ഏഴാം ബഹർ: ഭാഗം 45

ezhambahar

രചന: SHAMSEENA FIROZ

"എലെക്ഷൻ കഴിഞ്ഞിട്ടും ഞാൻ വിൻ ചെയ്തിട്ടും ദിവസം കുറച്ചായി..നീ എപ്പോഴാ എന്നെ താജ് എന്ന് വിളിക്കുകയെന്നു വായനക്കാരു വരെ ചോദിക്കാൻ തുടങ്ങി..എന്നിട്ടും നിനക്കത് ഓർമയില്ലല്ലേ..ഞാൻ തോറ്റിരിന്നു എങ്കിൽ നിനക്കതു നല്ല പോലെ ഓർമ ഉണ്ടായേനേ.. " "ഉവ്വ്.പറഞ്ഞിരുന്നു.നീ ജയിച്ചാൽ ഞാൻ നിന്നെ താജ് എന്ന് വിളിച്ചോളാമെന്ന് പറഞ്ഞിരുന്നു. പക്ഷെ നീ ജയിച്ചില്ലല്ലോ.. മുന്നയേക്കാൾ ഒരു വോട്ട് പോലും അധികം കിട്ടിയില്ല..അങ്ങനെയും ഉണ്ടായിരുന്നു ആ കരാറിൽ.. അത് മാത്രല്ല..മുന്ന വിട്ടു തന്നത് കൊണ്ടാ നീയിപ്പോ ആ സ്ഥാനത്തിരിക്കുന്നത്.. നാലാളുകൾടെ മുന്നിൽ തോറ്റാലും കുഴപ്പമില്ല.വിട്ടു കൊടുക്കലിനു ഒരു സുഖമുണ്ട്.റബ്ബിന്റെ മുന്നിലെ ഏറ്റവും വലിയ ജയം അതാ.. അത് കൊണ്ട് ജയിച്ചത് അവനാ..അല്ലാതെ നീയല്ല..അവന്റെ മുന്നിൽ നീയൊന്നും ഒന്നുമല്ല.. ഒരിക്കലും നീ അവനോളം എത്തുകയുമില്ല.. "

അവൾ അവന്റെ പിടി വിടുവിച്ചു നീങ്ങിയിരുന്നു.. "വേണ്ടാ.എത്തണ്ടാ..എനിക്ക് ആരെയും കോപ്പി ചെയ്യേണ്ട.ഞാൻ ഇങ്ങനെയാ.എന്നും ഇങ്ങനെ തന്നെ ആയിരിക്കും.നിന്റെ മനസ്സിൽ മുന്നയ്ക്കുള്ള അതേ സ്ഥാനം എനിക്കും നേടി എടുക്കാം.ഒരു മാറ്റത്തിലൂടെ..പക്ഷെ അത് വേണ്ടാ.. ഞാൻ മാറില്ല.പകരം നീ മാറും ലൈല..എന്റേത് മാത്രമായി മാറും. അന്ന് നീ പോലും അറിയാതെ തിരുത്തി പറയും നീ ഇതൊക്കെ.." അവൻ എണീറ്റു പോയി.അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അതിനെക്കുറിച്ച് ആലോചിക്കാനും നിന്നില്ല.റിമോട്ട് എടുത്തു ടീവി on ചെയ്തു. ** ഇന്നാണ് മുന്ന ബാംഗ്ലൂർക്ക് പോകുന്നത്.താജ്നോടും എബിയോടും ഒരു ജോലി സംബന്ധമായാണ് പോകുന്നത്, ഉടനെ ഒന്നും തിരിച്ചു വരില്ലന്ന് പറഞ്ഞിരുന്നു.താജ്ന് അവൻ പോകുന്നതിൽ തീരെ താല്പര്യം ഇല്ലായിരുന്നു.പഠിത്തം നിർത്തി ജോലിക്ക് പോകേണ്ട എന്നും അഥവാ പോകുവാണേൽ ഇവിടെ തന്നെ വല്ലതും നോക്കിയാൽ മതി എന്ന് പറഞ്ഞു.

പക്ഷെ മുന്ന അതൊന്നും കേട്ടില്ല.ജോലിക്ക് പുറമെ മറ്റു ചില കാര്യങ്ങളും അവിടെ ചെയ്തു തീർക്കാനുള്ളതു കൊണ്ട് പോയേ പറ്റൂന്നു തന്നെ പറഞ്ഞു.എബി ആണെങ്കിൽ അവന്റെ വീട്ടിലെ അവസ്ഥയും സാഹചര്യങ്ങളുമൊക്കെ അറിയുന്നത് കാരണം അവന്റെ പോക്ക് തടയാൻ ഒന്നും നോക്കിയില്ല.ജോലിക്കല്ലേ,പോയി ഒരു നല്ല നിലയിൽ എത്തെന്ന് പറഞ്ഞു.രാവിലെ എല്ലാം റെഡിയായി വീട്ടീന്ന് ഇറങ്ങിയതിന് ശേഷമാണ് അവൻ ലൈലയ്ക്ക് വിളിച്ചത്.ഒരു എക്സാം ഉണ്ട്, പോയി ഉടനെ വരാമെന്നാ അവളോട്‌ പറഞ്ഞത്.അവൾക്ക് അതത്ര വിശ്വാസം തോന്നിയില്ല. രണ്ടു മൂന്നു വട്ടം കാര്യം ചോദിച്ചു. അന്നേരമൊക്കെ അവന്റെ മറുപടി അതു തന്നെയായിരുന്നു.പിന്നെ അവൾ ഒരുപാട് ഒന്നും ചോദിച്ചില്ല. എക്സാമിന് ആണെങ്കിൽ ഓരോന്ന് ചോദിച്ചു വിഷമിപ്പിക്കണ്ടാന്ന് കരുതി നല്ല രീതിയിൽ എഴുതി വാ എന്ന് പറഞ്ഞു.

ഫോൺ കട്ട്‌ ചെയ്തപ്പോ തൊട്ടു മനസ്സിലൊരു വിഷമം വന്നു നിറയുന്നത് അവൾ അറിഞ്ഞു.അത് ബാംഗ്ലൂർ എന്ന് കേട്ടത് കൊണ്ടാകാം.അല്ലെങ്കിൽ ഇനി കുറച്ച് ദിവസം മുന്ന കോളേജിൽ ഇല്ലല്ലോ എന്നോർത്തിട്ട് ആവാം.കോളേജിൽ എത്തിയപ്പോൾ അവൾക്ക് പതിവുളള ഉഷാർ ഒന്നും തോന്നിയില്ല.മുന്നയുടെ സീറ്റ് ഒഴിഞ്ഞു കിടക്കുന്നു.അതോടൊപ്പം എന്തൊക്കെയോ ചോദ്യങ്ങൾ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നു. ഒന്ന് സമാധാനം കിട്ടാൻ വേണ്ടി അവൾ, പിടിപ്പത് തിരക്കിൽ നോട്ട് എഴുതി കൊണ്ടിരുന്ന നുസ്രയുടെ നോട്ടും പേനയുമൊക്കെ മാറ്റി വെച്ചു എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി.നുസ്രയും വിട്ടു കൊടുത്തില്ല.അവൾ വെക്കുന്ന കത്തിക്ക് ഡബിൾ കത്തി വെച്ചു മുന്നേറി കൊണ്ടിരുന്നു.അതിന്റെ ഇടയിൽ ലൈല, മുന്ന ബാംഗ്ലൂർക്ക് പോയ കാര്യം പറഞ്ഞു.നുസ്രയോട് പറഞ്ഞു കാണുമെന്നായിരുന്നു അവളുടെ മനസ്സിൽ.അതോണ്ട് അതിനെക്കുറിച്ചു തന്നെ സംസാരിച്ചു കൊണ്ടിരുന്നു.

നുസ്രയ്ക്ക് നെഞ്ചിലൊരു കൊളുത്തി വലി അനുഭവപ്പെടുന്നത് പോലെ തോന്നി.കണ്ണുകളിൽ കണ്ണ് നീർ ഊറിക്കൂടി.ഒന്നും സംസാരിക്കാനോ കേൾക്കാനോ വയ്യാ..ഒന്നുറക്കെ പൊട്ടിക്കരയണമെന്ന തോന്നൽ മാത്രം.എന്നിട്ടും അവളാ അവസ്ഥ വിദഗ്ദമായി ലൈലയിൽ നിന്നും ഒളിച്ചു വെച്ചു.ലൈല ഒന്നും അറിയില്ലന്ന് താജ്ന് വാക്ക് കൊടുത്തതാണ്.അത് തെറ്റിച്ചാൽ താജ് പൊറുത്തെന്ന് വരില്ല. ഉണ്ടാകുന്ന ഭവിഷ്യത്ത് എന്തെന്ന് ഓർക്കാൻ കൂടി വയ്യാ.നുസ്ര ഓരോ നിമിഷവും വേദനയോടെ തള്ളി നീക്കി.ഇന്റർവെൽ മുഴങ്ങിയതും നുസ്ര ലൈല കാണാതെ പുറത്തേക്ക് ഇറങ്ങി.അപ്പോഴേക്കും കണ്ണുനീർ കവിളിലേക്ക് എത്തിയിരുന്നു.നേരെ ഓടി ചെന്നത് എബിയുടെ അടുത്തേക്കാണ്.അവളുടെ നിറഞ്ഞ കണ്ണ് കണ്ടു എബി എന്താടാന്ന് ചോദിച്ചതും അവൾ രണ്ടു കൈ കൊണ്ടും മുഖം പൊത്തി പിടിച്ചു പൊട്ടി കരയാൻ തുടങ്ങി.

