ഏഴാം ബഹർ: ഭാഗം 41

ezhambahar

രചന: SHAMSEENA FIROZ

ബെഡ് ഷീറ്റിലും അവളുടെ ഷർട്ടിലും രക്തം പടർന്നിരിക്കുന്നതു കണ്ടു അവൻ പകപ്പോടെ അവളുടെ കയ്യിലുള്ള പിടി വിട്ടു. "വയ്യെങ്കിൽ പറഞ്ഞൂടെ നിനക്ക്.. " വയ്യാതെ ആയിട്ടും അവൾ പറയാത്തതിന്റെ ദേഷ്യമായിരുന്നു അവന്.. അവളൊന്നും മിണ്ടിയില്ല. അവന്റെ മുഖത്തേക്കേ നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവളുടെ പ്രയാസം അവന് മനസ്സിലായി.. അവൻ വെളിയിലേക്ക് ഇറങ്ങി. നുസ്രയെ വിളിച്ചു വരാൻ പറയാമെന്നു കരുതി പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. അന്നേരമാണ് നുസ്രയുടെ നമ്പർ കയ്യിൽ ഇല്ലന്ന കാര്യം ഓർക്കുന്നത്. അപ്പൊത്തന്നെ എബിക്ക് വിളിച്ചു നുസ്രയുടെ നമ്പർ വാട്സാപ്പ് ചെയ്യാൻ പറഞ്ഞു. താജ്ൻറെ ശബ്‌ദത്തിൽ വല്ലാത്ത ഗൗരവം ഉണ്ടായിരുന്നതു കൊണ്ട് എബി എന്തിനാ ഏതിനാന്നൊന്നും ചോദിക്കാൻ നിന്നില്ല. അപ്പൊത്തന്നെ നമ്പർ സെൻറ് ചെയ്തു കൊടുത്തു..താജ് നുസ്രയ്ക്ക് വിളിച്ചു. "നുസ്റാ..നീയൊന്നു ഇവിടം വരെ വാ.. ലൈലക്ക് സുഖമില്ല.. " "അയ്യോ..ഞാൻ കോളേജിലാ. ഇപ്പൊ എത്തിയേയുള്ളൂ..എന്താ അവൾക്ക്.. വീട്ടിൽ ഉമ്മയുണ്ട്. ഞാൻ വിളിച്ചു പറയാം അങ്ങോട്ട്‌ വരാൻ.. " "അത്.. അതൊന്നും വേണ്ടാ.. അവൾക്ക്..അവൾക്ക് പീരിയഡ്സാ.. എന്താ ചെയ്യേണ്ടേന്ന് പറഞ്ഞു താ.. "

താജ് എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു. "ഓ..അതാണോ കാര്യം..അപ്പൊ നിനക്ക് ഹാൻഡിൽ ചെയ്യാവുന്നതേയുള്ളൂ.. നീ ആദ്യം അവൾക്ക് വേണ്ട സാധനം കൊണ്ട് കൊടുക്ക്‌..മെഡിക്കൽ ഷോപ്പിൽ കിട്ടും.. അവളുടെ കയ്യിൽ ഇപ്പൊ അതൊന്നും ഉണ്ടാകില്ല.വെറും കയ്യോടെ അല്ലേ നിന്റെ വീട്ടിലേക്ക് വന്നത്.. വേഗം ചെല്ല്.. " നുസ്ര പറഞ്ഞു കൊടുത്തു..താജ് ഓക്കേന്നും പറഞ്ഞു കാൾ കട്ട്‌ ചെയ്തു. ഇതൊക്കെ ഉണ്ടാകുമെന്ന് അറിയുന്നതല്ലെ.. എന്ത് കുന്തമാ ഇവള് ഇന്നലെ വീട്ടിൽ പോയി എടുത്തിട്ടു വന്നത്.. അവൻ ദേഷ്യത്തോടെ താഴേക്ക് ഇറങ്ങി.വണ്ടി എടുത്തു ടൗണിൽ പോയി.ഒരു കവറുമായി ഉടനെ തിരിച്ചു വരുകയും ചെയ്തു.. റൂമിലേക്ക്‌ കയറുമ്പോൾ അവൾ ഇരുന്നു പുളയുന്നത് കണ്ടു. "ഇതാ..ബാത്‌റൂമിലേക്ക് ചെല്ല്.. " അവൻ കയ്യിലെ കവർ അവൾക്ക് നേരെ നീട്ടി..അവൾ വേഗം അതു വാങ്ങിച്ചു.എണീറ്റു നിന്നതെ ഓർമയുള്ളൂ.രണ്ടു കാലും പൊളിയുന്നത് പോലെയുള്ള വേദന അനുഭവപ്പെട്ടു..എണീറ്റ പോലെത്തന്നെ ബെഡിലേക്ക് വീണു.

അത് കണ്ടു അവൻ അവളെ താങ്ങി പിടിച്ചു ബാത്റൂമിലേക്ക് കയറ്റി. അവൾ ലോക്ക് ചെയ്യുന്നതിന് മുന്നേ ഷെൽഫിൽ നിന്നും ടവലും മാറ്റാനുള്ള ഡ്രെസ്സും എടുത്തു കൊടുത്തു.. അവൾ പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും അവൻ ബെഡ് ഷീറ്റ് മാറ്റി വിരിച്ചിരുന്നു.അത് കണ്ടു അവൾ വേദനയോടെയും നന്ദിയോടെയും അവന്റെ മുഖത്തേക്ക് നോക്കി.. ബാത്റൂമിലേക്ക് ആക്കി കൊടുത്തത് പോലെത്തന്നെ അവൻ അവളെ താങ്ങി പിടിച്ചു ബെഡിലേക്ക് ഇരുത്തി കൊടുത്തു.ഇരുന്നു കഴിഞ്ഞില്ല.അതിന് മുന്നേ അവൾ പിടഞ്ഞു കെട്ടി എണീറ്റു. അവൻ എന്താന്ന് ചോദിച്ചെങ്കിലും അവൾക്ക് പറയാൻ കഴിഞ്ഞില്ല. വായും പൊത്തി പിടിച്ചു ബാത്റൂമിലേക്ക് ഓടി കയറി. അവൻ പിന്നാലെ ചെല്ലുമ്പോഴേക്കും അവൾ ഛർദിക്കാൻ തുടങ്ങിയിരുന്നു.. അവൻ കുനിഞ്ഞു അവളുടെ പുറം നല്ലത് പോലെ തടവി കൊടുത്തു. അവൾ നെഞ്ചത്തും കൈ വെച്ചു ക്ഷീണത്തോടെ ഭിത്തിയിലേക്ക് ചാരി നിന്നു..ബാത്രൂം ക്ലീൻ ആവാൻ വേണ്ടി അവൻ ടാപ് on ചെയ്തു വിട്ടു.അപ്പോഴേക്കും അവൾ വീണ്ടും തുടങ്ങി..അവളുടെ അവസ്ഥ കണ്ടു അവനു ആകെ വല്ലായ്മ തോന്നി.അവൾ നിവർന്നു നിന്നു വീണ്ടും ഭിത്തിയിലേക്ക് ചാരാൻ നോക്കിയതും അവൻ അവളെ ചേർത്തു പിടിച്ചു.

