ഏഴാം ബഹർ: ഭാഗം 56

ezhambahar

രചന: SHAMSEENA FIROZ

 ലൈലയുടെ ശ്രദ്ധ മുഴുവനും താജിലായിരുന്നു..ആദ്യമായിട്ടാണ് അവനെ ഇങ്ങനെ വാ തോരാതെ സംസാരിക്കുന്നതും ചിരിക്കുന്നതുമൊക്കെ അവൾ കാണുന്നത്.ഒരു ഗ്യാപ്പില്ല. ഒന്നു പറയുന്നു.ചിരിക്കുന്നു. വീണ്ടും പറയുന്നു.ചിരിക്കുന്നു..ഉപ്പാന്റെ അരികിൽ അവൻ പോത്ത് പോലെ വളർന്ന തെമ്മാടിയല്ല, പകരം ഇന്നും വാത്സല്യം വിട്ടു മാറാത്ത കൊച്ചു കുഞ്ഞാണെന്ന് തോന്നി അവൾക്ക്..അത്രക്കും ഉണ്ടായിരുന്നു ആ മുഖത്തെ കുറുമ്പും കളിയും ചിരിയുമൊക്കെ..അവൾ കണ്ണ് എടുക്കാതെ അവനെ നോക്കിയിരുന്നു.ആ കവിളുകളിൽ വിരിയുന്ന നുണക്കുഴികൾ അവളുടെ കണ്ണുകളെ വിടർത്തി കളഞ്ഞു.അവൾ അവന്റെ രണ്ടു കവിളും മാറി മാറി നോക്കി. നുണക്കുഴി നോക്കി വെള്ളം ഇറക്കിക്കൊണ്ട് ഇരിക്കുമ്പോൾ തന്നെ അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിലേക്ക് തെന്നി.. പിന്നെ നുണക്കുഴി നോക്കാൻ ഒന്നും നിന്നില്ല.അവന്റെ ആ ചാര കണ്ണുകൾടെ ഭംഗി അളന്നു കൊണ്ടിരുന്നു..സത്യം പറഞ്ഞാൽ അവൾ പോലും അറിയാതെ അവൾ അവന്റെ സൗന്ദര്യം ഒപ്പി എടുക്കുകയായിരുന്നു..

"വായിനോക്കുക ആണെങ്കിൽ ഇങ്ങനെ നോക്കണം..എന്താ അന്തസ്... ഉളുപ്പ് ഉണ്ടോടീ നിനക്ക് സ്വന്തം കെട്ട്യോനെ തന്നെ വായിനോക്കി ഇരിക്കാൻ..കഴിഞ്ഞെങ്കിൽ എഴുന്നേൽക്കടീ..വായിനോക്കി ഇരിക്കുന്നു പോത്ത്.." പെട്ടെന്നുള്ള അവന്റെ ശബ്ദത്തിൽ അവളൊന്നു ഞെട്ടി.വേഗം ചുറ്റിനും നോക്കി.ആരും കണ്ടില്ലന്ന് കണ്ടതും സമാധാനമായി.അവനെ നോക്കി ഒന്നു പല്ല് ഇളിച്ചു കാണിച്ചു.ഉപ്പ പിന്നെ നേരത്തെ എണീറ്റു വാഷ് ചെയ്യാൻ പോയിരുന്നു.അവളും എണീറ്റു ആ ഭാഗത്തേക്ക്‌ വിട്ടു.. അവൾക്ക് ആകുന്നത് വരെ ഉപ്പ അവിടെ നിന്നു.എന്നിട്ടു ഒന്നിച്ച് വന്നു.അവൾ വക്കീൽ അങ്കിൾനെ കണ്ടില്ല.പക്ഷെ ഉപ്പ കണ്ടു.ഉപ്പാന്റെ മുഖ ഭാവം ആകെ മാറി മറിഞ്ഞു. മനസ്സിലൂടെ എന്തൊക്കെയോ ഓടി മറയാൻ തുടങ്ങി.വക്കീൽ തങ്ങളെ ശ്രദ്ധിക്കുന്നത് ഉപ്പ അറിഞ്ഞു.പിന്നെ അവിടെ നിന്നില്ല. "നീ വാ..ഞങ്ങളു പുറത്ത് കാണും.." എന്ന് താജ്നോട് പറഞ്ഞു പെട്ടെന്ന് അവിടെന്ന് പോയി.പോകുമ്പോൾ ലൈലയെയും വിളിച്ചു.അവൾ താജ്നെ നോക്കി.അവൻ ചെല്ല് എന്ന് കണ്ണ് കൊണ്ടു ആങ്ങിയം കാണിച്ചു. "മതിയെടാ തീറ്റ പണ്ടാരമേ..ഒന്നു എണീറ്റു വാ.. " അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു കൊണ്ടു അവൾ ഉപ്പാന്റെ പിന്നാലെ ചെന്നു.

ഉപ്പാന്റെ മനസ്സ് ആകെ അസ്വസ്ഥതമായിരുന്നു.അതുകൊണ്ട് തിരിച്ചുള്ള യാത്രയിൽ അവരോടു കളിചിരിക്ക് ഒന്നും നിന്നില്ല. പുറകിൽ ആയിരുന്നു ഇരുന്നത്. സീറ്റിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു.ഡ്രൈവിങ്ങിൽ ആയത് കൊണ്ടു അവനും മൗനമായിരുന്നു. അവൾക്ക് ആണേൽ ഒന്നും മിണ്ടാതെയും പറയാതെയും ഇരിക്കുന്നത് കൊണ്ടു ആകെയൊരു വീർപ്പു മുട്ടൽ.അവനെ നോക്കി. അവന് ഒരു മൈൻഡും ഇല്ല. ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ.അവൾ അവനെ വിളിച്ചു.അവൻ മൂളി. അവൾക്ക് അത് പോരായിരുന്നു. വീണ്ടും വിളിച്ചു.വീണ്ടും മൂളി അവൻ.അവൾ രണ്ടും കല്പിച്ചിട്ട് ആയിരുന്നു.മൂന്നാമതും വിളിച്ചു. ഇപ്രാവശ്യം അവൻ മൂളിയില്ല. പകരം അവളുടെ നേരെ തിരിഞ്ഞു അടിച്ചു നിന്റെ ചെവി പൊട്ടിച്ചു കളയും എന്നൊരു അലർച്ചയായിരുന്നു. "അപ്പൊ നാക്ക് ഒക്കെ ഉണ്ടല്ലേ.ഞാൻ വിചാരിച്ചു ഫുഡ്‌ വിഴുങ്ങുന്ന കൂട്ടത്തിൽ നീ അതും വിഴുങ്ങി കളഞ്ഞെന്ന്.." "എന്താടി കോപ്പേ നിനക്ക്.." "എനിക്ക് ബോറടിക്കുന്നു..." "അതിനിവിടെ അവാർഡ് പടം കാണുവല്ല..വീട്ടിലേക്ക് പോകുവാ.. " "നിനക്കെന്താ മിണ്ടിയാൽ..? " "ഞാൻ ഡ്രൈവ് ചെയ്യുന്നത് കണ്ടൂടെ..? " "അതിനെന്താ..നാവു വെച്ചാണോ നീ ഡ്രൈവ് ചെയ്യുന്നത്.. " "ഭർത്താക്കൻമാർ ഡ്രൈവിങ്ങിൽ ഉണ്ടാകുമ്പോൾ സാധാരണ ഭാര്യമാർ പറയാറ് സൂക്ഷിക്കണം ശ്രദ്ധിക്കണം എന്നൊക്കെയാ..

