ഏഴാം ബഹർ: ഭാഗം 55

ezhambahar

രചന: SHAMSEENA FIROZ

"അതേ താജ്..സത്യമാ ഞാൻ പറഞ്ഞത്.." "നീ ടെൻഷൻ അടിക്കേണ്ട..വേണ്ടത് ഞാൻ ചെയ്തോളാം.. " താജ് ഫോൺ കട്ട്‌ ചെയ്തു.. അതോടൊപ്പം തന്നെ മനസ്സിൽ ചിലത് ഒക്കെ രൂപം കൊണ്ടു.. ** "ഓ തുടങ്ങി..നിനക്ക് എന്താടി ഈ പുറത്ത് ഉള്ളത്..ഏതു രാത്രി നോക്കിയാലും നീ ഇവിടെ ആണല്ലോ..തണുപ്പ് അടിച്ചാൽ അപ്പോ തുടങ്ങും നെഞ്ച് തടവാനും കിതക്കാനുമൊക്കെ..എന്നാലോ തണുപ്പത്ത് നിക്കുന്നതിനോ ഒരു കുറവുമില്ല..ഇങ്ങോട്ട് കയറി വാടി..." കിടക്കാൻ വേണ്ടി റൂമിലേക്ക് വന്ന അവൻ അവളെ കാണാഞ്ഞിട്ട് ബാൽക്കണിയിലേക്ക് നോക്കി. അവിടെ രണ്ടു കയ്യും മാറിൽ കെട്ടി നിന്നു കാറ്റു കൊള്ളുന്ന അവളെ കണ്ടു അവൻ റൂമിൽ നിന്നു തന്നെ ദേഷ്യപ്പെട്ടു.പക്ഷെ അവൾ അതൊന്നും കേട്ടില്ല.മറ്റേതോ ലോകത്തായിരുന്നു.എത്ര മറക്കാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും ഓർമയിലേക്ക് വരുന്ന ആ മധുര പ്രണയ ലോകത്ത്... "പോയി പോയി നിനക്ക് ചെവി കേൾക്കാതെയും ആയോ..? " അവൻ അവളുടെ അരികിലേക്ക് വന്നു..ഇപ്രാവശ്യം അവന്റെ ശബ്ദം അവളുടെ കാതുകളിലേക്ക് എത്തി. നേരത്തെ എന്തോ ചോദിച്ചെന്ന് അവന്റെ ചോദ്യത്തിൽ നിന്നും നിൽപ്പിൽ നിന്നും മനസ്സിലായി. അവൾ ഒന്നും മിണ്ടിയില്ല.പകരം പുഞ്ചിരിച്ചു..

"ചെവി മാത്രമല്ല..നിന്റെ വായയും പണി മുടക്കിയോ..എന്തിനാ തണുപ്പത്ത് നിൽക്കുന്നെ..പോയി കിടക്കാൻ പാടില്ലേ നിനക്ക്.. " "അല്പം കഴിയട്ടെ.. " "എന്തിനാ..വെറുതെ ഓരോന്ന് ഓർക്കാൻ അല്ലേ..വേണ്ടാ..വാ.. ഉറക്കം കളയണ്ട.. " അവൻ അവളുടെ കയ്യിൽ പിടിച്ചു.. അവൾ അനങ്ങിയില്ല..അവന്റെ മുഖത്തേക്ക് നോക്കി നിന്നു.. "എന്തെടി..? " "സത്യം ആയിട്ടും നീ ഈ മുല്ലവള്ളികൾ എനിക്ക് ഇഷ്ടമുള്ളതോണ്ടാണോ കൊണ്ടു വന്നത്.. " "എന്തിനാ വീണ്ടും ചോദ്യം..ഇന്നലെ പറഞ്ഞത് ആണല്ലോ..? " "പറ..ആണോ.. " "ആണെന്നല്ലേ പറഞ്ഞത്..ഒപ്പം എനിക്കും ഇതിന്റെ ഗന്ധവും സൗന്ദര്യവുമൊക്കെ ആസ്വദിക്കണമെന്നും പറഞ്ഞു.. " "നല്ലതാ..ഒരുവട്ടം ആസ്വദിച്ചാൽ വീണ്ടും ആസ്വദിക്കണമെന്ന് തോന്നും..കണ്ണിനെയും നാസികയെയും ഒരുപോലെ ത്രസിപ്പിച്ചു കളയും..നിനക്കൊരു കാര്യം അറിയാമോ..എനിക്കല്ല.. എന്റെ റമിക്കാ മുല്ലപൂക്കളോട് ഇഷ്ടം..അവന് ഒരുപാട് ഇഷ്ടമായിരുന്നു..ഞാൻ ഇഷ്ടപ്പെട്ടത് അവനിൽ നിന്നാ..അവനാ എന്നെ ഈ മണ്ണിലുള്ള ഓരോന്നിന്റെയും സൗന്ദര്യം ആസ്വദിക്കാൻ പഠിപ്പിച്ചത്..

വരമ്പത്തു വിരിയുന്ന തുമ്പ പൂക്കളുടെ മനോഹാരിത പോലും അവൻ എനിക്ക് വർണിച്ചു തന്നിട്ടുണ്ട്..ഒന്നിനെയും വിടില്ല.. സൂക്ഷ്മമായി നിരീക്ഷിക്കും..ഭംഗി കണ്ടെടുക്കും..അതിൽ സന്തോഷിക്കും..അവനേ ഞാൻ കണ്ടുള്ളു അവനെ പോലെ..അവന് മുൻപോ ശേഷമോ ഞാൻ കണ്ടില്ല അവനെ പോലെ ഒരുത്തനെ..എത്ര പെട്ടന്നാ ഞാൻ മാറിയത്.. അല്ല..അവന്റെ പ്രണയം എന്നെ മാറ്റി കളഞ്ഞത്..ഞാൻ ഞാൻ അല്ലാതെയായി..അവനെ സ്നേഹിച്ചു അവന്റെ പെണ്ണായി അവന്റെ ലോകത്ത് മാത്രം ഒതുങ്ങി കൂടി..ഒരിക്കലും അതിൽ നിന്നൊരു മോചനം ആഗ്രഹിച്ചിട്ടില്ല ഞാൻ.. എന്നിട്ടും റമിയുടെ ലൈലയിൽ നിന്നും എനിക്കൊരു മാറ്റം ഉണ്ടായി.ഞാൻ വീണ്ടും ആ പഴയ ലൈലയിലേക്ക് എത്തിപ്പെട്ടു..അല്ല.. നീയെന്നെ എത്തിച്ചു.. എനിക്കിഷ്ടം രക്ത വർണ്ണമുള്ള റോസാപൂക്കളോട് ആയിരുന്നു..പക്ഷെ ഞാനാ ഇഷ്ടം എന്നേ മറന്നിരുന്നു..ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ ഇന്നൊരു റോസാപൂവിനെ തഴുകി.. ഇവിടുത്തെ ഗാർഡനിൽ വിരിഞ്ഞ ചുവന്ന റോസാപൂവിനെ ഞാൻ ഏറെ നേരം നോക്കിയിരുന്നു..

ഈ ജീവിതത്തിൽ രണ്ടു പുരുഷൻമാർ.. രണ്ടുപേരും രണ്ടു ദിശയിൽ നിൽക്കുന്നു..ഒന്നിൽ മാത്രമല്ല.. എല്ലാ കാര്യങ്ങളിലും രണ്ടു ദിശയിൽ..ഒരിക്കലും നീ റമിക്കു പകരം ആവില്ല..അവനെ പോലെ ആവില്ല നീ..അത് എന്റെ മനസ്സ് ഉറച്ചു പറയുന്നു..എന്നിട്ടും ചില നേരത്ത് ഞാൻ നിന്നിൽ റമിയെ കാണുന്നു..നിന്റെ സ്നേഹവും സംരക്ഷണവുമൊക്കെ എന്നെ റമിയിൽ കൊണ്ടെത്തിക്കുന്നു.അവനോട് ഒപ്പം ചിലവിട്ട നാളുകൾ മനസ്സിലേക്ക് ഓടി എത്തുന്നു..ആ നേരം നെഞ്ചിൽ അസഹനീയമായ വേദന അനുഭവപ്പെടുന്നു..ഇന്നലെ നീ ഈ മുല്ലവള്ളികൾ കൊണ്ടു വന്നപ്പോൾ മുന്നിൽ നിൽക്കുന്നത് റമിയാണോന്ന് ഒരുനിമിഷം തോന്നിപ്പോയി എനിക്ക്..ചില നേരത്തെ നിന്റെ വിയർപ്പിന് റമിയുടെ അതേ ഗന്ധം..അതാ ഞാൻ..അതാ ഞാൻ പോലും അറിയാതെ ഞാൻ നിന്നോട്...... " ബാക്കി പറഞ്ഞില്ല..കണ്ണുകളിൽ നിന്നും രണ്ടു തുള്ളി ചുടു നീർ പുറത്ത് ചാടി..അവ മുല്ലവള്ളികളിൽ പതിച്ചു അവന്റെ കയ്യിലേക്ക് തെറിച്ചു..ആ ഭാഗം ചുട്ടു പൊള്ളുന്നതായി തോന്നി അവന്.അവളുടെ കയ്യിലുള്ള അവന്റെ പിടി ഇല്ലാതെയായി.. അവളുടെ നെഞ്ച് പിടയുന്നതിന്റെ ഇരട്ടിയായി അവന്റെ നെഞ്ച് പിടഞ്ഞു.നിന്റെ റമി എന്റെ റമിയാണെന്ന് പറയാൻ കൊതിച്ചു