.കുറച്ച് വെള്ളം എടുത്തു അവളുടെ മുഖവും വായയും കഴുകിച്ചു. "എന്താ ഇങ്ങനെ.. " അവൻ അവളുടെ നെറുകിൽ തലോടി. "ഈ സമയത്ത് ഉള്ളതാ.. " അവൾ തളർച്ചയോടെ അവന്റെ മുഖത്തേക്ക് നോക്കി.. അവളുടെ വാടി തളർന്ന മുഖം അവന്റെ ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടാക്കി. അവൻ അവളെ കൈകളിൽ കോരി എടുത്തു.വയ്യാത്തതു കാരണം അവൾ ഒരു എതിർപ്പും കാണിച്ചില്ല. അവൻ അവളെ ബെഡിലേക്ക് കിടത്തി..കുടിക്കാൻ വെള്ളം എടുത്തു കൊടുത്തു.അവൾ അല്പം കുടിച്ചു ഗ്ലാസ്‌ അവന്റെ കയ്യിൽ കൊടുത്തു. "ഞാനിപ്പോ വരാം.. " അവൻ താഴേക്ക് പോയി.പൗലോസ് ചേട്ടനോട് ചൂട് കഞ്ഞി എടുത്തു തരാൻ പറഞ്ഞു..രാവിലെ ആയത് കാരണം കഞ്ഞി റെഡിയായിട്ടുണ്ടാരുന്നില്ല.. അരി കഴുകി വെച്ചതേ ഉണ്ടാരുന്നുള്ളൂ. അവന്റെ ദൃതി കണ്ടു പൗലോസ് ചേട്ടൻ കുറച്ച് അരി കുക്കറിലേക്ക് എടുത്തു പെട്ടെന്ന് കഞ്ഞി റെഡിയാക്കി കൊടുത്തു. അവൻ അതും കൊണ്ട് റൂമിലേക്ക്‌ ചെന്നു. ക്ഷീണം കാരണം അവൾ കണ്ണുകൾ അടച്ചിരുന്നു.അവൻ കയ്യിലെ പാത്രം ടേബിളിലേക്ക് വെച്ചു അവളുടെ അടുത്തിരുന്നു ലൈലാന്നും വിളിച്ചു അവളുടെ കവിളിൽ തട്ടി..

അവളൊന്നു നിരങ്ങി കണ്ണ് തുറന്നു..ആ മിഴികൾക്ക് പോലും വല്ലാത്ത ക്ഷീണം ഉണ്ടെന്ന് തോന്നി അവന്.. "എഴുന്നേൽക്ക്..കഞ്ഞി കുടിക്കാം.. ക്ഷീണം മാറട്ടെ.. " അവൻ പറഞ്ഞു. അവൾ വേണ്ടാന്നുള്ള അർത്ഥത്തിൽ തലയാട്ടി കണ്ണുകൾ അടക്കാൻ ഒരുങ്ങി.. അവൻ സമ്മതിച്ചില്ല.. കഴിച്ചിട്ട് ഉറങ്ങാമെന്നും പറഞ്ഞു അവളെ പിടിച്ചു എണീപ്പിച്ചിരുത്തി. ചാരാൻ തലയിണയും ഉയർത്തി വെച്ചു കൊടുത്തു..അവൻ പ്ലേറ്റ് കയ്യിൽ എടുത്തു ഒരു സ്പൂൺ കോരി അവൾക്ക് നേരെ നീട്ടി.. "എനിക്ക് വേണ്ടന്നല്ലെ പറഞ്ഞത്.. " അവൾ മുഖം ചുളിച്ചു. സത്യം പറഞ്ഞാൽ വേദനിച്ചിട്ട് ഒന്നിനും വയ്യാ.കാല് മുതൽ തല വരെ വേദനയാണ്.കഴിക്കുന്നത് പോയിട്ട് ഇരിക്കാനുള്ള ശക്തി പോലുമില്ല. "ലൈല..വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ..വയ്യാത്തത് ആണെന്നൊന്നും നോക്കില്ല.. കവിള് നോക്കി രണ്ടെണ്ണം പൊട്ടിക്കും ഞാനാ.. " "ദേഷ്യം പിടിക്കുന്നത് എന്തിനാ.. എനിക്ക് വേണ്ടാ.. വയ്യാഞ്ഞിട്ടാ.. ഛർദിക്കാൻ വയ്യാ.. വയറ്റിലേക്ക് എത്തുന്നതിന് മുൻപേ തുടങ്ങും ഞാൻ.. " "അത് കുഴപ്പമില്ല.. അല്പമൊക്കെ ഛർദിക്കുന്നത് നല്ലതാ..വയർ ക്ലീൻ ആകും..പക്ഷെ ആ ഛർദിച്ചു കഴിഞ്ഞാൽ ഒന്നും തിന്നാതെ ഇരിക്കുന്നതാ ദോഷം..ക്ഷീണം വരും..ഇപ്പൊത്തന്നെ നീ പകുതിയായി..നീയിത് കഴിക്ക്.. കുഴപ്പമൊന്നും വരില്ല.. "

അവൻ സ്പൂൺ അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു.. പിന്നെ അവൾക്ക് വേണ്ടാന്ന് പറയാൻ തോന്നിയില്ല.വായ തുറന്നു കൊടുത്തു.. അവനൊരു കൊച്ചു കുഞ്ഞിനെ ഊട്ടുന്ന ശ്രദ്ധയോടെ അല്പാൽപമായി എടുത്തു അവളെ കഴിപ്പിച്ചു..അവൾക്ക് അതൊക്കെ ഒരു അത്ഭുതമായി തോന്നി..അവന് ചുറ്റുമുള്ളവരോട് ലവും കേറിങ്ങുമൊന്നും ഇല്ലെന്നാ വിചാരിച്ചിരുന്നത്.. സ്വന്തം കാര്യം മാത്രേ ഉള്ളൂന്നാ.പക്ഷെ അത് അങ്ങനെ അല്ലെന്ന് അവൾക്ക് ബോധ്യപ്പെട്ടു.അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. "ഇതാ..വെള്ളം കുടിക്ക്.. " അവന്റെ ശബ്ദം കേട്ടപ്പോഴാണ് അവൾക്ക് ബോധം വന്നത്. വേഗം നോട്ടം തെറ്റിച്ചു ഗ്ലാസ്‌ വാങ്ങിച്ചു വെള്ളം കുടിച്ചു.അവൻ എണീറ്റു ഒരു ടവൽ എടുത്തു വന്നു അവളുടെ ചുണ്ട് തുടച്ചു കൊടുത്തു.. "ഇനി ഉറങ്ങിക്കോ.. " അവൻ പ്ലേറ്റ് എടുത്തു താഴേക്ക് പോയി..ഒന്നാമതെ ക്ഷീണം.ഇപ്പൊ വയറും നിറഞ്ഞു.കിടന്നതേ ഉള്ളു. അവളുടെ കണ്ണുകൾ അടഞ്ഞു വന്നു. 🍁🍁🍁🍁🍁🍁 ഉപ്പ ഉച്ചക്ക് വന്നു.താജ്ൻറെ വണ്ടി പുറത്ത് കിടക്കുന്നത് കണ്ടു..താജ് പോയില്ലേന്ന് പൗലോസ് ചേട്ടനോട് ചോദിച്ചു..മോൾക്ക്‌ നല്ല വയ്യന്ന് പൗലോസ് ചേട്ടൻ പറഞ്ഞു തീർന്നില്ല.