നീ എന്താടി ഇങ്ങനെ..അങ്ങ് പരലോകമാണോ നിന്റെ മനസ്സിൽ.. മിണ്ടാതെ ഇരുന്നോണം..ഇല്ലേൽ പറഞ്ഞത് പോലെ ഒന്നു പൊട്ടിക്കും ഞാൻ..കേട്ടോടി.. " അവൻ അവളെ നോക്കി പേടിപ്പിച്ചു. അവൾക്ക് അതൊന്നും എവിടെയും ഏശിയില്ല..ചില നേരങ്ങളിൽ മാത്രമേ അവൾക്ക് ഒരുപാട് സംസാരിക്കാൻ തോന്നാറുള്ളൂ..ആ നേരത്തു അവൾക്ക് സംസാരിക്കണം. സംസാരിച്ചു തന്നെ ആകണം. അരികിൽ ഉള്ളയാൾ അവളെ കേൾക്കുകയും വേണം.അതിനി അരികിൽ ഉള്ളത് ആരായാലും. അല്ലാണ്ട് വായ കെട്ടി പൂട്ടി വെക്കാൻ പറ്റില്ല.വെച്ചാൽ കലിയും ഭ്രാന്തുമൊക്കെ ഒന്നിച്ച് വരും. അതോണ്ട് അവൾ വിട്ടതേയില്ല. വിളിച്ചും മിണ്ടിയും പറഞ്ഞുമൊക്കെ അവനെ ശല്യപ്പെടുത്തി കൊണ്ടിരുന്നു.അവൻ നോക്കി കണ്ണുരുട്ടി കാണിക്കുമ്പോൾ അവളുടെ വാശി കൂടും.പിന്നെ വായ വെച്ചല്ല,,കൈ വെച്ചാ ശല്യം.. ഒരുമാതിരി അവനെ തോണ്ടുകയും പിച്ചുകയും നുള്ളി പറിക്കുകയുമൊക്കെ ചെയ്തു.എന്ത് പറഞ്ഞിട്ടും കാര്യമില്ല,അവൾ അടങ്ങില്ലന്ന് കണ്ടു അവൻ എല്ലാം സഹിച്ചിരുന്നു..സത്യം പറഞ്ഞാൽ സഹിക്കുകയല്ല, അവളുടെ ആ വാശിയും കുഞ്ഞ് കുഞ്ഞ് വികൃതികളുമൊക്കെ അവൻ ആസ്വദിക്കുകയായിരുന്നു.കുറച്ച് നേരം കഴിഞ്ഞതും എല്ലാം താനേ ഇല്ലാണ്ടായി.തല ചെരിച്ചവളെ നോക്കേണ്ട ആവശ്യമൊന്നും വന്നില്ല അവന്.

അതിന് മുന്നേ ഉറക്കം തട്ടി അവൾ അടഞ്ഞു വരുന്ന കണ്ണുകളോടെ അവന്റെ ചുമലിലേക്ക് തല ചായിച്ചു.അത് കണ്ടു അവനൊന്നു പുഞ്ചിരിച്ചു. ** "മേലു കഴുകിയിട്ടു കിടക്കടീ.. ടൗണിലെ മൊത്തം പൊടിയും ഉണ്ടാകും ദേഹത്ത്.. " വീടെത്തിയ അവൾ ഉറക്കം തൂങ്ങിക്കൊണ്ട് വന്ന അതേപടി ബെഡിലേക്ക് വീണത് കണ്ടു അവൻ പറഞ്ഞു. "ഇല്ല..ഉറക്കം വരുന്നു.. " അവൾ അടഞ്ഞു പോകുന്ന മിഴികളാലെ പറഞ്ഞു.. "എന്നാൽ ആ ഡ്രസ്സ്‌ എങ്കിലും മാറ്റ്.. വൈകുന്നേരെ ഇട്ടത് അല്ലേ.. " "വയ്യ..മടി ആകുന്നു.. " അവൾ മുഖം തലയിണയിലേക്ക് അമർത്തി വെച്ചു.. "ശെരി..മോള് ഉറങ്ങിക്കോ.. പക്ഷെ രാവിലെ എണീക്കുമ്പോൾ ഈ കോലത്തിൽ ഉണ്ടാകില്ലന്ന് മാത്രം. അറിയാല്ലോ എന്നെ..അന്നൊരു ദിവസം മാറ്റി തന്നത് പോലെത്തന്നെ മാറ്റി തരും ഞാൻ..ഇന്ന് പിന്നെ മാറ്റൽ മാത്രമായിരിക്കില്ല.. ആഞ്ഞൊരു പെരുമാറലും ഉണ്ടാകും.അതിനൊന്നും കുഴപ്പം ഇല്ലങ്കിൽ പൊന്നു മോള് ഇങ്ങനെ തന്നെ ഉറങ്ങിക്കോട്ടോ.. " അവൻ അവളുടെ അടുത്ത് ചെന്നു പറഞ്ഞു.

അവളുടെ ഉറക്കമൊക്കെ അങ്ങ് പമ്പ കടന്നു.ചാടി എണീറ്റിരുന്നു അവനെ നോക്കി. അവൻ എന്തുവേണമെന്നുള്ള അർത്ഥത്തിൽ പുരികം പൊക്കി. "എന്തൊരു കഷ്ടാ ഇത്.. " അവൾ മുഖവും ചുളിച്ച് പിറു പിറുത്ത് കൊണ്ടു ബെഡിന്ന് എണീറ്റു.ഷെൽഫിന്ന് ടൗവലും നൈറ്റ് ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് കയറി.ഡ്രസ്സ്‌ മാറ്റൽ മാത്രമല്ല,മേലും തലയുമൊക്കെ കുളിച്ചിട്ടാണ് പുറത്തേക്ക് ഇറങ്ങിയത്.ഇല്ലെങ്കിൽ ഇനി കുളിക്കാതെയാണ് കിടന്നത് എന്നും പറഞ്ഞിട്ട് ഉറങ്ങുന്ന നേരത്ത് തൂക്കി എടുത്തു ബാത്‌റൂമിൽ കൊണ്ടു പോയി ഇട്ടു കുളിപ്പിച്ച് എടുക്കാനും മതി അവൻ.പറയാൻ പറ്റില്ല.അമ്മാതിരി തെണ്ടിയാണ് ഈ തെണ്ടി.അവൾ തലയിന്ന് ടവൽ അഴിച്ചു മുടിയും തുവർത്തിക്കൊണ്ട് ബെഡിൻറെ ഒരു വശത്തു വന്നിരുന്നു.മറുവശത്തു അവൻ മലർന്നിട്ടുണ്ട്.അവൾ അവനെ നോക്കിയതേയില്ല.കുറച്ച് നേരം ഇരുന്നു മുടി തുവർത്തിയും കുടഞ്ഞും ഉണക്കി.കയ്യിലെ ടവൽ ഹാങ്ങറിൽ വിരിച്ചിട്ടു.ശേഷം ബെഡിലേക്ക് കയറി.അവന്റെ ഭാഗത്തേക്ക്‌ തിരിഞ്ഞില്ല.മറ്റേ ഭാഗത്തേക്ക്‌ തിരിഞ്ഞു കിടന്നു. "എടീ..ആ മറുക് സൂപ്പർ ആണുട്ടോ.." അത് കേട്ടതും അവളുടെ കൈ പുറം കഴുത്തിലേക്ക് ചെന്നു.ചെരിഞ്ഞു കിടക്കുന്നവൾ ഉടനെ മലർന്നു കിടന്നു.എന്നിട്ടു തല ചെരിച്ചവനെ കടുപ്പിച്ചു നോക്കി. "നോക്കണ്ട..സത്യമാ പറഞ്ഞത്.. അതിനേക്കാൾ ഭംഗി അരയിൽ ഉള്ളതാ..അതാ കൂടുതൽ രസം.. എല്ലാടത്തും കുഞ്ഞ് കുഞ്ഞ് മറുക് ആണല്ലോടീ നിനക്ക്.. "