എബി ഒന്ന് വല്ലാതെയായി.ഇങ്ങനെ കരയുന്നത് വേറെ ആരെങ്കിലും കണ്ടാൽ പ്രശ്നം ആകുമെന്ന് കരുതി എബി അവളെ പിടിച്ചു വേഗം വാഷ് റൂമിന്റെ ഭാഗത്തേക്ക്‌ കൊണ്ട് പോയി. "ഇങ്ങനെ കരയാതെ കാര്യം പറ നുസ്ര..എന്താ..എന്താ ഉണ്ടായേ..? " "മുന്ന..അവൻ..അവൻ പോയി അല്ലേ.. എന്നോട് ഒരു വാക്ക് പോലും.. " പൂർത്തിയാക്കാൻ കഴിഞ്ഞില്ല.. ഒതുക്കി നിർത്തിയ കരച്ചിൽ വിതുമ്പലായി പുറത്തേക്ക് വന്നു. "എങ്ങോട്ട് പോയെന്ന്..അവൻ വീടും നാടുമൊന്നും ഉപേക്ഷിച്ചു പോയതല്ല..ജോലിക്ക് വേണ്ടിയാ.. ഉടനെ ഇങ്ങ് തിരിച്ചു വരില്ലേ.. നീയിങ്ങനെ കരഞ്ഞാൽ എങ്ങനെയാ.. " സത്യം പറഞ്ഞാൽ എബിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. എന്നിട്ടും അവൾ കരച്ചിൽ നിർത്തട്ടെന്ന് കരുതി പറഞ്ഞൊപ്പിച്ചു. "എല്ലാരോടും പറഞ്ഞു പോകുന്ന കാര്യം.എന്നോട് മാത്രം പറഞ്ഞില്ല. അത്രക്കും വെറുത്തു പോയോ അവൻ എന്നെ..സ്നേഹിച്ചില്ലേലും വേണ്ടാ..വെറുക്കാതെ നിന്നാൽ മതിയായിരുന്നു.ഞാൻ കൊതിച്ച സ്ഥാനവും വേണ്ടാ.ആ പഴയ സൗഹൃദമെങ്കിലും തന്നിരുന്നെങ്കിൽ. ഇപ്പൊ ലൈല പറഞ്ഞപ്പോഴാ ഞാൻ അറിഞ്ഞത്..

ഇന്നലെ മുഹ്സിത്താക്ക് വിളിച്ചപ്പോഴും ഒന്നും പറഞ്ഞില്ല. ഞാൻ വിഷമിക്കണ്ടന്ന് കരുതിയാവും.എന്റെ തെറ്റാ.. എല്ലാം എന്റെ ബുദ്ധിമോശം കൊണ്ടാ..ഏതു നേരത്താണാവോ അന്ന് അങ്ങനെ ചെയ്യാൻ തോന്നിയത്..എന്ത് നേടി ഞാൻ.. കൊതിച്ചതു തന്നെ നഷ്ടപ്പെട്ടു പോയി എനിക്ക്.. ഉണ്ടായിരുന്ന ബന്ധം പോലും നഷ്ടപ്പെടുത്തി ഞാൻ.. " അവൾ ഏങ്ങലടിച്ച് കൊണ്ട് നിലത്തേക്ക് ഊർന്നു ഇരുന്നു.. പ്രാണനു തുല്യം സ്നേഹിക്കുന്നവർ തങ്ങളെ മനസ്സിലാക്കാതെയും തിരിച്ചറിയാതെയും പോകുന്ന അവസ്ഥ.എത്ര വേദനാജനകമാണത്. എബിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അവളുടെ കരച്ചിൽ.അവൻ ആവുന്ന വിധത്തിൽ ഓരോ സമാധാന വാക്കുകൾ കൂട്ടി ചേർത്തു അവളെ പിടിച്ചു എണീപ്പിച്ചു. അവൾ അതൊന്നും കേട്ടില്ല. എന്തൊക്കെയോ പറഞ്ഞു പുലമ്പി കൊണ്ടിരുന്നു. പോകുമ്പോൾ എങ്കിലും ഒന്ന് മിണ്ടിയാൽ എന്തായിരുന്നു അവന്.

ഒരു വാക്ക് പറഞ്ഞിരുന്നു എങ്കിൽ ഇവളിപ്പോ ഇങ്ങനെ തകരില്ലായിരുന്നു. എബിക്ക് സങ്കടത്തിന്റെ ഒന്നിച്ച് ദേഷ്യവും വന്നു. "എന്താ..മുന്ന പോയതിന്റെ ആണോ..?" എബിയുടെ ചുമലിൽ താജ്ൻറെ കൈ സ്പർശം അനുഭവപ്പെട്ടു.എബി തിരിഞ്ഞു നോക്കി ആണെന്ന അർത്ഥത്തിൽ തലയാട്ടി. "ഇവൾ അവിടെ വന്നു കരയുന്നത് കണ്ടു.നീ ഇങ്ങോട്ടേക്കു കൂട്ടി കൊണ്ട് വരുന്നതും.അപ്പോഴേ തോന്നി ഇതായിരിക്കും കാര്യമെന്ന്.. അവൻ ജോലി തേടി പോയതാ.അല്ലാതെ വേറെ പെണ്ണും പ്രണയവുമൊന്നും തേടി പോയതല്ല.അവനൊരു നിലക്ക് എത്തുന്നതിൽ നീ സന്തോഷിക്കുകയാ വേണ്ടത്. അല്ലാതെ അവൻ പോയതിന്റെ പുറകെ ഇങ്ങനെ നിന്ന് കരയുകയല്ല. അവൻ പോയി വരട്ടെ.നിന്റെ കാര്യം ഞാൻ പറഞ്ഞു ശെരിയാക്കാം.ഒരു അവിവേകം കൊണ്ടാണ് എങ്കിലും നീ എന്നെയും ലൈലയെയും ഒരുമിപ്പിച്ചു.അതിന് പകരമൊന്നുമല്ലാ, നിന്റെ സ്നേഹത്തിന് പകരമായി നിനക്ക് ഞാൻ അവനെ സമ്മാനിക്കാം.

ഇത് ഞാൻ നിനക്ക് തരുന്ന വാക്ക്. കാത്തിരിക്ക് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനായി വരുന്ന അവന് വേണ്ടി.. " താജുo അവളെ സമാധാന പെടുത്താൻ ശ്രമിച്ചു.അവളൊന്നും മിണ്ടിയില്ല..ആകെ തകർന്നവളെ പോലെ നിന്നു.എബി അവളെ എങ്ങനൊക്കെയോ ഉന്തി തള്ളി വാഷ് റൂമിലേക്ക്‌ കയറ്റി മുഖം കഴുകിപ്പിച്ചു.എന്നിട്ട് മുഖമൊക്കെ തുവർത്തിപ്പിച്ചു ക്ലാസ്സിലേക്ക് ആക്കി കൊടുത്തു.ലൈലയുടെ മുൻപിൽ നിന്നും കരയരുത് എന്നും പറഞ്ഞു. ** റൂമിലേക്ക്‌ കയറുമ്പോൾ തന്നെ അവൻ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് എടുക്കുന്നത് കണ്ടു. നോക്കാനെ നിന്നില്ല.പറയേണ്ടത് പോലെ പറഞ്ഞു കൊടുത്തതാണ്. എന്നിട്ടും മനസ്സിലാകുന്നില്ലന്ന് വെച്ചാൽ എന്താ ചെയ്യുക.വലിച്ചു വലിച്ചു തീരട്ടെ.ആർക്കാ നഷ്ടം.അവൾ കട്ടിലിലേക്ക് കയറി കിടന്നു.എന്തെന്തായിട്ടും ഒരു സ്വസ്ഥത തോന്നുന്നില്ല.മനസ്സിൽ അവന്റെ ഉപ്പാന്റെ മുഖമാണ്.

എന്നും അവനെക്കുറിച്ച് ആധിയാണ് ഉപ്പാക്ക്..ഒന്നല്ലങ്കിൽ ഒന്ന് തീരാറെ ഇല്ല.ഉപ്പാക്ക് മാത്രല്ല, അവനും ഉപ്പാനെ ജീവനാ.ഉപ്പ തന്നെയാ അവന്റെ ലോകം. എന്നിട്ടും ഉപ്പാനെ സങ്കടപെടുത്തുന്നു.അതെന്തിനാ.. മറ്റൊരു കാര്യത്തിലും ഉപ്പ അവനെ തടഞ്ഞിട്ടില്ല.ആകെ വേണ്ടാന്ന് പറഞ്ഞത് സ്‌മോക്കിങ്ങാ.അത് അവൻ നിർത്തുന്നില്ല.തനിക്കും ഇഷ്ടമല്ല അത്.എങ്ങനെയാ ഒന്ന് നിർത്തിക്കുക.ഇവനൊന്നതു നിർത്തിയിരുന്നെങ്കിൽ ഉപ്പാന്റെ പകുതി ടെൻഷൻ കുറഞ്ഞു കിട്ടിയേനെ..അവൾ ഓരോന്നും ഓർത്ത് കൊറേ നേരം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കളിച്ചു.ഒടുക്കം കട്ടിലിൽ നിന്നും എണീറ്റു അവന്റെ അടുത്തേക്ക് ചെന്നു.അപ്പൊ അവൻ അതിലെ അവസാനത്തെ സിഗരറ്റ് എടുത്തു ചുണ്ടിലേക്ക് വെക്കുകയായിരുന്നു. "എത്ര പറഞ്ഞാലും മനസ്സിലാകില്ല അല്ലേ നിനക്ക്..? " അവൾ അവന്റെ ചുണ്ടിന്ന് സിഗരറ്റ് വലിച്ചെടുത്തു. "നിനക്കും മനസ്സിലാകില്ല അല്ലേ.. എത്ര വട്ടം പറഞ്ഞു എന്റെ സിഗരറ്റിൽ തൊട്ടു കളിക്കരുത് എന്ന്..ഇങ്ങ് താടി.. " അവൻ അവളുടെ കയ്യിന്ന് വാങ്ങിക്കാൻ നോക്കി.

