ഏഴാം ബഹർ: ഭാഗം 58

ezhambahar

രചന: SHAMSEENA FIROZ

"എടീ..വാതിൽ തുറക്ക്..നീയെന്താ കൊച്ചു കുട്ടികളെ പോലെ..ഒന്ന് കേട്ടാൽ മതി അപ്പൊ തുടങ്ങിക്കോളും മോങ്ങാൻ.. നിന്നെയൊക്കെ ആണല്ലോടീ ഞാൻ ജാൻസി റാണിയെന്ന് കരുതി പ്രേമിച്ചത്..എന്റെ പേര് കളയാൻ പോത്ത്..തുറക്കടീ..ഇല്ലേൽ ഞാൻ ചവിട്ടി പൊളിക്കും.." താജ് അവളെ ഡോറിൽ തട്ടി വിളിച്ചു.. "ലൈലാ..പ്ലീസ്..ഒന്ന് തുറക്കടീ.. " കരഞ്ഞു കൊണ്ടു നുസ്രയും ഡോറിൽ മുട്ടാൻ തുടങ്ങി..പക്ഷെ ഡോർ തുറക്കപ്പെട്ടില്ല.അകത്തുന്ന് ഒരു മറുപടി പോലും ഉണ്ടായില്ല.. അത് നുസ്രയെ ഭയപ്പെടുത്തി.. "താജ്...ലൈലാ.. " നുസ്ര പേടിച്ച് കരയാൻ തുടങ്ങി.. "ഞാനിപ്പോ അവളെ സമാധാനപ്പെടുത്തണോ അതോ നിന്നെ സമാധാനപ്പെടുത്തണോ.. എടീ..നീയെങ്കിലും ഒന്ന് നിർത്ത് ഈ കരച്ചിൽ..എവിടുന്ന് വരുന്നു നിങ്ങക്ക് ഈ ഇടുക്കി ഡാം പൊട്ടിയത് പോലെ വെള്ളം.അതാ എനിക്ക് മനസ്സിലാകാത്തത്... കതകടച്ചു പൂട്ടിയെന്ന് കരുതി അവൾ വേണ്ടാത്ത പണിയൊന്നും കാണിക്കില്ല..അതിനും മാത്രം വിവേകം ഇല്ലാത്തവളൊന്നുമല്ലല്ലോ..നീ പേടിക്കാതെ നിക്ക്.. " അവൻ നുസ്രയോട് പറഞ്ഞു.. എന്നിട്ടു വീണ്ടും ഡോറിൽ തട്ടി വിളിച്ചു.. "ലൈലാ..നിന്നോട് തുറക്കാനാ പറഞ്ഞത്..ഇവൾക്ക് ഒരു തെറ്റ് പറ്റിപ്പോയി..അത് ഇവൾ നിന്നോട് ഏറ്റു പറയേം ചെയ്തു.

നിന്റെ ഫ്രണ്ട് അല്ലേടി ഇവൾ..ഇവൾക്ക് പറ്റിയ തെറ്റ് ക്ഷമിക്കാൻ നിനക്ക് കഴിയില്ലേ..ഇവൾ ഇപ്പൊ വന്നത് നിന്റെ സഹായം തേടിയിട്ടല്ലേ.. നീ ക്ഷമിച്ചു എന്ന് ഒരു വാക്ക് പറയാൻ കാത്തു നിക്കുവാ ഇവൾ..എന്നാലേ മുന്ന ഇവളോട് ക്ഷമിക്കുകയുള്ളൂ.. ഇവള്ടെ ജീവിതമാ നിന്റെ കയ്യിൽ ഉള്ളത്..അത് ചോദിക്കാനാ ഇവൾ ഇപ്പൊ വന്നത്..അപ്പൊ നീയിങ്ങനെ പെരുമാറിയാൽ എങ്ങനെയാ.. ഒന്നുമില്ലേലും ഇവൾ അവനെ പ്രേമിച്ചു പോയില്ലേ..ഇനി മറക്കാൻ പറയുന്നത് ഒക്കെ റിസ്കാ.. നിനക്കും അറിയാല്ലോ പ്രണയിക്കുന്ന മനസ്സിന്റെ വേദന.. അത് ഞാൻ പ്രത്യേകിച്ച് പറഞ്ഞു തരുകയൊന്നും വേണ്ടല്ലോ.. തുറക്കടീ.. തുറക്കുന്നതാ നിനക്ക് നല്ലത്.. ഇല്ലേൽ ഉറപ്പായും ഞാൻ ചവിട്ടി തുറക്കും.. " എന്നിട്ടും ഡോർ തുറക്കപ്പെട്ടില്ല.. "നിന്നോടൊന്നും നല്ല രീതിയിൽ പറഞ്ഞിട്ട് കാര്യമില്ലടീ.. " താജ് രണ്ടും കല്പിച്ചു കാൽ ഉയർത്തിയതും പൊടുന്നനെ വാതിൽ തുറക്കപ്പെട്ടു..താജ് ബാലൻസ് ചെയ്യാൻ പറ്റാതെ ഒറ്റ കാലിൽ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും ആടി കളിക്കാൻ തുടങ്ങി..നുസ്ര വേഗം താജ്ൻറെ കയ്യിൽ പിടിച്ചു അവനെ ശെരിക്കു നിർത്തിച്ചു.. "ഒരൊറ്റ വീക്കു വെച്ചു തന്നാൽ ഉണ്ടല്ലോ..ഒന്നുകിൽ ഞാൻ പറയുമ്പോൾ തുറക്കണം. അല്ലെങ്കിൽ തുറക്കുമ്പോൾ നീ പറയണം..

