റ് റൈഡ്നു പോകണമെന്ന്.. " അവൻ പറഞ്ഞു.അത് കേട്ടു അവൾ കണ്ണും മിഴിച്ചു അവനെ നോക്കി.. ശേഷം അല്ലാന്നുള്ള മട്ടിൽ ഉപ്പനെയും..ഉപ്പ രണ്ടുപേരെയും നോക്കി ഒന്ന് ചിരിച്ചു..അധികം ലേറ്റ് ആക്കണ്ട, വേഗം പോയി വാന്ന് പറഞ്ഞു.. "ഇതിലോ.. ഞാൻ വരില്ല ഇതിൽ.. " അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുന്നത് കണ്ടു അവൾ പറഞ്ഞു. "വേണങ്കിൽ വന്നാൽ മതി. എനിക്ക് നിർബന്ധമൊന്നുമില്ല.. " "എനിക്ക് കാറ്റു പറ്റില്ല.. ശ്വാസ തടസ്സം വരും.. പ്രത്യേകിച്ച് തണുത്ത കാറ്റ്.. പിന്നെ നിന്റെ ഡ്രൈവിംഗ്.. അത് തീരെ പറ്റില്ല.. കാലപുരിക്ക് പോകുന്ന പോലെ തോന്നും.. " "നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല.. പോകുന്നുണ്ടേൽ ഇതിൽ.. അല്ലെങ്കിൽ പോകില്ല.. " അവൻ സ്റ്റാർട്ട്‌ ചെയ്ത വണ്ടി ഓഫ് ചെയ്യാൻ ഭാവിച്ചു..അവൾ അത് വിലക്കി..പോകാമെന്ന് പറഞ്ഞു അവനെ മുട്ടാതെയും തട്ടാതെയും ബാക്കിൽ കയറിയിരുന്നു..ഒരു മതിൽ നിർമിക്കാനുള്ള സ്ഥലം അവൾ നടുവിൽ വിട്ടത് അവന് ഒട്ടും ഇഷ്ടമായില്ല. പക്ഷെ ഒന്നും പറയാൻ നിന്നില്ല. ഗേറ്റ് കടക്കുന്നതിന് മുന്നേ തന്നെ ഉടുമ്പ് പിടിക്കുന്നത് പോലൊരു പിടി അവൾ പിടിക്കുമെന്ന് അവനു അറിയാമായിരുന്നു.. അവൻ വണ്ടി എടുത്തതേ അവൾക്ക് ഓർമ ഉണ്ടാരുന്നുള്ളൂ..

പിന്നെ അവന്റെ ടീ ഷർട്ടിൽ അള്ളിയൊരു പിടുത്തവും കണ്ണ് രണ്ടും ഇറുക്കി പിടിക്കലുമായിരുന്നു.. നിമിഷ നേരം കൊണ്ട് ബുള്ളറ്റ് നിന്നു.. അവൾ കണ്ണ് തുറന്നു നോക്കി.. വീടിനു കുറച്ച് ദൂരെയുള്ള ഒരു ഒഴിഞ്ഞ വഴിയിലാണ് അവൻ നിർത്തിയത്.. അവൾ വണ്ടിന്ന് ഇറങ്ങി.. "വാ... " അവൻ ഇറങ്ങി നടന്നു.. അവൾ പിന്നാലെയും..വീടിന് മുന്നിൽ എത്തിയതും അവൻ ഗേറ്റിലൊന്നു തള്ളി നോക്കി. പൂട്ടിയിരിക്കുകയാണ്. അത് കൊണ്ട് നേരെ മതിലിലേക്ക് നോക്കി. അവൻ നോക്കി നിക്കുന്ന നേരം കൊണ്ട് അവൾ മതിലിൽ വലിഞ്ഞു കയറി അപ്പുറത്തേക്ക് ചാടി..