അവളപ്പോ തന്നെ കൈ പിന്നിലേക്ക് ആക്കി വെച്ചു. "ഇല്ല..തരില്ല.ഞാനും എത്ര വട്ടം പറഞ്ഞു വലിക്കരുത് എന്ന്.. എനിക്കത് ഇഷ്ടമല്ലന്ന്.." "അതിനാര് നോക്കുന്നു നിന്റെ ഇഷ്ടം.എനിക്ക് വലുത് എന്റെ ഇഷ്ടമാ.കളിക്കാൻ നിക്കാതെ ഇങ്ങ് താ..അറിയാല്ലോ എന്നെ.. " അവൻ അവളുടെ കൈ പിടിച്ചു മുന്നിലേക്ക് ആക്കി സിഗരറ്റ് എടുക്കാൻ നോക്കിയതും അവൾ അവന്റെ കൈ തട്ടി കളഞ്ഞു വേഗം സിഗരറ്റ് ഡ്രെസ്സിനുള്ളിലേക്ക് ഇട്ടു. "ഇനി നീ എടുക്കുന്നത് എനിക്കൊന്നു കാണണം.." അവൾ വെല്ലുവിളിച്ചു അഹങ്കാരത്തോടെ പോയി കിടക്കാൻ ഒരുങ്ങിയതും അവൻ അവളെ വലിച്ചു ഭിത്തിയിലേക്ക് ചേർത്തു.അവളൊന്നു ഞെട്ടി. എന്നാലും അത് പുറത്ത് കാണിച്ചില്ല.കൂൾ ആയി തന്നെ നിന്നു. "താടി..മര്യാദക്കാ പറയുന്നത്. എടുത്തു തന്നാൽ നിനക്ക് കൊള്ളാം..അല്ലെങ്കിൽ..? " "അല്ലെങ്കിൽ എന്താ..ഒരു കുന്തവുമില്ല..നീ വലിക്കണ്ടാ.അത്ര തന്നെ.ഒരു പാക്കറ്റിന്ന് ഒരെണ്ണം വലിക്കാതെ പോയെന്ന് കരുതി നീ ചത്തു പോകാനൊന്നും പോകുന്നില്ല.. " അവൾ പറഞ്ഞു തീർന്നില്ല.അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ചേർത്തു അവളുടെ മാറിലേക്ക് മുഖം താഴ്ത്തി.

അത് മാത്രേ അവൾ കണ്ടുള്ളു.പിന്നൊന്നും കണ്ടതുമില്ല. അറിഞ്ഞതുമില്ല..അവൻ മുഖം ഉയർത്തുമ്പോൾ ചുണ്ടിൽ സിഗരറ്റുമുണ്ട്, അവൾ ഇട്ടിരിക്കുന്ന ഷർട്ടിന്റ രണ്ടു ബട്ടൺസ് അഴിഞ്ഞും കിടപ്പുണ്ട്. എന്താ നടന്നതെന്ന് അവളൊന്നു റിവൈന്റ് ചെയ്തു നോക്കി.ആകെ ഫ്യൂസ് പോയത് പോലെ ഭിത്തിയിലേക്ക് ചേർന്ന് നിന്നു പോയി. "ഇതാ പറഞ്ഞെ കളിക്കാൻ നിക്കണ്ടന്ന്..കളി പഠിപ്പിച്ചു തരും ഞാൻ..എത്ര കിട്ടിയാലും പഠിക്കില്ലല്ലോടീ നീ..ഏതായാലും ഇങ്ങനൊരു ചാൻസ് ഉണ്ടാക്കി തന്നതിന് താങ്ക്സ്.. " അവൻ ഒന്ന് സൈറ്റ് അടിച്ചു അവളുടെ കവിളിൽ തട്ടി.. "യൂ... " അവൾക്ക് ദേഷ്യമാണോ സങ്കടമാണോന്നൊന്നും അറിഞ്ഞില്ല. കൊച്ചു കുട്ടികളെ പോലെ മുഖം വീർപ്പിച്ചു വെച്ചു അലറി. കവിളുകൾ ചുമന്നു തുടുത്തിരുന്നു. "യെസ്..ഞാൻ തന്നെയാ..നീ ചോദിച്ചു വാങ്ങിച്ചതാ..അത് കൊണ്ട് അലറിയിട്ട് ഒന്നും കാര്യമില്ല..ബട്ടൺസ് ഇട്ടു പോയി കിടന്നുറങ്ങാൻ നോക്കടീ..ഇല്ലേൽ ഇപ്പൊ കഴിഞ്ഞതിന്റെ ബാക്കി ഇവിടെ നടക്കും.." "പോടാ പട്ടി.. " അവൾ പോയി കമിഴ്ന്നു കിടന്നു. ആ പോക്കിൽ അവന്റെ സിഗരറ്റ് തട്ടി തെറിപ്പിച്ചു നിലത്തിട്ടു ചവിട്ടി ഞെരിക്കാനും അവൾ മറന്നില്ല. അവൻ കുനിഞ്ഞു അതെടുത്തു നോക്കി. അതിന്റെ കോലം കണ്ടു ദേഷ്യമൊന്നും വന്നില്ല. പകരം മൂക്കത്തും വിരൽ വെച്ചു അവളെ നോക്കി.അവളുടെ ആ കിടത്തം അവന്റെ ചുണ്ടിൽ ചിരി നിറഞ്ഞു.. **

വൈകുന്നേരം പാർക്കിംഗ് ഏരിയയിന്നു വണ്ടി തിരിക്കുമ്പോൾ ഒന്ന് സ്ലിപ് ആയി വണ്ടിയും അവളും ഒപ്പത്തിനൊപ്പം നിലത്തേക്ക് മറിഞ്ഞു.കാൽ മുട്ട് ഇടിച്ചാണ് വീണത്.ആ ഭാഗത്തു അല്പം വേദന തോന്നിയത് അല്ലാതെ വേറെ കുഴപ്പമൊന്നും തോന്നിയില്ല..അവൾ വേഗം പൊടിയും തട്ടി എഴുന്നേറ്റു ചുറ്റിനും നോക്കി.ആരെങ്കിലും കണ്ടാൽ നാണക്കേട് ആണ്.ആരും കണ്ടില്ലന്ന് ഉറപ്പായതും അവൾ ഒരുവിധം വണ്ടി ശെരിയാക്കി നിർത്തി.അപ്പോഴേക്കും പിന്നിൽ നിന്നും ഒരു കൂട്ടം പൊട്ടിച്ചിരി ഉയർന്നു.നോക്കുമ്പോൾ താജുo എബിയും നുസ്രയും ഒരുപോലെ നിന്നു ചിരിക്കുന്നു.അവൾക്ക് ഒന്നാകെ വന്നു.മൂന്നിനെയും കൊല്ലുന്നത് പോലെ ഒന്ന് നോക്കി. ആ നോട്ടം കണ്ടതും നുസ്രയുടെയും എബിയുടെയും ചിരി സ്വിച്ച് ഇട്ടത് പോലെ നിന്നു.പക്ഷെ താജ്ന് അത് കണ്ടും കിട്ടിയും നല്ല ശീലം ഉള്ളോണ്ട് അതൊന്നും എവിടെയും ഏശിയില്ല.അവൻ അവളെ അടിമുടി നോക്കി വായും പൊത്തി പിടിച്ചു ചിരിക്കാൻ തുടങ്ങി. "എന്ത് നോക്കി നിക്കുവാടി.. വരുന്നുണ്ടേൽ വാ.. " അവൾ ദേഷ്യം മുഴുവൻ നുസ്രയോട് തീർത്തു.നുസ്രയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു.

പോകുന്ന പോക്കിൽ അവളെങ്ങാനും പിടിച്ചു തള്ളിയിടുമോന്ന് കരുതി വന്ന ചിരി അപ്പാടെ വിഴുങ്ങി കളഞ്ഞു നല്ല അനുസരണയുള്ള കുട്ടിയായി വേഗം വണ്ടിയിലേക്ക് കയറി. "അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.. " താജ് അവളോട്‌ പറഞ്ഞില്ല.അവൾ കേൾക്കാൻ വേണ്ടി എബിയോട് പറഞ്ഞു.പരിഹാസമാണെന്ന് അവൾക്ക് മനസ്സിലായി. "ആർക്കാ ഒരു വീഴ്ച സംഭവിക്കാത്തത്.. ഒരിക്കൽ പോലും പരാജയ പെടാത്ത ആരാ ഉള്ളത്..ലോകത്ത് എല്ലാം തികഞ്ഞവരായി ആരും ഉണ്ടാകില്ല.. അങ്ങനെയെങ്കിൽ എല്ലാവരും ഒരു പ്രതിഷ്ഠയായി ഇരിക്കേണ്ടി വന്നേനെ..സമയം കിട്ടുമ്പോൾ ഒന്ന് പറഞ്ഞു കൊടുത്തേരെ എബി നിന്റെ ഫ്രണ്ട്ന്..എല്ലാം തികഞ്ഞവനാണ് ഞാൻ എന്നൊരു വിചാരം ഉണ്ട്.അത് മാറിക്കോട്ടേ.. " അവളും അവനെ നോക്കിയില്ല. എബിയെ നോക്കി പറഞ്ഞു.അവൻ പരിഹസിച്ചതിന്റെ ദേഷ്യം അവളുടെ ശബ്ദത്തിൽ നിറഞ്ഞിരുന്നു. "എന്തിനാ കളിയാക്കിയത്.. വീണപ്പോൾ വല്ലതും പറ്റിയോന്ന് ചോദിക്കേണ്ടതായിരുന്നില്ലേ..ഒന്ന് പിടിച്ചു എണീപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു.. നീ ഉള്ളത് കൊണ്ടാ ഞാനും നുസ്രയും ചെല്ലാത്തത്.."