ഞാനിപ്പോ മൂക്കും കുത്തി കിടന്നേനല്ലോ താഴെ.. " താജ് ലൈലയെ നോക്കി പേടിപ്പിച്ചു..അവൾ നോക്കിയതുമില്ല.മിണ്ടിയതുമില്ല. തല താഴ്ത്തി പിടിച്ചു ഒരു നിൽപ് ആയിരുന്നു..കണ്ണുനീർ തറയിലേക്ക് ഉറ്റി വീഴുന്നുണ്ട്.നുസ്ര വേഗം അടുത്തേക്ക് ചെന്നു അവളുടെ കയ്യിൽ പിടിച്ചു. "ലൈല..തെറ്റ് തന്നെയാ..വല്യ തെറ്റ്.. ചെയ്യാൻ പാടില്ലായിരുന്നു.. ഒരിക്കലും നിന്നോട് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു..പക്ഷെ ഞാൻ..എനിക്കറിയില്ല..അന്ന് അങ്ങനെ തോന്നിപ്പോയി.. വെറുക്കല്ലേ ടീ.. എന്നോട് പിണങ്ങല്ലേ..എനിക്ക് അവനെ വേണം.മറക്കാൻ പറ്റില്ല.. അതോണ്ടാ..ഇത്രേം നാളും അവൻ നൽകിയ അവഗണന സഹിച്ചു..ഇനി വയ്യാ..അവനെ മറന്ന് മറ്റൊരു ജീവിതം വയ്യാത്തോണ്ടാ..ഓർക്കാൻ കൂടെ വയ്യ അങ്ങനൊന്ന്..ഒന്ന് പറയോ നീ അവനോട്.. എന്നോട് ദേഷ്യം കാണിക്കല്ലേ ലൈലാ.. ക്ഷമിക്കണേടീ..പ്ലീസ്..ഞാൻ നിന്റെ കാല് പിടിക്കാം.. " നുസ്ര എന്തൊക്കെയോ പറഞ്ഞു കരഞ്ഞോണ്ട് ലൈലയുടെ കാൽക്കലേക്ക് ഊർന്നതും അരുത് എന്നും പറഞ്ഞു ലൈല വേഗം നുസ്രയെ പിടിച്ചു എഴുന്നേൽപ്പിച്ചു..

"വെറുക്കുകയോ..നിന്നെയോ.. അതിന് എനിക്ക് കഴിയുമെന്ന് തോന്നുന്നുണ്ടോ നിനക്ക്..മുന്നയെ സ്നേഹിക്കുന്നു എന്നൊരൊറ്റ കാരണം പോരേ എനിക്ക് നിന്നോട് ക്ഷമിക്കാൻ..അവനെ സ്വന്തമാക്കാൻ വേണ്ടി അല്ലേടി..അത് പോരേ എന്റെ വേദന മാറാൻ..നീയും അവനും ഒരുമിക്കുന്നതിനേക്കാൾ വല്യ സന്തോഷം വേറെ എന്താ എനിക്ക്..ഒരുവട്ടമെങ്കിലും നിനക്ക് എന്നോട് നിന്റെ മനസ്സ് തുറക്കാമായിരുന്നു..എന്നാൽ നീ ഇന്ന് ഇത്രമാത്രം വേദനിക്കേണ്ടി വരില്ലായിരുന്നുടീ..ഞാൻ സംസാരിക്കില്ലായിരുന്നോ അവനോട്..അവൻ നിന്നെ വെറുക്കാൻ കാരണമായ ഈ തെറ്റും നിനക്ക് ചെയ്യേണ്ടി വരില്ലായിരുന്നു..ഒരിക്കലെങ്കിലും എന്നോട് പറയണമായിരുന്നു അവനോടുള്ള നിന്റെ ഇഷ്ടം.. നിനക്ക് പറ്റിയ അവിവേകം കൊണ്ടു ഞാൻ വേദനിച്ചിട്ടില്ല.. ഒട്ടും പ്രതീക്ഷിക്കാതെ ഒരു വിവാഹം.. ആ ഒരു ഷോക്ക് മാത്രമേ എനിക്ക് അതിന്റെ ഫലമായി ഉണ്ടായിട്ടുള്ളൂ..പക്ഷെ നീ വേദനിച്ചില്ലേ..മുന്ന നിന്നെ അവിശ്വസിച്ചില്ലേ..അവനും വേദനിച്ചില്ലേ നീ വഞ്ചിച്ചെന്നു കരുതി..എന്റെ തെറ്റാ..നീ പറഞ്ഞില്ലേലും നിന്റെ മനസ്സ് ഞാൻ അറിയണമായിരുന്നു..അത് ഞാൻ അറിഞ്ഞില്ല..ഞാൻ കാരണം അല്ലേ നിങ്ങൾ തമ്മിലുള്ള ഈ അകൽച്ച..

അപ്പൊ ഞാൻ അല്ലേടി ക്ഷമ ചോദിക്കേണ്ടത്..സോറി ടാ.. " ലൈല കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു തീർന്നില്ല.. അതിന് മുന്നേ നുസ്ര ലൈലയെ കെട്ടിപ്പിടിച്ചു.. "അല്ല..ഞാനാ..ഞാനാ എല്ലാത്തിനും കാരണം..എന്റെ സ്വാർത്ഥതയാ.. നിന്റെ ഫ്രണ്ട്ഷിപ്‌ പോലും ഞാൻ അർഹിക്കുന്നില്ല..അത്രക്കും വല്യ തെറ്റാ ഞാൻ നിന്നോട് ചെയ്തത്.. താജ്നു നിന്നെ കിട്ടണമെന്ന് കരുതിയിട്ടാ..അവന്റെ മനസ്സ് മാത്രേ ഞാൻ നോക്കിയുള്ളൂ.. നിന്റേത് നോക്കിയില്ല.. ഞാൻ അല്ലേടി തെറ്റ്കാരി.. എന്നിട്ടു നീ എന്നോട് സോറി പറയുന്നോ.. നിന്നെ പോലൊരു സുഹൃത്തിനെ കിട്ടാൻ എന്തു പുണ്യമാ ഞാൻ ചെയ്തിട്ടുള്ളേ..സോറി..ആം റീലി സോറി.. " നുസ്ര അവളിലുള്ള പിടി മുറുക്കി പൊട്ടി പൊട്ടി കരയാൻ തുടങ്ങി.. "എടീ ശ്വാസം മുട്ടുന്നു..ഒന്ന് പയ്യെ പിടി.. " നുസ്ര അപ്പൊത്തന്നെ അവളുടെ ചുമലിൽ നിന്ന് മുഖം എടുത്തു മുഖം വീർപ്പിച്ചു അവളെ നോക്കി.. "അല്ലാണ്ട് തന്നെ കരഞ്ഞു വീർത്തിട്ടാ ഒള്ളെ.. ഇനി നീയായി വീർപ്പിക്കണ്ട.. ഇപ്പൊ പൊട്ടി പോകും.. " ലൈല നുസ്രയുടെ കവിളിൽ ചൂണ്ടു വിരൽ വെച്ചു ഒന്ന് കുത്തി.. "പോടീ.. " നുസ്ര ചിരിച്ചോണ്ട് അവളിലുള്ള പിടി വിട്ടു.. "ദേ..ഈ ചിരിയാ നിനക്ക് ഭംഗി.. എന്തിനാ കരയണെ..എല്ലാം കഴിഞ്ഞു പോയില്ലേ..