അവൻ.കണ്ണുകളിൽ കണ്ണ് നീർ ഊറിക്കൂടി.പക്ഷെ ഒന്നും പുറത്ത് കാണിച്ചില്ല.ഉള്ളിലെ നോവും നൊമ്പരവുമെല്ലാം കടിച്ചമർത്തി. പതിയെ അവളുടെ ഇരു തോളിലും കൈകൾ വെച്ചു അവളെ തനിക്ക് അഭിമുഖമായി നിർത്തിച്ചു. "ഈ മണ്ണിലുള്ളതെല്ലാം നമുക്ക് സ്വന്തമല്ല..ചിലത് നമുക്ക് കിട്ടും. മറ്റു ചിലത് നഷ്ടപ്പെടും.അത് എപ്പോ എങ്ങനെ എന്നൊന്നുമില്ല.ഏതു നിമിഷം വേണമെങ്കിലും സംഭവിക്കാം. എല്ലാ പ്രണയവും വിജയിക്കില്ല.. അങ്ങനെ വിജയിക്കുന്നുവെങ്കിൽ ലോകത്ത് വിരഹം എന്നൊന്ന് ഉണ്ടാകുമായിരുന്നില്ല..പ്രണയം മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ... നിന്റെ ലവ് സ്റ്റോറി മുന്ന പറഞ്ഞിട്ടുണ്ട് എന്നോട്..നീ റമിയെ എന്തു മാത്രം സ്നേഹിച്ചിട്ടുണ്ടെന്നും പറഞ്ഞു..അതിനി മുന്ന പറഞ്ഞിട്ടില്ലങ്കിലും എനിക്കറിയാമായിരുന്നു..കാരണം അവനെക്കുറിച്ച് പറയാൻ നൂറു നാവാണ്..വാ തോരാതെ വാചാലനാകുന്നു നീ ചില നേരത്ത് അവനെക്കുറിച്ച്..ആ നേരത്ത് നിന്റെ കണ്ണുകളിൽ നീർമണിയുടെ തിളക്കം മാത്രമല്ല പ്രണയ തിളക്കവും ഞാൻ കണ്ടിട്ടുണ്ട്.. പ്രാണന് തുല്യം സ്നേഹിച്ചവനെ നഷ്ടപ്പെട്ടു പോയ നിന്റെ വേദന എത്രയെന്നു എനിക്ക് മനസ്സിലാകും ലൈല..പക്ഷെ ഈ ജീവിതം മുഴുവൻ നീയാ വേദനയിൽ ഉരുകി തീർക്കരുത്..

എന്നെ സ്നേഹിക്കണമെന്ന് പറയില്ല ഞാൻ..ഒരിക്കലും ഞാൻ നിന്നോട് അത് പറഞ്ഞിട്ടും ഇല്ല.. പക്ഷെ സ്വയം നൊന്തു നീറരുത് നീ.. മറക്കാൻ ശ്രമിക്കും തോറും മനസ്സിലേക്ക് കയറി വന്ന് ആഴത്തിൽ മുറിവേൽപ്പിക്കാൻ ശ്രമിച്ചേക്കാം..അതാണ് ഓർമ്മകളുടെ കരുത്ത്..എന്നാലും നീ തോറ്റു പോകരുത്..നിന്നെ തോൽപിച്ചു കളഞ്ഞ വിധിക്ക് മുന്നിൽ നീ വിജയിച്ചു കാണിക്കണം..തോറ്റു തളർന്നു പോയ പെണ്ണായിട്ട് അല്ല, വിജയിച്ചു കരുത്തേറിയ പെണ്ണായിട്ട് വേണം നിന്നെ എനിക്ക് കാണാൻ.. അത് മതി..അതുമാത്രം മതി എനിക്ക്. മറ്റൊന്നും ചോദിക്കുന്നില്ലല്ലോ ഞാൻ നിന്നോട്.. " അവളുടെ വേദന ഒതുങ്ങാൻ വേണ്ടി അവൻ പറഞ്ഞു.പക്ഷെ ഒതുങ്ങിയില്ല.നിറകണ്ണുകളോടെ അവനെ നോക്കി നിന്നു.. "ഒരു ചാൻസ് കിട്ടിയപ്പോഴേക്കും നിന്നെ കെട്ടി കൊണ്ടു വന്നത് തന്നെ ഒരു ദിവസം പോലും നിന്റെ വെടിക്കെട്ട് മിസ്സ്‌ ചെയ്യാൻ പറ്റാത്തോണ്ടാ..അല്ലാതെ ഈ കരച്ചിൽ കാണാൻ വേണ്ടിയിട്ടല്ല.. ഇതിപ്പോ ഈ മാര്യേജ് ലൈഫിനേക്കാൾ ബെറ്റർ നമ്മൾ കണ്ടുമുട്ടിയ ആ ദിവസങ്ങൾ ആയിരുന്നെന്ന് തോന്നുന്നു.. ഒന്നുല്ലേലും ഡെയിലി ഒന്നെന്ന കണക്കിൽ നിന്റെ വായ കേട്ടിരുന്നു ഞാൻ.. " "ഞാൻ...ഞാൻ നിന്നെ വേദനിപ്പിക്കുകയാണോ..? " അവൾ വേദനയോടെ ചോദിച്ചു..

"ഞാൻ എന്താ പറയുന്നേ..നീ എന്താ ചോദിക്കുന്നേ.. " "ഞാൻ ചോദിച്ചതിന് മറുപടി പറാ." അവൾ വീണ്ടും ചോദിച്ചു..അവൻ അവളുടെ വട്ട മുഖം കൈകളിൽ എടുത്തു..ശേഷം ആ കണ്ണുകളിലേക്ക് നോക്കി.. "മ്മ്..വേദനിപ്പിക്കുകയാ..അതുപക്ഷെ നെഞ്ച് പിളർക്കുന്ന വേദനയല്ല.. സുഖമുള്ളൊരു വേദനയാ... സുഖമുള്ള വേദന മാത്രമേ നീയെനിക്ക് നൽകുന്നുള്ളൂ.. " അവളുടെ കവിളിലേക്ക് ഇറങ്ങിയ കണ്ണുനീരിനെ അവൻ തള്ള വിരൽ വെച്ചു തുടച്ചെടുത്തു..അവൾ അപ്പൊത്തന്നെ ചുണ്ട് വിതുമ്പിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി.. "എനിക്ക് വേദന രണ്ടാ..ഒന്ന് നീ പറഞ്ഞത് തന്നെ..പ്രാണനോളം സ്നേഹിച്ചവനെ നഷ്ടപ്പെട്ടതിന്റെ വേദന..മറ്റൊന്ന് ഇന്നെന്നെ പ്രാണനോളം സ്നേഹിക്കുന്നവന് ആ സ്നേഹം തിരിച്ചു നൽകാൻ കഴിയാത്തതിന്റെ വേദന... ഒരിക്കലും റമിയെ കണ്ടു മുട്ടിയിട്ടില്ലായിരുന്നു എങ്കിൽ ഉറപ്പായും ഞാൻ നിന്നെ സ്നേഹിച്ചേനെ..ഈ സ്നേഹം ഒരിക്കലും കണ്ടില്ലന്നു നടിക്കില്ലായിരുന്നു..നീ തരുന്നതിൻറെ ഇരട്ടിയായി തിരിച്ചു തന്നേനെ..പക്ഷെ ഇത്..ഇതിപ്പോ പറ്റണില്ല..പറ്റാത്തോണ്ടാ..എത്ര നാളെന്ന് വെച്ചാ ഇങ്ങനെ.. എത്രയെന്ന് വെച്ചാ ഇങ്ങനെ ഒന്നും അല്ലാതെ..ഞാൻ ഇവിടുന്ന് പോകുന്നതാ നല്ലത്..എത്രേം പെട്ടെന്ന് തന്നെ..

അല്ലെങ്കിൽ നീ കൂടെ വേദനിക്കേണ്ടി വരും.. " "വേദനിച്ചോട്ടേ..ഞാൻ വേദനിച്ചാൽ നിനക്ക് എന്താ.. " "വേദനിച്ചോളു..അത് പക്ഷെ ഞാൻ കാരണം ആകരുത്.. " അവൾ അവന്റെ ടീഷർട്ടിൽ അള്ളി പിടിച്ചു..അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിനെ ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു.. അത്രക്കും ചൂട് ഉണ്ടായിരുന്നു ആ മിഴിനീർ കണങ്ങൾക്ക്..അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി ഉതിർന്നു.. "എന്നോടൊപ്പം ഒരു ജീവിതം പറ്റില്ലന്ന് തന്നെയാണോ..ഒരിക്കലും ഞാൻ നിന്റെ മനസ്സിൽ ഇല്ലെന്നാണോ.. " "അറിഞ്ഞൂടാ..നെഞ്ച് വേദനിക്കുവാ.. " "വേദനിക്കണ്ടാ..ഞാൻ കാത്തിരുന്നോളാം.. ഈ മനസ്സ് മാറുന്നത് വരെ..എത്ര നാൾ വേണമെങ്കിലും കാത്തിരുന്നോളാം.. ഒടുക്കം തീരുമാനം ഇല്ലന്ന് തന്നെയാണെന്നാൽ ഞാൻ നിന്നെ സ്വതന്ത്ര്യയാക്കിക്കോളാം..ഒന്നിനും നിർബന്ധിക്കില്ല നിന്നെ ഞാൻ.. ഈ ബന്ധത്തിൽ നിന്നും നിന്നെ മോചിപ്പിച്ചു തരാം..പിന്നീട് ഒരിക്കലും ഞാൻ നിന്റെ പുറകെ വരില്ല.. നിനക്ക് ജീവിക്കാം.. നീ ആഗ്രഹിക്കുന്നത് പോലെ നിന്റെ റമിയുടെ ഓർമകളിൽ തന്നെ.. " അവൻ ഒരു കൈ കൊണ്ടവളെ ചേർത്തു പിടിച്ചു..മറ്റേ കൈ അവളുടെ നെറുകിനെ തഴുകിക്കൊണ്ടിരുന്നു..അവളിൽ നിന്നും മറുപടി ഒന്നും ഉണ്ടായില്ല..

