ഏഴാം ബഹർ: ഭാഗം 61

ezhambahar

രചന: SHAMSEENA FIROZ

SHAMSEENA FIROZ "എടാ..ലൈല അല്ലേ അത്.. " തിരിഞ്ഞു പോകാൻ ഒരുങ്ങുന്ന അവളെ എബി കണ്ടു.ഉടനെ താജ്ൻറെ ചുമലിൽ തട്ടി വാതിൽക്കലേക്ക് കൈ ചൂണ്ടി. "നിനക്ക് എന്താ അവളെ കണ്ടാൽ തിരിച്ചറിയില്ലേ..അവളെന്താ ഇവിടെ.. " താജ് വാതിൽക്കലേക്ക് നോക്കി.. "നിന്നെ കാണാൻ ആയിരിക്കും.. അല്ലാണ്ട് വേറെന്തിനാ..ഏതായാലും അവള് വന്ന നേരം കൊള്ളാം.." "അതെന്താ..? " "എടാ..ഇത്രേം നേരം സാനിയ ഇവിടെ നിന്നെ ഒട്ടിച്ചേർന്നു നിക്കുവല്ലാരുന്നോ..പോരാത്തതിന് അവള് നിന്റെ കയ്യിലും പിടിച്ചു. എനിക്ക് തോന്നുന്നു ലൈല അത് കണ്ടെന്ന്..അത് കൊണ്ടാ വന്ന പോലെന്നെ തിരിച്ചു പോകുന്നത്.. " "ഒന്ന് പോടാ അവിടെന്ന്..അവൾ എന്നെ നോക്കി വന്നത് ഒന്നും ആവില്ല..അതിനുള്ള ചാൻസ് ഇല്ല.. വേറെയാരേലും കാണാൻ വന്നത് ആയിരിക്കും.അല്ലേൽ ഇത് വഴി പോയത് ആയിരിക്കും... " "എന്തിനാ ഇത്രയൊക്കെ സംശയം. അവള് ഇപ്പൊ പോയത് അല്ലേയുള്ളൂ.അവളോട്‌ തന്നെ ചോദിക്ക്..എടാ..ഇത് കുശുമ്പ് തന്നെയാ..അല്ലേൽ അവൾ ഇത്ര പെട്ടെന്ന് തിരിഞ്ഞു പോകില്ലായിരുന്നു..

ശെ...ഞാൻ അവളുടെ മുഖം കണ്ടില്ല. കണ്ടിരുന്നേൽ അറിയാമായിരുന്നു ആ മുഖത്തെ ഭാവം.ഏതായാലും നീ ഒന്ന് ചെല്ല്..ആ മുഖത്ത് കുശുമ്പ് ഉണ്ടോന്നു നോക്കിട്ട് വാ..ഉണ്ടെങ്കിൽ ഉറപ്പ്..നിനക്ക് അവളോട്‌ മാത്രമല്ല.അവൾക്ക് നിന്നോടും ഉണ്ട് സ്വാർത്ഥത..നിന്നെ അവൾ ഒരിക്കലും ഒരുത്തിക്കും വിട്ടു കൊടുക്കില്ല മോനെ.." എബി അവനെ പിടിച്ചു എണീപ്പിച്ചു. "എബി..ആ സാനിയയോട് പറഞ്ഞേക്ക് ഇനിയും ഒലിപ്പിച്ചു പിന്നാലെ വരാനാണ് ഭാവമെങ്കിൽ എന്റെ മറ്റൊരു മുഖം അവള് കാണുമെന്ന്..ഈ കൈ തല്ലാൻ ആയാലും തലോടാൻ ആയാലും ലൈലയുടെ നേർക്കു മാത്രമേ ഉയർന്നിട്ടുള്ളൂ.കാരണം എന്റെ സ്പർശം എന്റെ പെണ്ണിന് മാത്രം അവകാശപ്പെട്ടതാ..അത് കൊണ്ടാ സാനിയ ഇപ്പോഴും അതുപോലെത്തന്നെ ഉള്ളത്.ഇല്ലേൽ എപ്പോഴേ ചുവരിൽ തേഞ്ഞെനെ.. ഈയിടെയായി അവൾക്ക് കുറച്ച് കൂടിയുണ്ട്..ഒട്ടാൻ വന്നേക്കുന്നു ജന്തു.. " "എടാ..നീ നിന്നു കലി തുള്ളാതെ.. അവള് ഇന്നും ഇന്നലെയും തുടങ്ങിയത് ഒന്നും അല്ലല്ലോ.. പണ്ടേ നിന്നെ കാണുമ്പോൾ അവൾക്ക് ഇത്തിരി ഇളക്കം കൂടുതലാ..

ഇപ്പോ പിന്നെ ഒടുക്കത്തെ ഒലിപ്പീരും..ഒന്ന് കിട്ടാത്തതിന്റെ കുറവ് തന്നെയാ. എന്ന് കരുതി നീ തല്ലാനോ കുത്തിനു പിടിക്കാനോ ഒന്നും പോകണ്ട.. നീ പറഞ്ഞത് തന്നെയാ ശെരി..തല്ല് ആയാലും തലോടൽ ആയാലും നിന്റെ സ്പർശത്തിനു ലൈല മാത്രമാ അവകാശി.. തത്കാലം ഇപ്പൊ ഇങ്ങനെ പോട്ടെ.. സാനിയയെ ഒതുക്കണ്ടാ.. അവളു നിന്നെ ഒട്ടിക്കൊണ്ട് നിക്കട്ടെ.. അത് നിനക്ക് സഹായകമാകും.. ലൈലയുടെ മനസ്സിൽ എന്താണെന്ന് അറിയാമല്ലോ..എങ്ങനെയുണ്ട് ബുദ്ധി.." "ഒരു ചാക്ക് എടുത്തിട്ടോ തലയിൽ.. വെയിലും വെള്ളവും കൊള്ളിക്കണ്ട..അവന്റെയൊരു ബുദ്ധി..എന്നിട്ട് വേണം ഇപ്പൊ എന്നോട് അടുത്തോണ്ടിരിക്കുന്നവൾ അങ്ങ് നോർത്ത് പോളിൽ പോയി നിക്കാൻ.അങ്ങനെ കണ്ടവളുമാരൊന്നും എന്നെ ഒട്ടണ്ടാ..തത്കാലം എന്നെ ലൈല മാത്രം ഒട്ടിയാൽ മതി..നിന്നോട് ആ ജന്തൂനെ ഒതുക്കാനാ പറഞ്ഞത്.. അത് ചെയ്താൽ മതി.. " താജ് എബിയെ കനപ്പിച്ചു ഒന്ന് നോക്കി.. പെണ്ണുങ്ങൾടെ മനസ്സ് അറിയാനുള്ള ഒരു സൈക്കോളജിക്കൽ മൂവ്മെന്റ് പോലും അറിയില്ല.

