ഏഴാം ബഹർ: ഭാഗം 52

ezhambahar

രചന: SHAMSEENA FIROZ

" റമീൻ..റമീൻ മുംതാസ്.. " അവൾ മൊഴിഞ്ഞ നാമം അവന്റെ കാതുകളിലേക്ക് കാരിരുമ്പിൻറെ ശക്തിയോടെ തുളച്ചു കയറി.അവൻ അറിയാതെ തന്നെ അവളുടെ മാലയിലുള്ള അവന്റെ പിടി അയഞ്ഞു.കണ്ണുകളിൽ ഇരുട്ട് പടർന്നു.ശരീരം തളർന്നു താൻ വീണു പോകുമെന്ന് തോന്നിയതും ഒരു ബലത്തിനായി അവൻ ബെഡിൽ അമർത്തി പിടിച്ചു. "പ്ലീസ് അമൻ.ഇത് എന്റെ കഴുത്തിൽ കിടന്നോട്ടേ.ഇത് ഇല്ലെങ്കിൽ പിന്നെ ഞാനില്ല.ഇത് അടർത്താൻ മാത്രം നീ നോക്കരുത്." പ്രണയിച്ച പുരുഷൻ നൽകിയത് ആണെന്ന് അറിഞ്ഞോണ്ട് അവൻ അത് ഊരി കളയോന്നുള്ള ഭയമായിരുന്നു അവൾക്ക് അപ്പോഴും.അവൾ അവനോട് കെഞ്ചി. "ഇല്ല..കിടന്നോട്ടേ..എന്നും കിടന്നോട്ടേ ഈ കഴുത്തിൽ..ഈ മഹറിനേക്കാൾ നിന്റെ കഴുത്തിനു ചേരുന്നതു ഈ മാലയാ..തല ശെരിക്കും തുവർത്ത്.. ജലദോഷം പിടിക്കും.." അവൻ അവളുടെ നെറുകിൽ തടവി എണീറ്റു പോയി.

അവളുടെ മുന്നിൽ മാത്രമായിരുന്നു ആ പിടിച്ചു നിക്കൽ.റൂമിന് വെളിയിലേക്ക് എത്തിയതും അവന്റെ കണ്ണുകൾ അണ പൊട്ടി ഒഴുകാൻ തുടങ്ങി. അവന് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.നെഞ്ച് വിങ്ങി പൊട്ടുകയായിരുന്നു. ഒന്നുറക്കെ അലമുറ ഇട്ടു കരയണമെന്ന് തോന്നി.ഒന്നും കാണുന്നില്ല.കണ്ണിനു മുന്നിൽ ഇരുട്ട് മാത്രം.ഒരായിരം ചിന്തകളും ചോദ്യങ്ങളും മനസ്സിനെ കുത്തി മുറിച്ചു കൊണ്ടിരുന്നു.ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവൻ പാടെ തളർന്നു പോയിരുന്നു.ഈ നിമിഷം തന്നെ ജീവനും ജീവിതവും തീർന്നു പോയിരുന്നെങ്കിൽ എന്ന് അവൻ അതിയായി ആഗ്രഹിച്ചു.ഒന്നിനും വയ്യാ.അവൻ മുഖം സോഫയിലേക്ക് പൂഴ്ത്തി വെച്ചു പൊട്ടി പൊട്ടി കരയാൻ തുടങ്ങി.ഏറെ നേരം ആ കരച്ചിൽ തുടർന്നു.

പെട്ടെന്നുള്ള എന്തോ തോന്നലിൽ അവൻ മുഖം ഉയർത്തി കണ്ണുകൾ അമർത്തി തുടച്ചു.ഉള്ളിൽ എരിയുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നൽകാനും എല്ലാം മനസ്സിലാക്കി തരാനും ഒരാൾക്കേ കഴിയൂ.അവൻ ഒട്ടും അമാന്തിച്ചില്ല.ഫോൺ എടുത്തു മുന്നയ്ക്ക് വിളിച്ചു. "നീ എത്തിയോ..? " "ഉവ്വ്..പുലർച്ചെ എത്തി.ഫോൺ ഓഫ് ആയിരുന്നു.അതാ വിളിക്കാഞ്ഞെ.ഇപ്പൊ ചാർജ് ചെയ്ത് എടുത്തതാ.." "എനിക്ക് നിന്നെ കാണണം.ഞാൻ ബാംഗ്ലൂർക്ക് വരുവാ.. " ചോദ്യങ്ങളോ മുഖവുരയോ ഒന്നും കൂടാതെ താജ് പറഞ്ഞു. "എന്നെയോ..എന്തിന്..? എന്നെയല്ലേ ഇന്നലെ കണ്ടത്..? " മുന്നയുടെ ഉള്ളിലൂടെ ഒരു ഞെട്ടലും വിറയലും ഒപ്പത്തിനൊപ്പം കടന്നു പോയിരുന്നു.എന്നിട്ടും പുറത്ത് കാണിക്കാതെ ചോദിച്ചു.

"എനിക്ക് കാണണം. സംസാരിക്കണം.ഞാൻ വരുവാ.. അത്രമാത്രം അറിഞ്ഞാൽ മതി.. " താജ് ഉറപ്പിച്ചു പറഞ്ഞു.താജ് എന്തൊക്കെയോ അറിഞ്ഞിട്ട് ഉണ്ടെന്ന് മുന്നയ്ക്ക് താജ്ൻറെ ശബ്ദത്തിൽ നിന്നു തന്നെ മനസ്സിലായി.പക്ഷെ അവൻ ബാംഗ്ലൂർക്ക് വന്നാലുള്ള അവസ്ഥ..ഓർക്കാൻ കൂടെ വയ്യാ..ഇത്രയും നാളും ആരിൽ നിന്നാണോ എല്ലാം ഒളിക്കാൻ ശ്രമിച്ചത് അവൻ തന്നെ എല്ലാം അറിയും.ഇവിടെ നടക്കുന്നത് ഒക്കെ അവൻ സ്വന്തം കണ്ണുകൾ കൊണ്ട് തന്നെ കാണും.ലൈല അല്ല..താജ് ആയിരിക്കും ഒടുക്കം തളർന്നു പോകുക.ഇല്ല.പാടില്ല.എന്ത് വില കൊടുത്തും താജ്നെ തടയണം. മുന്നയുടെ ഉള്ളിൽ ഭയം ഉറഞ്ഞു കൂടി.ഫോൺ ചെവിയോടു ചേർത്തു നിൽക്കുന്ന നിൽപ്പിൽ തന്നെ അവൻ വെട്ടി വിയർത്തു. "നീ കേട്ടില്ലേ ഞാൻ പറഞ്ഞത്.. " മറുപുറത്തുന്ന് മുന്നയുടെ ശബ്ദം ഒന്നും കേൾക്കാഞ്ഞിട്ട് താജ് ദേഷ്യത്തോടെ ചോദിച്ചു.

"ഉവ്വ്..കേട്ടു..എടാ..ഞാൻ ട്രെയിനിങ്ങിലാ..വന്നാലും കാണാൻ പറ്റില്ല.. " "അതൊന്നും എനിക്കറിയണ്ട. എനിക്ക് കാണണം.ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം.." മുന്നയെ ഒന്നും പറയാൻ അനുവദിച്ചില്ല.താജ് കാൾ കട്ട്‌ ചെയ്തു കളഞ്ഞു. എങ്ങനെയെങ്കിലും താജ്ൻറെ വരവ് ഇല്ലാതാക്കണമെന്ന് കരുതി എന്തെങ്കിലും ഒഴിവു കിഴിവ് പറയാൻ വേണ്ടി മുന്ന അപ്പൊത്തന്നെ തിരിച്ചു വിളിച്ചു. പക്ഷെ താജ് ഫോൺ എടുത്തില്ല.കട്ട്‌ ചെയ്തു.ഇനി വിളിച്ചിട്ട് കാര്യമില്ലന്നും അവൻ ഉടനെ ബാംഗ്ലൂർക്ക് എത്തുമെന്നും മുന്നയ്ക്ക് മനസ്സിലായി.മുന്ന ആകെ തളർന്നു നിന്നു.. ** എണീറ്റ പായേന്ന് നേരെ താഴേക്ക് ഇറങ്ങി പോയതാണ്.അവന്റെ കുളിയും പല്ല് തേപ്പുമൊക്കെ ഒന്ന് കഴിഞ്ഞിരുന്നെങ്കിൽ ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു വെക്കാമായിരുന്നു.ഇവിടെ വിശന്നിട്ടു കണ്ണ് കാണാൻ മേലാ. നിസ്കരിക്കാൻ പറഞ്ഞതോണ്ട് ആവും പിന്നെ പോത്തിനെ ഈ ഭാഗത്തേക്ക്‌ കണ്ടിട്ടില്ല..