ഇനി അതൊന്നും പറഞ്ഞിട്ടോ കരഞ്ഞിട്ടോ കാര്യമില്ല..എനിക്ക് സങ്കടമൊന്നുമില്ല..ഉണ്ടായിരുന്നു.. പക്ഷെ അത് മാറാനുള്ളതും നീ തന്നെ തന്നു..നിനക്ക് മുന്നയോട് തീർത്താൽ തീരാത്ത മുഹബത്ത് ആണെന്ന് കേട്ടപ്പോഴേ മനസ്സ് നിറഞ്ഞതാ മോളെ..പക്ഷെ നീയാണ് അന്നത് ചെയ്തതെന്ന് പെട്ടെന്ന് കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.. അതാ കരഞ്ഞോണ്ട് ഓടി വന്നെ.. ഇത്തിരി നേരം കരഞ്ഞപ്പോ സങ്കടമൊക്കെ മാറിപ്പോയി.ഞാൻ ക്ഷമിക്കില്ലേന്ന് കരുതിയട്ടല്ലേ നീ പേടിച്ചതും സങ്കടപ്പെട്ടതും..ഇപ്പൊ അതൊക്കെ മാറിയില്ലേ.. വിഷമിക്കാതിരി..മുന്നയോട് ഞാൻ സംസാരിക്കാം..അവനെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം.. അവന്റെ കാര്യം ഓർത്ത് നീ വിഷമിക്കേ വേണ്ടാ..ഞാൻ വാക്ക് തരുവാ..അവൻ നിനക്ക് ഉള്ളതാ.. നീ ധൈര്യമായി വീട്ടിൽ പറഞ്ഞോ മോളെ..ബാക്കിയൊക്കെ ഞാനേറ്റു.. അവനെക്കൊണ്ട് നിന്നെ കെട്ടിപ്പിച്ചിട്ട് തന്നെ കാര്യം..എന്നിട്ടേ ഇനി എനിക്ക് വിശ്രമം ഉള്ളു.. സന്തോഷമായിരിക്ക് കേട്ടോ.." ലൈല നുസ്രയുടെ കണ്ണും മുഖവുമൊക്കെ തുടച്ചു കൊടുത്തു..

അത് മതിയായിരുന്നു.. ആ വാക്കുകൾ കേട്ടാൽ മതിയായിരുന്നു നുസ്രയ്ക്ക്.. സങ്കടവും സന്തോഷവുമെല്ലാം ഒന്നിച്ച് വന്നു..അവൾ ലൈലയെ ചേർത്തു പിടിച്ചൊരുമ്മ കൊടുത്തു.. "ഞാൻ ചെല്ലട്ടെ..അവിടെ കല്യാണാലോചന പൊടി പൊടിക്കുവാ.ആ നേരത്തു കണ്ണ് വെട്ടിച്ചു വന്നതാ ഇങ്ങോട്ട്..ഇനി പോയി ഞാൻ പറയട്ടെ എനിക്കു ചെറുക്കനെ നോക്കി ഉമ്മയും ഇക്കാക്കയുമൊന്നും ബുദ്ധിമുട്ടണ്ടന്ന്..ഞാൻ തന്നെ നോക്കി വെച്ചിട്ടുണ്ടെന്ന്... " "സമാധാനിപ്പിക്കാൻ വന്ന ലേ ഞാൻ..ഇതാ പറയുന്നത് പെണ്ണുങ്ങൾടെ ഇടയിൽ ഒരു കാര്യത്തിനും വരാൻ പാടില്ലന്ന്.. വഴക്ക് ആയാലും കരച്ചിൽ ആയാലും ഒടുക്കം അവരു പെണ്ണുങ്ങൾ ഒരുമിച്ച്.. ഞങ്ങൾ ആണുങ്ങൾ ദേ ഇങ്ങനെ നോക്ക് കുത്തിയായി നിക്കേണ്ടി വരും..ഒരവസ്ഥ നോക്കണേ ഗോഡ് " നുസ്ര പോയതും താജ് മോളിലേക്ക് നോക്കി രണ്ടും കയ്യും മലർത്തി.. അതു കേട്ടു അവൾ കുപ്പിവള കിലുക്കം പോലെ പൊട്ടി ചിരിക്കാൻ തുടങ്ങി.. "എന്തെടി..കഴിഞ്ഞോ നിന്റെ കതകടച്ചുള്ള കുത്തിയിരിപ്പും അണക്കെട്ട് പൊട്ടിക്കലുമൊക്കെ.. " അവൻ അവളെ കനപ്പിച്ചു നോക്കി.. മറുപടിയായി അവൾ ഓടി വന്നു അവന്റെ നെഞ്ചിലേക്ക് അണഞ്ഞു രണ്ടു കൈ കൊണ്ടും അവനെ മുറുക്കെ വട്ടം ചുറ്റി പിടിച്ചു.അത് അവൻ പ്രതീക്ഷിക്കാത്തതായിരുന്നു.