"അതിന്..അതിന് നീയെപ്പോ കണ്ടു.." അവൾ ഞെട്ടിക്കൊണ്ട് എഴുന്നേറ്റിരുന്നവനെ നോക്കി.. "അന്ന് ഡ്രസ്സ്‌ മാറ്റി തന്നപ്പോൾ.. " "അപ്പൊ നീ..അപ്പൊ നീ അന്ന് എല്ലാം.. " മുഴുവനും ചോദിക്കാൻ കഴിഞ്ഞില്ല. സങ്കടം കൊണ്ടു അവളുടെ മുഖം വീർത്തു കെട്ടി. "എന്താ സംശയം..ഞാൻ എല്ലാം കണ്ടു..അല്ലേലും കാണാതെ എങ്ങനെയാ..കാണാതെ ചെയ്തിരുന്നു എങ്കിൽ ആകെ കുഴച്ചു വെച്ച പരുവം ആയേനെ.. ഏതായാലും ഞാനാ റിസ്ക് എടുത്തില്ല.. " അവൻ കൂസലൊന്നും ഇല്ലാതെ പറഞ്ഞു.അവൾ ഒന്നും മിണ്ടിയില്ല.. തല താഴ്ത്തി പിടിച്ചിരുന്നു.അവൾ കരയുക ആണെന്ന് അവന് മനസ്സിലായി.മറുവശത്തു കിടക്കുന്നവൻ ഉരുണ്ടു അവളുടെ അടുത്തേക്ക് വന്നു എഴുന്നേറ്റു അവൾക്ക് അഭിമുഖമായി ഇരുന്നു അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി. "അന്നേ പറഞ്ഞത് ആണല്ലോ ഞാനൊന്നും കണ്ടില്ലന്ന്..ലൈറ്റ് ഓഫ് ചെയ്തിട്ടാ മാറ്റി തന്നത് എന്ന്.. പിന്നെന്തിനാ ഇപ്പൊ കണ്ണ് നിറഞ്ഞത്..ഞാൻ അന്ന് ചൂട് പിടിച്ചു തന്നില്ലേ..അപ്പൊ കണ്ടതാ." അവൻ പറഞ്ഞു.കരയുന്നതിന്റെ ഇടയിലും അവൾ അവന്റെ കൈ തട്ടി മാറ്റുകയും മുഖം വീർപ്പിച്ചു വെച്ചവനെ കൂർപ്പിച്ചു നോക്കുകയും ചെയ്തു.

"നോക്കുന്നത് കണ്ടില്ലേ പിശാശ്.. കണ്ണ് കുത്തി പൊട്ടിക്കുകയാ വേണ്ടത്..തല കുനിച്ചിരിക്കുന്ന ഇരുപ്പ് കണ്ടപ്പോ ഞാൻ വിചാരിച്ചു ഇന്ന് ഇവിടെ കരഞ്ഞു കരഞ്ഞു പ്രളയം സൃഷ്ടിക്കുമെന്ന്..എവിടുന്ന്.. അതിന് നാണവും മാനവും ഏഴു അയലത്തൂടെ പോയിട്ട് ഉണ്ടെങ്കിലല്ലേ.. " "വൃത്തികെട്ടവനെ..അത് ഇല്ലാത്തത് നിനക്കാ..ഏഴു അയലത്തു പോയിട്ട് നിന്റെ പതിനേഴു അയലത്തൂടെ പോയിട്ടില്ല അത്..എന്താ നീ പറഞ്ഞത്..കണ്ണ് കുത്തി പൊട്ടിക്കുമെന്നോ..എന്നാൽ നീ കേട്ടോ..പൊട്ടിക്കണ്ടത് നിന്റെ കണ്ണാ..വൈകാതെ ഞാനത് ചെയ്യും.. തെണ്ടി പട്ടി നാറി..നിന്റെ ഈ കണ്ണ് എപ്പോഴും വേണ്ടാത്തിടത്തേക്കേ പോകൂ..നീയും ശെരിയില്ല..നിന്റെ നോട്ടവും ശെരിയില്ല. മൊത്തം പിശകാ..കൊല്ലുമെടാ നിന്നെ ഞാൻ.. " അവൾ രണ്ടു കൈകൊണ്ടും അവന്റെ കഴുത്തിനു പിടിച്ചു. അവൻ അപ്പൊത്തന്നെ അവളെയും കൊണ്ടു പിന്നിലേക്ക് മറിഞ്ഞു.. അവൾ അവന്റെ നെഞ്ചിൽ മുഖവും കുത്തി വീണു.എന്നിട്ടും അവൾ അടങ്ങിയില്ല.എഴുന്നേറ്റു അവന്റെ ദേഹത്ത് കയറിയിരുന്നു അവന്റെ കഴുത്തു പിടിച്ചു ഞെരിക്കാൻ തുടങ്ങി... "അടങ്ങടീ.. " അവൻ അവളുടെ രണ്ടു കയ്യും പിടിച്ചു വെച്ചു.. "വിട്..വിടെടാ.." അവൾ അവന്റെ പിടി വിടുവിക്കാൻ നോക്കി.

അവൻ വിട്ടതേയില്ല.അവളുടെ ആ ദേഷ്യവും പിടപ്പുമെല്ലാം ആസ്വദിച്ചു കൊണ്ടു അവളുടെ മുഖത്തേക്ക് നോക്കി കിടന്നു. "കാണിച്ചു തരാം നിനക്ക്.. " അവൾ അവന്റെ നെഞ്ചിലേക്ക് മുഖം താഴ്ത്തി.അവന് കാര്യം മനസ്സിലായിരുന്നു.എന്നിട്ടും തടഞ്ഞില്ല.മിഴികൾ താഴ്ത്തി അവളെ നോക്കി കിടന്നു.അവളുടെ പല്ലുകൾ അവന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി.അവന് വല്ലാത്ത വേദന അനുഭവപ്പെട്ടു.ഒരുവട്ടം പോലും അവളെ തള്ളാനോ മാറ്റാനോ നോക്കിയില്ല.അതു പോലെത്തന്നെ കിടന്നു കൊടുത്തു നിറപുഞ്ചിരിയോടെ ആ കടി ഏറ്റു വാങ്ങിച്ചു.അത്രയൊക്കെ നൊന്തിട്ടും അവളിലുള്ള അവന്റെ പിടി അയഞ്ഞില്ല.അത് കൊണ്ടു അവൾ ഒന്നൂടെ പല്ല് അമർത്തി. എന്നിട്ടും അവൻ പിടി വിടുന്നില്ലന്ന് കണ്ടതും അവൾ മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് കടുപ്പിച്ചു നോക്കി.ആ ചാര കണ്ണുകളിൽ നനവ് പടർന്നതു അവൾ കണ്ടു. പൊടുന്നനെ അവളുടെ മുഖത്തെ ദേഷ്യം മാഞ്ഞു പോയി. വേണ്ടിയിരുന്നില്ലന്ന തോന്നലോടെ അവളുടെ കണ്ണുകൾ അവന്റെ നെഞ്ചിലേക്ക് നീണ്ടു.അവിടം ചോര കിനിയുന്നുണ്ടായിരുന്നു. "എന്തിനാ എന്നെ തൊടാനും പിടിക്കാനും വരുന്നത്.. അതുകൊണ്ടല്ലേ ഞാൻ ദേഷ്യ......"

