ഏഴാം ബഹർ: ഭാഗം 67

ezhambahar

രചന: SHAMSEENA FIROZ

 "ലൈലാ.." അവൻ അവളുടെ മുഖത്തേക്ക് വെള്ളം കുടഞ്ഞു കവിളിൽ തട്ടി വിളിച്ചു.അവൾക്ക് അനക്കമൊന്നും ഉണ്ടായില്ല. "എടീ..കണ്ണ് തുറക്ക്.. " അവൻ വീണ്ടും അവളെ തട്ടി വിളിച്ചു.ഇപ്രാവശ്യവും നിരാശയായിരുന്നു ഫലം.പിന്നെ ഒരുനിമിഷം പോലും കളഞ്ഞില്ല.. രണ്ടു കൈകളിലും അവളെ കോരി എടുത്തു താഴേക്ക് ഇറങ്ങി.. "ഡാഡ്... " അവൻ അലറുകയായിരുന്നു. അവന്റെ കയ്യിൽ ഞെട്ടറ്റ താമര തണ്ടു പോലെ കിടക്കുന്ന അവളെ കണ്ടു ഉപ്പ ഞെട്ടി.കാര്യമൊന്നും മനസ്സിലായില്ല.എന്നിട്ടും എന്താ ഏതാന്നൊന്നും ചോദിച്ചു നേരം കളയാൻ നിന്നില്ല.ഉടനെ പോയി വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. ** "Doctor...മോൾക്ക്‌..? " ക്യാഷ്വാലിറ്റിയുടെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങിയ ഡോക്ടറുടെ അരികിലേക്ക് അവനെക്കാൾ മുന്നേ ഉപ്പ എത്തി.. "Hey..Nothing to worry...ബിപി ഡൗൺ ആയതാണ്..ഒപ്പം ബോഡിയും വീക്ക്‌ ആണ്.ഡ്രിപ് ഇട്ടിട്ടുണ്ട്..അത് തീരുമ്പോൾ പോകാം..ഇപ്പൊ ഡിസ്റ്റർബ് ചെയ്യണ്ട..ആള് നല്ല മയക്കത്തിലാ..ഉണരുമ്പോൾ കയറി കണ്ടോളു..

പിന്നെ ഞാൻ അന്ന് പറഞ്ഞ കാര്യങ്ങൾ ഒന്നും മറന്നിട്ടില്ലല്ലോ...ആൾക്കു ടെൻഷൻ ഒന്നും കൊടുക്കണ്ട.. ബോഡിയെക്കാൾ വീക്കാ മൈൻഡ്.. സോ എപ്പോഴും ഹാപ്പിയാക്കാൻ ശ്രമിക്കുക.. " ഡോക്ടർ രണ്ടു പേരോടുമായി പറഞ്ഞു മുന്നോട്ടു കടന്നു.. "താജ്..എന്താ ഉണ്ടായത്...നീ അവൾക്ക് വല്ല ടെൻഷനും കൊടുത്തോ..ഞാൻ അറിയാത്ത എന്തേലും ഉണ്ടോ നിങ്ങൾക്ക് ഇടയിൽ..പറയെടാ..പെട്ടന്ന് അവൾക്ക് ഇങ്ങനെ ഒന്ന് ഉണ്ടാവാൻ മാത്രം എന്താ സംഭവിച്ചത്.. " ഇനിയും എല്ലാം മറച്ചു വെച്ചു നീറി പുകയാൻ വയ്യായിരുന്നു അവന്..മുഴുവൻ കാര്യങ്ങളും ഉപ്പാനെ അറിയിച്ചു.ഉപ്പയിൽ നിന്നും ഒരു വാക്ക് പോലും പുറത്തേക്ക് വന്നില്ല.നെഞ്ച് പൊട്ടി പോകാതെ ഇരിക്കാൻ വേണ്ടി കൈ നെഞ്ചിൽ അമർത്തി വെച്ചു.. അടക്കി വെക്കാൻ നോക്കിയ കണ്ണ് നീരും വിതുമ്പലുകളും നിമിഷ നേരങ്ങൾക്ക് ഉള്ളിൽ പുറത്തേക്ക് വന്നു..ഉപ്പാനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നു അവനു അറിയില്ലായിരുന്നു. അല്ലെങ്കിലും എന്ത് പറഞ്ഞാ സമാധാനിപ്പിക്കുക.. അവൻ മരിച്ചു പോയി.ഇനി വരില്ല..