അവൾ പോയതിനു ശേഷം എബി പറഞ്ഞു. "ചെന്നിരുന്നെങ്കിൽ രണ്ടിന്റെയും കാല് ഞാൻ ഒടിച്ചു വെച്ചേനെ.. ഈ വീഴ്ച അവൾക്കൊരു പാഠം ആകട്ടെ.. ഇനി വീഴാതെ ഇരിക്കാനുള്ള പാഠം. ഞാൻ സഹായിച്ചാൽ ഒരുപക്ഷെ അവളത് മറന്നു പോകും.അതേ സമയം പരിഹസിച്ചാൽ അതൊരിക്കലും അവൾ മറക്കില്ല. എപ്പോഴും അത് ഓർത്ത് വെക്കും.. പ്രത്യേകിച്ച് പരിഹസിച്ചത് ഈ ഞാൻ ആയത് കൊണ്ട്.. നിങ്ങളൊക്കെ കണ്ടത് കൊണ്ട് ആ ഓർമയ്ക്ക് വീര്യവും കൂടും.സോ ഇനി അവൾ വീഴില്ല..എപ്പോഴും കെയർഫുൾ ആയിരിക്കും." താജ് പറഞ്ഞു.എബി ഒന്നും മിണ്ടിയില്ല.അത്ഭുതത്തോടെ താജ്ൻറെ മുഖത്തേക്ക് നോക്കി നിന്നു. ** അവൻ വരുമ്പോൾ അവൾ മൂടി പുതച്ചു കിടക്കുവായിരുന്നു. ഇവൾക്ക് ഇതെന്തു പറ്റി..ഇനി വീഴ്ചയിൽ പനി എങ്ങാനും വന്നോ. അവൻ നെറ്റിയും ചുളിച്ചു അവളുടെ അടുത്തേക്ക് ചെന്നു. അവൾ കണ്ട ഭാവം നടിച്ചില്ല.മുഖം തിരിച്ചു ചുമരിലേക്ക് നോക്കി കിടന്നു.ആ കേറ്റി വെച്ച മോന്ത കണ്ടപ്പോഴെ അവന് മനസ്സിലായി ഇപ്പോഴും കളിയാക്കിയതിന്റെ ദേഷ്യത്തിലാണെന്ന്..അവനു അവളുടെ വായ തുറപ്പിക്കണം.

അതിന് ചൊറിയാൻ തന്നെ തീരുമാനിച്ചു.അവൾ പുതച്ചിരിക്കുന്ന പുതപ്പ് അവൻ ഒറ്റ വലിക്ക് വലിച്ചെടുത്തു.അത് അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി. എന്നാൽ അവൻ ആകെ അന്തം പോയ അവസ്ഥയിലാണ്. തുടവരെയുള്ള ഒരു ഷർട്ടു മാത്രം ഇട്ടിട്ടാണ് അവളുടെ കിടപ്പ്. അവൾക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല.ആകെ പരുങ്ങിക്കൊണ്ട് ഷർട്ടു താഴേക്ക് വലിക്കാൻ തുടങ്ങി. അത് കണ്ടു അവൻ പുതപ്പ് എടുത്തു അവളുടെ അരയ്ക്ക് താഴേക്കും എന്നാൽ മുട്ടിനു എത്താത്ത വിധത്തിലുമായി ഇട്ടു കൊടുത്തു. എന്നിട്ട് അവളുടെ അടുത്തിരുന്നു. "സാരമില്ല..നീ പറഞ്ഞത് പോലെ വീഴ്ച പറ്റാത്തവരായി ആരുമില്ല.. സ്വാഭാവികമാ..മുന്നോട്ടുളള വഴിക്കൊരു പാഠമാ.ഇനി ശ്രദ്ധിച്ചാൽ മതി.." അവൻ അവളുടെ നെറുകിൽ തലോടി.അവളൊന്നു മിണ്ടിയില്ല. തല താഴ്ത്തി കിടന്നു.അവൻ അവളുടെ മുട്ടിലേക്ക് നോക്കി. തൊലി മുഴുവനും ഉരഞ്ഞു പോയിട്ടുണ്ട്.അവിടെന്നും ഇവിടെന്നും അല്പാല്പം ചോര പൊടിയുന്നു.ബാക്കിയുള്ള സ്ഥലം ചുവന്നു കാണപ്പെടുന്നുണ്ട്.ആ കാഴ്ച അവന്റെ ഉള്ളിൽ നോവുണർത്തി.

അവൻ മുഖം താഴ്ത്തി ആ ഭാഗത്ത് ഊതി കൊടുത്തു.പതിയെ ഒന്ന് തൊട്ടു നോക്കി.അവൾ കണ്ണ് അടച്ചു എരിവ് വലിച്ചു. "വേദനയുണ്ടോ.. " അവൻ അവളുടെ മുഖത്തേക്ക് നോക്കി. "പിശാശ്ശെ..അവിടെന്ന് വേണ്ടുവോളം കളിയാക്കിയിട്ട് ഇപ്പം ഇവിടെ വന്നിട്ട് വേദന ഉണ്ടോന്ന്..മനുഷ്യൻമാർക്ക് ഇവിടെ നീറിട്ട് വയ്യാ.. " അവളുടെ മുഖം ചുളുങ്ങി..അത് അവനിൽ ചെറു ചിരി ഉണ്ടാക്കി.. അവൻ വീണ്ടും മുട്ടിൽ തൊട്ടു. "ഔ..തൊടല്ലേ..നീറണു.." അവൾ ചിണുങ്ങി. "എഴുന്നേൽക്ക്..ഹോസ്പിറ്റലിൽ പോകാം.." "വേണ്ടാ..ഡെട്ടോൾ ഇട്ടു കഴുകി.. കാറ്റു കൊള്ളാൻ കിടന്നതാ.. " "പുതച്ചു മൂടി കിടന്നാൽ എങ്ങനെയാടി കാറ്റു കൊള്ളുക.. " "അത് നീ വരുന്ന ശബ്ദം കേട്ടപ്പോൾ എടുത്തിട്ടതാ.. " അവൾ പറഞ്ഞു.അവനൊന്നു ചിരിച്ചു.എന്നിട്ട് ഷെൽഫിന്ന് മരുന്ന് എടുത്തു വന്നു. "മരുന്ന് വെക്കാം.വേദന കുറവില്ലങ്കിൽ ഹോസ്പിറ്റലിൽ പോകാം.." അവൻ മരുന്ന് പുരട്ടി കൊടുത്തു. അവൾക്ക് വല്ലാതെ നീറുന്നുണ്ടായിരുന്നു.അത് അവളുടെ മുഖ ഭാവത്തുന്ന് മനസ്സിലായ അവൻ കുറേ നേരം അവിടെ തന്നെ ഇരുന്നു അവൾടെ മുട്ടിൽ ഊതി കൊടുക്കുകയും കാറ്റു വീശി കൊടുക്കുകയും ചെയ്തു..

അവൾ പതിയെ തന്റെ കൈ നീക്കി അവന്റെ കൈക്ക് മുകളിൽ വെച്ചു. അവൻ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. "സത്യത്തിൽ നീയാരാ..ചില നേരത്ത് തോന്നുന്നു നിന്നോളം നല്ലത് വേറൊന്നില്ലന്ന്..മറ്റു ചില നേരത്ത് നിന്നോളം ദുഷ്ടൻ വേറൊന്നില്ലന്ന് തോന്നും.എന്താ ഞാൻ മനസ്സിലാക്കേണ്ടത്.. " "എന്താ നിനക്ക് മനസ്സിലാകുന്നത്. അത് മാത്രം മനസ്സിലാക്കിയാൽ മതി.ഞാൻ പറഞ്ഞു തന്നിട്ട് നീ ഒന്നും മനസ്സിലാക്കണ്ടാ..കേട്ടോടി ഭാര്യേ.. " അവൻ അവളുടെ കവിളിലൊന്നു ഞെക്കി പിടിച്ചു എഴുന്നേറ്റു പോയി.അവൾ അവൻ പറഞ്ഞത് കേട്ടു ഒരന്തവും ഇല്ലാതെ കിടന്നു. ** മുന്ന പോയിട്ട് ഇന്നേക്ക് ഒരാഴ്ച ആകുന്നു.പോയി കഴിഞ്ഞ ആദ്യത്തെ രണ്ടു രാത്രികളിൽ വിളിച്ചതിനു ശേഷം അവൻ പിന്നെ ഇന്നാ ലൈലയ്ക്ക് വിളിക്കുന്നത്. അന്ന് വിളിച്ചപ്പോൾ പറഞ്ഞു എക്സാം കഴിഞ്ഞു, ഉടനെ വരുമെന്ന്.പക്ഷെ ഇന്ന് അത് അവൻ തിരുത്തി.വന്നന്ന് തന്നെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു എന്നും ഇപ്പൊ ജോലിയിൽ കയറിയിരിക്കുകയാണെന്നും പറഞ്ഞു.

