ഏഴാം ബഹർ: ഭാഗം 65

ezhambahar

രചന: SHAMSEENA FIROZ

"എന്താ..എന്താ സനൂന്..എന്താ ഉണ്ടായേ..ആരാ വിളിച്ചേ.. " അവളുടെ ഉറക്കമൊക്കെ ഏഴു കടലും കടന്നു പോയി.പിടഞ്ഞു കെട്ടി എണീറ്റു ഓരോന്നു ചോദിച്ചു കരയാൻ തുടങ്ങി.. "സനൂനോ..സനുവിന് എന്തുപറ്റി.. " അവൻ ഒന്നും അറിയാത്ത പോലെ നിന്നു.. "അപ്പൊ..അപ്പൊ നീയല്ലേ പറഞ്ഞെ ഇപ്പോൾ സനു ഹോസ്പിറ്റലിൽ ആണെന്ന്..ഒന്ന് പറ..എന്താ അവന്.." അവളുടെ കരച്ചിൽ കൂടി.. "ഗോഡ്..പറയുമ്പോൾ ഞാൻ ഇതോർത്തില്ല..കേട്ട പാതി കേൾക്കാത്ത പാതി നീ ഈ കണ്ണീർ ഡാം ഓപ്പൺ ചെയ്യുമെന്ന്..ഒന്ന് നിർത്തടീ..അവന് ഒന്നും പറ്റിയിട്ടില്ല..അവിടെ നിന്റെ വീട്ടിൽ കിടന്ന് കൂർക്കം വലിക്കുന്നുണ്ടാകും..അഥവാ പറ്റിയാൽ തന്നെ നിന്റെ വീട്ടിന്നു ആരാ ഇങ്ങോട്ട് വിളിക്കുന്നത്..അത് ചിന്തിക്കാനുള്ള ബുദ്ധി പോലും ഇല്ലേ നിനക്ക്..നിന്നെ എഴുന്നേൽപ്പിക്കാൻ ഞാനൊരു നുണ പറഞ്ഞതാ..നീ വെറുതെ നെഞ്ചത്തടിക്കണ്ട.. " "എഴുന്നേൽപ്പിക്കാനോ..എന്നെ എഴുന്നേൽപ്പിച്ചിട്ട് നിനക്ക് എന്താ ഉള്ളത് ഇപ്പൊ..ഞാൻ ഉറങ്ങുന്നത് പോലും നിനക്ക് സഹിക്കില്ലേ പിശാശ്ശെ...

എഴുന്നേൽപ്പിക്കാൻ നടക്കുന്നു അവൻ..അഥവാ വല്ല കാര്യവും ഉണ്ടേൽ ഇങ്ങനെയാണോ വിളിക്കേണ്ടത്..മനുഷ്യൻമാരുടെ നല്ല ജീവൻ അങ്ങ് പോയി..പോയി പോയി നിന്റെ കളി എന്റെ സനുവിനെ വെച്ചായോ..? " അവൾ ഭദ്രകാളിയെ പോലെ നിന്നു അവനെ നോക്കി ദഹിപ്പിച്ചു.. "ഒരു സ്ഥലം വരെ പോകാൻ ഉണ്ട്.. അത് പറഞ്ഞു വിളിച്ചാൽ നീ എഴുന്നേൽക്കുമായിരുന്നോ.. ഉറങ്ങാൻ കിടന്നാൽ നീ കുമ്പ കർണനെ തോല്പിക്കുന്നവളല്ലേ.. എത്ര വിളിച്ചാലും എഴുന്നേൽക്കില്ലന്ന് അറിയാം.. അതാ ഇങ്ങനൊന്നു പറഞ്ഞത്.. " "നിനക്ക് എന്താ വട്ടോ..ഇത് പട്ടാ പകൽ അല്ല..നട്ട പാതിരയാ.സമയം നോക്കിയേ..പന്ത്രണ്ട് ആവാറായി.. ഈ നേരത്ത് എവിടെ പോവാനാ.. സത്യം പറാ..നിന്റെ ഉള്ള ബോധം കൂടെ പോയോ.. " "അതൊക്കെ പിന്നെ പറഞ്ഞു തരാം.. ഇപ്പൊ നീ റെഡി ആവ്..സംസാരിച്ചു നിക്കാൻ സമയമില്ല.. " അവൻ ഷെൽഫ് തുറന്നു ഒരു കവർ എടുത്തു അവൾക്ക് നേരെ നീട്ടി.. "എന്തായിത്.. " അവളാ കവർലേക്ക് നോക്കി.ശേഷം ഒന്നും മനസ്സിലാവാതെ അവനെയും..

"നിനക്ക് ഉടുക്കാനുള്ള സാരി.. " "ഓ..അത് പറ..അപ്പൊ നീ പ്ലാനിങ് തന്നെയാണ്..എന്നിട്ട് ഈ നേരം വരെ എന്നോട് ഒന്നും പറഞ്ഞില്ല. ഇപ്പൊ ചോദിക്കുമ്പോഴും പറയുന്നില്ല.ആദ്യം നീ കാര്യം പറ.. എന്താണെന്നും എവിടേക്ക് ആണെന്നും അറിയാതെ നിന്റെ ഒന്നിച്ച് വരുന്നത് പോയിട്ട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്ന പ്രശ്നം കൂടിയില്ല.." "അതൊക്കെ പറയാന്ന് പറഞ്ഞല്ലോ.. ഇപ്പൊ നീ ഇത് പിടിക്ക്..വേഗം മാറ്റിയിട്ട് വാ.. " "ഇല്ലെന്ന് പറഞ്ഞല്ലോ..ആദ്യം കാര്യം അറിയണം എനിക്ക്..എന്നിട്ട് ബാക്കിയൊക്കെ.. " അവൾ രണ്ടു കയ്യും കെട്ടി നിന്നു.. "പിടിക്കടീ.. " ഒരു അലർച്ച ആയിരുന്നു അവൻ.. അവളുടെ കൈ താനേ നീണ്ടു. അവൻ നീട്ടി പിടിച്ചിരിക്കുന്ന കവർ അവൾ വാങ്ങിച്ചു. "ഇനി ഉടുത്തിട്ടു വരാൻ പ്രത്യേകിച്ച് പറയണോ.." അവൻ അവളെ ഒരു നോട്ടം നോക്കി.. "വേ..വേണ്ടാ.. " പിന്നെ അവൾ അവനോട് ഒന്നും ചോദിച്ചില്ലന്ന് മാത്രല്ല അവിടെ നിക്കുക കൂടി ചെയ്തില്ല.കവർ തുറന്നു സാരിയും എടുത്തോണ്ട് ഡ്രസിങ് റൂമിലേക്ക്‌ പോയി. അവൾക്ക് സാരി കൊടുക്കണ്ടന്നാ വിചാരിച്ചത്.എന്തായാലും അവള് ഇന്ന് കരയും.പിന്നെ എന്തിന് സാരി ഒഴിവാക്കണം.മാത്രമല്ല..

അവളെ സാരിയിൽ കാണാൻ കൊതിയുമുണ്ട്.അതെങ്കിലും നടക്കുമല്ലോ.അന്നൊരു വട്ടം കണ്ടതേയുള്ളൂ.അതും ആ പരട്ട പ്രിൻസി കാരണം ശെരിക്കും കാണാൻ പറ്റിയില്ല.കറക്റ്റ് സമയത്ത് വന്നു കാര്യങ്ങൾ ഇവിടേം വരെ കൊണ്ട് എത്തിച്ചു തന്നു. അവൻ പ്രിൻസിയെ നല്ലത് പോലെ മനസ്സിൽ സ്മരിച്ചു.എന്നിട്ട് അവളേം കാത്ത് അവിടെ തന്നെ നിന്നു. കൂടുതൽ നേരം ഒന്നും എടുത്തില്ല. അഞ്ചു മിനുട്ടിനുള്ളിൽ അവൾ സാരി ഉടുത്തു പുറത്തേക്ക് വന്നു. ഒരു മേക്കപ്പുമില്ല അവൾക്ക്.കണ്ണ് പോലും എഴുതിയിട്ടില്ല. ഉടുത്തിരിക്കുന്ന തൂവെള്ള സാരി ആണേൽ വളരെ സിമ്പിൾ.പേരിനു മാത്രം അങ്ങിങ്ങായി ഓരോ സ്റ്റോൺസ്..എന്നിട്ടും അവളൊരു ദേവതയെ പോലെ തിളങ്ങുന്നത് അവൻ അറിഞ്ഞു.ഒരുനിമിഷം കണ്ണുകൾ അവളിൽ തന്നെ തറഞ്ഞു പോയി. "എന്നാലും ഈ പാതിരാക്ക് ഇത് എവിടേക്ക് ആണെന്ന് എങ്കിലും ഒന്ന് പറയായിരുന്നു..അതും ഇങ്ങനെ സാരി ഒക്കെ ഉടുത്തിട്ട്.. " അവൾ അവന്റെ അടുത്തേക്ക് വന്നു. ശബ്ദം പതിഞ്ഞത് ആയിരുന്നു.അത് അവനെ പേടിച്ചിട്ടാ.അവൻ കാര്യം പറയാത്തത് കാരണം മുഖത്ത് വല്യ തെളിച്ചവും ഇല്ലായിരുന്നു. "ഏതായാലും കൊല്ലാൻ അല്ല.. നീ വാ.. " അവൻ അവളുടെ കയ്യിൽ പിടിച്ചു താഴേക്ക് നടന്നു..മെയിൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി..