അതിന് മുന്നേ തന്നെ ഉപ്പ മോളിലേക്ക് ഓടി കയറി.. റൂമിലേക്ക്‌ ചെല്ലുമ്പോൾ അവളെ ഉറങ്ങുന്നത് കണ്ടു. "മോളെ..എന്താ..എന്താ പറ്റിയെ..? " ഉപ്പ അടുത്തു ചെന്നിരുന്നു അവളുടെ നെറ്റിയിലും കവിളിലുമൊക്കെ തൊട്ടു.അവൾക്ക് ഉറക്കം ഞെട്ടിയില്ല.അവളെ വിളിച്ചുണർത്താൻ ഉപ്പാക്ക് മനസ്സു വന്നതുമില്ല.പക്ഷെ ഉള്ളു നിറയെ ആധിയായിരുന്നു.ചുറ്റിനും നോക്കി.താജ്നെ കണ്ടില്ല..ഉപ്പ പതിയെ അവളുടെ നെറുകിൽ ഒന്നു തലോടി എണീറ്റു. "ഡാഡ്..ഉണർത്തിയോ അവളെ.. " താജ് ബാൽക്കണിയിൽ നിന്നും റൂമിലേക്ക്‌ വന്നു. "ഇല്ല..എന്താടാ..എന്താ അവൾക്ക്.. " "ടെൻഷൻ ആവാൻ ഒന്നും ഇല്ല.. സ്വഭാവത്തിൽ മാത്രമാ അവൾ ആണ്.. രൂപത്തിൽ പെണ്ണല്ലേ.. അതിന്റെയാ.. എല്ലാ മാസവും ഉണ്ടാകുന്നത് അല്ലേ. പേടിക്കാൻ ഒന്നും ഇല്ല.. " "എന്നാലും ഹോസ്പിറ്റലിൽ പോകാമായിരുന്നു. ഇല്ലേൽ ഡോക്ടറെ ഇങ്ങോട്ട് വിളിക്ക്.. അതിന്റെ മുഖം കാണുമ്പോൾ തന്നെ അറിയുന്നു നല്ല ക്ഷീണം ഉണ്ടെന്ന്.. " ഉപ്പാക്ക് കാര്യം മനസ്സിലായിരുന്നു. എന്നാലും ഒരു സമാധാനവും ഇല്ലായിരുന്നു.

"നോക്കട്ടെ.. പെയിൻ കുറവില്ലങ്കിൽ ഡോക്ടറെ വിളിക്കാം..അവൾ ഉണരട്ടെ.. ഏതായാലും ഇപ്പൊ വിളിച്ചുണർത്തണ്ട..ഉറങ്ങുമ്പോഴാ തോന്നണു അവൾക്ക് ഒരു സമാധാനം..നേരത്തെ ഇരുന്നു പിടക്കുന്നതു കണ്ടു..ഉറക്കത്തിലും മുഖം ചുളിക്കുന്നതും നിരങ്ങുന്നതുമൊക്കെ കാണാം.. " "വല്ലതും കഴിച്ചോ..? " "ഉവ്വ്.. കഞ്ഞി കൊടുത്തു.." "നീയോ.." "ഇല്ല..കുറച്ച് കഴിയട്ടെ..ഡാഡ് ചെല്ല്..ചെന്നു കഴിക്ക്.. " അവൻ ഉപ്പാനെ പറഞ്ഞു വിട്ടു.ഉപ്പ അവനെ കഴിക്കാൻ വിളിച്ചില്ല. എത്ര നിർബന്ധിച്ചാലും അവൻ അവളുടെ അടുത്തുന്ന് മാറില്ലന്ന് ഉപ്പാക്ക് അറിയാമായിരുന്നു.വീട്ടിൽ ഉമ്മയോ പെങ്ങമ്മാരെന്നോ പറഞ്ഞു ഒരു പെണ്ണും ഇല്ല..ജീവിതത്തിൽ ആദ്യമായി അവൻ അടുപ്പം കാണിച്ച പെണ്ണ് ലൈലയാണ്. സ്ത്രീകൾക്ക് എല്ലാ മാസവും ഇങ്ങനെ ഒരു കാര്യം ഉണ്ടാകുമെന്ന് അല്ലാതെ അവനു ഇതിനെക്കുറിച്ച് വല്യ അറിവ് ഒന്നും ഇല്ലാരുന്നു. അതുകൊണ്ട് അവൻ ഗൂഗിൾ സെർച്ച്‌ ചെയ്തു പീരിയഡ്സ് ടൈമിലെ ഫുഡും മറ്റു കാര്യങ്ങളുമൊക്കെ വായിച്ചു മനസ്സിലാക്കി. വേദന കുറയാൻ നാച്ചുറൽ ആയി ഉലുവ തിളപ്പിച്ച വെള്ളവും ഇഞ്ചി ചതച്ച വെള്ളവുമൊക്കെ ഉപയോഗിക്കാറുണ്ടെന്നു കണ്ടത് കാരണം അത് ഉണ്ടാക്കാൻ വേണ്ടി താഴേക്ക് ചെന്നു..അവൻ ചെല്ലുന്നത് വരെ ഉപ്പ കഴിച്ചിട്ടില്ലായിരുന്നു.

സോഫയിൽ ചാഞ്ഞിരിക്കുന്നുണ്ടായിരുന്നു. അവനെ കണ്ടതും ഉപ്പ അവനെ ഡെയ്നിങ് ടേബിളിനു മുന്നിൽ പിടിച്ചിരുത്തി.താൻ കഴിച്ചില്ലങ്കിൽ ഉപ്പയും കഴിക്കില്ലന്ന് അറിയാവുന്നോണ്ട് അവൻ എതിർപ്പ് കാണിക്കാതെ ഇരുന്നു കഴിച്ചു.അത് കാണുമ്പോൾ തന്നെ ഉപ്പാന്റെ വയർ നിറഞ്ഞു.അല്പം കഴിച്ചു ഉപ്പയും എണീറ്റു..അവൻ കിച്ചണിലേക്ക് ചെന്നു വേണ്ടത് ഉണ്ടാക്കി ഒരു മഗ്ഗിലേക്ക് എടുത്തു റൂമിലേക്ക്‌ പോയി.അവൾ എണീറ്റു കട്ടിലിലേക്ക് ചാരിയിരിക്കുന്നത് കണ്ടു. "കഴിഞ്ഞോ ഉറക്കം.. " അവൻ മഗ്ഗ് ടേബിളിലേക്ക് വെച്ചു അവൾടെ അടുത്തിരുന്നു.അവൾ ഉവ്വെന്ന അർത്ഥത്തിൽ തലയാട്ടി.. "വേദന കുറവുണ്ടോ..ഇല്ലേൽ ഡോക്ടറെ വിളിക്കാം.. " "വേണ്ടാ..ഇത് സാധാരണ ഉള്ളതാ.. ഫസ്റ്റ് ഡേ മാത്രേയുള്ളൂ ഈ പ്രശ്നം.. പിന്നെ ഉണ്ടാവില്ല.. നാളേക്ക് ഓക്കേ ആകും.. " "വീട്ടിൽ ആരാ നിന്നെ കെയർ ചെയ്യുക.. "