അവൾ ഓരോന്നു പിറു പിറുത്ത് കൊണ്ട് ബെഡ് ഷീറ്റ് വിരിക്കലും റൂം ക്ലീനിങ്ങുമൊക്കെ കഴിഞ്ഞു അവനെ നോക്കി താഴേക്ക് പോയി.കണ്ണുകൾ അടച്ചു സോഫയിൽ ചാഞ്ഞിരിക്കുന്നത് കണ്ടു. "വിളിച്ചു എണീപ്പിച്ചത് ഇവിടെ വന്ന് ഉറങ്ങാനല്ല.. നിസ്കരിക്കുന്നില്ലേൽ വേണ്ടാ.. പോയി കുളിച്ചിട്ടു വാ.. കഴിക്കാൻ എടുത്തു വെക്കാം.എനിക്ക് നല്ല വിശപ്പുണ്ട്.. " അരികിൽ വന്നുള്ള അവളുടെ ശബ്ദം കേട്ടു അവൻ കണ്ണ് തുറന്നു.പക്ഷെ അവൾക്ക് മുഖം കൊടുത്തില്ല. മുഖം ആകെ കരഞ്ഞു വീർത്തിട്ടാ ഉള്ളത്. ഒരു നൂറു ചോദ്യം ഉണ്ടാകും അവളുടെ ഭാഗത്തുന്ന്.വേഗം മോളിലേക്ക് പോകാൻ നിന്നു. "എന്തുപറ്റി മിസ്റ്റർ..ഇന്ന് രാവിലേ എയർ ആണല്ലോ..? " അവൾ അവന്റെ മുന്നിൽ കയറി നിന്നു പുരികം പൊക്കി. "ഒന്നുല്ല..കഴിക്കാൻ എടുത്തു വെക്ക്..എനിക്കും നല്ല വിശപ്പ്.. " അവനു അവളുടെ മുഖത്തേക്ക് നോക്കാനേ പറ്റുന്നുണ്ടായിരുന്നില്ല. അവളുടെ മുഖം അവനെ കൂടുതൽ തളർത്തുകയാണ് ചെയ്യുന്നത്.

എങ്ങനൊക്കെയോ പറഞ്ഞു അവൻ മോളിലേക്ക് പോയി. ഇവനിതെന്ത് പറ്റി.ഒരു മാറ്റം പോലെ.ആ എന്തേലും ആവട്ട്..എന്റെ വയറേ..ഒന്ന് ക്ഷമി.. ഇപ്പൊ തരാം. അവൾ വയറും തടവിക്കൊണ്ട് ഭക്ഷണം എടുത്തു വെക്കാൻ വേണ്ടി കിച്ചണിലേക്ക് ചെന്നു. * "ഇത് എവിടേക്കാ..? " ബ്രേക്ക്‌ ഫാസ്റ്റ് അടിയും പാത്രം കഴുകലും കിച്ചൺ ക്ലീനിങ്ങുമൊക്കെ കഴിഞ്ഞു റൂമിലേക്ക്‌ ചെന്നപ്പോൾ അവൾ കണ്ടത് ഒരു കുഞ്ഞ് ബാഗിലേക്ക് പവർ ബാങ്കും ഹെഡ് സെറ്റുമൊക്കെ തിരുകുന്ന അവനെയാണ്.അവൾ നെറ്റി ചുളിച്ചു അടുത്തേക്ക് ചെന്നു. "ഞാനൊന്നു ബാംഗ്ലൂർ വരെ പോകുവാ..നാളെ തന്നെ വരും. " "ബാംഗ്ലൂരോ..എന്തിന്..? " "ഒരു കമ്പനി മീറ്റിംഗ്.മാനേജർക്ക് പോകാൻ പറ്റില്ല.വയ്യാതെ കിടക്കുവല്ലേ.. " അവളോട്‌ പറയാൻ അവൻ ഒരു നുണ കണ്ടു വെച്ചിരുന്നു. "എന്നിട്ട് നീ പറഞ്ഞില്ലല്ലോ പോകുന്ന കാര്യമൊന്നും.. " "ഞാനും ഇപ്പോഴാ അറിഞ്ഞത്.. കമ്പനിയിന്ന് മെസ്സേജ് ഉണ്ടായിരുന്നു.."

അവൻ പറഞ്ഞു.അവൾ ഒന്നും മിണ്ടിയില്ല.മൂളുക മാത്രം ചെയ്തു..പക്ഷെ അവളുടെ നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെട്ടിരുന്നു. "ഡാഡ് ഇന്ന് വരില്ല..ഗസ്റ്റ് ഹൌസിൽ ആയിരിക്കും.ഒറ്റയ്ക്ക് നിക്കണ്ട. നുസ്രയെ വിളിച്ചോ..അല്ലെങ്കിൽ വേണ്ടാ..ഇങ്ങോട്ട് വിളിക്കണ്ട..നീ അങ്ങോട്ട്‌ പൊക്കോ..അവിടെ അവളുടെ ഉമ്മയൊക്കെ ഉണ്ടല്ലോ. ബോറടിക്കില്ല.. " അവൻ കൂടുതൽ ഒന്നും പറഞ്ഞില്ല. ബാഗും എടുത്തു റൂമിന് പുറത്തേക്ക് ഇറങ്ങി. "അമൻ.. " അവളും അവന്റെ പിന്നാലെ ഇറങ്ങി.ഇനിയൊന്നും ചോദിക്കേണ്ടന്ന് കരുതിയതാ.. പക്ഷെ അവൾ അറിയാതെ വിളിച്ചു പോയി.. "എന്താ...? " അവൻ തിരിഞ്ഞു അവളെ നോക്കി.. "അത്..അത് പിന്നെ.. " അവൾ മടിച്ചു മടിച്ചു അവന്റെ അടുത്തേക്ക് ചെന്നു. "ഏത്..പറ എന്താണെന്ന്..വരുമ്പോൾ എന്തേലും കൊണ്ട് വരണോ..? " അവൻ അവളുടെ മുഖത്തേക്ക് നോക്കി.അവൾ വേണ്ടാന്ന് തലയാട്ടി.. "പിന്നെന്താ..? "

"നീ തന്നെ പോകണോ..കമ്പനിയിന്ന് വേറെ ആരെയെങ്കിലും വിട്ടാൽ പോരേ..അതല്ല..നിനക്ക് തലവേദനയല്ലേ..പെട്ടെന്നുള്ള യാത്രയൊക്കെ ബുദ്ധിമുട്ട് ആവൂലെ.. " സത്യം പറഞ്ഞാൽ അവൻ പോകാൻ പാടില്ല.എപ്പോഴും അവൻ അടുത്ത് തന്നെ വേണം.അതായിരുന്നു അവൾക്ക്.പക്ഷെ തുറന്നു പറയാൻ ഒരു മടി.അത് അവനു അവളുടെ നിൽപിന്നും സംസാരത്തിന്നുമൊക്കെ തന്നെ മനസ്സിലായി.എന്നിട്ടും അതിനെക്കുറിച്ചൊന്നും ചോദിച്ചില്ല.കാരണം ഉള്ളിലെ അഗ്നി അണയ്ക്കാൻ അവന് ഈ യാത്ര പോയേ പറ്റുമായിരുന്നുള്ളൂ. "ഇല്ല..എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല.. പുതിയ പ്രൊജക്റ്റിന്റെയാ.. പോകാതെ പറ്റില്ല.പോയിട്ട് വരാം." അവൻ അവളുടെ കവിളിൽ തട്ടി. അന്നേരവും അവളുടെ മറുപടി ഒരു മൂളൽ മാത്രമായിരുന്നു.ഒന്നും മിണ്ടാൻ മനസ്സിന്റെ വേദന അനുവദിച്ചില്ല.അവൻ വണ്ടിയിലേക്ക് കയറി.അവൾ പുറത്തേക്ക് ഇറങ്ങിയില്ല. വാതിൽക്കൽ അവനെ നോക്കി നിന്നു.

