ഏഴാം ബഹർ: ഭാഗം 64

ezhambahar

രചന: SHAMSEENA FIROZ

"എന്താ മോളെ..? " അവൾ നെറ്റി തടവി നോക്കുന്നത് കണ്ടു ഉപ്പ ചോദിച്ചു.. "ഒന്നുല്ല ഉപ്പ...ഇവനെ പോലൊരു കുരുത്തം കെട്ടവനെ ഓർത്തതാ..ആ മുഖമൊന്നും ഓർമ്മയില്ല.പക്ഷെ അവൻ എന്നെ തള്ളിയതും ഞാൻ നെറ്റിയിടിച്ചു വീണതും നല്ല ഓർമ്മയുണ്ട് എനിക്ക്..ഉപ്പ ഇപ്പൊ ഇവന്റെ വികൃതികളൊക്കെ പറഞ്ഞപ്പോൾ ആ തല തെറിച്ചവനെ ഓർത്ത് പോയി..ദേ ഇത് കണ്ടോ..മുടി നല്ല കട്ടിയുള്ളത് കൊണ്ട് അന്ന് ഇട്ട സ്റ്റിച്ചിൻറെ പാട് ഇപ്പൊ കാണുന്നില്ല.. ഇല്ലേൽ എന്റെ മുഖം നോക്കുമ്പോൾ ആദ്യം കാണുന്നത് ഇതായിരുന്നേനേ.." അവൾ നെറ്റിയിലെ മുടി നീക്കി കാണിച്ചു ഉപ്പാക്ക്..ഉപ്പ അത് കണ്ടു എന്തോ പറയാൻ തുടങ്ങിയതും താജ്ൻറെ ശബ്ദം അവളുടെ നേരെ പൊങ്ങി.. "കുരുത്തം കെട്ടവൻ നിന്റെ മറ്റവൻ..കൊറേ നേരം ആയി അവളു തുടങ്ങിയിട്ട്..എന്റെ കുറ്റവും കുറവും പറഞ്ഞോണ്ട് ഇരുന്നാലെ നിനക്ക് സമാധാനം ആകൂ.. " അവൻ ദേഷ്യത്തോടെ പ്ലേറ്റ് നീക്കി വെച്ചു എണീറ്റു.. "അവളു ചുമ്മാതെ അല്ലേടാ.. ദേഷ്യപ്പെടാതെ ഇരുന്നു കഴിക്കടാ.. "

"വേണ്ടാ..ഉപ്പയും മോളും കൂടെ വയറു നിറച്ചു തന്നല്ലോ..ഇനി കഴിക്കേണ്ട ആവശ്യമൊന്നുമില്ല.. ഇവളെ തീറ്റിക്കാൻ അല്ലേ ഉത്സാഹം.. നല്ലത് പോലെ തീറ്റിക്ക്..വരുമ്പോൾ ചുള്ളിക്കമ്പു പോലെ ഇരുന്നവളാ.. ഇപ്പൊ കുമ്പളങ്ങ പോലെ വീർത്തല്ലോ..എന്നിട്ടും മതിയായില്ലേ ഡാഡ്ന്.. " അവൻ മുഖം തിരിച്ചു കൈ കഴുകാൻ പോയി.. "കുമ്പളങ്ങ നിന്റെ മറ്റവൾ..ആ സാനിയ..ഞാൻ കാണുന്നുണ്ട് അവളെ ദിവസം പോകും തോറും ചക്ക പോത്ത് പോലെ ഉരുളുന്നത്.. അത് നീ കൊടുക്കുന്ന സ്നേഹത്തിന്റെ എഫക്ടാണെന്നാ കോളേജിൽ എല്ലാരും പറയുന്നേ.. അതോണ്ട് നീ പോയി അവളെ വിളിച്ചാൽ മതിയെടാ പിശാശ്ശെ.. " അവൾക്കും ദേഷ്യം വന്നിരുന്നു.. എണീറ്റു ചെയറും നീക്കി ഭദ്രകാളിയെ പോലെ അവന്റെ പിന്നാലെ പോയി..അവൻ അവളെ മൈൻഡ് ചെയ്തതേയില്ല.. കയ്യും തുവർത്തി മോളിലേക്ക് കയറിപ്പോയി.. "മിണ്ടുന്നുണ്ടോ നോക്കിയേ... അവളെ പറഞ്ഞപ്പോൾ ഉത്തരം മുട്ടിപ്പോയി..അതാ വേഗം കയറി പോകുന്നോ..ഞാൻ അറിഞ്ഞത് ഉപ്പയും കൂടെ അറിയുമെന്ന് പേടിച്ചു കാണും.. "

അവൾ കൈ കഴുകുകയായിരുന്നു. എങ്കിലും നോട്ടം മുഴുവനും സ്റ്റെയർലേക്ക് ആയിരുന്നു..ചുമന്നു തുടുത്ത മോന്തയും വെച്ചു വായിൽ വരുന്ന ഓരോന്നും പറയാൻ തുടങ്ങി. "ഞാൻ അറിയാത്ത എന്താ ഒള്ളെ.. ആരാ സാനിയ.. " രണ്ടിന്റെയും യുദ്ധം കാണുമ്പോഴേ ഉപ്പ കഴിക്കൽ മതിയാക്കിയിരുന്നു. എണീറ്റു അവളുടെ അരികിലേക്ക് വന്നു.. " ഉപ്പാനോട് വല്യ സ്നേഹം ആണെന്നും ഉപ്പ അറിയാത്ത ഒരു കാര്യവും അവന്റെ ലൈഫിൽ ഇല്ലെന്നുമൊക്കെ അല്ലേ അവൻ ഉപ്പാനോട് പറയാറ്..പക്ഷെ അങ്ങനൊന്നും അല്ല ഉപ്പ..അവൻ ഉപ്പ വിചാരിക്കുന്ന പോലേ അല്ല.. അവന്റെ ക്ലാസ്സിൽ ഒരുത്തിയുണ്ട്.. ഇരുപത്തി നാല് മണിക്കൂറും അവനെ ഒട്ടിക്കോണ്ടാ..അവളാ സാനിയ.. " അവൾ കൈ തുവർത്തുന്നതിന്റെ ഇടയിൽ പറഞ്ഞു.ആ മുഖത്ത് ഇഷ്ട കുറവ് നിറഞ്ഞത് ഉപ്പ കണ്ടു.. ഉപ്പാക്ക് ചിരി വന്നു.. പിടിച്ചു നിർത്താൻ പറ്റിയില്ല.. ചിരിച്ചു പോയി.. "എന്തിനാ ചിരിക്കുന്നേ..ഞാൻ സീരിയസ് ആയി പറഞ്ഞതാ.. ഉപ്പാക്ക് തമാശയായി തോന്നിയോ.." അവൾ മുഖം ചുളിച്ചു.. "ഇല്ല മോളെ..ഞാൻ സീരിയസ് ആയി തന്നെ എടുത്തു.. ഞാൻ അവനോട് ചോദിക്കാം അതിനെക്കുറിച്ച്.. " അവളുടെ മുഖം തെളിഞ്ഞു കിട്ടാൻ വേണ്ടി ഉപ്പ പറഞ്ഞു.എന്നിട്ട് കൈ കഴുകാൻ നിന്നു.

"വേണ്ടാ..ഉപ്പ ചോദിക്കൊന്നും വേണ്ടാ..ചോദിച്ചാൽ ഞാൻ പറഞ്ഞിട്ട് ആണെന്ന് അറിയും അവന്..അപ്പൊ വാശി കൂടും. പിന്നെ അവളുടെ പിന്നിന്ന് മാറേയില്ല അവൻ.. ഞാൻ ചോദിച്ചതാ അവനോട് ഇതിനേക്കുറിച്ച്.. " "എന്നിട്ടോ..? അവൻ എന്ത് പറഞ്ഞു..? " ഉപ്പ അവളെ സൂക്ഷിച്ചു നോക്കി.. "എന്ത് പറയാൻ..അവനു ആ ആന പോലെത്തെ അവളെ ഇഷ്ടമാണെന്ന് പറഞ്ഞു.. അല്ല..അവൾക്ക് ഇഷ്ടം ആണെന്ന്..അത് കണ്ടില്ലന്ന് നടിക്കാൻ ഇവന് കഴിയില്ലന്ന്.." "അങ്ങനെ പറഞ്ഞോ അവൻ.. " ഉപ്പ കൈ തുവർത്തി വന്നു സോഫയിലേക്ക് ഇരുന്നു.. "ആ..പറഞ്ഞു..അത് മാത്രല്ല.. വേറെയും ഒരുപാട് പറഞ്ഞു.. " അവൾ വന്നു ഉപ്പാന്റെ അടുത്തിരുന്നു..അവളുടെ വാക്കുകളിലും മുഖത്തും പരിഭവവും പരാതിയും മാത്രേ ഉള്ളു എന്നത് ഉപ്പാനെ വീണ്ടും ചിരിയിൽ കൊണ്ടെത്തിച്ചു.അവൾ കണ്ണ് കൂർപ്പിച്ചു ഒരു നോട്ടം നോക്കിയതും ഉപ്പ ആ ചിരി അപ്പാടെ വിഴുങ്ങി കളഞ്ഞു.. പേടിച്ചിട്ടാ.. പേടിച്ചിട്ട് തന്നെ.. വയലന്റ് ആയാൽ അവളെ ഒതുക്കാൻ താജ് തന്നെ പണി പെടാറുണ്ട്..അപ്പൊ പിന്നെ ഉപ്പാന്റെ കാര്യമോ.. ഉപ്പാക്ക് ജീവനിൽ നല്ല കൊതി ഉണ്ടായിരുന്നു.. "ഉപ്പ എന്താ ഒന്നും മിണ്ടാത്തത്.. " അവൾ ഉപ്പാനെ പിടിച്ചു കുലുക്കി.. "അല്ല..ഞാൻ ആലോചിക്കുവായിരുന്നു..