എന്നിട്ട് എന്നെ നോക്കി പേടിപ്പിക്കാൻ വരുന്നു. എവിടുന്ന് വരുന്നു ഇവൻ.. ഇവന്റെയൊക്കെ കെട്ടു കഴിയുന്ന നേരത്ത് എന്റേത് കഴിഞ്ഞിരുന്നു എങ്കിൽ എന്നെ ഇപ്പൊ അപ്പാന്ന് വിളിക്കാൻ രണ്ടു മൂന്നെണ്ണം ഉണ്ടായേനെ..വെരി സ്ലോ ഗയ്‌.. താജ് പോകുന്നതും നോക്കി എബി കൈ മലർത്തി.. ** കോളേജ് ഗേറ്റ്നോട് ചേർന്നു തല ഉയർത്തി നിൽക്കുന്ന വാക ചുവട്ടിൽ നോക്കെത്താ ദൂരത്തു കണ്ണും നട്ടു ഇരിക്കുകയായിരുന്നു അവൾ.അരികിൽ ആരോ വന്നിരുന്നത് അവൾ അറിഞ്ഞു.അത് താജ് ആണെന്ന് മനസ്സിലാക്കാൻ അവൾക്ക് കൂടുതൽ നേരം ഒന്നും വേണ്ടി വന്നില്ല.ആ ഗന്ധം മതി.ഏതു മയക്കത്തിലും അവളാ സാമീപ്യം തിരിച്ചറിയും.ദേഷ്യത്തിൽ ആയിരുന്നത് കൊണ്ട് മിണ്ടുന്നതു പോയിട്ട് ഒന്ന് നോക്കാൻ പോലും നിന്നില്ല.എഴുന്നേറ്റു പോകാൻ ഒരുങ്ങി.ഉടനെ കയ്യിൽ അവന്റെ പിടി വീണു.അവൾ തിരിഞ്ഞു വീർത്ത മുഖവും വെച്ചു അവനെ കൂർപ്പിച്ചു നോക്കി.. "ഔ..ഇങ്ങനെ നോക്കല്ലേ മോളെ.. കണ്ട്രോൾ പോകുന്നു.. " അവൻ സൈറ്റ് അടിച്ചു കാണിച്ചു.. "ദേ..അവളോട്‌ ഒലിപ്പിച്ചതു പോലെ എന്നോട് ഒലിപ്പിക്കാൻ വരല്ലേ..

ഇത് ആള് വേറെയാ..കൈയ്യിന്ന് വിട്.. " അവൾ കൈ കുടഞ്ഞു.. "ഇല്ലങ്കിലോ.. " അവന്റെ പിടി മുറുകി.. "വിട്..വിടാനാ പറഞ്ഞത്..." അവൾ കൈ കുടയുക മാത്രമല്ല.. ദേഷ്യം കൊണ്ട് നിന്നിടത്ത് തന്നെ ചവിട്ടി തുള്ളാനും തുടങ്ങി.. "കെട്ട്യോൾ ഇന്ന് നല്ല ദേഷ്യത്തിൽ ആണല്ലോ..?എന്താ മുത്തേ കാര്യം.. " "കാര്യം ചോദിക്കാൻ വന്നേക്കുന്നു വായിനോക്കി..കഴിഞ്ഞോ നിന്റെ സല്ലാപമൊക്കെ..ആ ഇളക്കക്കാരിയെ കഴിഞ്ഞപ്പോൾ വേറെയാരെയും കിട്ടിയില്ലേ..അത് കൊണ്ടാണോ പൊന്നു മോൻ ഇങ്ങോട്ട് കെട്ടി എടുത്തത്.. " "എന്താ സംശയം...കുറച്ച് നേരം കൂടെ ഒന്ന് അടുത്ത് ഇരിക്കാൻ പറഞ്ഞു.പക്ഷെ അവള് കേട്ടില്ല.. ആരേലും കണ്ടാലോന്ന് പറഞ്ഞു നാണിച്ചു എണീറ്റു പോയി.പിന്നെ ആരെയും കിട്ടിയില്ല.അന്നേരം നിന്നെ ഓർമ്മ വന്നു.എണീറ്റു ഇങ്ങ് പോന്നു.പിന്നെ അവളുമാരൊന്നും നിന്റെ പകുതിക്ക് പോരാ.സത്യം പറയാല്ലോ..അടുത്ത് വരുമ്പോഴും തൊടുമ്പോഴുമൊന്നും ഒരു ഫീലും ഇല്ല.അത് നിന്റെ അരികിൽ വരുമ്പോഴേ ഉള്ളു.നിന്നെ തൊടുമ്പോഴേ ഉള്ളു.."

അവൻ അവളുടെ കയ്യിൽ പിടിച്ചിരിക്കുന്ന പിടിയാലെ വലിച്ചു ദേഹത്തേക്ക് ചേർത്തു.. "ചീ..വിട് എന്നെ..കണ്ണിൽ കണ്ടവളുമാരെയൊക്കെ തോടേം പിടിക്കേo ചെയ്യുന്ന കൈ കൊണ്ട് എന്നെ തൊടാനും പിടിക്കാനും വന്നാൽ ഉണ്ടല്ലോ..മേലിൽ തൊട്ടു പോകരുത് എന്നെ..എന്റെ അടുത്തേക്ക് പോലും വന്നു പോകരുത്..എനിക്കിഷ്ടമല്ലാ..പോടാ വൃത്തികെട്ടവനെ.. " അവൾ അവന്റെ നെഞ്ചിൽ ഒരൊറ്റ തള്ള് വെച്ചു കൊടുത്തു.. "എന്ത് ഇഷ്ടമല്ലന്ന്...." രണ്ടടി പിന്നിലേക്ക് തെറിച്ച അവൻ അവളുടെ അരികിലേക്ക് തന്നെ വന്നു.. "ഒന്നും..ഒന്നും എനിക്കിഷ്ടമല്ലാ.. " അവൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. "അല്ലടീ..ഞാൻ അവളോട്‌ അടുത്ത് ഇടപെടുന്നതിനു നീ എന്തിനാ ദേഷ്യം പിടിക്കുന്നത്..അതിൽ എന്താ നിനക്ക് ഇത്രക്കും ഇഷ്ട കുറവ് ഉണ്ടാവാൻ മാത്രം..അതാ എനിക്ക് മനസ്സിലാകാത്തത്.. " അവൻ പുരികം ചുളിച്ചു അവളെ ഉറ്റു നോക്കി..അന്നേരമാ അവളും അതു ചിന്തിച്ചത്. താൻ എന്തിന് ദേഷ്യപ്പെടണം.. ഇക്കാര്യത്തിൽ തനിക്ക് ഇഷ്ട കുറവ് തോന്നേണ്ട കാര്യം എന്താ..?

"നിന്നോടാ ചോദിച്ചത്..ഞാൻ അവളോട്‌ അടുപ്പം കാണിക്കുന്നത് കൊണ്ട് നിനക്കുള്ള പ്രശ്നം എന്താ.. അതിന് നീ ദേഷ്യപ്പെടെണ്ട ആവശ്യമെന്താ.. " "ഞാൻ..എനിക്ക്..എനിക്ക് ഒരു പ്രശ്നവുമില്ല..അല്ലേലും എനിക്ക് എന്ത് ഉണ്ടാകാനാ..ഒരു കാര്യം കണ്ടു.അത് ചോദിച്ചു..അത്ര തന്നെ.. ഞാൻ ദേഷ്യപ്പെട്ടെന്ന് നിന്നോടാരാ പറഞ്ഞത്..എനിക്ക് ദേഷ്യമൊന്നുമില്ല..നിനക്ക് തോന്നുന്നതാ അതൊക്കെ..എന്റെ സംസാരം ഇങ്ങനെ തന്നെയാ..അത് നിനക്ക് അറിയുന്നത് അല്ലേ..പ്രത്യേകിച്ച് നിന്നോട്.. നിന്നോട് എനിക്കിങ്ങനെ ഒച്ചത്തിൽ സംസാരിച്ചു ശീലമായി.. " "നുണ പറയുന്നോ..നിനക്ക് ഒന്നും ഇല്ലേ..ഒരു പ്രശ്‌നവും ഇല്ലേടി നിനക്ക്..പറയെടി..ഈ ദേഷ്യം കള്ളമാണോ..എനിക്ക് തോന്നുന്നത് ആണൊ...പറ..പറയെടി.. " അവൻ വീണ്ടും അവളുടെ കയ്യിൽ പിടിച്ചു.ഇപ്രാവശ്യം പിടിച്ചത് മാത്രമല്ല..തിരിച്ചു പുറകിലേക്ക് ആക്കി വേദനിപ്പിക്കുകയും ചെയ്തു. "വിട്..നിന്നോട് എന്നെ തൊടരുത് എന്നാ പറഞ്ഞത്..വിടെടാ.. " അവൾ ആവുന്നത്ര ഒച്ച എടുക്കുകയും നിന്നു കുതറുകയും ചെയ്തു..