മുന്നോട്ടു നടക്കാൻ അവൾ മടിച്ചു. മനസ്സിൽ എന്തോ ഭയം പോലെ തോന്നുന്നുണ്ടായിരുന്നു. "എന്താടി..എന്റൊപ്പം വരാൻ പേടി തോന്നുന്നുണ്ടോ... " "അതല്ല അമൻ..ഈ നേരത്ത്.. എങ്ങോട്ടാന്ന് അറിയാതെ.. " "അതാ ചോദിച്ചേ പേടിയാകുന്നുണ്ടോന്ന്.. " അവൾ ഒന്നും പറഞ്ഞില്ല..മിണ്ടാതെ നിന്നു. "അപ്പൊ വിശ്വാസം ഇല്ല.. അല്ലേ.. " അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.. "ഉണ്ട്.. " അവൾ ഒട്ടും ആലോചിച്ചില്ല.. വേഗം പറഞ്ഞു.. "എന്നാൽ വാ.. " അവൻ മുന്നോട്ടു നടന്നു.. "ഇതെന്താ ഇവിടെ.. " അവന്റെ നടത്തം നിന്നത് ഗാർഡനിൽ ആയിരുന്നു..അവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കി.. "വിശ്വാസം ഉണ്ടെന്ന് അല്ലേ പറഞ്ഞത്..അതുകൊണ്ട് ചോദ്യമൊന്നും വേണ്ടാ..വാ അടച്ചു വെച്ചു നിന്നോ..അല്ലെങ്കിൽ എന്റെ സ്വഭാവം മാറും.. " "ഉറങ്ങി കിടക്കുന്ന എന്നെ വിളിച്ചു ഈ തണുപ്പത്ത് കൊണ്ട് വന്നു നിർത്തിയതും പോരാ..ഇപ്പൊ വായയും തുറക്കാൻ പാടില്ലന്ന്.. ദിനവും എത്ര തേങ്ങ താഴേ വീഴുന്നു.. അതിൽ ഏതെങ്കിലും ഒരെണ്ണം ഇവന്റെ തലയിലേക്ക് വീണിരുന്നെങ്കിൽ..പോത്ത്.. " അവൾക്ക് ദേഷ്യം വന്നിരുന്നു. എന്തൊക്കെയോ പിറു പിറുത്ത് കൊണ്ട് മുഖം തിരിച്ചു നിന്നു. പക്ഷെ എന്താ ഏതാന്ന് അറിയാതെ ഒരു സമാധാനവും ഇല്ലായിരുന്നു.

നിന്നിടത്ത് നിന്നു തന്നെ കറങ്ങി നാല് ഭാഗത്തേക്കും നോക്കി.നിലാ വെളിച്ചം കുറവായിരുന്നു.. അതുകൊണ്ട് വിരിയുന്നതും വിരിഞ്ഞതുമായ വെളുത്ത പൂക്കൾ അല്ലാതെ വേറൊന്നും കാണാൻ കഴിഞ്ഞില്ല അവിടം.. "അമൻ... " ഇനിയും ഇങ്ങനെ നിന്നാൽ ശെരി ആകില്ല, അറിഞ്ഞിട്ട് തന്നെ കാര്യമെന്ന് വിചാരിച്ചോണ്ട് അവൾ അവനെ വിളിച്ചു.മറുപടി ഒന്നും ഉണ്ടായില്ല.അവൾ തിരിഞ്ഞു നോക്കി.അവനെ അവിടെങ്ങും കാണാൻ ഇല്ലായിരുന്നു.അവളുടെ വയറ്റിലൂടെ ഒരു വിറയൽ അങ്ങ് പാഞ്ഞു പോയി.. "അ..അമൻ.. " ഒരു ചെറിയ ഭയം ഉണ്ടായിരുന്നു. അതിപ്പോൾ അവളെ മുഴുവനായും പിടി കൂടി.തൊണ്ടയിൽ നിന്നും ശബ്ദമൊന്നും പുറത്തേക്ക് വരുന്നില്ല..കാറ്റ് മാത്രം വരുന്നു. അവൾ എങ്ങനെയൊക്കെയോ വിളിച്ചു ഒപ്പിച്ചു..പക്ഷെ

അവൾക്ക് മറുപടിയായി കാതടപ്പിക്കുന്ന ശബ്ദം ഉയർന്നു പൊങ്ങി.വാനിൽ വർണ്ണ പടക്കങ്ങൾ പൊട്ടി തെറിച്ചു.സെക്കന്റ് നേരങ്ങൾക്ക് ഉള്ളിൽ നാല് ഭാഗത്തും പ്രകാശം പരന്നു.വലിയ ബേസിൽ Bday മ്യൂസിക് സ്റ്റാർട്ട്‌ ചെയ്തു.. രണ്ടുദിവസം കഴിഞ്ഞാൽ ബർത്ത് ഡേ ആണെന്ന് മിനിയാന്ന് കൂടി ഓർത്തിരുന്നു.പക്ഷെ ഇന്നലെ അക്കാര്യം പാടെ മറന്നിരുന്നു..അത് കൊണ്ടാ ഇത്രേം നേരം ആയിട്ടും കാര്യം കത്താതെ നിന്നത്. ഇപ്പൊ ഈ നിമിഷം അവൾ ഓർത്ത് എടുത്തു ഇന്ന് തന്റെ പിറന്നാൾ ദിനമാണെന്ന്.ഏവരും ഒത്തൊരുമിച്ചു ആർത്തു പറഞ്ഞ HAPPY BDAY LAILA എന്നുള്ളത് അന്തരീക്ഷത്തിൽ തട്ടി വീണ്ടും വീണ്ടും പ്രതിധ്വനിച്ചു കാതുകളിൽ മുഴക്കം സൃഷ്ടിക്കുന്നത് അവൾ അറിഞ്ഞു.ഒരുനിമിഷം എല്ലാം കണ്ടു അവിശ്വസനീയതയോടെ നിന്നു. കരയണോ ചിരിക്കണോ എന്നൊന്നും അറിഞ്ഞില്ല..മുഖത്ത് പലതരം ഭാവങ്ങൾ മിന്നി മറഞ്ഞു.. "താജ്..ഇതല്ലേ താജ്നു കാണേണ്ടത്.. ലൈലൂൻറെ ഈ നിൽപ് കാണാൻ അല്ലേ ആഗ്രഹിച്ചത്.ശെരിക്കു നോക്കിയേ.താജ് എക്സ്പെക്ടു ചെയ്ത എല്ലാ എക്സ്പ്രഷൻസും ഇല്ലേ ആ മുഖത്ത്.ഫുൾ വണ്ടർ അടിച്ചു കിളി പോയെന്നാ തോന്നുന്നേ.." "ഇല്ല മോനെ..അത് ആള് നിന്റെ ലൈലുവാ..അത്ര പെട്ടെന്ന് ഒന്നും കിളി പോകുന്ന ഐറ്റം അല്ലെന്ന് നിനക്ക് അറിഞ്ഞൂടെ..നീ വാ.. " താജുo സനുവും അവളുടെ അരികിലേക്ക് ചെന്നു.. "ലൈലൂ..എങ്ങനെയുണ്ട്..പൊളിച്ചില്ലേ താജ്ൻറെ സർപ്രൈസ്.. "

"എന്നാലും ഇത്രക്ക് വേണ്ടായിരുന്നു..ഇതിപ്പോ രണ്ടാമത്തെ തവണയാ നല്ല ജീവൻ അങ്ങ് പോകുന്നത്..നല്ലൊരു ദിവസം ആയിട്ടു എന്റെ ജീവൻ അങ്ങ് എടുത്തോളാമെന്നു വല്ല നേർച്ചയും ഉണ്ടോ നിങ്ങക്ക്.. " അവൾ നെഞ്ചത്ത് കൈ വെച്ചു ഒന്നു നിശ്വസിച്ചു.. "ഇപ്പോഴേ ഞെട്ടി ഒരു പരുവം ആയാൽ എങ്ങനെയാ..ഇതൊക്കെ എന്ത്..വെരി സ്മാൾ..യാഥാർഥ സർപ്രൈസ് അല്ല ഷോക്കിങ് വരാൻ പോകുന്നത് അല്ലേ ഉള്ളു.. " പല്ല് ഇളിച്ചോണ്ട് എബിയും അവളുടെ അടുത്തേക്ക് വന്നു. "മിണ്ടാതെ ഇരിയെടാ പിശാശെ.. " താജ് പതുക്കെ പറഞ്ഞു ആരും കാണാതെ എബിയുടെ കാലിനിട്ടൊരു ചവിട്ടു കൊടുത്തു.. എബി അപ്പൊത്തന്നെ അമളി പറ്റിയത് പോലെ എരിവ് വലിച്ചു വായ പൊത്തി പിടിച്ചു.. "എബി എന്താ പറഞ്ഞെ..എനിക്ക് മനസ്സിലായില്ല.. " ലൈല എബിയെ നോക്കി നെറ്റി ചുളിച്ചു.. "ഈ അച്ചായൻ അല്ലേ പറഞ്ഞത്.. വല്ല മണ്ടത്തരവും ആണെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളു.. മനസ്സിലാവാത്തത് തന്നെയാ നല്ലത്..അത് ചോദിക്കാൻ നിക്കല്ലേ ലൈലൂ നീ..എനിക്ക് വയ്യാ ഈ പാതിരാക്ക് വെറുപ്പീരു കേൾക്കാൻ.." സനു കിട്ടിയ ഗ്യാപ്പിൽ അച്ചായന് ഇട്ടു വെച്ചു.. "കുട്ടി പിശാശ്ന്നൊക്കെ കേട്ടിട്ടേ ഉള്ളു..ഇപ്പൊ കണ്ടു.. " എബി സനുവിനെ പുച്ഛിച്ചു കളഞ്ഞു..

"അല്ലടാ...നീയെങ്ങനെ ഇവിടെത്തി.. അവിടെന്ന് എങ്ങനെ ചാടി.. " ലൈല സനുവിനെ നോക്കി.. "നിക്കുകയല്ലേ നിന്റെ കെട്ട്യോൻ.. എന്റെ സൂപ്പർ ഹീറോ..താജ് ഉള്ളപ്പോൾ എല്ലാം നിസ്സാരമല്ലെ മോളെ..ഇവിടെ അറേഞ്ച്മെന്റ്സ് ഒക്കെ ഇവരെ ഏല്പിച്ചു ഒരര മണിക്കൂർ മുൻപേ താജ് അങ്ങോട്ട്‌ വന്നു..എന്നെ തൂക്കി എടുത്തു താഴേക്ക് ഇറങ്ങി വണ്ടിയിലേക്ക് ഇട്ടു..വണ്ടി ഓടുമ്പോഴാ ഉറക്കം ഞെട്ടിയത്..പകച്ചു പണ്ടാരം അടങ്ങിപ്പോയി ഞാൻ.പിന്നെ താജ്നെ കണ്ടപ്പോൾ സമാധാനമായി..അങ്ങനെ ഇവിടെത്തി..ഇന്ന് നിന്റെ ബർത്ത് ഡേ ആണെന്ന് ഒരാഴ്ച്ച മുന്നേ ഓർക്കാൻ തുടങ്ങിയതാ..പക്ഷെ ഈ ദിവസം നിന്നെ കാണാൻ പറ്റുമെന്നു കരുതിയില്ല.അതുകൊണ്ട് ഗിഫ്റ്റ് ഒന്നും വാങ്ങിയിട്ടില്ല ലൈലൂ.. ഇപ്പൊ ഇതേയുള്ളൂ ഗിഫ്റ്റ് ആയിട്ട്.." സനു കാലുകൾ ഉയർത്തി നിന്നു അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തു.. "ഇന്ന് നിന്നെ കാണാൻ പറ്റുമെന്നു ഞാനും കരുതിയില്ല..ഈ നിമിഷം നീ എന്റെ കണ്മുന്നിൽ ഉണ്ടല്ലോ..അതിനേക്കാൾ വലുത് ഒന്നും തരാൻ ഇല്ല നീയെനിക്ക്.. സന്തോഷമായി ലൈലൂന്.." അവൾ സന്തോഷത്തോടെ സനുവിനെ ചേർത്തു പിടിച്ചു.. "മോളെ..സ്നേഹ പ്രകടനങ്ങളൊക്കെ കഴിഞ്ഞെങ്കിൽ ഒന്നു ഇങ്ങോട്ടു കൂടെ നോക്ക്..ഇവിടെ ഞങ്ങളു ചിലരു കൂടെയുണ്ട്..