"അപ്പൊ പഠിത്തമോ..നീ എല്ലാം തീരുമാനിച്ചിട്ടാ പോയത്. പിന്നെന്തിനാ എന്നോട് നുണ പറഞ്ഞത്..ഉടനെ ഒന്നും തിരിച്ചു വരാനുള്ള ഉദ്ദേശമില്ല നിനക്ക്..അല്ലേ..? " അവൾ ഓരോന്ന് ചോദിച്ചു കൊണ്ട് കരയാൻ തുടങ്ങി.പക്ഷെ ആ കരച്ചിൽ കൂടുതൽ നേരം നീണ്ടു പോയില്ല..അവളെ സമാധാന പെടുത്തേണ്ട വാക്കുകൾ അവന്റെ പക്കൽ ഉണ്ടായിരുന്നു. "നുണ പറഞ്ഞത് അല്ല.എക്സാമിന് വേണ്ടി തന്നെയാ വന്നത്.ഒരിക്കൽ നഷ്ടപ്പെട്ടത് എനിക്ക് തിരികെ പിടിക്കണം.അതും എവിടുന്നാണോ നഷ്ടം സംഭവിച്ചു തുടങ്ങിയത് അവിടുന്ന് തന്നെ.നീ തന്നെയല്ലേ പറയാറ് ജീവിതത്തിൽ വാശി ഉണ്ടെങ്കിലേ വിജയം ഉണ്ടാകുകയുള്ളൂ എന്ന്..ഉമ്മാന്റെ വിഷമം മാറ്റി കൊടുക്കണം.ഉമ്മ എന്നിൽ നിന്നും ആഗ്രഹിച്ചത് എനിക്ക് നേടി കൊടുക്കണം. അതിനുള്ള ശ്രമത്തിലാ ഞാനിപ്പോ.. പിന്നെ ജോലി..അത് എനിക്ക് ഇവിടെ പിടിച്ചു നിൽക്കാൻ അത്യാവശ്യമാ..നീ വിഷമിക്കാതെ.. ഞാൻ ഉടനെ അങ്ങ് വരില്ലേ.അതും നീ കാണാൻ കൊതിക്കുന്ന മുന്ന ആയിട്ട്.ഹാപ്പി ആയിരിക്കണം. താജ്നോട് കൂടുതൽ കടും പിടുത്തമൊന്നും കാണിക്കരുത്.

നീ ആയത് കൊണ്ടാ അവൻ ബാക്കി വെച്ചേക്കുന്നത്..വേറെ വല്ലവരും ആയിരുന്നെങ്കിൽ ഇപ്പൊ ചുവരിൽ ഫോട്ടോ ആയി തൂങ്ങിയേനെ.." മുന്ന തന്റെ മുഴുവൻ ഉദ്ദേശങ്ങളും പറഞ്ഞില്ല.അവൾക്ക് സന്തോഷിക്കാനുള്ളത് മാത്രം പറഞ്ഞു.ബാക്കിയുള്ളവ മറച്ചു വെച്ചു.അതൊക്കെ അറിഞ്ഞാൽ അവൾ തകർന്നു തരിപ്പണമായി പോകും.ഇപ്പൊ അവൾ താജ്നോട് കുറച്ചെങ്കിലും അടുത്തിട്ടുണ്ട്.ആ പഴയ ലൈല ആയി മാറുന്നുണ്ട്. അതൊന്നും ഇല്ലാതെയാക്കാൻ മുന്നയ്ക്ക് കഴിയില്ലായിരുന്നു. പകുതിയിൽ എവിടെയോ വെച്ചു താൻ കാരണം അവന് നഷ്ടപ്പെട്ടു പോയ ഒരു വല്യ സ്വപ്നമുണ്ട്.അത് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് അവൻ ഇന്ന്.. ലൈലയുടെ മനസ്സ് തണുത്തു. എന്നാലും സന്തോഷിക്കാൻ കഴിഞ്ഞില്ല.ബാംഗ്ലൂരും ആ പഴയ ദിനങ്ങളും മനസ്സിനെ ചുട്ടു പൊള്ളിക്കുകയായിരുന്നു.ഒരൊറ്റ ദിവസത്തെ കാര്യത്തിന് വേണ്ടിയാ അവൻ പോകുന്നത് എന്നാ വിചാരിച്ചത്.അങ്ങനെ അല്ല എന്നറിഞ്ഞിരുന്നെങ്കിൽ താനും അവന്റെ ഒന്നിച്ച് ബാംഗ്ലൂർക്ക് പോയേനെ.അവിടെ എല്ലാം നഷ്ടപ്പെട്ടു ജീവിക്കുന്ന ആ ഉമ്മാനെ ചെന്നൊന്നു കണ്ടേനെ.

ആ കാലുകളിൽ വീണു മാപ്പ് ഇരക്കിയേനെ. അവളുടെ കണ്ണുകൾ എന്തിനെന്ന് ഇല്ലാതെ നിറഞ്ഞൊഴുകാൻ തുടങ്ങി.. "എന്താടി..? " ബെഡിൽ കമിഴ്ന്നു കിടന്നു കരയുന്ന അവളുടെ കഴുത്തിൽ താജ്ൻറെ മുഖം അമർന്നു.. അവളൊന്നു പുളഞ്ഞു.വേഗം കണ്ണ് തുടച്ചു മലർന്നു കിടന്നു.. "എന്താ..ബാംഗ്ലൂർക്ക് പോകണോ.." അവൻ അവളുടെ കവിളിൽ കൈ വെച്ചു.അവൾ അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. "നോക്കണ്ട..മുന്നയല്ലേ വിളിച്ചത്. അവനെ പിരിഞ്ഞു നിൽക്കുന്നതിനേക്കാൾ നിനക്ക് വിഷമം അവൻ പോയത് ബാംഗ്ലൂർക്ക് ആയത് കൊണ്ടല്ലേ.. " "അത്..ഞാൻ..എനിക്ക് അവിടെ ഒരാളെ കാണ..... " "ശ്.... " അവളെ പറയാൻ അനുവദിച്ചില്ല. അവൻ അവളുടെ ചുണ്ടിൽ വിരൽ വെച്ചു. "നമുക്ക് ഒന്ന് മതില് ചാടി വന്നാലോ.. " അവൻ പറഞ്ഞു.അവൾ കേട്ടത് വിശ്വാസം വരാൻ ആകാതെ കണ്ണുകൾ വിടർത്തി അവന്റെ മുഖത്തേക്ക് തന്നെ നോക്കി. "ഇങ്ങനെ നോക്കല്ലേ മോളെ.പിടിച്ചു നിക്കുന്നതിനും ഒരു പരിധിയുണ്ട്. എണീറ്റു വാ ഇങ്ങോട്ട്.. " അവൻ അവളെ പിടിച്ചു എണീപ്പിച്ചു. **

അന്ന് നിർത്തിയത് പോലെത്തന്നെ വണ്ടി വീടിന്റെ കുറച്ച് അപ്പുറത്തുള്ള ഇടവഴിയിൽ നിർത്തി.അവൾ ഇറങ്ങി.ശേഷം അവനും.അവൻ അവൾക്ക് മുന്നിൽ ഒന്നും നടന്നില്ല.അവളുടെ കയ്യിൽ പിടിച്ചു അവളുടെ ഒന്നിച്ച് നടന്നു. അവൾ അവന്റെ മുഖത്തേക്ക് നോക്കി.അവൻ ആ നോട്ടം കണ്ടില്ലന്ന് നടിച്ചു.ആ മുഖത്തേക്ക് നോക്കിയാൽ പ്രശ്നമാണ്.നടു റോഡിൽ വെച്ചു ഭാര്യയെ പീഡിപ്പിച്ചെന്ന പേര് സമ്പാദിക്കേണ്ടി വരും.ദൂരെ നിന്നും വരുന്ന തണുത്ത കാറ്റ് രണ്ടു പേരെയും തഴുകി നടന്നു.അവൻ പതിയെ അവളുടെ മുഖത്തേക്ക് നോക്കി.ആ മുഖത്ത് അസ്വസ്ഥത നിറയുന്നത് അവൻ കണ്ടു.അവൻ അവളുടെ കയ്യിലുള്ള പിടി വിട്ടു. എന്നിട്ട് അവളുടെ നടുവിലൂടെ കൈ ഇട്ടു അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.അവൾ എതിർപ്പ് ഒന്നും കാണിച്ചില്ല.ആ കൈയിൽ സുരക്ഷിതത്വം അനുഭവപെടുന്നുണ്ടായിരുന്നു.അത് കൊണ്ട് ഒരു പൂച്ച കുഞ്ഞിനെ പോൽ അവന്റെ കൈക്കുള്ളിൽ ഒതുങ്ങി കൂടി നടന്നു. **