"ഇല്ല..വിടില്ല..പറയാതെ നിന്നെ വിടുന്ന പ്രശ്നമില്ല..എന്തിനാ ഈ ദേഷ്യം..എനിക്കറിയണം.. പറയെടി..." അവൻ പിടി മുറുക്കി കൊണ്ടിരുന്നു.. "ആാാ..ദേഷ്യമാ...അവള് നിന്റെ അടുത്തിരുന്നതോ നീ അവളോട്‌ സംസാരിച്ചതോ അവള് നിന്നെ തൊട്ടതോ ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല..ആ ദേഷ്യമാ എനിക്ക്.. എനിക്ക് ഒട്ടും ഇഷ്ടമായില്ല നിന്നെ മറ്റൊരുത്തിയോട് ഒപ്പം കണ്ടത്.. കാരണം നീ എന്റെ ഭർത്താവാ.. ഞാൻ നിന്റെ ഭാര്യയും... " കൈക്ക് അനുഭവപ്പെടുന്ന വേദനയാണോ അതോ ഉള്ളിലെ ദേഷ്യവും സങ്കടവുമാണോ സഹിക്കാൻ പറ്റാത്തത് എന്ന് അവൾക്ക് അറിഞ്ഞില്ല.സകല ശക്തിയും എടുത്തു കൈ കുടഞ്ഞു ഇളക്കി അവനെ പിടിച്ചു തള്ളിക്കൊണ്ട് അവൾ അലറി പറഞ്ഞു... "സോ വാട്ട്‌..ഞാൻ നിന്റെ ഭർത്താവാണ്..നീ എന്റെ ഭാര്യയും...പക്ഷെ അത് കൊണ്ട് എന്താ..പേരിനു മാത്രമാണ് അതൊക്കെ..നമ്മൾക്ക് ഇടയിൽ ഒരു ഹസ്ബൻഡ് ആൻഡ് വൈഫിന്റെ ഇടയിൽ സംഭവിക്കേണ്ടത് ഒന്നും തന്നെ ഇതുവരെ സംഭവിച്ചിട്ടില്ല.. മാത്രവുമല്ല..നിനക്ക് എന്നെ ഇഷ്ടമല്ല.

.ഇനി ഒരിക്കലും ഇഷ്ടപ്പെടാനോ അംഗീകരിക്കാനോ ഒന്നും പോകുന്നില്ല..അത് നീ തന്നെ പറഞ്ഞതാ..ഒന്നല്ല..ഒരു നൂറു വട്ടം.. ഇന്നോ നാളെയോ നീ ഡിവോഴ്സ് വാങ്ങി പോകും..അങ്ങനെയുള്ള നിന്നെ ഓർത്തും കരുതിയും ഞാൻ എന്തിന് മറ്റൊരു പെണ്ണിനോട് അടുപ്പം കാണിക്കാതെയും അവളുടെ സ്നേഹം കണ്ടില്ലന്ന് നടിക്കുകയും വേണം..ഏതായാലും നിനക്ക് എന്നെ വേണ്ടാ..ആ നിനക്ക് വേണ്ടി ഞാൻ എന്റെ ജീവിതം കളയണോ..എന്നെ സ്നേഹിക്കുന്നവളുടെ സ്നേഹം ഞാൻ തിരിച്ചറിയുന്നു..അതിൽ എന്താ ഇപ്പൊ അത്ര വല്യ തെറ്റ്.. അതിന് നീ ഇങ്ങനെ വയലന്റെ ആകണ്ട കാര്യമെന്താ.. " "അതൊന്നും എനിക്ക് അറിയില്ല..നീ എന്ത് പറഞ്ഞിട്ടും കാര്യവുമില്ല.. ഇപ്പൊ നീയെന്റെ ഭർത്താവാ..അത് നിയമത്തിനു മുന്നിൽ മാത്രമല്ല.. ഈ കോളേജ്നു മുന്നിലും..ഇവിടെയുള്ള എല്ലാവർക്കും അറിയാം ഞാൻ നിന്റെ ഭാര്യ ആണെന്നും നീ എന്റെ ഭർത്താവ് ആണെന്നും..അപ്പൊ നീ ഇവിടെ ഇത് പോലുള്ള വൃത്തികേടുകൾ കാണിച്ചാൽ അത് ബാധിക്കുന്നത് എന്നേം കൂടെയാ.. എന്റെ ക്ലാസ്സിൽ ഉള്ളവരൊക്കെ പറയുക താജ് അത് ചെയ്തു ഇത് ചെയ്തു എന്നല്ല,, ലൈലയുടെ ഭർത്താവ് അത് ചെയ്തു ഇത് ചെയ്തുന്നൊക്കെയാ..

നിന്റെ കെട്ട്യോൻ അസ്സല് വായിനോക്കിയാന്നും പറഞ്ഞു എന്റെ ഫ്രണ്ട്‌സ് ഒക്കെ എന്നെ കളിയാക്കും..എനിക്ക് വയ്യ നാണം കെടാൻ.. നീ എന്ത് വേണേലും ആയിക്കോ.. ഏതു പെണ്ണിനോട് വേണേലും അടുപ്പം കാണിച്ചോ.. ഏതവളെ വേണേലും സ്നേഹിച്ചോ..പക്ഷെ അതൊക്കെ ഞാനുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞതിന് ശേഷം മാത്രം..ആദ്യം എനിക്കുള്ള ഡിവോഴ്സ് താ..എന്നിട്ട് മതി നിന്റെ തോന്നിവാസങ്ങളൊക്കെ.. കേട്ടല്ലോ.. " അവൾ അവന്റെ കോളറിന് കുത്തി പിടിച്ചു പറഞ്ഞു.. "ആം വെരി സോറി മോളെ.." അവൻ അവളുടെ കൈ എടുത്തു മാറ്റി ഷർട്ടു വലിച്ചു കോളർ ശെരിയാക്കി ഇട്ടു.അവൾ ഒന്നും മനസ്സിലാകാതെ അവന്റെ മുഖത്തേക്ക് നോക്കി.. "ഡിവോഴ്സ് കിട്ടാൻ കുറച്ച് ദിവസം എടുക്കും.നിനക്കും അറിയുന്നത് അല്ലേ അതിന്റെ നൂലാ മാലകളെ കുറിച്ച് ഒക്കെ..പക്ഷെ അത്രേം ഡേയ്‌സ് നിന്നെ അനുസരിക്കാൻ ഒന്നും എനിക്ക് കഴിയില്ല..കാരണം ഞാൻ നേരത്തെ പറഞ്ഞത് തന്നെയാ..സാനിയ എന്നെ സ്നേഹിക്കുന്നു..അത് ഞാൻ എങ്ങനെയാ കണ്ടില്ലന്നു നടിക്കുക.. കാണാൻ നിന്റെ അത്രേമൊന്നും ഗ്ലാമർ ഇല്ല.എന്നുകരുതി മോശമൊന്നുമല്ല.ഒരു ആണിന് ഇഷ്ടം തോന്നാനുള്ള ചന്തമൊക്കെ ഉണ്ട്. അതുമതി.പിന്നെ ക്യാഷ്..