മിഴികൾ താഴ്ത്തി അവളെ നോക്കി. അപ്പോഴേക്കും അവൾ മുഖം അവന്റെ നെഞ്ചിലേക്ക് അമർത്തി വെച്ചിരുന്നു..ഷർട്ടിൽ നനവ് പടരുന്നതു അവൻ അറിഞ്ഞു.. "ലൈലാ.. " അവൻ ഒന്നും മനസ്സിലാകാതെ അവളുടെ നെറുകിൽ തലോടി വിളിച്ചു.. "സോറി... " അവൾ പതിഞ്ഞ ശബ്‌ദത്തിൽ പറഞ്ഞു.. "എന്തിന്..? " "നിന്നെ തെറ്റിദ്ധരിച്ചതിന്.. " "മുഖത്തേക്ക് നോക്കിയേ നീ.. " "ഇല്ല.. " അവൾ മുഖം ഒന്നൂടെ അവന്റെ നെഞ്ചിലേക്ക് അമർത്തി വെച്ചു.. "ഒന്ന് നോക്ക് മോളെ..ഞാൻ ഒന്ന് കാണട്ടെ സോറി പറയുന്ന നിന്റെ മുഖം.." അവൻ രണ്ടു കൈ കൊണ്ടും പതുക്കെ അവളുടെ മുഖം തന്റെ നെഞ്ചിൽ നിന്നും അടർത്തി എടുത്തു..അവൾ അവന്റെ ദേഹത്തുള്ള പിടിവിട്ടു മടിയോടെ തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി.. "ആരിത്..ഈ താജ്ൻറെ മനസ്സ് കീഴടക്കിയ കോളേജ് സിങ്കക്കുട്ടി ലൈല ജബീൻ തന്നെയോ..ആരുടെ മുന്നിലും തല താഴ്ത്തുകയും ചെറുതാവുകയും ചെയ്യുന്നത് ഇഷ്ടമല്ലാത്തവളാ.ആരോടും സോറിയും താങ്ക്സും പറയാത്തവളാ.പ്രത്യേകിച്ച് ഈ എന്നോട്..എന്റെ റബ്ബേ..എന്തു മാറ്റമാ ഇവിടെ ഓരോരുത്തർക്ക് സംഭവിക്കുന്നതെന്നു നോക്കണേ നീ.." "കളിയാക്കുകയൊന്നും വേണ്ടാ.. എനിക്ക് തെറ്റ് പറ്റിപ്പോയല്ലോ..

അത് കൊണ്ടാ ഞാൻ സോറി പറഞ്ഞത്.. തെറ്റ് പറ്റിയാൽ നിന്നോട് എന്നല്ല..ആരോടായാലും ഞാൻ സോറി പറയും..പറയണം.. അങ്ങനെയാ എന്റെ ഉപ്പ പഠിപ്പിച്ചു തന്നിട്ടുള്ളത്.. " "ആട്ടെ..എന്തു തെറ്റാ എന്റെ മോൾക്ക്‌ ഇപ്പൊ പറ്റിയത്.. " "സത്യം അറിയാതെ ഞാൻ നിന്നെ ഒരുപാട് കുറ്റപ്പെടുത്തിയില്ലേ.. തെറ്റിദ്ധരിച്ചില്ലേ... " "അത് പിന്നെ ആദ്യമായിട്ടൊന്നുമല്ലല്ലോ..ഇക്കാര്യത്തിൽ മാത്രമല്ലല്ലോ..ഇതിന് മുൻപും എത്രവട്ടം നീയെന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്..കുറ്റപ്പെടുത്തിയിട്ടുണ്ട്..സത്യം അറിയുന്നത് പോയിട്ട് അറിയാൻ കൂടി നീ ശ്രമിക്കാറില്ല..നിന്റെ മുന്നിൽ എപ്പോഴും കുറ്റക്കാരൻ ഞാനാണ്. എപ്പോഴും നീയങ്ങനെ വിശ്വസിക്കുന്നു.. " "അമൻ..ഞാൻ അത്... " അവൾക്ക് ഒന്നും പറയാൻ കിട്ടിയില്ല.. "ശെരി..അത് പോട്ടേ..എത്രവട്ടം നീയെന്റെ മുഖത്ത് നോക്കി ചെറ്റയെന്നും നാറി എന്നും വിളിച്ചിട്ടുണ്ട്..അതൊന്നും പോരാഞ്ഞിട്ട് തന്തയ്ക്കും പറഞ്ഞിട്ടില്ലേ..ഒരു തെറ്റും ചെയ്യാത്ത എന്റെ ഡാഡ്നെക്കൂടെ കുറ്റപ്പെടുത്തിയിട്ടില്ലേ നീ.. " അവൻ വീണ്ടും ചോദിച്ചു. അവൾക്ക് മറുപടി ഒന്നും ഇല്ലായിരുന്നു.കുറ്റബോധം കൊണ്ടു തല താണു പോയി.അവൻ അപ്പൊത്തന്നെ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി. "എന്താ..ഒന്നും പറയാനില്ലേ നിനക്ക്.. "

"ഞാൻ..അത്..അന്ന് ദേഷ്യം വന്നപ്പോ...ദേഷ്യം വന്നപ്പോ അറിയാതെ പറഞ്ഞു പോയതാ.. " "ഇതാ നിന്റെ കുഴപ്പം..ദേഷ്യം വരുമ്പോൾ ഒന്നും നോക്കില്ല.. വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയും..എപ്പോഴും എന്റെ ചെവി പൊട്ടിച്ചിട്ടല്ലേ നീ അടങ്ങാറുള്ളൂ.. ഒരു മിനുട്ട് കഴിഞ്ഞാൽ അതൊന്നും ഓർമ്മ കാണേമില്ല..പിന്നെ തെറ്റാണെന്നു തോന്നിയാൽ അപ്പൊ വന്നു സോറിയും പറയും.. പിന്നെ എന്തിനാടീ നീയാ നാവു ചിലവ് ആക്കുന്നത്..അതിന്റെ വല്ല ആവശ്യവും ഉണ്ടോ നിനക്ക്.. " "ശെരിയാ..വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയും.പക്ഷെ ആരോടാ..നിന്നോട്..നിന്നോട് മാത്രം..നിന്നോട് അല്ലാതെ വേറെ ആരോടെങ്കിലും ഞാൻ ദേഷ്യപ്പെടുന്നതോ കടിച്ചു കീറുന്നതോ കണ്ടിട്ടുണ്ടോ നീ.. ഇല്ലല്ലോ.. അപ്പൊപ്പിന്നെ നിന്നോട് ഞാൻ ദേഷ്യപ്പെടുന്നുണ്ടെങ്കിൽ അതിന്റെ കാരണവും നീ തന്നെയാ.. ഇപ്പോഴത്തെ കാര്യം വിട്.. മുൻപത്തെ കാര്യം നോക്ക്.. നീയെനിക്ക് ഒരു സ്വസ്ഥത തരാറുണ്ടായിരുന്നോ.. കോളേജിൽ എനിക്ക് അങ്ങോട്ടും തിരിയാൻ പറ്റില്ല..ഏതു ഭാഗത്തു നോക്കിയാലും നീ ഉണ്ടാകും..എന്തു ദുഷ്ടനായിരുന്നു നീ..എന്നെ എത്ര വേദനിപ്പിക്കേo ഉപദ്രവിക്കേമൊക്കെ ചെയ്തിട്ടുണ്ട്.. അത്രക്കും കണ്ണിൽ ചോര ഇല്ലാത്തവനായിരുന്നു നീ..