"ഉപ്പ ഉണ്ടായിരുന്നപ്പോൾ ഉപ്പയായിരുന്നു.. എല്ലാം ചെയ്തു തരും..പിന്നീട് സനുവാ..അവനും അതേ..എല്ലാം ചെയ്തു തരും.. ഉറക്കം പോലും കളഞ്ഞു എനിക്ക് കൂട്ടിരിക്കും.എന്റെ വേദന മാറാതെ അവൻ സ്കൂളിലേക്ക് വരെ പോകില്ല.. " അവൾ പറഞ്ഞു.. അവളുടെ കണ്ണിലെ മിഴിനീരിൻറെ തിളക്കം അവൻ കണ്ടു.പിന്നൊന്നും ചോദിച്ചില്ല. കൊണ്ട് വന്നതിൽ നിന്നും ഉലുവ വെള്ളം എടുത്തു കുടിക്കാൻ കൊടുത്തു.കുടിച്ചു കഴിഞ്ഞവൾ എഴുന്നേൽക്കാൻ ഭാവിച്ചു. "എവിടെക്കാ..." അവൻ അവളെ എണീപ്പിച്ചു നിർത്തി. "ബാത്റൂമിൽ പോകണം.. " അവൾ പറഞ്ഞു. അവൻ അവളെ പിടിക്കാൻ നോക്കിയതും അവൾ വേണ്ടാ, ഞാൻ പൊക്കോളാമെന്ന് പറഞ്ഞു.. രണ്ടടി മുന്നിലേക്ക് നടന്നതേ ഉള്ളു. അവൾക്ക് തല കറങ്ങുന്നതു പോലെയും കണ്ണിൽ ഇരുട്ട് പടരുന്നതു പോലെയും തോന്നി.അവൾ തിരിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി.അവന് കാര്യം മനസ്സിലായി.ചിരിച്ചോണ്ട് അവളുടെ അടുത്തേക്ക് വന്നു ചേർത്തു പിടിച്ചു ബാത്റൂമിലേക്ക് ആക്കി കൊടുത്തു..അവൾ ഇറങ്ങി വരുന്നത് വരെ അവിടെ തന്നെ നിന്നു.ഇറങ്ങിയതും അതുപോലെ ബെഡിലേക്ക് ആക്കി കൊടുത്തു.

അവൻ താഴേക്ക് പോയി. ഉപ്പാനോട് അവൾ ഉണർന്നെന്നു പറഞ്ഞു. ഉപ്പ മുകളിലേക്ക് പോകുമ്പോൾ താഴെ സെറ്റിയിൽ കിടന്നിരുന്ന രണ്ടു മാഗസിനും എടുത്തു കൊടുത്തു അവൾക്ക് കൊടുക്കാൻ വേണ്ടി. ഉപ്പ അവളോട്‌ ഹോസ്പിറ്റലിൽ പോകണോ ഡോക്ടറെ വിളിക്കണോ ക്ഷീണം കുറവുണ്ടോന്നൊക്കെ മാറി മാറി ചോദിച്ചു. ഒന്നും വേണ്ടാ, ഇപ്പൊ കുഴപ്പമൊന്നുമില്ലന്ന് പറഞ്ഞു അവളൊന്നു നല്ലപോലെ ചിരിച്ചു കൊടുത്തു.ആ ചിരി കണ്ടപ്പോഴാണ് ഉപ്പാക്ക് ഒന്നു സമാധാനം ആയത്.ഏറെ നേരം അവളുടെ അടുത്തിരുന്നു ഓരോന്നു പറയുകയും തലയിൽ തലോടുകയുമൊക്കെ ചെയ്തു.. ഉപ്പ താഴേക്ക് പോയതും അവൾക്ക് ബോറടിക്കാൻ തുടങ്ങി.. ഉപ്പ കൊണ്ട് വെച്ച മാഗസിൻ എടുത്തു മറിച്ചു നോക്കിക്കൊണ്ടിരുന്നു. അവൻ അടുത്ത് ഉണ്ടെങ്കിൽ എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാമായിരുന്നെന്ന് തോന്നി അവൾക്ക്.താഴെ സെറ്റിയിൽ കിടക്കുന്ന അവന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു. ആകെ ബോറടിക്കുന്നുണ്ടായിരുന്നു. സാധാരണ ഈ സമയത്തു കോളേജിൽ അല്ലേ ഉണ്ടാവാറ്..

അവളുടെ അടുത്തു ചെന്നിരുന്നാലോന്ന് തോന്നി. പക്ഷെ ചെന്നിട്ടു എന്തിനാ. അവൾ വല്ലതും മിണ്ടുമോ.കേറ്റി വെച്ച മോന്തയുമായി ഇരിക്കും.അവന് ആകെ വട്ടു പിടിക്കുന്നത് പോലെ തോന്നി.അവന്റെ മുഖത്ത് നിന്നു തന്നെ അവന്റെ അവസ്ഥ ഉപ്പാക്ക് മനസ്സിലായി.അവൾ ഒറ്റക്കല്ലേ,നീ അങ്ങോട്ട്‌ ചെല്ല് എന്ന് പറഞ്ഞു ഉപ്പ അവനെ റൂമിലേക്ക്‌ വിട്ടു.അവൻ ചെല്ലുമ്പോൾ അവൾ മാഗസിൻ തിരിച്ചും മറിച്ചും നോക്കി ഒടുക്കം മുഖം ചുളിച്ചോണ്ട് അത് ടേബിളിലേക്ക് എറിയുന്നത് കണ്ടു.അവളുടെ ആ ഇരുപ്പ് കണ്ടു അവനൊന്നു ചിരിച്ചു. "എനിക്ക് ബോറടിക്കുന്നു.. " അവനെ കണ്ടതും അവൾ പറഞ്ഞു. "എന്തു ചെയ്യണം ഇപ്പൊ.. താഴേക്ക് ചെല്ലുന്നോ..? " "ആ.. താഴെ ഇരിക്കാം.. ടീവി കണ്ടെങ്കിലും നേരം കളയാമല്ലോ.. " "അതിനെന്തിനാ താഴേക്ക് പോകുന്നേ.. ഇവിടെ ഉണ്ടല്ലോ.. ഇവിടിരുന്നു കാണാമല്ലോ. ഞാൻ on ചെയ്തു തരാം.. " അവൻ ടീവി on ചെയ്യാൻ ഭാവിച്ചു. അവൾ വേണ്ടാന്ന് പറഞ്ഞു.. പിന്നെന്താ വേണ്ടേന്നുള്ള ഭാവത്തിൽ അവൻ അവളെ നോക്കി.. "നീ.. നീയിവിടെ ഇരി.. എന്തെങ്കിലുമൊക്കെ സംസാരിക്ക്.. "

അവൾ മടിച്ചു മടിച്ചു പറഞ്ഞു. "എന്ത് സംസാരിക്കാൻ..? " അവൻ നെറ്റി ചുളിച്ചു ബെഡിലേക്ക് ഇരുന്നു..അവൾ ഉമ്മാന്നൊരു അലർച്ചയായിരുന്നു.. "എന്തെടി.. " അവൻ പകപ്പോടെ അവളെ നോക്കി.. "കാല്..എന്റെ കാലിലാ ഇരുന്നെ.. " "അതിന് ഇങ്ങനെ അലറണോ.. " അവൻ നീങ്ങിയിരുന്നു. "തെണ്ടി..അലറുകയല്ല.നിന്നെ കൊല്ലുകയാ വേണ്ടത്.. സംസാരിക്കാൻ പറ്റുമെങ്കിൽ ഇരുന്നാൽ മതി. ഇല്ലേൽ എണീറ്റു പോ.. അല്ലാതെ തന്നെ കാലിന് തളർച്ച തോന്നിട്ടു വയ്യാ.. അപ്പോഴാ അവന്റെയൊരു ടാങ്കർ ലോറി പോലെത്തെ ഡിക്കി കൊണ്ട് വന്നു വെക്കുന്നെ.. കാല് ഒടിഞ്ഞു പോയെന്നാ തോന്നുന്നേ.എണീറ്റു പോടാ അവിടെന്ന്.. " അവളുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു..അവൻ അപ്പൊത്തന്നെ അവളുടെ കാല് എടുത്തു മടിയിൽ വെച്ചു.അവൾക്ക് ദേഷ്യം മാറിയില്ലായിരുന്നു. കാല് വലിച്ചു എടുക്കാൻ നോക്കി. അവൻ സമ്മതിച്ചില്ല. പിടിച്ചു വെച്ചു. "ദേ ചെറുക്കാ..കളിക്കാൻ നിക്കല്ലേ. എനിക്ക് വേദനിക്കുന്നു.. " "വേദന ഞാൻ മാറ്റി തരാം.. " അവൻ അവളുടെ കാലിൽ പതിയെ തടവി കൊടുക്കാൻ തുടങ്ങി.