അതും അത്യാവശ്യമൊക്കെ ഉള്ള കൂട്ടത്തിലാന്ന് തോന്നുന്നു..പിന്നെ ഉള്ളത് ഞാൻ നേരത്തെ പറഞ്ഞതാ.. ഫീൽ..ഇപ്പൊ കാര്യമായിട്ട് ഒന്നും കിട്ടുന്നില്ല.. ആ..അടുത്തിട്ടും തുടങ്ങിട്ടും അല്ലേ ഉള്ളു. കുറച്ചങ്ങോട്ട്‌ എത്തുമ്പോൾ ശെരിയായിക്കോളും..നിന്നെക്കാൾ ഫീൽ തന്നോളും അവളെനിക്ക്.. കാരണം അവളുടെ മനസ്സിൽ ഞാൻ ഉണ്ടല്ലോ.. എടീ..അവൾക്ക് പണ്ട് തൊട്ടേ എന്നോട് മുഴുത്ത പ്രേമമാ..ഞാൻ പിന്നെ നിന്നോട് തോന്നിയ പ്രേമത്തിന്റെ പേരിൽ അവളെ നോക്കാനും അറിയാനുമൊന്നും പോയില്ല..പക്ഷെ ഇപ്പൊ ഞാൻ അവളെ അറിയുന്നു..ആ കണ്ണുകളിൽ ഞാൻ കാണുന്നു എന്നോടുള്ള അടങ്ങാത്ത പ്രണയം.. നീ ഡിവോഴ്സ് കിട്ടി പോകുന്നത് വരെയൊന്നും എനിക്ക് വെയിറ്റ് ചെയ്യാൻ പറ്റില്ല..എങ്ങാനും അകലം കാണിച്ചു നിന്നു എനിക്ക് അവളെ നഷ്ടപ്പെട്ടു പോയാലോ..ഞാൻ സ്നേഹമൊന്നും കാണിക്കുന്നില്ലന്ന് പറഞ്ഞു അവളെന്നെ വിട്ടു പോയാലോ.. അന്നേരവും നഷ്ടം എനിക്ക് തന്നെയാ മോളെ..ഏതായാലും നഷ്ടപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല..എനിക്ക് ഒരു ജീവിതം വേണം.

ഞാൻ അവളെ കൂടെ കൂട്ടാൻ തന്നെ തീരുമാനിച്ചു.. " അവൻ ഒരു കൂസലോ ഭാവ വ്യത്യാസമോ ഒന്നും തന്നെ ഇല്ലാതെ പറഞ്ഞു.അവൾക്ക് ഒന്നും പറയാൻ നാവുയർന്നില്ല.ചങ്കിൽ എന്തോ കെട്ടി കിടക്കുന്നത് പോലെ തോന്നി. ആകെ തളർച്ച അനുഭവപ്പെടുന്നത് അവൾ അറിഞ്ഞു.ഒപ്പം കണ്ണുകൾ അനുസരണക്കേടു കാണിക്കാൻ തുടങ്ങി.പിന്നെ അവന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. തല താഴ്ത്തി പിടിച്ചു വേഗം അവിടെന്ന് തിരിഞ്ഞു നടന്നു..പക്ഷെ അപ്പോഴേക്കും അവൻ കൈ നീട്ടി അവളുടെ അരക്കെട്ടിലൂടെ കയ്യിട്ടു വയറ്റിൽ ചുറ്റി പിടിച്ചു അവളെ തന്റെ ദേഹത്തേക്ക് ഇട്ടിരുന്നു.പുറം ചേർന്നാണ് അവന്റെ നെഞ്ചിലേക്ക് വീണത് എന്നാലും അവൾ വേഗം അവന്റെ കൈക്കുള്ളിൽ നിന്നു തന്നെ തിരിഞ്ഞു നിന്നു അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി.. അവളുടെ കണ്ണുനീർ മാത്രമല്ല.. പല്ലും നഖവുമൊക്കെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നത് അവൻ അറിഞ്ഞു..പക്ഷെ അവൻ അവളെ എതിർത്തില്ല..നിറ പുഞ്ചിരിയോടെ എല്ലാം ഏറ്റു വാങ്ങിച്ചു കൊണ്ടിരുന്നു..

ഒപ്പം ഒരു കൈ അവളുടെ നടുവിനെ ചുറ്റി.മറ്റേ കൈ അവളുടെ നെറുകിനെ തലോടാൻ തുടങ്ങി..കുറച്ച് നിമിഷം കടന്നു പോയി.അവളുടെ കരച്ചിലിന് ഒപ്പം ആക്രമണവും കൂടി കൂടി വന്നു. "എടീ..നിർത്തടീ..വേദനിക്കുന്നു..എന്റെ നെഞ്ച് ഇപ്പം കലങ്ങുവല്ലോ.. നീ കരുതുന്ന പോലൊന്നുമല്ല.. ചോദിക്കാനും പറയാനുമൊക്കെ ആളുണ്ട് ഇപ്പൊ.ഈ നെഞ്ച് ഞാൻ അവൾക്ക് കൊടുക്കാമെന്ന് പറഞ്ഞു. അവൾക്ക് മേയാനുള്ളതാ ഈ ശരീരം.നിനക്ക് ഇഷ്ടവും നഷ്ടവുമൊന്നുല്ലന്ന് പറഞ്ഞു എന്നെ ഇടിച്ചു കലക്കിയാൽ അവളിപ്പോ ചവിട്ടി തുള്ളിക്കൊണ്ട് വരും ഇങ്ങോട്ട് നിന്നെ എടുത്തു എറിയാൻ.. " അവൻ അവളെ അടർത്തി എടുക്കേണ്ട ആവശ്യമൊന്നും വന്നില്ല.അവനൊരു ചെറുചിരിയോടെ പറഞ്ഞത് കേട്ടു അവൾ മുഖം ഉയർത്തി അവനെ കൊല്ലുന്നത് പോലെ നോക്കി.ആ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. അത് അവന്റെ ഉള്ളിലൊരു പിടച്ചിൽ ഉണ്ടാക്കി.പക്ഷെ അവൻ പുറത്ത് കാണിച്ചില്ല.അവളെ കുറച്ച് ദേഷ്യം പിടിപ്പിക്കാൻ തന്നെ തീരുമാനിച്ചു.

"നോക്കണ്ട നീ..സത്യമാ ഞാൻ പറഞ്ഞത്.എന്നെ തൊട്ടാൽ ചോദിക്കാൻ അവൾ ഉണ്ട്.അതുകൊണ്ട് നീ എന്നോട് കൂടുതൽ കളിക്കാൻ ഒന്നും വരണ്ട.." "നെഞ്ച് മാത്രമല്ല.നിന്റെ ശരീരം മൊത്തത്തിൽ ഞാൻ ഇടിച്ചു കലക്കും..അത് വേണ്ടങ്കിൽ പറഞ്ഞത് കേട്ടാൽ മതി..ആദ്യം എന്റെ ഡിവോഴ്സ്..എന്നിട്ട് മതി അവളെ മണപ്പിച്ചു നടക്കുന്നത് ഒക്കെ..അല്ലെങ്കിൽ ഉറപ്പായും ഞാൻ നിന്നെ കൊല്ലും.." അവളുടെ കരച്ചിൽ ഒക്കെ നിന്നു. വീണ്ടും ദേഷ്യം.മുഖം ചുമന്നു തുടുത്തു.ഒരു മൊട്ടു സൂചി എടുത്തു കുത്തിയാൽ ചോര നാല് ഭാഗത്തേക്ക്‌ ചീറ്റും.. "നിനക്ക് ഇത്രേം കുശുമ്പ് ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല..." അവൻ ചുണ്ട് കടിച്ചു പിടിച്ചു ചിരി ഒതുക്കി. "എനിക്ക് കുശുമ്പ് ഒന്നുമില്ല.പക്ഷെ നാണവും മാനവും ഉണ്ട്..നിനക്ക് അത് ഇല്ലെന്ന് പറഞ്ഞ് ഞാൻ അങ്ങനെയാണോ..എനിക്ക് വയ്യ നാണം കെടാൻ.ആരുടെയും കളിയാക്കൽ കേൾക്കാൻ എനിക്ക് പറ്റില്ല..അത് കൊണ്ടാ ഞാൻ പറഞ്ഞത്.അല്ലാതെ നീ കരുതുന്ന പോലൊന്നുമല്ല..നിന്നോട് ഒക്കെ മിണ്ടാൻ നിക്കുന്നതിലും ഭേദം വല്ല ഭ്രാന്ത്‌ ആശുപത്രിയിലും പോയി കിടക്കുന്നതാ..ശവം.മനുഷ്യൻമാരുടെ തല ഇളക്കാൻ വേണ്ടി വന്നോളും.." ഒരു ലോഡ് പുച്ഛം വാരി വിതറി അവൾ പോകാൻ ഒരുങ്ങി.. "എടീ..വന്ന കാര്യം പറഞ്ഞിട്ട് പോ..