അവൾ മുഴുവൻ ആക്കുന്നതിന് മുന്നേ അവൻ അവളുടെ കൈകളിൽ പിടിച്ചിരിക്കുന്ന പിടിയാലെ തന്നെ മറിഞ്ഞു കിടന്നു..അവൾ അടിയിലായി.അവൻ മേളിലും. "ഇതാ ഞാൻ പറഞ്ഞത് സുഖമുള്ള വേദനകൾ മാത്രമേ നീയെനിക്ക് നൽകാറുള്ളൂ എന്ന്.." അവൻ അവളുടെ നെറുകിൽ തഴുകി ആ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. "അമൻ ഞാൻ..ദേഷ്യം വന്നപ്പോ അറിയാതെ..... " അവൾക്ക് എന്ത് പറയണമെന്ന് അറിഞ്ഞില്ല.നോട്ടം അവന്റെ മുഖത്തുന്ന് നെഞ്ചിലേക്ക് തന്നെ പൊക്കോണ്ടിരുന്നു. "ഇതൊക്കെ കൊതിച്ചു തന്നെയാ ദേഷ്യം പിടിപ്പിക്കുന്നത്.എനിക്ക് വേണ്ടത് ഈ ദേഷ്യമാ..എന്നും കാണണം.." അവൻ മുഖം കുനിച്ചു അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു.. അത് അവൾ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു.കണ്ണുകൾ വിടർന്നിരുന്നു.കവിളത്തും കൈ വെച്ചു അവനെ നോക്കി.. "ഒന്നൂടെ തരട്ടെ.. " അവൻ അവളുടെ മറ്റേ കവിളിൽ വിരൽ ഓടിച്ചു.അവളപ്പോ തന്നെ വേണ്ടാന്നും തലയാട്ടിക്കൊണ്ട് ആ കവിൾ പൊത്തി പിടിച്ചു. അവനൊന്നു ചിരിച്ചു. ഉറങ്ങിക്കോന്നും പറഞ്ഞു തലയിലൂടെ ഒന്നും തലോടി അവൻ എണീറ്റു കുളിക്കാൻ പോയി.. അവൾ ആകെ ഫ്യൂസ് പോയത് പോലെ മോളിലേക്കും നോക്കി കിടന്നു.അവൻ മുത്തം വെച്ചത് തന്നെ ഓർമ്മ വരുന്നു.കൈ കവിളിലേക്ക് പോയി.അവിടം പതിയെ ഒന്നു തഴുകി.ചുണ്ടിൽ ചെറുചിരി നിറഞ്ഞു.പുതപ്പ് എടുത്തു ദേഹത്തേക്ക് ഇട്ട് തലയിണ കെട്ടിപ്പിടിച്ചു കിടന്നു.. **

രാവിലെ അവളാണ് ആദ്യം ഉണർന്നത്.കുളി കഴിഞ്ഞു അവനെ വിളിക്കാൻ ചെന്നതും അവന്റെ നെഞ്ചിലെ പാട് അവളുടെ കണ്ണിൽ ഉടക്കി.അവൾ അവന്റെ അരികിൽ ഇരുന്നു പതിയെ അവിടം ഒന്നു തൊട്ടു.ചുവന്നു കല്ലിച്ചിട്ട് ഉണ്ടായിരുന്നു.അവളുടെ ഉള്ളമൊന്നു പിടഞ്ഞു. "സോറി.. " ഉറങ്ങി കിടക്കുന്ന അവന്റെ മുഖത്തേക്ക് നോക്കി കൊച്ചു കുട്ടിയുടെ കെഞ്ചലോടെ അവൾ പറഞ്ഞു.ആ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കുംതോറും അവൾക്ക് വേദന തോന്നി.താൻ കാരണം ആ മനസ്സിനുള്ള വേദന തന്നെ ഏറെയാണ്. അതിന്റെയൊന്നിച്ച് ഇപ്പൊ ശരീരം കൂടെ വേദനിപ്പിക്കാൻ തുടങ്ങിയിരുന്നു.എങ്ങനെ കഴിയുന്നു ലൈല നിനക്ക്.. അവളുടെ കണ്ണിൽ നിന്നും ഒരുതുള്ളി അവന്റെ നെഞ്ചിലേക്ക് പതിച്ചു.ഒപ്പം തന്നെ അവളുടെ ചുണ്ടുകൾ അവന്റെ നെഞ്ചിലേക്ക് അമർന്നു.പതുക്കെ മുഖം ഉയർത്തി അവനെ നോക്കി. "വിളിക്കാനാ വന്നത്..വിളിച്ചിട്ടും കാര്യമില്ല.നിസ്കാരവും നിലയുമൊന്നും ഇല്ലല്ലോ.. ഉറങ്ങിക്കോ.." അലസമായി കിടക്കുന്ന അവന്റെ മുടിയിഴകളെ അവളുടെ വിരലുകൾ തഴുകി..കുറച്ച് നേരം അവനെ നോക്കിയും തൊട്ടുമുള്ള ആ ഇരുപ്പ് തുടർന്നു.പിന്നെ എണീറ്റു താഴേക്ക് പോയി.. **

കുളി കഴിഞ്ഞു വന്നു ഡ്രസ്സ്‌ എടുക്കുമ്പോൾ അവന്റെ കൈ തട്ടി ഒരു കവർ താഴെ പോയി.അന്ന് ലൈല വീട്ടീന്ന് കൊണ്ടു വന്ന കവർ ആണ്.അവൻ കുനിഞ്ഞു, ചിതറിയ പുസ്തകങ്ങളും പേപ്പർസുമൊക്കെ കവർലേക്ക് തിരുകി എടുത്തു ഉണ്ടായത് പോലെത്തന്നെ ഷെൽഫിലേക്ക് വെച്ചു.എന്തോ കണ്ണിൽ ഉടക്കിയത് പോലെ പെട്ടെന്ന് അവൻ ആ കവർ തുറന്നു നോക്കി. കാപ്പി നിറത്തിൽ പുറം ചട്ടയുള്ള ഒരു ഡയറിയായിരുന്നു അവന്റെ കണ്ണുകളെ അത് തുറക്കാൻ പ്രേരിപ്പിച്ചത്.അവനാ ഡയറി എടുത്തു താളുകൾ മറിച്ചു നോക്കി. മനോഹരമായ കൈപട കൊണ്ടു അവൾ രചിച്ച ഒരുപാട് വരികളും അവളുടെ പ്രണയ കഥകളുമായിരുന്നു അതിൽ..ഒരു പുരുഷനും സ്ത്രീയും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോ കിട്ടി..അവളുടെ ഉപ്പയും ഉമ്മയുമാണ് അതെന്ന് മനസ്സിലാക്കാൻ അവനു കൂടുതൽ നേരം വേണ്ടി വന്നില്ല.ഉമ്മാനെ നോക്കിയാൽ അവളെ നോക്കണ്ട. തനി പകർപ്പ്.അവൾക്കാ കരിനീല കണ്ണുകളും നീണ്ട കണ്പീലികളും എവിടുന്ന് കിട്ടിയെന്ന് പലപ്പോഴും ചോദിക്കണമെന്ന് കരുതിയിട്ടുണ്ട്.. പിന്നെ അവളെ അരികിൽ കിട്ടുമ്പോൾ അത് മറന്നു പോകും. ഇപ്പൊ മനസ്സിലായി അത് എവിടുന്നാണെന്ന്.അവൾ സൗന്ദര്യം കൊണ്ടു ഉമ്മാന്റെ മോളാണെന്നും ധൈര്യം കൊണ്ടു ഉപ്പാന്റെ മോളാണ് അവനൊരു ചിരിയോടെ ഓർത്തു..