ആ കുട്ടിക്ക് അവനെ ഇഷ്ടമാണ്. അവനും ഇഷ്ട കുറവ് ഒന്നുമില്ല.. ആ സ്ഥിതിക്ക് അവരുടെ കല്യാണം നടത്തുന്നത് അല്ലേ നല്ലത്.. " അവളായി ഉണ്ടാക്കി തന്ന അവസരമാണ്.ഉപ്പ വിട്ടു കളഞ്ഞില്ല. അവളുടെ മനസ്സ് അറിയാൻ തന്നെ ഉപയോഗിച്ചു.. "കല്യാണമോ..അമൻറെയോ..അപ്പൊ ഞാനോ.. " ഉപ്പാന്റെ വായിൽ നിന്നും കേട്ടപ്പോ അവൾ പെട്ടെന്ന് ഞെട്ടിപ്പോയി. ഉള്ളിൽ ഉള്ളത് അതേ പടി പുറത്തേക്ക് വന്നു.. "മോള് ഇപ്പൊ ഉടനെ പോകുമല്ലോ ഇവിടുന്ന്..മോള് ഡിവോഴ്സ് ആവശ്യപ്പെട്ടന്നാണല്ലോ താജ് എന്നോട് പറഞ്ഞത്..പരസ്പരം ഒത്തു പോകാൻ കഴിയുന്നില്ല.. അതിനേക്കാൾ ഏറെ സ്നേഹിക്കാനും..അപ്പൊ പിന്നെ ഇങ്ങനെ ഒന്നും അല്ലാതെ പോകുന്നതിനേക്കാൾ നല്ലത് ഡിവോഴ്സ് തന്നെയാ..മോള് പോയാലും അവനൊരു കൂട്ട് വേണ്ടേ..ഇപ്പൊ ഞാനുണ്ട്..പക്ഷെ അതെത്ര കാലമെന്നു വെച്ചാ..ഇന്നോ നാളെയോ ഞാൻ അങ്ങ് പോകും.. പിന്നെ അവന് ആരാ കൂട്ടിന്.. നിന്നെ അല്ലാതെ മറ്റൊരു കുട്ടിയെ അവൻ ഇഷ്ടമാണെന്ന് പറഞ്ഞത് തന്നെ മഹാൽഭുതമാ..ആ ഇഷ്ടം പോയി കിട്ടുന്നതിന് മുൻപേ ഇവനെ പിടിച്ചു ആ കുട്ടിയുമായി വിവാഹം ചെയ്യിപ്പിക്കണം..

എന്നാലേ അവന്റെ കാര്യത്തിൽ ഈ ഉപ്പാക്ക് ഒരു സമാധാനം ഉണ്ടാകുകയുള്ളൂ.. " "അപ്പൊ...അപ്പൊ എന്നെ ഇവിടുന്ന് പറഞ്ഞു വിടാൻ ദൃതിയായോ രണ്ടു പേർക്കും.. " ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.. "മോള് എന്താ ഈ ചോദിക്കുന്നെ.. മോൾടെ സന്തോഷം..അതേ ഞാനും അവനും നോക്കുന്നുള്ളൂ.. എത്രയും പെട്ടെന്ന് അവനുമായുള്ള വിവാഹ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ അല്ലേ മോള് ആഗ്രഹിക്കുന്നത്..അത് കൊണ്ടാ പറഞ്ഞത്..അല്ലാതെ മോളെ പറഞ്ഞയക്കാൻ ദൃതി ഉണ്ടായിട്ട് ഒന്നുമല്ല..പിന്നെ ഞാൻ പറഞ്ഞ അവന്റെ കല്യാണ കാര്യം..അത് മോള് തന്നെ ഒന്ന് ചിന്തിച്ചു നോക്കിയേ..ഏതൊരു ഉപ്പാക്കും സ്വന്തം മക്കളുടെ കാര്യത്തിൽ ചില ആഗ്രഹങ്ങളും ആധികളുമൊക്കെ കാണില്ലേ..അങ്ങനെ കണ്ടാൽ മതി മോള് അതിനെ..അവനും സന്തോഷം ആയിരിക്കണം..നീയും സന്തോഷം ആയിരിക്കണം..അതിന് ഈയൊരു വഴിയല്ലേ ഉള്ളു മുന്നിൽ.. " ഉപ്പ അവളെ ഉറ്റു നോക്കി.. അവൾ ഒന്നും പറഞ്ഞില്ല.. മറുപടി ഒരു മൂളലിൽ ഒതുക്കി..

കണ്ണുകളിൽ നനവ് പടർന്നിരുന്നു.. ഉപ്പ കാണണ്ടന്ന് കരുതി തല താഴ്ത്തിയിരുന്നു.. "മോളെന്താ ആലോചിക്കുന്നെ..നേരം ഒരുപാട് ആയല്ലോ..ചെന്നു കിടക്ക്.." ഉപ്പ സ്നേഹത്തോടെ അവളുടെ തലയിൽ തൊട്ടു..അവൾ മുഖത്തേക്ക് ഒന്നും നോക്കിയില്ല. താഴേക്ക് തന്നെ നോക്കി ഒന്ന് തല കുലുക്കി കാണിച്ചു.. "ആ മോളെ..ഇപ്പൊ പറഞ്ഞ ആ കുട്ടി ഉണ്ടല്ലോ..അവളുടെ ഫോട്ടോ ഉണ്ടെങ്കിൽ എനിക്കൊന്നു കാണിക്കണം..മോൾടെ കയ്യിൽ ഇല്ലങ്കിൽ വേണ്ടാ..താജ്ൻറെ കയ്യിൽ ഉണ്ടാകും.അവനോട് എന്നെ ഒന്ന് കാണിക്കാൻ പറഞ്ഞാൽ മതി.. ഭാവി മരുമകൾ എങ്ങനെ ഉണ്ടെന്ന് കാണാനാ..പിന്നെ ആ കുട്ടിയുടെ അഡ്രെസും തരാൻ പറാ... പരസ്പരം പ്രണയിച്ചു നടന്നു ആൾക്കാരെ കൊണ്ട് ഓരോന്നു പറയിപ്പിക്കണ്ടല്ലോ.പോയി ആ കുട്ടിയുടെ വീട്ടിൽ ആലോചിച്ചു ഉറപ്പിച്ചു വെക്കാമല്ലോ.. ചെറുതായി ഒരു ചടങ്ങും നടത്താം.." പോകാൻ തുടങ്ങിയ അവളെ ഉപ്പ പുറകിന്ന് വിളിച്ചു. കല്യാണം..കോപ്പ്..എല്ലാത്തിനെയും.കൊല്ലും ഞാൻ... അവൾക്ക് സങ്കടം മാത്രല്ല..ഒന്നാകെ ദേഷ്യവും വരുന്നുണ്ടായിരുന്നു.

അലറിക്കൊണ്ട് നിന്നിടത്ത് തന്നെ ചവിട്ടി തുള്ളാൻ തോന്നി..അവൻ ആയിരുന്നു ഈ പറഞ്ഞത് എങ്കിൽ അവന്റെ തല മണ്ട അടിച്ചു പൊട്ടിക്കാമായിരുന്നു.വായിൽ വരുന്നതൊക്കെ വിളിച്ചു പറഞ്ഞും നുള്ളിയും മാന്തിയും പറിച്ചുമൊക്കെ ദേഷ്യം തീർക്കാമായിരുന്നു.ഇതിപ്പോ ഉപ്പയാണ്.ഒന്നിനും കഴിയില്ല.. ഓരോന്നു പിറു പിറുത്ത് സ്വയം നിയന്ത്രിച്ചു നിന്നു. "മോളെന്താ ഒന്നും പറയാത്തത്..? " "ഒന്നുല്ല ഉപ്പ..ഞാൻ എന്ത് പറയാനാ.. അമനോട് ഞാൻ പറയാം ഫോട്ടോയും അഡ്രെസ്സും തരാൻ.. " അവൾ വേഗം മുകളിലേക്ക് കയറിപ്പോയി.. അവൾക്ക് ദേഷ്യവും സങ്കടവുമൊക്കെ ഒരുപോലെ വന്നത് ഉപ്പ അറിഞ്ഞിരുന്നു. അറിയേണ്ടതും അതുതന്നെയായിരുന്നു.. അവളുടെ ആ മാറ്റം. ലൈല മോളെ..അസൂയയുടെയും കുശുമ്പിന്റെയും കാര്യത്തിൽ നീ താജ്നെ തോല്പിക്കും..നല്ല ഒന്നാന്തരം കുശുമ്പിയാ നീ..അതും നീ നേരത്തെ പറഞ്ഞ ആ അസൂയക്കാരൻറെ കാര്യത്തിൽ.. സാനിയയ്ക്കെന്നല്ല..ഈ ലോകത്തെ ഒരുത്തിക്കും നീ അവനെ വിട്ടു കൊടുക്കില്ലന്ന് ഈ ഉപ്പാക്ക് മനസ്സിലായി മോളെ..

ഉപ്പാന്റെ മുഖത്ത് അതിയായ സന്തോഷം നിറഞ്ഞു..ഒപ്പം താജ്ൻറെ അവസ്ഥ ഓർത്തിട്ടു ചിരിയും.. വേറൊന്നും അല്ല. ഇപ്പൊ ഇവിടുന്നു ഉപ്പ പറഞ്ഞതിന്റെയൊക്കെ അവൾ തീർക്കുന്നത് അവിടെ താജ്ൻറെ നെഞ്ചത്തോട്ട് ആയിരിക്കും. ** "മകൻ ആസ്ഥാന കോഴിയാണെന്ന് പറഞ്ഞിട്ട് ഉപ്പാക്ക് എന്തേലും കൂസലുണ്ടോന്ന് നോക്കിക്കേ..കൂസൽ ഒന്നും ഇല്ലേലും വേണ്ടാ..അവനെ സപ്പോർട്ട് ചെയ്തു സംസാരിക്കണോ..ഞാൻ ഇത്രയൊക്കെ പറഞ്ഞു കൊടുക്കുമ്പോൾ അവനെ വിളിച്ചു ഉപദേശിക്കേണ്ടതിന് പകരം അവനെ രണ്ടാമത് കെട്ടിക്കാൻ നോക്കുന്നു..ചുമ്മാതെ അല്ല അവൻ ഇങ്ങനെ ആയി പോയത്..ഒന്നിനും അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. എല്ലാത്തിനും പ്രോത്സാഹനം നൽകാൻ ഇവിടെ ആളുണ്ടല്ലോ.. എന്നാലും ഉപ്പ ഇതെന്തു ഭാവിച്ചിട്ടാ.. സ്വപ്‍നത്തിൽ പോലും കരുതിയില്ല ഇത്ര പെട്ടെന്ന് മറുകണ്ടം ചാടുമെന്ന്..അത് അല്ലേലും അങ്ങനെ തന്നെയാണല്ലോ.. സ്വന്തം മകന്റെ കാര്യം വരുമ്പോൾ അതിന് മുന്നിൽ മരുമകളൊക്കെ എന്ത്..ഈ ഉപ്പാനോട് ആണല്ലോ ഞാൻ അവന്റെ കൊള്ളരുതായിമകളും എന്റെ പരാതികളുമൊക്കെ വിവരിച്ചത്..എന്നെ ഒലക്ക വെച്ചടിക്കാൻ ആള് ഇല്ലാഞ്ഞിട്ടാ.. " അവൾ റൂമിലേക്ക് വന്നിട്ട് മണിക്കൂർ ഒന്നായി.