എന്തിനാ ക്ലാസ്സിലേക്ക് വന്നത്.. എന്നെ നോക്കി അല്ലേ..? " അവൻ പുറകിന്ന് വിളിച്ചു ചോദിച്ചു.. "അതിന് ആര് പറഞ്ഞു ഞാൻ നിന്റെ ക്ലാസ്സിലേക്ക് വന്നെന്ന്..ഞാൻ അതുവഴി പോകുമ്പോൾ കണ്ടതാ..അല്ലാതെ നിന്നെ നോക്കി വന്നിട്ട് ഒന്നുമില്ല.. " അവൾ തിരിഞ്ഞു നിന്നവനെ നോക്കി.. "ഒരിക്കൽ കിട്ടിയത് മതിയായില്ലേ..?വീണ്ടും വേദനിക്കണോ നിനക്ക്..?" അവൻ അവളുടെ അടുത്തേക്ക് വന്നു അവളുടെ കയ്യിലേക്ക് നോക്കി.. അവൾ അപ്പൊത്തന്നെ കൈ പിന്നിലേക്ക് വലിച്ചു വേണ്ടാന്ന് തലയാട്ടി.. "എന്നാൽ പറാ..എന്തിനാ വന്നെ.. " മറുപടിയായി അവൾ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു കടലാസ് തുണ്ട് എടുത്തു കാണിച്ചു..അവനു കാര്യം മനസ്സിലായി.അവളെ അടിമുടി കനപ്പിച്ചു ഒന്ന് നോക്കിയതല്ലാതെ അവൻ അത് വാങ്ങിച്ചില്ല.. "അമൻ..ഇതിപ്പോ പോയപ്പോ കിട്ടിയതാ..ഞാൻ റിപ്ലൈ വച്ചിട്ടുണ്ട്..അതോണ്ട് ആള് ഇപ്പൊ ആ പരിസരത്ത് എവിടെയെങ്കിലും ഉണ്ടാകും..ഒന്ന് കണ്ടു പിടിച്ചു താ.. എനിക്ക് മടുത്തു ലൈബ്രറി കയറി ഇറങ്ങി..ഒന്ന് സഹായിക്കടാ.. "

"സഹായം..അടിച്ചു നിന്റെ കയ്യും കാലും ഓടിക്കുകയാ വേണ്ടത്.. മര്യാദക്ക് അല്ലേടി നിന്നോട് അന്ന് ഞാൻ പറഞ്ഞത് ഇതിന്റെ പിന്നാലെ തല ചൂട് പിടിപ്പിച്ചു നടക്കണ്ടന്ന്..എന്തിന്റെ കേടാ നിനക്ക്..മൈൻഡ് ചെയ്യാതെ നിന്നാൽ പോരേ..ആരെങ്കിലും ആകട്ടെ..നീ റിപ്ലൈ കൊടുക്കണ്ട.. അഥവാ കൊടുക്കുന്നുണ്ടെങ്കിൽ തന്നെ ആളാരാന്നൊന്നും അന്വേഷിക്കാൻ നിക്കണ്ട.. ആരെങ്കിലും ആയിക്കോട്ടെ.. ആരായാലും നിനക്ക് എന്താ..വേറെന്തൊക്കെ കാര്യങ്ങൾ ഉണ്ട് നിനക്ക്..? അതൊന്നും വേണ്ടാ.. ആകെ വേണ്ടത് ഇതുമാത്രം അല്ലേ.. എന്താടി നിന്റെ മനസ്സിൽ.. അന്ന് പറഞ്ഞത് പോലെ പ്രണയത്തിനുള്ള ഏർപ്പാട് വല്ലതും ആണെങ്കിൽ ഇപ്പോഴേ അങ്ങ് നുള്ളി കളഞ്ഞേക്ക്.. ഇല്ലെങ്കിൽ ആ ഒളിച്ചു നിക്കുന്നവൻ ഏതു പാതാളത്തിൽ ആയാലും അവൻ പിന്നെ ജീവനോടെ കാണില്ല. ഒപ്പം നീയും...എന്നെക്കുറിച്ച് നിനക്ക് എന്തേലും വിചാരം ഉണ്ടോടീ..ഒരു രണ്ടു വരി എഴുതുന്നവനെ തപ്പി നടക്കുന്നു.. നീയും നിന്റെയൊരു കഷ്ണം പേപ്പറും.. " അവൾ കാണിച്ച പേപ്പർ അവൻ പിടിച്ചു വാങ്ങിച്ചു ചുരുട്ടി നിലത്തിട്ടു ചവിട്ടി കളഞ്ഞു.. "പ്രേമം ആയാൽ നിനക്ക് എന്താ.. നിനക്ക് പ്രണയിക്കാമല്ലോ.. പിന്നെ എനിക്ക് എന്താ കുഴപ്പം..

ഞാൻ എപ്പോഴും ഇങ്ങനെ നിന്റെ പുറകെ നടക്കണമോ...?" "അപ്പൊ..അപ്പൊ നീയെന്റെ പുറകെ നടക്കുകയാണോ..? " അവൻ അതിശയത്തോടെ അവളെ നോക്കി.. "ആ പുറകെ അല്ല ഞാൻ ഉദ്ദേശിച്ചത്..എപ്പോഴും ഇങ്ങനെ ഓരോ കാര്യവും ചോദിച്ചോണ്ട് നിന്റെ പുറകെ നടക്കണോ എന്നാ.. ഞാൻ ഇക്കാര്യം നിന്നോട് മാത്രമേ പറഞ്ഞിട്ട് ഉള്ളു..അതോണ്ടാ നിന്റെ സഹായം ചോദിച്ചത്..അപ്പൊ വേണ്ടാത്ത അർത്ഥം കണ്ടുപിടിക്കുന്നോ...എവിടുന്നു വരുന്നു നീയൊക്കെ..ഒന്ന് മനസ്സിലാക്കിക്കോ നീ..നിന്റെ സ്വഭാവമില്ല എനിക്ക്.ഒരിക്കലും ഉണ്ടാകാനും പോകുന്നില്ല..ഞാൻ ഡീസന്റ്റാ..സഹായിക്കാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ മതി. വെറുതെ തല്ലുമെന്നും കൊല്ലുമെന്നും പറഞ്ഞു പേടിപ്പിക്കാൻ വരണ്ട.." അവൾ വീർത്തു വന്ന മുഖവും വെച്ചു അവനെ തുറുക്കനെ നോക്കാൻ തുടങ്ങി.. "എടീ..ഏതു നേരവും ഇങ്ങനെ കാണാൻ ഒരു രസവുമില്ല.ഇടയ്ക്ക് ഒക്കെ ഒന്ന് ചിരിക്കടീ..ഇതെപ്പോ നോക്കിയാലും ഫുൾ എയർ ആണല്ലോ..എന്തായിപ്പോ നിന്റെ പ്രശ്നം.ആ അജ്ഞാതൻ ആരാണെന്നു അറിയണം.അയാളെ കണ്ടെത്തണം.അല്ലേ..ശെരി..ഞാൻ എബിയോട് പറയാം.അവൻ നോക്കിക്കോളും.എനിക്കൊന്നും വയ്യാ ഇതിൻറെ പുറകെ നടന്നു മെനക്കെടാൻ.."