ഞാൻ എത്രവട്ടം നിന്നെ പ്രാകി കൊന്നിട്ട് ഉണ്ടെന്ന് അറിയാമോ നിനക്ക്..." "ഓഹോ..ഇത്രയൊക്കെ ഉണ്ടായിരുന്നോ മനസ്സിൽ..? എന്തു ദുഷ്ടനായിരുന്നു നീ എന്ന്..അപ്പൊ ഇപ്പോഴോ.. ഇപ്പൊ ദുഷ്ടൻ അല്ലേ ഞാൻ..? " അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.. "അല്ലേന്നു ചോദിച്ചാൽ ആണ്.. പക്ഷെ അന്നത്തെ അത്രേമൊന്നും അല്ല..ആ അസുര സ്വഭാവമൊന്നും ഇല്ല ഇപ്പോൾ..ഞാൻ കണ്ടു മുട്ടി ആ ആദ്യ നാളിൽ ഉണ്ടായ അമൻ അല്ല നീയിപ്പോൾ..എവിടൊക്കെയോ എന്തൊക്കെയോ മാറ്റങ്ങൾ..ഇപ്പൊ എനിക്ക് ദേഷ്യമൊന്നുമില്ല..അന്നും ഇല്ലായിരുന്നു..എന്നാലും ഇഷ്ടമല്ലായിരുന്നു.." "അപ്പൊ ഇപ്പൊ ഇഷ്ടം ആണെന്നാണോ..? " അവന്റെ മുഖം വിടർന്നിരുന്നു.. കണ്ണ് എടുക്കാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. "എന്താ സംശയം..ആണ്.. എനിക്കിഷ്ടമാ..ഈ ദേഷ്യം..വാശി.. ഇഷ്ടിക കട്ട പോലുള്ള ഈ ശരീരം.. ഈ കണ്ണുകൾ..പിന്നെ നിന്റെ നുണക്കുഴി..നിനക്കറിയോ..അതാ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്.. നുണക്കുഴി കാണാൻ നല്ല ഭംഗിയാ.. മിനിയാന്ന് നീ റെസ്റ്റോറന്റ്ൽ വെച്ചെന്നെ കളിയാക്കിയില്ലേ വായിനോക്കി എന്നും പറഞ്ഞ്.. ഞാൻ അന്നേരം നിന്റെ നുണക്കുഴി നോക്കുവായിരുന്നു..." "പിന്നെ എന്താടി നിനക്ക് ഇഷ്ടം അല്ലാത്തത്.."

"എല്ലാം ഇഷ്ടമാ..നിന്റെ മൂക്ക്.. ചുണ്ട്..താടി.. പിന്നെ ഇത്തിരി മുൻപ് പറഞ്ഞില്ലേ..അതെല്ലാം ഇഷ്ടമാ..പക്ഷെ നിന്നെ ഇഷ്ടമല്ല.. നിന്നെ മാത്രം എനിക്കിഷ്ടമല്ലാ.. കേട്ടോടാ തെമ്മാടി.. " അവൾ അവന്റെ നെഞ്ചിൽ കൈ വെച്ചു ഒരൊറ്റ തള്ള് കൊടുത്തു.. "എന്നാൽ നിന്നെക്കൊണ്ട് ഇഷ്ടപ്പെടുത്തിയിട്ടു തന്നെ കാര്യം.." അവളുടെ തള്ളിൽ പിന്നിലേക്ക് മറിയാൻ പോയ അവൻ ഉടനെ ബാലൻസ് ചെയ്തു നിന്ന് കൈ നീട്ടി അവളുടെ കയ്യിൽ പിടിച്ചു.. "അയ്യടാ മോനെ...നീ കുറച്ച് വെള്ളം കുടിക്കും..എന്റെ അടുത്ത് നടക്കില്ല നിന്റെ കളിയൊന്നും..ഇത് ലൈലയാ..അത് മറക്കണ്ട.. " അവൾ അവന്റെ പിടി വിടുവിച്ചു.. "നീ ലൈലയാണേൽ ഞാൻ താജാ.. അത് നീയും മറക്കണ്ട..ഞാനൊന്നു നോക്കട്ടെ നിന്നെ മെരുക്കാൻ പറ്റുമോന്ന്.. " അവൻ ഷർട്ട്‌ൻറെ രണ്ടു കയ്യും മുകളിലേക്ക് കയറ്റിക്കൊണ്ട് അവളെ അടിമുടി ഒന്ന് നോക്കി വല്ലാത്തൊരു ഭാവത്തോടെ അവളിലേക്ക് നടന്നടുത്തു.. അവന്റെ ആ വരവിൽ സ്പെല്ലിങ് മിസ്റ്റേക്ക് മണത്തതും അവൾ പതിയെ പിന്നിലേക്ക് നീങ്ങി.. വേഗം തിരിഞ്ഞു മുന്നിലേക്ക് ഓടി.. "നിക്കടീ അവിടെ.. " അവൻ പിന്നാലെ ഓടിച്ചെന്നു കൈ നീട്ടി അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു അവളെ പൊക്കി എടുത്തു.അവളുടെ കാലുകൾ തറയിൽ നിന്നും ഉയർന്നു.ദേഹം മുഴുവൻ അവന്റെ ഒരു കൈക്കുള്ളിൽ ആയി.