അവളുടെ മുഖം മങ്ങിയതും ആ കരിനീല മിഴികൾ പോകരുത് എന്ന് പറയാതെ പറയുന്നതും അവൻ അറിഞ്ഞു. "ഇങ്ങ് വാ.. " അവൻ കൈ കാണിച്ചു അവളെ അരികിലേക്ക് വിളിച്ചു.അവൾ മടിയൊന്നും കാണിച്ചില്ല.വേഗം പുറത്തേക്ക് ഇറങ്ങി വണ്ടിയുടെ അരികിൽ വന്നു നിന്നു. "മിസ്സ്‌ ചെയ്യുമോ എന്നെ..? " അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.അവൾ ഇല്ലെന്ന് തലയാട്ടി. "ഉറപ്പാണോ..? " അതിന് ആണെന്നും തലയാട്ടി. "നിന്റെ വായിൽ എന്താ കൊഴുക്കട്ടയോ..വായ തുറന്നു പറയെടീ.. " അവൻ അവളെ നോക്കി പേടിപ്പിച്ചു.. "ഇല്ല..മിസ്സ്‌ ചെയ്യില്ല.. " "നിനക്ക് അല്ലേ..പക്ഷെ എനിക്ക് മിസ്സ്‌ ചെയ്യും.മിസ്സ്‌ ചെയ്യാതെ ഇരിക്കാൻ എനിക്ക് എന്താ തരുക.. " അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് ഓടി നടന്നു. "എ..എന്ത് തരാൻ..? " അവന്റെ കണ്ണുകൾടെ ചലനം അവളിൽ വിയർപ്പും വിറയലുമൊക്കെ സൃഷ്ടിച്ചു.. "വിയർക്കണ്ട..നീ ഉദ്ദേശിച്ചത് ഒന്നും വേണ്ടാ.." "ഞാൻ എന്ത് ഉദ്ദേശിച്ചൂന്നാ..? "

അവൾ സംശയത്തോടെ അവനെ നോക്കി.. "ഒന്നും ഉദ്ദേശിച്ചില്ലേ.. " അവൻ കൈ നീട്ടി അവളുടെ നടുവിലൂടെ വട്ടം ചുറ്റി ഒന്നൂടെ അടുത്തേക്ക് നിർത്തിച്ചു..അവളുടെ നെഞ്ചിന്റെ ഭാഗം അവന്റെ മുഖത്തോട് ചേർന്നു നിന്നു. അവന്റെ സ്പർശത്തിൽ അവളുടെ നെഞ്ചിടിപ്പ് വർധിച്ചിരുന്നു.അത് അവൻ വ്യക്തമായി കേട്ടു.അവന്റെ കൈ അവളുടെ കഴുത്തിലേക്ക് ചെന്നു.അവളുടെ ശ്വാസഗതി ഉയർന്നു.എന്താന്നുള്ള ഭാവത്തിൽ അവനെ നോക്കി. "എനിക്കൊന്നും വേണ്ടാ..ഈ മാല തന്നാൽ മതി.. " അവന്റെ കൈ ആ മാലയിൽ പതിഞ്ഞു. "എന്താ..? " അവൾ മനസ്സിലാവാതെ ചോദിച്ചു. "നിന്നെ മിസ്സ്‌ ചെയ്യാതെ ഇരിക്കാൻ എനിക്ക് ഇത് തന്നാൽ മതി എന്ന്.. " "ഇല്ല..ഞാൻ തരില്ല..ഇത് മറ്റാരുടെയും കയ്യിൽ ഇരിക്കുന്നത് എനിക്കിഷ്ടമല്ല..പിന്നെ നിന്നെ എനിക്ക് വിശ്വാസവുമില്ല..നീ കൊണ്ട് പോയി കളഞ്ഞാലോ.. " "കളയാൻ ആണേൽ എനിക്ക് ബാംഗ്ലൂർക്ക് കൊണ്ട് പോകണോ..

ഇവിടുന്ന് തന്നെ കളഞ്ഞാൽ പോരേ.. തരാൻ പറ്റുവാണേൽ താ..ഇതുവരെ ഞാൻ നിന്നോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ.. " അവൾക്ക് എന്ത് കൊണ്ടോ കൊടുക്കണമെന്ന് തോന്നി.. കഴുത്തിൽ നിന്നും ഊരി എടുത്തു അവന്റെ കൈയിൽ വെച്ചു കൊടുത്തു..അവൾ ഇത്ര എളുപ്പം തരുമെന്ന് അവൻ വിചാരിച്ചിരുന്നില്ല..വിശ്വാസം വരാതെ അവളെ നോക്കി. "ഇത് നിന്റെ എന്നല്ല..എന്റെ കയ്യിലും ഇരിക്കേണ്ടതല്ല.. മറ്റൊരാളുടെ കയ്യിൽ ഏല്പിക്കാൻ ഉള്ളതാ..ഇതിനൊരു അവകാശി ഉണ്ട്..ഞാൻ പറഞ്ഞില്ലേ..ഇതൊരു അടയാളമാ.. അതോടൊപ്പം എന്റെ ജീവനും.. നശിപ്പിച്ചു കളയരുത്..തിരികെ കൊണ്ട് വരണം..കേട്ടോ.. " അവളുടെ വാക്കുകൾ അവന്റെ കണ്ണ് നനയിച്ചു.ആ അവകാശി ഞാൻ ആണെടീന്ന് വിളിച്ചു പറയാൻ അവന്റെ മനസ്സ് വല്ലാതെ കൊതിച്ചു.പക്ഷെ ഉള്ളിലുള്ള ചോദ്യങ്ങൾ അവനെ പിന്തിരിപ്പിച്ചു കളഞ്ഞു.. "നിന്നോടാ പറയുന്നത്..എങ്ങാനും ഇത് കളഞ്ഞാൽ നിന്റെ അവസാനമായിരിക്കും.. " ഒന്നും മിണ്ടാതെ തന്നെ തന്നെ നോക്കുന്ന അവന്റെ മുഖത്തിന് നേരെ അവൾ വിരൽ ഞൊടിച്ചു. "ഇല്ല..കളയില്ല..ഒരിക്കലും കളയില്ല..നിന്റെ മാത്രല്ല..എന്റേം കൂടെ ജീവനാ ഇത്.. " അവൻ വിരലുകൾ മടക്കി മാല കൈക്കുള്ളിൽ ഭദ്രമാക്കി.

"നിന്ന്റേം കൂടെയോ..? അതെങ്ങനെ..? " "എടീ..എന്റെ ജീവൻ എന്താ.. നീ.. നിന്റെ ജീവൻ എന്താ.. ഇത്.. അപ്പൊ പിന്നെ ഇതെന്റേം കൂടെ ജീവൻ അല്ലേ..ഇത് കളയാതെ സൂക്ഷിക്കേണ്ടത് എന്റെ ആവശ്യമല്ലെ..? " അവൻ പറഞ്ഞു തീർന്നില്ല.. പോടാന്നും പറഞ്ഞു അവൾ അവന്റെ പള്ളയ്ക്ക് ഇട്ടൊരു കിഴുക്ക് വെച്ചു കൊടുത്തു.. "പോകുവാ..അതിന് മുന്നേ ഒരു സ്വകാര്യം പറയാൻ ഉണ്ട്..ഇങ്ങ് അടുത്ത് വന്നേ.. " അവൾക്കിപ്പോ ദേഷ്യമൊന്നുമില്ല. എന്ത് പറഞ്ഞാലും അനുസരണയാണ്.സ്വകാര്യോന്നും ചോദിച്ചു മുഖം താഴ്ത്തി ചെവി അവന്റെ നേരെ കാണിച്ചു. "ചെവിയിൽ അല്ല.. " അവൻ അവളുടെ മുഖം തിരിച്ചു തനിക്ക് അഭിമുഖമായി പിടിച്ചു. എന്നിട്ട് പോയി വരാമെന്നും പറഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.അവൾ കണ്ണുകൾ അടച്ചു ആ സ്നേഹ ചുംബനം ഏറ്റു വാങ്ങി. "ഇവിടെ നിന്നു കറങ്ങണ്ടാ.. പറഞ്ഞത് ഓർമ ഉണ്ടല്ലോ..വീട് പൂട്ടി ഇപ്പൊത്തന്നെ പൊക്കോ.. "

അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. അവളുടെ കണ്ണുകളിൽ നീർമണികൾ ഉരുണ്ടു കൂടി.അവൻ കാണണ്ടന്ന് കരുതി വേഗം തിരിഞ്ഞു നിന്നു.പക്ഷെ അവൻ അത് കണ്ടിരുന്നു.എന്നിട്ടും കണ്ടില്ലന്നു നടിച്ചു വണ്ടി മുന്നോട്ടു എടുത്തു. ലൈലാ..നീ അനുഭവിക്കുന്ന വേദനയുടെ ഇരട്ടി വേദന ഞാനിപ്പോ അനുഭവിക്കുന്നുണ്ട്.. അത് അറിയുമോ നിനക്ക്.നെഞ്ച് വിങ്ങുവാടീ.എല്ലാം നിന്നോട് തന്നെ ചോദിക്കാമായിരുന്നു.ഈ യാത്ര ഒഴിവാക്കാമായിരുന്നു.പക്ഷെ നിന്നെ ആ പഴയ ഓർമകളിലേക്ക് കൊണ്ട് പോയി തളർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.കണ്ണീർ വാർക്കുന്ന പെണ്ണായിട്ട് അല്ല,ആ കരുത്തുറ്റ പെണ്ണായിട്ട് വേണം എന്നും എനിക്ക് നിന്നെ..മുന്നോട്ടു കുതിക്കുന്ന അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ അടർന്നു കൊണ്ടിരുന്നു. *** "ഹലോ..ഞാൻ ഇവിടെത്തി.. റെയിൽവേ സ്റ്റേഷനിലാ..നീ എവിടാ..അഡ്രെസ്സ് പറാ..ഞാൻ വരാം.. " ബാംഗ്ലൂരിൽ എത്തിയ താജ് മുന്നയ്ക്ക് ഫോൺ ചെയ്തു.എന്ത് പറഞ്ഞിട്ടും രക്ഷപെടാൻ കഴിയില്ലന്ന് മുന്നയ്ക്ക് അറിയാമായിരുന്നു.

പക്ഷെ അഡ്രെസ്സ് കൊടുക്കാനും കഴിയില്ല. അതോണ്ട് നീ അവിടെത്തന്നെ നിക്ക്, ഞാൻ അങ്ങോട്ട്‌ വരാമെന്നു പറഞ്ഞു മുന്ന ഫോൺ കട്ട്‌ ചെയ്തു.. എന്നിട്ട് ഉടനെ ഒരു ഫ്രണ്ട്‌ൻറെ ബൈക്ക് എടുത്തു റെയിൽവേ സ്റ്റേഷനിലേക്ക് പോയി.താജ് പ്ലാറ്റ് ഫോർമിൽ ഇരിക്കുകയായിരുന്നു.. മുന്നയെ കണ്ടിട്ടും താജ് ഒന്നും മിണ്ടിയില്ല.ആ മുഖം അസ്വസ്ഥമായിരുന്നു.മുന്ന വാന്നും പറഞ്ഞു താജ്നെ കൂട്ടി അവിടെ അടുത്തുള്ള കടൽ തീരത്തേക്ക് പോയി.. "ഇനിയും മറച്ചു വെക്കരുത്.. എനിക്ക് അറിയണം എല്ലാം.." താജ് ദയനീയതയോടെ മുന്നയെ നോക്കി.മുന്നയ്ക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല. മൗനമായി തീരം തൊടുന്ന തിരമാലകളെ നോക്കി നിന്നു.. "ഇന്നുവരെ ഞാൻ നിന്നോടോ ലൈലയോടോ ഒന്നും ചോദിച്ചിട്ടില്ല..ഒന്നും അറിയണമെന്ന് പറഞ്ഞിട്ടില്ല.. പക്ഷെ ഇപ്പൊ..ഒരായിരം ചോദ്യങ്ങൾ എന്നെ അലട്ടുവാ.. അതിനൊക്കെയുള്ള ഉത്തരം നൽകാൻ നിനക്കെ കഴിയൂ.. എനിക്കറിയണം അവളെ കുറിച്ച്..

അവളുടെ പ്രണയത്തെക്കുറിച്ച്.. " താജ്ൻറെ കണ്ണുകളിൽ വേദന മാത്രല്ല..യാചന കൂടി ഉണ്ടായിരുന്നു.മുന്ന അത് വ്യക്തമായി കണ്ടു.ഇനിയും മൗനം പാലിക്കാൻ മുന്നയ്ക്ക് പറ്റില്ലായിരുന്നു.താജ് എല്ലാം അറിയാനുള്ള സമയം ആയെന്ന് തോന്നി. "അവളെ കുറിച്ചും അവളുടെ പ്രണയത്തെ കുറിച്ചും അറിയുന്നതിന് മുന്നേ നീ നിന്റെ ഒരേയൊരു കൂടപ്പിറപ്പിനെക്കുറിച്ചു അറിയണം..നിന്റെ ഇരട്ട സഹോദരൻ റമിയെ നീ അറിയണം താജ്.. " "അറിയാം..അത് അറിഞ്ഞു വെച്ചിട്ടാ ഞാൻ വന്നത്.." മുന്ന പറഞ്ഞത് കേട്ടു താജ്ൽ ഞെട്ടൽ ഒന്നും ഉളവായില്ല.. അവളുടെ കയ്യിൽ നിന്നും തന്ത്രപരമായി കൈക്കലാക്കിയ ആ മാല പോക്കറ്റിൽ നിന്നും എടുത്തു മുന്നയ്ക്ക് നേരെ ഉയർത്തി.. മുന്നയാണ് ഞെട്ടിയത്,,അവൻ പറഞ്ഞത് കേട്ടും അവന്റെ കയ്യിൽ ഇരിക്കുന്ന മാല കണ്ടും..മുന്ന വിശ്വസിക്കാൻ ആവാതെ താജ്നെ നോക്കി. "ഇത് അവളുടെതല്ല..എന്റേതാ.. അവൾ തേടി കൊണ്ടിരിക്കുന്ന ഇതിന്റെ അവകാശി ഞാനാ.. എന്റെ ഡാഡ്ന്റേതാ ഇത്.. കുഞ്ഞ് നാളിൽ ഞാനും അവനും ഒരുപോലെ മോഹിച്ചു ഇത്.. അവനു മോഹം മാത്രേ ഉണ്ടാരുന്നുള്ളൂ..

കൈക്കലാക്കാനുള്ള വാശിയും സാമർഥ്യമൊന്നും ഇല്ലായിരുന്നു.. വാശിയും ദേഷ്യവുമൊക്കെ കാണിച്ചു ഞാനിത് സ്വന്തമാക്കി.. അന്നും ഡാഡ് തോറ്റു തന്നിട്ട് ഉള്ളത് എന്റെ വാശിക്ക് മുന്നിലാ.. നിനക്ക് വേറേതു വാങ്ങിച്ചു തരാമെന്ന് അവനെ പറഞ്ഞു മനസ്സിലാക്കി ഡാഡ് ഇത് എന്റെ കയ്യിൽ വെച്ചു തന്നു..പക്ഷെ എനിക്ക് വലുത് അവൻ ആയിരുന്നു.. അവന്റെ സങ്കടം കാണാൻ എനിക്ക് ആവില്ലായിരുന്നു.. നീ എടുത്തോന്നും പറഞ്ഞു ഞാൻ അവന് കൊടുത്തു. അന്ന് അവന്റെ മുഖത്ത് ഉണ്ടായ സന്തോഷം കാലമിത്ര കഴിഞ്ഞിട്ടും എന്റെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല.. അവനെക്കാൾ പ്രാധാന്യം ഞാൻ മറ്റൊന്നിനും കൊടുത്തിട്ടില്ല.. " താജ്ൻറെ ശബ്ദം ഇടറിയിരുന്നു. "താജ്..നിന്നോട് എന്ത് പറയണമെന്നോ എങ്ങനെ പറയണമെന്നോ ഒന്നും എനിക്കറിയില്ല..പറയാനും നീ അറിയാനും ഒരുപാട് ഉണ്ട്..