"വേണ്ടാ...എബിയോട് പറയണ്ട. പിന്നെ അവൻ ഇതും വെച്ചെന്നെ കളിയാക്കാൻ തുടങ്ങും.അല്ലാതെ തന്നെ അവന്റെ വാരൽ കാരണം എനിക്ക് ഇവിടെ നിലത്തു നിക്കാൻ മേലാത്ത അവസ്ഥയാ..ഇത് വേണ്ടാ.. പകരം നീയെനിക്ക് വേറൊരു കാര്യം ചെയ്തു താ..? " "എന്ത് കാര്യം..? " "ഈ അജ്ഞാതനെ കണ്ടുപിടിച്ചിട്ടും എനിക്ക് വല്യ കാര്യമൊന്നുമില്ല.. ഇത്രേം നല്ല അർത്ഥവത്തായ വരികൾ സമ്മാനിക്കുന്നത് ആരാണെന്നു അറിയാൻ ഒരു ആഗ്രഹം...അയാളെ കാണാൻ ഒരു മോഹം.അത്രേയുള്ളൂ.പക്ഷെ ഇതിനേക്കാൾ പ്രധാനപ്പെട്ടതായി എനിക്ക് മറ്റൊരു കാര്യമുണ്ട്.ഞാൻ മറ്റൊരാളെ തേടുന്നുണ്ട്..ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ കഴുത്തിൽ കിടക്കുന്ന ഈ മാലയ്ക്കൊരു അവകാശി ഉണ്ടെന്ന്. അയാളെ തേടി നടക്കുവാ ഞാൻ..നീ എനിക്ക് അയാളെ കണ്ടുപിടിച്ചു തരണം.ഈ മാല അയാൾക്ക് കൊടുക്കണം.ഇത് എനിക്കൊരു ഭാരമായി തോന്നുന്നത് കൊണ്ടല്ല.എന്നും ഇത് എന്റെ കഴുത്തിൽ വേണമെന്നാ എനിക്ക്.ഒരിക്കലും എന്നിൽ നിന്നും അടർന്നു പോകരുത് എന്നാ..പക്ഷെ അതിന് കഴിയില്ലല്ലോ..ഇതാ കൈകളിൽ ഏല്പിക്കണമെന്നാ റമി പറഞ്ഞിട്ട് ഉള്ളത്.അത് കൊണ്ട് എനിക്കിത് കൊടുക്കണം.ഇതിന്റെ അവകാശിയായവന് തന്നെ.അതിന് നീയെനിക്ക് അയാളെ കണ്ടെത്തി തരണം..

പറ്റില്ലന്ന് പറയരുത്..പ്ലീസ്.. റമിയൊരു ഫോട്ടോ തന്നിരുന്നു. അത് വെച്ചു ഞാൻ കൊറേ നോക്കി. ഒരു തുമ്പും കിട്ടാതെ വന്നപ്പോൾ അത് മുന്നയ്ക്ക് കൊടുത്തു അന്വേഷിക്കാൻ പറഞ്ഞു..പോത്ത്.. അത് കൊണ്ട് സ്ഥലം വിട്ടു അവൻ. അവൻ അന്വേഷിച്ചോന്ന് പോലും എനിക്ക് അറിഞ്ഞൂടാ..കയ്യിൽ ആകെ ഉണ്ടായിരുന്ന അടയാളം അതായിരുന്നു..ഞാൻ അവനോട് ആ ഫോട്ടോ നിനക്ക് വാട്സാപ്പ് ചെയ്യാൻ പറയാം.നീ ഒന്ന് അന്വേഷിക്കണം.. അയാളെ കണ്ടു കിട്ടിയാൽ എനിക്ക് ചെയ്തു തീർക്കാൻ വലിയൊരു കാര്യമുണ്ട്..റമി പറഞ്ഞ ഒരു കാര്യം.ഒന്ന് മാത്രമേ അവൻ എന്നോട് ആവശ്യപ്പെട്ടിട്ടുള്ളൂ..അത് ഞാൻ ചെയ്യേണ്ടേ.. വേണം..ചെയ്യണം..പ്ലീസ് അമൻ.. ഇല്ലെന്ന് മാത്രം പറയരുത്..എന്നെ സഹായിക്കണം.." "ശെരി..ഞാൻ സഹായിക്കാം..പക്ഷെ നീ അയാളെ തേടുന്നതിന്റെ യാഥാർഥ ലക്ഷ്യം എന്താ..?ഈ മാല കൊടുക്കുകയല്ലാതെ വേറെന്തു കാര്യമാ നിനക്ക് ചെയ്തു തീർക്കാൻ ഉള്ളത്...? അതൂടെ പറാ.." അവന് അറിയാമായിരുന്നു ആ മനസ്സിൽ എന്താണെന്ന്..എന്നിട്ടും ചോദിച്ചു.. "പറയാം..റമിക്ക് ഉമ്മ മാത്രമേ ഉണ്ടാരുന്നുള്ളൂ.ഉമ്മാക്ക് അവനും. അവന്റെ മരണ ശേഷം ഉമ്മ ഒറ്റപെട്ടു പോയി.അതോണ്ട് ഉമ്മാനെ അയാളെ അടുത്ത് എത്തിക്കണം..

അത് അവനൊരു ഉൾവിളി പോലെ പണ്ടേ പറഞ്ഞിട്ട് എന്നോട്..തനിക്ക് ചെറിയ ഒരു അസുഖം വരുമ്പോൾ പോലും ഉമ്മാനെക്കുറിച്ചു ആധിപ്പെട്ടവനാ അവൻ.അല്ലെങ്കിലും ഉമ്മമ്മാർ സന്തോഷത്തോടെയും സുരക്ഷിതത്വത്തോടെയും ഉണ്ടാകാൻ അല്ലേ ഏതു മക്കളും ആഗ്രഹിക്കുകയുള്ളൂ..അവനും അത് ആഗ്രഹിച്ചു.മറ്റേതു മക്കളെക്കാളും ഏറെ..താൻ പോയാൽ ഉമ്മാക്ക് ആര് എന്നൊരു ചോദ്യം അവന്റെ ഉള്ളിൽ ഇല്ലായിരുന്നു.പകരം ഉമ്മാനെ അയാളെ അടുക്കൽ ഏല്പിക്കാനാ പറഞ്ഞത്.ഉമ്മാനെ അയാൾ സംരക്ഷിക്കുമെന്ന് റമി പറഞ്ഞു. ഉറച്ച വിശ്വാസത്തോടെ തന്നെ പറഞ്ഞു..അയാൾ ആരെന്നോ എന്തെന്നോ ഒന്നും എനിക്കറിയില്ല.. എന്നാലും ഒന്നറിയാം..അത് റമിയുടെ കൂടപ്പിറപ്പാ..അപ്പൊ ആ ഉമ്മ ഒറ്റപ്പെട്ടു ജീവിക്കണോ.. അയാളെ അടുത്ത് എത്തിക്കണ്ടെ ഞാൻ ഉമ്മാനെ..റമിയുടെ ആഗ്രഹത്തിന്റെ പേരിൽ മാത്രമല്ല,അതെൻറെ കടമ കൂടിയാണെന്ന് വിശ്വസിക്കുന്നു ഞാൻ..പിന്നെ ഒന്നൂടെ ഉണ്ട് മനസ്സിൽ..അയാളോട് എല്ലാം തുറന്നു പറയണം.ഇന്ന് റമി ഇല്ലെന്നും അതിന് കാരണം ഞാൻ ആണെന്നും.."