പകരം തേങ്ങലുകൾ ഉയർന്നു.. അവൻ എതിർത്തില്ല..ഉള്ളിലെ വേദന മാറാൻ വേണ്ടുവോളം കരഞ്ഞോളൂന്നുള്ള അർത്ഥത്തിൽ ഒന്നൂടെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു... ** "ഉപ്പാ..... !!!! " അവളുടെ നിലവിളി കേട്ടിട്ടാണ് അവന് ഉറക്കം ഞെട്ടിയത്.വേഗം ലൈറ്റ് on ചെയ്തു നോക്കി..അവൾ സോഫയിൽ എഴുന്നേറ്റിരുന്നു കിതയ്ക്കുന്നുണ്ട്.. മുഖവും കഴുത്തുമൊക്കെ വിയർപ്പിൽ മൂടിയിട്ടുണ്ട്.. "ലൈലാ.. " അവൻ എണീറ്റു അവളുടെ അരികിൽ ചെന്നു തോളിൽ കൈ വെച്ചു..ആ സ്പർശത്തിൽ അവളൊന്നു ഞെട്ടി വിറച്ചു.. മുഖത്തെ വിയർപ്പ് തുടച്ചു കൊണ്ടവനെ നോക്കി.. "എന്താ..? " "ഒ..ഒന്നുല്ല..ഒരു സ്വപ്നം.. ഉപ്പാ...ഉപ്പാനെ..അല്ല..ഉമ്മയും ഉണ്ടായിരുന്നു.. " അവൾ അവിടെയും ഇവിടെയും തൊടാതെ എന്തൊക്കെയോ പറഞ്ഞു.. "ഞാൻ അപ്പോഴേ പറഞ്ഞതാ ഓരോന്നു ഓർക്കേണ്ടന്ന്.. അതെങ്ങനെയാ..പറഞ്ഞാൽ കേൾക്കില്ല..ഒന്നുമില്ല..കണ്ണടച്ച് കിടന്നോ.." അവൻ ആശ്വാസമെന്ന പോലെ അവളുടെ തലയിൽ തലോടി.. "മ്മ്.. " അവൾ കിടന്നു..അവൻ താഴെ വീണു കിടക്കുന്ന പുതപ്പ് എടുത്തു അവളുടെ ദേഹത്തേക്കിട്ട് കൊടുത്തു..ഉറങ്ങിക്കോന്നും പറഞ്ഞു ഒന്നൂടെ ആ തലയിൽ തലോടിയതിനു ശേഷം അവൻ ലൈറ്റ് അണച്ചു ബെഡിലേക്ക് കയറി..ഒന്ന് കണ്ണടച്ചതേയുള്ളൂ.

അപ്പോഴേക്കും എന്തൊക്കെയോ ഞെരക്കവും മൂളലുമൊക്കെ കേട്ടു വീണ്ടും അവന്റെ ഉറക്കം ഞെട്ടി.. എഴുന്നേറ്റിരുന്നു ലൈറ്റ് on ചെയ്തു സോഫയിലേക്ക് നോക്കി..അവൾക്ക് ഉറക്കമൊന്നും പിടിച്ചിട്ടില്ല.. ആകെ അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുണ്ട്.. "എടീ.. " അവൻ വിളിക്കേണ്ട താമസം അവൾ പുതപ്പും താഴ്ത്തി എഴുന്നേറ്റിരുന്നു.. "എന്തെടി..കൊറേ നേരം ആയല്ലോ.. ഉറക്കവും ഇല്ലെ നിനക്ക്.. " "ഉറക്കം വരണില്ല..നീ ലൈറ്റ് അണക്കണ്ട..എനിക്ക് പേടിയാകുന്നു.. " "ഇങ്ങ് വാ.. " അവൻ തല അനക്കി അവളെ അരികിലേക്ക് വിളിച്ചു..അവൾ മടിയൊന്നും കാണിച്ചില്ല..വേഗം എഴുന്നേറ്റു വന്നു ബെഡിലേക്ക് ഇരുന്നു.. "ഇവിടെ കിടന്നോ.. " അതിന് അവൾ മടി കാണിച്ചു.. കിടക്കാതെ അവന്റെ മുഖത്തേക്ക് നോക്കി..അവന് കാര്യം മനസ്സിലായി.ഉടനെ മറുസൈഡിലേക്ക് നീങ്ങി..അത് കണ്ടു അവൾ ഇരുന്നിട്ടുള്ള ഭാഗത്തു തന്നെ കയറി കിടന്നു.. "ലൈറ്റ് ഓഫ് ചെയ്യട്ടെ.. " അവൻ അവളെ നോക്കി..അവൾ ആാാന്നുള്ള അർത്ഥത്തിൽ തലയാട്ടി..

ലൈറ്റ് അണച്ചു അവൻ കിടന്നു.അവൾക്ക് അസ്വസ്ഥത തോന്നണ്ടന്ന് കരുതി അവളുടെ ഭാഗത്തേക്ക്‌ തിരിഞ്ഞില്ല.മറു ഭാഗത്തേക്ക്‌ തിരിഞ്ഞു കിടന്നു.. ** ജനലിലൂടെ അരിച്ചിറങ്ങുന്ന സൂര്യ രശ്മികൾ അവന്റെ മുഖത്ത് വന്നു പതിച്ചു.അവൻ പതിയെ കണ്ണ് തുറന്നു..ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.രാത്രിയിൽ അങ്ങേ തലയ്ക്കു കിടന്നവൾ ഇപ്പൊ അവനെ പറ്റി ചേർന്നിട്ടുണ്ട്.തല അവന്റെ ചുമലിൽ വെച്ചു ഒരു കൈകൊണ്ടു അവന്റെ നെഞ്ചിനെ ചുറ്റിപിടിച്ചിട്ടാണ് അവൾടെ കിടത്തം.അവളുടെ ആ കിടപ്പ് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയുണ്ട്.ഉറക്കം ആണേൽ പറയേ വേണ്ടാ.കൊച്ചു കുഞ്ഞിനെയും തോല്പിക്കും. അവളെ ഉണർത്താനെ തോന്നിയില്ല അവന്. പക്ഷെ നിസ്കാരം മുടക്കാത്തവളാണ്..ഇനി താൻ ഉറക്കം ഞെട്ടിയിട്ടും അവളെ വിളിച്ചില്ലന്ന പരാതി വേണ്ടാന്ന് കരുതി അവളെ ഉണർത്താൻ വേണ്ടി ആ മുഖത്തേക്ക് ഊതാൻ ഒരുങ്ങി അവൻ.. പെട്ടെന്നാണ് അവള് പീരിയഡ്സ് ആണെന്ന കാര്യം അവന് ഓർമ്മ വന്നത്.അവനു സന്തോഷമായി.. മോളെ..ഉറങ്ങിക്കോന്നും പറഞ്ഞു അവൻ തന്റെ കൈ വിരലുകൾ അവളുടെ മുടിയിഴകളിൽ കോർത്തു കിടന്നു.ആ ഉറക്കം കുറച്ച് നേരം നീണ്ടു പോയി.നെഞ്ചിലൊരു ഭാരം അനുഭവപ്പെട്ടതിനെ തുടർന്നു

അവൻ വീണ്ടും കണ്ണുകൾ തുറന്നു. നോക്കുമ്പോൾ നേരത്തെ പള്ളയ്ക്ക് ചേർന്നു കിടന്നവൾ ഇപ്പോൾ നെഞ്ചിലുണ്ട്.അവളുടെ ദേഹം മുഴുവനും അവന്റെ മേലെയാണ്.. മുഖം അവന്റെ നെഞ്ചിൽ അമർത്തി വെച്ചു രണ്ടു കൈകൊണ്ടും കഴുത്തിനെ വട്ടം ചുറ്റിപിടിച്ചിട്ടാണ് ഇപ്പോഴത്തെ കിടത്തം. അമ്പടി മോളെ..കിടക്കാൻ ഇത്തിരി സ്ഥലം തന്നപ്പോഴേക്കും നീയെന്റെ നെഞ്ചത്തോട്ടു കയറിയല്ലേ..ഇത് പണ്ടാരോ ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലെയായിപ്പോയി.. നിന്നെയൊക്കെ ഉണർത്താൻ ഒരു വഴിയേ ഉള്ളു.. അവൻ പതിയെ രണ്ടു കൈയ്യും അവളുടെ പുറം ഭാഗത്തിലൂടെ ഇട്ടു കോർത്തു പിടിച്ചു..എന്നിട്ടു അവളെയും ചേർത്തു ഒരൊറ്റ മറിയൽ മറിഞ്ഞു.അവൾക്ക് ഉറക്കം ഞെട്ടി..ഉറക്ക പിച്ചു മാറാതെ മൂളിക്കൊണ്ട് കണ്ണ് തുറന്നു നോക്കി. അവന്റെ ചാര കണ്ണുകളാണ് മുന്നിൽ കണ്ടത്..പകുതി മാത്രം തുറന്ന അവളുടെ കണ്ണുകൾ താനേ വിടർന്നു..അല്പം നേരം ഇമ വെട്ടാതെ ആ ചാര കണ്ണുകളിലേക്ക് തന്നെ നോക്കി കിടന്നു.ശേഷം ഒന്ന് പുഞ്ചിരിച്ചു.പതിയെ കണ്ണുകൾ അടച്ചു.ഉറക്കം വിട്ടു മാറിയിട്ടില്ലായിരുന്നു..

അത് കൊണ്ടു ചിണുങ്ങിക്കൊണ്ട് തിരിഞ്ഞു കിടന്നു.അവൻ വിചാരിച്ചത് ഒരു തെറി ഉത്സവം കേൾക്കാമെന്നാണ്.പക്ഷെ അതൊന്നും ഉണ്ടാവാതെ പകരം നോട്ടവും പുഞ്ചിരിയും മാത്രം ഉണ്ടായത് അവനെ അത്ഭുതപ്പെടുത്തി കളഞ്ഞു..രാത്രി ഓരോന്നു ഓർത്തും പേടിച്ചും അവൾക്ക് ഉറക്കം ഇല്ലായിരുന്നു. അതുകൊണ്ട് ഉറങ്ങിക്കോട്ടേന്ന് കരുതി അവൻ വിളിക്കാനോ തോണ്ടാനോ ഒന്നും നിന്നില്ല..ആ നെറ്റിയിൽ അമർത്തിയൊരു മുത്തം കൊടുത്തു എണീറ്റു പോയി. ആ ചുംബനത്തിന്റെ ചൂട് അവൾ അറിഞ്ഞിരുന്നു..കണ്ണ് തുറക്കാൻ മടി ആയത് കാരണം അവിടെത്തന്നെ മുഖം അമർത്തി കമിഴ്ന്നു കിടന്നു.. ** "എടീ..ഞാനൊരു കാര്യം ചോദിക്കട്ടെ..കണ്ണ് നിറയ്ക്കാനോ കരയാനോ പാടില്ല..എങ്ങാനും കരഞ്ഞാൽ അടിച്ചു നിന്റെ മോന്തയുടെ ഷേപ്പ് മാറ്റി കളയും ഞാൻ.. " സെറ്റിയിൽ കിടന്നു ടീവി കാണുന്ന അവളുടെ തല ഭാഗത്തു വന്നിരുന്നു അവൻ.. "ഇല്ല..ചോദിക്ക്.. " അവൾ ചിരിച്ചോണ്ട് എഴുന്നേറ്റിരുന്നു.. "നിന്റെ ഉപ്പയും ഉമ്മയും എങ്ങനെയാ മരണപ്പെട്ടത്.. " അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.ആ മുഖത്ത് കാർമേഘം പടരുമെന്നാണ് അവൻ കരുതിയത്. പക്ഷെ അത് ഉണ്ടായില്ല.പകരം അടങ്ങാത്ത പകയുടെ തീക്കനലിൽ ആ മുഖം ചുവന്നു മുറുകി നിന്നു.