ഇപ്പൊ കഴിയും ഇപ്പൊ കഴിയുമെന്നു കരുതി നോക്കി നിക്കുന്നതാ.. എവിടെ കഴിയാൻ...ഒന്നു ഇങ്ങോട്ടു വാടി..ഈ കേക്ക് എന്നെ നോക്കി ചിരിക്കുന്നു..ഒന്നു കട്ട്‌ ചെയ്യടി.. വായിന്നു വെള്ളം വന്നിട്ട് മേലാ.." നുസ്ര കൊതിയോടെ കേക്കിലേക്ക് നോക്കി നിന്നു മുഖം ചുളിച്ചു.. അന്നേരമാ ലൈലയ്ക്ക് അവിടെ അങ്ങനെ ഒരുത്തി ഉണ്ടെന്ന കാര്യം ഓർമ്മ വരുന്നത്.നുസ്ര മാത്രം അല്ല.. ഉപ്പയും ഉണ്ട്.പൗലോസ് ചേട്ടനും ഉണ്ട്.അവൾ മൂന്ന് പേരെയും നോക്കി ചിരിച്ചു.. "നിനക്ക് ഈ കേക്ക് കട്ട്‌ ചെയ്യുന്നതിലോ ബർത്ത് ഡേ ഇങ്ങനെ സെലിബ്രേറ്റ് ചെയ്യുന്നതിലോ ഒന്നും താല്പര്യം ഇല്ലെന്ന് അറിയാം..എന്നാലും ഞങ്ങളുടെ ഒരു സന്തോഷത്തിനു വേണ്ടി..ഇന്ന് നിന്റെ ബർത്ത് ഡേ ആണെന്ന് അറിഞ്ഞപ്പോ തൊട്ടു ദേ ഈ എബിയും നുസ്രയും എനിക്ക് സമാധാനം തന്നിട്ടില്ല..ഒന്നിച്ച് വിഷ് ചെയ്തു കേക്ക് കട്ട്‌ ചെയ്യണമെന്നു ഇവർക്ക് ഒരാഗ്രഹം..പത്തു മണിക്ക് തുടങ്ങിയതാ ഇവിടെ വന്നു ഈ ഡെക്കറേഷൻസ് ഒക്കെ..ഡാഡും പറഞ്ഞു ഒരു ചെറിയ സർപ്രൈസ് ഒരുക്കാൻ..ഇവിടെ വന്നിട്ട് ഇത് ആദ്യത്തെ ബർത്ത് ഡേ അല്ലേ..വാ.. "

അതുവരെ അവളെ നോക്കി അവളുടെ സന്തോഷവും മുഖത്ത് വിരിയുന്ന ഭാവങ്ങളുമൊക്കെ ഒരുപോലെ ആസ്വദിച്ചു നിന്ന താജ് അവൾക്ക് നേരെ കൈ നീട്ടി..അവൾ ചുറ്റിനും നോക്കി.എല്ലാരുടേം മുഖത്ത് സന്തോഷം മാത്രം.സനു ആണേൽ കൈ കൊടുക്കെന്ന് കണ്ണ് കൊണ്ട് കാണിക്കുന്നുണ്ട്.പിന്നെ അവൾ മടിച്ച് ഒന്നും നിന്നില്ല.. താജ്നെ നോക്കി ഒന്നു ചിരിച്ചിട്ട് അവൻ നീട്ടിയ കയ്യിലേക്ക് തന്റെ കൈ ചേർത്തു വെച്ചു അവിടെ കേക്ക് ഒരുക്കി വെച്ചിരിക്കുന്ന ടേബിളിൻറെ അടുത്തേക്ക് നടന്നു.. "കട്ട്‌ ചെയ് മോളെ.. " ഉപ്പ കത്തി എടുത്തു അവളുടെ കയ്യിൽ കൊടുത്തു..അവൾ പുഞ്ചിരി തൂകിക്കൊണ്ട് അത് വാങ്ങിച്ചു കേക്ക് കട്ട്‌ ചെയ്തു.. ബർത്ത് ഡേ വിഷസും കയ്യടികളും വീണ്ടും വീണ്ടും ഉയർന്നു കൊണ്ടിരുന്നു.. "എനിക്ക് അല്ല..താജ്ന് കൊടുക്ക്‌ മോളെ.." ആദ്യത്തെ കഷ്ണം കേക്ക് എടുത്തു അവൾ ഉപ്പാക്ക് നീട്ടിയതും ഉപ്പ പറഞ്ഞു.അവൾ അത് വേണോ വേണ്ടയോന്ന് കരുതി നിന്നതും സനു അവളുടെ കയ്യിൽ പിച്ചി കണ്ണുരുട്ടി പേടിപ്പിച്ചു..അവൾ അപ്പൊത്തന്നെ ഒന്നു പല്ല് ഇളിച്ചു കാണിച്ചു.എന്നിട്ട് താജ്ന്റെ വായിലേക്ക് കേക്ക് വെച്ചു കൊടുത്തു..അവൻ ഒരു ചിരിയോടെ ഒരു കഷ്ണം കടിച്ചു ബാക്കി എടുത്തു അവളുടെ വായിലേക്ക് വെച്ചു..

അവൾ മടിയൊന്നും കൂടാതെ അത് കഴിച്ചു..എന്നിട്ട് ഉപ്പാക്കും പൗലോസ് ചേട്ടനും കൊടുത്തു.. നുസ്രയ്ക്കും എബിക്കും സനുവിനും കൊടുക്കണ്ടി വന്നില്ല. മൂന്നും ഒരേ ടൈപ്പ് ആയിരുന്നു.. കയ്യിട്ടു വാരാൻ അതിങ്ങളെ കഴിഞ്ഞിട്ടേ ആളുള്ളൂ.. "എവിടെ..ഗിഫ്റ്റ് എവിടെ... " അവൾ കൊഞ്ചലോടെ ഉപ്പാന്റെ നേരെ കൈ നീട്ടി.. "ഗിഫ്റ്റോ..നിനക്ക് ഇതിലൊന്നും താല്പര്യം ഇല്ലെന്നാ താജ് എന്നോട് പറഞ്ഞത്.അതുകൊണ്ട് നീ ഗിഫ്റ്റ് സ്വീകരിക്കില്ലന്ന് കരുതി ഞാൻ ഒന്നും വാങ്ങിച്ചില്ല.. " "അത് കേക്ക് കട്ട്‌ ചെയ്യുന്നതിലാ. അല്ലാതെ ഗിഫ്റ്റ് വാങ്ങിക്കുന്നതിലും തരുന്നതിലും അല്ല..എനിക്ക് ഗിഫ്റ്റ് വേണം.. ഉറങ്ങുന്ന എന്നേം വിളിച്ചു എണീപ്പിച്ചു വിഷ് ചെയ്തിട്ടു ഗിഫ്റ്റ് ഇല്ലെന്നോ..എവിടുത്തെ ന്യായമാ ഇത്.." "അതിനല്ലേ കേക്ക് തന്നത്.. " "കേക്കോ..ദേ ഉപ്പ..കളിക്കാൻ നിക്കല്ലേ..ഉപ്പ എനിക്ക് വേണ്ടി ഗിഫ്റ്റ് ഒന്നും വാങ്ങിക്കാതെ നിക്കില്ലന്ന് എനിക്കറിയാം.. എവിടെ..ഇങ്ങ് എടുക്ക്..ഇല്ലേൽ പിന്നെ മോളെന്നും വിളിച്ചു വരരുത്.. " അവൾ നിന്നു ചിണുങ്ങാൻ തുടങ്ങി. പിന്നെ ഉപ്പ കളിപ്പിക്കുകയൊന്നും ചെയ്തില്ല..കുർത്തയുടെ പോക്കറ്റിൽ നിന്നും ഒരു കീ എടുത്തു അവൾക്ക് കൊടുത്തു.. "ഈയൊരു ദിവസത്തിനു വേണ്ടി അല്ലേ കാത്തിരുന്നത്..

ഇന്ന് മുതൽ ഒരു പുതിയ തുടക്കം ആരംഭിക്കുവാൻ പോകുകയല്ലേ.. ഇതിലൂടെ തുടങ്ങിക്കോ.. എല്ലാം മംഗളമായി ഭവിക്കും..എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ.. " ഉപ്പ വാത്സല്യത്തോടെ അവളുടെ നെറുകിൽ തലോടുകയും അനുഗ്രഹിക്കുകയും ചെയ്തു.. അവൾക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിഞ്ഞില്ല..ലവ് യൂ സോ മച്ച് ഉപ്പാന്നും പറഞ്ഞു ഉടനെ ഉപ്പാനെ കെട്ടിപ്പിടിച്ചു.. "ഉപ്പാന്റെ ഗിഫ്റ്റ് മാത്രം മതിയോ മോൾക്ക്‌..നമ്മൾടെതൊന്നും വേണ്ടേ..? " "അയ്യടി മോളെ..ഞാൻ വേണ്ടാന്ന് പറയുമെന്ന് കരുതിയിട്ട് ആണ് ഈ ചോദ്യമെങ്കിൽ അത് ഉണ്ടാകില്ല..ആ പൂതി അങ്ങ് കളഞ്ഞേക്ക്..ഇങ്ങ് എടുക്കടീ... " അവൾ ഉപ്പാനെ വിട്ടു നുസ്രയെ ഒട്ടി. നുസ്ര അപ്പൊത്തന്നെ ചിരിച്ചോണ്ട് ടേബിളിനു കീഴിൽ നിന്നും ഒരു ബോക്സ്‌ എടുത്തു അവൾക്ക് കൊടുത്തു.. "താങ്ക്സ് ഒക്കെ രാവിലെ..ഇത് പൊട്ടിച്ചു നോക്കിയതിനു ശേഷം.. ഇനി അച്ചായൻറെ ഊഴമാ.. തന്നാട്ടേ.. " അവൾ നുസ്രയ്ക്ക് ഒരു സൈറ്റ് അടി കൊടുത്തു എബിയുടെ നേരെ കൈ നീട്ടി.. "അയ്യോ..ഞാൻ വെറും കയ്യോടെയാ വന്നെ..അല്ലേലും ഈ നട്ട പാതിരായ്ക്ക് എന്ത് വാങ്ങിക്കാനാ.. ഏതു ഷോപ്പാ ഈ നേരത്ത് തുറന്നിട്ട്‌ ഉള്ളത്.. " എബി കൈ രണ്ടും മലർത്തി കാണിച്ചു.. "എടാ പാലാക്കാരൻ എബിച്ചായാ..