പോട്ടേന്നോ.. ലോകത്ത് ഏതു ഉപ്പയ്ക്കാ ഇങ്ങനൊന്നു സഹിക്കാൻ കഴിയുക.. കൊതി തീരുന്നത് വരെ അവനെ സ്നേഹിക്കാനോ അവന്റെ സ്നേഹം അനുഭവിക്കാനോ കഴിഞ്ഞിട്ടില്ല.. എന്തിന്..കണ്നിറയെ ഒന്ന് കണ്ടിട്ട് കൂടിയില്ല..ഇന്നുവരും നാളെ വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു.പക്ഷെ പൊക്കളഞ്ഞില്ലേ..ഒന്ന് മുന്നിലേക്ക് പോലും വരാതെ അകലേക്ക്‌ പോയി മറഞ്ഞില്ലേ.. അവന് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു.ഒരു ഭാഗത്തു ഉപ്പ..മറു ഭാഗത്ത്‌ അവൾ.. അവൻ ആകെ തളർന്നതു പോലെ ഇരുന്നു.. ** "ഡ്രിപ് കഴിഞ്ഞില്ല..പേഷ്യന്റ് ഉണർന്നിട്ടുണ്ട്.വേണേൽ കയറി കണ്ടോളു.. " പുറത്തുള്ള ചെയറിൽ രണ്ടു അറ്റത്തായി ഇരിക്കുകയായിരുന്നു രണ്ടു പേരും.തമ്മിൽ സംസാരമില്ല. മൗനം മാത്രം.അവരുടെ അടുത്തേക്ക് ഒരു നേഴ്സ് വന്നു.ഉപ്പ വേഗം കണ്ണുകൾ തുടച്ചു കളഞ്ഞു. "ഡാഡ്.." അവൻ ഉപ്പാനെ നോക്കി. "വേണ്ടാ..നീ ചെല്ല്.." ഉപ്പ അവനെ അകത്തേക്ക് പറഞ്ഞു വിട്ടു.അവനെ കണ്ടതും അവളൊന്നു ചിരിച്ചു.ഒരു വരണ്ട ചിരി.ഹൃദയം തകർന്നു പോയവളുടെ ചിരി..

"എല്ലാം അറിയാമായിരുന്നു അല്ലേ..? " അവൻ വന്നു അടുത്തിരുന്നതും നേരത്തെ ചോദിച്ചത് തന്നെ ചോദിച്ചു അവൾ.. "മ്മ്.. " "എന്നിട്ടും എന്തേ പറഞ്ഞില്ല..? " "നീ തകർന്നു പോകുമെന്ന് കരുതി.. അതിനേക്കാൾ ഏറെ നീ അകന്ന് പോകുമെന്നു കരുതി..." "നി..നിന്നെ ആണല്ലേ ഞാൻ ഇത്രേം നാൾ തേടി കൊണ്ടിരുന്നത്.നിന്നെ കണ്ടുപിടിക്കാൻ തന്നെ ആണല്ലേ ഞാൻ നിന്നോട് പറഞ്ഞത്..നീ..നീ ആണല്ലേ എന്റെ റമിയുടെ സൂപ്പർ ഹീറോ..? " അവൾ ഇടറുന്ന വാക്കുകളോടെ കൈ നീട്ടി അവന്റെ കവിളിൽ തഴുകി. "ലൈലാ..ഞാൻ.. " അവൻ ആ നേരം തന്നെ അവളുടെ കൈ കവർന്നു പിടിച്ചു.. "വേണ്ടാ..ഞാൻ തോറ്റു പോയി.. ജീവിതത്തിൽ രണ്ടാം വട്ടവും ഞാൻ തോറ്റു പോയിരിക്കുന്നു..എത്രവട്ടം ചോദിച്ചതാ..എത്രവട്ടം പറഞ്ഞതാ ഞാൻ നീ അടുത്തുള്ളപ്പോൾ ഞാൻ റമിയിലേക്ക് എത്തുന്നു എന്ന്.. നിന്റെ ഗന്ധം എന്നെ അവനെ ഓർമ്മപ്പെടുത്തുന്നു എന്ന്.. അന്നേരമെങ്കിലും പറയാമായിരുന്നു...എന്റെ അരികിൽ,എന്റെ കണ്മുന്നിൽ, എന്നോട് ചേർന്നു നീ ഉണ്ടായിട്ടും നിന്നെ ഞാൻ അറിഞ്ഞില്ലല്ലോ..

തോൽപിച്ചു കളഞ്ഞു..ആദ്യം റമിയും ഇപ്പോൾ നീയും.." അവളുടെ ചെന്നിയിലൂടെ കണ്ണുനീർ ഒഴുകി.. "ഇല്ല ലൈല..നീ തോറ്റു പോയിട്ടില്ല.. ഞാനാ..ഞാനാ തോറ്റു പോയത്.. നിനക്ക് മുന്നിൽ..നീ റമിക്കു നൽകിയ സ്നേഹത്തിന് മുന്നിൽ.. നീ സ്നേഹിച്ചിരുന്നത് എന്റെ റമിയെ ആണെന്ന് അറിഞ്ഞ ആ നിമിഷം ഞാൻ തോറ്റു പോയി ലൈല. അവിടെന്ന് ഇങ്ങോട്ട് നീറി നീറിയാ നിനക്ക് മുന്നിൽ ഞാൻ കഴിഞ്ഞത്.. മുൻപേ ഒന്നും അറിഞ്ഞില്ലായിരുന്നു. നിന്റെ കഴുത്തിലെ മാലയും ബാഗിലെ ലോക്കറ്റും കണ്ടപ്പോൾ സംശയം തോന്നി..നീ റമീൻ മുംതാസ് എന്നു പറഞ്ഞപ്പോൾ ആ സംശയം ഉറപ്പിലേക്ക് വഴിമാറി.പിന്നെ എല്ലാം അറിയാൻ വേണ്ടി നിന്നോട് മീറ്റിംഗ് എന്നൊരു നുണയും പറഞ്ഞു ബാംഗ്ലൂരിലേക്ക് പോയി മുന്നയെ കണ്ടു..അന്ന് തൊട്ടു ഇന്നുവരെ ഞാൻ സന്തോഷിച്ചിട്ടില്ല. എന്തിന് സമാധാനിച്ചിട്ടില്ല..ഈ നിമിഷം വരെ ഡാഡ്നും ഒന്നും അറിയില്ലായിരുന്നു..പക്ഷെ ഇപ്പോ എല്ലാം അറിയാം..ഞാൻ എല്ലാം പറഞ്ഞു.. അല്ലെങ്കിലും എത്രനാൾ എനിക്ക് സത്യങ്ങളൊക്കെ ഒളിച്ചു വെക്കാൻ പറ്റും.." "ഉപ്പാ...? "