ഉന്നത മാർക്കോടെ പ്ലസ് ടൂ വിജയം നേടി തുടർ പഠനത്തിനു വേണ്ടി ബാംഗ്ലൂർക്ക് വന്നതാ ഞാൻ.. ഇവിടുന്നു കിട്ടിയ ആദ്യത്തെ ഫ്രണ്ട്‌.. അതായിരുന്നു റമീ.. അടുക്കാൻ ഒരുപാട് ദിവസമൊന്നും വേണ്ടി വന്നില്ല..ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഉറ്റ സുഹൃത്തുക്കളായി മാറിയിരുന്നു ഞങ്ങൾ..കാഴ്ചയ്ക്കും സ്വഭാവത്തിനും നിന്നിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അവൻ.നിനക്ക് ഗോതമ്പിൻറെ നിറം ആണെങ്കിൽ അവനു പാലിൻറെ നിറം.ചാര കണ്ണുകളും ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നുണക്കുഴിയുമാണ് നിന്റെ ഹൈലൈറ്റ് എങ്കിൽ അവന്റെതു കടും കാപ്പി മിഴികളും താടയിൽ വിരിയുന്ന കുഞ്ഞ് ചുഴിയുമായിരുന്നു..നിനക്ക് ആരെയും പേടിയില്ല.ചങ്കൂറ്റവും ധൈര്യവും ആവോളമുണ്ട്.പക്ഷെ അവന്..എല്ലാരേയും പേടിയാണ്.. എന്തിനും ധൈര്യ കുറവാണ്..ഒരു ശുദ്ധൻ..സാധു..എല്ലാരേയും അനുസരിക്കാൻ മാത്രം പഠിച്ചവൻ. ഞങ്ങൾ ഡിഗ്രി സെക്കന്റ്‌ ഇയർനു പഠിക്കുന്ന സമയത്താണ് ലൈല കോളേജിൽ ഫസ്റ്റ് ഇയർലേക്ക് വരുന്നത്.വന്നു ഒരു മാസം ആകുമ്പോൾ തന്നെ സീനിയർസിനും സ്റ്റാഫ്‌സിനും എന്തിന് പ്രിൻസിക്ക് വരെ അവൾ പ്രിയങ്കരിയായി മാറി.

കോളേജിൻറെ ലേഡി സ്റ്റാർ എന്ന് മുദ്ര കുത്തി എല്ലാവരും അവളെ. അതിന് കാരണം പലതാണ്..അവൾ കഴിവ് തെളിയിക്കാത്ത മേഖലകൾ ചുരുക്കമാണ്.തൊടുന്നതിനൊക്കെ വിജയം.അറിയാത്തതും പഠിക്കാത്തതുമായി ഒന്നുമില്ല.. കോളേജിൽ ഇങ്ങനൊരു ഗേൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്നത് എന്താ..അത് ഇവിടെയും ഉണ്ടായി.സകല ബോയ്സും അവളുടെ പിന്നാലെ കൂടി..പക്ഷെ അവൾ ആർക്കും പിടി കൊടുത്തില്ല.പ്രണയം പാടെ നിരസിച്ചു കളഞ്ഞു.എല്ലാരേയും സുഹൃത്തുക്കൾ ആക്കാൻ അവൾ ഉത്സാഹിച്ചു.ഒരു കാലത്തും അവൾ പ്രണയത്തിൽ വീഴില്ലന്ന് ഉറപ്പായതും മറ്റു വഴിയൊന്നും ഇല്ലാതെ ബോയ്സ് ഒക്കെ അവളുടെ ഫ്രണ്ട്സ് ആയും വലം കയ്യുമായി ചേർന്നു..എല്ലാവർക്കും ലൈല എന്നാൽ വല്യ സംഭവമാണ്.. ഒരു നൂറു നാവാണ് അവളെ പറ്റി പറയാൻ..പക്ഷെ എനിക്ക് അങ്ങനൊന്നും അല്ലായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് അവളെ ഇഷ്ടപ്പെട്ടില്ല.ആണുങ്ങളെ പോലെ ജീൻസും ഷർട്ടും.പാറി പറത്തിയ ചെമ്പൻ മുടി.മൂക്കിൽ ഒരു റിങ്.. വലിച്ചു വാരിയ മേക്കപ്പ്..

പാന്റ് താഴെ വരെ കാണില്ല.പകുതി മടക്കി വെച്ചു ഷൂ ഇടും.ഏതു നേരം നോക്കിയാലും ചുയിങ്ങവും ചവച്ചു കൊണ്ട് അവളുടെ ഗാങ്ങിലെ സീനിയർ ബോയ്സ്ൻറെ വണ്ടിയുടെ മുകളിൽ ആയിരിക്കും..അതും അവരുടെ തോളിൽ കയ്യിട്ടു ഇരുന്നു വരുന്നവരെയും പോകുന്നവരെയും കമെന്റ് അടിക്കുകയാണ് അവളുടെ പണി..ആണെന്നോ പെണ്ണെന്നോ ഇല്ല..അവൾക്ക് വേണ്ടത്ര കളിയാക്കും, ചിരിക്കും.എത്ര കുട്ടികൾ ആണെന്നോ അവളുടെ നാണം കെടുത്തൽ കാരണം കരഞ്ഞോണ്ടും സങ്കടപ്പെട്ടോട്ടും വന്ന പോലെത്തന്നെ മടങ്ങി പോയത്.. പിന്നെ പിന്നെ അവർ കോളേജ് ഗേറ്റ് വഴി വരില്ല.അവളുടെ കണ്ണ് വെട്ടിച്ചു കോളേജ്ൻറെ പിൻഭാഗത്തിലൂടെയൊക്കെ വരും. പക്ഷെ ഈ നാളുകളിൽ ഒക്കെ അവൾ അറിയാതെ.. എന്തിന് ഈ ഞാൻ പോലും അറിയാതെ റമി അവളെ പ്രണയിക്കുകയായിരുന്നു.. മൗനമായി മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നു..

പ്രണയിനിക്ക് മുന്നിൽ മനസ്സ് തുറക്കാൻ പറ്റാതെ പ്രണയം കൊണ്ട് മനസ്സ് വല്ലാതെ അസ്വസ്ഥതമാകുന്ന നേരത്താ അവൻ എന്നോട് അത് തുറന്നു പറഞ്ഞത്.. കേട്ടപ്പോൾ ഞാൻ പൊട്ടിച്ചിരിക്കുകയായിരുന്നു.. നേരാവണ്ണം ഒരു പെണ്ണിന്റെ മുഖത്ത് നോക്കാൻ പോലും ധൈര്യം ഇല്ലാത്ത നീയാണോ പ്രണയിക്കുന്നത്,,അതും ആ തല തെറിച്ചവളെ എന്ന് ചോദിച്ചു ഞാൻ ഒരുപാട് കളിയാക്കി അവനെ.. പക്ഷെ അവൻ പിന്തിരിയാൻ തയാർ അല്ലായിരുന്നു.. അവന് മോഡേൺ പെൺകുട്ടികളെ ഇഷ്ടമല്ല, നാണം കുണുങ്ങി നടക്കുന്ന നാടൻ പെൺകുട്ടികളോട് ആണ് ഇഷ്ടം. പക്ഷെ ഒരു പെണ്ണായിരുന്നിട്ടു പോലും ലൈലയുടെ ധൈര്യവും ചങ്കൂറ്റവും കഴിവുമെല്ലാം അവനെ വല്ലാതെ പിടിച്ചുലച്ചിരുന്നു..ഞാൻ അവനെ ആദ്യം തൊട്ടേ എതിർത്തു.. ഒന്നാമതെ എനിക്ക് അവളെ തീരെ പിടിച്ചിട്ടില്ലായിരുന്നു. പിന്നെ റമിക്ക് അവൾ ചേരുകയുമില്ല.