നിന്റെ അയ്യോ പാവം കളിയൊന്നും എന്റെ അടുത്ത് വേണ്ടാ..ഈ നട്ട പാതിരായ്ക്ക് അല്ലല്ലോ എന്റെ ബർത്ത് ഡേ ആണെന്ന് നീ അറിഞ്ഞത്..മുൻപേ അറിഞ്ഞത് അല്ലേ..അതുകൊണ്ട് എനിക്ക് ഗിഫ്റ്റ് വേണം..ഇല്ലേൽ നിന്റെ തല ഞാൻ അടിച്ചു പൊട്ടിക്കും.അക്കാര്യത്തിൽ ഒരു സംശയവും വേണ്ടാ നിനക്ക്.. " "എനിക്ക് തരുന്നതിൽ നിന്നും നീയൊരു കഷ്ണം കേക്ക് കുറച്ച് കളഞ്ഞോ..എന്നിട്ട് അത് നീ തിന്നോ.. അപ്പൊ നിനക്ക് എന്റെ വക ഗിഫ്റ്റും ആയി..എനിക്ക് ചിലവും ഇല്ല..അപ്പൊ ശെരി..എല്ലാം പറഞ്ഞത് പോലെ..പ്രശ്നം സോൾവ് ആയി.ഇനി കൈ കൊടുക്ക്‌.. " "കൈയ്യല്ല..കാലാ തരുന്നത്.. ഒരൊറ്റ ചവിട്ടു വെച്ചു തന്നാൽ ഉണ്ടല്ലോ.. മുഴുവനും കയ്യിട്ടു വാരി നക്കി കഴിഞ്ഞിട്ട് ഇനി കേക്ക് വേണ്ടാന്ന്.. ഒരു കഷ്ണം കുറച്ചോന്ന്..ആരെടാ നിന്നെയൊക്കെ ഇവിടെക്ക് വിളിച്ചത്..ഇപ്പൊ പൊക്കോണം ഇവിടുന്ന്..കഞ്ചൂസ്..ഒരു ഗിഫ്റ്റ് തരാൻ കഴിയാത്തവൻ..നിന്റെ കയ്യിലുള്ള കാശ് മുഴുവനും മോഷണം പോകും..നോക്കിക്കോ.. " "പ്രാകി കൊല്ലാതെ മുത്തേ..ഇതാ നമ്മുടെ ചീറ്റ പുലിക്കുള്ള ഈ അച്ചായൻറെ ഗിഫ്റ്റ്... " എബി നിറ പുഞ്ചിരിയോടെ ഒരുഗ്രൻ പൊതി അവൾക്ക് സമ്മാനിച്ചു..അവൾ അത് വാങ്ങിച്ചു മുഖം തിരിച്ചു കളഞ്ഞു.

"ഇത്രേം നേരം ഞാൻ ഗിഫ്റ്റ് ഒന്നും തന്നില്ലന്ന പ്രശ്നം ആയിരുന്നു. ഇപ്പൊ തന്നിട്ടും നിന്റെ മുഖത്തിന്‌ ഒരു തെളിച്ചം ഇല്ലല്ലോ പിശാശ്ശെ.. " എബി അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു.. "ആദ്യം തന്നെ തന്നാൽ മതിയായിരുന്നല്ലോ..ഇങ്ങനെ ചോദിപ്പിച്ചു വെറുതെ എന്റെ എനർജി കളയണമായിരുന്നോ.. അങ്ങോട്ട്‌ മാറി നില്ല്..ഞാൻ അടുത്തയാളെ പിഴിയട്ടെ.. " "പൗലോസ് ചേട്ടനെ ആണെങ്കിൽ വേണ്ട മോളെ..ചേട്ടൻ ഗിഫ്റ്റ് ആൾറെഡി തന്ന് കഴിഞ്ഞു.. നീയിപ്പോ പറഞ്ഞില്ലേ ഇവൻ കയ്യിട്ടു വാരി നക്കിയ കേക്ക്.. അത് പൗലോസ് ചേട്ടൻ ഉണ്ടാക്കിയതാ.. നിനക്ക് വേണ്ടി..നിന്റെ ഈ പിറന്നാളിനു വേണ്ടി.. ഇവിടുന്നുണ്ടാക്കിയാൽ നീ കാണുമെന്നും ഞങ്ങൾ ഇങ്ങനൊരു സർപ്രൈസ് തരുന്നതിനു മുൻപേ നീ അതിൽ കയ്യിടുമെന്നും കരുതി ഈ കഴിഞ്ഞ ദിവസം അവിടത്തെ കിച്ചണിൽ വന്നുണ്ടാക്കി അവിടെ ഫ്രീസറിൽ വെച്ചതാ..ഇപ്പം ഞാൻ വരുമ്പോൾ എടുത്തോണ്ട് വന്നു.. അതോണ്ട് ഇനി ഗിഫ്റ്റ് എന്നും പറഞ്ഞു പൗലോസ് ചേട്ടനെ ഊറ്റാൻ നോക്കണ്ട പൊന്നു മോള്.. " നുസ്ര അവളുടെ കവിളിൽ പിടിച്ചു വലിച്ചു..അവൾ ആണോന്നുള്ള മട്ടിൽ പൗലോസ് ചേട്ടനെ നോക്കി. അന്നേരം പൗലോസ് ചേട്ടൻ പുഞ്ചിരി തൂകിക്കൊണ്ട് നിന്നു.. അത് കണ്ടപ്പോഴേ അവൾക്ക് മനസ്സിലായി ആണെന്ന്..

നുസ്രയെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു..എല്ലാരുടേം കഴിഞ്ഞു. ഇനി താജേ ബാക്കിയുള്ളൂ.അവൾ അവന്റെ നേരെ തിരിഞ്ഞു.. ആ കൈകൾ ശൂന്യമായിരുന്നു.അത് കണ്ടു അവൾ അവന്റെ ചുറ്റു വട്ടത്തൊക്കെ കണ്ണോടിച്ചു.ഒരു സമ്മാന പൊതിയും അവൾക്ക് കാണാൻ കഴിഞ്ഞില്ല..അവൾ അവന്റെ മുഖത്തേക്ക് നോക്കി.ആ മുഖത്ത് ഒരു ഭാവവും ഇല്ലായിരുന്നു..എന്തിന്..അവളെ ശ്രദ്ധിക്കുന്നു പോലും ഉണ്ടായില്ല. സനുവിനോടും എബിയോടും ഓരോന്ന് പറഞ്ഞു ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.. അവൾക്ക് എന്തോ ഒരു സങ്കടം തന്നെ പിടി കൂടിയത് പോലെ തോന്നി.. അപ്പൊ താൻ അവന്റെ ഗിഫ്റ്റ് പ്രതീക്ഷിച്ചിരുന്നോ..? അറിയില്ല.. എന്നാലും എല്ലാരും തന്നു.. അവൻ മാത്രം ഒന്നും തന്നില്ല.. മറന്ന് പോയതാണോ അതോ മനഃപൂർവം ഒഴിവാക്കി കളഞ്ഞത് ആണൊ.? അവൾക്ക് ഒന്നും മനസ്സിലായില്ല. സങ്കടത്തോടെ അവനെ നോക്കി നിന്നു. "എടീ..എന്ത് ആലോചിച്ചു നിക്കുവാ.. " നുസ്ര അവളുടെ ചുമലിൽ തൊട്ടു.. "ആ..ആലോചിക്കയോ..എന്ത് ആലോചിക്കാൻ..ഒന്നും ഇല്ലല്ലോ.. " "അല്ല..എന്തോ ഉണ്ട്..എന്താ നിന്റെ മുഖം വല്ലാണ്ട് ഇരിക്കുന്നെ.. ഇത്തിരി മുൻപേ ഉണ്ടായ സന്തോഷമൊന്നും കാണാൻ ഇല്ലല്ലോ ഇപ്പൊ..എന്താടി.. കാര്യം പറാ.. " "ഒന്നുല്ലടീ..ജുവൽനെ ഓർത്തതാ..

അവളു കൂടെ വേണമായിരുന്നു.. അവളുടെ കുറവുണ്ട്.." "ആാാ..അത് പറഞ്ഞില്ല അല്ലേ നിന്നോട്..എടീ..ജുവലിനെ കൂട്ടാൻ എബി പോയതാ.. " നുസ്ര ചിരിച്ചോണ്ട് പറഞ്ഞു.. "എന്നിട്ടോ..എന്നിട്ട് അവൾ എന്ത്യേ.. വന്നില്ലേ.. " "എന്റെ ലൈലൂ..അക്കാര്യമൊന്നും പറയാതെ ഇരിക്കുന്നതാ നല്ലത്.. താജ് എന്നെ കൂട്ടി വന്നതിനു ശേഷം അച്ചായൻ ജുവലിനെ കൂട്ടാൻ പോയി..അവിടെത്തെ പട്ടി കുരച്ചപ്പോൾ പോയ കാര്യം പോലും മറന്ന് ജീവനും കൊണ്ട് രക്ഷപെട്ടു ഇങ്ങ് പോന്നു.. ഭാഗ്യത്തിനു കൊണ്ട് പോയ ബൈക്ക് തിരിച്ചു കൊണ്ട് വന്നിട്ടുണ്ട്...സ്റ്റാൻഡേർഡ് വെച്ചു നോക്കുമ്പോൾ കണ്ടം വഴി ഓടി വരേണ്ടതായിരുന്നു.. " എബിയെ കളിയാക്കാൻ കിട്ടുന്ന ഒരു ചാൻസും സനു വിട്ടു കളഞ്ഞില്ല.ലൈല നുസ്രയോടു ചോദിക്കുന്നത് കേട്ടതും വേഗം കയറി പറഞ്ഞു.. "പോടാ...എന്റെ കയ്യിൽ ബിസ്കറ്റ് ഇല്ലാതെയായി പോയി.. ഉണ്ടായിരുന്നെങ്കിൽ ആ പട്ടിയെ അല്ല അതിന്റെ അപ്പാപ്പനെയും ഞാൻ മെരുക്കിയേനെ.. " "ഉവ്വ് ഉവ്വെയ്...പോകുമ്പോഴും അച്ചായൻ ഇതുതന്നെയാ പറഞ്ഞത്.. കേട്ടോ ലൈലൂ...