അവൾക്ക് നല്ല സുഖം അനുഭവപ്പെട്ടു.കാലിന് മാത്രമല്ല. മനസ്സിനും.ഓരോ നിമിഷം ചെല്ലും തോറും അവനൊരു അത്ഭുതമായി മാറുന്നത് അവൾ അറിഞ്ഞു.. എതിർപ്പ് ഒന്നും കാണിച്ചില്ല. കാല് അതുപോലെ തന്നെ വെച്ചു കൊടുത്തു.അവനോട് എന്ത് പറയണമെന്നോ സംസാരിക്കണമെന്നോ ഒന്നും അറിഞ്ഞില്ല.കണ്ണിമയ്ക്കാതെ അവനെ തന്നെ നോക്കിയിരുന്നു. ആ നോട്ടം അവൻ അറിഞ്ഞു. പെട്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കി. കണ്ണുകൾ പരസ്പരം ഉടക്കി. അവൾക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല.. ഒരു വെപ്രാളം പോലെ തോന്നി.വേഗം നോട്ടം തെറ്റിച്ചു കളഞ്ഞു..അവളുടെ ഭാവ മാറ്റം അവൻ ശ്രദ്ധിച്ചിരുന്നു. പതിയെ അവളുടെ കാല് എടുത്തു ബെഡിലേക്ക് വെച്ചു.അവൻ എണീറ്റു ബെഡിലേക്ക് കയറി അവളെ ചേർന്നിരുന്നു.അവൾക്ക് കാര്യം മനസ്സിലായില്ല.എന്താന്നുള്ള ഭാവത്തിൽ അവനെ നോക്കിയതും അവൻ അവളുടെ മടിയിലേക്ക് തല വെച്ചു കിടന്നു.കാല് മുതൽ തല വരെ ഒരു തരിപ്പ് പാഞ്ഞു പോയത് അവൾ അറിഞ്ഞു. അവനോട് എണീക്കാൻ പറയാൻ നാവോ ഉന്തി മാറ്റാൻ കൈയ്യോ പൊന്തിയില്ല..

ആകെയൊരു തളർച്ച പോലെ തോന്നി. "ഇന്നലെ വീട്ടിൽ പോയപ്പോ ആവശ്യം ഉള്ളതൊന്നും എടുക്കാഞ്ഞതെന്തേ.. " അവൻ അവളുടെ മുഖത്തേക്ക് നോക്കി. "എ.. എന്താ..? " അവൾക്ക് മനസ്സിലായില്ല. "ഇതൊക്കെ ഉണ്ടാവുമെന്ന് അറിയുന്നതല്ലേ.. ഡ്രസ്സ്‌ വേണ്ടെങ്കിൽ വേണ്ടാ. ബാക്കി അത്യാവശ്യമുള്ളത് ഒക്കെ എടുത്തൂടായിരുന്നോ.. എനിക്ക് അറിഞ്ഞൂടാ നിനക്കെന്താ വേണ്ടതെന്നും എന്താ വേണ്ടാത്തത് എന്നും.. " ഇപ്രാവശ്യം അവൾക്ക് കാര്യം മനസ്സിലായി.പക്ഷെ ഒന്നും പറയാൻ കിട്ടിയില്ല.അത് ഇത്ന്നൊക്കെ പറഞ്ഞു തപ്പാനും തടയാനും തുടങ്ങി.. "പോട്ടെ.. അതൊക്കെ വിട്.. എന്നാ ഈ വയറ്റിൽ ബേബി ലൈല ഉണ്ടാവുക.." അവൻ തന്റെ മുഖം ചെരിച്ചു അവളുടെ വയറ്റിലേക്ക് അമർത്തി വെച്ചു.ശ്വാസം നിലച്ചു പോകുന്ന അവസ്ഥ ആയിരുന്നു അവൾക്ക്. ഒന്നാകെ വിറക്കാൻ തുടങ്ങി.. അത് അവൻ തിരിച്ചറിഞ്ഞു.പതിയെ അവളുടെ കൈ എടുത്തു തന്റെ കവിളിലേക്ക് വെച്ചു.. "നിന്റെ ശരീരത്തിന്റെ ഓരോ പിടപ്പും എനിക്കറിയാം ലൈല.. ശരീരത്തിന്റെ മാത്രമല്ല. മനസ്സിന്റെയും..

അത് അറിയാവുന്ന കൊണ്ടാ ഞാൻ എന്തൊക്കെയോ ആഗ്രഹിക്കുന്നുണ്ടായിട്ടും നിന്നെ തെറ്റായ രീതിയിൽ ഒന്നു തൊടുക പോലും ചെയ്യാത്തത്..നീ പേടിക്കണ്ട..എന്റെ അടുത്ത് നീ സേഫ് ആണ്.നിന്റെ മനസ്സിനോ ശരീരത്തിനോ ഒന്നും ഞാനൊരു കേടും വരുത്തില്ല.." അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു..ആ ചാര കണ്ണുകളിൽ അലയടിക്കുന്ന തന്നോടുള്ള അടങ്ങാത്ത പ്രണയം അവൾ കണ്ടു..അതിന്റെ ആഴത്തിലേക്ക് താൻ വീണു പോകുമോന്നൊരു ഭയം അവളെ പിടി കൂടി..അവൾ അപ്പൊത്തന്നെ കൈ വലിച്ചെടുത്തു. "ഞാൻ.. എനിക്ക് ഉറങ്ങണം..ക്ഷീണം തോന്നുന്നു.. " അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. അവൻ എഴുന്നേറ്റു നീങ്ങി കിടന്നു. അവൾ അവനെ നോക്കിയതേയില്ല. മറു വശത്തേക്ക് തിരിഞ്ഞു കിടന്നു.. മോളെ unromantic മൂരാച്ചി..നിന്റെ മാറ്റമൊക്കെ ഞാൻ അറിയുന്നുണ്ട്.. നിന്റെ സ്വഭാവം വെച്ചു നീയെന്നെ ഇഷ്ടമാണെന്ന് ഈ ജന്മത്തിൽ പറയില്ല.പക്ഷെ നിനക്ക് ഞാൻ ഇല്ലാതെ പറ്റില്ലന്നുള്ള അവസ്ഥയാ ഇപ്പോൾ..അത് നിന്റെ കണ്ണുകൾ എന്നോട് പറയാതെ പറയുന്നുണ്ട്.എനിക്കത് മതി. അതിൽ പിടിച്ചു കയറിക്കോളാം ഞാൻ.എന്റെ ജീവൻ ആയി പോയില്ലേ നീ.അങ്ങനെ വിട്ടു കളയാൻ പറ്റില്ലല്ലോ എനിക്ക് നിന്നെ..