പക്ഷെ ഇതുവരെ ഒരു സ്ഥലത്ത് ഇരിക്കുകയോ നിക്കുകയോ ഒന്നും ചെയ്തിട്ടില്ല..വാലിന് തീ പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും ഒരേ നടത്തമാണ്.കയറി വരുമ്പോൾ തുടങ്ങിയ പിറു പിറുക്കലാണ്.. അതിനും ഇതുവരെ കുറവ് ഒന്നുമില്ല. "കൊറേ നേരം ആയല്ലോ തുടങ്ങിയിട്ട്..എന്തെടി..ഉള്ള പിരിയും കൂടി പോയോ.. " അവൻ മടിയിലെ ലാപ്ടോപ് അടച്ചു സൈഡിലേക്ക് വെച്ചു അവളെ നോക്കി. "എങ്ങനെ പോകാതെ നിക്കും... അമ്മാതിരി കൂട്ടങ്ങൾടെ ഒന്നിച്ചല്ലേ എന്റെ വാസം.. " അവൾ ആകെ എരിപിരി പൂണ്ടു.. "അമ്മാതിരി കൂട്ടങ്ങളോ.. എന്ന് വെച്ചാൽ..? എന്താടി നിനക്ക്.. ഒന്ന് തെളിച്ചു പറയെടി.. " "ഓ..ഇനി ഞാൻ പറഞ്ഞു തരാത്തതിന്റെ കുറവേ ഉള്ളു നിനക്ക്..പൊന്നു മോനു വിവാഹം ആലോചിക്കുവാ അവിടെ.. " "വിവാഹമോ.. എനിക്കോ.. ആര്..? " അവൻ നെറ്റി ചുളിച്ചു.. "ആരാ പിന്നെ..നിന്റെ സ്വീറ്റ് ഡാഡ്...ഞാൻ വിചാരിച്ചു നീ മാത്രമാ ഇങ്ങനെ എന്ന്..നിന്റെ ഉപ്പ വെറും പാവമാന്ന്..പക്ഷെ ഞാൻ വിചാരിച്ച പോലൊന്നും അല്ല... നീ സ്വയം ചീത്ത ആയത് ഒന്നുമല്ല.. നിന്റെ ഉപ്പ നിന്നെ ചീത്ത ആക്കിയതാ.. " "നിനക്ക് ദേഷ്യം വന്നാൽ ഒന്നും ചിന്തിക്കാതെ വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയുമെന്ന് എനിക്കറിയാം... പറഞ്ഞോ.. അതു പക്ഷെ എന്നെ മാത്രം ആയിരിക്കണം. എന്റെ ഡാഡ്നെ എങ്ങാനും പറഞ്ഞാൽ ഉണ്ടല്ലോ.. നിന്റെ അണപ്പല്ല് ഞാൻ തെറിപ്പിക്കും.. ഇപ്പൊ താഴേന്ന് എന്നെ ഗെറ്റ് ഔട്ട്‌ അടിച്ചു രണ്ടും കൂടെ തേനും പാലും ഒഴുക്കുവല്ലാരുന്നോ..

എന്നിട്ടിപ്പോ എന്തുപറ്റി..ഇത്ര പെട്ടെന്ന് തെറ്റി പിരിഞ്ഞോ..." "ഓഹോ..അപ്പൊ നീ അതിന് കാത്തു നിക്കുവാണല്ലേ..? " "ദേ..ഒരൊറ്റ ഒന്ന് തന്നാൽ ഉണ്ടല്ലോ.. മുഖം കണ്ണിമാങ്ങ ഉപ്പിലിട്ടതു പോലെ ആകും..ഞാൻ ആണോടീ പറഞ്ഞത്..നീ തന്നെയല്ലേ ഓരോന്നു പറയുന്നത്..ഇങ്ങനെ നിന്നു ഭദ്രകാളി തുള്ളാൻ എന്താ ഉണ്ടായേ.. " "കുന്തം.. " അവൾ വീർത്ത മുഖവും വെച്ചു ചവിട്ടി തുള്ളിക്കൊണ്ട് ബെഡിൽ വന്നിരുന്നു.. "നീ പറയുന്നുണ്ടോ എന്താണെന്ന്..? " അവൻ അവളെ രൂക്ഷമായി നോക്കി. "എന്തു പറയാൻ..ആ സാനിയയുടെ പേര് എന്റെ വായേന്ന് വീഴണ്ട താമസം.ഉപ്പ അവളെ മരുമകൾ ആക്കി..അതായത് നിന്റെ ഭാര്യാ സ്ഥാനം നൽകി അവൾക്ക്.. അവളുടെ ഫോട്ടോയും അഡ്രെസ്സുമൊക്കെ നിന്റെ കയ്യിൽ ഉണ്ടല്ലോ..അത് ഉപ്പാക്ക് കൊടുക്കാൻ പറയാനുള്ള ജോലി എന്നെ ഏല്പിച്ചു..ഏതായാലും മഹാഭാഗ്യവതിയാ ഞാൻ..ഉടനെ തന്നെ സ്വന്തം ഭർത്താവിന്റെ രണ്ടാം കെട്ടു കണ്കുളിർക്കെ കാണുകയും അതിന്റെ സദ്യ നാല് കൂട്ടം പായസം ചേർത്തു കഴിക്കേo ചെയ്യാമല്ലോ..ഓ സോറി..നീ വല്യ കോടീശ്വരൻ അല്ലേ..മാത്രവുമല്ല..

മേയർ പുത്രനും ആണല്ലോ.. അപ്പൊ നാലല്ല..മിനിമം ഒരു പത്തിരുപതു കൂട്ടം പായസം എങ്കിലും കാണും അല്ലേ.. " ഇപ്പൊ അവന് കാര്യം കത്തി. അവനെ പരിഹസിച്ചു പറഞ്ഞത് ആണെങ്കിലും അവളുടെ മുഖം ദേഷ്യം കൊണ്ട് ഇപ്പൊ പൊട്ടി തെറിക്കുമെന്ന അവസ്ഥയിൽ ആയിട്ടുണ്ട്.. "സന്തോഷിക്കുകയല്ലേ വേണ്ടത്.. നീ തന്നെ പറഞ്ഞല്ലോ ഇത് നിന്റെ മഹാ ഭാഗ്യം ആണെന്ന്.. എടീ.. ഇങ്ങനെയൊരു ഭാഗ്യം നിനക്ക് ഉണ്ടാകുമെന്നു നീ സ്വപ്‍നത്തിൽ എങ്കിലും കരുതിയിട്ടുണ്ടോ.. ഇല്ലല്ലോ..ഇത് അങ്ങനെ എല്ലാർക്കും കിട്ടുന്ന ഭാഗ്യമൊന്നും അല്ല മോളെ.. നീ തന്നെ പറാ..നിനക്ക് കാണണ്ടേ എന്റെ രണ്ടാം കെട്ട്..നീയിപ്പോ പറഞ്ഞ മഹാഭാഗ്യം നിനക്ക് വേണ്ടേ.. " "ഓ..വേണം വേണം...എനിക്ക് കാണണം..ഈയൊരു ഭാഗ്യത്തിന്റെ കുറവേ എനിക്ക് ഉണ്ടാരുന്നുള്ളൂ..ബാക്കി എല്ലാം കൊണ്ടും ഞാൻ ലക്കി ഗേളാ..ഇത് മാത്രമായി കുറക്കുന്നത് എന്തിനാ.. കഴിവതും വേഗം നടത്ത് നിന്റെ രണ്ടാം കെട്ട്..കാണാൻ മുന്നിൽ തന്നെ ഞാൻ ഉണ്ടാകും.. " അവൾ മുഖവും തിരിച്ചു കളഞ്ഞു ബെഡിലേക്ക് കമിഴ്ന്നു..അറിയാതെ പോലും അവന്റെ തിരു മോന്ത നോക്കി പോകണ്ടന്ന് കരുതി ബ്ലാങ്കറ്റ് എടുത്തു തല വഴിയിട്ടു.. "എടീ..ദേ ബ്ലാങ്കറ്റിൽ പല്ലി.. " അവൻ പറഞ്ഞു തീർന്നില്ല..

അതിന് മുന്നേ തന്നെ അവൾ പിടഞ്ഞു കെട്ടി എഴുന്നേറ്റു ബ്ലാങ്കറ്റ് ദേഹത്തുന്ന് എടുത്തു എറിഞ്ഞു..എന്നിട്ട് അവനോട് എവിടെന്ന് ചോദിച്ചിട്ട് ബ്ലാങ്കറ്റിലേക്ക് നോക്കിയതും അവൻ അവളെ നോക്കി ലൈലാന്ന് അലറി. പെട്ടന്ന് ആയോണ്ട് അവളൊന്നു ഞെട്ടി..കിതച്ചോണ്ട് എന്താന്ന് ചോദിച്ചു.അവൻ അവളുടെ ദേഹത്തേക്ക് കൈ ചൂണ്ടി.പേടി മാത്രമേ വരാൻ ഉണ്ടാരുന്നുള്ളൂ. അവന്റെ കൈ ചൂണ്ടലും മുഖഭാവവുമൊക്കെ കണ്ടപ്പോൾ അതൂടെയായി.പേടിച്ചരണ്ട മുഖവും വെച്ചു വീണ്ടും എന്താന്ന് ചോദിച്ചു.. "നിന്റെ ഷാളിലാടീ.. " പറഞ്ഞത് മാത്രമേ അവന് ഓർമ്മയുള്ളൂ.പിന്നെ കേട്ടത് ഉമ്മാന്നൊരു അലർച്ചയും കണ്ടത് കഴുത്തിലെ ഷാൾ വലിച്ചെറിഞ്ഞു തന്റെ മേലേക്ക് വന്നു വീഴുന്ന അവളെയുമാണ്..വീണത് മാത്രമല്ല.. മുഖം നെഞ്ചിൽ ഒളിപ്പിച്ചു വെച്ചു രണ്ടു കൈ കൊണ്ടും ഷർട്ടിൽ ഉടുമ്പു പിടിച്ച പോലെ പിടിച്ചിട്ടും ഉണ്ട്. "എടീ.." അവൻ അവളെ തൊട്ടു വിളിച്ചു.. അവൾ പതിയെ മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി. "പേടിച്ചു പോയോ..?" അവൻ ചോദിച്ചു.. "മ്മ്.. " അവൾ കൊച്ചു കുട്ടിയെ പോലെ തലയാട്ടി.ആ പേടിച്ചരണ്ട മുഖവും ശബ്ദം കുറച്ചുള്ള മൂളലുമൊക്കെ കണ്ടു അവന് വരുന്ന ചിരി ഒതുക്കാൻ ഒന്നും കഴിഞ്ഞില്ല. പൊട്ടിച്ചിരിക്കാൻ തുടങ്ങി.അവൻ പറ്റിച്ചതാണെന്ന് അവൾക്ക് മനസ്സിലായി.യൂന്നും അലറിക്കൊണ്ട് അവന്റെ കോളറിന് കുത്തി പിടിച്ചു. "ഞാൻ വിചാരിച്ചു കിടന്ന കിടപ്പിൽ തന്നെ പൊട്ടി തെറിച്ചെന്ന്.. അമ്മാതിരി എയറിൽ അല്ലാരുന്നോ കമിഴ്ന്നത്.