സനു കിടന്നിരുന്നു.ഉറങ്ങിയിട്ട് ഉണ്ടായിരുന്നില്ല.അവളുടെ സാമീപ്യം അറിഞ്ഞതും അവൻ കണ്ണും തുറന്നു ചാടി തുള്ളി എഴുന്നേറ്റിരുന്നു.ഇനിയും പിടിച്ചു നിൽക്കാൻ അവന് ആവില്ലായിരുന്നു.അത്രക്കും കൊതിക്കുന്നുണ്ടായിരുന്നു അവളെ കാണാനും സംസാരിക്കാനുമൊക്കെ. സന്തോഷമാണോ സങ്കടമാണോ എന്നൊന്നും അറിഞ്ഞില്ല.അവളെ കെട്ടിപ്പിടിച്ചിരുന്നു.അവളും അവനെ ഇറുകെ പുണർന്നു നെറ്റിയിലും കവിളിലുമൊക്കെ തുരു തുരെ മുത്തം കൊടുത്തു. അവനും അങ്ങനെ തന്നെ.അവളിൽ നിന്നും അടരാനെ തോന്നിയില്ല. അവളുടെ നെഞ്ചിലേക്ക് ചേർന്നിരുന്നു.എത്ര നാളായി ആ ചൂട് പറ്റിയിട്ടുണ്ട്.അവൾ പോയതിനു ശേഷം ശെരിക്കും ഉറങ്ങിയിട്ടില്ല.അവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.ലൈല അപ്പൊത്തന്നെ അവനെ അടർത്തി മാറ്റി അവന്റെ കണ്ണ് തുടച്ചു കൊടുത്തു.അവന്റെ മൂഡ് ഓക്കേ ആവാൻ വേണ്ടി ആൺകുട്ടികൾ കരയാറുണ്ടോന്നൊക്കെ ചോദിച്ചു ഒരു പിച്ചും കൊടുത്തു കളിയാക്കാൻ തുടങ്ങി..

അത് മതിയായിരുന്നു അവന്.അവൻ അപ്പൊത്തന്നെ ചിരിച്ചോണ്ട് അവളുടെ തുട നുള്ളി പറിച്ചു എടുത്തു.എടാ കുരുത്തം കെട്ടവനെന്നും പറഞ്ഞു അവൾ കയ്യിൽ കിട്ടിയ തലയിണ വെച്ചു അവനെ അടിച്ചു പരുവം ആക്കാൻ നോക്കിയതും അവൻ, വേണ്ട ലൈലൂന്നും പറഞ്ഞു ചിണുങ്ങിക്കൊണ്ട് അവളെ മടിയിലേക്ക് കയറിയിരുന്നു. "എടാ..ഇവിടെ ഇങ്ങനൊരാൾ കൂടി ഉണ്ട്.." താജ് ദേഷ്യത്തോടെ സനുവിനെ നോക്കി. "ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല.അത് ഞങ്ങക്ക് കൂടെ തോന്നണം.വന്ന കാലിൽ തന്നെ നിക്കാതെ ഇങ്ങോട്ട് ഇരിക്കെന്റെ ബ്രോ.." സനു താജ്നെ നോക്കി നല്ലോണമൊന്നു ചിരിച്ചു കാണിച്ചു. "പോടാ പിശാശ്ശെ.. " താജ് വന്നു ബെഡിൽ ഇരുന്നു.സനു അപ്പൊത്തന്നെ അവളുടെ മടിയിന്നു അവന്റെ മടിയിലേക്ക് ചാടി. എന്നിട്ട് അവന്റെ കഴുത്തിലൂടെ കയ്യിട്ടിരുന്നു പിണക്കം മാറ്റാൻ നോക്കി.ലൈല അത് കണ്ടു ഒരു ചിരിയോടെ ബെഡിലേക്ക് ചാഞ്ഞു.

സനു കുസൃതിയോടെ താജ്നെയും കൊണ്ട് ലൈലയുടെ നേരെ മറിഞ്ഞു.താജ് ചെന്നു അവളുടെ മേലേ വീണതും അവൾ ദേഷ്യത്തോടെ ഉന്തി മാറ്റിക്കൊണ്ട് എണീക്കാൻ നോക്കി. സനു സമ്മതിച്ചില്ല.രണ്ടിനെയും പിടിച്ചമർത്തി കിടത്തി അവരുടെ നടുവിലായി കിടന്നു. എന്നിട്ട് താജ്ന്റെയും ലൈലയുടെയും കൈ എടുത്തു വയറ്റിലേക്ക് വെച്ചു.ലൈല അപ്പൊത്തന്നെ സനുവിനെ പറ്റി ചേർന്നു.. "എന്നാ എനിക്കൊരു ബേബി താജ്നെയോ ലൈലയോ തരിക.. " സനു രണ്ടുപേരുടെയും മുഖത്തേക്ക് നോക്കിയില്ല.മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു. "നിനക്ക് കുട്ടി..എനിക്കിവിടെ ഒരു കിസ്സ് വരെ കിട്ടിയിട്ടില്ല.. " താജ് എങ്ങോട്ടോ നോക്കി നെടുവീർപ്പിട്ടു. "ശെരിക്കും.. " സനു അപ്പൊത്തന്നെ കണ്ണും മിഴിച്ചു താജ്നെ നോക്കി.താജ് ആണെന്ന അർത്ഥത്തിൽ തലയാട്ടി.സനു വേഗം ലൈലയുടെ ഭാഗത്തേക്ക്‌ തിരിഞ്ഞു. "വാട്ട്‌ ലൈലൂ..ചുമ്മാ പറയിപ്പിക്കാൻ വേണ്ടി.ഒരു കിസ്സ് ഒക്കെ കൊടുത്തൂടെ.. "

"ദേ ചെറുക്കാ..ചെറിയ വായിൽ വല്യ വർത്താനമൊന്നും വേണ്ടാ.വാ അടക്കി വെച്ചു കിടന്നോ അവിടെ.. " അവൾ സനുവിനെ നോക്കി കണ്ണുരുട്ടി. "ശെരി..ഞാനൊന്നും പറയുന്നില്ല. പക്ഷെ എനിക്ക് കളിക്കാനും കളിപ്പിക്കാനും ഒരു ബേബിയെ ഉടനെ കിട്ടണം.താജ് ഓക്കേയാ..എതിർപ്പ് ഒന്നും ഇല്ല. പക്ഷെ താജ് ഒറ്റയ്ക്ക് വിചാരിച്ചിട്ട് കാര്യമില്ലല്ലോ..നീയും കൂടെയൊന്നു മനസ്സ് വെക്കണം.." "അവളോട്‌ എന്ത് പറഞ്ഞിട്ടും കാര്യമില്ലടാ..കാരണം നിന്റെ ലൈലൂനു റൊമാൻസ് എന്നാൽ എന്താണെന്ന് പോലും അറിഞ്ഞൂടാ.. ഒന്ന് അറിയിച്ചു കൊടുക്കാമെന്ന് വെച്ചാലോ.. എപ്പോഴും ഇവൾക്ക് എന്നെക്കൊണ്ട് ചൊറിച്ചിലും പിഴിച്ചിലുമാ.. പിന്നെ ഉള്ള ഏക വഴി ഞാൻ ബലം കാണിക്കണം. അതിന് ഏതായാലും ഇതുവരെ ഞാൻ മുതിർന്നിട്ടില്ല.. കാണുമ്പോൾ മുരിങ്ങക്കോലു പോലെയാണെന്ന് പറഞ്ഞിട്ട് കാര്യല്ല..എപ്പോഴാ എന്റെ ആപ്പീസ് പൂട്ടുകയെന്ന് പറയാൻ പറ്റില്ല..ഇവള് കരാട്ടെയാണെന്നൊക്കെ ഞാൻ നേരത്തെ അറിഞ്ഞതാ മോനെ.. " താജ്ൽ നിന്നും വീണ്ടുമൊരു നെടു വീർപ്പ് ഉയർന്നു.

അത് കേട്ടു സനു ചിരിച്ചു മറിയാൻ തുടങ്ങി.ലൈല അപ്പൊത്തന്നെ നിർത്തടാന്നും പറഞ്ഞു സനുവിനൊരു നുള്ള് കൊടുത്തു ചിരി നിർത്തിച്ചു. "എന്തൊക്കെയാ നീ പറയുന്നേ.. ഇത്തിരി എങ്കിലും നാണം വേണം.കുട്ടികൾടെ മുന്നിൽ വെച്ചു ഇങ്ങനെയൊക്കെയാണോ സംസാരിക്കുക.." അവൾ താജ്നോട് ദേഷ്യപ്പെട്ടു. "അതിന് ഇവിടെ ആരാ കുട്ടി..? " സനു എഴുന്നേറ്റിരുന്നു ചുറ്റിനും നോക്കി.. "പിശാശ്ശെ..അടിച്ചു മോന്തൻറെ ഷേപ്പ് മാറ്റി കളയും.." "എന്റെ ലൈലൂ..ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലേ..നിന്നെയൊക്കെ സഹിക്കുന്ന താജ്നു ഓസ്കാർ കൊടുക്കണം... " അവളൊന്നും മിണ്ടിയില്ല..മോന്ത കനപ്പിച്ചു വെച്ചിരുന്നു..സനു പുഞ്ചിരിയോടെ അവളുടെ കവിളിൽ തൊട്ടു. "ഇങ്ങനെ കാണാൻ ഒരു ഭംഗിയുമില്ല..താജ്നു കൊടുക്കാൻ അല്ലേ ബുദ്ധിമുട്ട്..എനിക്ക് താ ഒരു ചക്കരയുമ്മ..ലൈലു മാത്രല്ല..താജുo തരണം.ഞാൻ ഇന്ന് എത്ര ഹാപ്പി ആണെന്ന് അറിയാമോ.." എന്നും പറഞ്ഞു അവൻ രണ്ടു പേരെയും മാറി മാറി നോക്കി.. ലൈലയുടെ ദേഷ്യമൊക്കെ മാറി മുഖത്ത് പുഞ്ചിരി നിറഞ്ഞു.അവൾ സനുവിന്റെ കവിളിലേക്ക് മുഖം അടുപ്പിച്ചു.ഒപ്പം മറ്റേ കവിളിലേക്ക് താജുo.സനുവിന് ഒരു കുസൃതി തോന്നി.