"പുറത്തുണ്ട്..ഈ ഡ്രിപ് കഴിഞ്ഞാൽ പോകാം..നീ മയങ്ങിക്കോ.. " അവൻ അവളുടെ നെറ്റിയിൽ തലോടാനായി കൈ നീട്ടി.ഒരേ ഒരു വേള അവളുടെ കണ്ണുകളിലേക്ക് നോട്ടം ചെന്നു.അവിടം അസഹനീയത സ്ഥാനം പിടിച്ചിരുന്നു.അവന്റെ കൈ താനേ പിന്തിരിഞ്ഞു.വേദന തോന്നി.എന്നാലും പ്രകടിപ്പിച്ചില്ല. പ്രതീക്ഷിച്ചതാണ് ഇത്..താൻ ആരെന്ന സത്യം അറിഞ്ഞാൽ പിന്നെ അവൾക്ക് ഈ സാമീപ്യവും സ്പർശനവുമൊന്നും ഉൾകൊള്ളാൻ കഴിയില്ലന്ന് അവൻ മുന്നേ പ്രതീക്ഷിച്ചിരുന്നു..പിന്നെ അവിടെ നിന്നില്ല.വേഗം പുറത്തേക്ക് ഇറങ്ങി. *** "ഇതാ അമൻ..ഇത് നിന്റെ കയ്യിൽ ഇരിക്കേണ്ടതാ..നിന്നെ കണ്ടെത്തുന്നതു വരെയേ ഇതിൽ എനിക്ക് അവകാശമുള്ളു..പിന്നീട് ഇല്ല..സത്യങ്ങൾ നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ ഞാൻ ഇത് നിന്നോട് മടക്കി ചോദിക്കില്ലായിരുന്നു..അന്നേ പറഞ്ഞേനെ ഇത് നിന്റെ കയ്യിൽ തന്നെ ഇരിക്കേണ്ടത് ആണെന്ന്..."

വീട്ടിലേക്ക് എത്തിയതും അവൾ ആദ്യം ചെയ്തത് കഴുത്തിലെ മാല ഊരി എടുത്തതാണ്.എന്നിട്ട് അതിൽ നിന്നും തന്റെ ലോക്കറ്റ് എടുത്തു അതിന്റെ ശെരിക്കുള്ള ലോക്കറ്റ് ഇട്ടു അവനെ ഏല്പിച്ചു. "ഇത് കഴുത്തിൽ നിന്നും അടരാൻ ആഗ്രഹിക്കുന്നില്ലന്ന് പറഞ്ഞിട്ട്.. എന്നും നിന്റെ മാറോടു ചേർന്നു വേണമെന്നു പറഞ്ഞിട്ട്..? " "അത് എന്തായാലും സാധ്യമല്ലല്ലോ അമൻ..ഇത് അവൻ എനിക്ക് എന്റെ പിറന്നാൾ സമ്മാനമായി കഴുത്തിലേക്ക് അണിയിച്ചു തന്നെന്നതു നേരാ..പക്ഷെ അപ്പോഴേ പറഞ്ഞിരുന്നു ഒരിക്കൽ ഇതിന്റെ അവകാശി നിന്നിലേക്ക്‌ എത്തുമെന്നും ഇത് അവന്റെ കയ്യിൽ വെച്ചു കൊടുക്കണമെന്നും.. അതാ ഞാൻ ഇപ്പൊ ചെയ്തത്.." അവൾ വേദന നിറഞ്ഞ ഒരു പുഞ്ചിരി പൊഴിച്ചു.. "ശെരിയാ നീ പറഞ്ഞത്..അവന് അറിയാമായിരുന്നു ഒരിക്കൽ നീയെന്റെ മുന്നിലേക്ക് എത്തുമെന്ന്..നീ എന്റെ ജീവൻ ആയി മാറുമെന്നു അവനു അന്നേ അറിയാമായിരുന്നു ലൈല.. അല്ലെങ്കിൽ പിന്നെ എന്തിന് ഇങ്ങനൊരു അടയാളം..വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും ഇത് എന്റെ കയ്യിലേക്ക് എത്തി..