അല്ലാതെ തന്നെ അവളുടെ കാര്യത്തിൽ അവന് അന്തം കുറവായിരുന്നു.ഇപ്പോ ഉള്ളത് കൂടെ പോയി കിട്ടി.. അവനും വലിഞ്ഞു കയറി അപ്പുറത്തേക്ക് എത്തി.. "നല്ല എക്സ്പീരിയൻസ് ആണല്ലേ.. " അവൻ അവളെ മൊത്തത്തിലൊന്നു നോക്കി. "ഇതൊക്കെ എന്ത്.. ഇതിനേക്കാൾ വല്യ ഹോസ്റ്റൽ മതിൽ ചാടി കടന്നവളാ ഞാൻ.. " അവൾ ഷർട്ടിന്റെ കോളർ പൊക്കി കാണിച്ചു മുന്നോട്ടു നടന്നു. ഇതിനെ ആണല്ലോ റബ്ബേ ഞാൻ അസ്ഥിക്ക് പിടിച്ചു പ്രേമിച്ചു പോയത്.. അവൻ രണ്ടും കയ്യും മേളിലേക്ക് മലർത്തി കൊണ്ട് അവളുടെ പിന്നാലെ വിട്ടു.. അവൾ അപ്പോഴേക്കും മരത്തിൻറെ ചോട്ടിൽ എത്തിയിരുന്നു..

"കയറ്.. " അവൻ മരത്തിലേക്ക് നോക്കി പറഞ്ഞു തീർന്നില്ല..അതിന് മുന്നേ അവൾ അനായാസം മരം കയറി ബാൽക്കണിയുടെ കൈ വരിയിലേക്ക് എത്തി പിടിച്ചു ഏന്തി വലിഞ്ഞു ബാൽക്കണിയിൽ കാല് ഉറപ്പിച്ചു. ഇതുവരെ വിചാരിച്ചത് സിംഹത്തിനും ചീറ്റ പുലിക്കും ഉണ്ടായത് ആണെന്നാ.. ഇതിപ്പോ ഏതോ കാട്ടു കുരങ്ങിനു ഉണ്ടായത് ആണെന്നാ തോന്നുന്നേ.. അവൻ അവളുടെ കയറ്റം കണ്ടു അന്ധാളിച്ചു അവിടെ തന്നെ നിന്നു. "ഹെലോ.. അവിടെ നിന്നു സ്വപ്നം കാണാതെ ഇങ്ങോട്ട് കയറി വാ.. " അവൾ താഴേക്ക് നോക്കി.. അവൻ ഒരുവിധം മുകളിലേക്ക് എത്തി.. അവളുടെ ശ്രദ്ധ മുഴുവനും കൈവരിയിൽ പടർന്നു നിൽക്കുന്ന മുല്ല ചെടികളിലായിരുന്നു. എല്ലാം അവൾ നട്ടു പടർത്തിയതാണ്.. അവ പഴയതിനേക്കാൾ കൂടുതലായി തളിർക്കുകയും മൊട്ടിടുകയും ചെയ്തിട്ടുണ്ട്. അതിനർത്ഥം താൻ ഇല്ലാത്ത കുറവ് സനു അതിനെ അറിയിച്ചിട്ടില്ല എന്നല്ലേ.. വിരിഞ്ഞു നിൽക്കുന്ന ഓരോ മുല്ല പൂക്കളിലേക്കും അവൾ സന്തോഷത്തോടെ നോക്കി നിന്നു.. "ടീ പോത്തേ..ഒരൊറ്റ ചവിട്ടിനു താഴേക്ക് ഇടേണ്ടങ്കിൽ മര്യാദക്ക് ഇങ്ങോട്ട് വാ.. " കിളി വാതിൽ കടന്നു അകത്തേക്ക് കയറിയ അവൻ പുറത്തേക്ക് തലയിട്ട് അവളെ നോക്കി.