അവൻ പെട്ടെന്ന് മുഖം പിന്നിലേക്ക് വലിച്ചു കളഞ്ഞു. താജ്ന്റെയും ലൈലയുടെയും ചുണ്ടുകൾ തമ്മിൽ അമർന്നു.രണ്ടു പേരുടെയും കണ്ണുകൾ ഒരുപോലെ വിടർന്നു.താജ് അവളുടെ ചുണ്ടുകളെ കവർന്നു എടുക്കാൻ കൊതിച്ചു..ആ ചുണ്ടുകളിലെ മധുരം നുകരാൻ അവന്റെ മനസ്സ് വല്ലാതെ വെമ്പൽ കൊണ്ടു.. വായ തുറന്നു അവളുടെ ചുണ്ടുകളെ അകത്തേക്ക് ആക്കാൻ ഒരുങ്ങിയതും സനു പെട്ടെന്ന് ചുമച്ചു..താജ് ആത്മ സംയമനം വീണ്ടെടുത്തു..വേഗം തന്നെ അവളുടെ ചുണ്ടുകളിലേക്ക് അമർന്ന തന്റെ ചുണ്ടുകളെ പിൻവലിച്ചു നീങ്ങിയിരുന്നു സനുവിനെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു.അവൾ ആകെ കാറ്റു പോയ അവസ്ഥയിലാണ്.എന്താ സംഭവിച്ചത് എന്നൊന്നും മനസ്സിലായില്ല.ലൈലൂന്നും പറഞ്ഞു സനു പിടിച്ചു കുലുക്കിയപ്പോഴാണ് ബോധം വന്നത്.അവൾ താജ്ൻറെ മുഖത്തേക്കേ നോക്കിയില്ല.എട്ടിന്റെ പണി തന്ന സനുവിനെ തലങ്ങും വിലങ്ങും പിച്ചാനും മാന്താനും തുടങ്ങി.

അവൻ സ്വയ രക്ഷയ്ക്കായി താജ്ൻറെ മേലേക്ക് വീണു താജ്നെ പറ്റി ചേർന്നു.അവൾക്ക് ദേഷ്യം അടങ്ങിയില്ല.വീണ്ടും അവൻറെ നേരെ കയ്യോങ്ങിയതും താജ് അവളുടെ കൈ പിടിച്ചു വച്ചു.. എന്നിട്ട് അവളെയും മടിയിലേക്ക് ചേർത്തിരുത്തി. "നിന്റെ ഈ ദേഷ്യമാ എനിക്കിഷ്ടം. കടിച്ചു തിന്നാൻ തോന്നുന്നു.. " താജ് അവളുടെ ചെവിയിലേക്ക് മുഖം അടുപ്പിച്ചു പതുക്കെ പറഞ്ഞു. അത് കേട്ടതോടെ അടങ്ങി അവളുടെ ദേഷ്യം. "താജ്..ഇപ്പൊ മാറിയില്ലേ നിങ്ങളുടെ സങ്കടം.എന്നെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ.ചൂടായി തന്നെ കിട്ടിയില്ലേ ഒരെണ്ണം.ഇനി ലൈലു ഇങ്ങനെ ഓരോന്നു തന്നോളും.. " സനു താജ്നെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.അവൾ ഒന്നും മിണ്ടിയില്ല.താജ്ൻറെ പിടി വിടുവിച്ചു എഴുന്നേറ്റു നീങ്ങിയിരുന്നു.സനു അതൊന്നും കാര്യമാക്കിയില്ല.വീണ്ടും എന്തൊക്കെയോ ചെയ്തും പറഞ്ഞും ചിരിച്ചുമൊക്കെ അവളെ ദേഷ്യം പിടിപ്പിച്ചു കൊണ്ടിരുന്നു.

താജുo ഒട്ടും കുറച്ചില്ല.സനുവിന് കട്ട സപ്പോർട്ട് ആയി നിന്നു. ആദ്യമൊക്കെ ദേഷ്യം തോന്നിയെങ്കിലും പിന്നെ അവൾക്കും ചിരി വരാൻ തുടങ്ങി. ആ കളിയും ചിരിയും ഏറെ നേരം നീണ്ടു പോയി.അവളുടെ കണ്ണിനു ഉറക്കം തട്ടുന്നത് കണ്ടപ്പോൾ താജ് അവളോട്‌ പോകാമെന്നും പറഞ്ഞു എണീറ്റു.അവൾക്ക് പോകാനേ മനസ്സില്ലായിരുന്നു.സനുവിൻറെ ഒന്നിച്ച് തന്നെ ഇരിക്കണമെന്ന് തോന്നി.അത് അവൾ തുറന്നു പറയുകയും ചെയ്തു.പക്ഷെ സനു അതിന് സമ്മതിച്ചില്ല.ഉന്തി തള്ളി അവളെ താജ്ൻറെ ഒന്നിച്ച് വിട്ടു. "എന്നാൽ നീയും കൂടെ വാ.." ലൈല സങ്കടത്തോടെ സനുവിന്റെ കയ്യിൽ പിടിച്ചു. "ഞാൻ വരും.അത് എപ്പോഴാണെന്ന് താജ്നോട് പറഞ്ഞിട്ടുണ്ട്.ഇപ്പൊ ലൈലു ചെല്ല്..നേരം ഒരുപാട് ആയില്ലേ.ഉറക്കം കളയണ്ട.. എനിക്കും നല്ല ഉറക്കം വരണു.. " സനു പറഞ്ഞു.അവളെന്തെങ്കിലും പറയുന്നതിന് മുന്നേ സനു വാതിൽ അടച്ചിരുന്നു.ഇല്ലെങ്കിൽ അവൾ പോകില്ല.അത് സനുവിന് അറിയാമായിരുന്നു.

അവൾ ഒരുനിമിഷം വേദനയോടെ നിന്നു.പിന്നെ യാന്ത്രികം എന്നോണം താജ്ൻറെ പിന്നാലെ വിട്ടു. ** കോളേജിൽ മുന്ന ഇല്ലാത്ത വിഷമമൊന്നും അവൾ അറിഞ്ഞില്ല. ഇല്ലെന്ന് അല്ല.താജ് അവളെ അറിയിച്ചില്ല.മുന്ന എങ്ങനെയാണോ അവളുടെ ഒന്നിച്ചുണ്ടായിരുന്നത്, അതുപോലെ ഒരു നിഴലായി താജ് അവൾക്ക് ഒപ്പം കൂടി.കോളേജിൽ വെച്ചു അവളെ ദേഷ്യം പിടിപ്പിക്കാനോ വാശി കയറ്റാനോ ചൊടിപ്പിക്കാനോ ഒന്നിനും പോയില്ല.പകരം എല്ലാത്തിനും അവളുടെ ഒന്നിച്ച് നിന്നു. അവൻ മാത്രമല്ല.നുസ്രയും എബിയും ജുവലും ഉണ്ടായിരുന്നു.അവർ അഞ്ചു പേരും ചേർന്നു സൗഹൃദത്തിന്റെ പുതു തലങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു.ദിവസം ചെല്ലും തോറും പരസ്പരമുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കെട്ടുറപ്പ് വർധിച്ചു.മുന്ന ഇല്ലാത്തത് ആയിരുന്നു ഏക കുറവ്. എന്നാലും ഒന്നിച്ച് ചേരുന്ന സമയത്തൊക്കെ മുന്നയ്ക്ക് വീഡിയോ കാൾ ചെയ്തു അവരാ കുറവ് നികത്തി.. നുസ്രയ്ക്ക് വല്യ വേദനയായിരുന്നു.മുന്ന എല്ലാവർക്കും വിളിക്കും സംസാരിക്കും.എന്നാൽ നുസ്രയോടു മാത്രം ഒന്നും ഉണ്ടാരുന്നില്ല..

ഇടയ്ക്ക് ഒക്കെ അവൾ മാറി നിക്കും.അതൊരു പൊട്ടിക്കരച്ചിലിനു വേണ്ടിയുള്ള ഒഴിഞ്ഞു മാറ്റമാണെന്ന് താജ്നും എബിക്കും മനസ്സിലാകും.താജ് അപ്പൊത്തന്നെ എബിയെ അവളുടെ അടുത്തേക്ക് പറഞ്ഞയക്കും.എബി അവളെ കരയുന്നത് പോയിട്ട് ഒന്ന് സങ്കടപെടാൻ കൂടി അനുവദിക്കില്ല. ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കും.ചങ്ക് ഉറപ്പില്ലാത്ത നീ പിന്നെന്തിനാ പ്രേമിക്കാൻ നിന്നേന്ന് ചോദിച്ചു കളിയാക്കും. എബി അടുത്ത് ഉണ്ടാകുമ്പോൾ അവൾ അറിയാതെ സങ്കടങ്ങളൊക്കെ മറന്നു ചിരിച്ചു പോകും.ആ ചിരി കാണുമ്പോഴാണ് എബിക്കൊന്നു സമാധാനമാവുക. ആ കൂട്ട് കെട്ടിൽ തന്നെ ലൈലയിൽ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയിരുന്നു.അവൾ താജ്നെ അറിയാനും മനസ്സിലാക്കാനും ശ്രമിച്ചു.തന്നിലേക്ക് അടുക്കുന്ന അവനെ അവൾ അകറ്റാൻ നോക്കിയില്ല.പകരം കൂടെ നിർത്തി. കാരണം അവൻ ഒപ്പം ഉള്ളത് അവൾക്ക് ഒരു ധൈര്യവും സുരക്ഷയുമായിരുന്നു. മുന്നയോടും എബിയോടും എങ്ങനെയാണോ പെരുമാറുന്നതും ഇടപെടുന്നതും അതുപോലെ തന്നെയായി അവനോടും. തമ്മിലുള്ള ദേഷ്യവും വഴക്കുമൊക്കെ കുറഞ്ഞു കുറഞ്ഞു പാടെ ഇല്ലാതെയായി.