അതും അവൻ വഴി നിന്റെ കൈ കൊണ്ട്..എന്താ ഇതിന്റെയൊക്കെ അർത്ഥം..എന്താ ഇതിൽ നിന്നുമൊക്കെ മനസ്സിലാക്കേണ്ടത്..എനിക്ക് വേണ്ടാ..കണ്ടു കിട്ടിയല്ലോ..അവൻ എനിക്കായി സൂക്ഷിച്ചു വെച്ചിരുന്നെന്നു അറിഞ്ഞല്ലോ.. മതി..അത്രേം മതി..നീ തന്നെ വെച്ചോ ലൈല..ഞാൻ അന്ന് പറഞ്ഞത് പോലെ ഞാൻ അണിയിച്ച മഹറിനേക്കാൾ നിന്റെ കഴുത്തിനു ഭംഗി അവൻ അണിയിച്ച ഈ മാല തന്നെയാ..." അവൻ കൈ രണ്ടും ഉയർത്തി മാല അവളുടെ കഴുത്തിലേക്ക് ഇട്ടു കൊടുത്തു..അവൾ അത് പ്രതീക്ഷിച്ചിരുന്നില്ല.ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.. അവൻ അവളെ നോക്കിയില്ല..മുറി വിട്ടിറങ്ങി. അവൾക്ക് ഒന്നും വയ്യായിരുന്നു. ചങ്ക് പൊട്ടിയത് പോലെ മാറിൽ തൂങ്ങി കിടക്കുന്ന രണ്ടു മാലയിലേക്കും നോക്കി നിന്നു.. റമിയുടെ പെണ്ണ് ആകണമെന്നും അവന്റെ ഒപ്പം ഒരു ജീവിതം വേണമെന്നുമാ ആഗ്രഹിച്ചത്..അത് മാത്രമേ സ്വപ്നം കണ്ടിട്ടുള്ളൂ.. എന്നിട്ടു സംഭവിച്ചതോ..? അവന്റെ സഹോദരൻറെ ഭാര്യ ആയിരിക്കുന്നു..

ഒന്നും അറിയാതെ ഇവിടെ ഇവന്റെ ഒപ്പം ഒരു ജീവിതം തുടങ്ങാൻ ആരംഭിക്കുന്നു. ഇല്ല..കഴിയില്ല..ചിന്തിക്കാൻ കൂടെ വയ്യാ..അവനും ഞാനും എല്ലാം അറിഞ്ഞിരിക്കുന്നു..ഇനി പോകാം.. കണ്ണുകളിൽ നിന്നും രണ്ടു തുള്ളി അടരുന്നതിന് ഒപ്പം അവളുടെ വിരലുകൾ മഹർ മാലയിൽ മുറുകി... ** "അവൾ എന്ത്യേ..നീ വിളിച്ചില്ലേ..? " രാത്രിയിൽ കഴിക്കാൻ വന്നിരുന്നപ്പോൾ അവളെ കാണാഞ്ഞിട്ട് ഉപ്പ ചോദിച്ചു.. "വിളിച്ചു..വിശപ്പില്ലന്ന് പറഞ്ഞു.. " "അന്നേരം വേണ്ടങ്കിൽ വേണ്ടാന്ന് പറഞ്ഞിട്ട് വന്നോ നീ..ഒന്നൂടെ വിളിക്കാമായിരുന്നില്ലേ ടാ.. " "ഞാൻ വിളിച്ചതാ.. വേണ്ടാ..വിശപ്പില്ല..നീ കഴിച്ചോന്ന് പറഞ്ഞു.. ഞാൻ എന്താ വേണ്ടത്..ഹോസ്പിറ്റലിൽ നിന്നു വന്നത് തൊട്ടു അവൾ എന്റെ അടുത്തു വരുന്നില്ല. എന്തിന്,ശെരിക്കൊന്നു മിണ്ടുന്നു പോലുമില്ല..ഒഴിഞ്ഞു മാറി പോകുവാ.." "സങ്കടം കൊണ്ടാവും..അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നല്ലേ ഇന്ന് അവൾ കാണുകയും കേൾക്കുകയും ചെയ്തത്..ഉൾകൊള്ളാൻ കുറച്ച് സമയം വേണമായിരിക്കും.." "എനിക്ക് അറിഞ്ഞൂട ഡാഡ്...എന്ത് വേണമെങ്കിലും തീരുമാനിച്ചോട്ടേ അവൾ..ഞാൻ എതിർക്കുകയൊന്നും ഇല്ല..അവൾ ഇപ്പോ എന്നിൽ നിന്നും അകലാൻ ശ്രമിക്കുവാ..എന്നിൽ നിന്നു മാത്രമല്ല..