അവന്റെ ചുണ്ടിൽ സുന്ദരമായൊരു ചിരി വിരിഞ്ഞു. 🍂🍂🍂🍂🍂🍂 വൈകുന്നേരം വീട്ടിൽ എത്തിയ നുസ്ര വേഗം കുളിയും കാര്യങ്ങളുമൊക്കെ കഴിഞ്ഞു ലൈലയുടെ അടുത്തേക്ക് ചെന്നു. ലൈല അപ്പോഴേക്കും വീണ്ടും ഒരുറക്കം കഴിഞ്ഞു എണീറ്റിരുന്നു. നുസ്രയെ കണ്ടതും അവൾക്ക് വലിയൊരു ആശ്വാസം തോന്നി.. ബോറടിച്ചു ഒരു പരുവമായി എന്ന് ലൈല പറഞ്ഞത് കാരണം നുസ്ര ഒരുപാട് നേരം ഇരുന്നു സംസാരിച്ചതിന് ശേഷമാണ് പോയത്.നുസ്ര പോയതും അവൾക്ക് വീണ്ടും ബോറടി തുടങ്ങി..അവൻ അടുത്ത് ഉണ്ടാകുമ്പോൾ വേഗം സമയം പോകുന്നു. പക്ഷെ ഇപ്പോ അവൻ അടുത്ത് വരുമ്പോഴെ ആകെയൊരു വിറയലും വെപ്രാളവുമൊക്കെയാണ്.അതു കൊണ്ട് അവൻ റൂമിലേക്ക്‌ വരുമ്പോഴോക്കെ വേഗം മാഗസിൻ എടുത്തു അതിലേക്കു കണ്ണും നട്ടിരിക്കും.വയ്യാത്തത് കാരണം താഴേക്ക് ഇറങ്ങാനും പോയില്ല.. പതിയെ എണീറ്റു കുളി കഴിഞ്ഞു വന്നു.നിസ്കരിക്കാനൊന്നുമില്ല. സമയവും പോകുന്നില്ല.വീണ്ടും ബെഡിലേക്ക് ചുരുണ്ടു.. 🍂🍂🍂🍂🍂

അവൻ ഇടയ്ക്ക് ഇടെ വന്നു നോക്കുമ്പോഴോക്കെ അവളെ കിടക്കുന്നത് കണ്ടു.ഡിസ്റ്റർബ് ചെയ്യേണ്ടന്ന് കരുതി അടുത്തേക്ക് ചെന്നില്ല..ഭക്ഷണം കഴിക്കാൻ താഴേക്ക് വിളിച്ചതുമില്ല.. അവൾക്കുളള ഭക്ഷണം അവൻ റൂമിലേക്ക്‌ എടുത്തു.അവളെ വിളിച്ചെണീപ്പിച്ചു വാരി കൊടുത്തു.അവൾക്ക് നല്ല ഉറക്കം തട്ടിയിട്ട് ഉണ്ടായിരുന്നു.അത് കാരണം മുഖം ചുളിച്ചോണ്ട് എണീറ്റിരുന്നു രണ്ടു വായ കഴിച്ചു മതിയെന്നും പറഞ്ഞു ബെഡിലേക്ക് തന്നെ വീണു കണ്ണുകൾ അടച്ചു.പിന്നെ അവൻ നിർബന്ധിക്കാനോ എണീപ്പിക്കാനോ ഒന്നും നോക്കിയില്ല..വെള്ളം കുടിക്കെന്നും പറഞ്ഞു ഗ്ലാസ്‌ ചുണ്ടിലേക്ക് അടുപ്പിച്ചു.അവൾ കണ്ണ് അടച്ചു പിടിച്ചു തന്നെ വായ തുറന്നു അല്പം വെള്ളം കുടിച്ചിറക്കി.അവൻ മുഖം തുവർത്തി കൊടുത്തു പ്ലേറ്റും ഗ്ലാസുമൊക്കെ എടുത്തു താഴേക്ക് ചെന്നു. ഉപ്പാന്റെ ഒന്നിച്ചിരുന്നു കുറച്ച് കഴിച്ചെന്നു വരുത്തി. രണ്ടെണ്ണം വലിക്കാതെ ശെരിയാകുന്നേ ഉണ്ടാരുന്നില്ല. ബാൽക്കണിയിലേക്ക് ചെന്നു.അങ്ങ് ദൂരെ ഇരുട്ടിലേക്ക് നോക്കി നിന്നു പണി തുടങ്ങി.

ഏറെ നേരം കഴിഞ്ഞിട്ടാണ് റൂമിലേക്ക്‌ ചെന്നത്.. ബാത്റൂമിൽ കയറി ഒന്നു മേലു കഴുകി വന്നു സോഫയിലേക്ക് മറിഞ്ഞു..റൂമിലെ ഇരുട്ടിൽ അവൻ ഒരു മൂളലും ഞെരക്കവും കേട്ടു. അവളിൽ നിന്നുമാണെന്ന് മനസ്സിലാക്കാൻ അവനു കൂടുതൽ നേരമൊന്നും വേണ്ടി വന്നില്ല.. അവൻ അവളുടെ അടുത്ത് ചെന്നു നോക്കി..അവൾ നടുവിനും വയറ്റിനുമൊക്കെ കൈ അമർത്തി വെച്ചു അങ്ങോട്ടും ഇങ്ങോട്ടും കിടന്നു പിടയുന്നതു അവൻ ബെഡ് ലാമ്പിൻറെ അരണ്ട വെളിച്ചത്തിൽ കണ്ടു.അപ്പൊത്തന്നെ താഴേക്ക് ചെന്നു. 🍁🍁🍁🍁🍁🍁🍁 പകലു മുഴുവനും കിടത്തവും ഉറക്കവും ആയിരുന്നതു കൊണ്ട് അവൾക്ക് രാത്രി ഉറക്കം കണ്ണിന്റെ ഏഴയലത്തു കൂടി തട്ടിയില്ല. അതിന്റെ കൂടെ അസഹനീയമായ വേദനയും. നടുവാണോ കയ്യാണോ കാലാണോ വേദന എന്നൊന്നും അറിഞ്ഞില്ല..ശരീരം ആകെ നുറുങ്ങുന്ന പോലെ തോന്നി.വീട്ടിൽ ആയിരുന്നപ്പോൾ സനു ഉറക്കം ഒഴിച്ച് വയറും നടുവുമൊക്കെ തടവി തരുന്നതും ചൂട് പിടിച്ചു തരുന്നതും അവൾ വേദനയോടെ ഓർത്തു..കണ്ണുകൾ നിറഞ്ഞു ഒഴുകി.കമിഴ്ന്നു കിടന്നു തലയിണ എടുത്തു വയറ്റിനടിയിലേക്ക് തിരുകി വെച്ചു.

റൂമിൽ ലൈറ്റു തെളിഞ്ഞു.താജ് ആണെന്ന് അറിയാവുന്നോണ്ട് കണ്ണുകൾ അടച്ചു ഉറങ്ങുന്ന ഭാവം കാണിച്ചു..തന്റെ അരക്കെട്ടിലൂടെ ഒരു കൈ ഇഴയുന്നത് അവൾ അറിഞ്ഞു.ഞെട്ടലോടെ മലർന്നു കിടന്നു നോക്കി. "വയ്യെങ്കിൽ പറയണമെന്ന് പറഞ്ഞിട്ടില്ലേ നിന്നോട്..? " "വയ്യായ്ക ഒന്നുമില്ല..ഉറക്കം വരണില്ല.. " "എന്നിട്ടാണോടീ കണ്ണ് നിറഞ്ഞിരിക്കുന്നത്..തിരിഞ്ഞു കിടക്ക്..ഞാൻ ചൂട് പിടിച്ചു തരാം." "നീ..നീയോ..വേണ്ടാ..ലൈറ്റ് ഓഫ് ചെയ്..എനിക്ക് ഉറങ്ങണം.. " അവൾ പുതപ്പ് എടുത്തു ദേഹത്തേക്ക് ഇട്ടു.അവൻ അപ്പൊത്തന്നെ അത് വലിച്ചു എടുത്തു താഴേക്ക് ഇട്ടു. "എന്താ നിനക്ക്.. " അവൾക്ക് ദേഷ്യം വന്നു.. "എനിക്ക് ഒന്നുമില്ല..നിനക്കാ ഉള്ളേ.. എത്ര വയ്യെങ്കിലും ദേഷ്യത്തിനും വാശിക്കും ഒരു കുറവുമില്ലല്ലേ.. ഞാൻ ജീവിച്ചതും വളർന്നതുമൊക്കെ ഇവിടെ ഡാഡ്ൻറെ ഒന്നിച്ചാ.പക്ഷെ ഞാൻ രൂപം കൊണ്ടത് നിന്നെപ്പോലൊരു സ്ത്രീയിൽ നിന്നാ..ഓരോ പെണ്ണും ഓരോ മാസവും അനുഭവിക്കുന്ന വേദന എന്തെന്നും എത്രയെന്നും മനസ്സിലാക്കാൻ ഒരു പുരുഷനു അതുതന്നെ ധാരാളം..നാളെ നീ ഒരുമ്മ ആകുമെന്നതിനുള്ള തെളിവ് അല്ലേ ഇത്..പെണ്ണൊരുത്തി ഉമ്മ ആകുമ്പോൾ അവളുടെ പുരുഷൻ ഒരുപ്പയും ആകുന്നു.