അവനു ഒരു പഞ്ച പാവം പെണ്ണ് വേണം.അവനെ പോലെ സ്നേഹവും നന്മയും മാത്രമുള്ള ഒരു തൊട്ടാവാടി പെണ്ണ്.. അങ്ങനെയുള്ള ഒരുവളെ അവന് ചേരുമായിരുന്നുള്ളു.ഞാൻ എന്ത് പറഞ്ഞാലും അവൻ അനുസരിക്കുമായിരുന്നു.എന്റെ ഇഷ്ടത്തിന് അപ്പുറം മറ്റൊരു ഇഷ്ടം ഇല്ലായിരുന്നു.പക്ഷെ ഇക്കാര്യത്തിൽ അവൻ എന്നോട് എനിക്ക് അവളെ ഒരുപാട് ഇഷ്ടം ആണെടാ, എതിർക്കല്ലേന്ന് പറഞ്ഞു കെഞ്ചാൻ തുടങ്ങി..നീ പറഞ്ഞത് പോലെ അവനെ സങ്കടപ്പെടുത്താൻ എനിക്കും ആവില്ലായിരുന്നു.. നിന്റെ ഇഷ്ടം പോലെ ചെയ്യെന്നു പറഞ്ഞു ഞാൻ..എപ്പോഴും എഴുത്തിലും കുത്തിലും പുസ്തകത്തിലും മാത്രം ശ്രദ്ധ കൊടുത്തിരുന്നവൻ പിന്നെ ഫോണിലും യൂട്യൂബിലുമായി മുഴുവൻ ശ്രദ്ധയും സമയവുമൊക്കെ. വേറൊന്നുമല്ലാ.. പ്രൊപ്പോസ് വീഡിയോസ് നോക്കി എങ്ങനെ പ്രൊപ്പോസ് ചെയ്യാമെന്ന് പഠിക്കുവായിരുന്നു.. അങ്ങനെ ദീർഘ നാളത്തെ പ്രൊപ്പോസ് പ്രാക്ടീസ് കഴിഞ്ഞു..

ഇല്ലാത്ത ധൈര്യമൊക്കെ സംഭരിച്ചു എടുത്തു അവൻ ഇഷ്ടം തുറന്നു പറയാൻ ഒരുങ്ങി.അവളുടെ അടുത്തേക്ക് പോകുമ്പോൾ എന്നേം വിളിച്ചു. ഞാൻ പോയില്ല.എനിക്ക് അവളുടെ മുഖം കാണുന്നതെ അലർജിയാണ്.. അതോണ്ട് നീ തനിയെ അങ്ങ് പോയാൽ മതി എന്ന് പറഞ്ഞു.. കോളേജിലെ മാത്രമല്ല, ബാംഗ്ലൂരിലെ തന്നെ തടിയും തണ്ടുമുള്ള മുഴുവൻ ബോയ്സും അവളുടെ പിന്നാലെയാണ്. അവളൊന്നും മൂളാൻ കാത്ത് നിക്കുവാണ്.അങ്ങനെയുള്ള അവൾ ഒരിക്കലും റമിയുടെ ഇഷ്ടം അക്‌സെപ്റ് ചെയ്യില്ലന്ന് എനിക്ക് ഉറപ്പായിരുന്നു.മാത്രല്ല, അവൾ അവനെ ആക്ഷേപിച്ചു വിടാനും മതി.പക്ഷെ അവനോട് ഞാൻ അങ്ങനൊന്നും പറഞ്ഞു നിരുൽസാഹപെടുത്തിയില്ല.പോയി ഇഷ്ടം പറഞ്ഞു വാന്ന് പറഞ്ഞു ഒരു ആൾ ദി ബെസ്റ്റും കൊടുത്തു.രണ്ടു മിനുട്ടിൽ അവൻ കരഞ്ഞോണ്ട് തിരിച്ചു വന്നു.ഞാൻ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചിരുന്നു.

അവന്റെ ഷർട്ടിന്റെ കോളറും ബട്ടൺസുമൊക്കെ പൊട്ടി കിടപ്പ് ഉണ്ടായിരുന്നു.ചോദിച്ചപ്പോൾ അവൾ കളിയാക്കി നാണം കെടുത്തിയെന്നും ഗാങ്ങിലുള്ള ഒരുത്തൻ കോളറിന് കുത്തി പിടിച്ചെന്നും പറഞ്ഞു.ഒന്നും നോക്കിയില്ല.എണീറ്റു അവനേം കൂട്ടി പോയി അവളുടെ മുഖം അടച്ചൊരു പൊട്ടിക്കലായിരുന്നു ഞാൻ. നിന്റെ വാലാട്ടി നടക്കുന്നവരെ മാത്രമേ നീ ഈ കോളേജിൽ കണ്ടിട്ട് ഉള്ളു.അങ്ങനെ ഉള്ളവർ മാത്രമല്ല, ഉശിരുള്ള ആൺകുട്ടികൾ കൂടെയുണ്ടടീ ഇവിടെ..മേലിൽ നിന്റെയോ നിന്റെ ഗാങ്ങിൻറെയോ ഒരു നോട്ടമോ ശബ്ദമോ കയ്യോ ഒന്നും ഇവിടെ ഒരു ആണിന്റെയും നേരെ ഉയരാൻ പാടില്ല.ആണിന്റെ മാത്രമല്ല. പെണ്ണിന്റെയും..ഉണ്ടായാൽ ഇപ്പൊ തന്നത് പോലെ ഒന്നിൽ നിർത്തില്ല. കേട്ടോടീ പുല്ലേ..ഓർത്ത് വെച്ചോ നീയിത്. ഞാൻ ഒന്നു കൊടുത്തിട്ടും അത്രയൊക്കെ പറഞ്ഞിട്ടും അവൾക്ക് ഒരു കൂസലും ഇല്ലായിരുന്നു.

പകരത്തിനു പകരമായി എന്റെ കരണം അടിച്ചു പൊട്ടിക്കുകയൊന്നും ചെയ്തില്ല.പക്ഷെ എന്റെ കാറ്റൂരി കളയാനുള്ള അത്രയും മാസ്സ് ഡയലോഗും തൊലി ഉരിച്ചു കളയാൻ പാകത്തിനുള്ള തെറിയും വിളിച്ചു.അവളുടെ ലെഫ്റ്റിനും റൈറ്റിനും ഉള്ളവൻമാർ നീ ഞങ്ങടെ ലൈലയെ തൊട്ടല്ലേന്നും ചോദിച്ചു എന്റെ നേർക്ക് ചീറ്റിക്കൊണ്ട് വന്നപ്പോ അവൾ തടഞ്ഞു.കാരണം അവരുടെ അടിയെക്കാളും ഇടിയെക്കാളും ഡോസ് ഉണ്ടായിരുന്നു അവളുടെ നാവിന്.. എന്തിനാടാ അവളെ അടിച്ചത്, അടിക്കേണ്ടിയിരുന്നില്ലന്നും പറഞ്ഞു ഒരേ മോങ്ങലായിരുന്നു റമി രണ്ടു മൂന്ന് ദിവസം.അവൾക്ക് അടിയാണ് ഞാൻ കൊടുത്തത് എങ്കിൽ റമിക്കു കൊടുത്തത് ഭീഷണിയാണ്.എങ്ങാനും ഇനി അവളുടെ പിന്നാലെ പോയാൽ അടിച്ചു മുഖത്തിന്റെ ഷേപ്പ് മാറ്റി കളയുമെന്ന് പറഞ്ഞു.എനിക്ക് ദേഷ്യം വരണ്ടന്ന് കരുതി പിന്നെ അവൻ അവളെ കുറിച്ച് സംസാരിച്ചില്ല.

പക്ഷെ പ്രണയം ഉപേക്ഷിച്ചതുമില്ല.മനസ്സിൽ കൊണ്ട് നടന്നു.അത്രേം കാലം റമി അവളുടെ ലിസ്റ്റിൽ ഒന്നും ഇല്ലായിരുന്നു. ഞാനൊരു സീൻ ഉണ്ടാക്കിയത് കാരണം പിന്നെ റമിയെ കാണുമ്പോൾ ഒക്കെ അവളും ഫ്രണ്ട്‌സും പിടിച്ചു നിർത്തി പരിഹസിക്കാനും അപമാനിക്കാനുമൊക്കെ തുടങ്ങി. ഞാൻ വീണ്ടും അവൾക്ക് ഇട്ടു പൊട്ടിക്കുമെന്ന് കരുതി റമി അതൊന്നും എന്നോട് പറഞ്ഞില്ല. കഴിവതും അവളുടെ മുന്നിലും പിന്നിലുമൊക്കെ ചെന്നു പെടാതെ നിന്നു. എന്നാൽ ഈ സമയത്ത് ആരും അറിയാതെ ഒരു പ്രണയം പൂത്തുലയുന്നുണ്ടായിരുന്നു.അതും നമ്മുടെ കഥാനായികയുടെ മനസ്സിൽ.ലൈലയുടെ എല്ലാ കാര്യങ്ങളും കോളേജ് മുഴുവൻ പാട്ടാണ്.അവൾക്ക് രഹസ്യങ്ങളൊന്നുമില്ല.അല്ലെങ്കിലും മുഴുവൻ തല്ലു കൊള്ളിത്തരങ്ങളായി നടക്കുന്നവർക്ക് എന്ത് രഹസ്യങ്ങൾ.. പക്ഷെ ലൈല മനസ്സിലെ പ്രണയം രഹസ്യമാക്കി വെച്ചു.അവളുടെ ഗാങ്ങിനോട് പോലും തുറന്നു പറഞ്ഞില്ല.