ഡാഡ്ൽ നിന്നും ഈ വീട്ടിൽ നിന്നും തന്നെ..റമിയുടെ മരണത്തിനു താനാണ് കാരണക്കാരി എന്നൊരു തോന്നൽ ഉണ്ട് അവൾക്ക്..അതുകൊണ്ട് അവൾക്ക് ഇവിടെ നമ്മളുടെ ഒന്നിച്ച് ജീവിക്കാൻ കഴിയില്ല..വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും അവൾക്ക്.നമ്മുടെ സ്നേഹത്തിനു പോലും അർഹയല്ലന്ന് വരെ ചിന്തിക്കുന്നുണ്ടാകും.അവളുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞു വെച്ചു കൊണ്ട് എനിക്ക് അവളെ എന്നിലേക്ക്‌ അടുപ്പിക്കാൻ കഴിയില്ല..അതിനൊരു ശ്രമം നടത്താൻ പോലും കഴിയില്ല.. അത് അവളെ കൂടുതൽ ദുഃഖത്തിൽ കൊണ്ടെത്തിക്കുകയേ ചെയ്യുള്ളു.. പോകണമെന്നു ആണെങ്കിൽ പൊക്കോട്ടെ..ഡാഡും തടയാൻ ശ്രമിക്കണ്ടാ..എന്നോ മനസ്സ് കൊണ്ട് റമിയുടെ പെണ്ണായവളാ അവൾ..അതിന്റെ ഇടയിൽ എപ്പോഴോ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. എന്റെ ഭാര്യ സ്ഥാനം മാത്രമേ അവൾ ഒഴിയുന്നുള്ളു. റമിയുടെ പെണ്ണ് എന്ന സ്ഥാനം ഒഴിയുന്നില്ല. എന്തായാലും ഡാഡ്നും ഈ വീടിനും മരുമകൾ തന്നെയാ അവൾ.അതിൽ സന്തോഷിക്കാമല്ലോ നമുക്ക്.. "

അവൻ കഴിക്കുന്നത് പോയിട്ട് പാത്രത്തിലേക്ക് പോലും കയ്യിട്ടില്ല. വന്നിരുന്നതു പോലെത്തന്നെ എണീറ്റു പോയി.സാധാരണ അവനും അവളും കഴിക്കാതെ ഇരുന്നാൽ പോലും ഉപ്പ അല്പമെങ്കിലും കഴിച്ചെന്നു വരുത്താറുണ്ട്.അത് മുന്നിൽ കൊണ്ട് വെക്കുന്ന ഭക്ഷണത്തെ നിന്ദിക്കാൻ പാടില്ലാത്തതു കൊണ്ടും നിറഞ്ഞ മനസ്സോടെ വളരെ രുചിയുള്ള ഭക്ഷണം പാകം ചെയ്തു തരുന്ന പൗലോസ് ചേട്ടനെ വിഷമിപ്പിക്കാനും കഴിയാത്തത് കൊണ്ടാണ്..പക്ഷെ ഇന്നു ഉപ്പാക്ക് ഒരു മണി പോലും തൊണ്ടയിലേക്ക് ഇറങ്ങിയില്ല..അല്ലെങ്കിലും നെഞ്ച് പൊട്ടി പിളർന്നു പോകുമ്പോൾ ആർക്കാണ് ഭക്ഷണം ഇറങ്ങുക.. പൗലോസ് ചേട്ടനോട് താൻ കഴിച്ചോന്നും ബാക്കിയുള്ളത് എടുത്തു ഫ്രിഡ്ജിൽ വെച്ചോളൂന്നും പറഞ്ഞു ഉപ്പ എഴുന്നേറ്റു.. സ്വന്തമല്ല..ബന്ധമല്ലാ..എന്നാലും ആ വീട്ടിലെ ഓരോ ആളുടെയും വേദന പൗലോസ് ചേട്ടന്റെ കൂടി വേദനയാണ്.മൂവരുടെയും അവസ്ഥ കണ്ടു ഏറെ സങ്കടത്തോടെ നിന്നു അയാൾ... ** ഇപ്പൊ കുറച്ച് ദിവസം ആയിട്ടു റൂമിൽ സോഫ ഉണ്ടെന്ന കാര്യം അവൾ പാടെ മറന്ന് പോയിരുന്നു.

എപ്പോഴും അവനോട് ഓരോന്നും മിണ്ടിയും പറഞ്ഞു കട്ടിലിൻറെ ഒരു അറ്റത്തു കയറി കിടക്കും..പിന്നെ താനെ അവനെ ഒട്ടും.അവനോട് തുറന്നു പറഞ്ഞിട്ടില്ല എങ്കിലും ആ വിരി മാറിന്റെ ചൂട് എന്നും വേണമെന്ന് ഉണ്ടായിരുന്നു അവൾക്ക്..അതോണ്ട് അവനെയും സോഫയിൽ കിടക്കാൻ സമ്മതിക്കാറില്ലായിരുന്നു.. പക്ഷെ ഇന്ന് റൂമിലേക്ക്‌ കയറുമ്പോൾ തന്നെ അവൻ കണ്ടു അവൾ സോഫയിൽ ചുരുണ്ടു കൂടി ഉറങ്ങുന്നത്.അവന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു നോവ് ഉണർന്നു.അവൾ പൂർണമായും തന്നിൽ നിന്നും അകലുകയാണെന്ന് അവനു മനസ്സിലായി.അവളെ വിളിക്കാനോ തൊടാനോ ഒന്നിനും നിന്നില്ല. പുതപ്പ് എടുത്തു ഇട്ടു കൊടുത്തു വന്നു ബെഡിൻറെ ഒരറ്റത്ത് ചാഞ്ഞു.. രാവിലെ ഉറക്കമുണരുമ്പോൾ അവളെയാണ് കാണാറ്.ഒന്നുകിൽ തന്നെ പറ്റിച്ചേർന്നുറങ്ങുന്നുണ്ടാകും. അല്ലെങ്കിൽ കുളി കഴിഞ്ഞിറങ്ങുന്നുണ്ടാകും.ഇന്നത് രണ്ടും ഉണ്ടായില്ല.അവളെ റൂമിലേ കണ്ടില്ല.അവളുടെ അകൽച്ച അവനെ ഭ്രാന്ത്‌ പിടിപ്പിക്കുന്നുണ്ടായിരുന്നു.എന്നിട്ടും അവൾ തന്റേതല്ലാ, തന്റെ റമിയുടെ മാത്രം ആണെന്ന് അവൻ സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.കുളി കഴിഞ്ഞിറങ്ങുമ്പോൾ കോഫി കയ്യിലേക്ക് വെച്ചു തരുന്നവളാ.ഇന്ന് ടേബിളിൽ വെച്ചിരിക്കുന്നത് കണ്ടു..