"ലൈലാ..എന്താ അവർക്ക് സംഭവിച്ചത്.. " അവൻ വീണ്ടും ചോദിച്ചു.. "മരണപ്പെട്ടതല്ല..കൊലപ്പെടുത്തിയതാ.കൊന്നു കളഞ്ഞതാ അവരെൻറെ ഉപ്പാനെയും ഉമ്മാനെയും.. " അവൾ അടിമുടി ജ്വലിക്കുകയായിരുന്നു.. "അവരോ..ആര്..? " മുന്ന പറഞ്ഞ കഥകളിൽ അവളുടെ ഉപ്പയും ഉമ്മയും എങ്ങനെ മരണപ്പെട്ടു എന്ന കാര്യം ഇല്ലായിരുന്നു..എല്ലാം അറിയണമായിരുന്നു അവന്.. അതുകൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.. "ഈ ലോകത്ത് എനിക്കുള്ള ഏക ശത്രുക്കൾ എന്റെ വീട്ടുകാർ തന്നെയാ..ഉപ്പ ജീവിച്ചിരിക്കുന്ന കാലത്തോളം സ്വത്ത് ഒന്നും കൈയിലേക്ക് വരില്ലന്ന് കരുതി ഉപ്പാനെ ആക്‌സിഡന്റ്ൽ പെടുത്തി..ഉപ്പ പേരെടുത്ത ഒരു ബിസ്സിനെസ്സ് മാൻ ആയത് കൊണ്ടു ഉപ്പാക്ക് സംഭവിച്ച ആക്‌സിഡന്റ് പത്രങ്ങളിലും വാർത്തകളിലുമൊക്കെ വല്യ കോളിളക്കം സൃഷ്ടിച്ചു..അന്ന് ദിവസങ്ങളോളം മീഡിയാസിൽ നീണ്ടു നിന്നിരുന്നു ആ വാർത്ത.. പറഞ്ഞാൽ നീ അറിയും.യൂസുഫ് മാഹിൻ..ആ കാലഘട്ടത്തിൽ മുൻപന്തിയിൽ നിന്ന zaina ഗ്രൂപ്പ്സിന്റെ സ്ഥാപകൻ.ഉമ്മാന്റെ പേരാ ഉപ്പ ആ വല്യ ബിസ്സിനെസ്സ് ലോകത്തിനു നൽകിയത്.ഉപ്പാക്ക് സംഭവിച്ചത് നോർമൽ ആക്‌സിഡന്റ് അല്ലെന്നും കരുതി കൂട്ടിയുള്ള കൊലപാതകം ആണെന്നും ഏവരും വിധി എഴുതി..

എനിക്ക് അന്ന് വല്യ പ്രായമൊന്നും ഇല്ല..എന്നാലും കാര്യങ്ങളളൊക്കെ തിരിച്ചറിയാനും മനസ്സിലാക്കാനുമുള്ള വിവരം ഉണ്ടായിരുന്നു..ഉപ്പാന്റെ മരണത്തിനു കാരണക്കാരായവരെ വെറുതെ വിടില്ലന്ന് പറഞ്ഞ് വക്കീൽ അങ്കിൾനെയും കൂട്ട് പിടിച്ചു ഞാൻ രംഗത്ത് ഇറങ്ങി..പക്ഷെ അപ്പോഴേക്കും മീഡിയാസ് മാറി മറിഞ്ഞു..അല്ല സജാദ് മാറ്റി മറിച്ചു. പണം എറിഞ്ഞാൽ വീഴാത്തവരുണ്ടോ..അവനും വീഴ്ത്തി എല്ലാവരെയും..എന്നിട്ടും ഞാൻ പിന്തിരിഞ്ഞില്ല.കേസുമായി മുന്നോട്ടു പോയി..അവനെതിരെ കേസ് കൊടുത്തെന്ന പേരിൽ അന്ന് എന്നെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ നോക്കിയതാ ഉമ്മയും മകനും ചേർന്നെന്നേ.പിന്നെ ഉപ്പ സ്വത്തു മുഴുവൻ എന്റെ പേരിൽ എഴുതി വെച്ചിട്ടുണ്ടെന്ന് വക്കീൽ അങ്കിൾ എന്റെ രക്ഷയ്ക്ക് വേണ്ടി പറഞ്ഞു.അതുകൊണ്ടു കൊല്ലാതെ വിട്ടു.പക്ഷെ അന്ന് തൊട്ടിന്ന് വരെ കൊല്ലാതെ കൊന്നു അവരെന്നെ.. അത്രയൊക്കെ അനുഭവിച്ചതിന്റെ ഫലം ആയിട്ട് എങ്കിലും കേസ് ജയിക്കുമെന്ന് കരുതി.പക്ഷെ അത് ഉണ്ടായില്ല.അവസാനം സത്യം തോറ്റു പോയി.ആവശ്യത്തിനു തെളിവ് ഇല്ലന്ന പേരിൽ കേസ് എവിടെയും തൊടാതെ ഒന്നും അല്ലാതെ പോയി..അന്ന് കുറിച്ചിട്ടതാ ഞാനീ മനസ്സിൽ, അവർക്കുള്ള വിധി ഇനി ഒരു കോടതിയുമല്ല എഴുതുന്നത്..

പകരം ഈ ഞാൻ ആണെന്ന്..ആകെ മുറിപ്പാടുകൾ സംഭവിച്ചു ചോരയിൽ കുളിച്ചു ഉപ്പാനെ മുന്നിൽ കൊണ്ടു വന്നു കിടത്തുമ്പോൾ ഞാൻ അല്പമെങ്കിലും വലുതാണ്..പക്ഷെ ഉമ്മാ..നിനക്കൊരു കാര്യം അറിയാമോ..സജാദ്ൻറെ ഉമ്മാനെ എന്റെ ഉപ്പ ഇഷ്ടപ്പെട്ടു വിവാഹം ചെയ്തതല്ല..കണ്ണീരു കാണിച്ചു കൂടെ കൂടിയതാ..ചതിയിലൂടെയാ ഉപ്പാന്റെ ഭാര്യയായി വന്നത്..ആദ്യം ഞങ്ങടെ വീട്ടിലെ വേലക്കാരി ആയിരുന്നു അവർ..ഞങ്ങടെ വീടിന്റെ തൊട്ടടുത്ത കോളനിയിൽ ആയിരുന്നു അവരുടെ താമസം..ആ സമയത്ത് ഭർത്താവ് മരിച്ചു ഒരു കുഞ്ഞുണ്ട്.അതാണ് സജാദ്.. കോളനിയിൽ എല്ലാവരും പറയുന്നു ഭർത്താവ് എന്നോ കുഞ്ഞിന്റെ ഉപ്പയെന്നോ ചൂണ്ടി കാണിക്കാൻ അവർക്ക് ഒരാൾ ഇല്ലെന്ന്..കാണുന്ന എല്ലാ പുരുഷൻമാരും ആയി ബന്ധമുണ്ടെന്ന്..അങ്ങനെ ഉണ്ടായ കുഞ്ഞാണത്രേ സജാദ്..അന്ന് അവരുടെ ആ ചരിത്രമൊന്നും ഞങ്ങൾക്ക് അറിയില്ല.പിന്നീട് അവർ എന്റെ വീട്ടിൽ ഭരണം സ്ഥാപിച്ചെടുത്തപ്പോഴാ കോളനിക്കാർ ഓരോന്ന് പറയാനും ഞാൻ അറിയാനും തുടങ്ങിയത്. ജീവിക്കാൻ വഴിയില്ലന്നും പറഞ്ഞു കുഞ്ഞിനെയും കൂട്ടി വീടിന് മുന്നിൽ വന്നു കരഞ്ഞപ്പോൾ ഉമ്മ ഉപ്പാനോട് പറഞ്ഞു അവരെ വീട്ടു ജോലിക്ക് നിർത്തി.ഉപ്പാക്ക് തീരെ താല്പര്യം ഇല്ലായിരുന്നു..

പക്ഷെ ഉമ്മാ.. ഉമ്മാക്ക് ആരുടെയും സങ്കടം കാണാൻ കഴിയില്ല..പാവം ആയിരുന്നു..ഒരു തൊട്ടാവാടി. എല്ലാരേയും കണ്ണടച്ച് വിശ്വസിക്കും. അന്ന് എനിക്ക് ഒരു അഞ്ചോ ആറോ വയസ്സ് പ്രായം.സജാദ്നു ഏഴോ എട്ടോ ആയി കാണും.അവൻ എന്നേക്കാൾ രണ്ടു വയസ്സിനു മുതിർന്നതാണ്..ഞാൻ ഒറ്റ മകൾ ആയത് കൊണ്ടു എനിക്ക് കൂട്ട് കൂടാൻ ആരുമില്ല.അതോണ്ട് സജാദ്നെ കിട്ടിയപ്പോൾ എനിക്ക് സന്തോഷമായി.പെട്ടെന്ന് തന്നെ ഞാൻ അവനോട് കൂട്ടായി.. അന്നൊക്കെ അവൻ എന്നോട് നല്ല സ്നേഹമായിരുന്നു.ഇടയ്ക്ക് ഒക്കെ ആസിഫും വരും.ആസിഫ് വന്നു പോകുന്ന ദിവസം ഞാൻ ഒരേ കരച്ചിൽ ആയിരിക്കും പോകണ്ടന്നും പറഞ്ഞ്..പക്ഷെ ആ നാളുകളിൽ തന്നെ ആ സ്ത്രീ സജാദ്ന്റെയും ആസിഫ്ന്റെയും ഉള്ളിൽ വിഷം നിറയ്ക്കുകയും ദുഷ്ട ബുദ്ധി ഓതി കൊടുക്കുകയും ചെയ്തു.എന്റെ ഉമ്മ ഒരു പാവം ആയത് കൊണ്ടു ചതിക്കാനും പറ്റിക്കാനും എളുപ്പം ആണെന്ന് അവർ മനസ്സിലാക്കി.