പിന്നെന്തു കൊണ്ട് ആണുങ്ങൾക്ക് ഇതൊന്നും മനസ്സിലാകില്ല.എന്താ നിന്റെ മനസ്സിൽ..പെണ്ണിനെ അറിയാൻ ആണിനു കഴിയില്ലന്നോ..നിന്നെ ഞാൻ അറിയാതെ പോകുമെന്നോ.. നിനക്ക് ഇതൊന്നും ചെയ്തു തരാൻ ഇവിടെ വേറാരുമില്ല.ഞാനേ ഉള്ളു.. തിരിഞ്ഞു കിടക്ക്..ചൂട് പിടിച്ചു തരാം.വേദന മാറട്ടെ.." അവൻ അവളെ പിടിച്ചു കമിഴ്ത്തി കിടത്തി..ടോപ് പൊക്കാൻ നോക്കിയതും അവൾ രണ്ടു കൈ കൊണ്ടും ടോപ് മുറുക്കെ പിടിച്ചു. അത് കണ്ടു അവന് ചിരി വന്നു.പക്ഷെ ചിരിക്കാൻ ഒന്നും നിന്നില്ല.ഗൗരവത്തോടെ അവളോട് ടോപ് പൊക്കാൻ പറഞ്ഞു..അവൾ വേണ്ടാന്നും ഇല്ലെന്നും കരയുന്നത് പോലെ പറഞ്ഞു.. "പൊക്കടീ..നിന്റെ നടു ഒരല്പം ഞാൻ കണ്ടെന്നു കരുതി ഇപ്പൊ ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.. " അവൻ ശബ്ദം എടുത്തു പറഞ്ഞു. അവൾ എന്തെന്തായിട്ടും ടോപ്പിലെ പിടി വിട്ടില്ല.അവൻ ബലമായി അവളുടെ കൈകൾ എടുത്തു മാറ്റി.ടോപ് പൊന്തിച്ചു വെച്ചു..അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.അവന്റെ അടുത്ത് ഒന്നും നടക്കില്ലന്ന് ഉറപ്പായി.ദേഷ്യം മുഴുവൻ അടിയിൽ കിടക്കുന്ന തലയിണയിൽ തീർത്തു..ഒടുക്കം മുഖം ബെഡിലേക്ക് അമർത്തി വെച്ചു അവൻ കേൾക്കത്തക്ക വിധത്തിൽ അവനെ പ്രാകുകയും ചീത്ത വിളിക്കുകയുമൊക്കെ ചെയ്തു.

അവൻ അതൊന്നും കാര്യമാക്കിയില്ല..എത്രയും പെട്ടെന്ന് അവളുടെ വേദന കുറയണമെന്നേ ഉണ്ടാരുന്നുള്ളൂ. അത് കൊണ്ട് അവളുടെ നടുവിന് ചൂട് വെക്കാൻ തുടങ്ങി.വളരെ ശ്രദ്ധയോടെ തുണി പിഴിഞ്ഞ് എടുത്തു പതിയെ പതിയെ നടു ഭാഗം മുഴുവനായി ചൂട് വെച്ചു കൊടുത്തു.അവളുടെ ഭാഗത്തുന്ന് അനക്കമൊന്നുമില്ല..അവൻ അവളുടെ മുഖത്തേക്ക് എത്തി നോക്കി..ഉറക്കത്തിലേക്ക് വീണിട്ടുണ്ട്.അവൻ ടോപ് താഴ്ത്തി.. അവളെ പതുക്കെ പിടിച്ചു മലർത്തി കിടത്തി.അവൻ കുറച്ച് താഴേക്ക് നീങ്ങിയിരുന്നു അവളുടെ വയർ ഉഴിഞ്ഞു കൊടുത്തു.അത് കഴിഞ്ഞു കാലും.എപ്പോഴോ അവന്റെ കണ്ണുകളും അടഞ്ഞു പോയി. 🍁🍁🍁🍁🍁🍁🍁 രാത്രിയിൽ ഉറങ്ങാൻ കിടന്ന സനുവിന്റെ മനസ്സിൽ ലൈലയുടെ മുഖം ഓടി എത്തി.പിന്നെ അവന് ഉറങ്ങാൻ കഴിഞ്ഞില്ല.എണീറ്റു ബാൽക്കണിയിലേക്ക് ചെന്നു ഓരോ മുല്ല വള്ളികളെയും തഴുകി കൊണ്ടിരുന്നു.. ലൈലൂ..ഇന്നലെ രാത്രിയിൽ ഞാൻ അനുഭവിച്ച സന്തോഷം എത്രയാണെന്ന് നിനക്ക് അറിയാമോ.നീ എന്റെ അടുത്ത് വന്നിരുന്നപ്പോൾ തന്നെ എനിക്ക് ഉറക്കം ഞെട്ടിയതാ..നീ എന്നെ തലോടിയപ്പോഴും ഉമ്മ വെച്ചപ്പോഴും ഉറക്കമെന്ന അഭിനയത്തെ ഉപേക്ഷിച്ചു കളഞ്ഞു നിന്നെ കെട്ടിപ്പിടിച്ചു ആ നെഞ്ചോടു ചേർന്നിരിക്കാനൊക്കെ മനസ്സ് തുടിച്ചതാ..

എന്നിട്ടും വേണ്ടാന്ന് വെച്ചു..നിന്നെ കണ്ടാൽ എന്റെ കണ്ണ് നിറഞ്ഞു പോകും.ഞാൻ നിന്നെ എത്രമാത്രം മിസ്സ്‌ ചെയ്യുന്നു എന്ന് നീ എന്റെ കണ്ണുകളിൽ നിന്നും മനസ്സിലാക്കും..പിന്നെ നീ ഇവിടുന്ന് പോകില്ല..എന്നെ തനിച്ചാക്കി നീ പോകില്ല ലൈലൂ..ഇവിടെ തന്നെ നിന്നു കളയും..അത് കൊണ്ടാ ഞാൻ ഒന്നും അറിയാത്തത് പോലെ കിടന്നത്.. ഇപ്പോഴെങ്കിലും നീ താജ്നെ അറിഞ്ഞോ.?മനസ്സിലാക്കിയോ..?അവൻ നല്ലവനാ..അവൻ നിന്നെ അറിഞ്ഞു..നിന്റെ മനസ്സറിഞ്ഞു എല്ലാ കാര്യങ്ങളും ചെയ്തു തരുന്നു.എനിക്കത് മതി.. അവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി ആ മുല്ലവള്ളികളിലേക്ക് ചെന്നു പതിച്ചു..ആ കണികകൾ വേദനയുടെതായിരുന്നില്ല.പകരം മനസ്സ് നിറഞ്ഞ സന്തോഷത്തിന്റെത് ആയിരുന്നു. 🍁🍁🍁🍁🍁🍁🍁 രാവിലെ കണ്ണ് തുറന്ന അവന്റെ ചുണ്ടിൽ അവൻ അറിയാതെ തന്നെ ഒരു ചിരി പൊഴിഞ്ഞു..അത് അവളുടെ കിടത്തം കണ്ടിട്ടാണ്. മുഖം അവന്റെ ചുമലിൽ പൂഴ്ത്തി വെച്ചിട്ടുണ്ട്.ഒരു കൈ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്.. അവളുടെ നീളൻ മുടി മുന്നിലേക്ക് വന്നു അവന്റെ നെഞ്ചിൽ ഒട്ടി കിടക്കുന്നുണ്ട്..