എടുക്കാനും കുടിക്കാനുമൊക്കെ അവൻ മടിച്ചു.ഇനി അങ്ങോട്ട്‌ ഇങ്ങനെ തന്നെ ആയിരിക്കുമല്ലോന്ന് ഓർത്തതും ശീലിക്കാൻ വേണ്ടി അവൻ കോഫി എടുത്തു കുടിച്ചു. ** റൂമിൽ കോഫി കൊണ്ട് വെച്ചതിനു ശേഷം ഒരു കപ്പ് കോഫിയുമായി അവൾ സീറ്റ്‌ ഔട്ടിലേക്ക് പോയി.. ഉപ്പ ചാരു കസേരയിൽ ചാഞ്ഞു ഇരിക്കുകയായിരുന്നു.സാധാരണ കയ്യിൽ പേപ്പർ ഉണ്ടാവാറുണ്ട്.ഇന്ന് മുറ്റത്തു കിടക്കുന്ന പേപ്പർ പോലും എടുത്തിട്ടില്ല.. "ഉപ്പാ... " അവൾ പതിഞ്ഞ വിളിയോടെ ഉപ്പാന്റെ ചുമലിൽ തൊട്ടു.. "ആ..കോഫി വന്നോ..ഞാൻ ഇപ്പൊ വിചാരിച്ചതേയുള്ളൂ സമയം ആയിട്ടും മോൾടെ കോഫി എന്തെ വന്നില്ലന്ന്.. " ഉപ്പാന്റെ ചെന്നിയിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.അവളെ കണ്ടതും വേഗം അത് തുടച്ചു കളഞ്ഞു മുഖത്ത് ചിരി നിറച്ചു അവളുടെ കയ്യിൽ നിന്നും കോഫി വാങ്ങിച്ചു..ആ നിമിഷം തന്നെ അവൾ കരഞ്ഞോണ്ട് ഉപ്പാന്റെ കാലിലേക്ക് വീണു.ഉപ്പ ഒന്ന് വല്ലാതെയായി.കോഫി സൈഡിലെ ചെയർലേക്ക് വെച്ചിട്ടു മോളെന്നും വിളിച്ചു വേഗം എഴുന്നേറ്റു അവളെ പിടിച്ചു എണീപ്പിച്ചു..

"ഉപ്പാന്റെ മകനെ കൊലയ്ക്ക് കൊടുത്തവളാ ഞാൻ..ഈ സ്നേഹം അനുഭവിക്കുന്നത് പോയിട്ട് ഉപ്പാന്റെ മുന്നിൽ നിൽക്കാൻ പോലും അർഹതയില്ല എനിക്ക്.. പൊറുക്കണം.. എനിക്കറിയില്ലായിരുന്നു.. ഒന്നും അറിയില്ലായിരുന്നു.. റമിക്കു അങ്ങനൊരു വിധി ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല.. ഞാൻ..ഞാൻ കാരണമാ..ഞാൻ കാരണമാ റമി..നിങ്ങൾ ഇന്ന് അനുഭവിക്കുന്ന ഈ വേദനയ്ക്ക് ഒക്കെ കാരണം ഞാനാ.. " അവൾ ഉപ്പാന്റെ മുന്നിൽ നിന്നും നെഞ്ച് പൊട്ടി കരയാൻ തുടങ്ങി.. "ഇങ്ങനൊന്നും പറയല്ലേ മോളെ. റബ്ബിന്റെ വിധി..അങ്ങനെ കണ്ടാൽ മതി..എന്റെ റമിക്ക് അത്ര ആയുസ്സേ പടച്ചവൻ വിധിച്ചിരുന്നുള്ളൂ.. കൊടുത്തത് സമയം ആകുമ്പോൾ തിരിച്ചു എടുത്തു..അങ്ങനെ സമാധാനിക്ക്..മോൾ ഒന്നും ചെയ്തിട്ടില്ല..അവനെ സ്നേഹിച്ചിട്ടല്ലേ ഉള്ളു..അത് എങ്ങനെയാ തെറ്റ് ആകുക..അല്ല.. ഒരിക്കലുമല്ലാ..തെറ്റ് മുഴുവനും എന്റെ ഭാഗത്താ..എന്റെ ഭാഗത്ത്.. സ്വന്തം കുടുംബത്തിനേക്കാൾ അന്ന് എനിക്ക് വലുത് എന്റെ രാഷ്ട്രീയമായിരുന്നു.. സമൂഹമായിരുന്നു..പദവി ആയിരുന്നു.