ഒരുദിവസം സ്റ്റെയറിന്ന് ഇറങ്ങുന്ന ഉമ്മാന്റെ സാരി തുമ്പിൽ അവർ ചവിട്ടി പിടിച്ചു.ഉമ്മ മുകളിന്ന് താഴേക്ക് മറിഞ്ഞു വീണു.കൊല്ലാൻ നോക്കിയിട്ട് ഏവർക്കും മുന്നിൽ അവർ രക്ഷകിയായി വന്നു.. റബ്ബേന്നും വിളിച്ചു ഉമ്മാന്റെ അരികിൽ ഇരുന്നു അലമുറ ഇട്ടു കള്ള കണ്ണീർ ഒഴുക്കി.ശബ്ദം കേട്ടു ഞാനും ഉപ്പയും ഓടി ചെന്നു. ആർക്കും അറിഞ്ഞില്ല..എന്തിന് ഉമ്മാക്ക് പോലും അറിഞ്ഞില്ല അവരാണ് ചെയ്തത് എന്ന്. സാരിയിൽ ചവിട്ടി വീണത് ആണെന്നാ ഉമ്മ പോലും വിചാരിച്ചത്..ഒട്ടും പ്രതീക്ഷിക്കാതെ ഉമ്മ കയ്യും കാലും ഒടിഞ്ഞു കിടപ്പിൽ ആയി.ഒരു നാല് മാസത്തെ റസ്റ്റ്‌.അത്രയാ ഡോക്ടർ പറഞ്ഞത്.അപ്പോഴേക്കും ഓക്കേ ആകുമെന്ന്.പക്ഷെ ആയില്ല.ദിനം പ്രതി ഉമ്മ തളർന്നു കൊണ്ടിരുന്നു. ഉമ്മാക്ക് കൊടുക്കുന്ന ഫുഡിൽ അവർ ആരും അറിയാതെ പോയ്സൺ ചേർക്കുമായിരുന്നു. ഒറ്റ അടിക്കു കൊല്ലാൻ ഉള്ളത് അല്ല. സൈലന്റ് ആയി കൊല്ലാനുള്ള പോയ്സൺ..കൈ കാലുകൾടെ പ്ലാസ്റ്റർ അഴിച്ചു എടുക്കുമ്പോഴേക്കും ആ കൈ കാലുകൾ പൂർണമായും തളർന്നു പോയിരുന്നു.

എഴുന്നേറ്റു നിക്കുന്നത് പോയിട്ട് ഒന്ന് എഴുന്നേറ്റു ഇരിക്കാൻ പോലും ആയില്ല ഉമ്മാക്ക്..ഉപ്പ ഡോക്ടറോഡ് കാര്യം അന്വേഷിച്ചു.ഉമ്മാക്ക് ഹോസ്പിറ്റലിൽ കിടക്കുന്നത് പണ്ടേ ഇഷ്ടമല്ല.ആ ഗന്ധം ഉമ്മാനെ കൂടുതൽ തളർത്തി കളയുമെന്ന് കരുതി ഉപ്പ വീട്ടിൽ തന്നെ വിദഗ്ദ ചികിത്സ ഒരുക്കി.ഹോം നേഴ്സ്നെയും നിർത്താൻ തീരുമാനിച്ചു.പക്ഷെ അവർ തടസ്സമായി വന്നു.ഉമ്മാൻറെ കാര്യങ്ങളൊക്കെ അവർ നോക്കിക്കോളാമെന്നു പറഞ്ഞു.. ഒരു ജോലിക്കാരി ആയിരുന്നിട്ട് പോലും അവർ എല്ലാ കാര്യങ്ങളും നല്ല പോലെ ചെയ്യുന്നു.അതോണ്ട് ഉപ്പാക്ക് അവരെ വിശ്വാസമായിരുന്നു.ഹോം നേഴ്സ്നെ വെക്കുന്നതിനേക്കാൾ നല്ലത് അവർ തന്നെ ആണെന്ന് തോന്നി.രാത്രി കാലങ്ങളിൽ ഒക്കെ ഉപ്പ ഉറക്കം പോലും കളഞ്ഞു ഉമ്മാക്ക് കൂട്ടിരിക്കും.ഏറെ നേരം തലോടിയും കണ്ണീർ തുടച്ചു കൊടുത്തും ആശ്വസിപ്പിക്കും.. ഉമ്മാക്ക് എന്താ ഏതാന്നൊന്നും എനിക്കറിയില്ല.എന്നാലും ഞാനും അരികിൽ ഇരിക്കും.ഉറക്കം വരുമ്പോൾ ഉമ്മാനെ ചേർന്നു കിടക്കും.പക്ഷെ ഉപ്പ എന്നെ ഉമ്മാന്റെ അരികിൽ കിടത്തില്ല.

ഉമ്മാക്ക് വയ്യാത്തത് അല്ലേ, ബുദ്ധിമുട്ടിക്കല്ലേ ലൈലൂന്നും പറഞ്ഞു ഉപ്പ എന്നെ എടുത്തു ഉപ്പാന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചുറക്കും.ഒരുദിവസം രാത്രിയിൽ ഉപ്പാക്ക് കുടിക്കാൻ കൊടുത്ത ജ്യൂസിൽ അവർ ഉറക്ക ഗുളിക ചേർത്തു.അന്ന് രാത്രി ഉപ്പ പോലും അറിയാതെ അവർ ഉപ്പാനെ സ്വന്തമാക്കി.രാവിലെ കണ്ണ് തുറന്നു നോക്കുമ്പോൾ ഉപ്പാനെ അരികിൽ കാണാനില്ല.സാധാരണ ഞാൻ ഉണരുന്നത് വരെ ഉപ്പ എഴുന്നേൽക്കില്ല.കാരണം ഞാനാ നെഞ്ചിലാ ഉറങ്ങുക.ആ നെഞ്ചിന്റെ ചൂട് മാറിയാൽ അപ്പൊ ഞാൻ അറിയും.ചിണുങ്ങുകയും കരയുകയും ചെയ്യും.അതോണ്ട് ഞാൻ ഉണരുന്നത് വരെ ഉപ്പ അനങ്ങാതെ കിടക്കും.ഉപ്പാനെ നോക്കി ഞാൻ എണീറ്റു പോയി. അടുക്കളയോടു ചേർന്നു കിടക്കുന്ന ആ സ്ത്രീയുടെ മുറിയിൽ കണ്ടു ഞാൻ ബോധം ഇല്ലാതെ ഉറങ്ങുന്ന ഉപ്പാനെ..അടുത്ത് തന്നെ അഴിഞ്ഞുലഞ്ഞ സാരിയോടെ എണീറ്റിരിക്കുന്ന അവരെയും.ആ ഏഴു വയസുകാരിക്ക് എന്ത് അറിയാനാണ്.പക്ഷെ എന്തോ അറിഞ്ഞത് പോലെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.ഉപ്പാന്നും വിളിച്ചു അരികിലേക്ക് ഓടിച്ചെന്നു ഞാൻ ഉപ്പാനെ ഉണർത്തി.

പക്ഷെ അപ്പോഴേക്കും സജാദ് എൻറെ ഉമ്മാൻറെ അടുത്തേക്ക് ചെന്നു ആ സ്ത്രീ പഠിപ്പിച്ചത് പോലെ കരയുകയും പറയുകയും ചെയ്തു. അന്ന് എന്റെ ഉമ്മ എത്രമാത്രം വേദനിച്ചെന്നു ആ കണ്ണുകളിൽ നിന്നും തോരാതെ ഒഴുകിയ കണ്ണുനീരിൽ നിന്നും ഞാൻ അറിഞ്ഞു.ഉപ്പാക്ക് ഒന്നും മനസ്സിലായില്ല.കണ്ണ് തുറക്കുമ്പോൾ അവരുടെ മുറിയിൽ അവരുടെ അടുത്തല്ലേ ഉണ്ടായത്.തെറ്റ് പറ്റി പോയോന്ന് ഉപ്പ ഒരുനിമിഷം ഭയപ്പെട്ടു.അവർ ഉമ്മാന്റെ മുന്നിൽ ചെന്നു ഏങ്ങലടിച്ചു കള്ളകണ്ണീർ വാർത്തതു കാരണം ഉപ്പാക്ക് ആദ്യമായി തല കുനിച്ചു നിൽക്കേണ്ടി വന്നു.അതും സ്വന്തം ഭാര്യയുടെയും മകളുടെയും മുന്നിൽ.എന്ത് ശിക്ഷ വേണമെങ്കിലും നിനക്ക് എനിക്ക് വിധിക്കാമെന്ന് ഉപ്പ ഉമ്മാനോട് പറഞ്ഞു.ചെയ്ത തെറ്റ് തിരുത്താൻ അവരെ വിവാഹം ചെയ്യണമെന്ന് ആയിരുന്നു ഉമ്മ അതിന് മറുപടി നൽകിയത്.. ചങ്ക് പൊട്ടിയാണ് അന്ന് ഉമ്മ അത് പറഞ്ഞത്.അല്ലെങ്കിലും ഏതു പെണ്ണിനാ സ്വന്തം ഭർത്താവിനെ മറ്റൊരു പെണ്ണിന് വിട്ടു കൊടുക്കാൻ കഴിയുക.ഏതു പെണ്ണാ അങ്ങനൊരു വിട്ടു കൊടുക്കൽ ആഗ്രഹിക്കുക..

ഇല്ല.സ്വന്തം പുരുഷനെ മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു പെണ്ണിനും അത് സാധിക്കില്ല. അങ്ങനെയുള്ള ഒരു പെണ്ണിനും ഈ ലോകത്ത് അത് കഴിയില്ല.എന്നിട്ടും എന്റെ ഉമ്മ ചെയ്തു ഒരു വല്യ ത്യാഗം.ഒരുപക്ഷെ അന്നാ തീരുമാനം എടുക്കുമ്പോൾ തന്നെ ഉമ്മ ഉറപ്പിച്ചിട്ട് ഉണ്ടാകണം ആ കിടത്തത്തിൽ നിന്നും ഇനിയൊരിക്കലും ഉമ്മ എഴുന്നേൽക്കില്ലന്ന്..ഇനിയൊരിക്കലും ഉപ്പാന്റെ നല്ല പാതിയായി ചേർന്നു നിന്നു ഒരു ഭാര്യയുടെ കടമകൾ ഒന്നും ചെയ്യാൻ കഴിയില്ലന്ന്..മറ്റു ഉമ്മമ്മാരെ പോലെ സ്വന്തം മകളെ കുളിപ്പിക്കാനും ഉടുപ്പ് അണിയിക്കാനും ഒരുക്കാനും ഭക്ഷണം വാരി തരാനുമൊന്നും ഇനി ഉമ്മയ്ക്കു കഴിയില്ലന്ന്.ഉമ്മ ഒരു ജീവച്ഛവമായി തീർന്നെന്ന്..അതും അല്ലെങ്കിൽ മരണത്തിലേക്ക് അടുത്തെന്ന്..ഉപ്പ സമ്മതിച്ചതേയില്ല..ഉമ്മാനെ ചേർന്നിരുന്നു കരയാൻ തുടങ്ങി. പക്ഷെ ഉമ്മ ഉപ്പാനെക്കൊണ്ട് വാക്ക് വാങ്ങിച്ചു.കൊതിച്ചത് തന്നെ നേടി ആ സ്ത്രീ.എന്റെ ഉമ്മയിൽ നിന്നും തട്ടിപ്പറിച്ചു.അത് കൊണ്ടെങ്കിലും നിർത്താമായിരുന്നു അവർക്ക്. നിർത്തിയില്ല.