കോളേജിൽ കാല് കുത്തിയ അന്ന് തൊട്ടു അവൾ കേൾക്കാൻ തുടങ്ങിയതാണു ഒരു റമീൻ മുംതാസിനെ കുറിച്ചും അവന്റെ തേൻ ഒഴുകും നാദത്തെ കുറിച്ചും.ആദ്യം ആ പേരിലെ വൈവിദ്ധ്യമാണ് അവളെ ആകർഷിച്ചത്.ഏതു മകനാ അല്ലെങ്കിൽ ഏതു മകളാ പേരിനൊപ്പം ഉമ്മയുടെ പേര് ചേർക്കുക.അവൻ ഉമ്മാന്റെ മാത്രം മകൻ ആണെന്ന് ആ പേര് കൊണ്ട് തന്നെ അവൾ മനസ്സിലാക്കി.പിന്നെ അവളെ ആകർഷിച്ചതു അവന്റെ പാട്ടുകളാണ്.യൂട്യൂബിലൊക്കെ അവന്റെ സ്വരം വൈറൽ ആയിരുന്നു.അവനെ കാണാനും അറിയാനും അവൾ ഒരുപാട് ശ്രമിച്ചു.പക്ഷെ ഓരോ ദിവസം ഓരോ മുടക്കം.ഗാങ്ങിൽ ആരെങ്കിലും അറിഞ്ഞാൽ കളിയാക്കി തൊലി ഉരിച്ചു കളയും. ഉടനടി ക്യാമ്പസിൽ പാട്ട് ആക്കും.. താൻ ചെറുതായി പോകും. ഏവർക്കും മുന്നിൽ തന്റെ ഇമേജ് ഡാമേജ് ആയി പോകും എന്നൊക്കെയുള്ള തോന്നലുകൾ അവളുടെ ഉള്ളിൽ ഉണ്ടായി.

അത് കൊണ്ട് അവൾ അന്വേഷിക്കാനോ അറിയാനോ നിന്നില്ല.പക്ഷെ ആ സ്വരം അവൾ നെഞ്ചോടു ചേർത്തിരുന്നു.ആ സ്വരത്തിൻറെ ഉടമ പോലും അറിയാതെ അവളാ സ്വരത്തെയും ആ ഉടമയെയും അഗാധമായി പ്രണയിച്ചു കൊണ്ടിരുന്നു.ഒന്നു കാണാനും അറിയാനും അവളുടെ ഉള്ളം അതിയായി വെമ്പൽ കൊണ്ടു.. കോളേജിലെ അഹങ്കാരി പെണ്ണായി നടക്കാൻ വേണ്ടി തന്റെ ഹൃദയത്തെ അവൾ അടക്കി നിർത്തി. അങ്ങനെയിരിക്കെ കോളേജ് ആർട്സ് ഡേ വന്നെത്തി.റമിയുടെ സ്ഥിരം ഐറ്റം ഉണ്ടായിരുന്നു. രാവിലേ മുതൽ ഗിറ്റാറും കയ്യിൽ പിടിച്ചു ഒരേ ടെൻഷൻ ആയിരുന്നു അവൻ.അവനോളം പാടാൻ കഴിവ് കോളേജിൽ മറ്റാർക്കുമില്ല.. എന്നാലും സ്റ്റേജിൽ കയറുന്നത് ഓർക്കുമ്പോഴെ അവനൊരു വിറയലാണ്.എന്നത്തേയും പോലെ അവന് ആത്മവിശ്വാസം കൊടുക്കുന്ന ജോലിയിൽ ഞാനും മുഴുകി.നിമിഷ നേരങ്ങൾക്ക് ഉള്ളിൽ കർട്ടൻ ഉയർന്നു പൊങ്ങി. കയ്യിൽ ഗിറ്റാറുമായി മൈക്കിന് മുന്നിൽ നിൽക്കുന്ന റമിയെ ഏവരും വല്യ കയ്യടിയോടെയും ആരവത്തോടെയും സ്വീകരിച്ചു.. അവന്റെ കണ്ണുകൾ നീണ്ടതു എന്നിലേക്ക്‌ ആയിരുന്നു.

തുടങ്ങടാന്നുള്ള ഒരു വാക്ക് മതിയായിരുന്നു അവന്..ഒരു നിറ പുഞ്ചിരിയോടെ അവൻ ആലപിക്കാൻ തുടങ്ങി..അതി മധുരമായ അവന്റെ സ്വരം ആ കോളേജ് അന്തരീക്ഷത്തിൽ ഒഴുകി നടന്നു. ലൈല മറ്റേതോ സ്റ്റേജിൽ ആയിരുന്നു.എന്നിട്ടും അവന്റെ ശബ്ദം അവളെ കാതുകളെ തഴുകി അകന്നു.മുന്നും പിന്നും നോക്കാതെ ഓരോട്ടമായിരുന്നു അവൾ.തന്റെ ഹൃദയം കവർന്നെടുത്ത ആ ശബ്ദത്തെയും അതിന്റെ ഉടമയെയും അവൾ കിതച്ചു കൊണ്ട് പരതി.അവളുടെ മിഴികൾ സ്റ്റേജിൽ നിൽക്കുന്ന റമിയിലേക്ക് ചെന്നു.ഒരു നിമിഷത്തിൽ അവളുടെ മുഖത്ത് അനേകായിരം ഭാവങ്ങൾ മിന്നി മറഞ്ഞു.എല്ലാരേയും ഞെട്ടിച്ചു കൊണ്ട് അവൾ റമീന്നും വിളിച്ചു സ്റ്റേജിലേക്ക് ഓടി കയറി അവനെ കെട്ടിപ്പിടിച്ചു നിന്നു..റമി ഇടി വെട്ടിയത് പോലെ നിശ്ചലനായി നിന്നു.വേദിയിലും സദസ്സിലുമുള്ളവർ പരസ്പരം മുഖത്തോട് മുഖം നോക്കി. അവളുടെ ഫ്രണ്ട്‌സ് ലൈലാ..എന്താ ഈ കാണിക്കുന്നേ.

ബോധം ഇല്ലേ നിനക്ക് എന്നും ചോദിച്ചു അവളെ റമിയിൽ നിന്നും അടർത്തി മാറ്റുന്നതിന് മുൻപേ ഞാൻ, മാറി നിക്കടീ അങ്ങോട്ട്‌ എന്നും പറഞ്ഞു അവളെ പിടിച്ചു മാറ്റാൻ നോക്കി. മാറുന്നത് പോയിട്ട് അവൾ ഒന്നു അനങ്ങുക കൂടി ചെയ്തില്ല. മാറണമെങ്കിൽ ഇവൻ പറയട്ടെന്നും പറഞ്ഞു തല ഉയർത്തി റമിയുടെ മുഖത്തേക്ക് നോക്കി.റമിക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല. പകപ്പോടെ എന്നെ നോക്കി. ഇവൻ പറഞ്ഞാലും ഞാൻ മാറില്ല. എനിക്ക് ഇഷ്ടമാ..എന്റെയാ..എന്റെ മാത്രമാ ഇവൻ..അന്ന് ഇഷ്ടം പറഞ്ഞു വന്നപ്പോൾ ഞാൻ അറിഞ്ഞില്ല, ആക്ഷേപിച്ചു വിട്ടത് എൻറെ പ്രാണനെ തന്നെ ആയിരുന്നെന്ന്.. അവളുടെ ആ വാക്കുകൾ മതിയായിരുന്നു റമിയുടെ പകപ്പു വിട്ടു മാറാൻ.അവന്റെ മുഖത്ത് അത്ഭുതവും ആഹ്ലാദവുമൊക്കെ ഒരുപോലെ നിറഞ്ഞു.അവന്റെ കൈകൾ പതിയെ അവളെ ചുറ്റി.. ആ കാഴ്ചയ്ക്ക് കോളേജ് ഒന്നടങ്കം സാക്ഷിയായിരുന്നു.