അവളപ്പോ തന്നെ അകത്തേക്ക് കയറി അവന്റെ പിന്നാലെ നടന്നു സനൂൻറെ റൂമിലേക്ക്‌ എത്തി.. അവൾ ലൈറ്റ് ഇടാൻ നോക്കിയെങ്കിലും താജ് അതിന് സമ്മതിച്ചില്ല. സീറോ ബൾബിൻറെ വെട്ടം ഉണ്ട്.അതുമതി എന്ന് പറഞ്ഞു.. അവൾ സനുവിന്റെ അടുത്തിരുന്നു. തനിക്ക് പകരം തലയിണ കെട്ടിപ്പിടിച്ചുറങ്ങുന്ന അവനെ കണ്ടതും അവളുടെ ഉള്ളിലെ നോവുണർന്നു.. "ലൈലൂനെ മിസ്സ്‌ ചെയ്യുന്നില്ലെ ടാ.. " അവൾ പതിയെ അവന്റെ കവിളിലൂടെ തഴുകി..കണ്ണ് നിറഞ്ഞു വരാൻ തുടങ്ങി..അത് സനുവിന്റെ മുഖത്തേക്ക് ഉറ്റി വീഴുന്നതിന് മുന്നേ താജ് വന്നു തുടച്ചു എടുത്തു.. അവൾ വേദനയോടെ താജ്ൻറെ മുഖത്തേക്ക് നോക്കി. "ഉണർത്തണ്ടാ..അവൻ ഉറങ്ങിക്കോട്ടേ.. " താജ് പതുക്കെ പറഞ്ഞു.. "എനിക്ക് സംസാരിക്കണം..പ്ലീസ്.. " താജ്നെ അവൾ കെഞ്ചുന്നത് പോലെ നോക്കി. "നിന്നെ കണ്ടാൽ അവനു സഹിക്കില്ല. കരയാനെ ഉണ്ടാകൂ..വെറുതെ വേണ്ടാ..അവനെ സങ്കട പെടുത്തണ്ട. വാശി കാണിക്കണ്ട ലൈല.. പറയുന്നത് അനുസരിക്ക്.. എടുക്കാൻ ഉള്ളത് എന്താച്ചാ എടുക്ക്.. പോകാം.." അവൻ ഗൗരവം നടിച്ചു.അവൾ മനസ്സില്ലാ മനസ്സോടെ തലയാട്ടി.. കുനിഞ്ഞു സനുവിന്റെ നെറ്റിയിൽ അമർത്തിയൊരു മുത്തം കൊടുത്തു..ശേഷം കവിളിലും..

നീങ്ങി കിടക്കുന്ന പുതപ്പ് എടുത്തു ശെരിക്കും പുതച്ചു കൊടുത്തു അവിടെന്ന് എഴുന്നേറ്റു അവളുടെ റൂമിലേക്ക്‌ പോയി.. ഒരു ചെറിയ കവർ എടുത്തു അവളുടെ സർട്ടിഫിക്കറ്റ്സും കാര്യങ്ങളും അടങ്ങുന്ന ഫയലും അത്യാവശ്യം വേണ്ട ബുക്സും എടുത്തിട്ടു.പിന്നെ അവളുടെ ജീവൻ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഡയറിയും.. ഡ്രസ്സ്‌ൻറെ ഭാഗം നോക്കാനെ നിന്നില്ല.കഴിഞ്ഞെന്നും പറഞ്ഞു അവന്റെ അടുത്തേക്ക് ചെന്നു. അവൻ ബാൽക്കണിയിൽ നിന്നു മുല്ല പൂക്കളുടെ സുഗന്ധം ആസ്വദിക്കുകയായിരുന്നു. "അപ്പൊ ഡ്രസ്സോ..? " അവളുടെ കൈയിൽ ഡ്രെസ്സിന്റെ കവർ ഒന്നും കാണാഞ്ഞിട്ട് അവൻ ചോദിച്ചു.. "ഞാൻ എന്തിനാ ഇവിടുന്നു ഡ്രസ്സ്‌ കൊണ്ട് പോകുന്നത്.. ഞാനിപ്പോ നിന്റെ ഭാര്യയാ.. എനിക്ക് ഇടാനുള്ള ഡ്രെസ്സും കാര്യങ്ങളുമൊക്കെ എനിക്ക് നീ വാങ്ങി തരണം..