വീട്ടിൽ ആയാലും കോളേജിൽ ആയാലും അവൾക്ക് എപ്പോഴും കളിയും ചിരിയും മാത്രം.താജ്നോടുള്ള അവളുടെ പെരുമാറ്റം കണ്ടു നുസ്രയും എബിയും, എന്തിന് അവന്റെ ഉപ്പ വരെ അത്ഭുതപ്പെട്ടു പോയി.അതോടൊപ്പം തന്നെ സന്തോഷവും ഉണ്ടായി.താജ്നു വേണ്ടത് അവളുടെ ദേഷ്യമായിരുന്നു.അവളുടെ തുറിച്ചു നോട്ടവും വെടിക്കെട്ട് പോലുള്ള വായും നന്നേ മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു അവന്. എന്നാലും ചൊറിയാൻ പോയില്ല. അവൾ മനസ്സ് തുറന്നു ചിരിക്കുകയാണല്ലോ എന്നോർത്ത് സന്തോഷിച്ചു.രാവിലെ മുതൽ വൈകുന്നേരം വരെ ഫ്രണ്ട്സിന്റെ ഒന്നിച്ച് അടിച്ചു പൊളിക്കുന്നു. രാത്രിയായാൽ ഉപ്പാന്റെ ഒന്നിച്ചും. അങ്ങനെ അവൾ ഒരു പൂമ്പാറ്റയെ പോലെ കോളേജിലും വീട്ടിലും ഒരുപോലെ പാറി നടന്നു.സത്യം പറഞ്ഞാൽ അവൾ പോലും അറിയാതെ അവളെ കൈ വെള്ളയിൽ കൊണ്ട് നടന്നു അവൾക്ക് നഷ്ടമായ സന്തോഷങ്ങളെ തിരിച്ചു നൽകുകയായിരുന്നു അവൻ..അതോടൊപ്പം തന്നെ അവളോടുള്ള അവന്റെ പ്രണയത്തിൻറെ തീവ്രത വർധിച്ചു കൊണ്ടിരിക്കുകയും ചെയ്തു. **

ഒരു ഞായറാഴ്ച ദിവസം.. നോട്സ് ഒന്നും കംപ്ലീറ്റ് അല്ലെന്നു പറഞ്ഞു നുസ്ര രാവിലെ ഒരു ലോഡ് നോട്ട് പുസ്തകങ്ങളും എടുത്തു ലൈലയുടെ അടുത്തേക്ക് വിട്ടു.. അവിടെത്തി ലൈലയെ കണ്ടപ്പോ വന്ന തിരക്ക് ഒന്നും ഉണ്ടായില്ല അവൾക്ക് നോട്സ് എഴുതാൻ. ലൈലയോട് കത്തിയും വെച്ചോണ്ട് ഇരുന്നു.താജ് എവിടെയും പോയിരുന്നില്ല. അവനും ഉണ്ടാരുന്നു വീട്ടിൽ.നുസ്രയെ കണ്ടതും അവനും വന്നിരുന്നു.. പിന്നെ കത്തി വെക്കൽ വെടി പൊട്ടിക്കലിലേക്ക് മാറി. അമ്മാതിരി വർത്താനം.. എബിയുടെ കുറവ് കൂടെ ഉണ്ട്. ലൈല ഫോൺ എടുത്തു എബിക്ക് വിളിച്ചു വരാൻ പറഞ്ഞു. സൺ‌ഡേ ആയത് കൊണ്ട് അച്ചായൻ എണീറ്റിട്ട് കൂടി ഉണ്ടാരുന്നില്ല.. എന്നിട്ടും ലൈല വിളിച്ചെന്ന ഒരൊറ്റ കാരണം കൊണ്ട് എണീറ്റു ചടപടെ കാര്യങ്ങളൊക്കെ കഴിഞ്ഞു പത്തിരുപതു മിനുട്ടിനുള്ളിൽ താജ്ൻറെ വീട്ടിലേക്ക് എത്തി.. അവൻ എത്തിയതും സോഫയിലേക്ക് വീണു പൗലോസ് ചേട്ടാന്ന് നീട്ടിയൊരു വിളിയായിരുന്നു..

പൗലോസ് ചേട്ടന് ആ വിളി കേട്ടു നല്ല പരിചയം ഉള്ളോണ്ടും ആ വിളിയുടെ പിന്നിലുള്ള ഉദ്ദേശം പിന്നെ പണ്ടേ അറിയാവുന്നോണ്ടും ഉടനെ ടീപോയിൽ നിരന്നു കിച്ചണിലുള്ള മുഴുവൻ ഐറ്റംസും..അവൻ കണ്ണും മൂക്കും ഇല്ലാതെ അതിലൊക്കെ കയ്യിട്ടു വാരാൻ തുടങ്ങി. "പോത്തേ..ഇതിനാണോ നിന്നെ വിളിച്ചെ.. " ലൈല അവന്റെ കൈ നോക്കി ഒരൊറ്റ തട്ടു വെച്ചു കൊടുത്തു. "അതൊന്നും എനിക്ക് അറിഞ്ഞൂടാ.. എനിക്ക് വിശക്കുന്നു..നിനക്കൊരു കാര്യം അറിയാമോ..എന്റെ അമ്മച്ചിടെ കപ്പയും മീൻ കറിയും ഒഴിവാക്കിട്ടാ നീ വിളിച്ചപ്പോ ഞാൻ വന്നത്..നന്ദി വേണമെടി നന്ദി.. " അവൻ തീറ്റ നിർത്താതെ അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു. "ഓ..ഇങ്ങനൊരു ദുരന്തം.. " ലൈല തലയിക്ക് കൈ കൊടുത്തു.. ആ ഗാപ്പിൽ നുസ്ര കയറി എബിയെ ട്രോളാൻ തുടങ്ങി.. അതും ഒരൊന്നൊന്നര ട്രോളൽ.. ലൈല എല്ലാം കേട്ടിരുന്നു മൂക്കും കുത്തി വീണു ചിരിക്കാൻ തുടങ്ങി. എബി ആണെങ്കിൽ ഇതൊക്കെ എന്തെന്ന ഭാവത്തിൽ ഒരു ഉളുപ്പും ഇല്ലാതെ അവന്റെ തട്ടി കേറ്റൽ തുടർന്നു കൊണ്ടിരുന്നു..

ഇത്രയൊക്കെ ആയിട്ടും താജ്ൻറെ ഭാഗത്തുന്ന് ഒന്നും ഉണ്ടായില്ല.ആകെ സൈലന്റ് ആണ്. ഇവനിതു എന്തുപറ്റി എന്ന് കരുതി എബി വിരലും നക്കിക്കൊണ്ട് താജ്ൻറെ മുഖത്തേക്ക് നോക്കി..ഫ്രണ്ട്‌സ് തമ്മിൽ കൂടുമ്പോൾ ഇങ്ങനൊരു സൈലെൻസ് പതിവ് ഇല്ലാത്തതാണ്. അതു കൊണ്ട് ലൈല അവന്റെ മുഖത്തേക്ക് തന്നെ നോക്കി.താജ് അപ്പൊത്തന്നെ അവിടെന്ന് എണീറ്റു കളഞ്ഞു.. "ഞാൻ..ഞാൻ ഇപ്പൊ വരാം.. നിങ്ങളു സംസാരിച്ചിരിക്ക്.. " താജ് വേഗം മുകളിലേക്ക് കയറിപ്പോയി.. "ഇവനു ഇതെന്തുപറ്റി.. ഇനി ഇവന് വെച്ച ഫുഡ് ആണോ ഞാൻ‌ അടിച്ചു തീർത്തത്.. " എബി താജ് പോകുന്നതും നോക്കി സ്വയം പറഞ്ഞു.. "പോടാ അവിടെന്ന്..അവന് മൂഡ് കാണില്ല..അറിയുന്നത് അല്ലേ അവന്റെ സ്വഭാവം..ഓരോ നേരത്ത് ഓരോന്നല്ലേ..നിങ്ങളിരിക്ക്..ഞാൻ ചോദിച്ചിട്ട് വരാം..ഇനി വയ്യാത്തത് വല്ലതും ആണെങ്കിലോ..? " എന്നും പറഞ്ഞു ലൈല എണീറ്റതും എബിയും നുസ്രയും അവളെ നോക്കി ഒന്ന് ഇരുത്തി മൂളി.. എന്നിട്ട് ചെന്നു നോക്കെന്നും പറഞ്ഞു ആക്കി ചിരിക്കാൻ തുടങ്ങി..അവൾ അതൊന്നും കാര്യമാക്കിയില്ല.. അവന്റെ അടുത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story