.എല്ലാം ഒരൊറ്റ സെക്കന്റ്‌ കൊണ്ട് കയ്യിന്ന് പോയില്ലേ മോളെ..അപ്പൊ ഒരു പല്ലിയോ എലിയോ മതി നിന്റെ ഈ നെഞ്ചിലേക്ക് വീഴ്ത്താൻ.. അല്ലേ.. " അവന്റെ പൊട്ടിച്ചിരി ചെറുചിരിയിലേക്ക് മാറി.അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു. "പോടാ.... " അവൾ കോളറിന് പിടിച്ചിരിക്കുന്ന പിടിയാലെ തന്നെ അവനെ പിന്നിലേക്ക് തള്ളി..എന്നിട്ട് ബെഡിലേക്ക് കമിഴ്ന്നു വീണു.. കുശുമ്പി... അവൻ മൂക്കത്തും വിരൽ വെച്ചു അവളെ നോക്കിയിരുന്നു.പിന്നെ എണീറ്റു നിലത്തു കിടക്കുന്ന ബ്ലാങ്കറ്റ് എടുത്തു അവളുടെ മേലേക്ക് ഇട്ടു. ലൈറ്റ് അണച്ചു ഒരു സൈഡിൽ വന്നു കിടന്നു.. ** മിനിയാന്ന് താജ് ഡിവോഴ്സ്ൻറെ കാര്യം പറഞ്ഞത് തൊട്ടു എബിയുടെ മനസ്സ് ആകെ അസ്വസ്ഥതമാണ്.താജ്ൻറെ കാര്യത്തിൽ താജ്നേക്കാൾ ടെൻഷൻ ആണ് എബിക്ക്..അത് ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല.. പണ്ട് തൊട്ടേ അങ്ങനെയാണ്. താജ്നും ലൈലയ്ക്കും ഇടയിൽ ഇനി എന്താ സംഭവിക്കാൻ പോകുന്നതെന്നുള്ള ചിന്ത എബിയെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.. ലൈലയുടെ മനസ്സിൽ ഇപ്പൊ എന്താണെന്ന് അറിയണം.

അതേയുള്ളൂ ഇതിനൊരു പരിഹാരം.അതിന് വേണ്ടി അവൻ നുസ്രയെ സമീപിച്ചു. നുസ്രയോട് താജ് പറഞ്ഞതിൽ നിന്നും ഡിവോഴ്സ്ൻറെ കാര്യം മാത്രം പറഞ്ഞു.അറിയാതെ പോലും ബാക്കിയൊന്നും പറഞ്ഞില്ല.. "എന്ത്...ഡിവോഴ്സോ.. " നുസ്ര ഞെട്ടലോടെ എബിയെ നോക്കി.. "മ്മ്..ഞെട്ടണ്ടാ..ലൈലയുടെ തീരുമാനം എന്താണെന്ന് നിനക്ക് അറിയാത്തത് ഒന്നുമല്ലല്ലോ.. ഇന്നല്ലങ്കിൽ നാളെ അവൾക്ക് അവളുടെ സാമ്രാജ്യം തിരികെ കിട്ടും..അവളുടെ ചുറ്റുമുള്ള ചെകുത്താൻമാർ അധ പതിച്ചു പോകും..അതുവരെയുള്ളൂ അവൾ താജ്ൻറെ ജീവിതത്തിൽ..പിന്നെ അവൾ അങ്ങോട്ട്‌ പോകും.. വിവാഹവും വിവാഹ ജീവിതമൊന്നും ആഗ്രഹിച്ചിട്ടില്ലല്ലോ..അതോണ്ട് ഒറ്റ തടിയായി അങ്ങ് ജീവിക്കും.. " "എടാ...അതൊക്കെ അവൾ അന്ന് പറഞ്ഞത് അല്ലേ..ഇന്ന് അങ്ങനെയാണോ..അവൾ താജ്നോട് അടുത്തില്ലേ ഇപ്പോൾ..ആ പഴയ അകൽച്ച ഉണ്ടോ അവൾക്ക് അവനോട്.. ഇല്ല..ഒട്ടും അകൽച്ച ഇല്ല..അത് നീയും കാണുന്നത് അല്ലേ.. അതോണ്ട് ഡിവോഴ്സ് വാങ്ങി പോകാനൊന്നും ചാൻസ് ഇല്ല.. " "എന്നൊക്കെ നീ പറയും..അത് ലൈലയാ..അവൾക്ക് എന്ത് എപ്പോ എങ്ങനെയാ തോന്നുന്നേന്ന് അവൾക്ക് തന്നെ പറയാൻ പറ്റില്ല.. അവളെ ജീവനോളം സ്നേഹിക്കുന്ന താജ്ന് തന്നെ അവളുടെ തീരുമാനം എന്താകുമെന്നു ഒരു ഊഹവും ഇല്ല..

പിന്നെയല്ലേ ഞങ്ങളു ഓരോന്നു പറയുന്നത്..നീ ഒരു കാര്യം ചെയ്.. അവളോട് ഇതിനെ കുറിച്ച് സംസാരിക്ക്..എന്നിട്ട് ആ മനസ്സിൽ എന്താണെന്ന് വ്യക്തമായിട്ട് കണ്ടു പിടിക്ക്..ഒന്ന് മാത്രം അറിഞ്ഞാൽ മതി.. അവൾക്ക് താജ്നെ ഇഷ്ടമാണോ, അവന്റെ ഒന്നിച്ച് ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടോ എന്ന്.. അതിനി എന്തൊക്കെ കാര്യ കാരണങ്ങൾ അവർക്ക് ഇടയിലേക്ക് വന്നാലും.. " "നീ എന്താ ഇങ്ങനെ..നിന്റെ മനസ്സിൽ എന്തോ ഉള്ളത് പോലെ തോന്നുന്നല്ലോ..നീ എന്തേലും ഒളിക്കുന്നുണ്ടോ.. " "ഉണ്ടെടീ..നിന്റെ കെട്ട്യോൻ ചത്തു.. അതിപ്പോ എങ്ങനെയാ നിന്നോട് പറയുക.. ആ ടെൻഷനിലാ ഞാൻ.. " "ദേ..എന്റെ കെട്ട്യോനെ പറഞ്ഞാൽ ഉണ്ടല്ലോ..." അവൾക്ക് ദേഷ്യം വന്നു.. "പിന്നെ നിന്റെ ചോദ്യമോ..ഞാൻ എന്ത് ഒളിക്കാനാ..എന്റെ മനസ്സിൽ എന്ത് ഉണ്ടാകാനാ.ഉള്ളത് അല്ലേ ഇപ്പൊ നിന്നോട് പറഞ്ഞത്..നീ ചെല്ല്.. ലൈലയോട് സംസാരിക്ക്.. പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ.. അവളുടെ മനസ്സിൽ എന്താണെന്ന് വ്യക്തമായി തന്നെ അറിയണം. അതിന് വേണ്ടി നിങ്ങളു പെണ്ണുങ്ങൾടെ സ്ഥിരം മേത്തേഡും ഉപയോഗിച്ചോ..

ഐ മീൻ ഈ സെന്റ്റി കരച്ചിലൊക്കെ.. " "പോടാ അവിടെന്ന്..ഇപ്പൊ കാര്യം എന്താ.അവളോട് സംസാരിക്കണം. അവളുടെ മനസ് അറിയണം.. അതല്ലേ..എടാ..എന്നേക്കാൾ നല്ലത് നീയാ അവളോട്‌ സംസാരിക്കാൻ.. ഞാൻ എന്തേലും ചോദിച്ചാൽ അവൾ വ്യക്തമായി മറുപടി തരില്ല..പഴയ പ്രണയത്തിന്റെ പേരും എടുത്തിട്ടു അവിടെയും ഇവിടെയും തൊടാതെ ഓരോന്നു പറയും..എന്നാൽ കുറച്ചൂടെ സംസാരിച്ചു അവളുടെ മനസ് മാറ്റാന്ന് വെച്ചാലോ അപ്പോ തുടങ്ങും അവൾ കരയാൻ.. ഇതിപ്പോ എത്രവട്ടം ആയി ഞാൻ താജ്ൻറെ കാര്യം പറഞ്ഞു അവളെ കരയിപ്പിക്കുന്നു.എനിക്ക് വയ്യടാ അവളുടെ സങ്കടം കാണാൻ.. അതുകൊണ്ട് നീയാ നല്ലത്..നീ സംസാരിച്ചാൽ മതി..നിന്റെ മുന്നിന്ന് അവൾ അത്ര പെട്ടന്ന് കരയുകയൊന്നും ചെയ്യില്ല..നീ ചോദിക്കുന്നതിന് വ്യക്തമായി തന്നെ മറുപടി തരും..അങ്ങനെയാ എനിക്ക് തോന്നുന്നത്..അവൾ ലൈബ്രറിയിൽ കാണും..നീ അങ്ങോട്ട്‌ ചെല്ല്.." നുസ്ര എബിയെ ലൈബ്രറിയിലേക്ക് പറഞ്ഞയച്ചു..ലൈല കാര്യമായി പുസ്തകങ്ങൾ നോക്കുവായിരുന്നു.. "ലൈലാ.. " എബി അവളുടെ അരികിലേക്ക് ചെന്നു.. "ആാാ..അച്ചായനോ..എന്താടാ പതിവ് ഇല്ലാതെ ലൈബ്രറിയിലേക്ക് ഒക്കെ..ജുവൽ എങ്ങാനും ഈ വഴി വരാമെന്നു പറഞ്ഞിട്ട് ഉണ്ടോ.."