അവൾ ഈ വീടിന്റെ പടി ഇറങ്ങി പോകുമ്പോഴോ റമിയെ ഒപ്പം കൂട്ടുമ്പോഴോ ഞാൻ തടഞ്ഞില്ല..തിരിച്ചു വിളിച്ചില്ല.. എന്റെ അഹങ്കാരം അന്നെന്നെ അതിന് സമ്മതിച്ചില്ല..അതിന്റെ ഫലമാ ഇത്..അന്ന് ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷയ ഇന്ന് എനിക്ക് ഉണ്ടായ ഈ നഷ്ടം.അന്ന് തൊട്ടു ഇന്നുവരെയ്ക്കും അവളെയും മോനെയും ഓർക്കാത്ത ദിനങ്ങൾ ഇല്ലായിരുന്നു..പക്ഷെ തേടി ചെല്ലാനോ കൂട്ടി കൊണ്ട് വരാനോ മുതിർന്നില്ല..എന്നെയും എന്റെ മകനെയും ഒറ്റപ്പെടുത്തി പോയവളുടെ മുന്നിൽ തല കുനിക്കാൻ വയ്യായിരുന്നു..താജുo സമ്മതിച്ചില്ല അതിന്..ഒരുപക്ഷെ ഞാനോ താജോ അന്വേഷിച്ചു ചെന്നിരുന്നു എങ്കിൽ, ഇവിടേക്ക് കൂട്ടി കൊണ്ട് വന്നിരുന്നു എങ്കിൽ ഇന്ന് എന്റെ റമിക്ക് ഈ വിധി വരില്ലായിരുന്നു.. പാവമായിരുന്നു അവൻ..എന്റെയും അവളുടെയും പിടി വാശിക്കും അഹങ്കാരത്തിനും റബ്ബ് എന്നെ റമിയെ ശിക്ഷിച്ചു കളഞ്ഞു.. " ഉപ്പാന്റെ ഹൃദയത്തിലെ വേദന കണ്ണുകളിലൂടെ പുറത്തേക്ക് വന്നു. തേങ്ങലുകൾ ഉയർന്നു.. "ഉപ്പാ...ഞാൻ... " അവൾക്ക് വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.നിന്നു ഉരുകുകയായിരുന്നു അവൾ..

ഇല്ല മോളെ..എന്റെ മോള് ഒന്നും ചെയ്തിട്ടില്ല..എന്റെ റമിയെ ഒരുപാട് സ്നേഹിച്ചില്ലേ..അതു പോരേ ഈ ഉപ്പാക്ക്.യോഗമാണ്. എല്ലാം ഒരു യോഗം..അല്ലെങ്കിൽ എങ്ങനെ ഇന്നുവരെ ഒരു പെണ്ണും ഇടം നേടാത്ത താജ്ൻറെ മനസ്സിൽ നീ ഇടം നേടി. എങ്ങനെ ആരും പ്രതീക്ഷിക്കാത്ത ഒരു നേരത്ത് നീ അവന്റെ ഭാര്യയായി ഈ വീട്ടിലേക്കും അവന്റെ ജീവിതത്തിലേക്കും കടന്നു വന്നു.. റമി ഇതൊക്കെ മുൻകൂട്ടി കണ്ടിരുന്നു മോളെ. അല്ലെങ്കിൽ പിന്നെ എന്തിന് അവൻ ഈ മാല നിന്നെ ഏല്പിച്ചു.ഇതൊക്കെ തന്നെയാവും അവൻ ആഗ്രഹിച്ചത്.. അത് കൊണ്ടാ ഇന്ന് നീ ഇവിടെ.. എത്തേണ്ട ഇടത്ത് തന്നെയാ മോള് എത്തിയിരിക്കുന്നത്..നീ കാരണം അല്ലേ ഞാനും താജുo എല്ലാം അറിഞ്ഞത്.ഇല്ലെങ്കിൽ റമി ഈ ലോകം വിട്ടു പോയത് ഒന്നും അറിയാതെ ഞങ്ങൾ ഇവിടെ അവനു വേണ്ടി കാത്തിരിക്കില്ലായിരുന്നോ..എന്റെ രണ്ടു മക്കളും നിന്നെ ഒരുപോലെ സ്നേഹിച്ചു.താജ് ഇപ്പോഴും സ്നേഹിക്കുന്നു..അതുകൊണ്ട് നീ എപ്പോഴും എന്റെ മരുമകൾ തന്നെയാ..അല്ല..മകളാ..അങ്ങനെ കണ്ടിട്ടുള്ളൂ..