"സ്വന്തം കൂടപ്പിറപ്പിനെയാ നീ അയാൾക്ക്‌ നഷ്ടപ്പെടുത്തിയത്. ക്ഷമിക്കുമോ അയാൾ നിന്നോട്..?" "ഞാൻ..എനിക്ക് അറിയില്ല..ക്ഷമിക്കുമോ ഇല്ലയോ എന്നൊന്നും എനിക്കറിഞ്ഞൂടാ.. പക്ഷെ മറച്ചു വെക്കില്ല ഞാൻ.. ഉണ്ടായത് മുഴുവനും ഞാൻ തുറന്നു തന്നെ പറയും..എല്ലാം കേട്ടതിനു ശേഷം അയാൾ തീരുമാനിക്കട്ടേ എന്ത് വേണമെന്ന്..ക്ഷമിക്കില്ല.. എനിക്കറിയാം..അത്ര വല്യ തെറ്റാ ഞാൻ ചെയ്തത്..പ്രണയിച്ചു കൊലയ്ക്കു കൊടുത്തില്ലേ ഞാൻ റമിയെ..എന്നെ സ്നേഹിച്ചു എന്നൊരൊറ്റ കാരണം കൊണ്ടല്ലേ അവന്റെ ജീവൻ പൊലിഞ്ഞു പോയത്..റമിയുടെ ഉമ്മാക്ക് എന്റെ പേര് കേൾക്കുന്നത് പോലും വെറുപ്പാ..എന്നെ ശപിച്ചിട്ട് ഉണ്ടാകും..അല്ലേലും ഏതു ഉമ്മാക്കാ സഹിക്കാൻ കഴിയുക.. ശിക്ഷിച്ചോട്ടേ..എന്ത് ശിക്ഷ വേണമെങ്കിലും നൽകട്ടെ..ഞാൻ സ്വീകരിച്ചോളാം,എന്റെ റമിയുടെ ജീവൻ നഷ്ടപ്പെടുത്തിയതിനു പകരമായി..." "അപ്പൊ അയാൾ എന്ത് ശിക്ഷ തന്നാലും നീ സ്വീകരിക്കുമോ..? " അത്യധികം വേദനയോടെ നിന്നു കണ്ണ് നിറയ്ക്കുന്ന അവളെ താജ് ഉറ്റു നോക്കി..

"സ്വീകരിക്കും..പക്ഷെ അതിന് മുന്നേ എനിക്ക് ചോദിക്കാൻ ചില ചോദ്യങ്ങൾ ഉണ്ട്..അതിനൊക്കെ വ്യക്തമായ ഉത്തരങ്ങൾ നൽകിയാൽ ഞാൻ അയാളുടെ ശിക്ഷ സ്വീകരിക്കും..എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകിയാൽ മാത്രം.." നഷ്ടപ്പെട്ടു പോകുന്ന മനസ്സിന്റെ ബലം വീണ്ടെടുത്തു കൊണ്ട് അവൾ കണ്ണുകൾ അമർത്തി തുടച്ചു.. "എന്ത് ചോദ്യങ്ങൾ..എന്താ നിനക്ക് ചോദിക്കാൻ ഉള്ളത്..? " "നീ പറഞ്ഞല്ലോ..ഞാൻ അയാൾക്ക്‌ നഷ്ടപ്പെടുത്തിയത് അയാളുടെ കൂടപ്പിറപ്പിനെയാണെന്ന്..എന്നാൽ എവിടെയായിരുന്നു ഇത്രേം കാലം അയാൾ..ഒരിക്കൽ എങ്കിലും കൂടപിറപ്പാണെന്നുള്ള തോന്നലോടെ റമിയെ കാണാൻ വന്നോ.. ഇല്ല.. വന്നിട്ടില്ല.. ഒരുവട്ടം പോലും അവനെ തേടി വന്നിട്ടില്ല.. അവനെക്കുറിച്ച് അന്വേഷിച്ചിട്ട് ഉണ്ടോന്നു പോലും അറിഞ്ഞൂടാ.. നിനക്കറിയാമോ.. റമി ഏറ്റവും കാണാൻ കൊതിച്ചത് ആ മുഖമായിരുന്നു.. വർഷങ്ങളോളമായി അവന്റെ ഏറ്റവും വല്യ ആഗ്രഹം ആ മുഖമൊന്നു കാണുക എന്നതായിരുന്നു..പക്ഷെ കണ്ടില്ല.. ആ ആഗ്രഹം ബാക്കി വെച്ചു തന്നെ എന്റെ റമി മരണമടഞ്ഞു പോയി..

ഒരുവട്ടം പോലും റമി പരിഭവം പറഞ്ഞില്ല..അറിയാതെ പോലും കുറ്റപ്പെടുത്തിയില്ല..ജീവൻ ആയിരുന്നു അയാളെ...അയാൾ ആരാണെന്നും എവിടെയാണെന്നും പറഞ്ഞില്ല.. പക്ഷെ എന്താണെന്നും എങ്ങനെ ആണെന്നും പറഞ്ഞിരുന്നു റമി എന്നോട്..അവൻ പറഞ്ഞിരുന്ന അവന്റെ കഥകളിലെ നായകൻ ആയിരുന്നു അയാൾ.. അയാളെക്കുറിച്ച് പറയാൻ തുടങ്ങിയാൽ നൂറു നാവാ അവന്.. നിർത്തുകയേയില്ല..അയാളെ വാനോളം പുകഴ്ത്തുമായിരുന്നു.. സത്യം പറഞ്ഞാൽ റമി പറയുന്നത് കേട്ടു കേട്ടു എന്റെ മനസ്സിലും അയാൾ സ്ഥാനം പിടിച്ചു.. ഒരു രൂപം ഉണ്ടാക്കി എടുത്തു ഞാൻ.. എന്നിട്ടും കണ്ടുപിടിക്കാൻ ആയില്ല.. അരികിൽ എവിടെയോ ഉണ്ടെന്ന് മനസ്സ് പറയുന്നു.. പലപ്പോഴും റമിയുടെ ഗന്ധം നാസികയിലേക്ക് അരിച്ചു കയറുമ്പോൾ ഞാൻ നാല് ഭാഗവും തിരിഞ്ഞു നോക്കാറുണ്ട് റമിയെ പോലൊരു ആൾ അരികിൽ ഉണ്ടോ എന്ന്..പക്ഷെ ഇല്ല..നോക്കുമ്പോൾ ഒക്കെ കാണുന്നത് നിന്നെയാ.. എനിക്ക്..എനിക്കറിയില്ല..എന്നെ സഹായിക്കണം..എനിക്ക് കണ്ടുപിടിക്കണം..അതുമാത്രമേ എനിക്ക് അറിയുകയുള്ളൂ.. "