അന്ന് രാത്രിയിൽ തന്നെ ഉമ്മാനെ ശ്വാസം മുട്ടിച്ചു കൊന്നു.എന്നിട്ടു ഉപ്പാക്ക് പറ്റിയ തെറ്റിനെ ഓർത്ത് മനം നൊന്തിട്ടാണ് ഉമ്മ മരണം അടഞ്ഞത് എന്നൊരു വിധിയും എഴുതി.അന്നും അറിഞ്ഞില്ല..അവരുടെ ചതിയോ ക്രൂരതയോ ഒന്നും ആരും അറിഞ്ഞില്ല.ഞാനും ഉപ്പയും കണ്ണും അടച്ചു വിശ്വസിച്ചു അവരെ. അതിനിടയിൽ അവർ ഗർഭിണിയായി.ഉപ്പാന്റെ കുഞ്ഞാണ് വയറ്റിൽ എന്ന് പറഞ്ഞു. മനസ്സില്ല മനസ്സോടെ ആണെങ്കിലും ഉപ്പ അവരെ ജീവിതത്തിലേക്ക് സ്വീകരിച്ചു.ദിവസങ്ങൾ അല്ല.. മാസങ്ങൾ പോലും ശരവേഗത്തിൽ കടന്നു പോയി.സനുവിന് ജന്മം നൽകി അവർ..അങ്ങനെ പോകുന്ന ഒരുദിവസം ആസിഫ്ൻറെ ഉപ്പ വരുകയുണ്ടായി വീട്ടിലേക്ക്.അവർ തമ്മിലുള്ള സംസാരം ഞാൻ കേട്ടു.അതിൽ ഉണ്ടായിരുന്നു അവർ അന്ന് വരെ ചെയ്ത എല്ലാ ക്രൂരതകളും വഞ്ചനകളും.അറിഞ്ഞ ആ നിമിഷം തന്നെ ഉപ്പാനോട് എല്ലാം പറഞ്ഞു..അന്ന് തൊട്ടു ഉപ്പ അവരെ ശ്രദ്ധിക്കാൻ തുടങ്ങി. പോകെ പോകെ എല്ലാ ചതികളും ഉപ്പ മനസ്സിലാക്കി.പക്ഷെ സ്വന്തം ചോരയിൽ ജനിച്ച കുഞ്ഞ്, ഇത്തിരി പോലും പ്രായം ആകാത്ത സനുവിനെ ഓർത്ത് എല്ലാം സഹിച്ചു..അല്ലെങ്കിലും അപ്പൊ സഹിക്കാതെ ഇരുന്നിട്ടും എന്ത് കാര്യം.ഉപ്പാക്ക് ഏറ്റവും വിലപ്പെട്ടത് ഉപ്പാക്ക് നഷ്ടമായിരുന്നു.എന്റെ ഉമ്മ..

ജീവനായിരുന്നു ഉപ്പാക്ക്.. എന്നേക്കാൾ ഏറെ ഇഷ്ടമായിരുന്നു.." അവൾ പറഞ്ഞു നിർത്തി.. കണ്ണുകളിൽ നനവ് സ്ഥാനം പിടിച്ചിരുന്നു.എന്നിട്ടും അവൾ താജ്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു..ആ ശ്രമം പാഴായി പോയി.എന്നാലും അവൾ കണ്ണുകളെ ഒഴുകാൻ അനുവദിച്ചില്ല. ആവതും പിടിച്ചു നിർത്തി.. "കൊല്ലണ്ടേ നിനക്ക് അവരെ... " താജ് ശാന്തതയോടെ, എന്നാൽ ഉള്ളിൽ അലയടിക്കുന്ന കൊടും പകയുടെ ചൂടോടെ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി.. "വേണ്ടാ..കൊല്ലണ്ടാ.കൊല്ലാതെ കൊല്ലണം എനിക്ക് അവരെ.. എങ്ങനെയാണോ എന്റെ ഉമ്മാനെ ഇഞ്ചിഞ്ചായി കൊന്നത് അവർ.. അതുപോലെ കൊല്ലണം എനിക്ക് അവരെ..ശരീരത്തിന്റെ ഓരോ ഭാഗവും തളർന്നു പോയി ഒന്ന് അനങ്ങാൻ പോലും ആകാതെ കിടന്ന കിടപ്പിൽ തന്നെ നരകിച്ച് തീരണം അവരോരുത്തരും.അങ്ങനെ ചത്തു തുലയുന്നത് കാണണം എനിക്ക് അവരെ..അതിനാ ഞാൻ കാത്തിരിക്കുന്നത്..ആ ദിവസം വന്നെത്താനാ ഞാൻ ജീവിച്ചിരിക്കുന്നത്..." അവളുടെ കണ്ണുകൾ ചുമന്നു മറിഞ്ഞു.ഒരു പ്രതികാര ദാഹിയെ പോലെ അവൾ കിതക്കാൻ തുടങ്ങി... "ഞാൻ ഉണ്ടാകും നിന്നോടൊപ്പം.. അവരുടെ ഉന്മൂലനം കാണാൻ ഞാനും ഉണ്ട്..നീ തനിച്ചല്ല..നിന്റെ കണ്കുളിർക്കെ നിനക്കതു കാണാം.. ഞാൻ കാണിച്ചു തരാം.. "

അവൻ അവളെ ചേർത്തു പിടിച്ചു ആ നെറുകിൽ തഴുകി ക്കൊണ്ടിരുന്നു.പതിയെ അവളിലെ രൗദ്ര ഭാവം അണഞ്ഞു പോയി.. അവൾ മുഖം ഉയർത്തി അവനെ നോക്കി.. "എന്തെടി രാക്ഷസി.. " "ഞാനൊരു കാര്യം ചോദിക്കട്ടെ.. ദേഷ്യം വരരുത്..എങ്ങാനും ദേഷ്യപ്പെട്ടാൽ അടിച്ചു നിന്റെ മോന്തയുടെ ഷേപ്പ് മാറ്റി കളയും.. " അവൻ ആദ്യം വന്നിരുന്നപ്പോൾ പറഞ്ഞ അതേ ടോണിൽ അവളും പറഞ്ഞു.. "ഇല്ല..നീ ചോദിക്ക്.. " നേരത്തെ അവൾക്ക് വന്ന അതേ ചിരി അവനും വന്നു..അവൾ അവന്റെ കൈ എടുത്തു മാറ്റി അവനിൽ നിന്നും അല്പം അകന്നിരുന്നു.. എങ്ങാനും ദേഷ്യം വന്നാലോ.. അവനല്ലേ ആള്..പറയാൻ പറ്റില്ല. അത് കൊണ്ടു ഒരു കൈ അകലം പാലിക്കം.ജസ്റ്റ്‌ ഒരു മുൻകരുതൽ.. അത്രേയുള്ളൂ😀 "ഞാൻ എന്റെ ഉപ്പാനെയും ഉമ്മനെയും കുറിച്ച് പറഞ്ഞല്ലോ.. ഇനി നീ പറ..നിന്റെ ഉമ്മാക്ക് എന്താ സംഭവിച്ചത്.. " അവൾ രണ്ടും കല്പിച്ചു ചോദിച്ചു. അവന്റെ മുഖം മാറി മറിഞ്ഞു.. ആ മുഖത്ത് ഓടുന്ന ഭാവം ദേഷ്യമാണോ വേദനയാണോ സങ്കടമാണോ എന്നൊന്നും അവൾക്ക് അറിഞ്ഞില്ല..ഉടനെ കൈ നീട്ടി അവന്റെ കൈക്ക് മുകളിൽ കൈ വെച്ചു.. "ദേഷ്യപ്പെടില്ലന്ന് പറഞ്ഞതാ..അത് മറക്കണ്ട.. " അവൾടെ കണ്ണുകൾ കെഞ്ചി.. "ഇല്ല..ദേഷ്യമൊന്നുമില്ല.. " അവൾക്ക് സമാധാനമായി..

സന്തോഷത്തോടെ കൈ പിൻവലിച്ചു പറാന്നും പറഞ്ഞു അവനെ നോക്കിയിരുന്നു.. "നീ കരുതുന്നത് പോലെ എന്റെ ഉമ്മ മരിച്ചു പോയിട്ട് ഒന്നുമില്ല.. ജീവിച്ചിരിപ്പുണ്ട്... " "എന്താ..എന്താ പറഞ്ഞത്.. " അവൾ ഞെട്ടലോടെ അതിലുപരി വിശ്വാസം വരാതെ അവനെ നോക്കി.. "മ്മ്..സത്യമാ ഞാൻ പറഞ്ഞത്.. ഇത്തിരി മാത്രം പറയാം.. അതുതന്നെ നീ രണ്ടുവട്ടം ചോദിച്ചതു കൊണ്ടാ..അതു കേട്ടു നിർത്തിക്കോണം..ഇങ്ങോട്ട് ചോദ്യമൊന്നും വേണ്ടാ.. ഡാഡും മമ്മയും പിരിഞ്ഞതാ.. വർഷങ്ങൾക്ക് മുൻപേ.. എനിക്കൊരു ഏഴു വയസ് ഉണ്ടാകും..നിയമ പരമായി വേർപിരിഞ്ഞിട്ടില്ല..ഡാഡ്മൊത്തു അഡ്ജസ്റ്റ് ചെയ്യാൻ മമ്മയ്ക്കോ മമ്മയുമൊത്തു അഡ്ജസ്റ്റ് ചെയ്യാൻ ഡാഡ്നോ പറ്റിയില്ല.. അതിലേറെ ഞാൻ..ഞാനുമായിട്ടായിരുന്നു മമ്മ തീരെ അഡ്ജസ്റ്റ് ആവാത്തത്.. ചെറുപ്പത്തിലെ എനിക്ക് വാശി കൂടുതലാ..എന്തിനും ഏതിനും എന്റെ ഇഷ്ടം..ഡാഡ് അതിനൊക്കെ സപ്പോർട്ട് ചെയ്തു..എന്നാൽ മമ്മയ്ക്കു അതൊന്നും ഇഷ്ടമല്ലായിരുന്നു..മമ്മയെ ഞാൻ അനുസരിക്കുന്നില്ല,പകരം ഡാഡ്നെ മാത്രം അനുസരിക്കുന്നു എന്നതായിരുന്നു പരാതി.. അത് സത്യവും ആയിരുന്നു..ഡാഡ്നെ ഞാൻ അനുസരിച്ചു.അത് ഡാഡ് എന്റെ ഇഷ്ടങ്ങളെ അറിയുകയും അത് നേടി തരുകയും ചെയ്തിരുന്നതു കൊണ്ടാ...