അല്ലാതെ ഞാൻ എന്റെ വീട്ടീന്ന് എടുത്തോണ്ട് പോകേണ്ടത് അല്ല.. ഒരു ഭർത്താവിന്റെ കടമയും ഉത്തരവാദിത്തങ്ങളൊന്നും അറിയില്ലല്ലെ.എന്നിട്ടു പെണ്ണും കെട്ടി നടക്കുന്നു.. " അവൾ അവനെ പുച്ഛിച്ചു. "നീ വാ.. " അവൻ അവളെ ഇരുത്തിയൊന്നു നോക്കി..വന്ന പോലെത്തന്നെ രണ്ടും താഴേക്ക് ഇറങ്ങി മതില് ചാടി പുറത്ത് കടന്നു.വണ്ടി വെച്ചിടത്തേക്ക് നടക്കാൻ തുടങ്ങി.

രണ്ടു മൂന്നടി നടന്നതും അവൾക്ക് കിതപ്പ് അനുഭവപ്പെടാൻ തുടങ്ങി. മതിലൊക്കെ വലിഞ്ഞു കയറിയതിന്റെയാണ്..ഒന്നിച്ച് അവളെ കാണാഞ്ഞിട്ട് അവൻ തിരിഞ്ഞു നോക്കി.അങ്ങ് പിറകിൽ ഉണ്ട്..നടുവിനും കൈ കൊടുത്തു നിന്നു നെഞ്ച് തടവുന്നത് കണ്ടു. അവൻ അവളുടെ അടുത്തേക്ക് ചെന്നു.അവളോട്‌ ചോദിക്കാൻ ഒന്നും നിന്നില്ല. തൂക്കി എടുത്തു ചുമലിലേക്ക് ഇട്ടു. ഒരു സഹായം കൊതിച്ചതു കാരണം അവൾ എതിർപ്പ് ഒന്നും കാണിക്കാതെ അടങ്ങി കിടന്നു. താഴെ നിർത്തുകയൊന്നും ചെയ്തില്ല.നേരെ വണ്ടിയിലേക്ക് തന്നെ ഇരുത്തി.ശേഷം അവൻ കയറി സ്റ്റാർട്ട്‌ ചെയ്തു.. അവളുടെ വല്ലായ്മ മനസ്സിലായത് കാരണം അവൻ സ്പീഡ് കുറച്ചിരുന്നു. പക്ഷെ മുഖത്തേക്ക് വീശുന്ന തണുത്ത കാറ്റ് അവളെ അസ്വസ്ഥത പെടുത്തി.. അവൾ ഒന്നും നോക്കിയില്ല.. രണ്ടു കൈകൊണ്ടും അവനെ വട്ടം ചുറ്റി മുഖം അവന്റെ പുറത്തേക്ക് അമർത്തി വെച്ചു..തണുത്ത കാറ്റിനേക്കാളും അവനെ സുഖപ്പെടുത്തിയത് അവളുടെ സ്പർശമായിരുന്നു..ശരീരമാകെ കുളിരു പടർന്നു കയറി വല്ലാത്തൊരു അനുഭൂതി ഉണ്ടാകുന്നത് അവൻ അറിഞ്ഞു.. മുന്നോട്ടു പോകും തോറും അവളുടെ പിടുത്തത്തിനു മുറുക്കം കൂടി കൊണ്ടിരുന്നു.. ഈ യാത്ര അവസാനിക്കാതെ നിന്നെങ്കിൽ എന്ന് തോന്നിപ്പോയി അവന്..