അവൾ ഷെൽഫ് അടച്ചു കൊണ്ട് അവനെ നോക്കി.. "അതൊന്നും അല്ല..എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്..നീ തിരക്കിലാണോ...? " "എന്താടാ...?" പതിവ് ഇല്ലാത്ത എബിയുടെ ഗൗരവം അവളെ വല്ലാതെയാക്കി.. ചോദ്യത്തോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി... "നിനക്ക് താജ്നെ ഇഷ്ടമാണോ.. അല്ലയോ...?" എബി മുഖവുരയൊന്നും കൂടാതെ ചോദിച്ചു.. "അതെന്താ ഇപ്പോ അങ്ങനെ ചോദിക്കാൻ..?" അവൾക്ക് ഒന്നും മനസ്സിലായില്ല.. "കാര്യമുണ്ട്..ആണെങ്കിൽ ആണ് അല്ലെങ്കിൽ അല്ല..വ്യക്തമായൊരു മറുപടി തരണം.." "അത് എബി ഞാൻ..." അവൾക്ക് എന്ത് പറയണമെന്നറിഞ്ഞില്ല.. "വേണ്ട ലൈല..ഇങ്ങനെ തപ്പിയും തടഞ്ഞും വേണ്ടാ..അല്ലെങ്കിൽ അല്ലെന്ന് തന്നെ പറഞ്ഞോളൂ..ഞാൻ ഇത് അവനോട് പറയാൻ ഒന്നും പോകുന്നില്ല..അവനെ സ്നേഹിക്കെന്നും പറഞ്ഞു നിന്നെ നിർബന്ധിക്കയുമില്ല..പക്ഷെ നീ അവനെ ചതിക്കരുത്.." "ചതിയോ..ഞാനോ..അവനെയോ..?" അവൾ തരിച്ചു നിന്നു.. "അതേ..നീ ഇപ്പോൾ അവനോട് ചെയ്യുന്നത് ചതി അല്ലേ..നീ തന്നെ ഒന്ന് ചിന്തിച്ചു നോക്കിയേ..നിനക്ക് അവനെ ഇഷ്ടമല്ല..നിനക്ക് ഒരിക്കലും നീ സ്നേഹിച്ചയാളെ മറക്കാൻ കഴിയില്ല.അതുകൊണ്ട് താജ്നെ ഉൾകൊള്ളാനോ ഭർത്താവായി കാണാനോ അവന്റെ ഒന്നിച്ച് ഒരു ജീവിതമോ ഒന്നും നിനക്ക് കഴിയില്ല..

പിന്നെ എന്തിന് നീ താജ്നോട് അടുപ്പം കാണിക്കുന്നു.. നിന്റെ മനസ്സിൽ ഒന്നും ഉണ്ടാകില്ല.. താജ് ഒരു ഫ്രണ്ട് മാത്രം ആയിരിക്കാം നിനക്ക്.. അങ്ങനെയൊരു ഇഷ്ടമേ നിനക്ക് അവനോട് ഉണ്ടാകൂ..അല്ലെങ്കിൽ നിന്റെ ശത്രുക്കളിൽ നിന്നും നിന്നെ സംരക്ഷിക്കുന്നവനോടുള്ള കടപ്പാട്.. അവന്റെ വ്യക്തിത്വത്തിനോടുള്ള ബഹുമാനം, ആരാധന ഇതൊക്കെ ആയിരിക്കാം നിനക്ക് താജ്നോട് ഉള്ളത്..പക്ഷെ നീ ഇപ്പോ കാണിക്കുന്ന ഈ അടുപ്പം അവന് നിന്നോടുള്ള സ്നേഹം വർധിപ്പിക്കുകയാ..അവന്റെ സ്വപ്നങ്ങളുടെ എണ്ണം കൂട്ടുവാ.. ഇന്നല്ലങ്കിൽ നാളെ നീ അവനെ സ്നേഹിച്ചു അവന്റെ മാത്രം സ്വന്തമാകുമെന്നൊരു പ്രതീക്ഷയാ ഈ അടുപ്പത്തിലൂടെ നീ അവനു കൊടുക്കുന്നത്..അവൻ അവന്റെ ഇഷ്ടം പറഞ്ഞു നിന്നെ ശല്യ പെടുത്തുകയോ വേദനിപ്പിക്കുകയോ ഒന്നും ചെയ്യുന്നുണ്ടാകില്ല..ഒന്നിനും നിർബന്ധിക്കുന്നുമുണ്ടാകില്ല...പക്ഷെ അവൻ പോലും അറിയാതെ അവന്റെ മനസ്സ് നീയുമൊത്തുള്ള ഒരു ജീവിതം തുടങ്ങുന്ന ദിവസത്തിനായി കാത്തിരിക്കുവാ . ഇനി പറാ നീ..ചതി അല്ലേ നീ അവനോട് കാണിക്കുന്നത്...അടുപ്പം കാണിച്ചു കാണിച്ചു പെട്ടെന്ന് ഒരുദിവസമായിരിക്കും നീ അവനെ വിട്ടിട്ട് പോകുക..ഇപ്പൊത്തന്നെ അവനു നീ ഇല്ലാതെ പറ്റില്ലന്ന അവസ്ഥയാ..

അപ്പൊ നീ ഇനിയും അടുപ്പം കാണിച്ചാലോ..സഹിക്കാൻ പറ്റുമോ അവനു നീ അകന്ന് പോകുന്നത്..നീ ഒറ്റത്തടിയായി ജീവിക്കാൻ മനസ്സിനെ പണ്ടേ പ്രേരിപ്പിച്ചതാ..അതുകൊണ്ട് നിനക്ക് അവനെ പിരിഞ്ഞാലും സങ്കടമൊന്നും ഉണ്ടാകില്ല..പക്ഷെ അവനോ..അവന്റെ അവസ്ഥ എന്താകുമെന്നു ഒരുവട്ടമെങ്കിലും നീ ചിന്തിച്ചിട്ട് ഉണ്ടോ..? " അവൾക്ക് മറുപടി ഒന്നും ഇല്ലായിരുന്നു.ആദ്യമായിട്ടാണ് എബി ഇങ്ങനെയൊക്കെ..അവന്റെ ഗൗരവവും ആ ചോദ്യങ്ങളുമൊക്കെ നേരെ നെഞ്ചിലേക്കാണ് തറച്ചത്.. കണ്ണുകൾ അനുസരണ കേടു കാണിക്കാതെ നിക്കാൻ അവൾ ആവതും ശ്രമിച്ചു.. "എന്താ നീ ഒന്നും മിണ്ടാത്തത്..നിനക്ക് ഇഷ്ടമാണോ.. ആണെങ്കിൽ ആണെന്ന് പറാ.. എന്നോട് അല്ല.. അവനോട്.. അവനൊന്നു സന്തോഷിച്ചോട്ടേ.. അല്ലെങ്കിൽ അല്ലെന്ന് പറാ.. അതും എന്നോട് അല്ല.. അവനോട് തന്നെ.. ഇഷ്ടമല്ലന്ന് പറഞ്ഞു അവന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോ.. ഒരു തരത്തിലുള്ള അടുപ്പവും കാണിച്ചു അവന്റെ കൺ വെട്ടത്തു തന്നെ ചുറ്റി പറ്റി നിക്കരുത് നീ.. എത്രയും പെട്ടെന്ന് ബന്ധം ഒഴിഞ്ഞു പോകണം..ഇല്ലെങ്കിൽ ഒടുക്കം അവന്റെ വേദന വലുത് ആയിരിക്കും..അത് കാണാൻ എനിക്ക് വയ്യാ..എനിക്ക് എന്നല്ല.. അവനെ സ്നേഹിക്കുന്ന ഒരാൾക്കും വയ്യാ..എത്ര വേദനിച്ചാലും അവൻ കരയില്ല..

ആ വേദന പുറത്ത് കാണിക്കില്ല..സ്വയം എല്ലാം സഹിച്ചു തീർക്കുകയേയുള്ളൂ.. എന്നു തുടങ്ങിയത് ആണെന്നോ അവൻ ഇങ്ങനെ വേദനിക്കാൻ.. ഈ ജീവിതത്തിൽ ഇന്ന് വരെയ്ക്കും അവനൊരു പെണ്ണിന്റെ സ്നേഹം അനുഭവിച്ചിട്ടില്ല.. അതിനുള്ള ഭാഗ്യം അവന് ഉണ്ടായിട്ടില്ല.. ജന്മം നൽകിയ ഉമ്മാന്റെ സ്നേഹം പോലും അവന് അന്യമായി.. ജീവിച്ചിരിപ്പുണ്ട്.പക്ഷെ അവനെ വേണ്ട ആ ഉമ്മാക്ക്..കൂട പിറപ്പായി സഹോദരികൾ ആരുമില്ല..അവനു എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലാ അവന്റെ ഉമ്മ തനിക്ക് ഇങ്ങനൊരു മകൻ ഇല്ലെന്നും പറഞ്ഞു അവനെ തള്ളി പറഞ്ഞിട്ട് പോയത്.അന്ന് മുതൽ അവനു പെണ്ണുങ്ങളെ കണ്ടൂടാ.. അടുക്കാറില്ല..സ്നേഹിക്കാറില്ല..എന്തിന്..ഗേൾസിനോടു ഫ്രണ്ട്‌ഷിപ്‌ പോലും കൂടാറില്ല..നുസ്ര അവന്റെ അയൽവാസി അല്ലേ.അവളോട്‌ ചോദിച്ചു നോക്ക് നീ..അവളോട്‌ വരെ അവൻ സംസാരിച്ചിട്ട് ഉണ്ടാകില്ല..നീ ഈ കോളേജിൽ വന്നു അവൾ നിന്റെ ഫ്രണ്ട് ആകുന്നത് വരെയും അവളെ അറിയുക പോലും ഇല്ല അവന്.. അങ്ങനെ സ്ത്രീവിരോധമുള്ള അവന്റെ മനസ്സിലാ നീ സ്ഥാനം നേടി എടുത്തത്..