പിൻ കഴുത്തു അവന്റെ ചുണ്ടോടു ചേർന്നു നിന്നു.. "വിട്..വിടെടാ.. " അവൾ രണ്ടു കൈകൊണ്ടും തന്റെ വയറിനു മീതെ ചുറ്റി പിടിച്ചിരിക്കുന്ന അവന്റെ കൈക്കിട്ടു കുത്തി അലറാൻ തുടങ്ങി. "വിടാൻ അല്ലല്ലോ തൂക്കി എടുത്തത്..ദിവസം ചെല്ലും തോറും നീയെന്റെ തലയിൽ കയറുവാ.. ഇന്ന് നിന്നെയൊരു പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം..എന്റെ കണ്ണും മൂക്കും ചുണ്ടുമൊക്കെ ഇഷ്ടമാണ് നിനക്ക്..പക്ഷെ എന്നെ ഇഷ്ടമല്ലല്ലേ..കാണിച്ചു താരാടീ നിന്നെ ഞാൻ.. " അവൻ അവളെയും തൂക്കി പിടിച്ചു റൂമിലേക്ക്‌ പോയി.അവൾ ആണെങ്കിൽ അവന്റെ കയ്യിൽ കിടന്നു ആർക്കലും വിളിയും കുതറലുമൊക്കെയാണ്.അവൻ അതൊന്നും വക വെച്ചില്ല.ചുറ്റി പിടിച്ച കൈ നീട്ടി അവളെ ബെഡിലേക്ക് ഇട്ടു.അവൾ പിടഞ്ഞു കെട്ടി എഴുന്നേൽക്കുന്നതിന് മുന്നേ അവൻ കൈ രണ്ടും അവൾക്ക് ഇരുവശത്തുമായി കുത്തി നിർത്തി അവളെ തൊട്ടു തൊട്ടില്ലന്നുള്ള രീതിയിൽ അവൾക്ക് മേലെ കിടന്നു.അതുവരെ കുതറി കൊണ്ടിരുന്നവളുടെ കയ്യും കാലും അടങ്ങി.എന്തിന്.. അലറിക്കൊണ്ടിരുന്ന നാവ് വരെ അനങ്ങാതെയായി..ശ്വാസ ഗതി വല്ലാതെ ഉയർന്നു പൊങ്ങിയിരുന്നു. ഉമിനീർ ഇറക്കിക്കൊണ്ട് അവൻറെ മുഖത്തേക്ക് നോക്കി കിടന്നു. ഓടിയതിന്റെ ഫലമായി അവന്റെ മുഖത്ത് വിയർപ്പ് പൊടിഞ്ഞിരുന്നു.

നെറ്റിയിൽ നിന്നും ഒരു തുള്ളി വിയർപ്പ് അടർന്നു അവളുടെ കവിളിലേക്ക് ഉറ്റി വീണു..അവളാ നിമിഷം തന്നെ കണ്ണുകൾ ഇറുക്കി അടച്ചു.അവളുടെ മുഖത്തിന് മീതെയാണ് അവന്റെ മുഖം എങ്കിലും അവളുടെ വർധിച്ച നെഞ്ചിടിപ്പ് അവനു വ്യക്തമായി കേൾക്കാമായിരുന്നു.ആ ഹൃദയം ഇപ്പൊ പൊട്ടി തെറിക്കുമെന്ന് തോന്നി അവന്.മിഴികൾ ഇറുക്കി പിടിച്ചു കിടക്കുന്ന അവളുടെ മുഖം അവനിൽ ചിരി ഉണർത്തി..അവൻ അവളുടെ മുഖത്തേക്ക് ഒന്ന് ഊതി. അവൾ പതിയെ കണ്ണ് തുറന്നു നോക്കി.. "പോയി കോഫി എടുത്തോണ്ട് വാടി..നേരം സന്ധ്യ കഴിഞ്ഞു രാത്രിയാവാറായി.. " "എന്താ..? " അവൾ ഒന്നും മനസ്സിലാവാതെ കണ്ണു മിഴിച്ചു.. "കുന്തം..പെണ്ണിന് ബോധമില്ല.. പൊന്നു മോള് എന്താ കരുതിയെ.. ഫസ്റ്റ് ഈവെനിംഗും കഴിഞ്ഞു സുഗമായി പുതപ്പിനുള്ളിൽ ചുരുണ്ടു കൂടാമെന്നോ..പുറത്ത് ഒന്നും കാണുന്നില്ലന്നേ ഉള്ളു..നിന്റെ മനസ്സിൽ ഇരുപ്പ് ഒക്കെ കൊള്ളാം.. എണീറ്റു പോയി കോഫി എടുത്തോണ്ട് വാടി.." അവൻ അവളുടെ മോളിന്ന് മാറി ബെഡിലേക്ക് ഇരുന്നു.. "പോടാ പട്ടി..എന്റെ മനസ്സിൽ ഇരുപ്പ് ആണോ അതോ നിന്റെ മനസ്സിൽ ഇരുപ്പ് ആണോ അതൊക്കെയെന്ന് എനിക്ക് നന്നായി അറിയാം..വൃത്തികെട്ടവനെ.. വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയാൻ നിന്നാൽ ഉണ്ടല്ലോ അടിച്ചു നിന്റെ മുഖത്തിന്റെ ഷേപ്പ് മാറ്റി കളയും..