റോഡ് അരികിലുള്ള തട്ടു കടയിക്ക് മുന്നിൽ അവൻ വണ്ടി നിർത്തി. അവൾ മുഖം ഉയർത്തി നോക്കി. "ഇറങ്ങ്.. വല്ലതും കഴിക്കാം.. " അവൻ തല ചെരിച്ചവളെ നോക്കി.. "ഇവിടുന്നു കഴിച്ചാൽ എങ്ങനെയാ.. ഉപ്പ കാത്തു നിക്കില്ലെ..? " "ഇല്ല..റൈഡിനു വന്നതാണെന്ന് പറഞ്ഞത് കൊണ്ട് കാത്തു നിക്കില്ല.." "മ്മ്.. " രണ്ടു പേരും ഇറങ്ങി തട്ടു കടയിലേക്ക് കയറി. "എന്താ വേണ്ടേ.. " ഇരുന്ന ശേഷം അവൻ ചോദിച്ചു. "എനിക്ക് പരിപ്പ് വടയും ചായയും. പിന്നെ ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും.. " "പിശാശ്ശെ..ഈ രാത്രിയിലോ.. വേറെന്തെങ്കിലും പറയെടി.. " "വേറെന്താ..എന്താ വേണ്ടേന്ന് ചോദിച്ചു..ഞാൻ വേണ്ടത് പറഞ്ഞു.. വേറൊന്നും വേണമെന്നില്ല.. വേണ്ടത് നീ പറാ.. " "ഈ ശവം.. " അവൻ പല്ല് ഞെരിച്ചു.ഓർഡർ എടുക്കാൻ വന്ന ചേട്ടനോട് രണ്ടു പേർക്കും മസാല ദോശ എടുക്കാൻ പറഞ്ഞു. മുന്നിൽ കൊണ്ട് വെക്കേണ്ട താമസം അവൾ അറ്റാക്ക് തുടങ്ങി.ഒരുമിനുട്ട് കൊണ്ട് അവളുടെ മാത്രമല്ല, അവന്റെ പ്ലേറ്റും കാലിയാക്കി.. "ഒന്നും വേണ്ടാന്ന് പറഞ്ഞവളാ ഈ നക്കി തുടക്കുന്നത്..

ജാഡ തെണ്ടി.. പറച്ചില് കേൾക്കുമ്പോൾ ഞാൻ വിചാരിച്ചു തൊട്ടു നോക്കില്ലന്ന്.. എന്നാടി നീയൊന്നു നന്നാവുക.. " അവളുടെ ആക്രാന്തം കണ്ടു അവൻ കൈ മലർത്തി.അവൾക്ക് രണ്ടു പറയാൻ നാവു തരിച്ചെങ്കിലും വായിൽ ദോശ ഉള്ളത് കാരണം ഒന്നു കടുപ്പിച്ചു നോക്കി വിട്ടു.. ബില്ല് കൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ അടുത്തുള്ള ചില്ലു ഭരണികളിലേക്ക് ചെന്നു. അവൻ അവളെ നോക്കി.അവൾ അതിലേക്കു നോക്കി കൊതി ഇറക്കുന്നതു കണ്ടു.. അവൻ അതിന്നു നെല്ലിക്കയും മാങ്ങയും കാരറ്റുമൊക്കെ ഒരു കവറിലേക്ക് എടുത്തു തരാൻ പറഞ്ഞു.അതൂടെ ചേർത്തു ബില്ല് കൊടുത്തു.. "ഇതാ കഴിക്ക്..കൊതി കൂട്ടി ഇവിടെ ഉള്ളവർക്ക് വയർ ഇളകണ്ടാ.. " അവൻ കവർ അവളുടെ കയ്യിൽ കൊടുത്തു..അവൻ പറഞ്ഞത് കേട്ടു അവൾക്ക് ദേഷ്യം വന്നു. പക്ഷെ അതിനേക്കാൾ ഏറെ സന്തോഷവും തോന്നുന്നുണ്ടായിരുന്നു. അവൾ അതും കഴിച്ചോണ്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു.. അവളുടെ സന്തോഷം അവൻ അറിയുന്നുണ്ടായിരുന്നു. രാത്രിയുടെ വെളിച്ചത്തിൽ അവളുടെ മുഖത്തിന് കൂടുതൽ തിളക്കം ഉള്ളത് പോലെ തോന്നി അവന്..അവൻ കയറി സ്റ്റാർട്ട്‌ ചെയ്തതും കൈ രണ്ടും തോർത്തി അവളും കയറി.. തുടക്കത്തിൽ ഉണ്ടായത് പോലെത്തന്നെ അകലം വെച്ചിരുന്നു.