അതും ഒരൊറ്റ കൂടി കാഴ്ചയിൽ..അതെനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ആദ്യം തന്നെ പരസ്പരം ഒരു വഴക്ക്..അതിലൂടെ തന്നെ നീ അവന്റെ മനസ്സിൽ പതിഞ്ഞിരുന്നു.. പിന്നെ നിന്റെയാ ധൈര്യവും വാശിയുമൊക്കെ കാണാൻ വേണ്ടി ദിവസവും അവനായി തന്നെ ഓരോ കാരണങ്ങൾ ഉണ്ടാക്കി ഉടക്കിന് വന്നു..അന്നൊക്കെ ഒരു വാശി പുറത്തായിരുന്നു അവന്റെ പ്രണയം..പക്ഷെ ഇന്നത് അങ്ങനെയല്ല..അതൊക്കെ ഞാൻ പറഞ്ഞു തരാതെ തന്നെ നിനക്ക് അറിയാമല്ലോ.എന്നിട്ടും നീ അവനെ അറിഞ്ഞില്ലന്ന് നടിക്കുന്നു.വേണ്ടാ. അറിയണ്ട.പക്ഷെ വേദന മാത്രം നൽകുന്നു.അതെന്തിന്...അന്ന് നിങ്ങടെ വിവാഹത്തിനു അവന്റെ ഉപ്പ മുൻകൈ എടുത്തത് ഇനിയെങ്കിലും അവന് ഒരു മാറ്റം ഉണ്ടാകുമല്ലോന്ന് കരുതിയാ..ഉണ്ടായി.. അവനൊരുപാട് മാറിപ്പോയി..ആ പഴയ താജ്ൽ നിന്നും തികച്ചും മാറ്റം സംഭവിച്ചിരിക്കുന്നു അവന് ഇന്ന്..ഡിഗ്രിക്ക് പഠിക്കുമ്പോഴേ തുടങ്ങിയ സ്‌മോക്കിങ്ങാ അവൻ.ഇന്ന് വരെയ്ക്കും അത് വേണ്ടാന്നു പറഞ്ഞു അവനെ എതിർക്കാനും അത് നല്ലത് അല്ലടാന്നും പറഞ്ഞു

അവനെ ഉപദേശിക്കാനും മാത്രമേ എനിക്ക് കഴിഞ്ഞിട്ട് ഉള്ളു..അവനെ കൊണ്ട് വലി നിർത്തിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല .പക്ഷെ ഇന്ന് അവൻ സിഗരറ്റ് കൈ കൊണ്ട് പോലും തൊടുന്നില്ല.നിനക്ക് വേണ്ടി അല്ലേ ആ മാറ്റം പോലും..അതേ..മാറി അവൻ..എന്നിട്ടും മാറ്റം സംഭവിക്കാത്തതു നിനക്ക് മാത്രം.. അവന്റെ കാര്യം വേണ്ടാ..അവന്റെ ഉപ്പാന്റെ കാര്യം ഒന്ന് നോക്കിയേ.. അവൻ എന്നാൽ ജീവനാണ്.. ജീവിക്കുന്നത് പോലും അവന് വേണ്ടിയാ..അവനെ ഓർത്ത് എന്നും ടെൻഷനാ..ഇന്നും ആണ്..മുൻപ് ഒക്കെ അതിനുള്ള കാരണങ്ങൾ അവൻ തന്നെയായിരുന്നു.പക്ഷെ ഇന്ന് നീയാ...ഇന്ന് അവന്റെ ഉപ്പ അവനെ കുറിച്ച് ഓർത്ത് സങ്കട പെടുന്നുണ്ടെങ്കിൽ അതിന് കാരണം നീയാ ലൈലാ.. അവന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് വന്നാൽ ഇന്നേ വരെ അവന് അന്യമായ അവന്റെ ഉമ്മാന്റെ സ്നേഹം അവളിലൂടെ അവന് കിട്ടുമെന്ന് ഉപ്പ വിശ്വസിച്ചു.. സാധാരണ അങ്ങനെയാണല്ലോ... ഭാര്യയായി വരുന്നവൾ പുരുഷന് അവന്റെ വികാരങ്ങൾ അടക്കുന്ന ഒരു പെണ്ണ് മാത്രമല്ല.

ഒരേസമയം സ്നേഹവും വാത്സല്യം കൊണ്ട് അമ്മയും കുറുമ്പ് കൊണ്ട് സഹോദരിയും എല്ലാം പങ്കു വെക്കുന്നതിലൂടെ ഒരു സുഹൃത്തും കടമകൾ നിർവഹിക്കുന്നതിലൂടെ ഒരു ഭാര്യയും ആകുന്നു എന്നാണല്ലോ..അതാ ഇവിടെയും ആഗ്രഹിച്ചത്.അവന്റെ ഉപ്പ ഈ വിവാഹത്തിൽ വിശ്വസിച്ചതും നിന്നിൽ നിന്നും പ്രതീക്ഷിച്ചതും അതാ..പക്ഷെ നിനക്ക് ഒന്നിനും വയ്യാ.നിനക്ക് വലുത് നിന്റെ പ്രണയവും ആ പ്രണയത്തിന്റെ ഓർമ്മകളും മാത്രമാ..മരണപ്പെട്ടു പോയവനെ കുറിച്ച് നീ ഓർക്കുന്നു.. അയാൾക്ക്‌ വേണ്ടി ജീവിതം ത്യജിക്കുന്നു..അതിന്റെ ഇടയിൽ നിനക്ക് ചുറ്റും ജീവിച്ചിരിക്കുന്നവരെ കുറിച്ച് നീ ഓർക്കുന്നില്ല.അവരുടെയൊന്നും മനസ്സോ ആഗ്രഹമോ അങ്ങനെ ഒന്നും തന്നെ നീ കാണുന്നില്ല..താജ് നിന്നെ നിന്റെ ഇഷ്ടങ്ങളിൽ ജീവിക്കാനാണ് അനുവദിക്കുന്നത്. നീ എന്റെ പ്രണയം സ്വീകരിക്കണമെന്നു പറഞ്ഞു അവൻ നിന്നെ നിർബന്ധിക്കുന്നില്ല..അവൻ നിന്റെ സന്തോഷത്തിനു വേണ്ടി അവന്റെ ആഗ്രഹങ്ങൾ ഉപേക്ഷിച്ചു കൊള്ളും.അതിന് തയാറാ അവൻ. അങ്ങനെയുള്ളപ്പോൾ എനിക്ക് നിന്നോട് ഇതിനെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല.. നിങ്ങളുടെ ഇടയിൽ ഇടപെടാൻ അവകാശവുമില്ല.. പക്ഷെ പണ്ട് തൊട്ടേ എന്റെ തോളോട് ചേർന്നു നിൽക്കുന്ന എന്റെ താജ്ൻറെ മനസ്സ് അറിയാവുന്നത് കൊണ്ടാ ഞാൻ.. എന്തും നിനക്ക് തീരുമാനിക്കാം. പക്ഷെ താജ്നെ വേദനിപ്പിക്കരുത്.

അത് മാത്രമേ എനിക്ക് നിന്നോട് പറയാൻ ഉള്ളു..ഒരുപാട് നാളായി ഞാൻ അവനെ മനസ്സ് അറിഞ്ഞു ഒന്ന് ചിരിച്ചു കണ്ടിട്ട്..എനിക്ക് അവന്റെ സന്തോഷം കാണണം.അതിന് ഒന്നുകിൽ നീ അവനെ എല്ലാ അർത്ഥത്തിലും അംഗീകരിക്കണം. അല്ലെങ്കിൽ എത്രയും പെട്ടെന്ന് അവന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകണം.ഇതിൽ ഏതെങ്കിലും ഒന്ന് നീ ചെയ്തെ പറ്റു ലൈല.. " എബിയുടെ ശബ്ദം ഉറച്ചതായിരുന്നു.. അവളെ നോക്കുക കൂടി ചെയ്തില്ല. വേഗം അവിടെന്ന് പൊക്കളഞ്ഞു.. അവൾ എല്ലാം തകർന്നവളെ പോലെ നിന്നു.. ** "എന്തായി...സംസാരിച്ചോ...എന്ത് പറഞ്ഞു അവൾ..? " എബി നേരെ പോയത് നുസ്രയുടെ അടുത്തേക്ക് ആണ്.എബിയെ കണ്ടതും അവൾ ആകാംഷയോടെ ചോദിച്ചു.. "അതൊക്കെ ലൈല പറയും.. അവളിപ്പോ തന്നെ കണ്ണും നിറച്ചോണ്ട് നിന്റെ അടുത്തേക്ക് വരും. നീ കാര്യം ചോദിക്കേണ്ട താമസം അവളു മുഴുവനും പറഞ്ഞു തന്നോളും..ഞാൻ എന്തൊക്കെയോ പറഞ്ഞു അവളോട്‌.ആദ്യമായിട്ടാ ഇങ്ങനൊക്കെ..ഏതായാലും അവൾക്ക് നല്ലത് പോലെ ഹേർട് ആയിട്ടുണ്ട്..സാരമില്ല..ഒരു നല്ല കാര്യത്തിന് വേണ്ടിയല്ലേ..അവളുടെ കണ്ണ് നിറഞ്ഞത് കാണുമ്പോൾ തന്നെ പോട്ടേടീ സാരല്യന്നും പറഞ്ഞു ആശ്വസിപ്പിക്കാൻ നിന്നാൽ നിന്നെ ഞാൻ ചവിട്ടും.

നീ ഒട്ടും കുറക്കണ്ട. ഞാൻ കൊടുത്തതിന്റെ ബാക്കി കൊടുത്തോ..നല്ല കട്ടിക്ക് തന്നെ പറഞ്ഞോ..അതൂടെ അവൾക്ക് കൊള്ളണം..അവളു കാരണം താജ് ഒരുപാട് വേദനിക്കുന്നുണ്ടെന്നു തോന്നട്ടെ..അന്നേരമേ അവളുടെ മനസ്സിൽ ഉള്ള ഇഷ്ടം പുറത്തേക്ക് വരൂ..പിന്നെ ആ ഇഷ്ടം ഒന്ന് കൊണ്ടും ഇല്ലാതെ ആവാനും പാടില്ല..അതുകൊണ്ട് എത്രയും പെട്ടെന്ന് അവൾ താജ്നോട് ഇഷ്ടം തുറന്നു പറയുന്നിടത്തേക്ക് എത്തിക്കണം കാര്യങ്ങൾ.. പറഞ്ഞതൊക്കെ ഓർമ്മ ഉണ്ടല്ലോ. അവൾ ഇത്തിരി കരഞ്ഞാലും കുഴപ്പമില്ല..നമ്മുടെ താജ്ന് വേണ്ടി അല്ലേടി..ഞാൻ പോകുവാ..അവൾ എന്നെ കാണണ്ട..പിന്നെ അതുമതി അവൾക്ക് ഞാനും നീയും പ്ലാനിങ്ങ് ആണെന്ന് അറിഞ്ഞിട്ട് എന്റെ തല തച്ചു പൊട്ടിക്കാൻ.. പിന്നെ നുസ്ര.. ഇക്കാര്യം എങ്ങാനും അവൾ താജ്നോട് പറയുമോ.. പറഞ്ഞാൽ അവിടെ തീർന്നു എന്റെ കാര്യം.. " "അത് ഞാൻ നോക്കിക്കോളാം..നീ പൊക്കോ.." "എന്ത്..താജ് എന്റെ ശവം അടക്കുന്നത് നോക്കിക്കോളാമെന്നോ.." "അല്ലടാ പൊട്ടാ..അവൾ അവനോട് പറയാതെ ഞാൻ നോക്കിക്കോളാമെന്ന്..നീ പോകാൻ നോക്ക്..അവൾ എങ്ങാനും വന്നു കേട്ടാൽ എല്ലാം ചളമാകും.." നുസ്ര അവനെ നോക്കി കണ്ണുരുട്ടി..