അവന്റെയൊരു കോപ്പിലെ ഫസ്റ്റ് ഈവെനിംഗ്..തെണ്ടി..നിനക്ക് കോഫി വേണമല്ലെ..എന്റെ പട്ടി തരും.. പോടാ അവിടെന്ന്.. " അവൾ എണീറ്റു അവന്റെ നേരെ ഒരു ചവിട്ടി തുള്ളൽ കഴിഞ്ഞു താഴേക്ക് ഇറങ്ങിപ്പോയി.. എന്തു തെറി വിളിച്ചാലും എത്ര അടി ഉണ്ടാക്കിയാലും അവൾ തന്റെ ഒരു കാര്യത്തിലും ഒരു മുടക്കവും വരുത്തില്ലന്ന കാര്യം അവന് അറിയാം..അവൻ മറന്നാലും അവൾ ഓർമിച്ചു എടുക്കും അവനുള്ള കോഫിയും ജ്യൂസുമൊക്കെ..അതും അവനെ താഴേക്ക് ഇറക്കില്ല.റൂമിലേക്ക്‌ തന്നെ കൊണ്ടു വരും..പട്ടി തരുമെന്ന് പറഞ്ഞു പോയവൾ ഇപ്പൊത്തന്നെ പട്ടിയായി വരുന്നതും ഓർത്ത് അവൻ ചിരിച്ചോണ്ട് അവളെയും നോക്കിയിരുന്നു.. ** ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞു രണ്ടു ഹൗർ കഴിഞ്ഞിരുന്നു.മൂന്നാമത്തെ ഹൗർ തുടങ്ങുകയാണ്.മിസ്സ്‌ വരുന്നത് ഒന്നും കാണുന്നില്ല.അവൾ പുസ്തകവും അടച്ചു വെച്ചു നുസ്രയോട് സൊറ പറയാൻ തുടങ്ങി. "അമൻ..ഇവൻ എന്താ ഇങ്ങോട്ട്.." വർത്താനം പറയുന്നതിന്റെ ഇടയിൽ ലൈലയുടെ കണ്ണുകൾ പുറത്തേക്ക് പോയി.

താജ്നെ കണ്ടതും അവൾ സ്വയം ചോദിച്ചു.. പക്ഷെ അത് നുസ്ര കേട്ടു. "എന്തു ചോദ്യമാ മോളെ.. ഇവിടെയല്ലേ അവന്റെ സകലതും ഉള്ളത്..നിന്നെ കാണാൻ തന്നെ ആയിരിക്കും.നീ എന്ന് ഈ കോളേജിൽ വന്നോ..അന്ന് തൊട്ടു അവൻ ഈ സയൻസ് ബ്ലോക്ക്‌ കയറി ഇറങ്ങാൻ തുടങ്ങിയതാ..നിന്നെ കാണുകയും സംസാരിക്കുകയും അല്ലാണ്ട് വേറെന്താ അവന് ഇവിടെ ഉള്ളത്.." നുസ്ര പറഞ്ഞു.ലൈല അതിന് എന്തോ മറുപടി പറയാൻ ഒരുങ്ങിയതും താജ് ക്ലാസ്സിലേക്ക് കയറി വന്നു.പിന്നെ അവൾ നുസ്രയെ വിട്ടു താജ്നെ നോക്കി.. "വാ.. " താജ് വന്നതും നേരെ അവളുടെ കയ്യിൽ പിടിച്ചു.അവൾ ഒന്ന് ഞെട്ടി. വേഗം ചുറ്റിനും നോക്കി.ക്ലാസ്സിലെ സകലതിന്റെയും കണ്ണ് തങ്ങൾടെ നേരെയാണെന്ന് കണ്ടതും അവൾ വേഗം കൈ കുടഞ്ഞു. "ഇരുന്നു പിടയ്ക്കാതെ എണീക്കടീ.." അവൻ പിടി ഒന്നൂടെ മുറുക്കി അവളെ നോക്കി പേടിപ്പിച്ചു. "എങ്ങോട്ടാ.." "എങ്ങോട്ട് ആണെന്ന് അറിഞ്ഞാലേ നീ വരുള്ളൂ.." "അതല്ല..ക്ലാസ്സ്‌ ഉണ്ട് അമൻ..ഇപ്പൊ മിസ്സ്‌ വരും.നീ എന്താ ഈ കാണിക്കുന്നേ..കൈ വിട്ടേ..എന്നിട്ട് ക്ലാസ്സിലേക്ക് പോകാൻ നോക്ക്.." "വിടുന്നില്ല..നീ എണീറ്റാൽ മതി.." അവൻ പിടിച്ച പിടിയാലേ അവളെ വലിച്ചു എഴുന്നേൽപ്പിച്ചു. "ഏയ്‌..അമൻ..വിട്..ചുമ്മാ സീൻ ഉണ്ടാക്കല്ലേ.. " "ഇനി ഒരക്ഷരം മിണ്ടിയാൽ അടിച്ചു നിന്റെ അണപ്പല്ല് തെറിപ്പിക്കും ഞാൻ.." അവൻ അവളെയും പിടിച്ചു വരാന്തയിലേക്ക് ഇറങ്ങി.

അവൾ തിരിഞ്ഞു നുസ്രയെ നോക്കി.നുസ്ര അപ്പൊ ടാറ്റാന്നും കാണിച്ചു ഒരു ഫ്ലൈയിങ്ങ് കിസ്സും കൊടുത്തു അവൾക്ക്..അവൾ അപ്പൊത്തന്നെ പോടീന്നും പറഞ്ഞു മുഖം തിരിച്ചു താജ്നെ നോക്കി.തെറി വിളിച്ചു അവന്റെ കാത് പൊട്ടിക്കാൻ ഒരുങ്ങിയതും ക്ലാസ്സിലേക്ക് ഉള്ള മിസ്സ്‌ വരുന്നത് കണ്ടു. റബ്ബി..തീർന്ന്.ഇനി പെർമിഷൻ ചോദിക്കാതെ ഇറങ്ങിയതിന് ആ പെണ്ണും പിള്ളയുടെ വായിൽ ഇരിക്കുന്നത് കേൾക്കണം.. അവൾ തലയ്ക്കു കൈ കൊടുത്തു. അവൻ അതൊന്നും കാര്യമാക്കിയില്ല.അവളെയും വലിച്ചു നടന്നു.മിസ്സിന്റെ അടുത്തേക്ക് എത്തിയതും നിന്നു. "മിസ്സ്‌..ഇവൾക്ക് ഒരു തലകറക്കവും ഛർദിയും പോലൊക്കെ.I think she is pregnant..സോ കൺഫേം ചെയ്യാമെന്ന് കരുതി.ഒന്ന് ഹോസ്പിറ്റലിൽ വരെ പോകണം.." മിസ്സ്‌ എന്തെങ്കിലും ഒന്ന് ചോദിക്കുന്നതിന് മുൻപേ അവൻ പറഞ്ഞു. എടാ..സാമദ്രോഹി. അവൾ പല്ല് ഞെരിച്ചു അവനെ നോക്കി.. "Ooh..Is it..? Congrtzz both.. എന്നാലും ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു..ഈ വരുന്ന ഇയർ കൂടി കഴിഞ്ഞിട്ട് മതിയായിരുന്നു.. അപ്പൊ കോഴ്സ് കംപ്ലീറ്റ് ആകുമായിരുന്നില്ലേ.. ഇതിപ്പോ സ്റ്റഡിയേ ബാധിക്കില്ലേ.. സാരമില്ല..ഏതായാലും അമ്മ ആവാൻ തയാർ എടുത്തു കഴിഞ്ഞു.. ഇനി പറഞ്ഞിട്ട് കാര്യമില്ല..കോഴ്സ് ഡ്രോപ്പ് ചെയ്യാതിരുന്നാൽ മതി..