അവളുടെ മനസ്സ് നിറയെ ഉപ്പയും റമിയും ആയിരുന്നു. രണ്ടു പേരും തന്നെ രാത്രിയിൽ റൈഡ്നു കൊണ്ട് പോകുകയും ഇഷ്ടമുള്ള ഫുഡ്‌ വാങ്ങിച്ചു തരുകയും ചെയ്യുമായിരുന്നു.ഫുഡ്‌ മാത്രമല്ല.. തനിക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിച്ചു തരും.തന്റെ സന്തോഷത്തിനായിരുന്നു രണ്ടുപേരും എപ്പോഴും പ്രാധാന്യം കൊടുത്തിരുന്നത്. അന്നൊക്കെ ജീവിതം എന്ത് രസമായിരുന്നു.ഓരോ ദിവസം പോകുന്നത് തന്നെ അറിഞ്ഞൂടാ..അത്രക്കും സന്തോഷമുണ്ടായിരുന്നു.. ഇന്ന് സന്തോഷമില്ല. പകരം ഉള്ളത് ഒരുപിടി ഓർമ്മകൾ മാത്രം. ആ ഓർമകളിൽ ഓരോ ദിവസവും ജീവിച്ചു മരിക്കുന്നു.. പഴയ നാളുകളൊക്കെ മനസ്സിലൂടെ ഓടി മറഞ്ഞതും അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി ചുടു നീർ പുറത്ത് ചാടി.അവൾ അപ്പൊത്തന്നെ അത് തുടച്ചു മാറ്റി.ചെവിയിലേക്ക് കാറ്റ് കയറുന്നത് കാരണം ഷാൾ രണ്ടു ചെവിയും മൂടും വിധം ചുറ്റിയിട്ടു..അതൊക്കെ അവൻ മിററിലൂടെ കാണുന്നുണ്ടായിരുന്നു. ഒന്നും ചോദിക്കാൻ നിന്നില്ല. മൗനമായി ഡ്രൈവിംഗ്ൽ ശ്രദ്ധ കൊടുത്തു. കുറച്ച് നിമിഷം കടന്നു പോയി.