ഇങ്ങേരു പോകുമ്പോൾ ഞാൻ പറഞ്ഞു ആരും കാണാതെ ശ്രദ്ധിച്ചോണേന്ന്.. അന്നേരം എന്നോട് പറഞ്ഞത് എന്താണെന്നോ..ജുവലിനെ അല്ല.. വേണമെങ്കിൽ അവളുടെ അപ്പനെയും ഞാൻ കൊണ്ട് വരും എന്ന്..എന്നിട്ടിപ്പോ എന്തായി.. ഒരു പട്ടിയെ കണ്ടിട്ട് അല്ലേ പ്രേമിക്കുന്ന പെണ്ണിനേയും മറന്നിട്ടു ഓടി വന്നത്..ഈ പേടിത്തൊണ്ടനൊക്കെ ജുവലിനെ പെണ്ണ് ആലോചിച്ചിട്ട് ആ വീട്ടിലേക്ക് പോകുന്നത് ഓർക്കുമ്പോൾ എനിക്ക് ഇപ്പോഴേ ചിരി വരുന്നു..ഓരോന്നിൻറെ അവസ്ഥയേ.. " സനു വിടാനുള്ള ഭാവമേ ഇല്ലായിരുന്നു..കഴിവിന്റെ പരമാവധി എബിയെ ആക്കാനും തലങ്ങും വിലങ്ങും ചിരിക്കാനും കാലേ പിടിച്ചു വാരി നിലത്തടിക്കാനും തുടങ്ങി.. "നിന്നെ ഇന്ന് ഞാൻ അടിച്ചു ശെരിയാക്കുമെടാ കുട്ടി പിശാശ്ശെ.. " എബി സനുവിന്റെ നേരെ കയ്യോങ്ങി.. "പിന്നേ..നീ ഒലത്തും..ഒന്നു പോടാ പേടിത്തൊണ്ടാ അവിടെന്ന്.. " എന്നും പറഞ്ഞു എബിയെ കൊഞ്ഞനം കുത്തി കാണിച്ചു സനു അവിടെന്ന് ഓടി..എബി നിക്കടാന്നും പറഞ്ഞു അവന്റെ പിന്നാലെയും വിട്ടു.. "ജുവലിൻറെ കുറവ് മാത്രമേ ഉള്ളു നിനക്ക്..അവളെ മാത്രമേ നീ ഓർത്തുള്ളൂ..? " നുസ്ര ലൈലയെ നോക്കി.. "അല്ല..മുന്ന..അവന്റെ കുറവുണ്ട്.. റിയലി മിസ്സ്‌ ഹിം..ഒന്നു വിളിച്ചത് കൂടിയില്ല.. " ലൈല പറഞ്ഞു തീർന്നില്ല..

നുസ്രയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.. "പറഞ്ഞു നാവു എടുത്തില്ല.. അപ്പോഴേക്കും വിളിക്കുന്നു..നൂറു ആയുസ്സാ ചെക്കന്.. " നുസ്രയുടെ മുഖം വിടർന്നു.. സന്തോഷത്തോടെ കാൾ അറ്റൻഡ് ചെയ്തു.. "എന്തെ ലൈലക്ക് വിളിക്കാഞ്ഞെ.. മറന്നോ അവളുടെ ബർത്ത് ഡേ.. പെണ്ണ് ഇവിടെ പരാതി പറയുവാ.. അടുത്ത് ഇല്ലാത്ത സങ്കടം വേറെയും.." "ആ പറഞ്ഞവളുടെ തലയ്ക്ക് ഇട്ടൊരു കൊട്ട് കൊടുക്ക്‌.. കറക്റ്റ് പന്ത്രണ്ടു മണിക്ക് വിഷ് ചെയ്യണമെന്നു കരുതി പതിനൊന്നേ അമ്പത്തി അഞ്ചിന് വിളിക്കാൻ തുടങ്ങിയതാ..ഞാൻ വിളിച്ചത് കൊണ്ട് മാത്രം ആയില്ലല്ലോ.. അവളു ഫോൺ എടുക്കണ്ടെ.. അവൾ മാത്രം അല്ല.. താജുo എടുക്കുന്നില്ല..എത്ര നേരം ആയെന്നറിയോ രണ്ടിലേക്കും മാറി മാറി വിളിക്കുന്നു..രണ്ടും കിട്ടാതെ വന്നപ്പോഴാ ഇതിലേക്ക് വിളിച്ചത്.. നിങ്ങളൊക്കെ കൂടി ഒരു കുഞ്ഞ് സർപ്രൈസ് അവൾക്കായി ഒരുക്കുന്നുണ്ടെന്നു നീ ഇന്നലെ പറഞ്ഞല്ലോ..അതുകൊണ്ട് നീ അവളുടെ അടുത്ത് ഉണ്ടാകുമെന്നു തോന്നി ഇതിലേക്ക് വിളിച്ചു.. " "രണ്ടിന്റെയും കയ്യിൽ ഫോൺ ഇല്ല...റൂമിൽ എങ്ങാനും ആവും.. അതു കൊണ്ടാ കാൾ കിട്ടാഞ്ഞെ.. ഞങ്ങൾ എല്ലാവരും ഇവിടെ ഗാർഡനിലാ..നീ വീഡിയോ കാൾ ചെയ്..."

നുസ്ര പറഞ്ഞു.മുന്ന അപ്പൊത്തന്നെ കാൾ കട്ട്‌ ആക്കിയിട്ട് വീഡിയോ കാൾ ചെയ്തു..മുന്നയുടെ കുറവ് അവനാ കാളിലൂടെ നികത്തി.. "അല്ലടി...താജ്ൻറെ ഗിഫ്റ്റ് എവിടെ.. എന്താ തന്നത്..കാണിച്ചേ.. എന്തായാലും വെറൈറ്റി ആയിരിക്കുമെന്നറിയാം..ഒളിപ്പിച്ചു വെക്കാതെ കാണിക്ക് മോളെ.. " നുസ്രയും എബിയും പോകാൻ ഒരുങ്ങുകയായിരുന്നു.പെട്ടെന്ന് വന്ന ഓർമ്മയിൽ നുസ്ര ലൈലയോട് ചോദിച്ചു.. "ഒളിപ്പിച്ചു വെക്കാൻ ഞാൻ എന്തെങ്കിലും കൊടുത്തിട്ടു വേണ്ടേ അവൾക്ക്..ഞാൻ ഒന്നും കൊടുത്തില്ല..അല്ലേലും എന്താ കൊടുക്കേണ്ടത്..ഞാൻ അവളുടെ ഭർത്താവാ..അതുകൊണ്ട് ഞാൻ ഒരു ഗിഫ്റ്റ് ചൂസ് ചെയ്യുന്നുണ്ടെങ്കിൽ അത് ഒരു ഭർത്താവ് ഭാര്യയ്ക്ക് കൊടുക്കുന്ന മോഡലിൽ ഉള്ള ഗിഫ്റ്റ് ആയിരിക്കും..അത് ഇവൾക്ക് ഇഷ്ടപ്പെടില്ല.. കാരണം ഇവൾ എന്നെ ഭർത്താവ് ആയിട്ട് കാണുന്നില്ല, ഫ്രണ്ട്‌ ആയിട്ടേ കാണുന്നുള്ളൂ.. സോ ഒരു ഫ്രണ്ട്‌ഷിപ്‌ ഗിഫ്റ്റ് ആയിരിക്കും ഇവൾ എന്നിൽ നിന്നും എക്സ്പെക്ടു ചെയ്യുന്നത്. അത് കൊടുക്കാൻ എനിക്ക് കഴിയില്ല..എന്ത് കൊണ്ടെന്നാൽ സ്വന്തം ഭാര്യയെ അല്ലെങ്കിൽ സ്നേഹിക്കുന്ന പെണ്ണിനെ വെറും ഫ്രണ്ട്‌ ആയിട്ടു മാത്രം കാണാൻ ലോകത്ത് ഒരു ഭർത്താവിനും കഴിയില്ല..ഒരു ആണിനും അത് സാധിക്കില്ല..അതുകൊണ്ട് ഇവൾക്ക് കൊടുക്കാൻ ഞാൻ ഒന്നും വാങ്ങിച്ചിട്ടില്ല.. " നുസ്രയുടെ ചോദ്യത്തിനു എന്ത് മറുപടി പറയണമെന്നു ലൈലയ്ക്ക് അറിയില്ലായിരുന്നു.ഒന്നും പറയാൻ കിട്ടാതെ നിക്കുമ്പോഴാണ് താജ്ൻറെ മറുപടി ഉടനെ ഉണ്ടായത്.അതൂടെ ആയതും തൊണ്ടയിൽ ഇനി ശബ്ദം പോലും ഇല്ലെന്ന് തോന്നിപ്പോയി അവൾക്ക്.നെഞ്ചിൽ ഒരു പിടച്ചിൽ അനുഭവപ്പെടുന്നുണ്ടായിരുന്നു.