ക്ലാസ്സിലേക്ക് വരാൻ പറ്റിയില്ലങ്കിലും കുഴപ്പമില്ല.. മെറ്റീരിയൽസ് റെഫർ ചെയ്തു പഠിച്ചാൽ മതി..യു ക്യാൻ ക്യാച്ച്.. താജ്..തന്നോടും കൂടിയ പറയുന്നത്.. പ്രെഗ്നന്റ് ആണെന്ന് കരുതി ഒതുങ്ങി കൂടാൻ അനുവദിക്കരുത്.. ആവശ്യത്തിനു റസ്റ്റ്‌ എടുത്തോട്ടെ.. ബാക്കി ടൈം പഠനത്തിനു യൂസ് ചെയ്യട്ടെ..ഒരുപാട് കഴിവ് ഉള്ള കുട്ടിയാ ലൈല..നല്ലൊരു ഭാവി ഉണ്ട്..അത് കൊണ്ടാ പറയുന്നത്.. " മിസ്സ്‌ എന്താ പറയുന്നത് എന്ന് മിസ്സ്‌ന് തന്നെ അറിഞ്ഞു കാണില്ല.. തലങ്ങും വിലങ്ങും ഓരോ ഉപദേശം നൽകാൻ തുടങ്ങി.. അവൻ എല്ലാത്തിനും ഓക്കേ മിസ്സ്‌ യെസ് മിസ്സ്‌ എന്നൊക്കെ പറഞ്ഞു ലോകത്തിലെ ഏറ്റവും നല്ല ഭർത്താവിനുള്ള അവാർഡ് തന്നെ കരസ്ഥമാക്കുന്നുണ്ട്.എല്ലാം കണ്ടും കേട്ടും കിളി പോയ അവസ്ഥയിൽ അവളും.. അവൻ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.പിന്നാലെ ചീറ്റിക്കൊണ്ട് അവളും.അവൾക്ക് അവനെ കൊല്ലാനുള്ള ദേഷ്യം വരുന്നുണ്ടായിരുന്നു.എന്തൊക്കെയാടാ നീ അവിടെ വിളമ്പിയതെന്നും ചോദിച്ചു അവന്റെ കയ്യും മുഖവും നെഞ്ചും വയറുമൊക്കെ അവൾ നുള്ളി മാന്തി പറിച്ചെടുത്തു. അവന് ഇപ്പൊ എപ്പോഴും അതൊക്കെ കിട്ടി നല്ല ശീലം ഉള്ളോണ്ട് ഒന്നും എവിടെയും ഏശിയില്ല.അവളുടെ ദേഷ്യമേ അവൻ കാര്യമാക്കിയില്ല.കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു.എന്നിട്ട് അവളോട്‌ കയറടീന്നും പറഞ്ഞു..

അവൾ കേട്ട ഭാവം നടിച്ചില്ല..കയ്യും കെട്ടി കേറ്റി വെച്ച മുഖവുമായി വേറെ എങ്ങോട്ട് ഒക്കെയോ നോക്കിക്കൊണ്ട് നിന്നു. "നിന്നോട് കയറാൻ അല്ലേ പറഞ്ഞത്..? " അവന്റെ ശബ്ദം പൊങ്ങി.. അവളുടെ എയർ ഒക്കെ പമ്പ കടന്നു.അവനെ പേടിച്ചിട്ടാണ്.ഇപ്പൊ മിസ്സ്‌ൻറെ മുന്നിൽ മാത്രമേ നാണം കെടുത്തിയിട്ടുള്ളൂ.ഇനി കോളേജ് മൊത്തം കേൾക്കെ ഉച്ചത്തിൽ വിളിച്ചു കൂകി നാണം കെടുത്താനും മതി ഇവൻ.ഇനി ആരെങ്കിലുമൊക്കെ കാണുന്നതിന് മുൻപേ അവൾ വേഗം അവന്റെ പുറകിലേക്ക് കയറിയിരുന്നു.. "എങ്ങോട്ടാ..? " അവനെ വട്ടം ചുറ്റുമ്പോൾ അവൾ ചോദിച്ചു. "എങ്ങോട്ടാണെന്ന് അറിഞ്ഞാലും പറഞ്ഞാലും മാത്രമേ നീ എന്റെ ഒന്നിച്ച് വരൂ..? " അവൻ ഗൗരവത്തോടെ തല ചെരിച്ചവളെ നോക്കി..അവൾ അല്ലന്ന് തലയാട്ടി.. "എന്നാൽ വായ പൂട്ടി വെച്ചിരുന്നോണം... " ബുള്ളറ്റ് മുന്നോട്ടു കുതിച്ചു.. "ഇവിടെ..? " ഏകദേശം പത്തു മിനുട്ട് കഴിഞ്ഞതും ബുള്ളറ്റ് നിന്നു.ഇറങ്ങി ചുറ്റിനും നോക്കിയ അവൾ ഒന്നും മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് നോക്കി.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story