അവളുടെ ഭാഗത്തുന്ന് അനക്കമൊന്നുമില്ല. അവൻ മിററിലൂടെ നോക്കി. അവളുടെ കണ്ണുകൾ അടഞ്ഞു പോകുന്നത് കണ്ടു. അവൻ അപ്പൊത്തന്നെ പിന്നിലേക്ക് കയ്യിട്ടു അവളെ തന്നിലേക്ക് ചേർത്തിരുത്തി. അവന്റെ സ്പർശം അവൾ അറിഞ്ഞു.ഉറക്കം തട്ടിയ കണ്ണുകളെ വിടർത്തി പിടിച്ചു കൊണ്ട് അവൾ എന്താന്ന് ചോദിച്ചു. "ബൈക്കിൽ ഇരുന്നാണോടീ ഉറങ്ങുന്നത്..വയർ നിറഞ്ഞാൽ അപ്പൊ ഉറക്കം തൂങ്ങിക്കോളും പോത്ത്... " അവളൊന്നും മിണ്ടിയില്ല.നല്ല പോലെ ഉറക്കം വരുന്നുണ്ടായിരുന്നു. എങ്ങാനും വീണു പോകുമോന്ന് കരുതി അവനെ മുറുക്കി പിടിച്ചു. "ടീ..ഉറക്കം വരുന്നുണ്ടേൽ നീങ്ങിയിരി..എന്നെ ചേർന്നിരിക്കണ്ട.. കാരണം നിന്നെ എനിക്ക് തീരെ വിശ്വാസമില്ല. വീഴുമ്പോൾ എന്നേം കൊണ്ടായിരിക്കും നീ വീഴുക.. " അവൻ പറഞ്ഞു. അത് അവളെ ദേഷ്യം പിടിപ്പിച്ചു. അവനിൽ നിന്നും വിട്ടിരുന്നില്ല. പകരം ഒന്നൂടെ ചേർന്നു അവനിലുള്ള പിടി വല്ലാതെ മുറുക്കി..അവന് ശ്വാസം വിടാൻ പറ്റാത്തതു പോലെയും വയർ വേദനിക്കുന്നതു പോലൊക്കെയും തോന്നി.അവൾ ദേഷ്യം തീർക്കുകയാണെന്ന് അവനു മനസ്സിലായി.. എന്നിട്ടും ഒന്നും പറഞ്ഞില്ല.. നിറ പുഞ്ചിരിയോടെ അതെല്ലാം ഏറ്റു വാങ്ങി.വീട്ടിൽ എത്തുമ്പോഴേക്കും ഉപ്പ കഴിച്ചു കിടന്നിരുന്നു.. പൗലോസ് ചേട്ടൻ വാതിൽ തുറന്നു കൊടുത്തു.

റൂമിലേക്ക്‌ കയറിയത് മാത്രേ അവൾക്ക് ഓർമയുള്ളൂ. പിന്നെ ഒരൊറ്റ വീഴ്ച ആയിരുന്നു ബെഡിലേക്ക്.അത്രക്കും ഉറക്കം വരുന്നുണ്ടായിരുന്നു.മാത്രമല്ല. നടുവിനൊക്കെ ഒരു വേദന പോലെയും. അവന് പതിവ് തെറ്റിക്കാൻ കഴിഞ്ഞില്ല. രണ്ടെണ്ണം വലിച്ചു.ശേഷം ഒന്നു ഫ്രഷ് ആയി വന്നു..അവളെ നോക്കുമ്പോൾ പൂര ഉറക്കം. ചുറ്റിയ ഷാൾ പോലും എടുത്തിട്ടില്ല.അവൻ അതെടുത്തു മാറ്റി.നേരത്തെ അവിടുന്ന് അതൊക്കെ കഴിച്ചു ഒന്നു വായ പോലും കഴുകിട്ടില്ല. അവൻ ഒരു ടവൽ നനച്ചു കൊണ്ട് വന്നു അവളുടെ കയ്യും മുഖവും ചുണ്ടുമൊക്കെ തുവർത്തി കൊടുത്തു.ബ്ലാങ്കറ്റ് പുതപ്പിച്ചു.. ലൈറ്റ് അണച്ചു അവൻ സോഫയിലേക്ക് മറിഞ്ഞു. *** രാവിലെ അവൻ എണീറ്റു കുളിച്ചു റെഡി ആകുന്നത് വരെ അവൾ എണീറ്റില്ല. ഉറങ്ങിക്കോട്ടേന്ന് കരുതി അവൻ വിളിക്കാനും നിന്നില്ല. ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ താഴേക്ക് ചെന്നു. ഉപ്പ രാവിലെ പോയിരുന്നു. പൗലോസ് ചേട്ടൻ എല്ലാം എടുത്തു വെച്ചു. രാവിലെതന്നെ അവളുടെ വായ കേൾക്കാഞ്ഞിട്ട് അവനു കഴിക്കുന്നത് പോയിട്ട് ഒന്നു ഇരിക്കാനുള്ള സുഖം പോലും തോന്നിയില്ല. പൗലോസ് ചേട്ടന് വിഷമം ആകേണ്ടന്ന് കരുതി അല്പ നേരം ഇരുന്നു കളം വരച്ചു കഴിച്ചെന്നു വരുത്തി. കീ എടുത്തു പുറത്തേക്ക് ഇറങ്ങി.