വീണ്ടും താളുകൾ മറിച്ചു നോക്കി.. ഒരു പേജിൽ റമീൻ മുംതാസ് എന്ന് നല്ല ഭംഗിയിൽ വലുതായി എഴുതി വെച്ചിരിക്കുന്നു.അതിന് കീഴെ പുറം തിരിഞ്ഞു കിടക്കുന്ന ഒരു ഫോട്ടോയും.അവന്റെ നെഞ്ചിടിപ്പ് ഉയർന്നു.പതിയെ അത് കയ്യിൽ എടുത്തു തിരിച്ചു പിടിച്ചു നോക്കി.. ഇന്നുവരെ മുന്നയും ലൈലയും വർണിച്ച് മാത്രം കേട്ട റമിയുടെ കണ്ണഞ്ചിപ്പിക്കും സൗന്ദര്യം അവൻ സ്വന്ത കണ്ണുകളാലെ കണ്ടു.. ഏഴു വയസ്സു വരെയുള്ള റമിയെ അല്ലാതെ മറ്റൊരു റമിയെ കണ്ടിട്ടില്ല. അതിന് ശേഷമുള്ള റമിയുടെ രൂപത്തെ കുറിച്ച് കേട്ടു കേൾവി മാത്രമേ ഉണ്ടാരുന്നുള്ളൂ.. ഇപ്പൊ കണ്ടു.. കണ്നിറയെ കണ്ടു.. മുന്നയും ലൈലയും പറഞ്ഞതിനേക്കാൾ സുന്ദരനാ നീ.. ഒരുപാട് ഒരുപാട്..ഒരുവട്ടം പോലും കാണാനുള്ള ഭാഗ്യം ഉണ്ടായില്ലല്ലോ ടാ.. താജ്ൻറെ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി ആ ഫോട്ടോയിലേക്ക് ഉതിർന്നു.അമർത്തി ഒരു മുത്തവും വെച്ചു.നെഞ്ചിലെ മുഴുവൻ സ്നേഹവും വേദനയുമൊക്കെ ഉണ്ടായിരുന്നു ആ ചുംബനത്തിൽ.. ലൈല റൂമിലേക്ക്‌ കയറി വരുന്നതിനു മുൻപേ തന്നെ എടുത്ത അതെ പടി അവൻ ഡയറി തിരികെ വെച്ചു. ** "ഹെലോ...എനിക്ക് കിട്ടിയല്ലോ.. ഞാൻ കണ്ടൂടാത്ത എന്തോ ഒന്ന് ഇതിൽ ഉണ്ടെന്ന് പറഞ്ഞല്ലോ..

ഞാൻ അത് നോക്കാൻ പോകുവാ.. " താഴെ സെറ്റിയിൽ ഇരുന്നു കമ്പനി മാനേജരോട് ഫോണിൽ സംസാരിക്കുകയായിരുന്നു അവൻ. അവൾ സ്റ്റെയറിൽ നിന്നും താഴേക്ക് നോക്കി കയ്യിലുള്ള പേഴ്സ് അവനു വീശി കാണിച്ചു.. "Ok..Will call you later " അവൻ കാൾ കട്ട്‌ ചെയ്തു ഫോൺ സെറ്റിയിലേക്ക് ഇട്ടു വെക്കടീ അവിടെന്നും പറഞ്ഞു സ്റ്റെയറിലേക്ക് ഓടി കയറി.. "ഇല്ല..നോക്കിട്ടേ വെക്കൂ..എനിക്ക് അറിയണം എന്താ ഇതിലെന്ന്.. " അവൾ പേഴ്സ് തുറക്കാൻ ഭാവിച്ചു..അവൻ കൈ നീട്ടി തട്ടി പറിക്കാൻ നോക്കിയതും അയ്യട മോനെന്നും പറഞ്ഞു അവൾ കൈ പിന്നിലേക്ക് ആക്കി.. "ഇങ്ങ് താടി..." "ഇല്ല..തരില്ല...." "തരാൻ അല്ലേടി പറഞ്ഞത്.. " അവൻ അവളുടെ കൈ പിടിച്ചു മുന്നിലേക്ക് ആക്കാൻ നോക്കിയതും അവൾ പോടാന്നും പറഞ്ഞു മറ്റേ കൈ വെച്ചവനെ തള്ളി..അവൻ പിന്നിലേക്ക് മറിഞ്ഞു വീഴാൻ ആയി.. "അയ്യോ.. " അവൾ നിലവിളിച്ചു.. "എന്നെ തള്ളി ഇടാൻ മാത്രം ആയോ നീ..ഇപ്പൊ ശെരിയാക്കി തരാടീ നിന്നെ.. " സ്റ്റെയറിന്റെ കയ്യിൽ പിടിച്ചു ബാലൻസ് ചെയ്ത അവൻ അവളുടെ കയ്യിൽ പിടിച്ചു വലിക്കാൻ വേണ്ടി കൈ നീട്ടി..അവന്റെ മുഖം ചുമന്നു തുടുത്തിരുന്നു..മിക്കവാറും ഇവൻ ഇന്നെന്റ്റെ പരിപ്പ് എടുക്കും എന്ന് തോന്നിയതും അവൾ അവിടെന്ന് ഓടി.. "എടീ..നിക്കടീ. നിക്കാനാ പറഞ്ഞത്." അവൻ വിട്ടില്ല.അവളുടെ പിന്നാലെ വെച്ചു പിടിച്ചു.കണ്ണും മൂക്കും ഇല്ലാതെ ജീവനും കൊണ്ടു ഓടിയ അവൾ എത്തിയത് ബെഡ്‌റൂമിലേക്കാണ്.

വേഗം വാതിൽ അടക്കാൻ നോക്കിയതും അവൻ തള്ളി തുറന്നു.അവൾ രണ്ടടി പുറകിലേക്ക് തെറിച്ചു..മുന്നിൽ നിൽക്കുന്ന അവനെ കണ്ടു അവൾക്ക് എന്ത് ചെയ്യണമെന്ന് അറിഞ്ഞില്ല.വേണോ വേണ്ടയോന്നുള്ള അർത്ഥത്തിൽ ഒന്നു ഇളിച്ച് കാണിച്ചു.അവന്റെ മുഖത്ത് ചിരി ഒന്നും ഉണ്ടായില്ല. വല്ലാത്തൊരു ഭാവത്തോടെ അവളുടെ അടുത്തേക്ക് നടന്നടുത്തു.. അവന്റെ മുഖം അവളിൽ ഭയം ഉണർത്തി.അവൾ പോലും അറിയാതെ അവളുടെ കാലുകൾ പിന്നിലേക്ക് നീങ്ങി.രണ്ടേ രണ്ടു സ്റ്റെപ്..അപ്പോഴേക്കും ചുവരു ചതിച്ചു കളഞ്ഞു. ചുവരെ നീയും.. അവൾ കരയുന്നത് പോലെ തല ചെരിച്ചു ചുവരിനെ നോക്കി.. തല മുന്നിലേക്ക് ചെരിച്ചതും കണ്ടതു അവന്റെ ചാര കണ്ണുകളാണ്.. അവന്റെ ചുടു നിശ്വാസം അവളുടെ മുഖത്തിനെ പൊതിഞ്ഞു കൊണ്ടിരുന്നു.അവൾ നിന്ന നിൽപ്പിൽ തന്നെ വെട്ടി വിയർത്തു.. പൊടുന്നനെ അവന്റെ കൈ അവളുടെ ഇടുപ്പിലേക്ക് അമർന്നു.. "അമൻ..വേണ്ടാ..ഒരപദ്ധം പറ്റിപ്പോയി..എന്താ ഇപ്പൊ വേണ്ടത്..പേഴ്സല്ലേ..ഇതാ...ഞാനൊന്നും നോക്കിയില്ല..സത്യം ആയിട്ടും കണ്ടില്ല എന്താ ഇതിനകത്തെന്ന്.. " അവൾ നിന്നു കിടുകിടെ വിറക്കുകയായിരുന്നു.. "അപദ്ധമോ..ഏത്..പേഴ്സ് എടുത്തതോ..അതോ എന്നെ തള്ളിയതോ..?"