അത് കൊണ്ട് ചോദിക്കുവാ..എന്നും അങ്ങനെ തന്നെ ആയിക്കൂടെ..ഇവിടെ തന്നെ നിന്നൂടെ മോൾക്ക്‌..താജ്ന്റെ ഭാര്യയായിട്ടു വേണമെന്ന് പറയുന്നില്ല..എന്റെ മകളായിട്ട്.. എന്റെ റമിക്കു പകരം നിന്നൂടെ ഇവിടെ മോൾക്ക്‌.. " "ഇല്ല ഉപ്പ..വയ്യാ..എനിക്ക് വയ്യ ഇവിടെ...ഇവിടെ നിങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ഓരോ നിമിഷവും ഞാൻ വെന്തുരുകുവാ.. ഇപ്പൊ തോന്നുന്നു റമിയെ പോലും കണ്ടു മുട്ടണ്ടായിരുന്നു എന്ന്.. എന്നാൽ ഇന്ന് ഞാൻ കാരണം ഉപ്പയും അമനുമൊന്നും ഇത്രേം വേദനിക്കണ്ടായിരുന്നു..വയ്യാ.. ഇതൊന്നും കാണാൻ വയ്യാ.. പോകുവാ..ഉപ്പ എന്നെ തടയരുത്.. ഞാൻ പോകുന്നത് തന്നെയാ നല്ലത്.. ഇവിടെ നിന്നാൽ വെറുതെ അമനും കൂടെ..വേണ്ടാ..ഇപ്പൊത്തന്നെ ഒരുപാട് ആയിരിക്കുന്നു..ഇനിയും അവനെ വേദനിപ്പിക്കാൻ വയ്യാ.. " അവൾ സഹിക്കാൻ ആകാതെ വായും പൊത്തി പിടിച്ചു കരഞ്ഞോണ്ട് അകത്തേക്ക് ഓടി..

വാതിലിനു പുറകിൽ എല്ലാം കേട്ടു കൊണ്ട് താജ് നിൽപ് ഉണ്ടായിരുന്നു. അവൻ പുറത്തേക്ക് നോക്കി..നിറ കണ്ണുകളോടെ നിൽക്കുന്ന ഉപ്പാനെ കണ്ടു..അവളെ പിരിയുന്നതിൽ തന്നെക്കാൾ സങ്കടം ഉപ്പാക്ക് ഉണ്ടെന്ന് അവനു മനസ്സിലായി.. എന്നുകരുതി അവളെ നിർബന്ധിക്കാൻ കഴിയില്ല.വാക്ക് കൊടുത്തത് അങ്ങനെയാണ്..അവൻ പിടയുന്ന മനസ്സോടെ നിന്നു.. *** "ഇനി ഇവിടെ പറ്റില്ലന്ന് തന്നെയാണോ..? " അവൾ ഡ്രസ്സും പുസ്തകങ്ങളുമൊക്കെ എടുത്തു ബാഗിൽ വെക്കുന്നത് കണ്ടു കൊണ്ടാണ് അവൻ റൂമിലേക്ക്‌ കടന്നത്..ചോദ്യത്തോടെ അവളെ നോക്കി നിന്നു അവൻ.. "മ്മ്..പോകുവാ.. " "പൊക്കോ..അതിന് മുന്നേ നമ്മള് തമ്മിൽ ഒരു കാര്യം ബാക്കി ഉണ്ടല്ലോ..? " "മ്മ്..മനസ്സിലായി..ഇത് അല്ലേ..? " അവളുടെ കൈ മഹർലേക്ക് ചെന്നു.. "അത് മാത്രമേ ഒള്ളോ..? " "പിന്നെന്താ..? " അവൾക്ക് അറിയില്ലായിരുന്നു എന്താണെന്ന്..

അവൻ പറയുന്നതും നോക്കി നിന്നു. "റമിയുടെ മരണത്തിനുള്ള ശിക്ഷ വേണ്ടേ നിനക്ക്..നീ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയാൽ ഞാൻ നൽകുന്ന എന്ത് ശിക്ഷയും സ്വീകരിച്ചോളാമെന്നു പറഞ്ഞിരുന്നു നീ.. മറന്ന് പോയോ അത്..? " അവൾ ഇല്ലെന്ന് തലയാട്ടി.. "ചോദ്യങ്ങൾ അന്ന് ചോദിച്ചത് തന്നെ അല്ലേ..അതിനൊക്കെയുള്ള വ്യക്തമായ മറുപടി തരാം ഞാൻ നിനക്ക്.. " "വേണ്ട അമൻ..എനിക്കറിയാം എന്ത് കൊണ്ടാ നീ റമിയെ തേടി പോകാതിരുന്നത് എന്ന്..അന്ന് നിന്റെ ഉമ്മയെ കുറിച്ച് പറയുമ്പോൾ നീ പറഞ്ഞിരുന്നു ചിലത് ഒക്കെ..അതു തന്നെ മതി എനിക്ക് എല്ലാം അറിയാനും മനസ്സിലാക്കാനും.. " "അപ്പൊ എന്റെ ശിക്ഷ സ്വീകരിക്കാൻ നീ തയാർ ആണെന്ന് അർത്ഥം..? " അവൻ അവളെ ഉറ്റു നോക്കി.. അവൾ തല കുലുക്കി ആണെന്ന് സമ്മതിച്ചു..അവൻ വിധിച്ച ശിക്ഷ കേട്ടു അവൾ ഞെട്ടി തരിച്ചു നിന്നു......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story