എബി അപ്പൊത്തന്നെ ഒന്ന് പല്ല് ഇളിച്ചു കാണിച്ചിട്ട് വേഗം സ്ഥലം വിട്ടു..നുസ്ര ക്ലാസ്സിലേക്ക് പോകാൻ ഒരുങ്ങിയതും ലൈല വരുന്നത് കണ്ടു.ഒന്നും അറിയാത്തത് പോലെ അവളെ നോക്കി നിന്നു.. "എന്താടി..എന്തുപറ്റി.. " അവൾ അരികിൽ എത്തിയതും നുസ്ര ചോദിച്ചു.എബി പറഞ്ഞത് പോലെ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുകയായിരുന്നു. "ഞാൻ..ഞാൻ അമനെ ചതിക്കുകയാണോ..?" അവളുടെ ചോദ്യത്തിൽ മാത്രമല്ല, മുഖത്തും വേദന ഉണ്ടായിരുന്നു. "എന്നാരു പറഞ്ഞു നിന്നോട്.. " നുസ്ര ചോദിച്ചു..അവൾക്ക് ഒന്നും മനസ്സിൽ വെക്കാൻ കഴിഞ്ഞില്ല. എബി ചോദിച്ചുതും പറഞ്ഞതുമൊക്കെ സങ്കടത്തോടെ പറഞ്ഞു. "അവൻ പറഞ്ഞതിൽ തെറ്റൊന്നുമില്ല..എല്ലാം സത്യം തന്നെയല്ലേ..ഒരു കണക്കിന് നീ താജ്നെ ചതിക്കുകയല്ലേ..." നുസ്രയും അവൾക്ക് മുന്നിൽ ഗൗരവം നടിച്ചു.. "നുസ്രാ..ഞാൻ..നീയും ഇതുതന്നെ പറയുകയാണോ..ചതിക്കാൻ എനിക്ക് കഴിയില്ല..അങ്ങനെ ഞാൻ ചിന്തിച്ചിട്ടു കൂടിയില്ല.." പറയുന്നതിനൊപ്പം അവൾ കരഞ്ഞു പോയി.. "പിന്നെന്താ ഞാൻ പറയേണ്ടത്.. നീ ഇപ്പോ അവനോട് കാണിക്കുന്ന ഈ അടുപ്പത്തിന്റെ അർത്ഥം എന്താ.. ഒരിക്കലും അവനെ വിട്ടു പോകാതെ ഇരിക്കാൻ വേണ്ടിയുള്ളതാണോ..അല്ലല്ലോ..? അവനെ വിട്ടു പിരിയുന്നതിന് മുന്നേയുള്ള ഒരു അടുപ്പം കാണിക്കൽ..അതല്ലേ സത്യം..അതിനെ ചതി എന്നല്ലാതെ പിന്നെന്താ പറയുക..നീ അവനെ കൊതിപ്പിക്കുകയല്ലേ ലൈലാ...

ഇഷ്ടമല്ലല്ലോ നിനക്ക് അവനെ.. അകന്നു പോ..അങ്ങനെയെങ്കിലും അവന് ഇത്തിരി സമാധാനം ഉണ്ടായിക്കോട്ടെ..നീ അടുത്ത് ഉള്ളപ്പോൾ ഒക്കെ അവന് വേദനയാ..നിന്റെ സ്നേഹം കിട്ടാത്തതിന്റെ വേദന.. അതുകൊണ്ട് നീ അവനിൽ നിന്നും അകലുന്നതാ നല്ലത്..വെറുതെ എന്തിനാ അവനിൽ ഒരിക്കലും കിട്ടാത്ത ഒന്നിനു വേണ്ടി പ്രതീക്ഷകൾ നിറയ്ക്കുന്നത്..അത് വേണ്ടന്നെ എനിക്ക് പറയാൻ ഉള്ളു നിന്നോട്.." നുസ്ര ഒന്നൂടെ ഗൗരവം നടിച്ചു വാക്കുകൾക്ക് കട്ടി കൂട്ടിയതും അവൾക്ക് നെഞ്ചിൽ ഒരു കൊളുത്തി വലി അനുഭവപ്പെട്ടു.. ഒന്നും മിണ്ടിയില്ല..ഒന്നും മിണ്ടാൻ പറ്റുന്നില്ല എന്നതായിരുന്നു സത്യം.. തൊണ്ടയിൽ എന്തോ കുരുങ്ങി കിടക്കുന്നത് പോലെ തോന്നി അവൾക്ക്.നുസ്രയുടെ മുഖത്തേക്കേ നോക്കിയില്ല.തളർന്നു പോകുന്ന കാലുകൾ വെച്ചു ക്ലാസ്സിലേക്ക് പോകാൻ തുനിഞ്ഞു.. "എന്താ നിന്റെ മനസ്സിൽ..അത് പറഞ്ഞിട്ട് പോ.." നുസ്ര അവളുടെ കയ്യിൽ പിടിച്ചു.. അവൾ അപ്പൊത്തന്നെ ഒരു വിതുമ്പലോടെ നുസ്രയുടെ മാറിലേക്ക് ചാഞ്ഞു.. "ഞാൻ..എന്നോട് ഇങ്ങനൊന്നും പറയല്ലേ..ഞാൻ അവനെ ചതിക്കില്ല..സ്വപ്നത്തിൽ കൂടി അങ്ങനെ കരുതിയിട്ടില്ല..ഇഷ്ടമാ.. പക്ഷെ പേടിയാ..അവൻ ആഗ്രഹിക്കുന്ന പോലൊരു ഭാര്യ ആകാനോ അവൻ കൊതിക്കുന്ന പോലൊരു ജീവിതമോ അവൻ നൽകുന്ന അത്രേം സ്നേഹം കൊടുക്കാനോ അങ്ങനെ ഒന്നിനും കഴിയില്ലേന്നുള്ള പേടി.. ഞാൻ അടുക്കുന്നുണ്ട് അവനോട്..

അത് ഇഷ്ടം കൊണ്ട് തന്നെയാ.. ഞാൻ പോലും അറിയാതെ ഞാൻ അവന്റെ പ്രണയത്തിൽ വീണു പോകുന്നു ടാ..അവൻ തൊടുമ്പോഴും തലോടുമ്പോഴുമൊന്നും എതിർക്കാൻ എനിക്ക് ആവുന്നില്ല.. അത് ഇന്ന് എന്റെ മനസ്സിൽ അവൻ ഉള്ളത് കൊണ്ടാ..അതേ..അവന്റെ സ്നേഹവും സംരക്ഷണവുമൊക്കെ എന്നെ ഞാൻ അല്ലാതെയാക്കി മാറ്റി..ആ സ്നേഹം എനിക്ക് വേണം..പക്ഷെ എല്ലാ നേരത്തും പറ്റുന്നില്ല..ചില നേരത്ത് ആ സാമീപ്യവും സ്പർശനവും ഉൾകൊള്ളാൻ ആവുന്നില്ല..എനിക്ക് സന്തോഷിക്കാൻ കഴിയാറില്ല..ഞാൻ വേദനിക്കുകയാ ചെയ്യാറ്.. അവനോട് ഒപ്പം ഞാനൊരു ജീവിതം തുടങ്ങിയെന്ന് വെക്കുക..അപ്പോഴും ഇങ്ങനെയാണെങ്കിലോ..അത് അല്ലേടി വല്യ ചതി..അവന്റെ ഭാര്യയായി അവനോട് ഒപ്പം ജീവിക്കുന്നു.അവൻ തരുന്ന സന്തോഷം അവന് തിരിച്ചു കൊടുക്കാൻ പറ്റുന്നില്ല.മനസ്സിൽ മറ്റൊരാളുടെ മുഖം നിറഞ്ഞു നിൽക്കുന്നു..ഇപ്പോ ഞാൻ ചെയ്യുന്നത് ചതി ആണെങ്കിൽ അതെത്ര വല്യ ചതി ആയിരിക്കും. അന്നേരമല്ലെ അവന് വേദന കൂടുക.. ഒരുപക്ഷെ അവന്റെ സ്നേഹത്തിന് മുന്നിൽ എന്നെ തന്നെ മറന്ന് പോയി ഞാൻ ഈ ശരീരം അവന് കൊടുത്തേക്കും.പക്ഷെ അത് കൊണ്ട് ആയോ..മനസ്സിൽ അവൻ ഉണ്ട്.പക്ഷെ ഇടയ്ക്ക് ഇടെ വരുന്ന റമിയുടെ ഓർമ്മകൾ.