നുസ്ര പിന്നെ അതിനേക്കുറിച്ച് ചോദിക്കയോ പറയുകയോ ഒന്നും ചെയ്തില്ല. "പോട്ടേ ടീ..രാവിലെ കാണാം " എന്ന് പറഞ്ഞിട്ട് മൊബൈൽ ഫ്ലാഷും ഇട്ടു വീട്ടിലേക്ക് വിട്ടു.. 'ഗിഫ്റ്റ് ഒന്നും ഇല്ലെന്ന്. ഞെട്ടിപ്പിക്കുന്ന രണ്ടു കാര്യങ്ങളാ അവൾക്ക് കൊടുക്കാൻ വെച്ചിട്ടുള്ളത്..എന്നിട്ട് പറഞ്ഞത് നോക്കിയേ..നിന്നെ ഞാൻ സമ്മതിച്ചു മോനെ..' എബി താജ്നെ മനസ്സിൽ നമിച്ചു പോയി.. "എല്ലാവരും പോയല്ലോ..ഇനി നിനക്ക് എന്താ ഇവിടെ ഉള്ളത്..അകത്തേക്ക് ചെല്ല്...ഞാൻ ഇവനെ കൊണ്ട് വിട്ടിട്ടു വരാം.." എബി കൂടെ പോയതും താജ് സനുവിനെയും കൊണ്ട് അവളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു. "ലൈലൂ..പോയിട്ട് വരാം.." സനു അവളെ വട്ടം പിടിച്ചു കൊണ്ട് പറഞ്ഞു.അവൾ ശെരിയെന്നും പറഞ്ഞു തലയാട്ടി..വണ്ടി ഗേറ്റ് കടന്നു പോകുന്നത് വരെ അവൾ അവിടെ നിന്നു സനുവിനെ നോക്കി.. ശേഷം അകത്തേക്ക് കയറിപ്പോയി.. ** "നീയിത് വരെ മാറ്റേo കിടക്കേമൊന്നും ചെയ്തില്ലേ.." അവൻ വരുമ്പോൾ അവൾ സാരി പോലും മാറ്റാതെ സോഫയിൽ ഇരിക്കുന്നത് കണ്ടു.. "ഇല്ല.." അവളുടെ ശബ്ദത്തിനു പതിവ് ഇല്ലാത്ത കനം ഉണ്ടായിരുന്നു..

"അതെന്താ.." ബട്ടൺസ് ഇടാത്ത ഷർട്ട്‌ ഊരി ഹാങ്ങറിലേക്ക് ഇട്ടു അവൻ വന്നു അവളുടെ അരികിൽ ഇരുന്നു. "ഒന്നുല്ല.." അവൾ എണീറ്റതും ഉടനെ കയ്യിൽ അവന്റെ പിടി വീണു.. "എന്താ.. " അവൾ ദേഷ്യത്തോടെ അവനെ നോക്കി. "ഭാര്യ നല്ല ദേഷ്യത്തിൽ ആണല്ലോ.. എന്താ കാര്യം.." "ദേഷ്യമോ..എനിക്കോ..എന്തിന്..? നിനക്ക് തോന്നുന്നതാ.." അവൾ അവന്റെ പിടി വിടുവിച്ചു. "നീ എന്തെങ്കിലും പ്രതീക്ഷിച്ചിരുന്നോ..?" "എന്ത് പ്രതീക്ഷിച്ചിരുന്നോ എന്ന്..? " "എന്റെ ഗിഫ്റ്റ് പ്രതീക്ഷിച്ചിരുന്നോ എന്ന്.." അവൻ എഴുന്നേറ്റു നിന്നു അവളെ മുഖത്തേക്ക് ഉറ്റു നോക്കി.. "ഉവ്വ്..പക്ഷെ നീ തന്നില്ലല്ലോ.." "അതാണോ ഈ ദേഷ്യം..?" "ദേഷ്യമൊന്നും ഇല്ല അമൻ.. തരുന്നതും തരാത്തതുമൊക്കെ നിന്റെ ഇഷ്ടം അല്ലേ..മാത്രവുമല്ല.. തരാത്തതിന് നീ കാരണവും വ്യക്തമാക്കിയല്ലോ..അതുകൊണ്ട് കുഴപ്പമില്ല..നീ ചെയ്തത് തന്നെയാ ശെരി.." അവൾ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു..ആ പുഞ്ചിരിയിൽ സങ്കടം മാത്രമേ അവൻ കണ്ടുള്ളു.. സന്തോഷമൊന്നും കണ്ടില്ല.. "ഏതായാലും നീ എന്റെ ഗിഫ്റ്റ് എക്സ്പെക്ടു ചെയ്തത് അല്ലേ.

അപ്പൊ ഒന്നും തരാതെ ഇരിക്കുന്നത് മോശമല്ലെ.. അതിനി എന്ത് കാരണം വ്യക്തമാക്കിയാലും.. " അവൻ അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു..അവൾക്ക് അവൻ പറഞ്ഞത് മനസ്സിലായില്ല.. നെറ്റി ചുളിച്ചു അവനെ നോക്കി. അവൻ ഷെൽഫ് തുറന്നു ഡ്രസ്സ്‌ന് അടിയിൽ നിന്നും രണ്ടു ഗിഫ്റ്റ് ബോക്സ്‌ എടുത്തു..എന്നിട്ട് അതിൽ നിന്നും ഒരെണ്ണം അവൾക്ക് നേരെ നീട്ടി.. "ഇത് നിനക്കുള്ള എന്റെ ആദ്യത്തെ പിറന്നാൾ സമ്മാനം..നീ എന്നിൽ നിന്നും എന്താണോ പ്രതീക്ഷിച്ചത് അത് തന്നെ ഉണ്ട് ഇതിൽ..ഞാനൊരു വാക്ക് തന്നിരുന്നു നിനക്ക് ഒരാളെ കണ്ടു പിടിച്ചു തരാമെന്ന്..ഇതിൽ ഉണ്ട്..ഇതിൽ ഉണ്ട് നീ തേടി നടക്കുന്നവൻ..ഇതൊന്നു തുറന്നു നോക്കിയാൽ മതി അവനെ കുറിച്ച് നീ മുഴുവനായും അറിയും..ഒരൊറ്റ നിമിഷം കൊണ്ട് നീ അയാളിലേക്ക് എത്തും..അതിന് ഉപകരിക്കുന്നാ ഒന്നാ ഇത്..എത്രയും പെട്ടെന്ന് നിനക്ക് നിന്റെ ലക്ഷ്യത്തിലേക്ക് എത്താം... പക്ഷെ ഒരു നിബന്ധന...നീയിത് ഇപ്പോൾ തുറക്കാൻ പാടില്ല.. ഇന്നത്തെ നിന്റെ ഈ പിറന്നാൾ ദിവസം കഴിയാതെ നീയിത് ഓപ്പൺ ചെയ്യാനോ നോക്കാനോ പാടില്ല.. കാരണം നിനക്ക് ലക്ഷ്യങ്ങൾ രണ്ടാണ്.അതിൽ ഒന്നാമത്തേതല്ല,, രണ്ടാമത്തെതാണ് ഇത്.. ഒന്നാമത്തെത് എന്താണെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ..അത് പൂർത്തികരിക്കേണ്ട ദിവസമാ ഇന്ന്..

ആദ്യം ചെയ്യേണ്ടത് ആദ്യം തന്നെ ചെയ്യണം..സോ ഇന്നത്തെ ദിവസം നീ നിനക്ക് വേണ്ടി ഉപയോഗിക്കണം. നിന്റെ കാര്യം ചെയ്തു തീർക്കണം..എന്നിട്ട് മതി ഇത്.. ആ കണ്ടിഷൻ ഓക്കേയാണേൽ ഇന്നാ ഇത് പിടിച്ചോ..സെക്കന്റ്‌ ഗിഫ്റ്റ് തരാം.." അവൾക്ക് വിശ്വാസം വരുന്നില്ലായിരുന്നു..അവൻ വാക്ക് പറഞ്ഞാൽ വാക്കാണ്.കണ്ടു പിടിച്ചു തരുമെന്ന് അറിയാമായിരുന്നു.എന്നാലും ഇത്ര പെട്ടെന്ന് ഉണ്ടാകുമെന്നു കരുതിയില്ല..അവളുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ സ്ഥാനം പിടിച്ചു. സത്യം പറഞ്ഞാൽ ഇതിനേക്കാൾ വല്യ സന്തോഷം വേറൊന്നും ഇല്ലായിരുന്നു അവൾക്ക്.വേഗം കൈ നീട്ടി ആ ഗിഫ്റ്റ് വാങ്ങിച്ചു നന്ദിയോടെ അവനെ നോക്കി.. "ഇനി ഇത്..അങ്ങനൊന്നു നീ ആവശ്യ പെട്ടിട്ടില്ലായിരുന്നു എങ്കിൽ ഉറപ്പായിട്ടും ഫസ്റ്റ് ഗിഫ്റ്റ് ഇതായേനെ..ഇത് കഴിഞ്ഞിട്ടേ വേറെന്തും തരുമായിരുന്നുള്ളൂ.. ഇതിൽ നിന്റെ ജീവൻ ഒളിഞ്ഞിരിക്കുന്നു ലൈല..തുറന്നു നോക്ക് ഇഷ്ടമായോന്ന്.." അവൻ രണ്ടാമത്തെ ബോക്സ്‌ അവൾക്ക് നേരെ നീട്ടി.അവൾ കയ്യിലുള്ള ബോക്സ്‌ സോഫയിലേക്ക് വെച്ചിട്ട് അത് വാങ്ങിച്ചു.ഒട്ടും താമസം കാണിച്ചില്ല..