അവൾ നിന്നു കെഞ്ചുകയായിരുന്നു.. "മ്മ്..ഞാൻ സഹായിക്കാം നിന്നെ.. ഞാൻ കണ്ടുപിടിച്ചു തരാം നിനക്ക് അയാളെ..ഉടനെ..എത്രേം പെട്ടെന്ന് തന്നെ.. " അവൻ അവളുടെ രണ്ടു ചുമലിലും കൈകൾ വെച്ചു..അവന്റെ വാക്കുകൾ അവൾക്ക് സമാധാനം മാത്രം ആയിരുന്നില്ല, വിശ്വാസം കൂടിയായിരുന്നു..മുഖം തെളിഞ്ഞു.. അവനെ നോക്കി നന്ദിയോടെ ഒന്ന് പുഞ്ചിരിച്ചു.. "അപ്പൊ മോള് ക്ലാസ്സിലേക്ക് ചെല്ലാൻ നോക്ക്..ഇവിടെയിരുന്നു സ്വപ്നം കാണാൻ ഒന്നും നിക്കണ്ട.. ഞാനും പോകുവാ.. സാനിയ ഈസ്‌ വെയ്റ്റിംഗ് ദേർ.. " അവൻ സൈറ്റ് അടിച്ചു കാണിച്ചു.. "പോടാ.. " അവൾ അവന്റെ പള്ളയ്ക്കിട്ട് ഒരു കിഴുക്ക് വെച്ചു കൊടുത്തു.. "മോൾടെ ചൂട് ഇപ്പോഴും ആറിയിട്ടില്ല.. അത് കൊണ്ട് നീ ക്ലാസ്സിലേക്ക് പോകണ്ട.. ഇങ്ങ് വാ.. നിന്റെ ചൂട് ഞാൻ മാറ്റി തരാം.." അവൻ അവളുടെ കയ്യിൽ പിടിച്ചു.. "എന്ത് ചെയ്യാനാ..?" അവൾ കണ്ണ് മിഴിച്ചു.. "ഓ..ഒന്ന് പറഞ്ഞാലും തൊട്ടാലും മതി..അപ്പൊ ചിന്ത കാട് കയറിക്കോളും..നിന്നെ ഒന്നും ചെയ്യാൻ അല്ല പോത്തേ..ഒരു ജ്യൂസ്‌ കുടിച്ചിട്ട് വരാമെന്നാ പറഞ്ഞത്. " "അതാണോ..? ഞാൻ വിചാരിച്ചു.. " അവൾ ഇളിച്ചു കാണിച്ചു.. "ആാാ..നീ വിചാരിച്ചത് എനിക്ക് മനസ്സിലായി.." "നിന്റെ കുഴപ്പമാ.നിനക്ക് ശെരിക്കു പറഞ്ഞാൽ പോരായിരുന്നോ.."

"വാ അടക്കി വെച്ച് നടക്കടീ.. " അവൻ അവളെയും വലിച്ചു നടന്നു.. വാ അടക്കി വെക്കാൻ പറഞ്ഞത് കൊണ്ട് അവൾ പുൾ സ്റ്റോപ്പേ ഇട്ടില്ല.മനസ്സിലും വായിലും വരുന്നത് മുഴുവനും ചോദിച്ചും പറഞ്ഞും അവന്റെ ചെവി കടിച്ചു തിന്നാൻ തുടങ്ങി. ഏതായാലും തലയിൽ എടുത്തു വെച്ചു.ഇനി സഹിക്കുക അല്ലാതെ വേറെ നിവർത്തിയില്ല. അവൻ പിറു പിറുത്ത് കൊണ്ട് മുക്കിയും മൂളിയും അവളുടെ വായിട്ടലക്കൽ കേട്ടു നടന്നു.. ** " എന്നാൽ എവിടെയായിരുന്നു ഇത്രേം കാലം അയാൾ..? ഒരിക്കലെങ്കിലും കൂടപ്പിറപ്പ് ആണെന്നുള്ളൊരു തോന്നലിൽ റമിയെ കാണാൻ വന്നോ..? ഇല്ല.. വന്നിട്ടില്ല.. ഒരുവട്ടം പോലും അവനെ തേടി വന്നിട്ടില്ല.. അവനെക്കുറിച്ച് അന്വേഷിച്ചിട്ട് ഉണ്ടോന്നു പോലും അറിഞ്ഞൂടാ.. " രാത്രിയിൽ ഉറങ്ങാൻ കിടന്ന താജ്ന് എന്തെന്തായിട്ടും ഉറക്കം വന്നില്ല.. മനസ്സ് നിറയെ അവൾ ചോദിച്ച ചോദ്യങ്ങളാണ്.. അവൾ തേടുന്നവൻ ഞാൻ ആണെന്ന് അറിഞ്ഞാൽ ഇന്ന് എന്നോട് പറഞ്ഞ ഈ ചോദ്യങ്ങളൊക്കെ നാളെ എന്നോട് തന്നെ ചോദിക്കില്ലേ അവൾ..? അന്നേരം ഞാൻ എന്ത് മറുപടി നൽകും അവൾക്ക്..? എന്നെ വേണ്ടാന്നു പറഞ്ഞു ഉപേക്ഷിച്ചു പോയ മമ്മയെ എനിക്കും വേണ്ടായിരുന്നു എന്നോ..? എന്നെയും ഡാഡ്നെയും നിസ്സാരമായി തോൽപിച്ചു കളഞ്ഞു പോയ മമ്മയുടെ മുന്നിൽ തോൽക്കാൻ എനിക്ക് വയ്യായിരുന്നെന്നോ..?

അന്വേഷിച്ചു ചെല്ലാൻ എന്റെ വാശിയും അഭിമാനവും എന്നെ അനുവദിച്ചില്ലന്നോ..? ഇതൊക്കെയാണോ ഞാൻ അവളോട്‌ പറയേണ്ടത്.. ആണ്.. സത്യം ഇതുതന്നെയാണല്ലോ.. പക്ഷെ റമി..അവനെ ഞാൻ മറന്നിട്ടില്ല.. ഓർക്കാത്ത ദിവസങ്ങൾ ഇല്ല.. അവൻ ആഗ്രഹിച്ചത് പോലെ ഞാനും ആഗ്രഹിച്ചു അവൻ എന്നെ തേടി വരുമെന്ന്..ജീവനോളം അവനെ സ്നേഹിക്കുന്ന അവന്റെ ഉപ്പാനെയും സഹോദരനെയും അന്വേഷിച്ചു വരുമെന്ന്..പക്ഷെ ഉണ്ടായില്ല..ഞാൻ ഇവിടെ അവനെ പ്രതീക്ഷിക്കുമ്പോൾ ഒക്കെ അവൻ അവിടെ എന്നെ പ്രതീക്ഷിക്കുകയായിരുന്നു.. ആർക്കാ തെറ്റ് പറ്റിയത്.. എവിടെയാ പിഴച്ചു പോയത്.. പരസ്പരമുള്ള വാശി പുറത്ത് നഷ്ടങ്ങൾ സംഭവിച്ചു..വല്യ നഷ്ടങ്ങൾ.. ഇനിയും നിന്നോട് മറച്ചു വെക്കാൻ എനിക്ക് കഴിയില്ല ലൈല..നീ തേടുന്നത് എന്നെയാ..എന്നെ തന്നെ കണ്ടെത്തി തരാനാ നീ എന്നോട് കെഞ്ചിയത്..

എന്റെ മുന്നിൽ നിന്നു നീയിങ്ങനെ കണ്ണ് നിറയ്ക്കുന്നതും വേദനിക്കുന്നതും കാണാൻ എനിക്ക് വയ്യാ..മമ്മയെയും എന്നെയെയും ഒരുമിപ്പിക്കുകയാണ് നിന്റെ ലക്ഷ്യം.അതിന് വേണ്ടിയാണ് നീ ഈ സങ്കടപ്പെടുന്നത് മുഴുവൻ.. നെഞ്ച് പിടയുവാ നീ ഒന്നും അറിയാതെ എന്റെ മുന്നിൽ നിൽക്കുമ്പോൾ..ഞാൻ എല്ലാം നിന്നോട് തുറന്നു പറയുവാ.നീ എന്നോട് ഒരുപാട് അടുക്കുന്നതിന് മുൻപേ എനിക്ക് എല്ലാം പറയണം. കാരണം അടുത്ത് കഴിഞ്ഞതിനു ശേഷമാണ് നീ അകലുന്നത് എങ്കിൽ എനിക്ക് അത് സഹിക്കില്ലടീ..നിന്റെ ലക്ഷ്യം ഞാൻ പൂർത്തികരിച്ചു തരാം.നീ കാണാൻ കൊതിക്കുന്ന കാഴ്ച ഉടനെ ഞാൻ നിനക്ക് കാണിച്ചു തരാം.ബാംഗ്ലൂർക്ക് പോകാം നമുക്ക്..ഇനി ഒട്ടും താമസമില്ല.. അവൻ മനസ്സിൽ ചിലത് ഒക്കെ തീരുമാനിച്ചു.വേദനയോടെ കണ്ണുകൾ അമർത്തി അടച്ചു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story