അവൻ ഇടുപ്പിൽ പിടിച്ച പിടിയാലെ അവളെ തന്റെ ദേഹത്തേക്ക് ചേർത്തു നിർത്തി.. "ര..രണ്ടും..രണ്ടും അപദ്ധമാ...സോറി..ഇതാ നിന്റെ പേഴ്സ്..എനിക്ക് നെഞ്ച്..അല്ല.. പള്ള വേദനിക്കുന്നു.. " അവൾ എന്താ പറയുന്നേന്ന് അവൾക്ക് തന്നെ അറിഞ്ഞില്ല.ഉമിനീർ ഇറക്കി കൊണ്ടിരുന്നു.. "വേദനിക്കുന്നോ..വേദനിക്കട്ടെ..ഒന്നുല്ലേലും എന്നെ പിടിച്ച് തള്ളിയത് അല്ലേ..അതിന്റേതു നിനക്ക് തരണ്ടേ ഞാൻ.." അവൻ ഇടുപ്പിലുള്ള പിടി മുറുക്കി കൊണ്ടിരുന്നു.. "വേണ്ടാ..സത്യം ആയിട്ടും വേദനിക്കുന്നു..കൈ എടുക്ക്..എനിക്ക് പോണം.. " അവൾ കരയുന്നത് പോലെ പറഞ്ഞു.. "എന്ന് പറഞ്ഞാൽ എങ്ങനെയാ.. നിനക്ക് കാണണ്ടേ ഇതിൽ എന്താണെന്ന്.." അവൻ അവളുടെ കയ്യിന്ന് പേഴ്സ് വാങ്ങി.അവൾ വേണ്ടാന്ന് തലയാട്ടി... "വേണം...ഏതായാലും ഇതും പിടിച്ചു ഇത്രേം ഓടിയത് അല്ലേ.. ആ സ്ഥിതിക്ക് ഇനി കണ്ടിട്ട് പോയാൽ മതി.. " അവൻ പേഴ്സ് തുറന്നു അവൾക്ക് നേരെ കാണിച്ചു.അവൾ എനിക്ക് കാണണ്ടന്നും പറഞ്ഞു മുഖം തിരിച്ചു നിന്നു.അവൻ അപ്പൊത്തന്നെ നോക്കടീന്നും പറഞ്ഞു അവളുടെ മുഖം പേഴ്സിലേക്ക് തിരിച്ചു..അവളുടെ കണ്ണുകൾ വിടർന്നു.വിശ്വാസം വരാൻ ആകാതെ അവന്റെ മുഖത്തേക്ക് നോക്കി. "എന്റെ നെഞ്ചിൽ ഒരു പെണ്ണെ ഉള്ളു..

അത് നീയാ..പിന്നെ എങ്ങനെയാടീ പേഴ്സിൽ വേറെ പെണ്ണിന്റെ ഫോട്ടോ ഉണ്ടാവുക.. " തരം കിട്ടിയാൽ അവൾ പേഴ്സ് പൊക്കുമെന്ന് അവനു അറിയാമായിരുന്നു.അത് കൊണ്ടു ഫോട്ടോ മാറ്റി അവിടെ അവളുടെ ഫോട്ടോ വെച്ചിരുന്നു.. അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി..ആ ഫോട്ടോ കണ്ടപ്പോഴേ അവൾക്ക് എന്തോ പോലെ ആയിരുന്നു.ഇപ്പൊ അവന്റെ നോട്ടവും.ആകെ എന്തൊക്കെയോ പോലെ ആവാൻ തുടങ്ങി അവൾക്ക്. അവനു മുഖം കൊടുക്കാതെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കിക്കൊണ്ടിരുന്നു.. "പോ.." അവൻ ഇടുപ്പിന്ന് കൈ എടുത്തു പോകാൻ അനുവദിച്ചു അവളെ.. അന്നേരമാ അവൾക്ക് ശ്വാസമൊന്നു നേരെ വീണത്.പിന്നൊരുനിമിഷം പോലും അവിടെ നിന്നില്ല..വേഗം മുറി വിട്ടിറങ്ങി.. ** "അഞ്ച്..ആറ്..ഏഴ്..എട്ട്..ഒമ്പത്.. " അവൻ റൂമിലേക്ക്‌ വരുമ്പോൾ അവൾ ചുവരിലെ കലണ്ടറിൽ നോക്കി ദിവസം എണ്ണുകയായിരുന്നു.അവൻ പുറകിലൂടെ ചെന്നു അവളെ പൊതിഞ്ഞു പിടിച്ചു.. "തെറ്റി..ഒന്നു മാറങ്ങോട്ട്‌..ഇനി വീണ്ടും എണ്ണണം.." അവൾ അവന്റെ പിടി ഇളക്കിച്ച് തിരിഞ്ഞു നിന്നവനെ കണ്ണുരുട്ടി കാണിച്ചു.. "എന്താണ് ജാൻസിറാണി ഇത്രയും കാര്യമായി എണ്ണി കൂട്ടുന്നത്.. " "അതൊന്നും നീ അറിയേണ്ടതില്ല.. " അവൾ കലണ്ടറിലേക്ക് തിരിഞ്ഞു.. "ഉറപ്പാണോ..? "

അവൻ ചുവരിൽ ചാരി നിന്നവളെ നോക്കി.. "പറയാം..വെയിറ്റ്..." അവൾ വീണ്ടും എണ്ണാൻ തുടങ്ങി. അവൻ അവളെ നോക്കി അവിടെത്തന്നെ നിന്നു.. "ഇനി പതിനൊന്നു ദിവസങ്ങൾ മാത്രം.. " അവൾ സന്തോഷത്തോടെ അവനോട് പറഞ്ഞു.. "പതിനൊന്നു ദിവസങ്ങളോ.. എന്തിന്..? " അവന് മനസ്സിലായില്ല.നെറ്റി ചുളിച്ചു. "എന്റെ പിറന്നാളിന്.. " "അതിനാണോ ഇത്രേം സന്തോഷം.. നിനക്ക് ബർത്ത്ഡേ ആഘോഷിക്കാൻ അത്രക്കും ഇഷ്ടമാണോ..? " "അതിന് ആഘോഷിക്കാൻ വേണ്ടിയാണെന്ന് ആര് പറഞ്ഞു.. എനിക്ക് ആഘോഷമൊന്നുമില്ല.. ഉമ്മയും ഉപ്പയും പോയതോടെ നിർത്തിയതാ അതൊക്കെ.. അവരുണ്ടാകുമ്പോഴും വല്യ ആർഭാടമൊന്നും ഉണ്ടായിട്ടില്ല.. ആഘോഷം വീട്ടിലുമല്ല.. ഏതെങ്കിലും അഗതി മന്ദിരങ്ങളിൽ ആയിരിക്കും.ഒന്നും ഇല്ലാത്തവർക്ക് ഒരുനേരത്തെ ഭക്ഷണം,വസ്ത്രം.. അനാഥ കുട്ടികൾക്ക് പഠിക്കാനും കളിക്കാനും പുസ്തകങ്ങളു കളിപ്പാട്ടങ്ങളും..അവർക്ക് പ്രിയമേറിയ ചോക്ലേറ്റ്സ്, കുഞ്ഞുടുപ്പുകൾ..അതൊക്കെ ആയിരുന്നു ഉപ്പ ഉണ്ടായിരുന്ന കാലത്തെ എന്റെ പിറന്നാൾ ദിവസം..ഉപ്പാക്ക് അതായിരുന്നു ഇഷ്ടം.. എനിക്കും..ഞാൻ കുഞ്ഞിരിക്കുമ്പോൾ ഉമ്മ പറഞ്ഞും പഠിപ്പിച്ചും തന്നതും അതാണ്.. അതൊക്കെ വല്യ മിസ്സിംഗാ ഇപ്പോൾ..