എന്നാൽ മമ്മ ആകട്ടെ..എന്റെ ഇഷ്ടങ്ങൾ കാണാനും അറിയാനും ശ്രമിക്കാതെ മമ്മയുടെ ഇഷ്ടങ്ങൾ എന്നിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു..ഞാൻ അതിന് നിന്നു കൊടുത്തില്ല..മമ്മ എതിർത്തിട്ടും എന്റെ ഇഷ്ടങ്ങളിലൂടെ മാത്രം സഞ്ചരിച്ചു.. " "അപ്പൊ ഇപ്പൊ എവിടെ..... " അവൾ ചോദിച്ചു തീർന്നില്ല..അവൻ കൈ ഉയർത്തി തടഞ്ഞു. "ചോദ്യമൊന്നും വേണ്ടാന്ന് പറഞ്ഞത് അല്ലെ..ഇത്ര നീ അറിയണമെന്ന് തോന്നി.. അതുകൊണ്ട് പറഞ്ഞു..ഇവിടെ വിട്ടോണം..ഇനി ഈ വിഷയം സംസാരിക്കേണ്ട..ഇതിനെകുറിച്ച് ചോദിക്കാൻ അമൻന്നും വിളിച്ചു പുറകെ വരേം വേണ്ടാ.. " അവൻ എണീറ്റു പോയി..അത് പക്ഷെ ദേഷ്യം കൊണ്ടല്ല.വേദന കൊണ്ടായിരുന്നു..അവന്റെ കണ്ണ് നിറയാൻ തുടങ്ങിയിരുന്നു. രക്ഷപെടാൻ വേണ്ടിയാ അവനാ ദേഷ്യം കാണിച്ചത്.. അവളും വേദനയിൽ ആയിരുന്നു.. ഇങ്ങനൊരു പാസ്ററ് ആകും അവനെന്നു കരുതിയില്ല.. ഉമ്മ മരണപ്പെട്ടു പോയത് കൊണ്ടാ തനിക്ക് ആ സ്നേഹം അനുഭവിക്കാൻ കഴിയാതെ പോയത്.. എന്നാൽ അവന്.. ഉമ്മ ജീവനോടെ ഉണ്ടായിട്ടും അവനാ സ്നേഹം അറിഞ്ഞില്ല..എന്തിന്.. ആ സാമീപ്യം പോലും അവന് അന്യമായി..ഉപ്പ അവനെ അമിതമായി സ്നേഹിക്കുമ്പോൾ ഒക്കെ അത് അവനെ വഷളാക്കുകയാണെന്ന കരുതിയത്.

എന്നാൽ ഒരുവട്ടം പോലും അവനു നഷ്ടമായ സ്നേഹത്തെ നൽകുകയാണെന്ന് ചിന്തിച്ചില്ല. അവളുടെ കണ്ണുകൾ വീണ്ടും നനഞ്ഞു.. *** സന്ധ്യയ്ക്ക് കുളി കഴിഞ്ഞിറങ്ങുമ്പോൾ അവളുടെ ഒരു കോഫി പതിവാണ്.ഇന്ന് അത് കിട്ടിയില്ല.മറന്നു പോയോന്ന് കരുതി അവൻ ഒരു ബനിയൻ എടുത്തിട്ടു നനഞ്ഞ മുടിയും കുടഞ്ഞോണ്ട് താഴേക്ക് ഇറങ്ങി.. ഹാളിൽ ഒന്നും അവളെ കണ്ടില്ല. നോക്കുമ്പോൾ കിച്ചണിൽ ഉണ്ട്. ആള് തിരിഞ്ഞു നിന്നിട്ടാ ഉള്ളേ. എന്തോ പണിയിൽ ആണെന്ന് അവനു മനസ്സിലായി.ശബ്ദം ഉണ്ടാക്കാതെ പിന്നിലൂടെ ചെന്നു നോക്കി.കാര്യമായ പണിയൊന്നുമല്ല,,വെജിറ്റബിൾ കട്ടിങ് ആണ്.അവൻ അരികിൽ വന്നത് ഒന്നും അവൾ അറിഞ്ഞില്ല. ശ്രദ്ധ മുഴുവനും ചെയ്യുന്ന ജോലിയിലാണ്.അവൻ പതിവ് കുറുമ്പ് പുറത്ത് എടുത്തു.അവളുടെ ചെവിയിലേക്ക് ശക്തിയായി ഒന്ന് ഊതി വിട്ടു.അവൾ പുളഞ്ഞതു മാത്രമല്ല..കയ്യിലെ കത്തിയും സ്ലാബിലെ കട്ടിങ് ബോർഡും താഴെ പോയി..മുറിച്ചു വെച്ച വെജിറ്റബിൾസെല്ലാം നാല് ഭാഗത്തേക്ക്‌ ചിതറി.അത് കണ്ടു അവൻ വായും പൊത്തി പിടിച്ചു ചിരിക്കാൻ തുടങ്ങി.അവൾക്ക് ചെറു വിരൽ തൊട്ടങ്ങു എരിഞ്ഞു കയറി വന്നു. "വല്ലാണ്ട് കൂടുന്നുണ്ട് നിനക്ക്..കത്തി കയ്യിൽ ഇരിക്കുമ്പോഴാണോ കുസൃതി കാണിക്കാൻ വരുന്നത്..

എങ്ങാനും മുറിഞ്ഞു പോയിരുന്നെങ്കിലോ.. " "അല്പം ചോര പോകും..അത്രയല്ലേ ഉള്ളൂ.. " അവൻ കൂസൽ ഇല്ലാതെ പറഞ്ഞു.. "പോടാ പട്ടി..നിനക്കൊക്കെ കരിങ്കല്ല് പോലെത്തെ ബോഡിയും അതിൽ ഫുൾ ടാങ്കു ബ്ലഡും ഉണ്ട്..എനിക്ക് അതൊന്നുമില്ല..ഒന്ന് മുറിഞ്ഞാൽ തീർന്ന്..തല കറങ്ങാനും ഗ്ളൂക്കോസ് കയറ്റാനുമേ നേരം കാണുള്ളൂ പിന്നെ..നിന്നെയൊക്കെ വിഷം തന്ന് കൊല്ലുകയാ വേണ്ടത്.. ഒരുതരത്തിലും മനുഷ്യൻമാരെ വെറുതെ വിടില്ലന്ന് പറഞ്ഞാൽ.. " അവൾ അവനെ കൊല്ലുന്നത് പോലെ നോക്കി.മുഖം ദേഷ്യം കൊണ്ടു ചുവന്നു തുടുത്തിരുന്നു. "ദേഷ്യം വരുമ്പോൾ നീ നീയാകുന്നു.. എന്റെ ഭാര്യ ആകുന്നു.. " അവൻ ചുണ്ട് കടിച്ചു പിടിച്ചു ചിരി ഒതുക്കി.. "ദേ..വല്ലാണ്ട് അങ്ങ് ഒലിപ്പിക്കാൻ വരല്ലേ..പള്ളയ്ക്കു അങ്ങ് കയറ്റി കളയും..പറഞ്ഞാൽ പറഞ്ഞതാ.. അറിയാല്ലോ എന്നെ.. " അവൾ നിലത്തു കിടക്കുന്ന കത്തി എടുത്തു അവന്റെ പള്ളയ്ക്ക് ഓങ്ങി.. "ഓ..അതിനും മാത്രമൊക്കെ ധൈര്യമുണ്ടോ നിനക്ക്.. " "എന്താ സംശയം..കാണണോ നിനക്ക്.. " എന്നും പറഞ്ഞു അവൾ കത്തി ഉയർത്തി അതിലേക്കു നോക്കി..

ശേഷം അവനെയും. പതിയെ അവളാ കത്തി അവന്റെ നെഞ്ചിനു നേരെ കൊണ്ടു പോയി.. ഇനി എങ്ങാനും പറഞ്ഞത് പോലെ കയറ്റി കളയുമോ..ഇവൾ ഇതെന്തിനുള്ള പുറപ്പാടാ..അവൻ കണ്ണ് എടുക്കാതെ അവളെ തന്നെ നോക്കി.അവൾ അപ്പൊത്തന്നെ കത്തിയുടെ മുന അവന്റെ നെഞ്ചിൽ കുത്തി നിർത്തി..അതും ആ നെഞ്ചിൽ അമരുകയോ മുറിപ്പാടുകളോ എന്തിന്..ഒരു മുള്ളു തറക്കുന്നത് പോലെയോ തറക്കാത്ത വിധത്തിൽ.. "കൊല്ലുമോ നീയെന്നെ.. " അവൻ ചെറുചിരിയോടെ അവളെ നോക്കി. "ഇല്ല..കൊല്ലില്ല..നീയല്ലേ പറഞ്ഞത് ഈ നെഞ്ചിൽ ഞാൻ ആണെന്ന്.. വല്ലതും ചെയ്താൽ വേദനിക്കുന്നത് എനിക്ക് ആയിരിക്കുമെന്ന്.. തത്കാലം ഞാൻ വേദനിക്കാൻ ആഗ്രഹിക്കുന്നില്ല..അതോണ്ട് കൊല്ലാതെ വിടാം.." അവളും ചിരിച്ചു.അവന്റെ നെഞ്ചിൽ നിന്നും കത്തി മാറ്റി സ്ലാബിലേക്ക് വെച്ചു.. "കത്തി നെഞ്ചിൽ കൊണ്ടില്ലേലും ആ ചിരി കൊണ്ടു മോളെ..ഈ നെഞ്ചിൽ തന്നെ കൊണ്ടു.. " അവൻ എരിവ് വലിച്ചു നെഞ്ച് അമർത്തി തടവി കാണിച്ചു. "മോനെ..മേയർ പുത്രാ..ഒരുവട്ടം പറഞ്ഞു ഒലിപ്പിക്കാൻ നിക്കണ്ടന്ന്.. വീഴില്ല ഞാൻ..ഇത് ലൈലയാണെന്ന കാര്യം ഓർത്തോ നീ.. " "നീ വീഴില്ല..പക്ഷെ ഞാൻ വീഴ്ത്തിക്കും.."