എന്തിനോ വേണ്ടി തിരിഞ്ഞു നോക്കി.അവിടം ശൂന്യമായിരുന്നു.. അവൻ വണ്ടിയിലേക്ക് കയറി. സ്റ്റാർട്ട്‌ ചെയ്യാൻ ആവുന്നില്ല. ആകെ ദേഷ്യം വരുന്നത് പോലെ. അവളെ ഉണർത്താതെയും സംസാരിക്കാതെയും പറ്റില്ലന്ന് തോന്നി. വണ്ടിയിന്ന് ഇറങ്ങി അകത്തേക്ക് തന്നെ കയറി. "എന്താ മോനെ.. എന്തെങ്കിലും മറന്നോ.. " അവൻ പരവേശത്തോടെ അകത്തേക്ക് കയറിയത് കണ്ടു പൗലോസ് ചേട്ടൻ കാര്യം തിരക്കി. "ഒന്നുല്ല.. " അവൻ മുകളിലേക്ക് ചെന്നു. അവൾ തന്റെ ജീവിതത്തിൽ അല്ല,ഓരോ ശ്വാസത്തിലുമാണ് ഉള്ളതെന്ന് അവനാ നിമിഷം മനസ്സിലാക്കി. തന്റെ ഓരോ ഹൃദയമിടിപ്പും അവൾക്ക് വേണ്ടി ഉള്ളതാണെന്ന് അവൻ തിരിച്ചറിഞ്ഞു.റൂമിലേക്ക്‌ കയറുമ്പോൾ അവൾ വയറ്റിൽ കൈ വെച്ചു ബെഡിൽ അമർന്നു ഇരിക്കുന്നത് കണ്ടു. "ഓ..ഇപ്പോഴെങ്കിലും എണീറ്റോ..? " അവന്റെ സ്വരത്തിൽ ദേഷ്യം..

അവളൊന്നും മിണ്ടിയില്ല.. "ടീ..നിന്നോടാ ചോദിക്കുന്നെ.. എന്താ വൈകിയേ.. നേരം എന്തായിന്ന് അറിയോ..? " അപ്പോഴും അവളൊന്നും മിണ്ടിയില്ല.. അതേ ഇരുപ്പ് തുടർന്നു. അവന് വല്ലാതെ ദേഷ്യം വന്നു.. സത്യം പറഞ്ഞാൽ ആ ദേഷ്യം പോലും അവളോടുള്ള സ്നേഹ കൂടുതൽ ആയിരുന്നു. വല്ലതുമൊന്നു മിണ്ടീട്ട് പോകാമെന്ന് കരുതിയിട്ടാണ് മടങ്ങി വന്നത്. അന്നേരം അവൾക്ക് മിണ്ടാട്ടവുമില്ല. അനക്കവുമില്ല.മുഖത്തേക്കും നോക്കുന്നില്ല..പിന്നെ അവന് സഹിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ചോദിച്ചത് കേട്ടില്ലേ ടീ ന്നും ചോദിച്ചു അവൻ അവളുടെ കയ്യിൽ പിടിച്ചു ബെഡിൽ നിന്നും എണീപ്പിച്ചു.അവൾ വേദനയോടെ അവന്റെ മുഖത്തേക്ക് നോക്കി.. അവളുടെ അവസ്ഥ കണ്ടു അവൻ പകപ്പോടെ അവളുടെ കയ്യിലുള്ള പിടി വിട്ടു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story