പിന്നെ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒരു പിറന്നാൾ ആഘോഷിച്ചു.. അത് റമി ഉണ്ടായിരുന്നപ്പോഴാ.. ഉപ്പ എങ്ങനെയാണോ പിറന്നാൾ ദിവസങ്ങളിൽ എന്നെ സന്തോഷിപ്പിച്ചിരുന്നത് അതുപോലെ തന്നെ സന്തോഷിപ്പിച്ചു അവൻ..ഞങ്ങടെ കോളേജിന്ന് കുറച്ച് അകലെയായി ഒരു ഓർഫനേജ് ഉണ്ടായിരുന്നു.അവിടെക്കാ അവൻ എന്നെ കൊണ്ടു പോയത്.മുന്നയും ഉണ്ടായിരുന്നു.എനിക്കൊന്നും വാങ്ങിച്ചു തന്നില്ല അവൻ. കയ്യിലുള്ള മുഴുവൻ പണത്തിൻറെതും അവിടെത്തെ കുട്ടികൾക്ക് വാങ്ങിച്ചു കൊടുത്തു..എനിക്കിതാ തന്നത്.. ഈ മാല..ഇതായിരുന്നു അവന്റെ സമ്മാനം.. " അവൾ കഴുത്തിൽ കിടക്കുന്ന മാല ഉയർത്തി അതിന്റെ ലോക്കറ്റിൽ അമർത്തി ചുംബിച്ചു..അത് കൊണ്ടത് താജ്ൻറെ നെഞ്ചിലാണ്. അവൻ അസഹനീയതോട കണ്ണുകൾ ഇറുക്കി അടച്ചു.. "എന്തിനാ വിഷമിക്കുന്നെ.. ഈ ബർത്ത്ഡേ അടിച്ചു പൊളിക്കാം.. ഇതുവരെ ഉണ്ടായിരുന്നതിനേക്കാൾ ഗംഭീരമാക്കാം..എന്ത് വേണം എവിടെ പോകണമെന്ന് പറഞ്ഞാൽ മതി..ഞാൻ കൊണ്ടു തരാം..ഞാൻ കൊണ്ടു പോകാം നിന്നെ.. നിന്റെ സന്തോഷം എവിടെയാണോ അവിടെ ആയിരിക്കും നിന്റെ ഈ ഇരുപത്തി ഒന്നാം പിറന്നാൾ.. " അവന്റെ ഉള്ളം പിടയുകയായിരുന്നു.എന്നിട്ടും പുറത്ത് കാണിച്ചില്ല.മാലയിൽ കൈ അമർത്തി പിടിച്ചു കണ്ണ് നിറയ്ക്കുന്ന അവളുടെ കഴുത്തിലൂടെ രണ്ടു കയ്യും ഇട്ടു കോർത്തു പിടിച്ചു അവൻ അവളെ സമാധാനിപ്പിച്ചു..

"വിഷമം ഒന്നുമില്ല..ഈ പിറന്നാൾ ദിവസം എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ദിവസമാ.. ഞാൻ കാത്തിരുന്ന ദിവസം..ഇത്രയും നാൾ ഞാൻ എന്ത് തിരിച്ചു പിടിക്കാൻ വേണ്ടിയാണോ ദിനം എണ്ണി കാത്തിരുന്നത് ആ ദിവസമാ വരാൻ പോകുന്നത്..എല്ലാം അടക്കി വെച്ചു ഭരിക്കുന്ന സജാദ്ൻറെ അധികാരവും സമയവും സന്തോഷവുമെല്ലാം അസ്തമിക്കാൻ പോകുകയാ..ഇനി എന്റേത് എല്ലാം എനിക്ക് സ്വന്തം.എന്റെ ഉപ്പ പടുത്തുയർത്തിയ ലോകം ഇനി എനിക്ക് സ്വന്തം..എനിക്ക് മാത്രം.. ഇരുപത്തി ഒന്നു വയസ്സ് തികയാതെ അതൊന്നും എനിക്ക് സ്വന്തം ആകില്ലന്നും അതിലൊന്നും കൈ കടത്താൻ എനിക്ക് അധികാരവും ഇല്ലന്ന ഒറ്റ വ്യവസ്ഥയുടെ പേരിലാ അവർ ഇത്രയും കാലം അതൊക്കെ ധൂർത്തടിച്ചു മുടിച്ചത്.പക്ഷെ ഇനി അത് ഉണ്ടാകില്ല.സമ്മതിക്കില്ല ഞാൻ.. " അവളുടെ കണ്ണുകൾ ജ്വലിച്ചു.ശബ്ദം വളരെ ഉറച്ചതായിരുന്നു.. "ഉറപ്പാണോ നിനക്ക് നിന്റേത് എല്ലാം നിനക്ക് തന്നെ കിട്ടുമെന്ന്..? " അവൻ അവളെ ഉറ്റു നോക്കി.. "പിന്നെ കിട്ടാതെ..? എന്റേത് എല്ലാം എനിക്ക് അല്ലാതെ പിന്നെ ആർക്കാ കിട്ടുക..സനുവിന് കിട്ടും. പക്ഷെ അതിപ്പോൾ അല്ല..അവനു പതിനെട്ടു വയസ്സ് ആകണം..എനിക്ക് കിട്ടിയാലും അവനു കിട്ടിയാലും ഒരുപോലെയാ..എനിക്ക് ഉള്ളത് എല്ലാം അവനുള്ളതാ..ഞാൻ എന്ത് നേടുന്നുണ്ടെങ്കിലും അത് അവനു വേണ്ടിയാ..

അല്ലാണ്ട് എനിക്കായി ഒന്നും വേണ്ടാ.. " "അതല്ല ഞാൻ പറഞ്ഞത്.. സജാദ്നെയാ..നാളിതുവരെ ചെയ്ത ചതി അവൻ ഇനിയും ചെയ്താലോ..എല്ലാം നിനക്ക് സ്വന്തം ആകുമെന്ന് ഉറപ്പായതു കൊണ്ടു അവൻ വല്ല തട്ടിപ്പും കാണിച്ചാലോ.. " "എന്ത് കാണിക്കാനാ..ഒന്നും കാണിക്കാൻ കഴിയില്ല.." "മ്മ്..നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.." അവൻ പറഞ്ഞു.ഒപ്പം ഒരു ചിരിയും ചിരിച്ചു..ആ ചിരിയുടെ അർത്ഥം എന്തെന്ന് അവൾക്ക് മനസ്സിലായില്ല.അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. "സോ എന്താ നിന്റെ പ്ലാൻ..കമ്പനി കാര്യങ്ങളിലേക്ക് ഇറങ്ങാനാണോ..?" അവൻ അവളെ വിട്ടു സോഫയിലേക്ക് ഇരുന്നു ടേബിളിൽ കിടക്കുന്ന ഫയൽ എടുത്തു മറിച്ചു നോക്കി.. "അതേ..സജാദ് അതിന്റെ കുത്ത് പാള എടുത്തിട്ടുണ്ടാകും.എല്ലാം ഒന്നു ശെരിയാക്കി എടുക്കണം. ഉപ്പ പറഞ്ഞിട്ടുണ്ട് ഉപ്പ ഇല്ലാതെ ആയാലും ZAINA GROUPS അസ്തമിച്ചു പോകരുത് എന്ന്.. പഴയതിനേക്കാൾ കൂടുതലായി ഉയർന്നു പൊങ്ങണമെന്ന്..ഉപ്പ പഠിപ്പിച്ചിട്ടുണ്ട് കമ്പനി കാര്യങ്ങൾ കുറച്ചൊക്കെ..പിന്നെ വക്കീൽ അങ്കിളും..വീണ്ടും നമ്പർ one ആക്കണം.ഇപ്പൊ ആ ഒരു ലക്ഷ്യമേയുള്ളൂ മനസ്സിൽ.. " അവളും വന്നു സോഫയിലേക്ക് ഇരുന്നു.