അവന്റെ നിൽപ്പും നോട്ടവുമൊന്നും പന്തിയായി തോന്നിയില്ല അവൾക്ക്. അവൻ ഒന്ന് തൊട്ടാൽ മതി.അവിടെ തീർന്ന്.പിന്നെ എനിക്ക് എന്താ സംഭവിക്കുന്നേന്ന് എനിക്ക് തന്നെ അറിയില്ല.ഇന്നലെ തന്നെ നാണം കെട്ടു മരിച്ചതാണ്. ഓരോന്ന് ഓർത്തതും അറിയാതെ തന്നെ അവളുടെ കാലുകൾ പിന്നിലേക്ക് നീങ്ങി.പക്ഷെ അവൻ കൈ നീട്ടി അവളെ പിടിക്കുകയും നെഞ്ചിലേക്ക് വലിച്ചു ഇടുകയും ചെയ്തു.അവൾ പിടയ്ക്കുന്ന മിഴികളോടെ മുഖം ഉയർത്തി അവനെ നോക്കി. "വീഴ്ത്തട്ടേ... " അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി..ആ ചാര കണ്ണുകളെ നേരിടാൻ ആവാതെ അവൾ മുഖം കുനിച്ചു.ഒപ്പം ആകെ വിയർക്കാനും തുടങ്ങി. "പറയെടി..വീഴ്ത്തട്ടേ ഞാൻ.. ഏതായാലും നീ വീഴില്ലന്ന സ്ഥിതിക്ക് ഞാൻ നിന്നെ വീഴ്ത്തിയല്ലേ പറ്റൂ.. " അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി വീണ്ടും ആ കരിനീല കണ്ണുകളിലേക്ക് നോക്കി..അവൾ വേണ്ടാന്നുള്ള അർത്ഥത്തിൽ തലയാട്ടി.. "പിന്നെന്തിനാ വെല്ലുവിളിച്ചത്.." "വിളിക്കും..അതൊക്കെ എന്റെ ഇഷ്ടമാ..നീ എന്തിനാ കൂടെ കൂടെ എന്റെ കയ്യിലും കാലിലും പിടിച്ചു വലിക്കുന്നത്.ഒറിജിനൽ ആണോന്ന് ടെസ്റ്റ്‌ ചെയ്തു നോക്കുന്നതാണോ.. ഷോൾഡർ ഇളകി പോയെന്നാ തോന്നുന്നത്.."

അവനെ പറ്റിച്ചേർന്നു നിന്നാൽ കുക്കിംഗ്‌ മൂഡ് റൊമാൻസ് മൂഡിലേക്ക് എത്തുമെന്ന് പേടിച്ച് അവൾ ദേഷ്യം നടിച്ചു അവന്റെ നെഞ്ചിൽ കൈ വെച്ചൊരു തള്ള് കൊടുത്തു.എന്നിട്ടു എന്ത് വേദനയാന്നും പറഞ്ഞു കൈ കുടയാൻ തുടങ്ങി. "മോളെ..ഈ ദേഷ്യം ഒരു രക്ഷപെടലാണെന്ന് എനിക്കറിയാം.. എത്ര നാൾ പറ്റും നിനക്ക് ഇങ്ങനെ.." "രക്ഷപെടലോ..എന്ത് രക്ഷപെടൽ.. എന്ത് പറ്റുമെന്നാ ഈ ചോദിക്കുന്നത്.. എനിക്ക് ദേഷ്യം വന്നിട്ട് തന്നെയാ..അരിഞ്ഞതൊക്കെ താഴെ പോയി..ഇനി എനിക്ക് വയ്യാ.. നീ ചെയ്താൽ മതി..കട്ടിങ് മാത്രല്ല.. കുക്കിംഗ്‌ കൂടെ നീ ചെയ്യണം..അതാ നിനക്കുള്ള പണിഷ്മെന്റ്.. " "ഇന്നിനി കുക്കിംഗ്‌ ഒന്നുമില്ല. ഡിന്നർ പുറത്തുന്നാ.. " "പുറത്തുന്നോ..അത് വേണ്ടാ. അതൊന്നും ശെരിയാകില്ല.." "എന്തുകൊണ്ട് ശെരിയാകില്ല...?" "ഞാൻ ചപ്പാത്തിക്കുള്ള മാവ് കുഴച്ചു. " "അതിനെന്താ..അത് എടുത്തു ഫ്രിഡ്ജിൽ വെക്ക്..ഞാനും നീയും മാത്രമല്ല..ഡാഡ് കൂടെ ഉണ്ട്..മുൻപ് വീക്കിൽ one ഡേ ഡാഡ് എനിക്ക് തരും..എല്ലാ തിരക്കും മാറ്റി വെച്ചു രാവിലെ മുതൽ രാത്രി വരെ ഞങ്ങൾ അടിച്ചു പൊളിക്കും..ഈ നഗരം മുഴുവൻ ചുറ്റി കറങ്ങും.. ഇഷ്ടമുള്ളത് വാങ്ങിക്കും. ഇഷ്ടമുള്ളത് കഴിക്കും.കയറി ഇറങ്ങാത്ത സ്ഥലമില്ല.അങ്ങനെ തൂത്തു വാരും.ഡാഡ്ൻറെ പോക്കറ്റ് empty ആവാതെ മടക്കമില്ല..

ഇപ്പൊ കൊറേ നാളായി അത് ഇല്ല..സത്യം പറഞ്ഞാൽ നമ്മുടെ കല്യാണം കഴിഞ്ഞതിനു ശേഷം..സോ ആ കുറവ് ഇന്ന് നികത്തണം.ഡാഡ് ഇപ്പം വരും..വേഗം റെഡി ആവ്.. ചെല്ല്.. " അവൻ അവളുടെ കവിളിൽ തട്ടി.. അവളുടെ മുഖം വിടർന്നു..നൈറ്റ് ഷോപ്പിങ്ങും ഊര് തെണ്ടലും ഫുഡടിയുമൊക്കെ ഒരുപാട് ഇഷ്ടമാണ്.അവന്റെ ഒന്നിച്ച് പോകുന്നതിൽ ഇഷ്ടകുറവ് ഒന്നുമില്ല.എന്നാലും എങ്ങനെയാന്ന് കരുതിയാ വേണ്ടാന്ന് പറഞ്ഞത്. ഉപ്പയും ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി.തുള്ളി ചാടാൻ വരെ തോന്നി.ഇപ്പൊ റെഡി ആവാമെന്നും പറഞ്ഞു റൂമിലേക്ക് ഓടി.അതേ സ്പോട്ടിൽ താഴേക്ക് ഓടി വന്നു.. "എന്തെടി.. " പോയ പോലെന്നെ അവൾ വന്നത് കണ്ടു അവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി. "കോഫി..നിന്റെ കോഫി..അവിടെ എടുത്തു വെച്ചിട്ടുണ്ട്..തരാൻ മറന്നു..തണുത്തിട്ട് ഉണ്ടാകും.. ചൂടാക്കി കുടിച്ചോ... " അവൾ കിതച്ചു കൊണ്ടു പറഞ്ഞു.. ഒപ്പം നെഞ്ചും തടവുന്നുണ്ട്.. "ഇതിനാണോ മരണ പാച്ചിൽ പാഞ്ഞത്..നേരാവണ്ണം നടന്നാൽ തന്നെ വയ്യാ അവൾക്ക്.അപ്പോഴാ ഓട്ടവും ചാട്ടവുമൊക്കെ..

ഞാൻ കുടിച്ചോളാം.പയ്യെ കയറിപ്പോ.. " അവൻ അവളെ ശാസിച്ചു.. "നന്ദി വേണമെടാ നന്ദി..പതിവ് കോഫി മുടക്കണ്ടാന്ന് കരുതി വന്നു പറഞ്ഞതാ.അന്നേരം എന്നെ നോക്കി പേടിപ്പിക്കുന്നു.പോടാ നന്ദിയില്ലാത്ത തെണ്ടി.. " അവൾ മുഖം തിരിച്ചു മോളിലേക്ക് കയറിപ്പോയി.. മോളെ...നിന്നെ വീഴ്ത്താൻ ഇനി ഒരുപാട് ഉന്തൊന്നും വേണ്ടാ എനിക്ക്..കൂടി പോയാൽ ഒന്നോ രണ്ടോ മാത്രം.ഇപ്പൊത്തന്നെ നീ ബാലൻസ് ഇളകി നിക്കുവാ.. അവനൊരു ചിരിയോടെ അവൾ കയറി പോകുന്നതും നോക്കി നിന്നു.. *-*--* "ഇലകൾ തമ്മിൽ തൊടുമെന്ന് പേടിച്ച് അന്ന് അകറ്റി നട്ട മരങ്ങൾ ഇന്ന് മണ്ണിനടിയിൽ വെച്ചു വേരുകൾ കൊണ്ടു കെട്ടിപ്പിടിക്കുന്നു.." റെസ്റ്റോറന്റ്റിൽ അവർക്ക് പുറകിലെ ചെയറിൽ ഇരിക്കുന്ന വക്കീൽ അങ്കിൾൻറെ കണ്ണുകൾ അവർ മൂവരിൽ ഉടക്കി.പരസ്പരം ചിരിച്ചും സംസാരിച്ചും കൊണ്ടു ഭക്ഷണം കഴിക്കുന്ന താജിനെയും ലൈലയെയും മാറി മാറി നോക്കിക്കൊണ്ട് അയാളുടെ ചുണ്ടുകൾ പതിയെ ഉരുവിട്ടു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story