"ഉറക്കത്തിൽ ആണേലും നീയിങ്ങനെ കിടന്നല്ലോ.." അവൻ നിറഞ്ഞ മനസ്സോടെ അവളുടെ നെറുകിൽ തലോടി.ആ സ്പർശം അവൾ അറിഞ്ഞു.ഉറക്കം ഉണർന്നതു മാത്രമല്ല..സ്വന്തം കിടത്തം കണ്ടു ഞെട്ടി പിടഞ്ഞു മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.. "വേദന എങ്ങനെ ഉണ്ടെടീ.. " അവൻ അവളുടെ കവിളിൽ തൊട്ടു. "നീ..നീ എന്താ ഇവിടെ..എന്തിനാ ഇവിടെ കിടന്നേ.. " "ഈ കിടത്തം കണ്ടിട്ടും നിനക്കതു മനസ്സിലായില്ലേ.. നമ്മുടെ ഫസ്റ്റ് നൈറ്റ് ആയിരുന്നെടീ ഇന്നലെ.. ഒന്നു പോടീ അവിടെന്ന്..ഞാൻ ഇവിടെ കിടന്നിട്ടു നിന്റെ ഉറക്കമൊന്നും മുടങ്ങിയില്ലല്ലോ.. ഇല്ലെന്ന് മാത്രമല്ല.. എന്നത്തേതിനേക്കാളും ഭംഗിയായി ഉറങ്ങേo ചെയ്തു.. കണ്ടില്ലേ കിടക്കണ കിടപ്പ്.. ബാക്കിയുള്ളവരുടെ നെഞ്ചത്താ പോത്തിന് സുഖം.. " "ദേ..എന്റെ വായേന്ന് കേൾക്കും നീ..നിന്നോടാരെടാ പറഞ്ഞേ ഇവിടെ കിടക്കാൻ..എന്നും സോഫയിൽ അല്ലേ കിടക്കാറ്..ഞാൻ എന്തറിഞ്ഞു ഉറക്കത്തിൽ നീ ഇവിടെയാണെന്ന്.. അതെങ്ങനെയാ..ഒട്ടാൻ കിട്ടിയ ചാൻസ് ഒന്നും വെറുതെ കളയില്ലല്ലോ.." അവൾ അവനെ തുറുക്കനെ നോക്കി നെഞ്ചിൽ ഒരു കുത്ത് വെച്ചു കൊടുത്തു എണീറ്റു മാറി അഴിഞ്ഞു കിടക്കുന്ന മുടി കെട്ടി വെച്ചു.. അവനൊരു നിമിഷം അത് നോക്കി കിടന്നു.

ശേഷം കൈ നീട്ടി അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു.. മൂക്കും കുത്തി കറക്റ്റ് ആയി ആ നെഞ്ചിലേക്ക് വീഴുന്നതിന് ഒപ്പം തന്നെ അവളുടെ ചോര ചുണ്ടുകൾ അവന്റെ നെഞ്ചിൽ അമർന്നു പതിച്ചു..അവന്റെ കണ്ണുകൾ വിടർന്നു.അവൾ ഞെട്ടി തരിച്ചു മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.. "മോളെ..അവിടെ അല്ല.. ഇവിടെ.. " അവൻ ചുണ്ട് തൊട്ടു കാണിച്ചു. "ചീ..പോടാ വൃത്തികെട്ടവനെ.. രാവിലെ തന്നെ തുടങ്ങിക്കോളും മനുഷ്യൻമാരെ ഇട്ട് പിടിക്കാനും വലിക്കാനുമൊക്കെ.. അവിടെ അല്ല.. നെഞ്ചിൽ തന്നെ തരുന്നുണ്ട് ഒന്നൂടെ.. അത് പക്ഷെ ചുണ്ട് വെച്ച് ആയിരിക്കില്ല.. നല്ല ഒന്നാന്തരം വെട്ടു കത്തി വെച്ചായിരിക്കും.. കേട്ടോടാ തെണ്ടി.. " അവൾ അവനെ നോക്കി ദഹിപ്പിച്ചു. എണീക്കാൻ നോക്കിയെങ്കിലും അവൻ സമ്മതിച്ചില്ല.നടുവിലൂടെ കയ്യിട്ടു ഒന്നൂടെ നെഞ്ചിലേക്ക് ചേർത്തു വെച്ചു.. അവന്റെ കണ്ണുകൾ അവളുടെ കണ്ണിൽ തറഞ്ഞു നിന്നു.അത് അവൾക്ക് നേരിടാൻ പറ്റാത്തത് പോലെ തോന്നി..അവൾ മിഴികൾ താഴ്ത്തി പിടിച്ചു..അവൾ കെട്ടി വെച്ചിരിക്കുന്ന മുടി അവൻ അഴിച്ചു വിട്ടു..

ആ നീളൻ മുടികൾ വീണ്ടും അവന്റെ നെഞ്ചിലേക്ക് വന്നു ചേർന്ന് കിടന്നു.. "നിന്റെ ഹൈലൈറ്റ് ഈ മുടിയാ.. ഇതിലാ നിന്റെ മുഴുവൻ അഴകും ഒളിഞ്ഞു നിക്കുന്നത്.." അവളുടെ മുഖത്തേക്ക് വീണ മുടി ഇഴകൾ അവൻ മാടി ഒതുക്കി. അവൾ അപ്പൊത്തന്നെ ആ കൈ തട്ടി മാറ്റി.വിടാൻ പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയാവുന്നോണ്ട് മുഖം താഴ്ത്തി അവന്റെ നെഞ്ചിൽ അമർത്തി കടിച്ചു..നല്ല വേദന അനുഭവപ്പെട്ടെങ്കിലും അവൻ ദേഷ്യപ്പെട്ടില്ല..കണ്ണിലും ചുണ്ടിലുമൊക്കെ ചിരി നിറഞ്ഞു.. അവൻ കൈ അയച്ചു.അവൾ അവന്റെ വയർ നോക്കി ഒരു കുത്തും വെച്ചു കൊടുത്തു ടവലും ഡ്രെസ്സും എടുത്തു ബാത്റൂമിലേക്ക് കേറി.വേഗം കുളി കഴിഞ്ഞിറങ്ങി. അത് കഴിഞ്ഞു അവൻ കയറി.. അവൻ ഇറങ്ങുമ്പോഴേക്കും അവൾ റെഡിയായിരുന്നു.. "എവിടേക്കാ ഇത്..? " അവൻ നെറ്റി ചുളിച്ചു. അവൾ പറഞ്ഞ മറുപടി കേട്ടു അവൻ അവളെ ഒന്നു ഇരുത്തി നോക്കി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story