"അപ്പൊ ചുരുക്കി പറഞ്ഞാൽ ഇവിടെത്തെ വാസം അവസാനിപ്പിക്കാൻ ആയെന്ന്.. ഞാനൊരു ഡിവോഴ്സ് കയ്യിലേക്ക് വെച്ചു തരാൻ സമയം അടുത്തെന്ന്.." അവൻ ഫയലിൽ നിന്നും കണ്ണ് എടുത്തു അവളെ നോക്കി. അതുവരെ അവനെ നോക്കിക്കൊണ്ട് ഇരുന്നവൾ പെട്ടെന്ന് നോട്ടം തെറ്റിച്ചു.. മറുപടി ഒന്നുമില്ല കൊടുക്കാൻ.. പിന്നെ നോക്കിട്ട് എന്തിനാ..? "ലൈലാ..മുഖത്തേക്ക് നോക്ക്.. " അവൻ ഫയൽ ടേബിളിലേക്ക് ഇട്ട് അവളുടെ നേരെ തിരിഞ്ഞിരുന്നു.. അവൾ പ്രയാസപ്പെട്ടവനെ നോക്കി. "ഈ നിശബ്ദത നിനക്ക് ചേരുന്നില്ല.. ചോദിച്ചതിന് മറുപടി പറാ.. " "മ്മ്..എനിക്ക് പോകണം..എല്ലാം തിരിച്ചു പിടിക്കണം.ആ ഒരു ലക്ഷ്യം മാത്രമേ മനസ്സിൽ ഉള്ളു.." "ഞാൻ തടയുമെന്ന ഭയം ഉണ്ടോ..? " "ഇല്ല..നിന്നെ എനിക്ക് വിശ്വാസമാ.. നീ എനിക്ക് വാക്ക് തന്നിരുന്നു ഒരിക്കലും എന്നെ ഒന്നിനും നിർബന്ധിക്കില്ലന്ന്..എന്റെ കാര്യങ്ങൾ എനിക്ക് തീരുമാനിക്കാമെന്ന്.. " പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.കണ്കോണിൽ എവിടെയോ നനവ് പടർന്നു.അതെന്തിനെന്ന് അവൾക്ക് മനസ്സിലായില്ല.അവന് മുഖം കൊടുക്കാനോ അവിടെ ഇരിക്കാനോ ഒന്നിനും കഴിഞ്ഞില്ല അവൾക്ക് പിന്നെ.വേഗം എഴുന്നേറ്റു പോയി.. അവന്റെ മനസ്സ് ആകെ നീറുകയായിരുന്നു.ഒരു ഭാഗത്തു ഉപ്പ.റമി ജീവനോടെ ഇല്ലെന്ന കാര്യം എങ്ങനെ ഉപ്പാനോട് പറയും. മറുഭാഗത്തു ലൈല.അവൾ എല്ലാം അറിഞ്ഞാൽ ഉള്ള അവസ്ഥ എന്തായിരിക്കും.അവളെ പിരിയുന്നത് ഓർക്കാനേ വയ്യാ.

അവളെ ഒന്നിനും നിർബന്ധിക്കാനും വയ്യാ..ഒരിക്കലും എന്നെ ഉൾകൊള്ളാൻ കഴിയില്ല എന്നാണ് പറയുന്നത് എങ്കിൽ എന്നെ സ്നേഹിക്കണമെന്ന് പറയാൻ എനിക്ക് എങ്ങനെ കഴിയും.. ഒന്നുമില്ലങ്കിലും അവളുടെ ജീവൻ എന്റെ റമിയല്ലേ.ആ അവന്റെ ഓർമ്മകളെ കൊന്നു കളഞ്ഞു നീയെന്നെ സ്വീകരിക്കെന്ന് അവളോട്‌ എങ്ങനെ പറയും ഞാൻ..ഇല്ല..പറ്റില്ല അതിന്.. അവൻ സോഫയിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു.ചെന്നിയിലൂടെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു.. *** "ലൈല..കഴിഞ്ഞില്ലേ..ഒന്ന് ഇറങ്ങടീ.." എൻഫീൽഡ് സ്റ്റാർട്ട്‌ ചെയ്തിട്ടും അവളെ പുറത്തേക്ക് കാണാഞ്ഞിട്ട് അവൻ അകത്തേക്ക് നോക്കി വിളിച്ചു കൂവി.. "ദാ വന്നു..നിനക്കെന്താ ഒരു പാന്റും ഷർട്ടും ഇട്ടാൽ കഴിഞ്ഞല്ലോ.. എനിക്ക് അങ്ങനെയാണോ.. ഇതൊന്നു പിടിച്ചേ..സ്കാഫ് ചുറ്റിയില്ല ഞാൻ.. " അവൾ ബാഗ് അവന്റെ മടിയിലേക്ക് വെച്ചു കഴുത്തിലുള്ള സ്കാഫ് എടുത്തു തലയിലേക്ക് ചുറ്റാൻ തുടങ്ങി.. "ഓ..ഇനിയും ഉണ്ടോ..ഒന്ന് വേഗം നോക്കടീ.. " "പ്രഷർ കൂട്ടല്ലേ..കഴിഞ്ഞു..." അവൾ സ്കാഫ് പിൻ ചെയ്തു വേഗം അവന്റെ പുറകിലേക്ക് കയറി.. "അല്ല..ഇറങ്ങുന്ന സമയം ആയില്ലല്ലോ..ഇന്നെന്താ നേരത്തെ.. " ഒരു കൈ കൊണ്ടു അവനെ വട്ടം പിടിക്കുമ്പോൾ അവൾ ചോദിച്ചു.. "ഒരു സർപ്രൈസ് ഉണ്ട്..നേരത്തെ എത്തണം.."

"സർപ്രൈസോ..ആർക്ക്....? " "ആർക്കാ പിന്നെ..നിനക്ക് തന്നെ..? " "എനിക്കോ..എന്ത് സർപ്രൈസ്.. " അവൾ തല മുന്നോട്ടിട്ട് അവനെ നോക്കി.. "അതൊക്കെ കോളേജിൽ എത്തുമ്പോൾ അറിയാം..മുറുക്കി പിടിച്ചോ..ലേറ്റ് ആയി..സ്പീഡ് കൂടും.. " അവൻ വണ്ടി മുന്നോട്ടു എടുത്തു.. അവൾക്ക് എന്താ കാര്യമെന്ന് അറിയാതെ ഒരു സമാധാനവും ഉണ്ടായില്ല.എന്നാലും പിന്നെ ചോദിക്കാൻ ഒന്നും നിന്നില്ല.അടങ്ങി ഒതുങ്ങി ഇരുന്നു.ഇല്ലേൽ റോഡിന്ന് തൂത്തെടുക്കേണ്ടി വരും.അമ്മാതിരി സ്പീഡ് ആണ് പഹയൻ.. പതിനഞ്ചു മിനുട്ട് വേണ്ട കോളേജിലേക്ക് അഞ്ചു മിനുട്ട് കൊണ്ടെത്തി.അതുവരെ ശ്വാസം അടക്കി പിടിച്ചാ ഇരുന്നത്.വണ്ടി നിർത്തിയതും ചാടി ഇറങ്ങി ശ്വാസം വലിച്ചു വിട്ടു അവൾ.. നുസ്രയും എബിയും ജുവലുമൊക്കെ ഗേറ്റ്ൻറെ അടുത്ത് അവരെ കാത്തു നിക്കുന്നുണ്ടായിരുന്നു.. അവരെ കണ്ടതും വേഗം അടുത്തേക്ക് വന്നു.. "എത്ര നേരായി വെയിറ്റ് ചെയ്യുന്നു.. ഒന്ന് വേഗം വാ.. " നുസ്ര ലൈലയുടെ കയ്യിൽ പിടിച്ചു വലിച്ചു..ലൈല താജ്നെ നോക്കി. "ചെല്ല്..ഞാൻ വണ്ടി പാർക്ക്‌ ചെയ്തിട്ട് വരാം.." താജ് പറഞ്ഞു.അവൾ തല കുലുക്കി കാണിച്ചു നുസ്രയുടെയും ജുവലിന്റെയും ഒന്നിച്ച് നടന്നു.. എബി താജ്ൻറെ ഒന്നിച്ച് വരാമെന്ന് പറഞ്ഞു അവിടെത്തന്നെ നിന്നു.. അവൾക്ക് വേണ്ടി അവൻ ഒരുക്കിയ സർപ്രൈസ് കണ്ടു അവളുടെ കണ്ണുകളിൽ നിന്നും ആനന്ദാശ്രുക്കൾ ഉതിർന്നു ആ കോളേജ് മണ്ണിനെ പുൽകി കൊണ്ടിരുന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story