അവളുടെ ഫ്രണ്ട്‌സ് ഒഴികെ ബാക്കി എല്ലാവരും നിറഞ്ഞ കയ്യടിയോടെ അവരുടെ പ്രണയം അംഗീകരിച്ചു. അന്ന് അവിടം തുടക്കമിട്ടതാണ്. സത്യം പറഞ്ഞാൽ അവിടെന്ന് അങ്ങോട്ട്‌ ഞാനും റമിയും അറിയുകയായിരുന്നു അവളെ.. അവൾ അവളെ കുറിച്ചും അവളുടെ ഇഷ്ടങ്ങളെ കുറിച്ചും വാ തോരാതെ വാചാലയായി.പിന്നെ അവളുടെ വീടിനെ കുറിച്ച്..വീട്ടുകാരെ കുറിച്ച്..അവിടത്തെ അവളുടെ ജീവിതത്തെ കുറിച്ച്..അതിലൊന്നും ഒരിറ്റു സന്തോഷം പോലും ഞങ്ങൾ കണ്ടില്ല..ഏറെയും നോവും നൊമ്പരവും മാത്രമായിരുന്നു.. അതൊക്കെ മറക്കാൻ വേണ്ടി അവൾ മനഃപൂർവം എടുത്തണിഞ്ഞ ഒരു മുഖം മൂടിയാണ് അവളുടെ ആ അഹങ്കാരം എന്ന് ഞങ്ങക്ക് അതിലൂടെ മനസ്സിലായി..പതിയെ അവൾ മാറുകയായിരുന്നു.. റമിയുടെ ഇഷ്ടങ്ങളിലേക്ക് വരുകയായിരുന്നു..അവളുടെ ഫ്രണ്ട്‌സ്ൽ നിന്നൊക്കെ ഒഴിഞ്ഞു മാറി അവൾ പൂർണമായും ഞങ്ങൾടെ ഒന്നിച്ച് ചേർന്നു..

അവളുടെ ലോകം റമിയും ഞാനും മാത്രമായി മാറി.അവളുടെ ഫ്രണ്ട്സ് ഒക്കെ അവളുടെ മാറ്റം അതിശയത്തോടെ നോക്കി കണ്ടു.. പലരിലും അസൂയ സൃഷ്ടിച്ചു.. എത്രയോ പ്രണയ അഭ്യർത്ഥന ഉണ്ടായിട്ടും അവൾ റമിയെ പ്രണയിച്ചത് ആർക്കും ഇഷ്ടമായില്ല..ബോയ്സ് ഒക്കെ റമിയെ ദേഷ്യത്തോടെയും പകയോടെയും നോക്കി കണ്ടു.. ചിലർ തക്കം കിട്ടുമ്പോൾ ഒക്കെ റമിയെ ഭീഷണി പെടുത്തുകയും ഉപദ്രവിക്കുകയുമൊക്കെ ചെയ്തു. പക്ഷെ അവരോട് ഒക്കെ പകരം ചോദിക്കാൻ അവനു ഞാൻ ഉണ്ടായിരുന്നു.അവനെ തൊട്ട ഒരുത്തന്റെയും കൈ ഞാൻ ബാക്കി വെച്ചിട്ടില്ല..അടുത്തപ്പോൾ തോന്നി എന്തേ ലൈലയെ നേരത്തെ പരിചയപ്പെട്ടില്ലന്ന്..അത്രക്കും നല്ലൊരുവളാ അവൾ.ഒരു പെണ്ണ് എങ്ങനെ ആവണമെന്നതിന്റെ പൂർണ രൂപം.ഒരു അഴുക്കു പോലും ആ മനസ്സിൽ ഞാനും റമിയും കണ്ടിട്ടില്ല..സ്നേഹം..നന്മ.. വിശാലത..അതൊക്കെ മാത്രം..

സാധാരണ പ്രണയം അനശ്വരമാണെന്നും ദിവ്യമാണെന്നുമൊക്കെ ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്..പക്ഷെ ആദ്യമായി അത് നേരിൽ കണ്ടത് റമിയിലൂടെയും ലൈലയിലൂടെയുമാണ്.പ്രണയിക്കുന്നെങ്കിൽ അവർ പ്രണയിച്ചത് പോലെ പ്രണയിക്കണം..എപ്പോഴും അടുത്ത് ഉണ്ടാകും.എന്നാൽ ഒരിക്കൽ പോലും പ്രണയത്തിന്റെ വിശുദ്ധി കളഞ്ഞിട്ടില്ല.എന്നും അതിന്റെ പവിത്രത കാത്ത് സൂക്ഷിച്ചിട്ടേ ഉള്ളു.കൂടുതലും കണ്ണ് കൊണ്ടും മൗനം കൊണ്ടുമായിരുന്നു കഥ പറയുക. അല്ലെങ്കിൽ അവന്റെ ഒരു പാട്ട്.. ഒരുദിവസം കഴിച്ചു കൂട്ടാൻ അവൾക്ക് അത് മതിയായിരുന്നു.. സ്നേഹിട്ടേ ഉള്ളു പരസ്പരം.. എവിടെ വെച്ചോ അവൾക്ക് നഷ്ടപ്പെട്ടുപോയ സ്നേഹവും കരുതലുമൊക്കെ തിരിച്ചു നൽകുകയായിരുന്നു അവൻ.. എല്ലാം അന്യമായ അവൾക്ക് ജീവിതത്തിൽ സ്വപ്നം കാണാൻ പഠിപ്പിച്ചത് അവനാണ്.. സ്നേഹം കൊണ്ട് പൊതിയുകയായിരുന്നു അവൻ അവളെ..

സത്യം പറഞ്ഞാൽ കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ട് നടക്കുകയായിരുന്നു നിന്റെ റമി അവളെ..തിരിച്ചും അങ്ങനെ തന്നെ..ഒരു കൊച്ചു കുഞ്ഞിനെ നമ്മൾ എങ്ങനെയാണോ തഴുകുക, എങ്ങനെയാണോ ലാളിക്കുകയും കൊഞ്ചിക്കുകയും ചെയ്യുക അത് പോലെയായിരുന്നു അവൾ റമിയോട്..വളരെ മൃദുവായി മാത്രമേ അവനോട് അവൾ പെരുമാറുകയുള്ളൂ.. അപ്പോഴേക്കും അവൾ പോലും അറിയാതെ ആ അഹങ്കാരി ലൈല മരണപ്പെട്ടിരുന്നു.. " മുന്ന പറഞ്ഞു നിർത്തി.ഓരോന്നും എടുത്തു എടുത്തു പറഞ്ഞ മുന്നയുടെ കണ്ണുകൾ നിറഞ്ഞതിനേക്കാൾ ഏറെയായി എല്ലാം കേട്ടു നിൽക്കുന്ന താജ്ൻറെ കണ്ണുകൾ നിറഞ്ഞിരുന്നു.ഓരോ തുള്ളികളും അടർന്നു ആ മണൽ പരപ്പിനെ ചുംബിച്ചു കൊണ്ടിരുന്നു. അത് റമി ഇന്ന് ഈ മണ്ണിൽ ഇല്ലെന്ന സത്യം ഉൾകൊള്ളാൻ ആവാത്തതു കൊണ്ടാണോ അതോ അന്ന് ലൈല എത്രമാത്രം വേദനിച്ചിട്ട് ഉണ്ടാകണം എന്നോർത്തിട്ടാണോ എന്നൊന്നും അവനു തന്നെ അറിഞ്ഞില്ല.മുന്ന വേദനയോടെ അവനെ നോക്കി നിന്നു. തീർന്നില്ല..ഇനിയുമുണ്ട് അറിയാൻ.. ഉള്ളിലെ വിങ്ങൽ ഒക്കെ കടിച്ചമർത്തി കൊണ്ട് താജ് വീണ്ടും മുന്നയുടെ മുഖത്തേക്ക് നോക്കി. "പിന്നീട് എന്ത് നടന്നു..എന്താ റമിക്ക് സംഭവിച്ചത്..? "  .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story