.അത് കാരണം വേദനിക്കുന്നത് ഞാൻ മാത്രം ആവില്ല..അവനും കൂടി ആയിരിക്കും.വയ്യ..അവനെ അത്രമാത്രം വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല..ഞാൻ പൊക്കോളാം അവന്റെ ജീവിതത്തിൽ നിന്നും.അതും എത്രയും പെട്ടെന്ന് തന്നെ.. അതാകുമ്പോൾ ജീവിതകാലം മുഴുവനും അവൻ വേദനിക്കണ്ടി വരില്ല..കുറച്ച് ദിവസം..കുറച്ച് ദിവസം മാത്രം കാണും വേദന.. അതുമതി..അത്രമതി..അതിനേക്കാൾ വേദന ഞാൻ കാരണം അവനു വേണ്ടാ.." "എടി പോത്തേ..നീയിത് എന്തൊക്കെ മണ്ടത്തരങ്ങളാ പറയുന്നത്..നീ ചിന്തിക്കുന്ന പോലൊന്നും ഉണ്ടാകില്ല..ഇനിയൊരു പ്രണയവും വിവാഹവുമൊന്നും ഇല്ലെന്ന് പറഞ്ഞു നടന്നിരുന്നവളാ..എന്നിട്ടും നിന്റെ മനസ്സിൽ അമൻ കയറിപ്പറ്റി..അല്ല..നീ കയറ്റി..നിനക്ക് അവനെ ഇഷ്ടം ആണെന്നും അവന്റെ സ്നേഹം വേണമെന്നും നീ തന്നെ പറഞ്ഞു. അങ്ങനെയുള്ളപ്പോൾ ഇപ്പോ ഈ പറഞ്ഞതൊക്കെ അവനോട് ഒപ്പം ഒരു ജീവിതം തുടങ്ങുന്നതിനുള്ള തടസ്സങ്ങൾ ആണോ നിനക്ക്.. ആണെന്ന് ഞാൻ പറയില്ല..കാരണം നിന്റെ മനസ്സിൽ താജ് ഉണ്ട്..അതുതന്നെ കാരണം.. എടീ..അവൻ ഇത്രയൊക്കെ കാത്തു നിന്നില്ലേ..ഇനിയും അവൻ കാത്ത് നിൽക്കും. എത്രനാൾ വേണമെങ്കിലും കാത്ത് നിൽക്കും. എന്ന് നിന്റെ മനസ്സിൽ നിന്നും റമി പൂർണമായും ഒഴിഞ്ഞു പോയി

തികച്ചും സന്തോഷത്തോടെ താജ്നെ സ്വീകരിക്കാൻ കഴിയുന്നോ അന്ന് മതിയെടീ.. അന്ന് തുടങ്ങിയാൽ മതിയെടി ഒരു ജീവിതം.. അവൻ കാത്തിരിക്കും..ദിവസങ്ങളല്ല.. മാസങ്ങൾ അല്ല.. വർഷങ്ങൾ തന്നെ അവൻ നിനക്ക് വേണ്ടി കാത്തിരിക്കും.അതെനിക്ക് ഉറപ്പാ.. ഒന്ന് ശെരിക്കും ചിന്തിച്ചു നോക്കടി നീ..നീ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് നിന്റെ ജീവിതത്തിലേക്ക് കടന്നു വന്നവനാ അവൻ.. എനിക്ക് തോന്നുന്നു നിന്റെ ഈ വേദന നിറഞ്ഞ ജീവിതം കണ്ടു റബ്ബ് അവനെ നിന്റെ അടുത്തേക്ക് പറഞ്ഞയച്ചതാണെന്ന്..അവൻ നിന്റെ ഭാഗ്യമാണെന്ന ഈ കോളേജിലെ ഓരോ കുട്ടികളും പറയുന്നത്.. വിട്ടു കളയല്ലേ ടീ.. അവനെ വിട്ടു പോകല്ലേ ലൈല നീ.. അവനെ വിഷമിപ്പിക്കല്ലേ.. അവൻ നിന്നെ എന്തോരം സ്നേഹിക്കുന്നുണ്ട്..അവന്റെ പ്രണയം എത്രമാത്രം ആഴം ഉള്ളതാ.. എത്രയോ വട്ടം അവൻ അത് തെളിയിച്ചു തന്നിരിക്കുന്നു.. നിന്നെ സ്നേഹിക്കാൻ മാത്രമല്ല.. സംരക്ഷിക്കാനും അവന് മാത്രമേ കഴിയൂ..അതും അവൻ എത്രവട്ടം തെളിയിച്ചു തന്നു. കാണുന്നില്ലേ നീ നിന്നെ തൊട്ടാവൻറെയൊക്കെ അവസ്ഥ എന്താണെന്ന്.. ഒരുത്തൻ ജയിലിൽ. ഒരുത്തനു ആണേൽ കിടന്ന കിടത്തത്തിൽ നിന്നും ഇതുവരെ നിവരാൻ കഴിഞ്ഞിട്ടില്ല..

പ്രണയിക്കുന്ന മനസ്സിന്റെ വേദന എന്തെന്ന് നിനക്ക് ഞാൻ പറഞ്ഞു തരണ്ട ആവശ്യം ഇല്ല.. നീയൊരു അനശ്വര പ്രണയത്തിലൂടെ സഞ്ചരിച്ചവളാ..അത് മാത്രമോ.. ഇന്ന് എന്റെ മുഖത്ത് ഈയൊരു ചിരി ഉണ്ടെങ്കിൽ അതിന് കാരണം നീയാ..മുന്നയോടുള്ള എന്റെ പ്രണയത്തെക്കുറിച്ച് വൈകിയ ഞാൻ നിന്നോട് പറഞ്ഞത്.പക്ഷെ എത്ര പെട്ടെന്നാ നീ എന്നെ മനസിലാക്കി എന്റെ പ്രണയം വിജയകരമാക്കി തന്നത്..മുന്ന എന്റെ പ്രണയം സ്വീകരിച്ചിട്ട് ഉണ്ടെങ്കിൽ അതിന് പിന്നിൽ നീയും താജുമാടി..ആ നിങ്ങളു ഇപ്പോ ഇങ്ങനെ..അല്ല..താജ് അല്ല.. നീയാ ഇങ്ങനെ..എല്ലാരുടേം വേദന നീ കാണുന്നു.അവന്റെത് മാത്രം കാണുന്നില്ല.. എന്താടി നീയിങ്ങനെ.. നീ കരുതുന്ന പോലൊന്നും അല്ല. അവൻ ആഗ്രഹിക്കുന്നത് പോലെത്തന്നെ അവനെ സ്നേഹിക്കാൻ നിനക്ക് കഴിയും. അത് എനിക്ക് ഉറപ്പാ..നീ അകന്ന് പോയാലാ അവനു വേദന..അത് മനസ്സിലാക്ക് നീ.. നീ നിന്റെ മനസ്സ് അവന് മുന്നിൽ തുറക്കണം. എത്രയും പെട്ടെന്ന് തന്നെ. നിന്റെ ബർത്ത് ഡേ അല്ലേ വരുന്നത്. ഏതായാലും നിനക്ക് അവൻ ബർത്ത് ഡേ ഗിഫ്റ്റ് തരും. വെറും ഗിഫ്റ്റ് ഒന്നും ആവില്ല.താജ് ആണ് ആൾ. നിന്നെ ഞെട്ടിക്കുന്ന പോലുള്ള എന്തേലും ഗിഫ്റ്റ് ആയിരിക്കും തരുക. അതിൽ ഒരു സംശയവുമില്ല.

അതുകൊണ്ട് നീയും ഞെട്ടിക്കണം അവനെ. അവൻ ഒരിക്കലും വിചാരിക്കാത്ത ഒരു സർപ്രൈസ് അവനു കൊടുത്തു നീ അവനെ ഞെട്ടിക്കണം.അതും എത്രയും പെട്ടെന്ന് തന്നെ. നിന്റെ ബർത്ത് ഡേയുടെ അന്ന് തന്നെ ആയാൽ അത്രയും നല്ലത്.അവൻ തരുന്ന ഗിഫ്റ്റ്ന് മറുപടിയായി താങ്ക്സ് ഒന്നും പറയണ്ട. ഐ ലവ് യൂ ന്ന് പറഞ്ഞാൽ മതി. ഒപ്പം ഒരു പ്രൊപോസലും. പറയുന്നത് മനസ്സിലാകുന്നുണ്ടോ നിനക്ക്.. ഒന്ന് സന്തോഷിപ്പിക്കടീ നീ ഞങ്ങളെ എല്ലാരേയും.. " ഇനിയും ഗൗരവം നടിച്ചു അവളെ സങ്കടപെടുത്താൻ നുസ്രയ്ക്ക് കഴിയുമായിരുന്നില്ല.തന്റെ മാറിലേക്ക് വീണ അവളെ അടർത്തി എടുത്തു ഓരോ കാര്യങ്ങളും പറഞ്ഞു കൊടുത്തു നുസ്ര.. "തീരുമാനിക്ക് നീ..നിന്റെ ജീവിതം മാത്രമല്ല.. താജ്ൻറെ ജീവിതം കൂടെ നിന്റെ കയ്യിലാ.. നീ എടുക്കുന്ന തീരുമാനത്തിലാ..പിന്നെ ഇതൊന്നും താജ് അറിയണ്ട.. വെറുതെ എബിക്കും താജ്നും ഇടയിൽ പിണക്കം ഉണ്ടാവണ്ടാ.. "

അവൾ എല്ലാരുടെയും ആഗ്രഹം മനസ്സിലാക്കി നല്ലൊരു തീരുമാനം തന്നെ എടുക്കുമെന്നു വിശ്വസിച്ചു കൊണ്ട് നുസ്ര ക്ലാസ്സിലേക്ക് നടന്നു. അവൾ നിന്നു ഉരുകുകയായിരുന്നു.. എങ്കിലും ഒരു തീരുമാനമെടുക്കാൻ അവൾ തയാറായി.. ലക്ഷ്യങ്ങൾ രണ്ടാണ്. അതിൽ ഒന്ന് ഉടനെ പൂർത്തിയാകും...21 വയസ്സ് തികയാൻ ഇനി രണ്ടു ദിവസം മാത്രം.. മറ്റൊന്ന് പൂർത്തിയാക്കാൻ അമൻറെ സഹായം തേടിയിട്ടുണ്ട്.. താൻ അന്വേഷിക്കുന്നയാളെ കണ്ടുപിടിച്ചു തരാമെന്ന് അവൻ വാക്ക് തന്നതാണ്. അവനെ വിശ്വാസമാണ്. വാക്ക് തെറ്റിക്കില്ല. അതുകൊണ്ട് ഉടനെ ആ ലക്ഷ്യവും പൂർത്തിയാകും..എന്നിട്ട് വേണം അമന് ഒരു ഗിഫ്റ്റ് കൊടുക്കാൻ.. അതും നുസ്ര പറഞ്ഞത് പോലെ അവനെ ഞെട്ടിക്കുന്ന പോലൊരു ഗിഫ്റ്റ്.. *** "ലൈലാ..എണീക്ക്..നിന്റെ വീട്ടിന്ന് കാൾ ഉണ്ടായിരുന്നു.സനു ഹോസ്പിറ്റലിലാ...വേഗം ഹോസ്പിറ്റലിൽ എത്തണം..ഒന്ന് എണീക്കടീ.. " ഉറങ്ങി കിടക്കുന്ന അവളുടെ കാതുകളിലേക്ക് താജ്ൻറെ ആധിയേറിയ ശബ്ദം കടന്നു കയറി.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story