ഉടനെ ഓപ്പൺ ചെയ്തു നോക്കി.. രണ്ടു ഫ്രെയിം ആയിരിന്നു അതിൽ..ഒന്നിൽ ഉപ്പയും ഉമ്മയും അവരെ ഒട്ടി ചേർന്നു സനുവും അവളും ഇരിക്കുന്നു..ഇങ്ങനൊരു ഫോട്ടോ ഉണ്ടായിട്ടില്ല..എഡിറ്റിംഗ് ആണെന്ന് മനസ്സിലായി അവൾക്ക്.. പക്ഷെ കണ്ടാൽ ഒറിജിനൽ ആണെന്നെ പറയൂ..അത്രക്കും പെർഫെക്ട് ആയിരുന്നു അത്.. രണ്ടാമത്തെതിൽ റമിയും അവളും ആയിരുന്നു.അവൾ റമിയുടെ തോളിൽ കയ്യിട്ടിരിക്കുന്ന ഫോട്ടോ.. പണ്ട് ഫോണിൽ ഉണ്ടായിരുന്നു. പക്ഷെ ഫോൺ മാറ്റിയപ്പോൾ നഷ്ടപ്പെട്ടിരുന്നു.താജ് മുന്നയുടെ അടുത്ത് നിന്നും സങ്കടിപ്പിച്ചതാവുമെന്നു അവൾ ഊഹിച്ചു.. ഈ രണ്ടാമത് കൊടുത്തത് എല്ലാരുടെയും മുന്നിൽ വെച്ചു കൊടുക്കണം എന്നുണ്ടായിരുന്നു അവന്.പക്ഷെ ഉപ്പ...ഏഴു വയസ്സ് ഉണ്ടാകുമ്പോഴാണ് മകനെ അവസാനമായി കണ്ടത്..അതിന് ശേഷം കണ്ടിട്ടില്ല.ഒത്തിരി അകലങ്ങളിൽ ആയിരുന്നു.ഒരുപാട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. എന്നാലും അത് റമിയാണെന്ന് ഉപ്പ മനസ്സിലാക്കും..കാരണം ലോകത്ത് ഒരു പിതാവിനും സ്വന്തം മക്കളെ തിരിച്ചറിയാതെ പോകാൻ കഴിയില്ല.ആ ഫോട്ടോ കണ്ടാൽ ഉപ്പയിൽ നിന്നും ഒരുപാട് ചോദ്യങ്ങൾ ഉണ്ടാകും..അത് കൊണ്ടാ അവൻ അവിടെന്ന് കൊടുക്കാതെ നിന്നത്..

അവൾ രണ്ടു ഫ്രെയിമിലേക്കും മാറി മാറി നോക്കി.ശേഷം അവനെയും.അപ്പോഴേക്കും കണ്ണുകൾ കര കവിഞ്ഞിരുന്നു.. "ഇപ്പൊ ഈ കണ്ണ് നിറഞ്ഞത് മനസ്സ് നിറഞ്ഞിട്ട് ആണെന്ന് വിശ്വസിച്ചോട്ടേ ഞാൻ.. " അവൾ അതേന്നുള്ള അർത്ഥത്തിൽ തല കുലുക്കി.. "മതി..ഇത്രേം മതി എനിക്ക്..എന്നും ഇങ്ങനെ സന്തോഷത്തോടെ കണ്ടാൽ മതി..പറഞ്ഞതൊക്കെ ഓർമ്മ ഉണ്ടല്ലോ...നാളെത്തെ കഴിയാതെ ഓപ്പൺ ചെയ്തു നോക്കരുത്... ഇനി ചെന്നു ഇതൊക്കെ മാറ്റിയിട്ട് കിടക്കാൻ നോക്ക്.. നേരം ഒരുപാട് ആയി..ഉറക്കം കളയണ്ട..രാവിലെ പോകാൻ ഉള്ളത് അല്ലേ.. " അവൻ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഒന്നു ചുംബിച്ചു.. അവൾ രണ്ടു ഫ്രെയിമും കട്ടിലിന് ഒപോസിറ്റ് ഉള്ള ഭിത്തിയിൽ തൂക്കിയിട്ടു,,എന്നും കണ്ണ് തുറക്കുമ്പോൾ ആദ്യം കാണണമെന്ന ആഗ്രഹത്തോടെ... ഈ കവർ തുറന്നു നോക്കിയാൽ പിന്നെ അധിക സമയമൊന്നും വേണ്ടാ അയാളെ കണ്ടുപിടിക്കാൻ എന്നാ അവൻ പറഞ്ഞത്..അപ്പൊ ഇനി എത്രേം പെട്ടെന്ന് ഉമ്മനെയും മകനെയും ഒരുമിപ്പിക്കാം.. എല്ലാം തുറന്നു മാപ്പ് അപേക്ഷിക്കാം. മനസ്സിന്റെ ഭാരം കുറയ്ക്കാം. എന്നിട്ട് വേണം അമൻറെ മുന്നിൽ മനസ്സ് തുറക്കാൻ..ഈ തന്ന സന്തോഷത്തിനൊക്കെ പകരമായി അവൻ ആഗ്രഹിക്കുന്ന തന്റെ ഈ മനസ്സും ജീവിതവുമെല്ലാം അവനു നൽകാൻ..

മനസ്സിന് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നുന്നുണ്ടായിരുന്നു അവൾക്ക്..കയ്യിലെ ബോക്സ്‌ ഷെൽഫിലേക്ക് വെച്ചു..ഒപ്പം അവനോട് മനസ്സ് തുറക്കുന്നതിനെ കുറിച്ചോർത്തു ചുണ്ടിൽ ചെറു ചിരി നിറഞ്ഞു..കൂടുതൽ സ്വപ്നം കാണാനൊന്നും നിന്നില്ല..എല്ലാം വരും പോലെ കാണാമെന്നു കരുതി ഡ്രെസ്സും എടുത്തു ബാത്‌റൂമിലേക്ക് പോയി.. ** രാവിലെ കുളി കഴിഞ്ഞിറങ്ങുമ്പോൾ കണ്ടത് കോട്ടും സൂട്ടുമൊക്കെ ഇട്ടു നല്ല മൾട്ടി ലുക്കിൽ കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന അവനെയാണ്. അവൾക്ക് കണ്ടത് വിശ്വാസം വന്നില്ല..കണ് പീലിയിൽ പറ്റി പിടിച്ചിരിക്കുന്ന വെള്ളമൊക്കെ തുടച്ചു കളഞ്ഞു കണ്ണ് തുറന്നു പിടിച്ചു അവനെ നോക്കി.. അതേ..അവൻ തന്നെ... കാണുന്ന നാളു തൊട്ടേ അവന് അസ്സലൊരു തെമ്മാടി ലുക്ക് ആണ്. ഒരു ബനിയനും അതിന്റെ മേളിലേക്ക് തുറന്നു കിടക്കുന്ന ഒരു ഷർട്ടും.ആ കോലത്തിൽ മാത്രമേ ഇന്നുവരെ കണ്ടിട്ട് ഉള്ളു..ഇതിപ്പോ ആദ്യമായിട്ടാണ് ഇങ്ങനെ..ഡ്രസ്സ്‌ മാത്രം അല്ല.മുടിയും മുഖവുമൊക്കെ മാറിയിട്ടുണ്ട്. നല്ല കട്ടിയുള്ള കറുത്ത മുടിയാണ്. എന്നാലും ഒതുക്കി വെക്കില്ല.

എപ്പോഴും അലസമായി കിടക്കും. ഇന്നത് പോലും ഒതുങ്ങി കിടക്കുന്നുണ്ട്..താടി ആണേൽ പറയേ വേണ്ടാ..പഹയൻറെ ഒടുക്കത്തെ മൊഞ്ചും അതിൽ ആണെന്ന് പറയും.. "എന്തെടി പന്തം കണ്ട പെരുച്ചാഴിയെ പോലെ.. " അവൾ നോക്കുന്നത് അവൻ കണ്ണാടിയിലൂടെ കണ്ടു. പെർഫ്യൂം ഷെൽഫിലേക്ക് വെച്ചിട്ട് തിരിഞ്ഞു നിന്നവളെ നോക്കി.. "പന്തം കണ്ട പെരുച്ചാഴിയെ പോലെ അല്ല..കോട്ടും സൂട്ടും ഇട്ട താജ്നെ കണ്ട പോലേന്ന് പറാ..എന്ത് മാറ്റമാടാ നിനക്ക്...നീ ആണെന്ന് വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല. പറയാതെ വയ്യ അമൻ..ഇന്ന് കാണാൻ അത്യാവശ്യം കോലോo ഭംഗിയൊക്കെ ഉണ്ട്.. " "അല്ലെങ്കിൽ ഇല്ലെന്ന് ആണോ..? " അവൻ അവളെ കനപ്പിച്ചു നോക്കി. "അതുപിന്നെ പ്രത്യേകിച്ച് ചോദിക്കാൻ ഉണ്ടോ..ഇത്രേമൊക്കെ ഒരുങ്ങിയിട്ട് തന്നെ വല്യ ഗ്ലാമർ ഒന്നും ഇല്ല..ദേ..ഇത്തിരി.. ഇത്തിരിയേയുള്ളൂ..അപ്പൊ ബാക്കിയുള്ള നേരത്തെ കാര്യം പറയണോ..കരിങ്കല്ല് പോലെത്തെ ഒരു ബോഡിയുണ്ട്..വേറെ ഒരു ചുക്കും ഇല്ല നിനക്ക്.. " "വേണ്ടാ..വേറൊന്നും വേണ്ടാ..ഞാൻ സഹിച്ചു...

രാവിലെ തന്നെ മനുഷ്യൻമാരെയിട്ട് ചൊറിയാതെ പോടീ അവിടെന്ന്.. " "അല്ല..എങ്ങോട്ടാ ഇത്.. " "ഓഫീസിലേക്ക്..ഒരു മീറ്റിംഗ് ഉണ്ട്." "അപ്പൊ നീയിന്നു ബിസിയാണോ..?" "Yes..എന്താ..? " "Nothing..ഞാൻ ഇന്ന് പോകും.. " "ആദ്യം എങ്ങോട്ടാ..? ഓഫീസിലേക്കോ വീട്ടിലേക്കോ..? " "ഓഫീസിലേക്ക്..ഒരുപക്ഷെ ഞാൻ ഓർത്ത് വെച്ചത് പോലെ സജാദ് ഈ ദിവസം ഓർത്ത് വെച്ചിട്ട് ഉണ്ടാകില്ല. ഈ ദിവസത്തിനു വേണ്ടി കാത്തിരുന്നിട്ടും ഉണ്ടാകില്ല. അതുകൊണ്ട് അവൻ ഇന്ന് അവിടെ കാണും..ആദ്യം അവിടെന്ന് അവനെ അടിച്ചിറക്കണം.എന്നിട്ട് വീട്.. " അവളുടെ ശബ്ദത്തിനു തീവ്രത കൂടിയിരുന്നു.കണ്ണുകളിൽ പക ആളി കത്തുകയായിരുന്നു.ഒപ്പം ചുണ്ടുകളിൽ വിജയിക്കാൻ പോകുന്നവളുടെ വിജയ ചിരിയും.. "ആ വഴി തന്നെ പോകുമോ.. വീട്ടിലേക്ക് പോയാൽ പിന്നെ വരില്ലേ ഇങ്ങോട്ട്.. " "വരും.ചെയ്യാൻ ഉള്ളത് ചെയ്തു തീർത്തിട്ട് ഇങ്ങോട്ട് തന്നെ വരും. എത്രയും പെട്ടെന്ന്..കഴിഞ്ഞാൽ ഇന്ന് തന്നെ..കാരണം അത്ര വേഗത്തിലോ എളുപ്പത്തിലോ ഒന്നും ഉപേക്ഷിച്ചു കളയാനോ മറന്നു കളയാനോ പറ്റുന്നത് അല്ലല്ലോ എനിക്ക് ഈ വീടും വീട്ടുകാരും.." പറയുമ്പോൾ അവളുടെ ചുണ്ടിൽ സുന്ദരമായൊരു പുഞ്ചിരി വിരിഞ്ഞിരുന്നു..അത് അവനുള്ളത് ആയിരുന്നു..അവനുള്ള പ്രതീക്ഷ..

അത് പക്ഷെ അവൻ ശ്രദ്ധിച്ചില്ല.. അവൻ മറ്റൊന്നു ഓർക്കുകയായിരുന്നു.അതിന്റെ ഫലമായി ഒന്നു അറിയാതെ ചിരിച്ചു പോയി..അവൾ നോക്കുമ്പോൾ ആ ചിരി ഒതുക്കുകയും ചെയ്തു. "എന്താ നിന്റെ മുഖത്ത് ഒരു കള്ളത്തരം.. " അവൾ അവനെ കൂർപ്പിച്ചു നോക്കി.. "അത് നിന്റെ മനസ്സിൽ കള്ളത്തരം ഉള്ളോണ്ട് തോന്നുന്നതാ.. " "പോടാ.. " അവൾ മുഖം തിരിച്ചു കളഞ്ഞു.. "പോകുവാ മുത്തേ..നിന്റെ ഒന്നിച്ച് വരണമെന്നുണ്ടായിരുന്നു. നിന്റെ സാമ്രാജ്യം നീ തിരികെ പിടിക്കുന്നതു ഏറ്റവും മുന്നിൽ നിന്നു തന്നെ കാണണമെന്നും ആഗ്രഹം ഉണ്ടായിരുന്നു..But meeting..ഒഴിവാക്കാൻ പറ്റില്ല.. it's really important.." അവൻ അവളുടെ മുഖം തന്റെ നേർക്ക് തിരിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.. "It's ok Aman..എനിക്ക് മനസ്സിലാകും.." അവൾ പുഞ്ചിരിച്ചു.. "Then ok..All the very best..ഞാൻ ഇറങ്ങുവാ.. " അവൻ താഴേക്ക് ഇറങ്ങി..പിന്നാലെ അവളും.. "കാർ കിട്ടിയെന്നു കരുതി ചീറി പായാൻ ഒന്നും നിക്കണ്ട..സൂക്ഷിച്ചു പോകണം..ഡ്രൈവ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടേൽ ഡ്രൈവറെ വിളിച്ചോ..." കാറിൽ കയറുന്നതിനു മുൻപേ അവൻ അവളെ ഓർമിപ്പിച്ചു.. "ഇല്ല..ഞാൻ സൂക്ഷിച്ചു പൊക്കോളാം.." അവൾ അവനെ നോക്കി സീറ്റ്‌ ഔട്ടിൽ നിന്നു.. "താജ് ഗ്രൂപ്പ്‌സിന്റെ അല്ല..അംബാനി ഗ്രൂപ്പ്‌സിന്റെ എംഡിയുടെ ലുക്ക് ഉണ്ട് മോനെ നിനക്ക് ഇന്ന്..

എന്നും നിന്നെ ഇതുപോലെ കണ്ടിരുന്നു എങ്കിൽ..അല്ലേൽ വേണ്ടാ..തെമ്മാടി മതി.ആ പേരും ലുക്കുമാ നിനക്ക് കൂടുതൽ ചേർച്ച..എനിക്ക് ഇഷ്ടവും അതാ... " അവന്റെ കാർ മുന്നോട്ടു പോകുന്നതും നോക്കി ഒരു ചിരിയോടെ പറഞ്ഞു അവൾ.. *** ഉപ്പ പിറന്നാൾ സമ്മാനമായി നൽകിയ കാറിൽ അവൾ ZAINA GROUPS AND COMPANIES ന് മുന്നിൽ വന്നിറങ്ങി..അന്ന് താജ് വാങ്ങിച്ചു കൊടുത്ത ഒലിവ് ആൻഡ് പർപ്പിൾ നിറത്തിലുള്ള ആ സാരിയാണ് അവളുടെ വേഷം. ഞെറിഞ്ഞുടുക്കാതെ വിടർത്തിയിട്ടിട്ടാണ് ഉള്ളത്.. സ്കാഫ് പതിവിലും ഭംഗിയിലും മോഡലിലും ചുറ്റി വെച്ചിരിക്കുന്നു. മഹർ മാല മാത്രം പുറത്തേക്ക് കാണുന്നു. മറ്റേതു അകത്താക്കിയിട്ടുണ്ട്.രണ്ടു കയ്യിലും കട്ടിയുള്ള ഓരോ പ്ലാറ്റിനം വളകൾ.കാലിൽ ഹൈ ഹീൽസ്.. ഒന്നു നോക്കിയാൽ മതി..ഒരേ ഒരു വട്ടം നോക്കിയാൽ മതി അവളൊരു വലിയ സ്ഥാപനത്തിന്റെ അധിപയാണെന്ന് മനസ്സിലാക്കാൻ.. അത്രക്കും കറക്റ്റ് ലുക്ക് ആയിരുന്നു അവൾക്ക്.. ഉപ്പ ആഗ്രഹിച്ചത് പോലെ ഇനിമുതൽ ഇതെല്ലാം എന്റെ കൈകളിൽ ആയിരിക്കും..

എന്റെ മാത്രം. അവളൊരു നിമിഷം ആകാശ ചുംബിയായി നിൽക്കുന്ന കെട്ടിടത്തിന്റെ അഗ്ര ഭാഗം നോക്കി നിന്നു.പിന്നേ അകത്തേക്ക് പ്രവേശിച്ചു. സജാദ്ൻറെ കൈകളിൽ കിട്ടിയതിനു ശേഷം നമ്പർ one ആയിരുന്ന ഈ കമ്പനി സീറോയിലേക്ക് എത്തിയെന്നും ഉയർച്ചയും വികസനവുമൊന്നും ഇല്ലാതെ നഷ്ടം മാത്രം മുന്നിൽ കണ്ടു നടന്നു പോകുന്നു എന്നുമാ വക്കീൽ അങ്കിൾ പറഞ്ഞത്..അല്ലാതെയും കേട്ടിട്ടുണ്ട് കറക്റ്റ് എംപ്ലോയീസോ വർക്കോ ഒന്നും ഇല്ലാതെ കമ്പനി കുത്ത് പാള എടുക്കാറായെന്ന്.. പക്ഷെ അകത്തേക്ക് കയറി ഓരോ ഭാഗവും നോക്കി കണ്ട അവൾക്ക് അങ്ങനെയൊന്നും തോന്നിയില്ല.. വൃത്തിയ്ക്ക് വൃത്തി..ഡിസിപ്പ്ളിന് ഡിസിപ്പ്ളിൻ..പഴയതിനേക്കാൾ കൂടുതൽ എംപ്ലോയീസ്..ഉപ്പ ഉണ്ടായിരുന്ന സമയത്തേക്കാളും പെർഫെക്ട് ആണ് എല്ലാമെന്നു തോന്നി അവൾക്ക്.. സജാദ്ന് ഇങ്ങനൊരു മാറ്റമോ.?? അവൾക്ക് അത്ഭുതം മാത്രമല്ല, വിശ്വാസ കുറവും തോന്നുന്നുണ്ടായിരുന്നു.. "മാഡം വരുമെന്ന് എംഡി സാർ പറഞ്ഞിരുന്നു..സാർ ക്യാബിനിലാ..

മാഡം അങ്ങോട്ട്‌ ചെന്നോളു.. " മാനേജർ അവളുടെ അടുത്തേക്ക് വന്നു..അയാൾ അതിയായ മാന്യതയും ബഹുമാനവും കാണിച്ചു അവളോട്‌..അയാൾ മാത്രമല്ല..ഓരോ സ്റ്റാഫ്‌സും അവളെ കണ്ടു എഴുന്നേറ്റു നിൽക്കാനും ഗുഡ് മോർണിംഗ് മാഡം എന്ന് പറഞ്ഞു വെൽക്കം ചെയ്യാനും തുടങ്ങി.. ഓഹോ..അപ്പൊ ഞാൻ കരുതിയ പോലെ അവൻ ഈ ദിവസം മറന്നിട്ടില്ല.ഞാൻ വരുമെന്ന് ഓർത്തിരുന്നു..ഇവരോട് ഒക്കെ പറയുകയും ചെയ്തു..എംഡി സാർ..ഹ്മ്മ്..നിന്റെ സകല സ്ഥാനവും അഹങ്കാരവുമെല്ലാം ഇന്നത്തോടെ ഞാൻ തീർത്തു തരാമെടാ.. നിന്നെ സാർ എന്ന് വിളിച്ചു ബഹുമാനത്തോടെ നോക്കി കണ്ട ഇവരുടെയൊക്കെ മുന്നിൽ വെച്ചു തന്നെ നിന്നെ ഞാൻ ചവിട്ടി മെതിച്ചോളാം. അവൾ ഒരു പുഞ്ചിരിയോടെ ഏവരെയും നോക്കി കൈ കൊണ്ട് ഇരിക്കെന്ന് കാണിച്ചു.എന്നിട്ട് എംഡിയുടെ ക്യാബിൻ ലക്ഷ്യമിട്ടു നടന്നു. "Excuse me Mr Sajad.. " അവൾ ഡോർ തുറന്നു അഹങ്കാരത്തോടെ അകത്തേക്ക് കയറി.. "Not Sajad.. Thaj.. Aman Thaj.. Managing Director of Thaj groups.. ഇപ്പോൾ ഈ Zaina ഗ്രൂപ്പ്സിന്റെയും.. " അവൻ തിരിഞ്ഞിരിക്കുകയായിരുന്നു. ചെയർ റൊട്ടേറ്റ് ചെയ്തു കൊണ്ട് തികച്ചും അപരിചിതമായ ഭാവത്തിൽ അവളെ നോക്കി.. "അ..അമൻ... " കാണുന്നതും കേൾക്കുന്നതും വിശ്വസിക്കാൻ ആകാതെ അവൾ ഒരുനിമിഷം പകപ്പോടെ അവനെ നോക്കി നിന്നു.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story